ഇസ്‌ലാമിക ചൈതന്യത്തിന്റെ പ്രഥമ സ്രോതസ്സ് ബഹുമാനവും ആദരവുമാണ്. ഇസ്‌ലാമിക വീര ചരിതങ്ങളിലെല്ലാം വിജയവീഥിയിലേക്കുള്ള സ്‌ട്രീറ്റ് ലൈറ്റുകള്‍ ഈ ആദരവുകളായിരുന്നു. അല്ലാഹു ആദരിച്ചവരോടും ആദരിച്ചവയോടുമുള്ള ആദരവ് ഹൃദയ ഭക്തിയില്‍ നിന്ന് നിര്‍ഗ്ഗളിക്കുന്നതാണ് എന്നതാണ് ഖുര്‍ആനിക അദ്ധ്യാപനം. ഇസ്‌ലാമിനെ നിര്‍വീര്യമാക്കാന്‍ അനവധി പരീക്ഷണങ്ങള്‍ക്ക് തീ കൊളുത്തി നോക്കി സര്‍വ്വശ്രമങ്ങളും വിഫലമായ മുസ്‌ലിം വിരോധികള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. ഇസ്‌ലാമിക കെട്ടുറപ്പിന്റെ അടിസ്ഥാന ശില ആത്മചൈതന്യമാണെന്ന് അവര്‍ മനസ്സിലാക്കി. അങ്ങനെ ഇസ്‌ലാമിക വിരുദ്ധ ക്രിസ്‌തീയ-ജൂത ലോബികള്‍ മുസ്‌ലിം അകതാരുകളില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന ആത്മീയ ശോഭയെ നിര്‍വ്വീര്യമാക്കാന്‍ അശ്രാന്തം പരിശ്രമിച്ചു. യുക്തിവാദി എന്ന പ്രതിച്ഛായയില്‍ ചിലര്‍ രംഗത്ത് വന്നു. മറ്റു ചിലര്‍ നിരീശ്വരവാദി എന്ന പുടവയിലും ഉയിര്‍ത്തെഴുന്നേറ്റു.
ഖേദകരമെന്ന് പറയട്ടെ! ഇവരുടെ കുതന്ത്രങ്ങള്‍ക്ക് ചൂട്ട് പിടിച്ച് ചില മുസ്‌ലിം നാമധാരികളും രംഗത്ത് വന്നു. കള്ളന്‍ കപ്പലില്‍ തന്നെ കഴിയുന്ന ദുര്‍ഗതി. ഇസ്‌ലാമിക ദീപശിഖയെ ഘട്ടം ഘട്ടമായി അണച്ചു കളയാന്‍ അവര്‍ കണക്കു കൂട്ടി. മഹാന്മാരുടെയും ഔലിയാക്കളുടെയും മൂല്യങ്ങള്‍ ഇടിച്ചു തകര്‍ത്തു.... മഖ്‌ബറകളെ ശിര്‍ക്ക് കേന്ദ്രങ്ങളാക്കി.. പൂര്‍വ്വസൂരികളുടെ പാതകളെ നരകവീഥികളാക്കി.... മാര്‍ഗ്ഗദര്‍ശികള്‍ നരക ദര്‍ശികളായി.... വിശിഷ്‌ട ദിനരാത്രങ്ങളുടെ തനിമ നഷ്‌ടപ്പെടുത്തി.....ഇതു കൊണ്ടെന്നും ദാഹശമനം സാധ്യമാകാതെ അവര്‍ പുണ്യറസൂലിനെതിരില്‍ ആദര്‍ശ ഗഡ്‌ഗമെടുത്തു..... മുത്ത് റസൂലിനെ കേവല അറബി പയ്യനാക്കി..... മുസ്‌ലിം ഹൃദയാന്തരങ്ങളിലേക്ക് ആത്മീയ സൗരഭ്യം വിതറുന്ന പച്ചഖുബ്ബ പൊളിച്ചു തകര്‍ക്കപ്പെടേണ്ടതാക്കി..... തിരുജന്മം നല്‍കാനുള്ള അനിര്‍വ്വചനീയ ഹിതം ലഭിച്ച അവിടുത്തെ മാതാപിതാക്കളെ നരക നിവാസികളാക്കി.... ഇനിയും തുടരുന്നു അവരുടെ ആത്മീയ (?) പോരാട്ടങ്ങള്‍...എല്ലാത്തിനൊപ്പവും അവരുടെ ഒരു അടിക്കുറിപ്പും. `ഞങ്ങള്‍ യഥാര്‍ത്ഥ തൗഹീദ് വാഹകര്‍ !!!'
