നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday, 9 April 2021

തിരുത്തണം ചില ധാരണകള്‍

 തിരുത്തണം ചില ധാരണകള്‍

             അറിവ് തേടുന്നവന്‍റെ ഹൃദയം അഹങ്കാരം, കൊതി ഭൗതിക പ്രേമം തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്നും സംസ്കരിക്കണം. തന്‍റെ അറിവ് കൊണ്ട് കേവലം ദുന്‍യാവ് സമ്പാദിക്കാന്‍ ഒരാള്‍ ശ്രമിച്ചാല്‍ അത് അതിമോഹമാണ്. അവന്‍ പരിശുദ്ധ ദീനിനെ വില്‍ക്കാന്‍ ശ്രമിച്ചവനാണ്. മഹാനായ ഇമാം യാഫിഈ (റ) രേഖപ്പെടുത്തി: നമ്മുടെ ദീനിനെ പിച്ചിച്ചീന്തിക്കൊണ്ട് നാം ദുന്‍യാവിനെ മോടി പിടിപ്പിക്കുന്നു. പക്ഷേ, നാം മോടി പിടിപ്പിച്ച ദുന്‍യാവോ ദീനോ ഒന്നും ശേഷിക്കുന്നില്ല. എല്ലാം പാഴായിപ്പോയി. ഒരിക്കല്‍ മഹാനായ ഇബ്റാഹീം ബ്നു അദ്ഹം (റ) ഒരു കല്ലിന്‍റെ അരികിലൂടെ പോകുമ്പോള്‍ കല്ലിന്‍റെ പുറത്ത് എഴുതിയതായി കണ്ടു: "എന്നെ ഒന്ന് മറിച്ചിട്ട് നോക്കൂ". മഹാനവര്‍കള്‍ പറഞ്ഞു: ഞാന്‍ ആ കല്ല് മറിച്ചിട്ടപ്പോള്‍ അതിന്‍റെ ഉള്‍ഭാഗത്ത് ഇങ്ങനെ എഴുതപ്പെട്ടതായി കണ്ടു: "നിങ്ങള്‍ നിങ്ങളുടെ അറിവനുസരിച്ച് കര്‍മ്മം ചെയ്യുന്നില്ല!. പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്കറിയാത്ത കാര്യം അറിയാനായി ശ്രമിക്കുന്നത്!". പ്രസ്തുത സംഭവം പറഞ്ഞതിന് ശേഷം ഇമാം ശഅ്റാനി (റ) രേഖപ്പെടുത്തി: നിശ്ചയം വിദ്യാര്‍ത്ഥി സ്വൂഫി സംഘത്തില്‍ വിശ്വസിക്കുകയും അവരോടൊപ്പം കൂടി ഇടപഴകുകയും ചെയ്താല്‍ മാത്രമേ അവന്‍ പഠിച്ച അറിവ് കൊണ്ട് പരിപൂര്‍ണ്ണമായി കര്‍മ്മങ്ങള്‍ ചെയ്യാനും മര്യാദകള്‍ പാലിക്കാനും മറ്റും സാധ്യമാവുകയുള്ളൂ. അപ്പോള്‍ അവന്‍റെ അറിവ് കര്‍മ്മങ്ങളെ ഫലങ്ങളായി നല്‍കും. കാരണം മഹത്തുക്കളായ സ്വൂഫികള്‍ നന്മ സ്വീകരിക്കുന്നതില്‍ നിന്നും ഹൃദയത്തിനെ തടയുന്ന മ്ലേച്ഛമായ തടസ്സങ്ങളെ വിദ്യാര്‍ത്ഥിക്ക് ഉണര്‍ത്തിക്കൊടുക്കും". മഹാനായ ഇമാം ശഅ്റാനി (റ) യുടെ ഈ സാരോപദേശം ആധുനിക വിദ്യാര്‍ത്ഥികള്‍ക്ക് വിശിഷ്യാ മതപഠനത്തിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാ കവചമാണ്. കാരണം യഥാര്‍ത്ഥ മശാഇഖുമാരും സ്വൂഫികളും കാലയവനികക്കുള്ളില്‍ എന്നോ മറഞ്ഞുപോയി. എന്ന് പറഞ്ഞ് ആധുനിക ഗുരുക്കള്‍ തന്‍റെ ശിഷ്യന്മാരോട് പറയും: നിങ്ങള്‍ ഒരു സ്വൂഫിയേയും അന്വേഷിച്ച് പോകേണ്ടതില്ല. നിങ്ങളുടെ ആത്മീയ ഗുരുക്കള്‍ ഞങ്ങള്‍ തന്നെയാണ്. ആത്മജ്ഞാനത്തില്‍ അവഗാഹമുള്ള ഹൃദയസംസ്കരണത്തിന് അര്‍ഹരായ ഗുരുവരേണ്യര്‍ തങ്ങളുടെ ശിഷ്യരെ അപ്രകാരം സംസ്കരിക്കുമെന്നതില്‍ സന്ദേഹമില്ല. കാരണം ആ ഗുരുക്കളും മഹാരഥന്മാരുടെ സരണിയില്‍ കടന്നവരാണ്. എന്നാല്‍ മഹാന്മാരേയും അവരുടെ അവസ്ഥകളേയും അവരുടെ വചനങ്ങളേയും ഗ്രഹിക്കാനാവാതെ അവകളൊക്കെ ദീനില്‍ കടന്നു കൂടിയ വൈകൃതങ്ങളാണെന്ന് വിവരമില്ലാതെ പറയുന്നവര്‍ അവര്‍ തങ്ങളുടെ ശിഷ്യരുടെ ആത്മജ്ഞാന ഗുരുക്കളാകാന്‍ ശ്രമിക്കുന്നത് തീര്‍ത്തും വിരോധാഭാസമാണ്.

