നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday, 6 May 2021

Lailathul kadar ( ലൈലത്തുല്‍ ഖദ്റ് ലക്ഷണങ്ങളും ശ്രേഷ്ഠതകളും )


 ലൈലത്തുല്‍ ഖദ്റ് ലക്ഷണങ്ങളും ശ്രേഷ്ഠതകളും 
അബൂ ഇയാസ് അഹ്സനി, ഇരിങ്ങാവൂര്‍

    വിശുദ്ധ റമളാനിലെ ഒരു പുണ്യ രാത്രിയാണ് 'ലൈലത്തുല്‍ ഖദ്റ്' വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ രാത്രി...രക്ഷയുടെയും അനുഗ്രഹങ്ങളുടെയും രാത്രി... ഇരട്ടി ഇരട്ടി പ്രതിഫലം നല്‍കപ്പെടുന്ന രാത്രി. അടിമകളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കപ്പെടുന്ന രാത്രി... പ്രയാസങ്ങള്‍ ഉയര്‍ത്തപ്പെടുന്നതിനും സന്തോഷങ്ങള്‍ ഇറക്കുന്നതിനും വേണ്ടി ആകാശ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന രാത്രി... ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി. 

    മനുഷ്യമക്കളുടെ ഇഹപര വിജയത്തിന് ഹേതുകമായ പരിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച ഈ രാത്രിയെ അല്ലാഹു പരിചയപ്പെടുത്തുന്നു "നിശ്ചയം ലൈലത്തുല്‍ ഖദ്റിലാണ് ആ വിശുദ്ധ ഗ്രന്ഥം നാം അവതരിപ്പിച്ചത്. ലൈലത്തുല്‍ ഖദ്റ് എന്താണെന്നാണ് താങ്കള്‍ മനസ്സിലാക്കിയത്. ലൈലത്തുല്‍ ഖദ്റ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്".

    അല്ലാഹു തആല മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉത്തമരാക്കി. മലക്കുകളില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠമാക്കി. കലാമുകളില്‍ നിന്നും അല്ലാഹുവിന്‍റെ കലാമിനെയും സ്ഥലങ്ങളില്‍ നിന്ന് അവന്‍റെ ഭവനങ്ങളാകുന്ന പള്ളികളെയും മറ്റും പുണ്യമുള്ളതാക്കി. മാസങ്ങളില്‍ ചിലതിനെ മറ്റു ചിലതിനേക്കാളും ദിവസങ്ങളില്‍ വെള്ളിയാഴ്ചയെയും രാത്രികളില്‍ ലൈലത്തുല്‍ ഖദ്റിനെയും അല്ലാഹു ശ്രേഷ്ഠമാക്കി. ഓ മുസ്ലിം സമൂഹമേ അതിനാല്‍ അല്ലാഹു ആദരിച്ചതിനെയും ബഹുമാനിച്ചതിനെയും നാമും ബഹുമാനിക്കുക. നബി (സ്വ) തങ്ങള്‍ പറഞ്ഞു: വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ചും ആരെങ്കിലും റമളാനില്‍ നോമ്പെടുത്താല്‍ അവന്‍റെ കഴിഞ്ഞ പാപങ്ങളത്രെയും അവന് പൊറുക്കപ്പെടും. വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ചവനായും ഖദ്റിന്‍റെ രാത്രിയില്‍ വല്ലവനും നിന്ന് നിസ്കരിച്ചാല്‍ അവന്‍റെ ദോഷങ്ങള്‍ മുഴുവനും അവന് പൊറുക്കപ്പെടുന്നതാണ് (ബുഹാരി, മുസ്ലിം).

    ളഹ്ഹാക് (റ) പറഞ്ഞു: ഈ രാത്രിയില്‍ അല്ലാഹു രക്ഷ മാത്രമേ വിധിക്കുകയുള്ളൂ. മറ്റു രാത്രികളില്‍ രക്ഷയും ശിക്ഷയും വിധിക്കും (ഖുര്‍ത്വുബി) പ്രഭാതം വിടരുന്നത് വരെ ആ രാത്രി രക്ഷ മാത്രമാണ് (ഖുര്‍ആന്‍). ഇമാം മുജാഹിദ് (റ) പറഞ്ഞു: സുരക്ഷിതമായ രാത്രിയാണത്. പിശാചിന് അന്ന് നീചവും പ്രയാസമുണ്ടാക്കുന്നതുമായ ഒരു വേലയും ഒപ്പിക്കാന്‍ കഴിയില്ല. മഹാനായ ഇക്രിമത്ത് (റ) പറയുന്നു: ആ വര്‍ഷം ഹജ്ജ് ചെയ്യുന്നവരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ അന്ന് രേഖപ്പെടുത്തും. അതില്‍ നിന്ന് ഒരാളും കൊഴിഞ്ഞ് പോവുകയോ മറ്റൊരാളെ അതില്‍ വര്‍ദ്ധിപ്പിക്കപ്പെടുകയോ ഇല്ല. 

