തിരുദൂതരുടെ പലായന വഴി
മക്കയിലെ മുസ്ലിംകള്‍ വളരെ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല.. വര്‍ഷങ്ങളായി തങ്ങളനുഭവിക്കുന്ന പീഡനപര്‍വ്വങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് പലായനം നടത്താന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു.. പിറന്ന നാടുവിട്ടു പോകാന്‍ താല്‍പര്യമുണ്ടായിട്ടല്ല.. പക്ഷേ വിശ്വാസ സംരക്ഷണത്തിന് ഒരു നാടുമാറ്റം അനിവാര്യമായിരിക്കുന്നു.. ദിനംപ്രതി പീഡനങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു....
ഹിജ്റ ആരംഭിച്ചു. ആദ്യം അബ്സീനിയയിലേക്ക്..... പിന്നീട് മദീനയിലേക്ക്... മദീനയിലേക്ക് ആദ്യമായി ഹിജ്റ പോയവ്യക്തി മുത്ത് നബി (സ)യുടെ ഭാര്യ ഉമ്മുസലമ ബീവിയുടെ മുന്‍ഭര്‍ത്താവ് അബൂസലമ(റ) ആയിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ ഭാര്യ ഉമ്മു സലമ (റ)യും മകനും തയ്യാറെടുത്തെങ്കിലും കുടുംബക്കാര്‍ തടഞ്ഞു.... വിരഹ ദുഖത്താല്‍ ഒരു വര്‍ഷത്തോളം കരഞ്ഞു കാലം കഴിച്ച ഉമ്മു സലമ ബീവിയോട് കുടുംബക്കാര്‍ കാരുണ്യം കാണിച്ചു. ഭര്‍ത്താവിന്‍റെയടുത്തേക്ക് യാത്രതിരിക്കാന്‍ അനുമതി നല്‍കപ്പെട്ടു. സലമയെന്ന പിഞ്ചുപൈതലിനെയും മടിയില്‍ വെച്ച് ഒട്ടകപ്പുറത്ത് ഏകാന്തയായി ഉമ്മുസലമ ബീവി മദീനയിലേക്ക് യാത്രയായി... തന്‍ഈമിലെത്തിയപ്പോള്‍ ഉസ്മാനുബ്നുത്വല്‍ഹ(റ)യെ കണ്ടുമുട്ടി. അദ്ദേഹം അവര്‍ക്ക് യാത്രയില്‍ തണലായി. ഖുബാഇല്‍ അബൂസലമ(റ) താമസിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി വിട്ടശേഷം ഉസ്മാന്‍ ഇബ്നു ത്വല്‍ഹ (റ) മക്കയിലേക്ക് മടങ്ങി...
അബൂസലമക്ക് ശേഷം ആമിറുബ്നു റബീഅ(റ), ഹുലൈഫ് ബ്നു അദിയ്യ്,(റ) അബ്ദുല്ലാഹിബ്നു ജഹ്ശ്(റ), അന്ധനായ അബൂ അഹ്മദ് അബ്ദുബ്നു ജഹ്ശ്(റ), ഇവരുടെ കുടുംബങ്ങള്‍, ഉമറുബ്നുല്‍ ഖത്വാബി(റ)ന്‍റെ നേതൃത്വത്തിലുള്ളവര്‍ തുടങ്ങി നിരവധി പേര്‍ മദീനയിലേക്ക് പലസംഘങ്ങളായി നീങ്ങിക്കൊണ്ടിരുന്നു... ഓരോ സംഘങ്ങളും വേദനയോടെയാണെങ്കിലും മക്കയോട് വിടചൊല്ലി യാത്രയായി.
എല്ലാവരും പോകുന്നത് കണ്ടപ്പോള്‍ അബൂബക്ര്‍ സീദ്ദീഖ് (റ) മുത്തുനബിയോട് ഹിജ്റക്ക് അനുമതി ചോദിച്ചു. തിരുനബി (സ്വ) പ്രതിവചിച്ചു. "ധൃതിപ്പെടേണ്ട... താങ്കള്‍ക്ക് പറ്റിയ ഒരു കൂട്ടുകാരനെ അല്ലാഹു തരും.." ആ കൂട്ടുകാരന്‍ മുത്തുനബി ആകണമേ എന്ന പ്രാര്‍ത്ഥനയോടെ സിദ്ധീഖ് (റ) എണ്ണൂറ് ദിര്‍ഹം നല്‍കി രണ്ടു നല്ല ഒട്ടകത്തെ വാങ്ങി നിറുത്തി.
ദിവസങ്ങള്‍ കടന്നു പോയി. സാധാരണ അതിരാവിലെയോ വൈകീട്ടോ ആണ് മുത്ത് നബി (സ്വ) തന്‍റെ കൂട്ടുകാരന്‍ സിദ്ധീഖ് (റ) നെ സന്ദര്‍ശിക്കാന്‍ വരാറ് പതിവ്. പക്ഷേ അന്ന് പകല്‍സമയം തിരുനബി (സ്വ) സിദ്ധീഖി (റ)ന്‍റെ വീട്ടിലേക്ക് വരുന്നു.. ദൂരെനിന്ന് നബിയുടെ വരവ് കണ്ടപ്പോള്‍ തന്നെ അബൂബക്കര്‍ (റ)പറഞ്ഞു . "പുതിയതെന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് തിരുനബി ഇപ്പോള്‍ ആഗതനാകുന്നത്".
ആഇശ ബിവി(റ) പറയുന്നു "മുത്ത് നബി (സ്വ) വീട്ടിലേക്ക് കടന്നപ്പോള്‍ പിതാവ് കട്ടിലില്‍ നിന്ന് എഴുന്നേറ്റു. നബി (സ്വ) അവിടെയിരുന്നു. വീട്ടില്‍ ഞാനും എന്‍റെ സഹോദരി അസ്മായും മാത്രമേ ഉള്ളൂ.." നബി (സ്വ) പറഞ്ഞു. "മറ്റുള്ളവരോടൊക്കെ പുറത്തുപോകാന്‍ പറയൂ".
"തിരുനബിയേ... ഇവിടെ എന്‍റെ രണ്ടു പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ... അവര്‍ അങ്ങേക്ക് സമര്‍പ്പിതരാണ് നബിയേ..."
"ശരി, അല്ലാഹു എനിക്ക് പലായനത്തിന് അനുമതി നല്‍കിയിരിക്കുന്നു".
"ഞാന്‍ കൂടെ വരട്ടെ നബിയേ..."
"തീര്‍ച്ചയായും.."
ആഇശ ബീവി തുടരുന്നു.. "ആല്ലാഹു സാക്ഷി... എന്‍റെ പിതാവ് ആ നിമിഷം സന്തോഷാധിക്യത്താല്‍ കരയുന്നത് കാണുന്നതിനു മുമ്പ് വരെ, സന്തോഷം വന്നാല്‍ ആരെങ്കിലും കരയുന്നത് ഞാന്‍ കണ്ടിട്ടില്ല..."
സിദ്ധീഖ് (റ) പറഞ്ഞു.. "നബിയേ.. ഞാന്‍ രണ്ടു വാഹനങ്ങള്‍ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. അബ്ദുല്ലാഹ്ബ്നു അര്‍ഖത്ത് എന്ന വ്യക്തിയെ നമുക്ക് വഴികാണിക്കാന്‍ കൂലിക്കെടുത്തിട്ടുമുണ്ട്".
മൂന്ന് ദിവസത്തിന് ശേഷം "സൗര്‍" ഗുഹയില്‍ എത്തിക്കണമെന്ന നിബന്ധനയോടെ അയാളുടെ കയ്യില്‍ രണ്ടു ഒട്ടകത്തെ പരിപാലിക്കാന്‍ ഏല്‍പിച്ചു. തിരുനബി (സ്വ) ഹിജ്റ പുറപ്പെടുന്നത് വരെ അലി (റ) യും അബൂബക്കറി (റ)ന്‍റെ കുടുംബവുമല്ലാതെ മറ്റൊരാളും യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
ഇതിനിടയില്‍ ദാറുന്നദ്വയില്‍ ഖുറൈശികളുടെ അടിയന്തിര മീറ്റിംഗ് കൂടി മുത്ത് നബിയെ വധിക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഓരോ ഗോത്രത്തില്‍ നിന്ന് ഒരാളെ വീതം തിരഞ്ഞെടുത്ത് എല്ലാവരും കൂടി സംയുക്തമായി ഒറ്റ വെട്ടിനു തീര്‍ക്കാനായിരുന്നു പരിപാടി... അല്ലാഹു എത്ര വലിയവന്‍.. അവന്‍റെ ദൂതരെ അവന്‍ സംരക്ഷിച്ചു..
