അശ്ശൈഖ് അഹ്മദ് കോയ ശാലിയാത്തി (റ)
കേരള മുസ്ലിംകള്‍ക്ക് ആദര്‍ശ രംഗത്ത് ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മഹാത്മാവായിരുന്നു മര്‍ഹൂം അബുസ്സആദാത്ത് ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി (ന.മ). ഹി. 1302 ജമാദുല്‍ ആഖിര്‍ മാസം കോഴിക്കോട്ടെ കോയമരക്കാരകം തറവാട്ടിലെ മുഹ്യിദ്ദീന്‍കുട്ടി ഹാജിയുടെ പുത്രനായി ചാലിയം പുതാമ്പറത്ത് വീട്ടില്‍ ജനനം. മഹാപണ്ഡിതനും സൂഫീവര്യനുമായിരുന്ന പിതാവിന്‍റെയും സാത്വികയായ മാതാവിന്‍റെയും ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം പ്രാഥമിക വിദ്യയും ഖുര്‍ആനും പിതാവില്‍ നിന്ന് അഭ്യസിച്ചു.
പിന്നീട് പ്രമുഖ പണ്ഡിതനും ഖിലാഫത്ത് നായകനുമായിരുന്ന ആലി മുസ്ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, മദ്രാസിലെ പണ്ഡിതനും മുഫ്തിയുമായിരുന്ന ശംസുല്‍ ഉലമാ മൗലാനാ മുഫ്തി മുഹ്മൂദ്, അഹ്മദ് റസാഖാന്‍ ഫാളിലേ ബറേല്‍വി (റ) എന്നിവരുടെ പാഠശാലകളില്‍ പഠനം തുടര്‍ന്നു. എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടിയ ശാലിയാത്തി പിതാവിന്‍റെ നിര്‍ദ്ദേശ പ്രകാരം വെല്ലൂര്‍ ലത്തീഫിയ കോളജില്‍ ചേര്‍ന്നു നിസാമിയ്യ സിലബസ് പൂര്‍ത്തിയാക്കി. ലത്തീഫിയ്യയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ദാറുല്‍ ഇഫ്താഇല്‍ (ഫത്വ ബോര്‍ഡ്) അംഗമായി തെരെഞ്ഞെടുക്കപ്പെടുകയും ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ ഏല്‍പ്പിക്കപ്പെടുകയും ചെയ്തു. ഒരേ സമയം പഠിതാവും അധ്യാപകനും മുഫ്തിയുമായി നിയോഗിതമാകുന്ന അത്യപൂര്‍വ്വ പ്രതിഭാസത്തിന് ശാലിയാത്തിയുടെ ജീവിതം സാക്ഷിയായി.
ലത്തീഫിയ്യയില്‍ നിന്ന് പിരിഞ്ഞ ശേഷം തമിഴ്നാട് തിരുനല്‍വേലിയിലെ രിയാളുല്‍ ജിനാന്‍ കോളജില്‍ അധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്തു. ഗുരുനാഥന്മാരുടെ ക്ഷണം സ്വീകരിച്ച് വീണ്ടും ലത്തീഫിയ്യയിലേക്ക് മടങ്ങി അവിടെ മുദരിസായി. പിന്നീട് ലത്തീഫിയ്യ കോളജിന്‍റെ പ്രിന്‍സിപ്പലായി ശാലിയാത്തി നിയമിതനായി.
ഹി. 1331 ല്‍ തന്‍റെ ഗുരു ആലിമുസ്ലിയാര്‍ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന സന്ദര്‍ഭത്തില്‍ തിരൂരങ്ങാടിയിലെ ദര്‍സ് നടത്താനും മറ്റുകാര്യങ്ങള്‍ നോക്കി നടത്താനും ഏല്‍പ്പിച്ചത് ശാലിയാത്തിയെയായിരുന്നു. ശേഷം അഞ്ചു വര്‍ഷം കൊടിയത്തൂര്‍ ജുമാ മസ്ജിദില്‍ ദര്‍സ് നടത്തി. പിന്നീട് ശൈഖ് മുഫ്തി ഉബൈദുല്ലാഹില്‍ മദിരാസിയുടെ ക്ഷണപ്രകാരം ബഡ്ക്കലിലെത്തിയ അദ്ദേഹം ദീര്‍ഘകാലം അവിടെ സേവനം ചെയതു. പ്രമേഹ രോഗബാധിതനായതിനെ തുടര്‍ന്ന് സ്വദേശത്തേക്ക് തിരിച്ച ശാലിയാത്തി പിന്നീട് വീട്ടില്‍ വിശ്രമ ജീവിതം നയിച്ചു.
