ശവ്വാല്‍ വിറച്ച ഉഹ്ദ് യുദ്ധം
സര്‍വ്വായുധ സജ്ജരായി അഹങ്കാരത്തിന്‍റെ ഉന്മാദത്തില്‍ ലയിച്ച് മദീനക്കാരെ തല്ലി തകര്‍ക്കാം എന്ന ലക്ഷ്യവുമായി പടക്കെത്തിയ മക്കക്കാര്‍ക്ക് ബദ്റില്‍ തികഞ്ഞ പരാജയമാണ് ഉണ്ടായത്. പ്രമുഖരായ പല ഖുറൈശി നേതാക്കളും തലകുത്തിവീണു. സന്നാഹങ്ങളും മറ്റും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടേണ്ടിവന്നു. തങ്ങളേക്കാള്‍ മൂന്നിലൊന്നുമാത്രം വരുന്ന പട്ടിണിക്കോലങ്ങളോട് തോറ്റ് മടങ്ങേണ്ടിവന്നത് കനത്ത അപമാനമാണ് അവര്‍ക്കുണ്ടാക്കിയത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട സ്ത്രീകളുടെ, തോല്‍വിയെ പറ്റിയുള്ള ചൊറിയുന്ന വര്‍ത്തമാനം ഖുറൈശികളെ കുറച്ചൊന്നുമല്ല രോഷം കൊള്ളിച്ചത്. ബദ്റില്‍ തോറ്റ് മടങ്ങുമ്പോള്‍ അപമാനം സഹിക്കാതെ അബൂസുഫ്യാന്‍ ഒരു പ്രതിജ്ഞ ചെയ്തിരുന്നു. മദീനയിലെ മുസ്ലീങ്ങളുമായി പ്രതികാര പോരാട്ടം നടത്തിയതിനുശേഷമല്ലാതെ തന്‍റെ ഭാര്യയെ പ്രാപിക്കുകയില്ലെന്ന്.
രണ്ട് മാസങ്ങള്‍ക്കുശേഷം തന്‍റെ ശപഥം പൂര്‍ത്തീകരിക്കുന്നതിനായി ഇരുന്നൂറോളം വരുന്ന സംഘവുമായി അബൂസുഫ്യാന്‍ പുറപ്പെട്ടു. വഴിയില്‍ വെച്ച് കാര്‍ഷീക ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു അന്‍സ്വാരിയേയും കൂട്ടാളിയേയും വധിക്കുകയും അവരുടെ ഈന്തപ്പനയ്ക്ക് തീയിടുകയും ചെയ്തു. ഈ ക്രൂരകൃത്യം വഴി തന്‍റെ ശപഥം പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ച് അദ്ദേഹം തിരിച്ച് മക്കയിലേക്ക് പോയി. ഈ വിവരം പ്രവാചകന്‍ (സ്വ) തങ്ങളുടെ ചെവിയിലെത്തി. ഉടന്‍ തന്നെ ഇരുന്നൂറ് സ്വഹാബികളേയും കൂട്ടി പ്രവാചകന്‍ (സ്വ) തങ്ങള്‍ അബൂസുഫ്യാനേയും സംഘത്തെയും അന്വേഷിച്ച് പുറപ്പെട്ടു. ഇതറിഞ്ഞ ശത്രുപക്ഷം കയ്യിലുണ്ടായിരുന്നതൊക്കെയും വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. വലിച്ചെറിഞ്ഞ വസ്തുക്കള്‍ വിശ്വാസികള്‍ക്ക് ലഭിച്ചു. അതില്‍ കൂടുതലും ഭക്ഷ്യവിഭവങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ ഏറ്റുമുട്ടലിന് ഗോതമ്പുമാവ് യുദ്ധം എന്ന് പേര് കാണാന്‍ കഴിയും ഈ തിരിച്ചടി ബദ്റില്‍ ഏറ്റ മുറിവിന് ശക്തികൂട്ടി. അടങ്ങാത്ത പക ഓരോ ദിവസം മക്കക്കാരുടെ മനസ്സില്‍ ഏറിവന്നു കൊണ്ടിരുന്നു.
