നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday, 28 December 2017

ഓഖി നല്‍കുന്ന പാഠം

ഓഖി നല്‍കുന്ന പാഠം


മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടയിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം" (സൂറുത്തു റൂം).
           വിശ്വാസികളെ സംബന്ധിച്ച് മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനം വര്‍ത്തമാന യുഗത്തില്‍ വളരെ ചിന്തനീയമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരപ്രദേശങ്ങളില്‍ വീശിയടിച്ച ഓഖിയെ നാം അവിടേക്ക് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. നൂറുകണക്കിന് ജീവനെടുത്ത് കേരളത്തെ വിറപ്പിച്ച ഓഖി ചുഴലിക്കാറ്റിന്‍റെ സംഹാര താണ്ഡവം നാം മറന്നിട്ടില്ല. എന്നാല്‍ എന്തുകൊണ്ട് ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ എന്ന് പൂര്‍വ്വ ചരിത്രം നാം പഠിക്കാന്‍ തയ്യാറാകുമ്പോള്‍ സ്രഷ്ടാവിനോട് നന്ദികേട് പ്രവര്‍ത്തിച്ച ഒരു സമുദായത്തെ അല്ലെങ്കില്‍ ഒരു സമൂഹത്തെ നേര്‍വഴിക്ക് നടത്താനാണ് സ്രഷ്ടാവ് ഇത്തരം പരീക്ഷണങ്ങള്‍ നല്‍കുന്നതെന്ന് കാണാന്‍ കഴിയും. മഹാനായ നൂഹ് നബി (അ) യുടെ കാലത്തെ വന്‍ പ്രളയവും ശുഐബ് നബി (അ) യുടെ സമൂഹമായ മദ്യന്‍കാരോട് ചെയ്തതും ഇതിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്.
           ഒരു തലയ്ക്കല്‍ കാലാവസ്ഥാ വ്യതിയാനവും അതിന്‍റെ പരിണിത ഫലങ്ങളുമാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമെന്ന് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മനുഷ്യന്‍റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മറുപടിയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് കണ്ടെത്താനാകും. കാലാവസ്ഥ വ്യതിയാനത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പ്രകൃതിസ്നേഹികളും ശാസ്ത്രജ്ഞരും  പറയുന്നത്. ഒന്നാമതായി ഭൂമിയില്‍ നടക്കുന്ന ചില പ്രതിഭാസങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങളാണ്. അഗ്നി പര്‍വ്വതം, സമുദ്രജല പ്രവാഹം, സുനാമി, ഭൂചലനം തുടങ്ങിയവ ഈ ഗണത്തില്‍ വരും. രണ്ടാമതായി മനുഷ്യന്‍റെ പ്രവൃത്തിയുടെ ഫലമായി ഉണ്ടാകുന്നവയാണ്. ഹരിത ഗൃഹവാതങ്ങളുടെ അമിത പ്രവാഹം, പരിസ്ഥിതി മലിനീകരണം, എക്കോ സിസ്റ്റത്തെ നശിപ്പിക്കല്‍, ജൈവ അധിനിവേശം, ജനിതകമാറ്റം വരുത്തിയ ചെടിയിനങ്ങള്‍ എന്നിവ.
            മനുഷ്യന്‍റെ ജീവിത പരിസരവും വ്യവഹാര രീതികളും പരിപക്വവും വ്യക്തവുമായി അവതരിപ്പിച്ചത് വിശുദ്ധ ഇസ്ലാമായിരുന്നു. പ്രവാചകന്‍ (സ്വ) അതിനെ പ്രവാചക നിയോഗത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒരു ലക്ഷ്യമായി അവതരിപ്പിക്കുകയും ചെയ്തു. സര്‍വ്വ ലോകര്‍ക്കും അനുഗുണമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല എന്ന ഖുര്‍ആന്‍ സൂക്തം ആ യാഥാര്‍ത്ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. മനുഷ്യനെ മറ്റ് സര്‍വ്വ  സൃഷ്ടി ചരാചരങ്ങളേക്കാള്‍ പവിത്രമാക്കിയെന്നും സവിശേഷമായ ആദരവ് നല്‍കിയെന്നും മനുഷ്യന്‍റെ ഉപകാരത്തിനും ഉപയോഗത്തിനുമായി സൃഷ്ടിക്കപ്പെട്ടവയെ ഉത്തരവാദിത്വബോധത്തോടെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. 
         പ്രകൃതിവിഭവങ്ങളെ മാന്യമായി കൈകാര്യം ചെയ്യണമെന്നും അവയുടെ അനുഗുണമായ ഉപയോഗക്രമങ്ങള്‍ക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അവയുടെ ഉല്‍ഭവം, നിലനില്‍പ്പ് എന്നിവയെ കുറിച്ചൊക്കെ ചിന്താനിമഗ്നനനാവുക തുടങ്ങിയവയൊക്കെ പ്രവാചക അദ്ധ്യാപനത്തിലെ സുപ്രധാന ഭാഗങ്ങളാണ്. പ്രകൃതി (ഋി്ശൃീിാലിേ), പരിസ്ഥിതി ബോധവല്‍ക്കരണം (ഋി്ശൃീിാലിമേഹ അംമൃലിലൈ), നിലനില്‍പ്പ് (ടൗമെേശിമയശഹശ്യേ), പരിസ്ഥിതി ശാസ്ത്രം (ഋരീഹീഴ്യ) എന്നിവയും മറ്റ് പ്രകൃതിയോട് അനുബന്ധമായ വിഷയങ്ങളും അടുത്തിടെ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്. പ്രകൃതി സമ്പത്തുക്കളുടെ അമിതമായ ചൂഷണവും ഉപയോഗവും അവയുടെ ലഭ്യതക്കുറവും അഭാവവും മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തെ അപകടകരമായ നിലയില്‍ ബാധിച്ചിരിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തേടുമ്പോഴാണ് കാല്‍നൂറ്റാണ്ട് മുമ്പുള്ള അദ്ധ്യാപനങ്ങളുടെ മഹത്വം മനസ്സിലാകുന്നത്. ഇവിടെയാണ് പ്രവാചകന്‍ (സ്വ) ന്‍റെ മുന്നില്‍ അഭിനവ പ്രകൃതിവാദികള്‍ സ്രാഷ്ടാംഗം നമിക്കുന്നത്.
           നബി (സ്വ) പറഞ്ഞു: ഏതൊരു വിശ്വാസിയും ഒരു തൈ നടുകയോ വിത്ത് പാകുകയോ അതില്‍ നിന്ന് മനുഷ്യനോ മൃഗമോ പക്ഷിയോ ഭക്ഷിച്ചാല്‍ അതിനവന് പുണ്യദാനത്തിന്‍റെ പ്രതിഫലം ലഭിക്കാതിരിക്കില്ല (ബുഖാരി). ഹരിത കേരള മിഷന്‍ വിഭാവനം ചെയ്യുന്നതിന് മുന്നേ വനവല്‍ക്കരണത്തിന്‍റെ മഹത്വം ദാനധര്‍മ്മ മഹത്വത്തിലേക്ക് ലയിപ്പിച്ച പ്രവാചകന്‍ (സ്വ) എക്കാലത്തും മാതൃകായോഗ്യമാണ്.
           പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരം നല്‍കുന്നതോടൊപ്പം തന്നെ അവയെ ചൂഷണം ചെയ്യുന്നതും അവയ്ക്ക് മേല്‍ കൈ കടത്തുന്നതും പ്രവാചകന്‍ നിരുപാധികം നിരുത്സാഹപ്പെടുത്തി. മനുഷ്യനും പ്രകൃതിയും അല്ലാഹുവിന്‍റെ സൃഷ്ടികളാണെന്നും രണ്ടിനും സ്വന്തമായ അസ്ഥിത്വവും അവകാശങ്ങളുണ്ടെന്നും മനുഷ്യന് ഭൂമിയുടെ മേല്‍ കടന്നു കയറാനുള്ള അതി സ്വാതന്ത്ര്യം സ്രഷ്ടാവ് അനുവദിക്കുന്നില്ലെന്നും നബി (സ്വ) നമ്മെ പഠിപ്പിച്ചു. സംരക്ഷണം, വിഭവ നിര്‍വ്വഹണം തുടങ്ങി പ്രകൃതി സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലും പ്രവാചക അദ്ധ്യാപനങ്ങള്‍ കടന്നുപോയതായി കാണാം. 
            ഈ പ്രവാചക വചസ്സുകളെയും അദ്ധ്യാപനങ്ങളെയും ധിക്കരിച്ചും നിരാകരിച്ചും മാനവകുലം മുന്നോട്ട് ഗമിക്കുമ്പോള്‍ നമ്മെ തേടിയെത്തുന്ന ഓഖിയേയും മറ്റ് ഭീകര ചുഴലിക്കാറ്റുകളേയും സുനാമികളേയും കണ്ട് ഭയന്നിട്ട് കാര്യമില്ല. സ്രഷ്ടാവായ ഏക ഇലാഹിന്‍റെ ഔന്നിത്യത്തേയും വളര്‍ച്ചയേയും മനസ്സിലാക്കി അവനെ വഴിപ്പെടുന്ന അടിയാറുകളായി അവനിലേക്ക് അടുക്കാന്‍ തയ്യാറാകണം. 
ഖുര്‍ആന്‍ പറഞ്ഞത് പോലെ "അവര്‍ ഒരു വേള മടങ്ങിയേക്കാം" എന്ന പ്രഖ്യാപനത്തെ നാം ഉള്‍ക്കൊള്ളണം. തെറ്റുകളും കുറ്റങ്ങളും ഏറ്റ് പറഞ്ഞ് അവന്‍റെ സവിധത്തിലേക്ക് മടങ്ങുക എന്നത് മാത്രമാണ് ഏകമാര്‍ഗ്ഗം. മനുഷ്യരാശി തിന്മകളില്‍ നിന്നകന്ന് ജീവിക്കുകയും നന്മകള്‍ പ്രവര്‍ത്തിക്കുകയും അതിന് പ്രേരിപ്പിക്കുകയും പ്രചോദനം നല്‍കുകയുമാണ് വേണ്ടത്. മനുഷ്യന്‍റെ പ്രകൃതിയോടും സ്രഷ്ടാവിനോടുമുള്ള ദുഷ്ചെയ്തികള്‍ മൂലം പ്രകൃതി ദുരന്തങ്ങള്‍ തീ കാറ്റായും തീ മഴയായും സുനാമിയായും വെള്ളപ്പൊക്കമായും വര്‍ഷിക്കുന്നു. 
           മനുഷ്യ സൃഷ്ടിപ്പിന്‍റെ ഔന്നിത്യത്തേയും ലക്ഷ്യത്തേയും തിരിച്ചറിഞ്ഞ് നാം മുന്നോട്ട് പോകണം. ഓഖി ജീവന്‍ കവര്‍ന്ന നൂറ് കണക്കിന് ആളുകളുടെ ഉറ്റവരുടേയും ഉടയവരുടേയും വിലാപങ്ങളും കണ്ണുനീരും നമ്മുടെ ഹൃദയാന്തരങ്ങളില്‍ ഒരു നുള്ള് വേദന നല്‍കിയിട്ടുണ്ടെങ്കില്‍ ആ വേദനയാണ് മടക്കത്തിലേക്കുള്ള സ്രഷ്ടാവിന്‍റെ വിളി എന്ന് നാം മനസ്സിലാക്കണം. ആ വേദന നമ്മുടെ മനതലങ്ങളില്‍ രൂപപ്പെട്ടിട്ടില്ലെങ്കില്‍ കഠിനമായ നമ്മുടെ ഹൃദയാന്തരങ്ങളിലേക്ക് സ്രഷ്ടാവിന്‍റെ കാരുണ്യം പെയ്തിറങ്ങിയിട്ടില്ലെന്ന് വേണം കരുതാന്‍, നാഥന്‍  തുണക്കട്ടെ. 

Friday, 22 December 2017

ഗൗസുല്‍ അഅ്ളം (ഖു:സി)

ഗൗസുല്‍ അഅ്ളം


                   സ്വന്തം സന്താനങ്ങളുടെ അരുമ മുഖം പോലെ സുപരിചിതമാണ് മുസ്ലിം ലോക ജനതയ്ക്ക് ആത്മീയ ലോകത്തെ ചക്രവര്‍ത്തിയായ ശൈഖ് ജീലാനി (ഖു:സി). ആ നാമം ഒരിക്കലെങ്കിലും ഉരുവിടാത്ത വിശ്വാസിയുണ്ടാവുകയില്ല. ആത്മീയ ഔന്നിത്യം കൊണ്ട് ലോകത്തിന്‍റെ നെറുകയില്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്സായ ആത്മീയ ഗുരുവിന്‍റെ മഹത്നാമം വിളിച്ച് സഹായമര്‍ത്തിക്കാത്തവര്‍ നന്നേ ചുരുക്കം. 

                  ശൈഖ് മുഹിയദ്ധീന്‍ (ഖു:സി) തങ്ങളുടെ ഉജ്ജ്വലമായ ജീവിതം നല്‍കിയ സന്ദേശങ്ങള്‍, ആത്മീയ പ്രബോധന രംഗത്ത് ചെയ്ത സേവനങ്ങള്‍, പ്രഭാഷണങ്ങള്‍, രചനകള്‍, രൂപപ്പെടുത്തിയെടുത്ത ആത്മീയ വഴിത്താര, അപാരമായ സഹനം, ത്യാഗം, വ്യക്തി വിശുദ്ധി, നീളുകയാണ് വിശേഷണങ്ങള്‍.
                    പേര്‍ഷ്യയിലെ ജീലാന്‍ ജില്ലയിലെ നയീഫ് ദേശത്ത് ഹിജ്റ വര്‍ഷം 470 ലെ റമളാന്‍ മാസത്തില്‍ സയ്യിദ് അബൂമുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഭൂജാതരായി. പ്രവാചക പൗത്രനായ ഇമാം ഹാന്‍ (റ) വിന്‍റെ പരമ്പരയിലെ ഒരു ഭക്തനായിരുന്നു ഗൗസുല്‍ അഅ്ളമിന്‍റെ പിതാവ് അബൂസ്വാലിഹ് (റ). മാതാവാകട്ടെ ഹുസൈന്‍ (റ) പരമ്പരയിലെ പുത്രിയുമായിരുന്നു. അതിനാല്‍ തന്നെ ആത്മീയ യശസ്സ് കൊണ്ട് ലോകം കീഴടക്കിയ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഹസനിയ്യും ഹുസൈനിയ്യുമാണ്. 
ബാല്യം   
                ശാന്തസ്വഭാവക്കാരനും ചിന്താതല്‍പരനുമായിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) തങ്ങള്‍ അറിവ് തേടി അന്നത്തെ വിജ്ഞാനകേന്ദ്രമായ ബഗ്ദാദ് നഗരത്തിലേക്ക് യാത്ര തിരിച്ചു. ബഗ്ദാദിലേക്കുള്ള ജീലാനി (ഖു:സി) തങ്ങളുടെ പ്രഥമ യാത്രയിലുണ്ടായ ഒരു സംഭവം അദ്ദേഹത്തിന്‍റെ സത്യ സന്ധത വിളിച്ചോതുന്നു. ബഗ്ദാദിലേക്കുള്ള യാത്രക്ക് സന്നദ്ധനായി നില്‍ക്കുന്ന മകന്‍റെ കുപ്പായത്തിനുള്ളില്‍ ഏതാനും സ്വര്‍ണ്ണനാണയങ്ങള്‍ തുന്നിപ്പിടിപ്പിച്ച് ആ ഭക്ത മാതാവ് തന്‍റെ പൊന്നോമനക്ക് "ഏത് ആപത്ഘട്ടത്തില്‍പെട്ടാലും കളവ് പറയരുതേ" എന്ന സദുപദേശം നല്‍കി യാത്ര അയച്ചു. ആ ഉപദേശം മനസ്സാവരിച്ച് ഒരു കച്ചവടസംഘത്തിന്‍റെ കൂടെ ബഗ്ദാദിലേക്ക് യാത്ര തിരിച്ചു. ഹമദാനില്‍ എത്തിയപ്പോള്‍ അവരെ ഒരു കവര്‍ച്ചാസംഘം അക്രമിക്കുകയും കച്ചവട സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നതിനിടയില്‍ കേവലം ശാന്തനും പാവവുമായി തോന്നിയ ബാലനായ ശൈഖ് ജീലാനി (ഖു:സി) യോട് "തന്‍റെ കയ്യില്‍ വല്ലതുമുണ്ടോ?" എന്ന് വെറുതെ ചോദിച്ചു. മാതാവിന് നല്‍കിയ വാഗ്ദാനത്തെ സ്മരിച്ചുകൊണ്ട് ബാലനായ ശെഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) പറഞ്ഞു: "ഉണ്ട്. എന്‍റെ ഉമ്മ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ച സ്വര്‍ണ്ണനാണയങ്ങള്‍ എന്‍റെ കൈവശമുണ്ട്". ഒരു കുട്ടിക്ക് ഇത്രമാത്രം സത്യസന്ധത പാലിക്കാന്‍ സാധിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത ആ കൊള്ളസംഘം ആശ്ചര്യപ്പെടുകയും ആ ബാലനെ തങ്ങളുടെ തലവന്‍റെ മുമ്പിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു. തലവന്‍ ചോദിച്ചപ്പോഴും അതേ മറുപടി പറഞ്ഞപ്പോള്‍ പരിശോധിക്കാന്‍ തലവന്‍ ആജ്ഞാപിച്ചു. പരിശോധിച്ചപ്പോള്‍ ബാലന്‍ പറഞ്ഞതുപോലെ സ്വര്‍ണ്ണനാണയങ്ങള്‍!!!. ഈ സത്യസന്ധതയുടെ കാര്യം ആരാഞ്ഞപ്പോള്‍ ഉമ്മയുടെ ഉപദേശം പറഞ്ഞുകേള്‍പ്പിച്ചു. ഇത്കേട്ട കൊള്ള സംഘത്തിന്‍റെ നേതാവ് പൊട്ടിക്കരഞ്ഞ് താന്‍ ചെയ്തുപോയ പാപങ്ങളെ ചൊല്ലി പശ്ചാതപിക്കുകയും മുസ് ലിമാവുകയും ചെയ്തു. സത്യസന്ധതയുടെ പദവി അദ്ദേഹത്തില്‍ വേരൂന്നികഴിഞ്ഞിരുന്നു എന്നുള്ളതിന് ഈ സംഭവം ശക്തമായ തെളിവാണ്. 
വിദ്യാര്‍ത്ഥി ജീവിതം
        സത്യ സന്ധതയിലും സല്‍സ്വഭാവത്തിലും മുന്‍പന്തിയിലായിരുന്ന ശൈഖ് ജീലാനി (ഖു:സി) കൂര്‍മ്മ ബുദ്ധി, ഭക്തി, സാമര്‍ത്ഥ്യം എന്നിവയലും മറ്റു വിദ്യാര്‍ത്ഥികളേക്കാള്‍ മുന്‍പന്തിയിലായിരുന്നതിനാല്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹം കരസ്ഥമാക്കി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പലപ്പോഴും വ്രതമനുഷ്ഠിക്കുകയും ആത്മീയ ജ്ഞാനികളെ തേടിപ്പിടിക്കുകയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുമായിരുന്നു. ഈ സമയത്താണ് മഹാനുഭാവന്‍റെ ആത്മീയ പരിപാലകനായ ശൈഖ് ഹമ്മാദ് (റ) വിനെ കണ്ട് മുട്ടിയതും സമ്പര്‍ക്കം പുലര്‍ത്തിയതും എന്നത് വളരേയേറെ ശ്രദ്ധേയമാണ്. 
വിദ്യാര്‍ത്ഥി ജീവിതം പൂര്‍ത്തിയാക്കിയ ശേഷം ശൈഖ് ജീലാനി(ഖു:സി) തങ്ങള്‍ പൂര്‍ണ്ണമായ ഇലാഹീ സ്മരണയില്‍ സമയം ചെലവഴിച്ചു. അധിക സമയവും ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ത്ഥനയിലും ഇലാഹീ ചിന്തയിലുമായി കഴിഞ്ഞു കൂടിയ ശൈഖ് ജീലാനി (ഖു:സി) ഇശാനിസ്കാരം നിര്‍വ്വഹിക്കുന്നതിനായി ഉണ്ടാക്കിയ വുളൂ കൊണ്ട് തന്നെ സുബ്ഹി നിസ്കരിക്കുന്നത് പതിവായിരുന്നു.("നലവേറും ഇശാതൊളുദോരു വുളുവാലെ നാല്‍പതിറ്റാണ്ട് സുബ്ഹി തൊളുദോവര്‍"). അത് പോലെതന്നെ വളരെ കുറഞ്ഞ നേരം കൊണ്ടു തന്നെ ഖുര്‍ആന്‍ മുഴുവനും ശൈഖ് ജീലാനി (ഖു:സി) ഓതി തീര്‍ക്കുമായിരുന്നു. ഇത്തരണത്തില്‍ ആത്മീയ ലോകത്തെ സൂര്യതേജസായി ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ ലോകം കീഴടക്കി.
മുഹ്യിദ്ദീന്‍ (ദീനിനെ ജീവിപ്പിച്ചവന്‍)
             ഇസ്ലാമിക മൂല്യങ്ങള്‍ക്കും വിശ്വസങ്ങള്‍ക്കും ക്ഷയം സംഭവിച്ച്കൊണ്ടിരുന്ന കാലം മുസ്ലിംകള്‍ സുഖലോലുപതയിലും ആഡംബര ജീവിതത്തിലും ആറാടിയപ്പോള്‍ യഥാര്‍ത്ഥ പ്രഭാവത്തോടെയുള്ള മതാവേശം എങ്ങും കാണപ്പെട്ടിരുന്നില്ല. ഒരു നാള്‍ ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ ബാഗ്ദാദിന്‍റെ തെരുവില്‍കൂടി നടക്കുകയായിരുന്നു. അപ്പോള്‍ വഴിയരികില്‍ കിടന്ന് ക്ഷീണിതനായ ഒരുരോഗി ശൈഖ് ജീലാനി (ഖു:സി) തങ്ങളോട് സലാം പറയുകയും സലാം മടക്കിയതിന് ശേഷം എഴുന്നേറ്റിരിക്കാന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ രോഗിയെ എഴുന്നേല്‍പ്പിച്ചിരുത്തിയ സമയത്ത് ആ രോഗി ശൈഖ് ജീലാനി (ഖു:സി) നോട് പറഞ്ഞു: ഞാന്‍ ദീനാണ്. രോഗിയും അവശനുമായ എനിക്കു അല്ലാഹു അങ്ങയുടെ സഹായത്താല്‍ പുനരുജ്ജീവന്‍ നല്‍കിയിരിക്കുന്നു. ഇതു കൊണ്ടാണ് ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ പില്‍ക്കാലത്ത് "ദീനിന്‍റെ പുനരുദ്ധാരകന്‍" എന്നര്‍ത്ഥമുള്ള "മുഹ്യുദ്ദീന്‍" എന്ന പ്രശസ്ത നാമത്തിനര്‍ഹരായത്. ധാര്‍മ്മികമായി അധഃപതിച്ച മുസ്ലിംകളുടെ ജീവിതഗതിയില്‍ സാരമായ പരിവര്‍ത്തനം ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ നടത്തുകയും ചെയ്തു. 
വിജ്ഞാനസദസ്സ്
                 വിജ്ഞാനം, ആത്മീയപ്രകാശം, സത്യസന്ധത, പൂര്‍ണ്ണമായ ശരീഅത്ത് ഇവയുടെ പ്രശസ്തി ലോകം മുഴുവനും വ്യാപിച്ചപ്പോള്‍ ശൈഖ് ജീലാനി (ഖു:സി) ന്‍റെ സദുപദേശം കേള്‍ക്കാന്‍, ആ നാവില്‍ നിന്നും വീഴുന്ന മണിമുത്തുകള്‍ ശേഖരിക്കാന്‍, ധര്‍മ്മോപദേശങ്ങള്‍ ഗ്രഹിക്കാന്‍ ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്നും ജനലക്ഷങ്ങള്‍ ശൈഖ് ജീലാനി (ഖു:സി) യുടെ സന്നിധിയിലേക്ക് പ്രവഹിച്ചു തുടങ്ങി. പലവിധ ജ്ഞാനം നേടാന്‍ ജനങ്ങള്‍ അദ്ദേഹത്തെ സമീപിച്ചു. ശൈഖ് ജീലാനി (ഖു:സി)യുടെ മതോപദേശങ്ങള്‍ ശ്രവിച്ച ആയിരക്കണക്കിന് അമുസ്ലിംകള്‍ ഇസ്ലാമിന്‍റെ ശാദ്വലതീരത്തേക്കടുത്തു. ആത്മീയ പ്രഭാവം അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ തെളിഞ്ഞ് നിന്നിരുന്നു. ശൈഖവര്‍കള്‍ നേടിയെടുത്ത ആത്മീയ ഔന്നിത്യമായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പ്രബോധനായുധം. രണ്ടാമതായി ചരിത്രം കാണുന്നത് അവിടുത്തെ പ്രഭാഷണങ്ങളാണ്. ശൈഖവര്‍കള്‍ നിരന്തരമായി ചെയ്തുകൊണ്ടിരുന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ് അല്‍ ഫത്ഹുറബ്ബാനി. മഞ്ചേരി വാക്കേത്തൊടി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹു. ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് കമാലുദ്ദീന്‍ അല്‍ ഖാദിരിയ്യി സ്സ്വൂഫി എം. മുത്തുകോയ തങ്ങള്‍ (ഖു.സി.) ത്വരീഖത്തിനെ കുറിച്ചുള്ള സമഗ്രമായ സമര്‍ത്ഥനത്തോട് കൂടി അല്‍ ഫത്ഹുര്‍റബ്ബാനി മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫുതൂഹുല്‍ ഗയ്ബ്, സിര്‍റുല്‍ അസ്റാര്‍, ഗുന്‍യത്ത് തുടങ്ങിയവ മഹാനുഭാവന്‍റെ ഗ്രന്ഥങ്ങളാണ്.
കുടുംബം
               മാതൃകാഗുണവതികളും സല്‍സ്വഭാവികളുമായ 4 ഭാര്യമാരിലൂടെ 49 മക്കള്‍ (27 ആണ്‍കുട്ടികള്‍, 22 പെണ്‍കുട്ടികള്‍) അദ്ദേഹത്തിനു ജനിച്ചു. എല്ലാവരും വിജ്ഞാനികളെന്ന നിലയില്‍ വിഖ്യാതരായിരുന്നു.
വഫാത്ത് 
              ഹിജ്റ വര്‍ഷം 561 റബീഉല്‍ ആഖിറില്‍ 91-ാം വയസ്സില്‍ ആത്മീയ ലോകത്തിലെ ചക്രവര്‍ത്തി, ആത്മീയ യശസ്സ്കൊണ്ട് ലോകം കീഴടക്കിയ ലോകത്തിന്‍റെ നെറുകയില്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്സ് ഗൗസുല്‍ അഅ്ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഈ ലോകത്തോട് വിട പറഞ്ഞു. ആ ദിനം ഇന്നും ജീലാനി ദിനമായി മുസ്ലിം ലോകം ആചരിക്കുന്നു. 
ഇസ്ലാമിക ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ പുണ്യാത്മാവാണ് ശൈഖ് ജീലാനി (ഖു.സി). ഇസ്ലാമിക ചരിത്രത്തില്‍ ആ പുണ്യാത്മാവിന്‍റ വ്യക്തി പ്രഭാവം അമൂല്യ രത്നസമാനം പോലെ ഇന്നും തിളങ്ങിക്കൊണ്ടിരിക്കുന്നു.     

