നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 19 May 2018

ലൈലത്തുല്‍ ഖദ്ര്‍

ഈ ഉമ്മത്തിന്‍റെ സൗഭാഗ്യം  (ലൈലത്തുല്‍ ഖദ്ര്‍


                അല്ലാഹുതആല മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തില്‍, ഉള്‍പ്പെടുത്തിയത് അവന്‍ നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. "ജനങ്ങള്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റവും ഉത്തമ സമുദായം നിങ്ങളായിരിക്കുന്നു" എന്ന് അല്ലാഹു പുകഴ്ത്തിയ ഈ ഉത്തമ സമുദായത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞത് വലിയ സൗഭാഗ്യം തന്നെ. മറ്റൊരു സമുദായത്തിനും നല്‍കിയിട്ടില്ലാത്ത ആനുകൂല്യങ്ങളും പോരിശകളും അല്ലാഹു ഈ സമുദായത്തിന് നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് 'ലൈലത്തുല്‍ ഖദ്ര്‍'. ഇമാം ദൈലമി (റ) അനസ് (റ) നെ തൊട്ട് നിവേദനം: നബി (സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു തആലാ എന്‍റെ സമുദായത്തിന് ഓശാരമായി നല്‍കിയതാണ് ലൈലത്തുല്‍ ഖദ്ര്‍. അവര്‍ക്ക് മുമ്പുള്ള ഒരാള്‍ക്കും അത് നല്‍കിയിട്ടില്ല (റൂഹുല്‍ മആനി).
                       ഈ രാത്രിയുടെ മാഹാത്മ്യമറിയിക്കാന്‍ അല്ലാഹു തആലാ വിശുദ്ധ ഖുര്‍ആനില്‍ ഒരു അദ്ധ്യായം തന്നെ ഇറക്കിത്തന്നു. അത് അവതീര്‍ണ്ണമാവാനുള്ള കാരണങ്ങളിലൊന്ന് തഫ്സീര്‍ ഗ്രന്ഥങ്ങള്‍ വിവരിക്കുന്നത് കാണുക: ഒരിക്കല്‍ നബി (സ്വ) തങ്ങള്‍ ബനൂ ഇസ്റാഈല്യരില്‍ പെട്ട ഒരു മഹാത്മാവിന്‍റെ കഥ പറയുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തെ കുറിച്ച് നബി (സ്വ) പറഞ്ഞു: ആയിരം മാസം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പട പൊരുതിയ മഹാനാണ് അദ്ദേഹം. ഇത് കേട്ടപ്പോള്‍ മുസ്ലിംകള്‍ക്ക് സങ്കടം തോന്നി. കാരണം വളരെ കുറഞ്ഞ പ്രായമാണല്ലോ ഈ സമുദായത്തിന് നല്‍കിയിട്ടുള്ളത്. അപ്പോഴാണ് അല്ലാഹു തആലാ ഈ സൂക്തമിറക്കുന്നത്. നിശ്ചയം ഖദ്റിന്‍റെ രാത്രിയിലാണ് ആ ഗ്രന്ഥം നാം അവതരിപ്പിച്ചിട്ടുള്ളത്. ഖദ്റിന്‍റെ രാത്രി എന്താണെന്ന് താങ്കള്‍ക്കറിയുമോ? (ആ മഹാന്‍ പട പൊരുതിയ) ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിയാണ് ഖദ്റിന്‍റെ രാത്രി...