ജിബ്രീല്‍ (അ) അറിയിച്ചു. "നബിയേ.. ഇന്നു രാത്രി താങ്കളുടെ വിരിപ്പില്‍ അങ്ങ് കിടക്കരുത'്". ശത്രുക്കള്‍ മുത്ത്നബിയെ വധിക്കാന്‍ സര്‍വ്വായുധ സജ്ജരായി നബി (സ)യുടെ വീട് വളഞ്ഞു. ആ കാഴ്ചകാണാന്‍ ശക്തിയില്ലാതെ ചന്ദ്രനും താരകങ്ങളും കണ്ണുകളടച്ചു... കൂരാക്കൂരിരുട്ടില്‍ തിരുനബി ഉറങ്ങുന്നതും കാത്ത് അക്ഷമരായി അവര്‍ ഉറക്കമൊഴിച്ചിരുന്നു...
നബി (സ്വ) അലി (റ) യോട് തന്‍റെ വിരിപ്പില്‍ കിടക്കാന്‍ ആവശ്യപ്പെട്ട് പുറത്തേക്കിറങ്ങി.. ഒരു പിടി മണല്‍ വാരി യാസീന്‍ സൂറയുടെ ആദ്യ വചനങ്ങള്‍ പരായണം ചെയ്ത് അവര്‍ക്കിടയിലേക്ക് വിതറി... ഓരോരുത്തരുടെയും തലയില്‍ വീണ മണല്‍ കണ്ണുകളിലേക്കിറങ്ങി അവര്‍ തപ്പിത്തടഞ്ഞു... അവര്‍ക്കിടയിലൂടെ ശാന്തനായി തിരുനബി (സ്വ)കടന്നു പോയി..
നബി (സ്വ) നേരെ അബൂബക്കര്‍ (റ)ന്‍റെ വീട്ടിലേക്ക് ചെന്നു. അദ്ദേഹത്തിന്‍റെ വീടിന്‍റെ പിന്നാമ്പുറത്തിലൂടെ രണ്ടുപേരും പുറത്തിറങ്ങി. ചരിത്രത്തിന്‍റെ വഴിത്തിരിവിലേക്ക് നടന്നു നീങ്ങി...
തിരുദൂതരും കൂട്ടുകാരന്‍ അബൂബക്കര്‍ (റ)വും ഇരുളിനെ കീറി മുറിച്ച് നടക്കുകയാണ്. കുറച്ചുനേരം പിന്നില്‍ നടന്ന അബൂബക്കര്‍ (റ) പിന്നീട് മുമ്പില്‍ കയറി നടക്കുന്നു..! കുറച്ചു കഴിഞ്ഞ് പിന്നെയും പുറകിലേക്ക് നീങ്ങുന്നു..!! കൂട്ടുകാരന്‍റെ കളി കണ്ട തിരുദൂതര്‍ ചോദിച്ചു. "എന്തു പറ്റി അബൂബക്കറേ...?"
"ശത്രുക്കളെങ്ങാനം വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് നബിയേ..."
തിരുനബി (സ്വ)യുടെ നടത്തം ശ്രദ്ധിച്ചുവോ.... പാദം കാല്‍ മുഴുവനായി ഭൂമിയല്‍ ചവിട്ടാതെ പാര്‍ശ്വഭാഗങ്ങള്‍ മാത്രം കുത്തി നടക്കുകയാണ്... കുറേനേരം അങ്ങനെ നടന്നപ്പോള്‍ മുത്ത് നബി (സ്വ)യുടെ കാല്‍പാദത്തിലെ തൊലി മുറിഞ്ഞു രക്തം വരാന്‍ തുടങ്ങി.
