അവധിക്കാലം മുഴുവന്‍ കുട്ടികളെ എന്ത് ചെയ്യണം? എന്തിന് വിടണം? വീട്ടിലിരുന്ന് കലപിലയുണ്ടാക്കും, നാട്ടിലെ പറമ്പുകളിലും പാടങ്ങളിലും ഓരോ കളിയുടെ പേരില്‍ കറങ്ങി നടക്കും. നെറ്റ് കഫേകളില്‍ പോയി സമയം കൊല്ലും. ഇങ്ങനെ നീണ്ടു പോകും വിചാരങ്ങള്‍.
അണുകുടുംബങ്ങള്‍ അധികരിച്ച ആധുനിക യുഗ മാതാപിതാക്കള്‍ ഇങ്ങനെ വിഷമിക്കേണ്ടതുണ്ടോ? അവധിക്കാലത്തിന് മുമ്പ് മക്കളെ നേരെ ചൊവ്വേ പരിപാലിക്കുന്നവരാണ് മാതാപിതാക്കള്‍ എങ്കില്‍ അവധിക്കാല ആദിക്ക് പ്രസക്തിയില്ലല്ലോ? പ്രശ്‌നത്തിന്റെ തുടക്കം മക്കളിലല്ല, രക്ഷകര്‍ത്താക്കളിലാണെന്ന് മനസ്സിലാക്കാന്‍ അധികചിന്തയുടെ ആവശ്യമില്ല.
അവധിക്കാലത്ത് കുട്ടികളെ വിരുന്നിന് വിടുന്നവരും ടൂറിനും മറ്റ് പലതിനും വിടുന്നവരുണ്ട്. എന്തിന് വിട്ടാലും അതിന്റെ പരിണിതി നാം മനസ്സിലാക്കണമെന്ന് മാത്രം. ഏതൊന്നിനും തയ്യാറാകുന്നതിന് മുമ്പ് അതിലേക്കിറങ്ങിയാലുണ്ടാകുന്ന ഗുണദോഷങ്ങള്‍ മനസ്സിലാക്കിയാല്‍ ദോഷമുള്ളവയിലേക്ക് നാം മക്കളെ വിടുകയില്ല. പക്ഷേ ഗുണം ദോഷവും ദോഷം ഗുണവുമായി തലതിരിഞ്ഞ് മനസ്സിലാക്കിയവരാണല്ലോ അത്യാധുനിക മാതാപിതാക്കളിലും മക്കളിലും കൂടുതലുള്ളത്. പിന്നെന്ത് ചെയ്യും? സമൂഹം അനുഭവിക്കുക തന്നെ.
പണ്ടൊക്കെ അവധി കഴിഞ്ഞ് സ്‌കൂളില്‍ ചെല്ലുമ്പോള്‍ ചില അദ്ധ്യാപകര്‍ കഴിഞ്ഞ അവധിക്കാലത്ത് നിങ്ങള്‍ക്കുണ്ടായ മറക്കാനാവാത്ത സംഭവം അല്ലെങ്കില്‍ ഏറ്റവും സന്തോഷം നല്‍കിയ കാര്യം ഏതാണെന്ന് വിവരിച്ച് പ്രബന്ധം തയ്യാറാക്കാന്‍ പറയുമായിരുന്നു. അതുമല്ലെങ്കില്‍ അടുത്ത പരീക്ഷയില്‍ ഏതെങ്കിലും ഒരു ചോദ്യപേപ്പറില്‍ അത്തരത്തില്‍ ഒരു ചോദ്യം പ്രതീക്ഷിക്കാം. ഇരിക്കട്ടെ.
കുട്ടികള്‍ അവര്‍ കുട്ടികളാണെന്ന ബോധം രക്ഷകര്‍ത്താക്കള്‍ക്ക് എപ്പോഴുമുണ്ടാകണം. രക്ഷകര്‍ത്താക്കള്‍ തിരിക്കുന്നിടത്തേക്കാണ് അവര്‍ പോകുക. അതുകൊണ്ട് അവരുടെ വാക്കുകള്‍ മാത്രമല്ല, നോക്കുകളും ചെയ്‌തികളുമെല്ലാം അനുകരണീയവും മാതൃകാപരവുമാക്കുകയാണ് വേണ്ടത്. അവധി സമയങ്ങളില്‍ നല്ല പ്രവൃത്തികളില്‍ മാത്രം മുഴുകുന്ന മാതാപിതാക്കളെ കണ്ട് വളരുന്ന മക്കള്‍ ഒരിക്കലും അവരുടെ അവധിക്കാലം അനാവശ്യത്തില്‍ തള്ളുകയില്ല. ചുറ്റുപാടുകള്‍ക്ക് കീഴ്‌പെട്ട് വിപരീതമായി വര്‍ത്തിക്കുന്ന ചില കുട്ടികള്‍ ഉണ്ടായേക്കാം. അത് മറക്കുന്നില്ല. എന്നാല്‍ എല്ലാ രക്ഷകര്‍ത്താക്കളും നല്ല രീതിയിലാകുമ്പോള്‍ മോശമായ ചുറ്റുപാട് വരികയില്ലല്ലോ?
