ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ്
മുഹമ്മദ് ജലാലുദ്ദീന്‍ അല്‍ ഐദ്രോസിയ്യുല്‍ ജീലിയ്യുന്നൂരിയ്യുല്‍ ഖാദിരുയ്യുസ്സൂഫിയ്യുര്‍രിഫാഇയ്യുല്‍ ചിശ്‌തിയുശ്ശാദുലിയ്യുന്നഖ്‌ശബന്ദിയ്യ്
എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.)
അല്ലാഹുവിന്റെ അനേകകോടി സൃഷ്‌ടികളില്‍ ഉത്തമനാണ് മനുഷ്യന്‍. സ്രഷ്‌ടാവിന്റെ ആദരവ് ലഭിച്ചവനും. എന്നാല്‍ ഈ നില സംബന്ധമായി അശ്രദ്ധരും അജ്ഞരുമാണ് നമ്മിലധികവും. ഉത്തമ ഗുണങ്ങളും മൃഗീയ, പൈശാചികതകളും മിശ്രിതമായതാണ് മനുഷ്യമനസ്സ്. അധമസ്വഭാവങ്ങളെ ഉന്മൂലനം ചെയ്‌ത് ഇലാഹീഗുണങ്ങളാല്‍ സമ്പന്നമായ ഹൃദയത്തിന്നുടമയാണ് യഥാര്‍ത്ഥ മനുഷ്യന്‍. ഈ ഉത്തുംഗാവസ്ഥ പ്രാപിക്കല്‍ ഇതരസൃഷ്‌ടികളില്‍ നിന്ന് വ്യത്യസ്‌തമായ മനുഷ്യഹൃദയത്തിന് മാത്രമേ സാദ്ധ്യമാകൂ. അതായത് ഹഖ്‌ഖിന്റെ മുഴുവന്‍ നാമവിശേഷണങ്ങളാല്‍ സമ്പുഷ്‌ടമാകുന്നതിനുള്ള പാകത മനുഷ്യനില്‍ മാത്രം നിക്ഷിപ്‌തമാണ്. അതുകൊണ്ടാണ് അവന്‍ അല്ലാഹുവിന്റെ ബഹുമാനത്തിന് പാത്രീഭൂതനായത്.
ഈ ആദരവും അതിന്റെ മാനദണ്ഡവും മനസ്സിലാക്കി യഥാവിധി അല്ലാഹുവിനെ അറിഞ്ഞ് യഥാര്‍ത്ഥ അടിമകളായി കഴിയുന്നവരാണ് അവന്റെ ഇഷ്‌ടദാസന്‍മാരായ ഔലിയാക്കള്‍. അവനിലേക്കുള്ള യാത്രാമദ്ധ്യേ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ കരുത്തുറ്റ ഹൃദയത്തോടെ തരണം ചെയ്യുന്ന അവര്‍ ഇലാഹീ തൃപ്‌തിയില്‍ ആനന്ദം കാണുന്നു. തങ്ങളുടെ ഹൃദയത്തെ അതിന് തയ്യാറാക്കുന്നതിന് തികഞ്ഞ ജ്ഞാനവും സാമര്‍ത്ഥ്യവും ഉള്ള ഒരു മുര്‍ഷിദിന്റെ ആത്മീയ ശിക്ഷണത്തില്‍ അവര്‍ ഈ പ്രയാണം ആരംഭിക്കുന്നു. ഗുരുവിനോടുള്ള ആത്മാര്‍ത്ഥ സ്‌നേഹവും നിഷ്‌കളങ്ക സഹവാസവും കൈമുതലാക്കി സഞ്ചാരം എളുപ്പമാക്കുന്നു. ശൈഖിന്റെ സമയാസമയങ്ങളിലുള്ള നിര്‍ദ്ദേശങ്ങളും സൂചനകളും അനുസരിച്ചുള്ള അവരുടെ ചലന നിശ്ചലനങ്ങള്‍ ഇലാഹീ സന്നിധിയിലേക്ക് അവരെ കൂടുതലായി അടുപ്പിക്കുന്നു. ഇലാഹീ ജ്ഞാനത്തിന് വിഘാതമായ കറകളെ ഹൃദയത്തില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കി ജ്ഞാനപ്രകാശ പൂരിതമായ ഹൃദയത്തോടെ സദാ അല്ലാഹുവിലായി കഴിയുന്ന ഇവര്‍ പൂര്‍ണ്ണത വരിക്കുന്നു. തദനന്തരം മറ്റുള്ളവരെ അല്ലാഹുവിലേക്ക് വഴി നടത്തുന്നതിന് അവന്‍ അവരെ നിശ്ചയിക്കുന്നു. അതോടെ അല്ലാഹുവല്ലാത്ത ചിന്തകളും വിചാരങ്ങളും കൊണ്ട് മലിനമായ ഹൃദയങ്ങളെ ആത്മസംസ്‌ക്കരണത്തിലൂടെ അവനിലേക്കും അവന്റെ തൗഹീദിലേക്കും മാര്‍ഗ്ഗദര്‍ശനം ചെയ്യുക എന്ന ദൗത്യം അവര്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നു.
