ഹൃദയം തഖ്‌വയുടെ ഉറവിടം
"അബൂദര്‍റ് (റ) വില്‍ നിന്ന് നിവേദനം: "നബി (സ്വ) പറഞ്ഞു: അല്ലാഹു തആല പറഞ്ഞു: "എന്‍റെ ദാസന്മാരേ... നിശ്ചയം നിങ്ങളില്‍ ആദ്യക്കാരും അവസാനക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളില്‍ വെച്ച് ഏറ്റവും തഖ്‌വയുള്ള ഒരാളുടെ ഹൃദയത്തിന്മേലായിരുന്നാലും അത് എന്‍റെ അധികാരത്തില്‍ യാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല. എന്‍റെ ദാസന്മാരേ, നിങ്ങളില്‍ പെട്ട ആദ്യക്കാരും അവസാനക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം ഏറ്റവും തെമ്മാടിയായ ഒരാളുടെ ഹൃദയത്തിന്മേലായിരുന്നാലും അത് എന്‍റെ അധികാരത്തില്‍ നിന്നും ഒട്ടും കുറക്കുകയുമില്ല" (മുസ്ലിം).
തഖ്‌വയുടെയും തെമ്മാടിത്തരത്തിന്‍റെയും പ്രഭവകേന്ദ്രം ഹൃദയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഹൃദയം നന്നാവുകയും അതില്‍ തഖ്വ രൂഡമൂലമാവുകയും ചെയ്താല്‍ അവയവങ്ങള്‍ നന്നാവുകയും അവയിലൂടെ നന്മകള്‍ പ്രകടമാവുകയും ചെയ്യും. നേരേ മറിച്ച് ഹൃദയം ദുഷിക്കുകയും അതില്‍ തെമ്മാടിത്തം നില കൊള്ളുകയും ചെയ്താല്‍ അവയവങ്ങളിലൂടെ തിന്മകള്‍ പ്രകടമാവുകയും ചെയ്യും.
നുഅ്മാനു ബ്നു ബഷീര്‍ (റ) വില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു ഹദീസില്‍ കാണാം: നബി (സ്വ) പറയുന്നു: അറിയണം നിശ്ചയമായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയണം അതാണ് ഹൃദയം" (ബുഖാരി, മുസ്ലിം).
ഹൃദയം നന്നായാല്‍ അതില്‍ അല്ലാഹുവിന്‍റെ സ്മരണയും അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുമല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ അവയവങ്ങള്‍ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങളിലല്ലാതെ വ്യാപൃതമാവുകയില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ തൃപ്തി ഏത് കാര്യത്തിലാണോ അതിലേക്ക് അവ ധൃതിപ്പെടുകയും അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്ന് അവ വിട്ടുനില്‍ക്കുകയും ചെയ്യും. അപ്പോള്‍ സത്യം പറയുന്നതിലൂടെയും പ്രയോജനപ്രദമായ അറിവുകള്‍ പറയുന്നതിലൂടെയും നാവ് നന്നായിത്തീരുകയും, കണ്ണുകള്‍ ഗുണപാഠത്തിനാലും ഹറാമുകള്‍ കാണുന്നതിനേ തൊട്ട് ചിമ്മുന്നതിലൂടെയും നന്നായിത്തീരുകയും സദുപദേശം, ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ സംസാരം തുടങ്ങിയവ കേള്‍ക്കുന്നതിലൂടെ ചെവി നന്നാവുകയും പാതിവൃത്യത്തിനാലും ഹറാമുകള്‍ സൂക്ഷിക്കുന്നതിനാലും ഗുഹ്യസ്ഥാനവും നന്നായിത്തീരുകയും ചെയ്യും.
ഹൃദയം നന്നാവാതെ ഒരു മനുഷ്യന്‍റെ ഈമാന്‍ പരിപൂര്‍ണ്ണമാവുകയില്ല. അവന്‍റെ നാവ് നന്നാകുന്നത് വരെ അവന്‍റെ ഹൃദയവും നന്നാവുകയില്ല. അപ്പോള്‍ ഒരാള്‍ നേര്‍മാര്‍ഗ്ഗത്തില്‍ നില കൊള്ളുന്നതിന്‍റെ അടിസ്ഥാനം അവന്‍റെ ഹൃദയം തൗഹീദില്‍ അടിയുറക്കലാണ്. ഏതൊരാളുടെ ഹൃദയം അല്ലാഹുവിന്‍റെ മഅ്രിഫത്തില്‍ ചൊവ്വാവുകയും അവനോടുള്ള തഖ്വയിലും ആദരവിലും അവനെ മാത്രം ലക്ഷ്യമാക്കുന്നതിലും അവനോട് പ്രാര്‍ത്ഥിക്കുന്നതിലും അവന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്നതിലും ഉറക്കുകയും അവനല്ലാത്ത സകലതിനെ തൊട്ടും തിരിഞ്ഞു കളയുകയും ചെയ്യുന്നുവോ നിശ്ചയമായും അവന്‍റെ അവയവങ്ങളെല്ലാം ചൊവ്വാകുന്നതാണ്.
