നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 24 August 2018

ഇബ്റാഹീം (അ) ന്‍റെ വിളി



             ഭൂമിയുടെ കേന്ദ്രം. മനുഷ്യവാസ ചരിത്രത്തോടൊപ്പം ചരിത്രത്താളുകളില്‍ ഇടം നേടിയ ഗേഹം. കഅ്ബാലയം. അതാണ് ഭൂമിയില്‍ പണിത പ്രഥമ ആരാധനാലയം. നൂഹ് നബി (അ) യുടെ കാലത്തുണ്ടായ ചരിത്ര പ്രസിദ്ധമായ ജല പ്രളയം. അത് നിമിത്തം കഅ്ബാലയം മണ്ണടിഞ്ഞു. നൂറ്റാണ്ടുകളോളം അങ്ങനെ കിടന്നു. 
                'അബുല്‍ അമ്പിയാ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇബ്റാഹീം (അ) യ്ക്ക് തന്‍റെ വാര്‍ദ്ധക്യത്തില്‍ ലഭിച്ച ഇളംപൈതല്‍ ഇസ്മാഈല്‍ നബി (അ) യെയും മാതാവ് ഹാജറാ ബീവി (റ) യെയും വിജനമായ മണല്‍ക്കാട്ടില്‍ ഉപേക്ഷിച്ച് ബാബിലോണിയയിലേക്ക് തിരിച്ചു പോയി. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ഇബ്റാഹീം നബി (അ) മക്കയില്‍ തിരിച്ചെത്തി. മകനുമായി ചേര്‍ന്ന് കഅ്ബാലയം പുതുക്കിപ്പണിതു. പ്രവാചകന്മാര്‍ക്കെല്ലാം അത്ഭുതങ്ങള്‍ പ്രകടമാകാറുണ്ട്. അതില്‍ പലതും തത്സമയ ശേഷം ഇല്ലാതായി പോകുന്നതാണ്. മറ്റ് ചിലതൊക്കെ അന്ത്യനാള്‍ വരെ നിലനില്‍ക്കുന്നതുമാണ്. അന്ത്യദിനം വരെ നിലനില്‍ക്കുന്ന ഒരു അത്ഭുത കാഴ്ചയാണ് 'ഇബ്റാഹീം മഖാം'. അതായത് മകനും പിതാവും കഅ്ബാലയ നിര്‍മ്മാണം നടത്തുകയാണ്. ചുമരുകള്‍ ഒരാളുടെ ഉയരത്തിലധികമായിരിക്കുന്നു. ഇനി തറയില്‍ നിന്ന് പണിയാന്‍ പറ്റില്ല. കയറി നിന്ന് പണിയാന്‍ കോണിയോ മറ്റോ ഇല്ല. ഈ ഘട്ടത്തില്‍ ഇബ്റാഹീം നബി (അ) ഒരു കല്ലില്‍ കയറി നിന്ന് പണിയാനുള്ള കല്ല് പൊക്കി. തത്സമയം കയറി നില്‍ക്കുന്ന കല്ല് സ്വയം പൊങ്ങുന്നു. ഇബ്റാഹീം നബി (അ) താനുദ്ദേശിക്കുന്ന സ്ഥലത്ത് കല്ല് വെക്കുന്നു. അടുത്ത കല്ലെടുക്കാന്‍ ഭാവിക്കുമ്പോള്‍ കയറി നിന്ന കല്ല് താഴുന്നു. അങ്ങനെ ഒരു യാന്ത്രിക കോണിയായി പ്രവര്‍ത്തിച്ച കല്ല്. അതില്‍ ഇബ്റാഹീം നബി (അ) യുടെ രണ്ട് കാല്‍പാദങ്ങള്‍ പതിഞ്ഞ് അടയാളപ്പെട്ട് കിടക്കുകയാണ്. ഈ കല്ല് കഅ്ബാശരീഫിന്‍റെ വാതിലിന്‍റെയും ഹിജ്റ് ഇസ്മാഈലിന്‍റെ മൂലയുടെയും ഇടയ്ക്ക് അല്‍പം കിഴക്ക് മാറി ചില്ല് കൂട്ടിലായി സൂക്ഷിക്കപ്പെടുന്നു. ത്വവാഫിന് ശേഷം അതിനടുത്ത് നിന്ന് നിസ്കരിക്കല്‍ സുന്നത്താണ്. "ഇബ്റാഹീം മഖാമിനെ നിങ്ങള്‍ നിസ്കാര സ്ഥലമാക്കുക" എന്ന ഖുര്‍ആന്‍ വചനത്തിലെ ഇബ്റാഹീം മഖാം കൊണ്ടുള്ള വിവക്ഷ ഈ കല്ലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചിട്ടുണ്ട്. 
