നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday, 6 May 2021

റമളാന്‍ ചില സംശയങ്ങള്‍ ( RAMALAN CHILA SAMSHAYANGAL )

 റമളാന്‍ ചില സംശയങ്ങള്‍

റമളാനിലെ നോമ്പ് പിടിക്കുന്നത് കൊണ്ട് ലഭ്യമാകുന്ന ഒരു ഗുണം?

മുന്‍ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: "വിശ്വസിച്ചു കൊണ്ടും പ്രതിഫലം കാംക്ഷിച്ച് കൊണ്ടും റമളാന്‍ വ്രതമനുഷ്ഠിച്ചാല്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും". മറ്റൊരു റിപ്പോര്‍ട്ടില്‍ ഉമ്മ പ്രസവിച്ചതു പോലെയാകുമെന്നും കാണാം (ഫള്വാഇലു റമളാന്‍).

തന്നില്‍ ഉണ്ടാകാന്‍ പോകുന്ന പാപങ്ങളുടെ കാര്യം?

അതും പൊറുക്കപ്പെടുന്നതാണെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്. 

റമളാന്‍ മാസത്തില്‍ മറ്റു സമുദായങ്ങള്‍ക്കില്ലാത്ത പ്രത്യേകത നബി (സ്വ) യുടെ സമുദായത്തിനുണ്ടോ?

ഉണ്ട്. അബൂഹുറൈറ (റ) യില്‍ നിന്നും ഉദ്ധരണം: നബി (സ്വ) പറഞ്ഞു എന്‍റെ ഉമ്മത്തിന് റമള്വാനില്‍ അഞ്ച് കാര്യങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അവ മറ്റു സമുദായങ്ങള്‍ക്ക് നല്‍കിയിട്ടില്ല. 1. അല്ലാഹുവിന്‍റെയടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായി നോമ്പുകാരന്‍റെ വായയെ ആക്കി. 2. നോമ്പ് തുറക്കുന്നത് വരെ മലക്കുകള്‍ എന്‍റെ സമുദായത്തിന് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കും. 3. പ്രശ്നകാരികളായ പിശാചുക്കളെ ചങ്ങലക്കിടും. 4. എല്ലാ ദിവസവും സ്വര്‍ഗ്ഗത്തെ അല്ലാഹു അലങ്കരിക്കും. 5. ഒരു രാത്രിയുടെ അവസാനത്തില്‍ അവര്‍ക്ക് പാപമോചനം നല്‍കപ്പെടും. ഈ രാത്രി ലൈലത്തുല്‍ ഖദ്റാണോ എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി (സ്വ) പറഞ്ഞു: നോമ്പുകാരന്‍ അവന്‍ നോമ്പനുഷ്ഠിച്ചു കഴിഞ്ഞാലുടന്‍ അതിനുള്ള പ്രതിഫലം നല്‍കപ്പെടുന്നതാണ്. 

നോമ്പുകാരന് വേണ്ടി അല്ലാഹു പ്രത്യേകം ചില സ്വര്‍ഗ്ഗം പണിയുമോ?

അതെ. വിലമതിക്കാനാവാത്ത ധാരാളം മുത്ത് മാണിക്യങ്ങളെ കൊണ്ട് അല്ലാഹു ചില സ്വര്‍ഗ്ഗങ്ങള്‍ പണി കഴിപ്പിക്കും. എന്നിട്ട് പെരുന്നാള്‍ ദിവസം അതിന്‍റെയാളുകള്‍ക്ക് അല്ലാഹു അത് നല്‍കുന്നതാണ്. 

കൊല്ലം മുഴുവനും റമളാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാമോ?

ആഗ്രഹിക്കാം. നബി (സ്വ) പറയുന്നു: റമളാനില്‍ ലഭ്യമാകുന്ന കാര്യം അല്ലാഹുവിന്‍റെ അടിയാറുകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ കൊല്ലം മുഴുവനും റമളാനായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുമായിരുന്നു. 

റമളാനില്‍ പള്ളിയില്‍ സുഗന്ധം പൂശുന്നത്?

സാബിത്തുല്‍ ബന്നാനിയും മറ്റു പലരും അത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. 

റമളാനിന്‍റെ തുടക്കവും മധ്യവും ഒടുക്കവും എങ്ങനെ?

നബി (സ്വ) പറയുന്നു: റമള്വാനിന്‍റെ തുടക്കം റഹ്മത്താണ്. മദ്ധ്യം പാപമോചനമാണ്. ഒടുക്കം നരകമോചനമാണ്. 

റമളാനില്‍ ഒരാള്‍ വഴക്കടിക്കാന്‍ വന്നാല്‍?

