നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 19 May 2018

അല്‍പം റമളാന്‍ ചിന്തകള്‍

അല്‍പം റമളാന്‍ ചിന്തകള്‍


          നമ്മുടെ ജീവിത സമയങ്ങളെ നമുക്ക് കൃഷിയോട് ഉപമിക്കാം. നിത്യജീവിതത്തിന് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അനിവാര്യമാണ്. അതിനായി നാം കൃഷി ചെയ്യുന്നു. മഴക്കാലമാകുന്നതോടെ നമ്മുടെ കൃഷിയിടങ്ങളിലും മുറ്റത്തും മട്ടുപ്പാവിലും എന്തിന് ഗ്രോബാറ്റകളില്‍ പോലും ഇന്ന് കൃഷി ചെയ്യുന്നു. എന്തിനാണിത്? വായുവും വെള്ളവും നിത്യജീവിതത്തിന് അവശ്യമായത് പോലെ പോഷക സമൃദ്ധമായ ആഹാര പദാര്‍ത്ഥങ്ങളും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ഈ കൃഷിയൊരുക്കങ്ങള്‍ക്ക് ആധാരം. അതുപോലെ തന്നെ സമൃദ്ധമായ മഴക്കാലവും കൃഷിക്കനുകൂലമായ സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി ശേഖരിക്കപ്പെടുന്ന ധാന്യവിളകളാണ് വരാനിരിക്കുന്ന വറുതിയുടെ സമയങ്ങളില്‍ സഹായകമാവുക എന്ന ഉത്തമചിന്തയുമാണ് ഈ മുന്നൊരുക്കങ്ങളുടെ അന്തസത്ത. 
                കാലങ്ങള്‍ക്കും കാലാവസ്ഥകള്‍ക്കും അനുസൃതമായ മഴയില്ലാത്ത ചെടികള്‍ പുഷ്പിക്കാത്ത വറുതിയുടെയും വരള്‍ച്ചയുടെയും കാലത്തെ സുന്ദരമായ ജീവിതഗമനത്തിന് നാം സ്വന്തമായോ അല്ലെങ്കില്‍ നമുക്കായി മറ്റുള്ളവരോ ഇപ്പോള്‍ നല്ല കാലത്ത് അദ്ധ്വാനിച്ചേ മതിയാകൂ. എങ്കില്‍ മാത്രമേ വറുതിയില്‍ ജീവിതം സുഗമമാകൂ. ഏറെക്കുറെ ഈ കാര്‍ഷിക വൃത്തികളോട് സമാനമാണ് നമ്മുടെ ജീവിതത്തിന്‍റെ ആത്മീയവശവും. റമളാന്‍ ഇത് അദ്ധ്വാനത്തിന്‍റെയും സംരംഭത്തിന്‍റെയും കാലമാണ്. നല്ല കൃഷി നടത്തിയാലേ നല്ല വിളവ് കൊയ്യാനാകൂ. ഇനിയൊരു കാലം കടന്നുവരാനുണ്ട്. പരലോകത്തെ വറുതിയുടെ സമയത്ത് ആരാധനകള്‍ നടക്കില്ല. പുണ്യപ്രവൃത്തികള്‍ക്ക് സൗകര്യങ്ങളില്ല. മുമ്പ് ഇഹലോകത്ത് അദ്ധ്വാനിച്ചുണ്ടാക്കിയ ശേഖരങ്ങളെ ആസ്വദിക്കുക മാത്രമാണ് ഫലം. ഈ പവിത്ര മാസത്തിലും ദുന്‍യാവിലെ മറ്റ് ആരാധനാ സമയങ്ങളിലും അലസരായിരുന്നവര്‍ നാളെ നിസ്സാരരും നിരാശരും പരിഹാസ്യരുമായി മാറും. മാത്രമല്ല, ഏറ്റവും വലിയ വിഡ്ഢികളായി മാറുന്നതും ഈ കൂട്ടരാണ്. 