പക്ഷേ, നല്ലത് അനുകരിക്കുന്നവര്‍ കുറവാണല്ലോ? മനുഷ്യന്‍ നഷ്‌ടപ്പെടുത്തുന്ന രണ്ടനുഗ്രഹങ്ങളില്‍ ഒന്നാണ് ഒഴിവുസമയം. തിരുറസൂല്‍ (സ്വ) ലോകത്തിന് പഠിപ്പിച്ച കാര്യമാണത്. എന്നാല്‍ ആ നേതാവിന്റെ അനുയായികളെന്ന് അഭിമാനിക്കുന്ന മുസ്‌ലിം സമൂഹത്തില്‍പോലും ഈ അനുഗ്രഹം വേണ്ട വിധം അസ്വദിക്കുന്നവര്‍, വിനിയോഗിക്കുന്നവര്‍ വിരളമല്ലേ? ഓ ഇപ്പോ! അതൊക്കെ നടക്കുവോ? എല്ലാവരും അങ്ങനെയല്ലേ? ഇങ്ങനെയല്ലേ? എന്നൊക്കെയാണ് ഏതെങ്കിലും നല്ല കാര്യം ഉപദേശിച്ചാലുണ്ടാകുന്ന പ്രതികരണം. വേണമെങ്കില്‍ അതിന് തെളിവായി ഒരു പണ്ഡിതനേയും പറയും. പിന്നെ നല്ലത് ഉപദേശിച്ചവനാകും കുറ്റക്കാരന്‍. കഷ്‌ടം?! സമുദായത്തിന്റെ പോക്ക് അപകടത്തിലേക്കാണ്.
നല്ലത് മാതൃകയാക്കുന്നതിന് പകരം ചീത്തക്ക് (അതാണ് ഉത്തമമെന്ന് കരുതി) പിന്നാലെ പായുകയാണ് ഇന്നധികമാളുകളും. ഇത്തരക്കാരുടെ മക്കളുടെ അവധിക്കാലം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മിമിക്രിയും അഭിനയവും നാട്യവും പോലെ ആധുനിക ട്രന്റുള്ള ഇസ്‌ലാമിക വിരുദ്ധ കാര്യങ്ങള്‍ പഠിപ്പിക്കാനായിരിക്കും ഇവരൊക്കെ മക്കളുടെ അവധിക്കാലം ഉപയോഗപ്പെടുത്തുക. മതസംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇസ്‌ലാമിക അവധിക്കാല പഠന ക്ലാസ്സുകളോ കോഴ്‌സുകളോ ഉപയോഗപ്പെടുത്താന്‍ ഇക്കൂട്ടര്‍ക്കാവുകയില്ല. അവരുടെ നോട്ടം ദുന്‍യാവില്‍ മാത്രമാണ്. അല്ലാഹുവിനെയോ ആഖിറത്തിനെയോ കുറിച്ച് യാതൊരു ചിന്തയുമില്ല. അതൊക്കെ അനാവശ്യം എന്ന രീതിയിലാണ് അവരുടെ വിചാരം. അല്ലാഹു കാക്കട്ടെ. തീ മഴ പെയ്യാന്‍ ഇനി അധിക നാള്‍ ഉണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയാണല്ലോ കാര്യങ്ങളുടെ പോക്ക്.