                              ആരായിരുന്നു ആ പുണ്യമനുഷ്യന്‍? എന്തായിരുന്നു അദ്ദേഹത്തിന്‍റെ ചരിത്രം?.. മുഫസ്സിറുകള്‍ തന്നെ പറയട്ടെ. വഹബ് ബ്നു മുനബ്ബഹ് (റ) പറഞ്ഞതനുസരിച്ച്: അദ്ദേഹം ഒരു മുസ്ലിമായ മനുഷ്യനായിരുന്നു. തന്‍റെ ഉമ്മ അദ്ദേഹത്തെ മത പ്രബോധനത്തിന് നേര്‍ച്ചയാക്കിയതായിരുന്നു. ബിംബാരാധകരായിരുന്ന റോമന്‍ സാമ്രാജ്യത്തിലെ ഒരു ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വാസസ്ഥലം. ആ ബിംബാരാധകരോട് അദ്ദേഹം തനിച്ച് യുദ്ധം ചെയ്യുകയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പട പൊരുതുകയും ചെയ്തു. പ്രബോധന വീഥിയില്‍ തന്നോട്  എതിര്‍ക്കുന്നവരെ പിടികൂടുകയും വധിക്കുകയും ചെയ്യും. അവരുടെ ധനങ്ങള്‍ തനിക്ക് സ്വന്തമാക്കും. അദ്ദേഹത്തിന് വലിയ ആയുധങ്ങളോ പടക്കോപ്പുകളോ ഒന്നും തന്നെയില്ലായിരുന്നു. വെറും ഒരു ഒട്ടകത്തിന്‍റെ താടിയെല്ലായിരുന്നു അദ്ദേഹത്തിന്‍റെ ആയുധം. പടപൊരുതി ക്ഷീണിക്കുകയും ദാഹമനുഭവിക്കുകയും ചെയ്യുമ്പോള്‍ അതില്‍ നിന്ന് ശുദ്ധമായ ഒരു നീരുറവ പുറപ്പെട്ട് അത് കുടിച്ച് തന്‍റെ ദാഹവും ക്ഷീണവും അകറ്റും. 
                          അപാരമായ ധീരതയും ആരോഗ്യവും അദ്ദേഹത്തിന് നല്‍കപ്പെട്ടിരുന്നു. ഒരു ശക്തിക്കും അദ്ദേഹത്തെ തളര്‍ത്താനോ ഇരുമ്പു ചങ്ങലകള്‍ക്ക് പോലും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാനോ സാധിക്കുമായിരുന്നില്ല. ശത്രുക്കള്‍ പഠിച്ച അടവ് മുഴുവനും പയറ്റി നോക്കി. ഒരു നിലക്കും അദ്ദേഹത്തെ കീഴടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അവസാനം കുതന്ത്രങ്ങളിലൂടെ അദ്ദേഹത്തെ കീഴ്പ്പെടുത്താനുള്ള ഗുഢാലോചന നടത്തി. അങ്ങനെ അവര്‍ കണ്ടെത്തിയ ഉപായം മഹാനവര്‍കളുടെ ഭാര്യയെ സമീപക്കുക എന്നതായിരുന്നു. അങ്ങനെ ശത്രുക്കള്‍ മഹാനരുടെ ഭാര്യയുടെ അടുക്കല്‍ സ്വകാര്യമായി ചെന്നു. വലിയ പാരിതോഷികങ്ങള്‍ നല്‍കി അവരെ വശത്താക്കി. അങ്ങനെ അവര്‍ കൊടുത്ത ശക്തമായ വടം കൊണ്ട് രാത്രി ഉറങ്ങുന്ന സമയം ബന്ധനസ്ഥനാക്കി വിവരമറിയിക്കാമെന്ന്  ഭാര്യ ഏറ്റു. അദ്ദേഹം ഉറങ്ങിയ സമയം അവര്‍ കൊടുത്ത വടമുപയോഗിച്ച് ഭാര്യ അദ്ദേഹത്തിന്‍റെ കൈ തന്‍റെ പിരടിയിലേക്ക് ചേര്‍ത്ത് വരിഞ്ഞു