നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 14 June 2014

ലൈലത്തുല്‍ ഖദ്‌ര്‍



ലൈലത്തുല്‍ ഖദ്‌ര്‍
                  റമളാനിന്റെ പവിത്രതക്ക്‌ കാരണം ആ മാസം ഖുര്‍ആന്‍ ഇറങ്ങിയതാണ്‌. വിശുദ്ധ റമളാനിലെ രാത്രികളില്‍ അതിപ്രധാനമാണ്‌ ലൈലത്തുല്‍ഖദ്‌ര്‍. ഖുര്‍ആന്‍ ഇറങ്ങിയത്‌ ലൈലത്തുല്‍ ഖദ്‌റിലാണ്‌. അതുകൊണ്ടാണ്‌ ആ ദിനത്തിന്‌ പ്രത്യേക സ്ഥാനമുണ്ടായത്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നാം ഖുര്‍ആന്‍ ഇറക്കിയത്‌ ലൈലത്തുല്‍ ഖദ്‌റിലത്രെ. ലൈലത്തുല്‍ ഖദ്‌ര്‍ എന്ന നാമം സൂചിപ്പിക്കുന്നത്‌ അത്‌ നിര്‍ണ്ണയരാവാണെന്നാണ്‌. വര്‍ഷാവര്‍ഷങ്ങളിലെ പ്രാപഞ്ചിക പ്രശ്‌നങ്ങള്‍ അല്ലാഹു നിര്‍ണ്ണയിക്കുന്നത്‌ ആ ദിവസമാണ്‌. ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങിയവ അന്ന്‌ നിര്‍ണ്ണയിക്കപ്പെടുന്നു. ``നാം ഖുര്‍ആനിനെ ഇറക്കിയത്‌ ലൈലത്തുല്‍ മുബാറക്കയിലാണ്‌. അന്നാണ്‌ എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെടുന്നത്‌'' (വി.ഖുര്‍ആന്‍).
                    റഹ്‌മാന്റെ റഹ്‌മത്തിന്റെ തരംഗങ്ങള്‍ മനുഷ്യനെ തഴുകുന്ന രാത്രി, റഹ്‌മത്തിന്റെ മലക്കുകള്‍ ഇറങ്ങിവന്ന്‌ സത്യവിശ്വാസികളെ ആശിര്‍വദിക്കുന്ന രാത്രി, ദോഷഭാരങ്ങള്‍ ഇറക്കിവെക്കാനുള്ള രാത്രി, നന്മകള്‍ക്ക്‌ പരസഹസ്രം മടങ്ങ്‌ ഗുണം ചെയ്യപ്പെടുന്ന രാത്രി, ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ രാത്രി അതാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍. ഭൂലോകം മുഴുവന്‍ ഒരുത്തന്റെ സാമ്രാജ്യമാണെന്നും അത്‌ മുഴുവനും ദൗര്‍ഭാഗ്യവശാല്‍ അയാള്‍ക്ക്‌ നഷ്‌ടപ്പെടുമെന്ന്‌ സങ്കല്‍പിക്കുക. എന്നാലുമത്‌ ഇതിനെ അപേക്ഷിച്ച്‌ വളരെ നിസ്സാരമാണ്‌. ഒന്നാമത്തേത്‌ ഭൗതികവും നൈമിഷികവുമാണ്‌. രണ്ടാമത്തേത്‌ പാരത്രികവും അനന്തവുമാണ്‌. ആയിരം മാസങ്ങളിലെ സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്‌ഠത ഈ രാവിലെ സല്‍ക്കര്‍മ്മങ്ങള്‍ക്കുണ്ടെന്നതാണ്‌ ഈ രാവിന്റെ മറ്റൊരു പ്രത്യേകത. ലൈലത്തുല്‍ ഖദ്‌റിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിരവധി ശ്രേഷ്‌ഠതയുണ്ടെന്ന്‌ നബി (സ്വ) പറഞ്ഞതായി ഇമാം ബുഖാരി, മുസ്‌ലിം (റ) നിവേദനം ചെയ്‌തിട്ടുണ്ട്‌. ``ലൈലത്തുല്‍ ഖദ്‌റില്‍ വിശ്വാസത്തോടെ പ്രതിഫലേച്ഛയോടെ ആരെങ്കിലും നിസ്‌കരിച്ചാല്‍ അയാള്‍ ചെയ്‌തുപോയ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്‌. മുന്‍ സമുദായങ്ങളേക്കാള്‍ ആയുസ്സ്‌ കുറഞ്ഞ മുഹമ്മദ്‌ നബി (സ്വ) യുടെ സമുദായത്തിന്‌ അവരോട്‌ തുല്യമാവാന്‍ അല്ലാഹു നല്‍കിയ അതിവിശിഷ്‌ട അനുഗ്രഹമാണിത്‌. അത്‌ നഷ്‌ടപ്പെട്ടവന്‌ സര്‍വ്വ നന്മകളും നഷ്‌ടപ്പെട്ടു. അവര്‍ നിര്‍ഭാഗ്യവാനാണ്‌'' (ഇബ്‌നു മാജ)
