നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday, 12 June 2015

പൈശാചിക സാന്നിദ്ധ്യമുള്ള ഭവനങ്ങള്‍


പൈശാചിക സാന്നിദ്ധ്യമുള്ള ഭവനങ്ങള്‍

       നമ്മുടെ ഭവനങ്ങളില്‍ ഇബ്‌ലീസിന്റെ സാന്നിദ്ധ്യമുണ്ടോ എന്നറിയാന്‍ ചില അടയാളങ്ങള്‍ ഉണ്ട്‌. അത്‌ ഏതൊക്കെയെന്ന്‌ പരിശോധിക്കാം. 
പിണക്കം, കലഹം
                                 ചില വീടുകളില്‍ എപ്പോഴും കലഹങ്ങളായിരിക്കും. ജീവിത സൗകര്യങ്ങള്‍ ഉള്ളതിനോട്‌ കൂടെ കലഹം നിമിത്തം പൊറുതിമുട്ടുകയാണ്‌ പ്രസ്‌തുത ഭവനങ്ങള്‍. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലോ മതാപിതാക്കളും മക്കളും തമ്മിലോ സഹോദരി സഹോദരന്മാര്‍ തമ്മിലോ കാര്യമായ കാരണമില്ലാതെ തന്നെ കലഹിക്കുന്നുവെങ്കില്‍ ആ വീടുകളില്‍ പൈശാചിക സാന്നിദ്ധ്യമുണ്ടെന്ന്‌ മനസ്സിലാക്കാം. കാരണം അധിക കലഹങ്ങളും പിശാചുണ്ടാക്കുന്നതാണ്‌. 
ഒരാള്‍ ഒരു കന്യകയെ വിവാഹം ചെയ്‌ത ഉടനെ അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദ്‌ (റ) ന്റെ യടുക്കല്‍ വന്ന്‌ ഇങ്ങനെ പറയുകയുണ്ടായി. എന്റെ മണവാട്ടി എന്നോട്‌ പിണങ്ങുമോയെന്ന്‌ ഞാന്‍ ഭയക്കുന്നു. ഞാന്‍ എന്ത്‌ ചെയ്യണം? അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദ്‌ (റ) പറഞ്ഞു: ഇണക്കം പടച്ചവനില്‍ നിന്നും പിണക്കം പിശാചില്‍ നിന്നും ഉണ്ടാകുന്നു. അല്ലാഹു അനുവദിച്ചതിനെ വെറുപ്പുള്ളതാക്കുവാന്‍ പിശാച്‌ ഉദ്ദേശിക്കുന്നു. അതിനാല്‍ നീ മണിയറയില്‍ എത്തിയാല്‍ രണ്ട്‌ റക്‌അത്ത്‌ നിസ്‌കരിക്കുക. നിന്റെ പിന്നില്‍ അവളും നിസ്‌കരിക്കട്ടെ (മുസ്വന്നഫ്‌ അബ്‌ദുറസാഖ്‌ 6/191).
മറ്റൊരു റിപ്പോര്‍ട്ടില്‍ താഴെ കാണുംവിധം പ്രാര്‍ത്ഥിക്കുവാനും നിര്‍ദ്ദേശിച്ചു. അല്ലാഹുവേ! തന്റെ കുടുംബത്തിന്റെ കാര്യത്തില്‍ എനിക്കും എന്റെ കാര്യത്തില്‍ അവര്‍ക്കും ബറക്കത്ത്‌ ചെയ്യേണമേ! എന്നില്‍ നിന്ന്‌ അവര്‍ക്കും അവരില്‍ നിന്ന്‌ എനിക്കും (നല്ലത്‌) നല്‍കേണമേ! ഞങ്ങള്‍ ഒരുമിക്കുന്ന കാലമൊക്കെ നന്മയിലായി ഒരുമിപ്പിക്കുകയും വേര്‍പിരിയുകയാണെങ്കില്‍ നന്മയിലായി തന്നെ വേര്‍പിരിക്കുകയും ചെയ്യേണമേ.