അമ്പിയാക്കളുടെ പിന്‍മുറക്കാരായി ഈ മഹത്തായ ദൗത്യം നിര്‍വ്വഹിച്ച മശാഇഖുമാര്‍ നിരവധിയാണ്. ഇവരുടെ പിന്‍ഗാമികളിലൂടെ അതവസാന നാള്‍ വരെ തുടരുകയും ചെയ്യുന്നു. പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിശുദ്ധ ശൃംഖലയിലെ തിളങ്ങുന്ന കണ്ണിയാണ് ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ ജനിച്ച് ആലുവ കുന്നത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹു. ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ അല്‍ ഐദ്രോസിയ്യുല്‍ ജീലിയ്യുന്നൂരിയ്യുല്‍ ഖാദിരുയ്യുസ്സൂഫിയ്യുര്‍രിഫാഇയ്യുല്‍ ചിശ്‌തിയുശ്ശാദുലിയ്യുന്നഖ്‌ശബന്ദിയ്യ് എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.) അവര്‍കള്‍.
അമ്പിയാക്കളെ സ്‌മരിക്കല്‍ ആരാധനയും, സജ്ജനങ്ങളെ ഓര്‍ക്കല്‍ പാപമുക്തി നല്‍കുന്നകാര്യവുമാണ്� എന്ന നബി വചനവും പ്രവാചകരും അല്ലാത്തവരുമായ അനവധി മഹത്തുക്കളുടെ ചരിത്രസ്‌മരണകള്‍ സമ്മാനിക്കുന്ന അല്ലാഹുവിന്റെ വിശുദ്ധ കലാമായ ഖുര്‍ആനും സച്ചരിതരെ സ്‌മരിക്കുന്നതിനും അവരെ പ്രകീര്‍ത്തിക്കുന്നതിനും നമുക്ക് അടിസ്ഥാനവും മാതൃകയുമാണല്ലോ.
എ.ഐ. മുത്തുകോയ തങ്ങള്‍ എന്ന പേരില്‍ ശൈഖുനാ പ്രസിദ്ധനായി. സയ്യിദ് ഐദ്രോസ് വലിയുല്ലാഹി തങ്ങകോയതങ്ങള്‍ എന്ന മഹാനാണ് പിതാവ്. `ജീലീ' ഖബീലയാണ് ശൈഖുനായുടേത്. പിതാവിന്റെ പേരിനോട് ചേര്‍ത്തി ഐദ്രോസിയ്യ് എന്നും പറയപ്പെടുന്നു. മാതൃസന്നിധിയില്‍ നിന്ന് പ്രാഥമിക അറിവുകള്‍ നേടി. ശേഷം ദീനീവിഷയങ്ങളിലും ആത്മീയ ജ്ഞാനങ്ങളിലും തത്‌പരരായ മഹാന്‍ ഇലാഹീ തൃപ്‌തിമാത്രം കാംക്ഷിച്ചുകൊണ്ട് ജ്ഞാന സമ്പാദനത്തിനായി സ്വദേശത്ത് നിന്ന് യാത്രതിരിച്ചു. ആത്മീയത തളംകെട്ടി നിന്നിരുന്ന തമിഴ് നാട്ടിലെ പുതക്കുടി മദ്രസ്സ അന്നൂറുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്ന് അവിടെ നിന്ന് വിവിധ വിജ്ഞാന ശാഖകള്‍ സ്വായത്തമാക്കി. പ്രിന്‍സിപ്പാളായിരുന്ന ശൈഖ് അബ്‌ദുല്‍ കരീം സ്വൂഫി ഹസ്രത്തിന്റെ ശിഷ്യത്വവും സഹവാസവും അവരെ ആത്മീയതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