സങ്കടവും അതിലുപരി സഹതാപവുമാണ് ഇവരുടെ ദുര്‍ഗതി കാണുമ്പോള്‍ തോന്നുന്നത്. ദുര്‍ഗന്ധം വമിക്കുന്ന അബദ്ധ ജഡില വാദങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെയും തിരുഹദീസിന്റെയും പിന്‍ബലം അവര്‍ അവകാശപ്പെടുന്നു. ന്യായങ്ങളാകാം, ന്യായീകരണങ്ങളും ഒരു പരിധി വരെ ആകാം. എന്നാല്‍ ന്യായവത്‌കരണം കൊണ്ട് എങ്ങനെ വാദങ്ങള്‍ സ്ഥീരീകരിക്കാനാകും.
മുത്ത്‌നബിയുടെ വന്ദ്യ മാതാപിതാക്കള്‍ മുശ്‌രിക്കുകളാണെന്ന് ഈ കുബുദ്ധികള്‍ നാട് നീളെ പ്രസംഗിച്ച് പ്രചരിപ്പിക്കുന്നു. മുശ്‌രിക്കുകളുടെയും മുവഹ്‌ഹിദുകളുടെയും ലിസ്റ്റുകള്‍അവരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ടത് പോലെയുണ്ട് ഈ യത്‌നങ്ങള്‍ കാണുമ്പോള്‍. തന്റെ മാതാ പിതാക്കളെ കുറിച്ച് നിസ്സാരമായ ആരോപണം പോലും ഉന്നയിക്കാന്‍ അവര്‍ അനുവദിക്കുമോ? പിന്നെയെങ്ങനെ ഏവരും തന്നേക്കാള്‍ പ്രിയം വെക്കുന്ന പുണ്യറസൂലിന്റെ ആദരണീയരായ മാതാപിതാക്കളെ മുശ്‌രിക്കുകളാക്കാന്‍ ലോകമുസ്‌ലിംകള്‍ അനുവദിക്കും? സ്‌നേഹമുള്ളവര്‍ക്കേ ബഹുമാനവും ആദവരും ഉണ്ടാകൂ.
തിരുനബി (സ്വ) യുടെ മാതാപിതാക്കള്‍
വിശുദ്ധ പ്രവാചകന്‍ മുത്ത് നബി (സ്വ) യുടെ മാതാപിതാക്കളെ കുറിച്ച് നടത്തുന്ന `മുശ്‌രിക്ക് അവഹേളനം' യുക്തിരഹിതവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ബഹുദൂരം അകന്ന് നില്‍ക്കുന്നതുമാണ്. പ്രമാണങ്ങളും ചരിത്രവും യുക്തിയും മേല്‍വാദം അബദ്ധ ജഡിലമാണെന്ന് സമര്‍ത്ഥിക്കുന്നു. ചില തെളിവുകള്‍ പ്രതിപാദിക്കാം.