ഇമാം ശഅ്റാനി (റ) പറയുന്നു: ഒരിക്കല്‍ മഹാനായ ഇസ്സുദ്ദീന്‍ ബ്നു അബ്ദിസ്സലാം (റ) പറഞ്ഞു: സ്വൂഫികളുടെ കറാമത്തിന്‍റെ ആധിക്യം തന്നെ അവരുടെ വഴി സത്യമാണെന്ന് മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: "സ്വൂഫികളുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിച്ച ഒരു പണ്ഡിതനില്‍ നിന്നല്ലാതെ മറ്റ് കര്‍മ്മശാസ്ത്ര പണ്ഡിതരിലെ ഒരാളില്‍ നിന്നും ഞാന്‍ ഒരു കറാമത്തും കണ്ടിട്ടില്ല. മഹാന്മാരുടെ കറാമത്തുകള്‍ വിശ്വസിക്കാത്തവര്‍ക്ക് അവരുടെ ബറകത്ത് തടയപ്പെടുന്നതാണ്. തുടര്‍ന്ന് പറഞ്ഞു; സ്വൂഫികളുടെ വഴിയില്‍ പ്രവേശിക്കാതെ അവരെ നിഷേധിക്കുന്നവന്‍റെ മുഖത്ത് കഠിന ദുഃഖവും പരാജിത ലക്ഷണവും ഉണ്ടാവുന്നതാണ്. അകക്കാഴ്ചയുള്ളവര്‍ക്ക് ഇത് വളരെ വ്യക്തമായി കാണാവുന്നതുമാണ്. അവന്‍റെ അറിവ് കൊണ്ട് അല്ലാഹു ഒരാള്‍ക്കും ഉപകാരം ചെയ്യുകയില്ല". 