Tuesday, 19 December 2017

ചില വിചാരങ്ങള്‍


ചില വിചാരങ്ങള്‍
                 ഞാന്‍ വലിയവനാണ്, ഉന്നത തറവാട്ടുകാരനാണ്, മുന്തിയ കുടുംബക്കാരനാണ്, വലിയ സമ്പന്നനാണ്, ആരോഗ്യവാനാണ്, തന്‍റേടമുള്ളവനാണ്, സാമൂഹ്യനേതാവാണ്, രാഷ്ട്രീയ നായകനാണ്, സാംസ്കാരിക വക്താവാണ്, ജനസേവകനാണ്, പെരിയ പണ്ഡിതനാണ്, എന്തിനും കൊള്ളാവുന്നവനാണ്, അതുകൊണ്ട് താന്‍ പറയുന്നത് മാത്രം ശരി, തനിക്ക് അബദ്ധം സംഭവിക്കുകയില്ല, താന്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കണം, അനുസരിക്കണം തുടങ്ങിയ വിവിധ വിചാരങ്ങള്‍ നമ്മില്‍ പലരിലും പലപ്പോഴുമുണ്ടാകാറുള്ളതായി അനുഭവപ്പെടാറുണ്ട്. 
                 വാസ്തവത്തില്‍ ഈ വിചാരക്കാരന്‍ മിക്കപ്പോഴും ഇതിന്‍റെ വിപരീതാവസ്ഥയിലായിരിക്കും. അങ്ങനെയുള്ളവര്‍ക്കാണ് ഈ താണ വിചാരങ്ങള്‍ കൂടുതലും ഉണ്ടാവുക. വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ അത് സാക്ഷീകരിക്കുന്നുണ്ട്. "ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന് (അത്തരക്കാരായ മുനാഫിഖുകളോട്) പറയപ്പെട്ടാല്‍ ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാണെന്ന് അവര്‍ പറയും" എന്ന ഖുര്‍ആന്‍ വചനം ഒരുദാഹരണം. ഏത് വേഷത്തിലും രൂപത്തിലും വിലാസത്തിലുമായാലും ചിലയാളുകളുടെ തനിനിറം പലപ്പോഴും പുറത്തു ചാടുന്നത് നാം കാണാറുണ്ടല്ലോ? നിങ്ങളുടെ ചിന്താഗതി, അല്ലെങ്കില്‍ വര്‍ത്തമാനം, പ്രവൃത്തി ശരിയല്ല, നിങ്ങള്‍ക്ക് യോജിച്ചതല്ല, പ്രശ്നമുണ്ടാക്കല്ലേ അത് നിങ്ങളുടെ തന്നെ നാശത്തിന് നിമിത്തമാകും എന്നെങ്ങാനും ഒരു ഗുണകാംക്ഷി ഇത്തരക്കാരോട് ഉണര്‍ത്തിയാല്‍ മറുപടി അതിരസകരമായിരിക്കും എന്നതിലുപരി സഹതാപകരവും വിഷമകരവുമായിരിക്കും. 
                 ഞാന്‍ പറഞ്ഞത് ശരിയല്ലേ? പിന്നെ ഏതാ ശരി, ഞാനാരാണെന്ന് അറിയുമോ? എന്‍റെ യത്ര സത്പ്രവര്‍ത്തനങ്ങള്‍ ആരാ ചെയ്യുന്നത്?നാടിനും നാട്ടാര്‍ക്കും വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങള്‍, ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാനപങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഞാന്‍ ചിലവഴിച്ച ആരോഗ്യവും അറിവും സമ്പത്തുമൊക്കെ എത്രയെന്നറിയുമോ? എന്നിട്ടിപ്പോള്‍ ഞാന്‍ പറഞ്ഞത്/ചെയ്തത് തെറ്റോ? എന്നിങ്ങനെ പോകും ആ മറുപടി.
എങ്ങനെയുണ്ട്? ഈ വിധ വിചാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നുമൊക്കെ മുക്തമായവര്‍ക്ക് സര്‍വ്വ സന്തോഷങ്ങള്‍ നേരുന്നു. മേല്‍പറഞ്ഞയാളുകളുടെ പ്രവര്‍ത്തനങ്ങളും ത്യാഗങ്ങളും ഇവിടെ എന്തോ കിട്ടാന്‍! ചിലപ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള നല്ല സാക്ഷ്യപത്രം, അല്ലെങ്കില്‍ അവരുടെ നക്കാപിച്ച അങ്ങനെയെന്തെങ്കിലും നേടാന്‍ വേണ്ടിയായിരിക്കുമെന്നതുറപ്പാണ്. അല്ലെങ്കില്‍ പിന്നെ വൈയക്തികമോ കുടുംബപരമോ സാമൂഹികമോ സാംസ്കാരികമോ മതപരമോ മറ്റോ ആയി ചെയ്ത, ചെയ്യുന്ന നന്മകളുടെയും സത്പ്രവര്‍ത്തനങ്ങളുടെയും മറവില്‍ അനിസ്ലാമിക ചിന്തയും പ്രവര്‍ത്തനവും സംസാരവും എന്തിനാ നടത്തുന്നത്? അതുകൊണ്ട് കോട്ടമല്ലാതെ പടവച്ചവന്‍റെയടുക്കല്‍ വല്ല നേട്ടവുമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ അനവസരത്തിലുള്ള അനാവശ്യ പ്രവൃത്തിയും സംസാരവും ചിലപ്പോള്‍ ഇരുലോകത്തും നഷ്ടത്തിനും മാനഹാനിക്കും നിമിത്തമാകാം. ഓ മുസ്ലിം, നീ ആരുമാകട്ടെ സൂക്ഷിച്ചാല്‍ നല്ലത്.
                എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവനും അവനെ അനുസരിക്കുന്നവനുമാണ് മുസ്ലിം എന്ന കാര്യം എന്തേ നീ മറക്കുന്നു?! വിചാരങ്ങള്‍ തെറ്റല്ലെന്ന് വച്ചാല്‍ തന്നെ അത് ഉള്ളില്‍ കിടന്ന് മൂത്ത് മൂത്ത് അനാവശ്യ സംസാരത്തിലേക്കും പ്രവൃത്തിയിലേക്കും ചിലപ്പോള്‍ എത്തിക്കും. അത് മറ്റ് വിലാസങ്ങളൊക്കെ മാറ്റിവെച്ചാല്‍ തന്നെ 'ഒരു മുസ്ലിം' എന്ന വിലാസക്കാരന് ഒട്ടും യോജിച്ചതല്ലല്ലോ? 
"നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വ്യത്യസ്ത ഗോത്രങ്ങളും ശാഖകളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ നിങ്ങളില്‍ അതിസൂക്ഷ്മാലുവാണ്" എന്നല്ലേ നമുക്ക് ആരോഗ്യവും തന്‍റേടവും സമ്പത്തും അറിവും സ്ഥാനമാനങ്ങളും പദവികളും മറ്റെല്ലാം നല്‍കിയ ഉടയ തമ്പുരാന്‍  പറഞ്ഞത്. അവനൊന്ന് ഉദ്ദേശിച്ചാല്‍ നമ്മുടെ എല്ലാം തകരാന്‍ എത്ര നേരം വേണം? മുസ്ലിം! നീ ചിന്തിക്കുന്നില്ലേ? ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ? ആപത്താണ്, കൊടിയ ആപത്താണ്.
നിന്നെ നിയന്ത്രിക്കുന്ന ഹൃദയത്തിന്‍റെ കറകളാണ് മേല്‍വിചാരങ്ങളില്‍ കുടുങ്ങാന്‍ കാരണമെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. അതുകൊണ്ട് അതൊന്ന് സ്ഫുടം ചെയ്യാന്‍ ശ്രമിക്ക്. നിന്‍റെ ദിക്റും സ്വലാത്തും നോമ്പും നിസ്കാരമൊന്നും അതിനെ ശുദ്ധീകരിക്കുന്നില്ലെങ്കില്‍  അതിന് തരപ്പെട്ട യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ അല്ലാഹുവിന്‍റെ പ്രീതിയിലായി അതിന് വേണ്ടി നിലകൊളളുന്ന മഹാത്മാക്കളെ സമീപിക്കൂ. അവര്‍ക്ക് മുന്നില്‍ നീ നിന്നെ സമര്‍പ്പിക്കൂ. ആത്മാര്‍ത്ഥമായി ഉള്ളിലുള്ള സര്‍വ്വചിന്തകളും നീക്കി കറകള്‍ കഴുകിത്തന്ന് സദാ ഇലാഹീ ചിന്തയും സ്മരണയുമുള്ള ഹൃദയമാക്കിത്തരും അവര്‍. അപ്പോള്‍ ദുര്‍വിചാരങ്ങളും പ്രവൃത്തികളും സംസാരങ്ങളുമൊക്കെ പോയി അകവും പുറവും നന്നായിത്തീരും. തീര്‍ച്ച. 

സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.)


സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.)

             ലക്ഷദ്വീപിലെ സയ്യിദ് കുടുംബങ്ങളില്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത് നില്‍ക്കുന്ന സയ്യിദ് വംശമാണ് ജീലാനി എന്നും ജീലിയ്യ് എന്നും വിളിച്ചുവരുന്ന സയ്യിദ് വംശം.
                 ഈ വംശപരമ്പരയുടെ ബഹുഭൂരിഭാഗവും തിരുദൂതരിലേക്ക് ചേരുന്നത് പ്രസിദ്ധ സൂഫീവര്യനും സയ്യിദുമായ സയ്യിദ് മുഹമ്മദ് ഖാസിം (ഖു.സി.) തങ്ങളിലൂടെയാണ്. മഹാനവര്‍കളുടെ അഞ്ച് ആണ്‍മക്കളില്‍ ഏറ്റവും ഇളയ പുത്രനാണ് സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍.
                  സയ്യിദ് മുഹമ്മദ് ഖാസിം (റ) ആന്ത്രോത്ത് നിന്ന് വിവാഹം കഴിച്ച് അവിടെ ദീനീ ദഅ്വത്തുമായി കഴിഞ്ഞുകൂടുന്ന കാലഘട്ടം. ഏതാണ് ഹിജ്റ 1100 ന് ശേഷം ആന്ത്രോത്തില്‍ മഹാനവര്‍കള്‍ പണികഴിപ്പിച്ച 'തങ്ങള അറ' എന്നറിയപ്പെടുന്ന വീട്ടിലാണ് വന്ദ്യരായ സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) യുടെ ജനനം. യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) യുടെ ജനനസ്ഥലം എന്ന നിലയില്‍ ആ സ്ഥലത്തിനെ ജനങ്ങള്‍ ഇന്നും ആണ്ട് നേര്‍ച്ചയും മറ്റും നടത്തി പ്രത്യേകം ആദരിച്ചുവരുന്നു.
                 ചില മഹാന്മാരെ ജന്മനാ തന്നെ സംരക്ഷണം നല്‍കി തിന്മകളില്‍ നിന്നും പൈശാചിക പ്രവണതകളില്‍ നിന്നും അല്ലാഹു സംരക്ഷിക്കാറുണ്ട്. ആ കൂട്ടത്തില്‍ സംരക്ഷണം നല്‍കപ്പെട്ട വലിയ മഹാനായിരുന്നു യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.).
             ലോകവിജ്ഞാന കേന്ദ്രമായി അക്കാലത്തും പ്രസിദ്ധമായി പൊന്നാനിയിലേക്കാണ് മഹാനവര്‍കളെ ദീനീവിജ്ഞാന സമ്പാദനത്തിനായി പറഞ്ഞുവിട്ടത്. പൊന്നാനിയിലെ വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ സയ്യിദവര്‍കളെ മനസ്സിലാക്കിയ ഗുരുനാഥന്‍ പൊന്നാനി മഖ്ദൂം (റ) തന്‍റെ അരുമശിഷ്യനെ പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. 
          പഠനശേഷം പിതാമഹന്‍റെ ദര്‍ഗ്ഗ സ്ഥിതി ചെയ്യുന്ന ആങ്കോല, ബൈന്തൂര്‍, കുന്താപുരം ഉള്‍പ്പെടെ കര്‍ണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മഹാനവര്‍കള്‍ ദീനീപ്രബോധനത്തിന് തിരഞ്ഞെടുത്തത്.
                മഹാനവര്‍കള്‍ കവരത്തി പുതിയന്നല്ലാല എന്ന വീട്ടില്‍ നിന്ന് വിവാഹം ചെയ്തതായി പറയപ്പെടുന്നു. അതിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭ്യമല്ല. സയ്യിദ് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍ക്ക് സന്താനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. കവരത്തി പുതിയന്നല്ലാല എന്ന വീട് യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) തങ്ങളുടെ വീടെന്ന നിലയില്‍ അറിയപ്പെടുന്നു. എന്നാല്‍ ശൈഖ് മുഹമ്മദ് ഖാസിം (റ) തങ്ങളുടെ മകനായി ആന്ത്രോത്ത് ദ്വീപിലാണ് മഹാനവര്‍കളുടെ ജനനം. പിതാവ് കവരത്തിയില്‍ പണികഴിപ്പിച്ച വീടിന് കോലിയാല എന്നാണ് പേര്. ഇത് വിലയിരുത്തുമ്പോള്‍ യൂസുഫ് വലിയ്യുല്ലാഹി (ഖു.സി) യുടെ പേരില്‍ അറിയപ്പെടുന്ന പുതിയന്നല്ലാല എന്ന വീട് തങ്ങള്‍ പണിയിച്ചതോ അല്ലെങ്കില്‍ വിവാഹം കഴിച്ചതോ ആകാനേ തരമുള്ളൂ. ഈ വിഷയം ചരിത്രാന്വേഷികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. വസ്തുത എന്തായാലും കവരത്തി പുതിയന്നല്ലാല എന്ന വീട്ടില്‍ മഹാനവര്‍കളുടെ തിരുശേഷിപ്പ് എന്ന നിലയില്‍ ഒരു മെതിയടി (പാദുകം, ചെരിപ്പ്) സൂക്ഷിക്കപ്പെടുന്നുണ്ട്. അത് സന്ദര്‍ശകര്‍ക്ക് ഇന്നും കാണാവുന്നതാണ്. 
               മുപ്പതോളം വര്‍ഷത്തെ ജീവിതത്തിനിടക്ക് തന്‍റെ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ച് നിരവധി പള്ളികളും പര്‍ണ്ണശാലകളും പണിത് പിതാമഹന്മാര്‍ വഴി തനിക്ക് ലഭിച്ച രിഫാഇയ്യ ത്വരീഖത്ത് കെട്ടുപോകാത്ത വിധം പിന്‍തലമുറക്ക് കൈമാറി. കര്‍ണ്ണാടകയിലെ ഉഡുപ്പിക്കടുത്ത തീരപ്രദേശത്ത് കുന്താപുരം ജുമാമസ്ജദിന് സമീപം അവിടുത്തെ ഒരു മുരീദ് ദാനമായി കൊടുത്ത സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുകയാണ് മഹാനവര്‍കള്‍. കുന്താപുരത്ത് പരലോകം പ്രാപിച്ചതാകയാല്‍ കുന്താപുരത്ത് കഴിഞ്ഞോര്‍ എന്നാണ് മഹാനവര്‍കള്‍ ദ്വീപുകളില്‍ അറിയപ്പെടുന്നത്. 
               ജീവിതകാലത്തും ശേഷവും നിരവധി അത്ഭുതസംഭവങ്ങള്‍ മഹാനവര്‍കളില്‍ നിന്ന് പ്രകടമായിട്ടുണ്ട്. ആ കറാമത്തിന്‍റെ നീണ്ട പട്ടിക ഇവിടെ നിവര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ബറക്കത്തിന് വേണ്ടി ഒന്ന് മാത്രം ചേര്‍ക്കാം. 
              വന്ദ്യരായ തങ്ങളവര്‍കള്‍ വഫാത്താകുമ്പോള്‍ ഒരു വ്യക്തിക്ക് അല്‍പം പണം കടം കൊടുക്കാനുണ്ടായിരുന്നു. സംഗതിവശാല്‍ അത് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. വഫാത്തിന് ശേഷം കടം കിട്ടാനുള്ള വ്യക്തി ദര്‍ഗ്ഗക്കരികില്‍ വന്ന് സങ്കടം ബോധിപ്പിച്ച് ഖുര്‍ആന്‍ പാരായണത്തിലും ദുആയിലുമായി വ്യാപൃതനായിരിക്കെ ഒരു ദിവസം ഒരു സ്ത്രീയും അദ്ദേഹത്തിന്‍റെ ഭര്‍ത്താവും ദര്‍ഗ്ഗയില്‍ വന്ന് സിയാറത്തും മറ്റും നടത്തിയ ശേഷം അവിടെയിരിക്കുന്ന അപരന് ആ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ സമ്മാനിച്ചു. ഈ കാഴ്ച കണ്ട് അത്ഭുത സ്തബ്ധനായ അപരന്‍ അവരോട് ചോദിച്ചു. ഈ ആഭരണങ്ങള്‍ മുഴുവനും നിങ്ങള്‍ ഇവിടെ തരാനുള്ള കാരണമെന്ത്? അവര്‍ വിശദീകരിച്ചു. ഞങ്ങള്‍ ഒരു സമുദ്ര യാത്രയിലായിരിക്കെ പൊടുന്നെനെ വാഹനം അപകടത്തില്‍ പെടുകയും ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ തുടങ്ങുകയും ചെയ്തു. തത്സമയം ഞങ്ങള്‍ ഞങ്ങളുടെ ശൈഖായിരുന്ന യൂസുഫ് വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍ക്ക് ഞങ്ങളുടെ ആഭരണങ്ങള്‍ മുഴുവനും നേര്‍ച്ചയാക്കി. താമസംവിനാ അത്ഭുതമെന്നോണം ഞങ്ങളുടെ കാലുകള്‍ മണലില്‍ പതിഞ്ഞു. ആഴമേറിയ സമുദ്രത്തില്‍ തലമുങ്ങാതെ നടന്ന് കരക്കണയാന്‍ സാധിച്ചു. അങ്ങനെ ആ നേര്‍ച്ച വീടുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. ഈ ആഭരണം ഏല്‍പിക്കാന്‍ അനന്തരവന്മാരില്ലാത്ത ശൈഖവര്‍കളുടെ ദര്‍ഗ്ഗയില്‍ കഴിഞ്ഞുകൂടുന്ന നിങ്ങളാണ് ഏറ്റവും അര്‍ഹന്‍ എന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളെ ഏല്‍പിക്കുകയാണ്. ഇത് കേട്ട കടം ലഭിക്കാനുള്ള വ്യക്തി അത്ഭുതത്തോടെ ആഭരണങ്ങള്‍ വാങ്ങി വില നിര്‍ണ്ണയിക്കുമ്പോള്‍ തനിക്ക് കിട്ടാനുള്ള കടത്തിന്‍റെ അത്ര തന്നെയായിരുന്നു ആ സ്വര്‍ണ്ണാഭരണങ്ങളുടെ തൂക്കം. അതോടെ ആ വ്യക്തി തനിക്ക് ശൈഖവര്‍കളില്‍ നിന്ന് ലഭിക്കാനുള്ള കടം ലഭിച്ച സന്തോഷത്താല്‍ അവിടുത്തെ ഖാദിമായി കഴിഞ്ഞുകൂടുകയായിരുന്നു. 
            ഔലിയാക്കളുടെ ലോകം അത് സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. തനിക്ക് മനസ്സിലാകാത്തതും അറിയാത്തതും നിഷേധിക്കുന്നത് ആത്മഹത്യാപരമാണ്. അറിവില്ലാത്തത് അറിയാന്‍ അറിയാത്തത് ഒരുപാട് അറിയാനിരിക്കുന്നു എന്നുമുള്ള ചിന്ത മനുഷ്യനെ നന്മയിലേക്ക് നയിക്കും. അല്ലാത്തത് അപകടത്തിലേക്കും. 
      "അല്ലാഹുവിനെ അറിയുന്ന മഹത്തുക്കളുടെ ഹൃദയങ്ങളില്‍ കണ്ണുകളുണ്ട്. 
സാധാരണ നയനങ്ങളാല്‍ ദര്‍ശിക്കാന്‍ കഴിയാത്തത് ആ അകക്കണ്ണ് കൊണ്ട് കാണാന്‍ കഴിയും. 
തൂവലുകളില്ലാത്ത ചിറകുകളുണ്ടവര്‍ക്ക്. 
ആചിറകുകളാല്‍ അവര്‍ സര്‍വ്വലോക രക്ഷിതാവിന്‍റെ അദൃശ്യലോകത്തേക്ക് അവര്‍ പറന്നുയരും" 
ഈ കവിതാ സാരാംശം നമ്മെ തെര്യപ്പെടുത്തുന്നത് ആരിഫുകളുടെ വചനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ അപഗ്രഥിക്കാനോ വിശകലനം ചെയ്യാനോ തുനിയരുത്. തന്‍റെ അറിവിലും ചിന്തയിലും ഒതുങ്ങാത്ത നിരവധി കാര്യങ്ങള്‍ ഈ ഭൗതിക ലോകത്ത് തന്നെയുണ്ട്. എങ്കില്‍ അദൃശ്യലോകത്തെ കുറിച്ച് എന്ത് പറയാന്‍! 
         ചുരുക്കത്തില്‍ ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ ഉദയം ചെയ്ത് കര്‍ണ്ണാടകയിലെ കുന്താപുരത്ത് റബീഉല്‍ ആഖിര്‍ 8 ന് പരലോകം പ്രാപിച്ച ആ മഹാനവര്‍കള്‍ വിലായത്തിന്‍റെ ശ്രേണികള്‍ ചവിട്ടിക്കയറി അത്യുന്നത പദവിയില്‍ വിരാചിച്ചവരായിരുന്നു. ആ മഹാനവര്‍കളുടെ കൂടെ നമ്മെയും സ്നേഹജനങ്ങളെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.

