നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 16 December 2018

സ്വൂഫികള്‍ ; നിലപാടും സമീപനവും




        ഇസ്ലാമിന്‍റെ പിന്നിട്ട നൂറ്റാണ്ടുകളിലൂടെ കണ്ണോടിക്കുമ്പോള്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന മൂന്ന് കാര്യങ്ങളുണ്ട്. 1. ഇരുട്ടിലും അജ്ഞതയിലും കിടന്ന സമൂഹത്തിലേക്ക് പ്രകാശം പരത്തുന്നതില്‍ ഇസ്ലാമിന്ന് ഒന്നാം സ്ഥാനമുണ്ട്. 2. ഇസ്ലാമിക വെള്ളിവെളിച്ചം ലോകത്തെവിടെയും പരത്തുന്നതില്‍ പ്രഥമ പങ്കാളിത്തം നക്ഷത്ര തുല്യരായ സ്വഹാബി വര്യര്‍ക്ക് തന്നെയാണ്. 3. സ്വഹാബത്തിന്‍റെ കാലം മുതല്‍ നമ്മുടെ നാളിതു വരെയുള്ള നീണ്ട കാലത്തെ ഇസ്ലാം മത പ്രചരണം സജീവമാക്കുന്നതില്‍ സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. കാരണം സ്വഹാബത്തിന്‍റെ പാഠശാലയില്‍ നിന്നും സഈദ് ബ്നുല്‍ മുസയ്യബ്, ഹസന്‍ ബസ്വരി, ത്വാഊസുല്‍ യമാനി തുടങ്ങിയ എണ്ണമറ്റ പ്രഗത്ഭ സ്വൂഫികള്‍ പഠിച്ചു വളര്‍ന്നു. ഇവര്‍ പാലൂട്ടി വളര്‍ത്തിയത് മദ്ഹബിന്‍റെ ഇമാമുകളായ അബൂ ഹനീഫ (റ), മാലിക് (റ), ശാഫിഈ (റ), അഹ്മദ് ബ്നു ഹന്‍ബല്‍ (റ) തുടങ്ങിയ പണ്ഡിത പ്രഭുക്കളെയായിരുന്നു. 
മഹിതമാര്‍ഗ്ഗം
      സ്വൂഫികളുടെ മാര്‍ഗ്ഗം മഹത്തരമാണ്. ഉത്തമമാണ് എന്നുള്ളതിന് ഒരുപാട് ചരിത്രസംഭവങ്ങള്‍ വിവരിക്കാനുണ്ട്. സ്വഹാബത്തില്‍ നിന്ന് നേരിട്ട് വിജ്ഞാനം നുകര്‍ന്ന താബിഉകളില്‍ പ്രധാനികളായ സ്വൂഫികളാണ് മദ്ഹബിന്‍റെ ഇമാമുമാരുടെ ഉസ്താദുമാര്‍. പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ഇമാം അബൂഹനീഫ (റ) സ്വൂഫിയായ അത്വാഅ് ബ്നു റബാഹി (റ) നെ കുറിച്ച് പറഞ്ഞത്: "അത്വാഇനേക്കാള്‍ ഉത്തമനായി ഓരാളെയും ഞാന്‍ കണ്ടിട്ടില്ല" എന്നാണ്. 
           കര്‍മ്മശാസ്ത്ര ഗവേഷണ പണ്ഡിതനായ അഹ്മദ് ബ്നു ഹമ്പലിശൈബാനി (റ) ഗഹനമായ മസ്അലകളില്‍ സ്വൂഫിയ്യായ അബൂ ഹംസത്തില്‍ ബഗ്ദാദിയെ ചെന്ന് കണ്ട് സംശയനിവാരണം നടത്തും. സംശയങ്ങള്‍ തീര്‍ത്ത് തരുന്ന അബൂഹംസ (റ) യെ കണ്ട് ഹമ്പലീ ഇമാം അത്ഭുതം കൂറുമായിരുന്നു. മഹാനായ ഇമാം അഹ്മദ് (റ) ആദ്യകാലത്ത് സ്വൂഫികളുമായുള്ള സഹവാസത്തെ തന്‍റെ മകനെ ഭയപ്പെടുത്തുകയും പിന്നീട് അബൂഹംസ എന്ന സ്വൂഫിയുമായി അഹ്മദ് (റ) സഹവസിക്കുകയും സ്വൂഫിയാക്കളെ കുറിച്ച് പഠിക്കുകയും ശേഷം മകനെ വിളിച്ച് ഉപദേശിച്ചു. മോനേ! സ്വൂഫിയാക്കളുടെ മാര്‍ഗ്ഗം മഹത്തരമാണ്. അവര്‍ എന്നേക്കാളും വിജ്ഞാനം, ആത്മനിരീക്ഷണം, പ്രപഞ്ച ത്യാഗം, ഉയര്‍ന്ന സ്ഥിരത എന്നിവ കൊണ്ട് മറികടക്കുന്നവരാണ്. അവരോടുള്ള സഹവാസം നീ നിര്‍ബന്ധമാക്കണം. 
ഇമാം ശാഫിഈ (റ) സ്വൂഫിയാക്കളുടെ സദസ്സില്‍ പതിവായി ഇരിക്കുന്നയാളായിരുന്നു. മാത്രമല്ല, കര്‍മ്മശാസ്ത്ര പണ്ഡിതര്‍ അവരുടെ സാങ്കേതിക പദപ്രയോഗങ്ങള്‍ പഠിക്കല്‍ ആവശ്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 
       ഇമാം മാലിക് (റ) പറഞ്ഞു: ഒരാള്‍ ഫഖീഹാകാതെ (കര്‍മ്മശാസ്ത്ര പണ്ഡിതനാവാതെ) സ്വൂഫി മാത്രമായാല്‍ അവന്‍ സിന്‍ദീഖായി (നിരീക്ഷരവാദി), സ്വൂഫിയാകാതെ ഫഖീഹ് മാത്രമായാല്‍ ഫാസിഖായി (തെമ്മാടി). ഫഖീഹും സ്വൂഫിയുമായാല്‍ യാഥാര്‍ത്ഥ്യമെത്തിച്ചവനായി.
ഉദ്ധൃത പണ്ഡിതോദ്ധരണിയില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം, ഇമാം മാലിക് (റ) സ്വൂഫിയായിരുന്നു എന്നാണ്. അല്ലെങ്കില്‍ ഫാസിഖാണെന്ന് പറയേണ്ടിവരും. 
       ഇമാം ഇബ്നു ഹജര്‍ (റ) വിന്‍റെ ഉസ്താദായ സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു: സ്വൂഫിമാര്‍ഗ്ഗം ഉത്തമമാണെന്നതിന് ഒരൊറ്റ തെളിവ് മാത്രം മതി. ഏത് കാലഘട്ടത്തിലും നാം കാണുന്ന കാഴ്ച ആപത്ഘട്ടങ്ങളില്‍ പണ്ഡിതന്മാര്‍ സ്വൂഫികളോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുന്നതായാണ്. മറിച്ച് സ്വൂഫികള്‍ ഇവരോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടലില്ല.
പ്രഗത്ഭരുടെ നിലപാട്
            നാല് മദ്ഹബിന്‍റെ ഇമാമുകളുടെ സമീപനവും നിലപാടുമാണ് നാം വിലയിരുത്തിയത്. ഹിജ്റ 505 ല്‍ വഫാത്തായ ഇമാം ഗസ്സാലി (റ), 606 ല്‍ വഫാത്തായ ഫഖ്റുദ്ദീനു റാസി (റ), 660 ല്‍ വഫാത്തായ ഇസ്സുദ്ദീന്‍ ബ്നു അബദിസ്സലാം (റ), 676 ല്‍ വഫാത്തായ ഇമാം നവവി (റ), 771 ല്‍ വഫാത്തായ താജുദ്ദീനിസ്സുബ്കി (റ), 911 ല്‍ വഫാത്തായ ജലാലുദ്ദീനിസ്സുയൂഥി (റ) തുടങ്ങിയ മഹത്തുക്കള്‍ മുഴുവനും പറയുന്നു: സ്വൂഫികള്‍ ഉന്നതന്മാരാണ്. അവര്‍ ഉത്തമ സഞ്ചാരികളാണ്. ഉത്തമ സ്വഭാവ ഗുണമുള്ളവരാണ്. അവരെ പ്രശംസിക്കല്‍ കൊണ്ട് റഹ്മത്ത് ചൊരിയപ്പെടും. അവര്‍ ദുആ ചെയ്താല്‍ മഴ ലഭിക്കും. ശരീഅത്തിന്‍റെ ഇടിഞ്ഞു വീഴാത്ത ഫൗണ്ടേഷനിന്‍ മേലാണ് അവര്‍ കയറിയിരിക്കുന്നത്. അല്ലാഹുവിന്‍റെ കാര്യത്തില്‍ ചിന്തിക്കുന്നവരാണ്. ബാഹ്യ ബന്ധങ്ങളില്ല. അല്ലാഹു അവരെയും അവര്‍ കാരണമായി നമ്മളെയും തൃപ്തിപ്പെടട്ടെ. 
          ഇതു പോലെ സ്വൂഫിയാക്കളെ പ്രശംസിച്ചയാളാണ് അബുല്‍ ഹസന്‍ നദ്വി. അല്‍മുസ്ലിമൂന ഫില്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ അവരെ വാനോളം പുകഴ്ത്തുന്നുണ്ട്. അവരെ കുറിച്ച് "റബ്ബാനിയ്യഃ ലാ റഹ്ബാനിയ്യഃ" എന്ന പേരില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. 
          പ്രശസ്ത കവിയായ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ സ്വൂഫിയാക്കളെ സംബന്ധിച്ച് പറയുന്നത്: സ്വൂഫിയാക്കളും അവരുടെ പ്രബോധനവും ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഉണങ്ങിപ്പോകുമായിരുന്നു എന്നാണ്.
ഇബ്നു തൈമിയ്യയും ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിമില്‍ ജൗസിയും സ്വൂഫിയാക്കളെ പ്രശംസിക്കുന്നതില്‍ ഒട്ടും പിറകിലല്ല. തന്‍റെ ഫതാവയുടെ 10,11 വാള്യങ്ങളില്‍ പേരെടുത്ത് പറഞ്ഞ് തന്നെ സ്വൂഫികളെ വാഴ്ത്തുന്നുണ്ട്. 
ഇബ്നുല്‍ ഖയ്യിമില്‍ ജൗസി സ്വൂഫിയാക്കളെ മൂന്നായി തിരിക്കുന്നുണ്ട്. അതില്‍ മൂന്നാമത്തെ വിഭാഗം യഥാര്‍ത്ഥ സ്വൂഫികളാണെന്നും കര്‍മ്മശാസ്ത്ര പണ്ഡിതരും വിശ്വാസ ശാസ്ത്രം ചര്‍ച്ച ചെയ്യുന്നവരും തല ചായ്ച്ച് കൊടുത്ത വിഭാഗമാണെന്നും പറഞ്ഞിട്ടുണ്ട്.
പ്രബോധനവും സമരങ്ങളും
        സ്വൂഫിയാക്കളെ കുറിച്ച് അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന് പോവാതെ ചടഞ്ഞ് കൂടിയിരിക്കുന്നവരാണെന്ന് ആക്ഷേപം ഉയരുന്നു. എന്താണ് സത്യാവസ്ഥ? നിഷ്പക്ഷമതികളായ ചരിത്ര വായനക്കാര്‍ക്ക് അവര്‍ പാതിരാ പ്രാര്‍ത്ഥനക്കാരും പകല്‍ പോരാളികളുമാണെന്ന് വ്യക്തമാകും. സ്വഹാബത്ത് കഴിഞ്ഞാല്‍ ആ യുഗത്തോട് ഏറ്റവും കൂടുതല്‍ സാമ്യത പുലര്‍ത്തി ജീവിക്കുന്നവരാണ് സ്വൂഫികള്‍. രണാങ്കണത്തില്‍ വീരശൂര പരാക്രമികളും മിഹ്റാബുകളില്‍ ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥന നടത്തുന്ന നിരവധി സ്വൂഫികളെ പരിചയപ്പെടാനുണ്ട്. 
