ശൈഖ് ജീലാനിയുടെ അത്ഭുതബാല്യം
"താങ്കളെ ഇതിന് വേണ്ടിയല്ലല്ലോ സൃഷ്ടിക്കപ്പെട്ടത്?" ചോദ്യം കേട്ട ആ ബാലന്‍ അത്ഭുതത്തോടെ ചുറ്റും നോക്കി. ഇല്ല, പരിസരത്ത് താന്‍ മേയ്ക്കുന്ന കാളയല്ലാതെ മറ്റാരെയും കാണാനില്ല!!. തന്‍റെ നേരെ മുഖം തിരിച്ച് നില്‍ക്കുന്ന കാള തന്നെയാണ് ഈ ചോദ്യമുന്നയിച്ചതെന്ന് ആ ബാലന് മനസ്സിലായി!!!. അന്നൊരു അറഫാ ദിനമായിരുന്നു... ബാല്യത്തിന്‍റെ കുസൃതികളുടെ ഭാഗമെന്നോണം വയലിലേക്ക് കാളയെയും തെളിച്ച് നടന്നു പോകുന്ന ആ കുട്ടി കാളയുടെ ചോദ്യത്തിനു മുമ്പില്‍ ആദ്യമൊന്ന് പകച്ചു... പിന്നെ ഭീതിയോടെ വീട്ടിലേക്ക് പാഞ്ഞു... വീട്ടിലെത്തി മട്ടുപ്പാവില്‍ കയറി നോക്കുമ്പോള്‍ കാതങ്ങളകലെ അറഫ മൈതാനിയില്‍ അല്ലാഹുവിന്‍റെ അതിഥികളുടെ മഹാസംഗമം കണ്ണുകൊണ്ട് കാണുന്നു...!! സ്രഷ്ടാവിന്‍റെ സവിധത്തിലേക്കുള്ള പ്രയാണത്തിന് ഈ അത്ഭുതങ്ങള്‍ ആ ബാലന്‍റെ ഹൃദയത്തില്‍ പ്രേരണയായി.. ഉടനെ മാതൃ സന്നിധിയിലെത്തി ഉമ്മയോട് ആത്മീയ പരിശീലന കളരിയിലെ ഗുരുക്കളുടെ സവിധത്തിലേക്ക് യാത്ര ചെയ്യാന്‍ അനുമതി തേടി. പക്ഷേ പുത്രവിയോഗം താങ്ങാന്‍ ശേഷിയില്ലാത്ത മാതൃ ചിത്തം അതിനനുവദിച്ചില്ല. മകന്‍റെ നിരന്തര സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രിയ മാതാവ് തന്‍റെ പുത്രനെ പിരിയാന്‍ നിര്‍ബന്ധിതയായി.....
ഇത് ഖുത്വുബുല്‍ അഖ്താബ് ഗൗസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജിലാനി (ഖ.സി)യുടെ അധ്യാത്മിക വഴിയിലേക്കുള്ള പ്രയാണത്തിന് നിമിത്തമായ സംഭവങ്ങളുടെ തുടക്കം. ഹിജ്റ 470 റമളാന്‍ 1 ന് ഇറാനിലെ ജീലാന്‍ പ്രവിശ്യയിലെ നീഫ് എന്ന ഗ്രാമത്തിലാണ് ശൈഖ് ജീലാനി (ഖ.സി)യുടെ ജനനം. പിതാവ് ശൈഖ് അബൂ സ്വാലിഹ് മൂസാ ജന്‍കിദോസ്ത് (റ). മുത്ത് നബിയുടെ പേരക്കുട്ടി ഹസന്‍ (റ)ന്‍റെ കുടുംബ പരമ്പരയിലെ പ്രമുഖ കണ്ണി. മാതാവാകട്ടെ ഹുസൈന്‍ (റ)ന്‍റെ പരമ്പരയിലെ വിശ്രുതനും അധ്യാത്മിക ലോകത്ത് പ്രോജ്വലിച്ചു നിന്നിരുന്ന ആരിഫുമായ ശൈഖ് അബ്ദുല്ലാഹി സ്സൗമഈ (റ)ന്‍റെ പുത്രി ഉമ്മുല്‍ ഖൈര്‍ ഫാത്വിമ (റ)യും. ശൈഖ് ജീലാനി (ഖ.