പഠന ശേഷം തന്റെ ആത്മീയ നിലവാരം ഉയര്‍ത്തി ഇലാഹീ സമക്ഷത്തിലെത്തിക്കാന്‍ തരപ്പെട്ട ഗുരുവിനെ തേടിയുള്ള യാത്രയാരംഭിച്ചു. �അല്ലാഹുവിലേക്ക് നിങ്ങള്‍ ഒരു മാധ്യമം (ത്വരീഖത്തിന്റെ സദ്‌ഗുരുക്കളും ഹഖീഖത്തിന്റെ ഉലമാക്കളും: റൂഹുല്‍ ബയാന്‍)തേടുക� എന്ന അല്ലാഹുവിന്റെ ആജ്ഞശിരസ്സാ വഹിക്കുകയായിരുന്നു ശൈഖുനാ. ത്യാഗഭരിതമായ ഈ അന്വേഷണ യാത്രയിലൂടെ. ആത്മാര്‍ത്ഥമായ ആഗ്രഹവും സത്യസന്ധമായ അന്വേഷണവും മഹാനവര്‍കളെ ലക്ഷ്യത്തിലെത്തിച്ചു. മഹാനവര്‍കള്‍ ഇളയുപ്പയായ ആന്ത്രോത്തിലെ പുറാടം കുഞ്ഞിക്കോയതങ്ങള്‍ എന്നറിയപ്പെടുന്ന അശ്ശൈഖ് അസ്സയ്യിദ് അഹ്‌മദുല്‍ ജീലി (ഖു. സി.) അവര്‍കളുടെ സവിധത്തില്‍ എത്തി. ആത്മീയ ജ്ഞാനത്തിന്റെ പ്രഭവകേന്ദ്രമായ ഗുരുവിനോടൊപ്പം കഴിഞ്ഞ്‌കൂടി. വളരെക്കാലമായി തന്നെ അലട്ടിയിരുന്ന പ്രശ്‌നം പരിഹരിച്ചതില്‍ മഹാന്‍ സന്തുഷ്‌ടനായി. തന്നെ മൊത്തമായും ആ ആത്മീയതോപ്പില്‍ സമര്‍പ്പിച്ച് ഒരു പുതുജീവിതത്തിന് തന്നെ തുടക്കം കുറിച്ചു. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴ്‌പ്പെട്ട് ശൈഖുനാ പുര്‍ണ്ണതയിലെത്തുന്നതിന് മുമ്പ് ഗുരു ജീലിതങ്ങള്‍ (ഖു:സി) ശാശ്വത ലോകം പുല്‍കി.
പിന്നീട് ശൈഖ് ജീലിതങ്ങളുടെ നിര്‍ദ്ദേശാനുസാരം ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ജ്ഞാനസാഗരമായ തൊടുപുഴ ശൈഖുനാ അശ്ശൈഖ് മുഹമ്മദ് സുഫിയ്യുല്‍ കൂത്താരി അവര്‍കളുടെ ആത്മീയ ശിക്ഷണം സ്വീകരിച്ചു. തുടര്‍ന്നങ്ങോട്ട് ഉന്നതങ്ങളിലേക്ക് ഒരു കുതിപ്പായിരുന്നു. അവിടുത്തെ മഹത്തായ ശിക്ഷണത്തില്‍ ദിവസങ്ങള്‍ക്കകം മഹാനവര്‍കള്‍ ലക്ഷ്യം പ്രാപിച്ചു. ഗുരുവിനോടുള്ള കറകളഞ്ഞസ്‌നേഹവും സഹവാസവും ലക്ഷ്യപ്രാപ്‌തി അനായാസമാക്കി. ആത്മീയ ഭൗതികജ്ഞാനങ്ങളുടെ സമന്വയസ്വരൂപമായി ഉന്നതി പ്രാപിച്ച മഹാനവര്‍കള്‍ക്ക് കൂത്താരി ശൈഖുനാ ജീവിതകാലത്ത് തന്നെ ഖിലാഫത്തും ആത്മീയ തര്‍ബിയത്തിനുള്ള അനുമതിയും നല്‌കി. അവരുടെ പ്രധാന ഖലീഫയായി നിശ്ചയിക്കപ്പെട്ട ശൈഖുനാ ആത്മസംസ്‌ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ അല്ലാഹുവിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്‌തുകൊണ്ട് അദ്ധ്യാത്മിക മേഖലയിലെ സൂര്യതേജസ്സായി നിലകൊണ്ടു. കൂത്താരി ശൈഖുനായില്‍ നിന്ന് ഖാദിരി, ചിശ്‌തി, ത്വരീഖത്തുകളും മറ്റ് മശാഇഖുമാരായ സയ്യിദ് യൂസുഫുര്‍രിഫാഈ (ഖു.സി.) ആന്ത്രോത്ത്, ശൈഖ് കമ്മുക്കുട്ടി മൗലാനാ കാളത്തോട് (ഖു.സി.) തുടങ്ങിയവരില്‍ നിന്ന് രിഫാഇയ്യ,് നഖ്‌ശബന്ദിയ്യ്, ശാദുലീ ത്വരീഖത്തുകളും സ്വീകരിച്ചു. ആത്മജ്ഞാന പ്രഭവ കേന്ദ്രങ്ങളായ ഗുരുഹൃദയങ്ങളില്‍ നിന്ന് ലഭിച്ച അവര്‍ണ്ണനീയ ജ്ഞാനഗോള രശ്‌മികളെ ആവശ്യക്കാരിലേക്ക് പ്രസരിപ്പിക്കുന്നതായി ശൈഖുനായുടെ ജീവിതം.