അതില്‍ പ്രധാനികളാണ് ശൈഖ് അബ്ദുല്‍കരീമില്‍ ഖത്വാബി, ശൈഖ് അബ്ദുല്‍കരീം അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍. താര്‍ത്താരികളോടുള്ള യുദ്ധങ്ങളിലും കുരിശ് യുദ്ധങ്ങളിലും സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 
താബിഉകളില്‍ ഏറ്റവും ശ്രദ്ധേയരായ സ്വൂഫികള്‍ എട്ട് പേരാണ്. അതില്‍ പ്രധാനിയാണ് ഉവൈസുല്‍ ഖറനി (റ). ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ആദര്‍ ബീജാനില്‍ യുദ്ധത്തിന് നേതൃത്വം വഹിച്ച് മടങ്ങി വരുമ്പോള്‍ വഴിയില്‍ വെച്ചാണ് മഹാനുഭാവന്‍ വഫാത്താകുന്നത്. സ്വൂഫിയാക്കളുടെ കൂട്ടത്തില്‍ ഉന്നത സ്ഥാനീയരാണ് ഹസന്‍ ബസ്വരി (റ) എന്ന താബിഅ്. അദ്ദേഹം പറയുമായിരുന്നു: "എഴുപത് ബദ്രീങ്ങളെ കാണാനും അവര്‍ക്ക് പിറകില്‍ നിന്ന് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ വസ്ത്രം രോമ വസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നിങ്ങള്‍ അവരെ കണ്ടിരുന്നുവെങ്കില്‍ ഭ്രാന്തരാണെന്ന് പറയുമായിരുന്നു. ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നുണ്ട്: സ്വൂഫിയാക്കളുടെ സരണിക്ക് വഴി തെളിയിച്ചതും ജിഹ്വ ഉയര്‍ത്തിയതും അന്തര്‍തലം മുങ്ങിപ്പരതിയതും ഈ താബിഅ് ആയിരുന്നു.
അബ്ദുറഹ്മാന് ബ്നു സമുറയോടൊപ്പം കാബൂളില്‍ യുദ്ധത്തിന് പങ്കെടുത്തിട്ടുണ്ട്. അലി (റ) വിന്‍റെ ഉപദേശ പ്രകാരം വഅ്ളും ദര്‍സും നടത്തി ഇസ്ലാമിന്‍റെ തനതായ ശൈലി സമൂഹത്തിന് മുമ്പില്‍ പ്രബോധനം നടത്തിയ പണ്ഡിത പ്രഭുവാണ് അദ്ദേഹം. 
         ഹിജ്റ രണ്ടാം നൂറ്റാണ്ടിലും യുദ്ധമുഖത്ത് സ്വൂഫികളെ കാണാം. അതില്‍ പ്രധാനിയാണ് ഇബ്റാഹിം ബ്നു അദ്ഹം (റ). ധീരനായ പോരാളിയും മുസ്ലിം പട്ടാളത്തിന്‍റെ കമാന്‍ഡറും ബീസന്‍ത്വീനിയ്യക്കെതിരില്‍ യുദ്ധം നയിച്ച മഹാനുമാണെന്ന് ഇബ്നു അസാകിര്‍ (റ) പറയുന്നുണ്ട്. 
ഇബ്നു കസീറും യാഖൂതുല്‍ ഹമവിയും പറയുന്നതായി കാണാം. "ഹിജ്റ 162 ല്‍ റോം കടല്‍ത്തീരത്ത് ശത്രുവിനെതിരെ അമ്പെടുത്ത് തയ്യാറായി നില്‍ക്കുമ്പോഴാണ് വഫാത്താകുന്നത്. 
അതുപോലെ സ്വൂഫികളില്‍ പ്രധാനിയാണ് അബ്ദുല്ലാഹി ബ്നു മുബാറക് (റ). മാതൃകാപരമായ ജീവിതം. ഒരു വര്‍ഷം യുദ്ധം, ഒരു വര്‍ഷം ഹജ്ജ്, ഒരു വര്‍ഷം കച്ചവടം, യുദ്ധ പോരാളികള്‍ക്ക് ആവേശം നല്‍കുന്ന രീതിയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ്. മൂന്നാം നൂറ്റാണ്ടിലും പോരാളികളില്‍ സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്.
        തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഹാതമുല്‍ അസമ്മ് ഇവരില്‍ പ്രധാനിയാണ്. അബൂ യസീദില്‍ ബിസ്ത്വാമിയാണ് മറ്റൊരാള്‍. അതിര്‍ത്തി സൈനിക ക്യാമ്പില്‍ ഇവരുണ്ടായിരുന്ന കാലത്ത് രാത്രി നിതാന്ത ജാഗ്രതയോടെ നിലനില്‍ക്കും. മഹാനവര്‍കളുടെ ഒരു വചനം "40 വര്‍ഷമായിട്ട് ഒന്നുകില്‍ പള്ളിയുടെ ചുമര്‍, അല്ലെങ്കില്‍ സൈനിക ക്യാമ്പിലെ ചുമരിലേക്കല്ലാതെ ചാരിയിരുന്നിട്ടില്ല". 
           റോം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന സ്വൂഫീവര്യനായിരുന്ന സിര്‍റിസ്സ്വിഖ്ത്വി (റ), ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) ഉന്നത പോരാളിയായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്നത്തെ സൈനിക തലവന്‍ സ്റ്റേപ്പന്‍റ് കൊടുത്തയച്ചപ്പോള്‍ ഞാന്‍ അതിനെ വെറുക്കുന്നു എന്ന് പറഞ്ഞു. ഇങ്ങനെ ഇസ്ലാമിക യുദ്ധ മുഖത്ത് സ്വൂഫികളുടെ സാന്നിദ്ധ്യം സജീവമാണ്. 
കുരിശുയുദ്ധവും താര്‍ത്താരികളും
          കുരിശു യുദ്ധ ജേതാക്കള്‍ സ്വൂഫികളുടെ തണലിലായിരുന്നു യുദ്ധം നയിച്ചത്. ഇസ്ലാമിക യുദ്ധ ചരിത്രത്തില്‍ തിളങ്ങുന്ന യുദ്ധ കമാന്‍ഡറായിരുന്നു നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കി (റ). യുദ്ധത്തിന് പോകുമ്പോള്‍ അന്നത്തെ സ്വൂഫികളെ വിളിച്ചുവരുത്തി തന്‍റെ ഇരുപ്പിടത്തില്‍ ഇരുത്തും. അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പുറപ്പെടും. അതില്‍ പ്രധാനിയാണ് ഹയാത്ത് ബ്നു ഖൈസുല്‍ ഹര്‍റാനി (റ). ശൈഖ് ഇമാമുദ്ദീന്‍ അബുല്‍ഫത്ഹ്, ഇബ്നു സ്വാബൂനി (റ).
          നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കിക്ക് പിറകെ മദ്ധ്യ പൗരസ്ത്യ ദേശം കണ്ട വലിയ സ്വൂഫിയാണ് സ്വലാഹുദ്ദീനില്‍ അയ്യൂബി (റ). ഈജിപ്തിലും ഡമസ്ക്കസിലും ഖാന്‍ഖാഹുകള്‍ സ്ഥാപിച്ചു. താന്‍ വരിച്ച യുദ്ധവിജയങ്ങളില്‍ ഏറ്റവും വലുത് ഹിജ്റ 583 റജബ് 27 നായിരുന്നു. കുരിശ് യുദ്ധത്തിലെന്ന പോലെ താര്‍ത്താരികള്‍ക്കെതിരില്‍ നടന്ന യുദ്ധങ്ങളിലും സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്. അവരില്‍ പ്രധാനിയാണ് അബുല്‍ ഹസനുശ്ശാദുലിയും അവിടുത്തെ സ്വൂഫി സംഘവും. ഹിജ്റ 656 ല്‍ അബ്ബാസിയ്യ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ താര്‍ത്താരികള്‍ക്കെതിരെ 658 റമളാന്‍ 27 ന് ശാമിലെ 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ വെച്ച് കീഴടക്കി അന്നത്തെ പടനായകനായിരുന്നു സൈഫുദ്ദീന്‍ ഖതസ് (റ). ഇവരുടെ ഉസ്താദാണ് സുല്‍ത്താനുല്‍ ഉലമ ഇസ്സ് ബ്നു അബ്ദിസ്സലാം. 
         ആധുനിക യുഗത്തില്‍ സൂഫി സാന്നിദ്ധ്യം യുദ്ധമുഖത്ത് ഒട്ടും കുറവല്ല. മൊറോക്കോവില്‍ അബ്ദുല്‍ കരീം അല്‍ മഅ്റബി, അള്‍ജീരിയ്യയില്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി. ഫ്രാന്‍സിന്‍റെ അധിനിവേശ മോഹങ്ങള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്താര്‍. ഇങ്ങനെ സ്വൂഫികളുടെ ചരിത്രം വിശാലമാണ്. സൂഫിയാക്കളുടെ അവിശ്രമ പരിശ്രമവും അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച നീതിനിഷ്ഠമായ സമീപനങ്ങളും പ്രബോധന മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നിസ്തുലമായ സംഭാവനകളും പറഞ്ഞാല്‍ ഒടുങ്ങാത്തതാണ്. അവര്‍ക്കെതിരില്‍ ആക്ഷേപങ്ങളുടെ കൂരമ്പുകള്‍ തൊടുത്തു വിടുന്നവര്‍ സ്വൂഫിയാക്കളുടെ ഉമ്മരപ്പടിയിലിരുന്ന് ചരിത്രം വായിക്കണം. അപ്പോള്‍ അറിയാം അവരുടെ നീതിനിഷ്ഠമായ സമീപനങ്ങള്‍.
                                                                               - ഹസന്‍ ഇര്‍ഫാനി, എടക്കുളം-

