നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday, 3 December 2013

കാലം മാറുകയാണ്‌ എട്ടുകാലി സിദ്ധാന്തത്തിലൂടെ....



കാലം മാറുകയാണ്‌ എട്ടുകാലി സിദ്ധാന്തത്തിലൂടെ....


            കാലം മാറുകയാണ്‌. പഴയ കാല തരള ചിന്തകളും അനുരാഗവും സ്‌നേഹവുമെല്ലാം ഉപേക്ഷിച്ച്‌, കൂടെ ആഗോളവത്‌കരണത്തിന്റെ സര്‍വ്വ വൃത്തികേടുകളും ആവാഹിച്ച്‌ ! നാശത്തിന്റെ നരകത്തിലേക്കുള്ള യാത്ര.
ബാഹ്യമായും ആന്തരീകമായും വലിയൊരു മാറ്റത്തിന്റെ വക്കിലാണ്‌ ലോകം. കാക്കയ്‌ക്കു പോലും തന്‍ കുഞ്ഞ്‌ പൊന്‍കുഞ്ഞാണ്‌. എന്നാല്‍ മനുഷ്യന്‍ പത്ത്‌ മാസം ഗര്‍ഭം പേറി പിറന്ന്‌ വീണ തന്റെ കുഞ്ഞിനെ കിണറ്റിലോ, വഴിവക്കത്തോ, കുപ്പത്തൊട്ടികളിലോ വലിച്ചെറിഞ്ഞ്‌ നാടുവിടുന്നു. മഹാ കഷ്‌ടം തന്നെ! യന്ത്രം വാഴുന്ന ഈ യജ്ഞ രഹിത യുഗത്തിലെ മനുഷ്യന്‌ ഖുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അനുയോജ്യമായ വിശേഷണം നല്‍കുകയാണ്‌. ``മൃഗങ്ങളേക്കാള്‍ താഴ്‌ന്നവര്‍''. ഈ ഖുര്‍ആനിക പ്രയോഗം എത്രയോ യാഥാര്‍ത്ഥ്യവും സത്യവുമായി പുലര്‍ന്നിരിക്കുകയാണീ നവയുഗത്തില്‍.
                        മഴക്കാലം കഴിഞ്ഞ്‌ മാനം കൃഷ്‌ണ വര്‍ണം പൂക്കുമ്പോള്‍, പാടങ്ങളുടെ കരയില്‍ വയലറ്റു കാക്കപ്പൂവുകള്‍ മൊട്ടിടുമ്പോള്‍, മാമ്പൂക്കളുടെ മണമുള്ള, പാലപ്പൂവിന്റെ ഗന്ധമുള്ള കാറ്റടിച്ചു വീശുമ്പോള്‍, അപ്പോഴാണ്‌ മലയാളികള്‍ കാലത്തിന്റെ, ലോകത്തിന്റെ പ്രകൃതിപരമായ മാറ്റം മനസ്സിലാക്കുന്നത്‌. എന്നാല്‍ മാറിയ പുതുയുഗത്തില്‍ ആ തിരിച്ചറിവും നഷ്‌ടമായി. വസന്തമെന്നോ ഉഷ്‌ണമെന്നോ വ്യത്യാസമില്ലാത്ത പ്രകൃതി. നികത്തപ്പെട്ട വയലോലകളിലെവിടെ കാക്കപ്പൂവുകള്‍? മരങ്ങള്‍ മുറിച്ച്‌ തരിശായ ഭൂമിയിലെവിടെ മാമ്പൂമണം?. ഇതാണ്‌ ലോകത്തിന്റെ ബാഹ്യരൂപം.
