നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 11 January 2014

ഹൃദയരോഗങ്ങള്‍......

ഹൃദയരോഗങ്ങള്‍......


                       ഒരു സാധാരണ വിശ്വാസി അഹങ്കാരം, ലോകമാന്യത, ഉള്‍നാട്യം തുടങ്ങിയ ഹൃദയരോഗങ്ങളില്‍ നിന്നും വിമുക്തമാകാന്‍ പ്രയാസമാണ്‌. പരിശുദ്ധ ശരീഅത്തുല്‍ ഇസ്‌ലാം കല്‍പ്പിക്കുന്നത്‌ ഇത്തരം രോഗങ്ങളില്‍ നിന്നും ശുദ്ധിയാകല്‍ ഫര്‍ള്‌ ഐന്‍ അഥവാ വ്യക്തി പരമായ ബാധ്യതയാണെന്നാണ്‌. ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: ``ഹൃദയത്തിന്റെ ഇല്‍മ്‌ എന്നാല്‍ അസൂയ, ഉള്‍നാട്യം പോലെയുള്ള ഹൃദയരോഗങ്ങള്‍ അറിയിലാണ്‌ ഇതിനെ സംബന്ധിച്ച്‌ ഇമാം ഗസ്സാലി പറഞ്ഞത്‌ ഇങ്ങനെ: ഈ രോഗങ്ങളുടെ നിര്‍വചനങ്ങളും കാരണങ്ങളും അതിന്‌ ചികിത്സിക്കലും ഫര്‍ള്‌ ഐന്‍ ആണ്‌. എന്നാല്‍ ചിലര്‍ പറഞ്ഞത്‌ ഇങ്ങനെ: ശറഅ്‌ ഹറാമാക്കിയ ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷപ്പെട്ട ഹൃദയമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്‌ അതുമതി. രോഗങ്ങളെക്കുറിച്ച്‌ പഠിക്കേണ്ടതില്ല. വ്യഭിചാരവും അതുപോലെയുള്ള ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളുടെ തെളിവുകള്‍ പഠിക്കാതെ അവ ഒഴിവാക്കല്‍ നിര്‍ബന്ധമായതുപോലെ രക്ഷപ്പെട്ട ഹൃദയം ഇല്ലാത്ത വ്യക്തിക്ക്‌ പഠിക്കാതെ ഹൃദയം ശുദ്ധിയാക്കാന്‍ പറ്റുമെങ്കില്‍ ആ ശുദ്ധീകരണം അവന്‌ നിര്‍ബന്ധമാണ്‌.'' (ശര്‍ഹുല്‍ മുഹദ്ദബ്‌)
                        ഇബ്‌നുഹജര്‍ (റ) തുഹ്‌ഫയിലും മറ്റുപല ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിലും ഇതേ ആശയം പ്രകടിപ്പിക്കുന്നുണ്ട്‌. 
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പഠിക്കാതെ ചികിത്സിക്കാന്‍ പറ്റിയ ഏകമാര്‍ഗം തക്കതായ മുര്‍ശിദിനെ പിടിക്കലാണെന്നും ഇമാം ശഅ്‌റാനി തന്റെ മിനനില്‍ രേഖപ്പെടുത്തുന്നുണ്‌. ഹൃദയരോഗങ്ങളുടെ ഇല്ലായ്‌മയിലൂടെ മാത്രമേ ശരീഅത്ത്‌ (പൂര്‍ണ്ണമായി) ഉണ്ടാകുകയുള്ളൂയെന്നും അതിന്‌ ത്വരീഖത്ത്‌ വേണമെന്നും പണ്ഡിതര്‍ വ്യക്തമാക്കിയിരിക്കെ ചോദ്യ കര്‍ത്താവ്‌ ശരീഅത്തിന്റെ പൂര്‍ത്തീകരണം കൊണ്ട്‌ അര്‍ത്ഥമാക്കിയത്‌ എന്താണ്‌? ബാഹ്യകര്‍മ്മങ്ങള്‍ പൂര്‍ത്തയാക്കിയ ശേഷമേ ത്വരീഖത്തില്‍ കടക്കാവൂ എന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ മരണം കൊണ്ടോ അത്‌ പൂര്‍ത്തിയാകുകയുള്ളൂ എങ്കില്‍ മരിച്ചതിന്‌ ശേഷം ത്വരീഖത്തിനെകുറിച്ച്‌ ചിന്തിക്കാം എന്നാണ്‌ വരിക. 
                         തെറ്റ്‌ ചെയ്യാതിരിക്കലാണ്‌ ഉദ്ദേശ്യമെങ്കില്‍ അതും ശരിയല്ല. എത്രയോ പാപികള്‍ ഇമാം ജുനൈദുല്‍ ബഗ്‌ദാദിയുടെ അടുക്കല്‍ വന്നതും ദിക്‌റ്‌ ചൊല്ലി കൊടുത്തതും സ്വാവിയില്‍ കാണാം. (ബുറൂജ്‌). മാത്രമല്ല മുര്‍ശിദായിരുന്ന അബുല്‍ അബ്ബാസ്‌ (റ) നിന്ന്‌ മൂത്രിക്കുന്നവര്‍ക്ക്‌ പോലും ബൈഅത്ത്‌ കൊടുത്തിരുന്നതായി ഇബ്‌നു അജീബ രേഖപ്പെടുത്തുന്നുണ്ട്‌. 
                   ശരീഅത്തിന്റെ ഇല്‍മില്‍ പൂര്‍ണ്ണനാകണമെന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ അതും ശരിയല്ല. കാരണം പലതുണ്ട്‌. ഒന്ന്‌: യാതൊന്നും അറിയാത്ത കൊച്ചുകുട്ടികള്‍ക്കു പോലും മഹത്തുക്കള്‍ ബൈഅത്ത്‌ കൊടുത്തിട്ടുണ്ട്‌. (ഫുതൂഹാത്തുല്‍ ഇലാഹിയ്യ). രണ്ട്‌: കള്ളന്‍മാരെയും ശരീഅത്തിന്റെ വിജ്ഞാനം ഒന്നും അറിയാത്ത അമുസ്‌ലിമിനെയും ഗൗസുല്‍ അഅ്‌ളം അബ്‌ദാലാക്കി മാറ്റിയ ചരിത്രം അതിനെതിരാണ്‌. മൂന്ന്‌: ഇല്‍മ്‌ പഠിക്കുന്നവന്‍ ത്വരീഖത്തിന്റെ മശാഇഖുമാരില്‍ ആരുടെയെങ്കിലും കൂടെ സഹവസിച്ചാലേ പൂര്‍ണ്ണനാകുകയുള്ളൂ എന്ന്‌ അലിയ്യുല്‍ ഖവാസ്സ്വ്‌ പറയുന്നുണ്ട്‌. മാത്രമല്ല ആലിമീങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ശൈഖ്‌ വേണമെന്നു തന്നെയാണ്‌ മഹത്തുക്കള്‍ പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ടാണ്‌ സൈനുദ്ദീന്‍ മഖ്‌ദും (റ) വും അവരുടെ ഗുരുവര്യര്‍ ഇബ്‌നുഹജറും അവരുടെ ഗുരുവര്യര്‍ ശൈഖ്‌ സക്കരിയ്യല്‍ അന്‍സ്വാരിയും ഇമാം ഗസ്സാലിയും ഇസ്സുദ്ദീനുബ്‌നു അബ്‌ദുസ്സലാമും തുടങ്ങിയ ലോകപ്രശസ്‌തരായവര്‍ മുര്‍ശിദിനെ സ്വീകരിച്ചത്‌. നാല്‌: ശരീഅത്തിന്റെ ഇല്‍മില്‍ പൂര്‍ണ്ണനാകണമെന്ന്‌ നിബന്ധനയില്ലെന്നിരിക്കെ ഒരു മുരീദിന്‌ ശരീഅത്തില്‍ പൂര്‍ണ്ണനാകണമെന്ന്‌ പറയുവാന്‍ കഴിയില്ല. ഇമാം സുഹ്‌റവര്‍ദി (റ) പറയുന്നു: അബൂയസീദില്‍ ബിസ്‌താമി (റ) പറഞ്ഞു: ഞാന്‍ അബൂഅലിയ്യുല്‍ മുസ്‌നദ്‌ (റ) നോട്‌ കൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ബാഹ്യകര്‍മ്മങ്ങള്‍ക്ക്‌ അനിവാര്യമായത്‌ ഞാനാണ്‌ പറഞ്ഞു കൊടുത്തിരുന്നത്‌. ആത്മീയ കാര്യങ്ങള്‍ അദ്ദേഹം എനിക്ക്‌ മനസ്സിലാക്കിത്തരികയും ചെയ്‌തിരുന്നു. (മുരീദായതിന്‌ ശേഷമാണല്ലോ മുര്‍ശിദാകുന്നത്‌) ഇബ്‌നു അജീബ (റ) പറയുന്നു: തര്‍ബിയത്തിന്റെ ശൈഖിന്‌ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റെ മുരീദിനും ആവശ്യമായ നിസ്‌കാരത്തിന്റെയും മറ്റും വിധികള്‍ അറിഞ്ഞാല്‍ മതി. കാരണം മിക്കവാറും ശരീഅത്തിന്റെ അറിവുകല്‍ രജാധിരാജനിലേക്കുള്ള പ്രയാണത്തില്‍ അനിവാര്യമല്ലാത്തതാണ്‌. ശരീഅത്തിന്റെ മുഴുവന്‍ വിജ്ഞാനങ്ങളും വേണമെന്ന്‌ വന്നാല്‍ ഉന്നതശ്രേണിയില്‍ നില കൊള്ളുന്ന ത്വരീഖത്തിന്റെ ഒരുപാട്‌ മശാഇഖുകളെ ഇകഴ്‌ത്തേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ അവരില്‍ പലര്‍ക്കും ശരീഅത്തീല്‍ അഗാദപാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും മറ്റു പലര്‍ക്കും അത്യാവശ്യത്തിനുളള അറിവേ ശരഈഅത്തിന്‌ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ നിന്നും തര്‍ബിയത്തിന്റെ ശൈഖ്‌ സര്‍വ്വവിജ്ഞാന കോശമാകണമെന്ന വാദം അബദ്ധമാണെന്ന്‌ വ്യക്തമായില്ലേ (ഫുതൂഹാത്തുല്‍ ഇലാഹിയ്യ). എന്നാല്‍ ഒരു മുരീദ്‌ ശരീഅത്തിന്റെ ഇല്‍മില്‍ അഗാതപാണ്ഡ്യത്യം വേണമെന്ന്‌ ചിലര്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ ത്വരീഖത്തുല്‍ ബുര്‍ഹാനാണെന്നും ത്വരീഖത്തുല്‍ ഇശ്‌റാഖ്‌ ആ നിബന്ധനവെക്കുന്നില്ലെന്നും ഇബ്‌നുഅജീബ രേഖപ്പെടുത്തുന്നുണ്ട്‌. ഇമാം ഗസ്സാലി രേഖപ്പെടുത്തി: ഹഖിന്റെ മാര്‍ഗ്ഗം ഉദ്ദേശിക്കുന്ന ഒരു മുരീദിന്‌ അവന്റെ നിലയനുസരിച്ചുള്ള കര്‍മ്മങ്ങള്‍ക്കാകുന്ന കല്‍പ്പനകളും നിരോധനകളും നടപ്പിലാക്കാന്‍ പറ്റുന്ന രൂപത്തില്‍ ശരീഅത്തിന്റെ ഇല്‍മ്‌ കരസ്ഥമാക്കിയാല്‍ മതി. (ഖുലാസ). അഞ്ച്‌: ദീനിന്റെ ഭാഗമായ ഇഹ്‌സാന്‍ കരഗതമായാലേ ദീന്‍ പൂര്‍ത്തിയാകുകയുള്ളൂ എന്നും അതിന്‌ മഹത്തുക്കളുമായി സഹവസിക്കണം എന്നും ഇമാം നവവി (റ), ഇബ്‌നുഹജര്‍ അസ്‌ഖലാനി (റ), ഇമാം സര്‍ഹിന്ദി (റ) തുടങ്ങിയ മഹത്തുക്കള്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. മഹാനായ മുഹമ്മദ്‌ ബ്‌നു സുലൈമാനുല്‍ ബഗ്‌ദാദി (റ) പറയുന്നു: ഭൗതികമായി ഉന്നത പദവിയിലുള്ളവര്‍ക്കും ബിസിനസ്സുകാര്‍ക്കും ബറക്കത്തിന്‌ വേണ്ടിയും കടുത്തുപോയ ഹൃദയങ്ങളില്‍ നിന്നും അശ്രദ്ധത അകറ്റി ഹൃദയം തെളിഞ്ഞ്‌ ഭക്തിയുള്ളതായി അല്ലാഹുവിലേക്‌ മടങ്ങാനും സാവകാശം തൗബയിലേക്കും അതിനപ്പുറത്തേക്കും ഉയരാനും അവന്റെ തിന്മ കല്‍പിക്കുന്ന നഫ്‌സിന അവനറിയാതെ ശൈഖ്‌ എടുത്തുകളയാനും വേണ്ടി ദിക്‌റ്‌ കൊടുക്കുന്നത്‌ നല്ലതാണ്‌. ആദ്യമേ തന്നെ അവനെ പുറത്താക്കി എല്ലാ തിന്മകളും ഉപേക്ഷിച്ച്‌ തൗബ ചെയ്‌തു വന്നാലേ നിനക്ക്‌ ദിക്‌റ്‌ തരൂ. എന്ന്‌ പറഞ്ഞാല്‍ അവന്‍ സന്മാര്‍ഗ്ഗത്തില്‍ നിന്ന്‌ പിന്തിരിഞ്ഞു പോകുകയും ഒരു വേള അതവന്റെ നിരാശക്ക്‌ കാരണമാവുകയും ചെയ്യും. വരുന്നവരെ സ്വീകരിക്കുക എന്നത്‌ നബി (സ്വ) തങ്ങളുടെ ഭരണമാണ്‌. കാരണം ചില ഗ്രാമീണര്‍ നബി (സ്വ) തങ്ങളെ സമീപിച്ച്‌ സുബ്‌ഹി ഒഴിവാക്കി തന്നാല്‍ ഇസ്‌ലാം സ്വീകരിക്കാമെന്നും മറ്റു ചിലര്‍ വേറെ ചില നിബന്ധനകളോടെ ഇസ്‌ലാം സ്വീകരിക്കാം എന്ന്‌ വന്ന പറഞ്ഞപ്പോല്‍ നബി (സ്വ) തങ്ങള്‍ അത്‌ സ്വീകരിച്ചു. അവരെ സാവകാശം സന്മാര്‍ഗ്ഗത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ എത്തിക്കാന്‍ വേണ്ടിയായിരുന്നു അഥ്‌. അങ്ങനെ അവര്‍ പൂര്‍ണ്ണതയിലെത്തത്‌ എന്നത്‌ പ്രസിദ്ധമാണ്‌. ദാവൂദ്‌ നബി (അ) ചില തെമ്മാടികളോട്‌ കൂട്ടുകുടന്നത്‌ അനിഷ്‌ടമായി തോന്നി. തന്റെ ഉപദേശ സദദസ്സില്‍ നിന്നും അവരെ അകറ്റിയപ്പോള്‍ അല്ലാഹു ചോദിച്ചു: ഓ ദാവൂദ്‌! നല്ലവര്‍ക്ക്‌ താങ്കളുടെ ആവശ്യമില്ല. വളഞ്ഞവരെ താങ്കളൊട്ടും നന്നാക്കുന്നുമില്ല. പിന്നെയെന്തിനാ താങ്കളെ നിയോഗിച്ചത്‌? അങ്ങനെ ദാവൂദ്‌ നബി (അ) അവരേയും തന്റെ കൂടെ കൂട്ടി. തെമ്മാടികളും അക്രമികളും കാഫിറാണെന്ന വാദമുണ്ടെങ്കിലല്ലേ അവരെ അകറ്റേണ്ടതും അവരുടെ ആത്മീയ രോഗ ചികിത്സയില്‍ നിരാശരാവേണ്ടതുമുള്ളൂ. മാര്‍ഗ്ഗദര്‍ശനം തന്നെ ഇവര്‍ക്ക്‌ വേണ്ടിയല്ലേ നിര്‍ണ്ണയിച്ചത്‌. സാധാരണ മുസ്‌ലിംക ളോടുള്ള അദമ്യമായ വാല്‍സല്യവും കാരുണ്യവുമുള്ളതിനാല്‍ ഈ നല്ല ശൈലിയാണ്‌ മിക്കവാറും മിക്കവാറും മശാഇഖുകള്‍ അവരുടെ ശിഷ്യരോട്‌ സ്വീകരിച്ചത്‌. ഇത്‌ ഇമാം ശഅ്‌റാനി അവിടുന്നിന്റെ മിനനുല്‍ കുബ്‌റയില്‍ വിശദീകരിച്ചിട്ടുണ്ട്‌. (അല്‍ ഹദീഖത്തുന്നദിയ്യ ഫീ തരീഖത്തിന്നഖ്‌ശബന്ദിയ്യ). 