കെട്ടി. പെടുന്നെനെ അദ്ദേഹം ഞെട്ടിയുണര്‍ന്നു. കൈയൊന്ന് അനക്കേണ്ട താമസം വടം കഷണങ്ങളായി പൊട്ടിത്തെറിച്ചു. അദ്ദേഹം ചോദിച്ചു: ആരാണീ പണി ചെയ്തത്? ഭാര്യ പറഞ്ഞു: നിങ്ങളുടെ ശക്തിയെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അതൊന്ന് പരിശോധിക്കാന്‍ ഞാന്‍ ചെയ്തതാണ്. നിങ്ങളെ പോലെ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല! വലിയ പ്രതീക്ഷയിലായിരുന്ന ശത്രുക്കളോട് അവര്‍ ഈ വിവരം അറിയിച്ചു. ഞാന്‍ നിങ്ങള്‍ തന്ന വടം കൊണ്ട് ബന്ധിച്ചിരുന്നു. പക്ഷേ, അതുകൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. അവര്‍ വീണ്ടും വന്നു കൊണ്ട് കാരിരുമ്പിന്‍റെ ശക്തമായ ആമം കൊടുത്തിട്ട് അതുകൊണ്ട് കൈകള്‍ പിരടിയിലേക്ക് കെട്ടാന്‍ പറഞ്ഞു. അവര്‍ പറഞ്ഞത് പോലെ അദ്ദേഹം ഉറങ്ങുമ്പോള്‍ അതുകൊണ്ട് അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. അദ്ദേഹം ഉണര്‍ന്ന് കൈയ്യനക്കിയപ്പോള്‍ ചങ്ങല പൊട്ടിത്തെറിച്ചു. അത്ഭുതം! അദ്ദേഹം ചോദിച്ചപ്പോള്‍ അവള്‍ പഴയ പല്ലവി ആവര്‍ത്തിച്ചു. നിങ്ങളുടെ അപാരമായ ശക്തി പരിശോധിക്കാന്‍ ഞാന്‍ ചെയ്തതാണെന്ന് അവള്‍ കളവ് പറഞ്ഞു. ആ ശ്രമവും പാളിയ വിവരം ശത്രുക്കളെ അറിയിച്ചു. അവര്‍ ഇളിഭ്യരായി. 
അവള്‍ ചിന്തിച്ചു. ഇനിയെന്ത് മാര്‍ഗ്ഗം? അദ്ദേഹത്തോട് തന്നെ ചോദിക്കാം. പിറ്റേ ദിവസം ഉറങ്ങാന്‍ കിടന്നപ്പോള്‍ അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ ചെവിയില്‍ മന്ത്രിച്ചു. തന്‍റെ പ്രിയ സഖീ! അങ്ങയെ ഒതുക്കാന്‍ ഈ ഭൂമുഖത്ത് വല്ല വസ്തുക്കളുമുണ്ടോ? അതെ, ഒരേ ഒരു വസ്തു മാത്രമുണ്ട്. അവള്‍ ചോദിച്ചു: അതെന്താണ്? അദ്ദേഹം പറഞ്ഞു: അത് ഞാന്‍ നിനക്ക് പറഞ്ഞ് തരില്ല. അവള്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ സ്നേഹനിധിയായ തന്‍റെ ഭര്‍ത്താവ് അത് വെളിപ്പെടുത്താന്‍ തയ്യാറായി. അദ്ദേഹം പറഞ്ഞു: എന്‍റെ ഉമ്മ എന്നെ പ്രബോധനത്തിന് നേര്‍ച്ചയാക്കി വിട്ടതാണ്. തല്‍ഫലമായി ഒരു കാലത്തും എന്നെ ഒതുക്കാന്‍ ഒരു വസ്തുവിനും സാധിക്കുകയില്ല. എന്‍റെ തലമുടിയിഴകള്‍ക്കല്ലാതെ എന്നെ ബന്ധിക്കാന്‍ കഴിയില്ല. അദ്ദേഹം നല്ല നീണ്ട മുടിയുള്ളവരായിരുന്നു. അവള്‍ അദ്ദേഹം ഉറങ്ങാന്‍ കാത്തിരുന്നു. വഞ്ചകിയായ തന്‍റെ ഭാര്യ അദ്ദേഹത്തിന്‍റെ തലമുടി കൊണ്ട് അദ്ദേഹത്തിന്‍റെ കൈകള്‍ ബന്ധിച്ച് പിരടിയിലേക്ക് കെട്ടി. അദ്ദേഹം ഉണര്‍ന്നു. ആ ബന്ധനത്തില്‍ നിന്ന് മോചിതനാകുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ തന്‍റെ ഭാര്യ ഈ തക്കം നോക്കി ശത്രുക്കളെ വിവരമറിയിച്ചു. ഇരയെ കണ്ട പിടിമൃഗങ്ങളെ പോലെ അവര്‍ ആയുധങ്ങളുമായി ഓടി വന്നു പിടിച്ചു കൊണ്ടു പോയി. അദ്ദേഹത്തിന്‍റെ മൂക്കും ചെവിയും അവര്‍ അരിഞ്ഞെടുത്തു. കണ്ണുകള്‍ ചുഴ്ന്നെടുത്തു അവര്‍ അരിശം തീര്‍ത്തു. പട്ടണമദ്ധ്യത്തില്‍ രാജാവിന്‍റെ കോട്ടയില്‍ ബന്ധിച്ചു. രാജാവും പരിവാരങ്ങളും തന്‍റെ പ്രജകളും ചുറ്റുമുള്ള ഗോപുരങ്ങളിലിരുന്ന് രംഗം വീക്ഷിച്ചു ആഹ്ലാദിക്കുന്നതിനിടെ അദ്ദേഹം തന്‍റെ രക്ഷിതാവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഇവരുടെ മേല്‍ എനിക്ക് നീ ആധിപത്യം നല്‍കേണമേ! ആ പ്രാര്‍ത്ഥന തല്‍ക്ഷണം അല്ലാഹു സ്വീകരിച്ചു. അംഗച്ഛേദം വരുത്തപ്പെട്ട തന്നോട് തന്നെ ബന്ധിച്ചിട്ടുള്ളഗോപുരങ്ങളില്‍ ചേര്‍ത്ത് പിടിച്ചൊന്ന് കുലുങ്ങാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചു. അദ്ദേഹം ഒന്ന് കുലുങ്ങേണ്ട താമസം രാജാവും പരിവാരങ്ങളും കയറിയിരിക്കുന്ന ഗോപുരങ്ങള്‍ അവരുടെ മേല്‍ തകര്‍ന്ന് വീണു.അവര്‍ മുഴുവനും മരണപ്പെട്ടു, അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്‍റെ കണ്ണുകളും ചെവികളും തിരിച്ച് കൊടുക്കുകയും ചെയ്തു. ഈ മഹാന്‍റെ കഥ പറഞ്ഞപ്പോഴാണ് സ്വഹാബികള്‍ കരഞ്ഞത്. അപ്പോള്‍ മേല്‍സൂറത്ത് അവതീര്‍ണ്ണമാവുകയും ചെയ്തു. 
               കുറഞ്ഞ വയസ്സ് മാത്രമുള്ള ഈ ഉമ്മത്തിന് അഞ്ഞൂറും ആയിരവും വയസ്സ് നല്‍കപ്പെട്ടവര്‍ നേടിയെടുത്തതിനേക്കാള്‍ പ്രതിഫലവും സ്ഥാനമാനങ്ങളും കൈവരിക്കാന്‍ ഇത്തരം അവസരങ്ങള്‍ ഒരുക്കിത്തന്ന അല്ലാഹുവിനെ നാം എങ്ങനെയാണ് സ്തുതിക്കേണ്ടത്? അവന് എങ്ങനെയാണ് നന്ദി പറയാന്‍ സാധിക്കുക?!! എന്നിട്ടും ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താതെ അല്ലാഹുവിനെയും അവന്‍റെ അനുഗ്രഹങ്ങളേയും മറന്ന് അശ്രദ്ധരായി ജീവിക്കുന്ന നമ്മുടെയൊക്കെ അവസ്ഥ മഹാ കഷ്ടം!