എല്ലാ വിജ്ഞാന ശാഖകളിലും അഗാധ പാണ്ഡിത്യവും വ്യുല്‍പത്തിയും നേടിയ അദ്ദേഹം നാലു മദ്ഹബുകളിലും ഫത്വ കൊടുക്കുമായിരുന്നു. തന്നിമിത്തം ഹൈദരാബാദ് നൈസാം രാജാവ് ശാലിയാത്തിയെ മുഫ്തിയായി നിയമിക്കുകയും മാസം തോറും 100 രൂപ ശമ്പളമായി അന്ന് നല്‍കുകയും ചെയ്തിരുന്നു.
മഹാന്മാരായ ഔലിയാക്കളെയും ത്വരീഖത്തുകളെയും അവരോടുള്ള ഇസ്തിഗാസയെയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തില്‍ കേരളത്തിലേക്ക് കടന്നു വന്ന വഹാബികള്‍ സാധാരണക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. കേരള മുസ്ലിംകള്‍ ഔലിയാക്കളിലും അവരുടെ ആധ്യാത്മിക സരണികളിലും അഭയം കണ്ടെത്തിയ കാലമായിരുന്നു അത്. ഏതെങ്കിലുമൊരു ശൈഖിന്‍റെയോ വലിയ്യിന്‍റെയൊ സാമീപ്യം തേടുകയും അവരുടെ വാക്കുകള്‍ക്കനുസരിച്ച് ദീനും ദുനിയാവും ക്രമീകരിക്കുകയും ചെയ്തവരായിരുന്നു അന്നത്തെ മുസ്ലിംകള്‍. കേരളത്തില്‍ ഇസ്ലാമിക പ്രബോധനം നടത്തിയ മഹാരഥന്മാര്‍ വരച്ചു കാണിച്ച മാര്‍ഗവും അതായിരുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച മിക്ക പണ്ഡിതന്മാരും ഖാദിരി, രിഫാഈ, ചിശ്തി, നഖ്ശബന്ധി തുടങ്ങി ഏതെങ്കിലും ത്വരീഖത്തില്‍ ബൈഅത്തു ചെയ്തവരായിരുന്നു. ത്വരീഖത്തുകള്‍ അത്രമേല്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. അത് തന്നെയായിരുന്നു ഇസ്ലാമിന്‍റെ ചൈതന്യവും. മുസ്ലിംകളില്‍ നിന്ന് ജീവനുളള ഇസ്ലാമിനെ അടര്‍ത്തിമാറ്റാന്‍ അധ്യാത്മീകതക്കെതിരെ വഹാബികള്‍ ശക്തമായ ജിഹാദ് പ്രഖ്യാപിച്ചു. ഔലിയാക്കളുടെ നിയന്ത്രണത്തില്‍ ജീവിക്കുന്ന കാലത്തോളം മുസ്ലിംകളില്‍ വിശ്വാസവൈകല്യവും ഭിന്നിപ്പും ഉണ്ടാക്കാനും കഴിയില്ലെന്ന് മനസ്സിലാക്കിയ ഹംഫറിന്‍റെ പിന്‍ഗാമികള്‍ ഔലിയാക്കള്‍ക്കും ത്വരീഖത്തുകള്‍ക്കുമെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ ശ്രമിച്ചു. പിശാചിന്‍റെ ശക്തമായ പിന്തുണയോടെ വഹാബി പാതിരിമാര്‍ നടത്തിയ നീക്കം ഒരു പരിധി വരെ വിജയം കാണാന്‍ തുടങ്ങി. ഇന്ന് വഹാബികള്‍ പിളര്‍ന്നു തകര്‍ന്നുവെങ്കിലും അവരുടെ സ്ഥാപിത നേതൃത്വം സ്വപ്നം കണ്ട ആത്മീയരംഗത്തെ തകര്‍ച്ചക്ക് ചില സുന്നി നാമധാരികള്‍തന്നെ കോടാലിപ്പിടിയായി മാറി. സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന ത്വരീഖത്ത് വിരുദ്ധ മനോഭാവം ഇതിന്‍റെ അനന്തരഫലമാണ്.