യുവര്‍ ചോയ്‌സ്‌




 യുവര്‍ ചോയ്‌സ്‌
                          പരീക്ഷകള്‍ കഴിഞ്ഞു. പരീക്ഷാര്‍ത്ഥികളുടെ മാനസം പെയ്‌തൊഴിഞ്ഞ പ്രശാന്ത സുന്ദരമായ ആകാശം പോലെ വര്‍ണ്ണാഭമായി. മഴയെത്തിയ ഭൂവില്‍ വിത്തുകള്‍ മുളക്കുന്നതും കാത്തിരിക്കുന്ന പ്രതീക്ഷയുടെ നോവാണ്‌ ഇന്നവരുടെ മനസ്സില്‍, പരീക്ഷയുടെ ഫലം എന്താവും എന്നോര്‍ത്ത്‌. എന്നാല്‍ വേണ്ടവണ്ണം പരീക്ഷയില്‍ വിതച്ചവര്‍ക്ക്‌ മനം കുളിര്‍ക്കെ വിജയത്തിന്റെ കതിരുകള്‍ കൊയ്യാം. അലസ്സതയെ കൂട്ടുപിടിച്ചവര്‍ക്ക്‌ തോല്‍വിയുടെ നിലങ്ങളില്‍ ആവലാതികളോടെ വിശ്രമിക്കാം. സങ്കടത്തിന്റെ, വിഷാദത്തിന്റെ അശ്രുകണങ്ങള്‍ പൊഴിച്ചിട്ടിപ്പോള്‍ എന്തുകാര്യം.
                              ഇതു തന്നെയാണ്‌ ഓരോ മനുഷ്യന്റെയും ഈ ലോകത്തെ അവസ്ഥയും, സ്രഷ്‌ടാവായ എക്‌സാമിനര്‍ നമ്മള്‍ ഓരോരുത്തരെയും പരീക്ഷാര്‍ത്ഥികളായിട്ടാണ്‌ ദുന്‍യാവാകുന്ന ഈ സെന്ററിലേക്ക്‌ അയച്ചിരിക്കുന്നത്‌. അവനെ അറിഞ്ഞ്‌ ആരാധിക്കുക എന്നതാണ്‌ പരീക്ഷക്കുള്ള വിഷയം. സ്രഷ്‌ടാവിനെ വേണ്ടവിധം അറിഞ്ഞ്‌ ആരാധിച്ചവര്‍ അവന്റെ പരീക്ഷയില്‍ വിജയിക്കും. അല്ലാത്തവര്‍ തോല്‍വിക്കു മുമ്പില്‍ അലമുറയിട്ട്‌ കരയും. വിജയികള്‍ക്ക്‌ സമ്മാനവും ആ എക്‌സാമിനര്‍ വച്ചിട്ടുണ്ട്‌. നവ്യാനുഭൂതിയുടെ സ്വര്‍ഗ്ഗം. എന്നാല്‍ ദുന്‍യാവിലെ പരീക്ഷകളില്‍ തോറ്റവര്‍ക്ക്‌ സമ്മാനമില്ല. ആ എക്‌സാമിനര്‍ തോറ്റവര്‍ക്കും സമ്മാനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ശിക്ഷകളുടെ തീരാകയമായ നരകം. ഇതെല്ലാം പ്രഖ്യാപിച്ച ശേഷം നാഥന്‍ തന്നെ പറഞ്ഞു. നിങ്ങള്‍ക്കിഷ്‌ടമുള്ളത്‌ തെരെഞ്ഞെടുക്കാം. `യുവര്‍ ചോയ്‌സ്‌' വിജയിച്ചവരുടെ സ്വര്‍ഗ്ഗം വേണ്ടവര്‍ക്ക്‌ സ്വര്‍ഗ്ഗം, പരാജിതരുടെ നരകം വേണ്ടവര്‍ക്ക്‌ നരകം. അവന്റെ പരീക്ഷയിലെ ഉത്തരങ്ങളും, പ്രവര്‍ത്തനങ്ങളും അവന്‍ വ്യക്തമായിട്ട്‌ പഠിപ്പിച്ചിട്ടും ഉണ്ട്‌. 

                          ഉദാഹരണത്തിന്‌ കള്ളുഷാപ്പിന്റെ മുമ്പിലൂടെ നടന്നു പോകുമ്പോള്‍ അല്‍പം രുചിച്ചു നോക്കാമെന്ന്‌ തീരുമാനിച്ചവന്‌ കള്ള്‌ കുടിക്കല്‍ ഹറാമാണ്‌, അത്‌ ഒഴിവാക്കല്‍ കൂലി നല്‍കുന്ന കാര്യവും. ഉത്തരം അവന്‍ വ്യക്തമാക്കിയിരിക്കുകയാണ്‌. കള്ളു കുടിക്കല്‍ ഹറാം. ഈ ഉത്തരം അവന്‍ തിരഞ്ഞെടുത്ത്‌ കള്ളുകുടി ഒഴിവാക്കുകയാണെങ്കില്‍ നാഥന്റെ പരീക്ഷയില്‍ അവന്‍ വിജയിക്കും. അതോടൊപ്പം സമ്മാനവും ലഭിക്കും. പക്ഷേ, നാഥന്‍ പഠിപ്പിച്ചു തന്നതിനെതിരായത്‌ തെരെഞ്ഞെടുത്താല്‍ പരാജയവും ഭയാനകമായ ശിക്ഷയുമാണ്‌ ലഭിക്കുക. ഈ ഓഫറുകള്‍ വേണ്ടെന്നു വെച്ച്‌ തെറ്റായ ഉത്തരങ്ങള്‍ എഴുതുന്നവര്‍ മുഷ്‌ക്കരന്മാരല്ലാതെ മറ്റാരാണ്‌. ഇതാണ്‌ ശരിയുത്തരം എന്ന്‌ എക്‌സാമിനര്‍ പറഞ്ഞു തരുമ്പോള്‍ അതു ഞാന്‍ എഴുതില്ലെന്ന്‌ വാശി പിടിക്കുന്നവരേക്കാള്‍ വലിയ മടയന്മാര്‍ മറ്റാരാണ്‌? ഇത്തരം മടയന്മാരാകരുത്‌ നാം. 
                            കാരണം ഇവിടെ തോല്‍വിയുടെ പടികള്‍ ചവിട്ടിയവര്‍ക്ക്‌ ദുന്‍യാവിലെ പരീക്ഷകളില്‍ വീണ്ടും അവസരങ്ങളുണ്ട്‌. പരിശ്രമിച്ചാല്‍ ഒരു പക്ഷേ, വിജയത്തിന്റെ തുമ്പുകള്‍ എത്തി പിടിക്കാനാകും. എന്നാല്‍ സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ ഒറ്റചാന്‍സ്‌ മാത്രമാണുള്ളത്‌. ആ `യുവര്‍ ചോയ്‌സി' ലൂടെ തിരഞ്ഞെടുത്തതെന്താണോ അത്‌ അന്തിമമാണ്‌. പിന്നെ അതില്‍ നിന്നും മാറ്റമില്ല.
                               
