നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday, 18 August 2020

നബി (സ്വ) യുടെ നബിദിന സന്ദേശം

ലോകത്ത് ധാരാളം ജന്മദിനാഘോഷങ്ങളുണ്ട്. പക്ഷേ, എണ്ണപ്പെട്ടത് അധികമില്ല; വളരെ കുറച്ചേയുള്ളൂ. അതില്‍ പ്രമുഖം രണ്ട് നബിമാരുടേതാണ്. 

ഒന്ന് നമ്മുടെ നബി മുഹമ്മദ് മുസ്ഥഫാ റസൂല്‍ കരീം (സ്വ) തങ്ങളുടേത്. മറ്റേത് ഈസാ നബി (അ) എന്ന ശ്രീയേശുവിന്‍റേത്. അവയില്‍ നമ്മുടെ നബി (സ്വ) യുടെ ജന്മദിനാഘോഷമേ നബിദിനം എന്ന് പേര് കേട്ടിട്ടുള്ളൂ. ഈസാ നബി (അ) യുടെ ജന്മദിനാഘോഷമാകട്ടെ ക്രിസ്തുമസ് എന്ന പേരാണ് കേള്‍പ്പിച്ചത്. 

നബിദിനം ഒന്ന് മതി, ഒന്നേ ഒന്ന്; അത് സ്വന്തം ഹബീബിന്‍റേതാകട്ടെ എന്നായിരിക്കാം അല്ലാഹുവിന്‍റെ തീരുമാനം. ഇക്കഴിഞ്ഞത് പുന്നാര നബി (സ്വ) യുടെ 1488-ാമത് ജന്മദിനാഘോഷമായിരുന്നു. നമ്മള്‍ എന്തിനീവിധം അവിടുത്തെ ജന്മദിനങ്ങള്‍ എണ്ണുന്നു?

ഉത്തരത്തിന് നമുക്കൊരു ഹദീസിലേക്ക് പോകാം. എന്‍റെ വരവോടെ ഖിയാമത്ത് നാള്‍ അടുത്തു. ഉത്തരം വ്യക്തം; ഖിയാമത്തിന്‍റെ അടുപ്പം അക്കമിട്ട് അറിയാന്‍.

വിപുലമായ നബിദിനാഘോഷങ്ങള്‍ ആരംഭിച്ചത് ഹിജ്റ് 300 ന് ശേഷം ആയിരുന്നു. അവിടുന്നിങ്ങോട്ട് പ്രാദേശിക നബിദിനാഘോഷങ്ങളുടെ നോട്ടീസുകളില്‍ പോലും അത് നമ്മള്‍ ആവേശത്തോടെ എണ്ണിക്കുറിച്ചു. അവരും ഇവരും അവരവരുടെ ആചാര്യന്മാരുടെ ജന്മദിനാഘോഷങ്ങള്‍ എണ്ണിയത് കണ്ടിട്ടല്ല: പിന്നെയോ, ഖിയാമം അടുത്തു എന്ന് നമ്മുടെ നബി (സ്വ) പറഞ്ഞിട്ടാണ്.

യേശുവിന്‍റെ ജന്മദിനം ആഘോഷിച്ചു; നബി (സ്വ) യുടെയും ആഘോഷിച്ചു!? ക്രിസ്തുമസ് എണ്ണി; നബിദിനവും എണ്ണി!?; അല്ല, അങ്ങനെയല്ല. ചിലര്‍ക്ക് അങ്ങനെ ഒരു ധാരണയുണ്ട്. അബദ്ധ ധാരണയാണത്. 

എന്‍റെ വരവോടെ ഖിയാമം അടുത്തു എന്ന നബിവചനത്തില്‍ ഉറപ്പായും ഒരു നബിദിന സ്പര്‍ശമുണ്ട്. ഒന്ന് കടത്തിപ്പറഞ്ഞാല്‍ ഖിയാമ സന്ദേശം എന്നതിന് പുറമേ അതൊരു നബിദിന സന്ദേശം കൂടിയാണ്. നബി (സ്വ) യുടെ വക നബിദിന സന്ദേശം. നബി (സ്വ) യുടെ സ്വന്തം നബിദിന സന്ദേശം. നബിദിനാഘോഷങ്ങള്‍ക്ക് മുമ്പേ പിറന്ന, അല്ല പറന്ന നബിദിന സന്ദേശം.

നബിദിനാഘോഷങ്ങള്‍ നിലവില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ നമുക്കിങ്ങനെ ഖിയാമ സാമീപ്യം എണ്ണി അറിയുവാന്‍ ഒക്കുകയില്ലായിരുന്നു. എവിടെ തൊട്ട്  അല്ലെങ്കില്‍ എവിടെ നിന്നെണ്ണും? 