    ഓ സഹോദരാ, ഈ പുണ്യമായ അവസരം നാം പാഴാക്കിക്കളയരുത്. ഈ രാത്രിയെ നാം ആദരിക്കുകയും നന്മകളെ കൊണ്ട് ധന്യമാക്കുകയും ചെയ്യുക. "നിങ്ങളുടെ സ്വശരീരത്തിന് വേണ്ടി നിങ്ങള്‍ എന്ത് നന്മ കാഴ്ച വെച്ചാലും അത് അല്ലാഹുവിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹമായി നിങ്ങള്‍ എത്തിക്കുന്നതാണ്. നിശ്ചയം അല്ലാഹു തആല നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാണ്" (വിശുദ്ധ ഖുര്‍ആന്‍).

മറച്ചു വെച്ചതിന്‍റെ രഹസ്യം:-

    ഈ രാത്രി ഏതാണെന്ന് നിര്‍ണ്ണയിക്കുന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ നാല്‍പ്പതോളം അഭിപ്രായങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രബലം റമളാനിലെ അവസാനപത്തിലെ ഒറ്റയിട്ട രാവുകളിലാണ് എന്നതാണ്. ഈ രാത്രി ഏതാണെന്ന് കൃത്യമായി പ്രവചിക്കാതെ ഒളിപ്പിച്ച് വച്ചതിന് പിന്നില്‍ ഒരുപാട് രഹസ്യങ്ങളും തത്വങ്ങളുമുണ്ട്. 

    ഈ രാത്രിയോട് ഒത്ത് വരണമെന്ന പ്രതീക്ഷയില്‍ സര്‍വ്വ രാത്രികളും ഇബാദത്തിനാല്‍ ധന്യമാക്കപ്പെടുന്നു. ഇതാണ് മുന്‍ഗാമികള്‍ അനുവര്‍ത്തിച്ചത്. 

    അടിമകള്‍ കൂടുതല്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് മത്സരിക്കുന്നു. അപ്പോള്‍ അല്ലാഹു തആല ഇത് മറച്ച് വെച്ചത് നമുക്ക് വലിയ അനുഗ്രഹമാണ്. കാരണം ലൈലത്തുല്‍ ഖദ്റ് പ്രതീക്ഷിച്ച് എല്ലാ രാത്രിയിലും നാം സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും അങ്ങനെ നമ്മുടെ സല്‍കര്‍മ്മങ്ങള്‍ കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിക്കാന്‍ അത് കാരണമാവുകയും ചെയ്യുന്നു. മറിച്ചായിരുന്നുവെങ്കില്‍ അന്ന് മാത്രം ഇബാദത്തില്‍ മുഴുകി മറ്റു ദിവസങ്ങളെല്ലാം നാം വെറുതെ ഇരിക്കുമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും റമളാനിന്‍റെ 27 ന്‍റെ രാത്രിയാണ് ലൈലത്തുല്‍ ഖദ്റ് എന്ന അഭിപ്രായത്തില്‍ മാത്രം ഉറച്ചുനിന്ന് അന്ന് മാത്രം രാത്രി ഹയാത്താക്കി ലൈലത്തുല്‍ ഖദ്റ് കരസ്ഥമാക്കാനാണ് നാം പലരും ശ്രമിക്കുന്നത് എന്നത് വളരെ ഖേദകരമാണ്. 

    നിശ്ചയം ഈമാനിന്‍റെയും കുഫ്റിന്‍റെയും അറിവിന്‍റെയും അജ്ഞതയുടെയും സന്മാര്‍ഗ്ഗത്തിന്‍റെയും വഴികേടിന്‍റെയും ഇരുട്ടിന്‍റെയും വെളിച്ചത്തിന്‍റെയും ഇടയില്‍ വേര്‍തിരിവും വിവേചനവും നല്‍കുന്ന നിര്‍ണ്ണായക അതിര്‍വരമ്പാണ് ലൈലത്തുല്‍ ഖദ്റും അന്ന് അവതരിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥവും. 

    മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തിന് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് ലൈലത്തുല്‍ ഖദ്റ്. അനസ് (റ) നെ തൊട്ട് നിവേദനം നബി (സ്വ) പറഞ്ഞു: "ലൈലത്തുല്‍ ഖദ്റ് എന്‍റെ ഉമ്മത്തിന് അല്ലാഹു സുബ്ഹാനഹുവതആല സമ്മാനിച്ചതാണ്. അവര്‍ക്ക് മുമ്പ് ഒരാള്‍ക്കും അത് നല്‍കിയിട്ടില്ല (ദൈലമി, തഫ്സീര്‍ ......). ഈ അനുഗ്രഹീത രാത്രികൊണ്ട് ഈ സമുദായത്തെ പ്രത്യേകമാക്കപ്പെടാനുള്ള കാരണം പലതും പറയപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഇമാം മാലിക്ക് (റ) തന്‍റെ മുവത്വയില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. "തിരുനബി (സ്വ) തങ്ങള്‍ക്ക് മുന്‍സമുദായങ്ങളുടെ ആയുസ്സ് കാണിക്കപ്പെട്ടു. അപ്പോള്‍ തന്‍റെ ഉമ്മത്തിന്‍റെ ആയുസ്സ് വളരെ കുറവായതുകൊണ്ട് ദീര്‍ഘകാലം ആരാധനകള്‍ ചെയ്ത് മുന്‍സമുദായങ്ങള്‍ കൈവരിച്ച നേട്ടം എന്‍റെ സമുദായത്തിന് ലഭിക്കില്ലല്ലോ എന്ന് അവിടുന്ന് പരിതപിച്ചു. അപ്പോഴാണ് ആയിരം  മാസത്തേക്കാള്‍ പുണ്യം നല്‍കപ്പെട്ട ലൈലത്തുല്‍ ഖദ്റ് എന്ന വിശുദ്ധ രാത്രി അല്ലാഹു തആല അവിടത്തേക്ക് സമ്മാനിച്ചത് " (മുവത്വ). 

    മലക്കുകള്‍ ഭൂമിലോകത്തേക്ക്

    ഖദ്റിന്‍റെ രാത്രിയില്‍ ഭൂമിലോകത്തേക്ക് മലക്കുകള്‍ ഇറങ്ങിവരും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു നാഥന്‍റെ അനുമതിയോടെ സര്‍വ്വതീരുമാനങ്ങളുമായി അന്ന് മലക്കുകളും റൂഹും ഇറങ്ങു. റൂഹ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ജിബ്രീല്‍ (അ) മാണെന്നും അതല്ല ഒരു വിഭാഗം പ്രത്യേകക്കാരായ മലക്കുകളാണെന്നും മലക്കുകളെ നിരീക്ഷിക്കുന്ന മറ്റൊരു വിഭാഗം സൃഷ്ടികളാണെന്നും മരണപ്പെട്ടവരുടെ ആത്മാക്കളാണെന്നുമുള്ള പല വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. 

    മലക്കുകള്‍ ഭൂമിലോകത്തേക്ക് ഇറങ്ങിവരുന്നതിന്‍റെ രൂപത്തെ സംബന്ധിച്ച് ഇബ്നു അബ്ബാസ് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കാണാം: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റ് ആയാല്‍ "സിദ്റത്തുല്‍ മുന്‍തഹാ" വാസികളായ മലക്കുകള്‍ ഇറങ്ങിവരും ജിബ്രീല്‍ (അ) അക്കൂട്ടത്തില്‍ ഉണ്ട്. അവര്‍ പതാകകളുമായാണ് വരിക. അങ്ങനെ അവര്‍ വന്നുകൊണ്ട് ഒരു പതാക എന്‍റെ ഖബറിനു മുകളിലും ഒരു പതാക ബൈത്തുല്‍ മുഖദ്ദസിന്‍റെ മുകളിലും ഒരു പതാക മസ്ജിദുല്‍ ഹറാമിന് മുകളിലും മറ്റൊന്ന് ത്വൂരിസീനാ പര്‍വ്വതശിഖിരത്തിലും സ്ഥാപിക്കും. അങ്ങനെ അവര്‍ സത്യവിശ്വാസികളായ സര്‍വ്വരോടും സലാം ചൊല്ലും. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍, പന്നിമാംസം ഭക്ഷിക്കുന്നവര്‍, ദേഹത്ത് കുങ്കുമചായം പുരട്ടുന്നവര്‍ ഒഴികെ. ഖുര്‍ത്വുബി, റൂഹുല്‍ ബയാന്‍ തുടങ്ങി ധാരാളം തഫ്സീറുകളിലും മറ്റും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

