നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 11 January 2014

യുവര്‍ ചോയ്‌സ്‌




 യുവര്‍ ചോയ്‌സ്‌
                          പരീക്ഷകള്‍ കഴിഞ്ഞു. പരീക്ഷാര്‍ത്ഥികളുടെ മാനസം പെയ്‌തൊഴിഞ്ഞ പ്രശാന്ത സുന്ദരമായ ആകാശം പോലെ വര്‍ണ്ണാഭമായി. മഴയെത്തിയ ഭൂവില്‍ വിത്തുകള്‍ മുളക്കുന്നതും കാത്തിരിക്കുന്ന പ്രതീക്ഷയുടെ നോവാണ്‌ ഇന്നവരുടെ മനസ്സില്‍, പരീക്ഷയുടെ ഫലം എന്താവും എന്നോര്‍ത്ത്‌. എന്നാല്‍ വേണ്ടവണ്ണം പരീക്ഷയില്‍ വിതച്ചവര്‍ക്ക്‌ മനം കുളിര്‍ക്കെ വിജയത്തിന്റെ കതിരുകള്‍ കൊയ്യാം. അലസ്സതയെ കൂട്ടുപിടിച്ചവര്‍ക്ക്‌ തോല്‍വിയുടെ നിലങ്ങളില്‍ ആവലാതികളോടെ വിശ്രമിക്കാം. സങ്കടത്തിന്റെ, വിഷാദത്തിന്റെ അശ്രുകണങ്ങള്‍ പൊഴിച്ചിട്ടിപ്പോള്‍ എന്തുകാര്യം.
                              ഇതു തന്നെയാണ്‌ ഓരോ മനുഷ്യന്റെയും ഈ ലോകത്തെ അവസ്ഥയും, സ്രഷ്‌ടാവായ എക്‌സാമിനര്‍ നമ്മള്‍ ഓരോരുത്തരെയും പരീക്ഷാര്‍ത്ഥികളായിട്ടാണ്‌ ദുന്‍യാവാകുന്ന ഈ സെന്ററിലേക്ക്‌ അയച്ചിരിക്കുന്നത്‌. അവനെ അറിഞ്ഞ്‌ ആരാധിക്കുക എന്നതാണ്‌ പരീക്ഷക്കുള്ള വിഷയം. സ്രഷ്‌ടാവിനെ വേണ്ടവിധം അറിഞ്ഞ്‌ ആരാധിച്ചവര്‍ അവന്റെ പരീക്ഷയില്‍ വിജയിക്കും. അല്ലാത്തവര്‍ തോല്‍വിക്കു മുമ്പില്‍ അലമുറയിട്ട്‌ കരയും. വിജയികള്‍ക്ക്‌ സമ്മാനവും ആ എക്‌സാമിനര്‍ വച്ചിട്ടുണ്ട്‌. നവ്യാനുഭൂതിയുടെ സ്വര്‍ഗ്ഗം. എന്നാല്‍ ദുന്‍യാവിലെ പരീക്ഷകളില്‍ തോറ്റവര്‍ക്ക്‌ സമ്മാനമില്ല. ആ എക്‌സാമിനര്‍ തോറ്റവര്‍ക്കും സമ്മാനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ശിക്ഷകളുടെ തീരാകയമായ നരകം. ഇതെല്ലാം പ്രഖ്യാപിച്ച ശേഷം നാഥന്‍ തന്നെ പറഞ്ഞു. നിങ്ങള്‍ക്കിഷ്‌ടമുള്ളത്‌ തെരെഞ്ഞെടുക്കാം. `യുവര്‍ ചോയ്‌സ്‌' വിജയിച്ചവരുടെ സ്വര്‍ഗ്ഗം വേണ്ടവര്‍ക്ക്‌ സ്വര്‍ഗ്ഗം, പരാജിതരുടെ നരകം വേണ്ടവര്‍ക്ക്‌ നരകം. അവന്റെ പരീക്ഷയിലെ ഉത്തരങ്ങളും, പ്രവര്‍ത്തനങ്ങളും അവന്‍ വ്യക്തമായിട്ട്‌ പഠിപ്പിച്ചിട്ടും ഉണ്ട്‌. 

