ആത്മീയ ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ
നില്‍ക്കൂ..ശ്രദ്ധിക്കൂ..
റെയില്‍ പാളത്തിന് സമീപം കാണുന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡിലെ വാചകമാണ് "നില്‍ക്കൂ... ശ്രദ്ധിക്കൂ... അപകടം ഒഴിവാക്കൂ" എന്നത്. ലെവല്‍ക്രോസില്ലാത്ത പാളങ്ങള്‍ക്കടുത്താണ് ഈ ബോര്‍ഡ് വെച്ചിരിക്കുന്നത്. ലെവല്‍ ക്രോസുള്ളിടത്ത് ഇതിന്‍റെ ആവശ്യമില്ലല്ലോ? വണ്ടി വരുന്ന സമയത്ത് ഗേറ്റടക്കാന്‍ അവിടെ ആളുണ്ട്. അതിനാല്‍ അപകടസാധ്യതയില്ല.
ലവല്‍ ക്രോസില്ലാത്തിടത്ത് കാര്യം അങ്ങനെയല്ല. റെയില്‍പാളം മറികടക്കുന്നവര്‍ സ്വയം ശ്രദ്ധിച്ചാല്‍ മാത്രമേ അപകടം ഒഴിവാകൂ. വണ്ടി വരുന്നുണ്ടോ എന്ന് ഇരുവശവും നോക്കാതെ പാളം മുറിച്ച് കടന്നാല്‍ ചിലപ്പോള്‍ വണ്ടി വന്ന് കടക്കുന്നവനെ മുറിച്ചിട്ട് പോകും അതുണ്ടാകാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം ബോര്‍ഡുകള്‍ പാളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്നത്.
റെയില്‍ പാളത്തിലൂടെ വണ്ടി വരുമെന്ന് അത് മുറിച്ച് കടക്കുന്നവര്‍ക്ക് അറിയാത്തത് കൊണ്ടല്ല ഈ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. ആ വഴിക്ക് പോകുന്നവരെ ഒന്ന് ഉണര്‍ത്താന്‍ വേണ്ടിയാണ്. റെയില്‍ പാളം ട്രെയിന്‍ ഓടുന്ന പാതയാണെന്നറിയുമെങ്കിലും ജീവിത കെട്ടുപാടുകളില്‍ ഉണ്ടാകുന്ന തിരക്ക് മൂലം ഒരു പക്ഷേ അശ്രദ്ധ വന്നേക്കാമല്ലോ? അതിനൊരു തട. അത്രമാത്രം.
ഈ ബോര്‍ഡും അതിലെ മുന്നറിയിപ്പും ശ്രദ്ധിക്കാത്തവനും അവഗണിക്കുന്നവനും അപകടം ക്ഷണിച്ചുവരുത്തും. മനഃപൂര്‍വ്വം വണ്ടിക്ക് തലവെക്കാന്‍ പോകുന്നവനെ സംബന്ധിച്ച് എന്ത് പറയാന്‍?!
അതുപോലെ ഭൗതിക ജീവിതമാകുന്ന തീവണ്ടിപ്പാത മുറിച്ച് കടന്ന് ലക്ഷ്യം വരിക്കണമെങ്കില്‍ ആ പാതയുടെ ഇരുവശവും നന്നായി ശ്രദ്ധിച്ചുവേണം മറികടക്കാന്‍ എന്നാണ് പറഞ്ഞുവരുന്നത്. കാരണം തിരുവചന പ്രകാരം നാം ഒരു പരദേശിയോ വഴിയാത്രക്കാരനോ ആണ്. അപ്പോള്‍ എങ്ങനെയായാലും പലവിധ അപകടങ്ങളും വന്ന് പിണയാന്‍ സാധ്യതയുണ്ട്. സമയമാണെങ്കില്‍ വളരെ പരിമിതവുമാണ്. ഈ പരിമിത കാലയളവില്‍ അശ്രദ്ധമായി എങ്ങനെയെങ്കിലും കുറച്ച് ജീവിച്ച് ജീവിതമാകുന്ന റെയില്‍ പാളം മുറിച്ച് കടക്കാമെന്നാണെങ്കില്‍ അത് ദാരുണമായ അപകടത്തിലാകും കലാശിക്കുക.
