നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 11 March 2014

ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ?



ചില വിചാരങ്ങള്‍
ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ?
                      ഞാന്‍ വലിയവനാണ്‌, ഉന്നത തറവാട്ടുകാരനാണ്‌, മുന്തിയ കുടുംബക്കാരനാണ്‌, വലിയ സമ്പന്നനാണ്‌, ആരോഗ്യവാനാണ്‌, തന്റേടമുള്ളവനാണ്‌, സാമൂഹ്യനേതാവാണ്‌, രാഷ്‌ട്രീയ നായകനാണ്‌, സാംസ്‌കാരിക വക്താവാണ്‌, ജനസേവകനാണ്‌, പെരിയ പണ്ഡിതനാണ്‌, എന്തിനും കൊള്ളാവുന്നവനാണ്‌, അതുകൊണ്ട്‌ താന്‍ പറയുന്നത്‌ മാത്രം ശരി, തനിക്ക്‌ അബദ്ധം സംഭവിക്കുകയില്ല, താന്‍ പറയുന്നത്‌ മറ്റുള്ളവര്‍ കേള്‍ക്കണം, അനുസരിക്കണം തുടങ്ങിയ വിവിധ വിചാരങ്ങള്‍ നമ്മില്‍ പലരിലും പലപ്പോഴുമുണ്ടാകാറുള്ളതായി അനുഭവപ്പെടാറുണ്ട്‌. 
                        വാസ്‌തവത്തില്‍ ഈ വിചാരക്കാരന്‍ മിക്കപ്പോഴും ഇതിന്റെ വിപരീതാവസ്ഥയിലായിരിക്കും. അങ്ങനെയുള്ളവര്‍ക്കാണ്‌ ഈ താണ വിചാരങ്ങള്‍ കൂടുതലും ഉണ്ടാവുക. വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ അത്‌ സാക്ഷീകരിക്കുന്നുണ്ട്‌. ``ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന്‌ (അത്തരക്കാരായ മുനാഫിഖുകളോട്‌) പറയപ്പെട്ടാല്‍ ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാണെന്ന്‌ അവര്‍ പറയും'' എന്ന ഖുര്‍ആന്‍ വചനം ഒരുദാഹരണം. ഏത്‌ വേഷത്തിലും രൂപത്തിലും വിലാസത്തിലുമായാലും ചിലയാളുകളുടെ തനിനിറം പലപ്പോഴും പുറത്തു ചാടുന്നത്‌ നാം കാണാറുണ്ടല്ലോ? നിങ്ങളുടെ ചിന്താഗതി, അല്ലെങ്കില്‍ വര്‍ത്തമാനം, പ്രവൃത്തി ശരിയല്ല, നിങ്ങള്‍ക്ക്‌ യോജിച്ചതല്ല, പ്രശ്‌നമുണ്ടാക്കല്ലേ അത്‌ നിങ്ങളുടെ തന്നെ നാശത്തിന്‌ നിമിത്തമാകും എന്നെങ്ങാനും ഒരു ഗുണകാംക്ഷി ഇത്തരക്കാരോട്‌ ഉണര്‍ത്തിയാല്‍ മറുപടി അതിരസകരമായിരിക്കും എന്നതിലുപരി സഹതാപകരവും വിഷമകരവുമായിരിക്കും. 
                             ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ? പിന്നെ ഏതാ ശരി, ഞാനാരാണെന്ന്‌ അറിയുമോ? എന്റെ യത്ര സത്‌പ്രവര്‍ത്തനങ്ങള്‍ ആരാ ചെയ്യുന്നത്‌?നാടിനും നാട്ടാര്‍ക്കും വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങള്‍, ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാനപങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഞാന്‍ ചിലവഴിച്ച ആരോഗ്യവും അറിവും സമ്പത്തുമൊക്കെ എത്രയെന്നറിയുമോ? എന്നിട്ടിപ്പോള്‍ ഞാന്‍ പറഞ്ഞത്‌/ചെയ്‌തത്‌ തെറ്റോ? എന്നിങ്ങനെ പോകും ആ മറുപടി.