സി)യുടെ ജനനം ലോകത്തെ അത്യുത്തമ വംശപരമ്പരയിലാണെന്നത് പ്രപഞ്ചനാഥന്‍റെ പ്രീ പ്ലാനിംഗിന്‍റെ മികച്ച ഉദാഹരണമായി അനുവാചകന് അനുഭവേദ്യമായേക്കാം. ന്യൂനതകളുടെ സര്‍വ്വ പഴുതുകളും അടച്ചുള്ള മികച്ച സൃഷ്ടി കല്‍പ്പനയാണ് അല്ലാഹു അവന്‍റെ ഇഷ്ടദാസന്മാരുടെ കാര്യത്തില്‍ സാധാരണ നിര്‍വ്വഹിക്കുന്നത്. അതുതന്നെയാണ് ശൈഖ് ജീലാനിയുടെ ചരിത്രത്തിലും കാണപ്പെടുന്നത്. ഔലിയാഇന്‍റെ ലോകത്തെ സുല്‍ത്വാനെ ഔലിയാക്കളുടെ തന്നെ പരമ്പരയിലൂടെ അല്ലാഹു ജന്മം നല്‍കി!! മുത്തുനബി (സ)യില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ജീനൂകള്‍ വിശുദ്ധരിലൂടെ മാത്രം കൈമാറി അബൂസ്വാലിഹ് മൂസാ (റ)യിലൂടെ ഉമ്മുല്‍ ഖൈര്‍ (റ) ന്‍റെ ഉദരത്തില്‍ വെച്ച് രൂപകല്‍പന നടത്തി പിന്നീട് ലോകത്തിന് കൈമാറി.
തികഞ്ഞ മതഭക്തയും ഇലാഹി ചിന്തയില്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത മഹതിയായിരുന്നു ശൈഖ് ജീലാനിയുടെ മാതാവ് ഉമ്മുല്‍ ഖൈര്‍ ഫാത്വിമ (റ). ജീവിതത്തിന്‍റെ സായംസന്ധിയിലായിരുന്നു അവര്‍ ശൈഖിനെ പ്രസവിച്ചത്. ശൈഖ് ജീലാനിയുടെ ജനനത്തിന്‍റെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് പിതാവ് ഇഹലോക വാസം വെടിഞ്ഞു. പിതാവിന്‍റെ വിയോഗാനന്തരം അബ്ദുല്ലാഹി സ്സ്വൗമഈ (റ) കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്തു. ശൈഖ് അബ്ദുല്ലാഹി സ്സ്വൗമഈ (റ) പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന മഹാന്മാരില്‍പ്പെട്ട വ്യക്തിയും നിരവധി കറാമത്തുകളുടെ ഉടമയുമായിരുന്നു. സമര്‍ഖന്തിലൂടെ കടന്നുപോയ ഒരു കച്ചവടസംഘത്തിന്‍റെ മുമ്പിലേക്ക് ചാടിവീണ കുതിരകളില്‍ നിന്ന് രക്ഷനേടാന്‍ അവര്‍ അബ്ദുല്ലാഹി സ്സ്വൗമഇയെ വിളിച്ചതും ഉടന്‍തന്നെ അദ്ദേഹം പ്രത്യക്ഷപ്പെട്ട് അവയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം അവ ഓടിമറഞ്ഞതും ഇമാം ഖസ്വീനി രേഖപ്പെടുത്തുന്നു.