ഈ പാത മുറിച്ച് കടക്കുമ്പോള്‍ ശ്രദ്ധിക്കുന്നതിനാണ് തിരുനബി (സ്വ) യെ കൊണ്ട് പൂര്‍ത്തീകരിച്ച് അല്ലാഹു നമുക്ക് നല്‍കിയ വിശുദ്ധ മതശാസനകള്‍. അല്ലാഹുവും അവന്‍റെ റസൂലും സച്ചരിതരായ മഹത്തുക്കളും നിര്‍ദ്ദേശിച്ചത് പ്രകാരമായിരിക്കണം നമ്മുടെ ജീവിതം. അവരുടെ മുന്നറിയിപ്പുകളും സുവിശേഷങ്ങളുമൊക്കെ അംഗീകരിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിതമാകുന്ന റെയില്‍ പാളം സുരക്ഷിതമായി മുറിച്ച് കടക്കാന്‍ സാധിക്കുക. അവയവഗണിച്ചാല്‍ അതിദാരുണ അപകടവും അനന്തമായ ഖേദവുമായിരിക്കും ഫലം.
അഴുക്ക് പുരളാത്ത ആദര്‍ശവും അലസതയും കളങ്കവുമറ്റ അനുഷ്ഠാനങ്ങളും അതിസുന്ദരവും വിശുദ്ധവുമായ ആത്മീയതയും ഒത്തുചേരുമ്പോഴാണ് മേല്‍ പറഞ്ഞ സുരക്ഷിതത്വം പൂര്‍ണ്ണമാകുന്നത്. ഇതിന് പ്രഥമമായി വേണ്ടത് ഹൃദയശുചിത്വമാണ്. കാരണം ഹൃദയം ശുദ്ധമായാല്‍ കാര്യങ്ങള്‍ എളുപ്പമാവുകയും ഭംഗിയാവുകയും എന്നല്ല വിജയം നേടാനാവുകയും ചെയ്യും. അതാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മഹത്വചനങ്ങളുമൊക്കെ ഊന്നിപ്പറയുന്നത്. അല്ലാത്തത് കോലത്തില്‍ വലുതും ധാരാളവുമായിരിക്കാമെങ്കിലും മൂല്യത്തില്‍ വളരെ ചെറുതും കുറവും എന്നല്ല ചിലപ്പോള്‍ ശൂന്യവുമായിരിക്കും.
ഹൃദയമാണല്ലോ നമ്മെ നിയന്ത്രിക്കുന്നത്. ആ ഹൃദയം അഴുക്ക് ചാലും ചവറ് കൂനയുമായാല്‍ നമ്മുടെ ബാക്കി അവയവങ്ങളുടെ കാര്യം പറയാനുണ്ടോ? ഒരു ലക്കും ലഗാനുമില്ലാതെ അവ സഞ്ചരിക്കും. എന്തിനും എവിടെയും എന്തിലും ചാടിക്കയറി നാശത്തിലേക്ക് കുതിക്കും. വണ്ടി വരുന്നുണ്ടോ എന്നോ പാളം കാലിയാണെന്നോ നോക്കാതെ ജീവിത പാളം മുറിച്ച് കടക്കാന്‍ തുനിയും. വണ്ടി വന്ന് ചതച്ചരച്ച് കൊണ്ടുപോകും. അതുകൊണ്ട് ജീവിതമാകുന്ന റെയില്‍ പാളം സുരക്ഷിതമായി മുറിച്ച് കടന്ന് പാരത്രികവിജയം വരിക്കാന്‍, ഇലാഹീ സന്നിധി പ്രാപിക്കാന്‍ പ്രഥമവും പ്രധാനവുമായി ഹൃദയം വൃത്തിയാക്കല്‍ അനിവാര്യമാണ്.
ഹൃദയ വൃത്തി പൂര്‍ണ്ണമാകനുള്ള വഴി അതിനര്‍ഹതയുള്ള മുര്‍ശിദിനോടൊപ്പം കൂടലാണ്. കാരണം സാധാരണ ഗതിയില്‍ സ്വയം നേടാന്‍ കഴിയുന്നതല്ല ഹൃദയശുചിത്വം. അതിന്‍റെ അഴുക്കുകളും അവ നീക്കം ചെയ്യാനുള്ള ഉല്‍പന്നങ്ങളും ശരിയായി അറിയുന്ന ആത്മീയ ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ. പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത് അതാണ്.
No comments:
Post a Comment