Saturday, 9 December 2017

ഇമാം ഗസ്സാലി (റ) -3 ശത്രുത പാടില്ല

ഇമാം ഗസ്സാലി (റ) -3
ശത്രുത പാടില്ല 

          ഇമാം ഗസ്സാലി (റ) തന്‍റെ ശിഷ്യനിലൂടെ ലോകത്തിന് സമര്‍പ്പിക്കുന്ന അവിടുത്തെ ദര്‍ശനങ്ങളില്‍ അല്ലാഹുവിനെ പ്രാപിക്കുക എന്ന സൃഷ്ടി ലക്ഷ്യ സാക്ഷാത്കാരത്തിലെത്തിച്ചേരാനുള്ള ഉപാധികളില്‍ ഒന്ന് ബിദ്അത്തുകള്‍ കടന്ന് കൂടാത്ത അശുദ്ധമായ വിശ്വാസം രണ്ട് നിഷ്ക്കളങ്കമായ തൗബ എന്നിവ കഴിഞ്ഞ ലക്കങ്ങളില്‍ സംക്ഷിപ്തമായി നാം വിവരിച്ചു. 
            മൂന്ന് : വിദ്വേഷമോ ശത്രുതയോ ഉള്ളവരോട് പൊരുത്തപ്പെടുവീക്കുക. 
സമൂഹജീവിയായ മനുഷ്യന്‍ ഇതരരുമായുള്ള സര്‍ഗ്ഗത്തിനിടയില്‍ സഹചമായി അനിഷ്ടങ്ങള്‍ സംഭവിക്കാം. അതിനാല്‍ മറ്റുള്ളവരോട് നമ്മുടെ മനസ്സില്‍ ചീത്ത വിചാരങ്ങളും പ്രതികാര വാജ്ഞയും ഉണ്ടായിത്തീരാന്‍ സാധ്യത ഏറെയാണ്. റബ്ബിന്‍റെ ദര്‍ശന സ്ഥാനമായ ഹൃദയത്തില്‍ ഇത്തരം മൃഗീയ ഗുണങ്ങള്‍ക്ക് ഇടം നല്‍കിയാല്‍ ഹഖിന്‍റെ വഴിയിലേക്കുള്ള പ്രവേശനം സാധ്യമാവുക പ്രയാസകരമാകും. തിരുനബി (സ്വ) പറഞ്ഞു: "പട്ടിയോ ജനാബത്തുകാരനോ പ്രതിമകളോ ഉള്ള ഭവനത്തില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല". ഭവനം എന്നാല്‍ ഹൃദയവും പട്ടി കൊണ്ട് മൃഗീയ സ്വഭാവങ്ങളും ജനാബത്ത് മ്ലേച്ഛതകളും സൂറത്ത് ഹഖ് അല്ലാത്തതിനോടുള്ള പ്രേമവും മലാഇക്കത്ത് നൂറ് തജല്ലിയുമാണ് എന്ന് പല മഹാത്മാക്കളും വിശദീകരിച്ചതനുസരിച്ച് ദുര്‍ഗുണ നിബിഡമായ ഹൃദയത്തില്‍ നൂറുത്തജല്ലി ഉണ്ടാവില്ലെന്ന് സംഗ്രഹിക്കാം. അതുകൊണ്ടാണ് ഇമാം അവര്‍കള്‍ വിരോധമോ വിദ്വേഷമോ ഉള്ള തന്‍റെ ഖല്‍ബിനെ അതില്‍ നിന്ന് മോചിപ്പിച്ചിരിക്കണം എന്ന നിബന്ധന. ഇത് മനുഷ്യരോട് മാത്രമല്ല, അല്ലാഹുവിന്‍റെ സൃഷ്ടികളോട് മുഴുവന്‍ അനുഷ്ഠിക്കേണ്ട കടമയാണ്. വളര്‍ത്തു മൃഗങ്ങളോട് ക്രൂരത കാണിക്കാന്‍ പാടില്ലാത്തത് പോലെ ഇതരജീവികളോടും അക്രമമോ അനീതിയോ ചെയ്യാവതല്ല. വെള്ളം കൊടുക്കാതെ വളര്‍ത്തുമൃഗങ്ങളെ പീഡിപ്പിച്ചവരോട് അതിനെ മോചിപ്പിക്കാനും മുലയൂട്ടുന്ന മാനിനെ പിടിച്ചു കൊണ്ടുവന്നവരോട് അതിന്‍റെ കുഞ്ഞിനെ മുലയൂട്ടാന്‍ പറഞ്ഞുവിടാന്‍ നിര്‍ദ്ദേശിച്ചതുമായ തിരുദൂതര്‍ (സ്വ) യുടെ ഹദീസ് പാഠങ്ങള്‍ ഇവിടെ സ്മരണീയമാണ്. ഒരു നായയോട് 'എടാ! നായേ' എന്ന് വിളിക്കാമെന്നല്ലാതെ എടാ നായിന്‍റെ മോനേ എന്ന് വിളിക്കാന്‍ പാടില്ലെന്ന നിയമം മൃഗങ്ങളോട് നമുക്കുണ്ടാകേണ്ട സമീപനത്തിന്‍റെ ചൂണ്ടുപലകയാണ്. ഇതൊന്നും ശ്രദ്ധിക്കാതെ അതൊരു മൃഗമല്ലേ എന്ന ലാഘവ ചിന്ത ആത്മീയത തേടുന്നവര്‍ക്ക് ഭൂഷണമല്ല.
            നിര്‍ജ്ജീവികളായി നാം കാണുന്ന സസ്യലദാതികളോടും ഇതെല്ലാം അല്ലാഹുവിന്‍റെ സൃഷ്ടിയാണെന്നും അതിനോടെല്ലാം നമുക്ക് ബന്ധവും ബാധ്യതയുമുണ്ടെന്ന ബോധവും അനിവാര്യമാണ്. വൃക്ഷത്തൈ നട്ട് പിടിപ്പിച്ചാല്‍ വെള്ളമൊഴിക്കണമെന്നും അതിന് സാധിക്കാത്തവന്‍ തൈ നടരുതെന്നുമുള്ള തിരുവചനം ചിന്തനീയമാണ്. ഇവകളെ പോലെ താനും സൃഷ്ടി മാത്രമാണെന്ന എളിമ ഹൃദയത്തില്‍ വേരോട്ടം നടത്തുമ്പോള്‍ മാത്രമാണ് ആത്മീയതയിലേക്ക് പാതമൂന്നുന്നത്. 
            വിരോധികളോട് മാപ്പപേക്ഷിക്കുക, പൊരുത്തപ്പെടുവിക്കൂക എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ കടന്നുവരുന്ന അനുബന്ധ വിഷയമാണ് 'ദീനീവിഷയങ്ങളില്‍ ഉണ്ടായിത്തീര്‍ന്നവ" എന്ത് ചെയ്യണം എന്നത്. ബിദ്അത്തിന്‍റെയും ഫിസ്ഖിന്‍റെയും വക്താക്കളോട് ഒരുവിധ മമതയും പാടില്ലെന്ന് ഇമാം ഗസ്സാലി (റ), ശൈഖ് മുഹ്യിദ്ദീന്‍ (റ) തുടങ്ങിയ മഹത്തുക്കള്‍ വളരെ വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇമാ ഗൗസുല്‍ അഅ്ളം അവിടുത്തെ ഗുന്‍യത്തില്‍ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം: എന്നാല്‍ അല്ലാഹുവിന് വേണ്ടി ശത്രുതയിലും അകല്‍ച്ചയിലുമായിരിക്കണം (ഗുന്‍യത്ത് 80). ശൈഖുനാ ബാനീ നൂറുല്‍ ഇര്‍ഫാന്‍ (ഖു.സി.) അവിടുത്തെ തൗഹീദ് മാലയില്‍ തല്‍സംബന്ധമായി ഇങ്ങനെ എഴുതുന്നു:
            ഉലകിന്ന് ഗുണം കെട്ടേ ജനത്തോട് കൂടി
            ഒരുമിച്ചാടിടും പോത് ഇക്കുണക്കേട്
            നിലക്കുവാന്‍ വഴി ഇല്ലെന്ന് ഉറപ്പാനെ അതിനെ
             നിതം ഉന്‍കള്‍ മനതില്‍ ഓര്‍ത്തീടുവീന്‍ (തൗഹീദ് 4)
സൃഷ്ടികളോട് ഒരുവിധ വെറുപ്പും ഇല്ലാത്ത വിധം പൊരുത്തപ്പെടീക്കലുകള്‍ ഉണ്ടാവണമെന്ന് സ്വൂഫിയാക്കള്‍ പറഞ്ഞതിന്‍റെ താല്‍പര്യം മേല്‍വിവരണങ്ങളില്‍ നിന്ന് സുവ്യക്തമാണ്. 
               നാല് : വിരോധാജ്ഞ കൈവെടിയാനും കല്‍പ്പനകള്‍ പ്രാവര്‍ത്തികമാക്കാനും ഉതകുന്ന ദീനീ അറിവ് ഉണ്ടായിരിക്കുക. നിത്യജീവിതത്തിന് അനിവാര്യമായി വരുന്ന ആരാധനകള്‍ സ്വീകാര്യമാകാന്‍ തല്‍സംബന്ധമായ അറിവ് കൂടിയേ തീരൂ. അല്ലാഹുവിലേക്കുള്ള സാമീപ്യത്തിന്‍റെ പ്രഥമപടി തെറ്റുകളില്‍ നിന്നുള്ള മോചനമാണ്. അതിന് തെറ്റും ശരിയും അറിയേണ്ടതുണ്ട്. എന്നാല്‍ പലരും ധരിച്ച് വെച്ചത് പോലെ സര്‍വ്വ വിജ്ഞാന കോശമാകേണ്ട കാര്യമില്ലെന്ന് മാത്രമല്ല അത്യാവശ്യമില്ലാത്ത ജ്ഞാന സമ്പാദനത്തില്‍ വ്യാപൃതനായി സമയം പാഴാക്കേണ്ടവനല്ല ത്വരീഖത്തില്‍ പ്രവേശിക്കുന്നവന്‍. ഇമാം ശിബ്ലി (റ) യില്‍ നിന്ന് ഇമാം ഗസ്സാലി (റ) ഉദ്ധരിക്കുന്നത് കാണുക: "ഞാന്‍ നാനൂറ് ഗുരുനാഥന്മാര്‍ക്ക് സേവനം ചെയ്തു. നാലായിരത്തോളം ഹദീസുകള്‍ ചര്‍ച്ച ചെയ്തു. ഞാന്‍ ആയിരക്കണക്കായ ഹദീസുകളില്‍ നിന്ന് ഒരു ഹദീസ് മാത്രം തിരഞ്ഞെടുത്ത് അതില്‍ മാത്രം ഞാന്‍ കര്‍മ്മനിരതനായി. മറ്റുള്ളതെല്ലാം ഞാന്‍ മാറ്റിവെച്ചു. കാരണം ആ ഒരു ഹദീസില്‍ ഞാന്‍ ചിന്തിച്ചപ്പോള്‍ എന്‍റെ രക്ഷാമാര്‍ഗ്ഗവും വിജയസരണിയും അതിലാണെന്ന് എനിക്ക് ബോധ്യമായി. എന്ന് മാത്രമല്ല, വിജയികളായ കഴിഞ്ഞ കാല പ്രവാചകന്മാരുടെയും തിരുനബി (സ്വ) യുടെ സമുദായത്തിന്‍റെയും വിജ്ഞാനങ്ങള്‍ ആ വചനത്തില്‍ അന്തര്‍ലീനമായിരിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു. ആ ഹദീസ് ഇതാ. 

       'ദുന്‍യാവില്‍ നീ എത്രകാലം വസിക്കുമോ ആ തോതനുസരിച്ച് നീ ദുന്‍യാവിന് വേണ്ടി പണിയെടുക്കുക. പരലോകത്ത് നീ എത്രകാലം അവശേഷിക്കുമോ അതിനാവശ്യമാകുന്നത്ര കര്‍മ്മങ്ങളില്‍ നീ വ്യാപൃതനാവുക. അല്ലാഹുവിലേക്ക് നിനക്കുള്ള ആവശ്യമെത്രയോ അത്രയും നീ കര്‍മ്മനിരതനാവുക. നരകത്തില്‍ നിനക്കെത്ര സഹിക്കാന്‍ കഴിയുമോ അത്ര നരകത്തിന് വേണ്ടി നീ പ്രവര്‍ത്തിക്കുക.' 
           മേല്‍വിവരണത്തില്‍ നിന്ന് അറിവിന്‍റെ ഭണ്ഡാരമല്ല പ്രധാനമെന്നും അറിവിനനുഗുണമായ കര്‍മ്മമാണ് മര്‍മ്മമെന്നും നമുക്ക് ഗ്രഹിക്കാമല്ലോ? അതുകൊണ്ടാണ് ഇമാം ഗസ്സാലി (റ) പറഞ്ഞത്: "ദൈനംദിന ജീവിതത്തിലാവശ്യമാകുന്നത്ര അറിവ് തേടുക. അത് മാത്രമേ മഹാത്മാക്കളുടെ വഴിതേടുന്നവന് നിര്‍ബന്ധമുള്ളൂ".  

ഇമാം ഗസ്സാലി (റ)-2

ഇമാം ഗസ്സാലി (റ)-2



അല്ലാഹുവിനെ അന്വേഷിക്കുന്നവരുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന്‍റെ നിബന്ധനകളില്‍ നിന്ന് രണ്ടെണ്ണം നാം വിശദീകരിച്ചു കഴിഞ്ഞു. തുടര്‍ന്ന് മഹാനായ ഇമാം ഗസ്സാലി (റ) പറയുന്നു: 
               മൂന്ന്: ശത്രൂതയോ വിരോധമോ ഉള്ളവരുമായി അനുരജ്ഞത്തിലാവുക. അതായത് തൗബയുടെ ശര്‍ത്വില്‍ നാം വിശദീകരിച്ചത് പോലെ അല്ലാഹുവിന്‍റെ സൃഷ്ടിജാലങ്ങളില്‍ ആരോടും വെറുപ്പോ വിദ്വേഷമോ പ്രതികാരമോ വെച്ചു പുലര്‍ത്താതിരിക്കുക. ആരോടെങ്കിലും ഇത്തരം കാര്യങ്ങള്‍ തന്‍റെ മനസ്സിലുണ്ടെങ്കില്‍ അത് ഒഴിവാക്കുകയും അവരുടെ തോതനുസരിച്ച് പൊരുത്തപ്പെടുവിക്കുകയും ചെയ്യുക. അതായത് മനുഷ്യര്‍ തമ്മിലുള്ള പ്രതികാരത്തിന് ഇട നല്‍കുന്ന വല്ലതുമാണെങ്കില്‍ അവരോട് ക്ഷമ ചോദിക്കുകയും പ്രതികാര നടപടി സ്വീകരിക്കുന്നതിന് തയ്യാറാവുകയും ചെയ്യുക. മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളോടാണ് അവന്‍ അരുതായ്മകള്‍ ചെയ്തതെങ്കില്‍ അവകളോട് അനുയോജ്യമായ പ്രായശ്ചിത്തം ചെയ്യുകയും വേണം. ഇതാണ് മഹാനാവര്‍കള്‍ പറഞ്ഞത്: "എതിരാളികളായ മുഴുവന്‍ സൃഷ്ടികളോടും പൊരുത്തപ്പെടുവിക്കുക" എന്നതിന്‍റെ ഉദ്ദേശ്യം. എന്നാല്‍ ദീനിയ്യായ കാരണങ്ങളാല്‍ വിദ്വേഷം വെച്ചു പുലര്‍ത്തുന്നത് ഈയിനത്തില്‍ പെടുകയില്ല. സ്വഹീഹായ ഹദീസില്‍ ഇങ്ങനെ കാണാം: തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മൂന്ന് സ്വഹാബിമാര്‍ (കഅ്ബ്, ബിലാല്‍..) തിരുനബി (സ്വ) യുടെ സവിധത്തില്‍ വന്ന് ഞങ്ങള്‍ അകാരണമായ അലസത നിമിത്തമാണ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത് എന്ന് ബോധിപ്പിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ അവരുമായി മറ്റുള്ളവര്‍ വിട്ടുനില്‍ക്കണം എന്ന ബഹിഷ്ക്കരണ തീരുമാനം പ്രഖ്യാപിക്കുകയും ആ ബഹിഷ്കരണം നാല്‍പത് ദിവസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ട് മുസ്ലിംകള്‍ മൂന്ന് ദിവസത്തിലധികം പരസ്പരം പിണങ്ങിനില്‍ക്കാന്‍ പാടില്ലെന്ന നിയമം നിലവിലിരിക്കെ ആയിരുന്നു ഈ നാല്‍പത് ദിവസത്തെ വിലക്ക്. അതായത് ദീനിയ്യായ കാരണങ്ങളുണ്ടാവുമ്പോള്‍ അതിന്‍റെ പേരില്‍ വിട്ടു നില്‍ക്കുന്നതും പിണങ്ങി നില്‍ക്കുന്നതും പരസ്പരം സലാം പറയാതെയും സലാം മടക്കാതെയും ഇരിക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റല്ല. എന്നത് പോലെ ദീനീ കാരണങ്ങളാല്‍ ഇടഞ്ഞു നില്‍ക്കുന്നത് മതദൃഷ്ട്യാ കുറ്റകരമല്ല എന്ന് മാത്രമല്ല പലപ്പോഴും അത് അനിവാര്യവുമായി വരാം. 
              നാല്: ദീനീവിജ്ഞാനം മനുഷ്യന് കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നതിന് അനിവാര്യമാകുന്ന അറിവുകള്‍ നേടിയവനായിരിക്കണം അല്ലാഹുവിലേക്ക് പ്രയാണമാരംഭിക്കുന്നവന്‍. ശുദ്ധീകരണം, നിസ്കാരം തുടങ്ങി ദൈനംദിനം ജീവിതത്തിന്‍റെ ഭാഗമായി വരുന്ന ആരാധനകള്‍ സ്വീകാര്യമാകുന്നതിന് അനിവാര്യമായി വരുന്ന വിജ്ഞാനം. ഇത് അവന്‍റെ കര്‍മ്മങ്ങളുടെ സ്വീകാര്യതയ്ക്ക് വേണ്ടിയാണ്. കര്‍മ്മങ്ങളില്ലാതെ അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയില്ല. അല്ലാഹുവിന്‍റെ സാമീപ്യം കൈവരിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനയാകുന്നു ശരീഅത്തിന്‍റെ നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള ജീവിതം. അതിന് ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ അറിഞ്ഞേ പറ്റൂ. ഔലിയാക്കളുടെ ത്വരീഖത്തില്‍ പ്രവേശിക്കുന്നവന്‍ സര്‍വ്വ വിജ്ഞാനവും കരഗതമാക്കിയവനാകണമെന്നില്ല. മാത്രമല്ല, അവന് അത്യാവശ്യമില്ലാത്തതും അപൂര്‍വ്വമായി മാത്രം ആവശ്യം വരുന്നതുമായ വിഷയത്തെ അപഗ്രഥിച്ച് ദീര്‍ഘപഠനം നടത്തി സമയം പാഴാക്കേണ്ടവനുമല്ല അവന്‍. 
ഇമാം ശിബ്ലി (റ) യില്‍ നിന്ന് ഇമാം ഗസ്സാലി (റ) ഉദ്ധരിക്കുന്നത് കാണുക: ഇമാം ശിബ്ലി (റ) പറഞ്ഞു: ഞാന്‍ നാനൂറ് ഗുരുനാഥന്മാര്‍ക്ക് സേവനം ചെയ്തു. അവരില്‍ നിന്ന് നാലായിരത്തോളം ഹദീസുകള്‍ ഞാന്‍ അവര്‍ക്ക് അങ്ങോട്ട് പറഞ്ഞുകേള്‍പ്പിച്ചു കൊടുത്തു. എന്നാല്‍ ആയിരക്കണക്കായ ആ തിരുവചനങ്ങളില്‍ നിന്ന് ഒരു ഹദീസ് മാത്രം തിരഞ്ഞെടുത്ത് അതില്‍ മാത്രം ഞാന്‍ കര്‍മ്മനിരതനായി. മറ്റുള്ളതെല്ലാം ഞാന്‍ മാറ്റിവെച്ചു. കാരമം ആ ഒരു ഹദീസില്‍ ഞാന്‍ ചിന്തിച്ചപ്പോള്‍ എന്‍റെ രക്ഷാമാര്‍ഗ്ഗവും വിജയസരണിയും അതിലാണെന്ന് എനിക്ക് ബോധ്യമായി. എന്ന് മാത്രമല്ല, വിജയികളായ കഴിഞ്ഞ കാല പ്രവാചകന്മാരും തിരുനബി (സ്വ) യുടെ സമുദായത്തിന്‍റെയും വിജ്ഞാനങ്ങള്‍ ആ വചനത്തില്‍ അന്തര്‍ലീനമായിരിക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടു. 
        ദുന്‍യാവില്‍ നീ എത്രകാലം വസിക്കുമോ ആ തോതനുസരിച്ച് നീ ദുന്‍യാവിന് വേണ്ടി പണിയെടുക്കുക. പരലോകത്ത് നീ എത്രകാലം അതിവസിക്കുമോ അതിനാവശ്യമാകുന്നത്ര കര്‍മ്മങ്ങളില്‍ നീ വ്യാപൃതനാവുക. അല്ലാഹുവിലേക്ക് നിനക്കുള്ള ആവശ്യമെത്രയോ അത്ര നീ കര്‍മ്മനിരതനാവുക. നരകത്തില്‍ നിനക്കെത്ര സഹിക്കാന്‍ കഴിയുമോ അത്ര നരകത്തിന് വേണ്ടി നീ പ്രവര്‍ത്തിക്കുക. 
            അല്ലാഹുവിന്‍റെ ഖുദ്റത്ത്, ഇറാദത്ത് സൃഷ്ടികളോട് ബന്ധിക്കുന്നത് മൂലമാണ് അവനില്‍ ചലന നിശ്ചലനങ്ങള്‍ സംഭവിക്കുന്നത് എന്നതിനാല്‍ സദാ അവന്‍ സ്രഷ്ടാവിലേക്ക് ആവശ്യമുള്ളവനാണെന്നും സ്രഷ്ടാവിന്‍റെ തൃപ്തി തനിക്ക് അനിവാര്യമാണെന്നും അവന്‍ തിരിച്ചറിയേണ്ടവനാണ്. അല്ലാഹുവിന്‍റെ തൃപ്തിക്കനുഗുണമായി പ്രവര്‍ത്തിക്കുമ്പോള്‍ അനശ്വരമായ പാരത്രിക ജീവിതം ഐശ്വര്യസമ്പൂര്‍ണ്ണമായിരിക്കും. പരലോകത്തെ ജീവിതത്തിന് അന്ത്യമില്ലാത്തതിനാല്‍ അനന്തമായ ജീവിതത്തിന് ആവശ്യമാകുന്ന വിഭവ സമാഹരണത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നശ്വരമായ ജീവിത സുഖ ദുഃഖങ്ങള്‍ വിസ്മരിക്കുന്നവനായിത്തീരും അവന്‍ എന്നതാണ് മേല്‍ഹദീസിന്‍റെ സംഗ്രഹം.
            മേല്‍വിവരണത്തില്‍ നിന്ന് അറിവിന്‍റെ ഭണ്ഡാരമല്ല പ്രധാനമെന്നും അറിവിനനുഗുണമായ കര്‍മ്മമാണ് മര്‍മ്മമെന്നും നമുക്ക് ഗ്രഹിക്കാമല്ലോ? അതുകൊണ്ടാണ് ഇമാം ഗസ്സാലി (റ) പറഞ്ഞത്: ദൈനംദിന ജീവിതത്തിലാവശ്യമാകുന്നത്ര അറിവ് തേടുക. അത് മാത്രമേ മഹാത്മാക്കളുടെ വഴിതേടുന്നവന് നിര്‍ബന്ധമുള്ളൂ.  

