നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday, 11 October 2020

മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ) ( Kunnatheri Thangal

‎‎ 
മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ)

1910 ൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ച ശൈഖുനാ (റ) 1968 ൽ വഫാത്തായപ്പോൾ ഒരു യുഗപുരുഷന്റെ വിയോഗമായിരുന്നു അതെന്ന് അവിടെത്തെ ചരിത്രം പഠിച്ചാൽ ബോധ്യമാകുന്ന ഒന്നാണ്.

മുത്ത്നബി (ﷺ) പറഞ്ഞു:

( إِنَّ اللَّهَ يَبْعَثُ لِهَذِهِ الْأُمَّةِ عَلَى رَأْسِ كُلِّ مِائَةِ سَنَةٍ مَنْ يُجَدِّدُ لَهَا دِينَهَا )
*رواه أبو داود

ഇസ് ലാമിന്റെ പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾ സമൂഹത്തിൽ നടമാടുമ്പോൾ സമൂഹ സമുദ്ധാരണത്തിനായി ഓരോ നൂറ്റാണ്ടിലും അല്ലാഹു ചില മഹാൻമാരെ നിയോഗിക്കും. )

അവരാണ് മുജദ്ദിദ് എന്ന പേരിൽ അറിയപ്പെടുക. അവരിൽ പ്രധാനിയാണ് കുന്നത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാനീ നൂറുൽ ഇർഫാൻ അൽ ഖുത്വ് ബുൽ ഫർദുൽ ജാമിഉ ബൈനശ്ശരീഅത്തി വൽ ഹഖീഖ ശൈഖുനാ അശ്ശൈഖ് അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഐദറൂസിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യു ന്നൂരിയ്യ് (ഖു:സി).
ഒരു മുജദ്ദിദിന് ആവശ്യമായ സർവ്വഗുണങ്ങളും മേളിച്ച മഹാനായിരുന്നു മഹാനവർകൾ.*

തന്റെ മുന്നിൽ കണ്ട ഇസ്ലാമിക വിരുദ്ധ ആചാരാനുഷ്ഠാനങ്ങളെ മുഴുവൻ തിരുത്തുന്നതിന് ആ ജീവിതം ഉഴിഞ്ഞ് വച്ചു. ശരീഅത്തിന്റെ ശരിയായ വശങ്ങൾ പ്രമാണങ്ങൾ നിരത്തി സംവദിച്ചപ്പോൾ വർഷങ്ങളായി അനുഷ്ഠിച്ച് പോന്നിരുന്ന ദുരാചാരങ്ങളെ തിരുത്തിക്കുറിക്കാൻ സാധിച്ചു. ഇസ്‌ലാമിന്റെ ശരിഅത്തിന്റെ (പ്രത്യക്ഷഭാഗം ) പ്രഭക്ക് മങ്ങലേൽക്കുന്ന പ്രവണതകൾക്കെതിരേ ശക്തമായി നിലക്കൊണ്ടപ്പോൾ ആത്മീയ വശം ശോഷണത്തിന്റെ വക്കിലായിരുന്നു എന്നത് ഒരു സത്യമായിരുന്നു. കാരണം ആത്മീയത (ത്വരീഖത്ത് ) അലർജിയായി കാണുന്ന ഭൂരിപക്ഷ സമൂഹമായിരുന്നു അത്* 

   ത്വരീഖത്ത് സമുദ്ധാരകൻ
   ════❁✿🌹🌹🌹✿❁════​

ത്വരീഖത്ത് (ആത്മീയ വശം) എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു അത്. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി ധാരാളം പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. തന്റെ പ്രസംഗ വൈഭവത്തിലൂടെ ഒരു പാട് ജനങ്ങൾക്ക് ത്വരീഖത്തിന്റെ ശരിയായ പാത മനസ്സിലാക്കിക്കൊടുക്കാനും സാധിച്ചു. തന്റെ വല്ലിപ്പയായ ഗൗസുൽ അഅ്ളം (റ) വിന്റെ സമുദ്ധാരണത്തിന് മുഖ്യ പങ്ക് വഹിച്ചത് പ്രഭാഷണമായിരുന്നു എന്നത് ഒരു നഗ്ന സത്യമാണ്.ആ പാത ശൈഖുന (റ) വും സ്വീകരിച്ചു. തന്റെ ആത്മീയ പ്രഭാഷണത്തിൽ ലയിച്ച് ഹൃദയം പ്രകാശിച്ചവർ നിരവധിയാണ്. പ്രബോധകന്റെ പ്രധാന ആയുധമായ പ്രഭാഷണം മുറുകെ പിടിച്ച ശൈഖുനാ (റ) യിൽ ഹഠാദാകർഷിച്ചവർ അനവധിയാണ്. ഇങ്ങനെ മുൻഗാലയുഗപുരുഷൻമാർസമൂഹ സമുദ്ധാരണത്തിനായി സ്വീകരിച്ച പലവഴികളും ശൈഖുനാ (റ)യും സ്വീകരിച്ചു.


         രചനകൾ

മുത്ത്നബി (സ്വ) തങ്ങൾ പറഞ്ഞു:
قال رسول الله صلي الله عليه وسلم:أوتيت ليلة أسري بي ثلاثة علوم.فعلم أخذ عليٌ في كتمه،وعلم خيرت في تبليغه،وعلم أمرت بتبليغه

ഇസ്റാഇന്റെ രാത്രിയിൽ എനിക്ക് മൂന്ന് വിജ്ഞാനങ്ങൾ നൽകപ്പെട്ടു.*

1-മറച്ച് വെക്കണം എന്ന് എന്നോട് ആവശ്യപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ഹഖീഖത്ത്)

2 -പ്രബോധനം ചെയ്യേണ്ട വിശയത്തിൽ എനിക്ക് ഇഷ്ടം പ്രവർത്തിക്കപ്പെടാൻ അനുവാദം നൽകപ്പെട്ട വിജ്ഞാനം, (പ്രത്യേകക്കാരുടെ വിജ്ഞാനം അഥവാ ത്വരീഖത്ത് )*

3 -പ്രബോധനം ചെയ്യൽ കൊണ്ട് കൽപിക്കപ്പെട്ട വിജ്ഞാനം ( സാധാരണക്കാർക്കും അസാധാരണക്കാർക്കും വിളംബരം ചെയ്യുന്ന വിജ്ഞാനം അഥവാ ശരീഅത്ത്)

ഈ മൂന്ന് വിജ്ഞാനത്തിലും അഗാതമായ അവഗാഹത്തിന്റെ ഉടമയും ആവിശയങ്ങളിൽ ഗ്രന്ഥരചനയും നടത്തിയ മഹാനാണ് കുന്നത്തേരി തങ്ങൾ (റ). നൂരി ബിരുദം കരസ്ഥമാക്കിയ പണ്ഡിത പ്രഭുവാണ് മഹാനവർകൾ.

