വീടിന് ബറക്കത്ത് നല്‍കുന്നവര്‍
വീടിന് ബറക്കത്ത് നല്‍കുന്ന ചില ആളുകളുണ്ട്.. ആ ആളുകള്‍ നമ്മുടെ വീടുകളില്‍ ഉണ്ടോയെന്നും ഇവര്‍ ഇല്ലെങ്കില്‍ ഉണ്ടാക്കാനും ശ്രമിക്കാം.
വൃദ്ധജനങ്ങള്‍
അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വര്‍ഷിക്കുന്നത് ഭൂമിയിലുള്ള എല്ലാവരും അതിന് അര്‍ഹരായതിന്റെ പേരിലല്ല. അനുഗ്രഹങ്ങള്‍ക്ക് അര്‍ഹതയുള്ളവര്‍ വളരെ കുറഞ്ഞവരായിരിക്കും. ഭൂമിയെ സൃഷ്‌ടിച്ചത് അല്ലാഹുവിനെ അറിഞ്ഞാരാധിക്കുന്ന സത്യവിശ്വാസികള്‍ക്ക് വേണ്ടിയാണ്. അതിലെ എണ്ണമറ്റ അനുഗ്രഹങ്ങളുടെ അവകാശികളും അവരാണ്. ദുന്‍യാവിന് പടച്ചവന്റെയടുക്കല്‍ അല്‍പം പോലും വിലയില്ലാത്തതിനാല്‍ സത്യനിഷേധികളെ അതില്‍ പങ്കാളികളാക്കുന്നുവെന്ന് മാത്രം.
നബി (സ്വ) പറയുന്നു: അല്ലാഹുവിന്റെയടുക്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെയത്ര പോലും ദുന്‍യാവിന് വിലയുണ്ടായിരുന്നുവെങ്കില്‍ ഒരു സത്യനിഷേധിക്കും ഒരിറ്റ് ജലം പോലും അല്ലാഹു നല്‍കുമായിരുന്നില്ല.
അനുഗ്രഹത്തിന്റെ മറ്റൊരവകാശികള്‍ വൃദ്ധരും ബലഹീനരുമാണ്. അവര്‍ക്ക് വേണ്ടത് നല്‍കാന്‍ അല്ലാഹു തയ്യാറാവും. നബി (സ്വ) പറയുന്നു: ``കൂനുള്ള വൃദ്ധരും, മുല കുടിക്കുന്ന കുഞ്ഞുങ്ങളും മേഞ്ഞു നടക്കുന്ന മൃഗങ്ങളും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ ശിക്ഷ വന്നു ഭവിച്ചേനേ'' (ദൈലമി).
നമ്മുടെ വീടുകള്‍ക്ക് വലിയ കാവലാണ് നമ്മുടെ വീടുകളില്‍ വൃദ്ധരുണ്ടാവുക എന്നത്. വൃദ്ധന്മാരെ ഭാരമായി കാണുന്ന അവരെ തന്റെ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യം ശരിക്കും ഓര്‍ക്കേണ്ടതാണ്. അവരെ വീട്ടില്‍ നിന്നും ഒഴിവാക്കുമ്പോള്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് നാം ചെയ്യുന്നത്. അതോടെ ആ വീടിന്റെ ബറക്കത്തുകള്‍ നഷ്‌ടമാവും.
നബി (സ്വ) പറയുന്നു: ``തീര്‍ച്ചയായും ബറക്കത്ത് മുതിര്‍ന്നവര്‍ക്കൊപ്പമാണ്'' (ഇബ്‌നു ഹിബ്ബാന്‍). നബി (സ്വ) പറയുന്നു: ``അല്ലാഹു ഒരു ഭവനത്തില്‍ നന്മ ഉദ്ദേശിച്ചാല്‍ ആ വീട്ടിലെ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്ന അവസ്ഥയുണ്ടാകും'' (ജാമിഉസ്സ്വഗീര്‍).
