മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ)
═════❁✿🌹🌹🌹✿❁═════
1910 ൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ച ശൈഖുനാ (റ) 1968 ൽ വഫാത്തായപ്പോൾ ഒരു യുഗപുരുഷന്റെ വിയോഗമായിരുന്നു അതെന്ന് അവിടെത്തെ ചരിത്രം പഠിച്ചാൽ ബോധ്യമാകുന്ന ഒന്നാണ്.
മുത്ത്നബി (ﷺ) പറഞ്ഞു:
( إِنَّ اللَّهَ يَبْعَثُ لِهَذِهِ الْأُمَّةِ عَلَى رَأْسِ كُلِّ مِائَةِ سَنَةٍ مَنْ يُجَدِّدُ لَهَا دِينَهَا )
رواه أبو داود
ഇസ് ലാമിന്റെ പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾ സമൂഹത്തിൽ നടമാടുമ്പോൾ സമൂഹ സമുദ്ധാരണത്തിനായി ഓരോ നൂറ്റാണ്ടിലും അല്ലാഹു ചില മഹാൻമാരെ നിയോഗിക്കും. )
അവരാണ് മുജദ്ദിദ് എന്ന പേരിൽ അറിയപ്പെടുക. അവരിൽ പ്രധാനിയാണ് കുന്നത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാനീ നൂറുൽ ഇർഫാൻ അൽ ഖുത്വ് ബുൽ ഫർദുൽ ജാമിഉ ബൈനശ്ശരീഅത്തി വൽ ഹഖീഖ ശൈഖുനാ അശ്ശൈഖ് അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഐദറൂസിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യു ന്നൂരിയ്യ് (ഖു:സി).
ഒരു മുജദ്ദിദിന് ആവശ്യമായ സർവ്വഗുണങ്ങളും മേളിച്ച മഹാനായിരുന്നു മഹാനവർകൾ.
തന്റെ മുന്നിൽ കണ്ട ഇസ്ലാമിക വിരുദ്ധ ആചാരാനുഷ്ഠാനങ്ങളെ മുഴുവൻ തിരുത്തുന്നതിന് ആ ജീവിതം ഉഴിഞ്ഞ് വച്ചു. ശരീഅത്തിന്റെ ശരിയായ വശങ്ങൾ പ്രമാണങ്ങൾ നിരത്തി സംവദിച്ചപ്പോൾ വർഷങ്ങളായി അനുഷ്ഠിച്ച് പോന്നിരുന്ന ദുരാചാരങ്ങളെ തിരുത്തിക്കുറിക്കാൻ സാധിച്ചു. ഇസ്‌ലാമിന്റെ ശരിഅത്തിന്റെ (പ്രത്യക്ഷഭാഗം ) പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾക്കെതിരേ ശക്തമായി നിലക്കൊണ്ടപ്പോൾ ആത്മീയ വശം ശോഷണത്തിന്റെ വക്കിലായിരുന്നു എന്നത് ഒരു സത്യമായിരുന്നു. കാരണം ആത്മീയത (ത്വരീഖത്ത് ) അലർജിയായി കാണുന്ന ഭൂരിപക്ഷ സമൂഹമായിരുന്നു അത്
ത്വരീഖത്ത് സമുദ്ധാരകൻ
════❁✿🌹🌹🌹✿❁════
ത്വരീഖത്ത് (ആത്മീയ വശം) എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു അത്. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി ധാരാളം പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. തന്റെ പ്രസംഗ വൈഭവത്തിലൂടെ ഒരു പാട് ജനങ്ങൾക്ക് ത്വരീഖത്തിന്റെ ശരിയായ പാത മനസ്സിലാക്കിക്കൊടുക്കാനും സാധിച്ചു. തന്റെ വല്ലിപ്പയായ ഗൗസുൽ അഅ്ളം (റ) വിന്റെ സമുദ്ധാരണത്തിന് മുഖ്യ പങ്ക് വഹിച്ചത് പ്രഭാഷണമായിരുന്നു എന്നത് ഒരു നഗ്ന സത്യമാണ്.ആ പാത ശൈഖുന (റ) വും സ്വീകരിച്ചു. തന്റെ ആത്മീയ പ്രഭാഷണത്തിൽ ലയിച്ച് ഹൃദയം പ്രകാശിച്ചവർ നിരവധിയാണ്. പ്രബോധകന്റെ പ്രധാന ആയുധമായ പ്രഭാഷണം മുറുകെ പിടിച്ച ശൈഖുനാ (റ) യിൽ ഹഠാദാകർഷിച്ചവർ അനവധിയാണ്. ഇങ്ങനെ മുൻഗാലയുഗപുരുഷൻമാർസമൂഹ സമുദ്ധാരണത്തിനായി സ്വീകരിച്ച പലവഴികളും ശൈഖുനാ (റ)യും സ്വീകരിച്ചു.
രചനകൾ
⊱⋅───⊱◈◈◈⊰───⋅⊰
മുത്ത്നബി (സ്വ) തങ്ങൾ പറഞ്ഞു:
قال رسول الله صلي الله عليه وسلم:أوتيت ليلة أسري بي ثلاثة علوم.فعلم أخذ عليٌ في كتمه،وعلم خيرت في تبليغه،وعلم أمرت بتبليغه
ഇസ്റാഇന്റെ രാത്രിയിൽ എനിക്ക് മൂന്ന് വിജ്ഞാനങ്ങൾ നൽകപ്പെട്ടു.