     ശരീഅത്തിലെ രചന

        വാജിബാത്ത് മാല

ഈ ഗ്രന്ഥത്തെ കുറിച്ച് അവിടെത്തെ മകനും മഞ്ചേരി ശൈഖുന (റ) വിന്റെ പ്രധാന ഖലീഫയുമായിരുന്ന ഖുത്വ് ബുൽ വുജൂദ് ശൈഖുന അസ്സയ്യിദ് ശിഹാബുദ്ധീനുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (റ) പരിചയപ്പെടുത്തിയത് ഇപ്രകാരമാണ് ...

"ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ സംഗ്രഹ വിശകലനം. പരിശുദ്ധ ശഹാദത്ത് കലിമയുടെ ഫർള്വുകൾ, അവയുടെ 40 അസ്വ് ലുകൾ , കലിമയുടെ ശർത്വുകൾ , ഈമാനിന്റെ ഫർള്വുകൾ, ശർത്വുകൾ തുടങ്ങി ഓരോ വിശ്വാസിയും ഉൾക്കൊള്ളേണ്ട ആദർശ തത്വങ്ങൾ, നിസ്ക്കാരം, നോമ്പ്, മുതലായ കർമങ്ങളുടെ നിയമവശങ്ങൾ, ഉപദേശങ്ങൾ എന്നിവ അടങ്ങിയ അറബി മലയാള കാവ്യ സമാഹാരമാണ് വാജിബാത്ത് മാല. സാധാരണ ജനങ്ങൾക്കും മറ്റും അനായാസം ഗ്രഹിക്കാവുന്ന രീതിയിലുള്ള ക്രോഡീകരണവും അവതരണവും ഇതിന്റെ പ്രത്യേകതയാണ്.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധമവും പ്രധാനവുമായ വിശുദ്ധ കലിമയുടെ നാല് ഫർള്വുകളിൽ ഒന്നാമത്തേതും അതിന്റെ പത്ത് അസ്വ് ലുകളുമാണ് ആദ്യത്തിൽ . ബാക്കിയുള്ള മൂന്ന് ഫർള്വുകൾ ഓരോന്നും അവ യുടെ അസ്വ് ലുകളും തുടർന്ന് വിവരിക്കുന്നു. വിശ്വാസത്തിൽ പിഴച്ച ഖദ് രിയ്യ, ജബ് രിയ്യ തുടങ്ങിയ വിഭാഗങ്ങളസംബന് പരാമർശവും എഴുപത്തിമൂന്ന് വിഭാഗത്തിൽ രക്ഷപ്പെടുന്ന ഏക വിഭാഗമായ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിവരണവും ഇതിൽ വരുന്നു.

ശേഷം നിസ്ക്കാരവും അതിനോട് ബന്ധപ്പെട്ട വിശയങ്ങളും ഈമാൻ കാര്യങ്ങളും അതിന്റെ ശർത്വുകളും ഫർള്വുകളും പ്രതിപാദിക്കുന്നു. അവസാനം സാരോപദേശവും ഉൾപ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ ഒരു മുസ്‌ലിം അറിയൽ തികച്ചും അനിവാര്യമായ അമൂല്യ ജ്ഞാനശേഖരമാണ്, പ്രബല ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ വന്ദ്യരായ പിതാവ് (റ) മുസ്‌ലിം ലോകത്തിന് സമർപ്പിച്ച വാജി ബാത്ത്മാല.

ശേഷം മഹാനായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു.

"എന്റെ വന്ദ്യരായ പിതാവും ശൈഖും ആലുവ കുന്നത്തേരി മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ് സ്ഥാപകനുമായ ബഹു: ശൈഖുന അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീനുൽ ഐദറോസിയ്യുൽ ജീലിയ്യുന്നൂരിയ്യുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് എന്ന എ.ഐ. മുത്ത് കോയ തങ്ങൾ (ഖു.സി ) അവർകളാണ് വാജിബാത്ത് മലയുടെ രചയ്താവ്.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ഹിജ്റ 1327-ൽ (എ.ഡി.1910 ജൂൺ 3 ) വന്ദ്യരായ പിതാവ് (റ) ഭൂജാതരായി. പിതാവ് പുതിയ ഇല്ലത്ത് അപ്പുര സയ്യിദ് ഐദ റോസ് വലിയുല്ലാഹി തങ്ങ കോയ തങ്ങൾ (ഖു.സി) അവർകളും മാതാവ് ഐശിയ്യര വലിയബി എന്ന മഹതിയുമാണ്. പ്രാധമിക പഠനങ്ങൾക്ക് ശേഷം തമിഴ് നാട്ടിലെ പുതുക്കുടി മദ്റസ അന്നൂറുൽ മുഹമ്മദിയ്യയിൽ ഉപരിപഠനം നടത്തുകയും ഉന്നതശ്രേണിയിൽ നൂരി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

പ്രഗത്ഭ പണ്ഡിതനും സർവ്വാ ഗീകൃത വലിയ്യുമായ ഹസ്റത്ത് അബ്ദുൽ കരീം സ്വൂഫി (ഖു.സി) അവർകളായിരുന്നു പ്രധാന ഗുരുനാഥൻ

പഠന കാലത്ത് സ്വൂഫി ഹസ്റത്തുമായുണ്ടായ സഹവാസവും ബന്ധവും ശൈഖുനായെ ആത്മീയതയിലേക്ക് കൂടുതൽ അടുപ്പിച്ചു. പഠന ശേഷം അതിന്റെ വളർച്ചക്കും വികാസത്തിനുമായി നടത്തിയ പ്രയത്നത്തിൽ ആദ്യം ആന്ത്രോത്ത് ദ്വീപിലെ അശ്ശൈഖ് അസ്സയ്യിദ് അഹ്മദുൽ ജീലി (ഖു: സി) അവർകളോടും ശേഷം തൊടുപുഴ ശൈഖുന അശ്ശൈഖ് മുഹമ്മദ് സ്വൂഫിയ്യുൽ ഖുത്വാരി (ഖു:സി ) അവർകളോടും ബൈഅത്ത് ചെയ്ത് അത്യുന്നത ആത്മീയ സരണിയിൽ അംഗമായി.