ഇമാം ഗസ്സാലി-1 തൗബയുടെ അനിവാര്യത

ഇമാം ഗസ്സാലി-1
തൗബയുടെ അനിവാര്യത



                ഹഖിന്‍റെ (അല്ലാഹുവിന്‍റെ) വഴി തേടുന്നവര്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങളില്‍ പ്രഥമമായത് തിരുദൂതര്‍ (സ്വ) യില്‍ നിന്നും സ്വഹാബത്തിലൂടെ കൈമാറിവന്ന വിശ്വാസത്തില്‍ ഒരുകലര്‍പ്പുമില്ലാതെ പരിപൂര്‍ണ്ണാവസ്ഥയില്‍ സുന്നത്തിനെ പിന്‍പറ്റുകയെന്നതാണെന്ന് കഴിഞ്ഞലക്കം നാം വായിച്ചു. 
രണ്ടാമത്തേത് നസ്വൂഹായ അഥവാ സ്വീകാര്യമായ തൗബ. "ചുറ്റുപാടുകള്‍ക്ക് അടിമപ്പെട്ട് അറിഞ്ഞും അറിയാതെയും അബദ്ധങ്ങള്‍ മനുഷ്യനില്‍ നിന്ന് സംഭവിക്കും. സല്‍കര്‍മ്മങ്ങള്‍ തിന്മകളെ മായ്ച്ചു കളയും" എന്ന ഖുര്‍ആന്‍ വചനത്തിലെ തിന്മകള്‍ കൊണ്ട് വിവക്ഷ ചെറുദോഷങ്ങളാണെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. എന്നാല്‍ വന്‍പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന് തൗബ തന്നെയാണ് പരിഹാരം. 
           "ഓ സത്യവിശ്വാസികളേ! നിങ്ങള്‍ വിജയികളാകാന്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക" (സൂറത്തുന്നൂര്‍) "നിങ്ങള്‍ അല്ലാഹുവിലേക്ക് പൂര്‍ണ്ണമായും പശ്ചാത്തപിച്ച് മടങ്ങുക. നിങ്ങളുടെ റബ്ബ് പാപങ്ങള്‍ പൊറുക്കുന്നവനും താഴ്വാരത്തിലൂടെ പുഴകള്‍ ഒഴുകുന്ന സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നവനുമായേക്കാം" (സൂറത്തുത്തഹ്രീം). ഈ വചനങ്ങള്‍ തൗബയുടെ അനിവാര്യതയെ തെര്യപ്പെടുത്തുന്നു. തിരുദൂതര്‍ (സ്വ) അരുള്‍ ചെയ്തു: ഒരു യാത്രികന്‍ സഹയാത്രികരൊന്നുമില്ലാത്ത വിജനമായ പ്രദേശത്ത് വിശ്രമിച്ചു കൊണ്ടിരിക്കെ തന്‍റെ അന്നപാനീയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാണ്ഡമടക്കമുള്ള സര്‍വ്വ വസ്തുക്കളും സൂക്ഷിച്ചിരുന്ന അവന്‍റെ വാഹനം അവന് വിനഷ്ടമായി. ഉറക്കമുണര്‍ന്ന അയാള്‍ പരിസരമെല്ലാം ചികഞ്ഞന്വേഷിച്ചിട്ടും തന്‍റെ വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കഠിനമായ ചൂടിനാല്‍ ശക്തമായ ദാഹവും ക്ഷീണവും അനുഭവപ്പെട്ട ആ യാത്രക്കാരന്‍ താന്‍ ദാഹവും വിശപ്പും കാരണം മരണമടയുമെന്ന് ബോധ്യമായപ്പോള്‍ താന്‍ ആദ്യം വിശ്രമിച്ചിരുന്ന മരത്തണലില്‍ മരണവും പ്രതീക്ഷിച്ച് കിടന്നുറങ്ങിപ്പോയി. പെട്ടെന്ന് ഉറക്കില്‍ നിന്നുണരുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട വാഹനവും തനിക്ക് കഴിക്കാനുള്ള ഭക്ഷണവും കുടിക്കാനുള്ള വെള്ളവുമടക്കം തന്‍റെ മുമ്പില്‍ കാണുമ്പോള്‍ ആ യാത്രികനുണ്ടാകുന്ന സന്തോഷം അവര്‍ണ്ണനീയമാണ്. അതുപോലെയാണ് അല്ലാഹുവിന്‍റെ ഒരു അടിമ പാപം ചെയ്ത ശേഷം തൗബ ചെയ്തു കൊണ്ട് സ്രഷ്ടാവായ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുമ്പോള്‍ അല്ലാഹുവിന് അടിമയോടുണ്ടാകുന്ന ഇഷ്ടം. 
                ഈ ഉപമയില്‍ നിന്ന് അടിമയെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് അവന്‍റെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാനാണ്. അതിന് വിരുദ്ധം ചെയ്യുമ്പോള്‍ അല്ലാഹുവിന് അടിമയോട് അനിഷ്ടം തോന്നുമെന്നും അതില്‍ നിന്ന് മുക്തനായി അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുമ്പോള്‍ ആ അടിമയോട് അല്ലാഹുവിന് അടങ്ങാത്ത സ്നേഹമാണെന്നും വ്യക്തമാകുന്നു.  പാപത്തില്‍ നിന്ന് പശ്ചാത്തപിക്കുന്നവന്‍ അല്ലാഹുവിന്‍റെ ഇഷ്ടക്കാരനാണെന്ന ഹദീസ് ഈ ആശയത്തിന് ബലമേകുന്നു. 
             മഹാനായ സഹ്ലുത്തശ്ത്തരി (റ) തങ്ങളോട് പശ്ചാത്തപിക്കുന്നവന്‍ അല്ലാഹുവിന്‍റെ ഹബീബാകുന്നത് എപ്പോള്‍ എന്ന ചോദ്യത്തിന് മഹാനവര്‍കള്‍ പറഞ്ഞ മറുപടി : "യഥാര്‍ത്ഥ തൗബ ചെയ്യുന്നവര്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിനെ ആരാധിക്കുന്നവരും അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുന്നവരും വ്രതം അനുഷ്ഠിക്കുന്നവരും നിസ്കാരം നിര്‍വ്വഹിക്കുന്നവരും നന്മ ഉപദേശിക്കുന്നവരും തിന്മ നിരോധിക്കുന്നവരും അല്ലാഹുവിന്‍റെ നിയന്ത്രണങ്ങളെ സൂക്ഷിക്കുന്നവരുമാണ്. അത്തരം സത്യവിശ്വാസിക്ക് സ്വര്‍ഗ്ഗീയ ജീവിതം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക" എന്ന തൗബ സൂറത്തിലെ 112-ാം വാക്യത്തില്‍ പറഞ്ഞ ഗുണങ്ങള്‍ സമ്മേളിച്ചവനാകുമ്പോള്‍ അവന്‍ അല്ലാഹുവിന്‍റെ ഇഷ്ടക്കാരനായിത്തീരുന്നു.
                    ഇത്തരം തൗബയുണ്ടാകണമെങ്കില്‍ പാപം എന്താണെന്നും പാപത്തിന്‍റെ ദൂഷ്യം എന്താണെന്നും വ്യക്തമായ തിരിച്ചറിവുണ്ടായിരിക്കണം. ഇമാം ഗസ്സാലി (റ) വിശദീകരിക്കുന്നത് കാണുക: "പാപങ്ങള്‍ നാശകാരിയായ വിഷമാണെന്നും അതിന്‍റെ ഭവിഷ്യത്ത് ഭയാനകമാണെന്നും അത് അവന്‍റെ സ്നേഹഭാജനമാകേണ്ട അല്ലാഹുവില്‍ നിന്ന് അവനെ അകറ്റുമെന്നും അവന്‍ അറിയണം. ഇത് മനസ്സിലാകുമ്പോള്‍ അവന്‍റെ ഇഷ്ടക്കാരന്‍ നഷ്ടമാകുന്നതിലുള്ള പ്രയാസം അവന്‍റെ ഹൃദയത്തില്‍ നാമ്പെടുക്കും. അത് സംഭവിക്കാന്‍ കാരണമായിത്തീര്‍ന്ന കര്‍മ്മത്തിന്‍റെ പേരില്‍ അവന് ദുഃഖമുണ്ടാകും. ആ ദുഃഖം കാരണം ചെയ്തുപോയ ദുഷ്കര്‍മ്മം ചെയ്യരുതായിരുന്നുവല്ലോ എന്നും ഇനി അത് ചെയ്യുകയില്ലെന്നുമുള്ള ദൃഢനിശ്ചയം ഉണ്ടായിത്തീരുന്നു. ഇങ്ങനെ അവന്‍റെ ഹൃദയത്തില്‍ നിന്നുണ്ടാകുന്ന യഥാര്‍ത്ഥ പശ്ചാത്താപത്തെ കുറിച്ചാണ് "പശ്ചാത്തപിച്ചവന്‍ ഒരു പാപവും ചെയ്യാത്തവനെ പോലെ" യെന്ന തിരുവചനം".
              തൗബ അനിവാര്യമാണെന്നും അതിന്‍റെ പ്രാധാന്യമെന്താണെന്നും മേല്‍വിവരണങ്ങളില്‍ നിന്ന് ഗ്രഹിക്കാമല്ലോ? ഇനി തൗബ എപ്പോഴാണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കാം. തന്‍റെ കര്‍മ്മം പാപമാണെന്ന് ബോധ്യപ്പെട്ട ഉടനെ തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. കാരണം പാപം പൊറുപ്പിക്കുന്നതിന് വേണ്ടിയാണ് തൗബ. മുസ്ലിമായ മനുഷ്യന്‍ പാപിയായി കൊണ്ട് അല്ലാഹുവിനെ സമീപിക്കാന്‍ ഇഷ്ടപ്പെടുകയില്ല. മരണം എപ്പോഴാണ് അവനില്‍ സംഭവിക്കുക എന്ന് അവനറിയില്ല താനും. അതുകൊണ്ട് സദാസമയവും മരണത്തിന് തയ്യാറാകേണ്ടവനാണ് മുസ്ലിം. പാപങ്ങളെ മാരക വിഷത്തോടാണ് മഹാന്മാര്‍ ഉപമിച്ചിരിക്കുന്നത്. അതായത് വിഷം അറിയാതെ കഴിച്ചാലും മരണം സംഭവിക്കും. കഴിച്ചത് വിഷമാണെന്ന് അറിയുമ്പോള്‍ എത്രയും പെട്ടെന്ന് വിഷം നിര്‍വ്വീര്യമാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് പോലെ പ്രവര്‍ത്തിച്ചത് തെറ്റാണെന്ന് ബോധ്യം വരുമ്പോള്‍ ഉടനെ തൗബ ചെയ്യേണ്ടതും അനിവാര്യമാണ്. 
               ഇങ്ങനെ തൗബ സ്വീകാര്യമാകുന്നതിന് നാല് നിബന്ധനകളുണ്ട്. 1. പാപങ്ങളില്‍ നിന്ന് മുക്തനായിരിക്കുക. ഏതൊരു പാപത്തെ തൊട്ടാണോ തൗബ ചെയ്യുന്നത് ആ പാപത്തില്‍ നിന്നും അത് പോലെയുള്ള മറ്റ് തെറ്റുകളില്‍ നിന്നും അവന്‍ മുക്തനായിരിക്കണം. പാപം ചെയ്തു കൊണ്ടിരിക്കെ അതില്‍ നിന്ന് പശ്ചാത്താപമുണ്ടാകില്ലെന്നതിനാല്‍ തൗബയുടെ പ്രഥമ ഉപാധി അവന്‍ ആ ദുഷ്ചെയ്തികളില്‍ നിന്ന് മുക്തനാവുക എന്നതാണ്. 
        2. സംഭവിച്ചു പോയ പാപങ്ങളില്‍ നിന്നുള്ള ഖേദമാണ്. അരുതാത്തതാണ് തന്നില്‍ നിന്ന് സംഭവിച്ചതെന്ന കുറ്റബോധം അവന്‍റെ മനസ്സില്‍ നിന്നുണ്ടാകണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. "തെറ്റ് ചെയ്തവതോ തന്‍റെ ശരീരങ്ങളോട് അതിക്രമം പ്രവര്‍ത്തിച്ചവതോ അല്ലാഹുവിനെ കുറിച്ച് ചിന്തിക്കുകയും അവനോട് മാപ്പപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹുവല്ലാതെ മാപ്പ് ചെയ്യുന്നവനാരാണ്? അവര്‍ അറിഞ്ഞുകൊണ്ട് തിന്മയുടെ മേല്‍ സ്ഥിരമായിട്ടില്ല. അത്തരക്കാരുടെ പ്രതിഫലം ദോഷം പൊറുക്കലും താഴ്വാരങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗവുമാണ്. അതില്‍ അവര്‍ സ്ഥിരതാമസക്കാരാണ്. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര മഹത്തരം" (ആലുഇംറാന്‍ 135-136).
          3. ഇനിയൊരിക്കലും ഒരു കുറ്റവും ആവര്‍ത്തിക്കില്ലെന്ന ദൃഢനിശ്ചയം ചെയ്യുക. 
             4. മനുഷ്യര്‍ തമ്മിലുള്ള എല്ലാ വിധ ബാദ്ധ്യതകളില്‍ നിന്നും മുക്തനാവുക. പരസ്പരമുള്ള ബാദ്ധ്യത രണ്ട് വിധമാണ്. ഒന്ന് ശാരീരികം. അഥവാ ഒരാള്‍ തന്‍റെ നാവ് കൊണ്ടോ മറ്റ് അവയവങ്ങള്‍ കൊണ്ടോ അപരനെ കുറിച്ച് അവനിഷ്ടമില്ലാത്തത് പറയുകയോ ദുരാരോപണം ഉന്നയിക്കുകയോ അവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അത് പൊരുത്തപ്പെടുവിക്കണം. അല്ലാതെ അവന്‍റെ തൗബ സ്വീകാര്യമാവുകയില്ല. 
രണ്ടാമത്തേത് സാമ്പത്തിക ഇടപാടുകള്‍. കൊടുത്തു തീര്‍ക്കേണ്ടത് അങ്ങനെയും പറഞ്ഞുതീര്‍ക്കേണ്ടത് അങ്ങനെയും നിര്‍വ്വഹിക്കുക. ഈ നിബന്ധനകളെല്ലാം ഒത്തുകൂടിയാല്‍ അവന്‍റെ തൗബ സ്വീകാര്യമാകും. എന്ന് മാത്രമല്ല, മുസ്ലിമായ മനുഷ്യന്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിരാശനാകാതെ വലിയ പ്രതീക്ഷയോടെയാണ് തൗബ ചെയ്യേണ്ടത്. ശുദ്ധപ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ട ശേഷം മനുഷ്യന് വന്നു ചേരുന്ന അഴുക്കുകളാണ് പാപങ്ങള്‍. തൗബ അഴുക്കുകളെ കഴുകിക്കളയുന്നു. പാപങ്ങള്‍ മനുഷ്യ ഖല്‍ബിലെ തുരുമ്പുകളാണ്. തുരുമ്പ് കളയാനുള്ള ഉലയാണ് തൗബ. സോപ്പ് വസ്ത്രത്തില്‍ നിന്ന് അഴുക്ക് കളയും പോലെയും തീ തുരുമ്പ് കളയും പോലെയും തൗബ ഖല്‍ബിന്‍റെ പാപങ്ങളെ നീക്കി ശുദ്ധിയാക്കും. 
            സ്വീകാര്യമായ തൗബയാണ് നാം ചെയ്യുന്നതെങ്കില്‍ നമ്മുടെ ജീവിതത്തില്‍ അതിന്‍റെ മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയും. കഴിയണം. എന്തെന്നാല്‍ തന്നില്‍ നിന്ന് സംഭവിച്ചു പോയ പാപത്തിന്‍റെ ഗൗരവവും അതിനാല്‍ ഉണ്ടായിത്തീരുന്ന ഭീകരാവസ്ഥയുമാണല്ലോ അവനെ തൗബയിലേക്ക് പ്രേരിപ്പിച്ചത്. എങ്കില്‍ അവനില്‍ നിന്ന് വീണ്ടും അത്തരം ദുഷ്കര്‍മ്മങ്ങള്‍ മനഃപൂര്‍വ്വം സംഭവിക്കുകയില്ല തന്നെ. അബദ്ധവശാല്‍ സംഭവിക്കുന്നതില്‍ കുറ്റമില്ലെന്ന് ഹദീസ് വ്യക്തമാക്കുന്നു. മേലുദ്ധരിച്ച സൂറത്ത് ആലുഇംറാനിലെ 135,136 ഖുര്‍ആന്‍ വചനങ്ങളിലൂടെ ആത്മാര്‍ത്ഥ തൗബ ചെയ്യുന്നവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച പ്രതിഫലവും പാരത്രിക ലോകത്തെ അനശ്വര അനുഗ്രഹങ്ങളുമാണ്. അത്തരം അനുഗ്രഹങ്ങള്‍ക്ക് പാത്രീഭവിക്കുന്ന തവ്വാബീങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ. ആമീന്‍. 