                 കാരണം ഇതേക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഖുര്‍ആനും പ്രവാചകരും പല പ്രാവശ്യം നമുക്ക് നല്‍കിയതാണ്. ആഖിറത്തിലേക്കുള്ള കൃഷിഭൂമിയാണ് ദുന്‍യാവ് എന്ന് പ്രവാചകന്‍ എത്രവട്ടം നമ്മെ പറഞ്ഞ് പഠിപ്പിച്ചതാണ്. പൈശാചിക പ്രേരണകളിലേക്ക് കുതറി വീഴരുതെന്നും അവന്‍ മനുഷ്യന്‍റെ വ്യക്തമായ ശത്രുവാണെന്നും നമുക്ക് എത്ര തവണ താക്കീത് നല്‍കിയതാണ്. എന്നിട്ടും അവയെ മുഴുവന്‍ ധിക്കരിച്ചും തിരസ്കരിച്ചും മൂഢസ്വര്‍ഗ്ഗത്തില്‍ വസിക്കാന്‍ നാം തയ്യാറായാല്‍ പ്രത്യാഘാതം നാം അനുഭവിക്കേണ്ടിവരും. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നെ നമ്മേക്കാള്‍ വലിയ വിഡ്ഢി ആരാണുള്ളത്? ഈ സുദിനങ്ങള്‍ പവിത്രമാണ് എഴുപതും എഴുന്നൂറിരട്ടി കൂലി ലഭിക്കുന്ന സുദിനങ്ങള്‍. ചെറിയ അദ്ധ്വാനത്തിലൂടെ കുറഞ്ഞ വിളവ് ലഭിക്കുന്ന ദിനരാത്രങ്ങളെ നാം പരിപോഷിപ്പിക്കണം. തീറ്റയും കുടിയും ഷോപ്പിങ്ങുമായിട്ടല്ല. ഏകനായ ഇലാഹിന്‍റെ തിരുസവിധത്തിലേക്ക് വെച്ചടി വെച്ചടി അടുത്തു കൊണ്ടും അവന്‍റെ തൃപ്തി കരസ്ഥമാക്കാന്‍ കഴിയുന്ന ഇബാദത്തുകള്‍ കൊണ്ടും.
          പള്ളികളുടെ പളപളപ്പില്‍ മുഴുകാതെ സ്രഷ്ടാവിന്‍റെ നൂറിനെ ആസ്വദിക്കാന്‍ ഇഅ്തികാഫിലൂടെ കഴിയണം. തറാവീഹും മറ്റ് നിസ്കാരങ്ങളും വെറും പ്രകടനാത്മകമാക്കാതെ മാംസവും മജ്ജയുമുള്ള സുന്നത്തും ഫര്‍ളുമാകുന്ന ആരാധനയാക്കണം. വെറും ആലാപനം എന്നതിലപ്പുറം വരികള്‍ക്കിടയിലൂടെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ നമുക്ക് കഴിയണം. ഇങ്ങനെ നമ്മുടെ മുഴുവന്‍ ഇബാദത്തുകളും ആത്മീയ മാനങ്ങളില്‍ കാച്ചിക്കുറുക്കി സ്രഷ്ടാവിന്‍റെ തൃപ്തി മാത്രം കാംക്ഷിച്ചതായാല്‍ നാം രക്ഷപ്പെട്ടു. നമ്മുടെ കൃഷി പരലോക ജീവിതത്തിന്‍റെ സന്തോഷ നിമിഷങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. അപ്പോഴാണ് നമുക്ക് ആത്മാവിനെ വഴിപ്പെടുത്താനാവുക. അതാണ് പ്രവാചകന്‍ പറഞ്ഞതും. ആത്മാവിനെ വഴിപ്പെടുത്തുകയും നാളേക്ക് വേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍.