എങ്ങനെയുണ്ട്‌? ഈ വിധ വിചാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നുമൊക്കെ മുക്തമായവര്‍ക്ക്‌ സര്‍വ്വ സന്തോഷങ്ങള്‍ നേരുന്നു. മേല്‍പറഞ്ഞയാളുകളുടെ പ്രവര്‍ത്തനങ്ങളും ത്യാഗങ്ങളും ഇവിടെ എന്തോ കിട്ടാന്‍! ചിലപ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള നല്ല സാക്ഷ്യപത്രം, അല്ലെങ്കില്‍ അവരുടെ നക്കാപിച്ച അങ്ങനെയെന്തെങ്കിലും നേടാന്‍ വേണ്ടിയായിരിക്കുമെന്നതുറപ്പാണ്‌. അല്ലെങ്കില്‍ പിന്നെ വൈയക്തികമോ കുടുംബപരമോ സാമൂഹികമോ സാംസ്‌കാരികമോ മതപരമോ മറ്റോ ആയി ചെയ്‌ത, ചെയ്യുന്ന നന്മകളുടെയും സത്‌പ്രവര്‍ത്തനങ്ങളുടെയും മറവില്‍ അനിസ്‌ലാമിക ചിന്തയും പ്രവര്‍ത്തനവും സംസാരവും എന്തിനാ നടത്തുന്നത്‌? അതുകൊണ്ട്‌ കോട്ടമല്ലാതെ പടവച്ചവന്റെയടുക്കല്‍ വല്ല നേട്ടവുമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ അനവസരത്തിലുള്ള അനാവശ്യ പ്രവൃത്തിയും സംസാരവും ചിലപ്പോള്‍ ഇരുലോകത്തും നഷ്‌ടത്തിനും മാനഹാനിക്കും നിമിത്തമാകാം. ഓ മുസ്‌ലിം, നീ ആരുമാകട്ടെ സൂക്ഷിച്ചാല്‍ നല്ലത്‌.
എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവനും അവനെ അനുസരിക്കുന്നവനുമാണ്‌ മുസ്‌ലിം എന്ന കാര്യം എന്തേ നീ മറക്കുന്നു?! വിചാരങ്ങള്‍ തെറ്റല്ലെന്ന്‌ വച്ചാല്‍ തന്നെ അത്‌ ഉള്ളില്‍ കിടന്ന്‌ മൂത്ത്‌ മൂത്ത്‌ അനാവശ്യ സംസാരത്തിലേക്കും പ്രവൃത്തിയിലേക്കും ചിലപ്പോള്‍ എത്തിക്കും. അത്‌ മറ്റ്‌ വിലാസങ്ങളൊക്കെ മാറ്റിവെച്ചാല്‍ തന്നെ `ഒരു മുസ്‌ലിം' എന്ന വിലാസക്കാരന്‌ ഒട്ടും യോജിച്ചതല്ലല്ലോ? 
                      ``നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ്‌ സൃഷ്‌ടിച്ചത്‌. നിങ്ങളെ വ്യത്യസ്‌ത ഗോത്രങ്ങളും ശാഖകളുമാക്കിയത്‌ പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടിയാണ്‌. അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ നിങ്ങളില്‍ അതിസൂക്ഷ്‌മാലുവാണ്‌'' എന്നല്ലേ നമുക്ക്‌ ആരോഗ്യവും തന്റേടവും സമ്പത്തും അറിവും സ്ഥാനമാനങ്ങളും പദവികളും മറ്റെല്ലാം നല്‍കിയ ഉടയ തമ്പുരാന്‍ പറഞ്ഞത്‌. അവനൊന്ന്‌ ഉദ്ദേശിച്ചാല്‍ നമ്മുടെ എല്ലാം തകരാന്‍ എത്ര നേരം വേണം? മുസ്‌ലിം! നീ ചിന്തിക്കുന്നില്ലേ? ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ? ആപത്താണ്‌, കൊടിയ ആപത്താണ്‌.