ആന്തരീകമായും വലിയ മാറ്റങ്ങളാണ്‌ ലോകത്ത്‌ സംഭവിച്ചത്‌. കപട വിശ്വാസികളുടെ ലോകമാണിന്ന്‌. എവിടേയും തോന്ന്യാസവും തെമ്മാടിത്തവും. ദീന്‍ വലിച്ചെറിയപ്പെടുന്നു. പള്ളികളും മതചിഹ്നങ്ങളും പെരുകുന്നു. പക്ഷേ സത്യവിശ്വാസികളുടെ ഈമാനികാവേഷം തീരെ താഴ്‌ന്ന തട്ടിലും. മദ്യശാലകളില്‍ നിന്നും ഫൈവ്‌ സ്റ്റാര്‍ ബാറുകളില്‍ നിന്നും പിടിച്ചിറക്കപ്പെടുന്നതിലും നാമധാരികള്‍. വ്യഭിചാരത്തിനായി സ്വന്തം സ്വത്തും കുടുംബസ്വത്തും മുഴുവന്‍ ചിലവഴിച്ച്‌ മറ്റു സംസ്ഥാനങ്ങളില്‍ ഊരു ചുറ്റുന്ന  യൂവാക്കള്‍ 35 ശതമാനം ഉണ്ടെന്ന്‌ ഒരു കൊച്ചു ഗ്രാമത്തിലെ അന്വേഷണ കണക്കുകള്‍ കണ്ടെത്തുമ്പോള്‍ ലോകത്തിന്റെ അവസ്ഥ എന്താണെന്ന്‌ ചിന്തിക്കാന്‍ പോലും കഴിയില്ല. ഈമാനുള്ളവര്‍ റബ്ബിന്റെ ശിക്ഷയെ ഭയന്ന്‌ അലമുറയിടുകയാണ്‌. മുന്‍കാല ഉമ്മത്തുകള്‍ക്ക്‌ നല്‍കിയ ശിക്ഷകള്‍ ഇവിടെ സംഭവിക്കുമോ എന്നവര്‍ ഭയക്കുന്നു. വ്യഭിചാരം, അതിലേക്ക്‌ അടുക്കുക പോലും ചെയ്യരുത്‌ അത്‌ മഹാപാപമാണെന്ന്‌ പഠിപ്പിച്ച ഒരു ഉത്തമ സംസ്‌ക്കാരത്തിന്റെ അനുയായികള്‍ക്ക്‌ ഇത്‌ എങ്ങനെ സാധിക്കുന്നു.
                        അബൂ ഹുറൈറ (റ) യില്‍ നിന്ന്‌ നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) പറഞ്ഞു: ``കപട വിശ്വാസികളുടെ ലക്ഷണങ്ങള്‍ മൂന്നെണ്ണമാകുന്നു. സംസാരിച്ചാല്‍ കളവ്‌ പറയുക. വാഗ്‌ദാനം ചെയ്‌താല്‍ ലംഘിക്കുക. വിശ്വസിച്ചാല്‍ വഞ്ചിക്കുക'' (ബുഖാരി, മുസ്‌ലിം)
ഈ ഹദീസിലൂടെ ചിന്തിച്ചാല്‍ നമ്മിലാരാണ്‌ യഥാര്‍ത്ഥ വിശ്വാസിയായിട്ടുണ്ടാവുക. ദിവസവും തമാശക്കായിട്ടെങ്കിലും ഒരു നുണ പറയാത്തവര്‍ ഇന്ന്‌ അംഗുലീ പരിമിതമാണ്‌. കല്ല്യാണത്തിനോ മറ്റ്‌ ആവശ്യങ്ങള്‍ക്കോ ആയി ക്ലാസ്സ്‌ മുടക്കുന്ന കുട്ടിക്ക്‌ `പനിയായിരുന്നു' എന്ന്‌ കത്തെഴുതി നല്‍കുന്ന മാതാപിതാക്കള്‍ ഇതിനുദാഹരണമാണ്‌. ഇങ്ങനെ ദൈനംദിന ജീവിതത്തിന്റെ പ്രഭാതപ്രദോഷങ്ങള്‍ നാം ആത്മപരിശോധനയ്‌ക്ക്‌ വിധേയമാക്കുമ്പോള്‍ പറഞ്ഞു കൂട്ടിയ നുണകളുടെ പടുകൂറ്റന്‍ മല തന്നെ ദര്‍ശിക്കാനാകും. പഠനത്തിനായി വിജനവനാന്തരങ്ങളിലൂടെ യാത്ര ചെയ്‌ത കൊച്ചുകുട്ടിയായിരുന്ന അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി) യെ വഴി മദ്ധ്യേ കൊള്ള സംഘം വളഞ്ഞു വെച്ചപ്പോള്‍ കളവ്‌ പറയരുതെന്ന തന്റെ ഉമ്മയുടെ ഉപദേശമോര്‍ത്ത്‌ തന്റെ കയ്യില്‍ നാല്‍പത്‌ പൊന്നുണ്ടെന്ന സത്യം തുറന്ന്‌ പറഞ്ഞ ചരിത്ര സംഭവം ഇക്കൂട്ടര്‍ പാഠമാക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം.