അശ്ശൈഖ് അസ്സയ്യിദ് യൂസുഫുർരിഫാഈ (ഖു: സി) ആന്ത്രോത്ത്, അശ്ശൈഖ് കമ്മുക്കുട്ടി മൗലാന (ഖു:സി) കാളത്തോട് - തൃശ്ശൂർ, എന്നിവരും വന്ദ്യരായ പിതാവി (റ)ന്റെ ആത്മീയ ഗുരുക്കളാണ്. ഖാദിരിയ്യ, രിഫാഇയ്യ , ചിശ്തിയ്യ, ശാദുലിയ്യ, നഖ്ശബന്ധിയ്യ, ത്വരീഖത്തുകളിൽ ശൈഖും ഖലീഫയുമായി ഉന്നതി പ്രാപിച്ച വന്ദ്യരായ പിതാവ് (റ) അദ്ധ്യാത്‌മിക പ്രവർത്തനങ്ങളിലായി ജീവിതം നയിച്ചു."

ശരീഅത്തിലും ത്വരീഖത്തിലും ഹഖീഖത്തിലും ഗ്രന്ഥരചനകൾ നടത്തിയ ശൈഖുന (റ) യുടെ ശരീഅത്തിലെ രചനയെ പരിജയപ്പെടുത്തിയപ്പോൾ അൽപം രചയ്താവിന്റെ ചരിത്രം കൂടി എഴുതിയിതാണ്. യുഗപുരുഷൻമാരുടെ പ്രബോധന ദൗത്യങ്ങളിൽ പ്രഭാഷണം മികച്ച് നിന്നത് പോലെ രചനകളും മുഴച്ച് നിന്നതായി ചരിത്രത്തിൽ കാണാം.

            
         രചനകൾ


     ത്വരീഖത്തിലെ രചനകൾ

             തൗഹീദ് മാല

ത്വരീഖത്ത് എന്ന പേരിൽ പല വ്യാജൻമാരും പ്രത്യക്ഷപ്പെട്ട കാലമായിരുന്നു ശൈഖുനാ(റ) യുടെ കാലം. ഒറിജിനലും വ്യാജനും തിരിച്ചറിയാതെ ജനം നട്ടം തിരിഞ്ഞപ്പോൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ധാരാളം പ്രസംഗങ്ങൾ നടത്തുകയും തദ് വിഷയകമായി നെല്ലും പതിരും വേർതിരിച്ചറിയുവാൻ എക്കാലത്തും ഉപകാരപ്രദമാം വിതം തൗഹീദ് മാല എന്ന കൃതി രചിച്ച് പൊതുജന സമക്ഷം സമർപ്പിക്കുകയും ചെയ്തു ശൈഖുനാ (റ).

ഈ രചനയെ സംബന്ധിച്ച് രചയ്താവായ ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.

"ശരീഅത്തിന്റെ മഅ്മൂറാത്ത് ( കൽപ്പിക്കപ്പെട്ട കാര്യങ്ങൾ) മൻഹിയ്യാത്തുകളെ (നിരോധിക്കപ്പെട്ട കാര്യങ്ങൾ) നല്ല പോലെ പഠിച്ചറിഞ്ഞ് ശരീഅത്തിന്റെ ഇസ്തിഖാമത്ത് സുബൂത്തായ ( സ്ഥിരപ്പെട്ട ) സാലികീങ്ങൾക്ക് (റബ്ബിനെ ലക്ഷ്യം വെക്കുന്നവർ) ഖാസ്സ്വായി ( പ്രത്യേകമായി ) ഉണ്ടാക്കപ്പെട്ടതാക്കുന്നു. ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തും ( സ്വൂഫികളുടെ സാങ്കേതിക പ്രയോഗങ്ങൾ)കൂടി പഠിച്ച സാലിക്കീ ങ്ങൾക്ക് അവരുടെ മഖ്സ്വൂദിനെ (ഉദ്ദേശത്തിനെ ) നിറവേറ്റുവാൻ ഈ പാട്ട് വലിയ സഹായം ചെയ്യുന്നതാകുന്നു. ശരീഅത്തിന്റെ അഅ്മാലുകളെ (പ്രവർത്തനങ്ങൾ) കൊണ്ടുള്ള രിയാള്വാത്ത് (പരിശീലനങ്ങൾ ) കൂടാതെ യാതൊരു പ്രകാരത്തിലും ഫലം ചെയ്യുന്നതല്ല. ഇതിൽ അടങ്ങിയ വിവരങ്ങളെല്ലാം ഗ്രഹിക്കുവാൻ അവാമുന്നാസിന്ന് (ത്വരീഖത്തില്ലാത്തവർ ) ഒരു കാമിലായ മുർശിദിനെ എത്തിക്കുക തന്നെ വേണം.

തൗഹീദ് മാലയെ സംബന്ധിച്ച് അവിടുത്തെ പ്രധാന ഖലീഫ മഞ്ചേരി ശൈഖുന (റ) പറഞ്ഞത് ഇപ്രകാരമാണ്.

"തൗഹീദ് മാല ( അറബ് മലയാളം; മാപ്പിളപ്പാട്ട്) ശരീഅത്തുൽ ഇസ് ലാമിൽ അചഞ്ചലമായി അടിയുറച്ച് കൊണ്ട് രക്ഷിതാവിനെ മാത്രം ലക്ഷ്യമാക്കിയ ആത്‌മവിത്തുകൾക്ക് പ്രത്യേകം (ചില ശിഷ്യൻമാർ ആവശ്യപ്പെട്ടത് കൊണ്ട് ) രചിച്ചിട്ടുള്ളതും, ഇസ്വ് ത്വി ലാഹു സ്സ്വൂഫിയ്യത്തെന്ന  (സ്വൂഫികളുടെ സാങ്കേതിക ) പദപ്രയോഗങ്ങൾ ഗ്രഹിച്ചവർക്ക് ഒട്ടധികം പ്രയോചനം ചെയ്യുന്നതും , ത്വരീഖത്തിന്റെ എല്ലാ വശങ്ങളും പ്രഭലപ്പെട്ട കിതാബുകളുടെ രത്നച്ചുരുക്കമെന്നോണം പ്രതിഭാദിച്ചിട്ടുള്ളതും, ആദ്യന്തം ആത്‌മ ജ്ഞാനങ്ങളാൽ നിബിഢവുമായ ഒരു മഹിത ജ്ഞാനകാണ്ഡമാണത്.

മഞ്ചേരി ശൈഖുന (റ) യുടെ പ്രധാന ഖലീഫയായ ഖുത്വ് ബുൽ വുജൂദ് (റ) പറഞ്ഞത് ഇപ്രകാരമാണ്.