തിരുനബിയുടെ അവസ്ഥ കണ്ടറിഞ്ഞ ഐനുല്‍ ഇശ്ഖായ അബൂബക്കര്‍ (റ) മുത്ത് നബിയെ എടുത്ത് തോളിലേറ്റി നടക്കാന്‍ തുടങ്ങി... ഇരുവരെയും സൗര്‍ പര്‍വ്വതം മാടിവിളിച്ചു.
മക്കയുടെ താഴ്വാരത്ത് 4610 അടി ഉയരത്തില്‍(ഏകദേശം ഒന്നരകിലോമീറ്റര്‍ ഉയരം) നില്‍ക്കുന്ന വലിയ പര്‍വ്വതമാണ് ജബല്‍ സൗര്‍. ഒരു ഭീമന്‍ കാളക്കൂറ്റന്‍ നില്‍ക്കുന്നത് പോലെ തോന്നുന്നത് കൊണ്ടാണ് 'സൗര്‍' (കാള) എന്ന നാമം വന്നതത്രെ. മുത്ത്നബിയെ തോളിലേറ്റി കൂറ്റന്‍ പര്‍വ്വതത്തിന് മുകളിലേക്ക് അബൂബക്ര്‍ (റ) നടന്നു കയറി. ഇശ്ഖിന്‍റെ ലഹരിയുടെ ആഴക്കടലില്‍ നീന്തിത്തുടിക്കുന്ന അദ്ദേഹമുണ്ടോ പര്‍വ്വതത്തിന്‍റെ ഉയരവും ശരീരത്തിന്‍റെ ഭാരവും അറിയുന്നു.. സിദ്ധീഖ് (റ) ആസ്വദിക്കുകയായിരുന്നു... തന്‍റെ പ്രേമഭാജനത്തെ തോളിലേറ്റാന്‍ ലഭിച്ച മഹാഭാഗ്യത്തിന്‍റെ ലഹരിയില്‍ സൗര്‍ പര്‍വ്വതം ആകാശത്തോളം ഉയര്‍ന്നിരുന്നുവെങ്കിലെന്ന് ഈ ആശിഖ് ആഗ്രഹിച്ചുവോ... "അബൂബക്കര്‍ കുറേ നിസ്കരിച്ചത് കൊണ്ടോ നോമ്പെടുത്തത് കൊണ്ടോ അല്ല നിങ്ങളില്‍ ഉന്നതരായത്" എന്ന തിരുവചനത്തിന്‍റെ പിന്നാമ്പുറത്ത് ഇതു പോലെ എത്ര ഇശ്ഖിന്‍ കഥകളുണ്ടാകും...
ആ പര്‍വ്വതത്തിന്‍റെ ഏറ്റവും ഉയരത്തില്‍ മുകളിലേക്ക് തുറക്കപ്പെട്ട ഒരു ഗുഹയുണ്ട്. ഇനി ഇവിടെ വിശ്രമിക്കാം.. നബി (സ്വ)യെ ഇറക്കിയ ശേഷം അബൂബക്കര്‍ (റ) ഗുഹയ്ക്കകത്ത് കടന്നു. പരിശോധന നടത്തി. ഗുഹയിലെ ദ്വാരങ്ങളെല്ലാം തന്‍റെ വസ്ത്രം കീറി അടച്ചു. ഒരു ദ്വാരം മാത്രം ബാക്കി. അടക്കാന്‍ തുണിയുമില്ല. സിദ്ധീഖ് (റ) ഗുഹയിലിരുന്ന് തന്‍റെ കാല്‍പാദം കൊണ്ട് ആ ദ്വാരം അടച്ചുപിടിച്ചു. ആ ദ്വാരത്തില്‍ ഒരു പാമ്പു വസിക്കുന്നുണ്ടായിരുന്നു..!
