നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday, 18 August 2020

അനിവാര്യമാണ് ആദരവ്

മുഹമ്മദ് സഹല്‍, കാരിക്കോട്

ആദരവ് എന്നത് ഒരു മഹത്തായ ഗുണമാണ്. മത-ദേശ-ഭാഷ-വര്‍ഗ്ഗ-ലിംഗ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ഒരു സുവര്‍ണ്ണഗുണം. കാരണം മനുഷ്യന്‍റെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നതാണത്. മതം ഉള്ളവനും ഇല്ലാത്തവനും അത് അംഗീകരിക്കുന്നു. മതമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനും അവരുടെ മുന്‍ഗാമികളെ പറഞ്ഞും ഓര്‍ത്തും ആദരിക്കുന്നു. ഉറുമ്പുകള്‍, തേനീച്ചകള്‍ പോലെയുള്ള കേവലം ജീവികള്‍ പോലും അവരുടെ നേതാവിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ആദരവ് എന്നത് മനുഷ്യ ജീവിതത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്ന ഇന്ധനമാണ്. പൂര്‍വ്വസൂരികളോടാവുമ്പോള്‍ അത് പത്തരമാറ്റാവും. ആദരവില്ലാത്ത സമൂഹം ആത്മാവ് നഷ്ടപ്പെട്ട ജഡത്തെ പോലെയാണ്. നശ്വരമായ ദുന്‍യാവിലെ ജീവിതവും അനശ്വരമായ പരലോക വിജയത്തിലേക്കുള്ള പ്രതിസന്ധികളും തരണം ചെയ്യാനുള്ള മനക്കരുത്ത് നേടിത്തരുന്നത് മുത്ത് നബി (സ്വ) യോടും അവിടുത്തെ പിന്തുടര്‍ന്ന സ്വാലിഹീങ്ങളോടുമുള്ള ആദരവും സ്നേഹവും ഒന്ന് മാത്രമാണ്. 

ആദ്യത്തെ അനാദരവ്

ആദരവിന്‍റെയും അനാദരവിന്‍റെയും ചരിത്രത്തിന് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. ആദം നബി (അ) നെ സൃഷ്ടിച്ച പടച്ച തമ്പുരാന്‍ ആദം നബി (അ) ക്ക് സുജൂദ് ചെയ്യാന്‍ മലക്കുകളോട് കല്‍പിച്ചു. ഇബ്ലീസ് (ല) ഒഴികെയുള്ള മലക്കുകള്‍ എല്ലാം തന്നെ സുജൂദ് ചെയ്തു. സുജൂദ് ചെയ്യാത്ത ഇബ്ലീസ് ഇതിന് പറഞ്ഞ ന്യായം : തീ കൊണ്ട് പടക്കപ്പെട്ട ഞാന്‍ മണ്ണ് കൊണ്ട് പടക്കപ്പെട്ട ആദമിന് എന്തിന് സുജൂദ് ചെയ്യണം? എന്നതായിരുന്നു. 

അനാദരവിന്‍റെ ഉത്ഭവം

അനാദരവ് ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം അഹങ്കാരം തന്നെയാണ്. ഒന്നുകില്‍ എല്ലാവരും എന്നെപ്പോലെയാണ് അല്ലെങ്കില്‍ എന്നേക്കാള്‍ താഴെയാണ് എന്ന മൂഢമായ ധാരണ. ഇബ്ലീസിന് പറ്റിയതും ഈ ചിന്ത തന്നെ. നമ്മുടെ നാട്ടിലെ ചില ആളുകളെ കാണുമ്പോള്‍ അവരും ഇബ്ലീസിന്‍റെ അനുയായികള്‍ തന്നെയാണ് എന്ന് സംശയിക്കേണ്ടിരിക്കുന്നു. കാരണം അല്ലാഹുവിന്‍റെ അമ്പിയാക്കളും ഔലിയാക്കളും സാധാരണക്കാരും നമ്മെ പോലെ ഉറങ്ങുന്നവരും ഭക്ഷണം കഴിക്കുന്ന വരുമാണ്. അതുകൊണ്ട് അവരെ ബഹുമാനിക്കേണ്ടതില്ല എന്ന് പറയുന്നവരും മണ്ണ് കൊണ്ട് പടച്ച ആദമിനെ തീ കൊണ്ട് പടച്ച ഞാന്‍ എന്തിന് സുജൂദ് ചെയ്യണം എന്ന് ചോദിക്കുന്ന ഇബ്ലീസും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഇരുവരും യുക്തിക്ക് പ്രാധാന്യം കൊടുക്കുന്ന യുക്തിവാദികള്‍ തന്നെ.

