നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday, 26 February 2014

യക്ഷിയോ പിശാചോ

അടുത്തറിയുമ്പോള്‍
യക്ഷിയോ......... പിശാചോ.........
               ചെറിയ നിലാവെളിച്ചമുള്ള രാത്രി. ഒരാവശ്യം കഴിഞ്ഞ്‌ റോഡരികിലൂടെ വീട്ടിലേക്ക്‌ നടക്കുകയാണ്‌. നേരിയ കാറ്റും ചിന്നം ചിന്നം മഴയുമുണ്ട്‌. കുറച്ച്‌ നടന്നപ്പോള്‍ അകലെ നിന്ന്‌ ആരോ എന്തോ അനങ്ങുന്നത്‌ കണ്ടു. ഭയവും ആശ്വാസവും ഒപ്പം പിടികൂടി. വല്ല യക്ഷിയോ പിശാചോ എന്ന ഭയവും മനുഷ്യര്‍ ആരെങ്കിലുമായിരിക്കുമെന്ന ആശ്വാസവും. 
                      പക്ഷേ, മികച്ച്‌ നിന്നത്‌ ഭയമായതിനാല്‍ ആരൊക്കെയോ പറഞ്ഞ യക്ഷിക്കഥകളും പൈശാചിക വൃത്താന്തങ്ങളും തികട്ടിവന്നു. ഭീതി കൂടിക്കൊണ്ടിരുന്നു. എന്തായാലും സര്‍വ്വധൈര്യവും സംഭരിച്ച്‌ മുന്നോട്ട്‌ നടക്കാന്‍ തീരുമാനിച്ചു. ആ രൂപത്തിന്റെ സമീപമെത്തിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്‌. റോഡരികിലെ പറമ്പിലുള്ള ഒരു വാഴയുടെ ഇലയായിരുന്നു അത്‌. ആശ്വാസ നെടുവീര്‍പ്പോടെ പറ്റിയ അബദ്ധമോര്‍ത്ത്‌ മനസ്സ്‌ മന്ത്രിച്ചു. എടാ മണ്ടാ..
സമാധാനത്തോടെ വീട്ടിലെത്തി. ഹൃദയം എന്നെ ചിന്തിപ്പിക്കാന്‍ തുടങ്ങി. അകലെ നിന്ന്‌ കണ്ട വാഴയിലയെ കുറിച്ച്‌ എന്തൊക്കെയാ വിചാരിച്ചത്‌? എന്ത്‌ കൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌? ഹൃദയത്തിലുള്ള വിശ്വാസ ബലഹീനതയോ? എന്തും മൈനസായി കാണുന്ന മനസ്സിന്റെ പോരായ്‌കയോ? ഇങ്ങനെയല്ലേ നാം പലതും മനസ്സിലാക്കുന്നത്‌. പ്രത്യേകിച്ച്‌ ദൂരെ നിന്ന്‌ കാണുമ്പോള്‍!
ഉറങ്ങാന്‍ കിടന്ന ഞാന്‍ എന്നെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി. എന്നെ അടുത്തറിയാത്തവര്‍ എന്നെ സംബന്ധിച്ച്‌ വിചാരിക്കുന്നതും ഇതു പോലെയല്ലേ? എന്റെ ബാഹ്യ പെരുമാറ്റം കണ്ട്‌ നല്ലവനെന്ന തെറ്റിദ്ധാരണ അല്ലെങ്കില്‍ പരസ്യപ്രവര്‍ത്തനങ്ങള്‍ കാണുന്നവരുടെ പോസിറ്റീവ്‌ ചിന്താഗതി. എന്റെ ആന്തരീകവും രഹസ്യവും അടുത്തറിയുന്നവരല്ലേ ഞാന്‍ കണ്ട വാഴയില പോലെയാണെന്ന്‌ അറിയൂ. അല്ലെങ്കില്‍ അനിഷ്‌ടമുള്ളവര്‍ എന്റെ ചില മൈനസ്‌ കാര്യങ്ങളിലൂടെ ചീത്തയാളായി കാണുന്നു. ഒരു പക്ഷേ ഇവരും എന്നെ അടുത്തറിഞ്ഞാല്‍ വിചാരം മറ്റൊന്നിന്‌ വഴിമാറിയേക്കാം. എന്നെ കുറിച്ച്‌ എനിക്കറിയാം. പക്ഷേ, ആ അറിവനുസരിച്ചുള്ള ചലനമില്ലെന്ന്‌ മാത്രം. 
ഇത്‌ പോലെ തന്നെയല്ലേ നമ്മില്‍ പലരുടേയും അവസ്ഥ. നാം ഒരാളെ, അയാളുടെ പ്രവൃത്തികള്‍, സമീപനങ്ങള്‍, കാണുമ്പോഴേ അങ്ങ്‌ ഉറപ്പിക്കുകയാ. അയാള്‍ വെറും ചണ്ടി, അല്ലെങ്കില്‍ മഹാന്‍. അടുത്തറിയുമ്പോള്‍ മനസ്സിലാകുന്നത്‌ നേരെ തിരിച്ചായിരിക്കും. 
                           അദ്ദേഹത്തിന്റെ സമീപനം വളരെ നല്ലതാ. പ്രഭാഷണം ഗംഭീരമാ, എഴുത്ത്‌ അതിലും മെച്ചമാ, മതബോധവും ഭയവും ഉണ്ടാക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംസാരങ്ങളുമൊക്കെ.. ഇത്യാദി കാര്യങ്ങള്‍ നാം ചിലപ്പോള്‍ ചിലരെ കുറിച്ച്‌ പറഞ്ഞതായിരിക്കും. ഒരാളെ കുറിച്ച്‌ പോസിറ്റീവായി ചിന്തിക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌. പക്ഷേ, ഈ ചിന്തയും പ്രോത്സാഹനവും ചിലപ്പോള്‍ അയാളുടെ ഭൗതികവും പാരത്രികവുമായ പരാജയത്തിന്‌ കാരണമായാല്‍ കഷ്‌ടമാണ്‌. 
                   അതുപോലെ ചിലരുടെ പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും കാണുന്ന നാം ചാടിപ്പറയും. അവന്‍ വെറും പീറയാ, പൊങ്ങച്ചക്കാരനാണ്‌ എന്നൊക്കെ. ഇത്‌ നാം അടുത്തറിഞ്ഞ്‌ പറയുന്നതല്ല. ആരെക്കുറിച്ചാണെങ്കിലും എന്തിനെ കുറിച്ചാണെങ്കിലും ഏത്‌ രീതിയിലാണെങ്കിലും - മതപരമോ സാമൂഹികമോ കുടുംബപരമോ ഏതാണെങ്കിലും - വെറും പ്രഥമ കാഴ്‌ചയും വിവരവും വെച്ച്‌ തീരുമാനിക്കുന്നത്‌ നല്ലതല്ല. അടുത്തറിയണം. വ്യക്തമായി മനസ്സിലാക്കണം. ആളെ, കാര്യത്തെ, വാക്കുകളെ, പ്രവൃത്തികളെയെല്ലാം യഥാവിധി നാം അറിയുമ്പോള്‍ നമ്മുടെ മുന്‍തീരുമാനത്തിനെതിരായിക്കും സത്യം. യഥാര്‍ത്ഥ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. 
                  ലോകവും സൃഷ്‌ടികളും കാണുമ്പോള്‍ അതിന്‌ സ്വന്തമായ അസ്‌തിത്വം കൊടുക്കുന്നുവെങ്കില്‍ അത്‌ ദൂരക്കാഴ്‌ചയാണ്‌. സത്യം അതല്ല. അവയെ അടുത്തറിയുമ്പോള്‍ അവക്ക്‌ സ്വന്തമായ ആസ്‌തിക്യമില്ലെന്നും സ്രഷ്‌ടാവ്‌ നല്‍കിയ ആസ്‌തിക്യത്തിലാണ്‌ അവയുള്ളതെന്നും തിരിയും. ഈ തിരിവ്‌ കിട്ടുമ്പോള്‍ അവയെ കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്‌പര്‍ശിക്കുമ്പോഴും രുചിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ സ്രഷ്‌ടാവിനെ കാണാന്‍ സാധിക്കും. 
             ലോകം ഇരുണ്ടതാണ്‌. അതിനെ പ്രകാശിതമാക്കിയത്‌ സ്രഷ്‌ടാവാണ്‌. അഥവാ ഇല്ലായ്‌മയില്‍ നിന്ന്‌ ആസ്‌തിക്യത്തിലേക്ക്‌ കൊണ്ടുവന്നത്‌ നാഥനാണ്‌. ഈയൊരു അടുത്തറിവ്‌ ഇല്ലാത്തിടത്തോളം സൃഷ്‌ടികളഖിലവും നാഥനെ തൊട്ട്‌ നമുക്ക്‌ മറയാകും. ``ഞങ്ങള്‍ നിങ്ങള്‍ക്കുള്ള പരീക്ഷണമാണെന്ന്‌ ഓരോ സൃഷ്‌ടിയും വിളിച്ചു പറയുന്നുണ്ടെന്ന്‌'' മഹാന്മാര്‍ പറഞ്ഞത്‌ അതുകൊണ്ടാണ്‌. കാര്യങ്ങള്‍ അടുത്തറിഞ്ഞ്‌ സത്യം ഗ്രഹിക്കാന്‍ അല്ലാഹു നമ്മെ തുണക്കട്ടെ.. ആമീന്‍.