മഹാനായ ഇമാം ശഅ്റാനി (റ) യുടെ ഉദ്ദൃത ആശയങ്ങള്‍ പലരും ഇന്ന് മനസ്സിലാക്കാതെ പോയി. അതിനാലുണ്ടായ വിപത്ത് ഒരിക്കലും നികത്താനാകില്ല. അഥവാ വിമര്‍ശന വാദവുമായി വരണമെങ്കില്‍ പ്രസ്തുത വഴി ആദ്യം തിരിച്ചറിയേണ്ടതുണ്ട്. നിഷേധത്തിന്‍റെ ഉത്ഭവമാണ് മഹാനുഭാവന്‍ പഠിപ്പിക്കുന്നത്. സങ്കുചിത ചിന്താഗതിയോടെ തന്‍റെ കയ്യിലുള്ള അളവ് കോല്‍ വെച്ച് എല്ലാം അളന്ന് തീരുമാനിച്ചേക്കാം എന്ന് വിചാരിച്ചവര്‍ക്ക് അബദ്ധം പിണഞ്ഞു. അത് അസാധ്യമാണ്. അതിലേറെ കുറ്റകരമാണ്. ഇത്തരക്കാര്‍ക്ക് പറ്റിയ അമളി മുന്‍വിധിയോടെ കാര്യങ്ങള്‍ തീരുമാനിച്ചതാണ്. അഥവാ തങ്ങള്‍ വലിയ കിതാബ് തിരിയുന്നവരും വ്യാകരണ ശാസ്ത്രവും തര്‍ക്കശാസ്ത്രവും തുടങ്ങി വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ അഗാധ പാണ്ഡിത്യമുള്ളവരുമാണ്. സ്വൂഫികള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇവ്വിഷയകമായി കാര്യമായി പാണ്ഡിത്യമില്ലാത്തവരും അവര്‍ കേവലം ദിക്റുകളുമായി ജോലിയാകുന്നവരുമാണ്. സ്വൂഫികളെ കുറിച്ചുള്ള ഇത്തരം അബദ്ധ ജഡിലമായ മുന്‍വിധി പലര്‍ക്കും നാശമായിട്ടുണ്ട്. 

ഇമാം ശഅ്റാനി (റ) പറയുന്നു: മഹാനായ ഇമാം നവവി (റ) തന്‍റെ ശൈഖായ ശൈഖ് മറാകിശി (റ) ന്‍റെ സവിധത്തിലെത്തുമായിരുന്നു. ശേഷം ഇമാം നവവി (റ) ചില മസ്അലകള്‍ ശൈഖവര്‍കള്‍ക്ക് കാണിച്ച് കൊടുക്കുകയും അത് മനസ്സിലാക്കാനായി തിരുസവിധത്തില്‍ കാത്ത് നില്‍ക്കുകയും ചെയ്യുമായിരുന്നു. ഈ സംഭവം ഉദ്ധരിച്ച ശേഷം ഇമാം ശഅ്റാനി (റ) പറഞ്ഞു; ശരീഅത്തിന്‍റെ പണ്ഡിതന്മാര്‍ അറിയുന്നതിനേക്കാളും കൂടുതലായി ശരീഅത്തിന്‍റെ രഹസ്യങ്ങള്‍ സ്വൂഫീ പണ്ഡിത മഹത്തുക്കള്‍ക്ക് അറിയില്ലായിരുന്നെങ്കില്‍ പാണ്ഡിത്യത്തിന്‍റെ നിറകുടമായ ഇമാം നവവി (റ) ഒരിക്കലും മഹാനായ ശൈഖ് മറാകിശി (റ) ന്‍റെ അരികിലേക്ക് പോയി വരുമായിരുന്നില്ല. 