എന്നാല്‍ അന്നത്തെ കര്‍ത്തവ്യബോധമുള്ള, പണ്ഡിത ധര്‍മ്മം മറക്കാത്ത കേരളത്തിലെ മഹാന്മാരായ ഉലമാക്കള്‍ ബിദ്അത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. 1925ല്‍ ചാലിയത്തെ പള്ളിയില്‍ അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിതര്‍ മര്‍ഹൂം ശാലിയാത്തിയുടെ നേതൃത്വത്തില്‍ യോഗം കൂടി സംഘടിതമായി നവീന വാദികള്‍ക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. ആ യോഗത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന കേരളത്തിലെ ആദ്യ സുന്നി പണ്ഡിത സഭ പിറവിയെടുത്തു.
സുന്നി പണ്ഡിതര്‍ സംഘടന രൂപീകരിച്ചതറിഞ്ഞ നവീനവാദികള്‍ ഇതേ പേരില്‍ ഒരു സംഘടന ഔദ്യോഗികമായി രജിസ്ററര്‍ ചെയ്യുകയും അഡ്വ. പി.പി പോക്കര്‍ മുഖേന സുന്നികള്‍ രൂപീകരിച്ച കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ വക്കീല്‍ നോട്ടീസയക്കുകയും ചെയ്തു. പക്ഷേ ക്രാന്തദര്‍ശിയായ മര്‍ഹൂം ശാലിയാത്തി പ്രഖ്യാപിച്ചു: "ഞങ്ങളുടേത് വെറും കേരള ജംഇയ്യത്തുല്‍ ഉലമയല്ല; 'സമസ്ത' കേരള ജംഇയ്യത്തുല്‍ ഉലമയാണ്". ഈ പ്രഖ്യാപനമാണ് സമസ്തക്ക് ജന്മം നല്‍കിയത്. സമസ്തയുടെ പതാക രൂപീകരണ യോഗത്തില്‍ ശാലിയാത്തി നിര്‍ദ്ദേശിച്ചു: "പതിനാലാം നൂറ്റാണ്ടിന്‍റെ സമുദ്ധാരകന്‍ അഅ്ലാ ഹസ്രത്ത് അഹ്മദ് റസാഖാന്‍ ബറേല്‍വി (റ)യുടെ മഖാം നിലകൊള്ളുന്ന ബറേലി ശരീഫില്‍ ഉയര്‍ത്തിയിരിക്കുന്ന 'പച്ചഖുബ്ബ ഉല്ലേഖനം ചെയ്ത പതാക'യാണ് നമുക്ക് അനുയോജ്യം". അത് അംഗീകരിക്കപ്പെട്ടു. അതാണ് സമസ്തയുടെ ഇന്ന് കാണുന്ന ത്രിവര്‍ണ്ണ പതാക.
ശാലിയാത്തി ഹനഫീ മസ്ലക്കിലും ചില അധ്യാത്മീക സരണിയിലും വ്യുല്‍പത്തി നേടിയത് സര്‍വ്വ വിജ്ഞാന ശാഖകളിലും അഗാധ പാണ്ഡിത്യം നേടിയ നിസ്തുല പണ്ഡിതനും ആശിഖേ റസൂല്‍ (പ്രവാചകപ്രേമി), അഅ്ലാ ഹസ്റത്ത് (വലിയ ഉസ്താദ്) എന്നൊക്കെ പണ്ഡിത ലോകം അപരനാമം നല്‍കിയ, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ റസാഖാന്‍ ബറേല്‍വി (റ) ഹസ്റത്തുമായുള്ള സഹവാസത്തിലൂടെയായിരുന്നു.
