വിശ്വപ്രവാചകന്‍
പിറവിക്ക് മുമ്പ്
അന്ത്യപ്രവാചകന്‍, അതിധീര ആദര്‍ശവാഹകന്‍. ഈ ലോകത്ത് ഇന്നേ വരെ വന്നതും
വരാനിരിക്കുന്നതുമായ ഉന്നത നേതാക്കളില്‍ മറ്റാര്‍ക്കും നല്‍കപ്പെടാത്ത
ഉത്തമസ്ഥാനങ്ങളുടെ ഉടമസ്ഥന്‍. ഉന്നതവ്യക്തിത്വങ്ങളില്‍ പിറക്കുന്നതിന്
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ജനനം, രൂപം, സമൂഹം, സ്വഭാവം, പലായന നാട്, സഹായികള്‍ എന്നിങ്ങനെ ആവശ്യമായ അടയാളങ്ങള്‍ മുഴുവനും
വ്യക്തമായി പറയപ്പെട്ട അതുല്യവ്യക്തിത്വം. ഇങ്ങനെ ലോകചരിത്രത്തില്‍ മറ്റൊരാളെ
കാണുക അസാധ്യം. ഈ മുന്നറിയിപ്പുകളുടെ, കൃത്യതയുടെ വ്യക്തമായ ഉദാഹരണങ്ങളായിരുന്നു ആ പുണ്യറസൂലിന്റെ
ആഗമനത്തെ കാത്തിരിക്കുകയും അതുസംബന്ധമായി ചര്‍ച്ച നടത്തുകയും നബി (സ്വ) യെ
കണ്ടമാത്രയില്‍ തിരിച്ചറിയുകയും ചെയ്‌ത ജൂതക്രിസ്‌തീയപുരോഹിതരുടെ സംഭവങ്ങള്‍.
വിശുദ്ധ ഖുര്‍ആനിന്റെ തിരുവചനങ്ങള്‍ ഈ സംഭവങ്ങളുടെ സത്യസന്ധതക്ക് ശക്തിപകരുന്നു. ``വേദക്കാര്‍ അവരുടെ സ്വസന്താനങ്ങളെ തിരിച്ചറിയുന്നത് പോലെ
നബി(സ്വ)തങ്ങളെ തിരിച്ചറിയുന്നവരാണ്''.(അല്‍ബഖറ-146)ഇമാം ഹലബി (റ) ഉദ്ധരിക്കുന്നു: ഇബ്‌നു ഇസ്‌ഹാഖ് എന്നവര്‍ പറയുന്നു: നബി (സ്വ)തങ്ങളുടെ ജനനത്തിന് മുമ്പേ തന്നെ നബി (സ്വ) തങ്ങളുടെ വരവിന്റെ വിവരങ്ങളറിഞ്ഞ് അറബികളായ ജോത്സ്യരും ജൂതക്രിസ്‌തീയപുരോഹിതരും നബി(സ്വ)തങ്ങളെ ചര്‍ച്ചയാക്കിയിരുന്നു. ജോത്സ്യന്മാര്‍ മലക്കുകളില്‍ നിന്ന് കട്ട് കേട്ട അവരുടെ ശൈത്വാന്‍മാരില്‍ നിന്നും (നബി(സ്വ)യുടെ ജനനത്തിന് മുമ്പ് കട്ട് കേള്‍വി തടയപ്പെട്ടിരുന്നില്ല)പുരോഹിതന്‍മാര്‍ അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നുമായിരുന്നു ഇത് അറിഞ്ഞിരുന്നത്. മലക്കുകളും നബി(സ്വ)യെ ചര്‍ച്ചയാക്കിയിരുന്നു എന്നത് ഈ സംഭവത്തില്‍ നിന്നും നമുക്ക് ഗ്രഹിക്കാവുന്നതാണ്. ലോകത്ത് അയക്കപ്പെട്ട എല്ലാ പ്രവാചകന്മാരോടും അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യെ കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കുകയും വിശ്വസിക്കാന്‍ കല്‍പിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇത് സംബന്ധമായി അല്ലാഹു പറയുന്നത് കാണുക: ``അല്ലാഹു പ്രവാചകന്മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചു കൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്'' (ആലുഇംറാന്‍ 81)
അഹ്‌മദ്, മുഹമ്മദ്, മുതവക്കില്‍ എന്ന പല പേരുകളിലായി നബി (സ) യെ കുറിച്ച് മുന്‍വേദങ്ങളില്‍ പ്രതിപാദിച്ചതായി ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുണ്യപ്രവാചകന്റെ നിയോഗ മുന്നോടിയായി നബി (സ) തങ്ങളുടെ പിതാമഹന്മാരെ സംബന്ധിച്ച് ചരിത്രത്തിന്റെ താളുകളില്‍ ധാരാളം സംഭവങ്ങള്‍ രേഖപ്പെട്ടിട്ടുണ്ട്. ഇബ്‌റാഹീം നബി (അ) ഹാജറ ബീവി(റ)യെയും മകന്‍ ഇസ്‌മാഈല്‍(അ)നെയും വിചനമായ മരുഭൂമിയില്‍ കഅ്‌ബാ മന്ദിരത്തിനടുത്ത് ഉപേക്ഷിച്ചു പോയ സന്ദര്‍ഭം അല്ലാഹു അവരെ സംരക്ഷിച്ചു. നബി (സ്വ) തങ്ങളുടെ പൂര്‍വ്വപിതാക്കന്‍മാരുടെ മുഖങ്ങളില്‍ തിരുദൂതരുടെ ദിവ്യപ്രകാശം കാണപ്പെട്ടിരുന്നു. നബി (സ്വ) തങ്ങളുടെ ഉപ്പാപ്പയായ ഇല്‍യാസ് എന്നവര്‍ക്ക് ഹജ്ജ് സന്ദര്‍ഭം അവരുടെ മുതുകില്‍ നിന്ന് പ്രസിദ്ധമായ ``ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്'' എന്ന് തുടങ്ങുന്ന മന്ത്രധ്വനികള്‍ കേള്‍ക്കാനിടയായി. പിതാമഹനായ അബ്‌ദുല്‍ മുത്വലിബിന് മക്കള്‍ ഇല്ലാതിരുന്ന വേളയില്‍ സന്താനലബ്‌ധിയുണ്ടായാല്‍ അല്ലാഹുവിന് വേണ്ടി കഅ്‌ബയുടെ അരികില്‍ വച്ച് ഒരാളെ അറുത്തുനല്‍കാമെന്ന നേര്‍ച്ചയാക്കി. തുടര്‍ന്ന് നബി (സ്വ)യുടെ പിതാവ് അബ്‌ദുല്ല എന്നവരെ അറുക്കണമെന്നായപ്പോള്‍ നറുക്കെടുപ്പിലൂടെ പകരമായി നൂറ് ഒട്ടകങ്ങള്‍ അറുത്ത് വിതരണം ചെയ്യപ്പെട്ടു. ജുര്‍ഹൂം ഗോത്രത്തിന്റെ പരിപാലന കാലം കഅ്‌ബയിലെ വിലപിടിപ്പുള്ള വസ്‌തുക്കള്‍ വറ്റിപ്പോയ സംസം കിണറിലിട്ട് അവരുടെ നേതാവ് അംറുബ്‌നു ഹാരിസ് കുഴിച്ച് മൂടി. പിന്നീട് മുത്ത് നബിയുടെ വരവിനോടടുത്തായി അബ്‌ദുല്‍മുത്വലിബിന് സംസം കിണറിന്റെ സ്ഥാനം കാണിച്ച് കൊടുത്തുകൊണ്ട് തുടര്‍ച്ചയായ മൂന്ന് സ്വപ്‌നദര്‍ശനത്തിലൂടെ സംസം കുഴിക്കാന്‍ കല്‍പിച്ചു. അങ്ങിനെ സംസം പുനരുജ്ജീവിപ്പിക്കുകയും ചെയ്‌തു. പിന്നീട് അനുഗൃഹീത പ്രവാചകന്റെ വരവിന് തൊട്ടടുത്തായി വിശുദ്ധകഅ്‌ബ പൊളിക്കുവാനായി വന്ന അബ്‌റഹത് രാജാവിനേയും ആനപ്പടയെയും `അബാബീല്‍' പക്ഷികളെന്ന അല്ലാഹുവിന്റെ സൈന്യത്തെ കൊണ്ട് നശിപ്പിച്ചു. പിതാവ് അബ്‌ദുല്ല(റ)വിന്റെ മുഖത്തെ പ്രകാശം കണ്ട് കൊണ്ട് ഒരു സ്‌ത്രീ വിവാഹാഭ്യര്‍ത്ഥന നടത്തി. പ്രസവത്തിന് തൊട്ടുമുമ്പായി പല അത്ഭുതങ്ങളും പ്രകാശങ്ങളും കാണുകയും `മുഹമ്മദ്' എന്ന് പേരിടാന്‍ കല്‍പിക്കുകയും ചെയ്‌തു. ഇങ്ങനെ ഒട്ടനവധി സംഭവങ്ങള്‍ ആ പുണ്യപ്രവാചകന്റെ നിയോഗ മുന്നൊരുക്കങ്ങളായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്.
നബി (സ) ക്രിസ്‌തീയ പുരോഹിതര്‍ക്കിടയില്‍
എന്നാല്‍ ഇത് പോലെ തന്നെ ക്രിസ്‌തീയപുരോഹിതന്മാരുടെ സംഭവങ്ങളും പണ്‌ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും വിശദീകരണത്തില്‍ നമുക്ക് കണ്ടെത്താം. ഹക്കീമുബ്‌നു ഹിസാമി(റ)ന്റെ അനുഭവം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: ഞങ്ങള്‍ കച്ചവടാവശ്യാര്‍ത്ഥം ശാമിലേക്ക് പോയി. അന്ന് ഞാന്‍ മുസ്‌ലിമായിരുന്നില്ല. ആ സമയം അല്ലാഹുവിന്റെ ദൂതര്‍ മക്കയിലായിരുന്നു. റോമിന്റെ രാജാവ് ഞങ്ങളെ ക്ഷണിക്കാന്‍ ദൂതനെ അയച്ചു. ഞങ്ങള്‍ അദ്ദേഹത്തിനടുത്ത് ചെന്നു. ഉടന്‍ അദ്ദേഹം ചോദിച്ചു: നബിയെന്ന് വാദിക്കുന്നയാളുടെ കൂട്ടത്തിലുള്ള ഏത് അറബികളില്‍ പെട്ടവരാണ് നിങ്ങള്‍..? ഹക്കീം എന്നവര്‍ പറയുന്നു: ഞാന്‍ ഉത്തരം നല്‍കി. അദ്ദേഹത്തിന്റെ അഞ്ചാമത്തെ പിതാവില്‍ ഞാന്‍ ഒന്നിക്കുന്നു. തുടര്‍ന്ന് രാജാവ്: ഞാന്‍ ചോദിക്കുന്നതിന് നിങ്ങള്‍ സത്യം പറയില്ലേ..? ഞങ്ങള്‍: അതെ.. രാജാവ്: നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റിയവരോ എതിര്‍ക്കുന്നവരോ...? ഞങ്ങള്‍ മറുപടി നല്‍കി. എതിര്‍ക്കുന്ന ശത്രുവിഭാഗത്തില്‍.. തുടര്‍ന്ന് രാജാവ് നബി തങ്ങള്‍ കൊണ്ട് വന്ന കാര്യങ്ങളെ ആസ്‌പദമാക്കി ചോദിച്ചു. ഞങ്ങള്‍ അതിനെല്ലാം മറുപടി പറഞ്ഞു. പിന്നീട് എഴുന്നേറ്റ് കൂടെ പോരുവാന്‍ പ്രേരിപ്പിച്ചു കൊണ്ട് അദ്ദേഹം കൊട്ടാരത്തിലെത്തി. പ്രത്യേക ഭാഗത്ത് ചെന്ന് വാതിലുകള്‍ തുറക്കുവാന്‍ കല്‍പിച്ചു. അങ്ങിനെ അകത്തെ മറകള്‍ നീക്കുവാന്‍ ആവശ്യപ്പെട്ടു. ഒരു മറ നീക്കിയപ്പോള്‍ ഒരു ചിത്രം കാണുവാനിടയായി. രാജാവ് ചോദിച്ചു: ഇതാരാണെന്നറിയാമോ..? അറിയില്ലെന്ന് ഞങ്ങള്‍ മറുപടി നല്‍കി. രാജാവ് വിശദീകരിച്ചു. ഇത് ആദം നബിയുടെ ചിത്രമാണ്. അങ്ങനെ ഓരോന്നും മറനീക്കി, ആരാണെന്ന് ആരായുകയും ഇത് ഇന്ന നബിയാണെന്ന് മറുപടി നല്‍കുകയും ചെയ്‌തു കൊണ്ടിരുന്നു. ശേഷം ഒരു വാതില്‍ തുറന്ന് മറ നീക്കിക്കാണിച്ച് ഞങ്ങളോട് ചോദിച്ചു: ഈ ചിത്രം നിങ്ങളറിയുമോ...? ഞങ്ങള്‍ പറഞ്ഞു: ഇത് ഞങ്ങളോട് കൂടെയുള്ള അബ്‌ദുല്ലയുടെ മകന്‍...!! മുഹമ്മദ്...!! തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: ഈ ചിത്രങ്ങള്‍ക്ക് എത്ര പഴക്കമുണ്ടെന്ന് നിങ്ങള്‍ അറിയുമോ...? എന്നിട്ട് അദ്ദേഹം തന്നെ മറുപടി നല്‍കി. ഇതിന് ആയിരം വര്‍ഷത്തെ പഴക്കമുണ്ട്. ചില ഗ്രന്ഥങ്ങളില്‍ ഇത് ആദം(അ)ന് അല്ലാഹു ഇറക്കിയതാണ് എന്നും പറഞ്ഞതായി കാണാം. തുടര്‍ന്ന് രാജാവ് പറയുന്നു: നിങ്ങളുടെ കൂടെയുള്ളത് അല്ലാഹുവില്‍ നിന്ന് അയക്കപ്പെട്ട നബിയാണ്. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തിന്റെ അടിമയായിരുന്നെങ്കില്‍ ആ പുണ്യപാദം കഴുകി വെള്ളം കുടിക്കാമായിരുന്നു എന്ന് എനിക്ക് മോഹമുണ്ട്.(സീറതുല്‍ ഹലബിയ്യ)
ഇത് പോലുള്ള ധാരാളം ചരിത്രങ്ങളും ദൃഷ്‌ടാന്തങ്ങളും നബി തങ്ങളുടെ ജനനത്തിന് എത്രയോ മുമ്പ് നടന്നതായി നമുക്ക് ചരിത്രത്തിന്റെ മുത്ത്‌മാലയില്‍ കോര്‍ക്കപ്പെട്ടിട്ടുണ്ട്. സത്യസന്ധരായ ചരിത്രാന്വേഷകര്‍ക്ക് പകല്‍ വെളിച്ചം പോലെ ഇത് വ്യക്തമാണ്.