നബി (സ്വ) പറയുന്നു: ``നിങ്ങള്‍ ഭക്ഷണങ്ങള്‍ നല്‍കുമ്പോള്‍ മുതിര്‍ന്നവരെ കൊണ്ട് തുടങ്ങുക''. മക്കള്‍ക്ക് സമ്മാനങ്ങളും പലഹാരപ്പൊതികളും വാങ്ങാന്‍ ഉത്സാഹം കാണിക്കുന്ന നാം മുതിര്‍ന്നവര്‍ക്ക് ആദ്യം നല്‍കണമെന്നുള്ള ഈ സുന്നത്ത് ശ്രദ്ധിക്കേണ്ടതാണ്.
ഹദീസില്‍ വന്ന പ്രസിദ്ധമായ ഒരു സംഭവമാണല്ലോ ഗുഹയില്‍ അകപ്പെട്ട മൂന്നാളുടേത.് വലിയ പാറ വന്ന് അടഞ്ഞുപോയ ഗുഹക്കുള്ളില്‍ രക്ഷപ്പെടാന്‍ ഒരു പഴുതും ലഭിക്കാതെ വന്നവര്‍, അവര്‍ ചെയ്‌ത സല്‍കര്‍മ്മങ്ങളെ മുന്‍നിറുത്തി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിക്കുകയും അങ്ങനെ ഓരോരുത്തരും പ്രാര്‍ത്ഥിച്ചപ്പോള്‍ ആ വലിയ പാറ അല്‍പാല്‍പമായി സ്വയം നീങ്ങി അവര്‍ രക്ഷപ്പെടുകയും ചെയ്‌തു.
അതില്‍ ഒരാള്‍ പ്രാര്‍ത്ഥിച്ചത് ഇങ്ങനെയാണ്: ``അല്ലാഹുവേ, എനിക്ക് വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വീട്ടുകാര്‍ക്കുള്ള പാലുമായി വൈകുന്നേരം ഞാന്‍ വീട്ടിലെത്തിയാല്‍ എന്റെ മകള്‍ക്കും ഭാര്യക്കും പാല്‍ നല്‍കുന്നതിന് മുമ്പ് മാതാപിതാക്കള്‍ക്കാണ് നല്‍കുക. പക്ഷേ, ഒരു ദിവസം ഞാന്‍ വീട്ടിലെത്തിയപ്പോഴേക്കും അവര്‍ ഉറങ്ങിപ്പോയി. ഞാന്‍ പാല്‍പാത്രമായി അവര്‍ എഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ച് കാത്തുനിന്നു. എന്റെ മക്കള്‍ എന്റെ കാലിന്‍ ചുവട്ടില്‍ കിടന്ന് വിലപിക്കുന്നുണ്ട്. പക്ഷേ, എന്റെ മാതാപിതാക്കള്‍ക്ക് നല്‍കുന്നതിന് മുമ്പ് അവര്‍ക്ക് നല്‍കാന്‍ ഞാന്‍ ഇഷ്‌ടപ്പെട്ടില്ല. അവസാനം അവര്‍ ഉറക്കമുണര്‍ന്ന് പാല്‍ കുടിച്ചതിന് ശേഷമാണ് ഞാന്‍ മക്കള്‍ക്കും ഭാര്യക്കും നല്‍കിയത്. നിന്റെ പൊരുത്തത്തിന് വേണ്ടി ഞാന്‍ ചെയ്‌ത ഈ സല്‍കര്‍മ്മം മുന്‍നിര്‍ത്തി എന്നെ ഈ ആപത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍. ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. മാതാപിതാക്കളേക്കാള്‍ മക്കള്‍ക്ക് പരിഗണന നല്‍കുന്നവര്‍ക്ക് ഈ ചരിത്രത്തില്‍ വലിയ ഗുണപാഠങ്ങള്‍ ഉണ്ട്.
വീട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടാവുക എന്നത് വലിയൊരു ഭാഗ്യമാണ്. അവരെ എങ്ങനെയെങ്കിലും നമ്മുടെ വീടുകളില്‍ നിര്‍ത്താന്‍ നാം കിണഞ്ഞു പരിശ്രമിക്കണം. സഹോദരന്മാരുടെ വീടുകളിലേക്ക് പോലും അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പറഞ്ഞയക്കാന്‍ ശ്രമിക്കരുത്. അവര്‍ വീടുകളില്‍ ഉണ്ടാവുന്നത് ഈ ലോകത്തും പരലോകത്തും നമുക്ക് വലിയ പ്രയോജനകരമാണ്. ``മാതാപിതാക്കളെ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തിലെത്താത്തവന്‍ എത്ര ഭാഗ്യഹീനനാണ്'' എന്ന് നബി (സ്വ) പഠിപ്പിക്കുന്നു.