പുണ്യറസൂലിന്റെ മാതാപിതാക്കള്‍ ഫത്‌റത്ത് - കാലഘട്ടത്തില്‍ (അമ്പിയാക്കളിലൂടെയുള്ള ഇലാഹീ സന്ദേശം നിലച്ച കാലഘട്ടം) ജീവിച്ചവരാണ്. ഈസാ നബി(അ) ക്ക് ശേഷം പുണ്യറസൂല്‍(സ്വ) യുടെ അവതീര്‍ണ്ണം വരെ മറ്റൊരു നബിയെയും നിയോഗിക്കപ്പെട്ടിട്ടില്ല. 600 വര്‍ഷത്തോളം നീണ്ടതാണ് ഈ കാലയളവ് എന്നത് നിരവധി ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. ക്രിസ്‌താബ്‌ദം 571 ന് ഭൂജാതരായ പുണ്യറസൂലിന് നുബുവ്വത്ത് ലഭിക്കുന്നത് നാല്‍പതാം വയസ്സിലാണെന്ന ചരിത്രസത്യവും ഈ യാതാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുന്നുണ്ട്. ഫത്‌റത് കാലഘട്ടത്തില്‍ തന്നെ അതിന്റെ മൂര്‍ദ്ധന്യ ദശയിലായിരുന്നു നബി(സ്വ) യുടെ മാതാപിതാക്കള്‍ ജീവിച്ചിരുന്നത്. ഈസാനബി(അ) ന്റെ പ്രബോധനം മക്കയിലേക്ക് എത്തിയിട്ടുണ്ടായിരുന്നില്ല എന്ന് ചരിത്രകാരന്മാര്‍ സാക്ഷീകരിക്കുന്നു. പുണ്യറസൂലിന് മുമ്പ് മക്കയിലേക്ക് പ്രബോധകരായി നിയോഗിക്കപ്പെട്ടിരുന്നത് ഇസ്‌മാഈല്‍ നബി(അ) യെയായിരുന്നു എന്നതാണ് പ്രബല അഭിപ്രായം. ഈ നിയോഗം നടന്നത് ബി.സി. 4000 കാലഘട്ടങ്ങളിലായിരുന്നു. ഇത്രയും ദീര്‍ഘമായ കാലം മക്കയിലേക്ക് മറ്റൊരു പ്രബോധകനും എത്തിയിട്ടില്ല എന്നര്‍ത്ഥം. അതുകൊണ്ട് തന്നെ മുത്ത് നബിയുടെ മാതാപിതാക്കള്‍ ജീവിച്ചിരുന്ന കാലം ഇരുള്‍ മുറ്റിയതായിരുന്നു. ബിംബാരാധനയും അക്രമങ്ങളും മറ്റു നീച കൃത്യങ്ങളും നാട് നീളെ പ്രചരിച്ച കാലം ചരിത്രകാരന്മാര്‍ പോലും ആ കാഘട്ടത്തെ വിശേഷിപ്പിച്ചത് `ഡാര്‍ക് ഏജ്' (ഇരുണ്ട യുഗം) എന്നായിരുന്നു. ദിവ്യപ്രബോധനം അശ്ശേഷം അവര്‍ക്ക് എത്തിയിരുന്നില്ല എന്നത് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹു മുത്തുനബിയെ റസൂലായി നിയോഗിച്ചപ്പോള്‍ അവര്‍ ചോദിച്ചു: ``ഒരു മനുഷ്യനെയാണോ ഞങ്ങളിലേക്ക് റസൂലായി നിയോഗിക്കപ്പെട്ടിരിക്കുന്നത്''. അല്ലാഹുവിന്റെ ദൂതന്മാര്‍ മനുഷ്യരാകുമെന്ന അടിസ്ഥാനജ്ഞാനം പോലും അവര്‍ക്കുണ്ടായിരുന്നില്ല എന്നത് ഇതില്‍ നിന്നും സ്‌പഷ്‌ടമാണ്. ദൈവ സന്ദേശത്തോട് ഇത്രയും അന്യമായി അജ്ഞതയില്‍ കഴിയുന്ന ഒരു തലമുറയില്‍ നിന്നും പ്രവാചക നിയുക്തിക്ക് മുമ്പേ മരണം വരിച്ച ഒരു വിഭാഗത്തെ അല്ലാഹു ശിക്ഷിക്കുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല. ഖുര്‍ആന്‍ പറയുന്നു: ``ഒരു ദൂതനെ നിയോഗിക്കുന്നത് വരെ ഒരു ജനവിഭാഗത്തെയും നാം ശിക്ഷിക്കുന്നവനല്ല'' (വി.ഖു. 17/15). മറ്റൊരു ആയത്തില്‍ അല്ലാഹു പറയുന്നു: ``അശ്രദ്ധരായിരിക്കെ ഒരു പ്രദേശത്തുകാരെയും തങ്ങളുടെ അക്രമങ്ങള്‍ കാരണം നശിപ്പിക്കുന്നവനല്ല താങ്കളുടെ നാഥന്‍'' (വി.ഖു. 6/131).