രണ്ടാമതായി നബി (സ) പറഞ്ഞത്‌ `വാഗ്‌ദാന ലംഘന'മാണ്‌. വാഗ്‌ദത്ത ലംഘനം ഇന്നൊരു സ്റ്റൈലായി മാറിയിരിക്കുകയാണ്‌. വാരിക്കോരി മോഹന വാഗ്‌ദാനങ്ങള്‍ സമ്മാനിച്ച്‌ വോട്ടു വാങ്ങി ജയിച്ചു പോകുന്ന സാമൂഹിക സാംസ്‌ക്കാരിക നായകന്‍മാരെ കൊണ്ട്‌ വീര്‍പ്പുമുട്ടുകയാണ്‌ ആധുനിക കേരളം. സാധാരണ ജനങ്ങളുടെ കാര്യവും തഥൈവ.                             മോഹനവാഗ്‌ദാനങ്ങളുടെ ഘോഷയാത്രയുമായി വരുന്ന നെറ്റ്‌ വര്‍ക്ക്‌ ബിസിനസ്സുകാരും മറ്റു ന്യൂതന കച്ചവടക്കാരും ഇതിന്റെ ഏറ്റവും പുതിയ രൂപങ്ങളാണ്‌.
മൂന്നാമതായി നബി (സ) തങ്ങള്‍ പറഞ്ഞത്‌ `വിശ്വസിച്ചാല്‍ വഞ്ചിക്കുക'എന്നതാണ്‌. വഞ്ചനയും ഇന്ന്‌ കൊടികുത്തി വാഴുകയാണ്‌. ആതുരാലയങ്ങളിലും ആരാധനാലയങ്ങളിലും എന്തിന്‌ സ്വഭവനങ്ങളിലെ കിടപ്പറകളില്‍ പോലും വഞ്ചകരും ചൂഷകരും വേട്ടക്കാരുമാണ്‌. വെളുക്കുവോളം തന്റെ കിടപ്പറയില്‍ തന്നോടൊപ്പമുണ്ടായിരുന്ന സ്വഭാര്യ പ്രഭാതത്തില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ വാര്‍ത്ത ഉല്‍ക്കൃഷ്‌ടമെന്ന്‌ അഭിമാനിക്കുന്ന കേരള ജനതക്ക്‌ പൂത്തിരിയല്ല.
                      മാറുന്ന ലോകത്തെ ജനങ്ങളില്‍ കാണുന്ന മറ്റൊന്നാണ്‌ സ്‌നേഹവും ബന്ധങ്ങളും അസ്‌തമിക്കുന്നു എന്നത്‌. മാതാപിതാക്കളും മക്കളും, ഗുരുശിഷ്യ പാവനബന്ധങ്ങളും സമൂഹ വ്യക്തി ബന്ധങ്ങളും എല്ലാം ഇന്ന്‌ ശിഥിലമായിരിക്കുകയാണ്‌.