ഞാന്‍ നോമ്പുകാരനാണെന്ന് പറയട്ടെ.

റമളാനില്‍ ഒരു തസ്ബീഹ് ചൊല്ലിയാല്‍?

ഇതര മാസങ്ങളില്‍ ആയിരം തസ്ബീഹിനേക്കാള്‍ ഉത്തമമാണ്. 

ഈ മാസത്തില്‍ ഒരു ഫര്‍ള്വായ കാര്യം അനുഷ്ഠിച്ചാല്‍?

മറ്റ് മാസങ്ങളില്‍ 70 ഫര്‍ള്വ് ചെയ്തതിന് സമാനം.

നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍?

നബി (സ്വ) പറയുന്നു: "ഹലാലായ ജോലിയിലൂടെ സമ്പാദിച്ച പണം കൊണ്ട് ഒരാള്‍ നോമ്പ് തുറപ്പിച്ചാല്‍ റമളാനിലെ മുഴുവന്‍ രാവുകളിലും മലക്കുകള്‍ അവന് വേണ്ടി പാപമോചനം തേടും. ജിബ്രീല്‍ (അ) അവന് കൈ കൊടുക്കും".

അത്താഴം കഴിക്കുന്നതിന്‍റെ ഗുണം?

അതില്‍ ബറക്കത്തുണ്ടെന്നാണ് തിരുവചനം. അത്താഴം കഴിക്കുന്നവര്‍ക്ക് മലക്കുകള്‍ പൊറുക്കലിനെ തേടുമെന്നും തിരുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്. 

ചന്ദ്രപ്പിറവി കാണാതെ റമളാന്‍ നോമ്പെടുക്കുന്നത്?

മാസം തികയാതെയോ ചന്ദ്രപ്പിറവി കാണാതെയോ റമളാന്‍ നോമ്പെടുക്കാന്‍ പാടില്ല. നബി (സ്വ) പറയുന്നു: ചന്ദ്രപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പെടുക്കരുത് (ബുഖാരി).

നോമ്പ് തുറക്കുമ്പോഴുള്ള നോമ്പുകാരന്‍റെ പ്രാര്‍ത്ഥന?

അത് സ്വീകരിക്കപ്പെടുമെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടുണ്ട്.

റമളാനില്‍ സ്വദഖ ചെയ്യുന്നത്?

തിരുനബി (സ്വ) പറയുന്നു: സ്വദഖയില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് റമളാനില്‍ ചെയ്യുന്ന സ്വദഖയാണ്. 

റമളാനില്‍ ഉംറ നിര്‍വ്വഹിക്കുന്നത്?

തിരുനബി (സ്വ) പറയുന്നു: റമളാനില്‍ ചെയ്യുന്ന ഉംറ ഹജ്ജിന് സമാനമാണ്. ഒരു റിപ്പോര്‍ട്ടില്‍ എന്നോടൊപ്പം ഹജ്ജ് ചെയ്തത് പോലെയാണെന്നും കാണാം. 

റമളാന്‍ ആഗതമാകുമ്പോള്‍?

തിരുനബി (സ്വ) പറഞ്ഞു: റമളാന്‍ ആഗതമാകുമ്പോള്‍ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെ ചങ്ങലക്കിടുകയും ചെയ്യും. 

മറ്റു മാസങ്ങളെ അപേക്ഷിച്ച് റമളാനിന്‍റെ പ്രത്യേകത?

തിരുനബി (സ്വ) പറഞ്ഞു: മാസങ്ങളുടെ നേതാവ് റമളാനാണ്. 

റമളാനിന് 'റമളാന്‍' എന്ന പേര് പറയാന്‍ കാരണം?

ഇല്ലായ്മ ചെയ്യുക, കരിക്കുക എന്ന് അര്‍ത്ഥം കുറിക്കുന്ന പദത്തില്‍ നിന്നാണ് റമളാന്‍ എന്ന പദത്തിന്‍റെ ഉത്ഭവം. പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ് റമളാനിന് അങ്ങനെ പേര് പറഞ്ഞത്.

റമളാന്‍ ആഗതമായാല്‍ അര്‍ശ് വഹിക്കുന്ന മലക്കുകളോട് അല്ലാഹു പറയുന്നത്?

റമളാന്‍ ആഗതമായാല്‍ അല്ലാഹുവിന്‍റെ അര്‍ശ്വാഹകരായ മലക്കുകളോട് അവര്‍ ചൊല്ലുന്ന തസ്ബീഹുകള്‍ നിര്‍ത്തിവെക്കാനും നബി (സ്വ) യുടെ സമുദായത്തിന് വേണ്ടി പാപമോചനം തേടാനും അവരോട് പറയപ്പെടും. 

