Sunday, 10 August 2014

ഇസ്‌ലാമിക കാര്‍ഷിക വിപ്ലവം

ഇസ്‌ലാമിക കാര്‍ഷിക വിപ്ലവം             ചുട്ടുപൊള്ളുന്ന ഒരു ഗോളമായിരുന്നു ഭൂമി. പിന്നീടത്‌ തണുത്തു. പിന്നെ പര്‍വ്വതങ്ങളും സമുദ്രങ്ങളും ഉണ്ടായി. പിന്നീട്‌ ദശലക്ഷകണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വായു മണ്ഡലവും സസ്യങ്ങളും രൂപം കൊണ്ടു. വീണ്ടും ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണത്രെ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടത്‌. ഈ സൃഷ്‌ടിപ്പുകള്‍ക്കെല്ലാം നാനൂറ്‌ കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഭൂമിയുടെ സൃഷ്‌ടിപ്പെന്നുമാണ്‌ ശാസ്‌ത്രമതം. 
                ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താനും മെച്ചപ്പെടുത്താനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി വെച്ച ശേഷമാണ്‌ അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ചത്‌. ഒരു അതിഥിയെ സല്‍ക്കരിക്കുന്നത്‌ പോലെ. കുടിക്കാനുള്ള പാനീയങ്ങളും കഴിക്കാനുള്ള ആഹാരവസ്‌തുക്കളും വായുവും മണ്ണും വിണ്ണും എല്ലാം മനുഷ്യനെന്ന അതിഥിക്കായി സ്രഷ്‌ടാവ്‌ കരുതിവെക്കുകയായിരുന്നു. ഈ വിശാലമായ പ്രപഞ്ചത്തില്‍ സ്വസ്ഥമായ ജീവന്റെ നിലനില്‍പ്പ്‌ സാധ്യമാക്കുന്ന ഒരേയൊരു സ്ഥലവും ഭൂമി മാത്രമാണ്‌. മറ്റെവിടെയെങ്കിലും അതിന്‌ കഴിയുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഖുര്‍ആന്‍ ഈ വസ്‌തുത പ്രഖ്യാപിക്കുന്നുമുണ്ട്‌. 

                 ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധം അഗാധമാണ്‌. മനുഷ്യന്റെ സൃഷ്‌ടിപ്പ്‌ തന്നെ മണ്ണില്‍ നിന്നാണല്ലോ. അതു തന്നെയാണ്‌ സൂറത്ത്‌ ത്വാഹയിലൂടെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതും. ``അതില്‍ (ഭൂമിയില്‍) നിന്നാണ്‌ നാം നിങ്ങളെ സൃഷ്‌ടിച്ചത്‌. അതിലേക്ക്‌ തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ പുറത്ത്‌ കൊണ്ടുവരികയും ചെയ്യും''.
                    ഭൂമിയെ മനുഷ്യവാസത്തിന്‌ അനുഗുണമായി സംവിധാനിക്കുന്നതിന്റെ ഭാഗമായി മണ്ണും ജലവും വായുവും മറ്റ്‌ സസ്യ-ജന്തുജാലങ്ങളെയും സൃഷ്‌ടിച്ചതില്‍ മനുഷ്യ കരങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ല. അതിന്റെ ക്രഡിറ്റ്‌ സര്‍വ്വവും അല്ലാഹുവിന്നാണ്‌. ഭൂമിയുടെ ഉടമസ്ഥനും പരമാധികാരിയും സ്രഷ്‌ടാവുമായ അല്ലാഹു മാത്രമാണെന്നും മനുഷ്യനുള്‍പ്പെടെ മറ്റാര്‍ക്കും ആ കൃത്യത്തില്‍ യാതൊരു പങ്കുമില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്‌. സൂറത്തുല്‍ മാഇദയുടെ പതിനെട്ടാം സൂക്തത്തില്‍ കാണാം: ``ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്‌ക്കിടയിലുള്ളതിന്റെയും പരമാധികാരം അല്ലാഹുവിനാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ മടക്കം''. 
