നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday 17 April 2014

അഹങ്കാരം ആപത്‌കരം


അഹങ്കാരം ആപത്‌കരം


             അബൂ അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദ്‌ (റ) ല്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: ``ഹൃദയത്തില്‍ അണുവിന്‍ തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല''. അപ്പോള്‍ ഒരാള്‍ ചോദിച്ചു: നിശ്ചയം ഒരാള്‍ തന്റെ വസ്‌ത്രം നന്നായിരിക്കുന്നതും ചെരിപ്പ്‌ നന്നായിരിക്കുന്നതും ഇഷ്‌ടപ്പെടുമല്ലോ? നബി (സ്വ) പറഞ്ഞു: ``തീര്‍ച്ചയായും അല്ലാഹു സൗന്ദര്യവാനും സൗന്ദര്യത്തെ ഇഷ്‌ടപ്പെടുന്നവനുമാകുന്നു. സത്യത്തെ നിരാകരിക്കലും ജനങ്ങളെ അപമാനിക്കലുമാണ്‌ അഹങ്കാരം''.(മുസ്‌ലിം). 
                           സാമ്പത്തിക സ്ഥിതി അല്‍പം മെച്ചപ്പെടുകയോ ചെറിയ ഒരു അധികാരം ലഭിക്കുകയോ ചെയ്‌താല്‍ സ്വഭാവം മാറുകയും നില തെറ്റുകയും ചെയ്യുന്ന എത്രയോ ആളുകളെ കാണാറുണ്ട്‌. പണം, അധികാരം, പാണ്‌ഡിത്യം തുടങ്ങി സ്വായത്തമാക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ അധീനമാകുന്നതോടെ മനോഭാവത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ പലപ്പോഴും മനുഷ്യനെ വഴിതെറ്റിക്കുന്നു. `ഞാന്‍' എന്ന ചിന്തയാണ്‌ ആദ്യം മുളപൊട്ടുക. ഞാന്‍ കൊള്ളാവുന്നവനും തികഞ്ഞവനും മറ്റുള്ളവര്‍ മോശക്കാരും കൊള്ളരുതാത്തവരുമാണെന്ന ധാരണയില്‍ ക്രമേണ മനസ്സിന്റെ അടിത്തട്ടില്‍ അഹങ്കാരം വേരുറക്കാന്‍ തുടങ്ങും. പിന്നെപ്പിന്നെ അത്‌ വളരുകയും സാധാരണക്കാരുമായി ഇടപെടുവാനോ സംസാരിക്കുവാനോ അലംഭാവം കാട്ടുകയും ചെയ്യും. 
                     വംശത്തിന്റെയോ കുലമഹിമയുടെയോ തറവാടിന്റെയോ ദേശത്തിന്റെയോ പേരിലുള്ള അഹങ്കാരം നിരര്‍ത്ഥകമാണ്‌. എല്ലാവരുടെയും രക്തത്തിന്‌ തുല്യവിലയാണുള്ളത്‌. തഖ്‌വ ചേരുമ്പോഴാണ്‌ സ്ഥാനമാനങ്ങള്‍ വ്യത്യാസപ്പെടുന്നത്‌. കുഫ്‌റില്‍ നിന്ന്‌ മോചിതരാവുകയും തഖ്‌വ സ്വായത്തമാക്കുകയും ചെയ്‌തില്ലെങ്കില്‍ എല്ലാവരും തുല്യര്‍ തന്നെ. വിശുദ്ധ ദീനിന്റെ ഈ അദ്ധ്യാപനങ്ങളെ കുറിച്ചുള്ള അജ്ഞതയാണ്‌ താന്‍ പോരിമയിലേക്കും അഹംഭാവത്തിലേക്കും മനുഷ്യനെ നയിക്കുന്നത്‌. തന്റെ യോഗ്യതകളിലും കഴിവുകളിലും അമിതമായ വിശ്വാസം പുലര്‍ത്തുന്നവന്റെ മനസ്സില്‍ ശൈത്വാന്‍ അഹങ്കാരത്തിന്റെ വിത്തിടുന്നതാണ്‌. അപരനെ അനുസരിക്കുന്നത്‌ പോയിട്ട്‌ പരിഗണിക്കാന്‍ പോലും അഹങ്കാരിക്ക്‌ സാധിക്കുകയില്ല. പിന്നീട്‌ ഈ നിലപാട്‌ മറ്റുള്ളവര്‍ `തന്നെ' അനുസരിക്കേണ്ടവരും വണങ്ങേണ്ടവരുമാണെന്ന ചിന്തയിലേക്ക്‌ നയിക്കുന്നു. 
                  `ഹൃദയത്തില്‍ അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല' എന്നാണ്‌ ഉദ്ദൃത ഹദീസില്‍ നബി (സ്വ) വ്യക്തമാക്കിയത്‌. ഇബ്‌ലീസ്‌ ആദം നബി (അ) ക്ക്‌ സുജൂദ്‌ ചെയ്യാന്‍ വിസമ്മതിച്ചത്‌ അഹങ്കാരം നിമിത്തമായിരുന്നു. പ്രസ്‌തുത സംഭവം പരാമര്‍ശിച്ചു കൊണ്ട്‌ ``അവന്‍ വിസമ്മതിക്കുകയും അഹങ്കാരം നടിക്കുകയും ചെയ്‌തു'' എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്‌. അഹങ്കരിച്ചത്‌ മൂലം ഇബ്‌ലീസ്‌ രക്ഷിതാവിന്റെ ശാശ്വത ശാപത്തിനിരയാവുകയും നരകവാസികളുടെ നേതാവായിത്തീരുകയും ചെയ്‌തു. 
                  അല്ലാഹു തആല പറഞ്ഞു: ``ഫിര്‍ഔനും അവന്റെ സൈന്യവും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. അവര്‍ ധരിച്ചത്‌ നമ്മിലേക്ക്‌ അവര്‍ മടക്കപ്പെടുകയില്ലെന്നാണ്‌'' (അല്‍ ഖസ്വസ്‌ 39).
അല്ലാഹുവിന്റെ ശിക്ഷക്ക്‌ വിധേയരായ ജനവിഭാഗങ്ങളെ പരാമര്‍ശിക്കുമ്പോള്‍ അവരെ നാശത്തിലേക്ക്‌ നയിച്ചത്‌ അവരുടെ അഹങ്കാരമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറയുന്നത്‌ കാണാം. ദരിദ്ര ജനങ്ങളെ തുല്യരായി കാണുന്നത്‌ തങ്ങള്‍ക്ക്‌ കുറച്ചിലായി തോന്നിയതിനാലാണ്‌ പ്രവാചകന്മാരെ പല ജനതകളും തള്ളിപ്പറഞ്ഞത്‌. പ്രവാചകന്മാരാകട്ടെ അജപാലകരും പാവപ്പെട്ടരുടെ കൂടെ ജീവിക്കുന്നവരുമായിരുന്നു. നാട്ടിലെ പ്രമാണിമാരെ നേതാക്കന്മാരാക്കാതെ അവശരെയും പട്ടിണിപ്പാവങ്ങളെയും ആലംബഹീനരെയും മിത്രങ്ങളാക്കിയതിനാലാണ്‌ അബൂജഹലും അബൂ ലഹബും അടക്കമുള്ള മക്കാ മുശ്‌രിക്കുകള്‍ നബി (സ്വ) യെ അവഗണിക്കുകയും ബന്ധിക്കുകയും ചെയ്‌തത്‌. അബൂ ജഹലിന്റെ അഹങ്കാരമാണ്‌ ബദ്‌ര്‍ യുദ്ധത്തില്‍ കലാശിച്ചത്‌. ആ യുദ്ധത്തില്‍ തന്നെ അവന്‍ വധിക്കപ്പെടുകയും ചെയ്‌തു. 
                   ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ നിന്നുത്ഭവിക്കുന്ന അഹങ്കാരം വളര്‍ന്ന്‌ വളര്‍ന്ന്‌ ഗുരുതരമാകും. അതിനാല്‍ ചെറിയ കാര്യങ്ങളില്‍ നിന്ന്‌ തന്നെ അഹങ്കാരത്തിന്റെ മുളകള്‍ നുള്ളിക്കളയേണ്ടിയിരിക്കുന്നു. മനസ്സില്‍ നിന്നാണല്ലോ അഹങ്കാരം ഉടലെടുക്കുന്നത്‌. അതിനാല്‍ ആദ്യമായി മനസ്സിനെ വിനയം ശീലിപ്പിക്കുകയാണ്‌ വേണ്ടത്‌. അല്ലാഹുവിനെ കുറിച്ചുള്ള സ്‌മരണ മനുഷ്യ ഹൃദയത്തില്‍ നിന്ന്‌ അഹങ്കാരത്തെ ദൂരീകരിക്കും. വിനയാന്വിതനായ മനുഷ്യനില്‍ നിന്ന്‌ അഹങ്കാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. അല്ലാഹു പറഞ്ഞു; ``നീ ഭൂമിയില്‍ അഹങ്കാരത്തോടെ നടക്കരുത്‌. ഭൂമിയെ പിളര്‍ക്കാനോ പര്‍വ്വതങ്ങളോളം വലുതാകുവാനോ നിനക്ക്‌ സാധ്യമല്ല'' (അല്‍ ഇസ്‌റാഅ്‌ 37). മനസ്സില്‍ അഹങ്കാരം ഉത്ഭവിക്കാതിരിക്കാന്‍ സത്യവിശ്വാസികള്‍  വിനയാന്വിതരായിരിക്കണമെന്നാണ്‌ നബി (സ്വ) യുടെ ഉപദേശം. ഹാരിസ്‌ ബ്‌നു വഹബ്‌ (റ) വില്‍ നിന്ന്‌ നിവേദനം : അദ്ദേഹം പറഞ്ഞു: ``നബി (സ്വ) പറയുന്നത്‌ ഞാന്‍ കേട്ടു; ``നരകത്തിന്റെ ആളുകള്‍ ആരെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചു തരാം. സകല അഹങ്കാരികളും ധിക്കാരികളുമാണവര്‍'' (ബുഖാരി, മുസ്‌ലിം). 
അല്ലാഹുവാണ്‌ ഏറ്റവും വലിയവനെന്ന ചിന്ത മനസ്സില്‍ ഉറപ്പിക്കുകയും തദനുസൃതമായി ജീവിതം ക്രമപ്പെടുത്തുകയും അഹങ്കാരികളുടെ പെരുമാറ്റ രീതികള്‍ ബോധപൂര്‍വ്വം ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ അഹങ്കാരം നിയന്ത്രിക്കാം. അഹങ്കാരിയുടെ നടത്തം ഉപേക്ഷിക്കുക, ജനങ്ങളുമായി വിനയത്തോടെ ഇടപെടുക, പൊങ്ങച്ചം പറയാതിരിക്കുക, മിതമായ ശബ്‌ദത്തില്‍ മാത്രം സംസാരിക്കുക തുടങ്ങിയവയാണ്‌ വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറയുന്ന ചില കാര്യങ്ങള്‍. വസ്‌ത്രം അഹങ്കാരത്തോടെ വലിച്ചിഴച്ച്‌ നടക്കരുതെന്ന്‌ നബി (സ്വ) നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. തലമുടി ചീകി, താന്‍ മോഹിക്കുന്ന വസ്‌ത്രം ധരിച്ചു കൊണ്ട്‌ അഹങ്കാരത്തോടെ ഒരാള്‍ നടന്നു കൊണ്ടിരിക്കെ അല്ലാഹു അവനെ ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞു. അവന്‍ അന്ത്യനാള്‍ വരെ ഭൂമിയില്‍ ആഴ്‌ന്നു കൊണ്ടിരിക്കും'' (ബുഖാരി, മുസ്‌ലിം).
                     മാന്യമായി വസ്‌ത്രം ധരിക്കുന്നതും മുടി ഭംഗിയായി ചീകുന്നതും നബി (സ്വ) പ്രോത്സാഹിപ്പിച്ച കാര്യമായിട്ടും അത്‌ അഹങ്കാരം പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കിയാണ്‌ അല്ലാഹുവിന്റെ ശാപത്തിന്‌ നിമിത്തമായത്‌. പുണ്യകര്‍മ്മങ്ങള്‍ പോലും പൊങ്ങച്ചത്തിന്‌ വേണ്ടി ചെയ്യുന്ന പലരുമുണ്ട്‌. അവരൊക്കെ പ്രതിഫലത്തിന്‌ പകരം അല്ലാഹുവിന്റെ ശാപവും കോപവുമാണ്‌ ക്ഷണിച്ചു വരുത്തുന്നത്‌. 
                  അബൂ ഹുറൈറ (റ) യി ല്‍ നിന്ന്‌ നിവേദനം ; നബി (സ്വ) പറഞ്ഞു: മൂന്ന്‌ കൂട്ടരോട്‌ അന്ത്യനാളില്‍ അല്ലാഹു സംസാരിക്കുകയോ അവരെ പരിശുദ്ധരാക്കുകയോ അവരിലേക്ക്‌ (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയോ ഇല്ല. അവര്‍ക്ക്‌ വേദനാജനകമായ ശിക്ഷയുണ്ട്‌. വ്യഭിചരിക്കുന്ന വൃദ്ധന്‍, കള്ളം പറയുന്ന രാജാവ്‌ (ഭരണകര്‍ത്താവ്‌), അഹങ്കാരിയായ ദരദ്രന്‍ എന്നിവരാണ്‌ അവര്‍'' (മുസ്‌ലിം).
                 അബൂ ഹുറൈറ (റ) യില്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു; അഹങ്കാരത്തോടെ വസ്‌ത്രം വലിച്ചിഴച്ച്‌ നടക്കുന്നവനിലേക്ക്‌ അന്ത്യനാളില്‍ അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയില്ല'' (ബുഖാരി, മുസ്‌ലിം). സലമത്ത്‌ ബ്‌നു അക്‌വഅ്‌ (റ) വില്‍ നിന്നും നിവേദനം: നിശ്ചയം നബി (സ്വ) യുടെ സന്നിധിയില്‍ വെച്ച്‌ ഒരാള്‍ തന്റെ ഇടതു കൈ കൊണ്ട്‌ ആഹാരം കഴിക്കുകയായിരുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``വലതു കൈ കൊണ്ട്‌ ആഹാരം കഴിക്കൂ.'' അപ്പോള്‍ അയാള്‍ പറഞ്ഞു; `എനിക്ക്‌ അതിന്‌ കഴിയില്ല' അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``നിനക്കതിന്‌ കഴിയാതിരിക്കട്ടെ. അഹങ്കാരമാണ്‌ അയാളെ അതില്‍ നിന്ന്‌ തടഞ്ഞത്‌. പിന്നീട്‌ അയാള്‍ക്ക്‌ ആ കൈ ഉയര്‍ത്താന്‍ സാധിച്ചില്ല. അത്‌ തളര്‍ന്ന്‌ പോയി. (മുസ്‌ലിം)
അല്ലാഹു തആല പറഞ്ഞു; ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതിരിക്കുകയും അഹങ്കരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ്‌ പാരത്രിക ലോകം (സ്വര്‍ഗ്ഗം) നാം നിശ്ചയിച്ചിരിക്കുന്നത്‌. അന്തിമവിജയം തഖ്‌വയുള്ളവര്‍ക്കാണ്‌'' (അല്‍ ഖസ്വസ്‌ 83). 
                 അഹങ്കാരികളെ ഉറുമ്പുകളുടെ രൂപത്തില്‍ മഹ്‌ശറയില്‍ ഒരുമിച്ചു കൂട്ടുമെന്നും ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്‌. ചുരുക്കത്തില്‍ അഹങ്കാരം മനുഷ്യനെ നശിപ്പിക്കുന്നതും അവനെ തീരാ നഷ്‌ടത്തിലാക്കുന്നതും അല്ലാഹു അവനെ നിന്ദ്യനും നിസ്സാരനുമാക്കുന്നതും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രീ ഭൂതനായി അവനെ നരകത്തില്‍ വീഴ്‌ത്തുന്നതുമാണ്‌. ആത്മ സംസ്‌കരണ മാര്‍ഗ്ഗങ്ങളിലൂടെ അഹങ്കാരം ഉള്‍നാട്യം, ലോകമാന്യം, അസൂയ തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്ന്‌ ഹൃദയത്തെ പരിശുദ്ധമാക്കുവാനും തദനുസൃതം ഇലാഹീ സാമീപ്യവും അവന്റെ തൃപ്‌തിയും ദിവ്യജ്ഞാനവും കരസ്ഥമാക്കി ലക്ഷ്യസാക്ഷാത്‌കാരം കൈവരിച്ച്‌ വിജയം നേടുവാനും ഏവരെയും നാഥന്‍ തുണക്കട്ടെ. ആമീന്‍.

