നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 12 November 2012

റൂമി




റൂമിയുടെ മൊഴിമുത്തുകള്‍



നിങ്ങള്‍ക്ക് വേദന തോന്നുമ്പോള്‍ സഹനതക്കായി
ദൈവത്തോടു പ്രാര്‍ത്ഥിക്കുക.
ഈ വേദനയ്ക്ക് അതിന്‍റെതായ ചില ഗുണങ്ങളുണ്ട്.
അവന്‍ കരുതിയാല്‍ വേദന തന്നെ ആനന്ദമായി മാറും.
ബന്ധനം മോചനമാകും.
കരുണയുടെ ജലവും കോപത്തിന്‍റെ അഗ്നിയും രണ്ടും വരുന്നത് ദൈവത്തില്‍നിന്നാണെന്നും സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കും മനസ്സിലാകും .

Saturday 10 November 2012

പട്ടിക്കൊതി



                                      പട്ടിക്കൊതി 

                               ഭക്ഷണം കഴിക്കുന്നത് പട്ടികള്‍ നോക്കിയിരുന്നാല്‍ കൊതി കിട്ടാതിരിക്കാന്‍ അല്‍പമെങ്കിലും ഇട്ടുകൊടുക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. പഴമക്കാരുടെ വാക്കുകള്‍ പറ്റെ നിരസിക്കല്‍ ശരിയല്ല. അവരുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം കണ്ടേക്കാം. പുതുതലമുറകള്‍ പഴമക്കാരുടെ വാക്കുകള്‍ പാടെ തള്ളുന്ന പ്രവണതയാണ് ഇന്നു കൂടുതലും കണ്ടുവരുന്നത്.സന്ധ്യസമയമായാല്‍ പഴമക്കാര്‍ കുട്ടികളെ വഴക്ക് പറഞ്ഞു വീടിനകത്ത്‌ കയറ്റുന്നത് കാണാം.കുട്ടികളെ ശല്യപ്പെടുത്തുന്ന ശൈത്വാന്‍ വിഹരിക്കുന്ന സമയമാണത്.ഇതിനു ഹദീസുകള്‍ തെളിവുണ്ട്. ഇതുപോലെയാണ് പട്ടിക്കൊതിയുടെ കാര്യവും.ഇബ്നു അബ്ബാസ്‌ (റ) പറയുന്നു.ഭക്ഷണ സമയം പട്ടികള്‍ നിങ്ങളെ സമീപിച്ചാല്‍ അതിനു നിങ്ങള്‍ ഭക്ഷണം കൊടുക്കുക. കാരണം അതിനു കൊതിയുണ്ട്.(കണ്ണേറുണ്ട്). ഇതു ഇമാം സുയൂതിയുടെ (റ) ലുഖത്തുല്‍ മര്‍ജാന്‍ പേജ്  22 ലും, തമ്ഹീതിലും കാണാവുന്നതാണ്.

Wednesday 7 November 2012

കവാടങ്ങള്‍




കവാടങ്ങള്‍


"നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"


മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളിലും പാവനമായ നിയമങ്ങള്‍ നിഷ്കര്‍ഷിച്ച ഇസ്ലാം വീടുകളില്‍ എപ്രകാരം പ്രവേശിക്കണമെന്ന് പഠിപ്പിക്കുകയാണ് ഉപരിസൂചിത സൂക്തത്തിലൂടെ .

ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ തോന്നിയ പോലെ ചെല്ലാന്‍ പാടില്ല.അതിന് മര്യാദകളും ചട്ടങ്ങളും വിശുദ്ധമതം പറഞ്ഞിട്ടുണ്ട്. ഏതൊരു കാര്യവും ഇങ്ങനെ തന്നെയാണ്. എല്ലാത്തിനും അതാതിന്‍റെ കവാടങ്ങളില്‍ കൂടി കടക്കേണ്ട നിയമമനുസരിച്ച് കടക്കണം. എന്നാല്‍ മാത്രമേ ഗുണകര മാകൂ.അല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും.