ബലഹീനന്മാര്‍, വൈകല്യമുള്ളവര്‍
അല്ലാഹു എല്ലാവരെയും ഒരുപോലെയല്ല സൃഷ്‌ടിച്ചത്. ആരോഗ്യമുള്ളവരും രോഗികളും അവരിലുണ്ട്. അംഗവൈകല്യമുള്ളവരും ഇല്ലാത്തവരുമുണ്ടാകും. ഇവരെല്ലാം പരസ്‌പരം പരീക്ഷണ വസ്‌തുക്കളാണ് എന്ന് നാം തിരിച്ചറിയണം. ഒരാള്‍ക്ക് ആരോഗ്യം നല്‍കിയത് അവന് മാത്രം അതുകൊണ്ട് സുഖമായി ജീവിക്കാനല്ല. ആരോഗ്യമില്ലാത്തവനെ സഹായിക്കാന്‍ കൂടിയാണ്.
അല്ലാഹു ഒരാളെ വൈകല്യമുള്ളവനാക്കിയത് അവനെ കഷ്‌ടപ്പെടുത്താനല്ല. അവന് വമ്പിച്ച പ്രതിഫലം നല്‍കാനാണ്. പ്രത്യേകമായ അനുഗ്രഹവും ബറക്കത്തും അല്ലാഹു ആകാശത്ത് നിന്ന് അവനു വേണ്ടി ഇറക്കും. അത് അവനും അവനെ സംരക്ഷിക്കുന്നവനും ലഭിക്കും. അഥവാ ഒരാളുടെ വീട്ടില്‍ വൈകല്യമുള്ളവരോ മന്ദബുദ്ധികളോ ആയ ആരെങ്കിലും ഉണ്ടെങ്കില്‍ ആ വീട് നിറഞ്ഞ ഐശ്വര്യവും സമ്പത്തുമുള്ളതായി മാറും.
ഉമര്‍ (റ) പറയുന്നുണ്ട്: ``നിങ്ങള്‍ ആശ്രിതരെ അധികരിപ്പിക്കുക. ആരെ കൊണ്ടാണ് നിങ്ങള്‍ക്ക് സമൃദ്ധി ലഭിക്കുന്നതെന്നറിയില്ലല്ലോ?'' മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സഹായങ്ങള്‍ ലഭിക്കുന്നതും വിശാലമായ ഭക്ഷണം ലഭിക്കുന്നതും നിങ്ങളിലുള്ള ബലഹീനര്‍ കാരണമാണ്.
അല്ലാഹുവിന്റെ ആശ്രിതര്‍ക്ക് ഗുണം ചെയ്യുന്നവരെ അല്ലാഹു ഇഷ്‌ടം വെക്കുന്നു. അവര്‍ക്ക് ആവശ്യമായ സമ്പത്ത് നല്‍കുന്നു. അതിനാല്‍ നമ്മുടെ വീടുകളില്‍ ബലഹീനര്‍ ഉണ്ടെങ്കില്‍ അവരെ സ്‌നേഹപൂര്‍വ്വം പരിചരിക്കുക. അവരെ വെറുത്താല്‍ വീടിന്റെ ബറക്കത്തിനെയാണ് വെറുക്കുന്നതെന്ന് മനസ്സിലാക്കുക.
അതിഥികള്‍
അതിഥികള്‍ വീട്ടില്‍ പ്രവേശിക്കലും വീടിന് ബറക്കത്ത് നല്‍കുന്ന പ്രധാന കാര്യമാണ്. കാരണം ഓരോ അതിഥിയും തനിക്കും വീട്ടുകാര്‍ക്കുമുള്ള ഭക്ഷണവുമായാണ് വരുന്നത്. കൂടാതെ അവന്റെയൊപ്പം അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരും ഉണ്ടാകും.
ഈ ഹദീസുകള്‍ ശ്രദ്ധിക്കൂ!!