Wednesday 16 April 2014

അങ്ങയുടെ കാലുകളും തലയും ചുംബിക്കാന്‍ അനുമതി തരുമോ?

പ്രവാചകനെ അടുത്തറിഞ്ഞ ജീവികള്‍

                              പ്രവാചകന്‍ (സ്വ) തങ്ങള്‍ സര്‍വ്വജീവികളിലേക്കും നിയോഗിക്കപ്പെട്ടവരാണ്‌. പ്രവാചക സാന്നിദ്ധ്യം കൊണ്ട്‌ മനുഷ്യനും ഇതര ജീവികളും സായൂജ്യമണഞ്ഞവരാണ്‌. പ്രവാചകനെ അടുത്തറിയുകയും അവിടുന്നിന്റെ പ്രവാചകത്വം അംഗീകരിക്കുയും അതിന്റെ സാക്ഷികളാവുകയും ചെയ്‌ത ചരിത്ര സംഭവങ്ങള്‍ ഇസ്‌ലാമിന്‌ അന്യമല്ല. വികാര വിചാരങ്ങളില്ലാത്ത വൃക്ഷങ്ങള്‍ പോലും പ്രവാചകത്വം അംഗീകരിച്ചിരുന്നു. 
                         ഇമാം ബുഖാരി (റ) യും മുസ്‌ലിമും (റ) അബ്‌ദുര്‍റഹ്‌മാനി (റ) ല്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു; ഞാന്‍ മസ്‌റൂഖിനോട്‌ ചോദിച്ചു: ജിന്നുകള്‍ ഖുര്‍ആന്‍ ശ്രവിച്ച രാത്രി അവരെ സംബന്ധിച്ചുള്ള അറിവ്‌ നബി (സ) തങ്ങള്‍ക്ക്‌ നല്‍കിയത്‌ ആരാണ്‌? അപ്പോള്‍ മസ്‌റൂഖ്‌ പറഞ്ഞു: താങ്കളുടെ പിതാവ്‌ എന്നോട്‌ പറഞ്ഞു. അവരെ സംബന്ധിച്ചുള്ള അറിവ്‌ നബി (സ) തങ്ങള്‍ക്ക്‌ നല്‍കിയത്‌ ഒരു വൃക്ഷമായിരുന്നു. 
                                ഇമാം ബൈഹഖി (റ), അഹ്‌മദ്‌ (റ), അബൂനുഐം (റ) എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി (സ) യും ചില അനുചരന്മാരും യാത്രയിലായിരിക്കെ ഒരിടത്ത്‌ വിശ്രമത്തിനായി തങ്ങുകയുണ്ടായി. അപ്പോള്‍ ഒരു വൃക്ഷം നബി (സ) യുടെ അടുക്കലെത്തുകയും തിരിച്ചു പോവുകയും ചെയ്‌തു. സംഭവത്തിന്‌ ദൃക്‌സാക്ഷിയായ സ്വഹാബി വര്യര്‍ നബി (സ) യോട്‌ ഈ സംഭവം അവതരിപ്പിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: എന്റെയടുക്കല്‍ വന്ന്‌ സലാം ചൊല്ലുന്നതിനായി റബ്ബിനോട്‌ ആ വൃക്ഷം അനുമതി ചോദിച്ചപ്പോള്‍ അതിന്‌ അനുമതി നല്‍കിയതാണ്‌.
                            ഇമാം ബസ്സാര്‍ (റ) ഉദ്ധരിച്ച ഹദീസ്‌ കാണുക: ഒരു ഗ്രാമീണന്‍ നബി സവിധത്തിലെത്തിയിട്ട്‌ പറഞ്ഞു: ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുന്നു. എന്റെ വിശ്വാസത്തിന്‌ ശക്തി പകരുന്ന എന്തെങ്കിലും അത്ഭുതം അവിടുന്ന്‌ കാണിച്ചു തന്നാലും. നീയെന്താണ്‌ ഉദ്ദേശിക്കുന്നത്‌? തിരുനബിയുടെ പ്രതിവചനം. ഗ്രാമീണന്‍ പറഞ്ഞു: ആ കാണുന്ന മരത്തെ താങ്കളുടെ അടുക്കലേക്ക്‌ വിളിക്കുക. അപ്പോള്‍ നബി (സ) ഗ്രാമീണനോട്‌ പറഞ്ഞു. നീ ആ വൃക്ഷത്തിന്റെ അടുക്കല്‍ ചെന്ന്‌ ഞാന്‍ വിളിക്കുന്നു എന്ന്‌ പറയുക. അങ്ങനെ ഗ്രാമീണന്‍ വൃക്ഷത്തിന്റെ അടുക്കല്‍ ചെന്ന്‌ പറഞ്ഞു. നിന്നെ പ്രവാചകന്‍ വിളിക്കുന്നു. പ്രവാചകന്റെ വിളിക്ക്‌ നീ ഉത്തരം ചെയ്യുക. ഇത്‌ കേട്ടപ്പോള്‍ ആ വൃക്ഷം ഒരു ഭാഗത്തേക്ക്‌ ചാഞ്ഞു. ഒരു ഭാഗത്തെ വേരുകള്‍ വേറിട്ടപ്പോള്‍ മറുഭാഗത്തേക്ക്‌ ചെരിഞ്ഞു. അപ്പോള്‍ മറ്റുവേരുകളും വേറിട്ടു. ആ വൃക്ഷം നബിയുടെ അരികിലെത്തി നബിക്ക്‌ സലാം ചൊല്ലുകയും നബി (സ) പ്രവാചകനാണെന്ന്‌ സാക്ഷ്യം വഹിക്കുകയും ചെയ്‌തു. ഈ അത്ഭുതം കണ്ട ഗ്രാമീണന്‍ പറഞ്ഞു. എനിക്ക്‌ ഇത്‌ തന്നെ ധാരാളം. വൃക്ഷത്തിനോട്‌ അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തേക്ക്‌ പോകാന്‍ അങ്ങ്‌ കല്‍പിച്ചാലും. നബി (സ) യുടെ കല്‍പന കേട്ട വൃക്ഷം താന്‍ നിന്നിരുന്ന സ്ഥലത്തേക്ക്‌ ചെന്നു. എങ്ങനെയാണോ ആദ്യം നിന്നിരുന്നത്‌ അതുപോലെ തന്നെ. ഇത്‌ കണ്ടമാത്രയില്‍ ഗ്രാമീണന്‍ പറഞ്ഞു: അങ്ങയുടെ കാലുകളും തലയും ചുംബിക്കാന്‍ അനുമതി തരുമോ? നബി (സ) അനുമതി നല്‍കി. ഗ്രാമീണന്‍ കാലുകളും തലയും ചുംബിച്ചു. പിന്നീട്‌ തിരുനബി (സ) ക്ക്‌ സുജൂദ്‌ ചെയ്‌തോട്ടെ എന്നായി അടുത്ത ആവശ്യം. അപ്പോള്‍ നബി (സ) പറഞ്ഞു. ഒരാളും മറ്റൊരാള്‍ക്ക്‌ സുജൂദ്‌ ചെയ്യാന്‍ പാടില്ല. 
ഇമാം ബുഖാരി (റ) താരീഖിലും അത്‌ പോലെ തുര്‍മുദിയും ഇബ്‌നു ഹിബ്ബാനും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കൂടി ശ്രദ്ധിക്കുക. ഇബ്‌നു അബ്ബാസ്‌ (റ) പറയുന്നു: ഒരു ഗ്രാമീണന്‍ തിരുനബി (സ) യെ സമീപിച്ച്‌ പറഞ്ഞു. താങ്കള്‍ പ്രവാചകനാണെന്ന്‌ ഞാന്‍ ഏത്‌ ലക്ഷ്യം കൊണ്ടാണ്‌ വിശ്വസിക്കുക? നബി (സ) ഒരു ഈന്തപ്പന ചൂണ്ടിക്കാണിച്ചു തിരിച്ചു ചോദിച്ചു. ആ കാണുന്ന ഈന്തപ്പനയുടെ കുലയില്‍ നിന്നും ഒന്നിനെ ഞാന്‍ വിളിക്കാം. അത്‌ എന്റെയടുക്കല്‍ വന്ന്‌ സാക്ഷിയായാല്‍ നീ വിശ്വസിക്കുമോ? വിശ്വസിക്കാം. വിളി കേട്ട ഉടനെ ഈന്തപ്പനക്കുല ഭൂമിയിലേക്ക്‌ എടത്തു ചാടി. അത്‌ സുജൂദ്‌ ചെയ്‌തും ഉയര്‍ന്നും തിരുനബി (സ) യുടെ അടുക്കലെത്തിയപ്പോള്‍ തിരുനബി (സ) തിരിച്ചു പോകാന്‍ കല്‍പിച്ചു. കല്‍പന കേട്ടയുടനെ അതിന്റെ യഥാസ്ഥാനത്തേക്ക്‌ തന്നെ തിരിച്ചു പോവുകയുണ്ടായി. ഇത്‌ കണ്ട ഗ്രാമീണന്‍ പറഞ്ഞു: താങ്കള്‍ ഇനി എന്ത്‌ പറഞ്ഞാലും ഞാന്‍ വിശ്വസിക്കാം. അങ്ങ്‌ പ്രവാചകന്‍ തന്നെയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സംസാരശേഷി പോലുമില്ലാത്ത ജീവികള്‍ പ്രവാചകത്വത്തിന്‌ സാക്ഷിയായ നിരവധി സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ ഉടനീളം കാണാം. പ്രവാചക തിരുമേനി (സ്വ) യുടെ അസാധാരണത്വം വ്യക്തമാക്കുന്ന സംഭവങ്ങളാണിതൊക്കെയും. നബി (സ്വ) യെ സാധാരണക്കാരനായി ചിത്രീകരിക്കുന്ന നവീനവാദികളുടെ കെണിവലകളില്‍ കുടുങ്ങാതെ നോക്കണം. നമ്മുടെ വിശ്വാസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം കെണിവലകള്‍ നാം ശ്രദ്ധയോടെ കരുതിയിരിക്കുക. 
                                                                ( എന്‍.എം. ചേര്‍ത്തല )