മേല്‍ ഖുര്‍ആനിക വചനങ്ങളുടെ പിന്‍ബലത്തില്‍ നിരവധി പണ്‌ഡിതരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഫത്‌്‌റത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ച് മരണപ്പെട്ടവര്‍ നരകം പ്രാപിക്കുകയില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ ശാസ്‌ത്ര പണ്‌ഡിതരില്‍ പ്രമുഖനായ ഇമാം ബാജൂരി(റ) പറയുന്നു: ``പ്രബലാഭിപ്രായത്തില്‍ സന്ദേശം നിലച്ച കാലഘട്ടത്തില്‍ ജീവിച്ചു കഴിഞ്ഞവര്‍ നരകമുക്തി നേടിയവരും സത്യവിശ്വാസം കൊണ്ട് വിധിയെഴുതപ്പെടുന്നവരുമാണ്. അതിനാല്‍ നബി(സ്വ) യുടെ മാതാപിതാക്കള്‍ ഫത്‌റത്തുകാരില്‍ പെട്ടതിനാല്‍ നരകാവകാശികളല്ല എന്നതാണ് നിരവധി പണ്‌ഡിതരുടെ വീക്ഷണം.
ഫത്‌റത്ത് കാലഘട്ടത്തില്‍ മരണമടഞ്ഞവരെ കുറിച്ചുള്ള മറ്റൊരു അഭിപ്രായം അവരെ പരീക്ഷണ വിധേയരാക്കും എന്നതാണ്. ഇത് സംബന്ധമായി വന്ന ഹദീസില്‍ ഫത്‌റത് കാലക്കാരോട് അല്ലാഹു ഇങ്ങനെ പറയുന്നതായി കാണാം; ``ഇഹലോകത്ത് കല്‍പനയും സന്ദേശവും ലഭിക്കാത്തതാണ് നിങ്ങളുടെ പ്രശ്‌നം. കല്‍പനയും സന്ദേശവും ലഭിച്ചിരുന്നെങ്കില്‍ നിങ്ങള്‍ എപ്രകാരം പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍ നിങ്ങളത് സ്വീകരിക്കുമോ? അപ്പോള്‍ അവര്‍ പറയും : ``അതെ, തീര്‍ച്ചയായും'' അപ്പോള്‍ അല്ലാഹു പറയും: ``നിങ്ങള്‍ ആ അഗ്നി കുണ്‌ഠാരത്തില്‍ ചെന്ന് ചാടുക''. വിജയികള്‍ ആ അഗ്നികുണ്‌ഠരത്തിലേക്ക് ഓടിയടുക്കും. അഗ്നി അവര്‍ക്ക് രക്ഷാകവചവും തണുപ്പുമായി തീരുകയും ചെയ്യും. പരാജിതര്‍ അഗ്നികുണ്‌ഠാരം കണ്ട് ഭയചിത്തരായി കരാര്‍ ലംഘിക്കുകയും ചെയ്യും. മഹ്‌ശറയില്‍ നടക്കുന്ന ഈ പരീക്ഷണത്തില്‍ വിജയിക്കാന്‍ പുണ്യ റസൂലിന്റെ മാതാപിതാക്കള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാകില്ല. പരലോകത്ത് മുത്ത് നബിക്ക് തൃപ്‌തി വരുന്നത് വരെ നല്‍കുമെന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ വാഗ്‌ദാനം നല്‍കിയിട്ടുണ്ട്. അവിടുത്തെ മതാപിതാക്കള്‍ നരകത്തില്‍ കടക്കുന്നതില്‍ നബിക്ക് തൃപ്‌തിയുണ്ടാകുമെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുകയില്ല. അവരെ നരകമോചിതരാക്കുന്നത് വരെ അവിടുന്നിന് തൃപ്‌തി വരികയില്ല.