വിജയമാണ്‌ തിരഞ്ഞെടുക്കുന്നതെങ്കില്‍ പാലാറും തേനരുവികളും സുന്ദരികളായ ഹൂറുലീങ്ങളോടുമൊപ്പം ശാശ്വത സ്വര്‍ഗ്ഗവാസം. പരാജയമാണെങ്കില്‍ തേളുകളും പാമ്പുകളും അകമ്പടി സേവിക്കുന്ന കഠിന കഠോര ശിക്ഷകള്‍ നമ്മെ തേടിയെത്തും. നമുക്കപ്പോള്‍ ദുന്‍യാവിലെ പരീക്ഷകളല്ല മുഖ്യമായത്‌. സ്രഷ്‌ടാവിന്റെ പരീക്ഷകളാണ്‌. പരീക്ഷയില്‍ ജയിക്കണമെങ്കില്‍ പരീക്ഷാ വിഷയത്തില്‍ അഗാധ ജ്ഞാനം കരസ്ഥമാക്കണം. പരീക്ഷയെ വെറും നിസാരമായി കണ്ട്‌ വെറുതെ അലസരാകരുത്‌. അതിന്റെ കോച്ചിങ്ങിനായി പ്രഗത്ഭരായ അദ്ധ്യാപകരെ സമീപിക്കണം
, ട്യൂഷന്‌ പോകണം. ഇങ്ങനെ പലതും ജ്ഞാന ലഭ്യതക്കായി ചെയ്യേണ്ടി വരും. എന്നാല്‍ സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ അവനെ അറിഞ്ഞാരാധിച്ച്‌ വിജയം കാണുക എന്ന ദൗത്യം നാം ഏറ്റെടുക്കുമ്പോള്‍ ആ സ്രഷ്‌ടാവിനെ നല്ലവണ്ണം പഠിച്ച, മനസ്സിലാക്കിയ ഒരു ഗുരുനാഥന്റെ, ജ്ഞാനിയുടെ സഹായം അത്യാവശ്യമാണ്‌. ഒരു മുറബ്ബിയായ ജ്ഞാനിയെ സമീപിക്കാതെ വിജയം അല്‍പം ബുദ്ധിമുട്ടു തന്നെയാണ്‌. ഇല്ലെങ്കില്‍ തോന്നിയ എന്തൊക്കെയോ പഠിച്ച്‌ എന്തൊക്കെയോ മനസ്സിലാക്കി പരീക്ഷയെ സമീപിച്ച ഒരുവന്റെ അവസ്ഥയാകും. ചിലപ്പോള്‍ ജയിക്കാം. ചിലപ്പോള്‍ പരാജയപ്പെടാം. നമുക്കു വേണ്ടത്‌ ഉറപ്പാണ്‌. ഏതുപോലെയെന്നാല്‍ ഒരു മലമുകളിലേക്ക്‌ യാത്ര ചെയ്യുന്ന രണ്ടു പേരെ പോലെയാണ്‌. ഒന്നാമത്തവന്‍ ആ ഗിരിശ്യംഖത്തിലേക്കുള്ള വഴി പുസ്‌തകം വായിച്ചാണ്‌ പഠിച്ചത്‌. അവന്റെ മാര്‍ഗ്ഗ മദ്ധ്യേ ഒരു പക്ഷേ കുഴികളും അപടകടങ്ങളും, ജീവഹാനി വരെ സംഭവിച്ചേക്കാം. മാത്രമല്ല, സമയനഷ്‌ടവും. എന്നാല്‍ രണ്ടാമത്തവനാകട്ടെ ആ വഴികളെ കുറിച്ചും ആ ഗിരിശൃംഖത്തെ പറ്റിയും നല്ല അവഗാഹമുള്ള ഒരാളെ ഗൈഡായി കൂട്ടിന്‌ ചേര്‍ക്കുന്നു. അവന്‌ യാതൊന്നും ഭയപ്പെടാനില്ല. ആ വഴിയിലെ കുഴികളും അപകട മേഖലകളും വേണ്ട മുന്‍കരുതലുകളും അവന്‌ നന്നായിട്ടറിയാം. ഒരു പ്രശ്‌നത്തിലും കുടുങ്ങാതെ അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ആ വഴികാട്ടിക്കാകും. ഇവിടെയാണ്‌ ഒരു വഴികാട്ടിയുടെ ആവശ്യകതയും സ്ഥാനവും ഒഴിച്ചു കൂടാനാവാത്തത്‌. 
                       ഇങ്ങനെ ഒരു മാര്‍ഗ്ഗദര്‍ശിയുടെ സഹായത്തോടെ നാം സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ പങ്കെടുക്കുമ്പോള്‍ വിജയം ഉറപ്പാകും. ഏതൊരു സംരംഭത്തിന്റെയും വിജയം ശരിയായ നേതൃത്വത്തെയാശ്രയിച്ചാണ്‌. കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കൈവരണമെങ്കില്‍ കുടുംബനാഥന്റെ കീഴില്‍ അംഗങ്ങളെല്ലാവരും ഒത്തൊരുമിച്ച്‌
പ്രവര്‍ത്തിക്കണം. മറ്റ്‌ ഏത്‌ ഗോധയിലും ഈയൊരു മാര്‍ഗ്ഗദര്‍ശിയുടെ നേതൃത്വത്തിന്റെ ആവശ്യം ഒഴിച്ചു കൂടാത്തതാണ്‌. ഇങ്ങനെ ഗുരുനാഥന്റെ കീഴില്‍ പഠിച്ച്‌ ജീവിതത്തിന്റെ നിര്‍ണ്ണായകമായ പരീക്ഷ എഴുതാന്‍ ഇനിയെങ്കിലും നാം തയ്യാറാകണം.