"ത്വരീഖത്തിൽ പ്രവേശിക്കുവാനുദ്ദേശിക്കുന്നവന് നിർബന്ധമായ കാര്യങ്ങൾ, മുറബ്ബിയായ ശൈഖിന്റെ അടയാളങ്ങൾ, നിബന്ധനകൾ, മുരീദ് പാലിക്കേണ്ട നിയമങ്ങൾ, വ്യവസ്ഥകൾ ആത്മീയ മേഖലയിൽ സഞ്ചരിക്കുന്നവന്റെ ഹൃദയത്തിനുണ്ടാകുന്ന അവസ്ഥകൾ, മാറ്റങ്ങൾ, തൗഹീദിന്റെ അഗാധജ്ഞാനങ്ങൾ തുടങ്ങി തസ്വവ്വുഫിന്റെ ജ്ഞാന മുത്തുകൾ ഓരോരുത്തരുടെയും ആന്തരീക നില അനുസരിച്ച് മനസ്സിലാക്കുവാൻ ഉദകുന്ന രീതിയിൽ രചിച്ച അറബി മലയാള പദ്യസമാഹാരമാണ് തൗഹീദ്മാല."

ത്വരീഖത്ത് സംബന്ധമായി വിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളും നടക്കുന്ന വർത്തമാന കാലത്ത് സാധാരണക്കാരന് പോലും ഗ്രാഹ്യമാകുന്ന ഭാഷയിലുള്ള ഈ കൃതിയുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. അതോടൊപ്പം ത്വരീഖത്തിന്റെ വിഷയത്തിൽ റിസർച്ച് നടത്തുന്നവർക്ക് വളരെ ഉപകാര പ്രദമായ അമൂല്യഗ്രന്ഥവും കൂടിയാണ് തൗഹീദ്മാല.


       മഅ് രിഫത്ത് മാല
       എന്ന മുനാജാത്ത്

ബഹുമാനപ്പെട്ട മഞ്ചേരി ശൈഖുന (റ) ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തിയത് ഇവിടെ പകർത്താം

"ബഹുമാനപ്പെട്ട ശൈഖുന അൽ ആരിഫ് ബില്ലാഹിൽകുമ്മൽ മൗലാനാ അബുൽ ഫള്വ് ൽ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ ഐ ദ്രോസിയ്യുന്നൂരിയ്യുൽ ഖാദിരിയ്യുസ്സ്വൂഫിയ്യുർരിഫാഇയ്യുൽ ചിശ്തിയ്യുശ്ശാദുലിയ്യുന്ന ഖ്ശബന്തിയ്യ് എ.ഐ മുത്ത് കോയ തങ്ങൾ എന്ന് പ്രസിദ്ധപ്പെട്ട ആന്ത്രോത്തിൽ ജനിച്ച് ആലുവായിൽ മറപെട്ട തങ്ങൾ അവർകളുടെ കുടെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യ ഘട്ടത്തിൽ പാടിയ ഒരു മുനാജാത്താകുന്നു. അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ അടിയുറച്ച വിശിഷ്യാ നമ്മുടെ ഖാദിരിയ്യത്തുസ്സ്വൂഫിയ്യത്ത് എന്ന ത്വരീഖത്തിൽ അംഗങ്ങളായ മുഹിബ്ബുകൾ തഹജ്ജുദ് സമയം, അല്ലെങ്കിൽ മഅ് രിബിന്റ പിറകെ, അല്ലെങ്കിൽ രാത്രി ഉറങ്ങും മുമ്പ് , അല്ലെങ്കിൽ സ്വുബ്ഹിന്റെ പിറകെ അല്ലെങ്കിൽ സൗകര്യം പോലെ ഏതെങ്കിലും ഒരു സമയം ആദത്തായി ഓതി വരൽ വളരെ നല്ലതാകുന്നു. അങ്ങനെ നേമമായി ഓതി വരുന്നവർക്ക് അവരുടെ ഹൃദയങ്ങളിൽ മഅ് രിഫത്ത് എന്ന പ്രകാശം ഉണ്ടാകുമെന്ന കാര്യം അനുഭവത്തിന്റെ വെളിച്ചത്തിൽ തീർത്ത് പറയാവുന്നതാകുന്നു."

വന്ദ്യരായ ഖുത്വ് ബുൽ വുജൂദ് (റ) പറയുന്നു:


വന്ദ്യരായ പിതാവിന്റെ ഹാലാത്ത് മഖാമാത്തുകളുടെ ആദ്യഘട്ടത്തിൽ ചൊല്ലിയ മുനാജാത്ത്, ആത്മീയ ദാഹികൾക്ക് വളരെയേറേ ഗുണപ്രദമായ അറബി മലയാള കാവ്യമാണ്.

വളരെ മഹത്വമുള്ളതും മഹാനവർകളുടെ ത്വരീഖത്തിൽ പ്രവേശിച്ചവന് വളരെയേറെ ഉപകാരം ചെയ്യുന്ന ഒരു കൃതിയാണ് മഅ് രിഫത്ത് മാല എന്നത് മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാണ്.

മറ്റ് രചനകൾ വരും ദിവസങ്ങളിൽ വായിക്കാം ....

[തുടരും...]


【മുജദ്ദിദിന്റെ ദൗത്യ നിർവഹണങ്ങൾ അവസാനിക്കുന്നില്ല...】

തയ്യാറാക്കിയത് :
എം. പി. ഹസൻ ഇർഫാനി* എടക്കുളം

Thursday, 8 October 2020

കുന്നത്തേരി തങ്ങൾ (ഖു.സി) Kunnatheri Thangal ( QS)

കുന്നത്തേരി തങ്ങൾ (ഖു.സി)
.
മുത്ത് നബി ( സ്വ ) യുടെ സന്താനപരമ്പരയിൽ ഇരുലോക ഖുത്ത്ബീങ്ങളുടെ ചക്രവർത്തിയായ ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി ( ഖു . സി ) യുടെ ജീലീ ഖബീലയിൽ അവിടുത്തെ പൗത്രനായി , 1910 ൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ചു. മത വിജ്ഞാനസമ്പാദനത്തിനും പ്രചരണത്തിനും ജീവിതം സമർപ്പിച്ച മഹാനായിരുന്നു കുന്നത്തേരി തങ്ങൾ ( ഖു . സി . ) 
ദീനീപ്രചരണ രംഗത്ത് സജീവമായിരുന്ന മഹത്തുക്കളുടെ പാത പിൻപറ്റി കർമ്മരംഗത്ത് ഇറങ്ങിയ ശൈഖുനാ മലബാറിലും മറ്റും ദീനീ പ്രചരണവുമായി ബന്ധപ്പെട്ടുവെങ്കിലും അവിടുത്ത കർമ്മകേന്ദ്രമായി തിരഞ്ഞെടുത്തത് മതവിജ്ഞാനരംഗത്ത് പിന്നോക്കം നിന്നിരുന്ന തിരുകൊച്ചിയെയാണ് . ദീനീ പ്രചരണ രംഗത്തെ മഹാനവർകളുടെ നിത്യസ്മാരകമാണ് കുന്നത്തേരി മഹ്ളറത്തുൽ ഖാദി രിയ്യയും മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജും . ശൈഖുനായുടെ പിതാമഹന്മാർക്ക് ഒരു നൂറ്റാണ്ടിലപ്പുറം ബന്ധമുണ്ട് ഈ നാടിനോടും മണ്ണിനോടും .

