നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday, 5 January 2014

പുണ്യറബീഅ്‌


പുണ്യറബീഅ്‌ .....
പുണ്യറബീഅ്‌ സമാഗതമാവുകയായി. വിശ്വാസി മനസ്സുകളില്‍ തിരുസ്‌നേഹത്തിന്റെ സ്‌ഫുരണങ്ങള്‍. എവിടെയും പുതുയുഗത്തിന്റെ താളാത്മകതയിലലിഞ്ഞ്‌ ചേര്‍ന്ന ഗാന സാഗരങ്ങള്‍ക്കപ്പുറം ഇപ്പോഴും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ഈരടികള്‍ വിശ്വാസികള്‍ക്ക്‌ അവാച്യമായ അനുഭൂതി തന്നെ തീര്‍ക്കുന്നു.
തിരുചരിതങ്ങളെ ഈരടികളിലാവിഷ്‌കരിച്ച ഹസ്സാനു ബ്‌നു സാബിത്തും (റ) കഅ്‌ബ്‌ ബ്‌നു സുഹൈറും (റ) ഇമാം ബൂസ്വൂരി (റ) യും ജലാലുദ്ദീന്‍ റൂമി (റ)യും പ്രവാചക പ്രേമത്തിന്റെ ആനന്ദലഹരിയില്‍ ആറാടുകയായിരുന്നു. ഇവരുടെ ചിന്താമണ്ഡലങ്ങളില്‍ ഉരുവം കൊണ്ട പ്രകീര്‍ത്തന ഈരടികള്‍ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി കെട്ടിച്ചമച്ചവയായിരുന്നില്ല. മറിച്ച്‌ തിരുനബി (സ്വ) യോടുള്ള അടങ്ങാത്ത ആനന്ദ ലഹരിയില്‍ അറിയാതെ കൈവന്ന വചസ്സുകളായിരുന്നു. മലബാറിന്റെ പ്രിയകവി പ്രവാചക സവിധത്തിലെത്തിയപ്പോള്‍ ചുണ്ടില്‍ നിന്നും അണപൊട്ടിയൊഴുകിയ കാവ്യശകലങ്ങള്‍ക്ക്‌ താളം പകര്‍ന്നത്‌ അണമുറിയാതെ ചാലിട്ടൊഴുകിയ അശ്രുകണങ്ങളായിരുന്നു.
ലോകാനുഗ്രഹിയുടെ ജന്മദിനത്തില്‍ സന്തോഷിക്കലും അവിടുത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കലും വിശ്വാസിയുടെ ബാധ്യതയാണ്‌. ത്യാഗോജ്ജ്വലവും മാതൃകാപരവുമായ അവിടുത്തെ ജീവചരിത്രങ്ങളും മഹത്വങ്ങളും പദ്യങ്ങളിലൂടെയും ഗദ്യങ്ങളിലൂടെയും രണ്ടും സമ്മിശ്രമാക്കിയും എന്ന്‌ വേണ്ട ജീവിതത്തിലാകമാനം പുകഴ്‌ത്താനും വാഴ്‌ത്താനുമാണ്‌ വിശ്വാസി തയ്യാറാകുന്നത്‌. കാരണം വിശ്വാസിയുടെ വിജയം ആ തിരുനേതാവിലൂടെയല്ലാതെ സാദ്ധ്യമല്ല.
എന്നാല്‍ ആ പ്രവാചക ചരിത്രത്തിന്റെ അനന്ത സാഗരത്തില്‍ ആറാടാന്‍, ഓര്‍മ്മകളുടെ നിമിഷങ്ങളിലെ സായം സന്ധ്യകളിലെങ്കിലും ആ പുണ്യപ്രവാചകന്റെ റൗളയിലേക്കൊരു സ്വലാത്തെങ്കിലും സമര്‍പ്പിക്കാന്‍; നമുക്കെന്തേ സമയം ലഭിക്കുന്നില്ല! റഷീദുല്‍ ബഗ്‌ദാദിയും ഇമാം ബൂസ്വൂരിയും സ്വപ്‌നത്തില്‍ ദര്‍ശിച്ച പ്രവാചക സാന്നിദ്ധ്യം കൊതിക്കാത്ത വിശ്വാസിയെങ്ങനെ വിശ്വാസിയാകും. നമുക്കും പറക്കാം.. മുത്ത്‌ റസൂലിന്റെ സവിധത്തിലേക്ക്‌ പുണ്യസ്വലാത്തിന്റെ അനുഗൃഹീത ചിറകുകളിലേറി..
മുത്ത്‌ നബി (സ്വ) യുടെ ജന്മദിനത്തോടനുബന്ധിച്ച്‌ നാടും നഗരിയും മൗലീദിന്റെയും പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും അനന്ത ലഹരിയില്‍ ആറാടുമ്പോള്‍... ബിദ്‌അത്തിന്റെ മാറാപ്പും പേറി കൈ കെട്ടി മാറി നിന്ന്‌ പരിഹസിച്ച്‌ ചിരിച്ചാല്‍ നാശമാകും നമ്മെ പുല്‍കുക. അതിരില്ലാത്ത പ്രവാചക പ്രേമ പ്രകീര്‍ത്തനങ്ങള്‍കനാഥന്‍ തുണക്കട്ടെ. 

1 comment:

Related Posts Plugin for WordPress, Blogger...