ഈ ഖുര്‍ആനിക വാക്യം സ്‌പഷ്‌ടമായി പ്രതിപാദിക്കുന്ന ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന കാഴ്‌ചപ്പാട്‌ ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്‌. ഒരു വ്യക്തിയുടെയോ രാഷ്‌ട്രത്തിന്റെയോ മറ്റ്‌ ഭരണ സംവിധാനങ്ങളുടെയോ കൈവശമുള്ള ഭൂമിയാണെങ്കിലും ഇസ്‌ലാമിക കാഴ്‌ചപ്പാടില്‍ അതിന്റെ ഉടമസ്ഥതയും പരമാധികാരവും അല്ലാഹുവിനാണ്‌. ആ ഉടമസ്ഥന്റെ കീഴിലുള്ള ഭൂമിയുടെ താല്‍ക്കാലിക മേല്‍നോട്ടക്കാര്‍ മാത്രമാണ്‌ മനുഷ്യന്‍. മനുഷ്യനെ ഭൂമിയിലേക്ക്‌ സൃഷ്‌ടിക്കുന്ന സമയം അല്ലാഹു മനുഷ്യനെ സംബന്ധിച്ച്‌ മലക്കുകളോട്‌ പരിചയപ്പെടുത്തിയത്‌ `ഖലീഫ' എന്ന പദം ഉപയോഗിച്ചാണ്‌. അതിനര്‍ത്ഥം പകരക്കാരന്‍ എന്നാണ്‌.
                           
    അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ പ്രകൃതിവിഭവങ്ങളും ഭൂമിയും ക്രിയവിക്രയം നടത്താന്‍ നിയോഗിക്കപ്പെട്ടവനാണ്‌ മനുഷ്യന്‍. മനുഷ്യന്റെ ഇംഗിതമനുസരിച്ച്‌ കൈകാര്യം ചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല. അല്ലാഹുവിന്റെ കല്‍പനകളും നിര്‍ദ്ദേശങ്ങളും വേണ്ടവിധം പഠിച്ച്‌ സൂക്ഷ്‌മമായി വേണം ഭൂമിയുടെ മേലുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍. അതിനെതിര്‌ പ്രവര്‍ത്തിക്കുന്നവന്‍ അക്രമിയാണ്‌. എന്നാല്‍ വര്‍ത്തമാന കാല സംഭവ വികാസങ്ങള്‍ വളരെ ഖേദകരമാണ്‌. ദുരാഗ്രഹവും ആര്‍ത്തിയും പൂണ്ട ആധുനിക മുതലാളിത്വത്തിന്റെ വക്താക്കള്‍ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. മലിനമായ ജലാശയങ്ങളും വിഷമയമായ അന്തരീക്ഷവും സമ്പുഷ്‌ടത നഷ്‌ടപ്പെട്ട മണ്ണും അതിന്റെ അനന്തരഫലമാണ്‌. വിഷലിപ്‌തമായ മണ്ണും വിണ്ണും ഭൂപ്രകൃതിയേയും ഐശ്വര്യപൂര്‍ണ്ണമായ നമ്മുടെ ആവാസവ്യവസ്ഥയേയും തകിടം മറിച്ചിരിക്കുന്നു. എങ്ങനെയും പണവും സുഖവും നേടണമെന്ന ത്വരയാണ്‌ ഇതിനെല്ലാം കാരണം. ഈ കാണുന്ന വിഭവങ്ങളും ഭൂമിയും സൂക്ഷിച്ച്‌ മാത്രം ഉപയോഗിക്കാന്‍ ഇവ അല്ലാഹു ഏല്‍പിച്ച അമാനത്താണെന്ന മുസ്‌ലിം വിശ്വാസം അരക്കെട്ട്‌ ഉറപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആര്‍ത്തിയും ധൂര്‍ത്തും കര്‍ശനമായി നിരോധിച്ച ഇസ്‌ലാമിന്റെ ഉപഭോഗനയം മിതത്വമാണ്‌. അമിതോപഭോഗത്തെ വിശുദ്ധ ഇസ്‌ലാം കര്‍ക്കശമായി നിരോധിച്ചിരിക്കുന്നു. അമിതോപഭോഗികളെ പറ്റി ഖുര്‍ആനിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്‌.
``തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു''.
           കര്‍ഷകന്‍ നട്ടുവളര്‍ത്തുന്ന ഓരോ ചെടിയിലും അവന്‌ മഹത്തായ പ്രതിഫലമുണ്ടെന്ന വിശുദ്ധ സന്ദേശത്തിലൂടെ കൃഷി ചെയ്യേണ്ടതിന്റെ മഹത്വത്തെ കുറിച്ച്‌ വിശ്വാസികളെ ഉത്‌ബോധിപ്പിച്ച്‌ അതിന്‌ സജ്ജരാക്കി. മനുഷ്യജീവിതത്തിന്‌ ആവശ്യമായ എല്ലാ വിഭവങ്ങളും ക്രിയാത്മകമായി വിളയിച്ചെടുക്കാന്‍ പക്വമാണ്‌ ഭൂമിയുടെ ഉപരിതലമെന്ന ഖുര്‍ആനിക പ്രഖ്യാപനം വിശ്വാസികള്‍ക്ക്‌ കരുത്തേകി. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത്‌ പുതുതായി പിടിച്ചെടുക്കപ്പെട്ട കൃഷിഭൂമികള്‍ കൃഷി ചെയ്യാന്‍ പ്രാപ്‌തരായ വിശ്വാസികള്‍ക്കോ നിശ്ചിത നികുതി ചുമത്തി തദ്ദേശ വാസികളായ കര്‍ഷകര്‍ക്കോ ഏല്‍പിച്ചു കൊടുക്കുന്ന പതിവാണ്‌ പ്രവാചകന്‍ (സ്വ) സ്വീകരിച്ചിരുന്നത്‌. ഖൈബറും വാദില്‍ ഖുറയും ഇസ്‌ലാമിക ഭരണത്തിന്‌ കീഴടങ്ങിയപ്പോള്‍ ഈയൊരു രീതിയാണ്‌ പ്രവാചകന്‍ മുന്നോട്ടു വെച്ചതും പ്രാവര്‍ത്തികമാക്കിയതും. 

               മഹാനായ ഉമര്‍ (റ) ന്റെ ഭരണകാലത്ത്‌ ഇറാഖും സിറിയയും ഇസ്‌ലാമിന്റെ ആദര്‍ശ പതാകയ്‌ക്ക്‌ കീഴില്‍ വന്നപ്പോള്‍ കൃഷി ഉല്‍പ്പന്നങ്ങള്‍ക്ക്‌ നിര്‍ണ്ണിത നികുതി ഏര്‍പ്പെടുത്തി അവിടുത്തുകാരായ കര്‍ഷകര്‍ക്ക്‌ വീതിച്ചു നല്‍കുകയായിരുന്നു. ഈജിപ്‌തില്‍ ഇസ്‌ലാമിക സംവിധാനം നിലവില്‍ വന്നപ്പോള്‍ ഗവര്‍ണ്ണറായിരുന്ന അംറ്‌ ബ്‌നു ആസ്വ്‌ (റ) സ്വഹാബത്തിന്റെ യോഗം ചേര്‍ന്ന്‌ ഭൂമി വിനിയോഗത്തെ പറ്റി ചര്‍ച്ച നടത്തിയപ്പോള്‍ മുസ്‌ലിം സൈനികര്‍ക്ക്‌ ഭൂമി വീതിച്ചു നല്‍കണമെന്ന സുബൈറ്‌ ബ്‌നു അവ്വാമിന്റെ അഭിപ്രായം ഉമര്‍ (റ) നെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ``നിങ്ങളുടെ അഭിപ്രായത്തെ തൃപ്‌തിപ്പെടുത്താന്‍ എനിക്ക്‌ കഴിയില്ല'' എന്നായിരുന്നു (താരീഖു ഇബ്‌നി സഅദ്‌).