                    ലൈലത്തുല്‍ ഖദ്റിന് പ്രധാനമായും മൂന്ന് മഹത്വങ്ങളാണ് പ്രസ്തുത  സൂറത്തില്‍ അല്ലാഹു എടുത്ത് പറഞ്ഞത്. ഒന്ന് ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി. അതിന്‍റെ കാരണം നേരത്തെ വിവരിച്ച ചരിത്രത്തില്‍ സൂചിപ്പിച്ചു. നബി (സ്വ) തങ്ങള്‍ക്ക് മുമ്പുള്ള സമുദായക്കാര്‍ക്കുള്ള പ്രായത്തെ കുറിച്ച് വിവരം നല്‍കപ്പെട്ടപ്പോള്‍ തന്‍റെ ഉമ്മത്തിന്‍റെ വയസ്സ് വളരെ കുറവായതിനാല്‍ അവിടുന്ന് ആശങ്കപ്പെട്ടു. കാരണം അവരുടെ സുദീര്‍ഘമായ ആയുസ്സില്‍ ചെയ്ത കര്‍മ്മങ്ങള്‍ പോലും എന്‍റെ ഉമ്മത്തിന് ചെയ്യാന്‍ കഴിയില്ലല്ലോ എന്ന്. അപ്പോള്‍ ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റെന്ന വിശുദ്ധ രാത്രി നല്‍കി അല്ലാഹു അവിടത്തെ അനുഗ്രഹിച്ചു. ഇത് ഇമാം മാലിക് (റ) അവിടുത്തെ മുവത്വയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമെന്നതിന്‍റെ വിവക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നു: ലൈലത്തുല്‍ ഖദ്റിലെ ഒരു സല്‍പ്രവൃത്തി ലൈലത്തുല്‍ ഖദ്റില്ലാത്ത ആയിരം മാസങ്ങളില്‍ ചെയ്തു കൂട്ടുന്ന സല്‍പ്രവൃത്തിയേക്കാള്‍ പുണ്യമാണെന്നാണ്. ആ രാത്രിയില്‍ അല്ലാഹു തആലാ അളവറ്റ ഉപകാരങ്ങളും ധാനങ്ങളും ബര്‍കത്തുകളും മറ്റു പലവിധ നന്മകളും ചെയ്ത് അനുഗ്രഹിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നതാണിതിന് കാരണം.
               രണ്ടാമത്തെ മഹത്വം: ജിബ്രീലി (അ) നോടൊപ്പം വാനലോകത്ത് നിന്ന് മാലാഖക്കൂട്ടം ഇറങ്ങിവരുന്നു. അല്ലാഹുതആലാ പറഞ്ഞു: ആ രാത്രിയില്‍ മലക്കുകള്‍ ഇറങ്ങിവരും. 'റൂഹ്' അക്കൂട്ടത്തിലുണ്ട്. ഇവിടെ 'റൂഹ്' എന്നതിന് അധിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ജിബ്രീല്‍ (അ) എന്നാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. അനസ് (റ) നെ തൊട്ട് നിവേദനം : റസൂലുല്ലാഹി (സ്വ) തങ്ങള്‍ പറഞ്ഞു: ഖദ്റിന്‍റെ രാത്രിയായാല്‍ ജിബ്രീല്‍ (അ) ന്‍റെ നേതൃത്വത്തില്‍ മലക്കുകളുടെ വലിയൊരു കൂട്ടം ഇറങ്ങിവരും. അല്ലാഹുവിനെ സ്മരിക്കുന്ന എല്ലാ ഓരോ അടിമയുടെ മേലിലും പ്രാര്‍ത്ഥിച്ചു കൊണ്ടും സലാം പറഞ്ഞുകൊണ്ടുമാണ് അവര്‍ ഇറങ്ങിവരുന്നത്. ഇത് ഇബ്നുല്‍ ജൗസിയും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളുമായാണ് അവര്‍ ഇറങ്ങി വരുന്നത് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. 