ഇബ്‌ലീസിന്‌ ഏറ്റവും ഇഷ്‌ടമുള്ള കാര്യമാണ്‌ ഭാര്യഭര്‍ത്താക്കളെ തമ്മില്‍ തെറ്റിക്കല്‍. നബി (സ്വ) പറയുന്നു: ഇബ്‌ലീസ്‌ ഒരു സിംഹാസനം അനുയായികള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട്‌ ഇങ്ങനെ പറയും: നിങ്ങളില്‍ ഏറ്റവും വലിയ കുഴപ്പം ഉണ്ടാക്കുന്നവന്‍ ആരാണോ അവനെ ഈ സിംഹാസനത്തില്‍ ഇരുത്തി ആദരിക്കുന്നതാണ്‌. അനുയായികള്‍ ദൗത്യനിര്‍വ്വഹണത്തിനായി പുറപ്പെടും. തിരിച്ചുവന്ന്‌ ഓരോരുത്തരും അവര്‍ ചെയ്‌ത ദുഷ്‌പ്രവര്‍ത്തനങ്ങള്‍ എണ്ണി പറയും. ഇബ്‌ലീസ്‌ അവര്‍ക്കാര്‍ക്കും സിംഹാസനം നല്‍കുകയില്ല. പിന്നീട്‌ ഒരു അനുയായി വന്ന്‌ പറയും. ഞാന്‍ രണ്ട്‌ ദമ്പതിമാര്‍ക്കിടയില്‍ കലഹമുണ്ടാക്കി വേര്‍പിരിച്ചിരിക്കുന്നു. അപ്പോള്‍ ഇബ്‌ലീസ്‌ അവനെ ആലിംഗനം ചെയ്യുകയും നീയാണ്‌ മിടുക്കന്‍ എന്ന്‌ പറഞ്ഞ്‌ സിംഹാസനത്തില്‍ ഇരുത്തുകയും ചെയ്യും. എന്നിട്ട്‌ അവനോട്‌ ഇങ്ങനെ പറയുമത്രെ: നിന്റെ പ്രവര്‍ത്തനം തുടരുക (മുസ്‌ലിം:2813).
ഒരു കുടുംബബന്ധം തകര്‍ക്കുന്നതിലൂടെ ഇബ്‌ലീസിന്‌ ഒരുപാട്‌ നേട്ടങ്ങളാണ്‌ ലഭിക്കുന്നത്‌. അനുവദനീയമായ സുഖാസ്വാദനം ഇല്ലാതാക്കുന്നതിലൂടെ ദുര്‍മാര്‍ഗ്ഗങ്ങളിലേക്ക്‌ വരെ തള്ളിയിടാന്‍ കഴിയും. ഭാര്യ ഭര്‍ത്താക്കളുടെ സ്‌നേഹ ശൃംഗാരങ്ങള്‍ പടച്ചവന്‌ ഇഷ്‌ടമുള്ളതും പുണ്യകരവുമാണല്ലോ? കുടുംബബന്ധം പുലര്‍ത്തുന്നവരുടെ നിസ്‌കാരവും ഇബാദത്തും കുടുംബമില്ലാത്തവരുടെ ഇബാദത്തുകളേക്കാള്‍ എഴുപതിരട്ടി പ്രതിഫലാര്‍ഹമാണ്‌. 
കൂടാതെ ചില പാപങ്ങള്‍ പൊറുപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം കുടുംബം പോറ്റാനുള്ള പ്രയാസങ്ങളെ സഹിക്കല്‍ മാത്രമാണ്‌. മക്കളേയും ഭര്‍ത്താവിനെയും പരിചരിക്കുന്ന സ്‌ത്രീക്ക്‌ യോദ്ധാവിന്റെ പ്രതിഫലമാണ്‌ ലഭിക്കുന്നത്‌. അവള്‍ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും പാലൂട്ടുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധമുന്നണിയില്‍ കാവല്‍ നില്‍ക്കുന്ന ധീര പോരാളിയുടെ പ്രതിഫലം നല്‍കുന്നവയാണ്‌. മനുഷ്യന്‌ ലഭിക്കുന്ന ഇത്തരം എണ്ണമറ്റ പരലോക നേട്ടങ്ങള്‍ ഭാര്യ ഭര്‍ത്താക്കളെ പിണക്കുന്നതിലൂടെ ഇബ്‌ലീസ്‌ നഷ്‌ടപ്പെടുത്തിക്കളയുന്നു. അതുകൊണ്ടാണ്‌ അവന്‍ കുടുംബങ്ങളില്‍ പിണക്കവും കലഹവും ഉണ്ടാകാന്‍ സദാശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌. സംശയരോഗം, അസംതൃപ്‌തി, തെറ്റിദ്ധാരണ മുതലായ മാര്‍ഗ്ഗങ്ങള്‍ അതിന്‌ വേണ്ടി അവന്‍ ഉപയോഗിക്കും. 