നൊന്ത്‌ പെറ്റ ഉമ്മയുടെ കുലീന കൈകളില്‍ നിന്ന്‌ കട്ടന്‍ കാപ്പിയും വാങ്ങി കുടിച്ച്‌ പുറത്ത്‌ പോയ മകന്‍ വൈകീട്ട്‌ സ്വഭവനത്തിലേക്ക്‌ മടങ്ങിയെത്തുന്നത്‌ സ്വന്തം മാതാവിനെ വകവരുത്താനുള്ള മാരാകായുധവുമായിട്ടാണ്‌. വിജ്ഞാനമാകുന്ന മധു നുകര്‍ന്നു കൊടുക്കുന്ന ഗുരുവിനു നേരെ പുസ്‌തകത്തിനോടൊപ്പം ഒളിപ്പിച്ച പിസ്റ്റണെടുത്ത്‌ വെടിയുതിര്‍ക്കുന്നതും ഈ മാറിയ യുഗത്തിലാണ്‌. ``ഒരാള്‍ തനിക്ക്‌ സ്വന്തമായി ലഭിക്കാന്‍ ഇഷ്‌ടപ്പെടുന്ന കാര്യം തന്റെ സഹോദരനും ലഭിക്കാന്‍ ഇഷ്‌ടപ്പെടുന്നതു വരെ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല'' എന്ന നബിവചനം നാമൊന്നു ഓര്‍ത്തുനോക്കുക. തനിക്കുള്ളതിന്റെ പരിസരത്തേക്കു പോലും സ്ഥാനത്തിലും സമ്പത്തിലും തന്റെ സുഹൃത്ത്‌ എത്തരുതെന്ന്‌ ചിന്തിക്കുന്നവരാണ്‌ ഈ പുതുയുഗത്തിന്റെ സന്തതികള്‍. സ്വന്തം പിതാവിനെ പോലും അന്യനായി ചിത്രീകരിക്കുന്ന ആഗോളവത്‌കൃത സിദ്ധാന്തങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നവരെ സൃഷ്‌ടിച്ചില്ലെങ്കിലേ അത്ഭുതമൂള്ളൂ. ഒരേ ഫ്‌ളാറ്റില്‍ തൊട്ടടുത്ത മുറികളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ പോലും പരസ്‌പരം അറിയില്ലെന്ന്‌ പറയുമ്പോള്‍ അവര്‍ തമ്മിലുള്ള അല്ലെങ്കില്‍ ലോകത്ത്‌ ഇന്നുള്ള മാനുഷിക ബന്ധങ്ങളുടെ അകല്‍ച്ചയാണ്‌ നമുക്ക്‌ മനസ്സിലാകുന്നത്‌. മാത്രമല്ല, അസൂയയും ഉള്‍നാട്യവും കുശുമ്പും നിറഞ്ഞ മനുഷ്യ മനസ്സുകളുടെ പെരുപ്പവും.
                       
നമുക്ക്‌ മാറണം കാലത്തിന്റെ മാറ്റത്തിനൊത്ത്‌ എല്ലാ നന്മയും ഉള്‍ക്കൊണ്ട്‌ ഒപ്പം അധര്‍മ്മത്തിനെതിരെ വിപ്ലവഗാനം മുഴക്കി. ഖുര്‍ആന്‍ സര്‍വ്വകാലത്തിന്റെയും വേദഗ്രന്ഥമാണ്‌. ഒരു പ്രവിശ്യയുടെയോ കാലത്തിന്റെയോ അല്ല. ഈ മാറിയ ലോകത്തിന്റെ കരാള ഭീകരതയില്‍ നിന്ന്‌ മുക്തി നേടാന്‍ വിശുദ്ധ ഖുര്‍ആന്‍ വരച്ചു കാണിച്ച സല്‍സരണിക്കു മാത്രമേ കഴിയൂ. ``നിങ്ങള്‍ മൂന്നു പേരുണ്ടെങ്കില്‍ ഒരാളെ മാറ്റിനിര്‍ത്തി രഹസ്യ സംഭാഷണം നടത്തരുത്‌. നിങ്ങള്‍ ജനങ്ങളുടെ കൂട്ടത്തില്‍ ഇടകലരുന്നത്‌ വരെ. കാരണം അത്‌ മൂന്നാമത്തവന്‌ ദു:ഖമുണ്ടാക്കാന്‍ ഇടയാകും'' എന്ന്‌ പഠിപ്പിച്ച റസൂലിന്റെ വാക്കുകള്‍ക്കം പ്രവര്‍ത്തികള്‍ക്കും അതിനുള്ള കരുത്തുണ്ട്‌. നമുക്ക്‌ പിന്തുടരാം ആ പ്രവാചകരെ...

ഈ മാറിയ യുഗത്തില്‍ എട്ടുകാലിയുടെ മനസ്സാണ്‌ ലോകര്‍ക്ക്‌ മുഴുവനും. താന്‍ നിര്‍മ്മിച്ച വലയിലേക്ക്‌ സ്വന്തം ഇണയെ പോലും പ്രവേശിപ്പിക്കാത്ത എട്ടുകാലിയുടെ മനസ്സ.്‌ കിട്ടാനുള്ള അവകാശങ്ങളില്‍ മാത്രമാണ്‌ ഇന്നവന്റെ കണ്ണ്‌. കൊടുക്കാനുള്ള കടപ്പാടുകളിലോ ചെയ്‌തു തീര്‍ക്കാനുള്ള കര്‍ത്തവ്യങ്ങളിലോ ഇന്നവന്‌ യാതൊരു ചിന്തയുമില്ല.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...