ആരാധനയും ആദരവും

പരിശുദ്ധ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആദരവും ആരാധനയും പരസ്പരം പൂരകങ്ങളാണ്. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളുമാണ്. ആദരവില്ലാത്ത ആരാധനയും ആരാധന ഇല്ലാത്ത ആദരവും രണ്ടും ഭൂഷണമല്ല. എന്നിരുന്നാല്‍ പോലും ചിലയാളുകള്‍ ആരാധനക്ക് മാത്രം പ്രാധാന്യം കൊടുത്ത് ആദരവിനെ പാടെ ഒഴിവാക്കുന്നു. പൂര്‍വ്വീകരുടെ ചരിത്രം പരതുമ്പോള്‍ ആരാധനയുടെ കാര്യത്തില്‍ കുറവ് വന്ന പലരും ആദരവ് ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതായി കാണാം. എന്നാല്‍ ആരാധനാ വിഷയത്തില്‍ വലിയ വലിയ മേച്ചില്‍പുറങ്ങള്‍ കീഴടക്കിയ പലരും ആദരവ് ഒന്നിന്‍റെ കുറവ് കൊണ്ട് മാത്രം നാശത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് ആണ്ട് പോയ സംഭവവും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. 

കാഫിരീങ്ങളുടെ ആദരവ്

മൂസാ നബി (അ) ക്ക് അല്ലാഹു കൊടുത്ത മുഅ്ജിസത്തിന്‍റെ വടി മായാജാലമാണെന്ന് ആരോപണം ഉന്നയിച്ച അന്നാട്ടിലെ കാഫിരീങ്ങളായ സാഹിരീങ്ങള്‍ (മായാജാലക്കാര്‍) മൂസാ നബി (അ) യെ ഒരു മത്സരത്തിന് ക്ഷണിച്ചു. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം വെല്ലുവിളി എറ്റെടുത്ത മൂസാ നബി (അ) യും എതിര്‍ ചേരിയിലുള്ളവരും സംഗമിച്ചു. ആയിരക്കണക്കിന് കാണികളെ സാക്ഷി നിര്‍ത്തിക്കൊണ്ടുള്ള പ്രകടനം തുടങ്ങുന്നതിന് മുമ്പ് അവിടെ കൂടിയ സാഹിരീങ്ങള്‍ മൂസാനബി (അ) യോട് ചോദിക്കുന്ന ഒരു ചോദ്യം അല്ലാഹു അവന്‍റെ വിശുദ്ധ ഖുര്‍ആനില്‍ അവതരിപ്പിക്കുന്നുണ്ട്. "അവര്‍ (സാഹിരീങ്ങള്‍) പറഞ്ഞു: ഓ! മൂസാ! ഒന്നുകില്‍ നീ (വടി) ഇടുക. അല്ലെങ്കില്‍ ആദ്യമിടുന്നത് ഞങ്ങളാവാം" (സൂറത്ത് ത്വാഹാ 65). മൂസാ നബി (അ) ഈ മത്സരത്തില്‍ വിജയിക്കുകയും സാഹിരീങ്ങള്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഈ ആയത്തിനെ വ്യാഖ്യാനിച്ച് കൊണ്ട് ബഹു. ശൈഖ് ഇസ്മാഈലില്‍ ഹഖി എന്നവര്‍ പറയുന്നു: ആദ്യം വടി ഇടാന്‍ മൂസാ നബി (അ) ക്ക് സ്വാതന്ത്ര്യം നല്‍കുകയും അദ്ദേഹത്തെ മുന്തിക്കുകയും വഴി മൂസാ നബി (അ) യെ ആദരിച്ചതിനാലാണ് അവരെ സത്യവിശ്വാസത്തിലേക്ക് അല്ലാഹു നയിച്ചത് എന്ന് ഈ ആയത്തില്‍ സൂചനയുണ്ട് (റൂഹുല്‍ ബയാന്‍ 5/401). ഈ ചെറിയ ബഹുമാനം കൊണ്ട് കാഫിരീങ്ങളായ ജനതയ്ക്ക് അല്ലാഹു ഹിദായത്ത് കൊടുത്തെങ്കില്‍ അല്ലാഹു ആദരിച്ചവരോടുള്ള ഒരു ചെറിയ അനാദരവ് പോലും നമ്മെ നാശത്തിന്‍റെ പടുകുഴിയിലേക്ക് നയിക്കും എന്ന വിഷയത്തില്‍ സംശയമില്ല. നാം എത്രമാത്രം ജാഗരൂകരായിരിക്കണം എന്ന് ഈ സംഭവം പഠിപ്പിക്കുന്നു. 