രോഗിക്ക് രോഗം മാറാനുള്ള കവാടമാണ് വൈദ്യന്‍.., സുഖപ്പെടുത്തുക എന്ന ലക്ഷ്യം രോഗി നേടണമെങ്കില്‍ അതിന്‍റെ കവാടമായ വൈദ്യനെ വേണ്ട രീതിയില്‍ സമീപിച്ചേ മതിയാകൂ. വൈദ്യനെന്ന കവാടം കൂടാതെ സുഖപ്പെടുത്തുക എന്ന ഭവനത്തില്‍ പ്രവേശിക്കാന്‍ രോഗിക്ക് സാധ്യമല്ല . അത് പോലെ അറിവ് എന്ന വീട്ടില്‍ കടക്കാന്‍ ഗുരുനാഥന്‍ എന്ന കവാടം അനിവാര്യമാണ്.ശരിയായ ഗുരുവിനെ കൂടാതെ പ്രയോജനപ്രദമായ അറിവ് ലഭ്യമല്ല. ഗുരുമുഖത്തുനിന്ന്‌ അറിവ് കരസ്ഥമാക്കുന്നതിനു ചില ചിട്ടകള്‍ ഉണ്ട്. അത് കൂടെ അനുവര്‍ത്തിക്കല്‍ അറിവ് ആര്ജ്ജിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.

ആത്മീയ ഗുരുക്കള്‍....,.. അവര്‍ അല്ലാഹുവിലേക്കുള്ള വഴികാട്ടികളും കവാടങ്ങളുമാണ്. അല്ലാഹുവിനെ ഉദ്ദേശിക്കുന്നവര്‍ അവനെ അറിയുന്നതിനും സാമിപ്യം സിദ്ധിക്കുന്നതിനും അവനിലേക്ക് ആത്മീയ ഗുരുക്കളായ കവാടങ്ങളിലൂടെ തന്നെ കടക്കണം. കാരണം അല്ലാഹുവിലേക്ക് ഉള്ള ശരിയായ കവാടങ്ങള്‍ അവര്‍ തന്നെയാണ്. ഇതു ഹദീസുകൊണ്ടും ഖുര്‍ആന്‍ കൊണ്ടും തെളിയിക്കപ്പെട്ട കാര്യവുമാണ്. മറ്റു പലതും കരുതിയാല്‍ ലക്ഷ്യത്തിനു പകരം  പരാജയമായിരിക്കും ഫലം. അതുകൊണ്ടാണല്ലോ മഹാനായ ശൈഖു മുഹിയദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു. സി) യെ പോലെ ഉള്ളും പുറവും അനുഭവിച്ചറിഞ്ഞ മഹത്തുക്കള്‍ പറഞ്ഞത്. അല്ലാഹുവിനെ ഉദ്ദേശിക്കുന്നവര്‍ക്കൊക്കെ അവനെ അറിഞ്ഞ അര്‍ഹനായ ഒരു ആത്മീയ ഗുരു (ശൈഖ്) അനിവാര്യമാണെന്ന്. അതിനാല്‍ അല്ലാഹുവിനെ ലക്ഷ്യം വെക്കുന്നവര്‍ അതിന്‍റെ കവാടമായ ആത്മീയ ഗുരുക്കളെ കണ്ടെത്തി അവരുടെ ശിക്ഷണത്തില്‍ ലക്ഷ്യം വരിക്കാന്‍ ശ്രമിക്കുക . 
  
           "  നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ                             കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"

അമ്മിഞ്ഞപ്പാല്‍..........................




അമ്മിഞ്ഞപ്പാല്‍


ഞാന്‍ പിറന്നു വീണു......

പൂക്കള്‍ വിടരാന്‍ അറയ്ക്കുന്ന, തുമ്പികള്‍ വിരുന്നെത്താത്ത, മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും പേരില്‍ പരസ്പരം തമ്മില്‍തല്ലി വെട്ടിക്കീറുന്ന സംഘര്‍ഷ ഭൂമിയില്‍ .....

അവിടം കീഴടക്കിയ ആ കലാപകാരികള്‍ എന്‍റെ വീടായ ചായ്പ്പിലും കയറി ക്കൂടി . ചൂടിലും പൊടിയിലും വരണ്ട തൊണ്ട നനയ്ക്കാന്‍ അടഞ്ഞ കണ്ണുകളുമായി ചുണ്ടുകള്‍ കൊണ്ട് ഞാന്‍ അമ്മയുടെ മാറിടത്തില്‍ പരതുമ്പോള്‍ .... ആ കലാപകാരികളുടെ തീ പാറുന്ന കണ്ണുകള്‍ എന്‍റെ മാതാവിനുമേല്‍ പതിഞ്ഞു. പ്രസവ വേദനയാല്‍ പുളയുന്ന ചോരയില്‍ കുതിര്‍ന്ന എന്‍റെ മാതാവിന്‍റെ കഴുത്തിലും ആ കാപാലിക ഖഡ്ഗം ആഴ്ന്നിറങ്ങി... എന്‍റെ ചുണ്ടിലേക്ക്  ചൂടുള്ള ഒരു തുള്ളി രക്തം ഇറ്റുവീണു . എന്‍റെ മനം മന്ത്രിച്ചു. 