താന്‍ ആരെ ഇഷ്ടപ്പെടുന്നുവോ അത് അല്ലാഹുവിന് വേണ്ടി (അവന്‍റെ തൃപ്തിക്ക് വേണ്ടി) യായിരിക്കുകയും ആരെ വെറുക്കുന്നുവോ അതും അല്ലാഹുവിന് വേണ്ടിയായിരിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കുകയാണെങ്കില്‍ അത് അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടിയായിരിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും തടഞ്ഞാല്‍ അതും അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടിയായിയിരിക്കുകയും ചെയ്യുന്നുവോ നിശ്ചയം അവന്‍ ഈമാന്‍ പരിപൂര്‍ണ്ണമായവനാണ്.
അല്ലാഹുവിന് വേണ്ടി സ്നേഹിക്കലും അല്ലാഹുവിന് വേണ്ടി വെറുക്കലും ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അവന്‍ കൊടുക്കുന്നതും തടയുന്നതും അല്ലാഹുവിന് വേണ്ടിയാകുമ്പോള്‍ അത് രണ്ടും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അപ്പോള്‍ ബാഹ്യമായും ആന്തരികമായും അവന്‍ ഈമാന്‍ പരിപൂര്‍ണ്ണമായവനാണെന്ന് അത് തെളിയിക്കുന്നു. അല്ലാഹുവിന്‍റെ വിഷയത്തില്‍ സ്നേഹിക്കുകയെന്നാല്‍ താന്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളെല്ലാം ഇഷ്ടപ്പെടുകയും ചെയ്യലാണ്. അല്ലാഹുവിന്‍റെ വിഷയത്തിലുള്ള വെറുപ്പെന്നാല്‍ അല്ലാഹു വെറുക്കുന്ന സകലതും വെറുക്കലാണ്. അഥവാ സത്യനിഷേധം, തെമ്മാടിത്തം, അല്ലാഹുവിന്‍റെ കല്‍പ്പന നിരോധനങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വെറുക്കലും അത്തരം വിശേഷണങ്ങള്‍ ആരിലുണ്ടോ അവരെ വെറുക്കലും അതിലേക്ക് ക്ഷണിക്കുന്നവരെ വെറുക്കലുമാണ് ഒരാളുടെ സ്നേഹവും വെറുപ്പും കൊടുക്കലും തടയലുമെല്ലാം. ദേഹേച്ഛക്കനുസൃതമായിരുന്നാല്‍ അഥവാ അല്ലാഹുവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരിയായി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായിരുന്നാല്‍ അത് അവന്‍റെ ഈമാനിന്‍റെ കുറവ് മൂലമായിരിക്കുന്നതും ഉടന്‍ തന്നെ അവന്‍ തൗബ ചെയ്ത് മടങ്ങല്‍ നിര്‍ബന്ധവുമാണ്.
നീ നന്നാകലും ചീത്തയാകലും ഒരു മാംസക്കഷണത്തിന്‍റെ നന്നാകലിനോടും ദുഷിപ്പിനോടും ബന്ധിപ്പിച്ചതായിരുന്നാല്‍ ആ മാംസക്കഷണത്തെ നന്നാക്കുന്നതിന് വേണ്ടി പ്രയത്നിക്കല്‍ നിനക്കത്യാവശ്യമാണ്.
ഹൃദയത്തില്‍ കുടികൊള്ളുന്ന അഹങ്കാരം, അസൂയ, ലോകമാന്യം, പൊങ്ങച്ചം, പക, കോപം തുടങ്ങിയ ദുര്‍ഗ്ഗുണങ്ങളെ ഇല്ലായ്മ ചെയ്ത് വിനയം, സമസൃഷ്ടി സ്നേഹം, നിസ്വാര്‍ത്ഥത, കരുണ, ദയ, ഭയഭക്തി തുടങ്ങിയ സദ്ഗുണങ്ങള്‍ ഹൃദയത്തില്‍ നിറയുമ്പോഴേ അത് നന്നാവുകയുള്ളൂ. അത് നന്നായാലേ മറ്റ് അവയവങ്ങളും ശരീരം മുഴുവനും നന്നാവുകയും ജീവിതം നന്മയില്‍ അധിഷ്ഠിതമാവുകയും ചെയ്യൂ. മേല്‍പ്പറഞ്ഞ വിധം ഹൃദയത്തെ സ്ഫുടം ചെയ്ത് സദ്ഗുണ സമ്പന്നമാക്കണമെങ്കില്‍ ഒരു ആത്മീയ ആചാര്യനെ തേടിപ്പിടിച്ച് ആ ഗുരുവിന്‍റെ ശിഷ്യത്വം സ്വീകരിക്കല്‍ അനിവാര്യമാണ്. അല്ലാഹു തആല പറഞ്ഞു: "സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിലേക്ക് നിങ്ങള്‍ വസ്വീല തേടുകയും ചെയ്യുവീന്‍" () എന്ന ആയത്തില്‍ പറഞ്ഞ 'വസ്വീല' ഹഖീഖത്തിന്‍റെ പണ്ഡിതന്മാരും മുറബ്ബിയായ മശാഇഖുമാരാണ്. (തഫ്സീറു റൂഹുല്‍ ബയാന്‍).