``അതിഥികള്‍ പ്രവേശിക്കാത്ത വീട്ടില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല'' ``ഒരു വീട്ടില്‍ അതിഥികള്‍ പ്രവേശിച്ചാല്‍ അവനോടൊപ്പം ആയിരം ബറക്കത്തുകളും ആയിരം കാരുണ്യവും പ്രവേശിക്കുന്നതാണ്''. ``അതിഥികള്‍ക്കായി ഭക്ഷണമൊരുക്കുന്ന വീട്ടുകാരന് വേണ്ടി മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്'' . ഇന്ന് നഷ്‌ടമായി കൊണ്ടിരിക്കുന്ന ഒരു സുന്നത്താണിത്. ആര്‍ക്കും സമയമില്ല. ദുന്‍യാവിന്റെ തിരക്കാണെല്ലാവര്‍ക്കും. ഒരു അതിഥിയായി ബന്ധുജനങ്ങളുടെ വീട്ടില്‍ പോകാന്‍ ആരും ഇഷ്‌ടപ്പെടുന്നില്ല. ആതിഥേയനാവുന്നതിന് നേരമോ താല്‍പര്യമോ ഇല്ല. ഓരോരുത്തരും അവനവനിലേക്ക് തന്നെ ഉള്‍വലിഞ്ഞ ജീവിതമാണ്. പക്ഷേ, അതിഥി സല്‍ക്കാരത്തിന്റെ ഗുണവും അത് നല്‍കുന്ന ഭാഗ്യങ്ങളും നാം ശരിക്കും മനസ്സിലാക്കിയാല്‍ ആരും അതിനോട് വൈഭവ്യം കാണിക്കില്ലെന്ന് മാത്രമല്ല ഒരു അതിഥിയെ ലഭിക്കാന്‍ കൊതിച്ചു പോകും.
ഓരോ നേരവും ആഹാരത്തിന് ഒരു അതിഥിയെ തേടി നടക്കുന്ന ഇബ്‌റാഹീം നബി (അ) യെ നമുക്കറിയാമല്ലോ?. തന്റെ വിശ്രുതമായ അതിഥി സല്‍ക്കാരമാണ് മഹാനവര്‍കളെ `ഖലീലുല്ലാഹി' - `അല്ലാഹുവിന്റെ മിത്രം' എന്ന സ്ഥാനത്തിനര്‍ഹത നേടിക്കൊടുത്തത്.
ഇബ്‌നുല്‍ ജൗസി ഉദ്ധരിക്കുന്നു: അബൂഹുറൈറ (റ) പറയുന്നു: ഒരാളുടെ വീട്ടില്‍ അതിഥിയെത്തുന്നത് വീട്ടുകാരനുള്ള ഭക്ഷണവുമായിട്ടാണ്. അതിഥി വീട്ടില്‍ നിന്നും പോകുന്നത് വീട്ടുകാരന്റെ പാപങ്ങളുമായിട്ടാണ് അഥവാ പാപങ്ങള്‍ പൊറുക്കപ്പെടും എന്നര്‍ത്ഥം. ഒരാളുടെ വീട്ടില്‍ അതിഥിയെത്തുന്നതിന് നാല്‍പത് ദിവസം മുമ്പേ ഒരു മലക്കിനെ പക്ഷിയുടെ രൂപത്തില്‍ അവരിലേക്ക് അയക്കുമത്രെ. ആ പക്ഷി വീട്ടുകാരോട് ഏ വീട്ടുകാരേ, നിങ്ങളുടെ വീട്ടിലേക്കിതാ ഒരു അതിഥി ഇന്ന ദിവസം എത്തുമെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. (ബുസ്‌താനുല്‍ ആരിഫീന്‍). കാരണവന്മാര്‍ പണ്ടേ പറയാറുണ്ടായിരുന്ന ``കാക്ക വിരുന്ന് വിളിച്ചു'' എന്ന പദപ്രയോഗത്തിന് ഇത് അടിസ്ഥാനമാക്കാമോ എന്ന് നാം ചിന്തിക്കേണ്ടതാണ്.
