നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday, 18 July 2013

റമളാന്‍17 ചരിത്രഗതിയുടെ അത്ഭുതമാറ്റം




ഹിജ്റ  2 റമളാന്‍ 17

ചരിത്രഗതിയുടെ അത്ഭുതമാറ്റം 





                           ഏഴാം നൂറ്റാണ്ടിന്‍റെതുടക്കത്തില്‍ അറേബ്യന്‍ സൈകതഭൂമിയിലെ ഇസ്ലാമിക്‌ വ്യവസ്ഥയുടെ അത്ഭുതകരമായ സംസ്ഥാപനം ലോക ചരിത്രം പ്രതിപാദിക്കുന്നത് അത്ഭുതകരമായാണ്. അതിന് തൊട്ടുമുമ്പുണ്ടായിരുന്ന ലോകഗതി പഠിക്കുമ്പോള്‍ അറബികള്‍ ലോക നേതൃത്വത്തിലേക്ക്കടക്കാനുള്ള ആശാവഹമായ ഒരു പഴുതുപോലും കാണാനുണ്ടായിരുന്നില്ല.ചെറിയ ചെറിയ ഗോത്രങ്ങളും സമൂഹങ്ങളുമായി ചിന്നിച്ചിതറി മരുഭൂമിയില്‍ അലഞ്ഞുതിരിയുകയും പരസ്പരം കൊലയും കൊള്ളയും നടത്തി സ്വയം നാശമുഖത്തിലേക്ക്  പലായനം ചെയ്യുകയുമായിരുന്നു അവര്‍. ഇവിടെയാണ് പ്രവാചക അനുഗമനത്തിന്‍റെപ്രസക്തി ലോകം ഉള്‍കൊള്ളുന്നതും.ഉതാത്തമായ ഇസ്ലാമിക ദര്‍ശനത്തിന്‍റെ അടിത്തറയില്‍ അവരെ പടുത്തുയര്‍ത്തപെട്ടു. ഒരു ദശവര്‍ഷക്കാലം കൊണ്ട് പ്രവാചകനായ മുഹമ്മദ്‌ നബി (സ ) യുടെ നേതൃത്വത്തില്‍ അറേബ്യ മുഴുവന്‍ പാറിച്ച വെന്നികൊടിയായ ഇസ്ലാമിക തത്വസംഹിതയുടെ ശാദ്വലതീരത്ത് അണിനിരന്നു.പിന്നീട് ഒരു ദശവര്‍ഷം കൂടി പിന്നിട്ടപ്പോള്‍ ഇറാനും ഇറാക്കുംസിറിയയും ഫലസ്തീനും ഈജിപ്തും അടങ്ങുന്ന ലോകരാജ്യങ്ങളില്‍ കൂടി ഈ വിശുദ്ധ സംഹിത നിലവില്‍ വന്നു.അംഗുലീപരിമിതമായ ഇത്രയും ചെറിയ കാലത്തിനുള്ളില്‍ ഇസ്ലാം ലോകഗതിയെ തന്നെ തിരിച്ചുവിട്ടതാണ് ചരിത്രകാരന്മാരില്‍ അത്യധികം അത്ഭുതമുളവാക്കുന്നത്. ഇതിനു സാഹചര്യമൊരുക്കിയ ചരിത്ര സംഭവങ്ങളില്‍ പ്രധാനമാണ് ഹിജ്റ രണ്ടാം വര്ഷം റമളാന്‍ പതിനേഴിനു നടന്ന ഐതിഹാസികമായ ബദര്‍ യുദ്ധം.                                             
                         പ്രവാചകന്‍ മുഹമ്മദ്‌ നബി (സ )യുടെ ആഗമനത്തിനു മുമ്പ് മദീനയെ യസരിബ് എന്നാണ് അറിയപെട്ടിരുന്നത്. പിന്നീട് മദീന എന്ന പേരില്‍ യസരിബ് പ്രസിദ്ധമായി.പ്രവാചക ലബ്ധിയുടെ പതിനൊന്നാമത്തെ വര്‍ഷത്തില്‍ മദീനയില്‍ നിന്നും വന്ന ആറംഗ സംഘത്തെ ഹജ്ജിന്‍റെ സീസണില്‍ മക്കയില്‍ വെച്ച് പ്രവാചകന്‍ കണ്ടുമുട്ടി. അവരെ പ്രവാചകന്‍ ഇസ്ലാമിന്‍റെ ശാദ്വല തീരത്തേക്ക് ക്ഷണിച്ചു . മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളെ കുറിച്ച് അറിവുണ്ടായിരുന്ന അവര്‍ വരാനിരിക്കുന്ന പ്രവാചകനെ പറ്റികേട്ടിരുന്നു.ആ  പ്രവാചകനാണ്‌ മുഹമ്മദ്‌ (സ ) എന്ന് തിരിച്ചറിഞ്ഞ അവര്‍ ഇസ്ലാം സ്വീകരിച്ചു.