കുടുംബമഹിമ
ഇബ്‌റാഹിം നബി (അ) യുടെ സന്താന പരമ്പരയിലാണ് മഹാനായ റസൂലുല്ലാഹി (സ്വ) ഭൂജാതരാകുന്നത്. ഇബ്രാഹിം നബി (അ) യുടെ ഗുണഗണങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ വിവിധയിടയങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അവരുടെ പേരില്‍ ഒരു അദ്ധ്യായം തന്നെ പരിശുദ്ധ ഖുര്‍ആനിലുണ്ട്. തന്റെ സന്താനങ്ങളെ വിഗ്രഹാരാധനയെ തൊട്ട് സംരക്ഷിക്കണമെന്ന് ഇബ്‌റാഹിം നബി (അ) പ്രാര്‍ത്ഥിച്ചതായി അല്ലാഹുപറയുന്നുണ്ട്. മഹാനവര്‍കള്‍ ദുആ ചെയ്‌തു. ``ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഇരുവരെയും നിന്നെ അനുസരിക്കുന്ന വിഭാഗത്തില്‍ പെടുത്തേണമേ! ഞങ്ങളുടെ സന്താന പരമ്പരയില്‍ നിന്നോട് അനുസരണ കാണിക്കുന്ന സമൂഹത്തെ സൃഷ്‌ടിക്കേണമേ!''. എങ്കില്‍ മുസ്ഥഫാ (സ്വ) തങ്ങളുടെ മാതാപിതാക്കളെ കുറിച്ചുള്ള കുഫ്‌ര്‍ ആരോപണം എങ്ങനെ ഫലവത്താവും? ഇബ്‌റാഹിം നബി (അ) യുടെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം ചെയ്‌തിട്ടില്ല എന്നല്ലേ ഇത് അര്‍ത്ഥമാക്കുക?
അബൂത്വാലിബിന്റെ ശിക്ഷ
നരകത്തില്‍ പ്രവേശിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ ശിക്ഷ അനുഭവിക്കുന്ന വ്യക്തി അബൂത്വാലിബാണെന്ന് ബുഖാരി-മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്‌ത ഹദീസില്‍ കാണാം. പുണ്യറസൂലിന്റെ പിതൃവ്യനായിരുന്ന അബൂത്വാലിബ് മുത്ത് നബിയുടെ സന്ദേശം ലഭിച്ചവരാണ്. ദീര്‍ഘകാലം പുണ്യറസൂലിനൊപ്പം ജീവിക്കാനും സാധ്യമായിട്ടുണ്ട്. എന്നാല്‍ അബൂത്വാലിബ് റസൂലുല്ലാഹി (സ്വ) യെ കൊണ്ട് പരസ്യമായി അംഗീകരിച്ചിട്ടില്ല. എങ്കില്‍ പോലും അദ്ദേഹത്തിന്റെ ശിക്ഷയില്‍ ഇളവുണ്ടെന്നാണ് ബുഖാരി-മുസ്‌ലിം വ്യക്തമാക്കുന്നത്. റസൂലുല്ലാഹി (സ്വ) യുടെ ശഫാഅത്ത് മൂലം അബൂത്വാലിബിന് പോലും ഇളവ് ലഭിച്ചെങ്കില്‍ സന്ദേശം എത്തുന്നതിന് മുമ്പ് മരണമടഞ്ഞ അവിടുത്തെ മാതാപിതാക്കള്‍ ശിക്ഷാര്‍ഹരാണെന്ന് സങ്കല്‍പിച്ചാല്‍ തന്നെ അവര്‍ക്ക് ഇളവ് ലഭിക്കുമെന്നത് തീര്‍ച്ചയാണ്. അവിടുത്തെ വിശുദ്ധ രക്തമോ മറ്റോ വയറ്റിലായാല്‍ അവന്‍ നരകം സ്‌പര്‍ശിക്കുകയില്ലായെന്ന് ഹദീസുകളില്‍ കാണാമെങ്കില്‍ അവിടുന്ന് ദീര്‍ഘനാള്‍ വസിച്ച ഉദരം എങ്ങനെ നരകത്തിലകപ്പെടും?