         ഇതായിരിക്കും അമ്മിഞ്ഞപ്പാല്‍..........................,................

Monday 5 November 2012

മുഹര്‍റത്തിന്‍റെ പൊന്‍പുലരി.






        മുഹര്‍റത്തിന്‍റെ പൊന്‍പുലരി..

                           വിശ്വാസിയെ സംബന്ധിച്ച് അവന്‍റെ ആയുസ്സില്‍ നിന്നും ഒരു വര്‍ഷം കൂടി കടന്നു പോവുകയാണ്.വീണ്ടും മുഹറത്തിന്‍റെ  ചന്ദ്രപ്പിറവി പടിഞ്ഞാറില്‍ പോട്ടിവിടരുമ്പോള്‍ പുനര്‍വിചിന്തനത്തിന്‍റെ നാളുകളാണവര്‍ക്ക് . കഴിഞ്ഞ ഒരാണ്ടിന്‍റെ സൂക്ഷ്മ സമയങ്ങളില്‍ പോലും സൃഷ്ടാവിന്‍റെ ഔന്നിത്യം പുകഴ്ത്തിയവര്‍ ഐശ്വര്യത്തിന്‍റെ നറുനിലാവിലാണ് എന്നാല്‍ സമയം വൃഥാ ചെലവഴിച്ച തന്തോന്നികള്‍ക്ക് കല്‍മഷങ്ങളുടെ വ്യഥയും .

                                      വിചിന്തന വിരാമത്തില്‍ മാറ്റത്തിന്‍റെ മാറ്റൊലിയാണ് മനദാരില്‍  മുഴങ്ങുന്നതെങ്കില്‍ വരുന്നൊരാണ്ടിന്‍റെ കര്‍മ്മനിര്‍വ്വഹണത്തിനു സല്‍കര്‍മങ്ങളും സൃഷ്ടാവിന്‍റെ ഔന്നത്യത്തിന്‍റെ വാഴ്ത്തലുമായി ഓരോ വിശ്വാസിയുടെയും മനതകം തുറന്നിടട്ടെ .. എങ്കില്‍ പുത്തനാണ്ടിന്‍റെ പൂരണത്തില്‍ സായൂജ്യമണയാന്‍ നനക്കുമാകും.

                                     ഭവന ഭിത്തികളില്‍ വര്‍ണ്ണ കലണ്ടറുകള്‍ മാറ്റപ്പെടുമ്പോഴും ഡയറികള്‍ പുതുക്കുംമ്പോഴും നമ്മില്‍ പലരും ഹിജ്റ പുതുവര്‍ഷത്തിന്‍റെ മഹിത സാന്നിദ്ധ്യംഅറിയാതെ പോകുന്നു. എന്നാല്‍ വിലപ്പെട്ട സമയത്തെ എന്തിനു ചിലവഴിച്ചു എന്ന് വിധി ദിനത്തില്‍ ചോദിക്കപ്പെടുമ്പോള്‍ അധരങ്ങള്‍ സംസാരിക്കണമെങ്കില്‍ ആത്മ വിചിന്തനത്തിലൂടെ കൊഴിഞ്ഞ നാളിന്‍റെ പോരായ്മകള്‍ കണ്ടെത്തി ഭാവി നാളിന്‍റെ പൂരണത്തിന് ഉപയോഗപ്രദമായ രീതിയില്‍ സത്കര്‍മ്മങ്ങള്‍ നിറക്കപ്പെടണം.


                             വീണ്ടു വിചാരത്തിന്‍റെയും ആത്മവിചാരണയുടെയും സന്ദേശമാണ് മുഹര്‍റത്തിന്‍റെ പുതുവര്‍ഷ പുലരി നമുക്ക് സമ്മാനിക്കുന്നത്. കലണ്ടറിന്‍റെയും ഡയറിയുടെയും മാറ്റം പോലെ നമുക്കും മാറ്റം അനിവാര്യമാണെന്ന ബോധ്യം നമ്മുടെ അകക്കണ്ണിനും ആത്മാവിനും പുതുവെളിച്ചം നല്‍കുന്നതാകണം. പിഴവുകള്‍ കണ്ടെത്തി പുതുജീവിതത്തിന് തയ്യാറാകാനും പ്രേരണ നല്‍കാനും വരും വര്‍ഷം നമുക്ക് ഊര്‍ജ്ജം നല്‍കട്ടെ ....
Related Posts Plugin for WordPress, Blogger...