1-മറച്ച് വെക്കണം എന്ന് എന്നോട് ആവശ്യപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ഹഖീഖത്ത്)
2 -പ്രബോധനം ചെയ്യേണ്ട വിശയത്തിൽ എനിക്ക് ഇഷ്ടം പ്രവർത്തിക്കപ്പെടാൻ അനുവാദം നൽകപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ത്വരീഖത്ത് )
3 -പ്രബോധനം ചെയ്യൽ കൊണ്ട് കൽപിക്കപ്പെട്ട വിജ്ഞാനം ( സാധാരണക്കാർക്കും അസാധാരണക്കാർക്കും വിളംബരം ചെയ്യുന്ന വിജ്ഞാനം അഥവാ ശരീഅത്ത്)
ഈ മൂന്ന് വിജ്ഞാനത്തിലും അഗാതമായ അവഗാഹത്തിന്റെ ഉടമയും ആവിശയങ്ങളിൽ ഗ്രന്ഥരചനയും നടത്തിയ മഹാനാണ് കുന്നത്തേരി തങ്ങൾ (റ). നൂരി ബിരുദം കരസ്ഥമാക്കിയ പണ്ഡിത പ്രഭുവാണ് മഹാനവർകൾ.
ശരീഅത്തിലെ രചന
⊱⋅──────⊱◈◈◈⊰──────⋅⊰
വാജിബാത്ത് മാല
════❁✿🌹🌹🌹✿❁════
ഈ ഗ്രന്ഥത്തെ കുറിച്ച് അവിടെത്തെ മകനും മഞ്ചേരി ശൈഖുന (റ) വിന്റെ പ്രധാന ഖലീഫയുമായിരുന്ന ഖുത്വ് ബുൽ വുജൂദ് ശൈഖുന അസ്സയ്യിദ് ശിഹാബുദ്ധീനുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (റ) പരിചയപ്പെടുത്തിയത് ഇപ്രകാരമാണ് ...
"ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ സംഗ്രഹ വിശകലനം. പരിശുദ്ധ ശഹാദത്ത് കലിമയുടെ ഫർള്വുകൾ, അവയുടെ 40 അസ്വ് ലുകൾ , കലിമയുടെ ശർത്വുകൾ , ഈമാനിന്റെ ഫർള്വുകൾ, ശർത്വുകൾ തുടങ്ങി ഓരോ വിശ്വാസിയും ഉൾക്കൊള്ളേണ്ട ആദർശ തത്വങ്ങൾ, നിസ്ക്കാരം, നോമ്പ്, മുതലായ കർമങ്ങളുടെ നിയമവശങ്ങൾ, ഉപദേശങ്ങൾ എന്നിവ അടങ്ങിയ അറബി മലയാള കാവ്യ സമാഹാരമാണ് വാജിബാത്ത് മാല. സാധാരണ ജനങ്ങൾക്കും മറ്റും അനായാസം ഗ്രഹിക്കാവുന്ന രീതിയിലുള്ള ക്രോഡീകരണവും അവതരണവും ഇതിന്റെ പ്രത്യേകതയാണ്.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധമവും പ്രധാനവുമായ വിശുദ്ധ കലിമയുടെ നാല് ഫർള്വുകളിൽ ഒന്നാമത്തേതും അതിന്റെ പത്ത് അസ്വ് ലുകളുമാണ് ആദ്യത്തിൽ . ബാക്കിയുള്ള മൂന്ന് ഫർള്വുകൾ ഓരോന്നും അവ യുടെ അസ്വ് ലുകളും തുടർന്ന് വിവരിക്കുന്നു. വിശ്വാസത്തിൽ പിഴച്ച ഖദ് രിയ്യ, ജബ് രിയ്യ തുടങ്ങിയ വിഭാഗങ്ങളെ സംഭന്ധിച്ച പരാമർശവും എഴുപത്തിമൂന്ന് വിഭാഗത്തിൽ രക്ഷപ്പെടുന്ന ഏക വിഭാഗമായ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിവരണവും ഇതിൽ വരുന്നു.
ശേഷം നിസ്ക്കാരവും അതിനോട് ബന്ധപ്പെട്ട വിശയങ്ങളും ഈമാൻ കാര്യങ്ങളും അതിന്റെ ശർത്വുകളും ഫർള്വുകളും പ്രതിപാദിക്കുന്നു. അവസാനം സാരോപദേശവും ഉൾപ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ ഒരു മുസ്‌ലിം അറിയൽ തികച്ചും അനിവാര്യമായ അമൂല്യ ജ്ഞാനശേഖരമാണ്, പ്രബല ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ വന്ദ്യരായ പിതാവ് (റ) മുസ്‌ലിം ലോകത്തിന് സമർപ്പിച്ച വാചി ബാത്ത്മാല.
ശേഷം മഹാനായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു.
"എന്റെ വന്ദ്യരായ പിതാവും ശൈഖും ആലുവ കുന്നത്തേരി മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ് സ്ഥാപകനുമായ ബഹു: ശൈഖുന അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീനുൽ ഐദറോസിയ്യുൽ ജീലിയ്യുന്നൂരിയ്യുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് എന്ന എ.ഐ. മുത്ത് കോയ തങ്ങൾ (ഖു.സി ) അവർകളാണ് വാജിബാത്ത് മാലയുടെ രചയ്താവ്.
ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ഹിജ്റ 1327-ൽ (എ.ഡി.1910 ജൂൺ 3 ) വന്ദ്യരായ പിതാവ് (റ) ഭൂജാതരായി. പിതാവ് പുതിയ ഇല്ലത്ത് അപ്പുര സയ്യിദ് ഐദ റോസ് വലിയുല്ലാഹി തങ്ങ കോയ തങ്ങൾ (ഖു.സി) അവർകളും മാതാവ് ഐശിയ്യര വലിയബി എന്ന മഹതിയുമാണ്. പ്രാധമിക പഠനങ്ങൾക്ക് ശേഷം തമിഴ് നാട്ടിലെ പുതുക്കുടി മദ്റസ അന്നൂറുൽ മുഹമ്മദിയ്യയിൽ ഉപരിപഠനം നടത്തുകയും ഉന്നതശ്രേണിയിൽ നൂരി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
പ്രഗത്ഭ പണ്ഡിതനും സർവ്വാ ഗീകൃത വലിയ്യുമായ ഹസ്റത്ത് അബ്ദുൽ കരീം സ്വൂഫി (ഖു.സി) അവർകളായിരുന്നു പ്രധാന ഗുരുനാഥൻ
പഠന കാലത്ത് സ്വൂഫി ഹസ്റത്തുമായുണ്ടായ സഹവാസവും ബന്ധവും ശൈഖുനായെ ആത്മീയതയിലേക്ക് കൂടുതൽ അടുപ്പിച്ചു. പഠന ശേഷം അതിന്റെ വളർച്ചക്കും വികാസത്തിനുമായി നടത്തിയ പ്രയത്നത്തിൽ ആദ്യം ആന്ത്രോത്ത് ദ്വീപിലെ അശ്ശൈഖ് അസ്സയ്യിദ് അഹ്മദുൽ ജീലി (ഖു: സി) അവർകളോടും ശേഷം തൊടുപുഴ ശൈഖുന അശ്ശൈഖ് മുഹമ്മദ് സ്വൂഫിയ്യുൽ ഖുത്വാരി (ഖു:സി ) അവർകളോടും ബൈഅത്ത് ചെയ്ത് അത്യുന്നത ആത്മീയ സരണിയിൽ അംഗമായി.