ആത്മീയ ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ

ആത്മീയ ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ


     നില്‍ക്കൂ..ശ്രദ്ധിക്കൂ..
റെയില്‍ പാളത്തിന് സമീപം കാണുന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡിലെ വാചകമാണ് "നില്‍ക്കൂ... ശ്രദ്ധിക്കൂ... അപകടം ഒഴിവാക്കൂ" എന്നത്. ലെവല്‍ക്രോസില്ലാത്ത പാളങ്ങള്‍ക്കടുത്താണ് ഈ ബോര്‍ഡ് വെച്ചിരിക്കുന്നത്. ലെവല്‍ ക്രോസുള്ളിടത്ത് ഇതിന്‍റെ ആവശ്യമില്ലല്ലോ? വണ്ടി വരുന്ന സമയത്ത് ഗേറ്റടക്കാന്‍ അവിടെ ആളുണ്ട്. അതിനാല്‍ അപകടസാധ്യതയില്ല.
ലവല്‍ ക്രോസില്ലാത്തിടത്ത് കാര്യം അങ്ങനെയല്ല. റെയില്‍പാളം മറികടക്കുന്നവര്‍ സ്വയം ശ്രദ്ധിച്ചാല്‍ മാത്രമേ അപകടം ഒഴിവാകൂ. വണ്ടി വരുന്നുണ്ടോ എന്ന് ഇരുവശവും നോക്കാതെ പാളം മുറിച്ച് കടന്നാല്‍ ചിലപ്പോള്‍ വണ്ടി വന്ന് കടക്കുന്നവനെ മുറിച്ചിട്ട് പോകും അതുണ്ടാകാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം ബോര്‍ഡുകള്‍ പാളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്നത്.
               റെയില്‍ പാളത്തിലൂടെ വണ്ടി വരുമെന്ന് അത് മുറിച്ച് കടക്കുന്നവര്‍ക്ക് അറിയാത്തത് കൊണ്ടല്ല ഈ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. ആ വഴിക്ക് പോകുന്നവരെ ഒന്ന് ഉണര്‍ത്താന്‍ വേണ്ടിയാണ്. റെയില്‍ പാളം ട്രെയിന്‍ ഓടുന്ന പാതയാണെന്നറിയുമെങ്കിലും ജീവിത കെട്ടുപാടുകളില്‍ ഉണ്ടാകുന്ന തിരക്ക് മൂലം ഒരു പക്ഷേ അശ്രദ്ധ വന്നേക്കാമല്ലോ? അതിനൊരു തട. അത്രമാത്രം.
ഈ ബോര്‍ഡും അതിലെ മുന്നറിയിപ്പും ശ്രദ്ധിക്കാത്തവനും അവഗണിക്കുന്നവനും അപകടം ക്ഷണിച്ചുവരുത്തും. മനഃപൂര്‍വ്വം വണ്ടിക്ക് തലവെക്കാന്‍ പോകുന്നവനെ സംബന്ധിച്ച് എന്ത് പറയാന്‍?!
അതുപോലെ ഭൗതിക ജീവിതമാകുന്ന തീവണ്ടിപ്പാത മുറിച്ച് കടന്ന് ലക്ഷ്യം വരിക്കണമെങ്കില്‍ ആ പാതയുടെ ഇരുവശവും നന്നായി ശ്രദ്ധിച്ചുവേണം മറികടക്കാന്‍ എന്നാണ് പറഞ്ഞുവരുന്നത്. കാരണം തിരുവചന പ്രകാരം നാം ഒരു പരദേശിയോ വഴിയാത്രക്കാരനോ ആണ്. അപ്പോള്‍ എങ്ങനെയായാലും പലവിധ അപകടങ്ങളും വന്ന് പിണയാന്‍ സാധ്യതയുണ്ട്. സമയമാണെങ്കില്‍ വളരെ പരിമിതവുമാണ്. ഈ പരിമിത കാലയളവില്‍ അശ്രദ്ധമായി എങ്ങനെയെങ്കിലും കുറച്ച് ജീവിച്ച് ജീവിതമാകുന്ന റെയില്‍ പാളം മുറിച്ച് കടക്കാമെന്നാണെങ്കില്‍ അത് ദാരുണമായ അപകടത്തിലാകും കലാശിക്കുക. 
ഈ പാത മുറിച്ച് കടക്കുമ്പോള്‍ ശ്രദ്ധിക്കുന്നതിനാണ് തിരുനബി (സ്വ) യെ കൊണ്ട് പൂര്‍ത്തീകരിച്ച് അല്ലാഹു നമുക്ക് നല്‍കിയ വിശുദ്ധ മതശാസനകള്‍. അല്ലാഹുവും അവന്‍റെ റസൂലും സച്ചരിതരായ മഹത്തുക്കളും നിര്‍ദ്ദേശിച്ചത് പ്രകാരമായിരിക്കണം നമ്മുടെ ജീവിതം. അവരുടെ മുന്നറിയിപ്പുകളും സുവിശേഷങ്ങളുമൊക്കെ അംഗീകരിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിതമാകുന്ന റെയില്‍ പാളം സുരക്ഷിതമായി മുറിച്ച് കടക്കാന്‍ സാധിക്കുക. അവയവഗണിച്ചാല്‍ അതിദാരുണ അപകടവും അനന്തമായ ഖേദവുമായിരിക്കും ഫലം.
               അഴുക്ക് പുരളാത്ത ആദര്‍ശവും അലസതയും കളങ്കവുമറ്റ അനുഷ്ഠാനങ്ങളും അതിസുന്ദരവും വിശുദ്ധവുമായ ആത്മീയതയും ഒത്തുചേരുമ്പോഴാണ് മേല്‍ പറഞ്ഞ സുരക്ഷിതത്വം പൂര്‍ണ്ണമാകുന്നത്. ഇതിന് പ്രഥമമായി വേണ്ടത് ഹൃദയശുചിത്വമാണ്. കാരണം ഹൃദയം ശുദ്ധമായാല്‍ കാര്യങ്ങള്‍ എളുപ്പമാവുകയും ഭംഗിയാവുകയും എന്നല്ല വിജയം നേടാനാവുകയും ചെയ്യും. അതാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മഹത്വചനങ്ങളുമൊക്കെ ഊന്നിപ്പറയുന്നത്. അല്ലാത്തത് കോലത്തില്‍ വലുതും ധാരാളവുമായിരിക്കാമെങ്കിലും മൂല്യത്തില്‍ വളരെ ചെറുതും കുറവും എന്നല്ല ചിലപ്പോള്‍ ശൂന്യവുമായിരിക്കും.
             ഹൃദയമാണല്ലോ നമ്മെ നിയന്ത്രിക്കുന്നത്. ആ ഹൃദയം അഴുക്ക് ചാലും ചവറ് കൂനയുമായാല്‍ നമ്മുടെ ബാക്കി അവയവങ്ങളുടെ കാര്യം പറയാനുണ്ടോ? ഒരു ലക്കും ലഗാനുമില്ലാതെ അവ സഞ്ചരിക്കും. എന്തിനും എവിടെയും എന്തിലും ചാടിക്കയറി നാശത്തിലേക്ക് കുതിക്കും. വണ്ടി വരുന്നുണ്ടോ എന്നോ പാളം കാലിയാണെന്നോ നോക്കാതെ ജീവിത പാളം മുറിച്ച് കടക്കാന്‍ തുനിയും. വണ്ടി വന്ന് ചതച്ചരച്ച് കൊണ്ടുപോകും. അതുകൊണ്ട് ജീവിതമാകുന്ന റെയില്‍ പാളം സുരക്ഷിതമായി മുറിച്ച് കടന്ന് പാരത്രികവിജയം വരിക്കാന്‍, ഇലാഹീ സന്നിധി പ്രാപിക്കാന്‍ പ്രഥമവും പ്രധാനവുമായി ഹൃദയം വൃത്തിയാക്കല്‍ അനിവാര്യമാണ്.
ഹൃദയ വൃത്തി പൂര്‍ണ്ണമാകനുള്ള വഴി അതിനര്‍ഹതയുള്ള മുര്‍ശിദിനോടൊപ്പം കൂടലാണ്. കാരണം സാധാരണ ഗതിയില്‍ സ്വയം നേടാന്‍ കഴിയുന്നതല്ല ഹൃദയശുചിത്വം. അതിന്‍റെ അഴുക്കുകളും അവ നീക്കം ചെയ്യാനുള്ള ഉല്‍പന്നങ്ങളും ശരിയായി അറിയുന്ന ആത്മീയ ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ. പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത് അതാണ്. 

Friday 30 November 2018

മന്ത്രം

മന്ത്രം



    ഒരു സംഘം സ്വഹാബി പ്രമുഖര്‍ ഒരു യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയായി. ഒരു ഗോത്രക്കാരുടെ അതിഥികളായി രാത്രി അവരുടെ കൂടെ കഴിയാന്‍ അവര്‍ ആഗ്രഹിച്ചുവെങ്കിലും ഗോത്രക്കാര്‍ ആതിഥ്യം നല്‍കിയില്ല.
ആ ഗോത്രത്തലവന് തേള്‍ വിഷമേറ്റു. അവര്‍ക്കറിയാവുന്ന ചികിത്സകളെല്ലാം ചെയ്തുനോക്കി. ഫലമുണ്ടായില്ല. അപ്പോഴവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ ആ യാത്രാ സംഘത്തെ സമീപിക്കുക. അവര്‍ക്ക് വല്ലതും വശമുണ്ടാകും. 
       അവര്‍ സ്വഹാബികളെ സമീപിച്ചു പറഞ്ഞു: നിങ്ങളുടെ നബി (സ്വ) പ്രകാശവും ശമനവുമായി വന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. 
ശരിയാണ് സ്വഹാബികള്‍ പറഞ്ഞു.
         ഞങ്ങളുടെ ഗോത്രനേതാവിന് തേള്‍വിഷമേറ്റിരിക്കുന്നു. ഞങ്ങള്‍ പലതും ചെയ്തുനോക്കി. ഫലിക്കുന്നില്ല. അദ്ദേഹത്തിന് ഫലപ്പെടുന്ന വല്ലതും നിങ്ങള്‍ക്ക് വശമുണ്ടോ?
        അതേ, ഞങ്ങള്‍ മന്ത്രിക്കും. പക്ഷേ, ഞങ്ങള്‍ ആതിഥ്യം ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ സമ്മതിച്ചില്ല. അതുകൊണ്ട് പ്രതിഫലം തരാതെ ഞങ്ങള്‍ മന്ത്രിക്കില്ല. ഒരു പറ്റം ആടുകളെ പ്രതിഫലമായി ഇരുകൂട്ടരും സമ്മതിച്ചു. 
           സ്വഹാബി സംഘത്തലവന്‍ അബൂസഈദ് (റ) ഫാത്തിഹ 7 തവണ ഓതുകയും മന്ത്രിക്കുകയും ചെയ്തു. തേള്‍വിഷബാധയേറ്റവന്‍റെ അസുഖവും അസ്വസ്ഥതയും ശമിച്ചു. ബന്ധനത്തില്‍ നിന്നും മോചിതനായവനെ പോലെ. 
അവര്‍ സ്വഹാബി സംഘത്തിന് 30 ആടുകള്‍ പ്രതിഫലമായി നല്‍കി. പ്രതിഫലം കൈപ്പറ്റിയപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ വീതിക്കാന്‍ പറഞ്ഞു. അപ്പോള്‍ അബൂ സഈദ (റ) ഇങ്ങനെ പ്രതികരിച്ചു. നാം നബി (സ്വ) യെ സമീപിച്ച് കാര്യം പറയാം. നബി (സ്വ) യുടെ കല്‍പന അറിയുന്നതിന് മുമ്പ് ഒന്നും ചെയ്തു കൂടാ. അവര്‍ നബി (സ്വ) സമീപിച്ച് കാര്യം പറഞ്ഞു. നബി (സ്വ) പറഞ്ഞു: "നിങ്ങള്‍ ശരി പ്രവര്‍ത്തിച്ചു. വീതിച്ചോളൂ. ഒരു വിഹിതം എനിക്കും". 