നബി (സ്വ) യുടെ മാതാപിതാക്കള്‍ വിഗ്രഹാരാധന നടത്തുകയോ മറ്റ് പിഴച്ച മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്‌തതായി യാതൊരു തെളിവുമില്ല. അന്യായമായി അല്ലാഹു ഒരാളെയും ശിക്ഷിക്കുകയില്ല എന്നതാണ് ഖുര്‍ആനിന്റെ ഭാഷ്യം. റസൂലുല്ലാഹി (സ്വ) യുടെ ആഗമനത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവര്‍ക്കുണ്ടായിരുന്നു എന്നത് ഒരു പരമാര്‍ത്ഥമാണ്. നിരവധി സ്വപ്‌നങ്ങള്‍ ആമിന ബീവി (റ) ദര്‍ശിച്ചിട്ടുണ്ട്. അതിലുപരി അനവധി അത്ഭുത സംഭവങ്ങളുംമഹതിയില്‍ പ്രകടമായിട്ടുമുണ്ട്. അല്ലാഹുവിന്റെ ഇഷ്‌ടദാസരിലൂടെയല്ലാതെ കറാമത്തുകള്‍ വെളിപ്പെടുകയില്ല എന്നിരിക്കെ മഹതി എങ്ങനെ നരകത്തില്‍ അകപ്പെടും? മഹതിയുടെ വഫാത്ത് വേളയില്‍ കാവ്യരൂപത്തില്‍ മുത്ത് നബിയോട് ചെയ്‌ത ഉപദേശങ്ങളും പ്രസിദ്ധമാണ് മഹതി പറഞ്ഞു: ``ഞാന്‍ ദര്‍ശിച്ചത് യാഥാര്‍ത്ഥ്യമാണെങ്കില്‍ പരമോന്നതനില്‍ നിന്ന് മനുഷ്യരിലേക്ക് നിയോഗിതനാവുന്നവനാണ് നീ. നിന്റെ പിതാമഹന്‍ ഇബ്‌റാഹീമിന്റെ മതമായ ഇസ്‌ലാമുമായി നീ നിയോഗിതനാകും. ബിംബങ്ങളെ തൊട്ട് അല്ലാഹു നിന്നെ നിരോധിക്കുന്നുമുണ്ട്''. മഹതി ബഹുദൈവ വിശ്വാസിയായിരുന്നുവെന്നതിനെതിരെ ഇതു തന്നെ അനിഷേധ്യമായ തെളിവാണ്.
അവിടുത്തെ മാതാപിതാക്കളെ പുനര്‍ജ്ജനിപ്പിക്കപ്പെട്ടതായും നബി (സ്വ) യെ കൊണ്ട് വിശ്വസിച്ച ശേഷം അവര്‍ വീണ്ടും മരിക്കുകയും ചെയ്‌തു എന്നും ചില ഹദീസുകളില്‍ കാണാം. ഈ ഹദീസ് നിരവധി പണ്‌ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്.
പ്രമാണം, ബുദ്ധി, ചരിത്രം എന്നീ മൗലികമായ തെളിവുകളെല്ലാം മുന്‍നിറുത്തി മേല്‍പറഞ കാരണങ്ങള്‍ കൊണ്ട് നബി (സ്വ) തങ്ങളുടെ മാതാപിതാക്കള്‍ നരകമോചിതരാണെന്ന് സമര്‍ത്ഥിക്കാവുന്നതാണ്. മേല്‍ ന്യായങ്ങളെല്ലാം പൂര്‍ണ്ണമായും സലക്ഷ്യം തള്ളിക്കളയാന്‍ സാധിച്ചാല്‍ മാത്രമേ അവര്‍ നരകാവകാശികളാണെന്ന വാദം ന്യായമായി വിജയിക്കുകയുള്ളൂ.