കോപം
            പല വീടുകളിലും മുന്‍കോപമാണ്‌ പ്രശ്‌നം. നിസ്സാര കാര്യങ്ങള്‍ക്കാണ്‌ പൊട്ടിത്തെറിക്കുന്നത്‌. കറിയില്‍ ഉപ്പ്‌ കുറഞ്ഞതിന്‌, താക്കോല്‍ കാണാത്തതിന്‌, ഭര്‍ത്താവ്‌ താമസിച്ച്‌ കയറിവന്നതിന്‌, ഇസ്‌തിരിയിട്ടത്‌ ശരിയാവാത്തതിന്‌ മുതലായ കാര്യങ്ങള്‍ ഉണ്ടാകുമ്പോഴേക്ക്‌ കോപവും മര്‍ദ്ദനവും മറ്റും അരങ്ങേറുകയാണ്‌. ഇതിന്റെ പിന്നിലും ഇബ്‌ലീസാണ്‌. അതുകൊണ്ടാണ്‌ കോപിക്കുന്നയാളോട്‌ `അഊദുബില്ലാഹി മിനശ്ശൈത്വാനി ര്‍റജീം' എന്ന്‌ പറയാന്‍ നബി (സ്വ) നിര്‍ദ്ദേശിച്ചത്‌. നബി (സ്വ) പറയുന്നു: ``ഒരാള്‍ മറ്റൊരാളെ അസഭ്യം പറയുകയും അയാള്‍ തിരിച്ച്‌ പറയാതെ കോപമടക്കുകയും ചെയ്‌താല്‍ ചീത്ത പറഞ്ഞയാളെ പരാജയപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. കൂടാതെ സ്വന്തം പിശാചിനെയും അസഭ്യം പറഞ്ഞവന്റെ പിശാചിനേയും അവന്‍ പരാജയപ്പെടുത്തിയിരിക്കുന്നു. (ഫത്‌ഹുല്‍ബാരി 1/541).
സംതൃപ്‌തിയില്ലായ്‌മ
പിശാചിന്റെ സാന്നിദ്ധ്യമുള്ള ഭവനങ്ങളില്‍ ഉണ്ടാകുന്ന മറ്റൊരു ദുരന്തമാണ്‌ സംതൃപ്‌തിയില്ലായ്‌മ. ഭക്ഷണം കഴിക്കുന്നുണ്ട്‌, പക്ഷേ, തൃപ്‌തി ലഭിക്കില്ല. ഇണ ചേരുന്നുണ്ട്‌, സുഖവും ആസ്വാദനവും ലഭിക്കുന്നില്ല. മിക്ക വീടുകളേയും അലട്ടുന്ന പ്രശ്‌നമാണിത്‌. കാരണം ആ വീട്ടുകാരുടെ ഭക്ഷണത്തിലും സംയോഗത്തിലും പിശാച്‌ ഇടപെടുന്നുണ്ട്‌. 
നബി (സ്വ) അനുയായികളോടൊപ്പം ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന്‌ ചിരിക്കുകയുണ്ടായി. സ്വഹാബത്ത്‌ അതിനെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ നബി (സ്വ) പറയുകയുണ്ടായി: പിശാച്‌ ഒരാള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. ബിസ്‌മി ആദ്യത്തില്‍ ചൊല്ലാന്‍ മറന്നുപോയ അയാള്‍ ഇടക്ക്‌ വെച്ച്‌ ബിസ്‌മി ചൊല്ലി. അതോടെ ഇബ്‌ലീസ്‌ അവന്റെ ഉദരത്തിലുള്ളത്‌ ഛര്‍ദ്ദിക്കുകയുണ്ടായി. അത്‌ കണ്ടതിനാലാണ്‌ ഞാന്‍ ചിരിച്ചത്‌. (അബൂദാവൂദ്‌).
നബി (സ്വ) പറയുന്നു: ``നിങ്ങള്‍ വീട്ടുകാരോട്‌ ഇണ ചേരുമ്പോള്‍ ബിസ്‌മി ചൊല്ലുകയും ബറക്കത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ അല്ലാഹു നല്‍കുന്നതില്‍ പിശാചിന്‌ ഓഹരി നല്‍കരുത്‌. 