                          ഉദാഹരണത്തിന്‌ കള്ളുഷാപ്പിന്റെ മുമ്പിലൂടെ നടന്നു പോകുമ്പോള്‍ അല്‍പം രുചിച്ചു നോക്കാമെന്ന്‌ തീരുമാനിച്ചവന്‌ കള്ള്‌ കുടിക്കല്‍ ഹറാമാണ്‌, അത്‌ ഒഴിവാക്കല്‍ കൂലി നല്‍കുന്ന കാര്യവും. ഉത്തരം അവന്‍ വ്യക്തമാക്കിയിരിക്കുകയാണ്‌. കള്ളു കുടിക്കല്‍ ഹറാം. ഈ ഉത്തരം അവന്‍ തിരഞ്ഞെടുത്ത്‌ കള്ളുകുടി ഒഴിവാക്കുകയാണെങ്കില്‍ നാഥന്റെ പരീക്ഷയില്‍ അവന്‍ വിജയിക്കും. അതോടൊപ്പം സമ്മാനവും ലഭിക്കും. പക്ഷേ, നാഥന്‍ പഠിപ്പിച്ചു തന്നതിനെതിരായത്‌ തെരെഞ്ഞെടുത്താല്‍ പരാജയവും ഭയാനകമായ ശിക്ഷയുമാണ്‌ ലഭിക്കുക. ഈ ഓഫറുകള്‍ വേണ്ടെന്നു വെച്ച്‌ തെറ്റായ ഉത്തരങ്ങള്‍ എഴുതുന്നവര്‍ മുഷ്‌ക്കരന്മാരല്ലാതെ മറ്റാരാണ്‌. ഇതാണ്‌ ശരിയുത്തരം എന്ന്‌ എക്‌സാമിനര്‍ പറഞ്ഞു തരുമ്പോള്‍ അതു ഞാന്‍ എഴുതില്ലെന്ന്‌ വാശി പിടിക്കുന്നവരേക്കാള്‍ വലിയ മടയന്മാര്‍ മറ്റാരാണ്‌? ഇത്തരം മടയന്മാരാകരുത്‌ നാം. 
                            കാരണം ഇവിടെ തോല്‍വിയുടെ പടികള്‍ ചവിട്ടിയവര്‍ക്ക്‌ ദുന്‍യാവിലെ പരീക്ഷകളില്‍ വീണ്ടും അവസരങ്ങളുണ്ട്‌. പരിശ്രമിച്ചാല്‍ ഒരു പക്ഷേ, വിജയത്തിന്റെ തുമ്പുകള്‍ എത്തി പിടിക്കാനാകും. എന്നാല്‍ സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ ഒറ്റചാന്‍സ്‌ മാത്രമാണുള്ളത്‌. ആ `യുവര്‍ ചോയ്‌സി' ലൂടെ തിരഞ്ഞെടുത്തതെന്താണോ അത്‌ അന്തിമമാണ്‌. പിന്നെ അതില്‍ നിന്നും മാറ്റമില്ല.
                               
വിജയമാണ്‌ തിരഞ്ഞെടുക്കുന്നതെങ്കില്‍ പാലാറും തേനരുവികളും സുന്ദരികളായ ഹൂറുലീങ്ങളോടുമൊപ്പം ശാശ്വത സ്വര്‍ഗ്ഗവാസം. പരാജയമാണെങ്കില്‍ തേളുകളും പാമ്പുകളും അകമ്പടി സേവിക്കുന്ന കഠിന കഠോര ശിക്ഷകള്‍ നമ്മെ തേടിയെത്തും. നമുക്കപ്പോള്‍ ദുന്‍യാവിലെ പരീക്ഷകളല്ല മുഖ്യമായത്‌. സ്രഷ്‌ടാവിന്റെ പരീക്ഷകളാണ്‌. പരീക്ഷയില്‍ ജയിക്കണമെങ്കില്‍ പരീക്ഷാ വിഷയത്തില്‍ അഗാധ ജ്ഞാനം കരസ്ഥമാക്കണം. പരീക്ഷയെ വെറും നിസാരമായി കണ്ട്‌ വെറുതെ അലസരാകരുത്‌. അതിന്റെ കോച്ചിങ്ങിനായി പ്രഗത്ഭരായ അദ്ധ്യാപകരെ സമീപിക്കണം