എതിര്‍ ന്യായങ്ങള്‍
മുത്ത് നബിയുടെ മാതാപിതാക്കളെ നിന്ദിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ അവര്‍ക്ക് അനുകൂലമെന്ന് ധരിച്ചോ ധരിപ്പിച്ചോ ചില പ്രമാണങ്ങളെ ഉയര്‍ത്തി കാണിക്കാറുണ്ട്. അവര്‍ ഉദ്ധരിക്കുന്ന പ്രമാണങ്ങളിലധികവും ഹദീസ് പണ്‌ഡിതരുടെ നിദാനശാസ്‌ത്ര പ്രകാരം ദുര്‍ബലമായതാണ്. സ്വഹീഹായ ഹദീസുകളാണെങ്കില്‍ ന്യായീകരണ വിധേയവുമാണ്. പരിശുദ്ധ ഖുര്‍ആനും സ്വഹീഹായി വന്ന തിരുവചനവും ബാഹ്യതലത്തില്‍ വൈരുദ്ധ്യമാണെന്ന് തോന്നിപ്പിക്കപ്പെടുന്ന പക്ഷം അവയെ ഏകോപിപ്പിക്കണമെന്നതാണ് അടിസ്ഥാന നിയമം. ഇത് പ്രകാരം ``എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ്'' എന്നര്‍ത്ഥത്തില്‍ അവര്‍ ഉദ്ധരിക്കുന്ന ഹദീസിന്റെയും തതുല്യ ഹദീസുകളുടെയും വിശദീകരണം പണ്‌ഡിത മഹത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
`അബ്' എന്ന പ്രയോഗം അറബി ഭാഷയില്‍ `പിതൃവ്യനെ' കുറിച്ച് ഉപയോഗിക്കുന്നത് സര്‍വ്വ വ്യാപകമാണ്. ഖലീലുല്ലാഹി ഇബ്‌റാഹിം നബി (അ) യും ഇതേ അര്‍ത്ഥത്തില്‍ `അബ്' എന്ന വാക്കിനെ പ്രയോഗിച്ചതായി പരിശുദ്ധ ഖുര്‍ആനില്‍ തന്നെ ദര്‍ശിക്കാവുന്നതാണ്. നിരവധി ഹദീസുകളും ഈ അര്‍ത്ഥത്തില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
മുഹമ്മദ് നബി (സ്വ) തന്റെ മാതാവിന്റെ ഖബ്‌റിനരികില്‍ വെച്ച് കരഞ്ഞ സംഭവത്തില്‍ കരഞ്ഞത് തന്റെ മാതാവിന്റെ നരകപ്രവേശനമോര്‍ത്താണെന്ന് വ്യക്തമാക്കുന്ന ഒന്നും ഹദീസിലില്ല. മാത്രമല്ല, ``നിങ്ങള്‍ ഖബ്‌ര്‍ സന്ദര്‍ശനം നടത്തുക. നിശ്ചയം അത് മരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്'' എന്ന തിരുനബിയുടെ ആ സംഭവത്തിലെ തന്നെ പരാമര്‍ശത്തില്‍ നിന്ന് ഗ്രാഹ്യമാകുന്നത് മരണത്തെ ഓര്‍ത്താണ് റസൂലുല്ലാഹി (സ്വ) കരഞ്ഞതെന്നാണ്. പ്രത്യുത അവരുടെ മാതാപിതാക്കള്‍ കാഫിറായിരുന്നുവെങ്കില്‍ അവരെയോര്‍ത്ത് പുണ്യറസൂല്‍ (സ്വ) എങ്ങനെ കരയും? അല്ലാഹുവിനേയും പുണ്യറസൂലിനേയും അംഗീകരിക്കാത്തവര്‍ സ്വന്തം മാതാപിതാക്കള്‍ തന്നെയാണെങ്കിലും അവര്‍ക്ക് പരിഗണനയില്ല എന്ന് പരിശുദ്ധ ഖുര്‍ആന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കെ പുണ്യറസൂലിനെ ഖുര്‍ആന്‍ വിരോധിയാക്കാനാണോ അവരുടെ കുത്സിത ശ്രമം.
പുണ്യറസൂലി (സ്വ) നെ യഥാവിധി മനസ്സിലാക്കത്തവര്‍ക്ക് എന്തും പറയാം. എന്തും പ്രവര്‍ത്തിക്കാം. പക്ഷേ, അവിടുത്തെ തിരുദര്‍ശനം കൊണ്ട് സായൂജ്യമണയാനുള്ള സൗഭാഗ്യം കരഗതമാക്കണമെന്ന് മോഹിക്കുന്ന നമുക്ക് അവരോടെന്നേ പറയാനുള്ളൂ. ``നിങ്ങള്‍ വഴിമാറി തരിക. ഞങ്ങള്‍ ഒന്ന് മുന്നോട്ട് പോകട്ടെ.
ഒര് പാട് സംശയങ്ങള്‍ക്ക് നിവാരണം കിട്ടി അള്ളാഹു ബറക്കതത് ചെയ്യട്ടെ
ReplyDelete