ആബിദീങ്ങളുടെ അനാദരവ്

നാം മേല്‍പറഞ്ഞ ഇബ്ലീസിന്‍റെ ചരിത്രം തന്നെ വലിയ പാഠമാണ്. മലക്കുകളുടെ ഉസ്താദും വലിയ ആബിദും ഏഴ് ആകാശങ്ങളില്‍ 7 പേരുകളില്‍ അറിയപ്പെട്ടിരുന്നവരുമായ അസാസീല്‍ എന്ന ഇബ്ലീസ് ശപിക്കപ്പെടാന്‍ കാരണം ആരാധനയിലെ കുറവായിരുന്നില്ല. മറിച്ച് അനാദരവ് എന്ന ഒന്ന് കൊണ്ട് മാത്രമാണ്. പണ്ഡിതനും ആബിദുമായ ഇബ്നു സഖായ്ക്കും പറ്റിയ പ്രധാന പ്രശ്നം അല്ലാഹു ആദരിച്ചവരെ ആദരിക്കാത്തതാണ്. ബല്‍ഗമ് ബ്നു ബാഗൂറയ്ക്ക് പറ്റിയ അബദ്ധവും അത് തന്നെ.

സ്വഹാബാക്കള്‍ക്ക് കിട്ടിയ ശാസന

മദീനാ പള്ളിയില്‍ ഒരു ചര്‍ച്ച. നേതൃത്വം കൊടുക്കുന്നത് തിരുനബി (സ്വ) തന്നെ. ചര്‍ച്ച അല്‍പം ഉച്ചത്തിലായി. പ്രധാന അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ (റ) എന്നിവരുടെ സ്വരം അവര്‍ അറിയാതെ അല്‍പാല്‍പമായി ഒന്നുയര്‍ന്നു. ദുന്‍യവിയ്യായ എന്തെങ്കിലും ഉദ്ദേശത്തിന് വേണ്ടിയായിരുന്നില്ല. മറിച്ച് ഇസ്ലാമിന്‍റെ വളര്‍ച്ചക്ക് വേണ്ടിയായിരുന്നു. പക്ഷേ, ഉടന്‍ ജിബ്രീല്‍ (അ) ഖുര്‍ആനിക വാക്യങ്ങള്‍ ഓതിക്കൊടുത്തു: "സത്യവിശ്വാസികളേ, നബിയുടെ സ്വരത്തേക്കാള്‍ നിങ്ങളുടെ സ്വരത്തെ ഉയര്‍ത്തരുത്. നിങ്ങളില്‍ ചിലര്‍ ഒച്ചവെക്കുന്നത് പോലെ നബി (സ്വ) യോട് ഒച്ച വെക്കരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോയേക്കും എന്നത് കൊണ്ടാണ്". പിന്നീട് അബൂബക്കര്‍ (റ), ഉമര്‍ (റ)എന്നിവര്‍ രഹസ്യം പറയുന്നത് പോലെയേ നബി (സ്വ) യോട് സംസാരിക്കുമായിരുന്നുള്ളൂ. 

