നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday, 11 October 2020

മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ) ( Kunnatheri Thangal

‎‎ 
മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ)

1910 ൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ച ശൈഖുനാ (റ) 1968 ൽ വഫാത്തായപ്പോൾ ഒരു യുഗപുരുഷന്റെ വിയോഗമായിരുന്നു അതെന്ന് അവിടെത്തെ ചരിത്രം പഠിച്ചാൽ ബോധ്യമാകുന്ന ഒന്നാണ്.

മുത്ത്നബി (ﷺ) പറഞ്ഞു:

( إِنَّ اللَّهَ يَبْعَثُ لِهَذِهِ الْأُمَّةِ عَلَى رَأْسِ كُلِّ مِائَةِ سَنَةٍ مَنْ يُجَدِّدُ لَهَا دِينَهَا )
*رواه أبو داود

ഇസ് ലാമിന്റെ പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾ സമൂഹത്തിൽ നടമാടുമ്പോൾ സമൂഹ സമുദ്ധാരണത്തിനായി ഓരോ നൂറ്റാണ്ടിലും അല്ലാഹു ചില മഹാൻമാരെ നിയോഗിക്കും. )

അവരാണ് മുജദ്ദിദ് എന്ന പേരിൽ അറിയപ്പെടുക. അവരിൽ പ്രധാനിയാണ് കുന്നത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാനീ നൂറുൽ ഇർഫാൻ അൽ ഖുത്വ് ബുൽ ഫർദുൽ ജാമിഉ ബൈനശ്ശരീഅത്തി വൽ ഹഖീഖ ശൈഖുനാ അശ്ശൈഖ് അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഐദറൂസിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യു ന്നൂരിയ്യ് (ഖു:സി).
ഒരു മുജദ്ദിദിന് ആവശ്യമായ സർവ്വഗുണങ്ങളും മേളിച്ച മഹാനായിരുന്നു മഹാനവർകൾ.*

തന്റെ മുന്നിൽ കണ്ട ഇസ്ലാമിക വിരുദ്ധ ആചാരാനുഷ്ഠാനങ്ങളെ മുഴുവൻ തിരുത്തുന്നതിന് ആ ജീവിതം ഉഴിഞ്ഞ് വച്ചു. ശരീഅത്തിന്റെ ശരിയായ വശങ്ങൾ പ്രമാണങ്ങൾ നിരത്തി സംവദിച്ചപ്പോൾ വർഷങ്ങളായി അനുഷ്ഠിച്ച് പോന്നിരുന്ന ദുരാചാരങ്ങളെ തിരുത്തിക്കുറിക്കാൻ സാധിച്ചു. ഇസ്‌ലാമിന്റെ ശരിഅത്തിന്റെ (പ്രത്യക്ഷഭാഗം ) പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾക്കെതിരേ ശക്തമായി നിലക്കൊണ്ടപ്പോൾ ആത്മീയ വശം ശോഷണത്തിന്റെ വക്കിലായിരുന്നു എന്നത് ഒരു സത്യമായിരുന്നു. കാരണം ആത്മീയത (ത്വരീഖത്ത് ) അലർജിയായി കാണുന്ന ഭൂരിപക്ഷ സമൂഹമായിരുന്നു അത്* 