മകളേ നീയും ഉമ്മയാകും

മകളേ നീയും ഉമ്മയാകും


       വളരെയധികം ത്യാഗങ്ങള്‍ സഹിച്ച് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയുമാണ് ഐശയെ മാതാപിതാക്കള്‍ വിവാഹം ചെയ്തയച്ചത്. മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ നല്ലവണ്ണം മനസ്സിലാക്കിയത് കൊണ്ടാവാം ഐശ ഭര്‍തൃവീട്ടിലെ കുത്തുവാക്കുകളും മറ്റും മാതാപിതാക്കളുടെ ചെവിയിലെത്തിക്കാഞ്ഞത്. 
കാലങ്ങള്‍ പലതും കഴിഞ്ഞു. ഐശക്ക് ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അയല്‍പക്കത്തെ കുട്ടികളുടെ ചിരിയും കളിയും കാണുമ്പോള്‍ ഉള്ള് തേങ്ങും. യാത്രാവേളയില്‍ കുട്ടികള്‍ ഐശയെ നോക്കി ചിരിക്കുമ്പോള്‍ പുറമേ പുഞ്ചിരിച്ച് കാണിക്കുമെങ്കിലും മനസ്സ് വിങ്ങും. ഭര്‍തൃവീട്ടുകാര്‍ വെറുക്കാനും കുത്തുവാക്കുകള്‍ പറയാനും കാരണം മറ്റൊന്നില്ല. ഒരിക്കല്‍ ഒരു ബന്ധുവിന്‍റെ വായില്‍ നിന്നും "മച്ചിപ്പെണ്ണ്" എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ ഐശയുടെ ഉള്ള് ഉരുകിപ്പോയി. ആ ദിവസത്തിന്‍റെ രാവിന് വളരെ ദൈര്‍ഘ്യം തോന്നി. തിരിഞ്ഞും മറിഞ്ഞും കിടന്നു. 
             തന്നോട് അനുമതി ചോദിക്കാതെ കണ്ണുനീര്‍ ചാലിട്ടൊഴുകി. അവളുടെ മനസ്സ് മന്ത്രിച്ചു. നാഥാ! ഉമ്മാ എന്ന മധുമൊഴി കേള്‍ക്കാന്‍ എന്നാണ് എനിക്ക് ഭാഗ്യമുണ്ടാവുന്നത്. അപ്പോള്‍ ഐശ അറിയാതെ അവളുടെ കരങ്ങള്‍ ദര്‍ബാറിലേക്ക് ഉയര്‍ന്ന് പോയിരുന്നു. ഭര്‍ത്താവിന്‍റെ സ്നേഹം ഒന്ന് മാത്രമാണ് മരണത്തെ കുറിച്ച് അവളെ ചിന്തിപ്പിക്കാഞ്ഞത്. അല്ലെങ്കില്‍ എന്നേ അവള്‍ ഒരു പിടിക്കയറില്‍ തന്‍റെ ജീവിതം അവസാനിപ്പിക്കേണ്ടതായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭര്‍ത്താവായിരുന്നു അവളുടെ സാന്ത്വനം. ഒരിക്കല്‍ അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: എന്നെ പോലെ നിങ്ങള്‍ക്കും ഒരു കുഞ്ഞുണ്ടാവാന്‍ ആഗ്രഹമുണ്ടല്ലോ? നിങ്ങള്‍ മറ്റൊരു വിവാഹം കഴിച്ചോളൂ. നൂറുവട്ടം എനിക്ക് അതിന് തൃപ്തിയാണ്. അത് പറയുമ്പോഴും അവളുടെ കണ്ണ് ഈറനണിയുന്നുണ്ടായിരുന്നു. 
            അപ്പോഴും ഭര്‍ത്താവ് അവളെ ആശ്വസിപ്പിച്ചു. അയാള്‍ പറഞ്ഞു: വാര്‍ദ്ധക്യത്തില്‍ ഇബ്റാഹിം നബി (അ) ക്ക് മക്കളെ കൊടുത്ത നാഥനുണ്ടല്ലോ മുകളില്‍? അവന്‍ നമ്മെ കൈവെടില്ല. അവര്‍ പല നേര്‍ച്ചകളും നേര്‍ന്നു. 
അവരുടെ സങ്കടം അല്ലാഹു ആ രാത്രി തന്നെ മാറ്റിക്കൊടുത്തു. ഇപ്പോള്‍ ഐശക്ക് മാസം ഒമ്പതായി. സ്കാനിംഗ് ചെയ്തപ്പോള്‍ ഡോക്ടര്‍ സൂചിപ്പിച്ചു. പെണ്‍കുഞ്ഞാണത്രെ. എല്ലാ സങ്കടവും അല്ലാഹു തീര്‍ത്തത് പോലെ സന്തോഷത്തിലും ഐശയുടെ കണ്ണുകള്‍ ഈറനണിയാനും നാഥനെ സ്തുതിക്കാനും മറന്നില്ല. 
              ഗര്‍ഭകാല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സന്തോഷത്തിന്‍റെ ലഹരിയില്‍ ബാധിച്ചില്ലെന്ന് തന്നെ പറയാം. ഏതായാലും ഡോക്ടര്‍ പറഞ്ഞത് പോലെ ഒരു പെണ്‍കുഞ്ഞിന് ഐശ ജന്മം നല്‍കി. ഭര്‍ത്താവ് സുജൂദിലായി വീണ് നാഥന് ശുക്റ് ചെയ്തു. 
                  അല്ലലേല്‍പ്പിക്കാതെ മകളെ അവര്‍ വളര്‍ത്തി. പിന്നീട് ഒരു കുട്ടിക്ക് വേണ്ടി അവര്‍ ശ്രമിച്ചെങ്കിലും ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനേ അവര്‍ക്ക് വിധിയുണ്ടായുള്ളൂ. മകളെ അവര്‍ മതചിട്ടയോടും ദീനീബോധത്തോടെയും വളര്‍ത്തി. പേര് 'ഹിസാന'. പേരറിയിക്കും പോലെ സുന്ദരിയായിരുന്നു അവള്‍. നാട്ടുകാര്‍ക്കിടയിലും മതചിട്ടയോടെ വളരുന്ന ഹിസാനയെ കുറിച്ച് മതിപ്പായിരുന്നു. പുറത്തിറങ്ങുമ്പോള്‍ പൂര്‍ണ്ണമായും ശരീരം മറച്ചിരുന്നു ഹിസാന. 
           മകളുടെ വളര്‍ച്ചയില്‍ ആധി പൂണ്ട മാതാപിതാക്കള്‍ അവളെ ഒരു ഉത്തമ പുതുമാരനെ ഏല്‍പ്പിക്കുന്നതിലായി പിന്നീട് അവരുടെ ചിന്ത. ഊണിലും ഉറക്കിലും അവളെ കുറിച്ചുള്ള ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രായം ചെന്ന ഈ മാതാപിതാക്കളുടെ നെഞ്ചില്‍ തീ വാരിയിട്ട് അവള്‍ ഒരുവന്‍റെ കൂടെ ഒളിച്ചോടി എന്ന വാര്‍ത്ത ഇവരെ തളര്‍ത്തിക്കഴിഞ്ഞു. വാര്‍ദ്ധക്യകാലത്ത് മരുന്നുകള്‍ കൊടുക്കേണ്ട അവള്‍ മാതാപിതാക്കളോട് കാണിച്ച അനീതി കേട്ട് നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ചുപോയി. അവസാനം മാതാപിതാക്കള്‍ അവളെ കണ്ടത് കോടതി വളപ്പില്‍ വെച്ചാണ്. സുഖമില്ലെങ്കിലും കോടതി വളപ്പില്‍ വരെ ചെന്നത് മകളുടെ മനസ്സലിയും എന്നോര്‍ത്തായിരുന്നു. ഒരു ദയയും മാതാവിനോടും പിതാവിനോടും അവള്‍ കാണിച്ചില്ല. തന്‍റെ തങ്കക്കുടം കാമുകന്‍റെ കാറില്‍ പോകുന്നത് കണ്ടത് മാത്രമേ ആ ഉമ്മയ്ക്ക് ഓര്‍മ്മയുള്ളൂ. പിന്നീട് കണ്ണ് തുറക്കുന്നത് നഗരത്തില്‍ പ്രശസ്തമായ ഒരു ആശുപത്രിയിലെ ഐ.സി.യു. വില്‍ വെച്ചാണ്. മകളുടെ കാര്യം മാതാവിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കലശമായ ഒരു നെഞ്ചുവേദന ആ ഉമ്മായ്ക്ക് ഉണ്ടായി. അവസാനം അടുത്തു എന്ന് മനസ്സിലാക്കിയ മാതാവ് മകളെ ഒരു നോക്ക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴും ആ മാതാവ് മകളെ മനം കൊണ്ട് പ്രാകിയില്ല. ഉമ്മയുടെ ആഗ്രഹം നടന്നില്ല. ഉമ്മയുടെ കണ്ണുകള്‍ അടഞ്ഞു. അടഞ്ഞ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണുനീര്‍. അതൊരു പക്ഷേ മകള്‍ക്ക് വേണ്ടിയാവാം.. ആ കണ്ണുനീര്‍ മകളോട് വിളിച്ചു പറയുന്നുണ്ടാകാം. "മകളേ..നാളെ നീയും ഉമ്മയാകും".
                പുന്നാര ഉമ്മയുടെ അമ്മിഞ്ഞത്തിന്‍റെ മാധുര്യം മകള്‍ ഓര്‍ത്തിരുന്നെങ്കില്‍.... വാവിട്ട് കരയുമ്പോള്‍ ഉറക്കമില്ലാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചതും താരാട്ട് പാട്ടിന്‍റെ ഈരടികളും മകള്‍ ഓര്‍ത്തിരുന്നെങ്കില്‍.. ഒരു പക്ഷേ ഉമ്മയുടെ ഗതി ഇങ്ങനെയാവുമായിരുന്നില്ല.... ഉമ്മയുടെ അമ്മിഞ്ഞപ്പാലിനും താരാട്ട് പാട്ടിനും പകരം നല്‍കാന്‍ ലോകത്ത് എന്തെങ്കിലുമുണ്ടോ?...

                                                                                    എന്‍.എം. ചേര്‍ത്തല

നിസ്കാരത്തിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍

നിസ്കാരത്തിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍

ശരീരം കൊണ്ട് ചെയ്യുന്ന ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു ആരാധനാ കര്‍മ്മമാണ് നിസ്കാരം. അല്ലാഹുവിന്‍റെ മതനിയമങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും എല്ലാ വിഷയങ്ങളിലും തുല്യരല്ല. ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. നിസ്കാരത്തില്‍ തന്നെ ചില കാര്യങ്ങളില്‍ വ്യത്യാസം കാണാം. 
1. റുകൂഇലും സുജൂദിലും പുരുഷന്‍ തന്‍റെ രണ്ട് മുട്ടുകൈകളെ തന്‍റെ ഇരുഭാഗങ്ങളിലേക്ക് അടുപ്പിച്ച് പിടിക്കാതെ അകറ്റേണ്ടതാണ്.  സ്ത്രീകള്‍ റുകൂഇലും സുജൂദിലും മുട്ടുകൈകളെ തങ്ങളുടെ ഇരുഭാഗങ്ങളിലേക്ക് ചേര്‍ത്ത് വെക്കേണ്ടതാണ്.
2. റുകൂഉം സുജൂദും ചെയ്യുമ്പോള്‍ പുരുഷന്‍ തന്‍റെ പള്ളയെ തുടകളെ തൊട്ട് അകറ്റണം. സ്ത്രീകള്‍ ചേര്‍ക്കുകയും വേണം. 
3. മഗ്രിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളിലെ ആദ്യ രണ്ട് റക്അത്തുകളിലും സുബ്ഹ്,  രണ്ട് പെരുന്നാള്‍ നിസ്കാരം, തറാവീഹ് തുടങ്ങിയ ചില നിസ്കാരങ്ങളിലും പുരുഷന്‍ ഉറക്കെ ഓതണം. അന്യപുരുഷന്മാര്‍ കേള്‍ക്കുമെങ്കില്‍ സ്ത്രീകള്‍ ഉറക്കെ ഓതരുത്.
4. നിസ്കാര വേളയില്‍ ഇമാമിന് വല്ല പിശകും സംഭവിച്ചാല്‍ പുരുഷന്‍ തസ്ബീഹ് ചൊല്ലണം. സ്ത്രീകള്‍ അവളുടെ വലതുകൈയ്യിന്‍റെ പള്ള കൊണ്ട് ഇടത്തേ കൈയ്യിന്‍റെ പുറത്ത് അടിച്ച് ശബ്ദമുണ്ടാക്കണം. ഇടത്തേ കൈ കൊണ്ട് വലത്തേ കൈയ്യിലും അടിക്കുന്നതിന് വിരോധമില്ല. എന്നാല്‍ ഒരു കൈയ്യിന്‍റെ ഉള്ള് കൊണ്ട് മറ്റേ കൈയ്യിന്‍റെ ഉള്ളില്‍ അടിക്കാന്‍ പാടില്ല. 
5. പുരുഷന്‍ മുട്ടു പൊക്കിളിന്‍റെ ഇടയിലുള്ളത് മറച്ചാല്‍ മതി. സ്ത്രീകള്‍ മുഖവും മുന്‍കൈയും അല്ലാത്ത ഭാഗങ്ങള്‍ മറച്ചിരിക്കണം.
6. സ്ത്രീകളുടെ ഇമാം സ്ത്രീയാണെങ്കില്‍ അവരുടെ ഇടയിലായി സ്വഫില്‍ തന്നെ അല്‍പം കയറി നില്‍ക്കണം.  പുരുഷന്‍മാരുടെ ഇമാം സ്വഫ്ഫിന്‍റെ ഇടയില്‍ നില്‍ക്കാതെ അവര്‍ക്ക് മുന്നില്‍ നില്‍ക്കണം.
7. ഒരു പുരുഷന്‍ മറ്റൊരു പുരുഷന് ഇമാമായി നില്‍ക്കുമ്പോള്‍ മഅ്മൂമായ ആള്‍ ഇമാമിന്‍റെ വലത് ഭാഗത്ത് നില്‍ക്കണം. ഒരു പുരുഷന്‍ ഒരു സ്ത്രീക്ക് ഇമാമായി നില്‍ക്കുമ്പോള്‍ പുരുഷന്‍ നില്‍ക്കുന്നത് പോലെ സ്ത്രീ വലത് ഭാഗത്തല്ല നില്‍ക്കേണ്ടത്. ഇമാം വിവാഹബന്ധം ഹറാമായ വ്യക്തിയാണെങ്കില്‍ പോലും ഇമാമിന്‍റെ പിന്നിലായിരിക്കണം നില്‍ക്കേണ്ടത്. (ഹാവില്‍ കബീര്‍, അസ്നല്‍ മതാലിബ്).
8. സ്ത്രീകള്‍ വാങ്ക് ഒഴിവാക്കുകയും ഇഖാമത്ത് ശബ്ദം താഴ്ത്തി കൊടുക്കുകയും വേണം. പുരുഷന്മാര്‍ വാങ്ക് ഉച്ചത്തില്‍ കൊടുക്കുകയും ഇഖാമത്ത് മറ്റുള്ളവര്‍ കേള്‍ക്കേ അല്‍പം ഉച്ചത്തില്‍ കൊടുക്കുകയും വേണം.
9. സ്ത്രീകള്‍ പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ അവളുടെ വീട്ടില്‍ നിസ്കരിക്കലാണ് ഉത്തമം ഫിത്ന ഭയപ്പെടുമ്പോള്‍ ഹറാമുമാകും. നബി (സ്വ) പറയുന്നു: സ്ത്രീകള്‍ പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം വീട്ടില്‍ നിസ്കരിക്കലാണ്. പുരുഷന്‍ പൊതുവെ പള്ളിയില്‍ നിസ്കരിക്കലാണ് ഉത്തമം.