ഒരിക്കല്‍ നാട്ടില്‍ കഠിനമായ വരള്‍ച്ച. ജനങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടമോടി. അല്ലാഹുവിന്‍റെ മുന്നില്‍ നിസ്കാരം സമര്‍പ്പിച്ചു... പ്രാര്‍ത്ഥിച്ചു.... പക്ഷേ, ആകാശം തെളിഞ്ഞു തന്നെ നിന്നു... അവസാനം അവര്‍ ശൈഖ് ജീലാനിയുടെ പിതൃസഹോദരി ആഇശ (റ)യോട് ആവലാതി ബോധിപ്പിച്ചു. ഇലാഹി ചിന്തയില്‍ ജീവിതം സ്ഫുടം ചെയ്തെടുത്ത മഹതി ജനങ്ങളുടെ ആവശ്യം പരിഗണിച്ചു. ചൂലെടുത്ത് മുറ്റം അടിച്ചു വാരി. ശേഷം തന്‍റെ നാഥനോട് ഇപ്രകാരം പറഞ്ഞു. "നാഥാ.. ഞാന്‍ നിന്‍റെ ഭൂമി അടിച്ചു വൃത്തിയാക്കിയിരിക്കുന്നു. നീ അവിടെ വെള്ളം നല്‍കണം." തന്‍റെ പ്രേമഭാജനം ആവശ്യം ഉന്നയിക്കേണ്ട താമസം അല്ലാഹു ശക്തമായ മഴ വര്‍ഷിപ്പിച്ചു. വരണ്ടുണങ്ങിയ കൃഷിയിടങ്ങളിലൂടെ നടന്നു വന്നവര്‍ കവിഞ്ഞൊഴുകുന്ന മഴവെള്ളത്തിലൂടെ നീന്തിയാണ് തിരിച്ചുപോയത്. ശൈഖ് ജീലാനിയുടെ കുടുംബത്തിലെ ഓരോ അംഗവും ആത്മീയ ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചവരാണെന്ന് ചുരുക്കം. ആത്മീയത നിറഞ്ഞുനിന്ന കുടുംബാന്തരീക്ഷം അബ്ദുല്‍ ഖാദിര്‍ എന്ന ബാലനില്‍ അധ്യാത്മികതയുടെ സൗരഭ്യം പരത്തി. ബാല്യകാലത്ത് തന്നെ ശൈഖ് ജീലാനിയിലൂടെ ലോകം കറാമത്തുകള്‍ ദര്‍ശിച്ചു.
ആകാശ ലോകത്തെ മാലാഖമാര്‍ ശൈഖവര്‍കള്‍ക്ക് ചെറുപ്പത്തില്‍ തന്നെ സംരക്ഷണം നല്‍കി. ശൈഖ് ജീലാനി മദ്റസയില്‍ പഠിക്കാന്‍ പോകുകയാണ്... അന്ന് പ്രായം പത്തു വയസ്സ്. ക്ലാസ്സ് മുറിയിലേക്ക് കടന്നുവരുമ്പോള്‍ സഹപാഠികള്‍ കേള്‍ക്കുന്നത് ഒരശരീരി...!! "അല്ലാഹുവിന്‍റെ വലിയ്യിന് ഇരിക്കാന്‍ സൗകര്യമൊരുക്കൂ....!!!"
ശൈഖ് (റ) തന്നെ പറയട്ടെ.... "കുട്ടിക്കാലത്ത് ഞാന്‍ കളിക്കാന്‍ പോകുകയാണ്... കൂടെ എന്‍റെ കൂട്ടുകാരനുമുണ്ട്. പെട്ടെന്നൊരു ശബ്ദം! "ഓ പുണ്യാത്മാവേ, താങ്കള്‍ എവിടേക്കാണ് പോകുന്നത്.?" ഞാന്‍ ഭയന്നോടി ഉമ്മയുടെ മടിത്തട്ടില്‍ തലവെച്ചു കിടന്നു.