   ത്വരീഖത്ത് സമുദ്ധാരകൻ
   ════❁✿🌹🌹🌹✿❁════​

ത്വരീഖത്ത് (ആത്മീയ വശം) എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു അത്. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി ധാരാളം പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. തന്റെ പ്രസംഗ വൈഭവത്തിലൂടെ ഒരു പാട് ജനങ്ങൾക്ക് ത്വരീഖത്തിന്റെ ശരിയായ പാത മനസ്സിലാക്കിക്കൊടുക്കാനും സാധിച്ചു. തന്റെ വല്ലിപ്പയായ ഗൗസുൽ അഅ്ളം (റ) വിന്റെ സമുദ്ധാരണത്തിന് മുഖ്യ പങ്ക് വഹിച്ചത് പ്രഭാഷണമായിരുന്നു എന്നത് ഒരു നഗ്ന സത്യമാണ്.ആ പാത ശൈഖുന (റ) വും സ്വീകരിച്ചു. തന്റെ ആത്മീയ പ്രഭാഷണത്തിൽ ലയിച്ച് ഹൃദയം പ്രകാശിച്ചവർ നിരവധിയാണ്. പ്രബോധകന്റെ പ്രധാന ആയുധമായ പ്രഭാഷണം മുറുകെ പിടിച്ച ശൈഖുനാ (റ) യിൽ ഹഠാദാകർഷിച്ചവർ അനവധിയാണ്. ഇങ്ങനെ മുൻഗാലയുഗപുരുഷൻമാർസമൂഹ സമുദ്ധാരണത്തിനായി സ്വീകരിച്ച പലവഴികളും ശൈഖുനാ (റ)യും സ്വീകരിച്ചു.


         രചനകൾ

മുത്ത്നബി (സ്വ) തങ്ങൾ പറഞ്ഞു:
قال رسول الله صلي الله عليه وسلم:أوتيت ليلة أسري بي ثلاثة علوم.فعلم أخذ عليٌ في كتمه،وعلم خيرت في تبليغه،وعلم أمرت بتبليغه

ഇസ്റാഇന്റെ രാത്രിയിൽ എനിക്ക് മൂന്ന് വിജ്ഞാനങ്ങൾ നൽകപ്പെട്ടു.*

1-മറച്ച് വെക്കണം എന്ന് എന്നോട് ആവശ്യപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ഹഖീഖത്ത്)

2 -പ്രബോധനം ചെയ്യേണ്ട വിശയത്തിൽ എനിക്ക് ഇഷ്ടം പ്രവർത്തിക്കപ്പെടാൻ അനുവാദം നൽകപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ത്വരീഖത്ത് )*

3 -പ്രബോധനം ചെയ്യൽ കൊണ്ട് കൽപിക്കപ്പെട്ട വിജ്ഞാനം ( സാധാരണക്കാർക്കും അസാധാരണക്കാർക്കും വിളംബരം ചെയ്യുന്ന വിജ്ഞാനം അഥവാ ശരീഅത്ത്)

ഈ മൂന്ന് വിജ്ഞാനത്തിലും അഗാതമായ അവഗാഹത്തിന്റെ ഉടമയും ആവിശയങ്ങളിൽ ഗ്രന്ഥരചനയും നടത്തിയ മഹാനാണ് കുന്നത്തേരി തങ്ങൾ (റ). നൂരി ബിരുദം കരസ്ഥമാക്കിയ പണ്ഡിത പ്രഭുവാണ് മഹാനവർകൾ.

     ശരീഅത്തിലെ രചന

        വാജിബാത്ത് മാല

ഈ ഗ്രന്ഥത്തെ കുറിച്ച് അവിടെത്തെ മകനും മഞ്ചേരി ശൈഖുന (റ) വിന്റെ പ്രധാന ഖലീഫയുമായിരുന്ന ഖുത്വ് ബുൽ വുജൂദ് ശൈഖുന അസ്സയ്യിദ് ശിഹാബുദ്ധീനുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (റ) പരിചയപ്പെടുത്തിയത് ഇപ്രകാരമാണ് ...

"ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ സംഗ്രഹ വിശകലനം. പരിശുദ്ധ ശഹാദത്ത് കലിമയുടെ ഫർള്വുകൾ, അവയുടെ 40 അസ്വ് ലുകൾ , കലിമയുടെ ശർത്വുകൾ , ഈമാനിന്റെ ഫർള്വുകൾ, ശർത്വുകൾ തുടങ്ങി ഓരോ വിശ്വാസിയും ഉൾക്കൊള്ളേണ്ട ആദർശ തത്വങ്ങൾ, നിസ്ക്കാരം, നോമ്പ്, മുതലായ കർമങ്ങളുടെ നിയമവശങ്ങൾ, ഉപദേശങ്ങൾ എന്നിവ അടങ്ങിയ അറബി മലയാള കാവ്യ സമാഹാരമാണ് വാജിബാത്ത് മാല. സാധാരണ ജനങ്ങൾക്കും മറ്റും അനായാസം ഗ്രഹിക്കാവുന്ന രീതിയിലുള്ള ക്രോഡീകരണവും അവതരണവും ഇതിന്റെ പ്രത്യേകതയാണ്.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധമവും പ്രധാനവുമായ വിശുദ്ധ കലിമയുടെ നാല് ഫർള്വുകളിൽ ഒന്നാമത്തേതും അതിന്റെ പത്ത് അസ്വ് ലുകളുമാണ് ആദ്യത്തിൽ . ബാക്കിയുള്ള മൂന്ന് ഫർള്വുകൾ ഓരോന്നും അവ യുടെ അസ്വ് ലുകളും തുടർന്ന് വിവരിക്കുന്നു. വിശ്വാസത്തിൽ പിഴച്ച ഖദ് രിയ്യ, ജബ് രിയ്യ തുടങ്ങിയ വിഭാഗങ്ങളസംബന് പരാമർശവും എഴുപത്തിമൂന്ന് വിഭാഗത്തിൽ രക്ഷപ്പെടുന്ന ഏക വിഭാഗമായ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിവരണവും ഇതിൽ വരുന്നു.

ശേഷം നിസ്ക്കാരവും അതിനോട് ബന്ധപ്പെട്ട വിശയങ്ങളും ഈമാൻ കാര്യങ്ങളും അതിന്റെ ശർത്വുകളും ഫർള്വുകളും പ്രതിപാദിക്കുന്നു. അവസാനം സാരോപദേശവും ഉൾപ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ ഒരു മുസ്‌ലിം അറിയൽ തികച്ചും അനിവാര്യമായ അമൂല്യ ജ്ഞാനശേഖരമാണ്, പ്രബല ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ വന്ദ്യരായ പിതാവ് (റ) മുസ്‌ലിം ലോകത്തിന് സമർപ്പിച്ച വാജി ബാത്ത്മാല.

ശേഷം മഹാനായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു.

"എന്റെ വന്ദ്യരായ പിതാവും ശൈഖും ആലുവ കുന്നത്തേരി മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ് സ്ഥാപകനുമായ ബഹു: ശൈഖുന അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീനുൽ ഐദറോസിയ്യുൽ ജീലിയ്യുന്നൂരിയ്യുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് എന്ന എ.ഐ. മുത്ത് കോയ തങ്ങൾ (ഖു.സി ) അവർകളാണ് വാജിബാത്ത് മലയുടെ രചയ്താവ്.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ഹിജ്റ 1327-ൽ (എ.ഡി.1910 ജൂൺ 3 ) വന്ദ്യരായ പിതാവ് (റ) ഭൂജാതരായി. പിതാവ് പുതിയ ഇല്ലത്ത് അപ്പുര സയ്യിദ് ഐദ റോസ് വലിയുല്ലാഹി തങ്ങ കോയ തങ്ങൾ (ഖു.സി) അവർകളും മാതാവ് ഐശിയ്യര വലിയബി എന്ന മഹതിയുമാണ്. പ്രാധമിക പഠനങ്ങൾക്ക് ശേഷം തമിഴ് നാട്ടിലെ പുതുക്കുടി മദ്റസ അന്നൂറുൽ മുഹമ്മദിയ്യയിൽ ഉപരിപഠനം നടത്തുകയും ഉന്നതശ്രേണിയിൽ നൂരി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

പ്രഗത്ഭ പണ്ഡിതനും സർവ്വാ ഗീകൃത വലിയ്യുമായ ഹസ്റത്ത് അബ്ദുൽ കരീം സ്വൂഫി (ഖു.സി) അവർകളായിരുന്നു പ്രധാന ഗുരുനാഥൻ