                        നിന്നെ നിയന്ത്രിക്കുന്ന ഹൃദയത്തിന്റെ കറകളാണ്‌ മേല്‍വിചാരങ്ങളില്‍ കുടുങ്ങാന്‍ കാരണമെന്ന്‌ ചിന്തിച്ചാല്‍ മനസ്സിലാകും. അതുകൊണ്ട്‌ അതൊന്ന്‌ സ്‌ഫുടം ചെയ്യാന്‍ ശ്രമിക്ക്‌. നിന്റെ ദിക്‌റും സ്വലാത്തും നോമ്പും നിസ്‌കാരമൊന്നും അതിനെ ശുദ്ധീകരിക്കുന്നില്ലെങ്കില്‍ അതിന്‌ തരപ്പെട്ട യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതിയിലായി അതിന്‌ വേണ്ടി നിലകൊളളുന്ന മഹാത്മാക്കളെ സമീപിക്കൂ. അവര്‍ക്ക്‌ മുന്നില്‍ നീ നിന്നെ സമര്‍പ്പിക്കൂ. ആത്മാര്‍ത്ഥമായി ഉള്ളിലുള്ള സര്‍വ്വചിന്തകളും നീക്കി കറകള്‍ കഴുകിത്തന്ന്‌ സദാ ഇലാഹീ ചിന്തയും സ്‌മരണയുമുള്ള ഹൃദയമാക്കിത്തരും അവര്‍. അപ്പോള്‍ ദുര്‍വിചാരങ്ങളും പ്രവൃത്തികളും സംസാരങ്ങളുമൊക്കെ പോയി അകവും പുറവും നന്നായിത്തീരും. 

Tuesday 4 March 2014

ബത്വാഇഹിന്റെ മുത്ത്‌, സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ)

ബത്വാഇഹിന്റെ മുത്ത്‌
സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) 
                  വെള്ളത്തിലൊഴുകുന്ന കടലാസ്‌ വഞ്ചി ഓളത്തിനും കാറ്റിനുമനുസരിച്ച്‌ ഒഴുകുന്നത്‌ പോലെ അലക്ഷ്യമായ പ്രയാണം നടത്തുന്ന സമൂഹത്തെ പ്രകാശതീരത്തേക്ക്‌ ക്ഷണിച്ച ഉന്നതരുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ എന്നതിലുപരി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും വിളംബരം ചെയ്‌ത മഹത്തുക്കള്‍ക്ക്‌ ജന്മം നല്‍കിയ നാടാണ്‌ കൂഫ, ബത്വാഇഹ്‌, കൈലാന്‍ തുടങ്ങിയവ. ചരിത്രഗതിയെ തന്നെ മാറ്റിയ പുണ്യാത്മാക്കളുടെ നിറസാന്നിദ്ധ്യം കൊണ്ടും പ്രവര്‍ത്തനപാടവം കൊണ്ടും പ്രസ്‌തുത ദേശങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. 
ബത്വാഇഹ്‌
                 യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദികള്‍ സംഗമിക്കുന്നിടത്തുള്ള വാസ്വിത്വിന്‌ വടക്കും ബസ്‌റക്ക്‌ തെക്കുമായാണ്‌ ഈ നാട്‌. ഇസ്‌ലാമിക സമൂഹത്തില്‍ വെളിച്ചം തെളിയിച്ച നിരവധി മഹത്തുക്കളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാക്ഷിയാകുന്നതിലൂടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഇടക്കിടെ പറയപ്പെട്ട പ്രദേശമാണ്‌ ബത്വാഇഹ്‌. 
കാട്‌ മൂടിക്കിടന്നിരുന്ന ബത്വാഇഹിലെ കുന്നിന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊള്ള സംഘങ്ങളെ ആത്മീയമായി സംസ്‌കരിച്ച്‌ സത്‌സരണിയുടെ വെളിച്ചം പകര്‍ന്നത്‌ ബത്വാഇഹിന്റെ പുണ്യപുരുഷന്മാരായിരുന്ന കാലാനുസൃതമായ അവരുടെ പ്രബോധനവും ഇടപെടലും ധാര്‍മ്മികമായി അധഃപതിച്ചവരില്‍ കാതലായ മാറ്റം വരുത്തി. ശൈഖ്‌ അബൂ മുഹമ്മദ്‌ ശന്‍ബകി (റ), മന്‍സൂറുസ്സാഇദ്‌ (റ) തുടങ്ങിയവരുടെ ശക്തമായ ഇടപെടലും നടപടിയും മാറ്റത്തിന്‌ ആക്കം കൂട്ടി. എങ്കിലും മുന്‍ഗാമികളായ മഹത്തുക്കള്‍ തുടക്കം കുറിച്ച ആത്മീയ പ്രയാണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇരുളിന്റെ ഇരുട്ടറകളെ തുറന്നു കാട്ടി മൂല്യങ്ങളും ധര്‍മ്മചിന്തകളും സമൂഹത്തില്‍ ഊട്ടിയുറപ്പിച്ച്‌ പുണ്യറസൂലില്‍ നിന്ന്‌ കൈമാറി വന്ന വിശ്വാസാദര്‍ശങ്ങളുടെ ദീപശിഖ അണയാതെ കൈമാറാന്‍ പ്രാപ്‌തിയും പക്വതയും തന്റേടവുമുള്ള ഒരു പുണ്യാത്മാവിന്‌ വേണ്ടി ബതാഇഹ്‌ കൊതിച്ചു. ഇവിടെ ഒരു മഹാമനീഷി ഉദയം കൊള്ളണം. ബത്വാഇഹിന്റെ വിജ്ഞാന സാഗരം പിറവിയെടുക്കുന്നു. 
