നിനക്കും വേദനിക്കട്ടെ!
രാപകലുകള്‍ പോലെ, ഇരുളും വെളിച്ചവും പോലെ ശരീരത്തിന്റെ രണ്ട് അവസ്ഥകളാണ് സുഖവും ദുഃഖവും. ഈ രണ്ട് അവസ്ഥകളെ ജീവിത ഗോദയില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടാത്തരവായി ഒരാളും ഉണ്ടാവുകയില്ല. എന്നാല്‍ നവലോകത്തിന്റെയൊരവസ്ഥ ഒരു വിഭാഗമാളുകള്‍ സുഖാഡംബരങ്ങളുടെ മാളുകളില്‍ വിഹരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ദുഃഖങ്ങളുടെയും കണ്ണീരിന്റെയും ദുര്‍ഗന്ധം വമിക്കുന്ന ചന്തകളില്‍ കിടന്ന് കറങ്ങുകയാണ്. എങ്ങനെ ഈ ദുരന്ത ഭൂമിയുടെ പരിധി വിട്ട് കടക്കാം എന്ന ചിന്തയോടെ. ഈ മാര്‍ഗ്ഗത്തെ പിന്തള്ളി മനുഷ്യര്‍ തമ്മില്‍ സഹകരണവും സുഖ ദുഃഖങ്ങള്‍ പരസ്‌പരം പങ്കിട്ടെടുക്കുന്ന ആത്മാര്‍ത്ഥമായ സാഹോദര്യ ബോധവും വളര്‍ത്തിയാല്‍ മാത്രമേ ഫലവത്തായ, ആരോഗ്യ പൂര്‍ണ്ണമായ ഒരു സാമൂഹിക ജീവിതം നടപ്പിലാകൂ...
സുഖ ദുഃഖങ്ങളില്‍ പങ്കാളികളായും പരസ്‌പരം സഹകരിച്ചും മുന്നോട്ട് പോകുന്ന സമൂഹത്തെയാണ് ഇസ്‌ലാം വളര്‍ത്താനും പുലര്‍ത്താനും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ പരസ്‌പരമുള്ള ബന്ധം വെറും അധര പുലമ്പല്‍ മാത്രമായിരിക്കരുതെന്നും അത് ആത്മാര്‍ത്ഥത നിറഞ്ഞ സാഹോദര്യ സ്‌നേഹമായിരിക്കണമെന്നും ഇസ്‌ലാം കല്‍പിക്കുന്നു. മറ്റുള്ളവര്‍ എത്ര കഷ്‌ടപ്പെട്ടാലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും എനിക്കൊന്നുമില്ല , എനിക്ക് എന്റേതുമാത്രം എന്ന സ്വാര്‍ത്ഥതയില്‍ നിന്ന് ഉടലെടുക്കുന്ന ദുഃസ്വഭാവവും ചിന്താഗതികളും ഇസ്‌ലാമികമല്ല. അത് തികച്ചും മനുഷ്യ കുലത്തിന്റെ ശത്രുവായ പിശാചിന്റെ പ്രവണതയാണ്. സ്വാര്‍ത്ഥത മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങളെയും നന്മകളെയും അറുത്ത് മുറിക്കുന്ന രാകി കൂര്‍പ്പിച്ച കഠാരയാണ്. നിന്റെ സഹോദരന്റെ വേദനയില്‍ നീയും വേദനിക്കട്ടെ. അവന്‍ വേദനിക്കുമ്പോള്‍ നിനക്കും വേദനിക്കട്ടെ! അപ്പോഴാണ് നമ്മുടെ വിശ്വാസം കറ കളഞ്ഞതാവുന്നത്.
``ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം'' എന്ന് കവി പാടിയത് ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിന്റ ശരിയായ ചിത്രീകരണമാണെന്നതില്‍ സംശയമില്ല. ഇത്തരം ആത്മാര്‍ത്ഥതയില്ലാത്ത കള്ളമോന്തകള്‍ സാമൂഹ്യ ജീവിതത്തിന്റെ ദയനീയമായ അധഃപതനത്തെയാണ് കുറിക്കുന്നത്. തന്റെ സഹോദരന് യാദൃശ്ചികമായി വല്ല ബുദ്ധിമുട്ടോ പ്രശ്‌നമോ സംഭവിച്ചാല്‍ പിന്നെ കണ്ടാല്‍ അറിയാത്തവരായി മാറുന്നത് നമ്മില്‍ പലരുടെയും സ്വഭാവമാണ്. സത്യവിശ്വാസികളെ ഒരൊറ്റ ശരീരത്തോട് ഉപമിച്ചു കൊണ്ട് ഹഠാതാകര്‍ഷിക്കുന്ന ശൈലിയില്‍ ഒരിക്കല്‍ പ്രവാചകര്‍ (സ) തങ്ങള്‍ അരുളിയത് ഇപ്രകാരമാണ്. സത്യവിശ്വാസികള്‍ പരസ്‌പരമുള്ള കാരുണ്യത്തിലും സ്‌നേഹത്തിലും കൃപയിലും ഒരൊറ്റ ശരീരം പോലെയാണ്. ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവത്തിന് കേട് പറ്റിയാല്‍ ശരീരം മുഴുവന്‍ ജ്വരം ബാധിച്ചും ഉറക്കമൊഴിച്ചും അനുഭാവം പ്രകടിപ്പിക്കുന്നു. എത്ര സരളമായ ഉപമയാണ് പ്രവാചകന്റേത്. മനുഷ്യ ശരീരത്തിന്റെ ഏതെങ്കിലും ഒരംഗത്തിന് വല്ല മുറിവോ ചതവോ പറ്റുമ്പോള്‍ ആ അംഗം മാത്രമല്ല അതിന്റെ വേദന കടിച്ചിറക്കുന്നത്. മറിച്ച് ശരീരത്തില്‍ മുഴുവന്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ചിലപ്പോള്‍ അത് കാരണമായി പനി പോലും ബാധിച്ചേക്കാം. നീണ്ട എത്ര രാത്രികള്‍ ആ മുറിവിനായി കണ്ണുകള്‍ ഉറക്കമൊഴിച്ചേക്കാം. ഈയൊരു അവസ്ഥ തന്നെയായിരിക്കണം വിശ്വാസികള്‍ക്കിടയിലും എന്ന് പഠിപ്പിക്കുന്നതാണ് ഈ തിരുവചനം. ഒരാള്‍ കരയുമ്പോഴും വേദനിക്കുമ്പോഴും മനസ്സില്‍ ഊറിച്ചിരിക്കുന്ന മാനസീകാവസ്ഥ ഇസ്‌ലാമിക സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ആത്മാര്‍ത്ഥമായ സ്‌നേഹ ബന്ധങ്ങളാണ് സാമൂഹിക ജീവിതത്തിന്റെ മൂലശില. നമ്മുടെ സഹോദരന്‍ വല്ല വിഷമാവസ്ഥയിലും പെട്ട് നരകിച്ച് ഇഞ്ചിഞ്ചായി മരിക്കുമ്പോള്‍ അവനെ തിരിഞ്ഞ് നോക്കാതെ, ആശ്വാസ വചസ്സുകള്‍ മൊഴിയാതെ പിന്തിരിഞ്ഞ് കളയുന്ന സ്വഭാവം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാ പരമാണ്. ഹൃദയത്തില്‍ കുടികൊള്ളുന്ന ഈമാനിക പര്യവേഷത്തിന്റെ കുറവാണെന്നാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്. യുദ്ധ ഭൂമിയില്‍ ചക്രശ്വാസം വലിക്കുന്ന സ്വഹാബിക്ക് പാനജലം നല്‍കിയപ്പോള്‍ അത് പോലും തന്റെയടുത്ത് മുറിവേറ്റ് കിടക്കുന്ന സഹോദരന് കൊടുക്കാന്‍ പറഞ്ഞ ധീര സ്വഹാബത്തിന്റെ സാഹോദര്യ സ്‌നേഹത്തിന്റെയും ഈമാനിന്റെയും തോത്, അളവ് സീമകള്‍ക്കപ്പുറമായിരുന്നു.