ഹിജ്റ മൂന്നാം വര്‍ഷം ബനൂസഅ്ലബത്ത്, ബനൂഹാരിസ് കുടുംബങ്ങള്‍ മദീനയില്‍ കടന്ന് നബി (സ്വ) യെ വധിക്കാന്‍ വേണ്ട തീരുമാനങ്ങളും ചര്‍ച്ചകളും മക്കയില്‍ ചൂട് പിടിച്ചു. ഇതറിഞ്ഞ മുസ്ലിംകള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തി. പ്രവാചകന്‍ (സ്വ) ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വഹാബത്തിന് നല്‍കി കൊണ്ടിരുന്നു. അജണ്ട നടപ്പാക്കാന്‍ മദീനയിലേക്ക് ശത്രുപക്ഷം പുറപ്പെട്ട വാര്‍ത്തയറിഞ്ഞ പ്രവാചകന്‍ (സ്വ) 450 ഓളം വരുന്ന അണികളുമായി യാത്രപുറപ്പെട്ടു. ഇതറിഞ്ഞ അക്രമികള്‍ ഓടി രക്ഷപ്പെടുക എന്ന പതിവ് നയം തന്നെ പ്രയോഗിച്ചു. പിന്നീട് ഗൂഢാലോചനയുടെ മുന്‍ ശക്തിയും ഗ്രാമപ്രമാണിയുമായ ദുഅ്സൂര്‍ സത്യദീനിന്‍റെ പാതയിലേക്ക് കടന്നുവന്നു. അതോടെ അദ്ദേഹത്തിന്‍റെ ഇഷ്ടക്കാരായ ധാരാളം ആളുകള്‍ ഇസ്ലാമിന്‍റെ ശാദ്വല തീരത്തേക്ക് വന്നണഞ്ഞു. ഈ സംഭവം കൂടി അറിഞ്ഞതോടെ മക്കക്കാരുടെ മനതലങ്ങളില്‍ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞുവീശി. പ്രതികാരത്തിന്‍റെ അരുണ ഭാവങ്ങള്‍ തിളച്ചു കൊണ്ടിരുന്നു. ഭര്‍ത്താവും പിതാക്കന്മാരും ബദ്റില്‍ നഷ്ടപ്പെട്ട സ്ത്രീകളുടെ ആക്ഷേപങ്ങള്‍ കൂടിയായപ്പോള്‍ എങ്ങനെയെങ്കിലും മദീനക്കാരെ തറപറ്റിക്കാനുള്ള ഗൂഢതന്ത്രങ്ങളും നിഗൂഢ ചര്‍ച്ചകളും ചൂട് പിടിച്ചു. ഇനിയും അടങ്ങിയിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
എന്നാല്‍ മക്കക്കാരുടെ ദൈനംദിന ഭക്ഷ്യ-സാമ്പത്തിക സുരക്ഷ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദീനയുടെ പ്രാന്തപ്രദേശങ്ങളിലൂടെ കച്ചവടയാത്രകള്‍ ഇനി സുരക്ഷിതമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ പുതിയ കച്ചവടപാത കണ്ടുപിടിച്ചു. അങ്ങനെ ഇറാഖ് വഴി ശാമിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. മക്കക്കാരുടെ ഈ നീക്കത്തെപറ്റി രഹസ്യവിവരം ലഭിച്ച പ്രവാചകന്‍ (സ്വ) അലിയ്യു ബ്നു അബീ ത്വാലിബിനെ പതാക വാഹകനാക്കി ഒരു സംഘത്തെ തയ്യാറാക്കി അയച്ചു. നജ്ദിലെ അല്‍ഖദ്ര്‍ പ്രദേശത്തുവെച്ച് അവര്‍ പരസ്പരം കണ്ടുമുട്ടിയെങ്കിലും ഒരു സംഘട്ടനത്തിനും പ്രതിരോധത്തിനും നില്‍ക്കാതെ എല്ലാം ഉപേക്ഷിച്ച് അവര്‍ ജീവനും കൊണ്ടോടി. ഉപേക്ഷിക്കപ്പെട്ട ഗനീമത്ത് മുതല്‍ മുസ്ലിംകള്‍ക്ക് വലിയ ഉപകാരമായി.