Wednesday 3 October 2018

സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ). ( ajmeer khaja )

സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ).


           സര്‍വ്വപരിത്യാഗം ചെയ്ത് സര്‍വ്വാധിപനില്‍ സമ്പൂര്‍ണ്ണ സുരക്ഷിതനായും സമുന്നത സംസ്കരണ സമുദായങ്ങളിലൂടെ സമൂഹത്തെ സര്‍വ്വനാഥനിലേക്ക് സഞ്ചരിപ്പിച്ചും മാതൃകാ ജീവിതം സംഭാവന ചെയ്ത സാക്ഷാല്‍ നവോത്ഥാന നായകരാണ് സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ).
          ജീവിത യാഥാര്‍ത്ഥ്യം സഫലീകരിക്കുന്നതിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ അന്വേഷണവും അദ്ധ്വാനവും അനിര്‍വ്വചനിയമാണ്. നീണ്ട യാത്രയില്‍ നിരവധി മഹത്തുക്കളെ സന്ധിക്കുകയും വിവിധ വിജ്ഞാന മുത്തുകള്‍ നേടുകയും ചെയ്തു. ദിവ്യജോതിസ്സും ആത്മീയ വഴികാട്ടിയുമായ മഹാനായ ഗുരു ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളുടെ ആത്മീയ ശിക്ഷണത്തിലൂടെ അദ്ധ്യാത്മികതയുടെ അത്യുന്നതങ്ങള്‍ കീഴടക്കി. ഗുരുവിന്‍റെ അനുമതിയോടെ അനേകം ജനമനങ്ങളെ അന്ധകാരത്തില്‍ നിന്ന് ദിവ്യജ്ഞാന വെളിച്ചത്തിലേക്കും അല്ലാഹുവിലേക്കും ആനയിച്ചു. ഖാജാ (റ) യിലൂടെ ഹിദായത്തിന്‍റെ വെള്ളിവെളിച്ചം നേടിയവര്‍ നിരവധിയാണ്. 
              പുണ്യ മക്കാ മദീനാ ഹറമുകളില്‍ ധാരാളം സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ താമസിക്കുകയം ചെയ്തു. അല്ലാഹുവിന്‍റെ ദൂതര്‍ (സ്വ) യുടെ നിര്‍ദ്ദേശാനുസരണം അനുയായികളുമായി മഹാനവര്‍കള്‍ ഇന്ത്യയിലേക്ക് വന്നു. ശേഷം ഇന്ത്യയായിരുന്നു മഹാനവര്‍കളുടെ പ്രബോധന മണ്ഡലം. ഇന്ത്യയില്‍ ആഗതരായ മഹാനവര്‍കളെയും സംഘത്തേയും ഇവിടെയുള്ളവര്‍ ഇരുകൈനീട്ടി സ്വീകരിച്ചില്ല. എന്ന് മാത്രമല്ല, അനവധി അവഗണനകളും എതിര്‍പ്പുകളുമാണ് നല്‍കിയത്. പക്ഷേ, അല്ലാഹു നല്‍കിയ ആദരവും അമാനുഷികതയും കൊണ്ട് അണ പൊട്ടി വന്ന എല്ലാ ശത്രുക്കളെയും നിമിഷനേരം കൊണ്ട് അദ്ദേഹം തോല്‍പിച്ച് വിജയക്കൊടി പാറിച്ചു. ഇന്ത്യയിലെ രാജസ്ഥാനിലെ അജ്മീറിലാണ് മഹാന്‍ തന്‍റെ പ്രബോധന കേന്ദ്രമായി നിശ്ചയിച്ചത്. അവിടെയിരുന്ന് അനേകമാളുകളെ അദ്ദഹം തന്‍റെ ഹിക്മത്തിലധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ നിരവധിയാളുകളെ വിശുദ്ധ ഇസ്ലാമിലേക്ക് വഴിനടത്തി. 
           എതിര്‍ക്കാനും വകവരുത്താനും തുനിഞ്ഞിറങ്ങുന്നവര്‍ പോലും വിശുദ്ധ മതത്തിന്‍റെ ശാദ്വലതീരത്തേക്കണിയുന്ന കാഴ്ചയായിരുന്നു പലപ്പോഴും. അതെല്ലാം അവിടുന്നിന്‍റെ കറാമത്തിന്‍റെ പവറാണെന്നതില്‍ സംശയമില്ല.
ജാതി-മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ ദേശ ഭേദമില്ലാതെ എല്ലാ വിധ ജനങ്ങളുടെയും അത്താണിയായി ഖാജാ (റ) മാറി. മഹാനരുടെ ആഗമനവും പ്രവര്‍ത്തനങ്ങളും രാജ്യത്ത് ഐശ്വര്യവും ഉണര്‍വ്വും ഉണ്ടാക്കി. റജബ് 6 നായിരുന്നു മഹാനവര്‍കളുടെ വഫാത്ത്. അജ്മീര്‍ ദര്‍ഗ്ഗ ഇന്ന് ഇന്ത്യയുടെ തിലകച്ചാര്‍ത്തായി പരിലസിക്കുന്നു. താഴേക്കിടയിലുള്ളവരും ഉന്നതനിലയിലുള്ളവരും നാനാജാതി മതസ്ഥരും അഭിമാനിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന പുണ്യകേന്ദ്രമായി മാറി അജ്മീര്‍. ഭരണാധികാരികള്‍ പോലും അവിടുത്തെ സന്ദര്‍ശകരാണെന്നത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള അജ്മീറിന്‍റെ ഖാജായുടെ ഭാഗധേയത്തിന്‍റെ ദൃഷ്ടാന്തമാണ്. 
അവിടുന്നിന്‍റെ ആത്മീയസരണി ശിഷ്യന്മാരിലൂടെയും ഖലീഫമാരിലൂടെയും ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു, പ്രചരിക്കുന്നു. ആ മഹാനുഭാവന്‍റെ ബര്‍കത്ത് നമ്മെയും നമ്മുടെ രാജ്യത്തെയും ക്ഷേമത്തിലും ഐശ്വര്യത്തിലുമാക്കട്ടെ എന്ന് ദുആ ചെയ്യുന്നു. 
                                                                                                                              പി.എ. ആലുവ

ബുദ്ധിക്കപ്പുറം

ബുദ്ധിക്കപ്പുറം

         ലോകം പുരോഗമിച്ച് അതിന്‍റെ ഉത്തമ സോപാനത്തില്‍ എത്തി. മനുഷ്യന്‍ മറ്റു ഗോളങ്ങളിലെ നിലകള്‍ വരെ മനസ്സിലാക്കി പഠനം നടത്തി പുതിയ കണ്ടുപിടുത്തങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിശാല ബുദ്ധി കൊണ്ട് ഇങ്ങനെ പലതും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ച് ഇന്നും അവന്‍ ശിശുവാണ്. പരിധിയുടെയും പരിമിതിയുടെയും ലോകത്ത് കിടന്ന് കിണറ്റിലെ തവളക്ക് സമാനമായി താന്‍ കണ്ടതിന്‍റെ വിശാലതക്കപ്പുറമൊന്നുമില്ലെന്ന മിഥ്യാ ധാരണയില്‍ പലരും വഞ്ചിതരാണ്. ദൃശ്യമല്ലാത്ത പല യാഥാര്‍ത്ഥ്യങ്ങളും വിശ്വസിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി എന്നാണ് ഖുര്‍ആനിന്‍റെ ഭാഷ്യം. 
            അദൃശ്യലോകത്തെ കാണാപ്പുറങ്ങള്‍ എന്ന് പറയുമ്പോള്‍ അത് വിശാലമായി ചിന്തിക്കേണ്ടതാണ്. മരണാനന്തരമുള്ള ഖബ്ര്‍ ജീവിതവും മഹ്ശറ ദിനത്തിന്‍റെ ഭയാനകതകളും സ്വര്‍ഗ്ഗീയ സുഖങ്ങളും നരക ശിക്ഷകളും മറ്റും അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെന്ന് വിശ്വസിക്കുന്നു. ഇത് വാസ്തവമാണ്. എന്നാല്‍ ബുദ്ധിരാക്ഷസരെന്ന് അഭിമാനിക്കുന്ന ചിലര്‍ ബുദ്ധിക്കപ്പുറത്തുള്ള ചില യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് നിഷേധിക്കുന്നു. ഈ നിഷേധം ആപത്താണ്. കാരണം ബുദ്ധിക്ക് മനസ്സിലാക്കാനുള്ള ഒരു പരിധിയുണ്ട്. അതിനപ്പുറം ബുദ്ധി മാറ്റിവെച്ച് അംഗീകരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ പല വസ്തുതകളുമുണ്ട്. അവ സാധാരണ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായത് കൊണ്ട് തന്നെ സാധാരണക്കാരില്‍ നിന്നും മറയ്ക്കപ്പെടേണ്ടതാണ്. അതിനാല്‍ അതിന്‍റെ വക്താക്കള്‍ അത് തലക്കെട്ടായി തന്നെ പഠിപ്പിച്ചിട്ടുമുണ്ട്. മഹാനായ സ്വൂഫീവര്യന്‍ ഇമാം ഇബ്നു അജീബ (റ) തന്‍റെ ഫുതൂഹാത്തില്‍ ഒരു തലക്കെട്ട് കൊടുത്ത "സ്വൂഫീജ്ഞാനങ്ങള്‍ ബുദ്ധിക്കപ്പുറത്തുള്ളവയാണ്" ഈയൊരു തലക്കെട്ടെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നുവെങ്കില്‍ പലര്‍ക്കും അബദ്ധം സംഭവിക്കില്ലായിരുന്നു. പ്രസ്തുത ഭാഗത്ത് മഹാനുഭാവന്‍ മഹാനായ ഇബ്നുല്‍ ഫാരിളിന്‍റെ 2 വരികള്‍ കുറിച്ചിട്ടു. "പ്രമാണങ്ങള്‍ക്കും രേഖകള്‍ക്കുമപ്പുറത്ത് മഹത്തായ ഒരു ജ്ഞാനമുണ്ട്. അത് പ്രത്യേകിച്ച് തകരാറുകളൊന്നും സംഭവിക്കാത്ത സാധാരണ ബുദ്ധിക്ക് ഗ്രഹിക്കാവതല്ല. തുടര്‍ന്ന് മഹാനുഭാവന്‍ കൂട്ടിച്ചേര്‍ത്തു: ഇര്‍ഫാന്‍ ആകുന്ന പ്രകാശങ്ങള്‍ കേവല ബുദ്ധി കൊണ്ടോ തെളിവ് കൊണ്ടോ പ്രമാണം കൊണ്ടോ ലഭ്യമല്ല. മറിച്ച് അത് അനുഭവിക്കേണ്ടത് തന്‍റെ ശരീരവും വില്‍ക്കണം. തന്‍റെ റൂഹ് സമര്‍പ്പിക്കണം. താന്‍ തന്നെത്തന്നെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കണം. ഈ നിലയ്ക്കുള്ള സമര്‍പ്പണം സാധിച്ചാല്‍ പിന്നീട് നിന്‍റെയും നിന്‍റെ രക്ഷിതാവിന്‍റെയുമിടയില്‍ മറയില്ലാതെ വരും. ഭൂമിയോ ആകാശമോ അര്‍ശോ കുര്‍സോ ഗോളങ്ങളോ മലക്കുകളോ ഒന്നും തടസ്സമായിട്ടുണ്ടാവുകയില്ല. അപ്പോഴാണ് നീ 'ഖുത്വുബുല്‍ വുജൂദ്' ആവുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഗൗസുല്‍ അഅ്ളം മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) പറഞ്ഞത് : "ഭൂമി ഉരുണ്ട പോല്‍ എന്‍ കയ്യിലെന്നോവര്‍" തുടര്‍ന്ന് ഇബ്നു അജീബ (റ) രേഖപ്പെടുത്തി : ഇത്തരം അദൃശ്യജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ അല്ലാഹുവിന്‍റെ വചനങ്ങളില്‍ സൂചനാപരമായി വന്നിട്ടുണ്ട്. ഇപ്രകാരം തന്നെ ഇഹ്സാനിനെ വിശദീകരിക്കുന്ന ഹദീസിലും വന്നിട്ടുണ്ട്. പ്രസ്തുത ഹദീസില്‍ "നീ ഇല്ലാതായാല്‍ നിനക്ക് അല്ലാഹുവിനെ കാണാം" എന്ന ആശയം ഉദ്ദൃത ആശയത്തിലേക്ക് സൂചനയാണ്. തുടര്‍ന്ന് ഇബ്നു അജീബ (റ) രേഖപ്പെടുത്തി :ഈ സൂചനാപരമായ ആശയം ളാഹിറിന്‍റെ ആളുകള്‍ ഒരിക്കലും സമ്മതിക്കുകയില്ല. മറിച്ച് ആത്മജ്ഞാനികള്‍ ഇത് അനുഭവത്തിലൂടെ ഗ്രഹിച്ചവരുമാണ്. 
                  മഹാനായ ഇബ്നു അജീബ (റ) ന്‍റെ വരികള്‍ പുലര്‍ന്ന് കണ്ടവരാണ് നമ്മള്‍. അഥവാ കേവലം ദര്‍സില്‍ കുറച്ച് നാള്‍ കഴിച്ചു കൂട്ടിയ പണ്ഡിതവേഷം ധരിച്ച ഒരാള്‍ സ്വൂഫികള്‍ പറഞ്ഞ ഈ ആശയം സത്യവിരുദ്ധമാണെന്ന് വിവേകമില്ലാതെ അബദ്ധം പറഞ്ഞു. ഈ അബദ്ധം സ്ഥിരപ്പെടുത്താനായി മറ്റ് പല അബദ്ധങ്ങളും പ്രമാണങ്ങളാക്കി നോക്കി. അവസാനം കിതാബ് ഓതിപ്പഠിച്ചവര്‍ സമൂഹമദ്ധ്യേ ആ വിവരക്കേട് തിരുത്തി കൊടുത്തു. 
മഹാന്മാരുടെ അവസ്ഥകളറിയാതെ അവര്‍ പറഞ്ഞത് മനസ്സിലാക്കാന്‍ ഗ്രാഹ്യശക്തിയില്ലാത്തവര്‍ അത് വിലയിരുത്താനൊരുങ്ങിയാല്‍ മഹാന്മാര്‍ അദ്വൈത അവതാര വാദികളായി മുദ്ര കുത്തേണ്ടി വരും. നഊദു ബില്ലാഹ്...
മതവിധിയനുസരിച്ച് ഇത്തരം വിഫല ശ്രമം നടത്തല്‍ കടുത്ത ഹറാമാണ്. കാരണം അബൂ യസീദില്‍ ബിസ്താമി (റ) ഹല്ലാജ് (റ), ഇബ്നു അറബി (റ) തുടങ്ങി സ്വൂഫീ ലോകത്തെ കാരണവന്മാരെ പലരേയും പിഴച്ചവരായി ചിത്രീകരിക്കേണ്ട ദുരവസ്ഥ വരും. ഇത് സൂക്ഷിക്കണം. കാരണം ശര്‍ഹുര്‍റൗളില്‍ കാണാം: "ഇബ്നു അറബി (റ) യെ പോലുള്ള വിഭാഗം ഉത്ത മ വിശ്വസികളാണ്. അവരുടെ വാക്കുകള്‍ അവരുടെ പ്രത്യേകമായ സാങ്കേതികാര്‍ത്ഥത്തിലാണ്. തുടര്‍ന്ന് രേഖപ്പെടുത്തി: ഇമാം യാഫിഈ അടക്കമുള്ളവര്‍ വലിയ്യാണെന്ന് രേഖപ്പെടുത്തിയ മഹാനാണ് ഇബ്നു അറബി (റ). 
                ഫത്ഹുല്‍ മുഈനില്‍ തന്നെ കാണാം: ഇബ്നു അറബി (റ) ന്‍റെയും അനുചരരുടെയും കുഫ്ര്‍ തോന്നിപ്പിക്കുന്ന പ്രയോഗങ്ങള്‍ പ്രത്യക്ഷാര്‍ത്ഥം ഒരിക്കലും ഉദ്ദേശ്യമല്ല. ഭാഗ്യവാന്മാര്‍ക്ക് അത് അനുഭവജ്ഞാനമാണ്. അവരുടെ സാങ്കേതിക പ്രയോഗങ്ങളുടെ യാഥാര്‍ത്ഥ്യവും അവരുടെ മാര്‍ഗ്ഗവും അറിയാത്തവര്‍ അത്തരക്കാരുടെ ഗ്രന്ഥം പാരായണം ചെയയ്യല്‍ ഹറാമാണ്. കാരണം പ്രത്യക്ഷാര്‍ത്ഥം നല്‍കി പലരും വഴി പിഴച്ചതുമാണ്.
മഹാനായ ഇബ്നു അജീബ (റ) പറഞ്ഞു: അനുഭവസ്ഥരില്‍ നിന്നല്ലാതെ ഒരിക്കലും ഗ്രഹിക്കാനില്ല. നിശേധിക്കാനൊരുമ്പിട്ടാല്‍ ഔലിയാക്കളെ നിഷേധിക്കുന്നതില്‍ പെട്ട് പോകുന്നതാണ്. 
              അതുകൊണ്ടാണ് സ്വൂഫികള്‍ ഇത്തരം രഹസ്യജ്ഞാനം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ പുറത്ത് 'നാം സ്വൂഫികളാണ്. ഞങ്ങളുടെ സാങ്കേതിക പദപ്രയോഗങ്ങള്‍ അറിയാത്തവന്‍ ഇത് പാരായണം ചെയ്യല്‍ കടുത്ത ഹറാമാണ്' എന്ന് കുറിച്ചിടാറുള്ളത്. പക്ഷേ, അപ്രകാരം സൂക്ഷിക്കപ്പെടേണ്ട മഹത് വചനങ്ങള്‍ തന്ത്രപരമായി അര്‍ഹരുടെ കൈവശത്തില്‍ നിന്ന് തട്ടിയെടുത്ത് കൈകടത്തലുകള്‍ നടത്തി ഫോട്ടോ കോപ്പിയെടുത്ത് ആധുനിക സംവിധാനങ്ങളിലൂടെയും മറ്റും വിതരണം ചെയ്യുന്നവന്‍ ഏറ്റവും ധിക്കാരിയും നികൃഷ്ടനുമാണ്. മഹാന്മാരുടെ ഭാഷയില്‍ ളാല്ലും മുളില്ലുമാണ്. (സ്വന്തം പിഴച്ചവനും മറ്റുള്ളവനെ പിഴപ്പിക്കുന്നവനുമാണ്). ഇബ്ലീസിന്‍റെ ദൗത്യവുമായി രംഗപ്രവേശനം ചെയ്യുന്ന ഇത്തരം വിനാശകാരികളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. 
ബുദ്ധിക്കപ്പുറത്തുള്ള ലോകത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലെങ്കിലും അംഗീകരിക്കാനുള്ള മനസ്സെങ്കിലും വേണം. അതും ഇല്ലാതെ പോയാല്‍ നിഷേധം വഴി അല്ലാഹുവിന്‍റെ കോപത്തിന് വിധേയമായി അന്ത്യം മോശമാകുന്ന പരാജിതരുടെ ഗണത്തിലകപ്പെട്ട് പോവും. അല്ലാഹു കാത്തുരക്ഷിക്കട്ടെ. 

