നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday, 13 October 2013

ആത്മഹത്യ പരലോക ഹത്യ


ആത്മഹത്യ പരലോക ഹത്യ



ലോകത്ത്‌ ഇന്ന്‌ മനുഷ്യര്‍ പല വിധ മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ വിധേയരാണ്‌. നിസാര കാര്യങ്ങള്‍ക്ക്‌ പോലും ദിവസങ്ങളോളം വ്യഥ അനുഭവിക്കുന്നവരെ നമുക്ക്‌ സമൂഹമദ്ധ്യേ ദര്‍ശിക്കാനാകും. ഓമനിച്ച്‌ വളര്‍ത്തിയ പൂച്ച ചത്താലും കടം സംഭവിച്ചാലും വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിച്ചാലും പരീക്ഷയില്‍ തോറ്റാലും പിടിച്ചു നില്‍ക്കാനാവാത്ത മാനസീക വേദനയില്‍ ആത്മഹത്യക്ക്‌ മുതിരുന്നവരേയും നമുക്ക്‌ കാണാം. 
                     ലോക കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക്‌ ദൈനംദിനം ഏറിവരുന്നു എന്നതാണ്‌. വസ്‌തുതാ പരമായി പഠിക്കാന്‍ തയ്യാറാകുമ്പോള്‍ വിശ്വാസ വൈകല്യമാണ്‌ മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണമെന്ന്‌ നമുക്ക്‌ മനസ്സിലാകും. ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ട്‌ പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ്‌ ഓരോ വിശ്വാസിയും യഥാര്‍ത്ഥ വിശ്വാസിയായി മാറുക. ഈ ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ്‌ സംഭവിക്കുന്നതെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന വിശ്വാസിയെന്തിന്‌ പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും വ്യഗ്രത പൂണ്ട്‌ മാനസിക പിരിമുറുക്കത്തില്‍ ആത്മഹത്യക്ക്‌ ശ്രമിക്കണം?.                             ആത്മഹത്യ ചെയ്യുക എന്നത്‌ ഭീരുക്കളുടെ ലക്ഷണമാണ്‌. ധീരന്മാര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത്‌ പ്രശ്‌നങ്ങളും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ്‌. അതെല്ലാം തന്നെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ നിന്നും പരീക്ഷണാര്‍ത്ഥം സംഭവിച്ചതാണെന്ന്‌ മനസ്സിലാക്കും. ദുന്‍യാവ്‌, ഒരു വിശ്വാസിയെ സംബന്ധിച്ച്‌ പരീക്ഷണ ശാലയാണ്‌. ഈ പരീക്ഷണ ശാലയിലെ ഓരോ പരീക്ഷണങ്ങളും യഥാവിധി മനോധൈര്യത്തോടെ ഏറ്റെടുത്ത്‌ വിജയം കരസ്ഥമാക്കുമ്പോഴാണ്‌ ശാശ്വതമായ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നത്‌. 
അല്ലാതെ നിസ്സാരമായ ദുന്‍യാവിന്റെ പ്രശ്‌നങ്ങളില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്‌താല്‍ ആയിരം രൂപ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ കടുത്ത മനഃപ്രയാസവും നിരാശയും പിടിപെട്ട ഒരാള്‍ തന്റെ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ച്‌ കളയുന്നതിന്‌ സമാനമാണ്‌. ആത്മഹത്യ ചെയ്യല്‍ മഹാപാപമാണ്‌. മരണം ആഗ്രഹിക്കുന്നത്‌ പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ``ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്‌. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്‍മാറിയേക്കാം'' (ബുഖാരി). ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: ``ഏതെങ്കിലും പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും തന്നെ മരണം കൊതിക്കരുത്‌, നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ! ``അല്ലാഹുവേ! ജീവിതമാണ്‌ എനിക്ക്‌ ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ! മരണമാണ്‌ ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ!'' ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക്‌ മടങ്ങി വരില്ലെന്ന്‌ ഉറപ്പിച്ച രോഗിയുടെ അടുത്ത്‌ പോലും മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച്‌ നന്മ ഏതാണോ അത്‌ ഭവിക്കേണമേ എന്ന്‌ പ്രാര്‍ത്ഥന നടത്താനാണ്‌ കല്‍പന. 


                          ആത്മഹത്യക്ക്‌ മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്‌. മറിച്ച്‌ ശാശ്വതമായ പരലോക ജീവിതം കൂടിയാണവര്‍ നശിപ്പിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിന്‌ ശേഷമല്ലാതെ അവന്‍ അതിന്‌ മുതിരുകയില്ല. ഒരിക്കല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ പറഞ്ഞു: ``പൂര്‍വ്വികരില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്ത്‌ സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവന്‌ ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി). ആത്മഹത്യ പരലോകഹത്യ കൂടിയാണെന്നര്‍ത്ഥം.
ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ അല്ലാഹു പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്‌. ആത്മഹത്യ ചെയ്യാന്‍ ഏത്‌ മാര്‍ഗ്ഗമാണോ സ്വീകരിച്ചത്‌ അതേ രീതിയില്‍ അവന്‍ പരലോകത്ത്‌ ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. ``ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും'' (ബുഖാരി) എന്ന പ്രവാചക വചസ്സ്‌ അതിന്‌ തെളിവാണ്‌. മറ്റൊരു ഹദീസില്‍ കാണാം: ``ആരെങ്കിലും ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേക്ക്‌ വീണു കൊണ്ടേയിരിക്കും. ആരെങ്കിലും വിഷം കഴിച്ച്‌ മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പ്‌ ഉപയോഗിച്ച്‌ മരിച്ചവന്‍ ആ ലോഹായുധം കൈയില്‍ വെച്ച്‌ എക്കാലവും നരകത്തില്‍ വെച്ച്‌ കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും''. 
                            നിസ്സാര ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക്‌ പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ട്‌ നന്മയും തിന്മയും അല്ലാഹുവിന്റെ പക്ഷത്ത്‌ നിന്നുള്ളതാണെന്ന്‌ കരുതി സായൂജ്യമണയുക. നാഥന്‍ തുണക്കട്ടെ! ആമീന്‍.

2 comments:

  1. നന്മ ഭവിക്കട്ടെ!
    പ്രചോദനാത്മകമായ ഒരു ലേഖനം

    ReplyDelete

Related Posts Plugin for WordPress, Blogger...