കഅ്ബാലയ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സ്രഷ്ടാവായ അല്ലാഹു ഇബ്റാഹീം നബി (അ) യോട് പറഞ്ഞു: നിങ്ങള്‍ ജനങ്ങളെ ഹജ്ജിനായി വിളിക്കുക. 
            ജനവാസമില്ലാത്ത മണല്‍ക്കാട്ടില്‍ ശ്രോദ്ധാക്കളില്ലാതെ ശൂന്യമായ അന്തരീക്ഷത്തിലേക്ക് നോക്കി ഹേ! ജനങ്ങളെ നിങ്ങള്‍ ഹജ്ജിന് വരൂ! എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നതിലെ അനൗചിത്യ ചിന്ത ഇബ്റാഹീം നബി (അ) യുടെ ഹൃദയത്തില്‍ നാമ്പെടുക്കാതിരിക്കാന്‍ അല്ലാഹു തന്‍റെ പ്രവാചകനോട് പറഞ്ഞു: "വാഹനങ്ങളിലായും കാല്‍നടയായും എല്ലാ വിദൂര ദിക്കുകളില്‍ നിന്നും അവര്‍ നിങ്ങളിലേക്ക് വരും".
ഈ വിളി കേട്ടവര്‍ അതിന് പ്രത്യുത്തരം ചെയ്ത് ഞാനിതാ നിനക്ക് പലവട്ടം ഉത്തരം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കഅ്ബാലയത്തിലണയും എന്നാണ് പണ്ഡിതമതം. ഈ വിളി കേള്‍ക്കാത്തവന്‍ എല്ലാ വിധ സൗകര്യങ്ങളുടെയും ആസ്വാദകനായാല്‍ പോലും ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഭാഗ്യമില്ലാത്തവനായിരിക്കും. 
            ഒന്നോര്‍ത്തുനോക്കൂ! ഹജ്ജ് ചെയ്തവരും ചെയ്യാനുദ്ദേശിക്കുന്നവരും ഒന്ന് കൂടി ഓര്‍ത്തുനോക്കൂ! ഞാന്‍ ആ വിളി കേട്ടിരുന്നോ? ഇല്ല. എത്ര ചിന്തിച്ചിട്ടും അങ്ങനെ ഒരു സംഭവം ഓര്‍ക്കുന്നില്ല. എങ്കില്‍ ഇത് കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമാണോ? അല്ല ഒരിക്കലുമല്ല. അത് സത്യം തന്നെയാണ്. നിഷേധിക്കാന്‍ വരട്ടെ ഒന്ന് കൂടി ചിന്തിക്കാം. നാം നമ്മുടെ ഉമ്മയുടെ മുലപ്പാല്‍ കുടിച്ചിരുന്നു. അത് സത്യമാണോ? ഒന്നോര്‍ത്തു നോക്കൂ. ആ സംഭവം നാം ഓര്‍ക്കുന്നുണ്ടോ? ഇല്ല. എന്നാല്‍ അത് നിഷേധിക്കാമോ? ഈ ചോദ്യത്തിനുത്തരം വ്യക്തമാണ്. നമ്മള്‍ മുല കുടിച്ചിട്ടുണ്ട്. പക്ഷേ, ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഇതുപോലെ നമ്മുടെ ചരിത്രത്തില്‍ ഒരുപാട് സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് സംഭവിച്ചിട്ടുണ്ട്. ആ ഗണത്തില്‍ പെട്ടതാണ് ഇബ്റാഹിം നബി (അ) യുടെ വിളി. അല്ലാഹു വിളിക്കാന്‍ പറഞ്ഞു. ദൂതര്‍ വിളിച്ചു. അഭിമുഖമായി തൊട്ടടുത്ത് നിന്ന് വിളിച്ചാലും കാണാമറയത്ത് അതിവിദൂരത്ത് നിന്ന് വിളിച്ചാലും കേള്‍പ്പിക്കുന്നവന്‍ അല്ലാഹു. അവന്‍ കേള്‍പ്പിക്കുന്നതിന് കാലദൈര്‍ഘ്യമോ ദൂരപരിധിയോ വിഘാതമല്ല എന്ന് വിശ്വസിക്കേണ്ടവനാണ് സത്യവിശ്വാസി. കഅ്ബാ ശരീഫിന്‍റെ തെക്ക് കിഴക്കേ മൂലയില്‍ ചുമരില്‍ ചെറിയൊരു കരിങ്കല്ല് കഷണമുണ്ട്. 'ഹജറുല്‍ അസ്വദ്' (കറുത്ത കല്ല്) എന്നാണതിന്‍റെ പേര്. അതിനുമുണ്ടൊരു കഥ. 