Friday 24 August 2018

കത്താത്ത തിരുകേശം



   ഒളിവിലായി പിന്നീട് തെളിവിലായി നമ്മിലേക്ക് വന്ന മുത്തുനബി (സ്വ) എല്ലാ നിലക്കും മികവുറ്റവരാണ്. ഒരു കോട്ടവും അവിടുന്നില്‍ ദര്‍ശിക്കാനോ ആര്‍ക്കും ചൂണ്ടിക്കാട്ടാനോ സാധ്യമല്ല. എങ്ങനെ സാധിക്കും? ലോകത്തിനാകെ കാരുണ്യമായി വന്ന മുത്തൊളിയല്ലേ തിരുദൂതര്‍? ആ ഒളിയുടെ ശോഭയില്‍ പ്രപഞ്ചം തന്നെ പ്രകാശിക്കുമ്പോള്‍ ആര്‍ക്കാണ് ഒരു ന്യൂനത ചൂണ്ടിക്കാണിക്കാന്‍ കഴിയുക?
എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധമാക്കപ്പെട്ട ആ തിരുദേഹത്തില്‍ സ്പര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളായ തിരുനബി (സ്വ) യുടെ ഭാര്യമാര്‍ക്ക് എത്ര അനുഗ്രഹമാണ് അല്ലാഹു നല്‍കിയത്. അവിടുന്നിനെ ഒരു നോക്ക് കാണാന്‍ ഭാഗ്യം ലഭിക്കുക എന്നത് പോലും വലിയ കാര്യമാണ്. 
          അവിടുന്ന് കണ്‍മറഞ്ഞ് പോയാലും സമുദായത്തിന് അവിടുത്തെ സാമീപ്യം ലഭിക്കുന്നതിന് വേണ്ടി അവിടുത്തെ തലമുടിയും നഖവും മറ്റും ഉമ്മത്തിന് അവിടുന്ന് വിതരണം ചെയ്തു. അത് ലഭ്യമാക്കാന്‍ സ്വഹാബത്ത് യുദ്ധസമാനം മത്സരിച്ചു. അതെ, പെണ്ണിനും പൊന്നിനും കള്ളിനും വേണ്ടി യുദ്ധം ചെയ്ത ഒരു സമൂഹം സാധാരണ ഒരു വിലയും കല്‍പിക്കാത്ത ഒരു മുടിക്ക് വേണ്ടി മത്സരിച്ചു. തിരുകേശം ലഭിച്ചതില്‍ അഭിമാനം കൊള്ളുകയും മറ്റേതിനേക്കാളും അതിന് വില കല്‍പിക്കുകയും ചെയ്തു. തിരുകേശത്തിലൂടെ തിരുനബി (സ്വ) യുടെ സാമീപ്യവും ബറക്കത്തും ലഭിക്കും എന്ന് ഉറപ്പിച്ചത് കൊണ്ടാണ് നബി (സ്വ) അത് വിതരണം ചെയ്തതും സ്വഹാബത്ത് അതിന് വേണ്ടി മത്സരിച്ചതും.
        നബി (സ്വ) തങ്ങളുടെ മുടി വടിക്കുകയോ മുടി ചുരുക്കുകയോ താടി വെട്ടുകയോ ചെയ്യുമ്പോള്‍ നബി (സ്വ) തങ്ങളുടെ തൃക്കരങ്ങളെ കൊണ്ട് സ്വഹാബാക്കള്‍ക്കിടയില്‍ അത് വിതരണം ചെയ്യുകയോ അല്ലെങ്കില്‍ അത് വിതരണം ചെയ്യാന്‍ മറ്റൊരാളോട് കല്‍പിക്കുകയോ ചെയ്യുമായിരുന്നു.
നാമൊന്ന് ചിന്തിക്കുക. ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന മുടിയും രോമവും കുഴിച്ചുമൂടണമെന്ന് പഠിപ്പിച്ച അതേ നബി (സ്വ) തങ്ങള്‍ തന്നെയാണ് സ്വന്തം മുടി സ്വഹാബത്തിന് വിതരണം ചെയ്തത്. ഇത് എന്തിന് വേണ്ടി? ബറക്കത്തിനല്ലാതെ മറ്റെന്തിന്?
         തിരുനബി (സ്വ) തങ്ങള്‍ മുടി വിതരണം ചെയ്ത ഹദീസ് വിശദീകരിച്ച് കൊണ്ട് ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: "തിരുനബി (സ്വ) യുടെ മുടി കൊണ്ട് ബറക്കത്തെടുക്കലും ബറക്കത്തിന് വേണ്ടി സൂക്ഷിച്ചുവെക്കലും അനുവദനീയമാണെന്ന് ഈ ഹദീസ് വിളിച്ചോതുന്നുണ്ട്". 
മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞു: ഭൂമുഖത്തും ഭൂമിയുടെ ഉള്ളറകളിലുള്ളതുമായ സ്വര്‍ണ്ണവും വെള്ളിയും ലഭിക്കുന്നതിനേക്കാളും നബി (സ്വ) തങ്ങളുടെ ഒരു മുടി എന്‍റെയടുക്കല്‍ ഉണ്ടാകല്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നു. മറ്റ് ചിലരുടെ പ്രതികരണം ഇങ്ങനെ വായിക്കാം:
"ദുന്‍യാവ് മുഴുവന്‍ ലഭിക്കുന്നതിനേക്കാളും എനിക്ക് ഏറ്റവും പ്രിയങ്കരമായത് തിരുനബി (സ്വ) യുടെ ഒരു മുടി ലഭിക്കുന്നതാണ്".
അനസ് (റ), ഉമ്മുസലമ (റ), ഖാലിദ് ബ്നു വലീദ് (റ) തുടങ്ങിയ സ്വഹാബികളായ പുരുഷരും സ്ത്രീകളും തിരുനബി (സ്വ) യുടെ തിരുകേശം സൂക്ഷിച്ചവരില്‍ പെടുന്നു. 
             കണ്ണേറോ മറ്റേതെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോള്‍ ശമനത്തിനായി ഉമ്മുസലമ ബീവി (റ) യുടെ അടുക്കലേക്ക് അവര്‍ പോകുമായിരുന്നു. മഹതി തിരുനബി (സ്വ) യുടെ മുടിയിട്ട ബറക്കത്താക്കപ്പെട്ട വെള്ളം അവര്‍ക്ക് നല്‍കുകയും ചെയ്യുമായിരുന്നു എന്ന് ഗ്രന്ഥങ്ങളില്‍ കാണാം. 
      നബി (സ്വ) തങ്ങളുടെ തിരുകേശം കൈയിലുണ്ടായിരുന്ന പലരും തങ്ങളോടൊപ്പം അവ  ഖബ്റില്‍ വെക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. അനസ് (റ) ഇപ്രകാരം വസ്വിയ്യത്ത് ചെയ്തതായി അല്‍ ഇസ്വാബയില്‍ കാണാം. 
             മരണപ്പെട്ട് ഖബ്റില്‍ അകം കടത്തുമ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുന്നതിന് വേണ്ടി തിരുനബി (സ്വ) യുടെ തിരുകേശവും തിരുനഖവും തന്നോടൊപ്പം വെക്കണമെന്ന് മുആവിയ (റ) വസ്വിയ്യത്ത് ചെയ്തതായി സിയറു അഅ്ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 
തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തില്‍ പറയുന്നു:  തന്‍റെ കൈയിലുണ്ടായിരുന്ന തിരുകേശവും നഖവും മറമാടാന്‍ നേരം തന്നോടൊപ്പം വെക്കണമെന്ന് ഉമര്‍ ബ്നു അബ്ദില്‍ അസീസ് (റ) വസ്വിയ്യത്ത് ചെയ്ത പ്രകാരം അങ്ങനെ തന്നെ ചെയ്യുകയുണ്ടായി. 
       മഹാനായ അഹ്മദ് ബ്നു ഹമ്പല്‍ (റ) ന്‍റെ മകന്‍ അബ്ദുല്ലാഹ് എന്നവര്‍ പറയുന്നു. എന്‍റെ പിതാവ് തിരുനബി (സ്വ) യുടെ ഒരു മുടി ചുംബിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്". മഹാനായ അഹ്മദ് ബ്നു ഹമ്പലും (റ) തിരുനബി (സ്വ) യുടെ മുടി തന്നോടൊപ്പം വെക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. 
          തിരുകേശം കാരണമായി പല അനുഗ്രഹങ്ങളും ലഭ്യമായതായി മഹത്തുക്കള്‍ രേഖപ്പെടുത്തുന്നുണ്ട്. "യര്‍മൂഖ്" യുദ്ധവേളയില്‍ മഹാനായ ഖാലിദ് ബ്നു വലീദിന്‍റെ തൊപ്പി നഷ്ടപ്പെടുകയും അതിന്‍റെ പേരില്‍ അദ്ദേഹം അതിയായി പ്രയാസപ്പെടുകയും ചെയ്തു. കാരണം അതില്‍ തിരുനബി (സ്വ) തങ്ങളുടെ ഏതാനും മുടികള്‍ വെച്ചിട്ടുണ്ടായിരുന്നു. ഈ തൊപ്പി തലയിലണിഞ്ഞ് ഏത് യുദ്ധത്തില്‍ പങ്കെടുത്താലും ഖാലിദ് ബ്നു വലീദ് (റ) ന് വിജയം ലഭിക്കുമായിരുന്നു. ഇക്കാര്യം മഹാനവര്‍കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നുകസീര്‍ (റ) തന്‍റെ അല്‍ബിദായയിലും ഖാളി ഇയാള് ശിഫാഇലും ഇബ്നു അസീര്‍ (റ)  ഉസ്ദുല്‍ ഗാബയിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, മറ്റ് പല ഗ്രന്ഥങ്ങളിലും ഈ സംഭവം കാണാം. 
          ഫുതൂഹുശ്ശാമില്‍ ഇങ്ങനെ കാണാം: ഹജ്ജത്തുല്‍ വിദാഇന്‍റെ വേളയില്‍ നബി (സ്വ) തങ്ങളുടെ മുടി വടിക്കപ്പെട്ടപ്പോള്‍ ആ മുടികളില്‍ നിന്നും കുറച്ച് ഞാന്‍ കൈക്കലാക്കി. അപ്പോള്‍ നബി (സ്വ) തങ്ങള്‍ എന്നോട് ചോദിച്ചു: ഏ ഖാലിദേ! നീ ഇതുകൊണ്ട് എന്ത് ചെയ്യാനാണ്? അപ്പോള്‍ ഖാലിദ് ബ്നു വലീദ് (റ) പറഞ്ഞു: അതുകൊണ്ട് ഞാന്‍ ബറക്കത്തെടുക്കുകയും ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അതുകൊണ്ട് ഞാന്‍ സഹായം തേടുകയും ചെയ്യും. അപ്പോള്‍ നബി (സ്വ) തങ്ങള്‍ ഖാലിദ് ബ്നു വലീദ് (റ) നോട് പറഞ്ഞു: ഖാലിദേ! ആ മുടി നിന്നോടൊപ്പം ഉള്ളിടത്തോളം കാലം നീ വിജയം പ്രാപിച്ചവനായിരിക്കും. അങ്ങനെ ആ മുടി ഖാലിദ് ബ്നു വലീദി (റ) ന്‍റെ തൊപ്പിയില്‍ അദ്ദേഹം തുന്നിച്ചേര്‍ത്തുവക്കുകയുണ്ടായി. 
          ഖാലിദ് ബ്നു വലീദ് (റ) നബി (സ്വ) യുടെ മുടി കൈപ്പറ്റുന്നത് നേരില്‍ കണ്ട അബൂബക്കര്‍ സിദ്ദീഖ് (റ) പറയുന്നത് കാണുക: നബി (സ്വ) തങ്ങളുടെ മുടി ലഭിച്ച ഖാലിദ് ബ്നു വലീദ് (റ) അദ്ദേഹത്തിന്‍റെ രണ്ട് കണ്ണുകളിലും ചുണ്ടിലും വെച്ച് ചുംബിക്കുകയുണ്ടായി. 
       ഇമാം ബുഖാരി (റ) യും നബി (സ്വ) യുടെ മുടി കൊണ്ട് ബറക്കത്തെടുത്തിരുന്നു എന്ന് "മുഖദ്ദിമത്തു ഫത്ഹില്‍ ബാരി" യില്‍ ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറയുന്നു: അതില്‍ ഇപ്രകാരം കാണാം: ഇമാം ബുഖാരി (റ) യുടെ അടുക്കല്‍ നബി (സ്വ) യുടെ മുടിയുണ്ടായിരുന്നു. തന്‍റെ വസ്ത്രത്തിലായിരുന്നു അദ്ദേഹം അത് വെച്ചിരുന്നത്.
          നബി (സ്വ) തങ്ങളുടെ മുടി കൈവശം ഉള്ള ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ മുടി അനന്തരം എടുക്കപ്പെടുകയില്ലെന്നും അതാര്‍ക്കും ഉടമസ്ഥാവകാശമില്ലാത്തതാണെന്നും ഇബ്നുഹജര്‍ (റ) തങ്ങള്‍ തന്‍റെ ഫതാവല്‍ കുബ്റയില്‍ പറഞ്ഞിട്ടുണ്ട്.
നബി (സ്വ) തങ്ങളുടെ ശറഫാക്കപ്പെട്ട തിരുകേശം സ്വയം അനങ്ങുകയും അത് വളരുകയും ശാഖകളുണ്ടാവുകയും ചെയ്യുമെന്ന് യൂസുഫുന്നബ്ഹാനി (റ) തന്‍റെ ജവാഹിറുല്‍ ബിഹാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
          ഒരാള്‍ വര്‍ഷങ്ങളോളം നിസ്കാരത്തെ ഒഴിവാക്കി. അക്കാരണത്താല്‍ അയാള്‍ കാഫിറാവുകയില്ല. എന്നാല്‍ നബി (സ്വ) തങ്ങളുടെ മുടിയില്‍ പെട്ട ഏതെങ്കിലും ഒരു മുടിയേയോ എന്തിനേറെ നബി (സ്വ) യുടെ ചെരുപ്പിന്‍റെ ഏതെങ്കിലും ഒരു ഭാഗത്തേയോ നിസ്സാരപ്പെടുത്തിയാല്‍ അവന്‍ കാഫിറാണെന്ന് ഇമാം റാസി (റ) തന്‍റെ തഫ്സീറില്‍ വ്യക്തമാക്കുന്നു. ഇമാം മുനാവി (റ) തന്‍റെ ഫൈളുല്‍ ഖദീറില്‍ വ്യക്തമാക്കുന്നു: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ആരെങ്കിലും എന്‍റെ ഒരു മുടിയെ ബുദ്ധിമുട്ടിച്ചാല്‍ അവന്‍ എന്നെ ബുദ്ധിമുട്ടിച്ചു. ആരെങ്കിലും എന്നെ ബുദ്ധിമുട്ടിച്ചാല്‍ അവന്‍ അല്ലാഹുവിനെ ബുദ്ധിമുട്ടിച്ചവനായി. 
          സ്വഹാബിവര്യര്‍ അനസ് (റ) ന്‍റെ അടുക്കല്‍ നബി (സ്വ) തങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു ടവ്വല്‍ ഉണ്ടായിരുന്നുവെന്നും അത് ചെളി പുരണ്ടാല്‍ തീയിലിട്ടാണ് അഴുക്ക് കളഞ്ഞിരുന്നതെന്നും അത് കണ്ട് അത്ഭുതപ്പെടുന്നവരോട്  അമ്പിയാക്കളുടെ മുഖം സ്പര്‍ശിച്ച ഒന്നും തന്നെ തീ കരിക്കുകയില്ലെന്ന് അനസ് (റ) പറയുമായിരുന്നുവെന്നും ഇമാം സുയൂഥി (റ) യെ പോലുള്ള മഹത്തുക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം. നബി (സ്വ)യുടെ തിരുവദനം സ്പര്‍ശിച്ച ഒരു സാധനത്തെ തങ്ങളുടെ വഫാത്തിന് ശേഷം തീ കരിക്കുകയില്ലെങ്കില്‍ ശരീരത്തിന്‍റെ ഒരു ഭാഗമാകുന്ന മുടി വഫാത്തിന് ശേഷവും കരിയുകയില്ലെന്നത് ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ്. വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ സവിശേഷത നിലനില്‍ക്കുന്നു എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ മുഅ്ജിസത്ത് ശേഷിക്കുന്നുണ്ടെന്ന് ഗ്രന്ഥങ്ങള്‍ പരതിയാല്‍ മനസ്സിലാകും. തിരുകേശം വളരുമെന്നത് തന്നെ ധാരാളം മതി. ത്വബഖാത്തു ശ്ശാഫിഇയ്യത്ത്, സിയറു അഅ്ലാമിന്നുബലാഅ്, ദൈലു താരീഖില്‍ ബഗ്ദാദ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല എന്നറിയിക്കുന്ന ഒരു സംഭവം വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം: അബ്ബാസിയ്യ ഖലീഫയായിരുന്ന മുസ്തര്‍ശിദ് ബില്ലാഹിയുടെ കാലഘട്ടത്തില്‍ ഒരു സംഘട്ടനം നടക്കുകയും ഒരു കൂട്ടര്‍ മര്‍ദ്ധനത്തിനും തടവിനും വിധേയരാവുകയും ചെയ്തു. തടവിലാക്കപ്പെട്ടവരെ തീയിലിട്ട് കരിക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ ഒരു പൂട്ടിപ്പിടിച്ച കൈ മാത്രം കരിയുന്നില്ല. ആവര്‍ത്തിച്ച് തീയിലിട്ടു നോക്കി. അങ്ങനെ ആ കൈ തുറന്നു നോക്കുമ്പോള്‍ തിരുനബി (സ്വ) യുടെ മുടി ആ കൈയിലുണ്ടായിരുന്നതായി വ്യക്തമായി!!! സുബ്ഹാനല്ലാഹ്!! തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷം തിരുകേശം കരിയുകയില്ലെന്ന് മാത്രമല്ല അത് പിടിച്ചിരുന്ന കൈയും കരിഞ്ഞില്ല എന്നല്ലേ സംഭവം അറിയിക്കുന്നത്. അല്‍ വാഫീ ഫില്‍ വഫയാത്ത് എന്ന ഗ്രന്ഥത്തിലും ഇത് കാണാം. ചുരുക്കത്തില്‍ തിരുകേശത്തിന്‍റെ സവിശേഷത വഫാത്തിന് ശേഷം ഇല്ലാതാകുകയില്ലെന്നും അതിലൂടെ അതിമഹത്തായ സഹായവും ബറക്കത്തും ലഭിക്കുമെന്നും വളരെ വ്യക്തമാണ്. വിരുദ്ധ ആശയങ്ങളില്‍ നിന്നും അല്ലാഹു നമ്മെ  രക്ഷിക്കട്ടെ. ആമീന്‍.                                                                 -  ശഫീഖ് ഇര്‍ഫാനി പട്ടണക്കാട് -