, ട്യൂഷന്‌ പോകണം. ഇങ്ങനെ പലതും ജ്ഞാന ലഭ്യതക്കായി ചെയ്യേണ്ടി വരും. എന്നാല്‍ സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ അവനെ അറിഞ്ഞാരാധിച്ച്‌ വിജയം കാണുക എന്ന ദൗത്യം നാം ഏറ്റെടുക്കുമ്പോള്‍ ആ സ്രഷ്‌ടാവിനെ നല്ലവണ്ണം പഠിച്ച, മനസ്സിലാക്കിയ ഒരു ഗുരുനാഥന്റെ, ജ്ഞാനിയുടെ സഹായം അത്യാവശ്യമാണ്‌. ഒരു മുറബ്ബിയായ ജ്ഞാനിയെ സമീപിക്കാതെ വിജയം അല്‍പം ബുദ്ധിമുട്ടു തന്നെയാണ്‌. ഇല്ലെങ്കില്‍ തോന്നിയ എന്തൊക്കെയോ പഠിച്ച്‌ എന്തൊക്കെയോ മനസ്സിലാക്കി പരീക്ഷയെ സമീപിച്ച ഒരുവന്റെ അവസ്ഥയാകും. ചിലപ്പോള്‍ ജയിക്കാം. ചിലപ്പോള്‍ പരാജയപ്പെടാം. നമുക്കു വേണ്ടത്‌ ഉറപ്പാണ്‌. ഏതുപോലെയെന്നാല്‍ ഒരു മലമുകളിലേക്ക്‌ യാത്ര ചെയ്യുന്ന രണ്ടു പേരെ പോലെയാണ്‌. ഒന്നാമത്തവന്‍ ആ ഗിരിശ്യംഖത്തിലേക്കുള്ള വഴി പുസ്‌തകം വായിച്ചാണ്‌ പഠിച്ചത്‌. അവന്റെ മാര്‍ഗ്ഗ മദ്ധ്യേ ഒരു പക്ഷേ കുഴികളും അപടകടങ്ങളും, ജീവഹാനി വരെ സംഭവിച്ചേക്കാം. മാത്രമല്ല, സമയനഷ്‌ടവും. എന്നാല്‍ രണ്ടാമത്തവനാകട്ടെ ആ വഴികളെ കുറിച്ചും ആ ഗിരിശൃംഖത്തെ പറ്റിയും നല്ല അവഗാഹമുള്ള ഒരാളെ ഗൈഡായി കൂട്ടിന്‌ ചേര്‍ക്കുന്നു. അവന്‌ യാതൊന്നും ഭയപ്പെടാനില്ല. ആ വഴിയിലെ കുഴികളും അപകട മേഖലകളും വേണ്ട മുന്‍കരുതലുകളും അവന്‌ നന്നായിട്ടറിയാം. ഒരു പ്രശ്‌നത്തിലും കുടുങ്ങാതെ അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ആ വഴികാട്ടിക്കാകും. ഇവിടെയാണ്‌ ഒരു വഴികാട്ടിയുടെ ആവശ്യകതയും സ്ഥാനവും ഒഴിച്ചു കൂടാനാവാത്തത്‌. 
                       ഇങ്ങനെ ഒരു മാര്‍ഗ്ഗദര്‍ശിയുടെ സഹായത്തോടെ നാം സ്രഷ്‌ടാവിന്റെ പരീക്ഷയില്‍ പങ്കെടുക്കുമ്പോള്‍ വിജയം ഉറപ്പാകും. ഏതൊരു സംരംഭത്തിന്റെയും വിജയം ശരിയായ നേതൃത്വത്തെയാശ്രയിച്ചാണ്‌. കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കൈവരണമെങ്കില്‍ കുടുംബനാഥന്റെ കീഴില്‍ അംഗങ്ങളെല്ലാവരും ഒത്തൊരുമിച്ച്‌
പ്രവര്‍ത്തിക്കണം. മറ്റ്‌ ഏത്‌ ഗോധയിലും ഈയൊരു മാര്‍ഗ്ഗദര്‍ശിയുടെ നേതൃത്വത്തിന്റെ ആവശ്യം ഒഴിച്ചു കൂടാത്തതാണ്‌. ഇങ്ങനെ ഗുരുനാഥന്റെ കീഴില്‍ പഠിച്ച്‌ ജീവിതത്തിന്റെ നിര്‍ണ്ണായകമായ പരീക്ഷ എഴുതാന്‍ ഇനിയെങ്കിലും നാം തയ്യാറാകണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...