അത്യധികം സംശുദ്ധമായ നിലയില്‍ അല്ലാഹു നല്‍കിയ ഹൃദയത്തെ പിശാചിന്റെയും സ്വമനസ്സിന്റെയും ദുര്‍ബോധനങ്ങള്‍ക്ക് അടിമപ്പെട്ട് ദുര്‍ഗുണങ്ങളാല്‍ മലീമസമാക്കിയും സ്രഷ്‌ടാവിനെ വിസ്‌മരിച്ചും കഴിയുന്നവരെ ആത്മീയ ശുദ്ധീകരണത്തിലൂടെ അല്ലാഹുവിലെത്തിക്കുക എന്ന മഹത്തായ ദൗത്യമാണ് മുഖ്യമായും മഹാന്‍ നിര്‍വ്വഹിച്ചിരുന്നത്. അമ്പിയാഇന്റെയും അവരുടെ പിന്‍ഗാമികളായ മശാഇഖിന്റെയും അതേദൗത്യം തന്നെ.
ഇസ്‌ലാമിക ആദര്‍ശാനുഷ്‌ഠാന വിഷയങ്ങളും ത്വരീഖത്ത്, ശൈഖ്, ആത്മീയത, തൗഹീദ് തുടങ്ങിയ ആത്മീയ ജ്ഞാനങ്ങളും, അതിന്റെ വഴികളും പ്രവാചകശൃംഖലയിലെ മഹാനായ യൂസുഫ് നബി (അ), പ്രവാചക പുത്രി മഹതി ഫാത്തിമബീവി (റ), ഗൗസുല്‍ അഅ്‌ളം ശൈഖ് മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) എന്നീ മഹത്തുക്കളുടെ ആധികാരിക ചരിത്രശകലങ്ങളും എളുപ്പത്തില്‍ പഠിക്കാവുന്ന ശൈലിയിലും അനായാസേന ഗ്രഹിക്കാവുന്ന ഘടനയിലും ശൈഖുനാ രചിച്ച അറബി മലയാള കാവ്യ സമാഹാരങ്ങള്‍ മുസ്‌ലിം ലോകത്തിന് വിലമതിക്കാനാവാത്ത മുതല്‍കൂട്ടാണ്. ഉപരി മാപ്പിള സാഹിത്യത്തിന്റെ യശസ്സുയര്‍ത്തുന്നവ യുമാണ്.