തിരുശേഷിപ്പുകള്‍

തിരുശേഷിപ്പുകള്‍

                  നബി(സ്വ) വിശ്വാസികള്‍ക്ക്‌ ജീവനാണ്‌. അല്ല, ജീവനേക്കാള്‍ മുഖ്യം തിരുനബി (സ്വ) ആകേണ്ടതാണ്‌. തിരുനബി(സ്വ) വിശ്വാസികളുടെ മാര്‍ഗദര്‍ശിയാണ്‌. ഇസ്‌ലാമിന്റെ തനത്‌ രൂപം തിരുനബി(സ്വ)യും സ്വഹാബികളും സലഫുസ്വാലിഹുകളുമാണ്‌. അതിനെതിരെയുള്ളതെല്ലാം മൗലികപ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതും പില്‍ക്കാലത്തുണ്ടാക്കിയതുമാണ്‌. അല്ലാഹു ആദരിച്ചവയെ ആദരിക്കുകയെന്നത്‌ ഈമാനിന്റെ അവിഭാജ്യഘടകമാണ്‌. അല്ലാഹുവിന്റെ ചിഹ്നങ്ങളെ വന്ദിക്കുകയെന്നത്‌ തഖ്‌യുടെ അടയാളമാണെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
അമ്പിയാക്കള്‍, സ്വഹാബത്‌, ശുഹദാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയ മഹത്തുക്കളും അവരുമായി ബന്ധപ്പെട്ട സംഗതികളും ഇസ്‌ലാം ബഹുമാനം കല്‍പ്പിക്കുന്ന ഇതരവസ്‌തുക്കളും സ്ഥലങ്ങളുമെല്ലാമാണ്‌ ഈ വസ്‌തുക്കള്‍. ഈ ഗണത്തില്‍ പ്രഥമസ്ഥാനമലങ്കരിക്കുന്നത്‌ സൃഷ്‌ടികളില്‍ ഉന്നതരായ തിരുനബി(സ്വ) തന്നെ.
തിരുനബി(സ്വ)യെ നാം വന്ദിക്കണം. തിരുനബി(സ്വ)യുടെ സന്നിധിയില്‍ ശബ്‌ദമുയര്‍ത്തി സംസാരിക്കരുതെന്ന്‌ വരെ ഖുര്‍ആന്‍ നമ്മെ ഉദ്‌ബോധിപ്പിച്ചു. ജീവിതകാലത്തെന്ന പോലെ വഫാതിന്‌ ശേഷവും തിരുനബി(സ്വ)യെയും തിരുശേഷിപ്പുകളെയും നാം ബഹുമാനിക്കണം. ആ പുണ്യമേനിയുടെ തിരുശേഷിപ്പുകള്‍ കൊണ്ട്‌ ബറകത്തെടുക്കുന്നതും ആഗ്രഹസാഫല്യത്തിനായി അവകളെ മധ്യവര്‍ത്തിയാക്കുന്നതും ഇസ്‌ലാമില്‍ അംഗീകൃതമാണ്‌. തിരുനബി(സ്വ)യുടെ വസ്‌ത്രം, നഖം, മുടി, വുളൂഅ്‌ എടുത്തതിന്റെയും കുടിച്ചതിന്റെയും ബാക്കി വെള്ളം, തുടങ്ങി തിരുനബി (സ്വ) യുമായി ബന്ധപ്പെട്ട മുഴുവനും സ്വഹാബത്ത്‌്‌ ബര്‍കത്തിനും രോഗശാന്തിക്കും ഉപയോഗിച്ചതായി പ്രമാണങ്ങളില്‍ നിന്ന്‌ വായിക്കാം.
                        തിരുശേഷിപ്പുകളില്‍ പലതും നഷ്‌ടപ്പെടാതെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അര്‍ഹിക്കുന്ന ആദരവോടെ ഇന്നും സൂക്ഷിച്ചുവരുന്നു. ഇത്തരം വസ്‌തുക്കള്‍ കൊണ്ട്‌ ബറകത്തെടുക്കല്‍ സ്വഹാബത്തിന്റെ ശീലമായിരുന്നു. നബി (സ) അത്‌ വിലക്കാതെ അംഗീകരിക്കുകയാണ്‌ ചെയ്‌തത്‌. അവിടുന്ന്‌ വിലക്കിയതുമില്ല. അംഗീകരിക്കുകയും ചെയ്‌തു. അതുകൊണ്ട്‌തന്നെ അതൊരു സുന്നത്തായ സല്‍ക്കര്‍മ്മമാണെന്ന്‌ തീര്‍ച്ചപ്പെടുത്താം. അതോടൊപ്പം സ്വഹാബത്തിന്റെ ഈമാനികശക്തിയും നബിയോടുള്ള അതിരറ്റ സ്‌നേഹവും പിന്തുടര്‍ച്ചയുമെല്ലാം ഇത്‌ വ്യക്തമാക്കുന്നു. അബ്‌ദുല്ലാഹിബ്‌നു ഉമര്‍ തിരുനബി (സ്വ) യുടെ ശേഷിപ്പുകളെ കൊണ്ട്‌ ബറക്കത്തെടുത്തത്‌ സംബന്ധമായി ഇമാം നാഫിഅ്‌(റ) പറയുന്നു: അബ്‌ദുല്ലാഹിബ്‌നു ഉമര്‍ തിരുനബിയുടെ ശേഷിപ്പുകളെ കൊണ്ട്‌ ബറകത്തെടുക്കുന്നത്‌ നിങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ അദ്ദേഹം ഭ്രാന്തന്‍ എന്ന്‌ വിളിക്കുമായിരുന്നു.


പ്രമാണങ്ങളിലൂടെ.....
                  ഹസ്സാനുബ്‌നു സാബിതിന്റെ സഹോദരിയായ ഉമ്മുസാബിത്‌ (റ) പറയുന്നു ഒരിക്കല്‍ നബി(സ്വ) എന്റെ വീട്ടില്‍ വരികയും ചുമരില്‍ ബന്ധിക്കപ്പെട്ട തുകല്‍ പാത്രത്തില്‍ നിന്ന്‌ വെള്ളം കുടിക്കുകയും ചെയ്‌തു. നബി(സ്വ) കുടിച്ച തോല്‍ പാത്രത്തിന്റെ ഭാഗം (ചുണ്ട്‌ സ്‌പര്‍ശിച്ച ഭാഗം) ഞാന്‍ മുറിച്ചെടുത്തു.(തുര്‍മുദി.)
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നു: കബ്‌ശത്‌ ബീവി (റ) ഈ ഭാഗം മുറിച്ചെടുത്തത്‌ ചുണ്ട്‌ സ്‌പര്‍ശിച്ച ഭാഗം സൂക്ഷിക്കാനും അത്‌ വഴി ബര്‍ക്കത്തെടുക്കാനും മലിനപ്പെടാതെ സൂക്ഷിക്കാനുമായിരുന്നു. നബി(സ്വ)യുടെ വായ സ്‌പര്‍ശിച്ച ഭാഗത്തിന്‌ സ്വഹാബത്ത്‌ നല്‍കിയ സ്ഥാനവും മാനവും ഈ സംഭവത്തില്‍ നിന്ന്‌ സുവ്യക്തമാണ്‌.
അനസ്‌ ബിന്‍ മാലിക്‌(റ)വില്‍ നിന്ന്‌ ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നു. നബി(സ്വ) പ്രഭാത നിസ്‌കാരം കഴിഞ്ഞിരിക്കുമ്പോള്‍ ചിലര്‍ വെള്ളപ്പാത്രവുമായി വരാറുണ്ടായിരുന്നു. ആ വെള്ളപ്പാത്രത്തിലൊക്കെ അവിടുത്തെ തൃക്കരം മുക്കിക്കൊടുക്കും. കൊടും തണുപ്പുള്ള പ്രഭാതത്തില്‍ വരെ അവര്‍ ഇത്‌ ചെയ്‌തിരുന്നു. നബി(സ്വ)യുടെ കൈകള്‍ക്കും കൈ സ്‌പര്‍ശിച്ച വെള്ളത്തിനും ബര്‍ക്കത്തുണ്ടെന്ന്‌ മനസ്സിലാക്കിയാണ്‌ മദീനാ നിവാസികള്‍ അത്‌ ചെയ്‌തതെന്ന്‌ നമുക്ക്‌ ഗ്രഹിക്കാം.

തിരുകേശവും വിയര്‍പ്പും......
                       ഇബ്‌നു സീരീന്‍ (റ)വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: പരിശുദ്ധ ഹജ്ജ്‌ വേളയില്‍ നബി(സ്വ) ജംറകളില്‍ എറിയുകയും ശേഷം അറവ്‌ നടത്തുകയും ചെയ്‌തപ്പോള്‍ ഒരാളോട്‌ മുടി കളയാന്‍ ആവശ്യപ്പെട്ടു. വലത്‌ ഭാഗം കളഞ്ഞപ്പോള്‍ ആ മുടി അബൂത്വല്‍ഹ (റ)വിന്‌ കൊടുത്ത്‌ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാന്‍ കല്‍പിച്ചു. നബി(സ്വ)യുടെ തിരുകേശം സ്വഹാബതിന്റെ ഇടയില്‍ വിതരണം ചെയ്യാന്‍ കല്‍പ്പിച്ചത്‌ തബര്‍റുക്കിന്‌ വേണ്ടിയാണെന്ന്‌ മനസ്സിലാക്കാം. അത്‌ കൊണ്ടാണ്‌ ഒന്നോ രണ്ടോ മുടി ലഭിക്കുന്നതിന്‌ വേണ്ടി സ്വഹാബത്‌ അത്യാഗ്രഹം കാണിച്ചതും തിരക്ക്‌ കൂട്ടിയതും.
                          അനസ്‌ (റ)വില്‍ നിന്ന്‌ ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഉമ്മുസുലൈം ബീവി നബി(സ്വ)ക്ക്‌ കിടക്കാന്‍ തോല്‍ക്കഷ്‌ണം വിരിച്ച്‌ കൊടുക്കാറുണ്ടായിരുന്നു. അതില്‍ നബി(സ്വ) മദ്ധ്യാഹ്ന സമയത്ത്‌ ഉറങ്ങാറുണ്ടായിരുന്നു. നബി ഉറങ്ങിയാല്‍ അവിടുത്തെ വിയര്‍പ്പ്‌ ഉമ്മുസുലൈം ബീവി ഒരുമിച്ച്‌ കൂട്ടി കുപ്പിയിലാക്കും. പിന്നീട്‌ അത്‌ ഒരു പ്രത്യേക സുഗന്ധദ്രവ്യത്തില്‍ ചേര്‍ക്കുന്നതാണ്‌. അനസ്‌(റ) മരണാസന്നനായപ്പോള്‍ ഇത്‌ (തിരുവിയര്‍പ്പുള്ള സുഗന്ധദ്രവ്യം) തന്നെ കുളിപ്പിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാന്‍ വസ്വിയ്യത്ത്‌ ചെയ്‌തിരുന്നു. വസ്വിയ്യത്ത്‌ പ്രകാരം നടപ്പാക്കുകയും ചെയ്‌തു.