ബഗ്ദാദിലെ കൃഷിയിടങ്ങളില്‍ വിളവെടുപ്പിന്‍റെ സമയത്താണ് മുതഅല്ലിമുകള്‍ക്ക് 'കൈമടക്ക്' ലഭിച്ചിരുന്നത്. പരാധീനതകളുടെ കൈപ്പുനീരില്‍ വിദ്യാര്‍ത്ഥി ജീവിതം നയിക്കുന്ന അവര്‍ക്ക് അതൊരു അനുഗ്രഹമായിരുന്നു. ഒരു വിളവെടുപ്പ് കാലത്തെ സംഭവം ശൈഖ് ജീലാനി (ഖ.സി) വിവരിക്കുന്നു... "ഒരിക്കല്‍ വിളവെടുപ്പ് കാലത്ത് ധനികരുടെ സമീപത്തേക്ക് പുറപ്പെടുമ്പോള്‍ സഹപാഠികള്‍ എന്നെയും വിളിച്ചു. ഞാന്‍ വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് പാദമൂന്നുന്ന സമയമായിരുന്നു അത്. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാനും പുറപ്പെട്ടു. 'യഅ്ഖൂബ' എന്ന സ്ഥലത്തേക്കാണ് പോയത്. അവിടെ 'ശരീഫുല്‍ യഅ്ഖൂബി' എന്ന് പേരുള്ള ഒരു വലിയ്യുണ്ടായിരുന്നു. ആ നാട്ടിലെത്തിയ സ്ഥിതിക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാമെന്ന് കരുതി ഞാന്‍ ചെന്നു. എന്നെ കണ്ടപാടെ അദ്ദേഹത്തിന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു. " ഹഖ് ഉദ്ദേശിക്കുന്നവരും സജ്ജനങ്ങളും ജനങ്ങളോട് ഒന്നും ചോദിച്ച് വാങ്ങില്ല". പിന്നീട് എനിക്ക് ഉപദേശങ്ങള്‍ നല്‍കി യാത്രയാക്കി. ശേഷം ഞാന്‍ അത്തരം സ്ഥലങ്ങളിലേക്ക് പോയിട്ടില്ല. "
ചെറുപ്രായത്തില്‍ തന്നെ ആരിഫീങ്ങളെ സന്ദര്‍ശിക്കലും അവരോടുള്ള സഹവാസവും ശൈഖവര്‍കള്‍ക്ക് ഹരമായിരുന്നു. കാരണം അവരോടുള്ള സഹവാസമാണല്ലോ അവരുടെ സരണിയിലേക്ക് പ്രവേശിക്കാനുള്ള കവാടം. അത്തരം സന്ദര്‍ശനങ്ങളില്‍ പ്രശസ്തമാണ് ഇബ്നുസ്സഖയുടെയും ശൈഖ് അബൂ അബ്ദുല്ലാ മുഹമ്മദ് അത്തമീമി (ഖ.സി)യുടെയും കൂടെ ഒരു ഗൗസിനെ കാണാന്‍ പോയ സംഭവം.
അന്ന് ബഗ്ദാദില്‍ അല്ലാഹുവിന്‍റെ ഗൗസ് ആയി അറിയപ്പെടുന്ന ഒരു മഹാന്‍ ജീവിച്ചിരുന്നു. നിരവധി കറാമത്തുകള്‍ പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ജനങ്ങളുടെ അത്താണിയായിരുന്നു. ആ മഹാനെ സന്ദര്‍ശിക്കാന്‍ ബഗ്ദാദിലെ മദ്റസത്തുന്നിളാമിയ്യയിലെ വിദ്യാര്‍ത്ഥികളായിരുന്ന മുഹമ്മദ് അത്തമീമിയും ഇബ്നു സ്സഖയും പുറപ്പെട്ടു. അവരോടൊപ്പം ശൈഖ് ജീലാനിയും കൂടി. യാത്രയില്‍ ഓരോരുത്തരും തങ്ങളുടെ സന്ദര്‍ശനോദ്ദേശ്യം പരസ്പരം കൈമാറി. ഇബ്നുസ്സഖ പറഞ്ഞു: "അദ്ദേഹത്തിന് ഒരിക്കലും ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യം ചോദിച്ച് ഞാന്‍ അദ്ദേഹത്തെ കുഴപ്പിക്കും". മുഹമ്മദ് തമീമി പറഞ്ഞു. " അതിനു ഞാനില്ല, എങ്കിലും മറുപടി അറിയാനായി ഞാന്‍ ഒരു ചോദ്യം ചോദിക്കും അത്രമാത്രം. " അപ്പോള്‍ ശൈഖ് ജീലാനി (റ) പറഞ്ഞു. "ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാനല്ല പോകുന്നത,് ആ മഹാനെ സന്ദര്‍ശിച്ച് എനിക്ക് ബറക്കത്തെടുക്കണം. അത് മാത്രമാണ് എന്‍റെ ലക്ഷ്യം".