മഹാനായ കുന്നത്തരി തങ്ങൾ ( ഖു . സി . ) ഖാദിരിയ്യ , രിഫാഇയ്യ , ചിശ്തിയ്യ , ശാദുലിയ്യ,നഖ്ശബന്ദിയ്യ മുതലായ ത്വരീഖത്തുകളുടെ ശൈഖായിരുന്നു . മഹാനവർകളിലേക്ക് വന്നു ചേരുന്ന “ ഖാദിരിയ്യത്തുസ്സ്വൂഫിയ്യ " എന്നറിയപ്പെടുന്ന ത്വരീഖത്തിന് ഇന്ത്യയിൽ 13 തലമുറ യുടെ പഴക്കവും പാരമ്പര്യവുമുണ്ട് .

കുന്നത്തേരി തങ്ങളുടെ ഖാദിരീ , ചിശ്ത്തീ,ശാദുലി വഴികളിലെ ശൈഖായ , തൊടുപുഴ നൈനാർ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖൂത്വാരി ശൈഖുനാ (റ) ( ഹസ്റത്തുപ്പാപ്പ ) , ഹൈദരാബാദ് സ്വൂഫി ( റ ) ( സ്വൂഫി മൻസിൽ ) വഴി ശാഹ് വലിയ്യു ലാഹിദ്ദഹ്‌ലവി ( റ ) യിലൂടെ ഗൗസുൽ അഅളം ( റ ) വഴി തിരുനബി ( സ്വ ) യിൽ ചെന്ന് ചേരുന്നു . മഹാനവർകളുടെ രിഫാഈ ത്വരീഖത്ത് ശൈഖ് യൂസുഫുർരിഫാഈ ആന്ത്രോത്ത് ( റ ) വഴിയിലൂടെ യുസുഫ് വലിയ്യുല്ലാഹി കുന്താപുരം ( റ ) വഴി തിരുനബി ( സ്വ ) യി ലെത്തിച്ചേരുന്നു . ശൈഖുനായുടെ നഖ്ശബന്ദി ത്വരീഖത്ത് തൃശൂർ കാളത്തോട് അന്ത്യവിശ്രമം കൊള്ളുന്ന കമ്മുകുട്ടി മൗലാനാ (റ), അമേനിയിൽ മറപെട്ട് കിടക്കുന്ന ഗുലാം മുഹമ്മദ് അഹ്മദ് നഖ്ശ ബന്തി (റ) വഴിതിരുനബി (സ്വ)യിൽ എത്തിച്ചേരുന്നു

ഹൈദരാബാദിൽ മറ പെട്ട് കിടക്കുന്ന സ്വൂഫി ഹസ്റത്ത് (റ) ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി ( റ ) , അബ്ദുൽ അസീസ് ശകർബാരി സ്വൂഫി (റ) തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെടുന്ന മശാഇഖന്മാർ ശൈഖുനായുടെ സിൽസിലയിലെ കണ്ണികളാണെന്ന് എടുത്ത് പറയേണ്ട ഒന്നാണ്

