നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday, 24 October 2012

വരൂ..... മുതലാളിയാകാം



വരൂ.....
മുതലാളിയാകാം ....


----------------------------------------------------------------------------------------
മുതല്‍മുടക്കില്ലാതെ മുതലാളിയാവാന്‍ പറ്റിയ ഒരു ഏളുപ്പവഴിയാണിത്. മുതലാളിയാകുമെന്നത് വെറും വാക്കല്ല. പ്രവാചക വചസ്സാണ്. അതിനു ഒന്ന് മാത്രം ചെയ്താല്‍ മതി ഉള്ളതുകൊണ്ട് തൃപ്തിപ്പെടനം.

ഒരു ഹദീസില്‍ ഇങ്ങനെ കാണാം . നബി (സ) പറഞ്ഞു. ഇസ്ലാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെടുകയും അള്ളാഹു നല്‍കിയതില്‍ തൃപ്തിപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു.

ഖാനാഅത്ത് (ഉള്ളതുകൊണ്ട് തൃപ്തിപ്പെടല്‍ ) യഥാര്‍ത്ഥ വിശ്വാസിയുടെ ലക്ഷണങ്ങളില്‍ പെട്ടതാണ്. എത്ര കിട്ടിയാലും മതിവരാത്ത സമൂഹം എന്നാണിനി ഈ പ്രവാചക വചനം പഠിക്കുക. ഈ കാണുന്ന പ്രപഞ്ചവും അതിലെ ചരാചരങ്ങളും നൈമീഷികമാണെന്നും അല്ലഹുവിനാണ് എല്ലാകഴിവെന്നും ശാശ്വതമായത് പരലോക ജീവിതമാണെന്നും നമുക്കറിയാമെങ്കില്‍ നമ്മുടെ ജീവിതം അതിഥി മന്ദിരത്തിലേത് പോലായിരിക്കണം. അവിടെ കാണുന്ന ഒന്നിനോടും അമിതഭ്രമം വച്ചിട്ട് കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ ഇവിടം വിട്ടു സ്വദേശമിലേക്ക് പോവേണ്ടതാണ്. ഇവിടെയുള്ളതില്‍ നിന്നും ഹലാലായ രീതിയില്‍ നമ്മുടെ ആവശ്യപൂര്‍ത്തീകരണത്തിന് ലഭ്യമായതില്‍ നിന്നും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക . ശേഷം തിരിച്ച് പോവുക . ഈ ലോകജീവിതത്തില്‍ യഥാര്‍ത്ഥ വിശ്വാസിയുടെ കാഴ്ചപ്പാടും മനോഭാവവും ഇതായിരിക്കണം. ഈയൊരു കാഴ്ചപ്പാടില്‍ പരലോക വിജയം കാംക്ഷിക്കുന്നവര്‍ക്ക് ഖനാഅത്ത് വളരെ പ്രയോജനകരമാകും..

ഖനാഅത്ത് എന്നാല്‍ അല്ലാഹുവിന്‍റെ നല്‍കലില്‍ സന്തുഷ്ടനാവുക എന്നാണ് സാരം. പ്രവാചകന്‍ (സ) എപ്പോഴും പ്രാര്‍ത്ഥന നടത്താറുണ്ടായിരുന്നു:"അല്ലാഹുവേ !  നീ നല്‍കിയതില്‍ എന്നെ സന്തുഷ്ടനാക്കേണമേ!" ഈ പ്രവാചക സ്വഭാവമായിരുന്നു ശേഷം വന്ന അനുചരിലും ഊട്ടിയുരപ്പിക്കപ്പെട്ടത്.