വയറ് വിശന്നാല്‍ ഉണ്ടാകുന്ന ആത്മീയ ഗുണം?

യഹ്യ ബ്നു മുആദ് (റ) പറയുന്നു: തിന്മയുടെ ആയിരം അവയവം മനുഷ്യ ശരീരത്തിലുണ്ട്. പിശാചിന്‍റെ നിയന്ത്രണത്തിലായിരിക്കും അവ. അതിന്‍റെ തണല്‍ പിടിച്ച് പിശാച് ശരീരത്തില്‍ കഴിച്ചു കൂട്ടും. വയറ് വിശക്കുമ്പോള്‍ പ്രസ്തുത എല്ലാ അവയവങ്ങളും വിശപ്പിന്‍റെ തീ കൊണ്ട് ഉണങ്ങുകയും പിശാചിന് നില്‍ക്കാന്‍ ഇടമില്ലാതെ തളരുകയും ചെയ്യും. നേരെ മറിച്ചാണ് കാര്യമെങ്കില്‍ അഥവാ ശരീരത്തിന് അനാവശ്യമായ രീതിയില്‍ ഭക്ഷണം കൊടുത്ത് വയര്‍ നിറക്കുമ്പോള്‍ പ്രസ്തുത അവയവയങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും പിശാചിന് തണല്‍ കൂടുതല്‍ ലഭിക്കുകയും അവിടെ തന്നെ അവന്‍ കഴിച്ചുകൂട്ടുകയും ചെയ്യും (ഇത്ഹാഫു അഹ്ലില്‍ ഇസ്ലാം - ഇബ്നുഹജര്‍).

റമളാനിന്‍റെ രാത്രിയില്‍ ഭാര്യയുമായി ലൈംഗികവേഴ്ച നടത്തുന്നത്?

കുഴപ്പമില്ല. ജനാബത്തുകാരനായി പ്രഭാതത്തിലായാലും നോമ്പ് ശരിയാകും. 

നോമ്പുള്ളപ്പോള്‍ ആഹാര സാധനങ്ങള്‍ രുചിച്ചു നോക്കുന്നത്?

ആവശ്യാര്‍ത്ഥം ആഹാര സാധനങ്ങളുടെ രുചി നോക്കുന്നതിന് കുഴപ്പമില്ല. രുചിച്ചു നോക്കപ്പെട്ട വസ്തു ഉള്ളിലേക്ക് പോകാതെ സൂക്ഷിക്കണം. 

മൂലക്കുരു പുറത്തേക്ക് വന്നാല്‍ നോമ്പുകാരന്‍ എന്ത് ചെയ്യണം?

തടിയുള്ള ഒരു വസ്തു ഉള്ളിലേക്ക് കടത്തിവിട്ടാല്‍ നോമ്പ് മുറിയും. എന്നാല്‍ മൂലവ്യാധിയുള്ളവന്‍ പുറത്തേക്ക് വന്ന മൂലക്കുരു ഉള്ളിലേക്ക് കയറ്റുന്നത് കൊണ്ടോ സ്വയം കയറുന്നത് കൊണ്ടോ നോമ്പ് മുറിയുകയില്ല. ആവശ്യമാണെങ്കില്‍ വിരലും ഉള്ളിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല. 

നോമ്പുകാരന്‍ മുങ്ങിക്കുളിക്കുന്നത്?

നോമ്പുകാരന്‍ മുങ്ങിക്കുളിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. ദ്വാരങ്ങളിലൂടെ വെള്ളം ഉള്ളിലേക്ക് കടക്കാതെ ശ്രദ്ധിക്കണമെന്ന് മാത്രം. 

ജനാബത്ത് കുളിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളില്‍ കടന്നാല്‍?

ജനാബത്തുകാരന്‍ കുളിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളിലേക്ക് കടന്നു പോയതാണെങ്കില്‍ കുഴപ്പമില്ല.

ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കം നോമ്പ് ഒഴിവാക്കാമോ?

സ്വശരീരത്തിനോ കുട്ടിക്കോ നാശം ഭയപ്പെടുന്ന (പാല്‍ കുറയുക, ഗര്‍ഭം അലസുക...) ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവര്‍ക്ക് നോമ്പൊഴിവാക്കാം. 