നബി (സ്വ) ഗുഹക്കകത്ത് പ്രവേശിച്ചു. യാത്രാ ക്ഷീണം തിരുനബിയെ ഉറക്കിലേക്ക് നയിച്ചു. ഇതിനിടെ തന്‍റെ വഴിയടച്ച അബൂബക്ര്‍ (റ)ന്‍റെ കാലില്‍ നാഗം ആഞ്ഞു കൊത്തി!. വേദനമൂലം കാല്‍ നീക്കിയപ്പോള്‍ പാമ്പ് അബൂബകറി (റ)നോട് പറഞ്ഞു. " മുത്ത് നബിയോട് പ്രണയം വെച്ച് എത്രയോ കാലങ്ങളായി ഹബീബിനെ ഒരു നോക്ക് കാണാന്‍ ഞാന്‍ ഇവിടെ കാത്തിരിക്കുന്നു.. ആ സുവര്‍ണ്ണാവസരം കരഗതമായപ്പോള്‍ താങ്കള്‍ ഹബീബിനെ എന്നില്‍ നിന്ന് മറക്കുന്നുവോ... " വിഷം കാലിലൂടെ ഇരച്ചു കയറി. അസഹ്യമായ വേദനമൂലം കണ്ണുനീര്‍ പുറത്തേക്കൊഴുകി തിരുനബിയുടെ മുഖത്ത് വീണു... ഞെട്ടിയുണര്‍ന്ന നബി (സ) പ്രിയ കൂട്ടുകാരന്‍റെ കാലില്‍ വിശുദ്ധ ഉമിനീര്‍ പുരട്ടിക്കൊടുത്തു. വേദന നിശ്ശേഷം പിന്‍വാങ്ങി!!.
തിരുനബി (സ്വ) യും കൂട്ടുകാരനും അകത്ത് കടന്നയുടനെ 'ഖതാദ്' എന്ന മരത്തിനോട് ഗുഹാമുഖത്ത് മുളക്കാന്‍ അല്ലാഹു കല്‍പ്പിച്ചു. അത് മുളച്ച് നിമിഷ നേരംകൊണ്ട് വളര്‍ന്ന് ശാഖകള്‍ വിരിച്ചു ഗുഹാമുഖം മറച്ചു നിന്നു!!. ആ മരത്തിന്‍റെ ചില്ലകള്‍ക്കിടയില്‍ ഒരു ചിലന്തി വലനെയ്യാനാരംഭിച്ചു...ഏതാനും സമയം കൊണ്ട് നാല്പത് വര്‍ഷം കൊണ്ട് നെയ്തുണ്ടാക്കാന്‍ കഴിയുന്ന വല അവിടെ സൃഷ്ടിക്കപ്പെട്ടു...!! രണ്ടു മാടപ്രാവുകള്‍ പറന്നുവന്ന് ഗുഹാമുഖത്ത് കൂടുകൂട്ടി മുട്ടയിട്ടിരുന്നു...!!! ലോകഗുരുവിന്‍റെ സംരക്ഷണത്തിന് വേണ്ടി അല്ലാഹു സംവിധാനിച്ച ഈ അമാനുഷികതകളാണ് തിരുജീവിതത്തിലെ നാഴികക്കല്ലുകളായി രേഖപ്പെടുത്തേണ്ട മുഅ്ജിസത്തുകള്‍. കാരണം ഈ അത്ഭുതങ്ങളിലൂടെയാണ് തിരുദൂതരെയും കൂട്ടുകാരനെയും തലക്കുമുകളിലെത്തിയ മരണത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്.
മക്കയില്‍ തിരുനബിയുടെ തിരോധാന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. തിരുനബി രക്ഷപ്പെട്ട വിവരമറിഞ്ഞ ഖുറൈശികള്‍ ഇളിഭ്യരായി... അവരുടെ പ്രതികാര ദാഹം വര്‍ധിച്ചു. മുത്തുനബിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 100 ഒട്ടകം ഇനാം പ്രഖ്യാപിച്ചു. അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി നാലുദിക്കിലേക്കും പോയി. കാലടയാള വിദഗ്ധര്‍ സൂക്ഷ്മ പരിശോധന നടത്തി. മക്കയില്‍ നിന്ന് സൗര്‍ പര്‍വ്വതത്തിന് നേരെ നടന്നു പോയ നാല് കാല്‍പാടുകള്‍ക്ക് പിന്നാലെ അവര്‍ സഞ്ചരിച്ചു. പക്ഷേ ശത്രുക്കളെ ത്രിശങ്കുവിലാക്കി ഇടക്കുവെച്ച് രണ്ടു കാല്‍പാദങ്ങള്‍ അപ്രത്യക്ഷരായി...!! പിന്നീട് രണ്ടെണ്ണം മാത്രമേ കാണുന്നുള്ളൂ... ആശിഖ് മഅ്ശൂഖിനെ ഏറ്റി നടക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും അവര്‍ക്കാകില്ലല്ലോ....