    മഹാനായ അല്‍ഖുതുബുറബ്ബാനി അശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) 'ഗുന്‍യ'  യില്‍ പറയുന്നു: ഇബ്നു അബ്ബാസ് (റ) നെ തൊട്ട് നിവേദനം അദ്ദേഹം പറയുന്നു: ലൈലത്തുല്‍ ഖദ്റായാല്‍ അല്ലാഹു തആല ജിബ്രീല്‍ (അ) നോട് ഭൂമിയിലേക്ക് ഇറങ്ങാന്‍ കല്‍പ്പിക്കും കൂടെ 'സിദ്റത്തുല്‍ മുന്‍തഹാ' വാസികളായ എഴുപതിനായിരം മലക്കുകളുമുണ്ടാകും പ്രകാശത്താലുള്ള പതാകകള്‍ വഹിച്ചുകൊണ്ടാണ് അവര്‍ ഇറങ്ങുന്നത്. അങ്ങനെ ഭൂമിയിലേക്കിറങ്ങിയാല്‍ ജിബ്രീല്‍ (അ) തന്‍റെയും മറ്റു മലക്കുകള്‍ അവരുടെയും പതാകകള്‍ നാലു പരിശുദ്ധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. വിശുദ്ധ കഅ്ബാലയം, തിരുനബി (സ്വ) യുടെ ഖബ്റുശ്ശരീഫ്, മസ്ജിദ് ബൈത്തുല്‍ മുഖദ്ദസ്, മസ്ജിദ് ഥൂരിസീനാ തുടങ്ങിയവയാണവ. പിന്നീട് ജിബ്രീല്‍ (അ) മറ്റു മലക്കുകളോട് ഭൂമിയില്‍ പരക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കും. അങ്ങനെ സത്യവിശ്വാസി വിശ്വാസിനികള്‍ താമസിക്കുന്ന വീടുകളിലും കുടിലുകളിലും റൂമുകളിലും കപ്പലുകളിലും മുഴുവനും അവര്‍ പ്രവേശിക്കും. പട്ടി, പന്നി, കള്ള്, ഹറാമിനാലുള്ള ജനാബത്ത്കാര്‍, രൂപങ്ങള്‍ എന്നിവയുള്ള വീടുകളൊഴിച്ച്. അവയില്‍ അവര്‍ പ്രവേശിക്കുകയില്ല. അങ്ങനെ പ്രഭാതം വരെ തസ്ബീഹ്, തഖ്ദീസ്, തഹ്ലീലുകളിലും മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തിന് വേണ്ടിയുള്ള പൊറുക്കലിനെ തേടലിലും അവര്‍ കഴിഞ്ഞ് കൂടും. 

    നേരം വെളുത്താല്‍ ആകാശത്തേക്ക് അവര്‍ കയറിപ്പോകും ആദ്യമായി ഒന്നാനാകശത്തെ മലക്കുകള്‍ അവരെ സ്വീകരിക്കും. അവര്‍ ചോദിക്കും: നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ദുനിയാവില്‍ നിന്ന് വരികയാണ്. കാരണം ഇന്ന് മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന്‍റെ ലൈലത്തുല്‍ ഖദ്റായിരുന്നു. അപ്പോള്‍ ആകാശവാസികള്‍ ചോദിക്കുന്നു: മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന്‍റെ ആവശ്യങ്ങള്‍ക്ക് എന്ത് പരിഹാരമാണ് അല്ലാഹു നല്‍കിയത്? സദ്വൃത്തരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും ദുര്‍വൃത്തരുടെ കാര്യങ്ങളില്‍ ശിപാര്‍ശ സ്വീകരിക്കുകയും ചെയ്തു എന്നവര്‍ മറുപടി നല്‍കി. അപ്പോള്‍ ഈ സമുദായത്തിന് അല്ലാഹു അവന്‍റെ മഗ്ഫിറത്ത് നല്‍കി അനുഗ്രഹിച്ചതിന്‍റെ പേരില്‍ ലോക രക്ഷിതാവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്തുതി കീര്‍ത്തനങ്ങളാല്‍ ഒന്നാനാകാശത്തെ മലക്കുകള്‍ ശബ്ദമുയര്‍ത്തും. 