അശ്ശൈഖ് അസ്സയ്യിദ് യൂസുഫുർരിഫാഈ (ഖു: സി) ആന്ത്രോത്ത്, അശ്ശൈഖ് കമ്മുക്കുട്ടി മൗലാന (ഖു:സി) കാളത്തോട് - തൃശ്ശൂർ, എന്നിവരും വന്ദ്യരായ പിതാവി (റ)ന്റെ ആത്മീയ ഗുരുക്കളാണ്. ഖാദിരിയ്യ, രിഫാഇയ്യ , ചിശ്തിയ്യ, ശാദുലിയ്യ, നഖ്ശബന്ധിയ്യ, ത്വരീഖത്തുകളിൽ ശൈഖും ഖലീഫയുമായി ഉന്നതി പ്രാപിച്ച വന്ദ്യരായ പിതാവ് (റ) അദ്ധ്യാത്‌മിക പ്രവർത്തനങ്ങളിലായി ജീവിതം നയിച്ചു."
ശരീഅത്തിലും ത്വരീഖത്തിലും ഹഖീഖത്തിലും ഗ്രന്ഥരചനകൾ നടത്തിയ ശൈഖുന (റ) യുടെ ശരീഅത്തിലെ രചനയെ പരിജയപ്പെടുത്തിയപ്പോൾ അൽപം രചയ്താവിന്റെ ചരിത്രം കൂടി എഴുതിയിതാണ്. യുഗപുരുഷൻമാരുടെ പ്രബോധന ദൗത്യങ്ങളിൽ പ്രഭാഷണം മികച്ച് നിന്നത് പോലെ രചനകളും മുഴച്ച് നിന്നതായി ചരിത്രത്തിൽ കാണാം.
തൗഹീദ് മാല
════❁✿🌹🌹🌹✿❁════
ത്വരീഖത്ത് എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു ശൈഖുനാ(റ) യുടെ കാലം. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ധാരാളം പ്രസംഗങ്ങൾ നടത്തുകയും തദ് വിഷയകമായി നെല്ലും പതിരും വേർതിരിച്ചറിയുവാൻ എക്കാലത്തും ഉപകാരപ്രദമാം വിതം തൗഹീദ് മാല എന്ന കൃതി രചിച്ച് പൊതുജന സമക്ഷം സമർപ്പിക്കുകയും ചെയ്തു ശൈഖുനാ (റ).
ഈ രചനയെ സംബന്ധിച്ച് രചയ്താവായ ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.
"ശരീഅത്തിന്റെ മഅ്മൂറാത്ത് ( കൽപ്പിക്കപ്പെട്ട കാര്യങ്ങൾ) മൻഹിയ്യാത്തുകളെ (നിരോധിക്കപ്പെട്ട കാര്യങ്ങൾ) നല്ല പോലെ പഠിച്ചറിഞ്ഞ് ശരീഅത്തിന്റെ ഇസ്തിഖാമത്ത് സുബൂത്തായ ( സ്ഥിരപ്പെട്ട ) സാലികീങ്ങൾക്ക് (റബ്ബിനെ ലക്ഷ്യം വെക്കുന്നവർ) ഖാസ്സ്വായി ( പ്രത്യേകമായി ) ഉണ്ടാക്കപ്പെട്ടതാക്കുന്നു. ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തും ( സ്വൂഫികളുടെ സാങ്കേതിക പ്രയോഗങ്ങൾ)കൂടി പഠിച്ച സാലിക്കീ ങ്ങൾക്ക് അവരുടെ മഖ്സ്വൂദിനെ (ഉദ്ദേശത്തിനെ ) നിറവേറ്റുവാൻ ഈ പാട്ട് വലിയ സഹായം ചെയ്യുന്നതാകുന്നു. ശരീഅത്തിന്റെ അഅ്മാലുകളെ (പ്രവർത്തനങ്ങൾ) കൊണ്ടുള്ള രിയാള്വാത്ത് (പരിശീലനങ്ങൾ ) കൂടാതെ യാതൊരു പ്രകാരത്തിലും ഫലം ചെയ്യുന്നതല്ല. ഇതിൽ അടങ്ങിയ വിവരങ്ങളെല്ലാം ഗ്രഹിക്കുവാൻ അവാമുന്നാസിന്ന് (ത്വരീഖത്തില്ലാത്തവർ ) ഒരു കാമിലായ മുർശിദിനെ എത്തിക്കുക തന്നെ വേണം.
തൗഹീദ് മാലയെ സംബന്ധിച്ച് അവിടുത്തെ പ്രധാന ഖലീഫ മഞ്ചേരി ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.