ഇല്‍മുശ്ശരീഅത്തിനെയും ഹഖീഖത്തിനെയും ഒന്ന് മറ്റൊന്നിന് വിഘാതമാകാത്ത നിലയില്‍ സമന്വയിപ്പിച്ച് ഇസ്‌തിഖാമത്തില്‍ അടിയുറച്ച ശൈഖുനാ ഇല്‍മുത്തസ്വവ്വുഫിന് മുന്‍ഗണന നല്‍കി മദ്രസ്സ നൂറുല്‍ ഇര്‍ഫാന്‍ എന്ന പേരില്‍ അറബിക്കോളേജ് സ്ഥാപിച്ചു. ശരീഅത്തിന്റെ അറിവുകള്‍ക്കൊപ്പം ശോഷണവും ചൂഷണവും നേരിടുന്ന ആത്മീയജ്ഞാനത്തിന്റെ ശരിയായ പഠനവും പ്രയോഗവും പ്രചരണവുമാണ് മഹാനവര്‍കള്‍ ഇതിലൂടെ ലക്ഷ്യമിട്ടത്. ഇന്നിന്റെ ചുറ്റുപാട് ഈ ലക്ഷ്യത്തിന്റെ ആവശ്യകത അറിയിക്കുന്നുമുണ്ട്. തന്റെ ഉള്‍ക്കാഴ്‌ചയിലൂടെ വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ ഈ അവസ്ഥ മനസ്സിലാക്കിയ മഹാന്‍ അത് പരിഹരിക്കുകയായിരുന്നു മദ്രസ്സ നൂറുല്‍ ഇര്‍ഫാനിലൂടെ. സ്ഥാപനം അതിന്റെ ലക്ഷ്യത്തിലൂടെ മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുന്നു. അത് അവരുടെ പ്രധാന കറാമത്തുകളിലൊന്നാണ്.
ലക്ഷദ്വീപിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ആത്മീയ പരിപോഷണത്തിനു പയുക്തമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് മഹ്‌ളറകള്‍ സ്ഥാപിച്ചു. അതിലൂടെ മഹാനവര്‍കള്‍ അവിടങ്ങളിലും മതചൈതന്യം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. പ്രഗത്ഭരും പ്രശസ്‌തരുമായ പണ്ഡിതര്‍ വരെ അവിടുത്തെ ആത്മീയ തര്‍ബിയത്ത് കാംക്ഷിച്ച് എത്തുകയും സ്വീകരിക്കുകയും ചെയ്‌തിരുന്നുവെന്നത് മഹാനരുടെ ഔന്നിത്യവും അംഗീകാരവും വ്യക്തമാക്കുന്നു. മുതലാളി, തൊഴിലാളി, കുബേര, കുചേല, പണ്‌ഡിത, പാമര ഭേദമന്യേ നിഷ്‌കളങ്ക നിയ്യത്തോടെ തന്നെ സമീപിച്ച അനവധി ആത്മീയ ദാഹികളെയാണ് ആത്മസംസ്‌ക്കരണത്തിലൂടെ ശൈഖുനാ അല്ലാഹുവിലേക്ക് വഴിനടത്തിയത്.
അദൈവിക ചിന്തകളുടെ അഴുക്കു ചാലുകളായിരുന്ന നിരവധി മനുഷ്യ ഹൃദയങ്ങളെ സംശുദ്ധമാക്കി സ്രഷ്‌ടാവിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്‌ത ശൈഖുനാ ജ്ഞാന മണ്ഡലത്തിലെ നിത്യ ജ്യോതിസ്സാണെന്ന് അവിടുത്തെ ജീവിതവും നിഷ്‌കാമ സേവനങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. മറുലോക യാത്ര അതിന്റെ പ്രഭക്ക് ഒരുവിധ മങ്ങലും ഏല്‌പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആ നിത്യജ്യോതിസ്സില്‍ നിന്നുള്ള ജ്ഞാനകിരണങ്ങള്‍ അവിടുത്തെ പ്രതിനിധികളിലൂടെയും സ്ഥാപനങ്ങളിലൂടെയും കൃതികളിലൂടെയും ഇപ്പോള്‍ നൂറുല്‍ ഇര്‍ഫാന്‍ മാസികയിലൂടെയും ലോകത്ത് പ്രസരിച്ചുകൊണ്ടിരിക്കുന്നു. പൂര്‍വ്വോപരി തിളക്കത്തോടെ. ഹിജ്‌റ 1388 സഫര്‍ മാസം 25 വെള്ളിയാഴ്‌ചയുടെ അസ്‌തമയസമയത്ത് മഹാനവര്‍കള്‍ അതീന്ദ്രിയ ലോകത്തേക്ക് നീങ്ങി. അവരെ അനുഗമിക്കാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ.
മഹാനവര്‍കളുടെ മഖ്ബറ |
ഹഖ്‌ഖിന്റെ മുഴുവന്‍ നാമവിശേഷണങ്ങളാല്‍ സമ്പുഷ്‌ടമാകുന്നതിനുള്ള പാകത മനുഷ്യനില്‍ മാത്രം നിക്ഷിപ്‌തമാണ്. അതുകൊണ്ടാണ് അവന്‍ അല്ലാഹുവിന്റെ ബഹുമാനത്തിന് പാത്രീഭൂതനായത്
ReplyDelete