ഇവര്‍ കുട്ടിയുടെ മേല്‍ മാത്രം ഭയന്നതിന്‍റെ പേരില്‍ നോമ്പ് ഒഴിവാക്കിയാല്‍ ഖളാഅ് വീട്ടുന്നതിനോടൊപ്പം ഒരു മുദ്ദ് (ഏകദേശം 625 ഗ്രാം) നാട്ടിലെ സാധാരണ ഭക്ഷ്യവസ്തു ഫഖീറിനോ മിസ്കീനിനോ കൊടുക്കണം. ഒരു നോമ്പിന് ഒരു മുദ്ദ് എന്ന നിലക്കാണ് കൊടുക്കേണ്ടത്. എന്നാല്‍ കുട്ടിയ്ക്കും സ്വശരീരത്തിനും നാശം ഭയപ്പെട്ടിട്ടുണ്ടെങ്കില്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതി. മുദ്ദ് കൊടുക്കേണ്ട ആവശ്യം ഇല്ല. 

തറാവീഹിന്‍റെ രൂപം?

തറാവീഹ് എന്ന സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് അല്ലാഹുവിന് വേണ്ടി ഖിബ്ലക്ക് മുന്നിട്ട് ഞാന്‍ നിസ്കരിക്കുന്നു. എന്ന് നിയ്യത്ത് ചെയ്ത് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി കൈ കെട്ടുക. ജമാഅത്തായിട്ടാണെങ്കില്‍ അത് കൂടി കരുതണം. ശേഷം വജ്ജഹ്ത്തു, ഫാതിഹ, സൂറത്ത് എന്നിവ ക്രമപ്രകാരം ഓതുക. പിന്നീട് റുകൂഅ്, ഇഅ്തിദാല്‍ എന്നിങ്ങനെ സാധാരണ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുക. ഈരണ്ട് റക്അത്തായി വേണം നിസ്കരിക്കാന്‍.

തറാവീഹിന്‍റെ സമയം?

തറാവീഹ് നിസ്കാരത്തിന്‍റെ സമയമാവുന്നത് ഇശാ നിസ്കരിച്ചതിന് ശേഷമാണ്. ഇശാ നിസ്കാരത്തെ മഗ്രിബിലേക്ക് മുന്തിച്ച് ജംആക്കി നിസ്കരിക്കുന്ന യാത്രികന് ഇശാ നിസ്കരിക്കുന്നതോട് കൂടെ തറാവീഹിന്‍റെ സമയമായി. ചുരുക്കത്തില്‍ ഇശാ നിസ്കരിക്കാതെ തറാവീഹിന്‍റെ സമയം കടക്കാത്തത് കൊണ്ട് തറാവീഹ് നിര്‍വ്വഹിച്ചതിന് ശേഷം തന്‍റെ ഇശാ നിസ്കാരം ബാത്വിലായിരുന്നു എന്ന് വ്യക്തമായാല്‍ സാധാരണ സുന്നത്ത് നിസ്കാരമായി അതിനെ പരിഗണിക്കുന്നതും ഇശാ നിസ്കരിച്ച് തറാവീഹ് മടക്കി നിസ്കരിക്കേണ്ടതുമാണ്.

ഏത് സൂറത്ത് ഓതണം?

ഫാതിഹക്ക് ശേഷം ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ ഇരുപത് റകഅത്തുകളിലായി ഓരോ ദിവസവും ഓരോ ജുസ്അ് പാരായണം ചെയ്ത് റമളാന്‍ പൂര്‍ത്തിയാവുമ്പോള്‍ ഖുര്‍ആന്‍ ഖത്മ് ചെയ്യുന്ന രീതിയില്‍ ഓതലാണ് ഏറ്റവും ഉത്തമം. വളരെ ധൃതിയിലുള്ള നിസ്കാരം അഭികാമ്യമല്ല. ഈ സന്ദര്‍ഭത്തില്‍ ഒറ്റയ്ക്ക് നിസ്കരിക്കലാണ് ഉത്തമം. (ദഖാഇറുല്‍ ഇഖ്വാന്‍).

തറാവീഹിന് ശേഷമാണോ വിത്റ്? 

സുബ്ഹിക്ക് മുമ്പേ ഉണര്‍ന്ന് തഹജ്ജുദ് നിസ്കരിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ തറാവീഹിന് ശേഷം വിത്റ് നിസ്കരിക്കാമെങ്കിലും പിന്തിച്ച് തഹജ്ജുദിന് ശേഷം നിസ്കരിക്കലാണ് നല്ലത്. റമളാനിലെ വിത്റിന്‍റെ ജമാഅത്ത് നഷ്ടപ്പെട്ടാലും ഒരു രാത്രിയുടെ അവസാനം വിത്റാവലാണ് ഇത്തരക്കാര്‍ക്കുത്തമം. 

                                                                                                                                                                                                                                                                                             എന്‍.എം. ചേര്‍ത്തല

No comments:

Post a Comment

Related Posts Plugin for WordPress, Blogger...