അപ്പോള്‍ അല്ലാഹുവിലേക്ക് അടുക്കണമെങ്കില്‍ ഹൃദയത്തിന്‍റെ ദുര്‍ഗുണങ്ങള്‍ അകറ്റി അതിനെ സംസ്കരിച്ച് സദ്ഗുണ സമ്പന്നമാക്കുകയും തദ്വാര മഅ്രിഫത്ത് കരസ്ഥമാക്കി റബ്ബിന്‍റെ സാമീപ്യം നേടി ലക്ഷ്യസാക്ഷാത്കാരം സാധ്യമാവുകയും വേണമെങ്കില്‍ ഒരു ആത്മീയ ഗുരുവിനെ (മുറബ്ബിയായ ശൈഖിനെ) തേടിപ്പിടിക്കണമെന്നുമാണ് ഉദ്ദൃത ആയത്തില്‍ അല്ലാഹുവിന്‍റെ കല്‍പന. മുറബ്ബിയായ മശാഇഖുമാര്‍ ഒരു നിശ്ചിത കാലഘട്ടം വരെ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇക്കാലത്ത് മുറബ്ബി ലഭ്യമല്ലെന്നും ആത്മീയാന്ധത ബാധിച്ച ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അത് അബദ്ധ ജഡിലവും ദുരുദ്ദേശപരവും വാസ്തവ വിരുദ്ധവുമാണ്. എന്തുകൊണ്ടെന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ 'ഓ സത്യവിശ്വാസികളേ!" എന്ന് സത്യവിശ്വാസികളെ വിളിച്ച് അഭിസംബോധനയായി വന്നിട്ടുള്ള എല്ലാ കല്‍പനകളും ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാണ്. 'അല്ലാഹുവിലേക്ക് നിങ്ങള്‍ വസ്വീല തേടുവീന്‍" എന്ന് അല്ലാഹു കല്‍പിച്ചാല്‍ ആ വസ്വീല ഖിയാമത്ത് നാള്‍ വരെ ലോകത്ത് അവശേഷിക്കുകയും നിലനില്‍ക്കുകയും വേണം. അല്ലാത്ത പക്ഷം ഇപ്രകാരം അല്ലാഹു കല്‍പ്പിക്കുകയില്ല. ഇല്ലാത്തത് തേടിപ്പിടിക്കാന്‍ അവന്‍ കല്‍പ്പിച്ചാല്‍ അത് മനുഷ്യന് അസാധ്യമാകും. അസാധ്യമായത് അല്ലാഹു ഒരു ശരീരത്തോടും കല്‍പിക്കുകയുമില്ല.
അപ്പോള്‍ മുറബ്ബിയായ മശാഇഖുമാര്‍ കാലഹരണപ്പെട്ടുവെന്ന വാദം ബാലിശവും പ്രമാണ വിരുദ്ധവുമാണ്. ലോകാവസാനം വരെ മുറബ്ബിയുണ്ടാകും. പക്ഷേ, ആ മഹാ ഗുരുക്കന്മാരെ തേടിപ്പിടിക്കണം. ഭാഗ്യവാന്മാര്‍ അവരെ കണ്ടെത്തും. അല്ലാത്തവര്‍ നിഷേധം തുടര്‍ന്നു കൊണ്ടിരിക്കും. ഇമാം ബൂസ്വൂരി (റ) പാടിയത് പോലെ: "ചെങ്കണ്ണ് രോഗം ബാധിച്ച കണ്ണ് സൂര്യപ്രകാശത്തെ നിഷേധിച്ച് നിരാകരിക്കുകയും രോഗബാധിതന്‍റെ (പനി ബാധിച്ചവന്‍റെ) നാവ് വെള്ളത്തിന്‍റെ രുചിയേയും നിഷേധിച്ച് നിരാകരിക്കുകയും ചെയ്യും" (ബുര്‍ഉദാഅ്). അല്ലാഹു സത്യാവലംബികളാകുവാന്‍ നാമേവരേയും തുണക്കട്ടെ. ആമീന്‍.
No comments:
Post a Comment