ഏതായാലും കിട്ടിയ കാലടയാളത്തിനു പിന്നാലെ അവര്‍ പോയി.. സൗര്‍ പര്‍വ്വതത്തിന്‍റെ മുകളിലേക്കെത്തി.. ഗുഹാമുഖത്തെത്തിയപ്പോള്‍ ആരോ പറഞ്ഞു.. "അകത്തു കയറി പരിശോധിക്കൂ.." അപ്പോള്‍ ഉമയ്യത്ത് ബ്നു ഖലഫ് പറഞ്ഞു. "ഏയ്.. അതിന്‍റെ ആവശ്യമില്ല.. മുഹമ്മദിനേക്കാളും പ്രായമുള്ള ചിലന്തിയാണ് അവിടെയിരിക്കുന്നത്. ഈ ചിലന്തി വലകള്‍ മുറിക്കാതെയും പ്രാവിന്‍ മുട്ടകള്‍ ഉടക്കാതെയും ഇതിനകത്ത് കടക്കാന്‍ കഴിയുമോ....?"
അവര്‍ ഗുഹക്ക് മുകളിലൂടെ നടന്നു. തിരുദൂതര്‍ ശാന്തനാണ്. പക്ഷേ, അബൂബക്കറി (റ) ന് മുത്ത്നബി (സ്വ) യുടെ കാര്യത്തില്‍ വിഷമം. ശത്രുക്കളെങ്ങാനും കണ്ടുപിടിച്ചാല്‍ ഇന്നത്തോടെ എല്ലാം അവസാനിക്കും...
കൂട്ടുകാരനോട് നബി (സ്വ) പറഞ്ഞു "വിഷമിക്കേണ്ട. നിശ്ചയം അല്ലാഹു നമ്മുടെ കൂടെയുണ്ട്.". "നബിയേ അവര്‍ അവരുടെ കാല്‍പാദങ്ങളിലേക്ക് നോക്കിയാല്‍ നമ്മെ കാണും." നബി (സ്വ) പ്രതിവചിച്ചു "അവര്‍ ഗുഹാ മുഖത്തിലൂടെ അകത്തു കടന്നാല്‍ നാം ഈ വഴിക്ക് രക്ഷപ്പെടും". തിരുദൂതര്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കു അബൂബക്കര്‍ (റ) നോക്കി. അത്ഭുതം!!!. ഗുഹയുടെ മറുഭാഗത്ത് ഒരു കിളിവാതില്‍ പ്രത്യക്ഷപ്പെടുന്നു.! അവിടെയതാ വിശാലമായ സമുദ്രം... സമുദ്രതീരത്ത് യാത്രപുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കപ്പല്‍..!!! ഫിദാക്ക യാ റസൂലല്ലാഹ്....
അത്ഭുതങ്ങള്‍ തീരുന്നില്ല... സൗറില്‍ വെച്ച് അബൂബക്കര്‍ (റ) ന് ദാഹിച്ചപ്പോള്‍ ഗുഹാമുഖത്തേക്ക് പുറപ്പെടാന്‍ നബി (സ്വ) അരുളി. ഗുഹാമുഖത്ത് ചെന്നപ്പോഴതാ തേനിനേക്കാള്‍ മാധുര്യവും പാലിനേക്കാള്‍ വെളുത്തതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമായ പാനീയം തയ്യാറാക്കപ്പെട്ടിരിക്കുന്നു!. മതിവരുവോളം കുടിച്ചു. അത്ഭുതപരതന്ത്രനായ കൂട്ടുകാരനോട് നബി (സ്വ) പറഞ്ഞു "സ്വര്‍ഗത്തിലെ നദികളുടെ ചുമതലക്കാരനായ മലക്കിനോട് സ്വര്‍ഗത്തില്‍ നിന്ന് സൗര്‍ ഗുഹാ മുഖത്തേക്ക് എന്‍റെ സിദ്ധീഖിന് കുടിക്കാന്‍ ഒരു അരുവി കീറാന്‍ അല്ലാഹു കല്‍പ്പിച്ചതനുസരിച്ച് ലഭ്യമായതാണിത്!!".