പഠന കാലത്ത് സ്വൂഫി ഹസ്റത്തുമായുണ്ടായ സഹവാസവും ബന്ധവും ശൈഖുനായെ ആത്മീയതയിലേക്ക് കൂടുതൽ അടുപ്പിച്ചു. പഠന ശേഷം അതിന്റെ വളർച്ചക്കും വികാസത്തിനുമായി നടത്തിയ പ്രയത്നത്തിൽ ആദ്യം ആന്ത്രോത്ത് ദ്വീപിലെ അശ്ശൈഖ് അസ്സയ്യിദ് അഹ്മദുൽ ജീലി (ഖു: സി) അവർകളോടും ശേഷം തൊടുപുഴ ശൈഖുന അശ്ശൈഖ് മുഹമ്മദ് സ്വൂഫിയ്യുൽ ഖുത്വാരി (ഖു:സി ) അവർകളോടും ബൈഅത്ത് ചെയ്ത് അത്യുന്നത ആത്മീയ സരണിയിൽ അംഗമായി.

അശ്ശൈഖ് അസ്സയ്യിദ് യൂസുഫുർരിഫാഈ (ഖു: സി) ആന്ത്രോത്ത്, അശ്ശൈഖ് കമ്മുക്കുട്ടി മൗലാന (ഖു:സി) കാളത്തോട് - തൃശ്ശൂർ, എന്നിവരും വന്ദ്യരായ പിതാവി (റ)ന്റെ ആത്മീയ ഗുരുക്കളാണ്. ഖാദിരിയ്യ, രിഫാഇയ്യ , ചിശ്തിയ്യ, ശാദുലിയ്യ, നഖ്ശബന്ധിയ്യ, ത്വരീഖത്തുകളിൽ ശൈഖും ഖലീഫയുമായി ഉന്നതി പ്രാപിച്ച വന്ദ്യരായ പിതാവ് (റ) അദ്ധ്യാത്‌മിക പ്രവർത്തനങ്ങളിലായി ജീവിതം നയിച്ചു."

ശരീഅത്തിലും ത്വരീഖത്തിലും ഹഖീഖത്തിലും ഗ്രന്ഥരചനകൾ നടത്തിയ ശൈഖുന (റ) യുടെ ശരീഅത്തിലെ രചനയെ പരിജയപ്പെടുത്തിയപ്പോൾ അൽപം രചയ്താവിന്റെ ചരിത്രം കൂടി എഴുതിയിതാണ്. യുഗപുരുഷൻമാരുടെ പ്രബോധന ദൗത്യങ്ങളിൽ പ്രഭാഷണം മികച്ച് നിന്നത് പോലെ രചനകളും മുഴച്ച് നിന്നതായി ചരിത്രത്തിൽ കാണാം.

            
         രചനകൾ


     ത്വരീഖത്തിലെ രചനകൾ

             തൗഹീദ് മാല

ത്വരീഖത്ത് എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു ശൈഖുനാ(റ) യുടെ കാലം. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ധാരാളം പ്രസംഗങ്ങൾ നടത്തുകയും തദ് വിഷയകമായി നെല്ലും പതിരും വേർതിരിച്ചറിയുവാൻ എക്കാലത്തും ഉപകാരപ്രദമാം വിതം തൗഹീദ് മാല എന്ന കൃതി രചിച്ച് പൊതുജന സമക്ഷം സമർപ്പിക്കുകയും ചെയ്തു ശൈഖുനാ (റ).

ഈ രചനയെ സംബന്ധിച്ച് രചയ്താവായ ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.