ഹജ്ജ് കഴിഞ്ഞു മടങ്ങിപോയ അവര്‍ അടുത്തവര്‍ഷം കുറച്ചു പുതിയ മുസ്ലീംങ്ങളെയും കൂട്ടിയാണ് ഹജ്ജിനു വന്നത് . ഹജ്ജ് കര്‍മങ്ങളുടെ പര്യവസാനത്തില്‍ മിനായില്‍ താമസിക്കുമ്പോള്‍ രാത്രിയില്‍ പ്രവാചകനുമായി അവര്‍ സന്ധിച്ചു. ചില പെരുമാറ്റ ചട്ടങ്ങള്‍ പ്രവാചകന്‍ അവര്‍ക്ക് നിര്‍ദ്ദേശിച്ചു.അവര്‍ ഹജ്ജ് പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുമ്പോള്‍ മിസ്‌അബു ബിനു  ഉമൈര്‍ (റ) നെ അവരോടൊപ്പം മദീനയിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായി തൊട്ടടുത്ത വര്‍ഷം മദീനയില്‍  പ്രമാണിമാരായ 75ഓളം പേര്‍ഹജ്ജിനെത്തി. മുന്‍ വര്‍ഷത്തെ പോലെ അവരുമായി സംഭാഷണം നടത്തി.അതോടെ മദീനയുടെ നേതൃത്വം ഏറ്റെടുത്തു മുഹമ്മദ്‌ നബി (സ ) തങ്ങള്‍ അവിടേക്ക് പോകാന്‍ തയ്യാറായി.                                            കാര്യങ്ങള്‍  പരമരഹസ്യമായി നടന്നു,ഹജ്ജ് കഴിഞ്ഞു ജനങ്ങള്‍ എല്ലാവരും പോയി. മദീനയിലേക്ക് ഹിജ്റ പോകാന്‍ പ്രവാചകന്‍ (സ )തന്‍റെ അനുയായികളോട് കല്പിച്ചു.ചെറിയ ചെറിയ സംഘങ്ങള്‍ ആയി  ശത്രുപക്ഷത്തിന്‍റെ കണ്ണില്‍ പെടാതെ അവര്‍ മദീനയിലേക്ക് പലായനം ചെയ്തു.മക്കയില്‍ പലരേയും കാണാതായതോടെ പാലായന രഹസ്യം ശത്രുപക്ഷത്തിന്‍റെ ചെവിയിലെത്തി. പ്രവാചകനും അധികം വൈകാതെ മദീനയിലേക്ക്  പോകുമെന്ന് മനസിലാക്കിയ ശത്രുക്കള്‍ മുഹമ്മദ്‌ (സ ) വധിക്കാന്‍ തന്നെ തീരുമാനിച്ചു. ഈ വാര്‍ത്ത മനസിലാക്കിയ ശേഷവും പ്രവാചകന്‍ (സ ) സാധാരണ പോലെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.ഉച്ചക്ക് അബൂബക്കര്‍ സിദ്ധീക്ക് (റ ) വീട്ടില്‍  ചെന്ന് മദീനയിലേക്കുള്ള തന്‍റെ പലായനത്തിന്‍റെ വിവരം ധരിപ്പിച്ചു. വധിക്കാന്‍ ഏര്‍പ്പാടാക്കപെട്ട യോദ്ധാക്കള്‍ നബി (സ ) യുടെ വീട് വളഞ്ഞു. തന്‍റെ പുതപ്പിനടിയില്‍ കിടാക്കാന്‍ അലി (റ ) വിനോട് പ്രവാചകന്‍ ആവശ്യപെട്ടു. രാത്രി ഏറെ കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം. ശത്രു പക്ഷത്തിനു നേരെ ഒരുപിടി മണല്‍ വാരിയെറിഞ്ഞ് പ്രവാചകന്‍ അവര്‍ക്കിടയിലൂടെ കടന്നുപോയി.അബൂബക്കര്‍ (റ ) നേയുംകൂട്ടി പ്രവാചകന്‍ (സ ) മദീനയിലേക്ക്  യാത്ര തുടങ്ങി വീട് വളഞ്ഞ യോദ്ധാക്കള്‍ ഈ വിവരം അറിഞ്ഞത് നേരം പുലര്‍ന്നപ്പോളാണ്.ശത്രുപക്ഷം അവരെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. മദീനയില്‍  എത്തിച്ചേര്‍ന്ന കാരുണ്യദൂതരെ മദീനനിവാസികള്‍ ഒന്നടങ്കം സ്വീകരിച്ചു.സഞ്ചരിച്ചുകൊണ്ടിരുന്ന ഒട്ടകത്തിന്‍റെ കേട്ടഴിച്ചുവിട്ടു അത് മുട്ട് കുത്തുന്നിടത് ഇറങ്ങാന്‍ പ്രവാചകന്‍ തീരുമാനിച്ചു. ഇപ്പോള്‍ മസ്ജിദുന്നബവി നില്‍ക്കുന്ന സ്ഥലത്താണ് ഒട്ടകം മുട്ടുകുത്തിയത്.         
                                                                             