എന്നാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍

           ലൈലത്തുല്‍ ഖദ്‌ര്‍ നിശ്ചിത ദിവസമാണെന്ന്‌ ഖണ്ഡിതമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആ രാവ്‌ ഏതാണെന്നതില്‍ നിരവധി അഭിപ്രായമുണ്ട്‌. 1. വര്‍ഷത്തില്‍ ഏത്‌ മാസവുമാവാം. 2. റമളാനില്‍ മാത്രമാണ്‌. 3. റമളാനിലെ മദ്ധ്യ; അവസാന പത്തുകളിലാണ്‌ 4. റമളാനിലെ അവസാന പത്തില്‍ മാത്രം 5. അവസാന പത്തിലെ ഒറ്റയായ രാവ്‌ മാത്രം. 6. റമളാന്‍ ഇരുപത്തിയൊന്നിന്‌ 7. റമളാന്‍ ഇരുപത്തിമൂന്നിന്‌ 8. റമളാന്‍ ഇരുപത്തിയഞ്ചിന്‌ 9. റമളാന്‍ ഇരുപത്തിയൊമ്പതിന്‌. 10. റമളാന്‍ ഇരുപത്തിയേഴിന്‌ . ഇരുപത്തിയൊന്നോ ഇരുപത്തിമൂന്നോ ആകാനാണ്‌ കൂടുതല്‍ സാധ്യത എന്നാണ്‌ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം. 
          ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്‌ ഇരുപത്തിയേഴാം രാവിനെ കൂടുതല്‍ സജീവമാക്കാന്‍ ആഗോള മുസ്‌ലിംകള്‍ താല്‍പര്യട്ടുവരുന്നു. ഇരുപത്തിയേഴാം രാവിനെ പറ്റി `തര്‍ശീഹ്‌' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇരുപത്തിയേഴാം രാവാണ്‌ മുസ്‌ലിം ലോകം പൂര്‍വ്വികമായി ലൈലത്തുല്‍ ഖദ്‌റായി സജീവമാക്കി വരുന്നത്‌. ഇത്‌ തന്നെയാണ്‌ ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം. ഇമാം റാസി (റ) യുടെയും വാചകവും ഇതിന്‌ ഉപോല്‍ബലകമാണ്‌. സുര്‍റുബ്‌നു ഹുബൈശില്‍ നിവേദനം ഞാന്‍ ഒരിക്കല്‍ ഉബയ്യ്‌ബ്‌നു കഅ്‌ബിനോട്‌ പറഞ്ഞു: ``വര്‍ഷം മുഴുവനും ആരാധനാ നിരതരാകുന്നവര്‍ക്ക്‌ ലൈലത്തുല്‍ ഖദ്‌ര്‍ ലഭിക്കുമെന്ന്‌ നമ്മുടെ സ്‌നേഹിതന്‍ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അപ്പോള്‍ ആദ്ദേഹം പറഞ്ഞു: അബൂ അബ്‌ദിറഹ്‌മാന്‌ അല്ലാഹു അനുഗ്രഹിക്കട്ടെ. ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ അവസാനത്തെ പത്തിലാണെന്നും അതില്‍ 27-ാം രാവാണെന്നും. അറിയപ്പെട്ടതല്ലേ. ജനങ്ങള്‍ ആ രാത്രിയെ മാത്രം ആശ്രയിക്കാതിരിക്കാനാണ്‌ അബൂ അബ്‌ദില്ലാഹി ബ്‌നു മസ്‌ഊദ്‌ അത്‌ എന്നാണെന്ന്‌ തറപ്പിച്ച്‌ പറയാതിരുന്നത്‌. സത്യത്തില്‍ ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ 27 ന്‌ തന്നെയാണ്‌. എന്തുകൊണ്ടാണ്‌ താങ്കള്‍ ഇത്‌ ഉറപ്പിച്ചു പറയുന്നതെന്ന്‌ ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. അന്ന്‌ സൂര്യന്‌ കിരണമുണ്ടാകുകയില്ലെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ച ദൃഷ്‌ടാന്തങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ഞാന്‍ ഇത്‌ പറയുന്നത്‌.'' (അബൂ ദാവൂദ്‌). ഉബയ്യ്‌ (റ) നബി (സ്വ) തങ്ങളില്‍ നിന്ന്‌ ലൈലത്തുല്‍ ഖദ്‌റിന്റെ അടയാളം മനസ്സിലാക്കുകയും അത്‌ പരീക്ഷണവിധേയമാക്കിയപ്പോള്‍ അദ്ദേഹത്തിന്‌ ലൈലത്തുല്‍ ഖദ്‌റിനെ എത്തിക്കാന്‍ കഴിഞ്ഞത്‌ റമളാന്‍ ഇരുപത്തിയേഴിനാണ്‌. അതുകൊണ്ട്‌ ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ ഇരുപത്തിയേഴിന്‌ തന്നെയാണെന്ന്‌ വരില്ല. മറ്റു രാവുകളുടെ മേലും അറിയിക്കുന്ന വ്യക്തമായ നബിവചനങ്ങള്‍ വന്നിട്ടുണ്ട്‌. 
        ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ്‌ ഇബ്‌നുഅബ്ബാസ്‌ (റ) ഇരുപത്തിയേഴാം രാവിലാണെന്ന പക്ഷക്കാരാണ്‌. അല്ലാഹുവിന്‌ ഏറെ താല്‍പര്യം ഒറ്റയോടാണ്‌. ഒറ്റകളില്‍ ഏഴിനോടും. ഭൂമി, ആകാശം, ആഴ്‌ചയിലെ ദിനങ്ങള്‍, ത്വവാഫിന്റെ എണ്ണം, സുജൂദില്‍ (നിര്‍ബന്ധമായും) വെക്കപ്പെടുന്ന അവയവങ്ങള്‍, അര്‍ശിന്റെ തണല്‍ ലഭിക്കുന്നവര്‍ ഇവകളെല്ലാം ഏഴാണ്‌. ഇപ്രകാരം ലൈലത്തുല്‍ ഖദ്‌ര്‍ എന്ന വാചകത്തിലെ അക്ഷരങ്ങള്‍ അറബിയില്‍ ഒമ്പതെണ്ണമാണ്‌. സൂറത്തുല്‍ ഖദ്‌റില്‍ ഈ വാചകം മൂന്ന്‌ തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌. ഒമ്പതിന്റെ മൂന്നാം ഗുണിതം ഇരുപത്തിയേഴാണ്‌. ഇതുപോലെ ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ചുള്ള സൂറത്തില്‍ മുപ്പത്‌ വാക്കുകളാണുള്ളത്‌.. ഇവകളെല്ലാം ലൈലത്തുല്‍ ഖദ്‌ര്‍ ഇരുപത്തിയേഴാം രാവാണെന്ന്‌ പറയുന്നവര്‍ക്ക്‌ ശക്തി നല്‍കുന്നു. എന്നാല്‍ നബി വചനങ്ങളില്‍ വന്ന ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്‌ ഏത്‌ ദിനമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ലൈലത്തുല്‍ ഖദ്‌റിന്‌ പിന്നാലെ വരുന്ന പ്രഭാത സൂര്യന്‍ കിരണങ്ങളില്ലാത്തതായിരിക്കും. കഠിന ചൂടോ, തണുപ്പോ ഇല്ലാത്ത ദിനമായിരിക്കും. അന്ന്‌ രാത്രി നക്ഷത്രങ്ങളെകൊണ്ട്‌ പിശാചിനെ എറിയപ്പെടുകയില്ല. എന്നിങ്ങനെ ചില അടയാളങ്ങള്‍ തിരുവചനങ്ങളില്‍ കാണാം. 