"തൗഹീദ് മാല ( അറബ് മലയാളം; മാപ്പിളപ്പാട്ട്) ശരീഅത്തുൽ ഇസ് ലാമിൽ അചഞ്ചലമായി അടിയുറച്ച് കൊണ്ട് രക്ഷിതാവിനെ മാത്രം ലക്ഷ്യമാക്കിയ ആത്‌മവിത്തുകൾക്ക് പ്രത്യേകം (ചില ശിഷ്യൻമാർ ആവശ്യപ്പെട്ടത് കൊണ്ട് ) രചിച്ചിട്ടുള്ളതും, ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തെന്ന (സ്വൂഫികളുടെ സാങ്കേതിക ) പദപ്രയോഗങ്ങൾ ഗ്രഹിച്ചവർക്ക് ഒട്ടധികം പ്രയോചനം ചെയ്യുന്നതും , ത്വരീഖത്തിന്റെ എല്ലാ വശങ്ങളും പ്രഭലപ്പെട്ട കിതാബുകളുടെ രത്നച്ചുരുക്കമെന്നോണം പ്രതിഭാദിച്ചിട്ടുള്ളതും, ആദ്യന്തം ആത്‌മ ജ്ഞാനങ്ങളാൽ നിബിഢവുമായ ഒരു മഹിത ജ്ഞാനകാണ്ഡമാണത്.
മഞ്ചേരി ശൈഖുന (റ) യുടെ പ്രധാന ഖലീഫയായ ഖുത്വ് ബുൽ വുജൂദ് (റ) പറഞ്ഞത് ഇപ്രകാരമാണ്.
"ത്വരീഖത്തിൽ പ്രവേശിക്കുവാനുദ്ദേശിക്കുന്നവന് നിർബന്ധമായ കാര്യങ്ങൾ, മുറബ്ബിയായ ശൈഖിന്റെ അടയാളങ്ങൾ, നിബന്ധനകൾ, മുരീദ് പാലിക്കേണ്ട നിയമങ്ങൾ, വ്യവസ്ഥകൾ ആത്മീയ മേഖലയിൽ സഞ്ചരിക്കുന്നവന്റെ ഹൃദയത്തിനുണ്ടാകുന്ന അവസ്ഥകൾ, മാറ്റങ്ങൾ, തൗഹീദിന്റെ അഗാധജ്ഞാനങ്ങൾ തുടങ്ങി തസ്വവ്വുഫിന്റെ ജ്ഞാന മുത്തുകൾ ഓരോരുത്തരുടെയും ആന്തരീക നില അനുസരിച്ച് മനസ്സിലാക്കുവാൻ ഉദകുന്ന രീതിയിൽ രചിച്ച അറബി മലയാള പദ്യസമാഹാരമാണ് തൗഹീദ്മാല."
ത്വരീഖത്ത് സംബന്ധമായി വിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളും നടക്കുന്ന വർത്തമാന കാലത്ത് സാധാരണക്കാരന് പോലും ഗ്രാഹ്യമാകുന്ന ഭാഷയിലുള്ള ഈ കൃതിയുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. അതോടൊപ്പം ത്വരീഖത്തിന്റെ വിഷയത്തിൽ റിസർച്ച് നടത്തുന്നവർക്ക് വളരെ ഉപകാര പ്രദമായ അമൂല്യഗ്രന്ഥവും കൂടിയാണ് തൗഹീദ്മാല.
മഅ് രിഫത്ത് മാല
എന്ന മുനാജാത്ത്
════❁✿🌹🌹🌹✿❁════
ബഹുമാനപ്പെട്ട മഞ്ചേരി ശൈഖുന (റ) ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തിയത് ഇവിടെ പകർത്താം
"ബഹുമാനപ്പെട്ട ശൈഖുന അൽ ആരിഫ് ബില്ലാഹിൽകുമ്മൽ മൗലാനാ അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ ഐ ദ്രോസിയ്യുന്നൂരിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യുർരിഫാഇയ്യുൽ ചിശ്തിയ്യുശ്ശാദുലിയ്യുന്ന ഖ്ശബന്തിയ്യ് എ.ഐ മുത്ത് കോയ തങ്ങൾ എന്ന് പ്രസിദ്ധപ്പെട്ട ആന്ത്രോത്തിൽ ജനിച്ച് ആലുവായിൽ മറപെട്ട തങ്ങൾ അവർകളുടെ കുടെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യ ഘട്ടത്തിൽ പാടിയ ഒരു മുനാജാത്താകുന്നു. അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ അടിയുറച്ച വിശിഷ്യാ നമ്മുടെ ഖാദിരിയ്യത്തുസ്സ്വൂഫിയ്യത്ത് എന്ന ത്വരീഖത്തിൽ അംഗങ്ങളായ മുഹിബ്ബുകൾ തഹജ്ജുദ് സമയം, അല്ലെങ്കിൽ മഅ് രിബിന്റ പിറകെ, അല്ലെങ്കിൽ രാത്രി ഉറങ്ങും മുമ്പ് , അല്ലെങ്കിൽ സ്വുബ്ഹിന്റെ പിറകെ അല്ലെങ്കിൽ സൗകര്യം പോലെ ഏതെങ്കിലും ഒരു സമയം ആദത്തായി ഓതി വരൽ വളരെ നല്ലതാകുന്നു. അങ്ങനെ നേമമായി ഓതി വരുന്നവർക്ക് അവരുടെ ഹൃദയങ്ങളിൽ മഅ് രിഫത്ത് എന്ന പ്രകാശം ഉണ്ടാകുമെന്ന കാര്യം അനുഭവത്തിന്റെ വെളിച്ചത്തിൽ തീർത്ത് പറയാവുന്നതാകുന്നു."
വന്ദ്യരായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു:
വന്ദ്യരായ പിതാവിന്റെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യഘട്ടത്തിൽ ചൊല്ലിയ മുനാജാത്ത്, ആത്മീയ ദാഹികൾക്ക് വളരെയേറേ ഗുണപ്രദമായ അറബി മലയാള കാവ്യമാണ്.
വളരെ മഹത്വമുള്ളതും മഹാനവർകളുടെ ത്വരീഖത്തിൽ പ്രവേശിച്ചവന് വളരെയേറെ ഉപകാരം ചെയ്യുന്ന ഒരു കൃതിയാണ് മഅ് രിഫത്ത് മാല എന്നത് മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാണ്.
