നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 18 October 2014

അക്രമിക്കരുത്‌ ഭൂവനത്തെ

അക്രമിക്കരുത്‌ ഭൂവനത്തെ

            ഭൂവനത്തിലെ ഏറ്റവും മനോഹരമായ കാഴ്‌ചയാണ്‌ സസ്യ സമൃദ്ധിയുടെ പച്ചപ്പ്‌. പച്ചപട്ടുടുത്ത വയലുകളും
, പച്ച പുതച്ച പ്രശാന്ത സുന്ദരമായ താഴ്‌വരകളും, മൊട്ടക്കുന്നുകളും, കിളികളുടെ കളകളാരവത്തില്‍ പുളകിതമാകുന്ന കാനനങ്ങളും, കാട്ടരുവികള്‍ മേളിക്കുന്ന കാനനച്ചോലയും അവിഭാച്യമായ അനുഭൂതിയുളവാക്കുന്ന ദൃശ്യവിരുന്നുകളാണ്‌. മനുഷ്യമനസ്സുകളേയും, സൗന്ദര്യസങ്കല്‍പങ്ങളേയും സര്‍ഗ്ഗാത്മക ആവിഷ്‌ക്കാരങ്ങളേയും വശ്യമായ ഈ പ്രകൃതി എക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്‌. മാത്രമല്ല ഈ സൗന്ദര്യ സങ്കല്‍പത്തില്‍ സൃഷ്‌ടിപ്പിന്റെ ഔന്നത്യത്തിലേയ്‌ക്കുള്ള ചിന്താധാരയിലൂടെ സ്രഷ്‌ടാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന വിശ്വാസിക്ക്‌ ഇലാഹീസാമിപ്യത്തിന്‌ പ്രതീക്ഷകളും നല്‍കുന്നുണ്ട്‌.
                 ഖുര്‍ആന്‍ പലസ്ഥലങ്ങളിലും ഈ വശ്യതയെ പ്രതിപാദിച്ചിട്ടുണ്ട്‌. മനുഷ്യന്‌ ഊഹിക്കാന്‍ കഴിയുന്ന ഭൂമിയിലെ ഏറ്റവും ചേതോഹരമായ ഒരനുഭവം എന്ന നിലയ്‌ക്കാവണം സ്വര്‍ഗ്ഗത്തെപറ്റി ``താഴ്‌വാരങ്ങളിലൂടെ അരുവികള്‍ ഒഴുകുന്ന ഫലസമൃദ്ധമായ ആരാമങ്ങള്‍'' എന്ന്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്‌. മക്കയില്‍ നിന്നും പ്രവാചക പ്രേമിയായി മദീനയിലെത്തിയ അബൂഹുറൈറ (റ) ന്റെ ഇഷ്‌ട നാടായ മക്കയിലെ പ്രാന്തപ്രദേശത്തുള്ള നീര്‍ത്തടങ്ങളേക്കുറിച്ചും ഇദ്‌ഖര്‍ പുല്ലുകള്‍ പടര്‍ന്നു പന്തലിച്ച കുന്നിന്‍ ചെരിവുകളെ കുറിച്ചും പാടിയ ഗൃഹാതുരത്വം പേറുന്ന വാചകങ്ങള്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. മലയാളക്കരയുടെ സ്വപ്‌ന സൗന്ദര്യം വരച്ചുകാണിക്കുന്ന
``മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതക കാന്തിയില്‍ മുങ്ങി മുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലാസല്‍ ഗ്രാമഭംഗി''
