മകളേ നീയും ഉമ്മയാകും
വളരെയധികം ത്യാഗങ്ങള്‍ സഹിച്ച് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയുമാണ് ഐശയെ മാതാപിതാക്കള്‍ വിവാഹം ചെയ്തയച്ചത്. മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ നല്ലവണ്ണം മനസ്സിലാക്കിയത് കൊണ്ടാവാം ഐശ ഭര്‍തൃവീട്ടിലെ കുത്തുവാക്കുകളും മറ്റും മാതാപിതാക്കളുടെ ചെവിയിലെത്തിക്കാഞ്ഞത്.
കാലങ്ങള്‍ പലതും കഴിഞ്ഞു. ഐശക്ക് ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അയല്‍പക്കത്തെ കുട്ടികളുടെ ചിരിയും കളിയും കാണുമ്പോള്‍ ഉള്ള് തേങ്ങും. യാത്രാവേളയില്‍ കുട്ടികള്‍ ഐശയെ നോക്കി ചിരിക്കുമ്പോള്‍ പുറമേ പുഞ്ചിരിച്ച് കാണിക്കുമെങ്കിലും മനസ്സ് വിങ്ങും. ഭര്‍തൃവീട്ടുകാര്‍ വെറുക്കാനും കുത്തുവാക്കുകള്‍ പറയാനും കാരണം മറ്റൊന്നില്ല. ഒരിക്കല്‍ ഒരു ബന്ധുവിന്‍റെ വായില്‍ നിന്നും "മച്ചിപ്പെണ്ണ്" എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ ഐശയുടെ ഉള്ള് ഉരുകിപ്പോയി. ആ ദിവസത്തിന്‍റെ രാവിന് വളരെ ദൈര്‍ഘ്യം തോന്നി. തിരിഞ്ഞും മറിഞ്ഞും കിടന്നു.
തന്നോട് അനുമതി ചോദിക്കാതെ കണ്ണുനീര്‍ ചാലിട്ടൊഴുകി. അവളുടെ മനസ്സ് മന്ത്രിച്ചു. നാഥാ! ഉമ്മാ എന്ന മധുമൊഴി കേള്‍ക്കാന്‍ എന്നാണ് എനിക്ക് ഭാഗ്യമുണ്ടാവുന്നത്. അപ്പോള്‍ ഐശ അറിയാതെ അവളുടെ കരങ്ങള്‍ ദര്‍ബാറിലേക്ക് ഉയര്‍ന്ന് പോയിരുന്നു. ഭര്‍ത്താവിന്‍റെ സ്നേഹം ഒന്ന് മാത്രമാണ് മരണത്തെ കുറിച്ച് അവളെ ചിന്തിപ്പിക്കാഞ്ഞത്. അല്ലെങ്കില്‍ എന്നേ അവള്‍ ഒരു പിടിക്കയറില്‍ തന്‍റെ ജീവിതം അവസാനിപ്പിക്കേണ്ടതായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭര്‍ത്താവായിരുന്നു അവളുടെ സാന്ത്വനം. ഒരിക്കല്‍ അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: എന്നെ പോലെ നിങ്ങള്‍ക്കും ഒരു കുഞ്ഞുണ്ടാവാന്‍ ആഗ്രഹമുണ്ടല്ലോ? നിങ്ങള്‍ മറ്റൊരു വിവാഹം കഴിച്ചോളൂ. നൂറുവട്ടം എനിക്ക് അതിന് തൃപ്തിയാണ്. അത് പറയുമ്പോഴും അവളുടെ കണ്ണ് ഈറനണിയുന്നുണ്ടായിരുന്നു.
അപ്പോഴും ഭര്‍ത്താവ് അവളെ ആശ്വസിപ്പിച്ചു. അയാള്‍ പറഞ്ഞു: വാര്‍ദ്ധക്യത്തില്‍ ഇബ്റാഹിം നബി (അ) ക്ക് മക്കളെ കൊടുത്ത നാഥനുണ്ടല്ലോ മുകളില്‍? അവന്‍ നമ്മെ കൈവെടില്ല. അവര്‍ പല നേര്‍ച്ചകളും നേര്‍ന്നു.
അവരുടെ സങ്കടം അല്ലാഹു ആ രാത്രി തന്നെ മാറ്റിക്കൊടുത്തു. ഇപ്പോള്‍ ഐശക്ക് മാസം ഒമ്പതായി. സ്കാനിംഗ് ചെയ്തപ്പോള്‍ ഡോക്ടര്‍ സൂചിപ്പിച്ചു. പെണ്‍കുഞ്ഞാണത്രെ. എല്ലാ സങ്കടവും അല്ലാഹു തീര്‍ത്തത് പോലെ സന്തോഷത്തിലും ഐശയുടെ കണ്ണുകള്‍ ഈറനണിയാനും നാഥനെ സ്തുതിക്കാനും മറന്നില്ല.
ഗര്‍ഭകാല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സന്തോഷത്തിന്‍റെ ലഹരിയില്‍ ബാധിച്ചില്ലെന്ന് തന്നെ പറയാം. ഏതായാലും ഡോക്ടര്‍ പറഞ്ഞത് പോലെ ഒരു പെണ്‍കുഞ്ഞിന് ഐശ ജന്മം നല്‍കി. ഭര്‍ത്താവ് സുജൂദിലായി വീണ് നാഥന് ശുക്റ് ചെയ്തു.