അല്‍ഖദ്റില്‍ ഏറ്റ ആഴത്തിലുള്ള മുറിവും, ബദ്റിലെ പതനവും, അബൂസുഫ്യാനേറ്റ തിരിച്ചടിയും ശത്രുപക്ഷത്തെ കൂടുതല്‍ പ്രതികാരദാഹികളാക്കി മാറ്റി. മദീനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു. പ്രമുഖരുടെ യോഗത്തില്‍ അതിന് തീരുമാനമായി. അതിനായി ഫണ്ട് ദാറുന്നദ്വയില്‍ ശേഖരിച്ചു തുടങ്ങി. യുദ്ധ പ്രചാരണം ശക്തമാക്കി. എല്ലാ ഗ്രോത്രങ്ങളുടെയും പങ്കാളിത്തമുള്ള ഒരു സമ്പൂര്‍ണ്ണ സൈന്യമായിരിക്കണം എന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചു. പ്രലോഭനങ്ങളിലൂടെയും ഭീക്ഷണിയിലൂടെയും പലരേയും യുദ്ധസന്നാഹത്തിലേയ്ക്ക് ചേര്‍ത്തു. ബദ്റിന്‍റെ യുദ്ധ തടവുകാരില്‍ നിന്നും പ്രവാചകന്‍ (സ്വ) വെറുതെ വിട്ട അബൂഅസ്സ എന്ന അറബി കവിയെ പ്രലോഭനങ്ങളിലൂടെ സംഘത്തില്‍ ചേര്‍ത്തു. അയാള്‍ കവിതയിലൂടെ യുദ്ധ പ്രചരണത്തിന് കൊഴുപ്പേകി. അവസാനം മൂവായിരത്തോളം വരുന്ന സൈന്യത്തെ അവര്‍ സജ്ജരാക്കി.
ഒരു വിഭാഗം സ്ത്രീകളും യുദ്ധത്തിന് പുറപ്പെടാന്‍ തയ്യാറായി. എന്നാല്‍ പലരും അതിനെ എതിര്‍ത്തു. പക്ഷേ ഹിന്ദിന്‍റെ വാക് സാമര്‍ത്ഥ്യത്തിനു മുമ്പില്‍ നേതാക്കള്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. സ്ത്രീകളെ തടഞ്ഞവരോട് ഹിന്ദ് രൂക്ഷ ഭാഷയില്‍ മറുപടി പറഞ്ഞു: "ഞങ്ങള്‍ പുറപ്പെടുകയും യുദ്ധത്തില്‍ സംബന്ധിക്കുകയും ചെയ്യും. ഞങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. ബദ്റില്‍ ഞങ്ങളെ തിരിച്ചയച്ചതിന്‍റെ ഫലം നാം അനുഭവിച്ചതാണ്". അങ്ങനെ ഹിന്ദിന്‍റെ നേതൃത്വത്തില്‍ ഒരു പറ്റം സ്ത്രീകളും ശത്രുപക്ഷത്തോടൊപ്പം കൂടി.