ജനനം
                   ബത്വാഇഹിലെ ഉമ്മു അബീദ എന്ന കുഞ്ഞുഗ്രാമത്തില്‍ ഹസന്‍ എന്ന ഉള്‍നാട്ടില്‍ സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ അലിയ്യ്‌ (റ) നും ഉമ്മുല്‍ഫള്‌ല്‍ ഫാത്വിമത്തുല്‍ അന്‍സാരിയ്യ (റ) ക്കും ഹിജ്‌റ 500 മുഹര്‍റം മാസത്തില്‍ ഒരു കുഞ്ഞ്‌ പിറന്നു. (ത്വബഖാത്തുശ്ശാഫഇയ്യ്‌). പേര്‌ അഹ്‌മദ്‌.
ആ പിറവി തന്നെ ഒരപൂര്‍വ്വ ജനനമായിരുന്നു. വലതു കൈ നെഞ്ചിന്‌ താഴെയും ഇടതു കൈ തന്റെ ഗുഹ്യസ്ഥാനത്തും. ഈ സംഭവം മന്‍സൂറുസ്സാഹിദ്‌ (റ) നെ അറിയിച്ചപ്പോള്‍ കൈ അവിടെ നിന്നും വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടു. ബന്ധുക്കള്‍ വേര്‍പെടുത്തി നോക്കിയെങ്കിലും കുട്ടി കൈ അവിടെത്തന്നെ വെച്ചു. ഈ വിവരം അറിഞ്ഞ ശൈഖ്‌ മന്‍സൂറുസ്സാഹിദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടില്‍ പ്രകടമാക്കിയ അല്ലാഹുവിന്‌ സര്‍വ്വ സ്‌തുതിയും (റൗളുന്നളീര്‍)
ശൈഖ്‌ മന്‍സൂര്‍ സാഹിദിന്റെ ഗുരുവര്യനും അക്കാലത്തെ കാമിലായ ശൈഖുമായ ശൈഖ്‌ മുഹമ്മദ്‌ ശംബകി (റ) ന്‌ കുഞ്ഞിന്റെ മാതാവുമായി കുടുംബബന്ധമുണ്ട്‌. ആയിരക്കണക്കിന്‌ ശിഷ്യന്മാരുള്ള ശംബകിയുടെ സദസ്സില്‍ കുഞ്ഞിന്റെ മാതാവ്‌ പരിപൂര്‍ണ്ണ ഇസ്‌ലാമിക ചിട്ട വട്ടങ്ങളോടെ തബര്‍റുകിനും ദുആ ചെയ്യിക്കാനുമായി പോകാറുണ്ട്‌. രാജാക്കന്മാരും പ്രഭുക്കളും പ്രമുഖ വ്യക്തികളുമൊക്കെ ശംബകി (റ) യെ സന്ദര്‍ശിക്കല്‍ പതിവാണെങ്കിലും അവര്‍ക്കാര്‍ക്കും സാധാരണയില്‍ കവിഞ്ഞ്‌ ഒരു സ്ഥാനവും ശൈഖ്‌ നല്‍കിയിരുന്നില്ല. എന്നാല്‍ ഈ കുഞ്ഞിന്റെ മാതാവ്‌ വരുമ്പോഴെല്ലാം ശംബകി ഇരുന്നിടത്ത്‌ നിന്ന്‌ എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്‌തിരുന്നു. പലപ്പോഴായി ശിഷ്യന്മാര്‍ നേരില്‍ ദര്‍ശിച്ച ഈ വിവേചനത്തെ കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ശംബകി (റ) യുടെ മറുപടി ഇങ്ങനെ: ``ഇലാഹീ സാമീപ്യം കൊണ്ട്‌ അനുഗൃഹീതനായ ഒരു പുണ്യാത്മാവിന്റെ മാതാവാണവര്‍. വരും കാലങ്ങളില്‍ ആത്മീയ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോകുന്ന പുണ്യാത്മാവിനോടുള്ള ബഹുമാനത്താല്‍ ഞാന്‍ എഴുന്നേറ്റതാണ്‌ (ഖിലാദത്തുല്‍ ജവാഹിര്‍). 