    പിന്നെ അവര്‍ രണ്ടാനാകാശത്തേക്ക് ആ മലക്കുകളെ യാത്രയാക്കി അവരെ പിന്തുടരും. അങ്ങനെ ഏഴാനാകാശം വരെ ഇത് തുടരും. അവിടെ നിന്ന് ജിബ്രീല്‍ (അ) അവരോട് തിരിച്ച് പോകാന്‍ നിര്‍ദേശിക്കുകയും ഓരോ മലക്കുകളും അവരവരുടെ ആകാശങ്ങളിലേക്ക് തിരിച്ച് പോവുകയും ചെയ്യും. പിന്നെ ജിബ്രീല്‍ (അ) മും കൂടെയുള്ള മലക്കുകളും സിദ്റത്തുല്‍ മുന്‍തഹായിലേക്ക് തിരിച്ചെത്തുമ്പോള്‍ അവിടെയുള്ള മലക്കുകളും അവരോട് ചോദിക്കും നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? മുമ്പ് പോലെ അവര്‍ പ്രതികരിക്കും. അവിടെയുള്ള മലക്കുകളും സ്തുതി കീര്‍ത്തനങ്ങളാല്‍ ശബ്ദ മുഖരിതമാക്കും. അത് ജന്നത്തുല്‍ മഅ്വയും പിന്നെ ജന്നത്തുന്നഈമും ജന്നത്തു അദനും ഫിര്‍ദൗസും കേള്‍ക്കും. അല്ലാഹുവിന്‍റെ അര്‍ശും അത് കേള്‍ക്കാനിടവരും. അപ്പോള്‍ ഈ ഉമ്മത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് അല്ലാഹുവിന്‍റെ അര്‍ശും സ്തുതി കീര്‍ത്തനങ്ങളെ കൊണ്ട് ശബ്ദ മുഖരിതമാക്കും. എന്നിട്ട് അര്‍ശ് ചോദിക്കുകയാണ്. എന്‍റെ നാഥാ! മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തില്‍ നിന്ന് സദ്വൃത്തര്‍ക്ക് നീ പൊറുത്തു കൊടുത്തതായും ദുര്‍വൃത്തരുടെ കാര്യത്തില്‍ സദ്വൃത്തര്‍ ചെയ്ത ശിപാര്‍ശ നീ സ്വീകരിച്ചതായും എനിക്ക് വിവരം ലഭിച്ചുവല്ലോ? അപ്പോള്‍ അല്ലാഹു തആല പറയുന്നു: അതെ സത്യമാണ് നീ പറഞ്ഞത്. മാത്രമല്ല മുഹമ്മദ് നബി (സ്വ) തങ്ങളുടെ സമുദായത്തിന് ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത ഒരു മനുഷ്യ ഹൃദയത്തിലും ഉദിക്കുക പോലും ചെയ്യാത്ത ബഹുമതികള്‍ അവര്‍ക്ക് എന്‍റെ അരികില്‍ ഞാന്‍ തയ്യാര്‍ ചെയ്തിട്ടുണ്ട് (തഫ്സീര്‍ റൂഹുല്‍ മആനി). മലക്കുകളുടെ വരവിനെ സംബന്ധിച്ച് ഇനിയും ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചില ലക്ഷണങ്ങള്‍

    ഇമാം അഹ്മദ് (റ) തന്‍റെ മുസ്നദില്‍ ഉബാദത്ത് ബ്നു സ്സ്വാമിത് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റിന്‍റെ ലക്ഷണങ്ങള്‍ ആ രാത്രി തെളിഞ്ഞതും പ്രഭാപൂരിതവുമായിരിക്കും. തിളങ്ങി നില്‍ക്കുന്ന ചന്ദ്രനുള്ളത് പോലിരിക്കും. വളരെ ശാന്തവും നിശ്ശബ്ദവുമായതായിരിക്കും. അന്ന് തണുപ്പോ ചൂടോ ഉണ്ടാവുകയില്ല. ചെങ്കോലുകള്‍ എറിയപ്പെടുന്നത് കാണുകയില്ല. അന്നിന്‍റെ പകലിലെ സൂര്യന്‍ പതിനാലാം രാവിലെ ചന്ദ്രനെപ്പോലെയായിരിക്കും. രശ്മികളുണ്ടാവുകയില്ല. മങ്ങിയ നിലയിലായിരിക്കും അന്ന് പിശാചിന് പുറത്തിറങ്ങാന്‍ സാധിക്കുകയില്ല. എന്നതും അതിന്‍റെ ലക്ഷണങ്ങളില്‍ പെട്ടതാണ്. മജ്മഉസ്സവാഇദിലും ഇമാം ത്വബ്റാനി തന്‍റെ മുഅ്ജമുല്‍ കബീറിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. 