ത്വാഇഫില്‍ നിന്നുള്ള നൂറോളം പേരെ ഒഴിവാക്കിയാല്‍ ബാക്കിയുള്ള 2900 പേരും മക്കാനിവാസികളായിരുന്നു. 300 ഒട്ടകങ്ങളും 200 കുതിരകളും 700 അങ്കികളും 15 സ്ത്രീകളുമടങ്ങുന്ന സംഘത്തിന്‍റെ പ്രധാന നേതാവ് അബൂസുഫ്യാന്‍ തന്നെയായിരുന്നു. എന്നാല്‍ കുതിരപ്പടയുടെ നേതൃത്വം വഹിച്ചിരുന്നത് ഇക്ക്രിമത്ത് ബ്നു അബീജഹ്ലും, ഖാലിദ് ബ്നു വലീദും ആയിരുന്നു.
സംഘം മക്കയില്‍ നിന്നും പുറപ്പെട്ടു. സര്‍വ്വസന്നാഹങ്ങളോടെ മദീനയെ മുച്ചൂടും നശിപ്പിക്കാനുള്ള പ്രതികാര ദാഹവുമായി പുറപ്പെട്ട വിവരം മക്കയില്‍ നിന്നും ഒരു ഗിഫ്ഫാര്‍ ഗ്രോത്രക്കാരന്‍ വഴി അബ്ബാസ് (റ) നബി (സ്വ) യെ അറിയിച്ചു. മൂന്ന് ദിവസം യാത്ര ചെയ്താണ് അദ്ദേഹം മദീനയില്‍ എത്തിയത്. വിവരം രഹസ്യമായി സൂക്ഷിക്കാന്‍ നബി (സ്വ) അനുചരരോട് അറിയിക്കുകയും ഖുബാഇല്‍ ആയിരുന്ന പ്രവാചകന്‍ (സ്വ) മദീനയിലേയ്ക്ക് പോവുകയും ചെയ്തു. മദീനയിലെത്തി സഅദ് (റ) നോട് വിവരം ധരിപ്പിച്ച് അദ്ദേഹത്തോടും വിവരങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ അറിയിച്ചു. അനസ് (റ) നേയും മുഅ്നിസ് (റ) നേയും വിവരങ്ങള്‍ അറിയാനായി മദീനയുടെ അതിര്‍ത്തിയിലേക്കയച്ചു. അവര്‍ക്കു കാണാന്‍ കഴിഞ്ഞത് മദീനയുടെ പരിസരത്തെത്തി വിശ്രമിക്കുന്ന മക്കക്കാരെയാണ്. രണ്ടാമതും വിവരങ്ങളറിയാനായി നബി (സ്വ) ആളെ അയച്ചു. അപ്പോള്‍ ഖുറൈശി കുതിരപ്പട മദീനയോട് അടുത്തിരിക്കുന്ന വിവരം അറിയിച്ചു. ഈ വാര്‍ത്തകള്‍ മദീനക്കാരെ അറിയിക്കപ്പെട്ടു. ഒരു യുദ്ധമുണ്ടായാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളെ പറ്റി ഔസ് ഖസ്റജ് ഗ്രോത്രങ്ങള്‍ ആലോചിച്ചു. മദീനയില്‍ അന്നാരും ഉറങ്ങിയില്ല. നബി (സ്വ) യെ ജീവന്‍ നല്‍കിയും സംരക്ഷിക്കണം എന്നവര്‍ ഉറച്ച് തീരുമാനിച്ചു. കനത്ത ജാഗ്രത പുലര്‍ത്തി വിശ്വാസികള്‍ കഴിച്ചുകൂട്ടി.