മടി
           ഭ വനങ്ങളിലെ വേറൊരു പ്രശ്‌നമാണ്‌ മടി. എല്ലാ നല്ല കാര്യങ്ങള്‍ക്കും മടിയുണ്ടാകുന്നു. പലതും ചെയ്യണമെന്ന്‌ തോന്നും. പക്ഷെ, ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അതിന്റെ പിന്നിലും ഇബ്‌ലീസാണ്‌. പ്രത്യേകിച്ച്‌ നിസ്‌കാരത്തിന്റെ കാര്യത്തില്‍. 
നബി (സ്വ) പറയുന്നു: നിങ്ങള്‍ ഉറങ്ങുമ്പോള്‍ പിശാച്‌ നിങ്ങളുടെ പിരടിയില്‍ കയറി ഇരിക്കുകയും നിങ്ങളെ മൂന്ന്‌ ബന്ധനങ്ങളിലാക്കുകയും ചെയ്യും. ഓരോ ബന്ധനത്തിലും അവന്‍ ഇങ്ങനെ രേഖപ്പെടുത്തും. ഉറങ്ങിക്കോ ഇനിയും ധാരാളം സമയമുണ്ട്‌. നിങ്ങള്‍ ഉണരുകയും ആ സമയത്തുള്ള ദിക്‌റ്‌ ചൊല്ലുകയും ചെയ്‌താല്‍ ഒരു ബന്ധനം അഴിഞ്ഞുപോകും. നിങ്ങള്‍ വുളൂഅ്‌ ചെയ്യുമ്പോള്‍ രണ്ടാമത്തെ ബന്ധനവും അഴിഞ്ഞുമാറും. നിസ്‌കരിക്കുക കൂടി ചെയ്‌താല്‍ മൂന്നാമത്തെ ബന്ധനവും ഇല്ലാതാവും. അപ്പോള്‍ ഉത്സാഹവും ഉണര്‍വ്വുമുള്ളയാളായി നിങ്ങള്‍ മാറും. നിങ്ങള്‍ ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ മടിയരും ആത്മവിശ്വാസം ഇല്ലാത്തവരുമായി തീരും. (ബുഖാരി, മുസ്‌ലിം)
വസ്‌വാസ്‌
            ചിലരുടെ പ്രശ്‌നം വസ്‌വാസാണ്‌. എന്ത്‌ ചെയ്‌താലും തീരില്ല. വീണ്ടും വീണ്ടും ചെയ്‌തുകൊണ്ടേയിരിക്കും. നിസ്‌കാരം, വുളൂഅ്‌, ശുദ്ധീകരണം പോലുള്ള കാര്യങ്ങള്‍ ഇവര്‍ക്ക്‌ വലിയ പ്രയാസമാണ്‌. ഇവര്‍ക്ക്‌ മാത്രമല്ല, അത്‌ കാണേണ്ടിവരുന്ന വീട്ടുകാര്‍ക്കും അസ്വസ്ഥതയുണ്ടാകും. ഇതിന്റെ പിന്നിലും ഇബ്‌ലീസാണ്‌. ഒരിക്കല്‍ അംറ്‌ ബ്‌നുല്‍ ആസ്വ്‌ (റ) നബി (സ്വ) യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! നിസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനും പിശാച്‌ തടസ്സങ്ങളുണ്ടാക്കുന്നു. അതിനാല്‍ അവകളിലാകെ ഞാന്‍ ആശയക്കുഴപ്പത്തിലും സംശയത്തിലുമായി തീരുന്നു. നബി (സ്വ) പറഞ്ഞു: `ഖുന്‍സുബ്‌' എന്ന്‌ പേരുള്ള പിശാചാണത്‌. നിനക്കങ്ങനെ അനുഭവപ്പെട്ടാല്‍ പിശാചിനെ തൊട്ട്‌ അല്ലാഹുവിനോട്‌ കാവല്‍ തേടുകയും മൂന്ന്‌ പ്രാവശ്യം ഇടത്‌ ഭാഗത്ത്‌ തുപ്പുകയും ചെയ്യുക. അംറ്‌ ബ്‌നുല്‍ ആസ്വ്‌ (റ) പറയുന്നു: ഞാനങ്ങനെ ചെയ്‌തപ്പോള്‍ അല്ലാഹു എനിക്ക്‌ ആ പ്രശ്‌നം തീര്‍ത്തുതന്നു. (നസാഈ).