``
ഭരണപ്രദേശത്തിന്‌ കീഴിലുള്ള ഭൂമി ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുക, കൃഷിയുടെ ഉല്‍പ്പാദനത്തിനും വിളവിനും അനുസരിച്ച്‌ നികുതി ഈടാക്കുക, കടുപ്പമേറിയതും വരണ്ടതുമായ കൃഷി ബുദ്ധിമുട്ടുള്ള ഭൂമിയിലെ നികുതി ഒഴിവാക്കുക. ഇനി ജനങ്ങള്‍ അത്‌ സ്വീകരിക്കാത്ത പക്ഷം ഭരണ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ കൃഷി നടത്തുക. എങ്ങനെയാണെങ്കിലും കൃഷിഭൂമി പാഴാക്കിയിടരുത്‌'' എന്ന്‌ ഉമര്‍ ബ്‌നു അബ്‌ദുല്‍ അസീസ്‌ (റ) ന്റെ ഭരണകാലത്ത്‌ ഗവര്‍ണ്ണര്‍മാര്‍ക്കെഴുതിയ കത്തുകളില്‍ കാണാം. 
                മൂന്നരവര്‍ഷത്തില്‍ കൂടുതല്‍ ഉല്‍പ്പാദനം നടത്താതെ തരിശായി കിടക്കുന്ന ഭൂമി ഭരണകൂടം കണ്ടുകെട്ടുമെന്ന്‌ പ്രഖ്യാപിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്‌തത്‌ രണ്ടാം ഖലീഫ ഉമര്‍ (റ) ചരിത്രത്തില്‍ കാണാന്‍ കഴിയും. 
                 ഏക്കറുകണക്കിന്‌ കൃഷിഭൂമികള്‍ തരിശാക്കിയിട്ട്‌ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും വരുന്ന വണ്ടികളേയും കാത്തിരിക്കുന്ന മലയാളി കൃഷിയുടെ മഹത്വവും ആവശ്യവും എന്നാണ്‌ തിരിച്ചറിയുക. ``ആരുടെ കൈയ്യിലെങ്കിലും കൃഷിഭൂമിയുണ്ടെങ്കില്‍ അതില്‍ കൃഷി നടത്തട്ടെ. അതിന്‌ കഴിയില്ലെങ്കില്‍ തന്റെ സഹോദരന്‌ ദാനമായി നല്‍കട്ടെ!'' (ബുഖാരി) എന്ന കാര്‍ഷിക വിപ്ലവ വചസ്സ്‌ എന്നാണിനി മലയാളി പഠിക്കുക. പുലരുമ്പോള്‍ തന്നെ പണിയായുധവും തോളിലേറ്റി മണ്ണില്‍ പൊന്ന്‌ വിളയിക്കാന്‍ പോകുന്ന അന്യസംസ്ഥാന കൃഷി തൊഴിലാളിയെ പുച്ഛത്തോടെ വീക്ഷിക്കുകയല്ലേ നാം ചെയ്യുന്നത്‌. 
                ഇനിയെങ്കിലും കൃഷിയ്‌ക്ക്‌ ഇസ്‌ലാം കല്‍പിച്ച മഹത്വം തിരിച്ചറിഞ്ഞ്‌ നാളെയുടെ സുരക്ഷയ്‌ക്ക്‌ ഒരു വിത്തെങ്കിലും നടാന്‍ നാം തയ്യാറായാല്‍, ഇസ്‌ലാം വിഭാവനം ചെയ്യുന്ന കാര്‍ഷിക വിപ്ലവത്തെ പ്രായോഗികമാക്കാനായാല്‍ വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം ഒരു പരിധി വരെ ചെറുക്കാനാകും. 
Related Posts Plugin for WordPress, Blogger...