നവീനവാദികള്‍ക്കെതിരെ പ്രമാണങ്ങളുദ്ധരിച്ച് മറുപടി നല്‍കുന്നതില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതില്‍ അശ്രാന്തപരിശ്രമം നടത്തി. ബിദ്അത്തുകാരോട് ഒരു നിലക്കും ബന്ധപ്പെടരുതെന്ന് ശക്തമായ നിലപാടെടുത്തിരുന്ന ശാലിയാത്തി അവര്‍ക്കെതിരെ ഫത്വകളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 1933 ല്‍ ഫറോക്കില്‍ നടന്ന സമസ്തയുടെ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മര്‍ഹൂം ശാലിയാത്തിയായിരുന്നു.
നിരവധി ത്വരീഖത്തുകളുടെ ശൈഖായിരുന്നു മര്‍ഹൂം ശാലിയാത്തി. മക്കയിലെ മുഫ്തിയും പ്രമുഖ പണ്ഡിതനുമായിരുന്ന സുലൈമാനുല്‍ മക്കിയില്‍ നിന്ന് നേടിയ ഖാദിരിയ്യ ത്വരീഖത്തിന്‍റെ ഖിലാഫത്തടക്കം അനേകം സൂഫീസരണികളുടെ ഖലീഫയായിരുന്നു മഹാനവര്‍കള്‍. ചാലിയത്ത് സയ്യിദന്മാരുടെ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കശ്ഫ് കറാമത്തുകളുടെ ഉടമയായിരുന്ന സൂഫീവര്യന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ക്കാണ് ശാലിയാത്തി തന്‍റെ ത്വരീഖത്തുകളുടെയെല്ലാം ഖിലാഫത്ത് നല്‍കിയത്. ഇദ്ദേഹത്തില്‍ നിന്ന് ത്വരീഖത്തും ഖിലാഫത്തും സ്വീകരിച്ച ആത്മീയ പണ്ഡിതനായിരുന്നു കഴിഞ്ഞ മാസം നമ്മോട് വിടപറഞ്ഞ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങള്‍ (ന.മ) അവര്‍കള്‍. പൊസോട്ട് തങ്ങള്‍ തന്‍റെ ശൈഖായ ഇമ്പിച്ചിക്കോയ തങ്ങള്‍ അവര്‍കളെ കുറിച്ച് തന്‍റെ ശൈഖ് 'മുറബ്ബി'യായിരുന്നു എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു.
ചാലിയത്തെ തന്‍റെ വീടിനടുത്ത് നിര്‍മ്മിക്കപ്പെട്ട പള്ളിയോട് അനുബന്ധിച്ചുള്ള അസ്ഹരിയ്യ ഖുതുബ് ഖാനയില്‍ അനേകം അമൂല്യ ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളും അപൂര്‍വ്വ രചനകളുമടക്കം ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ദിനംപ്രതി നിരവധി ചരിത്രാന്വേഷികളും പഠിതാക്കളും റിസര്‍ച്ച് സ്കോളേഴ്സും റഫറന്‍സിനായി ഇവിടെ എത്തുന്നു. വീട്ടിലേക്കുള്ള കവാടത്തില്‍ ബിദ്അത്തുകാര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് എഴുതിവെച്ചിരിക്കുന്ന വാചകം ബിദ്അത്തിനോടുളള അദ്ദേഹത്തിന്‍റെ സമീപനം വിളിച്ചറിയിക്കുന്നു. ഫതാവല്‍ അസ്ഹരിയ്യ , ജാലിബത്തുല്‍ കുറബ് (ബദ്രിയ്യത്തിന്‍റെ ശൈഖ്), തഫ്തീഹുല്‍ മുഅ്ലഖ് (തസ്രീഹ് മന്‍ത്വിഖിന്‍റെ ശറഹ്) എന്നീ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങള്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലായി നിരവധി ഗ്രന്ഥങ്ങള്‍ മഹാനവര്‍കളുടേതായിട്ടുണ്ട്. ഖിബ്ല നിര്‍ണ്ണയ ശാസ്ത്രം പഠിക്കുന്നതിനുള്ള രിസാലത്തുല്‍ മാര്‍ദ്ദീനിയ്യയിലും മറ്റും പ്രതിപാദിക്കുന്ന 'ഉസ്തുര്‍ലാബ്' എന്ന ഉപകരണം മഹാനവര്‍കള്‍ നിര്‍മ്മിക്കുകയും അതിന്‍റെ ഉപയോഗക്രമങ്ങള്‍ വിശദീകരിക്കുന്ന ഒരു രിസാലയും മഹാനവര്‍കളുടേതായിട്ടുണ്ട്.
