"നിങ്ങള്‍ അക്രമം സൂക്ഷിക്കുക. തീര്‍ച്ചയായും അന്ത്യനാളിലെ ഇരുളുകളാണവ. നിങ്ങള്‍ ആര്‍ത്തിയെ സൂക്ഷിക്കുക. നിങ്ങളുടെ പൂര്‍വ്വീകരെ നാശത്തിലാക്കിയത് ആര്‍ത്തിയാണ്. രക്തമൊഴുക്കാനും നിഷിദ്ധ കൃത്യങ്ങള്‍ അനുവദനീയമാക്കി മാറ്റാനും അവരെ പ്രേരിപ്പിച്ചത് അതായിരുന്നു"
ജാബിര്‍ (റ) വില്‍ നിന്നും മുസ്ലിം ഉദ്ധരിച്ച ഹദീസിന്‍റെ താല്‍പര്യമാണിത്. മനുഷ്യന് ഉണ്ടാവേണ്ട ഉത്തമ ഗുണങ്ങള്‍ പാടെ നശിപ്പിച്ച് ക്രൂരനാക്കി തീര്‍ക്കുന്ന രണ്ട് ദൂഷ്യങ്ങളാണ് ആര്‍ത്തിയും അക്രമ മനോഭാവവും. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളുമാണത്. ഒരു കാര്യം അസ്ഥാനത്ത് പ്രയോഗിക്കുന്നതിനാണ് അക്രമം എന്ന് മഹാന്മാര്‍ വിവക്ഷ നല്‍കിയിരിക്കുന്നു. മനസ്സാ-വാചാ-കര്‍മ്മണാ വരുത്താന്‍ കഴിയുന്ന കടുത്ത ദ്രോഹമാണ് അക്രമം. ആര്‍ത്തി ചിന്തയുള്ള മനുഷ്യരില്‍ നിന്ന് അക്രമ സ്വഭാവം എളുപ്പം പുറത്ത് ചാടുന്നു. അക്രമത്തെയും ആര്‍ത്തിയെയും ഒരു ഹദീസില്‍ ചേര്‍ത്ത് പറഞ്ഞതില്‍ നിന്ന് തന്നെ അക്കാര്യം മനസ്സിലാകും. ലോകചരിത്രത്തില്‍ ആദ്യമായി കൊലപാതകം എന്ന അക്രമം ആദം സന്തതിയായ ഖാഹീല്‍ നടത്തിയതിന്‍റെ പ്രേരകം ആര്‍ത്തിയായിരുന്നു. അക്രമിക്ക് മുന്നില്‍ സത്യാസത്യ വിവേചനത്തിന് പ്രസക്തി കിട്ടാത്തത് പോലെ ആര്‍ത്തി ബോധം ബാധിക്കുമ്പോള്‍ അധമ മനോഭാവത്തില്‍ നിന്ന് മുക്തി പ്രാപിക്കാനും മനുഷ്യന് കഴിയുകയില്ല.
വിദ്വേഷങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്ന ധ്യൂമ വലയം എല്ലാ രംഗത്തുമെന്ന പോലെ മുസ്ലിം ധാര്‍മ്മിക മണ്ഡലത്തെയും മേഘാവൃതമാക്കി തുടങ്ങിയിരിക്കുന്നു. ഹൃദ്യതയും ചൈതന്യവും നിറഞ്ഞു തുളുമ്പേണ്ട സാംസ്കാരിക വേദികളില്‍ പോലും അവജ്ഞയോ അസൂയയോ നര്‍ത്തനമാടാന്‍ തുടങ്ങിയിട്ടുണ്ട്. സത്യത്തിന്‍റെ തീരത്തണയേണ്ട സാമുദായിക നൗക അസത്യത്തിന്‍റെ താളങ്ങളില്‍ തട്ടി അകലങ്ങളില്‍ ഒഴുകുകയാണ്. കാരണം നമ്മുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മനുഷ്യ മനസ്സിനെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഭത്സന മനോഭാവങ്ങള്‍. അക്രമവും ആര്‍ത്തിയും വിളയാടാന്‍ അവസരമുണ്ടാക്കി എന്നത് തന്നെ. കൊലപാതകം, ഭവനഭേദനം ആദിയായ കൃത്യങ്ങള്‍ നടത്തുന്നതിനെ കുറിച്ച് മാത്രം അക്രമം എന്ന് പേര് പറയുകയും രാഷ്ട്രീയ വിമര്‍ശനം, സ്വഭാവഹത്യ തുടങ്ങിയ ചെയ്തികള്‍ക്ക് അനുവദനീയതയുടെ മൂടുപടം ചാര്‍ത്തുകയും ചെയ്തത് മറ്റൊരു കാരണമാണ്. ഒരു സത്യവിശ്വാസിയുടെ ധനമോ മാനമോ ദേഹമോ എന്തപഹരിച്ചാലും അക്രമത്തിന്‍റെ പട്ടികയില്‍ പെടുമെന്ന കാര്യം ബോധപൂര്‍വ്വം മറക്കുന്നു.
അക്രമകാരികള്‍ക്ക് അന്ത്യദിനത്തില്‍ നരക പ്രവേശനത്തിന് മുമ്പു തന്നെ നിരവധി പീഡനങ്ങളും ദുരിതാനുഭവങ്ങളും നേരിടേണ്ടിവരും. ഹദീസിലെ 'ഇരുളുകള്‍' എന്ന ബഹുവചന പ്രയോഗത്തില്‍ നിന്ന് തന്നെ അത് ഗ്രഹിക്കാമെന്ന് മഹാനായ ഇബ്നുല്‍ജൗസി (റ) പറഞ്ഞു. സമൂഹത്തിനോ തനിക്കോ ഇത്തിരി ലാഭമുണ്ടാക്കാന്‍ കഴിയുന്നതിനെ കുറിച്ച് സേവനമെന്ന് വിശേഷിപ്പിക്കുക, അതിന്‍റെ മറവില്‍ അരുതാത്ത വാക്കും വര്‍ത്തമാനവുമൊക്കെ ശരിയുടെയോ നന്മയുടെയോ കണക്ക് പുസ്തകത്തില്‍ വരവ് വെക്കുകയും ചെയ്യുന്നു. നിലവിലുള്ള ഈ ധാരണ ചിലര്‍ക്ക് പറ്റിയ പാളിച്ച തന്നെയാണ്. സര്‍വ്വവിധ വാത രോഗങ്ങള്‍ക്കും ഒരു സിദ്ധ ഔഷധമാണ് കുറുന്തോട്ടി. എന്നാല്‍ കുറുന്തോട്ടിക്ക് വാതം പിടിച്ചാലുള്ള അവസ്ഥയാണിത്. താന്താങ്ങളുടെ അക്രമസ്വഭാവങ്ങള്‍ക്ക് ചൂട് പിടിക്കാനും സിന്ദാബാദ് വിളിച്ച് സമുദായാന്തരീക്ഷം മലീമസമാക്കുന്ന ചിലരെ കാണാം. എല്ലാം തനിക്കാക്കി ബടക്കാക്കുന്ന പ്രവണതയാണിത്. നന്മയുടെ വക്താക്കളായി മാറേണ്ടവര്‍ അന്ത്യനാളിലെ ഇരുളുകളില്‍ ഊളിയിടേണ്ടിവരുമെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്.
പി.കെ.എ. ഹമീദ് മൗലവി, ശ്രീമൂലനഗരം
No comments:
Post a Comment