അസ്റാറുൽ മുഹഖ്ഖിഖീൻ
═════❁✿🌹🌹🌹✿❁═════
ശൈഖുന (റ)യുടെ പ്രധാന ഖലീഫയായ മഞ്ചേരി ശൈഖുന (റ) പറയുന്നു:
ഈ ഗ്രന്ഥത്തെ സംബന്ധിച്ച് അതിനെ കോർവ ചെയ്ത ശൈഖുനാ ബാനീ അവർകൾ (റ) അതിന്റെ അവസാന പേജുകളിൽ പറഞ്ഞതിനെ ഇവിടെ ഉദ്ധരിക്കാം "ഈ അസ്റാറുൽ മുഹഖ്ഖിഖീൻ എന്ന രിസാല ബഹുമാനപ്പെട്ട ശൈഖുന അൽ ഖുത്വ് ബുൽ അഷ്ഹർ, വശ്ശൈഖുൽ അക്ബർ അശ്ശൈഖ് മുഹമ്മദുൽ ഖുത്വാരീ (ഖ :സി) അവർകൾ നമ്മെ ഖിലാഫത്ത് തന്ന് ഖലീഫയായി നിശ്ച്ചയിച്ച സമയം നമ്മളോട് ബൈഅത്ത് ചെയ്ത മുരീദൻ മാർക്ക് കൊടുക്കാൻ ഏൽപ്പിച്ചതാകുന്നു. ഇതിനെ ഇപ്രകാരം കോർവ്വ ചെയ്തതും സ്വന്തം ചെലവിൽ അച്ചടിപ്പിച്ചതും നമ്മളോട് ബൈഅത്ത് ചെയ്ത മുരീദൻ മാർക്ക് ബൈഅത്ത് സമയം കൊടുക്കേണ്ടതിലേക്കാകുന്നു. ആയത് കൊണ്ട് ഇതിനെ അന്യർക്ക് അച്ചടിക്കുവാനോ വിൽപന ചെയ്യുവാനോ പാടുള്ളതല്ല"
സ്വൂഫിയാക്കളുടെ ഇസ്ത്വി ലാഹ് മനസ്സിലാകാത്തവർ ഈ പുസ്തകം വായന ചെയ്യൽ പാടില്ലാത്തതാകുന്നു എന്ന് കൂടി ഗ്രന്ഥത്തിന്റെ ആദ്യപുറം പേജിലും ഉൾ പ്പേജിലും ശൈഖുനാ രേഖപ്പെടുത്തിയത് അതിന്റെ സ്വകാര്യതയെ ആഴത്തിൽ വ്യക്തമാക്കിത്തരുന്നു.
താജുൽ അഖ്ബാർ
(യൂസുഫ് ഖിസ്സ്വപ്പാട്ട്)
════❁✿🌹🌹🌹✿❁════
പദ്യരൂപത്തിലുള്ള അറബി മലയാള ഗ്രന്ഥമാണിത്. പരിശുദ്ധ ഖുർആൻ അതി സുന്ദര ചരിത്രമെന്ന് വിശേഷിപ്പിച്ച യൂസുഫ് നബി (അ) യുടെ ചരിത്രമാണ് ഇതിന്റെ ഉള്ളടക്കം. ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങൾ നേരിൽ പോയി കണ്ട് മനസ്സിലാക്കുകയും തഫ്സീറുകളുടെയും ഇസ് ലാമിക ചരിത്ര ഗ്രന്ഥങ്ങളുടെയും പിൻബലത്തോടെ ചരിത്രാവതരണം നടത്തുകയും ചെയ്ത ശൈഖുന (റ) കാവ്യ രംഗത്തെ അജയ്യരായ രചയ്താവാണന്ന് മനസ്സിലാക്കാം.
മലയാള സാഹിത്യത്തിന് വളരെയധികം സംഭാവനകളർപ്പിച്ച മാപ്പിളപ്പാട്ടിന്റെ ആസ്വാദ്യോത്സുകതയും ശ്രവണ മാധുര്യവും തുളുമ്പുന്ന ഇശലുകളിൽ, ആകർഷണ ശൈലിയിൽ കോർവ ചെയ്തതാണ് ഈ ഗ്രന്ഥം. സാധാരണ ജനങ്ങൾക്കും ചരിത്ര പഠനം ആഗ്രഹിക്കുന്നവർക്കും ഉപകരിക്കുന്ന മഹത് ഗ്രന്ഥമാണ് ഇത്. യൂസുഫ് ഖിസ്സ്വ ആലപിക്കുന്നവരുടെയും ശ്രവിക്കുന്നവരുടെയും മനസ്സുകൾക്ക് ആനന്ദം നൽകുന്നു എന്നത് ഈ കൃതിയുടെ സവിശേഷതയാണ്. "ജനമനം സുഖിപ്പിക്കല്ലാഹ് " എന്ന് ഗ്രന്ഥാരംഭത്തിൽ രചിയ്താവ് നടത്തിയ ദുആയാണ് അതിന് നിമിത്തമായത്.