നബി (സ്വ) തങ്ങള്‍ ജൂത പുരോഹിതര്‍ക്കിടയില്‍
അമ്പിയാക്കളുടെ കിതാബുകളില്‍ നിന്നും നബി തങ്ങളെ കുറിച്ച് മനസ്സിലാക്കിയ പലരും നബി(സ്വ)തങ്ങളെ കാണാനും പുണ്യറസൂലിന്റെ സേവകരാകാനും ആഗ്രഹിച്ചിരുന്നു. ഇത്തരത്തില്‍ ആശിച്ച ഒരു രാജാവായിരുന്നു യമനിലെ തുബ്ബഉസ്സാനി എന്നവര്‍. ചരിത്രം മഹാരഥന്മാര്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുന്നു. അദ്ദേഹം മദീനയില്‍ എത്തിയപ്പോള്‍ മദീനയിലെ അന്‍സ്വാരികള്‍ അദ്ദേഹത്തോട് യഹൂദികളെ കുറിച്ച് ആവലാതി പറഞ്ഞു. അങ്ങനെ നാട്ടില്‍ നിന്ന് അവരെ തുടച്ച് നീക്കാന്‍ ഉദ്ദേശിച്ച സമയം യഹൂദികളില്‍ പെട്ട ഒരു പുരോഹിതന്‍ അദ്ദേഹത്തോട് പറഞ്ഞു: ഈ നാട്ടില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. കാരണം ഇത് ഖുറൈശികളില്‍ നിന്നും അല്ലാഹു നിയോഗിക്കുന്ന നബിയുടെ പലായന സ്ഥലമാണ്. പുരോഹിതന്റെ വാക്കുകളില്‍ ചിന്തിച്ച രാജാവ്, നബിയെ വിശ്വസിക്കുകയും കഅ്‌ബയെ പുതപ്പണിയിക്കുകയും ചെയ്‌തു കൊണ്ട് സൃഷ്‌ടികളില്‍ അത്യുത്തമരായ കാരുണ്യത്തിന്റെ പ്രവാചകന് പദ്യരൂപത്തില്‍ ഒരു കത്തെഴുതി തന്റെ കുടുംബത്തെ ഏല്‍പിച്ചു. അതിന്റെ ഉള്ളടക്കം ഇങ്ങനെ ഗ്രഹിക്കാം. ``മനുഷ്യസൃഷ്‌ടാവായ അല്ലാഹു നിയോഗിച്ച നബിയാണ് അഹ്‌മദ് എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ആയുസ്സ് ആ നബിയുടെ കാലം വരെ നീളുമായിരുന്നെങ്കില്‍ ഞാന്‍ സഹായി ആകുകയും അദ്ദേഹത്തിന്റെ ശത്രുക്കളോട് പൊരുതുകയും അദ്ദേഹത്തിന്റെ വിഷമങ്ങള്‍ നീക്കി സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പറയുന്നു: ആ അഹ്‌മദ് എന്ന നബിയുടെ നിയോഗ ശേഷം, ഒരു വര്‍ഷമെങ്കിലും എനിക്ക് ആയുസ്സ് ലഭിച്ചിരുന്നെങ്കില്‍ അത് എത്ര നന്നായിരുന്നു. അദ്ദേഹത്തിന്റെ ഈ ഈരടികള്‍ ചേര്‍ത്ത കത്ത് ഉന്നതരില്‍ നിന്നും ഉന്നതരിലേക്ക് അനന്തരമായി കൈമാറി വരികയും അവസാനം അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) അനുഗൃഹീത പ്രവാചകന്റെ ഹിജ്‌റ വേളയില്‍ കൈമാറുകയും ചെയ്‌തതായി ചരിത്രം രേഖപ്പെടുത്തുന്നു.(നസീമുരിയാള).