Sunday 5 January 2014

മഞ്ചേരി ശൈഖുനാ

മഞ്ചേരി ശൈഖുനാ


                        അല്ലാഹു പ്രത്യേകം ആദരിച്ച ആദം സന്തതികള്‍ മറ്റ്‌ ഇതര ജീവികളെ പോലെയല്ല. അവര്‍ക്ക്‌ ജീവിതത്തില്‍ പല ലക്ഷ്യങ്ങളുമുണ്ട്‌. അവയില്‍ മര്‍മ്മ പ്രധാനമായ ലക്ഷ്യം താന്‍ തന്റെ അസ്‌തിത്വം എന്താണെന്ന്‌ അറിയുക, തന്നെ പടച്ച റബ്ബിനെ അറിയേണ്ട വിധം അറിയുക എന്നതാണ്‌. ഈ ലക്ഷ്യം കൈവരിക്കാനുള്ള പടയോട്ടമായിരുന്നു സര്‍വ്വ മഹാരഥന്മാരും കാഴ്‌ച വെച്ചത്‌. ഈ പരമോന്നത ലക്ഷ്യ സാധൂകരണത്തിന്‌ സഹായകമായ ചില പ്രത്യേക മാര്‍ഗ്ഗങ്ങളും വഴികളുമുണ്ട്‌. ലക്ഷ്യത്തിലെത്തിയ പുണ്യാത്മാക്കളുടെ ജീവിതത്തിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ആ ഋജുപാത തെളിഞ്ഞുകാണാം. അതാണ്‌ ത്വരീഖത്ത്‌. നബി (സ്വ) മുതല്‍ കണ്ണി മുറിയാതെ നിലനില്‍ക്കുന്ന സില്‍സിലയിലെ യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയോടുള്ള പിന്തുടര്‍ച്ച ഉദ്ദൃത ലക്ഷ്യപ്രാപ്‌തിക്കുള്ള അടിസ്ഥാന കാര്യമാണ്‌. എന്നാല്‍ യോഗ്യമല്ലാത്ത മാര്‍ഗ്ഗവും യോഗ്യനല്ലാത്ത മാര്‍ഗ്ഗദര്‍ശിയും അപകടമാണ്‌. സര്‍വ്വജ്ഞാന തുറകളിലും അഗ്രഗണ്യനായ ശൈഖുനാ ശൈഖ്‌ മുഹ്‌യിദ്ദീന്‍ തങ്ങള്‍ (ഖു.സി.) പറയുന്നു: ``ശറഇന്റെ പരിധിക്കപ്പുറം യാതൊരു ഉദ്ദേശ്യവും നമുക്കില്ല. അഥവാ തെളിഞ്ഞ ശരീഅത്താണ്‌ ത്വരീഖത്ത്‌. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങള്‍ക്കോ കര്‍മ്മാനുഷ്‌ഠാനങ്ങള്‍ക്കോ എതിരായ ത്വരീഖത്ത്‌ യഥാര്‍ത്ഥ ത്വരീഖത്തല്ല. പക്ഷേ, ത്വരീഖത്ത്‌ ദീനില്‍ കടത്തിക്കൂട്ടിയ വൈകൃതങ്ങളാണെന്ന വാദം ത്വരീഖത്ത്‌ എന്തെന്നറിയാത്ത ജഹാലത്തില്‍ നിന്നും ഉടലെടുത്ത ചിന്താ ശൂന്യതയാണ്‌. മഹാന്മാരുടെ ജീവിതം വെളിച്ചം വീശുന്ന മഹത്‌ സന്ദേശത്തിന്‌ ഘടകവിരുദ്ധമായ ഇത്തരം ചില വാദഗതികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളപ്പെടേണ്ടതാണ്‌. അല്ലാഹുവിന്റെ ഔലിയാഇന്റെ ലോകം തികച്ചും അത്ഭുതങ്ങളുടെ കലവറയാണ്‌. കേവല ബുദ്ധി വെച്ച്‌ അളക്കല്‍ വിഡ്‌ഢിത്തമാണ്‌. തിരിഞ്ഞവരും തിരിയാത്തവരും ധാരാളം. വലിയ്യിനെ മനസ്സിലാക്കല്‍ അല്ലാഹുവിനെ അറിയുന്നതിലും പ്രയാസകരമാണെന്ന്‌ പോലും ചില മഹത്തുക്കള്‍ രേഖപ്പെടുത്തി. `ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന അവസ്ഥയില്‍ ബാഹ്യമായി ജനങ്ങള്‍ക്കിടയിലും ആന്തരികമായി ഇലാഹീ സ്‌മരണയിലുമായി അത്യുന്നതങ്ങളില്‍ ജീവിക്കുന്ന ഇത്തരം മഹത്തുക്കളെ അടുത്തറിയുമ്പോള്‍ മാത്രമേ അവരുടെ മഹത്വമെന്തെന്ന്‌ അറിയാന്‍ സാധിക്കുകയുള്ളൂ. വിജയികള്‍ വിജയം കൈവരിച്ചത്‌ വിജയികള്‍ക്കൊപ്പം കൂടിയാണെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.
                    അല്ലാഹുവിന്റെ ഔലിയാക്കളാകുന്ന ഇഷ്‌ടദാസന്മാരുടെ കണ്ണിയിലെ മുത്തുകളില്‍ ഒരു അമുല്യമുത്തായിരുന്നു ശൈഖുനാ സയ്യിദ്‌ മുഹമ്മദ്‌ കമാലുദ്ദീന്‍അല്‍ ഖാദിരിയ്യ്‌ അസ്സ്വൂഫിയ്യ്‌ എം. മുത്തുകോയ തങ്ങള്‍ (ഖു.സി.). അവിടുത്തെ മഹനീയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുകരണീയമാണെന്നതില്‍ സന്ദേഹമില്ല. ചെറുപ്പം മുതല്‍ ദീനീവിജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രഗത്ഭരില്‍ നിന്നും വേണ്ടുവോളം അറിവ്‌ പഠിച്ചു. ആത്മീയജ്ഞാന രംഗത്ത്‌ അതിതല്‍പരരായിരുന്ന മഹാനുഭാവന്റെ പിന്നീടുള്ള അന്വേഷണം ഇലാഹിലേക്ക്‌ തന്നെ വഴിനടത്തുന്ന യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയിലേക്കായിരുന്നു. ആ തീക്ഷ്‌ണാന്വേഷണം ഏറെ നാള്‍ നീണ്ടുനിന്നുവെങ്കിലും ഒടുവില്‍ യാദൃശ്ചികമായി തന്റെ കരങ്ങളില്‍ എത്തിച്ചേര്‍ന്ന തൗഹീദ്‌ മാല ഒരു നോക്ക്‌ വായിച്ചപ്പോള്‍ അത്ഭുതം! ആശ്ചര്യം!! കാലങ്ങളായി തന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കുന്ന ഒരു അമൂല്യ കൃതി! ഇത്‌ മഹാനുഭാവനെ ആത്മീയജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായ ശൈഖുനാ അസ്സയ്യിദ്‌ മുഹമ്മദ്‌ ജലാലുദ്ദീന്‍ എ.ഐ. മുത്തുകോയ തങ്ങള്‍(ഖു.സി.) അവര്‍കളുടെ മഹനീയ സമക്ഷത്തിലേക്ക്‌ അണയാനും അവിടുന്നിന്റെ ശിഷ്യത്വം സ്വീകരിക്കാനും ഒരു നിമിത്തമായി. തന്റെ ഗുരുവില്‍ സര്‍വ്വവും സമര്‍പ്പിച്ചു കൊണ്ട്‌ പിന്നീടുള്ള ജൈത്രയാത്ര അസൂയാവഹമായിരുന്നു.
                 ദീനി സേവന രംഗത്ത്‌ അതുല്യസേവനങ്ങള്‍ കാഴ്‌ച വെക്കുന്ന തന്റെ വന്ദ്യരായ ഗുരുവിനെ ആവും വിധം സഹായിച്ചു. അവിടുന്നിനോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ ഭാഗമായി രാപകലുകള്‍ ഉറക്കം ഒഴിച്ചും മറ്റും മഹത്തായ നൂറുല്‍ ഇര്‍ഫാന്‍ അറബിക്കോളേജിന്‌ എല്ലാ നിലക്കും വേണ്ട സഹായ സഹകരണങ്ങള്‍ അകമഴിഞ്ഞു ചെയ്‌തു. അവിടുന്നിന്റെ നിഷ്‌കാമ സേവനമായിരുന്നു മറ്റ്‌ പലരേയും ഇത്തരം കാര്യങ്ങളിലേക്ക്‌ പ്രേരിപ്പിച്ചത്‌. അതുവഴി തന്റെ ആത്മീയ ഗുരുവിന്റെ ഗുരുത്വവും പൊരുത്തവും നേടിയെടുത്തു. മാത്രമല്ല, ആയിരക്കണക്കിന്‌ ശിഷ്യരില്‍ അഗ്രിമസ്ഥാനം അലങ്കരിക്കാനും ഇത്‌ സഹായകമായി. തന്റെ ശൈഖില്‍ നിന്നും ഖാദിരിയ്യ, രിഫാഇയ്യ, ചിശ്‌ത്തിയ്യ, നഖ്‌ശബന്തിയ്യ തുടങ്ങിയ ഇലാഹീ സരണികള്‍ സ്വീകരിക്കുകയും തന്റെ വന്ദ്യരായ ഗുരുവിന്റെ വഫാത്തിന്‌ ശേഷം പ്രധാന ഖലീഫയാവുകയും മാര്‍ഗ്ഗദര്‍ശനം നടത്തുകയും ചെയ്‌തു. ഇരുള്‍ മുറ്റിയ ഹൃദയങ്ങളിലേക്ക്‌ മഅ്‌രിഫത്തിന്റെ വെള്ളിവെളിച്ചം വീശുകയും അതിലൂടെ അല്ലാഹുവിനെ അറിഞ്ഞ്‌ ആരാധിക്കുന്ന നിരവധി ശിഷ്യ സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ മഹനീയ ജീവിതത്തിന്‌ സാധിച്ചുവെന്നത്‌ സ്‌മരണീയമാണ്‌. 
ദൗഖുല്‍ ഇര്‍ഫാന്‍