മഹാനായ ഇമാം യാഫിഈ (റ) പറഞ്ഞതായി ഇമാം ശഅ്റാനി (റ) രേഖപ്പെടുത്തി: യാഫിഈ ഇമാം (റ) പറഞ്ഞു: ഞാന്‍ 10 വര്‍ഷത്തോളം രണ്ട് തോന്നലുകള്‍ക്കിടയിലായിരുന്നു. ചിലപ്പോള്‍ തോന്നും പണ്ഡിതരുടെ മാര്‍ഗ്ഗം സ്വീകരിക്കാമെന്ന്. മറ്റ് ചിലപ്പോള്‍ തോന്നും സ്വൂഫികളുടെ വഴി കൈക്കൊള്ളാമെന്ന്. അവസാനം യമനിലുള്ള അല്ലാഹുവിന്‍റെ ഔലിയാക്കളില്‍ പെട്ട ഒരു മഹാനോടൊപ്പം ഞാന്‍ കൂടി. അദ്ദേഹം എന്‍റെ മനസ്സ് തുറന്നു. എന്‍റെ മനസ്സിലുള്ള സര്‍വ്വതും അദ്ദേഹം അറിഞ്ഞു. മഹാനുഭാവന്‍ എന്നോട് പറഞ്ഞു: ഓ കുഞ്ഞേ! സ്വൂഫിയുടെ പ്രാരംഭഘട്ടം സ്വൂഫിയല്ലാത്ത ഒരു പണ്ഡിതന്‍റെ അവസാന ഘട്ടമാണ്. ഇതിന്‍റെ കാരണം മഹാനുഭാവന്‍ യാഫിഈ (റ) ന് വിവരിച്ച് കൊടുത്തു. കാരണം ഒരു സ്വൂഫി തുടക്കം തന്നെ അല്ലാഹുവല്ലാത്ത സര്‍വ്വതിനെ തൊട്ടുമുള്ള ഒഴിയലാണ്. സര്‍വ്വ ആരാധനകളും അല്ലാഹുവിന് മാത്രമായി ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കലാണ്. അതിന് പകരമോ പ്രതിഫലമോ യാതൊന്നും തേടുകയില്ല. എന്നാല്‍ ഈ മഹത്തരമായ അവസ്ഥ പണ്ഡിതന്‍റെ അവസാന ഘട്ടത്തിലാണ്. ഇതിലൂടെ ഇമാം യാഫിഈ (റ) സ്വൂഫീ സരണി സ്വീകരിക്കണമെന്ന് കാര്യകാരണങ്ങള്‍ സഹിതം പ്രഖ്യാപിച്ചു. മാത്രമല്ല, മഹാനുഭാവന്‍ തന്‍റെ പല അനുഭവങ്ങളും കുറിച്ചിട്ടു. ഇത്രയൊക്കെ മഹാരഥന്മാര്‍ രേഖപ്പെടുത്തിയിട്ടും സ്വൂഫീ സരണിക്കെതിരെയുള്ള ചിലരുടെ ഉറഞ്ഞുതുള്ളലുകള്‍ കാണുമ്പോള്‍ സഹതപിക്കാനേ സാധിക്കുന്നുള്ളൂ. തുടര്‍ന്ന് ഗൗരവത്തോടെ ഇമാം ശഅ്റാനി (റ) ഒരു കാര്യം പറഞ്ഞു: "എന്‍റെ സമുദായത്തിലെ പണ്ഡിതര്‍ ബനൂ ഇസ്റാഈലിലെ അമ്പിയാഇന് സമാനരാണ്". "പണ്ഡിതര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്" എന്നിങ്ങനെയുള്ള വിജ്ഞാനത്തിന്‍റെ മഹത്വമൂന്നിപ്പറയുന്ന ഹദീസുകള്‍ അവലംബമാക്കി ഹൃദയ സംസ്കാരത്തിനുതകുന്ന കര്‍മ്മങ്ങളൊന്നും പ്രവൃത്തി പദത്തില്‍ കൊണ്ട് വരാതെ കേവലം കുറേ അറിവുകള്‍ സമ്പാദിച്ച് വെക്കുന്നവരുടെ കൂട്ടത്തില്‍ നീ പെടാതെ സൂക്ഷിക്കണം. ശേഷം അതിന്‍റെ വഴിയും മഹാനുഭാവന്‍ ഉണര്‍ത്തി; അഥവാ നിന്‍റെ അകം ശുദ്ധിയാക്കാതെ ഒരിക്കലും നിഷ്കപടമായ സുകൃതങ്ങള്‍ ചെയ്യാന്‍ നിനക്ക് സാധ്യമേ അല്ല. അതിന് വഴികാട്ടിയായ ഒരു ആത്മജ്ഞാനിയുമായി നീ കൂട്ടുകൂടുക. ആ സത്യസരണി കാണിച്ചു തരാനാവുന്ന ഒരു മഹാനുമായി നീ ആത്മബന്ധം സ്ഥാപിക്കുക. ഇതിന് പ്രമാണമെന്നോണം തൊട്ടുപിറകെ വിശുദ്ധ വചനം കുറിച്ചു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞു: "വീടുകളുടെ മുന്‍വാതിലിലൂടെ നിങ്ങള്‍ കടന്നുചെല്ലുക". 