അടുത്തതായി നാം സ്വീകരിക്കേണ്ട നടപടി എന്താകണമെന്ന് പ്രവാചകന്‍ (സ്വ) സ്വഹാബത്തിനോട് ആലോചിച്ചു. നമ്മെ അക്രമിച്ചാല്‍ മാത്രം നാം അവരെ എതിരേറ്റാല്‍ മതിയെന്ന് ഒരു വിഭാഗവും അങ്ങനെ ചെയ്താല്‍ നമ്മള്‍ ഭീരുക്കളാണെന്ന് അവര്‍ കരുതുമെന്നും അത് ശത്രുക്കള്‍ക്ക് ശക്തി പകരുമെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. സര്‍വ്വായുധ സന്നാഹങ്ങളുമായി എല്ലാം തകര്‍ത്താടാന്‍ വന്ന അവര്‍ വെറുതെ തിരിച്ചുപോകില്ലെന്നും അതിനാല്‍ അവരെ എതിരിടണമെന്നും ഹംസ (റ) നെ പോലുള്ളവര്‍ നിലപാട് വ്യക്തമാക്കി. എന്തായാലും നബി (സ്വ) പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു.
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅ നിസ്കാരാനന്തരം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ സ്വഹാബികള്‍ സന്തോഷഭരിതരായി. എല്ലാവരും അസ്വര്‍ നിസ്ക്കാരത്തിനായി സര്‍വ്വ തയ്യാറെടുപ്പുകളോട് കൂടെ മദീന പള്ളിയില്‍ ഒരുമിച്ച് കൂടി. അസ്വ്ര്‍ നിസ്ക്കാരാനന്തരം പ്രവാചകന്‍ വീടിനകത്തേയ്ക്ക് കയറി. കൂടെ ഉമര്‍ (റ) അബൂബക്കര്‍ (റ) ഉണ്ടായിരുന്നു. അവര്‍ പ്രവാചകനെ തലപ്പാവണിയിച്ചു. ഒരു യുദ്ധത്തിന് പ്രവാചകന്‍ (സ്വ) റെഡിയായി കഴിഞ്ഞു എന്നറിയിക്കുന്നതായിരുന്നു ആ വേഷം. ചില സ്വഹാബികള്‍ പ്രവാചകനോട് മദീനയില്‍ തന്നെ ഇരുന്നാല്‍ മതി യുദ്ധത്തിന് പുറപ്പെടേണ്ടതില്ലെന്ന് പറഞ്ഞെങ്കിലും തന്‍റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നിന്ന പ്രവാചകന്‍ അറിയിച്ചു. അല്ലാഹുവിന്‍റെ നാമത്തില്‍ നമുക്ക് പുറപ്പെടാം. നിങ്ങള്‍ ക്ഷമിക്കാന്‍ തയ്യാറാണെങ്കില്‍ വിജയം നിങ്ങള്‍ക്കാണ്.
യാത്ര പുറപ്പെടുന്നതിന്‍റെ ഭാഗമായി സൈദ്ബ്നു ഹുളൈര്‍ (റ) ന്‍റെ കൈയില്‍ ഔസിന്‍റെ പതാകയും ഹുബാബ് (റ) ന്‍റെ കൈയില്‍ ഖസ്റജിന്‍റെ പതാകയും അലിയ്യുബ്നു അബീത്വാലിബ് (റ) ന്‍റെ കൈയില്‍ മുഹാജിറുകളുടെ പതാകയും ഏല്‍പ്പിച്ചു. മുസ്ലിം സൈന്യം മൂന്ന് പതാകകള്‍ക്ക് കീഴില്‍ അണിനിരന്നു. മദീനയുടെ സാരഥ്യം പ്രവാചകന്‍ (സ്വ) അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ) നെ ഏല്‍പിച്ചു. തുടര്‍ന്ന് സംഘം യാത്ര പുറപ്പെട്ടു. നബി (സ്വ) യ്ക്ക് മുന്നില്‍ ഇരുവശങ്ങളിലായിട്ടായിരുന്നു