അങ്ങനെ മൂവര്‍ സംഘം ആ മഹാന്‍റെ സന്നിധിയിലെത്തി. പക്ഷേ, അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞ് അദ്ദേഹം സദസ്സിലേക്ക് എത്തി. വന്നയുടനെ രോഷത്തോടെ ഇബ്നുസ്സഖയോട് പറഞ്ഞു. "ഓ ഇബ്നുസ്സഖാ... നിനക്ക് നാശം... എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിട്ടാണല്ലേ നീ വന്നത്... എങ്കില്‍ അറിഞ്ഞോളൂ... നിന്‍റെ ചോദ്യമിതാ... അതിന്‍റെ ഉത്തരവുമിതാ...." അന്ധാളിച്ചു നില്‍ക്കുന്ന ഇബ്നുസ്സഖയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി അദ്ദേഹം പറഞ്ഞു.."കുഫ്റിന്‍റെ തീ ജ്വാലകള്‍ നിന്നില്‍ കത്തി നില്‍ക്കുന്നത് ഞാന്‍ കാണുന്നു."
ശേഷം തമീമിയുടെ നേരെ തിരിഞ്ഞു. എന്‍റെ മറുപടി അറിയാനായി നീ ഉദ്ദേശിച്ച ചോദ്യമിതാ.. അതിന്‍റെ ഉത്തരവുമിതാ.. നിന്‍റെ സ്വഭാവദൂഷ്യം നിമിത്തം നിന്നെ ദുനിയാവ് പൊതിയും.
പിന്നീട് വാത്സല്യവും ആദരവും കലര്‍ന്ന മുഖഭാവത്തോടെ ശൈഖ് ജീലാനി (റ)യെ തന്‍റെയടുത്തേക്ക് വിളിച്ച് പറഞ്ഞു. "അബ്ദുല്‍ ഖാദിര്‍, താങ്കളുടെ വിശിഷ്ട സ്വഭാവം മൂലം താങ്കളെ അല്ലാഹുവും റസൂലും തൃപ്തപ്പെട്ടിരിക്കുന്നു. ബഗ്ദാദിലെ വലിയ സമ്മേളനത്തില്‍ താങ്കള്‍ പ്രസംഗിക്കുന്നതും എല്ലാ ഔലിയാക്കളുടെയും പിരടിക്കു മീതെയാണ് എന്‍റെ കാല്‍പാദമെന്ന് താങ്കള്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍വ്വ ഔലിയാക്കളും താങ്കള്‍ക്ക് ശിരസ്സ് താഴ്ത്തുന്നതും ഞാനിതാ ദര്‍ശിക്കുന്നു." അതോടെ അദ്ദേഹം അപ്രത്യക്ഷനായി..
ഔലിയാക്കളോടുള്ള സഹവാസത്തിന്‍റെ ഭാഗമായി താജുല്‍ ആരിഫീന്‍ അബുല്‍ വഫ (റ)നെ കാണാന്‍ ചെല്ലുമ്പോഴെല്ലാം ശൈഖ് ജീലാനിയെന്ന ബാലനെ അദ്ദേഹം എഴുന്നേറ്റു നിന്ന് ബഹുമാനിക്കുകയും തന്‍റെ സദസ്യരോട് ആല്ലാഹുവിന്‍റെ വലിയ്യിനെ ആദരിച്ച് എല്ലാവരും എഴുന്നേല്‍ക്കൂ എന്ന് കല്‍പ്പിക്കുകയും ചെയ്തിരുന്നു. ആ കുട്ടിയോടുള്ള അമിതാദരവ് കണ്ട ശിഷ്യര്‍ അദ്ഭുതത്തോടെ അബുല്‍ വഫാ (റ)യോട് ഈ ആദരവിന്‍റെ രഹസ്യം അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഈ കുട്ടിക്ക് മഹത്തായ ഭാവിയുണ്ട്. അദ്ദേഹത്തെ ഔലിയാക്കളും അല്ലാത്തവരും ആശ്രയിക്കും. തന്‍റെ കാല്‍പാദം എല്ലാ വലിയ്യിന്‍റെയും പിരടിക്ക് മീതെയാണെന്ന് അദ്ദേഹം ബഗ്ദാദില്‍ വെച്ച് പ്രഖ്യാപിക്കുമ്പോള്‍ എല്ലാ ഔലിയാക്കളും തലതാഴ്ത്തി അതംഗീകരിക്കും. അദ്ദേഹം ഔലിയാക്കളുടെ ഖുത്വുബാണ്".