ശ്രേഷ്‌ഠതകള്‍
ഇബ്‌നു അബ്ബാസി (റ) ല്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ``ലൈലത്തുല്‍ ഖദ്‌ര്‍ ആസന്നമായാല്‍ അല്ലാഹു ജിബ്‌രീലിന്‌ ആജ്ഞ നല്‍കും. ജിബ്‌രീല്‍ (അ) ഒരു സംഘം മലക്കുകളുമൊത്ത്‌ ഒരു പച്ചപ്പതാകയുമായി ഭൂമിയിലേക്ക്‌ ഇറങ്ങും. ആ പതാക അവര്‍ കഅ്‌ബയുടെ മുകളിലുയര്‍ത്തും. ജിബ്‌രീല്‍ (അ) ന്റെ രണ്ട്‌ ചിറകുകളും ലൈലത്തുല്‍ ഖദ്‌റില്‍ മാത്രമേ വിടര്‍ത്തൂ. അത്‌ വിടര്‍ത്തുമ്പോള്‍ കിഴക്ക്‌ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നിറഞ്ഞ്‌ നില്‍ക്കും. ജിബ്‌രീല്‍ (അ) ന്റെ നിര്‍ദ്ദേശാനുസരണം മറ്റ്‌ മലക്കുകള്‍ ഭൂമിയില്‍ സഞ്ചരിച്ച്‌ ആരാധനയിലേര്‍പ്പിട്ടിരിക്കുന്നവര്‍ക്ക്‌ സലാം ചൊല്ലിയും അവരുടെ കരങ്ങള്‍ ചുംബിക്കുകയും അവരുടെ പ്രാര്‍ത്ഥനയില്‍ ചേര്‍ന്ന്‌ ആമീന്‍ പറയുകയും ചെയ്യും. ഇത്‌ പ്രഭാതം വരെ തുടരും. പ്രഭാതമായാല്‍ നമുക്ക്‌ യാത്ര തിരിക്കാന്‍ സമയമായി എന്ന്‌ ജിബ്‌രീല്‍ (അ) പറയും. അപ്പോള്‍ മലക്കുകളും സജ്ജരാവും. അവര്‍ ജിബ്‌രീല്‍ (അ) നോട്‌ ചോദിക്കും: മുഹമ്മദീയ സമുദായത്തിന്റെ എന്ത്‌ തീരുമാനമാണ്‌ അല്ലാഹു എടുത്തത്‌്‌? ജിബ്‌രീല്‍ (അ) പ്രതികരിക്കും: ഈ രാവില്‍ അല്ലാഹു അവര്‍ക്ക്‌ കാരുണ്യം ചെയ്യും. എല്ലാവര്‍ക്കും വിട്ടുവീഴ്‌ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. നാല്‌ വിഭാഗം ഈ മാപ്പിനര്‍ഹരല്ല!. ഇത്‌ കേട്ട സ്വഹാബത്ത്‌ ചോദിച്ചു. ഹതഭാഗ്യരായ ആ നാല്‌ കൂട്ടര്‍ ആരാണ്‌ നബിയേ! നബി (സ്വ) വിശദീകരിച്ചു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍, കടുംബബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ട്‌ നടക്കുന്നവര്‍'' (സുനനുല്‍ ബൈഹഖി)

           അലി (റ) യില്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ``ഏഴാനാകാശത്ത്‌ ഒരു സ്വര്‍ഗ്ഗീയ പൂങ്കാവനമുണ്ട്‌. അവിടെ `റൂഹ്‌' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം മലക്കുകളോട്‌ ലൈലത്തുല്‍ ഖദ്‌ര്‍ ആസന്നമായാല്‍ അവര്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം ഭൂമിയിലേക്കിറങ്ങുകയും പള്ളിയില്‍ നിസ്‌കരിക്കുന്നവര്‍ക്കും വഴികളില്‍ കണ്ടുമുട്ടുന്നവര്‍ക്കും അവര്‍ ഗുണത്തിനായി പ്രാര്‍ത്ഥിക്കും''. (ബൈഹഖി). അല്ലാമാ ആലൂസി (റ) പറയുന്നു: ലൈലത്തുല്‍ ഖദ്‌റില്‍ അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിക്കുന്ന എല്ലാ സത്യവിശ്വാസികള്‍ക്കും അതിന്റെ വിഹിതം ലഭിച്ചാലും പിന്നെയും അത്‌ ബാക്കി വരും. അപ്പോള്‍ ജിബ്‌രീല്‍(അ) ചോദിക്കും: നാഥാ ബാക്കി കാരുണ്യം എന്ത്‌ ചെയ്യണം? അപ്പോള്‍ മുഹമ്മദീയ സമുദായത്തില്‍ മരണപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യാന്‍ അല്ലാഹു കല്‍പിക്കും. പിന്നെയും ബാക്കി വന്നത്‌ എന്ത്‌ ചെയ്യും? എന്ന്‌ ചോദിക്കുമ്പോള്‍ അവിശ്വാസികള്‍ക്ക്‌ കൂടി നല്‍കാന്‍ കല്‍പിക്കും. ആ രാവില്‍ പ്രസ്‌തുത റഹ്‌മത്ത്‌ ലഭിച്ച അമുസ്‌ലിംകളാണത്രെ പിന്നീട്‌ സത്യവിശ്വാസികളായി മരണപ്പെടുന്ന സൗഭാഗ്യവാന്മാര്‍ (റൂഹുല്‍ മആനി)
           ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രി കഴിഞ്ഞ പകലിന്‌ അതിന്റെ മഹത്വം ഉണ്ടോ? ഇമാം നവവി ഉദ്ദരിക്കുന്നു: ഇമാം റുഅ്‌യാനി പറയുന്നു: ``ശാഫി ഇമാം (റ) ഖദീമില്‍ (ഈജിപ്‌തില്‍ പ്രവേശിക്കുന്നതിന്‌ മുമ്പ്‌) പറഞ്ഞത്‌ ലൈലത്തുല്‍ ഖദ്‌റിന്റെ പകലിലും രാത്രിയെന്ന പോലെ ആരാധന സുന്നത്താണ്‌. ഈ അഭിപ്രായത്തിന്‌ എതിരായ അഭിപ്രായം ജദീദില്‍ (ഈജിപ്‌തില്‍ പ്രവേശിച്ച ശേഷം പറഞ്ഞത്‌) കാണുന്നില്ല. അതിനാല്‍ ഈ വിക്ഷണം അദ്ദേഹത്തിന്റെ മദ്‌ഹബായി സ്വീകരിക്കാവുന്നതാണ്‌.'' ഹസന്‍ ബ്‌നു ഹുര്‍റില്‍ നിന്ന്‌ നിവേദനം: ``ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ സുകൃതങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം അന്നത്തെ പകലില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്‌ ലഭിക്കുന്നതാണ്‌''. ഇമാം റാസി (റ) പറയുന്നു: ``ലൈലത്തുല്‍ ഖദ്‌റിന്റെ പ്രത്യേകതയില്‍ പകല്‍ കൂടി ഉള്‍പ്പെടുമോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. ശുഅ്‌ബി പറഞ്ഞത്‌: പകലിലും ഈ മഹത്വം ബാധകമാണ്‌. അതിന്റെ ന്യായം രാവ്‌ എന്ന പ്രയോഗത്തില്‍ പകലും ഉള്‍പ്പെടും എന്ന അടിസ്ഥാനത്തിലാണ്‌. അതുകൊണ്ടാണ്‌ സാധാരണ രണ്ട്‌ രാത്രി ഇഅ്‌തികാഫ്‌ ഇരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതിന്റെ പകല്‍ കൂടി ഉള്‍പ്പെട്ട രണ്ട്‌ ദിനങ്ങള്‍ ഇഅ്‌തികാഫ്‌ ഇരിക്കല്‍ നിര്‍ബന്ധമാകുന്നത്‌''. 