                                                                             
                       മക്കയിലെ വ്യാപാരികള്‍ കച്ചവടത്തിനായി മദീനയിലൂടെ യാത്രചെയ്തിരുന്നു. നേരത്തെ മദീന ഭരണകൂടത്തിന്‍റെ അനുമതിയോടെ യായിരുന്നു ഈ യാത്രകള്‍.എന്നാല്‍ പ്രവാചകന്‍റെ മേല്‍നോട്ടത്തില്‍ പുതിയ മാറ്റങ്ങളും സംവിധാനങ്ങളും വന്ന ശേഷം ഔപചാരിക സമ്മതത്തിനൊന്നും കച്ചവടക്കാര്‍ നിന്നില്ല.മാത്രമല്ല മദീനക്കാരുടെ കാലികളെ പിടിച്ചുകൊണ്ടു പോവുകയും കഅബയിലേക്കുള്ള മദീനാ നിവാസികളുടെ തീര്‍ത്ഥാടനം വിലക്കുകയും ചെയ്തു.ഈ ധിക്കാര പരമായ കാര്യങ്ങള്‍ക്ക് നേരെ കണ്ണടച്ചാല്‍ ശരിയാകില്ലെന്നു മനസിലാക്കിയ പ്രവാചകന്‍ (സ) മദീനയുടെ പരമാധികാരം പ്രകടമാകുന്ന രീതിയില്‍ ചുറ്റികറങ്ങി വരാന്‍ ചില സംഘങ്ങളെ നിയോഗിച്ചു . ഈ സംഭവത്തിനു കുറച്ചു ദിവസം കഴിഞ്ഞു മക്കയില്‍  നിന്ന് അബൂസുഫിയാന്റെനേതൃത്വത്തില്‍ ഒരു കച്ചവട സംഘം സിറിയയിലേക്ക്പുറപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത റസൂല്‍  അറിയാന്‍ ഇടയായി.ധിക്കാരം കാണിച്ച് ഭരണാധികാരത്തെ വെല്ലുവിളിച്ചു മദീനയുടെ പരമാധികാരത്തിന്‍റെ നെഞ്ചിലൂടെ ഇനിയും ഇതു അനുവതിക്കില്ലെന്നു തീരുമാനിച്ച്കച്ചവട സംഘത്തെ തടയാന്‍ എത്തിയപ്പോള്‍അത് കടന്നുപോയിരുന്നു.തിരികെ വരുമ്പോള്‍ തടയാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.ഈ വിവരം സിറിയയില്‍ അറിഞ്ഞ അബൂസുഫിയാന്‍ ദൂതനെ അയച്ച് മക്കയിലെ പ്രമുഖരെ അറിയിച്ചു.വളരെ നാളുകളായി കാത്തിരുന്ന ഖുറൈശികളിലെ ശത്രുവ്യൂഹത്തിന് കിട്ടിയ സുവര്‍ണ്ണ അവസരമായിരുന്നു അത്. സമാധാനത്തെ പറ്റി ചിന്തിക്കാന്‍ പോലും അവര്‍ തയ്യാറായില്ല.യുദ്ധത്തിനുള്ള കോപ്പുകള്‍ കൂട്ടി മക്കയില്‍ നിന്നും ആയിരത്തോളം പേര്‍ പുറപ്പെട്ടു. തെക്ക് നിന്നും ഖുറൈശിപടയും വടക്ക് വടക്ക് നിന്നും കച്ചവട സംഘവും മദീനയുടെ മണ്ണില്‍ അധിനിവേശം നടത്താന്‍ പുറപ്പെട്ടു കഴിഞ്ഞു.ഈ വിവരം അറിഞ്ഞ റസൂല്‍ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. രണ്ടില്‍ ഒരു സംഘത്തെ കീഴ്പ്പെടുത്തി കൊടുക്കാമെന്നു അള്ളാഹു പ്രവാചകനെ അറിയിച്ചു.പ്രവാചകന്‍റെ കീഴില്‍ മുന്നൂറില്‍ പരം സത്യവിശ്വാസികള്‍ ബദറിലേക്ക് പുറപ്പെട്ടു. ഈ വാര്‍ത്ത അറിഞ്ഞ അബൂസുഫിയാനും സംഘവും മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് പോയി.  ഇതറിഞ്ഞ ഖുറൈശികളില്‍ ചിലര്‍ മടങ്ങിപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തലക്കുപിടിച്ച ഇസ്‌ലാം വിരോധം. യുദ്ധപ്രഭുക്കളെ മദീനയിലേക്ക് തന്നെ നയിച്ചു. പിറ്റേ ദിവസം ഖുറൈശി സൈന്യം ബദറില്‍ എത്തിച്ചേര്‍ന്നു.           
                                         