ശൈഖ് ജീലാനി (റ)ന്‍റെ ക്രോഡീകൃതമായ ബാല്യകാല കറാമത്തുകള്‍ തന്നെ അനവധി. തന്‍റെ ജനനത്തിന് മുമ്പ് തന്നെ മുത്ത് നബി (സ്വ)യും മറ്റനവധി മഹാന്മാരും പിതാവായ അബൂ സ്വാലിഹ് (റ) നെ സ്വപ്നത്തില്‍ സന്ദര്‍ശിച്ച് ശൈഖവര്‍കളുടെ ആഗമനത്തെക്കുറിച്ച് സന്തോഷവാര്‍ത്തയറിയിച്ചിരുന്നു. അബൂ സ്വാലിഹ് (റ) ഒരിക്കല്‍ നബി (സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. മുത്തു നബിയോടൊപ്പം സ്വഹാബികളും മറ്റു മഹാന്മാരുമുണ്ട്. അദ്ദേഹത്തോട് മുത്ത് നബി (സ്വ) പറഞ്ഞു. "താങ്കള്‍ക്ക് അല്ലാഹു മഹാനായ ഒരു കുഞ്ഞിനെ തന്നിരിക്കുന്നു. എന്‍റെ മകനും പ്രിയപ്പെട്ടവനും അല്ലാഹുവിന്‍റെ ഇഷ്ടക്കാരനുമാണവര്‍. പ്രവാചകര്‍ക്കിടയിലെ എന്‍റെ സ്ഥാനം പോലെ അഖ്ത്വാബുകള്‍ക്കിടയില്‍ ഉന്നത സ്ഥാനത്തായിരിക്കുമവര്‍."
നവജാത ശിശുവായിരിക്കെ തന്നെ കറാമത്ത് പ്രകടിപ്പിച്ച് ജനങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ശൈഖവര്‍കള്‍. റമളാനിലാണല്ലോ ശൈഖവര്‍കളുടെ ജനനം? പ്രിയമാതാവ് ഫാത്വിമ (റ) പറയട്ടെ... "ഞാന്‍ എന്‍റെ മകനെ പ്രസവിച്ചപ്പോള്‍ റമളാനിന്‍റെ പകലില്‍ മുലപ്പാല്‍ കുടിച്ചിരുന്നില്ല... ഒരിക്കല്‍ റമളാനിന്‍റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വം.. അവര്‍ എന്‍റെയടുക്കല്‍ വന്ന് കുട്ടി മുലപ്പാല്‍ കുടിച്ചോ എന്നന്വേഷിച്ചു. "ഇല്ല, ഇന്ന് കുടിച്ചില്ല" ഞാന്‍ പ്രതിവചിച്ചു. അന്ന് റമളാനില്‍പ്പെട്ടതായിരുന്നുവെന്ന് പിന്നീട് വ്യക്തമായി".
ശൈഖവര്‍കളുടെ വംശപരമ്പരയിലെ വിശുദ്ധി, അനാഥത്വം, ബാല്യകാലത്തെ അത്ഭുതങ്ങള്‍, ജീവിത വിശുദ്ധി, ആത്മീയതയോടുള്ള അഭിനിവേശം, സല്‍സ്വഭാവം, സത്യസന്ധത, ക്ഷമ, സഹനം, ലാളിത്യം, വിനയം, ആദരവ്, സൂക്ഷ്മത തുടങ്ങി ശൈഖവര്‍കളുടെ ജീവിതകാലത്തെ ഓരോ പോയിന്‍റും മുത്തു നബി (സ)യുടെ അവസ്ഥകളോട് താദാത്മ്യം പ്രാപിക്കുന്ന കാഴ്ച സൂക്ഷ്മ വിശകലനത്തില്‍ അനുഭവപ്പെടുന്നു. ആധ്യാത്മിക ലോകത്തിന്‍റെ നായകത്വം ഏറ്റെടുക്കാന്‍ അല്ലാഹു നിശ്ചയിച്ച ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി)യുടെ ചരിത്രം അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!!.