                മൂന്നാമത്തെ മഹത്വം : "പ്രഭാതം വിടരുന്നത് വരെ രക്ഷയാണ് ആ രാത്രി" എന്നതാണ്. രാത്രി 'സലാം' ആണെന്നതിന്‍റെ വിവക്ഷ അല്ലാഹുവിന്‍റെ ഇഷ്ടദാസരുടെയും അവന് വഴിപ്പെടുന്നവരുടെയും മേല്‍ അല്ലാഹുവിന്‍റെ രക്ഷയുണ്ടെന്നാണ്. ഇമാം ശഅ്ബീ (റ) പറയുന്നു: അന്ന് സൂര്യാസ്തമയം മുതല്‍ പ്രഭാതം പുലരുന്നത് വരെ അല്ലാഹുവിന്‍റെ ഭവനങ്ങളെ ഇബാദത്തുകളെ കൊണ്ട് ധന്യമാക്കുന്നവരുടെ മേല്‍ മലക്കുകള്‍ സലാം പറഞ്ഞു കൊണ്ടുവരും എന്നാണ്. അന്ന് രാത്രി മലക്കുകള്‍ ഇറങ്ങിവന്ന് ഓരോ സത്യവിശ്വാസിയെയും നേരില്‍ കണ്ട് അല്ലാഹുവിന്‍റെ സലാം അറിയിക്കും എന്നും പറഞ്ഞിട്ടുണ്ട്. അത് രക്ഷയാണെന്നതിന്‍റെ വിവക്ഷ അന്ന് അല്ലാഹു വിശ്വാസികള്‍ക്ക് രക്ഷയും ഗുണവും മാത്രമേ വിധിക്കുകയുള്ളൂ എന്നാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്നേ രാത്രി സത്യവിശ്വാസികള്‍ക്ക് പ്രഭാതം വരെ പൈശാചിക ശക്തികളില്‍ നിന്ന് പൂര്‍ണ്ണ രക്ഷ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ പിശാചിന് യാതൊരു ശല്യവും ചെയ്യാന്‍ സാധിക്കുകയില്ല എന്നെല്ലാം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് (തഫ്സീര്‍ ഖാസിന്‍).
                     മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ വായിക്കാം: ഖദ്റിന്‍റെ രാത്രിയായാല്‍ അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ജിബ്രീല്‍ (അ) ന്‍റെ നേതൃത്വത്തില്‍ മലക്കുകള്‍ സംഘങ്ങളായി ഭൂമിയിലേക്കിറങ്ങി വരും. അവരോടൊപ്പം ഒരു പച്ച പതാകയുമുണ്ടാവും. അത് കഅ്ബാ ശെരീഫിന് മുകളില്‍ സ്ഥാപിക്കും. ജിബ്രീല്‍ (അ) ന് അറുന്നൂറ് ചിറകുകളുണ്ട്. അതില്‍ രണ്ട് ചിറകുകള്‍ ലൈലത്തുല്‍ ഖദ്റിലല്ലാതെ നിവര്‍ത്തുകയില്ല. അന്നത് നിവര്‍ത്തുമ്പോള്‍ പശ്ചിമ പൂര്‍വ്വ ദിക്കുകള്‍ അത് വിട്ടുകടക്കും. അങ്ങനെ ജിബ്രീല്‍ (അ) ന്‍റെ പ്രേരണ പ്രകാരം മലക്കുകള്‍ ഇരുന്നും നിന്നും നിസ്കരിച്ചും ദിക്റ് ചൊല്ലിയുമിരിക്കുന്ന സത്യവിശ്വാസികളെ കൈപിടിച്ച് മുസ്വാഫഹത്ത് ചെയ്ത് സലാം ചൊല്ലുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ആമീന്‍ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. പ്രഭാതം പുലരുന്നത് വരെ. പ്രഭാതം പുലര്‍ന്നാല്‍ മലക്കുകളോട് വിളിച്ച് പറയും: ഓ മലക്കുകളേ! നമുക്ക് യാത്ര തിരിക്കാം. അപ്പോള്‍ മലക്കുകള്‍ ചോദിക്കും: ഓ! ജിബ്രീല്‍!  മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിലെ സത്യവിശ്വാസികളുടെ ആവശ്യങ്ങളില്‍ അല്ലാഹു എന്താണ് ചെയ്തത്? ജിബ്രീല്‍ : അല്ലാഹു അവന്‍റെ കരുണയുടെ നോട്ടം അവര്‍ക്ക് നല്‍കുകയും അവര്‍ക്ക് മാപ്പ് ചെയ്യുകയും പാപങ്ങള്‍ പൊറുത്ത് കൊടുക്കുകയും ചെയ്തിരിക്കുന്നു. നാല് വിഭാഗങ്ങളൊഴികെ. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ! ആ നാല് വിഭാഗം ആരായിരിക്കും? നബി (സ്വ) പറഞ്ഞു: മയക്ക് മരുന്നുകള്‍ക്ക് അടിമപ്പെട്ടവന്‍, മാതാപിതാക്കളെ കഷ്ടപ്പെടുത്തുന്നവന്‍, കുടുംബ ബന്ധം മുറിക്കുന്നവന്‍, മുസ്ലിംകളുമായി പക വെച്ച് നടക്കുന്നവന്‍ എന്നിവരാണത് (അദ്ദുര്‍റുല്‍ മന്‍സൂര്‍).