ചാരിയാല്‍ ചാരിയത് മണക്കും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചാണകം ചാരിയാല്‍ ചാണകം മണക്കും. അല്ലാഹു, അല്ലാഹു എന്ന സ്മരണയുമായി സദാ ആനന്ദത്തിലാറാടുന്ന ആത്മജ്ഞാന ഗുരുക്കളുമായി ആത്മബന്ധം സ്ഥാപിക്കുമ്പോള്‍ അവനും ആത്മജ്ഞാനിയായി മാറുന്നു. സര്‍വ്വ സുകൃതങ്ങളുടെയും ഗുണനിലവാരങ്ങള്‍ നശിപ്പിക്കുന്ന ഹൃദയ രോഗങ്ങളില്‍ നിന്നും ശാശ്വത മോചന സൗഭാഗ്യം ലഭിക്കുന്നു. തന്‍റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നു. അതുവഴി ജഗന്നിയന്താവിന്‍റെ യഥാര്‍ത്ഥ അടിമയായി മാറുന്നു.

ഒരിക്കല്‍ ശൈഖ് ഉബ്ബാദുല്‍ മാലികി (റ) ശൈഖ് മദ്യനു (റ) മായി ഒരുമിച്ച് കൂടി. മദ്യന്‍ (റ) ഇദ്ദേഹത്തെ തിരിഞ്ഞുനോക്കുകയോ ബഹുമാനിക്കുകയോ ഒന്നും ചെയ്തില്ല. ഒരുനിലയ്ക്കും പരിഗണിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ ഉബ്ബാദ് (റ) ചോദിച്ചു: അവിടുന്ന് എന്തിനാ ഈ നിലപാട് സ്വീകരിച്ചത്? ഉടനെ ഗൗരവത്തോടെ മദ്യന്‍ (റ) പറഞ്ഞു: "നീ ഒരു മുശ്രിക്കാണ്". ഉബ്ബാദ് (റ) ഉടനെ ചോദിച്ചു: "എന്താണ് എന്‍റെ ഭാഗത്ത് നിന്നുള്ള ശിര്‍ക്ക്?". മദ്യന്‍ (റ) പറഞ്ഞു: "നിങ്ങളുടെ നിലവിലുള്ള ഈ അവസ്ഥ തന്നെ. നിങ്ങളെ ആദരിക്കണമെന്നും നിങ്ങളോട് വിനയം കാണിക്കണമെന്നുള്ള ഈ തേട്ടം. ഇത് തന്നെ. സര്‍വ്വ വിധ ആദരവുകളും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിക്കേണ്ടത് അല്ലാഹുവിന് മാത്രമാണ്. അവന് മാത്രം അര്‍ഹതപ്പെട്ടതില്‍ നിങ്ങളെന്തിന് തര്‍ക്കിക്കണം? അവന് തുല്യനാവാനുള്ള പുറപ്പാടാണോ?! ഇനി പറയൂ! എങ്ങനെ നിങ്ങളെ ആദരിക്കുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനാദരവും പുച്ഛവുമാണ് അര്‍ഹിക്കുന്നത്. ശൈഖ് മദ്യന്‍ (റ) ന്‍റെ മുമ്പില്‍ കൊച്ചുകുഞ്ഞിനെ പോലെ മിണ്ടാട്ടമില്ലാതെ ഉബ്ബാദ് (റ) കുറച്ച് നേരം മൗനം ദീക്ഷിച്ച് നിന്ന ശേഷം അര്‍ഹിക്കുന്ന ആദരവോടെയും ആത്മാര്‍ത്ഥമായും വിളിച്ച് പറഞ്ഞു: "......"  ഞാനിന്ന് പൂര്‍ണ്ണ മുസ്ലിമായി മാറി. ഇത്തരം ആത്മജ്ഞാനികളുമായി സഹവസിക്കാന്‍ അവസരം പ്രദാനം ചെയ്യട്ടെ. ആമീന്‍. 


                                      സയ്യിദ് അഹ്മദ് കബീര്‍ ഇര്‍ഫാനി, ആന്ത്രോത്ത്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...