സഅ്ദുബ്നുമുആദ് (റ) ന്‍റെയും സഅ്ദുബ്നു ഉബാദത്ത് (റ) ന്‍റെയും യാത്ര. സംഘം ഒരു സ്ഥലത്ത് തമ്പടിച്ചു. നബി (സ്വ) തന്‍റെ സംഘത്തെ നിരീക്ഷിച്ചപ്പോള്‍ അതില്‍ ധാരാളം കുട്ടികളെ കാണാന്‍ ഇടയായി. അവരില്‍ ചില വിദഗ്ദരെ ഒഴിച്ച് മറ്റുള്ളവരെ മടക്കി മദീനയിലേക്ക് അയച്ചു. അതില്‍ യുദ്ധത്തിന് അവസരം ലഭിച്ചവരാണ് അമ്പെയ്ത്ത് വിദഗ്ദനായ റാഫിഉബ്നു ഖദീജും മല്‍പിടുത്തത്തില്‍ സാമര്‍ത്ഥ്യമുള്ള സമുറത്ത്ബ്നു ജുന്‍ദുബ് (റ) വും. മഗ്രിബും ഇശാഅും നിസ്കരിച്ച് മുഹമ്മദ് ബ്നു മസ്ലമത്ത് (റ) ന്‍റെ നേതൃത്വത്തില്‍ 50 അംഗത്തെ കാവലേല്‍പ്പിച്ച് അന്നുരാത്രി അവര്‍ അവിടെ തങ്ങി. നബി (സ്വ) യുടെ കാവല്‍ ദക്വാന്‍ (റ) ഏറ്റെടുത്തു.
നബി (സ്വ) യും സൈന്യവും ശത്രു സൈന്യത്തിന്‍റെ സമീപത്താണിപ്പോള്‍. മുനാഫിഖുകള്‍ മുസ്ലിം സൈന്യത്തിനിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ആയിരത്തോളം വരുന്ന മുസ്ലിം സൈന്യത്തില്‍ നിന്നും മുന്നൂറോളം ആളുകളെ പിന്തിരിപ്പിച്ചു. ഈ സമയത്താണ് സൂറത്തു ആലിഇംറാനിലൂടെ ഉഹ്ദ് യുദ്ധത്തിന്‍റെ സുപ്രധാനമായ ലക്ഷ്യം അല്ലാഹു വ്യക്തമാക്കിയത്. 'സദ്വൃത്തരായ ആളുകളെ ദുര്‍വൃത്തരില്‍ നിന്നും വേര്‍തിരിക്കാതെ നിങ്ങളുള്ളതുപോലെ എന്നും വിശ്വാസികളെ അല്ലാഹു വിടുന്നതല്ല. കാപട്യത്തിന്‍റെ മൂടുപടമണിഞ്ഞ മുനാഫിഖുകളെ വേര്‍തിരിച്ചതാണ് ഉഹ്ദില്‍ കാണാനായത്.
ബാക്കിവരുന്ന 700 പടയാളികളുമായി പ്രവാചകന്‍ (സ്വ) തങ്ങള്‍ ഉഹ്ദിന്‍റെ താഴ്വരയിലെത്തി. നേരെ മുന്നില്‍ ശത്രു സൈന്യം അവര്‍ നോക്കിനില്‍ക്കെ ശനിയാഴ്ച സുബ്ഹി നിസ്കാരത്തിന് അണിയായി നിന്നു. ക്ഷമയോടും, ധൈര്യത്തോടും കൂടി പോരാടാനും അതിന് ലഭിക്കുന്ന പുണ്യവും സവിസ്തരം പ്രതിപാദിക്കുന്ന പ്രഭാഷണം പ്രവാചകന്‍ (സ്വ) നടത്തി. പ്രസംഗത്തിനൊടുവില്‍ ആരും ഞാന്‍ കല്‍പ്പിക്കാതെ യുദ്ധം തുടങ്ങരുതെന്നും പ്രവാചകന്‍ (സ്വ) കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അബ്ദുല്ലാഹിബ്നു ജുബൈര്‍ (റ) ന്‍റെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന സംഘത്തെ ഉഹ്ദ് പര്‍വ്വതത്തില്‍ നിയോഗിച്ചു. എന്ത് വന്നാലും നിര്‍ത്തിയ ഇടത്തില്‍ നിന്നും പിന്മാറരുതെന്നും കല്‍പ്പിച്ചു. നിങ്ങളുടെ കൈയിലാണ് നമ്മുടെ വിജയമെന്ന് അവരെ ഉണര്‍ത്തി.