ഖാദിരി, രിഫാഈ, നഖ് ശബന്തി തുടങ്ങിയ ശ്രേഷ്ഠമായ ത്വരീഖത്തുകളിൽ അത്യുന്നത പദവിയിലുള്ള ധാരാളം മഹാരഥൻമാർ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. അവരിൽ ഏറ്റവും ശ്രേഷ്ഠരായവരെ അക്കാലത്തെ സുന്നത്ത് ജമാ അത്തിൻ്റെ പണ്ഡിതന്മാർ സ്വീകരിക്കുകയും അവരുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ച് ദീനിൻ്റെ ഉള്ളും പൊരുളും അവരിൽ നിന്നും ഗ്രഹിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ അക്കാലത്തെ ഏറ്റവും അംഗീകരിക്കപ്പെട്ട, അറിയപ്പെട്ട സ്വൂഫിയായിരുന്നു. ബഹു. കുന്നത്തേരി തങ്ങൾ ( റ ). മുത്തു നബി (സ)തങ്ങളിൽ നിന്ന് ശൈഖുനാ (റ) വരെ എത്തുന്ന കൃത്യമായ അധികാര ശ്രേണി (പാരമ്പര്യ സിൽസില) ശൈഖുനാ (റ)യുടെ ത്വരീഖത്തിൻ്റെ പ്രത്യേകതയായിരുന്നു. മുത്തു നബി(റ)യിൽ നിന്നും ഖുത്വുബുൽ അഖ്ത്താബ് (റ) വഴി ശൈഖുനാ (റ)യിൽ എത്തിച്ചേർന്നിരിക്കുന്ന ഖിലാഫത്ത് കൃത്യമായ ആധികാരിക രേഖകളിലൂടെയായതിനാൽ ഏറ്റവും വിശ്വസനീയവും അംഗീകൃതവും ആധികാരികവുമായ ത്വരീഖത്തായിരുന്നു ശൈഖുനാ (റ)യുടേത്. ഇത് ബോധ്യപ്പെട്ട അക്കാലത്തെ മഹാ പണ്ഡിതന്മാരെല്ലാം ബൈ അത്ത് ചെയ്ത് ശിഷ്യത്വം സ്വീകരിക്കാൻ ഏറ്റവും അനുയോജ്യനായി ശൈഖുനാ (റ)യെ തിരഞ്ഞെടുക്കുകയായിരുന്നു. ശൈഖുനാ (റ)യോട് അടുപ്പം പുലർത്താനും ബന്ധം നിലനിർത്താനും അവരുടെ ശിഷ്യന്മാരെക്കൊണ്ട് ശൈഖുനാ (റ)യുടെ ആത്മീയ ശിഷ്യത്വം സ്വീകരിപ്പിക്കാനും അഹ് ലുസ്സുന്നയുടെ അക്കാലത്തെ അറിയപ്പെട്ട ശറഈ പണ്ഡിതന്മാരെല്ലാം ജാഗരൂകരായിരുന്നു.
ശൈഖുന (റ)വിനെ തേടിയെത്തി വർ
എറണാകുളം ജില്ലയിലെ ഭക്തരുംസാത്വികരുമായി അറിയപ്പെട്ടിരുന്ന പണ്ഡിതമഹത്തുക്കളായ പുതിയാപ്ള അബ്ദുർറഹ്മാൻ മുസ്ലി യാർ , ഇടപ്പള്ളി കെ . പി . അബൂബക്കർ മുസ്ലിയാർ ( ഇടപ്പള്ളി ഉസ്താദ് ) , തൃക്കാക്കര ബുഖാരി മുസ്ലിയാർ തുടങ്ങിയ പണ്ഡിത മഹത്തുക്കൾക്ക് ശൈഖുനായുമായുള്ള അടുപ്പത്തിലൂടെയാണ് അവരുടെ പ്രശസ്ത ശിഷ്യന്മാരും സുന്നത്ത് ജമാ അത്തിൻ്റെ നേതാക്കളുമായിരുന്ന ചന്തിരൂർ മുഹമ്മദ് മുസ്ലിയാർ , ഇ . കെ . ഹസൻ മുസ്ലിയാർ , തേവലക്കര അലവിക്കുഞ്ഞ് മുസ്ലിയാർ , ശഅ്റാനി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരെ ശൈഖുനായുടെ മുരീദന്മാരും മുഹിബ്ബീങ്ങളുമാക്കിത്തീർത്തത് . സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ രൂപീകരണത്തിന് പ്രഥമ ആലോചനയോഗം ചേർന്ന കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ മണ്ണുങ്ങൽഅബ്ദുർറഹ്മാൻ മുസ്ലിയാർക്ക് ശൈഖുനായുമായുള്ള ആത്മീയബന്ധത്തിലൂടെ അദ്ദേഹത്തിന്റെ മരുമക്കളായ പെരിങ്ങത്തൂർ ആലിക്കുട്ടി മുസ്ലിയാർ ( കരുവംതുരുത്തി ) , ആക്കോട് മുഹമ്മദ് കോയ മുസ്ലിയാർ ( കുറ്റിക്കാട്ടൂർ ) തുടങ്ങിയ പ്രഗത്ഭർ ശൈഖുനായുടെ മുരീദന്മാരായിത്തീർന്നു . ഖുത്വുബുസ്സമാൻ സയ്യിദ് സ്വാലിഹ് ജമലുലൈലി ( റ ) തേഞ്ഞിപ്പലം ( നൊസ്സൻ തങ്ങൾ ) അവർകൾക്ക് ശൈഖുനായുമായുള്ള അടുപ്പത്തിലൂടെ അദ്ദേഹത്തിന്റെ മകനും അവിഭക്ത സുന്നിയുവജനസംഘ ത്തിന്റെ നേതാവുമായിരുന്ന സയ്യിദ് ഫള്ൽ ജമലുലൈലി തങ്ങളും, മർഹും ശിഹാബുദ്ദീൻ അഹ്മദ്കോയ ശാലിയാത്തി ( റ ) ക്ക് ശൈഖുനായുമായുള്ള ബന്ധം മനസ്സിലാക്കി ബേപ്പൂർ ഖാസി മുഹമ്മദ് കോയ മുസ്ലിയാർ , കാളാമ്പുറത്ത് കോയക്കുട്ടി മുസ്ലിയാർ എന്നിവരും ശൈഖുനായുടെ ശിഷ്യത്വം സ്വീകരിച്ച് മുരീദുമാരായി . എം . കെ . എം . കോയ മുസ്ലിയാർ , പെരുമുഖം സൈനുദ്ദീൻ മുസ്ലിയാർ , ബേപ്പൂർ ഖാസി പി . ടി . അബ്ദുൽഖാദിർ മുസ്ലിയാർ, മഞ്ചേരി പന്തല്ലൂർ ഖാസി അബ്ദുല്ലക്കുട്ടി മുസ്ലിയാർ , പാണക്കാട് സയ്യിദ് ശിഹാബ് ഫള്ൽ തങ്ങൾ ( പുതുപ്പറമ്പ് ), പുളിയക്കോട് ഹസൻ മുസ്ലിയാർ , എം . പി . മൊയ്തീൻ മുസ്ലിയാർ എടക്കുളം തുടങ്ങിയ നിരവധി സാദാത്തുക്കളും പണ്ഡിതരും കുന്നത്തേരി തങ്ങളിലാണ് അവരുടെ ശൈഖിനെ കണ്ടെത്തിയതും മുരീദ് മാരായതും എന്നത് ശൈഖുനായുടെ ത്വരീഖത്തിൻ്റെയും ഖിലാഫത്തിൻ്റെയും ആധികാരികത വിളിച്ചോതുന്നു. 

മേൽ പറഞ്ഞവരെല്ലാം പൊതു ജനങ്ങൾക്കിടയിൽ അതിപ്രശസ്തരായ ശിഷ്യനമാരായിരുന്നുവെങ്കിലും ആത്മീയ പ്രഭയിൽ ഇവരെയെല്ലാം കവച്ചുവെച്ച മുരീദുമാരും ശൈഖുനാക്കുണ്ടായിരുന്നു. ശൈഖുനാക്ക് ശേഷം ത്വരീഖത്തിൻ്റെ പ്രധാന ഖിലാഫത്ത് വഹിച്ച ഖുത്വ് ബുൽ അക്മൽ, ശൈഖുനാ മുഹമ്മദ് കമാലുദ്ധീൻ അൽ ജീലി (ഖു.സി), ഖുത്വ് ബുൽ വുജൂദ് ശൈഖുനാ സയ്യിദ് ശിഹാബുദ്ധീൻ അൽ ജീലി (ഖു.സി.) എന്നിവരൊക്കെ ആ മലർവാടിയിൽ വിരിഞ്ഞ ഏറ്റവും സുന്ദര കുസുമങ്ങളാണ്. 