ഒരു അതിഥി നമുക്കൊരുപാട് സമ്മാനങ്ങളുമായാണ് വരുന്നത്. അവന്റെ കൈയിലുള്ള പലഹാര പൊതിയല്ല ഉദ്ദേശിച്ചത്. മറിച്ച് ബറക്കത്ത്, പാപമോചനം, നരകവിമുക്തി മുതലായ അതുല്യമായ സമ്മാനങ്ങള്‍ അവന്റെ കൂടെയുണ്ട്. അവകളാണ് നാം ആഗ്രഹിക്കേണ്ടത്.
നബി (സ്വ) അലിയ്യ് (റ) നോട് പറയുകയുണ്ടായി: ``ഏ, അലിയ്യേ! നിന്റെ വീട്ടിലേക്ക് ഒരതിഥി വന്നാല്‍ നിന്റെ പാപങ്ങള്‍ പൊറുക്കാന്‍ വേണ്ടി അല്ലാഹു ആഗ്രഹിക്കുകയാണെന്ന് നീ അറിയണം''.
അതിനാല്‍ നമ്മുടെ വീടുകളില്‍ എത്തുന്ന അതിഥികളെ സല്‍ക്കരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. നബി (സ്വ) പഠിപ്പിക്കുന്നു: ``അല്ലാഹുവിന്റെ പൊരുത്തം മുന്‍നിറുത്തി ആരെങ്കിലും അതിഥികളെ ബഹുമാനിച്ചാല്‍ അവനിലേക്ക് അല്ലാഹു കാരുണ്യത്തിന്റെ തിരുനോട്ടം നോക്കുന്നതാണ്. അതിഥി സ്വര്‍ഗ്ഗാവകാശിയും വീട്ടുകാരന്‍ നരകാവകാശിയുമാണെങ്കില്‍ അല്ലാഹു ആ വീട്ടുകാരനെ സ്വര്‍ഗ്ഗാവകാശിയാക്കി മാറ്റുന്നതാണ്. അതിനാല്‍ സജ്ജനങ്ങളായ അതിഥികള്‍ക്ക് മുമ്പില്‍ മലര്‍ക്കേ തുറക്കുന്ന വാതിലുകളാകണം നമ്മുടെ ഭവനങ്ങള്‍.
യതീമുകള്‍
നമ്മെ പരിശോധിക്കാന്‍ അല്ലാഹു നല്‍കുന്ന മറ്റൊന്നാണ് യതീമുകള്‍ അഥവാ അനാഥകള്‍. അവരെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. നമ്മുടെ ചുറ്റും യതീമുകളെ അല്ലാഹു സൃഷ്‌ടിക്കുന്നത് നാം അവരോട് എങ്ങനെ പെരുമാറും എന്ന് പരീക്ഷിക്കാന്‍ കൂടിയാണ്. നമുക്ക് അല്ലാഹു നല്‍കിയ സമ്പത്ത് നമ്മുടെ മക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല, വാപ്പയില്ലാത്ത കുഞ്ഞുമക്കള്‍ക്ക് കൂടി അതില്‍ അവകാശങ്ങളുണ്ട്. നമ്മുടെ മനസ്സുകളില്‍ അല്ലാഹു നിക്ഷേപിച്ച സ്‌നേഹവും സഹാനുഭൂതിയും ആദ്രതയും. നമ്മുടെ മക്കളെ മാത്രം തഴുകി തലോടാനുള്ളതല്ല. യതീമുകളെ കൂടി തലോടാനുള്ളതാണ്. അതിനാല്‍ നമ്മുടെ വീടുകള്‍ യതീം മക്കളെ ബഹുമാനിക്കുന്ന വീടുകളാകണം. നബി (സ്വ) അക്കാര്യം ഉണര്‍ത്തുന്നുണ്ട്: ``അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ഭവനം യതീമുകളെ ബഹുമാനിക്കുന്ന ഭവനമാണ്''. അനാഥ മക്കള്‍ക്ക് മുമ്പിലും തുറന്നിട്ട വാതിലുകളാകട്ടെ നമ്മുടെ ഭവനങ്ങള്‍. എന്നാല്‍ ബറക്കത്തുകള്‍ നിറഞ്ഞ വീടുകളായി അത് മാറും.
No comments:
Post a Comment