തിരുഅവശിഷ്‌ടങ്ങള്‍....
               നബി (സ്വ)യുടെ വുളൂഇന്റെ വെള്ളത്തില്‍ അവശേഷിച്ചത്‌ കൊണ്ട്‌ സ്വഹാബത്ത്‌ ബറകത്തെടുത്തിരുന്നു. സാഇബ്‌ ബ്‌നു യസീദ്‌ ആ വെള്ളം ജനങ്ങള്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുകയും അവരത്‌ കുടിക്കുകയും ചെയ്‌തിരുന്നു (ബുഖാരി.)
നബി (സ്വ) കുടിച്ചതില്‍ അവശേഷിച്ച വെള്ളം, തുപ്പിയതും കയ്യിട്ടതുമായ വെള്ളം, നബി (സ്വ) കുടിച്ച പാത്രം എന്നിവ കൊണ്ടും സ്വഹാബത്ത്‌ ബര്‍ക്കത്തെടുത്തിരുന്നു.(ബുഖാരി, മുസ്‌ലിം)
അബൂ അയ്യൂബ്‌(റ) നബി (സ്വ)യുടെ ഭക്ഷണാവശിഷ്‌ടം തിന്നുകയും നബി (സ്വ) അതിന്‌ സമ്മതം നല്‍കുകയും ചെയ്‌തു.(മുസ്‌ലിം) ഹുദൈബിയ സന്ധിയെ പറ്റി പ്രതിപാദിച്ച സ്ഥലത്ത്‌ ഇമാം ബുഖാരി ഉദ്ധരിക്കുന്നു. നബി (സ്വ) തുപ്പുകയാണെങ്കില്‍ സ്വഹാബത്ത്‌ ആ കഫം എടുക്കുകയും ശരീരത്തും മുഖത്തും പുരട്ടുകയും ചെയ്യാറുണ്ടായിരുന്നു. ഇത്‌ നബി (സ്വ) കണ്ടിട്ടുമുണ്ട്‌.(ഇഖ്‌നാഅ്‌)
                നബി (സ്വ)ക്ക്‌ കൊമ്പ്‌ വയ്‌ക്കല്‍ ചികിത്സ ചെയ്യുന്ന സാലിം (റ), അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ (റ), മാലിക്‌ ബ്‌നു സിനാന്‍(റ) തുടങ്ങിയവര്‍ നബി (സ്വ)യുടെ രക്തം കുടിച്ചിട്ടുണ്ട്‌ (സുബ്‌ലുല്‍ഹുദാ വര്‍റഷാദ്‌). 
                     ഉമ്മുഐമന്‍ (റ) പറയുന്നു. നബി(സ്വ)ക്ക്‌ മൂത്രമൊഴിക്കുന്നതിന്‌ ഒരു തളികയുണ്ടായിരുന്നു. ഞാനത്‌ ഒഴിച്ച്‌ കളയാറാണ്‌ പതിവ്‌. ഒരു രാത്രി കൂടുതല്‍ ദാഹം വന്നപ്പോള്‍ ഞാനത്‌ കുടിച്ചു. ആ വിവരം ഞാന്‍ നബി (സ്വ)യോട്‌ പറഞ്ഞു. അവിടുന്ന്‌ പറഞ്ഞു: ``ഇന്ന്‌ മുതല്‍ നിന്റെ വയറിന്‌ അസുഖമുണ്ടാകില്ല''.
                 അബൂബക്കര്‍(റ) വിന്റെ മകള്‍ അസ്‌മാഅ്‌ (റ) പറയുന്നു: ഇത്‌ ആഇശ (റ) യുടെ കൈയിലുണ്ടായിരുന്ന റസൂലുല്ലാഹി (സ്വ) ധരിച്ച ജുബ്ബയാണ്‌. ആഇശാ(റ) വഫാത്‌ ആയ ശേഷം ഞാനെടുത്തതാണ്‌. അസുഖം ഭേദമാകുമെന്ന ഉദ്ദേശ്യത്തോടെ ഇത്‌ കഴുകിയ വെള്ളം ഞങ്ങള്‍ രോഗികള്‍ക്ക്‌ കൊടുക്കാറുണ്ട്‌. (സുബുലുല്‍ഹുദാ, ഇഖ്‌നാഅ്‌)
                       അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) നബി (സ്വ) നിസ്‌കരിച്ച സ്ഥലം പരിശോധിച്ച്‌ അവിടെ നിന്ന്‌ തന്നെ നിസ്‌കരിക്കാറുണ്ടായിരുന്നു. നബി (സ്വ) ഒട്ടകത്തെ വിലങ്ങനെ കെട്ടിയ സ്ഥലത്ത്‌ അദ്ദേഹം അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഹജ്ജ്‌ ചെയ്യുമായിരുന്ന ഇബ്‌നു ഉമര്‍ (റ) അറഫയില്‍ നില്‍ക്കുമ്പോള്‍ നബി (സ്വ) നിന്ന സ്ഥലത്ത്‌ തന്നെ നില്‍ക്കലും പതിവായിരുന്നു. (അല്‍ഇസ്വാബ)
 
പുണ്യഖമീസും തലപ്പാവും.....
                  ഉമ്മുസലമ പറയുന്നു. ``നബി (സ്വ)ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട വസ്‌ത്രം ഖമീസ്‌ ആയിരുന്നു''. തുര്‍ക്കിയില്‍ നബി (സ്വ)യുടെ നാല്‌ ഖമീസുകള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്‌. നബി (സ്വ) പുറത്ത്‌ പോകുമ്പോള്‍ ധരിക്കാറുള്ള ഖമീസുകള്‍, കറുപ്പ്‌ നിറമുള്ള ഖമീസ്‌ എന്നിവ അവിടെ കാണാന്‍ കഴിയുന്നതാണ്‌. കൈറോയിലെ ഇമാം ഹുസൈന്‍ മസ്‌ജിദിലും ഇസ്‌താംബൂളിലെ മസ്‌ജിദു ജാമിഇലും ഖമീസ്‌ സൂക്ഷിച്ചിരിക്കുന്നു. പാക്കിസ്ഥാനിലെ ലാഹോറില്‍ ചെന്നാല്‍ തലപ്പാവും വടിയും പുതപ്പും കാണാവുന്നതാണ്‌.

പാദുകങ്ങള്‍.....
              ഇബ്‌നു ഉമര്‍(റ)വില്‍ നിന്നും ബുഖാരി മുസ്‌ലിം ഉദ്ധരിക്കുന്നു: നബി (സ്വ) സിബ്‌തിയ്യ (രോമം നീക്കി ഊറക്കിട്ട) ചെരിപ്പ്‌ ധരിക്കാറുണ്ടായിരുന്നു.
                   സിദ്ദീഖ്‌ (റ) പറയുന്നു: ഗുഹയില്‍ വച്ച്‌ നബി (സ്വ)യുടെ പാദത്തിലേക്ക്‌ നോക്കിയപ്പോള്‍ അതില്‍ നിന്നും രക്തം ഉറ്റി വീഴുന്നു. ഞാന്‍ കരഞ്ഞ്‌ പോയി. ഇതില്‍ നിന്നും നബി (സ്വ) ചെരിപ്പില്ലാതെ നടക്കാറില്ല എന്നെനിക്ക്‌ ബോധ്യമായി. (താരിഖുല്‍ ഖമീസ്‌)
                    മുന്തിയ ചെരിപ്പ്‌ ധരിച്ചാല്‍ തന്നെ വര്‍ഷത്തില്‍ നമുക്ക്‌ രണ്ട്‌ ജോഡി വേണ്ടി വരും. അപ്പോള്‍ തിരുനബിയുടെ നുബുവ്വത്ത്‌ മുതല്‍ വഫാത്ത്‌ വരെ ചെരിപ്പ്‌ ധരിച്ചിട്ടുണ്ടെന്ന്‌ നാം സങ്കല്‍പ്പിക്കുക. അപ്പോള്‍ ഇരുപത്തിമൂന്ന്‌ വര്‍ഷം ചെരിപ്പ്‌ ധരിച്ചിരിക്കും. ഓരോ വര്‍ഷവും ഈരണ്ട്‌ ജോഡി ചെരിപ്പ്‌ ആവശ്യമായിരുന്നെങ്കില്‍ നാല്‍പ്പത്തിയാറ്‌ ചെരിപ്പ്‌ വേണ്ടി വരും. സാധാരണയില്‍ നാല്‌ അഞ്ച്‌ വയസ്സ്‌ മുതല്‍ കുട്ടികള്‍ ചെരിപ്പ്‌ ധരിക്കും. ഇത്രയും എണ്ണം ചെരിപ്പുകള്‍ ഒരേ രൂപത്തിലാണെങ്കിലും നിര്‍മ്മാണത്തില്‍ അല്‍പ്പാല്‍പ്പം മാറ്റമുണ്ടായേക്കാം. അത്‌ കൊണ്ടാണ്‌ ചെരിപ്പിന്റെ രൂപം മഹാന്മാരായ പണ്‌ഡിതന്മാര്‍ പറഞ്ഞപ്പോള്‍ ചിലതില്‍ അല്‍പാല്‍പം മാറ്റങ്ങളുണ്ടായത്‌. 
                      ധാരാളം കവികള്‍ നബി(സ്വ)യുടെ ചെരിപ്പിനെ പരാമര്‍ശിച്ച്‌ കവിതകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. മഹാനായ യഹ്‌യല്‍ മുഖ്‌രി(റ) 600 ല്‍ അധികം പേജുള്ള ഫത്‌ഹുല്‍ മുതആല്‍ ഫീ മദ്‌ഹിന്നിആല്‍ എന്ന നബി(സ്വ)യുടെ തിരുപാദുകത്തെ കുറിച്ച്‌ മാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥം പ്രസിദ്ധമാണ്‌.
ചുരുക്കത്തില്‍ തിരുശേഷിപ്പുകള്‍ സംരക്ഷിക്കല്‍ ദീനിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കിയ പണ്‌ഡിതന്‍മാര്‍ അത്‌ ഇന്നും സൂക്ഷിച്ച്‌ വരുന്നു. യൂസുഫുന്നബ്‌ഹാനി പറയുന്നു. ഇബ്‌നുമസ്‌ഊദ്‌(റ) തിരുനബിയുടെ തിരുപാദകം കൊണ്ട്‌ വിജയിച്ചു. എനിക്കും വിജയം ലഭിക്കാന്‍ അവിടുത്തെ ചെരിപ്പിന്റെ രൂപത്തിന്‌ സേവനം ചെയ്യുകയാണ്‌. ഇസ്‌താംബൂളിലെ ടോപ്‌കോപ്പി മ്യൂസിയത്തിലും ഇന്ത്യയിലെ ഡല്‍ഹി ജുമാമസ്‌ജിദിലും തിരുപാദുകങ്ങള്‍ ആദരവോടെ സംരക്ഷിക്കുന്നതായി കാണാം.

പാദമുദ്രകള്‍....
                     കല്ലില്‍ പതിഞ്ഞ തിരുനബി (സ്വ) യുടെ വിശുദ്ധപാദമുദ്രകള്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു. തീര്‍ച്ചയായും ഇവിടെ ഒരു സംശയം വന്നേക്കാം. എങ്ങനെയാണ്‌ കല്ലില്‍ തിരുനബിയുടെ പാദമുദ്രകള്‍ ഉണ്ടാകുക.? ഇമാം അബൂനുഐം പറയുന്നു. ദാവുദ്‌ (അ)ന്‌ ഇരുമ്പിനെ മൃദുവാക്കിക്കൊടുത്തത്‌ പോലെ നമ്മുടെ നബിക്ക്‌ അല്ലാഹു കല്ലുകളെ മാര്‍ദ്ദവമുള്ളതാക്കി കൊടുത്തു. പില്‍ക്കാല പണ്‌ഡിതര്‍ തിരുനബിയുടെ കാല്‍പാടുകളുള്ള കല്ലുകളെ മലിനപ്പെടാതിരിക്കാന്‍ വെട്ടിയെടുത്ത്‌ സംരക്ഷിച്ച്‌ പോന്നു. ഫലസ്‌തീനിലെ ഹിബ്രൂണിലും തുര്‍ക്കിയിലും ഡല്‍ഹിജുമാമസ്‌ജിദിലും അബൂദാബിയിലെ ശൈഖ്‌ മുഹമ്മദ്‌ ഹസന്‍ ഖസ്‌റജിയുടെ വസതിയിലും തിരുകാലടയാളമുള്ള കല്ല്‌ ഇന്നും കാണാന്‍ കഴിയും.