അന്വേഷണ സംഘം നിരാശരായി മലയിറങ്ങി. അബൂബക്ര്‍ (റ) വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ തന്നെ യാത്രയുടെ പ്ലാനിംഗുകള്‍ കൃത്യമായി തയ്യാറാക്കിയിരുന്നു. പുത്രന്‍ അബ്ദുല്ലാ(റ)യോട് നേരം പുലരുമ്പോള്‍ തങ്ങളുടെ തിരോധാനത്തെക്കുറിച്ച് ആളുകളുടെ സംസാരം ശ്രവിച്ച് വാര്‍ത്തകളെല്ലാം ശേഖരിച്ചു വൈകീട്ട് സൗറിലേക്ക് വരാന്‍ ഏല്‍പ്പിച്ചിരുന്നു. തന്‍റെ അടിമ ആമിറുബ്നു ഫുഹൈറയോട് പകല്‍ ആടുകളെ മേച്ച് വൈകീട്ട് ഗുഹയിലെത്താന്‍ ഏര്‍പ്പാടാക്കി. രാത്രി അസ്മാഅ്(റ) ഇരുവര്‍ക്കുമുള്ള ഭക്ഷണവുമായി ഒന്നര കി.മീ ഉയരമുളള മലകയറി വരും.. മൂന്ന് രാത്രികള്‍ തിരുദുതരോടുള്ള ഇശ്ഖിനാല്‍ അവര്‍ പര്‍വതാരോഹണം നടത്തി! തിരുപ്രണയത്തിനു മുമ്പില്‍ ജീവിതം സമര്‍പ്പിച്ച അവരുടെ കാലടിയിലെ മണ്‍തരിയാവാന്‍ പോലും നാം അയോഗ്യര്‍....
മൂന്ന് ദിവസം തിരുനബി (സ്വ) യും സിദ്ധീക്കും (റ) സൗര്‍ ഗുഹയില്‍ കഴിച്ചു കൂട്ടി. അബ്ദുല്ലാഹിബ്നു അബീബക്കര്‍ (റ) പകല്‍ മക്കയില്‍ നടന്ന് വാര്‍ത്തകള്‍ ശേഖരിച്ചു. രാത്രി ഗുഹയിലെത്തി വിവരങ്ങള്‍ കൈമാറി. ആമിറുബ്നു ഫുഹൈറ മക്കയിലെ മേച്ചില്‍ പുറങ്ങളില്‍ ആടുകളെ മേച്ചു വൈകീട്ട് മലകയറി തിരുദൂതര്‍ക്കും കൂട്ടുകാരനും പാല്‍കറന്നു കുടിപ്പിച്ചു. പ്രഭാതമാകുന്നതിനു മുമ്പേ അബ്ദുല്ലാ (റ) മലയിറങ്ങും. പിന്നാലെ അദ്ദേഹത്തിന്‍റെ കാല്‍പാടുകള്‍ മായിച്ചു കൊണ്ടു ആമിറും പുറപ്പെടും.