മറവി
        വീടുകളിലെ പ്രധാന പ്രശ്‌നമാണിത്‌. ഇതിന്റെയും പിന്നില്‍ ഇബ്‌ലീസ്‌ തന്നെ. ഒരു വസ്‌തു വെച്ച സ്ഥലം മറന്നു പോവുക. കറിയില്‍ ഉപ്പിടാന്‍ മറക്കുക, ഇങ്ങനെ പലതും മറന്നു പോകുന്നവരുണ്ട്‌. മൂസാ നബി (അ) ഖിള്‌റ്‌ നബി (അ) യെ തേടിപ്പോയ സംഭവം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌: തേടിപ്പോകുമ്പോള്‍ ഒരു മത്സ്യവും കൊണ്ടുപോകാന്‍ അല്ലാഹു പറഞ്ഞു. മൂസാനബി (അ)യും സഹായിയും യാത്ര പോയതിന്റെ ഇടയില്‍ മത്സ്യം നഷ്‌ടപ്പെട്ടു പോയിരുന്നു. അതിനെ ശ്രദ്ധിക്കാന്‍ ഏല്‍പിച്ച സഹായിയാകട്ടെ അത്‌ മറന്നു പോയി. ആ മറവിയെ കുറിച്ച്‌ മൂസാനബി (അ) യുടെ സഹായി പറയുന്നത്‌ ഇങ്ങനെയാണ്‌: ``ഞാന്‍ മത്സ്യം മറന്നുപോയി. എന്നെ പിശാച്‌ മാത്രമാണ്‌ മറപ്പിച്ചത്‌'' (അല്‍ കഹ്‌ഫ്‌). പ്രധാന കാര്യങ്ങള്‍ പിശാച്‌ മറപ്പിച്ചു കളയുമെന്ന്‌ നമുക്കിതില്‍ നിന്നും മനസ്സിലാക്കാം. 
ദുഃസ്വപ്‌നങ്ങള്‍
        ചിലരുടെ പ്രധാന പ്രശ്‌നമാണിത്‌. ഒരിക്കല്‍ നബി (സ്വ) യോട്‌ ഒരാള്‍ പറഞ്ഞു: നബിയേ! ഉറക്കത്തില്‍ തല പൊട്ടിപിളരുന്നതായി സ്വപ്‌നം കാണുന്നു. നബി (സ്വ) പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു: ``നിങ്ങളുടെയാരുടെയെങ്കിലും ഉറക്കത്തില്‍ പിശാച്‌ കളിക്കുകയാണെങ്കില്‍ നിങ്ങളത്‌ ആരോടും പറയരുത്‌'' (മുസ്‌ലിം).
നബി (സ്വ) മറ്റൊരിക്കല്‍ പറഞ്ഞു: ``നല്ല സ്വപ്‌നങ്ങള്‍ അല്ലാഹുവില്‍ നിന്നും ദുഃസ്വപ്‌നങ്ങള്‍ പിശാചില്‍ നിന്നുമാണ്‌. നിങ്ങള്‍ക്കിഷ്‌ടമില്ലാത്ത വല്ലതും നിങ്ങള്‍ സ്വപ്‌നം കണ്ടാല്‍ മൂന്ന്‌ പ്രാവശ്യം ഇടത്‌ ഭാഗത്ത്‌ തുപ്പുകയും പിശാചിനെ തൊട്ട്‌ കാവല്‍ തേടുകയും ചെയ്യട്ടെ. എന്നാല്‍ നിങ്ങളെയത്‌ ബുദ്ധിമുട്ടിക്കുകയില്ല''.
ഇബ്‌ലീസിന്റെ സാന്നിദ്ധ്യമറിയിക്കുന്ന ചില അടയാളങ്ങളാണ്‌ മുകളില്‍ വിവരിച്ചത്‌. നമ്മുടെ വീടുകളില്‍ മേല്‍പറഞ്ഞവയില്‍ നിന്നും ഏതെങ്കിലും ഉണ്ടെങ്കില്‍ പിശാചിന്റെ സാന്നിദ്ധ്യമുണ്ടെന്ന്‌ മനസ്സിലാക്കാം. പിശാചിനെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഭവനങ്ങളില്‍ മലക്കുകളുടെ സാന്നിദ്ധ്യമുണ്ടാക്കലാണ്‌. 
Related Posts Plugin for WordPress, Blogger...