തിരുകേശങ്ങള്‍...............
                             ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്നും അര്‍ഹമായ അംഗീകാരത്തോടെ തിരുകേശങ്ങള്‍ സംരക്ഷിച്ച്‌ പോരുന്നു. ബംഗ്ലാദേശിലെ നാഷണല്‍ മസ്‌ജിദ്‌, ധാക്ക, ഖാലിദ്‌(റ) തന്റെ തൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ച തിരുകേശം, പാക്കിസ്ഥാനിലെ ലാഹോര്‍, കൈറോ, അബൂദാബിയിലെ ശൈഖ്‌ മുഹമ്മദ്‌ ഹസന്‍ ഖസ്‌റജിയുടെ വസതിയിലും ഇംഗ്ലണ്ടിലെ ലോസെല്‍ഡ്‌ സെന്‍ട്രല്‍ മസ്‌ജിദ്‌ ബിര്‍മിംഗാം, തറാബല്‍സ്‌, ലബനാന്‍, ത്വാഹിരിയ്യ ഖാദിരിയ്യ ഗൗസിയ്യ ഇംഗ്ലണ്ട്‌, ഹസ്‌റത്ത്‌ ബാല്‍ മസ്‌ജിദ്‌ കാശ്‌മീര്‍ , അതിന്‌ പുറമേ ഇസ്‌താംബൂളിലെ ടോപ്‌കോപ്പി മ്യൂസിയത്തില്‍ തിരുശേഷിപ്പുകള്‍ക്കായി ഒരു റൂം തന്നെ തയ്യാറാക്കിയിട്ടുണ്ട്‌. അതില്‍ മുത്ത്‌ നബിയുടെ തിരുകേശവും താടിരോമവും ഉഹദ്‌ യുദ്ധത്തില്‍ പൊട്ടിവീണ തിരുദന്തവും കാണാം.

കത്തുകള്‍......
              വിശുദ്ധദീനിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ട്‌ വിവിധരാജ്യങ്ങളിലെ രാജാക്കന്മാര്‍ക്ക്‌ തിരുനബി(സ്വ) കത്തയച്ചിട്ടുണ്ട്‌. അതില്‍ അധികവും ഇന്ന്‌ സംരക്ഷിച്ച്‌ പോരുന്നു. മുന്‍ദിര്‍, നജ്ജാശ്ശി, മുഖൗഖിസ്‌ തുടങ്ങിയ രാജ-ചക്രവര്‍ത്തിമാര്‍ക്ക്‌ എഴുതിയ കത്തുകള്‍ ഇന്നും സൂക്ഷിച്ചുവരുന്നു. മുഖൗഖിസ്‌ രാജാവിന്‌ എഴുതിയ കത്ത്‌ സ്വര്‍ണ്ണത്തിന്റെ പെട്ടിയില്‍ സൂക്ഷിക്കുന്നുണ്ട്‌. ഇമാം കുര്‍ദി(റ) പറയുന്നു: ഈജിപ്‌തിലെ മുഖൗഖിസ്‌ രാജാവിന്‌ എഴുതിയ കത്ത്‌ `ആസ്ഥാന' ~എന്ന പ്രദേശത്ത്‌ നിന്ന്‌ കിട്ടിയിട്ടുണ്ട്‌. ഇത്തീനിയ ഭാഷയില്‍ തുര്‍ക്കിയില്‍ പ്രിന്റ്‌ ചെയ്‌ത ഏതാനും ചെറു കിതാബുകള്‍ എനിക്ക്‌ കാണാന്‍ ഇടയായി. അതില്‍ `ആസ്ഥാന' എന്ന പ്രദേശത്തെ പ്രത്യേക മാളികമുറിയില്‍ സൂക്ഷിക്കപ്പെട്ട തിരുനബി(സ്വ)യുടെ എല്ലാ തിരു അവശിഷ്‌ടങ്ങളെ പറ്റിയും പരാമര്‍ശമുണ്ട്‌. ആസ്ഥാനയില്‍ ഇപ്പോഴുള്ള പത്ത്‌ തിരു അവശിഷ്‌ടങ്ങളുടെയും ഫോട്ടോ ഉണ്ട്‌. അവിടുത്തെ പ്രചാരണവകുപ്പ്‌ മന്ത്രാലയമാണ്‌ അത്‌ അച്ചടിച്ചത്‌. 

വാളുകളും വില്ലുകളും............
                    തിരുനബിയുടെ വിശുദ്ധവാളുകളും വില്ലുകളും ഇന്നും സൂക്ഷിച്ച്‌ പോരുന്നു. ഇസ്‌താംബൂളിലെ ടോപ്‌കോപ്പി മ്യൂസിയത്തില്‍ വാളും വാളിന്റെ പിടിയും കാണാവുന്നതാണ്‌. അള്‌ദ്‌ എന്ന്‌ പേരുള്ള തിരുനബിയുടെ വാളും മറ്റൊരു വാളും ഹുസൈന്‍ മസ്‌ജിദ്‌ കൈറോവില്‍ സംരക്ഷിക്കുന്നു. 118 സെ.മീ നീളമുള്ള ഖൈസറാന്‍ മരം കൊണ്ട്‌ നിര്‍മ്മിച്ച വില്ലും കാണാവുന്നതാണ്‌.
ഈ തിരുശേഷിപ്പുകള്‍ സൂക്ഷിച്ച്‌ പോരുന്ന അധിക സ്ഥലങ്ങളിലും റബീഉല്‍ അവ്വല്‍ 12, റജബ്‌ 27-ാം രാവ്‌, ശഅ്‌ബാന്‍ 15, റമളാന്‍ 27 എന്നീ പുണ്യദിനങ്ങളില്‍ ഇത്‌ ജനങ്ങള്‍ക്ക്‌ കാണിച്ച്‌ കൊടുക്കാറുണ്ട്‌.
                    യുക്തിയുടെ അളവുകോലുകള്‍ കൊണ്ട്‌ മതത്തെ അളക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ഇത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന്‌ വരില്ല. സ്വഹാബത്തില്‍ പ്രമുഖനായ ഉബൈദത്‌ (റ) പറഞ്ഞത്‌ ഇമാം ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി(സ്വ)യുടെ ഒരു മുടി എന്റെ പക്കല്‍ ഉണ്ടാവല്‍ ഈ ലോകവും സര്‍വ്വവും എനിക്ക്‌ ലഭിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നതാണ്‌. ഇതാണ്‌ പ്രവാചകാനുചരന്‍മാരുടെ മാതൃക. നബി(സ്വ) ധരിപ്പിച്ച്‌ കൊടുത്ത വസ്‌ത്രം മുആവിയ (റ) ബറക്കത്തിന്‌ വേണ്ടി സൂക്ഷിച്ച്‌ വച്ചു. നബി(സ്വ)യുടെ ഏതാനും മുടികളും നഖങ്ങളും അപ്രകാരം കരുതിവച്ച്‌ അതെല്ലാം മരണശേഷം കഫന്‍പുടവയോട്‌ ചേര്‍ത്ത്‌ വേണം തന്നെ ഖബറടക്കേണ്ടതെന്ന്‌ മകനായ യസീദിനോട്‌ വസ്വിയ്യത്ത്‌ ചെയ്യുകയും ചെയ്‌തു.(ഇഖ്‌നാഅ്‌)
ചുരുക്കത്തില്‍, മഹാന്‍മാരായ സ്വഹാബത്തും താബിഉകളായ ഇമാമുമാരും നബി(സ്വ)യുടെ തിരുശേഷിപ്പുകളെ കൊണ്ട്‌ ബറകത്തെടുത്ത കാര്യം നാം വിശദീകരിച്ചു. അതില്‍ അവര്‍ പ്രകടിപ്പിച്ച ആവേശവും നാം കണ്ടു. തിരുശേഷിപ്പുകളെ ആദരിക്കുന്നതും അവക്ക്‌ പുണ്യം കല്‍പ്പിക്കുന്നതും അപരിഷ്‌കൃതവും യാഥാസ്ഥികത്വവുമായി വീക്ഷിക്കുന്നവര്‍ വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും സ്വഹാബത്തിന്റെ ചര്യയുടെയും ബാലപാഠം പോലും ഗ്രഹിക്കാത്തവരാണെന്ന്‌ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാം.

Monday 14 April 2014

വലുതിലൂടെ ഏറ്റവും വലിയവനിലേക്ക്‌….

വലുതിലൂടെ ഏറ്റവും വലിയവനിലേക്ക്‌.

                    കരജീവികളില്‍ ഏറ്റവും വലുത്‌ ആന. കടല്‍ ജീവികളില്‍ ഏറ്റവും വലുത്‌ നീലത്തിമിംഗലം. ഭൂഖണ്ഡങ്ങളില്‍ ഏറ്റവും വലുത്‌ ഏഷ്യ. ഗോപുരങ്ങളില്‍ ഏറ്റവും വലുത്‌ ദുബായിലെ ബുര്‍ജ്ജ്‌ ഖലീഫ. ഇങ്ങനെ നീളുന്നു ഏറ്റവും വലുതുകളുടെ പട്ടിക. 
                     പുറമെയുള്ള വലിപ്പവും നീളവും മുഴുപ്പുമൊക്കെയാണ്‌ ഇവയെ ഏറ്റവും വലിയവ എന്ന്‌ പറയാന്‍ കാരണം. അത്‌ തെറ്റാണെന്ന്‌ പറയുന്നില്ല. പക്ഷേ, യാഥാര്‍ത്ഥമായി ചിന്തിച്ചാല്‍ ലോകത്തുള്ള ഏതേത്‌ വലിയതിനേക്കാള്‍ ഏറ്റവും വലുത്‌ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഏറ്റവും വലുതിനോടും അത്‌ സ്വായത്തമാക്കാനും അതിലെത്തിപ്പെടാനുമൊക്കേയാണല്ലോ സാധാരണയില്‍ നമ്മുടെ ആഗ്രഹം. അതുകൊണ്ട്‌ തന്നെ നാം ആഗ്രഹിക്കുന്ന ഏറ്റവും വലുത്‌ സര്‍വ്വതിനേക്കാളും വലുതാകണം. എല്ലാ അര്‍ത്ഥത്തിലും. ഇതില്‍ പലര്‍ക്കും പല വീക്ഷണങ്ങള്‍ ഉണ്ടാകാം. എങ്കിലും സത്യത്തില്‍ പരിപൂര്‍ണ്ണമായ ഒരു ഏറ്റവും വലുതുണ്ടാകുമല്ലോ?
അല്ലാഹുവിനേക്കാള്‍ വലിയവനായ മറ്റാരുമില്ല. അവനാണ്‌ ഏറ്റവും വലിയവന്‍. എല്ലാ നിലയിലും വിഷയങ്ങളിലും. അറിവില്‍, കഴിവില്‍, ഉദ്ദേശത്തില്‍, അധികാരത്തില്‍, പരിപാലനത്തില്‍, സമാഹരിക്കല്‍, സംഹരിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും. അവനെ മറികടക്കുന്ന ആരുമില്ല. യാതൊന്നുമില്ല. അവന്‍ സര്‍വ്വ ശക്തനാണ്‌. സര്‍വ്വജ്ഞാനിയാണ്‌. സര്‍വ്വതിനേക്കാളും വലിയവനാണ്‌. എല്ലാം അവന്റെ നിയന്ത്രണത്തിലും അധികാരത്തിലും അധീനതയിലുമാണ്‌. അവന്‍ ചോദ്യം ചെയ്യപ്പെടുകയില്ല. അവന്‍ ചോദ്യം ചെയ്യുന്നതാണ്‌. അവനുദ്ദേശിക്കുന്നത്‌ അവന്‍ പ്രവര്‍ത്തിക്കും, സംസാരിക്കും, നടപ്പിലാക്കും. 
                  ഇത്ര അധികാരവും ആധിപത്യവും ഉള്ള ആരാണുള്ളത്‌? ആനയും തിമിംഗലവും ഏഷ്യയും ബുര്‍ജ്‌ ഖലീഫയും തുടങ്ങിയ സൃഷ്‌ടികളിലെ ഏറ്റവും വലുതിന്‌ അല്ലാഹുവിനെ അപേക്ഷിച്ച്‌ എന്തെങ്കിലും ഔന്നിത്യം ഉണ്ടോ? താനാണ്‌ ഏറ്റവും വലിയവന്‍ എന്ന്‌ അഹങ്കരിക്കുന്ന ചില മനുഷ്യക്കോലങ്ങളുടെ അവസ്ഥ എന്താണ്‌? ഒരു ചെറിയ രോഗം പോലും തടുക്കാന്‍ കഴിയാത്ത അല്‍പനായ മനുഷ്യന്‍ താനാണ്‌ എല്ലാമെന്ന്‌ വിചാരിക്കുന്നുവെങ്കില്‍ അത്‌ അവന്റെ സ്രഷ്‌ടാവും പരിപാലകനുമായ അല്ലാഹുവിന്‌ നേരെയുളള കൊഞ്ഞനം കുത്തലാണ്‌. ഇത്തരക്കാരുടെ അന്ത്യവും പരാജയവും വളരെ ദുഷ്‌കരമായിരിക്കും. 
            മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ഇത്തരം അധമരുടെ കഥകള്‍ നമുക്കറിയുമല്ലോ? മൂസാനബി (അ) ക്കെതിരില്‍ വന്ന ഫറോവയും ഇബ്‌റാഹീം നബി (അ) ക്കെതിരെ വന്ന നംറൂദും തിരുനബി (സ്വ)ക്കെതിരെ വന്ന അബൂജഹ്‌ലും കൂട്ടവുമൊക്കെ വ്യക്തമായ ഉദാഹരണങ്ങളാണ്‌. 
             അവരൊക്കെ ഏറ്റവും വലിയവനും അവര്‍ക്ക്‌ വായുവും ഊര്‍ജ്ജവും എന്ന്‌ വേണ്ട അവരുടെതാണെന്ന്‌ അവര്‍ വാദിക്കുന്ന എല്ലാം നല്‍കിയവനുമായ അല്ലാഹുവിനും അവന്റെ ദൂതന്മാരായ നബിമാര്‍ക്കും എതിര്‌ നില്‍ക്കുകയും വേദനിപ്പിക്കുകയും ചെയ്‌തപ്പോള്‍ ഈ ലോകത്ത്‌ വെച്ച ്‌തന്നെ അല്ലാഹു അവരെ കണക്കിന്‌ ശരിയാക്കി. നിന്ദ്യതയും നിസ്സാരതയും കൊണ്ടവരെ മൂടിക്കെട്ടി. പാരത്രികത്തിലേത്‌ പറയേണ്ടതില്ല.