ഇമാ ഗസ്സാലി (റ)

ഇമാ ഗസ്സാലി (റ) 


           ഇമാം ഗസ്സാലി (റ) തന്‍റെ ശിഷ്യന്‍ വഴി ലോകത്തോട് സംവദിക്കുകയാണ്: മഹാനവര്‍കളുടെ ഒരു ശിഷ്യന്‍ ഗുരുനാഥന് ഒരു കത്തയക്കുന്നു. ഗുരുവര്യരേ! സുദീര്‍ഘമായ ആയുസ്സ് മതവിജ്ഞാന സമ്പാദനത്തിനായി ചെലവഴിച്ച ഞാന്‍ ഇന്ന് പരിഭ്രാന്തിയിലാണ്. കാരണം ജീവിതത്തിന്‍റെ വലിയൊരു പങ്ക് ദീനീവിജ്ഞാനത്തിന് വേണ്ടി വിനിയോഗിച്ചുവെങ്കിലും ആ അറിവുകളില്‍ നിന്ന് അല്ലാഹുവിന്‍റെ സന്നിധാനത്തില്‍ ഉപകാര പ്രദമായത് ഏത്? അല്ലാത്തത് ഏത്? എന്ന തിരിച്ചറിവ് ഇല്ലാത്തതിനോട് കൂടി തിരുദൂതര്‍ (സ്വ) യുടെ "ഉപകാരപ്രദമല്ലാത്ത) അറിവില്‍ നിന്ന് നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു" എന്ന ഹദീസ് എന്‍റെ പരിഭ്രാന്തി വര്‍ദ്ധിപ്പിക്കുന്നു. കാരണം എന്‍റെ അറിവുകളത്രയും ഉപകാരമില്ലാത്ത ഇനത്തില്‍ പെട്ടതായേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ആയതുകൊണ്ട് എനിക്ക് ഉപകാരപ്രദമായ അറിവ് ഏതെന്നും അല്ലാത്തത് ഏതെന്നും വ്യക്തമാക്കിത്തരണം എന്ന ഈ എഴുത്തിന് മറുപടിയായി മഹാനവര്‍കള്‍ അരുമ ശിഷ്യന് എഴുതിയത് മുസ്ലിം ലോകത്തിനുള്ള മാര്‍ഗ്ഗദര്‍ശനമാണ്. അതിന്‍റെ ഏതാനും ഭാഗങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 
ഉപദേശം നല്‍കാന്‍ നിഷ്പ്രയാസം സാധിക്കും. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്നതും സദുപദേശം അംഗീകരിക്കുന്നതും ക്ഷിപ്രസാദ്ധ്യമല്ല. കാരണം വികാര ജീവിക്ക് സദുപദേശം കയ്പ്പേറിയതാണ്. വിലക്കപ്പെട്ടത് പൊതുവേ പ്രിയങ്കരവും വിശിഷ്യാ ഭൗതിക പ്രൗഢിക്കും പ്രതാപത്തിനും വേണ്ടി ദീനീ വിദ്യ അഭ്യസിക്കുന്നവന്‍ പണ്ഡിതന്‍, ജ്ഞാനി എന്നൊക്കെ പറയപ്പെടാന്‍ മാത്രം അറിവ് സമ്പാദിച്ചവനാണ്. അത് അവന്‍ കൈവരിച്ചു. അവന്‍റെ ലക്ഷ്യം സാധ്യമായി. അറിവ് കര്‍മ്മത്തിനാണെന്ന വിശ്വാസം അവന് അന്യമായത് കൊണ്ട് കര്‍മ്മ ധര്‍മ്മങ്ങളെ കുറിച്ച് അവന്‍ ചിന്തിക്കുന്നില്ല. ഇത്തരം അറിവ് നാശകാരിയും പരലോകത്ത് പ്രതികൂല സാക്ഷിയുമായിരിക്കുമെന്ന ബോധം അവനുണ്ടാകുന്നില്ല. "അന്ത്യദിനത്തില്‍ ഏറ്റവും കഠിന ശിക്ഷക്ക് പാത്രീഭവിക്കുന്നത് അറിവ് നിഷ്ഫലമായ ജ്ഞാനിയാണ്" എന്ന തിരുവചനത്തില്‍ നിന്ന് അവന്‍ അശ്രദ്ധനാണ്. 
ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്നു: അസഹ്യമായ ദുര്‍ഗന്ധത്താല്‍ നരകവാസികള്‍ ചോദിക്കും: വൃത്തികെട്ടവനേ, നിന്‍റെ ദുര്‍ഗന്ധം അസഹനീയമാണ്. ഞങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളും പ്രയാസങ്ങളും പോരാഞ്ഞിട്ടാണോ നീ ഈ ദുര്‍ഗന്ധവുമായി വന്നിരിക്കുന്നത്. ഇതിന് മാത്രം ദുര്‍ഗന്ധം വമിക്കാന്‍ എന്ത് വൃത്തികേടാണ് നീ ചെയ്തു കൂട്ടിയത്? അപ്പോള്‍ അവന്‍ പറയും: ഞാനൊരു പണ്ഡിതനായിരുന്നു. എന്‍റെ അറിവ് എനിക്ക് ഉപകാരം ചെയ്തില്ല" അഥവാ കര്‍മ്മമില്ലാത്ത ജ്ഞാനമായിപ്പോയി എന്‍റേത്. 
ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) യുടെ പ്രമുഖരായ ചില ശിഷ്യന്മാര്‍ ഗുരുവിന്‍റെ മരണശേഷം അദ്ദേഹത്തെ സ്വപ്നത്തില്‍ ദര്‍ശിച്ചപ്പോള്‍ ശിഷ്യര്‍ ഗുരുവിനോട് "നിങ്ങളെ അല്ലാഹു എന്ത് ചെയ്തു". അവിടുന്ന് മറുപടി പറഞ്ഞു: ആ എഴുത്തുകളും അറിവുകളും പദപ്രയോഗങ്ങളും മറ്റും നിഷ്ഫലമായിപ്പോയി. പാതിരാ സമയത്ത് ചെയ്ത രാത്രി നിസ്കാരങ്ങള്‍ മാത്രമേ എനിക്കുപകരിച്ചുള്ളൂ.
ഇവിടെ ഉദ്ധരിച്ചതും അല്ലാത്തതുമായ ഹദീസുകള്‍, ചരിത്രങ്ങള്‍ എല്ലാം നല്‍കുന്ന പാഠം കേവല ജ്ഞാനം പരലോകത്ത് ഒരു ഉപകാരവും ചെയ്യില്ല. അതി നിപുണനായ ഒരു യോദ്ധാവ് അതിശക്തവും വിനാശകരവുമായ നിരവധി ആയുധങ്ങള്‍ അദ്ദേഹത്തിന്‍റെ ആയുധശേഖരത്തിലുണ്ട്. എന്നാല്‍ ശത്രുവുമായി ഏറ്റുമുട്ടേണ്ടി വന്നപ്പോള്‍ ഒരു ആയുധവും അദ്ദേഹം പ്രയോഗിച്ചിട്ടില്ല. എന്നാല്‍ ആ ആയുധക്കൂമ്പാരം കൊണ്ട് അവനെന്ത് പ്രയോജനം? ഇതാണ് കര്‍മ്മമില്ലാത്ത ജ്ഞാനിയുടെ ഉപമ. ശ്രദ്ധിക്കുക. കര്‍മ്മം കൂടാതെയുള്ള ഗ്രന്ഥ പാരായണവും അറിവും പരലോകത്ത് നിഷ്ഫലമായിരിക്കും.
എന്നാല്‍ പരലോകവിജയം കര്‍മ്മം നിമിത്തമാണെന്ന മൂഢവിശ്വാസം വെച്ച് പുലര്‍ത്തിക്കൂടാ. അത് അല്ലാഹുവിന്‍റെ റഹ്മത്ത് അഥവാ ഔദാര്യം ഒന്ന് കൊണ്ട് മാത്രമാണ്. അല്ലാഹുവിന്‍റെ ഔദാര്യവും അനുഗ്രഹവും സ്വീകരിക്കുന്നതിന് പാകമായ സ്ഥലത്തേ അത് അവതരിക്കുകയുള്ളൂ. ആ പാകത ഉണ്ടായിത്തീരുന്നത് ആത്മാര്‍ത്ഥതയോടെയുള്ള കര്‍മ്മങ്ങളും അല്ലാഹുവിനെ അനുസരിക്കല്‍ ജീവിത ശൈലിയാക്കുകയും ആജ്ഞ നിരോധനങ്ങള്‍ക്കനുസൃതമായി ജീവിതം പാകപ്പെടുത്തുകയും ചെയ്യുക മൂലമാണ്. "അല്ലാഹുവിന്‍റെ അനുഗ്രഹം മുഹ്സിനീങ്ങളോട് വളരെ അടുത്തിരിക്കുന്നു" എന്ന ഖുര്‍ആനിക വചനം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 
ബനൂ ഇസ്റാഈല്‍ സമൂഹത്തിലെ ഒരു ആരാധകന്‍റെ മഹത്വം മലക്കുകള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് ഒരു മലക്കിനെ അല്ലാഹു ആരാധകന്‍റെ സമീപത്തേക്ക് അയച്ചു കൊണ്ട് ഇങ്ങനെ പറയാന്‍ നിര്‍ദ്ദേശിച്ചു: "ഓ ഇബാദത്തിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യാ, നീ എന്തിനാണ് ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്യുന്നത്? നീ നരകാവകാശിയാണല്ലോ?" മലക്ക് ആ മനുഷ്യനെ സമീപിച്ചു കൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട ആരാധകന്‍ പ്രതിവചിച്ചു: "ഞാന്‍ അല്ലാഹുവിന്‍റെ ദാസനാണ്. ദാസന്‍റെ ജോലി ദാസ്യ വേലയാണ്. അല്ലാഹു ആരാധ്യനാണ്. അവന്‍റെ അവസ്ഥാ വിശേഷങ്ങളോ ജോലിയോ അവനല്ലാത്തവന്‍ അറിയില്ല". 
ഈ മറുപടി കേട്ട മലക്ക് അല്ലാഹുവിനോട് പറഞ്ഞു. റബ്ബേ, നീ രഹസ്യവും പരസ്യവും അറിയുന്നവനാണ്. നിന്‍റെ ആ അടിമ പറഞ്ഞതും നിനക്കറിയാം. അപ്പോള്‍ അല്ലാഹു മലക്കിനോട് പറഞ്ഞു. "അടിമ അവന്‍ ദുര്‍ബലനായതോട് കൂടി എന്നെ തൊട്ട് തിരിഞ്ഞു പോകുന്നില്ല. എങ്കില്‍ നാം ഉന്നതനും ഔദാര്യവാനുമായിരിക്കെ അടിമയില്‍ നിന്ന് എങ്ങനെ തിരിഞ്ഞു പോകും". ഓ മലക്കുകളേ, നിങ്ങള്‍ സാക്ഷിയാണ്. ഞാന്‍ അവന് സര്‍വ്വവും പൊറുത്തു കൊടുത്തിരിക്കുന്നു. 
ഗ്രന്ഥപാരായണവും ആവര്‍ത്തനവും കൊണ്ട് രാത്രികളെ നിദ്രാവിഹീനമാക്കി കഠിന തപസ്യയില്‍ വ്യാപൃതനാവുന്ന സഹോദരാ, നിന്നെ ഇതിന് പ്രേരിപ്പിക്കുന്നത് സമകാലികരില്‍ നീ മുമ്പനാകണം, ദുന്‍യാവും അതിലെ പ്രതാപവും കൈവരിക്കണം എന്നിത്യാദി ചിന്തകളാണെങ്കില്‍ നിനക്കാണ് സര്‍വ്വത്ര നാശം. അതല്ല വിശുദ്ധ ദീനിന്‍റെ സംസ്ഥാപനവും വിശുദ്ധ ശരീഅത്തും സംസ്കാരവും സംരക്ഷിക്കലുമാണ് നിന്‍റെ ലക്ഷ്യമെങ്കില്‍ നീയാണ് ഭാഗ്യവാന്‍. 
നീ മരിക്കേണ്ടവനാണ് എന്ന ബോധത്തോടെ നിന്‍റെ ഇഷ്ടത്തിനൊത്ത് നീ ജീവിച്ചോ. വേര്‍പിരിയേണ്ടി വരുമെന്ന ധാരണയോടെ നിനക്ക് താല്‍പര്യമുള്ളതിനെയെല്ലാം നീ സ്നേഹിച്ചോ. നീ പ്രവര്‍ത്തിക്കുന്നതിനെല്ലാം പ്രതിഫലം നല്‍കപ്പെടുമെന്ന വിശ്വാസത്തോടെ നിനക്കിഷ്ടമുള്ളതെല്ലാം പ്രവര്‍ത്തിച്ചോ എന്ന തിരുനബി (സ്വ) യുടെ ഉപദേശം സദാ നീ ഓര്‍ത്തിരിക്കണം. മരണത്തെ കുറിച്ചുള്ള ഓര്‍മ്മ സദാ നിന്നെ നന്മയിലേക്ക് നയിക്കും. വേര്‍പിരിയാത്തതിനെ സ്നേഹിക്കുക എന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നവനാക്കി ത്തീര്‍ക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം നല്‍കപ്പെടുമെന്ന ബോധം തിന്മ വര്‍ജ്ജിക്കാന്‍ നിനക്ക് പ്രചോദനമേകും. 
ഒരാളെ ഖബ്റില്‍ വെക്കപ്പെടുമ്പോള്‍ നാല്‍പത് ചോദ്യങ്ങള്‍ അല്ലാഹു തന്നെ അവനോട് ചോദിക്കും. അതില്‍ ഏറ്റവും ആദ്യത്തെ ചോദ്യം ഓ! എന്‍റെ അടിമേ! ജനങ്ങളുടെ ദൃഷ്ടി പതിയുന്ന ഭാഗങ്ങള്‍ വര്‍ഷങ്ങളോളം നീ വൃത്തിയാക്കി. എന്‍റെ ദൃഷ്ടി പതിയുന്ന സ്ഥലം ഒരു പ്രാവശ്യമെങ്കിലും നീ വൃത്തിയാക്കിയോ? എന്ന് ഇഞ്ചീലീല്‍ കാണാം.
ഓ സുഹൃത്തെ, നീ കേള്‍ക്കുന്നില്ലെങ്കിലും നിന്‍റെ ഹൃദയത്തിന്‍റെ അന്തരാളങ്ങളില്‍ നിന്ന് എല്ലാ ദിവസവും വിളിച്ചു പറയപ്പെടുന്നു. എന്‍റെ നന്മയാല്‍ നീ വലയം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ നീ ഞാനല്ലാത്തവര്‍ക്ക് വേണ്ടി അദ്ധ്വാനിച്ചു കൊണ്ടിരിക്കുകയാണോ? കര്‍മ്മമില്ലാത്ത ജ്ഞാനം ഭ്രാന്താണ്. ജ്ഞാനമില്ലാതുള്ള കര്‍മ്മം നിഷ്ഫലവുമാണ്. വിജ്ഞാനം ഇന്ന് നിന്നെ പാപങ്ങളില്‍ നിന്ന് തടയാതിരിക്കുകയും അല്ലാഹുവിന് അനുസരിക്കുന്നവനാക്കുന്നുമില്ലെങ്കില്‍ അത് നാളെ നരകത്തില്‍ നിന്ന് നിന്നെ തടയുകയില്ല. ഇന്ന് നീ സല്‍കര്‍മ്മം ചെയ്യുന്നില്ലെങ്കില്‍ കഴിഞ്ഞു പോയതിനെ വീണ്ടെടുക്കാന്‍ നാളെ ഖിയാമത്ത് നാളില്‍ നിനക്കാവില്ല. അന്ന് നീ പറയും: ഞങ്ങളെയൊന്ന് തിരിച്ചയക്കൂ. ഞങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു കൊള്ളാം. തല്‍ക്ഷണം മറുപടി നല്‍കപ്പെടും. ഓ വിഡ്ഡീ, നീ അവിടുന്ന് ഇങ്ങോട്ട് വന്നല്ലോ? ഇനി എങ്ങനെയാണ് തിരിച്ചു പോവുക? ഇല്ല. സാധ്യമല്ല. അത് കേവലം വ്യാമോഹം മാത്രമാണ്.
          ഓ! മകനേ! സിദ്ദീഖുല്‍ അക്ബര്‍ (റ) പറയുന്നത് ശ്രദ്ധിക്കൂ! നിന്‍റെ ശരീരം പക്ഷിക്കൂടാണ്. അല്ലെങ്കില്‍ മൃഗങ്ങളുടെ ആലയാണ്. നീ നിന്നെ വിലയിരുത്തുക. ഇവ രണ്ടില്‍ ഏത് ഗണിത്തിലാണ് നീ? കൂട്ടില്‍ ജീവിക്കുന്ന പറവകളുടെ ഗണത്തിലാണ് നീ എങ്കില്‍, നിന്‍റെ നാഥനിലേക്ക് അവന്‍റെ തൃപ്തിയില്‍ സംതൃപ്തനായി നീ മടങ്ങുക എന്ന ഉദ്ഘോഷണം നീ ശ്രവിക്കുകയും ചെയ്തെങ്കില്‍ ഉന്നത സ്ഥലത്തിരിക്കുന്നതിനായി നീ പറക്കുക.
നീ നാല്‍കാലി വിഭാഗത്തിലാണെങ്കില്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തിയ "അവര്‍ മൃഗതുല്യരാണ്. അല്ല അതിലും വഴിപിഴച്ചവരാണ്" എന്ന ഈ പിഴച്ച വിഭാഗത്തില്‍ അകപ്പെടുന്നതിനെ തൊട്ട് നീ അല്ലാഹുവിനോട് കാവല്‍ ചോദിക്കുക.
"മരണം നിന്‍റെ ദേഹത്തില്‍ നിന്ന് ദേഹിയെ വേര്‍പിരിക്കുന്നതിന് മുമ്പ് നിന്‍റെ ആത്മാവിനെ അല്ലാഹുവിന്‍റെ അനുസരണയില്‍ വ്യാപൃതനാക്കൂ. കാരണം ദുന്‍യാവ് ഖബ്റിലെത്തുന്നത് വരെയുള്ള ഇടത്താവളമാണ്. ആ സങ്കേതവാസികള്‍ നിന്നെ ഉറ്റുനോക്കുകയാണ്. ഭക്ഷണവിഭവങ്ങളില്ലാതെ യാത്ര സംഭവിക്കുന്നത് നീ സൂക്ഷിക്കണം. തഖ്വ എന്ന വിഭവമുക്തമാണ് നിന്‍റെ യാത്രയെങ്കില്‍ നരകപാതാളത്തിലേക്കാണ് നിന്‍റെ യാത്രയെന്ന് നീ ഉറപ്പിക്കുക.
ഹസന്‍ ബസ്വരി (റ) തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: കഠിന ചൂടുള്ള ഒരു ദിവസം കുടിക്കാന്‍ ഒരു തോല്‍പാത്രം വെള്ളം നല്‍കപ്പെട്ടു. അതൊന്ന് സ്പര്‍ശിച്ച് വെള്ളത്തിന്‍റെ തണുപ്പ് അനുഭവിച്ചയുടനെ ശക്തമായ അട്ടഹാസത്തോടെ ബോധരഹിതനായി നിലംപതിച്ചു. വെള്ളപാത്രം താഴെ വീണു. സ്വബോധം ലഭിച്ചപ്പോള്‍ സഹചര്‍ ആരാഞ്ഞു:ڈഅങ്ങേയ്ക്ക് എന്താണ് സംഭവിച്ചത്? മഹാനവര്‍കള്‍ പറഞ്ഞു: നരകവാസികള്‍ സ്വര്‍ഗ്ഗവാസികളോട് വെള്ളം ആവശ്യപ്പെടുന്ന സൂറത്തുല്‍ അഅ്റാഫിലെ 50-ാം വചനമായ 'ഓ സ്വര്‍ഗ്ഗവാസികളേ! ഞങ്ങള്‍ക്ക് വെള്ളം ഒഴിച്ചുതരൂ!" എന്ന ആയത്ത് ഓര്ത്ത് പോയതാണ്.
മഹാനവര്‍കള്‍ തുടരുന്നു: ഓ മകനേ! കര്‍മ്മമില്ലാത്ത ജ്ഞാനം മതി എന്ന് നീ ധരിച്ചിരിക്കുന്നുവെങ്കില്‍ ഹദീസില്‍ വിശദീകരിക്കപ്പെട്ട എന്നോട് പാപമോചനം തേടുന്നവരെവിടെ? പശ്ചാത്തപിക്കുന്നവരെവിടെ? ആവശ്യം തേടുന്നവരെവിടെ? എന്നീ അല്ലാഹുവിന്‍റെ ചോദ്യത്തെ സംബന്ധിച്ച് നീ എന്ത് പറയും? അതുകൊണ്ട് അത്താഴസമയത്ത് എഴുന്നേറ്റ് നിസ്കരിക്കുന്നതും പാപമോചനം തേടുന്നതും വളരെ അഭികാമ്യമാണ്. 
ഒരു സംഘം സ്വഹാബാക്കള്‍ (റ) തിരുനബി (സ്വ) യുടെ സവിധത്തില്‍ ഇരുന്ന് കൊണ്ട് ഇബ്നു ഉമര്‍ (റ) നെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു. അപ്പോള്‍ തിരുദൂതര്‍ (സ്വ) പറഞ്ഞു: തഹജ്ജുദ് നിസ്കരിക്കുമായിരുന്നുവെങ്കില്‍ അദ്ദേഹമായിരുന്നു ഏറ്റവും ഉത്തമ പുരുഷന്‍.
തിരുനബി (സ്വ) അരുള്‍ ചെയ്തു: മൂന്ന് ശബ്ദം അല്ലാഹുവിന് പ്രിയപ്പെട്ടതാണ്.കോഴിയുടേത്, ഖുര്‍ആന്‍ പാരാണം ചെയ്യുന്നവന്‍റേത്, അത്താഴ സമയം അല്ലാഹുവിനോട് പൊറുക്കലിന് തേടുന്നവന്‍റേത്. 
ഇത്രയും പറഞ്ഞതില്‍ നിന്ന് അറിവ് അല്ലാഹുവിന് വഴിപ്പെടാനുള്ള താകണമെന്ന് ഗ്രഹിക്കാം. തുടര്‍ന്ന് പറയുന്നു: എന്നാല്‍ മകനേ! ഇബാദത്ത്, താഅത്ത് (വഴിപ്പെടല്‍) എന്നെല്ലാം പറയുന്ന ഏതിനാണെന്ന് നീ മനസ്സിലാക്കിയോ? കല്‍പ്പന നിരോധകളില്‍ ശാരിഇന്‍റെ (അല്ലാഹുവിന്‍റെയും തിരുദൂതരുടേയും) നിയമങ്ങള്‍ പിന്‍പറ്റലാണ് ഇബാദത്ത്.
വല്ല കര്‍മ്മവും നീ അനുഷ്ഠിച്ചുവെന്നാല്‍ അത് ചെയ്യണമെന്ന കല്‍പനയില്ലെങ്കില്‍ അതിന് ഇബാദത്ത് എന്ന് പറയാനൊക്കില്ല. നിന്‍റെ ദൃഷ്ടിയില്‍ അത് ഇബാദത്തായാല്‍ പോലും. നിസ്കാരവും നോമ്പുമാണെങ്കില്‍ പോലും ചിലപ്പോള്‍ അത് പാപമാവുകയും ചെയ്യാം. വ്രതാനുഷ്ഠാനം പ്രഥമ ദൃഷ്ട്യാ അത് ഉത്തമമായ ഇബാദത്താണ്, എന്നാല്‍ അത് പെരുന്നാള്‍ ദിനത്തിലായാലോ നോമ്പനുഷ്ഠിച്ചവന്‍ കടുത്ത പാപിയാണ്. കാരണം ചെയ്ത പ്രവര്‍ത്തനം നോമ്പാണെങ്കിലും ശാരിഇന്‍റെ നിയമ നിര്‍ദ്ദേശങ്ങളോട് വിധേയത്വം പുലര്‍ത്തിയില്ലെന്നത് തന്നെ. ഇപ്രകാരം നിസ്കാരം ശ്രേഷ്ഠമായ ഇബാദത്താണെങ്കിലും കറാഹത്തായ സമയത്തോ കൈയേറ്റം ചെയ്യപ്പെട്ട സ്ഥലത്തോ ആയാല്‍ ചെയ്തവന്‍ കുറ്റക്കാരനാണ്.
ചുരുക്കത്തില്‍ ഇലാഹിയ്യായ നിയമ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായതിനല്ലാതെ ഇബാദത്ത് എന്ന് പറയപ്പെടുകയില്ല. തിരുനബി (സ്വ) യുടെ തീരുമാനത്തിന് വിധേയമാകാത്ത സര്‍വ്വത്ര ഇല്‍മും അമലും വഴികേടും അല്ലാഹുവില്‍ നിന്നുള്ള അകല്‍ച്ചയാണ്.
അതുകൊണ്ട് തന്നെയാണ് പൂര്‍വ്വിക അമലുകളെ അസാധുവാക്കിയത്. കല്‍പിക്കപ്പെട്ട ഒന്ന് കൊണ്ടല്ലാതെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചേരാന്‍ സാധ്യമല്ലായെന്ന് നീ ഉറപ്പിച്ചോ. വിവരദോഷികളായ സ്വൂഫീ വേഷധാരികളിലൂടെയും അല്ലാഹുവിലേക്ക് ചേരാന്‍ കഴിയില്ലെന്ന് നീ ദൃഢമായി ഉറപ്പിച്ചോ! ശാരീരിക ഇച്ഛകളെയും വികാരങ്ങളേയും മനസ്സിന്‍റെ ദുര്‍ഗുണങ്ങളെയും കീഴ്പ്പെടുത്തിക്കൊണ്ടല്ലാതെ അല്ലാഹുവിലേക്ക് ചേരാന്‍ ഒരിക്കലും സാധ്യമല്ല. നിന്നില്‍ നിന്ന് പ്രകടമാകുന്ന സംസാരത്തിലെ മിതശൈലിയും ദിവസങ്ങളുടെയും യാമങ്ങളുടെയും പരിശുദ്ധിയും ഹൃദയം വികാരങ്ങള്‍ക്കടിമപ്പെട്ട് കൊണ്ട് ആത്മപ്രശംസ പറയുന്നതുമെല്ലാം പരാജയത്തിന്‍റെയും നാശത്തിന്‍റെയും അടയാളമാണ്. 
ശരീരേച്ഛകളെ മുജാഹദ കൊണ്ട് കീഴ്പ്പെടുത്താതെയും ശര്‍ഇന്‍റെ പരിധിയില്‍ നിയന്ത്രിച്ചു കൊണ്ട് വരാതിരിക്കുകയും ചെയ്താല്‍ ദിവ്യജ്ഞാന പ്രഭ കൊണ്ട് ഹൃദയത്തെ ജീവസുറ്റതാക്കാന്‍ ഒരിക്കലും സാധിക്കില്ല തന്നെ. 
      ഇമാം ഗസ്സാലി (റ) തുടരുന്നു:
 കുഞ്ഞുമോനേ! നീ എന്നോട് കുറേയേറെ കാര്യങ്ങള്‍ ചോദിച്ചു. അവകളില്‍ നിന്ന് ഒരു ഗുരുനാഥന്‍ തന്‍റെ ശിഷ്യഗണങ്ങളോട് പറഞ്ഞു പഠിപ്പിക്കേണ്ട വിഷയങ്ങള്‍ ഞാന്‍ നിനക്ക് വിശദീകരിച്ചു തന്നു. എന്നാല്‍ ആ ചോദ്യങ്ങളില്‍ പലതും അനുഭവജ്ഞാനങ്ങളിലൂടെ അറിയേണ്ടവയാണ്. അത്തരം കാര്യങ്ങള്‍ എഴുതിയോ പറഞ്ഞോ പഠിപ്പിക്കുക സാധ്യമല്ല. ഉദാഹരണത്തിന് മധുരം, കയ്പ്പ് തുടങ്ങിയവ ഒരിക്കലും അനുഭവിച്ചറിയാത്ത ഒരാളോട് കയ്പ്പ് രസം ഇതാണ് എന്ന് പറഞ്ഞോ എഴുതിയോ ഗ്രഹിപ്പിക്കാന്‍ സാധ്യമല്ലെന്ന് നിനക്കറിയാമല്ലോ? എന്നാല്‍ അത് രുചിപ്പിച്ച് ഗ്രഹിപ്പിക്കാനേ കഴിയുകയുള്ളൂ.  അനുഭവിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും ഇതുപോലെ തന്നെ.
മേല്‍വിശദീകരിച്ചതില്‍ നിന്നും പഠിച്ചറിയേണ്ട ജ്ഞാനം, അനുഭവിച്ചറിയേണ്ട ജ്ഞാനം എന്നിങ്ങനെ അറിവുകള്‍ രണ്ട് വിധമാണെന്ന് നമുക്ക് മനസ്സിലാക്കാം. പഠിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ എഴുതുക, വായിക്കുക, കേള്‍ക്കുക തുടങ്ങിയവയാണെങ്കില്‍ അനുഭവിച്ചറിയുന്നതിനും മാര്‍ഗ്ഗങ്ങളുണ്ട്. മതവിജ്ഞാനങ്ങളില്‍ നിന്ന് അനുഭവിച്ചറിയേണ്ടതിന് പുണ്യറസൂല്‍ (സ്വ) ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. "ആരെങ്കിലും ഒരാള്‍ അറിവ് കരസ്ഥമാക്കുകയും അതിനനുഗുണമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവനറിയാത്തതിനെ അല്ലാഹു അവന് അറിയിച്ചു കൊടുക്കും". അതായത് അനുഭവ ജ്ഞാനങ്ങള്‍ ഉണ്ടാകുന്നതിന്‍റെ ഒരു മാര്‍ഗ്ഗം അറിവ് പ്രാവര്‍ത്തികമാക്കലാകുന്നു. ഖുര്‍ആന്‍ വേറൊരു മാര്‍ഗ്ഗം കൂടി പഠിപ്പിക്കുന്നു: വന്ദ്യരായ മൂസ (അ) ഖിള്ര്‍ നബി (അ) യോട് പറയുന്നു: നിങ്ങളോട് ഞാന്‍ അനുഗമിക്കട്ടെ. നിങ്ങള്‍ക്ക് അല്ലാഹു പഠിപ്പിച്ചു തന്ന അറിവില്‍ നിന്ന് എന്നെ പഠിപ്പിക്കാന്‍ വേണ്ടി. അപ്പോള്‍ രണ്ടാമത്തെ മാര്‍ഗ്ഗം ജ്ഞാനികളോട് പിന്‍പറ്റലാണ്. ഇതാണ് മഹാനായ ഇമാം ഗസ്സാലി (റ) തന്‍റെ ശിഷ്യനോട് നിര്‍ദ്ദേശിക്കുന്നത്. നിന്നെ നേര്‍വഴിയിലേക്ക് നയിക്കാന്‍ പര്യാപ്തനായ ഒരു ശൈഖിനെ അതായത് ആത്മീയഗുരുവിനെ കണ്ടെത്തുക. അയാളെ പിന്‍പറ്റുക. മനുഷ്യന്‍റെ കൂടപ്പിറപ്പാണ് ദുഃസ്വഭാവങ്ങള്‍. അത് നീക്കാതെയുള്ള ഇബാദത്തുകള്‍ ഫലപ്രദമാകില്ല. ഇബാദത്ത് ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തിന് വേണ്ടിയാണ് അത് ചെയ്യുന്നതെങ്കില്‍ അത് അല്ലാഹു അല്ലാത്തതിന് വേണ്ടിയുള്ള ആരാധനായായിത്തീരുന്നു. അതൊരിക്കലും ലക്ഷ്യപ്രാപ്തിയാകുന്ന ഇലാഹീ സാമീപ്യത്തിലേക്ക് എത്തിക്കുകയില്ല. അതുകൊണ്ട് തന്നെ പഠിച്ചതനുസരിച്ചുള്ള അമലുകള്‍ ഫലപ്രദമാകുന്നതിനും വേണം ഒരു ശൈഖ്. അതാണ് ഇമാമവര്‍കള്‍ തന്‍റെ പണ്ഡിതനായ ശിഷ്യനിലൂടെ നമുക്ക് നല്‍കുന്ന സന്ദേശം.
ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മഹാനവര്‍കള്‍ ചില നിബന്ധനകള്‍ കൂടി തന്‍റെ ശിഷ്യനോട് നിര്‍ദ്ദേശിക്കുന്നു. അതില്‍ ഏറ്റവും പ്രഥമമായത് ബിദ്അത്തില്‍ നിന്ന് മുക്തമായ വിശ്വാസമാണ്. വിശ്വാസം ബിദ്അത്തില്‍ നിന്ന് മുക്തമാകുക എന്നത് അല്‍പം വിശദീകരിക്കുന്നത് നന്നായിരിക്കും.
സുന്നത്ത്
സുന്നത്ത്, ബിദ്അത്ത് എന്നീ പദങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയോഗിച്ചതായി കാണാം. തിരുദൂതര്‍ (സ്വ) അരുള്‍ ചെയ്തു: "എനിക്ക് ശേഷം ധാരാളം അഭിപ്രായഭിന്നതകള്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം. ആ ഘട്ടങ്ങളില്‍ എന്‍റെയും സന്മാര്‍ഗ്ഗാവലംബികളായ ഖുലഫാഉര്‍റാശിദുകളുടെയും സുന്നത്ത് (ചര്യ) നിങ്ങള്‍ മുറുകെ പിടിക്കുക. അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക. ബിദ്അത്തില്‍ അകപ്പെട്ടു പോകുന്നതിനെ നിങ്ങള്‍ ഗൗരവമായി സൂക്ഷിക്കുക. അതായത് ഇസ്ലാമില്‍ ധാരാളം ചേരിതിരിവുകള്‍ ഉണ്ടായിത്തീരുമെന്നും ആ ഘട്ടങ്ങളില്‍ സത്യവിശ്വാസി നബി (സ്വ) തങ്ങളുടെയും ഖുലഫാഉര്‍റാശിദുകളുടെയും മാര്‍ഗ്ഗമാണ് അവലംബിക്കേണ്ടത് എന്നും വേറൊരു ഹദീസില്‍ ഖുര്‍ആനിലും ഹദീസിലും അവലംബമില്ലാത്ത പുതുതായി നിര്‍മ്മിക്കപ്പെടുന്ന എല്ലാ വിശ്വാസങ്ങളും കര്‍മ്മങ്ങളും വഴികേടും തള്ളപ്പെടേണ്ടതുമാണ് എന്നും കാണാം. 
"ബനൂ ഇസ്റാഈലുകാര്‍ 72 വിഭാഗമായി പിരിഞ്ഞു. എന്നാല്‍ എന്‍റെ സമുദായം 73 വിഭാഗമായി പിരിയും. ഒന്നല്ലാത്ത 72 വിഭാഗവും നരകത്തിലാണ്. ഈ തിരുവചനം കേട്ട സ്വഹാബാക്കള്‍ അവിടുത്തോട് ചോദിച്ചു: ആ ഒരു വിഭാഗം ഏതാണ് തിരുദൂതരേ! അവിടുന്ന് പ്രതിവചിച്ചു: ഞാനും എന്‍റെ അനുചരന്മാരും അനുവര്‍ത്തിച്ചു വന്ന വിശ്വാസ കര്‍മ്മങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരാരോ അവരാണ് അവര്‍". അതായത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃ എന്നതിലെ അഹ്ലുസ്സുന്നഃ എന്നത് ആദരവായ നബി (സ്വ) യുടെ വചനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നിവയുടെ സാങ്കേതിക സമജ്ഞയായ 'സുന്നത്ത്' എന്നതിന്‍റെ വാക്താക്കള്‍ എന്നും വല്‍ ജമാഅത്ത് എന്നാല്‍ വന്ദ്യറസൂല്‍ (സ്വ) യില്‍ നിന്ന് വിശുദ്ധ ദീന്‍ കണ്ടും കേട്ടും പ്രവര്‍ത്തിച്ചും മനസ്സിലാക്കിയ സ്വഹാബാക്കളെ പിന്‍പറ്റുന്ന സംഘം എന്ന അര്‍ത്ഥത്തില്‍ ജമാഅത്ത് എന്നും പ്രയോഗികപ്പെടുന്നു. അപ്പോള്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃ എന്നാല്‍ തിരുദൂതര്‍ (സ്വ)യേയും അവിടുത്തെ സച്ചരിതരായ സ്വഹാബാക്കളേയും പിന്‍പറ്റുന്നവര്‍ എന്നാണര്‍ത്ഥം. എന്നാല്‍ തിരുനബി (സ്വ) യുടെ സുന്നത്തിന് വിരുദ്ധമായും സ്വഹാബാക്കള്‍ അനുകരണീയരല്ലെന്നും അവര്‍ ഇസ്ലാമില്‍ ഇല്ലാത്തതിനെ കടത്തിക്കൂട്ടുന്നവരാണെന്നും അംഗീകരിക്കാന്‍ കൊള്ളരുതാത്തവരാണെന്നും മറ്റും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിഭാഗത്തിന് ബിദ്അത്തുകാര്‍ എന്ന് പറയാം.
നാലാം ഖലീഫ അലി (റ) വിന്‍റെ ഖിലാഫത്ത് വേളയില്‍ സ്വഹാബാക്കള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിന് അബൂമൂസല്‍ അശ്അരി (റ), അംറ് ബ്നുല്‍ ആസ്വ് (റ) എന്നീ മഹാന്മാരായ സ്വഹാബികള്‍ മദ്ധ്യസ്ഥരാകുന്നത് അലി (റ) യും മുആവിയ (റ) ഉം ഉള്‍ക്കൊള്ളുന്ന മുഴുവന്‍ സ്വഹാബാക്കളും അംഗീകരിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് അഥവാ സ്വഹാബത്തിന്‍റെ ഏകോപനത്തെ ചോദ്യം ചെയ്തുകൊണ്ട് "അല്ലാഹവിനല്ലാതെ വിധികല്‍പ്പിക്കാന്‍ അധികാരമില്ല" എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ച് സ്വഹബാക്കള്‍ മനസ്സിലാക്കിയ ദീനിനപ്പുറത്തേക്ക് ഖുര്‍ആനിന് പുതിയൊരു വിശദീകരണവുമായി പ്രത്യക്ഷപ്പെട്ട വിഭാഗമായിരുന്നു ഇസ്ലാമിലെ ആദ്യബിദഈ കക്ഷികള്‍. ഇവരുടെ ഈ തെറ്റായ വ്യാഖ്യാനം സ്വഹാബാക്കള്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല അവരെ ഇസ്ലാമിക വിരുദ്ധ വിഭാഗമായി ഗണിക്കുകയാണ് മുസ്ലിം ലോകം ചെയ്തത്. ഖുര്‍ആനിന്‍റെ വചനങ്ങള്‍ക്ക് തിരുസുന്നത്തിന്‍റെ പിന്‍ബലമില്ലാതെ ആവശ്യാനുസരണം വിശദീകരണവും ദുര്‍വ്യാഖ്യാനവുമെഴുതി കണ്ടെത്തുന്നതല്ല ഇസ്ലാം. പ്രത്യുത ഖുര്‍ആനിന്ന് തിരുദൂതരും (സ്വ) സ്വഹാബാക്കളും (റ) എന്ത് വ്യാഖ്യാനമാണ് നല്‍കിയത് അതിനെ പിന്‍പറ്റി ജീവിക്കുകയും അവര്‍ വിശ്വസിച്ചത് പോലെ വിശ്വസിക്കുകയും ചെയ്യുക. അതാണ് ഇസ്ലാം. മറിച്ചുള്ള ചിന്താധാരയെ ഖുര്‍ആന്‍ വിലയിരുത്തുന്നത് കാണുക :"സത്യനിഷേധികളോട്, സത്യവിശ്വാസികള്‍ വിശ്വസിക്കുന്നത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ഈ വിവേകശൂന്യര്‍ വിശ്വസിക്കുന്നത് പോലെ ഞങ്ങള്‍ വിശ്വസിക്കുകയോ?" എന്ന് ചോദിച്ചു കൊണ്ട് പുറംതിരിഞ്ഞു നില്‍ക്കുമെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നത് സ്വഹാബാക്കള്‍ വിശ്വസിച്ചത് പോലെ വിശ്വസിക്കണമെന്ന് മുനാഫിഖുകളോട് നിര്‍ദ്ദേശിക്കപ്പെട്ട നിര്‍ദ്ദേശത്തെയും സംഭവത്തെയും ഓര്‍മ്മപ്പെടുത്തുകയാണ്. 
ചുരുക്കത്തില്‍ ഞാനും എന്‍റെ അനുചരന്മാരും എന്ന ഹദീസിലെ പ്രയോഗത്തില്‍ നിന്ന് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പദങ്ങള്‍ അതിന്‍റെ സാഹചര്യമോ പശ്ചാത്തലമോ മനസ്സിലാക്കാതെ ബാഹ്യാര്‍ത്ഥങ്ങള്‍ വിലയിരുത്തി വ്യാഖ്യാനിക്കുകയും അതാണ് ദീനെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത് സുന്നത്തിന് വിരുദ്ധമാണെന്ന് ഗ്രഹിക്കാം. അതുകൊണ്ടാണല്ലോ ഖുര്‍ആനുദ്ധരിച്ച് ഖവാരിജുകള്‍ വാദിച്ച വാദത്തെ നാലാം ഖലീഫ അലി (റ) ഉള്‍പ്പെടെയുള്ള വലിയൊരു സംഘം സ്വഹാബാക്കള്‍ അവഗണിച്ചുകൊണ്ട് അബൂമൂസല്‍ അശ്അരി (റ), അംറ് ബ്നുല്‍ ആസ്വ്(റ) എന്നീ മഹാന്മാരുടെ വിധി അംഗീകരിച്ചതും പില്‍ക്കാല മുസ്ലിംകള്‍ ആ നയം തന്നെ പിന്തുടര്‍ന്നതും.
മേല്‍ഹദീസുകളില്‍ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും അതില്‍ ഒരു വിഭാഗം മാത്രം വിജയികളാകുമെന്നും പറഞ്ഞതിലെ 'അഭിപ്രായ വ്യത്യാസ'ത്തെ "അടിസ്ഥാനപരമായ" അഭിപ്രായ വ്യത്യാസം എന്നാണ് ഹദീസ് വ്യാഖ്യാതാക്കളും വിശ്വാസ ശാസ്ത്ര പണ്ഡിതന്മാരും വിശദീകരിക്കുന്നത്. മദ്ഹബുകള്‍ക്കിടയിലുള്ള അഭിപ്രായാന്തരങ്ങളും മറ്റും ഇജ്തിഹാദിയ്യായ ശാഖാപരമായ ഭിന്നതയാകയാല്‍ അത് അടിസ്ഥാനപരമല്ലെന്നും അത് പിഴച്ച എഴുപത്തിരണ്ട് വിഭാഗത്തില്‍ പെട്ടതല്ലെന്നും യഥാര്‍ത്ഥ സുന്നത്ത് ജമാഅത്ത് എന്ന വിജയികളുടെ വിഭാഗത്തില്‍ പെട്ടതാണെന്നും മുന്‍ഗാമികളായ മഹാത്മാക്കള്‍ വിശദീകരിച്ചത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