തുടക്കത്തിലെ കഥയുടെ ക്ലൈമാക്സ് ശൈഖ് ജീലാനി (റ)ന്‍റെ അമൂല്യ സ്വഭാവ വൈശിഷ്ട്യത്തിന്‍റെയും അസാമാന്യ ധീരതയുടെയും ഉത്തമോദാഹരണമായി കാണാം. ആത്മീയ ജ്ഞാനങ്ങള്‍ നേടാനും അതുവഴി ഹൃദയം ശൂദ്ധീകരിച്ച് അത്യുന്നത സ്ഥാനങ്ങളിലെത്താനുമുള്ള ആഗ്രഹം മൂലം അന്നത്തെ വിജ്ഞാന കേന്ദ്രമായിരുന്ന ബഗ്ദാദിലേക്ക് പോകാന്‍ അനുമതി ലഭിച്ച ആ കുട്ടിയുടെ ഹൃദയം സന്തോഷാധിക്യത്താല്‍ തുടുത്തു. അങ്ങനെ യാത്ര പോകാനുള്ള ദിവസം വന്നു. പക്ഷേ ഒറ്റക്ക് യാത്രചെയ്യാന്‍ സ്നേഹനിധിയായ മാതാവ് അനുവദിച്ചില്ല. കാരണം ജീലാനില്‍ നിന്ന് ബഗാദാദിലേക്കുള്ള വഴി ദുര്‍ഘടമായിരുന്നു. തനിച്ചുള്ള യാത്ര അപകടകരമാണ്. അതുകൊണ്ട് ബഗ്ദാദിലേക്ക് പോകുന്ന വ്യാപാര സംഘങ്ങള്‍ക്കൊപ്പമായിരുന്നു യാത്രക്ക് ഒരുക്കം നടത്തിയത്.
പിതാവിന്‍റെ അനന്തരമായി കിട്ടിയ 80 ദീനാര്‍ മകന്‍റെ ചെലവിലേക്കായി ഉമ്മ നല്‍കിയെങ്കിലും തന്‍റെ സഹോദരന് കൂടി അവകാശപ്പെട്ട പണത്തിന്‍റെ പകുതി മാത്രമാണ് ശൈഖവര്‍കള്‍ സ്വീകരിച്ചത്. അതാവട്ടെ തന്‍റെ കുപ്പായത്തിന്‍റെ കക്ഷത്തിന് താഴെ ആരുടെയും ദൃഷ്ടിയില്‍പ്പെടാത്തവിധം ഒളിപ്പിച്ചു വെക്കുകയും ചെയ്തു. കണ്ണീരില്‍ കുതിര്‍ന്ന ഒരു പിടിവാക്കുകള്‍ പുത്രന്‍റെ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കി ആ ഉമ്മ പ്രിയ പുത്രനെ യാത്രയാക്കി. "കുഞ്ഞുമോനെ.... നീ ഒരിക്കലും കളവു പറയരുത്...യഥാര്‍ത്ഥ സത്യവിശ്വാസി കളവ് പറയില്ല...." ലോകത്തെ ഏതൊരുമ്മക്കും മക്കള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഉപദേശം....ആ വാക്കുകള്‍ കുട്ടിയുടെ കര്‍ണ്ണപുടങ്ങളിലല്ല, മറിച്ച് ഹൃദയ ഭിത്തികളിലാണ് തറച്ചതെന്ന് യാത്രയിലെ അനന്തര സംഭവങ്ങള്‍ തെളിയിക്കുന്നു.