                   ഏറ്റവും വലിയവനായ അല്ലാഹുവിനെയും അവന്റെ ഇഷ്‌ടദാസന്മാരെയും അവഗണിച്ചാലുണ്ടാകുന്ന പ്രത്യാഘാതവും ഏറ്റവും വലുതായിരിക്കും. അതാണല്ലോ ഗതകാല സംഭവങ്ങളും സമകാലിക വാര്‍ത്തകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌. 
ഏറ്റവും വലിയവനായ അല്ലാഹുവിനെ സ്‌മരിക്കല്‍ നാം ചെയ്യുന്ന ഏറ്റവും വലിയ കാര്യമാണ്‌. ഈ ഏറ്റവും വലിയ കാര്യം യഥാവിധി ചെയ്‌താല്‍ മൂരാച്ചികൂട്ടത്തില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ സാധിക്കും. ആ വലിയ കാര്യം അവന്‍ തന്നെ നമുക്ക്‌ പറഞ്ഞുതരുന്നു. ``അല്ലാഹുവിനെ സ്‌മരിക്കല്‍ ഏറ്റവും വലിയ കാര്യമാണ്‌''. സൃഷ്‌ടികളില്‍ ഏറ്റവും വലുത്‌ ഇതാണ്‌. എന്തുകൊണ്ട്‌ ഇതിന്റെ മുറക്ക്‌ ഇത്‌ ചെയ്‌താല്‍ ഏറ്റവും വലിയവനിലേക്ക്‌ അടുക്കാന്‍ സാധിക്കുകയും അത്‌ വഴി അവന്‍ നമുക്ക്‌ അവന്റെ സര്‍വ്വതും നല്‍കുകയും ചെയ്യും. തിരുവാചകം ഇത്‌ സാക്ഷീകരിക്കുന്നുണ്ടല്ലോ?
           പക്ഷേ, ഈ വലിയ കാര്യം നിലനിന്ന്‌ കിട്ടാനും അത്‌ ഫലപ്രാപ്‌തിയുള്ളതാകാനും നിശ്ചിത മാര്‍ഗ്ഗവും രീതിയുമൊക്കെയുണ്ട്‌. അതായത്‌ ഹൃദയം ശുദ്ധീകരിച്ച്‌ ഈ സ്‌മരണ നിലനിര്‍ത്തുന്ന രീതിയിലാക്കാന്‍ കഴിയുന്ന മാര്‍ഗ്ഗദര്‍ശിയുടെ ശിക്ഷണം അനിവാര്യമാണ്‌. നിരവധി പണ്ഡിതര്‍ വ്യക്തമാക്കിയ സത്യമാണിത്‌. ഹൃദയം ഇലാഹി ചിന്തയും സ്‌മരണയും കൊണ്ട്‌ സദാ നില്‍ക്കുമ്പോള്‍ എല്ലാ സമയത്തും ശരീരാവയവങ്ങള്‍ മുഴുവന്‍ ഏറ്റവും വലുതായ ഇലാഹീ സ്‌മരണയിലാകും. അങ്ങനെ ഏറ്റവും വലുതിലൂടെ ഏറ്റവും വലിയവനിലേക്ക്‌ അനായാസം എത്തുകയും ചെയ്യും. അവന്‍ അനുഗ്രഹിക്കട്ടെ.

Friday 11 April 2014

ഭാര്യമാരോടുള്ള കടമകള്‍


ഭാര്യമാരോടുള്ള കടമകള്‍

``
ഭാര്യമാരോട്‌ നിങ്ങള്‍ നന്മയോടെ സഹവസിക്കുവീന്‍. അവരെ നിങ്ങള്‍ വെറുക്കുകയാണെങ്കില്‍, ഒരു വസ്‌തുവിനെ നിങ്ങള്‍ വെറുക്കുകയും അതില്‍ അല്ലാഹു ധാരാളം ഗുണങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തേക്കാം'' (അന്നിസാഅ്‌ 19).
``ഒരു സത്യവിശ്വാസിയും ഒരു സത്യവിശ്വാസിനിയേയും വെറുക്കാതിരിക്കട്ടെ. അവളുടെ ഒരു സ്വഭാവം അവന്‍ വെറുത്താല്‍ മറ്റൊരു സ്വഭാവം അവന്‍ തൃപ്‌തിപ്പെടുന്നതായിരിക്കും'' (ഹദീസ്‌ ശരീഫ്‌)
                     
                           ഭാര്യമാരോട്‌ സ്‌നേഹത്തിലും നന്മയിലും വര്‍ത്തിക്കുവാനാണ്‌ ഇസ്‌ലാം കല്‍പിക്കുന്നത്‌. ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ സ്‌നേഹവും ഇണക്കവും നിലനിന്നാല്‍ മാത്രമേ കുടുംബ ജീവിതം സന്തോഷകരവും വിജയപ്രദവുമാവുകയുള്ളൂ. അതിന്‌ വേണ്ടിയാണ്‌ അവര്‍ക്കിടയില്‍ ചില കടമകള്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയത്‌. ദമ്പതികള്‍ പരസ്‌പരമുള്ള കടമകള്‍ പാലിച്ചാല്‍ അവര്‍ക്കിടയില്‍ സ്‌നേഹവും യോജിപ്പും ഉണ്ടാവുകയും അവരുടെ ഫാമിലി ലൈഫ്‌ വിജയകരവും ആശാവഹവുമായിത്തീരുന്നതാണ്‌. ഭാര്യയുടെ അവകാശങ്ങള്‍ (മഹ്‌റ്‌ മുതലായവ) വകവെച്ച്‌ കൊടുക്കാത്തവന്‍ അവളെ വഞ്ചിച്ചവനും അത്തരത്തില്‍ മരണപ്പെടുന്നവന്‍ വിഭിചാരിയായിട്ടായിരിക്കും അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നും തിരുവചനങ്ങള്‍ പഠിപ്പിക്കുന്നു. 
                   നബി (സ്വ) പറഞ്ഞു: ``സത്യവിശ്വാസികളില്‍ ഈമാന്‍ ഏറ്റവും പരിപൂര്‍ണ്ണമായവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ ഭാര്യമാരോട്‌ ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവരുമാണ്‌'' (തുര്‍മുദി, ഇബ്‌നുഹിബ്ബാന്‍).
                      ആദം നബി (അ) ഉറങ്ങിക്കിടന്നപ്പോള്‍ ഇടത്‌ ഭാഗത്ത്‌ നിന്നുള്ള ഒരു വാരിയെല്ല്‌ ഊരിയെടുത്ത്‌ അതില്‍ നിന്നാണ്‌ ഹവ്വ ബീവി (റ) യെ സൃഷ്‌ടിച്ചത്‌. വാരിയെല്ലിന്റെ വളവ്‌ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത്‌ പൊട്ടിപ്പോകും. എന്നാല്‍ തീരെ നിവര്‍ത്താന്‍ ശ്രമിക്കാതിരുന്നാല്‍ അതങ്ങനെ തന്നെ വളഞ്ഞിരിക്കുകയും ചെയ്യും. ഇതുപോലെ സ്‌ത്രീകളുടെ അസ്വ്‌ല്‌ (സൃഷ്‌ടിപ്പിന്റെ അടിസ്ഥാനം) വളഞ്ഞ വസ്‌തുവായതിനാല്‍ അവരുടെ സ്വഭാവത്തിലും ഒരു വളവുണ്ടായിരിക്കും. ഇതവര്‍ക്ക്‌ ജന്മസിദ്ധമായുള്ളതാണ്‌. അതിനാല്‍ ഒറ്റയടിക്ക്‌ അവരുടെ സ്വഭാവം നേരെയാക്കാന്‍ ശ്രമിച്ചാല്‍ അത്‌ പ്രശ്‌നത്തില്‍ കലാശിക്കും. സാവകാശം നന്നാക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. അത്‌ തന്നെ സ്‌നേഹത്തോടും ഇണക്കത്തോടും കൂടി മാത്രം. എന്നാല്‍ അവളുടെ സ്വഭാവ വക്രത തീരെ ശ്രദ്ധിക്കാതെയും അത്‌ നേരെയാക്കാന്‍ ശ്രമിക്കാതെയും അവളെ അവളുടെ പാട്ടിന്‌ വിട്ടാല്‍ അവളുടെ വളഞ്ഞ സ്വഭാവം മാറ്റമില്ലാതെ തുടരുന്നതാണ്‌. തിരുനബി (സ്വ) പറഞ്ഞു: ``സ്‌ത്രീകള്‍ക്ക്‌ നിങ്ങള്‍ സദുപദേശം നല്‍കൂ'' (ബുഖാരി, മുസ്‌ലിം). 