8 comments:

  1. അണ്ടിയോടടുക്കുംബോഴേ മാങ്ങയുടെ പുളി അറിയൂ എന്നാരോ പറഞ്ഞില്ലേ....

    ReplyDelete
  2. റഈസിനപ്പോ കാര്യം പുടികിട്ടി

    ReplyDelete
  3. സത്യം..സത്യം പോലെ...rr

    ReplyDelete
  4. കാഴ്ച്ചപ്രകാരം വിധിയ്ക്കരുതെന്ന് മഹദ് വചനം

    ReplyDelete
  5. പോസിറ്റീവും നെഗറ്റീവും കൂട്ടിക്കുഴച്ച് സംപൂജ്യനായിപ്പോകരുത് :D

    ReplyDelete
  6. ലോകം ഇരുണ്ടതാണ്‌. അതിനെ പ്രകാശിതമാക്കിയത്‌ സ്രഷ്‌ടാവാണ്‌. അഥവാ ഇല്ലായ്‌മയില്‍ നിന്ന്‌ ആസ്‌തിക്യത്തിലേക്ക്‌ കൊണ്ടുവന്നത്‌ നാഥനാണ്‌. ഈയൊരു അടുത്തറിവ്‌ ഇല്ലാത്തിടത്തോളം സൃഷ്‌ടികളഖിലവും നാഥനെ തൊട്ട്‌ നമുക്ക്‌ മറയാകും. ``

    ReplyDelete

Related Posts Plugin for WordPress, Blogger...