                മലപ്പുറം ജില്ലയില്‍ മഞ്ചേരി, മുള്ളമ്പാറ, വാക്കേത്തൊടിയില്‍ ഇന്ന്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫൈളുല്‍ ഹാഫിള്‌ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ & ദൗഖുല്‍ ഇര്‍ഫാന്‍അറബിക്കോളേജ്‌ മഹാനുഭാവന്റെ രൂപ കല്‍പനയായിരുന്നു. മഹാനായ ശൈഖ്‌ മുഹ്‌യിദ്ദീന്‍ (ഖു.സി.) അവര്‍കളുടെ അന്തരാളങ്ങളില്‍ നിന്ന്‌ ഉദിച്ച അമൂല്യ വിജ്ഞാന ശേഖരമായ ``അല്‍ഫത്‌ഹുര്‍റബ്ബാനി'' യുടെ പരിഭാഷ ഇലാഹീ ജ്ഞാന ദാഹികള്‍ക്ക്‌
അവിടുന്നിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ്‌. തന്റെ ശൈഖിന്റെ ശിഷ്യരില്‍ പ്രഗത്ഭരും സമസ്‌തയുടെ സ്ഥാപക നേതാക്കളില്‍ ഉന്നതരുമായ മഹാനായ മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ (മ.ള്വി) ഈ കൃതിയുടെ അവതാരികയില്‍ എഴുതിയത്‌ ഒരു വേള അറിഞ്ഞിരിക്കല്‍ പലര്‍ക്കും ഉപകാരപ്രദമായിരിക്കും.. ത്വരീഖത്ത്‌, ശൈഖ്‌, ബൈഅത്ത്‌ എന്ത്‌? എന്തിന്‌? എന്ന്‌ തുടങ്ങിയ വിഷയങ്ങള്‍ മുഖവുരയില്‍ പ്രമാണബദ്ധിതമായി സമര്‍ത്ഥിക്കുന്നു. സ്വീകാര്യതയുടെ കണ്ണ്‌ കൊണ്ട്‌ വായിക്കുന്നവര്‍ക്ക്‌ ഏറെ പഠനാര്‍ഹമാണ്‌ ഈ കൃതി. 
                 ഹിദായത്തുസ്സാലിക്കീന്‍, ബുഖാരി മാല തുടങ്ങിയവ മഹാനുഭാവന്റെ തൂലികകളാണ്‌. ബഹുഭാഷാ നൈപുണ്യം നേടിയ ശൈഖുനാ ഒരു പ്രഗത്ഭ വാഗ്മിയായിരുന്നു. അവിടുന്നിന്റെ ആത്മീയ പ്രഭാഷണങ്ങളില്‍ ചിലത്‌ ഇന്നും സൂക്ഷിച്ചുവരുന്നു. അവിടുന്നിന്റെ ജീവിതം തികച്ചും മാതൃകാപരമായിരുന്നു. തിരുസുന്നത്തിനെതിരെ വല്ലതും കണ്ടാല്‍ ആര്‌ ചെയ്‌തു എന്ന്‌ നോക്കാതെ മഹാനുഭാവന്‍ പ്രതികരിക്കുമായിരുന്നു. തല മറക്കാതെ നിസ്‌കരിച്ച ഒരാളെ ശാസിച്ചതിനും ഉപദേശിച്ചതിനും ഈ എളിയവന്‍ സാക്ഷിയാണ്‌.
തിരുസുന്നത്തുകളെ ജീവിപ്പിക്കുന്നതില്‍ ശൈഖുനാ അതീവശ്രദ്ധ പാലിച്ചിരുന്നു. അവിടുന്ന്‌ താമസിച്ചിരുന്ന കുറ്റിച്ചിറ സ്വൂഫി മന്‍സിലില്‍ എല്ലാ റബീഉല്‍ അവ്വല്‍ 12 നും അതിവിപുലമായി നടന്നുവന്നിരുന്ന മൗലിദ്‌ സദസ്സ്‌ പരിസര പ്രദേശങ്ങളിലുള്ള മുബ്‌തദിഉകളെ നീരസപ്പെടുത്തിയിരുന്നു. ഇസ്‌തിഖാമത്തായിരുന്നു അവിടുത്തെ ഏറ്റവും വലിയ കറാമത്ത്‌. എണ്ണമറ്റ അനുഭവങ്ങള്‍, കറാമത്തുകള്‍ നേരില്‍ കണ്ടവര്‍ നിരവധിയാണ്‌. സുന്ദരമായി പ്രവര്‍ത്തിച്ചു പോരുന്ന മഞ്ചേരി ദൗഖുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ്‌ അവിടുന്നിന്റെ ഇന്നും ജീവിക്കുന്ന കറാമത്താണ്‌. 
മഹാനുഭാവന്റെ മഖാം 

                  എ.ഡി. 1931 ആന്ത്രോത്ത്‌ ദ്വീപില്‍ ജനിച്ച മഹാനുഭാവന്‍ ഹിജ്‌റ 1418 റബീഉല്‍ അവ്വല്‍ 9 തിളങ്കാഴ്‌ച രാത്രി 1 മണി സമയത്ത്‌ വഫാത്തായി. മഹാനുഭാവന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി വാക്കേത്തൊടി `മഹ്‌ളറത്തുല്‍ ഖാദിരിയ്യ വര്‍രിഫാഇയ്യ' എന്ന പുണ്യസ്ഥാപനത്തിന്റെ ചാരത്ത്‌ മറമാടപ്പെടുകയും ചെയ്‌തു. പല ആഗ്രഹ സഫലീകരണത്തിനും മറ്റും ഈ മഖാമിലേക്കും സ്ഥാപനത്തിലേക്കും നേര്‍ച്ച വെച്ചു കൊണ്ട്‌ കാര്യം സാധിച്ച അനുഭവസ്ഥരുടെ വിവരണം ജീവിതകാലത്ത്‌ മഹാനുഭാവനെ അറിയാതെ പോയ പലരെയും ചിന്തിപ്പിക്കുന്ന വസ്‌തുതയാണ്‌