യുദ്ധത്തിന്‍റെ പ്രകമ്പനം മുഴങ്ങി ഉഹ്ദിന്‍റെ രണഭൂമി വിറങ്ങലിച്ചു. രണ്ട് പക്ഷത്തും യുദ്ധമുന്നണി നേരെയാക്കി. ശത്രു പക്ഷത്ത് നിന്നും അബൂആമിര്‍ വീരവാദവുമായി രംഗത്ത് വന്നതോടെ യുദ്ധം ആരംഭിച്ചു. രക്തം തിളക്കുന്ന കവിതകള്‍ ചൊല്ലി ഹിന്ദ് സംഘട്ടനത്തിന് ചൂടും വീര്യവും പകര്‍ന്നു. നബി (സ്വ) വാളെടുത്ത് ഇതാരാണ് സ്വീകരിക്കുക എന്ന് ചോദിച്ചു. പലരും മുന്നോട്ട് വന്നെങ്കിലും പ്രവാചകന്‍ (സ്വ) അത് അബൂദുജാന (റ) യെ ഏല്‍പ്പിച്ചു. അദ്ദേഹത്തെ പ്രവാചകന്‍ (സ്വ) ആശിര്‍വദിച്ചു. പിന്നീട് ഉഹ്ദില്‍ നടന്നത് അബൂദുജാന (റ) ന്‍റെ നിസ്തുലമായ പ്രകടനമായിരുന്നു. ഉഹ്ദിന്‍റെ ഓരോ മണല്‍ തരികളും വിറച്ചു. പ്രമുഖരായ പലരും നിലംപതിച്ചു. അവരുടെ പതാകവാഹകരായ ത്വല്‍ഹയടക്കം ഉഹ്ദിന്‍റെ മണല്‍ തരികളില്‍ കിടന്ന് പിടഞ്ഞപ്പോള്‍ ശത്രുപക്ഷം വിറച്ചു. അവര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. അസത്യത്തിന്‍റെ പതാകവാഹകര്‍ പിന്തിരിഞ്ഞോടി. യുദ്ധം ജയിച്ച പ്രതീതി കൈവന്നു. ഈ സമയം കുന്നിനുമുകളില്‍ നിറുത്തിയ അമ്പെയ്ത്തു സംഘം ഭൂരിഭാഗവും യുദ്ധ ഭൂമിയിലേക്കിറങ്ങി. യുദ്ധം വിജയിച്ചു ഇനിയെന്ത് നോക്കാന്‍ എന്നായിരുന്നു അവരുടെ ഭാവം. ഈ ഒന്നാം ഘട്ടം മുസ്ലിംകള്‍ക്ക് വലിയ വിജയമായിരുന്നു.
യുദ്ധം പരാജയപ്പെട്ട് ചിതറിയോടുമ്പോഴും തിരിച്ചടിക്കാന്‍ വല്ല പഴുതുമുണ്ടോയെന്ന് ശത്രുപക്ഷം അന്വേഷിക്കുന്നുണ്ടായിരുന്നു. കുന്നിനുമുകളില്‍ അവശേഷിച്ച അമ്പെയ്ത്തു സംഘത്തിലെ കുറഞ്ഞ ആളുകളെ മാത്രം കണ്ടപ്പോള്‍ പിന്തിരിഞ്ഞോടിയ സംഘത്തിലെ രണ്ടുപേര്‍ കയറിവന്ന് അവശേഷിച്ചവരെ വധിച്ചു. നേതാവായ അബ്ദുല്ല (റ) ദീര്‍ഘനേരം അതിജയിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹവും അവിടെ ശഹീദായി. അരിശം സഹിക്കാതെ ശത്രുക്കള്‍ ശരീരം വികൃതമാക്കി കുടല്‍മാലകള്‍ പുറത്തെടുത്തു.