സൂക്ഷ്‌മത
                 കുഞ്ഞ്‌ വളര്‍ന്ന്‌ വലുതായി. ശൈഖ്‌ മന്‍സൂര്‍ തന്റെ മക്കള്‍ക്കും അഹ്‌മദിനും ഓരോ കത്തികള്‍ നല്‍കിക്കൊണ്ട്‌ ചെടികള്‍ മുറിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും തോട്ടത്തിലേക്ക്‌ പോയി. ശൈഖിന്റെ മക്കള്‍ വെട്ടിയെടുത്ത ചെടികളുമായും അഹ്‌മദ്‌ വെറും കൈയോടെയുമായാണ്‌ വന്നത്‌. ഇതിനെ കുറിച്ച്‌ അഹ്‌മദിനോട്‌ ചോദിച്ചപ്പോള്‍ അഹ്‌മദിന്റെ മറുപടി: }ഞാന്‍ മുറിക്കാന്‍ ചെല്ലുമ്പോഴെല്ലാം ചെടികള്‍ തസ്‌ബീഹ്‌ ചൊല്ലുന്നു. തസ്‌ബീഹിനോടുള്ള ആദരവ്‌ നിമിത്തമാണ്‌ ഞാന്‍ ചെടി മുറിക്കാതിരുന്നത്‌. ഇതുപോലെ മത്സ്യം ദിക്‌റ്‌ ചൊല്ലുന്നതായി കണ്ടതിനാല്‍ അവയെ പിടിക്കാതെ പോന്ന സംഭവവും ഉണ്ടായിട്ടുണ്ട്‌ (ഖിലാദത്തുല്‍ ജവാഹിര്‍). ഇതര ജീവികളോടുള്ള അനുകമ്പയും അവകളില്‍ നിന്നുള്ള തസ്‌ബീഹുകളും ദിക്‌റുകളും തടസ്സപ്പെടുത്താത്ത തികഞ്ഞ സൂക്ഷ്‌മതയുമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ബത്വാഇഹിന്റെ ഈ മുത്ത്‌ ആരാണ്‌?
ആത്മീയ ലോകത്തെ ഉന്നത മഹാപുരുഷന്മാരുടെ കുടുംബത്തില്‍ ആത്മീയത നിറഞ്ഞു തുളുമ്പുന്ന അന്തരീക്ഷത്തില്‍ അദ്ധ്യാത്മ സാഗരത്തിലെ ആഴികളില്‍ നിന്നുത്ഭവിച്ച, ആത്മീയ വഴിത്താരയില്‍ പ്രകാശം പരത്തിയ പരമ്പരയിലൂടെ ഭൂജാതനായ ബത്വാഇഹിന്റെയും ഇറാഖിന്റെയും പിന്നീട്‌ ലോകമുസ്‌ലിംകളുടെയും ഹൃദയ തുടിപ്പായി മാറിയ സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) എന്ന പൊന്നുമോനാണ്‌ ബത്വാഇഹിന്റെ മുത്ത്‌.