                  ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു: ഹവ്വാബീവി (റ) യെ സൃഷ്‌ടിക്കപ്പെട്ടത്‌ ആദം നബി (അ) ഉറങ്ങിക്കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ ഇടത്‌ ഭാഗത്തുള്ള വാരിയെല്ലില്‍ നിന്നാണ്‌''.
നബി (സ്വ) പറഞ്ഞു: ``സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കൂ. നിശ്ചയം സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ വാരിയെല്ലില്‍ നിന്നാണ്‌. നിശ്ചയമായും വാരിയെല്ലില്‍ ഏറ്റവും വളഞ്ഞത്‌ മേല്‍ഭാഗത്തുള്ളതാണ്‌. അത്‌ നീ ചൊവ്വാക്കാനുദ്ദേശിച്ചാല്‍ നീ പൊട്ടിക്കുന്നതാണ്‌. അതിനെ നീ (നിവര്‍ത്താതെ) വിട്ടാല്‍ അത്‌ വളഞ്ഞ്‌ തന്നെയിരിക്കുന്നതാണ്‌. അതിനാല്‍ സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കുവീന്‍'' (ബുഖാരി, മുസ്‌ലിം).
                       ഭര്‍ത്താവിന്‌ ഭാര്യയോട്‌ ധാരാളം കടമകളുണ്ട്‌. അവള്‍ക്ക്‌ ചെലവ്‌ കൊടുക്കലും -ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം എന്നിവ നല്‍കലും- അവളുടെ മുഖത്തടിക്കാതിരിക്കലും അവളെ ചീത്ത വിളിക്കാതിരിക്കലും കിടപ്പറയിലല്ലാതെ അവളോട്‌ പിണങ്ങാതിരിക്കലും അവളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കലും സ്‌നേഹത്തോടും ഇണക്കത്തോടും കൂടി അവളോട്‌ സഹവസിക്കലും ഭര്‍ത്താവിന്റെ കടമകളാണ്‌. അവളില്‍ നിന്ന്‌ അനുസരണക്കേട്‌ ഉണ്ടായാല്‍ ആദ്യം അവളെ ഉപദേശിക്കണം. അതുകൊണ്ടും മാറ്റമില്ലെങ്കില്‍ കിടപ്പറയില്‍ അവളോട്‌ പിണങ്ങണം (ബെഡ്‌റൂമിന്‌ പുറത്ത്‌ പിണക്കം കാണിക്കുവാന്‍ പാടില്ല). എന്നിട്ടും ശരിയായില്ലെങ്കില്‍ പൊട്ടാത്ത വിധം (തൊലിക്കോ ശരീരത്തിനോ കേടുപാടുകള്‍ സംഭവിക്കാത്ത വിധം) അവളെ അടിക്കുകയും വേണം. ഇതും ഫലം ചെയ്യാത്തപ്പോള്‍ അവരിരുവരുടേയും ബന്ധുക്കളില്‍ നിന്ന്‌ നീതിമാന്മാരായ രണ്ട്‌ പേരെ തിരഞ്ഞെടുത്ത്‌ അവരുടെ മദ്ധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. അവസാന ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമേ അവളെ ത്വലാഖ്‌ ചൊല്ലാവൂ (വിവാഹമോചനം നടത്താവൂ). 
                       മുആവിയത്ത്‌ ബ്‌നു ഹൈദ (റ) യില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ``ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാള്‍ക്ക്‌ തന്റെ ഭാര്യയോടുള്ള കടമ എന്തൊക്കെയാണ്‌? അവിടുന്ന്‌ പറഞ്ഞു: ``നീ ഭക്ഷണം കഴിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കലും നീ വസ്‌ത്രം ധരിച്ചാല്‍ അവളെയും ധരിപ്പിക്കലും നീ അവളുടെ മുഖത്തടിക്കാതിരിക്കലും കിടപ്പറയിലല്ലാതെ നീ അവളോട്‌ പിണങ്ങാതിരിക്കലുമാണ്‌'' (അബൂദാവൂദ്‌, ഇബ്‌നു ഹിബ്ബാന്‍).
ഹജ്ജത്തുല്‍ വിദാഇന്റെ അവസരത്തില്‍ നബി (സ്വ) പറഞ്ഞു: ``നിങ്ങള്‍ ഭാര്യമാരോട്‌ നന്മ ഉപദേശിക്കുവീന്‍''. നിശ്ചയമായും അവര്‍ നിങ്ങളുടെയടുക്കല്‍ ബന്ധിതരാണ്‌. അതല്ലാതെ മറ്റൊന്നും നിങ്ങളവരില്‍ നിന്നുടമയാക്കുന്നില്ല. എന്നാല്‍ അവര്‍ വ്യക്തമായ തെറ്റ്‌ (അനുസരണക്കേട്‌, മോശമായ പെരുമാറ്റം, പാതിവൃത്യം സൂക്ഷിക്കാതിരിക്കല്‍ മുതലായവ) ചെയ്‌താല്‍ കിടപ്പറയില്‍ നിങ്ങളവരോട്‌ പിണങ്ങുകയും (എന്നിട്ടും അവര്‍ അനുസരിച്ചില്ലെങ്കില്‍) പൊട്ടാത്ത അടി നിങ്ങള്‍ അവരെ അടിക്കണം. അപ്പോള്‍ അവര്‍ നിങ്ങളെയനുസരിച്ചാല്‍ അവര്‍ക്കെതിരെ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നും നിങ്ങള്‍ തേടരുത്‌. അറിയണം നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ നിങ്ങളോട്‌ ചില കടമകളുണ്ട്‌. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യമാരോട്‌ ചില കടമകളുണ്ട്‌. 
                      റസൂല്‍ (സ്വ) പറഞ്ഞു: ``ഒരാള്‍ തന്റെ ഭാര്യക്ക്‌ വേണ്ടി ചെലവഴിക്കുന്നത്‌ സ്വദഖഃയാണ്‌''. ``ഒരാള്‍ തന്റെ ഭാര്യയുടെ വായിലേക്ക്‌ വെച്ച്‌ കൊടുക്കുന്ന ഒരു പിടി ഭക്ഷണത്തിന്‌ പോലും അവന്ന്‌ പ്രതിഫലം നല്‍കപ്പെടുന്നതാണ്‌''. മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്‌ഠര്‍ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവരായിരുന്നു. അവിടുന്നരുളി: ``നിങ്ങളില്‍ ഏറ്റവും ഉത്തമരായവര്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്കേറ്റവും ഗുണം ചെയ്യുന്നവരാണ്‌. ഞാന്‍ നിങ്ങളില്‍ വെച്ച്‌ ഭാര്യമാര്‍ക്ക്‌ ഏറ്റവും ഗുണം ചെയ്യുന്നവനാണ്‌'' (ഇബ്‌നു ഹിബ്ബാന്‍).

അനിവാര്യമാണ്‌ ആദരവ്‌

അനിവാര്യമാണ്‌ ആദരവ്‌


                       ആദരവ്‌ എന്നത്‌ ഒരു മഹത്തായ ഗുണമാണ്‌. മത-ദേശ-ഭാഷ-വര്‍ഗ്ഗ-ലിംഗ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ഒരു സുവര്‍ണ്ണഗുണം. കാരണം മനുഷ്യന്റെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നതാണത്‌. മതം ഉള്ളവനും ഇല്ലാത്തവനും അത്‌ അംഗീകരിക്കുന്നു. മതമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനും അവരുടെ മുന്‍ഗാമികളെ പറഞ്ഞും ഓര്‍ത്തും ആദരിക്കുന്നു. ഉറുമ്പുകള്‍, തേനീച്ചകള്‍ പോലെയുള്ള കേവലം ജീവികള്‍ പോലും അവരുടെ നേതാവിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ആദരവ്‌ എന്നത്‌ മനുഷ്യ ജീവിതത്തിന്‌ ഊര്‍ജ്ജവും കരുത്തും നല്‍കുന്ന ഇന്ധനമാണ്‌. പൂര്‍വ്വസൂരികളോടാവുമ്പോള്‍ അത്‌ പത്തരമാറ്റാവും. ആദരവില്ലാത്ത സമൂഹം ആത്മാവ്‌ നഷ്‌ടപ്പെട്ട ജഡത്തെ പോലെയാണ്‌. നശ്വരമായ ദുന്‍യാവിലെ ജീവിതവും അനശ്വരമായ പരലോക വിജയത്തിലേക്കുള്ള പ്രതിസന്ധികളും തരണം ചെയ്യാനുള്ള മനക്കരുത്ത്‌ നേടിത്തരുന്നത്‌ മുത്ത്‌ നബി (സ്വ) യോടും അവിടുത്തെ പിന്തുടര്‍ന്ന സ്വാലിഹീങ്ങളോടുമുള്ള ആദരവും സ്‌നേഹവും ഒന്ന്‌ മാത്രമാണ്‌. 

ആദ്യത്തെ അനാദരവ്‌
                   ആദരവിന്റെയും അനാദരവിന്റെയും ചരിത്രത്തിന്‌ മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്‌. ആദം നബി (അ) നെ സൃഷ്‌ടിച്ച പടച്ച തമ്പുരാന്‍ ആദം നബി (അ) ക്ക്‌ സുജൂദ്‌ ചെയ്യാന്‍ മലക്കുകളോട്‌ കല്‍പിച്ചു. ഇബ്‌ലീസ്‌ (ല) ഒഴികെയുള്ള മലക്കുകള്‍ എല്ലാം തന്നെ സുജൂദ്‌ ചെയ്‌തു. സുജൂദ്‌ ചെയ്യാത്ത ഇബ്‌ലീസ്‌ ഇതിന്‌ പറഞ്ഞ ന്യായം : തീ കൊണ്ട്‌ പടക്കപ്പെട്ട ഞാന്‍ മണ്ണ്‌ കൊണ്ട്‌ പടക്കപ്പെട്ട ആദമിന്‌ എന്തിന്‌ സുജൂദ്‌ ചെയ്യണം? എന്നതായിരുന്നു. 
അനാദരവിന്റെ ഉത്ഭവം
                 അനാദരവ്‌ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം അഹങ്കാരം തന്നെയാണ്‌. ഒന്നുകില്‍ എല്ലാവരും എന്നെപ്പോലെയാണ്‌ അല്ലെങ്കില്‍ എന്നേക്കാള്‍ താഴെയാണ്‌ എന്ന മൂഢമായ ധാരണ. ഇബ്‌ലീസിന്‌ പറ്റിയതും ഈ ചിന്ത തന്നെ. നമ്മുടെ നാട്ടിലെ ചില ആളുകളെ കാണുമ്പോള്‍ അവരും ഇബ്‌ലീസിന്റെ അനുയായികള്‍ തന്നെയാണ്‌ എന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. കാരണം അല്ലാഹുവിന്റെ അമ്പിയാക്കളും ഔലിയാക്കളും സാധാരണക്കാരും നമ്മെ പോലെ ഉറങ്ങുന്നവരും ഭക്ഷണം കഴിക്കുന്ന വരുമാണ്‌. അതുകൊണ്ട്‌ അവരെ ബഹുമാനിക്കേണ്ടതില്ല എന്ന്‌ പറയുന്നവരും മണ്ണ്‌ കൊണ്ട്‌ പടച്ച ആദമിനെ തീ കൊണ്ട്‌ പടച്ച ഞാന്‍ എന്തിന്‌ സുജൂദ്‌ ചെയ്യണം എന്ന്‌ ചോദിക്കുന്ന ഇബ്‌ലീസും തമ്മില്‍ എന്ത്‌ വ്യത്യാസമാണുള്ളത്‌? ഇരുവരും യുക്തിക്ക്‌ പ്രാധാന്യം കൊടുക്കുന്ന യുക്തിവാദികള്‍ തന്നെ.
ആരാധനയും ആദരവും
പരിശുദ്ധ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ആദരവും ആരാധനയും പരസ്‌പരം പൂരകങ്ങളാണ്‌. ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണ്‌. ആദരവില്ലാത്ത ആരാധനയും ആരാധന ഇല്ലാത്ത ആദരവും രണ്ടും ഭൂഷണമല്ല. എന്നിരുന്നാല്‍ പോലും ചിലയാളുകള്‍ ആരാധനക്ക്‌ മാത്രം പ്രാധാന്യം കൊടുത്ത്‌ ആദരവിനെ പാടെ ഒഴിവാക്കുന്നു. പൂര്‍വ്വീകരുടെ ചരിത്രം പരതുമ്പോള്‍ ആരാധനയുടെ കാര്യത്തില്‍ കുറവ്‌ വന്ന പലരും ആദരവ്‌ ഒന്ന്‌ കൊണ്ട്‌ മാത്രം രക്ഷപ്പെട്ടതായി കാണാം. എന്നാല്‍ ആരാധനാ വിഷയത്തില്‍ വലിയ വലിയ മേച്ചില്‍പുറങ്ങള്‍ കീഴടക്കിയ പലരും ആദരവ്‌ ഒന്നിന്റെ കുറവ്‌ കൊണ്ട്‌ മാത്രം നാശത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക്‌ ആണ്ട്‌ പോയ സംഭവവും നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയും. 