മനുഷ്യപിതാവായ ആദം നബി (അ) യെ സൃഷ്ടിച്ച് അവിടുത്തെ മുതുകില്‍ നിന്ന്            അന്ത്യദിനം വരെ വരാനിരിക്കുന്ന മുഴുവന്‍ സന്തതികളെയും പുറത്തെടുത്ത് അവരോട് സ്രഷ്ടാവ് ചോദിച്ചു: ഞാന്‍ നിന്‍റെ രക്ഷിതാവല്ലേ? മനുഷ്യര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ ഞങ്ങളും നീ നീയുമാണ്. അതായത് റബ്ബ് എന്ന നിലയില്‍ നിന്നെ ഞങ്ങള്‍ക്കറിയില്ല. ഇത് കേട്ട സ്രഷ്ടാവ് മനുഷ്യരെ അഗ്നിയില്‍ പ്രവേശിപ്പിച്ച് ദീര്‍ഘകാലം അവിടത്തെ ശിക്ഷ അനുഭവിപ്പിച്ച് അവിടെ നിന്ന് പുറത്തിറക്കി വീണ്ടും ചോദിച്ചു. ഞാന്‍ നിന്‍റെ രക്ഷിതാവല്ലേ? മറുപടി തഥൈവ. സ്രഷ്ടാവ് അവരെ വിശപ്പ് കൊണ്ട് ശിക്ഷിച്ചു. വിശപ്പ് അസഹനീയമായ ഘട്ടത്തിലെത്തിയപ്പോള്‍ സ്രഷ്ടാവ് അവരോട് ചോദിച്ചു; ഞാന്‍ നിങ്ങളുടെ സ്രഷ്ടാവല്ലേ? വിശന്നു വലഞ്ഞ മനുഷ്യവര്‍ഗ്ഗം പറഞ്ഞു:  അതെ, നീ ഞങ്ങളുടെ റബ്ബാണ്. ഞങ്ങള്‍ നിന്‍റെ ദാസന്മാരും. ഈ സത്യവാങ്മൂലം എഴുതി രേഖപ്പെടുത്തിയ ശേഷം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു വെളുത്ത കല്ല് വരുത്തി അതിനോട് റബ്ബ് പറഞ്ഞു: നിന്‍റെ വായ തുറക്കുക. ആ ശില വായ തുറന്നു. കരാറെഴുതിയ രേഖ ശിലയുടെ വായയില്‍ നിക്ഷേപിച്ചു. ആ ശിലയാണ് കഅ്ബാ ശരീഫിന്‍റെ മൂലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന 'ഹജറുല്‍ അസ്വദ്'. ഹജ്ജ് കര്‍മ്മത്തിന്‍റെ ഭാഗമായതോ അല്ലാതെയോ ഉള്ള ഏത് ത്വവാഫിന് മുമ്പും അതിനെ തൊട്ട് മുത്തണം. അല്ലെങ്കില്‍ പ്രതീകാത്മകമായി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു കൊണ്ട് ഇരുകരങ്ങളും പൊക്കി ഹജറുല്‍ അസ്വദിനെ തൊടുന്നത് പോലെ ആംഗ്യം കാണിച്ചു ഇരു കരങ്ങളും ചുംബിക്കുന്നതും ത്വവാഫിന് ശേഷം ഹജറുല്‍ അസ്വദിനെ ചുംബിക്കുന്നതും സുന്നത്താണ്. 
             ഹജറുല്‍ അസ്വദും ഇബ്റാഹീം മഖാമും കഅ്ബാ ശരീഫിന്‍റെ ചാരത്തെ വറ്റാത്ത നീരുറവയായ 'സംസം കിണറു' മൊക്കെ ഇലാഹീ സ്മരണ ഉയര്‍ത്തുന്നതിന് വേണ്ടി സ്രഷ്ടാവ് സംവിധാനിച്ച മഹത്തായ ദൃഷ്ടാന്തങ്ങളാണ്. ജനലക്ഷങ്ങള്‍ അണമുറിയാതെ ഒഴുകിയെത്തുന്ന മക്കയിലും മദീനയിലും യഥേഷ്ടം ലഭ്യമാകുന്ന വെള്ളത്തിന്‍റെ നീരുറവ വറ്റിയതായി ചരിത്രമില്ല. കേവലം ഒരു കിണറിലെ വെള്ളം ഇടതടവില്ലാതെ പമ്പ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ വെള്ളത്തിന് ഒരു കുറവും വരുന്നില്ലെങ്കില്‍ ഇതില്‍ പരം അത്ഭുതം മറ്റെന്താണ്? ഇങ്ങനെ ദൃഷ്ടാന്തങ്ങളുടെ സംഗമഭൂമിയായ കഅ്ബാ ശരീഫ് ദര്‍ശിക്കാനും അവിടെയുള്ള ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാനും നാഥന്‍ തുണക്കട്ടെ. ആമീന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...