എന്നാണ് ലൈലത്തുല്‍ ഖദ്ര്‍?
                ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്നതില്‍ മുന്‍കാല പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഒരു വര്‍ഷം ഒരു രാത്രിയാണെങ്കില്‍ അടുത്ത വര്‍ഷം മറ്റൊരു രാത്രിയായിരിക്കും. അങ്ങനെ ഓരോ വര്‍ഷവും മാറി മാറി കൊണ്ടിരിക്കും. ഇങ്ങനെയാണ് ഒരു വിഭാഗം പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇമാം മാലിക് (റ), സൗരി, അഹ്മദ് (റ), ഇസ്ഹാഖ്, അബൂ സൗര്‍ തുടങ്ങിയ പണ്ഡിതരുടെ വീക്ഷണം അത് റമളാനിലെ അവസാനത്തെ പത്തിലാണെന്നും ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കുമെന്നുമാണ്. അത് ഒരു നിശ്ചിത രാത്രിയാണെന്നും ഓരോ വര്‍ഷത്തിലും അതിന് മാറ്റമുണ്ടാവുകയില്ലെന്നുമാണ് മറ്റൊരു അഭിപ്രായം. ഇതനുസരിച്ച് വര്‍ഷത്തില്‍ ഒരു നിശ്ചിത രാത്രിയാണെന്നാണ് ഇബ്നു മസ്ഊദ് (റ), അബൂ ഹനീഫ (റ) തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഒരു വര്‍ഷം മുഴുവനും രാത്രി ഇബാദത്ത് ചെയ്തവന് അത് ലഭിച്ചെന്നുറപ്പിക്കാമെന്ന് ഇബ്നു മസ്ഊദ് (റ) ന്‍റെ അഭിപ്രായം കേള്‍ക്കാനിടയായാപ്പോള്‍ ഇബ്നു ഉമര്‍ (റ) പറഞ്ഞു: അബൂ അബ്ദിര്‍റഹ്മാന് അല്ലാഹു കരുണ ചെയ്യട്ടെ. അദ്ദേഹത്തിനറിയാം അത് റമളാന്‍ മാസത്തിലാണെന്ന്. പക്ഷേ ആളുകള്‍ അത് മാത്രം അവലംബിക്കാതിരിക്കാനായിരിക്കാം അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം. 