ഫാത്വിമാ ബീവി
വഫാത്ത് മാല
════❁✿🌹🌹🌹✿❁════
ചരിത്ര ഗ്രന്ഥങ്ങൾ അവലംബമാക്കി അറബി മലയാളത്തിൽ ശൈഖുനാ (റ) യുടെ കരങ്ങളാൽ വിരചിതമായ മറ്റൊരു കവിതാ സമാഹാരം. മുത്ത്നബി (സ്വ) യുടെ കരളിന്റെ കഷ്ണം ഫാത്വിമത്തുസ്സഹ്റാ (റ) മഹതി അവർകളുടെ വഫാത്ത് സംബന്ധമായ വിവരങ്ങളാണ് പ്രതിപാദ്യ വിഷയം. ബീവി (റ) യുടെ വിയോഗത്തിന്റെ സമീപ നാളുകളിൽ, ലോകത്തുള്ള എല്ലാറ്റിനേക്കാളും താൻ സ്നേഹിച്ച പത് നീ പിതാവ് കൂടിയായ നേതാവ് നബി (സ്വ) യുടെ വേർപാടിൽ ചിന്താവിഷണ്ണനായിരുന്ന ഭർത്താവ് അലിയ്യ് (റ) അവർകളും മഹതി അവർകളും തമ്മിൽ നടന്ന കരളലയിപ്പിക്കുന്നതും പാരത്രിക ചിന്തയെ പരിപോഷിപ്പിക്കുന്നതുമായ സംഭാഷണം മാപ്പിളപ്പാട്ടിന്റെ ഇശലുകളിൽ സരളമായി അവതരിപ്പിക്കുന്ന മഹത് ഗ്രന്ഥമാണ് ഫാത്വിമാ ബീവി വഫാത്ത് മാല
മുഹ്‌യിദ്ധീൻ മാല
════❁✿🌹🌹🌹✿❁════
ലോകത്തിന്റെ നിഖില മേഖലകളിലും അദ്ധ്യാത്മിക ജ്ഞാനത്തിന്റെ പ്രഭാകിരണങ്ങൾ ചൊരിയുകയും ജനലക്ഷങ്ങളെ ഹിദായത്തിലേക്ക് നയിക്കുകയും ചെയ്ത ഖുത്വ് ബുൽ അഖ്ത്വാബ് ഗൗസുൽ അഅ്ളം മുഹ്‌യിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) അവർകളുടെ ജീവിത ചരിത്രവും മഹാനിൽ നിന്ന് സംഭവിച്ച അത്ഭുതങ്ങളും വിവരിക്കുന്ന കൃതി. മറ്റുള്ളവയെ പോലെ ഇതിന്റെ രചനയും അറബി മലയാളത്തിലാണ് ശൈഖുന നിർവ്വഹിച്ചത്. അനവധി പദവികൾ അലങ്കരിച്ച ഇലാഹീ പാതയിലെ അത്യുജ്ജല പ്രകാശ ദീപമായ ശൈഖുനാ മുഹ്‌യിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങളെ വളരെ എളുപ്പം പരിചപ്പെടുവാനുതകുന്ന രീതിയിലാണ് ഇത് കോർവ ചെയ്യപ്പെട്ടത് എന്ന കാര്യം ശ്രദ്ധേയമാണ്. ഖാള്വി മുഹമ്മദി (റ)ന്റെ പ്രസിദ്ധമായ മുഹ്‌യിദ്ധീൻ മാലയിൽ ഇല്ലാത്ത പല ചരിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഇതിന് മാറ്റ് കൂട്ടുന്നുണ്ട്.
ശൈഖുനാ (റ)യുടെ
സ്ഥാപനങ്ങൾ
⊱⋅──────⊱◈◈◈⊰──────⋅⊰
മുജദ്ദിദായ ഗൗസുൽ അഅ്ളം (റ) സമൂഹ സമുദ്ധാരണത്തിനായി സ്വീകരിച്ച മാർഗങ്ങളാണ് പ്രഭാഷണങ്ങളും രചനകളും ദീനി സ്ഥാപനവും അവിടുത്തെ കറാമാത്തുകളും . ആമാർഗ്ഗങ്ങൾ മുഴുവനും ശൈഖുനാ (റ)യുടെ ദൗത്യ നിർവഹണങ്ങളിൽ കാണാമായിരുന്നു. അവിടുത്തെ പ്രഭാഷണ ലോകവും രചനകളും നാം മനസ്സിലാക്കി. ഇനി ദീനി രംഗത്ത് ശൈഖുന സമർപ്പിച്ച സ്ഥാപനമാണ് 1967-ൽ ശിലയിട്ട മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ്.
സ്ഥാപനത്തിന്റെ ലക്ഷ്യം ജനമനങ്ങളിൽ അല്ലാഹുവിനെ സംബദ്ധിച്ച അറിവ് ഉണ്ടാക്കി അവനിലേക്ക് അടുപ്പിക്കലാണ്.
പരിശുദ്ധ ദീനിന്റെ ഭാഗങ്ങളായ ഇസ് ലാമും ഈമാനും ഇഹ്സാനും ഇവിടെ അദ്ധ്യയനം ചെയ്യപ്പെടുന്നു.
മദ്റസ നൂറുൽ ഇർഫാനിന്റെ പ്രസക്തി നാളുകൾ കഴിയുന്തോറും വർദ്ധിച്ച് വരുന്നതായി നമുക്ക് കാണാവുന്നതാണ്. വിശുദ്ധ ദീനിന്റെ മൂന്നിലൊരു ഭാഗമായ ഇഹ്സാൻ എന്ന തസ്വവ്വുഫും ത്വരീഖത്തും പല വിധത്തിലും ശോഷണങ്ങളും ചൂഷണങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന അവസ്ഥ നാം അറിയുന്നതാണല്ലോ ? ചിലർ തങ്ങളുടെ സുഖ സൗകര്യങ്ങൾക്കും ഇതര താൽപര്യങ്ങൾക്കും വേണ്ടി ഈ മേഖലയെ ചൂഷണം ചെയ്ത് വഴി തെറ്റിക്കുകയും ചെയ്യുന്നു. മറ്റ് ചിലർ ചൂഷകരുടെ മറപിടിച്ച് ഈ മേഖലയെ പാടെ നിഷ്ക്കാസനം ചെയ്യുവാനും പറ്റെ ശോഷിപ്പിക്കാനും ശ്രമിക്കുന്നു. ഈ രണ്ട് രീതിയും ശരിയല്ലന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയാണ് മദ്റസ നൂറുൽ ഇർഫാനിന്റയും അതിന്റെ നയനിലപാടുകളുടെയും പ്രസക്തിയേറുന്നതായി നാം മനസ്സിലാക്കേണ്ടത്. ചൂഷണവും ശോഷണവും നേരിടാതെ തസ്വവ്വുഫും ത്വരീഖത്തും അതിന്റെ ശരിയായ രീതിയിൽ നില നിലൽക്കലും പ്രചരിക്കലുമാണ് ഈ സ്ഥാപനം മുന്നോട്ട് വെക്കുന്നത്. നൂറുൽ ഇർഫാനിന്റെ സമയോചിതമായ ഇടപെടലുകൾ ഈ വിഷയ സംബന്ധമായി ഉണ്ടാക്കപ്പെടുന്ന പല തെറ്റിദ്ധാരണകളും നീങ്ങാൻ നിമിത്തമായിട്ടുണ്ട്.