കറാമത്ത്‌
                  ഇമാം യാഫിഈ (റ) തന്റെ മിര്‍ആത്തുല്‍ ജിനാന്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. രിഫാഈ (റ) തങ്ങളുടെ സഹോദരി പുത്രന്‍ അബുല്‍ ഹസന്‍ അലിയ്യ്‌ (റ) പറയുന്നു: എന്റെ അമ്മാവനായ ശൈഖവര്‍കളുടെ റൂമിന്‌ പുറത്ത്‌ വാതിലിനടുത്തായി ഞാന്‍ ഇരിക്കുകയായിരുന്നു. റൂമില്‍ ശൈഖ്‌ അവര്‍കള്‍ മാത്രമാണ്‌ ഉള്ളത്‌. അപ്പോള്‍ റൂമിന്റെയുള്ളില്‍ നിന്ന്‌ ഞാന്‍ ഒരു ശബ്‌ദം കേട്ടു. നോക്കുമ്പോള്‍ മുന്‍ പരിചയമില്ലാത്ത ഒരാള്‍. രണ്ട്‌ പേരും ദീര്‍ഘനേരം സംസാരിച്ചിരുന്നു. താമസിയാതെ അദ്ദേഹം ശൈഖിന്റെ റൂമില്‍ നിന്ന്‌ അപ്രത്യക്ഷനാവുകയും ചെയ്‌തു. ഇത്‌ കണ്ട ഞാന്‍ അമ്മാവന്റെ മുറിയിലെത്തി. അമ്മാവനോട്‌ അയാളെ കുറിച്ച്‌ ചോദിച്ചു. നീ അദ്ദേഹത്തെ കണ്ടോ എന്ന്‌ എന്നോട്‌ ചോദിച്ചു. കണ്ടു എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ശൈഖ്‌ പറഞ്ഞു: അയാള്‍ വലിയ മഹാനാണ്‌. അദ്ദേഹത്തെ കൊണ്ടാണ്‌ അല്ലാഹു ബഹ്‌റുല്‍ മുഹീത്വ്‌'' എന്ന മേഖല കാക്കുന്നത്‌. പ്രത്യേക മഹത്വമുള്ള നാല്‌ മഹാന്മാരില്‍ ഒരാളാണ്‌ അദ്ദേഹം. പക്ഷേ, മൂന്ന്‌ ദിവസമായി അല്ലാഹുവും അദ്ദേഹവുമായുള്ള ബന്ധം കുറഞ്ഞിരിക്കുന്നു. അക്കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു: എന്താണ്‌ ഈ ബന്ധത്തെ ബാധിച്ചത്‌? ശൈഖ്‌ പറഞ്ഞു: അദ്ദേഹം ബഹ്‌റുല്‍ മുഹീത്വിലെ ഒരു ദ്വീപില്‍ താമസിച്ചു വരികയായിരുന്നു. മൂന്ന്‌ ദിവസമായി അവിടെ ശക്തമായ മഴ വര്‍ഷിച്ചു കൊണ്ടിരുന്നു. മഴ കാരണം ദ്വീപിലെ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അപ്പോള്‍ ഈ മഴ കരയില്‍ പെയ്‌തിരുന്നെങ്കില്‍ എന്ന്‌ അദ്ദേഹത്തിന്‌ തോന്നിപ്പോയി. തനിക്ക്‌ തോന്നിയത്‌ അനുചിതമായി എന്ന്‌ പിന്നീട്‌ തോന്നുകയും ഇസ്‌തിഗ്‌ഫാര്‍ നടത്തുകയും ചെയ്‌തു. ഇതാണ്‌ ആ ബന്ധത്തെ ബാധിച്ചത്‌. ഞാന്‍ ചോദിച്ചു: അങ്ങ്‌ അദ്ദേഹത്തെ വിവരമറിയിച്ചില്ലേ? എനിക്ക്‌ അതിന്‌ ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു: അങ്ങ്‌ എനിക്ക്‌ സമ്മതം തരികയാണെങ്കില്‍ ഞാന്‍ അറിയിച്ചു കൊള്ളാം. എങ്കില്‍ നീ തല താഴ്‌ത്തിയിരിക്കൂ. ഞാന്‍ തല താഴ്‌ത്തിയിരുന്നു. പിന്നീട്‌ ഞാനൊരു ശബ്‌ദം കേട്ടു. അലി, നീ തല ഉയര്‍ത്തിക്കൊള്ളുക. തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ ബഹ്‌റുല്‍ മുഹീത്വിലെ ദ്വീപില്‍ എത്തിയിരുന്നു. ഞാന്‍ ആ ദ്വീപിലൂടെ നടന്നു. അങ്ങനെ അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടി. സലാം