Monday, 4 December 2017

ഇസ്ലാമിലെ വിവാഹം


 ഇസ്ലാമിലെ വിവാഹം


          അല്ലാഹുതആല പറഞ്ഞു: "നിങ്ങളില്‍പ്പെട്ട അവിവാഹിതകളേയും, നിങ്ങളുടെ അടിമകളിലും അടിമസ്ത്രീകളിലുംപെട്ട സദ്വൃത്തരേയും നിങ്ങള്‍ വിവാഹം കഴിപ്പിക്കൂ. അവര്‍ ദരിദ്രരായിരുന്നാല്‍ അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് അവരെ ധനികരാക്കുന്നതാണ്." (അന്നൂര്‍-32) 
"ഞങ്ങളുടെ നാഥാ, നീ ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ്മ നല്‍കുകയും ഞങ്ങളെ മുത്തഖീങ്ങള്‍ക്ക് ഇമാമാക്കുകയും (പിന്തുടരപ്പെടേണ്ട മാതൃകാ യോഗ്യര്‍) ചെയ്യേണമേ എന്ന് പറയുന്നവരുമാണവര്‍. (അല്‍ഫുര്‍ഖാന്‍-74)
                  "നിശ്ചയം താങ്കള്‍ക്ക് മുമ്പ് മുര്‍സലുകളെ നാം നിയോഗിച്ചു. അവര്‍ക്ക് ഇണകളേയും സന്താനങ്ങളേയും  നാം നല്‍കി" (അര്‍റഅ്ദ്-38)
                    റസൂലുല്ലാഹി (സ്വ) പറഞ്ഞു: "യുവജന സമൂഹമേ, നിങ്ങളിലാര്‍ക്കെങ്കിലും വിവാഹത്തിന്‍റെ ചെലവുകള്‍ വഹിക്കാന്‍ കഴിയുമെങ്കില്‍ അവന്‍ വിവാഹം കഴിച്ച് കൊള്ളട്ടെ, നിശ്ചയം അത് കണ്ണിനെ അന്യസ്ത്രീകളിലേക്ക് നോക്കുന്നതിനെതൊട്ട് ഏറ്റവും തടയുന്നതും ഗുഹ്യ സ്ഥാനത്തെ ഹറാമിനെതൊട്ട് ഏറ്റവും സംരക്ഷിക്കുന്നതുമാണ്. അതിന് കഴിയാത്തവനാരോ അവന്‍ നോമ്പ് പിടിച്ച് കൊള്ളട്ടെ. നിശ്ചയമായും അത് അവന്‍റെ വികാരത്തെ നശിപ്പിക്കുന്നതാണ്". (ബുഖാരി, മുസ്ലിം)
                  നബി (സ്വ) പറഞ്ഞു: "ഇഹലോകം മുഴുവനും വിഭവങ്ങളാണ്. ആ വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സദ്വൃത്തയായ സ്ത്രീ (ഭാര്യ) യാണ്." (മുസ്ലിം)
                           നബി (സ്വ) പറഞ്ഞു: "മൂന്ന് കാര്യങ്ങള്‍ മനുഷ്യന്‍റെ വിജയത്തില്‍പ്പെട്ടതും മൂന്ന് കാര്യങ്ങള്‍ പരാജയത്തില്‍പ്പെട്ടതുമാണ്. സ്വാലിഹത്തായ (തഖ്വയുള്ളവളും, പരിശുദ്ധയും, പതിവ്രതയുമായ) ഭാര്യയും, ആവശ്യത്തിന് വിശാലതയും വൃത്തിയുമുള്ള ഭവനവും നല്ല ഒരു വാഹനവുമാണ് വിജയത്തില്‍ പെട്ടവ. കൊള്ളരുതാത്തവളായ (ബഹളക്കാരിയും, ചീത്തവിളിക്കുന്നവളും, മര്യാദയും ലജ്ജയും കുറഞ്ഞവളുമായ) ഭാര്യ, കൊള്ളരുതാത്ത (ആവശ്യത്തിന് വിശാലതയോ വൃത്തിയോ ഇല്ലാത്ത) കുടുസ്സായ ഭവനം, കൊള്ളരുതാത്ത വാഹനം എന്നിവയാണ് പരാജയത്തില്‍ പെട്ടത്" (അഹ്മദ്, ത്വബ്റാനി, ഹാകിം),
വീണ്ടും നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിലും അല്ലാഹു അവനെ സഹായിച്ചു. ശേഷിച്ച പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ" (ത്വബ്റാനി, ഹാകിം)