പ്രശസ്ത പണ്ഡിത കുലപതികളായ മുൻകാല പണ്ഡിതർ രചിച്ച തസ്വവ്വുഫിന്റെ മഹത്തായ ഗ്രന്ഥങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള നൂറുൽ ഇർഫാനിന്റെ 55 വർഷത്തെ അദ്ധ്യാപനം ഈ രംഗത്തെ നാഴികക്കല്ലും മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്തതുമാണ്. ഇവിടെയാണ് ഒരു യുഗപുരുഷനായ ശൈഖുനാ(റ) യുടെ ദീർഘവീക്ഷണവും കാഴ്ച്ചപ്പാടും നാം മനസ്സിലാക്കേണ്ടത്.
ശൈഖുനയുടെ ലക്ഷ്യത്തിനനുസൃതമായി നൂറുൽ ഇർഫാൻ ലക്ഷ്യം വെക്കുന്ന ഇൽമുത്തസ്വവ്വുഫിന്റെ പ്രചരണ പ്രവർത്തനങ്ങളും അതിന്റെ ഫലങ്ങളും പൂർവ്വോപരി സമൂഹത്തിലേക്ക് എത്തുന്നു. ഇന്നത്തെ പ്രധാന മാധ്യമങ്ങളായ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം , യൂറ്റൂബ് , എന്നിവകളെ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നു.
ഏതൊരു സ്ഥാപനവും കെട്ടിപ്പൊക്കി ഉന്നതിയിലേക്കെത്തിക്കാൻ ആ സ്ഥാപനത്തിന്റെ ബാനിയുടെ വലിയ ഒരു പങ്ക് പ്രത്യക്ഷത്തിൽ കാണാവുന്നതാണ്. എന്നാൽ ശൈഖുന (റ) നൂറുൽ ഇർഫാനിന്റെ ലക്ഷ്യവും മാർഗ്ഗവും വരച്ച് കാണിച്ച് 1967. - ൽ ശിലാസ്ഥാപനം നടത്തി 1968 വഫാത്താവുകയും ചെയ്തു. ശൈഖുന ഏറ്റടുത്ത ദൗത്യം അവിടുത്തെ വഫാത്തിന് ശേഷം ഖലീഫമാരും ശിഷ്യൻമാരും അനുഭാവികളും ശൈഖുനാ (റ) യുടെ നയ നിലപാടുകൾക്കനുസൃതമായി നിഷ്കാമ സേവനം ചെയ്ത് മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു.
തത്ഫലമായി മദ്‌റസ നൂറുൽ ഇർഫാൻ അറബിക്കോളേജിന് കീഴിലും അനുബന്ധവുമായി , അൽ ഇർഫാൻ ബോർഡിംങ്ങ് മദ്റസ, അൽ ഇർഫാൻ ദഅ് വാ കോളേജ്, നൂറുൽ ഹാഫിള്വ് തഹ്ഫീള്വുൽ ഖുർആൻ കോളേജ് തൊടുപുഴ , ഫൈള്വുൽ ഹാഫിള് ഹിഫ്ളുൽ ഖുർആൻ & ദൗ ഖുൽ ഇർഫാൻ അറബിക്കോളേജ് മഞ്ചേരി, എന്നീ സ്ഥാപനങ്ങളും നൂറുൽ ഇർഫാൻ മാസിക, നൂറുൽ ഇർഫാൻ പ്രചരണ സമിതി, എന്നീ സംരഭങ്ങളും പ്രവർത്തിക്കുന്നു.
കറാമത്തും ഇസ്തിഖാമത്തും
══════❁✿🌹🌹🌹✿❁══════
സമൂഹ സമുദ്ധാരണത്തിന് യുഗപുരുഷൻമാർ സ്വീകരിക്കുന്ന മറ്റൊരു മാർഗമാണ് കറാമത്തും ഇസ്തിഖാമത്തും. പ്രകൃതി സഹജമായ മ്ലേച്ച സ്വഭാവങ്ങളെയും നഫ്സിന്റെ ദുർഗുണങ്ങളെയും കഴുകി വൃത്തിയാക്കുകയും തൽസ്ഥാനത്ത് അല്ലാഹുവിന്റെ അത്യുന്നതനാമവിശേഷണങ്ങൾ അണിയ കയും ചെയ്തവരാണ് ശൈഖുനാ (റ) എന്നതിൽ സംശയമില്ല.അങ്ങിനെ അവർ അല്ലാഹുവിലേക്ക് കൂടുതലായി അടുക്കുകയും അനന്തരം അവനിൽ ലയിക്കുകയും ചെയ്തു. തത്ഫലമായി അവരിലൂടെ അല്ലാഹുവിൽ നിന്നുണ്ടാവുന്ന കാര്യങ്ങൾ ദൃശ്യമാകുകയും ചെയ്തു. ഇതാണ് കറാമത്ത് അസാധാരണത്വം എന്നൊക്കെ പറയുന്നത്.
ആത്മീയ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നയാൾക്ക് കറാമത്ത് അത്ഭുതമോ, കൗതുകമോ ഉളവാക്കുന്നില്ല.കാരണം " കറാമത്തുകൾ ഔന്നത്യത്തിന്റെ മാനദണ്ഡമല്ല " എന്ന് മഹാരഥൻമാർ ഉണർത്തിയതാണ്. പൂർണ്ണരായവർ ഇസ്തിഖാമത്തിൽ നിൽക്കുന്നവരാണ്. അഥവാ ആന്തരീകമായി ദീനിന്റെ അടിസ്ഥാനമായ വഹ്ദത്തുൽ വുജൂദിൽ (ഏകോണ്മതത്വം) നിലയുറപ്പിക്കുന്നതോടെ അല്ലാഹുവിനോടും സൃഷ്ടികളോടുമുള്ള ബാഹ്യമായ ബാദ്ധ്യതകൾ നിറവേറ്റി സമ്പൂർണ്ണ ജീവിതം നയിക്കുന്നവരാണ്. ഇതിന്റെ ഗഹനീയതയും ഗൗരവവും മനസ്സിലാക്കിയതിനാലാണ് മഹാൻമാർ ഇതിനെ ഉന്നത കറാമത്തായി പ്രസ്ഥാവിച്ചത്
"ഇസ്തിഖാമത്താണ് കറാമത്തല്ല തേടേണ്ടത് " എന്ന് മഹാനായ അബൂ അലിയ്യുൽ ജുർജാനിയുടെ വാചകം ഇവിടെ പ്രസക്തമാണ്.