ഹിജ്റ 1374 മുഹര്‍റം 27ന് എഴുപത്തിരണ്ടാം വയസ്സില്‍ ശൈഖ് ശാലിയാത്തി (ന.മ) ഇഹലോകവാസം വെടിഞ്ഞു. അസ്ഹരിയ്യ ഖുതുബ് ഖാനയുടെ ചാരത്ത് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.
കുന്നത്തേരി ജലാലുദ്ദീന്‍ ശൈഖുനായും ശാലിയാത്തിയും
ശൈഖുനാ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.) തങ്ങളവര്‍കള്‍ അവിടുത്തെ ജീവിത കാലത്ത് ഉണ്ടായിരുന്ന മിക്ക മഹാന്മാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. ആ ഗണത്തില്‍ അഗാധമായ ബന്ധമായിരുന്ന ബഹു. ശാലിയാത്തിയുമായി ഉണ്ടായിരുന്നത്. ശൈഖുനാ ത്വല്‍സമാത്ത് ശാലിയാത്തിയില്‍ നിന്ന് അഭ്യസിച്ചിരുന്നു. ശൈഖുനായുടെ ചികിത്സാഗ്രന്ഥങ്ങളില്‍ പലയിടത്തും ശാലിയാത്തിയെ പരാമര്‍ശിക്കുന്നത് ഇതിനാലാണ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ അനന്തരഫലമായിരുന്നു അക്കാലത്ത് വന്ദ്യരായ ശാലിയാത്തിയുടെ ഖാദിമായി സേവനം ചെയ്തിരുന്ന പെരുമുഖം കാളാമ്പുറത്ത് കോയക്കുട്ടി മുസ്ലിയാര്‍ (പ്രസിദ്ധ പണ്ഡിതനും ശൈഖുനയുടെ സൂഫീവര്യനുമായിരുന്ന മര്‍ഹൂം എം.കെ.എം. കോയമുസ്ലിയാരുടെ പിതാവ്) ശൈഖുനയുമായി ബന്ധപ്പെടുകയും ആത്മീയ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തത്. അദ്ദേഹം നിമിത്തമാണ് പുത്രന്‍ എം.കെ.എം. കോയ മുസ്ലിയാര്‍ (ന.മ,) പെരുമുഖം സൈനുദ്ദീന്‍ മുസ്ലിയാര്‍ (ന.മ) തുടങ്ങിവരെല്ലാം ശൈഖുനായുടെ മുരീദുമാരാവാന്‍ വഴി തുറന്നത്.
ശാലിയാത്തിയുടെ ആത്മീയ ശിഷ്യനായിരുന്ന കുറ്റിക്കാട്ടൂര്‍ മണ്ണുങ്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരു (ന.മ) ടെ മരുമകന്‍ ആക്കോട് മുഹമ്മദ് കോയ മുസ്ലിയാരെ (ന.മ) പോലുള്ള പണ്ഡിതരടക്കമുള്ള ശൈഖുനായുടെ ആത്മീയ ശിഷ്യന്മാരായിത്തീര്‍ന്നത് വന്ദ്യരായ ശാലിയാത്തിക്ക് ശൈഖുനായെ കുറിച്ച് ഉണ്ടായിരുന്ന വിശ്വാസവും മതിപ്പും ആണ്. വന്ദ്യരായ ശാലിയാത്തിയുടെ ഖലീഫയായിരുന്ന ചാലിയം ഇമ്പിച്ചിക്കോയ തങ്ങള്‍ (ഖു.സി.) അവര്‍കളുടെ ഖലീഫ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട്) യും ശൈഖുനായുടെ ഖലീഫയും മകനുമായിരുന്ന സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഖാദിരി (ഖു.സി.)യും തമ്മിലുള്ള സുദൃഢമായ ബന്ധം ചരിത്രാവര്‍ത്തനമാകാം. ആ മഹാത്മാക്കളുടെ മദദ് അല്ലാഹു നമുക്ക് നല്‍കുമാറാകട്ടെ. ആമീന്‍.
ഒരുപാട് ഉപകാരപ്പെട്ടു
ReplyDelete