                    "മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം ആര്‍ക്കെങ്കിലും വിവാഹം കഴിക്കാന്‍ കഴിവുണ്ടായിട്ടും അവന്‍ വിവാഹം കഴിക്കാതിരുന്നാല്‍ അവന്‍ നമ്മില്‍പ്പെട്ടവനല്ല. (ത്വബ്റാനി, ബൈഹഖി)
മറ്റൊരു ഹദീസ് ഇപ്രകാരം വായിക്കാം "നാല് കാര്യങ്ങള്‍ക്ക് വേണ്ടി പെണ്ണിനെ വിവാഹം കഴിക്കപ്പെടാറുണ്ട്. അഥവാ അവളുടെ സ്വത്തിന് വേണ്ടിയും അവളുടെ കുടുംബമഹിമയക്കുവേണ്ടിയും അവളുടെ സൗന്ദര്യത്തിന് വേണ്ടിയും അവളുടെ ദീനിന് വേണ്ടിയും എന്നാല്‍ ദീനുള്ളവളെ വിവാഹം കഴിച്ച് നീ വിജയംവരിക്കൂ. (അവളുടെ സ്വത്തിലേക്ക് നീ നോക്കണ്ട. അങ്ങനെ നീ ചെയ്താല്‍) നിന്‍റെ ഇരുകരങ്ങളും മണ്ണോട് ചേരട്ടെ" (ബുഖാരി, മുസ്ലിം, അബൂദാവൂദ്)
                  വിവാഹത്തിന്‍റെ പ്രയോജനങ്ങള്‍ നിരവധിയാണ്. സന്താനലബ്ധി, ശൈത്വാനിനെ തൊട്ട് കാവല്‍ ലഭിക്കല്‍, നേരമ്പോക്ക് ലഭിക്കല്‍, വികാരശമനം, അന്യ സ്ത്രീകളിലേക്ക് നോക്കുന്നതിനെതൊട്ട് കണ്ണ് ചിമ്മല്‍, ഇബാദത്തുകള്‍ക്ക് ശക്തി പകരല്‍ തുടങ്ങി നിരവധി നേട്ടങ്ങള്‍ വിവാഹത്തിലൂടെയും കുടുംബജീവിതത്തിലൂടെയും കരസ്ഥമാക്കാം. ഭിഷഗ്വരന്‍മാര്‍ പറഞ്ഞു: "വിവാഹത്തിന്‍റെ ലക്ഷ്യങ്ങള്‍ മൂന്നാണ്. ഒന്ന്:- സന്താനപരമ്പരയെ നില നിര്‍ത്തല്‍. രണ്ട്:-കെട്ടിക്കിടക്കല്‍ കൊണ്ട് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ശുക്ലത്തെ പുറത്ത് കളയല്‍. മൂന്ന്:- സുഖാസ്വാദനം. എന്നാല്‍ ഇപ്പറഞ്ഞ മൂന്നാമത്തെ കാര്യം മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ അവശേഷിക്കുന്നത്. കാരണം സ്വര്‍ഗ്ഗത്തില്‍ സന്താനോല്‍പ്പാദനമോ ശുക്ലം കെട്ടിക്കിടക്കുന്നതിന്‍റെ പ്രശ്നങ്ങളോ ഇല്ല."
                        ലൈംഗികാഗ്രഹങ്ങളോ ആവശ്യമോ ഉള്ളവനും തനിക്ക് താമസിക്കാനുള്ള ഭവനം സേവകന്‍, വാഹനം തന്‍റെ വസ്ത്രങ്ങള്‍ എന്നിവ കഴിച്ച് വധുവിന് ഒരുരാവും പകലും കഴിക്കുവാനുള്ള ഭക്ഷണം ഒരു സീസണിലേക്കുള്ള വസ്ത്രങ്ങള്‍ അവള്‍ക്കുള്ള മഹ്റ് എന്നീ ചെലവുകള്‍ വഹിക്കാന്‍ കഴിവുള്ളവനുമായ എല്ലാ പുരുഷന്‍മാര്‍ക്കും വിവാഹം കഴിക്കല്‍ സുന്നത്താണ്. 
                       എന്നാല്‍ ലൈഗികാഗ്രഹവും ആവശ്യവും ഉണ്ടെങ്കിലും മേല്‍പ്പറഞ്ഞ ചെലവുകള്‍ വഹിക്കാന്‍ കഴിവില്ലാത്തവന്‍ വിവാഹം ഉപേക്ഷിക്കലാണുത്തമം. പതിവായി നോമ്പ് പിടിച്ച് കൊണ്ട് അവന്‍ തന്‍റെ വികാരത്തെ ശിഥിലമാക്കണം. എന്നാല്‍ മരുന്നുകള്‍ ഉപയോഗിച്ച് ലൈംഗികശേഷി തകര്‍ക്കുവാന്‍ പാടില്ല. ലൈംഗികാഗ്രഹങ്ങള്‍ ഇല്ലാതിരിക്കുന്നതോടൊപ്പം വിവാഹത്തിന്‍റെ ചെലവുകള്‍ വഹിക്കാനും ഒരാള്‍ക്ക് കഴിയാതിരുന്നാല്‍ വിവാഹം കഴിക്കല്‍ അവന് കറാഹത്താണ്. വിവാഹം സുന്നത്തായവര്‍ നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാകുന്നതുമാണ്. 
                വിവാഹവുമായി ബന്ധപ്പെട്ട ധാരാളം സുന്നത്തുകളുണ്ട്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ പെണ്ണ് കാണല്‍ സുന്നത്താണ്. പെണ്ണിന് പുരുഷനേയും കാണല്‍ സുന്നത്താണ്. പെണ്ണ് കാണുമ്പോള്‍ ഇരുവരും നിസ്കാരത്തിലെ ഔറത്തല്ലാത്ത ഭാഗങ്ങള്‍ കാണാവുന്നതാണ്; പെണ്ണിന്‍റെ മുഖവും, മുന്‍കൈകളും കാണാവുന്നതും. പെണ്ണിന് പുരുഷന്‍റെ പൊക്കില്‍ മുതല്‍ മുട്ട് വരെയുള്ള ഭാഗം ഒഴികെയുള്ളവ കാണാവുന്നതാണ്. പെണ്ണ് കാണല്‍ അനുവദനീയമാകാന്‍ അവള്‍ നിക്കാഹില്‍ നിന്നും ഇദ്ദയില്‍ നിന്നും ഒഴിവായിരിക്കലും തന്‍റെ വിവാഹാലോചനയ്ക്ക് ഉത്തരം ലഭിക്കുമെന്ന (പെണ്‍വീട്ടുകാരുടെ സമ്മതം ലഭിക്കല്‍) പ്രതീക്ഷയുണ്ടായിരിക്കലും അത്യാവശ്യമാണ്. പെണ്ണ് കാണുമ്പോള്‍ പെണ്ണിനെ സ്പര്‍ശിക്കല്‍ ഹറാമാണ്. പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ പ്രതിശ്രുത വരന്‍ പെണ്ണിന് മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്നതും പിന്നീട് നിരന്തരം മൊബൈലിലൂടെ നടത്തുന്ന സംഭാഷണങ്ങളും സല്ലാപങ്ങളും ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. ഇത് ഇസ്ലാമിക വിരുദ്ധവും അനാശാസ്യവുമാണ്. നിക്കാഹിന് മുമ്പ് വലിയ്യ് (പെണ്ണിനെ വിവാഹം കഴിച്ച് കൊടുക്കാന്‍ അധികാരമുള്ളവന്‍) ഒരു ഖുതുബ നടത്തല്‍ സുന്നത്താണ്. വിവാഹാലോചനയ്ക്കുമുമ്പും വിവാഹമാലോചിക്കുന്നവന്‍ ഒരു ഖുത്വുബ നടത്തല്‍ സുന്നത്താണ്. വിവാഹാലോചനയ്ക്ക് ശേഷം വലിയ്യ് വിവാഹസമ്മതം അറിയിക്കുന്നതിന് മുമ്പ് ഒരു ഖുത്വുബ നടത്തല്‍ വലിയ്യിനും സുന്നത്താണ്.
                   വിവാഹം കഴിക്കപ്പെടുന്ന പെണ്ണ് എങ്ങനെയുള്ളവളായിരിക്കണം? നല്ല മതചിട്ടയുള്ളവളായിരിക്കലും നല്ല കുടുംബമഹിമയുള്ളവളായിരിക്കലും സൗന്ദര്യവതിയും അകന്നബന്ധത്തിലുള്ളവളുമായിരിക്കലും, കന്യകയും ധാരാളം പ്രസവിക്കുന്നവളും കൂടുതല്‍ സ്നേഹമുള്ളവളും ആയിരിക്കലുമാണ് ഏറ്റവും നല്ലത്. ഒരു കന്യകയെ സംബന്ധിച്ചിടത്തോളം അവള്‍ കൂടുതല്‍ പ്രസവിക്കുന്നവളാണോ എന്നറിയാന്‍ അവളുടെ അടുത്ത ബന്ധുക്കളില്‍പ്പെട്ട സ്ത്രീകളുടെ സ്ഥിതി അന്വേഷിച്ചാല്‍ മതി. അത്പോലെ നല്ല ബുദ്ധിയുള്ളവളായിരിക്കലും സല്‍സ്വഭാവിനിയായിരിക്കലും മറ്റൊരു വിവാഹത്തില്‍ കുട്ടിയുള്ളവളല്ലാതിരിക്കലും ചുമപ്പ് കൂടിയവളല്ലാതിരിക്കലും നീണ്ട് മെലിഞ്ഞവളല്ലാതിരിക്കലും ഉത്തമമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അവള്‍ പാതിവൃത്യമുള്ളവളല്ലാതിരിക്കുകയോ ചാരിത്ര്യ ശുദ്ധി പരിഗണിക്കുമ്പോള്‍ അവള്‍ക്ക് മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ പാതിവൃത്യമുള്ളവളെ തെരഞ്ഞെടുക്കലാണുത്തമം. മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ പരസ്പരം എതിരായാല്‍ മതചിട്ടയെ നിരുപാധികം മുന്തിക്കുകയും പിന്നെ സല്‍സ്വഭാവം, പിന്നെ കൂടുതല്‍ പ്രസവിക്കല്‍, പിന്നെ കുടുംബ മഹിമ, പിന്നെ കന്യകാത്വം, പിന്നെ സൗന്ദര്യം എന്നിവയാണ് പരിഗണിക്കേണ്ടത്. വിവാഹം കഴിക്കല്‍ കൊണ്ട് സുന്നത്തിനെ കരുതലും ദീനിന്‍റെ സംരക്ഷണത്തെ കരുതലും സുന്നത്താണ്. നിക്കാഹ് കൊണ്ട് ത്വാഅത്തിനെ (അല്ലാഹുവിനെ അനുസരിക്കല്‍) അത് പ്രതിഫലാര്‍ഹമാകൂ. പാതിവൃത്യം കാത്ത് സൂക്ഷിക്കല്‍, സ്വാലിഹായ സന്താനങ്ങള്‍ ലഭിക്കല്‍ മുതലായവ ലക്ഷ്യമാക്കലും സുന്നത്താണ്. നിക്കാഹ് പള്ളിയില്‍ വെച്ചായിരിക്കലും വെള്ളിയാഴ്ച ദിവസമായിരിക്കലും പകലിന്‍റെ ആദ്യസമയത്തായിരിക്കലും ശവ്വാല്‍ മാസത്തിലായിരിക്കലും സുന്നത്താണ്. 
വിവാഹം കഴിക്കാന്‍ കഴിവുള്ള പുരുഷന്മാര്‍ അഥവാ ശാരീരികമായും സാമ്പത്തികമായും കഴിവുള്ള പുരുഷന്മാര്‍ വിശിഷ്യാ യുവാക്കള്‍ വിവാഹം കഴിക്കലാണ് സുന്നത്ത്. അതാണ് നബി (സ്വ) പ്രോത്സാഹിപ്പിക്കുന്നത്. കഴിവുണ്ടായിട്ടും മനഃപൂര്‍വ്വം അത് ഉപേക്ഷിക്കുകയും അകാരണമായി അത് പിന്തിക്കുകയും ചെയ്യല്‍ ആക്ഷേപാര്‍ഹവും പൈശാചിക പ്രവണതകളിലേക്ക് വഴുതി വീഴാന്‍ ഏറ്റവും സാധ്യതയുള്ളതുമാണ്. അത്തരം യുവാക്കള്‍ നബിചര്യ അവഗണിച്ചവരും അവിടുത്തെ കല്‍പ്പന ലംഘിച്ചവരുമാണ്. ഇന്ന് അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ അകാരണമായി അത് നീട്ടിക്കൊണ്ട് പോകുന്നവരുമാണ്. ഇത്തരം പ്രവണതകള്‍ ഇന്ന് സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഇതൊട്ടും ആശാവഹമല്ല. അലിയ്യ് (റ) ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇപ്രകാരം വായിക്കാം. റസൂല്‍ (സ്വ) പറഞ്ഞു: "ഏ അലീ! മൂന്ന് കാര്യങ്ങള്‍ നീ പിന്തിക്കരുത്. നിസ്കാരം, അതിന്‍റെ സമയമായാല്‍ (അത് നീ പിന്തിക്കരുത്) ഒരു ജനാസ ഹാജറായാല്‍ (അതിന്‍റെ പരിപാലനം നീ പിന്തിക്കരുത്) അവിവാഹിതയായ ഒരു പെണ്ണിന് അനുയോജ്യനായ വരനെ കണ്ടെത്തിയാല്‍ (അവളെ വിവാഹം കഴിച്ചു കൊടുക്കുന്നത് നീ പിന്തിക്കരുത്)"(തുര്‍മുദി).
                   ഇന്ന് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ ചൊല്ലി സമൂഹത്തില്‍ ചൂട് പിടിച്ച ചര്‍ച്ചകളും തര്‍ക്കവിതര്‍ക്കങ്ങളും നടക്കുകയാണല്ലോ? ഇസ്ലാം വിരുദ്ധ ലോബികളാണ് അതിന് പിന്നില്‍. അവര്‍ക്ക് ചൂട്ട് പിടിക്കാന്‍ ചില മുസ്ലിം നാമധാരികളും  രംഗപ്രവേശം ചെയ്യുന്നതായി കാണുന്നു. തങ്ങള്‍ പുരോഗമനവാദികളാണെന്ന് തെളിയിക്കാനും അങ്ങനെ പൊതുസമൂഹത്തിന്‍റെ കൈയടി നേടാനും വേണ്ടിയാണ് ഇസ്ലാമിക വിജ്ഞാനത്തില്‍ അല്‍പ്പന്മാരയ അത്തരം യുവതീയുവാക്കള്‍ വിശ്വാസം കാറ്റില്‍ പറത്തിക്കൊണ്ട് ജല്‍പിക്കുന്ന ഈ തോന്ന്യാസങ്ങള്‍. അധാര്‍മ്മിക പ്രവണതകള്‍ കൊണ്ട് മലീമസമായ ഇന്നത്തെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുപാടുകള്‍ സര്‍വ്വതന്ത്ര സ്വാതന്ത്യത്തിന്‍റെ കേളിരംഗമായിമാറുകയും ഭൗതികകലാലയങ്ങളുടെ സന്തതികള്‍ പടിഞ്ഞാറന്‍ പുരോഗമനവാദത്തിന്‍റെ ചീഞ്ഞുനാറുന്ന സംസ്കാരത്തിന്‍റെ വാഹകരാവുകയും ചെയ്തതിന്‍റെ ഫലമാണ് ഇത്തരം പിന്തിരിപ്പന്‍ വാദഗതികളിലേക്ക് അഭ്യസ്ത വിദ്യരായ സമുദായമക്കളേയും കണ്ടെത്തിച്ചത്. ഭൗതിക വിദ്യാഭ്യാസത്തിന്‍റെ അതിപ്രസരം തലക്ക് പിടിച്ച രക്ഷകര്‍ത്താക്കളാണിതിനുത്തരവാദികള്‍. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യയും മക്കള്‍ക്ക് നല്‍കേണ്ടതിന്‍റെ പ്രസക്തിയും, അനിവാര്യതയുമാണ് അനിഷേധ്യമായി ഇവിടെ തെളിയിക്കപ്പെടുന്നത്.
                  ഇസ്ലാം വിരുദ്ധലോബികള്‍ തൊടുത്തുവിടുന്ന കൂരമ്പുകള്‍ക്ക് പണ്ഡിത സംഘടനകളും കെല്‍പ്പുറ്റ പണ്ഡിത നേതൃത്വവും കാലാകാലങ്ങളില്‍ മറുപടി നല്‍കാറുണ്ട്. ഇവ്വിഷയകമായും തഥൈവ. സത്യാന്വേഷികളെ സംതൃപ്തരാക്കാന്‍ അത് ധാരാളം പക്ഷേ ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്നവര്‍ അതെല്ലാം കണ്ടില്ലെന്ന് നടിക്കും. മേല്‍പ്പറഞ്ഞ അഭ്യസ്ത വിദ്യ യുവതീയുവാക്കള്‍ ആഗ്രഹിക്കുന്നത് ഫ്രീഡമാണ്. അടിച്ച് പൊളിക്കാനുള്ള ഫ്രീഡം. ഇഷ്ടപ്പെട്ട ഗേള്‍ഫ്രണ്ടിനോടൊപ്പം സ്വൈരവിഹാരം നടത്താനും വിനോദയാത്ര പോകാനും മദ്യവും മയക്കുമരുന്നും മദാലസകളേയും മാറിമാറി ഉപയോഗിച്ച് മതിമറന്നാടാനും പാടാനുമെല്ലാമുള്ള ഫ്രീഡം. അതിന് യഥേഷ്ടം പണവും അത്യാധുനിക മൊബൈല്‍ ഫോണുകളുമെല്ലാം അവരുടെ പാരന്‍റ്സ് യഥേഷ്ടം നല്‍കും. അപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി. ഈ നിലക്ക് സ്വാതന്ത്ര്യം അനുഭവിച്ച കുമാരീ കുമാരന്മാര്‍ വിവാഹ പ്രായം പതിനെട്ട് വയസ്സല്ല, ഇരുപത്തിയെട്ട് വയസ്സാക്കണമെന്ന് വാദിച്ചില്ലെങ്കിലേ അതിശയമുള്ളൂ. ഇത് സാധാരണക്കാരായ സമുദായംഗങ്ങളുടെ മക്കളുടെ കഥ. എന്നാല്‍ ബിരുദധാരികളായ എത്രയെത്ര പണ്ഡിതന്മാരാണ് തങ്ങളുടെ പെണ്‍മക്കളേയും ഭാര്യമാരേയും ഇറുകിയ ജീന്‍സും ഷര്‍ട്ടും ധരിപ്പിച്ച് ഇരുചക്ര വാഹനങ്ങളില്‍ എഞ്ചിനിയറിംഗ് കോളേജുകളിലേക്കും മറ്റും പറഞ്ഞയക്കുന്നത്. ചിലര്‍ പര്‍ദ്ദധാരിണികളായി പോവുകയും കോളേജിന്‍റെ പടിക്കല്‍ ചെല്ലുകയും ചെയ്യുമ്പോള്‍ പര്‍ദ്ദയൂരി ഭര്‍ത്താവിനെയേല്‍പ്പിക്കുന്നു. പര്‍ദ്ദ മടക്കിവെച്ച് കവര്‍ ഏറ്റുവാങ്ങി ഭാര്യക്ക് ബൈ-ബൈ പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്ന മതബിരുദധാരികളാണ് നമ്മെ ഏറെ ആശ്ചര്യപ്പെടുത്തുന്നത്. എങ്ങോട്ടാണീ പോക്ക്?! എന്താണിവര്‍ ലക്ഷ്യമാക്കുന്നത്?! "ഇഹലോകം ചീഞ്ഞളിഞ്ഞ ശവമാണെന്നും അത് തേടിപ്പോകുന്നത് നായ്ക്കളാണെന്നും" പഠിപ്പിച്ച പ്രവാചക തിരുമേനി (സ്വ) യുടെ അദ്ധ്യാപനങ്ങള്‍ ഉള്‍ക്കൊമ്ട് പ്രവര്‍ത്തിക്കേണ്ട പണ്ഡിതന്മാര്‍ ഇത്തരം അധാര്‍മ്മികതകക്ക് ചുക്കാന്‍ പിടിച്ചാല്‍ പിന്നെ ഈ സമുദായത്തെ നേര്‍വഴിക്ക് നയിക്കാന്‍ ആരുണ്ട്? ലവലേശമെങ്കിലും ഈമാനുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതാണോ ഇതെല്ലാം?.
                 മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ചുള്ള ഇസ്ലാമിന്‍റെ കാഴ്ചപ്പാടെന്താണ്? പരിശോധിക്കാം. വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് എത്ര വയസ്സായിരിക്കണമെന്ന ഒരു നിബന്ധന ഇസ്ലാലില്ല. വിവാഹം കഴിച്ചു കൊടുക്കുന്നത് അവരുടെ എത്ര ചെറുപ്പത്തില്‍ വേണമെങ്കിലുമാകാമെങ്കിലും അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തുകയും ഭര്‍ത്താവുമൊത്ത് ജീവിക്കുന്നതിനും കുടുംബജീവിതം നയിക്കുന്നതിനും അവള്‍ പ്രാപ്തയാകുന്നത് വരെ അവള്‍ മാതാപിതാക്കളുടെയടുക്കല്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കളുടെയടുക്കല്‍ തന്നെയായിരിക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അവള്‍ക്ക് ശാരീരകവും മാനസീകവുമായ വളര്‍ച്ചയെത്തുകയും അവള്‍ പക്വമതിയാവുകയും ചെയ്യുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് അവളെ ഭര്‍ത്താവിനോടൊപ്പം വിടാം. ഋതുമതിയാകുന്നത് കൊണ്ട് അവള്‍ പ്രായപൂര്‍ത്തിയെത്തിയവളാകാമെങ്കിലും പക്വമതിയായിക്കൊള്ളണമെന്നില്ല. ഋതുമതിയാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം (ഇസ്ലാമിക ദൃഷ്ട്യാ) ഒന്‍പത് വയസ്സാണ്. ഒന്‍പത് വയസ്സിലും പത്ത് വയസ്സിലുമെല്ലാം ചില കുട്ടികള്‍ക്ക് മെന്‍സസ് ഉണ്ടാകും. പക്ഷേ, അത് അവരുടെ അനിവാര്യമായ വിദ്യാഭ്യാസ പ്രായവും സാധാരണ നിലയില്‍ ആ പ്രായത്തില്‍ വളര്‍ച്ചയും പക്വതയുമെത്താറില്ലാത്തതിനാലും ആ പ്രായത്തില്‍ അവരുടെ നിക്കാഹ് നടത്തിക്കൊടുത്താലും ഭര്‍ത്താവിനോടൊപ്പം പറഞ്ഞയക്കുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് വൈകിക്കാവുന്നതാണ്. പക്വതയും വളര്‍ച്ചയുമെത്തുന്നത് എല്ലാവര്‍ക്കും ഒരേ പ്രായത്തിലായിക്കൊള്ളണമെന്നില്ല. അത് ആപേക്ഷികമായി പലരിലും പല പ്രായത്തിലായിരിക്കും. ഭക്ഷണ രീതികളിലുള്ള വ്യത്യാസങ്ങളും പാരമ്പര്യ ഘടകങ്ങളുമെല്ലാം അതിന് ഹേതുവാണ്. ഇതിന് പുറമേ, പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ അവളുടെ സ്വന്തം പിതാവിനും ഉപ്പാപ്പക്കും മാത്രമേ അധികാരമുള്ളൂ. അവര്‍ക്ക് തന്നെയും അനുവാദം ചോദിക്കല്‍ സുന്നത്തുമാണ്. വാപ്പയും ഉപ്പാപ്പയുമാകുമ്പോള്‍ സാധാരണ നിലയില്‍ തന്‍റെ മകളുടെ സുരക്ഷിതത്വത്തിലും അവളുടെ ഭാസുര ഭാവിക്കും അനുയോജ്യമായതല്ലാത്ത ഒരു തീരുമാനവും എടുക്കുകയില്ല. അവരല്ലാത്ത മറ്റ് വലിയ്യുകള്‍ (പെണ്ണിനെ വിവാഹം കഴിച്ചു കൊടുക്കാന്‍ അധികാരമുള്ളവര്‍) അവളുടെ അനുവാദമില്ലാതെ അവരെ വിവാഹം കഴിച്ചുകൊടുക്കാവതല്ല. അങ്ങനെ ചെയ്താല്‍ ആ വിവാഹം അസാധുവായിരിക്കുന്നതാണ് (ബാത്വിലാകുന്നതാണ്). അതിനാല്‍ ഏതെങ്കിലും പെണ്‍കുട്ടിക്ക് അവളുടെ വിവാഹം പിന്തിക്കണമെന്നുണ്ടെങ്കില്‍ (അവരുടെ വലിയ്യ് പിതാവോ ഉപ്പാപ്പയോ അല്ലാത്തപ്പോള്‍) അവള്‍ അനുവാദം കൊടുക്കാതിരുന്നാല്‍ പോരേ? വാപ്പയ്ക്കും ഉപ്പാപ്പയ്ക്കും അവളുടെ അനുവാദമില്ലാതെ അവളെ കെട്ടിച്ചയക്കാന്‍ അല്ലാഹു അധികാരം നല്‍കിയത്. സ്വന്തം പെണ്‍മക്കളുടെ കാര്യത്തില്‍ അവര്‍ ഉത്തരവാദിത്വബോധമുള്ളവരും അവരുടെ ഭാവിക്കനുഗുണമായതല്ലാതെ സാധാരണ നിലയില്‍ അവര്‍ ചെയ്യുകയില്ലെന്നും അല്ലാഹു അറിയുന്നതിനാലായിരിക്കാം. എന്നിരുന്നാലും പെണ്‍മക്കളുടെ അനുവാദം തേടാന്‍ അല്ലാഹു അവര്‍ക്ക് സുന്നത്താക്കുകയും ചെയ്തു. ഈ നിയമത്തില്‍ എവിടെയാണ്? എന്താണ് പ്രശ്നമുള്ളത്? ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ ഒരു നിയമം മുസ്ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒരു കോടതിക്കും അതിന്നധികാരവുമില്ല. മുന്‍കാലങ്ങളില്‍ നടന്ന ശരീഅത്ത് വിവാദങ്ങളില്‍ ജുഡീഷ്യറിക്ക് അത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈയടുത്ത് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഇത് സംബന്ധമായ വിധി ആശാവഹമാണ്. ബഹുമാനപ്പെട്ട കോടതികള്‍ ശരീഅത്ത് വിഷയത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോട് കൂടെ മുസ്ലിം മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Saturday, 2 December 2017