യുദ്ധം ജയിച്ച സാഹചര്യത്തില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കള്‍ സ്വരുക്കൂട്ടികൊണ്ടിരുന്നപ്പോള്‍ പിന്തിരിഞ്ഞോടിയ ശത്രുസംഘത്തിലെ കുതിരപ്പടയാളികള്‍ യുദ്ധമുഖം പിടിച്ചടക്കി. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വിശ്വാസികള്‍ ചിതറിയോടി. ഇതോടെ പിശാച് ആശയക്കുഴപ്പവും സങ്കീര്‍ണ്ണതയും സൃഷ്ടിച്ചു. സുറാഖത്തിന്‍റെ മകന്‍റെ വേഷത്തില്‍ അടുത്ത കുന്നില്‍ നിന്നും പിശാച് വിളിച്ചു പറഞ്ഞു: മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു. മുന്നാവര്‍ത്തി ഇങ്ങനെ പറഞ്ഞപ്പോള്‍ പ്രവാചകനില്ലാതെ നാം ഇനി എന്തിന് എന്ന് കരുതി ഒരു വിഭാഗം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മറ്റൊരു വിഭാഗം അഹോരാത്രം പോരാടി വീരമൃത്യുവരിച്ചു.
ഇതെല്ലാം നടക്കുമ്പോഴും പ്രവാചകന്‍ (സ്വ) ചെറിയൊരു സംഘത്തോടൊപ്പം ഉഹ്ദില്‍ തന്നെ ഉണ്ടായിരുന്നു. ചെറിയ സംഘത്തോടൊപ്പം പ്രവാചകനെ കണ്ടപ്പോള്‍ ശത്രുപക്ഷം പിന്നീട് അവര്‍ക്കുനേരെയായി. പ്രവാചകന്‍ (സ്വ) നെ സംരക്ഷിക്കാന്‍ കൂടെയുണ്ടായിരുന്ന പതിനഞ്ചംഗ സംഘത്തിന് പെടാപ്പാട് പെടേണ്ടിവന്നു. ജീവന്‍ നല്‍കിയും പ്രവാചകരെ സംരക്ഷിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരായിരുന്നു. പ്രമുഖരായ 70 സ്വഹാബികള്‍ രക്തസാക്ഷികളായി. യുദ്ധം ജയിച്ചതിന്‍റെ അമിതാഹ്ലാദ പ്രകടനം നടത്തിയാണ് മക്കക്കാര്‍ തിരിച്ചുപോയത്. ഇനി നമുക്ക് അടുത്ത ബദ്റില്‍ കാണാമെന്ന് അവര്‍ വെല്ലുവിളിക്കുകയും ചെയ്തു.
രംഗം ശാന്തമായപ്പോള്‍ രക്തസാക്ഷിത്വം വഹിച്ചവരേയും മുറിവേറ്റവരേയും കണ്ടെത്തി പരിചരണവും പരിപാലനവും നടത്തി. ഹംസ (റ) ന്‍റെയും അബ്ദുല്ലാഹി ബ്നു ജുബൈര്‍ (റ) ന്‍റെയും മയ്യിത്തുകള്‍ ശത്രുപക്ഷം വികലമാക്കി. രക്തസാക്ഷികളെ മറവുചെയ്ത ശേഷം പ്രവാചകന്‍ (സ്വ) അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. വെള്ളിയാഴ്ച അസ്വറിനുശേഷം മദീന വിട്ട പ്രവാചകന്‍ (സ്വ) തങ്ങള്‍ ശനിയാഴ്ച വൈകുന്നേരം തിരിച്ചെത്തി. ഈ യുദ്ധം നടന്നത് ശവ്വാല്‍ 11 ന് ആയിരുന്നു.
No comments:
Post a Comment