ജീലാന്‍ മുതല്‍ ഹമദാന്‍ വരെയുള്ള യാത്ര സുഖകരമായിരുന്നു. പക്ഷേ, ഹമദാന്‍ കടന്നതോടെ വലിയൊരു കൊള്ള സംഘം കച്ചവടസംഘത്തിന്‍റെ മുമ്പിലേക്ക് ചാടി.... എല്ലാവരും പകച്ചു നിന്നു... കൊള്ളക്കാര്‍ ഓരോരുത്തരെയായി കവര്‍ച്ച ചെയ്യാന്‍ തുടങ്ങി.... കയ്യിലുള്ള സര്‍വ്വ വസ്തുക്കളും അവര്‍ പിടിച്ചെടുത്തു. അടുത്തത് ശൈഖ് ജീലാനി (റ)യുടെ ഊഴമാണ്... ശൈഖിനെ കണ്ടപ്പോള്‍ത്തന്നെ കൊള്ളക്കാരന് കണ്ണില്‍ പിടിച്ചില്ല!. ദാരിദ്ര്യം നിഴലിക്കുന്ന വേഷവിധാനം.... പോരെങ്കില്‍ ഇളംപ്രായവും..!! ശൈഖിനെ അവഗണിച്ച് കവര്‍ച്ചക്കാരന്‍ മുന്നോട്ട് പോയെങ്കിലും ഫോര്‍മാലിറ്റിക്ക് വേണ്ടി വെറുതെ ഒരു ചോദ്യം തൊടുത്തുവിട്ടു. "എന്തേലുമുണ്ടോടാ... നിന്‍റെ കയ്യില്‍" സത്യത്തില്‍ മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യമായിരുന്നില്ല അത്. പക്ഷേ,, കവര്‍ച്ചക്കാരനെ അത്ഭുതപ്പെടുത്തി ശൈഖവകര്‍കളുടെ മറുപടി പെട്ടെന്നായിരുന്നു. "അതെ, നാല്‍പത് ദീനാറുണ്ട്...!!!" അവിശ്വസനീയതയോടെ അയാള്‍ ചോദ്യം ആവര്‍ത്തിച്ചു... മറുപടി തഥൈവ!. എങ്കിലൊന്നു കാണട്ടെയെന്നായി ആയാള്‍.. ശൈഖവര്‍കള്‍ കക്ഷം ഉയര്‍ത്തി കാണിച്ചുകൊടുത്തു...!!
അത്ഭുതം ശതഗുണീഭവിച്ച അയാള്‍ കുട്ടിയെയുമായി നേതാവിന്‍റെയടുത്തേക്ക് പോയി സംഭവം വിവരിച്ചു.. അയാളും പഴയ ചോദ്യം ആവര്‍ത്തിച്ചു... ശൈഖ് മറുപടിയും പറഞ്ഞു.. അയാള്‍ അതെടുക്കാന്‍ ആവശ്യപ്പെട്ടു. അല്‍പം പോലും കൂസാതെ നാല്‍പത് ദീനാറെടുത്ത് കവര്‍ച്ചക്കാരന്‍റെ കയ്യില്‍ വെച്ചു കൊടുത്തു.! ആയാള്‍ക്ക് ആശ്ചര്യമടക്കാനായില്ല. ഞങ്ങളുടെ കണ്ണില്‍പ്പെടില്ലെന്ന് ഉറപ്പായിട്ടും മോനെന്തിനാണ് അത് വെളിപ്പെടുത്തിയത് ആയാള്‍ ചോദിച്ചു. അതിന്‍റെ മറുപടി കേട്ട് കവര്‍ച്ചക്കാര്‍ മാത്രമല്ല ആകാശവും ഭൂമിയും കോരിത്തരിച്ചിട്ടുണ്ടാവണം..!! "എന്‍റെ ഉമ്മ എന്നോട് കളവു പറയരുതെന്നും അത് സത്യവിശ്വാസിയുടെ സ്വഭാവമല്ലെന്നും വസ്വിയ്യത്ത് ചെയ്താണ് യാത്രയാക്കിയത്..." ഈ വാക്കുകള്‍ കവര്‍ച്ചക്കാരുടെ ഹൃദയത്തില്‍ പരിവര്‍ത്തനത്തിന്‍റെ വന്‍സ്ഫോടനങ്ങള്‍ സൃഷ്ടിച്ചു. ശൈഖവര്‍കളുടെ മുന്നില്‍ നമ്രശിരസ്കരായി ആല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി ശൈഖിന്‍റെ കൈപിടിച്ച് സജ്ജനപാതയിലേക്ക് നടന്നടുത്തു....
അബുല്‍ബിശ്ര്‍
ചിന്താർഹം പഠനാർഹവും
ReplyDeleteSafl
ReplyDeleteMasha allah
ReplyDeleteമാഷാ അല്ലഹ്
ReplyDelete