ഒരു പ്രാര്‍ത്ഥനാ ഫലം (2)

ഒരു പ്രാര്‍ത്ഥനാ ഫലം (2)


          അബുല്‍ ആസ്വിനെ നേരില്‍ കണ്ടപ്പോള്‍ ആനന്ദത്തിന്‍റെ ഒരായിരം മാലപ്പടക്കങ്ങള്‍ ഒന്നിച്ച് സൈനബിന്‍റെ മനതാരില്‍ കത്തിയെങ്കിലും താന്‍ കൊതിച്ചതിനെതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ സൈനബ് (റ) ഒന്ന് പതറി. ഭര്‍ത്താവ് ഇസ്ലാമിലേക്ക് കടന്നുവരുന്നത് സൈനബ് എത്രയോ കൊതിച്ചു. ഭാര്യയെ കണ്ടറിഞ്ഞ വത്സലനായ ഭര്‍ത്താവ് ... തന്‍റെ മക്കളുടെ പിതാവ്.... തന്‍റെ മുമ്പില്‍ വന്ന് അഭയത്തിനായി കെഞ്ചുന്നു. മറുവശത്ത് പിതാവിനെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ മദിക്കുന്നു. ആനന്ദത്തിന്‍റെ വല്ലരിയില്‍ തത്തിക്കളിച്ച സൈനബിന്‍റെ മനസ്സ് ചിറക് തളര്‍ന്നിരുന്ന് പോയി. മനസ്സിനെ ഒന്നുകൂടി കടിഞ്ഞാണിട്ട് സൈനബ് തന്‍റെ മക്കളുടെ പിതാവിന് അഭയം നല്‍കി... സ്വാഗതമോതി. 
      തിരുനബി (സ്വ) സുബ്ഹി നിസ്കാരത്തില്‍ ഫാതിഹ പാരായണം ചെയ്യുന്നത് സൈനബി (റ) ന്‍റെ ചെവികള്‍ സാക്ഷ്യം വഹിച്ചു. പിതാവിന്‍റെ വരവും കാത്ത് നിന്ന സൈനബിന്‍റെ ഭാവം പെട്ടെന്ന് മാറി. വാതില്‍ക്കലെത്തി പലതവണ വിളിച്ചു പറഞ്ഞു. ഓ! ജനങ്ങളെ അബുല്‍ആസ്വിന് ഞാന്‍ അഭയം നല്‍കുന്നു. ശേഷം സുബ്ഹി നിസ്കരിച്ചു. പള്ളിയിലുള്ളവര്‍ മഹതിയുടെ പ്രഖ്യാപനം കേട്ടു. തിരുദൂതര്‍ (സ്വ) സ്വഹാബത്തിന്‍റെ മുഖത്തേക്ക് നോക്കി. ഞാന്‍ കേട്ടത് നിങ്ങളും കേട്ടില്ലേ? എന്നെ നിയന്ത്രിക്കുന്നവനാണേ സത്യം! ഈ വിഷയം ഞാന്‍ അറിഞ്ഞിട്ടില്ല. തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുള്ളത് കൊണ്ടാണ് നബി (സ്വ) ഇപ്രകാരം പറഞ്ഞത്. 
            അല്‍പനേരത്തിന് ശേഷം പ്രവാചക പ്രഫുല്ലരും അബുല്‍ ആസ്വിന് അഭയം നല്‍കിയതായി ഉണര്‍ത്തി....
              സൈനബിന്‍റെ വീട് ലക്ഷ്യംവെച്ച് തിരുനബി (സ്വ) നടക്കുകയാണ്... വീടണഞ്ഞ പിതാവിന്‍റെ പ്രതികരണമെന്താകുമെന്ന വ്യാകുലതയില്‍ വിഹ്വലയായി മകള്‍ എഴുന്നേറ്റു. നിന്‍റെ അതിഥിയെ വേണ്ടവിധം ആദരിച്ചു കൊള്ളൂ.... പക്ഷേ, ഭാര്യ ഭര്‍തൃബന്ധം അനുവദനീയമല്ല. വാത്സല്യനിധിയായ പിതാവ് പുഞ്ചിരിയോടെ മകളെ ഒന്നു നോക്കി മടങ്ങിപ്പോയി. ലോകത്തിന്‍റെ വിളക്കായ തിരുനബി (സ്വ) മറയും വരെ ഇരുവരും നോക്കിനിന്നു.....
ഭക്ഷണം പാകം ചെയ്യാന്‍ സൈനബ് തയ്യാറെടുത്തു. പക്ഷേ, അബുല്‍ ആസ്വിന്‍റെ ഇസ്ലാമാശ്ലേഷണത്തെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ അലട്ടി... 
                    തന്‍റെ പുന്നാരമക്കളെ നേരില്‍ കണ്ടപ്പോള്‍ അബുല്‍ ആസ്വിന്‍റെ നയനങ്ങള്‍ ഈറനണിഞ്ഞു... ഇത് കണ്ട സൈനബ് ചോദിച്ചു. ഏത് വരെയാണ് ഈ കരച്ചില്‍? അല്ലാഹുവിന്‍റെ വിധി വരും വരെ... ഈ ഉത്തരം സൈനബിന്‍റെ മനസ്സിനെ ജീവസുറ്റതാക്കി. സൈനബ് ഭര്‍ത്താവിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ശേഷം അബുല്‍ ആസ്വാണ് സംസാരിച്ചത്. മുസ്ലിംകള്‍ എന്നെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഇസ്ലാം സ്വീകരിച്ചാല്‍ എന്‍റെ കൈവശമുള്ള സ്വത്തുക്കള്‍ സ്വന്തമാക്കാമെന്നും പറഞ്ഞു. ആ സ്വത്തുക്കള്‍ ഇസ്ലാമിന്‍റെ ശത്രുക്കളുടേതായിരുന്നു. എന്നാലും എന്നെ ഏല്‍പ്പിച്ചത് തിരിച്ചു കൊടുക്കന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എന്‍റെ സത്യമാര്‍ഗ്ഗം സ്വീകരിക്കല്‍ വഞ്ചനയോട് കലരരുതെന്ന് ഞാന്‍ തീരുമാനിച്ചു. 
സൈനബിന്‍റെ മനസ്സില്‍ കിളിര്‍ത്തുവന്ന ആശ്വാസത്തിന്‍റെയും സമാധാനത്തിന്‍റെയും ചെടികള്‍ക്ക് വെള്ളം ഒഴിച്ചത് പോലെയായി അബുല്‍ആസ്വിന്‍റെ ഈ വാക്കുകള്‍. 
                  പ്രഭാതമായപ്പോള്‍ ഗനീമത്ത് സ്വത്തുക്കള്‍ (യുദ്ധത്തില്‍ ലഭിക്കുന്ന ശത്രുക്കളുടെ സ്വത്തുക്കള്‍) ലഭിച്ച മുസ്ലിംകളിലേക്ക് തിരുനബി (സ്വ) ദൂതനെ അയച്ചു. അബുല്‍ ആസ്വിന്‍റെ വൃത്താന്തം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? അദ്ദേഹത്തില്‍ നിന്ന് വല്ലതും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കലാണ് എനിക്കിഷ്ടം. ഇല്ലെങ്കിലും വേവലാതിയോ പരാതിയോ എനിക്കില്ല. നിങ്ങളുടെ ഇഷ്ടത്തെ ഹനിക്കാന്‍ ഞാന്‍ തയ്യാറല്ല. തിരുനബി (സ്വ) യുടെ ഇഷ്ടത്തിന് മുമ്പില്‍ അവരുടെ ഇഷ്ടം കറുത്ത തിരശ്ശീലയാകാന്‍ അവരും ഇഷ്ടപ്പെട്ടില്ല. അവര്‍ ഒന്നടങ്കം പറഞ്ഞു: ഞങ്ങള്‍ക്ക് ലഭ്യമായത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം. ഒന്നൊഴിയാതെ എല്ലാം അബുല്‍ ആസ്വിന് മടക്കിക്കൊടുത്തു. 
                   താമസംവിനാ അബുല്‍ആസ്വ് സൈനബിനോട് വിടപറഞ്ഞ് മക്കയിലേക്ക് പോയി.  അബുല്‍ ആസ്വിന്‍റെ വരവിനായി വീണ്ടും സൈനബ് കാത്തിരുന്നു. വിചാര വേലിയേറ്റങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. 
മക്കയിലെത്തിയ അബുല്‍ ആസ്വിന്‍റെ ചുറ്റും ഖുറൈശികള്‍ സംഗമിച്ചു. എല്ലാ സ്വത്തുക്കളും സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചതില്‍ അവര്‍ സന്തോഷിച്ചു. മദീനയില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന അവരുടെ മാറിമാറിയുള്ള ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ അബുല്‍ആസ്വ് തയ്യാറായില്ല. അവസാനം അബുല്‍ ആസ്വ് വിളിച്ചു ചോദിച്ചു. നിങ്ങള്‍ക്കിനി ഞാന്‍ എന്തെങ്കിലും നല്‍കാനുണ്ടോ? ഇല്ല.... മദീനയില്‍ നടന്ന സംഭവങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തുനിന്ന അവരുടെ കാതുകള്‍ ശഹാദത്തിന്‍റെ വചനങ്ങളുടെ പ്രഹരമേല്‍ക്കേണ്ടി വന്നു. 
               നിങ്ങളുടെ സ്വത്ത് ഞാന്‍ അപഹരിച്ചുവെന്ന് പറയുമോ ഞാന്‍ ഭയപ്പെട്ടത് കൊണ്ടായിരുന്നു ഇത്വരെ കലിമ ചൊല്ലാതിരുന്നത്. ഞാനിതാ മുസ്ലിമാകുന്നു. അവര്‍ ഇടിവെട്ടേറ്റത് പോലെ നിന്നു പോയി. 
അബുല്‍ആസ്വ് വീണ്ടും മദീനയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. തന്‍റെ വത്സലയായ സൈനബിന്‍റെയും പൊന്നോമനകളുടെയും ചാരത്തണയാന്‍.....
                         തന്‍റെ സ്നേഹഭാജനത്തേയും അരുമ സന്താനങ്ങളേയും മാറോട് ചേര്‍ക്കാന്‍ അബുല്‍ആസ്വ് മക്കയില്‍ നിന്നും യാത്ര തിരിച്ചു. 
ആ സന്ദര്‍ഭത്തില്‍ മദീനയില്‍ കഴിയുന്ന സൈനബിന്‍റെ ഹൃദയത്തില്‍ ആനന്ദത്തിന്‍റെ അടിയൊഴുക്കുകള്‍ തുടങ്ങി. മറ്റൊരു സമയത്തും ഉണ്ടാകാത്ത ഒരാനന്ദം. സൈനബിന് എന്താണെന്ന് മനസ്സിലായില്ല. തന്‍റെ മക്കളെ വാരിയെടുത്ത് മാറി മാറി സൈനബ് ചുംബിക്കുകയാണ്. പൊടുന്നനെ ഉണ്ടായ ഈ ആഹ്ലാദത്തിന് തന്‍റെ അനുജത്തി ഫാത്വിമക്ക് എന്തെങ്കിലും പറയാനുണ്ടാവും തീര്‍ച്ച. സൈനബ് (റ) ഫാത്വിമ (റ) ന്‍റെ അരികിലെത്തി. തനിക്ക് ആകസ്മികമായുണ്ടായ ആനന്ദത്തെ കുറിച്ച് ആരാഞ്ഞു. ഉടനെ ഫാത്വിമ (റ) യുടെ പ്രതികരണം.... അല്ല, അബുല്‍ആസ്വ് തിരിച്ചെത്തിയോ?... ഫാത്വിമ ബീവി പറഞ്ഞ് തീര്‍ന്നില്ല. അപ്പോഴേക്കും അബുല്‍ ആസ്വ് (റ) സൈനബിന്‍റെ വീട്ടിലേക്ക് നടന്നുവരുന്നതായി അവര്‍ കണ്ടു..
സൈനബ് (റ) തന്‍റെ ഭര്‍ത്താവിലേക്ക് ഒരു വേള നോക്കി. ആനന്ദത്തിന്‍റെയും അനുരാഗത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും വര്‍ണ്ണരാജികള്‍ തെളിഞ്ഞ് തന്നെ ആ മുഖത്ത് പ്രകടമായി. സൈനബ് തന്‍റെ ഭര്‍ത്താവിനരികിലേക്ക് ഓടിയെത്തി. ഹിദായത്തിന്‍റെ ഒരായിരം അരിമുല്ലപ്പൂക്കള്‍ വിടരുന്നത് കൂടുതല്‍ അടുത്ത് കാണാന്‍...
                      സൈനബിന്‍റെ ആഹ്ലാദം അബുല്‍ ആസ്വ് ഇപ്പോള്‍ തികച്ചും തിരിച്ചറിഞ്ഞു. എങ്കിലും അബുല്‍ ആസ്വിന്‍റെ മുഖം അല്‍പം കാര്‍മേഘം വന്നത് പോലെ ഇരുണ്ടു. കാരണമുണ്ടതിന്.. അബുല്‍ ആസ്വിന്‍റെ മനം പല ചോദ്യങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. സൈനബിന്‍റെ പിതാവ്, എന്‍റെ മഹ്ബൂബ് തിരുദൂതര്‍ (സ്വ) എന്നെ മരുമകനായി ഇനി സ്വീകരിക്കുമോ? സൈനബിനെ ഇനി തനിക്ക് ലഭിക്കുമോ? 
               ഇങ്ങനെ നിരവധി തര്‍ക്ക വിതര്‍ക്കങ്ങള്‍ ആ മനസ്സില്‍ കിടന്ന്                            മറിയുന്നുണ്ടായിരുന്നു. അബുല്‍ ആസ്വ് പള്ളിയിലേക്ക് കടന്നു. നബി (സ്വ) യെ ആലിംഗനം ചെയ്തിട്ട് ഞാന്‍ മുസ്ലിമായി എന്ന സന്തോഷവാര്‍ത്ത അറിയിച്ചു. അപ്പോഴേക്കും സ്വഹാബികളുടെ നാവിന്‍ തുമ്പില്‍ അവരറിയാതെ തക്ബീറും തഹ്ലീലും അണപൊട്ടി. അപ്പോഴും നബി (സ്വ) യുടെ പ്രതികരണമെന്താകും എന്ന ആശങ്കയിലാണ് അബുല്‍ ആസ്വ് (റ)...
കൂടുവിട്ട ഇണക്കിളി തിരിച്ചുവരുമ്പോള്‍ കൊത്തിയോടിക്കുന്നത് പോലെയാകുമോ? തന്‍റെ വിധി. മതവിധിക്കായി അബുല്‍ആസ്വും സൈനബും വളരെ കൊതിച്ചു. അതെ അബുല്‍ ആസ്വിന് ഭാര്യയാക്കി തന്‍റെ മകള്‍ സൈനബിനെ വീണ്ടും തിരുദൂതര്‍ നല്‍കി. 
                 അവര്‍ നവജീവിതം ആരംഭിച്ചു. തിരുദൂതര്‍ (സ്വ) ക്ക് തന്‍റെ പേരമക്കളോട് വളരെ വാത്സല്യമായിരുന്നു. സൈനബിന്‍റെ മകള്‍ ഉമാമയും അവരില്‍ പെടുന്നു. ഒരു വേള പ്രവാചക പ്രഫുല്ലര്‍ ഉമാമയെ ഒക്കത്ത് വെച്ച് നിസ്കരിക്കുകയുണ്ടായി. സുജൂദിലേക്ക് പോകാന്‍ നേരം നിലത്തിരുത്തും. ഉയരുമ്പോള്‍ വീണ്ടും എടുക്കും. ഇത്രത്തോളം സ്നേഹിച്ചും പരിലാളിച്ചുമാണ് ഉമാമയെ തിരുദൂതര്‍ വളര്‍ത്തിയത്. 
                    ഇസ്ലാമിക ചരിത്രത്താളുകളില്‍ വളരെയധികം സ്ഥാനമലങ്കരിക്കുന്ന യുദ്ധമാണ് ഖൈബര്‍. ആ യുദ്ധത്തില്‍ അലി (റ) യുടെ പ്രകടനങ്ങള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ല. ഏതാണ്ട് ഈ വേളയിലാണ് തിരുനബി (സ്വ)യുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ സൈനബ് എന്ന പൂവിന് ക്ഷീണം മൂര്‍ച്ഛിക്കുന്നത്. രോഗാധിക്യം കാണുമ്പോള്‍ ഭര്‍ത്താവിന്‍റെ ഉള്ളുരുകാന്‍ തുടങ്ങി. ഗതകാല ചിന്തകള്‍ അബുല്‍ ആസ്വിന്‍റെ മനത്തെ തൊട്ടുരുമ്മി മിന്നി മറയും. ഇസ്ലാമിക വെളിച്ചം കാണാത്ത ഇന്നലെകളെ കുറിച്ചോര്‍ത്ത് അബുല്‍ആസ്വ് വേദനിക്കും. 
                 ഈ സമയം സൈനബ് (റ) ദുന്‍യാവിനോട് വിടപറഞ്ഞ് തുടങ്ങിയിരുന്നു. പരലോകത്തേക്ക് പറക്കാന്‍ സൈനബിന്‍റെ ആത്മാവ് കൊതിച്ചു. ആഖിറത്തില്‍ പറുദീസ കാത്തിരിക്കുമ്പോള്‍ ഇഹലോകത്ത് കൂടുതല്‍ നില്‍ക്കാന്‍ ആത്മാവിന് കഴിയുമോ? സൈനബിന്‍റെ ആത്മാവ് നാഥന്‍റെ അരികിലേക്ക് പറന്നു. 
അബുല്‍ ആസ്വിന് തന്‍റെ ഭാര്യയുടെ വിയോഗം സഹിക്കാനായില്ല. സൈനബി (റ) ന്‍റെ കിടക്കയിലേക്ക് ചാരി. ബോധം നഷ്ടപ്പെട്ടു. തിരുദൂതര്‍ (സ്വ) വരുന്നത് വരെ ബോധരഹിതനായി കിടന്നുപോയി.
                         സൈനബിനെ മറ്റൊരു ലോകത്തേക്ക് പറഞ്ഞുവിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജനാസ പള്ളിയിലേക്കെത്തി. നിസ്കാരത്തിന് ഉപ്പയാണ് നേതൃത്വം നല്‍കിയത്. ശേഷം പവിത്രമായ മദീനയുടെ മണ്ണിലേക്ക് സൈനബിനെ എടുത്ത് അവര്‍ വിടവാങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ കണ്ണുനീര്‍ തോര്‍ന്നില്ല. സൈനബിന്‍റെ വിയോഗം അബല്‍ ആസ്വിനെ തളര്‍ത്തിക്കളഞ്ഞു. ഉപ്പയോടൊപ്പം ദുഃഖം പങ്ക് വെച്ച് മകന്‍ അലിയ്യും മകള്‍ ഉമാമയും കഴിഞ്ഞു. 
                  എന്നാല്‍ ഉമാമയുടെ കണ്ണുകളില്‍ സൈനബിന്‍റെ സാന്നിദ്ധ്യം വിളിച്ചോതിയത് അബുല്‍ ആസ്വിന്‍റെ ദുഃഖഭാരം അല്‍പം കുറച്ചു. കൂട്ടത്തില്‍ ഉമാമയുടെ പുഞ്ചിരിയും അബുല്‍ ആസ്വും മക്കളും ഈ രീതിയില്‍ ജീവിതം തള്ളിനീക്കി. 
                 തന്‍റെ ഇത്താത്ത സൈനബിന്‍റെ വിയോഗം അനുജത്തി ഫാത്വിമയില്‍ വിതച്ച ദുഃഖം ഒട്ടും കുറവല്ലായിരുന്നു. എങ്ങനെ ആ മഹതി ദുഃഖിക്കാതിരിക്കും. ഒരു ചെണ്ടില്‍ വിരിഞ്ഞ രണ്ട് പുഷ്പങ്ങളെ പോലെയായിരുന്നു നബിപുത്രിമാര്‍ സൈനബും ഫാത്വിമയും. സൈനബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഫാത്വിമയുടെ മനസ്സില്‍ കൈകോര്‍ത്തു നിന്നു. ഫാത്വിമ ചിന്തിച്ചു: എനിക്ക് ഒരു പുത്രിയുണ്ടായപ്പോള്‍ എന്‍റെ ഉപ്പ എന്തിനാണ് സൈനബ് എന്ന് നാമകരണം ചെയ്തത്? അതെന്‍റെ ഇത്താത്തയുടെ വഫാത്തിലേക്കുള്ള സൂചനയായിരുന്നോ?
                   കാരുണ്യത്തിന്‍റെ പ്രവാചകന്‍ സയ്യിദുല്‍ വുജൂദിന്‍റെ മുത്തുമോള്‍ സൈനബിന് ശാന്തിയുടെയും സമാധാനത്തിന്‍റെയും മാല്യം ചാര്‍ത്തിയും മഹത്വത്തിന്‍റെ ഉത്തരീയമണിയിച്ചും മഹിത ചരിത്രത്തില്‍ നിന്നും പേന ഉയര്‍ത്തി. പ്രവാചക പ്രഫുല്ലരുടെ മുത്തുമോളേ നിങ്ങള്‍ക്ക് നിരന്തരം രക്ഷ ലഭിക്കട്ടെ! ഔന്നത്യത്തിന്‍റെ ഗരിമയും പെരിമയും പ്രത്യേകമേകട്ടെ! തിരുനബി (സ്വ) യുടെ മടിത്തട്ടില്‍ ശയിച്ച മഹതിയേ! ഇതെഴുതിയതിന്‍റെയും വായിച്ചതിന്‍റെയും പേരില്‍ ഉപ്പയോട് ഞങ്ങളുടെ കാര്യം ഉണര്‍ത്തണേ! നാളത്തേക്ക് കൊണ്ടുപോകാന്‍ ഞങ്ങളുടെ കൈയില്‍ ഒന്നുമില്ല. തികച്ചും ശൂന്യമാണെന്ന് ഞങ്ങള്‍ക്കറിയാം. ഉപ്പയുടെ ശഫാഅത്ത് അത് മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം. നബിയേ! അങ്ങേക്ക് ആയിരമായിരം സലാം...
                                                                                                                                        (അവസാനിച്ചു)
Related Posts Plugin for WordPress, Blogger...