പുണ്യറബീഅ്‌


പുണ്യറബീഅ്‌ .....
പുണ്യറബീഅ്‌ സമാഗതമാവുകയായി. വിശ്വാസി മനസ്സുകളില്‍ തിരുസ്‌നേഹത്തിന്റെ സ്‌ഫുരണങ്ങള്‍. എവിടെയും പുതുയുഗത്തിന്റെ താളാത്മകതയിലലിഞ്ഞ്‌ ചേര്‍ന്ന ഗാന സാഗരങ്ങള്‍ക്കപ്പുറം ഇപ്പോഴും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ഈരടികള്‍ വിശ്വാസികള്‍ക്ക്‌ അവാച്യമായ അനുഭൂതി തന്നെ തീര്‍ക്കുന്നു.
തിരുചരിതങ്ങളെ ഈരടികളിലാവിഷ്‌കരിച്ച ഹസ്സാനു ബ്‌നു സാബിത്തും (റ) കഅ്‌ബ്‌ ബ്‌നു സുഹൈറും (റ) ഇമാം ബൂസ്വൂരി (റ) യും ജലാലുദ്ദീന്‍ റൂമി (റ)യും പ്രവാചക പ്രേമത്തിന്റെ ആനന്ദലഹരിയില്‍ ആറാടുകയായിരുന്നു. ഇവരുടെ ചിന്താമണ്ഡലങ്ങളില്‍ ഉരുവം കൊണ്ട പ്രകീര്‍ത്തന ഈരടികള്‍ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി കെട്ടിച്ചമച്ചവയായിരുന്നില്ല. മറിച്ച്‌ തിരുനബി (സ്വ) യോടുള്ള അടങ്ങാത്ത ആനന്ദ ലഹരിയില്‍ അറിയാതെ കൈവന്ന വചസ്സുകളായിരുന്നു. മലബാറിന്റെ പ്രിയകവി പ്രവാചക സവിധത്തിലെത്തിയപ്പോള്‍ ചുണ്ടില്‍ നിന്നും അണപൊട്ടിയൊഴുകിയ കാവ്യശകലങ്ങള്‍ക്ക്‌ താളം പകര്‍ന്നത്‌ അണമുറിയാതെ ചാലിട്ടൊഴുകിയ അശ്രുകണങ്ങളായിരുന്നു.
ലോകാനുഗ്രഹിയുടെ ജന്മദിനത്തില്‍ സന്തോഷിക്കലും അവിടുത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കലും വിശ്വാസിയുടെ ബാധ്യതയാണ്‌. ത്യാഗോജ്ജ്വലവും മാതൃകാപരവുമായ അവിടുത്തെ ജീവചരിത്രങ്ങളും മഹത്വങ്ങളും പദ്യങ്ങളിലൂടെയും ഗദ്യങ്ങളിലൂടെയും രണ്ടും സമ്മിശ്രമാക്കിയും എന്ന്‌ വേണ്ട ജീവിതത്തിലാകമാനം പുകഴ്‌ത്താനും വാഴ്‌ത്താനുമാണ്‌ വിശ്വാസി തയ്യാറാകുന്നത്‌. കാരണം വിശ്വാസിയുടെ വിജയം ആ തിരുനേതാവിലൂടെയല്ലാതെ സാദ്ധ്യമല്ല.
എന്നാല്‍ ആ പ്രവാചക ചരിത്രത്തിന്റെ അനന്ത സാഗരത്തില്‍ ആറാടാന്‍, ഓര്‍മ്മകളുടെ നിമിഷങ്ങളിലെ സായം സന്ധ്യകളിലെങ്കിലും ആ പുണ്യപ്രവാചകന്റെ റൗളയിലേക്കൊരു സ്വലാത്തെങ്കിലും സമര്‍പ്പിക്കാന്‍; നമുക്കെന്തേ സമയം ലഭിക്കുന്നില്ല! റഷീദുല്‍ ബഗ്‌ദാദിയും ഇമാം ബൂസ്വൂരിയും സ്വപ്‌നത്തില്‍ ദര്‍ശിച്ച പ്രവാചക സാന്നിദ്ധ്യം കൊതിക്കാത്ത വിശ്വാസിയെങ്ങനെ വിശ്വാസിയാകും. നമുക്കും പറക്കാം.. മുത്ത്‌ റസൂലിന്റെ സവിധത്തിലേക്ക്‌ പുണ്യസ്വലാത്തിന്റെ അനുഗൃഹീത ചിറകുകളിലേറി..
മുത്ത്‌ നബി (സ്വ) യുടെ ജന്മദിനത്തോടനുബന്ധിച്ച്‌ നാടും നഗരിയും മൗലീദിന്റെയും പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും അനന്ത ലഹരിയില്‍ ആറാടുമ്പോള്‍... ബിദ്‌അത്തിന്റെ മാറാപ്പും പേറി കൈ കെട്ടി മാറി നിന്ന്‌ പരിഹസിച്ച്‌ ചിരിച്ചാല്‍ നാശമാകും നമ്മെ പുല്‍കുക. അതിരില്ലാത്ത പ്രവാചക പ്രേമ പ്രകീര്‍ത്തനങ്ങള്‍കനാഥന്‍ തുണക്കട്ടെ. 

Saturday 4 January 2014

പറക്കട്ടെ മനതകം മദീനയിലേക്ക്‌..........



പറക്കട്ടെ മനതകം മദീനയിലേക്ക്‌..........


المدينة المنورة
എന്നാല്‍ ഈ ലോകത്തെ തന്നെ സൃഷ്‌ടിക്കാന്‍ കാരണക്കാരനായ അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരില്‍ അതിശ്രേഷ്‌ഠരായ മുത്തുനബി (സ്വ) യുടെ സാമീപ്യവും പരിഗണനയും ശ്രദ്ധയും ഒരു ആശിഖുറസൂലിന്‌ ലഭിക്കുക എന്നത്‌ അവന്റെ മഹാഭാഗ്യമാണ്‌. അതിനുള്ള മാര്‍ഗ്ഗമാണ്‌ സ്വലാത്തിന്റെ വാഹകരാവുക എന്നത്‌. വിശ്വാസിയുടെ മനതകം എപ്പോഴും തന്റ പ്രേമഭാജനമായ പ്രവാചകനിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കും. ഇരതേടി കൂട്ടില്‍ പറന്നുയരുന്ന പക്ഷി തിരികെ തന്റെ കൂട്ടിലെത്താനാണ്‌ ശ്രമിക്കുന്നത്‌. അതിന്റെ കൂട്ടില്‍ എത്തിയാലാണ്‌ അതിന്‌ സാമാധാനവും ശാന്തിയും ലഭിക്കുക. അപ്രകാരമാകണം വിശ്വാസിയുടെ മനതകവും. മദീനാ മലര്‍വാടിയിലേക്ക്‌ തന്റെ മഅ്‌ശൂഖിന്റെ സവിധത്തിലേക്ക്‌ എത്തണമെന്ന അടങ്ങാത്ത ആഗ്രഹം എപ്പോഴും മനസ്സില്‍ ത്രസിച്ചുകൊണ്ടിരിക്കണം. കാലുഷ്യ മണല്‍തരികള്‍ വാരി വിതറപ്പെട്ട മനതകത്തെ ഈ മഹിത സവിധത്തിലേക്ക്‌ നയിക്കാനുള്ള ഊര്‍ജ്ജവും ഉപാസനയുമാണ്‌ സ്വലാത്ത്‌. 
                            നമ്മുടെ മനതകം പ്രവാചകരിലേക്ക്‌ അടുക്കുന്നതനുസരിച്ച്‌ അതിന്‌ പ്രകാശം വര്‍ദ്ധിക്കും. നമ്മുടെ വിളികളും അപേക്ഷകളും പ്രവാചകന്‍ കേള്‍ക്കും. അതിനാണ്‌ സ്വലാത്തുകള്‍ ശീലമാക്കേണ്ടത്‌. നമ്മുടെ പ്രവാചകസ്‌നേഹം പ്രേമവും അനുരാഗവുമായി സ്വലാത്തിന്റെ ചിറകുകളിലേറി പുണ്യ റൗളയിലേക്ക്‌ പറക്കുമ്പോള്‍ നമ്മുടെ ആത്മാര്‍ത്ഥതയുടെ പാശം ചേര്‍ന്ന്‌ മനതകം പ്രകാശിക്കും. സര്‍വ്വചരാചരങ്ങള്‍ക്കും തമ്പുരാന്‍ നല്‍കിയ അനുഗ്രഹമാണ്‌ പ്രവാചകന്‍ (സ്വ) തങ്ങള്‍. ഈ അനുഗ്രത്തെ അംഗീകരിക്കലും അനുസരിക്കലുമാണ്‌ സ്വലാത്ത്‌. മാത്രമല്ല അത്‌ ഒരുവന്റെ വിശ്വാസത്തിന്റെ ഭാഗവുമാണ്‌. മേല്‍പറഞ്ഞതുപോലെ ഒരുവന്റെ ജീവിത ഗോദയിലെ സംസ്‌കരണത്തിലും ആത്മീയ മേഖലയിലെ ഔന്നിത്യത്തിലുമെല്ലാം സ്വലാത്തിനോടുള്ള താത്‌പര്യത്തിനും വിശ്വാസത്തിനുമനുസരിച്ച്‌ ഏറ്റക്കുറച്ചിലുകള്‍ നിഴലിക്കും. 