ഫിഖ്ഹ് ( കർമ്മശാസ്ത്രം ) , മൻത്വിഖ് ( തർക്കശാസ്ത്രം ) , ഇൽമുൽ അഖീദ ( വിശ്വാസ ശാസ്ത്രം ) തുടങ്ങിയ വിഷയങ്ങൾ മാത്രംപഠിപ്പിക്കപ്പെടുകയും തസ്വവ്വുഫ് മതാദ്ധ്യാപനരംഗത്ത് നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ ആത്മാവില്ലാത്ത ഒരു ഇസ്ലാമിനെ സൃഷ്ടിക്കലായി രിക്കുമെന്ന് മനസ്സിലാക്കിയ ശൈഖുനാ ( ഖു . സി . ) മേൽവിഷയങ്ങളോടൊപ്പം ആത്മസംസ്കരണമാകുന്ന ത്വരീഖത്തിനും അതിന്റെ വിജ്ഞാനശാഖയാകുന്ന തസ്വവ്വുഫിനും പ്രാധാന്യവും പ്രചരണവും ഉണ്ടാക്കിത്തീർക്കുന്നതിന് വേണ്ടി സ്ഥാപിച്ച മഹത്തായ ഇസ്ലാമിന്റെ സമ്പൂർണ്ണ വിജ്ഞാനകേന്ദ്രമാണ് മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ് .

തസ്വവ്വുഫില്ലാത്ത കർമ്മശാസ്ത്രം നിഷ്ഫലവും കർമ്മശാ സ്ത്രമില്ലാത്ത തസ്വവുഫ് വഴിതെറ്റിക്കുന്നതുമാണെന്ന് ഇമാം മാലിക് ( റ ) നെപോലുള്ളവരുടെ അഭിപ്രായം മുഖവിലക്കെടുത്ത് പൂർവ്വസൂരികളുടെ സരണി അന്വർത്ഥമാക്കി ഇലാഹീ പ്രീതിക്ക് വേണ്ടി മാത്രം സ്ഥാപിതമായ ഈ സ്ഥാപനം ശൈഖുനായുടെ ദീനീസേവനത്തിന്റെയും ദീർഘദൃഷ്ടിയുടെയും പ്രതീകമാണ് . ദീനീപ്രചരണത്തിന്റെ ഭാഗമായി മദ്റസ പ്രസ്ഥാനം ഇത്രയും വ്യാപകമായിട്ടില്ലാത്ത ആ കാലത്ത് സാധാരണ മുസ്ലിം സ്ത്രീ പുരുഷന്മാർക്ക് മതവിദ്യാഭ്യാസം നേടുന്നതിന് അന്ന് വ്യാപകമായിരുന്ന സബീനപാട്ടുകളുടെ ശൈലിയിൽ വുളു , കുളി തുടങ്ങി നിസ്ക്കാരം അടക്കമുള്ള കർമ്മങ്ങളുടെ വിശദീകരണവും അടിസ്ഥാന കാര്യമായ കലിമത്തുശ്ശഹാദയുടെ ശർത്ത് ഫർളുകളടക്ക മുള്ള അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിശ്വാസ കാര്യങ്ങൾ ഉൾക്കൊള്ളുന്ന പദ്യരൂപേണയുള്ള വാജിബാത്ത് മാല ശൈഖുനാ യുടെ നിസ്തുലമായ ഒരു കൃതിയാണ് . - സാലിക്കീങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ തൗഹീദ് മാല ത്വരീഖത്തുകാർക്ക് ഉത്തമവഴികാട്ടിയും ആത്മീയമുന്നേറ്റത്തിന് ഊർജം നൽകുന്നതുമായ ഗ്രന്ഥമാണ് . പ്രസിദ്ധമായ താജുൽ അഖ്ബാർ " യൂസുഫ് ഖിസ്സപ്പാട്ട് , ഫാത്വിമബീവി വഫാത്ത് മാല , മുഹ് യിദ്ദീൻ മാല , മഅ് രിഫത്ത് മാല , അസ്റാറുൽ മുഹഖിഖീൻ
മുതലായവ ശൈഖുനായുടെ വിജ്ഞാനസാഗരത്തിൽ നിന്ന് ഉത്ഭവിച്ച അമൂല്യ ഗ്രന്ഥങ്ങളാണ് .- 