പറഞ്ഞു. ശൈഖ്‌ രിഫാഈ (റ) പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞു. കാര്യങ്ങള്‍ കേട്ട്‌ കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട്‌ പറഞ്ഞു: ഞാന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. ഇതാ ഈ തുണി എന്റെ പിരടിയില്‍ പിടിക്കുക. എന്നിട്ട്‌ നിങ്ങള്‍ എന്നെ വലിക്കണം. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലമാണിതെന്ന്‌ പറയുകയും വേണം. ഞാന്‍ അതിന്‌ ഒരുങ്ങിയപ്പോള്‍ ഒരു അശരീരി കേട്ടു. ഓ അലി, അദ്ദേഹത്തെ വലിക്കരുത്‌. ആകാശത്തെ മലക്കുകള്‍ മുഴുവന്‍ അദ്ദേഹത്തിന്‌ വേണ്ടി മാപ്പ്‌ ചോദിക്കുകയാണ്‌. ഇത്‌ കേട്ടപ്പോള്‍ എന്റെ ബോധം നഷ്‌ടപ്പെട്ടു. ബോധം തെളിയുമ്പോള്‍ ഞാന്‍ അമ്മാവന്റെ റൂമില്‍. ഞാന്‍ എങ്ങനെ പോയെന്നോ തിരിച്ചു വന്നെന്നോ എനിക്കറിയില്ല. (മിര്‍ആതുല്‍ ജിനാന്‍ 3/311).
വഫാത്ത്‌
               ജനലക്ഷങ്ങളെ ആത്മീയതയിലേക്ക്‌ ഉയര്‍ത്തിയ വൈജ്ഞാനിക വിപ്ലവത്തിന്‌ നേതൃത്വം വഹിച്ച ആ മഹാമനീഷി ഹിജ്‌റ 578 ല്‍ ജുമാദുല്‍ ഊലാ 12 ന്‌ ഈ ലോകത്തോട്‌ വിടവാങ്ങി. 

ഈ വനിതാദിനം സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍..

മാര്‍ച്ച്‌ 8
ഈ വനിതാദിനം 

സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍..
                       മാര്‍ച്ച്‌ 8. അന്ന്‌ ലോക വനിതാ ദിനം ആചരിക്കുകയാണ്‌. അല്ല ആഘോഷിക്കുകയാണ്‌. ഐക്യരാഷ്‌ട്രസഭ അങ്ങനെ ഓരോ ദിനങ്ങള്‍ പലര്‍ക്കും വേണ്ടി മാറ്റിവെക്കുന്നു. ആ വിഭാഗത്തിന്റെ അരുതായ്‌മകള്‍ ചര്‍ച്ച ചെയ്യാന്‍ പിന്നോക്കാവസ്ഥ വിലയിരുത്താന്‍, അരുതായ്‌മകള്‍ പരിഹരിച്ച്‌ മുന്നോക്കത്തിന്‌ വഴി തുറക്കാന്‍.
                    നാടെങ്ങും സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, പ്രകടനങ്ങള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍ ഇവക്കൊന്നും ഒരു പഞ്ഞവുമില്ല. ഇപ്പേരില്‍ കുറെ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച്‌ മുടിക്കുന്നു. 
                      മാന്യയായി കഴിഞ്ഞിരുന്ന ഒരു പറ്റം മഹിളാമേനികളെ കൂടി റോഡ്‌ ഷോക്ക്‌ ഇരയാക്കുന്നു. ഇതിലപ്പുറം ഈ വനിതാ ദിനം സ്‌ത്രീ സമൂഹത്തന്‌ എന്ത്‌ നേടിക്കൊടുക്കുന്നുവെന്ന്‌ ചിന്തിക്കാന്‍ വനിതാ സമുദ്ധാരകര്‍ ബാദ്ധ്യസ്ഥരാണ്‌. ഏതൊരു വിഭാഗത്തിന്റെയും സത്വം നിലനില്‍ക്കുന്നത്‌ അവരുടെ തനിമ നിലനിലര്‍ത്തുന്നതിലൂടെയാണ്‌. 