                     ഒരു നോമ്പ്കാലം കഴിയുന്നതോടെ അവസാനിക്കുന്നതാകരുത് നമ്മുടെ മാറ്റങ്ങള്‍. പലപ്പോഴും വിമോചന ചിന്തകളാലും പ്രവര്‍ത്തനങ്ങളാലും സമ്പന്നമാകാറുണ്ട് നോമ്പുകാലം. പിന്നീട് ഇരുപത്തേഴിന്‍റെ അസ്തമന ശോഭയോടെ ഇവക്ക് വിരാമമിടുന്നതായി നമുക്ക് കാണാനാകും, എന്നാല്‍ അങ്ങനെയാകരുത്. നമ്മുടെ ഇബാദത്തുകള്‍ സ്വീകാര്യമാണോ? എന്നതില്‍ ഒരു ഉറപ്പുമില്ലാത്തതാണ്. അതിനാല്‍ തുടര്‍ സ്പന്ദനങ്ങള്‍ അനിവാര്യമാണ്. നാം നേടിയ ആത്മീയ പരിവേഷം, പക്വത എല്ലാം തുടര്‍ന്ന് വേണ്ടതുണ്ട.് റമളാനോടെ അവസാനിക്കുന്നത് റമളാന്‍ നോമ്പും തറാവീഹും മാത്രമാണ്. മറ്റ് ആരാധനാ കര്‍മ്മങ്ങള്‍, ദിക്റ് സ്വലാത്തുകള്‍, സ്വദഖ, ഖുര്‍ആന്‍ പാരായണം എല്ലാം തുടര്‍ന്നും നടക്കേണ്ടതുണ്ട്. നമ്മുടെ ആഘോഷങ്ങളെല്ലാം ഇസ്ലാമിക മാനത്തിന്‍റെ മുദ്രണത്തിലാകേണ്ടതുണ്ട്. അല്ലാതെ റമളാന്‍ അവസാനിക്കുന്നതോടെ നാം നേടിയതിനെ വലിച്ചെറിഞ്ഞാല്‍ വീണ്ടും നാം പടുകുഴിയില്‍ തന്നെ കിടക്കേണ്ടി വരും. ഒരു ജുസുഅ് ഖുര്‍ആന്‍ പാരായണത്തിന് ഏറിയാല്‍ അരമണിക്കൂര്‍ വേണ്ടിവരും. ഒരു ദിവസത്തിന്‍റെ നാല് ശതമാനം മാത്രം. ഇങ്ങനെ വര്‍ഷം മുഴുവന്‍ നാം സമയം കണ്ടെത്തിയാല്‍ ഒരു വര്‍ഷത്തിന്‍റെ ചെറിയൊരംശം മാത്രമാണ് നാം അതിനായി വിനിയോഗിക്കുന്നത് എന്ന് കാണാനാകും. ഇത്ര പ്രതിഫലമുള്ള ഖുര്‍ആന്‍ പാരായണത്തിനായി നാം ചെറിയ സമയം വിനിയോഗിക്കാന്‍ മടി കാണിക്കുമ്പോള്‍ ദൈനംദിനം രണ്ടും മുന്നും ദിനപത്രങ്ങള്‍ വായിക്കാനും ടി.വി. ന്യൂസുകള്‍ കാണാനും നാം എത്ര സമയമാണ് ചെലവഴിക്കുന്നത്. ഒരു പ്രയോജനവുമില്ലാത്ത രാഷ്ട്രീയ വാര്‍ത്തകളും ചര്‍ച്ചകളും ഇതില്‍ മുഖ്യധാരയില്‍ ഉണ്ടെന്ന് കൂടി നാം ഓര്‍ക്കണം. എന്നാല്‍ ചില വാര്‍ത്തകളാകട്ടെ പരലോക പരാജയത്തിന് പോലും ഇടവെക്കുന്നതാണെന്ന് കൂടി നാം ഓര്‍ക്കണം. ഒരക്ഷരത്തിന് പത്ത് പ്രതിഫലം വാഗ്ദാനം ചെയ്ത പുണ്യപ്രവാചകന്‍റെ വചനങ്ങളെ നാം വിസ്മരിക്കരുത്. 
                    പ്രതീക്ഷകള്‍ പൂവണിയാന്‍ നാം കാത്തിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും മുകളില്‍ സ്രഷ്ടാവിന്‍റെ നിയന്ത്രണം ഉണ്ടെന്ന് നാം മറന്ന് പോകരുത്. എല്ലാ മോഹങ്ങള്‍ക്കും മുകളില്‍ മരണത്തിന്‍റെ മൂര്‍ച്ചയേറിയ മുദ്രപതനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കണം. പിന്നീടുള്ള വിലാപങ്ങള്‍ വെറുതെയാകും എന്ന ഉറച്ച ബോധ്യമുണ്ടായിട്ടും ഈ റമളാനിന്‍റെ വരവിനെ പോലെ അറിയാതെ മദോന്മത്തരായി ജീവിത നൗക തുഴയുന്നവരെ പറ്റി എന്ത് പറയാന്‍! നാഥന്‍ കാക്കട്ടെ. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...