സ്വൂഫി ചിന്താധാരയിൽ സംഭാവനകളർപ്പിച്ച മഹാത്മാക്കളായ സ്വൂഫിവര്യന്മാരുടെ അദ്ധ്യാത്മിക കൃതികളിലെ ഉള്ളടക്കം അവരുടെ വഴിയിൽ പ്രവേശിക്കാത്തവർക്ക് ഗ്രഹിക്കൽ ശ്രമകരമാണ് . അതുകൊണ്ട് തന്നെ ആ മഹാത്മാക്കളുടെ കൃതികൾ അവരുടെ സാങ്കേതിക പ്രയോഗങ്ങളും മറ്റും അറിയാത്തവർ പാരായണം ചെയ്യാനോ ചർച്ച ചെയ്യാനോ പാടില്ലെന്ന് മഹാനായ ഇബ്നുഹജർ ( റ ) , സൈനുദ്ദീൻ മഖ്ദൂം ( റ ) തുടങ്ങിയ ആധികാരിക ശാഫിഈ പണ്ഡിതരും മറ്റും ഏകോപിച്ച് പറഞ്ഞിരിക്കുന്നു . ആ വിലക്ക് വക വെക്കാതെ ഇൽമുതസ്വവ്വുഫിൽ അടിസ്ഥാന വിവരം പോലുമില്ലാത്തവർ സ്വൂഫികളുടെ ഗ്രന്ഥങ്ങൾ അപഗ്രഥനം നടത്തിയും വ്യഖ്യാനിച്ചും വഴിതെ റ്റിപ്പോയതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴി യും . ചിലർ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ശൈഖുൽ അക്ബർ ഇബ്നു അറബി ( റ ) ഇമാം ഗസ്സാലി ( റ ) . ഇമാം ശാദുലി ( റ ) , ജുനൈദുൽ ബഗ്ദാദി ( റ ) തുടങ്ങിയ മഹാരഥ മാരെ പോലും വഴിപിഴച്ചവരുടെ പട്ടികയിൽ പെടുത്തി യതൊക്കെ ചരിത്രമാണ്. ഇതുപോലെ ശൈഖുനായുടെ അസ്റാറുൽ മുഹഖിഖീൻ എന്ന തസ്വവ്വുഫിൻ്റെ ഗ്രന്ധവും തൗഹീദ് മാല എന്ന കാവ്യവും ചിലർ വ്യാഖ്യാനിച്ച് സ്വയം നാശം വരുത്തിവെച്ചപ്പോൾ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച പഠനസമതിയിലെ അംഗവും ത്വരി ഖത്തിന്റെ ശൈഖും മുറബ്ബിയുമായിരുന്ന ഖാളി സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങൾ ( ഖു . സി . ) അവർകൾ ആ വ്യാഖ്യാനങ്ങളും ആരോപണങ്ങളും മുഴുവനും സത്യവിരുദ്ധമാണെന്നും ത്സവ്വുഫ് മനസ്സിലാക്കാനും ഗ്രഹിക്കാനും കഴിയാത്തവർ കൈകാര്യം ചെയ്തതു കൊണ്ട് സംഭവിച്ചതാണെന്നും പ്രഖ്യാപിച്ച് കൊണ്ട് ശൈഖുനായുടെ ജന്മനാടായ ആന്ത്രോത്ത് ദ്വീപിലെ എസ് . വൈ . എസ് . , എസ് . എസ് . എഫ് . സംഘടനകളുടെ സംയുക്ത യോഗത്തിൽ സാക്ഷ്യപ്പെടു ത്തിയതും മിനിറ്റ്സിൽ രേഖപ്പെടുത്തി വെച്ചതും കാണാം .യോഗത്തിൽ കുന്നത്തേരി ത്വരീഖത്തിനെ കുറിച്ച് ഒരാൾ സംശയം ചോദിച്ചു.
അതിന് തങ്ങൾ നൽകിയ മറുപടി " കുന്നത്തേരി തങ്ങളുടെ കൃതികളും ത്വരീഖത്തും ഫഖാണ് - " പ്രസ്തുത ത്വരീഖത്തിന്റെ അടിസ്ഥാനഗ്രന്ഥമായ ' അസ്റാറുൽ മുഹഖിഖീൻ ' എന്റെ കൈയിലുണ്ട് . അത് ഞാൻ ആധികാരികമായി പരിശോധിച്ചു. ഞാൻ കണ്ടിടത്തോളം അത് നൂറ് ശതമാനം ഹഖാണ് . എന്നാൽ അത് വാദ പ്രതിവാദത്തിലൂടെ ചർച്ച ചെയ്യാൻ പാടില്ലാത്തതും പ്രസ്തുത ത്വരീഖത്തിനെ തിരെയുള്ള ചർച്ച എസ് . വൈ . എസിലോ എസ് . എസ് . എഫിലോ ഉണ്ടാവാൻ പാടില്ലാത്തതുമാണ് .ഈ ഗ്രന്ഥം നൂറ് ശതമാനം ഹഖാണെന്ന് ഞാൻ അല്ലാഹുവിന്റെ മുമ്പിൽ സാക്ഷിയാണ്. സാക്ഷിയാണെന്ന് തങ്ങൾ ആവർത്തിച്ചു പറഞ്ഞു. ഇനി ആർക്കെങ്കിലും വല്ല സംശയവും ബാക്കി നിൽക്കുന്നുണ്ടോ എന്ന് തങ്ങൾ വീണ്ടും ചോദിച്ചു . ആരും സംശയം ചോദിക്കാതെ തങ്ങളുടെ വിശദീകരണത്തിൽ തൃപ്തിപ്പെടുകയും അംഗീകരിക്കുകയും ചെയ്തതുമാണ്. എന്നാലും പല വിധ സങ്കുചിത ലക്ഷ്യങ്ങളുമായി ഇല്മുതസവ്വുഫ് മനസ്സിലാക്കാനൊ ഗ്രഹിക്കാനൊ മെനക്കെടാത്ത പലരും ഇന്നും ഇത്തരം അബദ്ധങ്ങൾ ഏറ്റുപിടിച്ചു നടക്കുന്നത് കൊണ്ട് ശൈഖുനാക്കൊ ശൈഖുനായുടെ മഹത്വത്തിനൊ ഒരു മങ്ങലുമേല്പിക്കുന്നില്ല.

ആത്മീയ തുറവടിയും അറിവും ലഭിച്ച മഹത്തുക്കളാരും - ഗൗസുൽ അഅ്ളമിന്റെ മാർഗ്ഗത്തെ ( ത്വരീഖത്തിനെ ) നിഷേധിച്ചിട്ടില്ലെന്ന പണ്ഡിതവചനമാണ് പൊസോട്ട് തങ്ങൾ ( ഖു . സി . ) എന്ന ആത്മീയഗുരുവിന്റെ ഈ സാക്ഷ്യപ്പെടുത്തൽ . അത്തരക്കാർ തന്നെയാണ് ഇത് പറയാൻ അർഹരും . ഇതുപോലെ ഒരുപാട് പണ്ഡിതന്മാർ ശൈഖുനായെ കുറിച്ചും ശൈഖുനായുടെ കൃതികളെ കുറിച്ചും അവിടുത്തെ ഖലീഫമാരായിരുന്ന അൽ ഖുത്ബുൽ അക്മൽ അസ്സയ്യിദ് മുഹമ്മദ് കമാലുദ്ദീനുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് ( ഖു . സി . ), ശൈഖുനാ ഖുതുബുൽ വുജൂദ് സയ്യിദ് ശിഹാബുദ്ദീനിൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് ( ഖു . സി . ) എന്നിവരുടെ സ്ഥാനങ്ങളെയും മഹത്വത്തെയും സംബന്ധിച്ച് പറഞ്ഞ രേഖകൾ നിരവധിയാണ് . അതെല്ലാം കൂടി പര സ്യപ്പെടുത്തേണ്ടതില്ലാത്തതിനാൽ തൽക്കാലം മാറ്റിവെക്കുന്നു . - 

വന്ദ്യരായ ശൈഖുനായുടെ 54 ആമത് ഉറൂസ് മുബാറക് ഈ വരുന്ന 11 മുതൽ 16 വരെയുള്ള തീയതികളിൽ ആലുവ കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയിൽ വിപുലമായ പരിപാടികളോടെ നടത്ത പ്പെടുകയാണ് . കോവിഡ് പ്രതിസന്ധി കാരണം കേന്ദ്ര സംസ്ഥാന സർക്കാർ പ്രോട്ടക്കോൾ പാലിച്ചുകൊണ്ടാണ് പരിപാടികൾ നടക്കുക. ഉറൂസ് ദിവസങ്ങളിൽ രാത്രി 9 മണിക്ക് മതപ്രഭാഷണം ഉണ്ടായിരിക്കും. നൂറുൽ ഇർഫാൻ അറബിക് കോളേജിന്റെ ഫേസ്ബുക്ക് പേജിലൂടെ തൽസമയം പരിപാടി കാണാൻ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മഞ്ചേരി, ഖത്തർ, ഒമാൻ, ആന്ത്രോത്ത്, കിൽത്താൻ, കവരത്തി എന്നീ സ്ഥലങ്ങളിലും ശൈഖുന (റ)വിന്റെ ആണ്ട് നേർച്ച നടത്തപ്പെടുന്നു.
Related Posts Plugin for WordPress, Blogger...