മറക്കപ്പെട്ടതിന്റെ നേട്ടങ്ങള്‍

നിശ്ചിത രാവാണെന്ന്‌ വ്യക്തമായാല്‍ മറ്റ്‌ രാവുകള്‍ വൃഥാ പാഴാക്കാന്‍ കാരണമാകുന്നു. നിരന്തരം പാപങ്ങളില്‍ മുഴുകുന്നവര്‍ ഈ രാത്രി കൃത്യമായി അറിഞ്ഞിട്ടും തിന്മയില്‍ വ്യാപൃതരാകുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷ കഠിനമാകുന്നതാണ്‌. ക്ലിപ്‌തമായതിന്‌ ശേഷം യാദൃശ്ചികമായി ആ രാവ്‌ നഷ്‌ടപ്പെട്ടാല്‍ വിശ്വാസിക്കുണ്ടാകുന്ന താങ്ങാനാവാത്ത മനഃപ്രയാസം മറ്റു ഇബാദത്തുകളില്‍ വ്യാപൃതനാകുന്നതിന്‌ തടസ്സമാകാന്‍ കാരണമാകും. ലൈലത്തുല്‍ഖദ്‌ര്‍ പ്രതീക്ഷിച്ച്‌ ഇബാദത്ത്‌ ചെയ്യുന്ന രാത്രികളിലെല്ലാം പ്രത്യേക നന്മ അവന്‌ ലഭിക്കുന്നു. മലക്കുകളുടെ മുമ്പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: ലൈലത്തുല്‍ ഖദ്‌ര്‍ കൃത്യമായി അറിയാതിരിന്നിട്ടുപോലും എന്റെ അടിമകള്‍ രാത്രിയില്‍ ഇബാദത്തിലാണ്‌. ഇത്‌ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത്‌ ചെയ്യുമായിരുന്നു.
      ഇമാം റാസി (റ) പറയുന്നു: വിശിഷ്‌ടമായ പലതും അല്ലാഹു മറച്ചുവെച്ചിട്ടുണ്ട്‌. അടിമകളില്‍ വലിയ്യ്‌, നിസ്‌കാരങ്ങളില്‍ സ്വലാത്തുല്‍ വുസ്‌ത്വാ, അടിമകളുടെ മരണ സമയം, ഇസ്‌മുല്‍ അഅ്‌ളം, ലൈലത്തുല്‍ ഖദ്‌ര്‍ എന്നിവയെല്ലാം അവയില്‍ ചിലത്‌ മാത്രം. റമളാനിന്റെ മുഴുവന്‍ രാവുകളും ഇബാദത്തുകളെ കൊണ്ട്‌ ധന്യമാക്കിതീര്‍ക്കുന്ന ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം കരസ്ഥമാക്കുന്ന ഉത്തമ ദാസന്മാരില്‍ അല്ലാഹു ഉള്‍പ്പെടുത്തി നമ്മേ അനുഗ്രഹിക്കുമാറാകട്ടെ. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...