                    മൂസാ നബി (അ) ക്ക്‌ അല്ലാഹു കൊടുത്ത മുഅ്‌ജിസത്തിന്റെ വടി മായാജാലമാണെന്ന്‌ ആരോപണം ഉന്നയിച്ച അന്നാട്ടിലെ സാഹിരീങ്ങള്‍ (മായാജാലക്കാര്‍) മൂസാ നബി (അ) യെ ഒരു മത്സരത്തിന്‌ ക്ഷണിച്ചു. അല്ലാഹുവിന്റെ കല്‍പന പ്രകാരം വെല്ലുവിളി എറ്റെടുത്ത മൂസാ നബി (അ) യും എതിര്‍ ചേരിയിലുള്ളവരും സംഗമിച്ചു. ആയിരക്കണക്കിന്‌ കാണികളെ സാക്ഷി നിര്‍ത്തിക്കൊണ്ടുള്ള പ്രകടനം തുടങ്ങുന്നതിന്‌ മുമ്പ്‌ അവിടെ കൂടിയ സാഹിരീങ്ങള്‍ മൂസാനബി (അ) യോട്‌ ചോദിക്കുന്ന ഒരു ചോദ്യം അല്ലാഹു അവന്റെ വിശുദ്ധ ഖുര്‍ആനില്‍ അവതരിപ്പിക്കുന്നുണ്ട്‌. ``അവര്‍ (സാഹിരീങ്ങള്‍) പറഞ്ഞു: ഓ! മൂസാ! ഒന്നുകില്‍ നീ (വടി) ഇടുക. അല്ലെങ്കില്‍ ആദ്യമിടുന്നത്‌ ഞങ്ങളാവാം'' (സൂറത്ത്‌ ത്വാഹാ 65). മൂസാ നബി (അ) ഈ മത്സരത്തില്‍ വിജയിക്കുകയും സാഹിരീങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്‌തു. ഈ ആയത്തിനെ വ്യാഖ്യാനിച്ച്‌ കൊണ്ട്‌ ബഹു. ശൈഖ്‌ ഇസ്‌മാഈലില്‍ ഹഖി എന്നവര്‍ പറയുന്നു: ആദ്യം വടി ഇടാന്‍ മൂസാ നബി (അ) ക്ക്‌ സ്വാതന്ത്ര്യം നല്‍കുകയും അദ്ദേഹത്തെ മുന്തിക്കുകയും വഴി മൂസാ നബി (അ) യെ ആദരിച്ചതിനാലാണ്‌ അവരെ സത്യവിശ്വാസത്തിലേക്ക്‌ അല്ലാഹു നയിച്ചത്‌ എന്ന്‌ ഈ ആയത്തില്‍ സൂചനയുണ്ട്‌ (റൂഹുല്‍ ബയാന്‍ 5/401). ഈ ചെറിയ ബഹുമാനം കൊണ്ട്‌ കാഫിരീങ്ങളായ ജനതയ്‌ക്ക്‌ അല്ലാഹു ഹിദായത്ത്‌ കൊടുത്തെങ്കില്‍ അല്ലാഹു ആദരിച്ചവരോടുള്ള ഒരു ചെറിയ അനാദരവ്‌ പോലും നമ്മെ നാശത്തിന്റെ പടുകുഴിയിലേക്ക്‌ നയിക്കും എന്ന വിഷയത്തില്‍ സംശയമില്ല. നാം എത്രമാത്രം ജാഗരൂകരായിരിക്കണം എന്ന്‌ ഈ സംഭവം പഠിപ്പിക്കുന്നു. 
ആബിദീങ്ങളുടെ അനാദരവ്‌
                 നാം മേല്‍പറഞ്ഞ ഇബ്‌ലീസിന്റെ ചരിത്രം തന്നെ വലിയ പാഠമാണ്‌. മലക്കുകളുടെ ഉസ്‌താദും വലിയ ആബിദും ഏഴ്‌ ആകാശങ്ങളില്‍ 7 പേരുകളില്‍ അറിയപ്പെട്ടിരുന്നവരുമായ അസാസീല്‍ എന്ന ഇബ്‌ലീസ്‌ ശപിക്കപ്പെടാന്‍ കാരണം ആരാധനയിലെ കുറവായിരുന്നില്ല. മറിച്ച്‌ അനാദരവ്‌ എന്ന ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌. പണ്ഡിതനും ആബിദുമായ ഇബ്‌നു സഖായ്‌ക്കും പറ്റിയ പ്രധാന പ്രശ്‌നം അല്ലാഹു ആദരിച്ചവരെ ആദരിക്കാത്തതാണ്‌. ബല്‍ഗമ്‌ ബ്‌നു ബാഗൂറയ്‌ക്ക്‌ പറ്റിയ അബദ്ധവും അത്‌ തന്നെ.
സ്വഹാബാക്കള്‍ക്ക്‌ കിട്ടിയ ശാസന
                മദീനാ പള്ളിയില്‍ ഒരു ചര്‍ച്ച. നേതൃത്വം കൊടുക്കുന്നത്‌ തിരുനബി (സ്വ) തന്നെ. ചര്‍ച്ച അല്‍പം ഉച്ചത്തിലായി. പ്രധാന അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖ്‌ (റ), ഉമര്‍ (റ) എന്നിവരുടെ സ്വരം അവര്‍ അറിയാതെ അല്‍പാല്‍പമായി ഒന്നുയര്‍ന്നു. ദുന്‍യവിയ്യായ എന്തെങ്കിലും ഉദ്ദേശത്തിന്‌ വേണ്ടിയായിരുന്നില്ല. മറിച്ച്‌ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക്‌ വേണ്ടിയായിരുന്നു. പക്ഷേ, ഉടന്‍ ജിബ്‌രീല്‍ (അ) ഖുര്‍ആനിക വാക്യങ്ങള്‍ ഓതിക്കൊടുത്തു: ``സത്യവിശ്വാസികളേ, നബിയുടെ സ്വരത്തേക്കാള്‍ നിങ്ങളുടെ സ്വരത്തെ ഉയര്‍ത്തരുത്‌. നിങ്ങളില്‍ ചിലര്‍ ഒച്ചവെക്കുന്നത്‌ പോലെ നബി (സ്വ) യോട്‌ ഒച്ച വെക്കരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്‌ഫലമായി പോയേക്കും എന്നത്‌ കൊണ്ടാണ്‌''. പിന്നീട്‌ അബൂബക്കര്‍ (റ), ഉമര്‍ (റ)എന്നിവര്‍ രഹസ്യം പറയുന്നത്‌ പോലെയേ നബി (സ്വ) യോട്‌ സംസാരിക്കുമായിരുന്നുള്ളൂ. 
വീണ്ടും അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നബി (സ്വ) യെ ഓതിക്കേള്‍പ്പിച്ചു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതന്റെ അടുക്കല്‍ ശബ്‌ദം താഴ്‌ത്തി സംസാരിക്കുന്നവനാരോ ഹൃദയങ്ങള്‍ ഭക്തി നിഷ്‌ഠക്കായി അല്ലാഹു പരീക്ഷിച്ച്‌ പരിശീലിപ്പിച്ചിട്ടുള്ളവരത്രെ. അവര്‍ക്ക്‌ പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്‌.
അടിസ്ഥാനം ആദരവ്‌ തന്നെ
                       ഇബ്‌ലീസ്‌, ഇബ്‌നു സഖാ തുടങ്ങിയ വലിയ ആബിദീങ്ങളായ പണ്ഡിതന്മാര്‍ നാശത്തിന്റെ പടുകുഴിയിലേക്ക്‌ വീഴാനും മൂസാ നബി (അ) ക്കെതിരെ നിലയുറപ്പിച്ച സാഹിരീങ്ങള്‍ക്ക്‌ സത്യവിശ്വാസത്തിന്റെ കവാടം തുറക്കാനുമുണ്ടായ കാരണം `ആദരവ്‌' എന്ന സത്‌ഗുണം മാത്രമാണ്‌. `അസ്വ്‌ഹാബുല്‍ കഹ്‌ഫ്‌' ചരിത്രത്തിലെ `പട്ടി' സ്വര്‍ഗ്ഗസ്ഥനായതിനുള്ള കാരണവും മറ്റൊന്നല്ല. നാം നേരത്തെ പറഞ്ഞ ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കുമ്പോള്‍ ഉന്നതരായ സ്വഹാബാ കിറാമിന്‌ പോലും മനഃപൂര്‍വ്വമല്ലാത്ത ഒരു ചെറിയ അനാദരവിന്റെ പേരില്‍ അല്ലാഹു ശാസിച്ചെങ്കില്‍ കേവലം ഇബാദത്ത്‌ കൊണ്ട്‌ മാത്രം നാം രക്ഷപ്പെടും എന്ന വിശ്വാസം ഒരു മിഥ്യാധാരണയാണെന്ന്‌ മനസ്സിലാക്കാം. കാരണം കര്‍മ്മങ്ങളുടെ സ്വീകാര്യതയ്‌ക്ക്‌ അനിവാര്യമായ ഒന്നാണല്ലോ ഭയഭക്തി. ഭയഭക്തി ഉണ്ടാവണമെങ്കിലാവട്ടെ ഹൃദയശുദ്ധി അനിവാര്യമാണ്‌ താനും. ഹൃദയ ശുദ്ധിക്കുള്ള ഒരു പ്രധാന മരുന്നായി പണ്ഡിതന്മാര്‍ പറയുന്നതാവട്ടെ സജ്ജന സഹവാസവും. വെറും സഹവാസമല്ല, അളവറ്റ ആദരവിലും സ്‌നേഹത്തിലും ചാലിച്ച സഹവാസം. ആ സഹവാസവും ആദരവുമില്ലെങ്കില്‍ ഒരു രക്ഷയുമില്ല താനും. കാരണം അല്ലാഹു പറഞ്ഞത്‌ ``ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിച്ചാല്‍ തീര്‍ച്ചയായും അത്‌ ഹൃദയത്തിന്റെ ഭയഭക്തിയില്‍ നിന്നുള്ളതാണ്‌'' എന്നാണ്‌. മാത്രവുമല്ല, മുത്തുനബി (സ്വ) പറഞ്ഞു: ``അമ്പിയാക്കളെ ഓര്‍ക്കല്‍ ഇബാദത്തും സ്വാലീഹീങ്ങളെ സ്‌മരിക്കല്‍ പാപമോചനവുമാണ്‌''.
തെറ്റായ നിഗമനങ്ങള്‍
                 ലോക ചരിത്രത്തില്‍ ഏറ്റവും ഭയഭക്തിയിലും സൂക്ഷ്‌മതയിലും ഇബാദത്ത്‌ ചെയ്‌തവരാണല്ലോ തിരുനബി (സ്വ) യുടെ സ്വഹാബാക്കള്‍? ആ സ്വാഹാബാക്കള്‍ ആദരവിന്റെ കാര്യത്തില്‍ കാണിച്ച അങ്ങേയറ്റത്തെ കണിശത നമ്മില്‍ പെട്ട ചിലര്‍ കണ്ടില്ലെന്ന്‌ തോന്നുന്നു. കാരണം മറ്റൊന്നല്ല, ധാരാളം നിസ്‌കരിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന ഇവര്‍ ആദരവിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ഖുര്‍ആന്‍ ഓതിയാല്‍ പോരേ? മൗലിദ്‌ ഓതണോ? നിസ്‌കരിച്ചാല്‍ പോരേ, മഹാന്മാരെ സിയാറത്ത്‌ ചെയ്യണോ? തുടങ്ങിയ ന്യൂ ജനറേഷന്‍ പോളിസിയുമായി യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. മഹത്തുക്കളോടും മറ്റുമുള്ള ആദരവിന്‌ പരിധി വെച്ച്‌ ``അമിതമായാല്‍ അമൃതും വിഷം'' എന്ന്‌ വേദമോതുന്ന ഇവര്‍ ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ സംഭവം ഒന്ന്‌ കണ്ടിരുന്നുവെങ്കില്‍..
                ഖുറൈശികളുടെ പ്രതിനിധിയായി തിരുസവിധത്തിലെത്തിയ ഉര്‍വ്വത്ത്‌ ബ്‌നു മസ്‌ഊദ്‌ നടത്തിയ ദൃക്‌സാക്ഷി വിവരണം ഒന്ന്‌ കാണുക. ``മുഹമ്മദ്‌ നബി (സ്വ) തുപ്പുന്നത്‌ അവര്‍ ആദരപൂര്‍വ്വം ഏറ്റുവാങ്ങി മുഖത്തും ശരീരത്തും പുരട്ടുന്നു. അവരോട്‌ വല്ലതും കല്‍പിച്ചാല്‍ ഞൊടിയിട കൊണ്ട്‌ അവരത്‌ നിറവേറ്റുന്നു. അവിടുന്ന്‌ വുളൂ ചെയ്‌താല്‍ ബാക്കിയുള്ള വെള്ളത്തിന്‌ വേണ്ടി തിക്കും തിരക്കും കൂട്ടുന്നു. ഇതെല്ലാം കണ്ടമ്പരന്ന ഖുറൈശി പ്രതിനിധി ഖുറൈശികളോട്‌ പറയുന്നു: ഞാന്‍ കിസ്‌റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും മറ്റ്‌ പല രാജാക്കന്മാരുടെയും ദര്‍ബാറുകളില്‍ പോയിട്ടുണ്ട്‌. എന്നാല്‍ മുഹമ്മദ്‌ നബി (സ്വ) യെ ആദരിക്കുന്നത്‌ പോലെ മറ്റ്‌ ഒരു രാജാക്കന്മാരെയും അവരുടെ അനുയായികള്‍ ആദരിക്കുന്നത്‌ കണ്ടിട്ടില്ല''.
അതുകൊണ്ട്‌ തന്നെ ആദരവ്‌ എന്നത്‌ പൂര്‍വ്വികരായ സ്വഹാബാക്കളുടെ അനന്തര സ്വത്താണ്‌. അത്‌ ഏറ്റുവാങ്ങിയവര്‍ മാത്രമാണ്‌ വിജയിച്ചിട്ടുള്ളതും.                          അനാദരവിന്റെയും അഹങ്കാരത്തിന്റെയും വഴി തേടിയവരെല്ലാം പരാജയത്തിന്റെ പടുകുഴിയിലേക്ക്‌, സ്വയം നാശത്തിന്റെ നിതാന്ത അസ്‌തമയത്തിലേക്ക്‌ ആണ്ട്‌ പോയിട്ടുണ്ട്‌. കാലം അതിന്‌ സാക്ഷിയാണ്‌. ``വിജയിച്ചവരാരും വിജയിച്ചിട്ടില്ല; വിജയിച്ചവരോട്‌ കൂടിയിട്ടല്ലാതെ''. അതെ വിജയിച്ചവരോട്‌ കൂടുമ്പോള്‍ അവിടെ ആദരവ്‌ അനിവാര്യമാകുന്നു. 
Related Posts Plugin for WordPress, Blogger...