കാരുണ്യത്തിന്റെ പ്രതീകമായ ആ പ്രഭാഗോളത്തിന് കാലങ്ങള്‍ക്ക് മുമ്പേ, ലോക നിയന്താവിന്റെ സംരക്ഷണമുണ്ടായിരുന്നുവെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം. ആ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു ഇമാം ത്വബ്‌റാനി മുഅ്‌ജമുല്‍ കബീറില്‍ ഉദ്ധരിക്കുന്ന സംഭവം. മഹാനവര്‍കള്‍ അബൂഉമാമ(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു. അബൂഉമാമ(റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പറയുന്നു: മുഅദ്ദ് ബ്‌നു അദ്‌നാനിന്റെ സന്താനങ്ങളില്‍ നാല്‍പത് കരുത്തരായ ആളുകള്‍ തികഞ്ഞപ്പോള്‍, അവര്‍ മൂസാ(അ)ന്റെ സംഘത്തെ കൊള്ളയടിച്ചു. തുടര്‍ന്ന് മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. അല്ലാഹുവേ, മുഅദ്ദിന്റെ സന്താനങ്ങള്‍ എന്റെ സംഘത്തെ കൊള്ളയടിച്ചിരിക്കുന്നു. ഉടനെ അല്ലാഹു മൂസാ(അ)ന് വഹ്‌യ് നല്‍കി. അല്ലയോ മൂസാ, താങ്കള്‍ അവര്‍ക്കെതിരില്‍ നാശത്തിന് പ്രാര്‍ത്ഥിക്കാതിരിക്കുക. കാരണം, തീര്‍ച്ചയായും ഞാന്‍ തിരഞ്ഞെടുത്ത സന്തോഷവാര്‍ത്തയും മുന്നറിയിപ്പുകളും നല്‍കുന്ന നിരക്ഷരനായ പ്രവാചകന്‍ അവരില്‍ നിന്നാണ്. മാത്രമല്ല, അവരില്‍ നിന്നുമാണ് അനുഗൃഹീത സമൂഹം ഉമ്മത്തുമുഹമ്മദ്. എന്ന് തുടങ്ങി പല പോരിശകളും അവരെ സംബന്ധിച്ച് മൂസാ(അ)ന് അറിയിച്ചു. കൂടാതെ മറ്റു ഹദീസുകള്‍, മൂസാ(അ)ന് നബിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബൂ നൂഐം(റ) അനസ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്.. അല്ലാഹുവിന്റെ ദൂതര്‍ പറയുന്നു: ``ബനൂഇസ്‌റാഈലിന്റെ നബി മൂസാ(അ)ന് അല്ലാഹു വഹ്‌യ് നല്‍കി: അഹ്‌മദിനെ നിഷേധിക്കുന്നവനായി ആരെങ്കിലും എന്നെ കണ്ടു മുട്ടിയാല്‍ അവനെ ഞാന്‍ നരകത്തില്‍ പ്രവേശിപ്പിക്കും. അപ്പോള്‍ മൂസാ(അ) ചോദിച്ചു: അഹ്‌മദ് ആരാണെന്ന് എനിക്ക് പറഞ്ഞ് തരണം. അല്ലാഹു പറയുന്നു: ഞാന്‍ സൃഷ്‌ടികളില്‍ ആരെയും അദ്ദേഹത്തേക്കാള്‍ ആദരണീയനായി സൃഷ്‌ടിച്ചിട്ടില്ല. അര്‍ശില്‍ എന്റെ പേരിനൊപ്പം ആകാശഭൂമികളെ പടക്കുന്നതിന് മുന്നേ, അദ്ദേഹത്തിന്റെ പേരും എഴുതിയിരുന്നു. സ്വര്‍ഗ്ഗത്തില്‍ ആ നബിയും സമൂഹവും കടക്കും മുമ്പ് മറ്റാരെയും പ്രവേശിപ്പിക്കുകയില്ല. തുടര്‍ന്ന് തിരുനബിയുടെ അനുഗൃഹീത ഉമ്മത്തിനെ ഒരുപാട് പുകഴ്‌ത്തി. അങ്ങനെ മൂസാ(അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടു. എന്നെ ആ ഉമ്മത്തിന്റെ നബിയാക്കിത്തരേണമെ... അല്ലാഹു പറഞ്ഞു: അവരുടെ നബി അവരില്‍ നിന്നായിരിക്കും. അപ്പോള്‍ മൂസാ(അ) പ്രാര്‍ത്ഥിച്ചു. എന്നാല്‍ എന്നെ ആ സമൂഹത്തില്‍ പെടുത്തേണമേ... അല്ലാഹു പറഞ്ഞു: നിങ്ങള്‍ മുന്തുകയും അവര്‍ പിന്തുകയും ചെയ്‌തിരിക്കുന്നു. ശാശ്വതഭവനത്തില്‍ നിങ്ങളെ ഞാന്‍ ഒരുമിച്ച് കൂട്ടും.(ഫളാഇലുല്‍ മുഹമ്മദിയ്യ)