``
ഒരു സ്‌ത്രീ അവളുടെ പ്രകൃതം പുരുഷനെ പോലെ'' എന്ന്‌ പറഞ്ഞാല്‍ അത്‌ ഒരിക്കലും പ്രശംസയല്ല, അവളെ ഇകഴ്‌ത്തലാണ്‌. തിരിച്ച്‌ ``ഒരു പുരുഷന്‍ സ്‌ത്രീയെ പോലെ'' യെന്ന്‌ പറഞ്ഞാലും തഥൈവ. അപ്പോള്‍ സ്‌ത്രീത്വമാണ്‌ അവളുടെ `സ്റ്റാറ്റസ്‌'. അത്‌ നിലനിര്‍ത്താനുതകുന്ന ചര്‍ച്ചകളും പഠനങ്ങളുമാണ്‌ ഈ ദിനത്തില്‍ നടക്കേണ്ടത്‌.
                         സ്‌ത്രീപുരുഷ വര്‍ഗ്ഗങ്ങളായി മനുഷ്യനെ ക്രമീകരിച്ച സ്രഷ്‌ടാവ്‌ വനിതാ വിഭാഗത്തിന്‌ മാന്യതയുടെ വഴിതുറക്കുന്നതിങ്ങനെ: ``സ്‌ത്രീയോ പുരുഷനോ ആരുമാകട്ടെ അവര്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുമ്പോള്‍ അവരുടെ കര്‍മ്മഫലങ്ങള്‍ അല്ലാഹു നഷ്‌ടപ്പെടുത്തുകയില്ല'' (വി.ഖുര്‍ആന്‍). സല്‍കര്‍മ്മങ്ങള്‍ മനുഷ്യരുടെ അവകാശവും ബാധ്യതയുമാണ്‌. അതില്‍ ലിംഗവിവേചനമില്ല. ആര്‌ പ്രവര്‍ത്തിച്ചാലും പ്രതിഫലം നല്‍കുമെന്ന്‌ സ്രഷ്‌ഠാവ്‌ വാഗ്‌ദത്തം ചെയ്യുന്നു. 
വിജ്ഞാന സമ്പാദനം എല്ലാ സ്‌ത്രീ പുരുഷന്മാരുടെയും കടമയാണ്‌. (ഹദീസ്‌).
സന്താന പരിപാലനത്തില്‍, ഗൃഹഭരണത്തില്‍സ്‌ത്രീയുടെ മുഖ്യപങ്ക്‌ തിരുവചനങ്ങള്‍ വ്യക്തമാക്കുന്നു. 
                    എന്നാല്‍ സ്‌ത്രീയുടെ സ്‌ത്രീത്വം, മാന്യത, ചാരിത്ര്യം എന്നിവക്ക്‌ ഹാനികരമാകാവുന്ന എല്ലാ മേഖലകളെയും അവള്‍ വര്‍ജ്ജിക്കേണ്ടവളാണ്‌. അത്‌ ആരാധനയായാല്‍ പോലും. 
                  ഒരു റക്‌അത്ത്‌ നിസ്‌കാരത്തിന്‌ ഒരു ലക്ഷം പ്രതിഫലം ലഭ്യമാകുമെന്ന്‌ വാഗ്‌ദത്തം ചെയ്യപ്പെട്ടിരിക്കുന്ന പുണ്യമദീനയിലെ തിരുദൂതരുടെ പള്ളിയില്‍ ജമാഅത്തിന്‌ പങ്കെടുക്കാന്‍ അവസരം ചോദിച്ച മഹിളാ മണിയോട്‌ തിരുദൂതര്‍ (സ്വ) യുടെ മറുപടി: നിങ്ങളുടെ വീട്ടില്‍ ഒരു റക്‌അത്ത്‌ നിസ്‌കരിച്ചാല്‍ ഒരു ലക്ഷത്തിലധികം പ്രതിഫലം ലഭിക്കും എന്ന്‌ ഗ്രഹിക്കാവുന്ന തിരുദൂതരുടെ മറപുടയില്‍ നിന്ന്‌ വനിതകള്‍ സ്‌ത്രീത്വത്തിന്‌ വില കല്‍പിക്കേണ്ടതിന്റെ അളവ്‌ കോല്‍ എന്താണെന്ന്‌ വളരെ സ്‌പഷ്‌ടമാണ്‌. ഈ വനിതാദിനം സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍...
Related Posts Plugin for WordPress, Blogger...