മക്കള്‍ അവധിക്കാലം നന്നായി വിനിയോഗിക്കാനും പ്രയോജന പ്രദമാക്കാനും ആദ്യം ശ്രദ്ധ വേണ്ടത് രക്ഷകര്‍ത്താക്കള്‍ക്കാണെന്ന് സാരം. ഇപ്പോള്‍ പല നാടുകളിലും മദ്‌റസകള്‍ക്ക് പുറമെ അവധിക്കാല മത പഠന ക്ലാസ്സുകള്‍ കുറഞ്ഞ തോതിലെങ്കിലുമുണ്ട്. മക്കളെ ആ ക്ലാസ്സുകളില്‍ പറഞ്ഞ് വിട്ട് മതബോധമുള്ളവരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുക. ഇനി അങ്ങനെയില്ലാത്ത നാടാണെങ്കില്‍ പള്ളിയും മദ്‌റസയുമൊക്കെ അവിടെയുണ്ടാകും. അവിടെ ഉസ്‌താദുമാരുമുണ്ടാകും. അവരുടെ നേതൃത്വത്തില്‍ മഹല്ല് കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന് അവധിക്കാല മതപഠനക്ലാസ്സും ഉപകാരപ്രദമായ മറ്റ് പഠന മാര്‍ഗ്ഗങ്ങളും സംഘടിപ്പിച്ച് മക്കളുടെ അവധിക്കാലം പുഷ്‌ക്കലമാക്കാന്‍ നമുക്ക് സാധിക്കും. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും മുസ്‌ലിം ഉമ്മത്തിന് ഇന്ന് എല്ലാ മഹല്ലുകളിലുമുണ്ട്. ആവശ്യക്കാര്‍ വേണമെന്ന് മാത്രം. നേരെയാകാനും മക്കളെ നേരെയാക്കാനുമുളള എല്ലാ സംവിധാനങ്ങളും അല്ലാഹു നല്‍കിയിട്ട് നാം അത് പാഴാക്കുകയാണെങ്കില്‍ അവധിക്കാലമെന്നല്ല എല്ലാക്കാലവും നാമും നമ്മുടെ മക്കളും ചതുപ്പുനിലത്തിലാകും.
അവധി ദിനങ്ങളിലും മറ്റും ആവശ്യമായ സമയ വിവര പട്ടിക തയ്യാറാക്കി കൊടുക്കാം. പ്രഭാതത്തില്‍ എഴുന്നേറ്റ് പള്ളിയില്‍ പോയി സുബ്‌ഹി നിസ്‌കാരം മുതല്‍ ഉറങ്ങാന്‍ കിടക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ഒരു ടൈം ടേബിള്‍ സ്വന്തമുണ്ടായിട്ട് വേണമല്ലോ മക്കള്‍ക്ക് കൊടുക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ അവധിക്കാലം മാത്രമല്ല ഏതു സമയവും വളരെ വിലപ്പെട്ടതാണ്. അത് അനാവശ്യങ്ങളില്‍ ചിലവാക്കി പാഴാക്കാന്‍ മക്കളെ അനുവദിക്കരുത്. അതിന് വേണ്ട നടപടി ക്രമങ്ങള്‍ നാം മുമ്പേ തന്നെ ചെയ്യുക. അല്ലാത്ത പക്ഷം അവധിക്കാല വ്യാധികള്‍ പറയാവുന്നതും പറയാന്‍ പറ്റാത്ത പലതുമായി നമ്മുടെ മക്കളില്‍ നേരിടേണ്ടിവരും.
അവധി ഉപയോഗപ്പെടുത്തല്‍ മക്കള്‍ക്ക് മാത്രമാണെന്ന് വിചാരിക്കേണ്ട. അവരുടെ അവധി ആസന്നമായതിനാല്‍ അവരെ ഹൈലൈറ്റ് ചെയ്‌തുവെന്നേയുള്ളൂ. മുതിര്‍ന്നവരാണ് അവധി സമയം പാഴാക്കാതെ ശ്രദ്ധിക്കാന്‍ ഏറ്റവും ബാധ്യസ്ഥര്‍. ഉത്തരവാദിത്വങ്ങള്‍ തലയിലേറ്റി തികഞ്ഞ അനാസ്ഥയിലാകുന്നവരും അവധി സമയങ്ങള്‍ പോലും കടമ നിര്‍വ്വഹിക്കാന്‍ മുതിരാത്തവരും ഡ്യൂട്ടി സമയം അവധിയാക്കി കാര്യങ്ങള്‍ അവതാളത്തിലാക്കുന്നവരുമൊക്കെ നമ്മുടെ വീട്ടിലും നാട്ടിലും കൂട്ടത്തിലുമൊക്കെയുണ്ടല്ലോ? ``ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാന്‍'' എന്ന് പണ്ടാരോ പറഞ്ഞത് പോലെയാണ് ചിലരുടെ അവസ്ഥ! നാമെല്ലാവരും മുമ്പ് പറഞ്ഞ തിരുവചനാശയം ഉള്‍ക്കൊണ്ട് വര്‍ത്തിച്ചാല്‍ ഗുണം അവനവന് തന്നെ.
നല്ല ലേഖനം
ReplyDeleteനന്ദി അജിത്തേട്ടാ
Deleteനല്ല ലേഖനം , കൂടുതല്‍ പേര്‍ വായിക്കട്ടെ
ReplyDelete