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന സുന്ദരവും പ്രൗഢവുമായ സാമൂഹിക ജീവിതത്തെ ഒരിക്കല്‍ പ്രവാചകന്‍ (സ)തങ്ങള്‍ ഉദാഹരിച്ചത് ഇങ്ങനെയാണ്. ``ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് കെട്ടിടം പോലെയായിരിക്കണം. കെട്ടിടത്തിന്റെ ഇഷ്‌ടികകള്‍ തമ്മില്‍ കെട്ടിടത്തിന് എത്ര ഉറപ്പും ബലവും ഉണ്ടാക്കുന്നുവോ അതുപോലെ. അനന്തരം നബി (സ) തങ്ങള്‍ തന്റെ കൈവിരലുകള്‍ തമ്മില്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് സ്വഹാബത്തിന് കാണിച്ചു കൊടുക്കുകയുണ്ടായി. ഒരു കെട്ടിടത്തിന്റെ ഓരോ ഇഷ്‌ടികയും മറ്റ് ഇഷ്‌ടികകളോട് ചേര്‍ത്തും അടുപ്പിച്ചും വെച്ചിരുന്നാലേ ആ കെട്ടിടം ഭദ്രമാവുകയുള്ളൂ. അവകള്‍ക്കിടയില്‍ വിടവും വിള്ളലുമുണ്ടാകുന്ന പക്ഷം ആ കെട്ടിടം ഏത് നിമിഷവും തകര്‍ന്നു നിലം പരിശാവാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെയാണ് വിശ്വാസികള്‍ തമ്മിലുള്ള പരസ്‌പര ബന്ധത്തിന്റെ കാര്യവും. അവര്‍ പരസ്‌പരം ഉറച്ച കെട്ടിടം പോലെ ഭിന്നിപ്പും വിടവുമില്ലാതെ സ്ഥിതി ചെയ്യണം. പര്‌സപരം അടുത്തും സഹകരിച്ചും ഒന്നായി വര്‍ത്തിക്കണം. ആത്മാര്‍ത്ഥത കൈവിടാതെ നോക്കണം. അവരില്‍ ഒരാളുടെ സുഖ ദുഃഖങ്ങള്‍ എല്ലാവരുടെയും സുഖ ദുഃഖങ്ങളായി മാറണം. അപ്പോള്‍ നിന്റെ സഹോദരനായ വിശ്വാസിയുടെ വേദന നിനക്കും വേദനയായി അനുഭവപ്പെടുന്നു. അങ്ങനെയൊരു വേദന നിനക്കും ഉണ്ടാകുമ്പോഴാണ് വിശ്വാസം പൂര്‍ണ്ണമാകുന്നത്.
ഒരു ദുഃഖം പല ശരീരങ്ങളിലാകുമ്പോള്‍ അത് വളരെ ലഘുവും വേഗത്തില്‍ പരിഹരിക്കുന്നതുമാകുന്നു. ഈയൊരു മാനസിക അവസ്ഥയിലേക്ക് ഓരോ വിശ്വാസിയും കടന്ന് വന്നാല്‍ ഇസ്‌ലാമിക സമുദായത്തിന്റെ ഭദ്രത കൈവരും.
കരുണയിന്‍ കരങ്ങള്‍
ReplyDeleteനല്ല ചിന്തകൾ,സുബീ
ReplyDeletehttp://annus0nes.blogspot.in/
ഒരു ദുഃഖം പല ശരീരങ്ങളിലാകുമ്പോള്‍ അത് വളരെ ലഘുവും വേഗത്തില്‍ പരിഹരിക്കുന്നതുമാകുന്നു. ഈയൊരു മാനസിക അവസ്ഥയിലേക്ക് ഓരോ വിശ്വാസിയും കടന്ന് വന്നാല്‍ ഇസ്‌ലാമിക സമുദായത്തിന്റെ ഭദ്രത കൈവരും.
ReplyDelete