    അന്നത്തെ സൂര്യന് കിരണങ്ങളില്ലാത്തതിന് ബഹുമാനപ്പെട്ട ഖാളി ഇയാള്വ്(റ) തങ്ങള്‍ രണ്ട് കാരണങ്ങള്‍ പറയുന്നു: ഒന്ന്: ലൈലത്തുല്‍ ഖദ്റ് മനസ്സിലാക്കാന്‍ അല്ലാഹു നിശ്ചയിച്ച ഒരു അടയാളമാണ്. രണ്ട്: അന്നിറങ്ങിവരുകയും കയറിപ്പോവുകയും ചെയ്യുന്ന മലക്കുകളുടെ ബാഹുല്യം കാരണം അവരുടെ ശരീരങ്ങളും ചിറകുകളും സൂര്യപ്രകാശത്തിനും അതിന്‍റെ കിരണങ്ങള്‍ക്കും മറയിടുന്നതാണ് (ശര്‍ഹ് മുസ്ലിം).

അമലുകള്‍:-

    പ്രസ്തുത രാത്രി നാം ആരാധനകളെകൊണ്ട് ധന്യമാക്കണം. നമുക്ക് കിട്ടിയ വലിയൊരവസരമാണത്. അടുത്ത വര്‍ഷം ആ രാത്രിയില്‍ അമല്‍ ചെയ്യാനും പുണ്യം നേടാനും നാം ജീവിച്ചിരിക്കണമെന്നില്ല. അത് കിട്ടിയാല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കലാണ് ബുദ്ധി. അതിനാല്‍ ദിക്റ് ദുആകളെ കൊണ്ടും തൗബ ഇസ്തിഗ്ഫാറുകളെ കൊണ്ടും ഈ രാത്രിയെ നാം ഹയാത്താക്കുക. തസ്ബീഹുകളും തഹ്മീദുകളും തഹ്ലീലുകളും അധികരിപ്പിക്കുക. നബി (സ്വ) തങ്ങളുടെ മേല്‍ പെരുപ്പിച്ച് സ്വലാത്തുകള്‍ ചൊല്ലുക. തസ്ബീഹ് നിസ്കാരവും മറ്റും സുന്നത്തായ അമലുകളും വര്‍ദ്ധിപ്പിക്കുക. കഴിവിന്‍റെ പരമാവധി തന്‍റെ ധനത്തില്‍ നിന്ന് ധര്‍മ്മം അധികരിപ്പിക്കാന്‍ ശ്രമിക്കുക. 

    പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വെടിഞ്ഞ് നില്‍ക്കുക. ജമാഅത്തായുള്ള നിസ്കാരങ്ങള്‍ കാത്തുസൂക്ഷിക്കുക. രാത്രിയില്‍ ഉറങ്ങിയാല്‍ എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുക. 

    അബ്ദുല്ലാഹിബ്നു ആമിറുബ്നു റബീഅ (റ) പറയുന്നു: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റില്‍ ആരെങ്കിലും ഇശാ മഗ്രിബ് നിസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ ലൈലത്തുല്‍ ഖദ്റില്‍ നിന്നുള്ള ഒരു വിഹിതം അവന് ലഭിച്ചു (അല്‍ കശ്ഫു വല്‍ബയാന്‍).           

1 comment:

  1. T.I.T. is a titanium necklace made from glass and used in
    We create the perfect t.I.T. with the help of T.I.T. in our t.I.T. plastic titanium dive knife rings. The T.I.T. titanium oxide formula is the ultimate T.I.T. gift. titanium properties Rating: 4.9 · ‎3,300 black titanium rings reviews · ‎$24.00 tecate titanium · ‎In stock

    ReplyDelete

Related Posts Plugin for WordPress, Blogger...