"ശരീഅത്തിന്റെ മഅ്മൂറാത്ത് ( കൽപ്പിക്കപ്പെട്ട കാര്യങ്ങൾ) മൻഹിയ്യാത്തുകളെ (നിരോധിക്കപ്പെട്ട കാര്യങ്ങൾ) നല്ല പോലെ പഠിച്ചറിഞ്ഞ് ശരീഅത്തിന്റെ ഇസ്തിഖാമത്ത് സുബൂത്തായ ( സ്ഥിരപ്പെട്ട ) സാലികീങ്ങൾക്ക് (റബ്ബിനെ ലക്ഷ്യം വെക്കുന്നവർ) ഖാസ്സ്വായി ( പ്രത്യേകമായി ) ഉണ്ടാക്കപ്പെട്ടതാക്കുന്നു. ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തും ( സ്വൂഫികളുടെ സാങ്കേതിക പ്രയോഗങ്ങൾ)കൂടി പഠിച്ച സാലിക്കീ ങ്ങൾക്ക് അവരുടെ മഖ്സ്വൂദിനെ (ഉദ്ദേശത്തിനെ ) നിറവേറ്റുവാൻ ഈ പാട്ട് വലിയ സഹായം ചെയ്യുന്നതാകുന്നു. ശരീഅത്തിന്റെ അഅ്മാലുകളെ (പ്രവർത്തനങ്ങൾ) കൊണ്ടുള്ള രിയാള്വാത്ത് (പരിശീലനങ്ങൾ ) കൂടാതെ യാതൊരു പ്രകാരത്തിലും ഫലം ചെയ്യുന്നതല്ല. ഇതിൽ അടങ്ങിയ വിവരങ്ങളെല്ലാം ഗ്രഹിക്കുവാൻ അവാമുന്നാസിന്ന് (ത്വരീഖത്തില്ലാത്തവർ ) ഒരു കാമിലായ മുർശിദിനെ എത്തിക്കുക തന്നെ വേണം.

തൗഹീദ് മാലയെ സംബന്ധിച്ച് അവിടുത്തെ പ്രധാന ഖലീഫ മഞ്ചേരി ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.

"തൗഹീദ് മാല ( അറബ് മലയാളം; മാപ്പിളപ്പാട്ട്) ശരീഅത്തുൽ ഇസ് ലാമിൽ അചഞ്ചലമായി അടിയുറച്ച് കൊണ്ട് രക്ഷിതാവിനെ മാത്രം ലക്ഷ്യമാക്കിയ ആത്‌മവിത്തുകൾക്ക് പ്രത്യേകം (ചില ശിഷ്യൻമാർ ആവശ്യപ്പെട്ടത് കൊണ്ട് ) രചിച്ചിട്ടുള്ളതും, ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തെന്ന  (സ്വൂഫികളുടെ സാങ്കേതിക ) പദപ്രയോഗങ്ങൾ ഗ്രഹിച്ചവർക്ക് ഒട്ടധികം പ്രയോചനം ചെയ്യുന്നതും , ത്വരീഖത്തിന്റെ എല്ലാ വശങ്ങളും പ്രഭലപ്പെട്ട കിതാബുകളുടെ രത്നച്ചുരുക്കമെന്നോണം പ്രതിഭാദിച്ചിട്ടുള്ളതും, ആദ്യന്തം ആത്‌മ ജ്ഞാനങ്ങളാൽ നിബിഢവുമായ ഒരു മഹിത ജ്ഞാനകാണ്ഡമാണത്.

മഞ്ചേരി ശൈഖുന (റ) യുടെ പ്രധാന ഖലീഫയായ ഖുത്വ് ബുൽ വുജൂദ് (റ) പറഞ്ഞത് ഇപ്രകാരമാണ്.

"ത്വരീഖത്തിൽ പ്രവേശിക്കുവാനുദ്ദേശിക്കുന്നവന് നിർബന്ധമായ കാര്യങ്ങൾ, മുറബ്ബിയായ ശൈഖിന്റെ അടയാളങ്ങൾ, നിബന്ധനകൾ, മുരീദ് പാലിക്കേണ്ട നിയമങ്ങൾ, വ്യവസ്ഥകൾ ആത്മീയ മേഖലയിൽ സഞ്ചരിക്കുന്നവന്റെ ഹൃദയത്തിനുണ്ടാകുന്ന അവസ്ഥകൾ, മാറ്റങ്ങൾ, തൗഹീദിന്റെ അഗാധജ്ഞാനങ്ങൾ തുടങ്ങി തസ്വവ്വുഫിന്റെ ജ്ഞാന മുത്തുകൾ ഓരോരുത്തരുടെയും ആന്തരീക നില അനുസരിച്ച് മനസ്സിലാക്കുവാൻ ഉദകുന്ന രീതിയിൽ രചിച്ച അറബി മലയാള പദ്യസമാഹാരമാണ് തൗഹീദ്മാല."