             എന്ന ചങ്ങമ്പുഴ കവിതകളുടെ നിത്യചാരുത ഇന്നും വായനക്കാരെ പുളകിതമാക്കും. ഇത്രയ്‌ക്ക്‌ മനോഹരിയായ പ്രകൃതിയിലെ പച്ചപ്പിനെ സ്വര്‍ഗാനുഭൂതിക്കും അതിന്റെ സൗന്ദര്യത്തിനും അല്ലാഹു ഉദാഹരിക്കുമ്പോള്‍ ഭൂമിയിലെ സൗന്ദര്യം വിടര്‍ത്തുന്ന സസ്യ-ഫല സമൃദ്ധമായ ഓരോ തുരുത്തും വിശ്വാസിക്ക്‌ വാഗ്‌ദത്ത സ്വര്‍ഗ്ഗീയ ആരാമത്തെ പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലാണ്‌.
           എന്നാല്‍ കമ്പോള വ്യവസ്ഥിതിയില്‍, ഏറ്റവും ലാഭകരമായതെന്തെന്ന തിരച്ചിലിനൊടുവില്‍ നീരൊഴിഞ്ഞ്‌ ഭൂമിയുടെ ജീവനറ്റ കഷ്‌ണങ്ങള്‍ നമുക്ക്‌ ചുറ്റും പെരുകുകയാണ്‌. ഇവയ്‌ക്കുമേല്‍ മൃതി കുടീരങ്ങള്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന കോണ്‍ക്രീറ്റ്‌ ഭവനങ്ങള്‍, കളകളാരവം എന്നോ നമ്മുടെ പാടങ്ങളില്‍ നിന്ന്‌ ഇല്ലാതായി. കുത്തിനോവിക്കപ്പെട്ട ആവാസവ്യവസ്ഥിതിയില്‍ കിളികളെന്നോ വംശനാശം നേരിട്ടിരിക്കുന്നു. നമ്മുടെ പ്രഭാതങ്ങളും സായാഹ്നങ്ങളും ശ്‌മശാനം പോലെ നിശബ്‌ധമാവുകയാണ്‌. നാം അറിയുന്നില്ലേ... `മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതുകാരണം കരയിലും കടലിലും നാശം പ്രത്യക്ഷമായിരിക്കുന്നു' എന്ന ഖുര്‍ആനീക വചനം. വിടരുന്ന ഓരോ പൂവും വസന്തവും, സൃഷ്‌ടികളോടുള്ള അല്ലാഹുവിന്റെ കനിവാര്‍ന്ന ഇഷ്‌ടത്തിന്റെ ഭാഗവുമാണ്‌. ഈ അനിര്‍വ്വചനീയമായ സ്‌നേഹ സൗകുമാര്യത്തിലേക്കാണ്‌ മനുഷ്യന്‍ അവന്റെ ആര്‍ത്തിയുടെ കുന്തമുനകള്‍ കുത്തിയിറക്കുന്നത്‌. വറ്റിപ്പോകുന്ന കടലുകളും അപ്രത്യക്ഷമാകുന്ന നദികളും മരുഭൂമിയായി തീരുന്നു ഹിമശേഖരങ്ങളും, പൊള്ളുന്ന ഭൂമിയും കരിയുന്ന ജീവജാലങ്ങളും സയന്‍സ്‌ ഫിക്ഷനുകളിലെ കല്‍പിത കഥകളല്ല. മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്ന വെറും ദു:സ്വപ്‌നങ്ങളുമല്ല. ഈ പ്രതിഭാസങ്ങളേയും ഖുര്‍ആനീക മുന്നറിയിപ്പിനേയും അവഗണിച്ചാല്‍ ഭൂമിയെ കാത്തിരിക്കുന്നത്‌ സര്‍വ്വനാശമായിരിക്കും.
ഭൂമിയുടെ അരുമമക്കളാണ്‌ സസ്യങ്ങള്‍. വളര്‍ന്നു വരുന്ന ഓരോ ചെടിയേയും ഒരുമ്മയുടെ സ്‌നേഹവായ്‌പ്പോടെയാണ്‌ ഭൂമി അതിന്റെ നെഞ്ചോട്‌ ചേര്‍ക്കുന്നത്‌. ആ സ്‌നേഹം തന്നിലേക്കൊഴുക്കിയ പ്രപഞ്ചനാഥനോടുള്ള കൃതജ്ഞതാഭാരത്താല്‍ നമ്രശിരസ്‌ക്കയായി ഓരോ ചെടിയും വെളിച്ചത്തിലേയ്‌ക്ക്‌ നാമ്പിടുന്നു. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും അല്ലാഹുവാകുന്നു വിത്തുകളും ധാന്യങ്ങളും പിളര്‍ത്തി മുളപ്പിക്കുന്നത്‌. സൂര്യന്‍ ആ കുഞ്ഞ്‌ ചെടികള്‍ക്ക്‌ പ്രതീക്ഷയുടെ ആദ്യ കിരണങ്ങള്‍ സമ്മാനിക്കുന്നു. ഇളങ്കാറ്റ്‌ അതിനെ ആലിംഗത്താല്‍ പൊതിയുന്നു. വികാരതരളിതമായ കാര്‍മേഘങ്ങള്‍ ആ ചെടികള്‍ക്ക്‌ സന്തോഷാശ്രുക്കള്‍ പൊഴിയുന്നു. അത്‌ തന്നെയാണ്‌ ഖുര്‍ആന്‍ പറയുന്നതും നിങ്ങള്‍ക്കുമേല്‍ സുഭദ്രമായ വാനങ്ങളെ സ്ഥാപിച്ചില്ലയോ, പ്രോജ്ജ്വലിക്കന്ന ദീപമുണ്ടാക്കിയില്ലയോ, കാര്‍മേഘങ്ങളില്‍ നിന്ന്‌ മഴവര്‍ഷിക്കുകയും ചെയ്‌തില്ലയോ, അതുവഴി ധാന്യങ്ങളും സസ്യങ്ങളും ഇടതിങ്ങിയ തോട്ടങ്ങള്‍ മുളപ്പിക്കുന്നതിന്‌.
                   സസ്യങ്ങളും, കായ്‌കനികളും അവയുടെ വൈവിധ്യങ്ങളും ഭൂമിയോടും അതിലെ ജീവജാലങ്ങളോടുമുള്ള അല്ലാഹുവിന്റെ കരുണാര്‍ദ്രമായ സ്‌നേഹവായ്‌പ്പുകളാണ്‌. ഓരോ പ്രദേശത്തേയും മണ്ണുമായി മനുഷ്യനും ജീവജാലങ്ങള്‍ക്കും ബന്ധമുണ്ട്‌. അവ പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ``അല്ലാഹുമാനത്ത്‌ നിന്ന്‌ മഴവര്‍ഷിപ്പിക്കുന്നത്‌ നീ കാണുന്നില്ലേ? അതുവഴി നാനാ നിറങ്ങളില്‍ പലയിനം പഴങ്ങള്‍ നാം ഉല്‍പാദിപ്പിക്കുന്നു. പര്‍വ്വതങ്ങളിലുമുണ്ട്‌ കറുത്തിരുണ്ടതും ചുവന്നതും, വെളുത്തതുമായ വര്‍ണ്ണങ്ങള്‍ മനുഷ്യരിലും, മൃഗങ്ങളിലും കന്നുകാലികളിലുമുണ്ട്‌ വ്യത്യസ്‌ത കളറിലുള്ളവ തീര്‍ച്ചയായും അല്ലാഹുവിന്റെ ദാസന്മാരില്‍ ജ്ഞാനികളാണ്‌ അവനെ ഭയപ്പെടുന്നത്‌'' (ഖുര്‍ആന്‍).
          ജനിതകമാറ്റം വരുത്തിയ വിത്തുകളും, പാക്കറ്റ്‌ ആഹാരങ്ങളും, അനുദിനമുയര്‍ന്നുവരുന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളും ഇല്ലാതാക്കി; ഗുണമേന്മയുള്ള ആഹാരം സംതൃപ്‌തിയോടെ ഭാവിതലമുറക്കെങ്കിലും കഴിക്കാന്‍ നാം ഇനിയെങ്കിലും സ്വര്‍ഗ്ഗീയ അനുഭൂതിയുടെ ഉദാഹരണങ്ങളായ ഭൂമിയിലെ പച്ചപ്പിനെ കാത്ത്‌ സൂക്ഷിക്കുക. ഭൂമിയോടുള്ള അക്രമം അവസാനിപ്പിക്കുക.

1 comment:

  1. ലേഖനം വളരെ ഇഷ്ടപ്പെട്ടു.

    പ്രകൃതിയും പച്ചപ്പും സത്യമാണ്‌. പ്രവാചകന്മാരും മഹാത്മാക്കളും പ്രകൃതിയെ അറിയുന്നവരും സ്നേഹിക്കുന്നവരുമാണ്‌. അതിനെ തുടച്ചുനീക്കുന്നതും വികൃതമാക്കുന്നതും പരിവർത്തനം വരുത്തുന്നതും വിഡ്ഡിത്തമാണ്‌.

    ReplyDelete

Related Posts Plugin for WordPress, Blogger...