വീണ്ടും അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നബി (സ്വ) യെ ഓതിക്കേള്‍പ്പിച്ചു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കല്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നവനാരോ ഹൃദയങ്ങള്‍ ഭക്തി നിഷ്ഠക്കായി അല്ലാഹു പരീക്ഷിച്ച് പരിശീലിപ്പിച്ചിട്ടുള്ളവരത്രെ. അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.

അടിസ്ഥാനം ആദരവ് തന്നെ

ഇബ്ലീസ്, ഇബ്നു സഖാ തുടങ്ങിയ വലിയ ആബിദീങ്ങളായ പണ്ഡിതന്മാര്‍ നാശത്തിന്‍റെ പടുകുഴിയിലേക്ക് വീഴാനും മൂസാ നബി (അ) ക്കെതിരെ നിലയുറപ്പിച്ച സാഹിരീങ്ങള്‍ക്ക് സത്യവിശ്വാസത്തിന്‍റെ കവാടം തുറക്കാനുമുണ്ടായ കാരണം 'ആദരവ്' എന്ന സത്ഗുണം മാത്രമാണ്. 'അസ്വ്ഹാബുല്‍ കഹ്ഫ്' ചരിത്രത്തിലെ 'പട്ടി' സ്വര്‍ഗ്ഗസ്ഥനായതിനുള്ള കാരണവും മറ്റൊന്നല്ല. നാം നേരത്തെ പറഞ്ഞ ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കുമ്പോള്‍ ഉന്നതരായ സ്വഹാബാ കിറാമിന് പോലും മനഃപൂര്‍വ്വമല്ലാത്ത ഒരു ചെറിയ അനാദരവിന്‍റെ പേരില്‍ അല്ലാഹു ശാസിച്ചെങ്കില്‍ കേവലം ഇബാദത്ത് കൊണ്ട് മാത്രം നാം രക്ഷപ്പെടും എന്ന വിശ്വാസം ഒരു മിഥ്യാധാരണയാണെന്ന് മനസ്സിലാക്കാം. കാരണം കര്‍മ്മങ്ങളുടെ സ്വീകാര്യതയ്ക്ക് അനിവാര്യമായ ഒന്നാണല്ലോ ഭയഭക്തി. ഭയഭക്തി ഉണ്ടാവണമെങ്കിലാവട്ടെ ഹൃദയശുദ്ധി അനിവാര്യമാണ് താനും. ഹൃദയ ശുദ്ധിക്കുള്ള ഒരു പ്രധാന മരുന്നായി പണ്ഡിതന്മാര്‍ പറയുന്നതാവട്ടെ സജ്ജന സഹവാസവും. വെറും സഹവാസമല്ല, അളവറ്റ ആദരവിലും സ്നേഹത്തിലും ചാലിച്ച സഹവാസം. ആ സഹവാസവും ആദരവുമില്ലെങ്കില്‍ ഒരു രക്ഷയുമില്ല താനും. കാരണം അല്ലാഹു പറഞ്ഞത് "ആരെങ്കിലും അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിച്ചാല്‍ തീര്‍ച്ചയായും അത് ഹൃദയത്തിന്‍റെ ഭയഭക്തിയില്‍ നിന്നുള്ളതാണ്" എന്നാണ്. മാത്രവുമല്ല, മുത്തുനബി (സ്വ) പറഞ്ഞു: "അമ്പിയാക്കളെ ഓര്‍ക്കല്‍ ഇബാദത്തും സ്വാലീഹീങ്ങളെ സ്മരിക്കല്‍ പാപമോചനവുമാണ്".