എല്ലാ അമ്പിയാക്കള്‍ക്കും മുമ്പ് തന്നെ നബി(സ്വ)യെ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. കഅ്‌ബുല്‍ അഹ്‌ബാര്‍(റ)വില്‍ നിന്ന് മഹാരഥന്‍മാര്‍ ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു: അല്ലാഹു മുഹമ്മദ് നബി(സ്വ)യെ സൃഷ്‌ടിക്കാനുദ്ദേശിച്ച സന്ദര്‍ഭം ജിബ്‌രീലിനോട് അവന്‍ കല്‍പിച്ചു. നിങ്ങള്‍ ചെന്ന് ഭൂമിയുടെ പ്രകാശവും ശോഭയുമായ ഹൃദയഭാഗത്തെ മണ്ണെടുത്ത് വരിക. അങ്ങനെ ജിബ്‌രീല്‍(അ) റഫീഖുല്‍ അഅ്‌ലയുടെയും ഫിര്‍ദൗസിന്റെയും മലക്കുകളുടെ കൂട്ടത്തില്‍ ഇറങ്ങി. ശേഷം നബി(സ്വ)യുടെ ഖബ്‌റിന്റെ സ്ഥാനത്ത് നിന്നും ഒരു പിടി മണ്ണെടുത്തു. അത് വെളുത്ത് പ്രഭചൊരിയുന്നതായിരുന്നു. അതിനെ സ്വര്‍ഗ്ഗത്തിലെ പുഴകളുടെ ഉപരിതലത്തിലൂടെ ഒഴുകുന്ന സ്വര്‍ഗ്ഗാമൃതുമായി കൂട്ടിക്കലര്‍ത്തി. അങ്ങനെ അതിഗംഭീരമായ പ്രകാശകിരണങ്ങളുള്ള വെളുത്ത മുത്തിനെ പോലെ അത് തിളങ്ങി.
തുടര്‍ന്ന് അതുമായി അല്ലാഹുവിന്റെ സിംഹാസനമാകുന്ന അര്‍ശിനും കുര്‍സിനും ആകാശഭൂമികള്‍ക്കും ചുറ്റും സഞ്ചരിച്ചു. അങ്ങനെ ആദം(അ)ന് മുമ്പേ, മുഹമ്മദ് നബി(സ്വ)യെ മലക്കുകള്‍ മനസ്സിലാക്കി. പിന്നീട് നബി(സ്വ)യുടെ ദിവ്യപ്രകാശം ആദം നബിയുടെ മുതുകില്‍ നിന്ന് ഹവ്വാഅ് ബീവിയിലേക്ക് നീങ്ങും വരെ ആദം (അ)ന്റെ മുഖത്തെ വെളുപ്പില്‍ പ്രകടമായിരുന്നു. പിന്നീട് നബി(സ്വ)യുടെ ദിവ്യപ്രകാശം പരിശുദ്ധരില്‍ നിന്ന് പരിശുദ്ധരിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.(സുബുലുല്‍ഹുദാ). ഇത് സംബന്ധമായി വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു: ``സാഷ്‌ടാംഗം ചെയ്യുന്നവരിലൂടെയായിരുന്നു താങ്കള്‍ മാറി മാറിക്കൊണ്ടിരുന്നത്''(അശ്ശുഅറാഅ്-219)
ലോകത്തിന്റെ കാരുണ്യപ്രവാചകരെ സത്യസന്ധമായി മനസ്സിലാക്കാന്‍ വേണ്ടി, ചരിത്രത്താളുകള്‍ മറിച്ച് നോക്കുന്ന ഏതൊരു ചരിത്രാന്വേഷിക്കും ആ സത്യം മലര്‍ക്കെ തുറക്കപ്പെട്ടതാണ്. കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്ന ദുര്‍മനസ്സുകള്‍ക്ക് ഒരിക്കലും നേര്‍വഴിയുടെ വെള്ളിവെളിച്ചം പ്രഭ പരത്തുകയില്ല. ദുര്‍മനസ്സുകളില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ... ആമീന്‍...
No comments:
Post a Comment