ആത്മീയ രോഗങ്ങൾ മനസ്സിലാക്കുവാനും അതിനനുസൃതമായ ചികിത്സ നടത്താനും കഴിവുറ്റ ഒരു ആത്മീയ ഗുരുവിന്റെ (മുർശിദ് )പരിചരണത്തിലൂടെ മാത്രമേ മേൽ പറഞ്ഞ ഇസ്തിഖാമത്ത് വരിക്കുവാൻ സാധ്യമാകൂ എന്ന് പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.
വർത്തമാന കാലഘട്ടത്തിൽ പ്രത്യേകിച്ചും ബാഹ്യ വിധിവിലക്കുകൾക്ക് ഭംഗം വരുത്തി അപരിഷ്കൃത രൂപം പൂണ്ട് , അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവർ മാത്രമാണ് യഥാർത്ഥമായി പ്രസക്തമായവർ എന്ന് ആധുനികൻ ധരിച്ചു വശായിട്ടുണ്ട്. അത് വിഡ്ഢിത്തമാണെന്ന് പറയേണ്ടതില്ലല്ലോ. അത്യുന്നത കറാമത്ത് ഇസ്തിഖാമത്താണന്ന് മേൽവിവരിച്ചതിൽ നിന്നും വ്യക്തമാണ്.
തന്റെ മശാഇഖൻമാരെ പോലെ " ഇസ്തിഖാമത്ത് " തന്നെയാണ് ശൈഖുനാ (റ) അവർകളുടെ മുഖ്യ കറാമത്ത് . പൂർണ്ണമായും ഇസ്തിഖാമത്തിലധിഷ്ഠിതമായിരുന്നു ശൈഖുനാ (റ) യുടെ ജീവിതം .അത് കൊണ്ട് തന്നെ ഭൂരിഭാഗത്തിനും മഹാനവർകളെ മനസ്സിലാകാതെ പോയി. കാലത്തിന്റെ അച്ചുതണ്ടായിരുന്ന (ഖുത്വ് ബുസ്സമാൻ) ശൈഖുനാ (റ) യുടെ മുഴുവൻ കാര്യങ്ങളിലും കമാലിയത്ത് നിഴലിച്ചിരുന്നു.
തൗഹീദ്മാലയുടെ
കറാമത്ത്
════❁✿🌹🌹🌹✿❁════
ശൈഖുനാ (റ) യുടെ രചനകളിൽ മുഖ്യമായ ഒന്നാണല്ലോ തൗഹീദ് മാല. തൗഹീദ് മാല ശൈഖുനാ (റ) യുടെ കറാമത്ത് തന്നെയാണ്. വിഷയാവതരണവും ക്രോഡീകരണവും ഭാഷാ വൈഭവവും എല്ലാം അതിലേക്കാണ് സൂചന നൽകുന്നത്. പുറമേ അവ കളിലടങ്ങിയിട്ടുള്ള ഉൾ സാരം അത് ആലപിക്കുന്നവരുടെ മനശുദ്ധിയുടെ നിലവാരമനുസരിച്ചാണ് ലഭിക്കുക. ഓരോ തവണ ആലപിക്കുമ്പോഴും ഒരു പോലെയുള്ള ജ്ഞാനമായിരിക്കുകയില്ല ലഭ്യമാകുന്നത്. അവസ്ഥ മാറുന്നതനുസരിച്ച് അതിൽ നിന്ന് ഗ്രാഹ്യമാകുന്ന വിഷയങ്ങൾക്കും മാറ്റം ഉണ്ടാകുന്നു. അത്രത്തോളം ഉൾസാരങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യ രത്നങ്ങളാണ് അതിലെ ഓരോ വരികളും എന്ന് സമ്മതിക്കാതെ തരമില്ല.
ശൈഖുന (റ) യുടെ മറ്റൊരു കറാമത്താണ് ഒരിക്കൽ ശൈഖുനാ (റ) കുന്നത്തേരി മഹ്ളറയിൽ ഇരിക്കുമ്പോൾ ഔലിയാക്കളേയും കറാമത്തിനെയും നിഷേധിക്കുന്ന ഒരു വ്യക്തി തിരുസവിധത്തിൽ വന്ന് ചോദിച്ചു. ഔലിയാക്കൾ അദൃശ്യ കാര്യങ്ങൾ അറിയുമെന്ന് പറയുന്നു അത് എങ്ങനെ സാധിക്കും? അൽപ നേരെത്തെ മൗനത്തിന് ശേഷം തലേ രാത്രി അയാളും ഭാര്യയുമായുമായി ശണ്ഠ കൂടിയതും മറ്റും പറഞ്ഞ് കൊണ്ട് ശൈഖുനാ (റ) പറഞ്ഞു: ഇങ്ങനെയാണ് ഔലിയാക്കൾ മറഞ്ഞ കാര്യങ്ങൾ അറിയുന്നത്.
ശൈഖുനായുടെ കറാമത്തുകൾ വിവരണാതീതമായതിനാൽ തത്ക്കാലം ഇതിൽ ചുരുക്കുകയാണ്.
ഒരു മുജദ്ദിദിനുണ്ടാവേണ്ട സർവ്വ ഗുണങ്ങളും സമ്മേളിച്ച ശൈഖുനാ (റ)യുടെ ദൗത്യ നിർവഹണങ്ങൾ അവസാനിക്കുന്നില്ല.
തയ്യാറാക്കിയത് :
എം. പി. ഹസൻ ഇർഫാനി എടക്കുളം