                                         
          ഹിജ്റ രണ്ടാം വര്ഷം റമളാന്‍  നു രണ്ടു സംഘങ്ങളും ബദറില്‍ ഏറ്റുമുട്ടി. തങ്ങളേക്കാള്‍ മൂന്നിരട്ടി സംഘബലവും സായുധ സജ്ജീകരണങ്ങളുമുള്ള ഖുറൈശികളെ പ്രവാചകനും അനുയായികളും പരാജയപ്പെടുത്തി. അവരിലെ പ്രമുഖര്‍ വധിക്കപ്പെട്ടു. ഖുര്‍ആന്‍ പറഞ്ഞു. " രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക്കീഴ്പ്പെടുത്തി തരാമെന്നു അള്ളാഹു വാഗ്ദത്തം ചെയ്തസന്ദര്‍ഭം . ആയുധമില്ലാത്ത സംഘത്തെ കിട്ടണം എന്നായിരുന്നു നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്.എന്നാല്‍ അള്ളാഹു കരുതിയത് തന്‍റെ കല്‍പ്പന വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട്‌ മുറിച്ച്കളയാനുമാണ്. അറേബ്യന്‍ ജാഹിലീയത്തിനു ശക്തമായ നേതൃത്വം നല്‍കിയിരുന്ന പ്രബല നേതാക്കള്‍ ബദറില്‍ കൊല്ലപ്പെട്ടു. ഗോത്ര നേതൃത്വത്തിലൂടെ പോയികൊണ്ടിരുന്ന അറേബ്യ ഇസ്ലാമിന്‍റെ നീതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുവരുകയായിരുന്നു. ഈ സംഭവം ചരിത്ര ഗതിയുടെ അത്ഭുതമാറ്റമായിരുന്നു.ഇതോടെ ഇസ്ലാംവളരാന്‍ തുടങ്ങി. അതിരുകള്‍ ഭേദിച്ച് അതിന്‍റെ പൂര്‍ണ്ണതയിലേക്ക് ................ 




Related Posts Plugin for WordPress, Blogger...