അല്ലലേല്‍പ്പിക്കാതെ മകളെ അവര്‍ വളര്‍ത്തി. പിന്നീട് ഒരു കുട്ടിക്ക് വേണ്ടി അവര്‍ ശ്രമിച്ചെങ്കിലും ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനേ അവര്‍ക്ക് വിധിയുണ്ടായുള്ളൂ. മകളെ അവര്‍ മതചിട്ടയോടും ദീനീബോധത്തോടെയും വളര്‍ത്തി. പേര് 'ഹിസാന'. പേരറിയിക്കും പോലെ സുന്ദരിയായിരുന്നു അവള്‍. നാട്ടുകാര്‍ക്കിടയിലും മതചിട്ടയോടെ വളരുന്ന ഹിസാനയെ കുറിച്ച് മതിപ്പായിരുന്നു. പുറത്തിറങ്ങുമ്പോള്‍ പൂര്‍ണ്ണമായും ശരീരം മറച്ചിരുന്നു ഹിസാന.
മകളുടെ വളര്‍ച്ചയില്‍ ആധി പൂണ്ട മാതാപിതാക്കള്‍ അവളെ ഒരു ഉത്തമ പുതുമാരനെ ഏല്‍പ്പിക്കുന്നതിലായി പിന്നീട് അവരുടെ ചിന്ത. ഊണിലും ഉറക്കിലും അവളെ കുറിച്ചുള്ള ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രായം ചെന്ന ഈ മാതാപിതാക്കളുടെ നെഞ്ചില്‍ തീ വാരിയിട്ട് അവള്‍ ഒരുവന്‍റെ കൂടെ ഒളിച്ചോടി എന്ന വാര്‍ത്ത ഇവരെ തളര്‍ത്തിക്കഴിഞ്ഞു. വാര്‍ദ്ധക്യകാലത്ത് മരുന്നുകള്‍ കൊടുക്കേണ്ട അവള്‍ മാതാപിതാക്കളോട് കാണിച്ച അനീതി കേട്ട് നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ചുപോയി. അവസാനം മാതാപിതാക്കള്‍ അവളെ കണ്ടത് കോടതി വളപ്പില്‍ വെച്ചാണ്. സുഖമില്ലെങ്കിലും കോടതി വളപ്പില്‍ വരെ ചെന്നത് മകളുടെ മനസ്സലിയും എന്നോര്‍ത്തായിരുന്നു. ഒരു ദയയും മാതാവിനോടും പിതാവിനോടും അവള്‍ കാണിച്ചില്ല. തന്‍റെ തങ്കക്കുടം കാമുകന്‍റെ കാറില്‍ പോകുന്നത് കണ്ടത് മാത്രമേ ആ ഉമ്മയ്ക്ക് ഓര്‍മ്മയുള്ളൂ. പിന്നീട് കണ്ണ് തുറക്കുന്നത് നഗരത്തില്‍ പ്രശസ്തമായ ഒരു ആശുപത്രിയിലെ ഐ.സി.യു. വില്‍ വെച്ചാണ്. മകളുടെ കാര്യം മാതാവിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കലശമായ ഒരു നെഞ്ചുവേദന ആ ഉമ്മായ്ക്ക് ഉണ്ടായി. അവസാനം അടുത്തു എന്ന് മനസ്സിലാക്കിയ മാതാവ് മകളെ ഒരു നോക്ക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴും ആ മാതാവ് മകളെ മനം കൊണ്ട് പ്രാകിയില്ല. ഉമ്മയുടെ ആഗ്രഹം നടന്നില്ല. ഉമ്മയുടെ കണ്ണുകള്‍ അടഞ്ഞു. അടഞ്ഞ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണുനീര്‍. അതൊരു പക്ഷേ മകള്‍ക്ക് വേണ്ടിയാവാം.. ആ കണ്ണുനീര്‍ മകളോട് വിളിച്ചു പറയുന്നുണ്ടാകാം. "മകളേ..നാളെ നീയും ഉമ്മയാകും".
പുന്നാര ഉമ്മയുടെ അമ്മിഞ്ഞത്തിന്‍റെ മാധുര്യം മകള്‍ ഓര്‍ത്തിരുന്നെങ്കില്‍.... വാവിട്ട് കരയുമ്പോള്‍ ഉറക്കമില്ലാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചതും താരാട്ട് പാട്ടിന്‍റെ ഈരടികളും മകള്‍ ഓര്‍ത്തിരുന്നെങ്കില്‍.. ഒരു പക്ഷേ ഉമ്മയുടെ ഗതി ഇങ്ങനെയാവുമായിരുന്നില്ല.... ഉമ്മയുടെ അമ്മിഞ്ഞപ്പാലിനും താരാട്ട് പാട്ടിനും പകരം നല്‍കാന്‍ ലോകത്ത് എന്തെങ്കിലുമുണ്ടോ?...
എന്‍.എം. ചേര്‍ത്തല
No comments:
Post a Comment