ത്വരീഖത്ത് സംബന്ധമായി വിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളും നടക്കുന്ന വർത്തമാന കാലത്ത് സാധാരണക്കാരന് പോലും ഗ്രാഹ്യമാകുന്ന ഭാഷയിലുള്ള ഈ കൃതിയുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. അതോടൊപ്പം ത്വരീഖത്തിന്റെ വിഷയത്തിൽ റിസർച്ച് നടത്തുന്നവർക്ക് വളരെ ഉപകാര പ്രദമായ അമൂല്യഗ്രന്ഥവും കൂടിയാണ് തൗഹീദ്മാല.


       മഅ് രിഫത്ത് മാല
       എന്ന മുനാജാത്ത്

ബഹുമാനപ്പെട്ട മഞ്ചേരി ശൈഖുന (റ) ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തിയത് ഇവിടെ പകർത്താം

"ബഹുമാനപ്പെട്ട ശൈഖുന അൽ ആരിഫ് ബില്ലാഹിൽകുമ്മൽ മൗലാനാ അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ ഐ ദ്രോസിയ്യുന്നൂരിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യുർരിഫാഇയ്യുൽ ചിശ്തിയ്യുശ്ശാദുലിയ്യുന്ന ഖ്ശബന്തിയ്യ് എ.ഐ മുത്ത് കോയ തങ്ങൾ എന്ന് പ്രസിദ്ധപ്പെട്ട ആന്ത്രോത്തിൽ ജനിച്ച് ആലുവായിൽ മറപെട്ട തങ്ങൾ അവർകളുടെ കുടെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യ ഘട്ടത്തിൽ പാടിയ ഒരു മുനാജാത്താകുന്നു. അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ അടിയുറച്ച വിശിഷ്യാ നമ്മുടെ ഖാദിരിയ്യത്തുസ്സ്വൂഫിയ്യത്ത് എന്ന ത്വരീഖത്തിൽ അംഗങ്ങളായ മുഹിബ്ബുകൾ തഹജ്ജുദ് സമയം, അല്ലെങ്കിൽ മഅ് രിബിന്റ പിറകെ, അല്ലെങ്കിൽ രാത്രി ഉറങ്ങും മുമ്പ് , അല്ലെങ്കിൽ സ്വുബ്ഹിന്റെ പിറകെ അല്ലെങ്കിൽ സൗകര്യം പോലെ ഏതെങ്കിലും ഒരു സമയം ആദത്തായി ഓതി വരൽ വളരെ നല്ലതാകുന്നു. അങ്ങനെ നേമമായി ഓതി വരുന്നവർക്ക് അവരുടെ ഹൃദയങ്ങളിൽ മഅ് രിഫത്ത് എന്ന പ്രകാശം ഉണ്ടാകുമെന്ന കാര്യം അനുഭവത്തിന്റെ വെളിച്ചത്തിൽ തീർത്ത് പറയാവുന്നതാകുന്നു."

വന്ദ്യരായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു:


വന്ദ്യരായ പിതാവിന്റെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യഘട്ടത്തിൽ ചൊല്ലിയ മുനാജാത്ത്, ആത്മീയ ദാഹികൾക്ക് വളരെയേറേ ഗുണപ്രദമായ അറബി മലയാള കാവ്യമാണ്.

വളരെ മഹത്വമുള്ളതും മഹാനവർകളുടെ ത്വരീഖത്തിൽ പ്രവേശിച്ചവന് വളരെയേറെ ഉപകാരം ചെയ്യുന്ന ഒരു കൃതിയാണ് മഅ് രിഫത്ത് മാല എന്നത് മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാണ്.

മറ്റ് രചനകൾ വരും ദിവസങ്ങളിൽ വായിക്കാം ....

[തുടരും...]


【മുജദ്ദിദിന്റെ ദൗത്യ നിർവഹണങ്ങൾ അവസാനിക്കുന്നില്ല...】

തയ്യാറാക്കിയത് :
എം. പി. ഹസൻ ഇർഫാനി* എടക്കുളം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...