മൂന്ന് ദിവസം കഴിഞ്ഞു. അന്വേഷണങ്ങളുടെ ശക്തി കുറഞ്ഞു..ആളുകള്‍ കഴിഞ്ഞതൊക്കെ മറന്നു തുടങ്ങി. അപ്പോള്‍ നേരത്തേ വാഹനങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന അബ്ദുല്ലാഹിബ്നു അര്‍ഖത്ത് ഒട്ടകങ്ങളുമായി വന്നു. പിന്നാലെ അസ്മാഅ് (റ) യാത്രക്കുള്ള ഭക്ഷണ സാധനങ്ങളുമായി എത്തി. തിരുനബി (സ്വ) യും സിദ്ദീഖ് (റ) വും യാത്രക്കൊരുങ്ങിയപ്പോള്‍ ഒട്ടകപ്പുറത്ത് ഭക്ഷണസാധനങ്ങളെടുത്ത് വെക്കുമ്പോഴാണ് പാത്രത്തിന്‍റെ മൂടി കെട്ടി ഭദ്രമാക്കാന്‍ മറന്നകാര്യം ഓര്‍ത്തത്. കെട്ടാനുളള കയറും എടുത്തിട്ടില്ല.. ബുദ്ധിമതിയായ അസ്മാഅ് (റ)പകച്ചു നിന്നില്ല. വേഗം തന്‍റെ അരയില്‍ ബന്ധിച്ചിരുന്ന അരപ്പട്ട രണ്ടാക്കി കീറി ലഗേജ് കെട്ടി. ഈ സംഭവമാണ് അസ്മാഅ് ബീവി (റ) ക്ക് ഇരട്ട അരപ്പട്ടക്കാരി എന്ന അപരനാമം നേടിക്കൊടുത്തത്.
രണ്ട് ഒട്ടകങ്ങളില്‍ ഏറ്റവും മുന്തിയത് തിരുനബി (സ്വ)ക്ക് അബൂബക്കര്‍ (റ) സമ്മാനിച്ചു. പക്ഷേ നബി (സ) സ്വീകരിക്കാന്‍ തയ്യാറായില്ല. "ഞാന്‍ എന്‍റെ ഒട്ടകത്തിലേ യാത്ര ചെയ്യൂ.."
"നബിയേ ഇത് അങ്ങേക്കുള്ളതാണ്"
"നിങ്ങള്‍ എനിക്ക് ഇതു വില്‍ക്കണം"
അങ്ങനെ ഒട്ടകത്തെ സ്വന്തമാക്കി നബി (സ്വ) കയറി. കാരണം തന്‍റെ നാഥനിലേക്കളള പലായനം സ്വന്തം ശരീരവും വാഹനവും കൊണ്ടാകണമെന്ന് നബി (സ്വ) ആഗ്രഹിച്ചു. അബൂബക്കര്‍ (റ) വഴിയില്‍ സേവനത്തിന് വേണ്ടി ആമിറിനെ പിന്നില്‍ കയറ്റി. വഴികാട്ടിയായി അബ്ദുല്ലാഹി ബ്നു അര്‍ഖത്തും.
വിടപറയുമ്പോള്‍ മക്കയിലേക്ക് തിരിഞ്ഞ് നിറകണ്ണുകളോടെ നബി(സ്വ) പറഞ്ഞു. "ഞാന്‍ പുറപ്പെടുകയാണ്.. അല്ലാഹുവിന്‍റെ നാടുകളില്‍ അവന് ഏറ്റവും പ്രിയപ്പെട്ടതും ശ്രേഷ്ടവുമായ നാട് നീയാണെന്ന് എനിക്കറിയാം... നിന്‍റെ നാട്ടുകാര്‍ എന്നെ പുറപ്പെടാന്‍ നിര്‍ബന്ധിതനാക്കിയിരുന്നില്ലെങ്കില്‍ ഈ വിടപറച്ചിലുണ്ടാകുമായിരുന്നില്ല..."
ചരിത്രത്തെ രണ്ടായി പകുത്ത ഹിജ്റത്തുന്നബവി പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കപ്പെടുകാണ്. രണ്ട് ഒട്ടകപ്പുറത്തായി തിരുദൂതരും കൂട്ടുകാരനും യസ്രിബെന്ന വാഗ്ദത്ത വിജയ ഭൂമികയെ മദീനത്തുറസൂലായി പരിണാമപ്പെടുത്താന്‍ പലായന വഴിയിലൂടെ ആത്മവിശ്വാസത്തോടെ സധീരം മുന്നോട്ട്....
(അവലംബം : സീറത്തു ഇബ്നു ഹിശാം, തഫ്സീര്‍ റൂഹുല്‍ ബയാന്‍)
No comments:
Post a Comment