                  എന്നാല്‍ ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുള്ളത് അത് വിശുദ്ധ റമളാന്‍ മാസത്തിലാണെന്നാണ്. അപ്പോഴും റമളാനിലെ ഏത് രാത്രിയാണെന്നതില്‍ വിവിധ വീക്ഷണങ്ങളുണ്ട്. റമളാന്‍ പ്രഥമ രാത്രിയാണെന്നും ബദ്ര്‍ ദിനമായ പതിനേഴിന്‍റെ രാത്രിയാണെന്നും 21,23,27, റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകള്‍... ഇങ്ങനെ വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയിലുണ്ട്. റമളാനിലെ അവസാനത്തെ പത്തിലാണെന്നാണ് ഭൂരിപക്ഷ പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അതാണ് പ്രബലവും. മഹതി ആഇശ (റ) പറയുന്നു: നബി (സ്വ) തങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ പള്ളിയില്‍ ചടഞ്ഞുകൂടും. അവിടുന്ന് പറയുമായിരുന്നു: നിങ്ങള്‍ ലൈലത്തുല്‍ ഖദ്റിനെ റമളാനിന്‍റെ അവസാനത്തെ പത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. അബൂഹുറൈറ (റ) യെ തൊട്ട് നിവേദനം: നബി (സ്വ) തങ്ങള്‍ പറഞ്ഞു: "ഈ രാത്രിയാണ് ലൈലത്തുല്‍ ഖദ്റെന്ന് എനിക്ക് സ്വപ്നദര്‍ശനമുണ്ടായി. അപ്പോഴേക്ക് തന്‍റെ ഭാര്യ എന്നെ വിളിച്ചുണര്‍ത്തി. അതിനാല്‍ എനിക്കത് മറപ്പിക്കപ്പെട്ടു. ഏതായാലും റമളാനിലെ അവസാനത്തെ പത്തില്‍ നിങ്ങളതിനെ അന്വേഷിക്കുക". ഒരു സംഘം സ്വഹാബത്തും മറ്റും അഭിപ്രായപ്പെട്ടത് ഇരുപത്തിമൂന്നിന്‍റെ രാത്രിയാണെന്നാണ്. ഇമാം ശാഫിഈ (റ) വും ആ അഭിപ്രായക്കാരനാണ്. 21 ന്‍റെ രാത്രിയാണെന്നും മഹാനവര്‍കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 27 ന്‍റെ രാത്രിയെന്നാണ് വലിയൊരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. അക്കാര്യം ബഹുമാനപ്പെട്ട ഇബ്നു അബ്ബാസ് (റ) ലൈലത്തുല്‍ ഖദ്റിന്‍റെ മഹത്വം അറിയിച്ചിറങ്ങിയ സൂറത്തുല്‍ ഖദ്റില്‍ നിന്ന് ഒരു ഗവേഷണത്തിലൂടെ സ്ഥിരീകരിക്കുന്നുണ്ട്. അഥവാ പ്രസ്തുത സൂറത്തില്‍ 'ലൈലത്തുല്‍ ഖദ്ര്‍' എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുന്നു. ആ പദത്തില്‍ 9 അക്ഷരങ്ങളുണ്ട്. മൂന്ന് വട്ടമാവുമ്പോള്‍ 9*3=27 എന്ന് ലഭിക്കുന്നു. ഇത് 27 ന്‍റെ രാവാണ് എന്നതിലേക്കുള്ള സൂചനയാണെന്ന് മഹാനവര്‍കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലോകം ആചരിച്ച് വരുന്നതും ആ രാത്രി തന്നെയാണ്. 
                     ഏതായാലും ആ രാത്രി മറച്ച് വെച്ചത് നമുക്ക് അനുഗ്രഹമാണ്. ആ രാത്രിയെ പ്രതീക്ഷിച്ച് കൊണ്ട് എല്ലാ രാത്രിയും ഇബാദത്തിലും പ്രാര്‍ത്ഥനകളിലും മുഴുകാന്‍ നമ്മെ പ്രേരിതരാക്കുന്നു. നിശ്ചിത ദിവസമാണെന്ന് ഉമ്മത്തിന് വ്യക്തമാക്കാതെ മറക്കപ്പെട്ടത് അനുഗ്രഹമാണെന്ന് നബി (സ്വ) തങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് പറഞ്ഞു; "അതിന്‍റെ നിര്‍ണ്ണയം ഉയര്‍ത്തപ്പെട്ടത് നിങ്ങള്‍ക്ക് ഗുണകരമായേക്കും". 
                                                                             അബൂഇയാസ് അഹ്സനി ഇരിങ്ങാവൂര്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...