                                       പരിശുദ്ധ ഖുര്‍ആനും വിശുദ്ധ ഹദീസും സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കാനും അതിലൂടെ പ്രവാചകന്റെ സ്‌നേഹം കരഗതമാക്കാനും നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``ഓ വിശ്വാസികളെ ഞാനും എന്റെ മലക്കുകളും പ്രവാചകന്റെ മേലില്‍ സ്വലാത്ത്‌ ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും പ്രവാചകന്റെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.'' (അഹ്‌സാബ്‌). നിസ്‌കാരത്തെപറ്റി പറഞ്ഞിടത്ത്‌ `നിസ്‌കരിക്കുവിന്‍' നോമ്പിനെ പറ്റി പറഞ്ഞിടത്ത്‌ `നിങ്ങള്‍ നോമ്പനുഷ്‌ടിക്കുവിന്‍' ദാന ധര്‍മ്മങ്ങളെ വിവരിച്ചിടത്ത്‌ `ദാനധര്‍മ്മങ്ങള്‍ ചെയ്യുവിന്‍' എന്നുപറഞ്ഞ ഖുര്‍ആന്‍ പ്രവാചകന്‌ സ്വലാത്ത്‌ ചൊല്ലാന്‍ പറഞ്ഞിടത്ത്‌ ഈയൊരു ശബ്‌ദ സൗകുമാര്യതയല്ല ഉപയോഗിച്ചത്‌. മറിച്ച്‌ ഞാനും എന്റെ ദശലക്ഷകണക്കിന്‌ മാലാഖമാരും സ്വലാത്ത്‌ അര്‍പ്പിക്കുന്നത്‌ കൊണ്ട്‌ നിങ്ങളും നിര്‍വ്വഹിക്കണം, പ്രവര്‍ത്തിക്കണം എന്ന മാസ്‌മരീകവും മഹത്വരവും ആശയസമൃദ്ധവുമായ ഒരു അദ്ധ്യാപനത്തിന്റെ ശൈലിയാണണ്‌ സ്വീകരിച്ചത്‌. അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോട്‌ പ്രവര്‍ത്തിക്കണമെന്ന്‌ പറയുന്നതും ചെയ്‌ത്‌ കാണിച്ച്‌ ചെയ്യാന്‍ പറയുന്നതും തമ്മില്‍ അജഗജാന്തരമുണ്ട്‌.ആദ്യ രീതിയേക്കാള്‍ രണ്ടാമത്തെ രീതിയാണ്‌ അനുവര്‍ത്തകര്‍ക്ക്‌ ഉത്തമം. ഈയൊരു രീതിയാണ്‌ `പ്രവാചകന്റെ മേല്‍ സ്വലാത്ത്‌ ചൊല്ലൂ' എന്ന്‌ പറഞ്ഞിടത്ത്‌ ഖുര്‍ആന്‍ സ്വീകരിച്ചതും. 
പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) യുടെ മേലുള്ള സ്വലാത്ത്‌ എത്ര അധികരിപ്പിക്കാന്‍ കഴിയുമോ അത്രയും അധികരിപ്പിക്കാനാണ്‌ പ്രവാചക അദ്ധ്യാപനം. മറ്റ്‌ ആരാധന കര്‍മ്മങ്ങളെക്കാള്‍ ചിലപ്പോഴൊക്കെ സ്വലാത്തിന്‌ പോരിശനല്‍കപ്പെട്ട സംഭവങ്ങള്‍ പ്രവാചക ജീവിതം പഠിക്കുമ്പോള്‍ നമുക്ക്‌ കാണാന്‍ കഴിയും. 
                              ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാന്‍ കഴിയുന്ന ഒരു സംഭവമുണ്ട്‌. ``സ്വഹാബി പ്രമുഖരായ അലി (റ), അബ്‌ദുല്ലാഹിബ്‌നു അംറുബിനു ആസ്‌ (റ), ഉസ്‌മാന്‍ ബ്‌നു മള്‌ഊന്‍ (റ) എന്നിവര്‍ പ്രവാചക പത്‌നി ആയിശ ബീവി (റ) യുടെ അടുക്കല്‍ എത്തി പ്രവാചക പുംഗവര്‍ (സ്വ) യുടെ ജീവിത ചിട്ടകളെ കുറിച്ചും ആരാധനാ കര്‍മ്മങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. സകലപാപങ്ങളും പൊറുക്കപ്പെട്ട നബി (സ്വ) യുടെ ആരാധനയെ കുറിച്ച്‌ കേട്ടപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നിസ്സാരമായി അവര്‍ക്ക്‌ തോന്നി. ഒരാള്‍ രാത്രി മുഴുവന്‍ നിസ്‌കരിക്കുമെന്നും ഒരാള്‍ എല്ലാ ദിവസവും നോമ്പനുഷ്‌ഠിക്കുമെന്നും മറ്റെയാള്‍ വിവാഹം ഒഴിവാക്കുമെന്നും പറഞ്ഞു. ഈ വിവരം അറിഞ്ഞ റസൂല്‍ (സ്വ) തങ്ങള്‍ അവരോട്‌ പറഞ്ഞു: ഞാന്‍ നിങ്ങളെക്കാള്‍ കൂടുതല്‍ സൃഷ്‌ടാവിനെ അറിഞ്ഞവനാണ്‌. ഞാന്‍ രാത്രി നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. നോമ്പ്‌ പിടിക്കുകയും ഉപേക്ഷിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്റെ ചര്യയെ വിട്ട്‌ മറ്റൊന്നിനെ ആഗ്രഹിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല''. നബി (സ്വ) യുടെ ഈ ഉപദേശത്തിലൂടെ വ്യക്തമാകുന്നത്‌ മുഴുവന്‍ സമയവും ആരാധനയുമായി കൂടാതെ തന്റെ ബാധ്യതകളുമായി മുന്നോട്ട്‌ പോകാനാണ്‌. 
                             എന്നാല്‍ പ്രവാചക ചരിത്രത്തില്‍ സ്വലാത്തുമായി ബന്ധിക്കുന്ന സംഭവത്തിലേക്ക്‌ നോക്കാം. മഹാനായ സ്വഹാബി ഉബയ്യ്‌ബ്‌നു കഅബ്‌ (റ) ഒരിക്കല്‍ പ്രവാചകനോട്‌ ചോദിച്ചു. പ്രവാചകരെ, ഞാന്‍ അങ്ങയുടെ പേരില്‍ സ്വലാത്ത്‌ ആഗ്രഹിക്കുന്നു. അതിനായി എത്ര സമയം ഞാന്‍ ചിലവഴിക്കണം. പ്രവാചകന്‍ മറുപടി പറഞ്ഞു: എത്ര സ്വലാത്ത്‌ ചൊല്ലുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണകരമാണ്‌. ഉടന്‍ കഅബ്‌ (റ) പറഞ്ഞു: പ്രവാചകരെ എന്റെ ജീവിതത്തിന്റെ പകുതിഭാഗം ഞാന്‍ അങ്ങേയ്‌ക്ക്‌ സ്വലാത്തിനായി മാറ്റിവെയ്‌ക്കുന്നു. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ എത്ര വര്‍ദ്ധിപ്പിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണകരമാണ്‌. ഉടന്‍ കഅബ്‌ (റ) പറഞ്ഞു: എന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗം ഞാന്‍ സ്വലാത്തിനായി മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചു. ഉടന്‍ പ്രവാചകന്‍ പറഞ്ഞു: എത്ര അധികരിപ്പിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണം. ജീവിതത്തിന്റെ മുഴുവന്‍ സ്വലാത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചു എന്ന്‌ പറഞ്ഞപ്പോഴും പ്രവാചകന്റെ മറുപടി മുമ്പ്‌ പറഞ്ഞത്‌ തന്നെയായിരുന്നു. മാത്രമല്ല. അതിലൂടെ നിങ്ങളുടെ മാനസീക അസ്വാസ്ഥ്യങ്ങള്‍ക്ക്‌ ശമനം ലഭിക്കും. ദോഷങ്ങള്‍ മായ്‌ക്കപ്പെടും. സ്വലാത്തിന്റെ മഹത്വം വിവരിക്കുന്ന ഈ സംഭവം വിരല്‍ ചൂണ്ടുന്നത്‌ മഹിത സ്വലാത്തിന്റെ പ്രാധാന്യത്തിലേക്കാണ്‌. നിസ്‌കാരത്തിന്റെയും നോമ്പിന്റെയും സമയം കൃത്യമായി പറഞ്ഞപ്പോഴും സ്വലാത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനായിരുന്നു പ്രവാചക ഉപദേശം.
                       വിശുദ്ധ റബീഇനന്റെ പൊന്നമ്പിളി ദൃശ്യമാകുന്ന ഈ വേളയിലെങ്കിലും പ്രവാചകന്റെ മേല്‍ സ്വലാത്തും അനുഭാവനങ്ങളുമായി മാനവ മനതകങ്ങള്‍ പറക്കട്ടെ പുണ്യമദീനയിലേയ്‌ക്ക്‌ .....

സ്വല്ലല്ലാഹു അലാ മുഹമ്മദ്‌... സ്വല്ലല്ലാഹു അലൈഹി വ സല്ലം...
Related Posts Plugin for WordPress, Blogger...