ആദം നബി (അ) മുതല്‍ ഈസാ നബി (അ) വരെ നോക്കിയാലും എണ്ണിത്തുടങ്ങുവാന്‍ ഒരു ആധാരശില അഥവാ ഒന്നാം (നാഴിക)കല്ല് ഇല്ല. അതുണ്ടായത് നബി (സ്വ) യുടെ വരവോടെ, നബിദിനത്തോടെ മാത്രം. 

ലോകം അവസാനിക്കുന്നത് ദിവസങ്ങളുടെ നേതാവായ വെള്ളിയാഴ്ചയിലായിരിക്കും എന്ന് ലോകത്തിന്‍റെ നേതാവ് നമ്മുടെ നബി (സ്വ) വെളിപ്പെടുത്തിയിട്ടുണ്ട്. 

വെള്ളിയാഴ്ച സംഭവിക്കാനിരിക്കുന്ന സംഭവം ആയിട്ടും ഏതെങ്കിലും ഒരു വെള്ളിയാഴ്ച ആസ്പദമാക്കി ആ സംഭവത്തെ എണ്ണാമെന്ന് വെച്ചാല്‍ സാധ്യമല്ല, പകരം നക്ഷത്രമെണ്ണുകയേയുള്ളൂ. നബിദിനം തൊട്ട് അല്ലാതെ മറ്റൊരു ദിനം തൊട്ടും ഖിയാമം എണ്ണാന്‍ ഒക്കുകയില്ല. 

നബി (സ്വ) യും നബിദിനവും നമ്മളെ ഖിയാമം എണ്ണിച്ചു. നബിയ്ക്ക് പുകഴ്. നബിദിനത്തിനും പുകഴ്. നബിദിനാഘോഷ വിരോധികള്‍ക്ക് ജനകോടികളെ കൊണ്ട് ഖിയാമം എണ്ണിയ്ക്കുന്ന നബിദിനാഘോഷ മഹാമഹങ്ങള്‍ എങ്ങനെ വിരോധിക്കുവാന്‍ കഴിയുന്നു?

നബിദിനാഘോഷങ്ങള്‍ ഒരു തസ്ബീഹ് മാലയാണ്. ഖിയാമം എണ്ണാനുള്ള, എണ്ണിക്കഴിയാനുള്ള ഒരു തസ്ബീഹ് മാല; അസാധാരണവും അപൂര്‍വ്വവുമായ ഒരു തസ്ബീഹ് മാല. നബി (സ്വ) യുടെ എണ്ണിയാല്‍ തീരാത്ത പുകഴുകള്‍ എണ്ണുന്നതിന്‍റെ കൂടെ അനന്തമജ്ഞാതമവര്‍ണ്ണനീയമീ പ്രപഞ്ചത്തിന്‍റെ മരണവും എണ്ണിക്കഴിയാന്‍ നമ്മള്‍ അന്ത്യജനതയ്ക്ക് അല്ലാഹു അവന്‍റെ പ്രത്യേക ഔദാര്യമായി തന്ന തസ്ബീഹ് മാല. പൂര്‍വ്വ ജനതകള്‍ക്കൊന്നും കിട്ടാത്ത റബീഅ്-ന്‍റെ മലര്‍മണി മാല. 

സാധാരണ തസ്ബീഹ് മാലകള്‍ക്ക് ക്ലിപ്തം തസ്ബീ മണികളായിരിക്കും. ഇതിലെ മണികള്‍ ക്ലിപ്തമല്ല. അതുകൊണ്ട് തന്നെ ഇത് അസാധാരണ മാലയാണ്. വസന്തം (റബീഅ്) വരുന്നു, മണിമുത്ത് തരുന്നു, മുത്തോടൊരു മുത്തുടന്‍ കോര്‍ക്കുന്നു, മറിയ്ക്കുന്നു, തസ്ബീഹ് ചെയ്യുന്നു, വസന്തത്തിന്‍ വത്സപുത്രനെ വാഴ്ത്തുന്നു. നബിദിനാഘോഷങ്ങള്‍അന്ത്യനാളിന്‍റെ അജ്ഞാത സാമീപ്യം സമൂഹത്തിനാകെ ആവാഹിച്ചു തരുന്നു. 

ഇത് അന്ത്യജനതയായ നമ്മളുടെ മാത്രം സൗഭാഗ്യം. 'അന്തനാള്‍' നാം സൂക്ഷ്മമായി എണ്ണിക്കൊണ്ടിരിക്കണം. കാരണം നമ്മുടെ വിശ്വാസ സംഹിതയിലെ മുഖ്യ പ്രമാണങ്ങളിലൊന്നാണത്.

അന്ത്യദിനത്തിലുള്ള വിശ്വാസത്തിലുള്ള ആഘോഷം കൂടിയാകട്ടെ നബിദിനാഘോഷം. 

                                                                പി. മുഹമ്മദ് ബഷീര്‍, വണ്ണപ്പുറം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...