അബ്ദുല്ലാഹി ബിനു  ഉമര്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം . അള്ളാഹു  അവന്‍റെ അടിമയോട് പറയും: നിന്‍റെയടുക്കല്‍ നിനക്ക് ആവശ്യമുള്ള സമ്പത്തുണ്ട്. എന്നാലും ഇനിയും വേണമെന്നാണ് നിന്‍റെ വിചാരം. നിന്‍റെ ധിക്കാരത്താല്‍ അല്‍പ്പം കൊണ്ട് നീ തൃപ്തിപ്പെടുന്നില്ല. എന്നാല്‍ കുറെയേറെ നിന്‍റെ ആമാശയത്തില്‍ നിറക്കാനും വയ്യ. പ്രവാചകന്‍ പറയുന്നത് നാഥന്‍ നല്‍കിയതില്‍ തൃപ്തിപ്പെടാത്തത് ധിക്കാരമാണെന്നാണ്. അല്ലാഹുവിനോട് ധിക്കാരം കാണിക്കുന്ന അടിമയുടെ നാശമാവട്ടെ വ്യക്തവും. എത്ര കിട്ടിയാലും വീണ്ടും വീണ്ടും പോരട്ടെ എന്ന ചിന്താഗതിക്കാരാണ് നാം. കാല്‍ നടയായി യാത്ര ചെയ്യുമ്പോള്‍ ഒരു ടുവീലര്‍ കിട്ടാന്‍ മനം കൊതിക്കും. ടുവീലര്‍ സ്വന്തമായി കഴിയുമ്പോള്‍ എങ്ങനെയെങ്കിലും ഒരു നാലുവീലന്‍ വണ്ടി എന്നായി ചിന്ത. അത് ആയികഴിയുമ്പോള്‍ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയ പുതിയ പുതിയ മോഡലുകളോടായി ഭ്രമം. പിന്നേയും ഈ ത്വര നിലക്കാതെ പലായനം ചെയ്യുകയാണ്. ഇതൊരു വാഹനത്തിന്‍റെ കാര്യം മാത്രം . ഏത് മേഖല പരിശോധിച്ചാലും മനുഷ്യന്‍റെ അവസ്ഥ.

നബി (സ ) യുടെ മുമ്പാകെ ഒരാള്‍ വന്നു പറഞ്ഞു. പ്രവാചകരെ! എനിക്ക് ഉപകാരമുള്ള ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു തന്നാലും. നബി (സ) പറഞ്ഞു.  " നീ ഇങ്ങനെ പ്രാര്‍ത്ഥിക്കുക. റബ്ബേ എനിക്ക് നീ പൊറുത്തു തരേണമേ...! എന്‍റെസ്വഭാവത്തില്‍ സവിശേഷമായ വിശാലത നല്‍കേണമേ...! എന്‍റെ ജോലിയില്‍ ബറകത്ത് വര്‍ധിപ്പിച്ചു തരേണമേ ..! നീ ഏതൊന്ന് എനിക്ക് ഔദാര്യമായി ഒരുക്കി തന്നുവോ അതില്‍ സംതൃപ്തി നല്കേണമേ...! .. വര്‍ത്തമാനകാല ഉമ്മതും ഈയൊരു പ്രാര്‍ത്ഥനയാണ് പതിവാക്കേണ്ടത്.
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നവനാണ് ധനികന്‍ . പ്രവാചകന്‍റെവാക്യം അതാണ് നമ്മെ പഠിപ്പിക്കുന്നത്‌.. . ,,. സമ്പത്തുള്ളവനല്ല മുതലാളി , പ്രത്യുത മന:സംതൃപ്തി യുള്ളവനാണ് . മുതലാളിയാവാന്‍ ഇത്രയധി കം ഏളുപ്പ പാഥേയം നമുക്ക് മുന്നില്‍ തുറക്കപ്പെട്ടിട്ടും എന്തിനാണ് നാം മടിച്ചു നില്‍കുന്നത്. നാളേയുടെ  മോഹന വാഗ്ദാനങ്ങളില്‍ ചേക്കേറാതെ, ഇന്നിന്‍റെ പളപള പ്പില്‍ മതി മയങ്ങാതെ , മറ്റുള്ളവരുടെ വിഭവങ്ങളില്‍ കണ്ണുംനട്ടിരിക്കാതെ , ഉള്ളതുകൊണ്ട് സംതൃപ്തിയടഞ്ഞാല്‍ നമുക്കും ധനികനാകാം ....
                                                                                                                                                         വരൂ... മുതലാളിയാകാം ... ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടാല്‍  മാത്രം മതി......!!!

  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...