തെറ്റായ നിഗമനങ്ങള്‍

ലോക ചരിത്രത്തില്‍ ഏറ്റവും ഭയഭക്തിയിലും സൂക്ഷ്മതയിലും ഇബാദത്ത് ചെയ്തവരാണല്ലോ തിരുനബി (സ്വ) യുടെ സ്വഹാബാക്കള്‍? ആ സ്വാഹാബാക്കള്‍ ആദരവിന്‍റെ കാര്യത്തില്‍ കാണിച്ച അങ്ങേയറ്റത്തെ കണിശത നമ്മില്‍ പെട്ട ചിലര്‍ കണ്ടില്ലെന്ന് തോന്നുന്നു. കാരണം മറ്റൊന്നല്ല, ധാരാളം നിസ്കരിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന ഇവര്‍ ആദരവിന്‍റെ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ഖുര്‍ആന്‍ ഓതിയാല്‍ പോരേ? മൗലിദ് ഓതണോ? നിസ്കരിച്ചാല്‍ പോരേ, മഹാന്മാരെ സിയാറത്ത് ചെയ്യണോ? തുടങ്ങിയ ന്യൂ ജനറേഷന്‍ പോളിസിയുമായി യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. മഹത്തുക്കളോടും മറ്റുമുള്ള ആദരവിന് പരിധി വെച്ച് "അമിതമായാല്‍ അമൃതും വിഷം" എന്ന് വേദമോതുന്ന ഇവര്‍ ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഒന്ന് കണ്ടിരുന്നുവെങ്കില്‍..

ഖുറൈശികളുടെ പ്രതിനിധിയായി തിരുസവിധത്തിലെത്തിയ ഉര്‍വ്വത്ത് ബ്നു മസ്ഊദ് നടത്തിയ ദൃക്സാക്ഷി വിവരണം ഒന്ന് കാണുക. "മുഹമ്മദ് നബി (സ്വ) തുപ്പുന്നത് അവര്‍ ആദരപൂര്‍വ്വം ഏറ്റുവാങ്ങി മുഖത്തും ശരീരത്തും പുരട്ടുന്നു. അവരോട് വല്ലതും കല്‍പിച്ചാല്‍ ഞൊടിയിട കൊണ്ട് അവരത് നിറവേറ്റുന്നു. അവിടുന്ന് വുളൂ ചെയ്താല്‍ ബാക്കിയുള്ള വെള്ളത്തിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നു. ഇതെല്ലാം കണ്ടമ്പരന്ന ഖുറൈശി പ്രതിനിധി ഖുറൈശികളോട് പറയുന്നു: ഞാന്‍ കിസ്റയുടെയും കൈസറിന്‍റെയും നജ്ജാശിയുടെയും മറ്റ് പല രാജാക്കന്മാരുടെയും ദര്‍ബാറുകളില്‍ പോയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി (സ്വ) യെ ആദരിക്കുന്നത് പോലെ മറ്റ് ഒരു രാജാക്കന്മാരെയും അവരുടെ അനുയായികള്‍ ആദരിക്കുന്നത് കണ്ടിട്ടില്ല".

അതുകൊണ്ട് തന്നെ ആദരവ് എന്നത് പൂര്‍വ്വികരായ സ്വഹാബാക്കളുടെ അനന്തര സ്വത്താണ്. അത് ഏറ്റുവാങ്ങിയവര്‍ മാത്രമാണ് വിജയിച്ചിട്ടുള്ളതും. അനാദരവിന്‍റെയും അഹങ്കാരത്തിന്‍റെയും വഴി തേടിയവരെല്ലാം പരാജയത്തിന്‍റെ പടുകുഴിയിലേക്ക്, സ്വയം നാശത്തിന്‍റെ നിതാന്ത അസ്തമയത്തിലേക്ക് ആണ്ട് പോയിട്ടുണ്ട്. കാലം അതിന് സാക്ഷിയാണ്. "വിജയിച്ചവരാരും വിജയിച്ചിട്ടില്ല; വിജയിച്ചവരോട് കൂടിയിട്ടല്ലാതെ". അതെ വിജയിച്ചവരോട് കൂടുമ്പോള്‍ അവിടെ ആദരവ് അനിവാര്യമാകുന്നു. അല്ലാഹു നമ്മെ പൊരുത്തമുള്ള വഴികളിലൂടെ സഞ്ചരിപ്പിക്കട്ടെ. ആമീന്‍. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...