ത്യാഗസന്ദേശവുമായി ബലിപെരുന്നാള്‍


വിശ്വാസത്തിന്‍റെ പരിമളവും ത്യാഗത്തിന്‍റെ വിശുദ്ധിയും സമര്‍പ്പണത്തിന്‍റെ കരുത്തുമായി ഒരിക്കല്‍ കൂടി ബലിപെരുന്നാള്‍ സമാഗതമാവുകയാണ്. ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) ന്‍റെയും പുത്രന്‍ ഇസ്മാഈല്‍ നബി (അ) യുടെയും ത്യാഗസുന്ദരമായ ജീവിതസ്മരണകള്‍ അയവിറക്കാനും സ്വജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള അസുലഭ അവസരങ്ങള്‍.
         സത്യത്തിനും നീതിക്കും വേണ്ടി പടപൊരുതിയ ഹസ്റത്ത് ഇബ്റാഹീം നബി (അ) ത്യാഗത്തിന്‍റെ തീച്ചൂളയില്‍ തൗഹീദിന്‍റെ അണയാത്ത ദീപശിഖ ഉയര്‍ത്തിപ്പിടിച്ച് ശിര്‍ക്കിനെതിരെ ഗര്‍ജ്ജനം നടത്തി ഖലീലുല്ലാഹി അഥവാ അല്ലാഹുവിന്‍റെ ആത്മമിത്രം എന്ന സ്ഥാനപ്പേര് അദ്ദേഹം നേടിയെടുത്തു. ആര്‍ക്കും തടുത്ത് നിര്‍ത്താനാവാത്ത അജയ്യശക്തിയായി ഇബ്റാഹീം നബി (അ) കര്‍മ്മരംഗത്തിറങ്ങി. പൂമാലകള്‍ തീര്‍ക്കേണ്ടവര്‍ കരിങ്കല്‍ചീളുകള്‍ വാരിയെറിഞ്ഞു. പട്ടുമെത്ത വിരിക്കേണ്ടവര്‍ അഗ്നികുണ്ഠം തീര്‍ത്തു. സംരക്ഷണം ഏറ്റെടുക്കേണ്ടവര്‍ ആട്ടിയോടിച്ചു. എന്നിട്ടും മഹാന്‍ പതറിയില്ല. 
നംറൂദിന്‍റെ സിംഹാസനത്തിന്‍റെ അകത്തളങ്ങളില്‍ ചെന്ന് തൗഹീദിന്‍റെ ധര്‍മ്മകാഹളം മുഴക്കി. നംറൂദിന്‍റെ കിങ്കരന്മാര്‍ ആളിക്കത്തുന്ന തീകൂണ്ഡാരത്തിലേക്ക് നബിയെ വലിച്ചെറിഞ്ഞു. അത്ഭുതം! ചുറ്റുംകൂടിയവരെ അത്ഭുതസ്തബ്ധരാക്കി കത്തിപ്പടരുന്ന തീജ്ജ്വാലകള്‍ക്കിടയില്‍ നിന്ന് പ്രവാചകന്‍ പുഞ്ചിരിച്ചു. 
              നിശയുടെ നിശ്ശബ്ദതയില്‍ നീണ്ട പ്രാര്‍ത്ഥനക്ക് ശേഷം അല്ലാഹു നല്‍കിയ അരുമസന്താനത്തെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദ്ദേശം ലഭിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. ഓമനപുത്രനെ പുത്തനുടുപ്പുകളണിയിച്ച് പിതാവ് കത്തിയും കയറുമെടുത്ത് കല്ലും മുള്ളും നിറഞ്ഞ മലമടക്കുകള്‍ സഞ്ചരിച്ച് മിനാപര്‍വ്വതം ലക്ഷ്യമാക്കി നീങ്ങി. പിതാവും പുത്രനും നടന്നു നീങ്ങുമ്പോള്‍ ബീവി ഹാജര്‍ അതു കണ്ടാനന്ദിച്ചു. വഴിമദ്ധ്യേ പിതാവ് തന്‍റെ മകനോട് പറഞ്ഞു: നിന്‍റെ ബലി അര്‍പ്പിക്കാന്‍ അല്ലാഹുവിന്‍റെ കല്‍പന വന്നിരിക്കുന്നു. മകന്‍ പ്രതിവചിച്ചു: ഉപ്പാ! അല്ലാഹുവിന്‍റെ കല്‍പന അനുസരിക്കുക. ക്ഷമിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. 
          ഇബ്റാഹീം നബി (അ) മകന്‍റെ കാലുകള്‍ കെട്ടി. പുത്തനുടുപ്പുകള്‍ അഴിച്ചു വെച്ചു. കമഴ്ത്തി കിടത്തി. ഭീതിതമായ രംഗം കണ്ട് വാനലോകത്തെ മലക്കുകള്‍ വിസ്മയഭരിതരായി. എന്തിനും തയ്യാറായ ഇബ്റാഹീം നബി (അ) ക്ക് നാഥന്‍റെ കല്‍പന വന്നു. നിര്‍ത്തൂ, മകനെ അറുക്കണ്ട, താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ജിബ്രീല്‍ (അ) കൊണ്ടുവന്ന ആടിനെ പകരമായി അവര്‍ അറുത്തു. മൂന്ന് പേരും തക്ബീര്‍ ചൊല്ലി.
വൈയക്തികവും രാഷ്ട്രീയവും സാമൂഹികവുമായ രംഗങ്ങളില്‍ വിശ്വാസത്തിന്‍റെ മൂലക്കല്ലുകള്‍ പാകിവെച്ച ആ മഹിതമായ ജീവിതം ഒരേസമയം വിശ്വമാനവികതയുടെയും മഹിതസംസ്കാരത്തിന്‍റെയും സന്ദേശങ്ങള്‍ ഫലപ്രദമായി ജീവിതവത്കരിക്കാനുള്ള ആഹ്വാനം പകര്‍ന്നു നല്‍കുന്നു. അതിനാല്‍ ബലിപെരുന്നാള്‍ യുവത്വത്തിന്‍റെ ജീവിതവേദികളെ വിശ്വാസത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്വയം സമര്‍പ്പണത്തിന്‍റെയും വേദിയിലിട്ട് ഉടച്ച് വാര്‍ക്കാനാവശ്യപ്പെടുന്നു. 
കര്‍മ്മങ്ങളുടെ പെരുന്നാള്‍ ബലിദാനം
            അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഇബ്റാഹീം നബി (അ) പുത്രനെ ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞ സംഭവത്തെ അനുസ്മരിപ്പിച്ച് കൊണ്ടാണ് ബലിപെരുന്നാളിന്‍റെ പ്രധാന കര്‍മ്മങ്ങളിലൊന്നായി ബലിദാനം മുസ്ലിംകള്‍ നടത്തുന്നത്. 
            ബലികര്‍മ്മം സുന്നത്താണ്. നേര്‍ച്ചയാക്കിയാല്‍ ബലികര്‍മ്മം നിര്‍ബന്ധമാകും. ആട്, മാട്, ഒട്ടകം എന്നിവയാണ് ബലി നല്‍കാവുന്ന മൃഗങ്ങള്‍. നെയ്യാട് ഒരു വയസ്സും, കോലാടും മാടും രണ്ട് വയസ്സും, ഒട്ടകം അഞ്ച് വയസ്സും പൂര്‍ത്തിയായിരിക്കണം. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ആട് കോലാടാണ്. ആടില്‍ ഒന്നിലധികം പേര്‍ പങ്ക് ചേരാന്‍ പാടില്ല. ഒട്ടകം, മാട് എന്നിവയില്‍ ഏഴ് പേര്‍ക്ക് വരെ പങ്കാളിയാവാം. എങ്കിലും ഏഴ് പേര്‍ കൂടി മാടിനെ അറുക്കുന്നതിനേക്കാള്‍ ഉത്തമം ഏഴ് ആടിനെ ബലി നല്‍കുന്നതാണ്. 
മാംസലഘൂകരണത്തിന് നിമിത്തമാകുന്ന ന്യൂനതകള്‍ ഉള്ള മൃഗങ്ങള്‍ ബലിദാനത്തിന് യോഗ്യമല്ല. സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് കുറച്ച് മാത്രം പാവങ്ങള്‍ക്ക് നല്‍കി ബാക്കി മുഴുവനും സ്വന്തം ആവശ്യത്തിന് എടുക്കാമെങ്കിലും ഭക്ഷണത്തിന് അല്‍പം എടുക്കുകയും ബാക്കി മുഴുവനും പാവങ്ങള്‍ക്ക് നല്‍കുകയുമാണ് ഉത്തമം. നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്‍റെ മാംസം തനിക്കോ തന്‍റെ ആശ്രിതര്‍ക്കോ എടുക്കാന്‍ പാടില്ല. പെരുന്നാള്‍ ദിവസം സൂര്യനുദിച്ച് ഉയര്‍ന്നത് മുതല്‍ ദുല്‍ഹിജ്ജ പതിമൂന്ന് അവസാനം വരെയാണ് ബലിദാനത്തിന്‍റെ സമയം. ബലിദാനത്തിന് നിയ്യത്ത് അനിവാര്യമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ഞാന്‍ അറുക്കുന്നു എന്നതാണ് നിയ്യത്ത് (ഇആനത്ത് 2/331). മൃഗത്തെ നിര്‍ണ്ണയിക്കുന്ന സമയത്തോ അറുക്കുന്ന സമയത്തോ ആണ് നിയ്യത്ത് ചെയ്യേണ്ടത്.
            പുരുഷന്‍ സ്വന്തം കരങ്ങള്‍ കൊണ്ട് അറുക്കുന്നതാണ് ഉത്തമം. അറുക്കാന്‍ മറ്റൊരാളെ ഏല്‍പിക്കുകയാണെങ്കില്‍ അറുക്കുന്ന സ്ഥലത്ത് ഹാജരാവല്‍ സുന്നത്താണ്. സ്ത്രീയാണ് ബലിദാനം ചെയ്യുന്നതെങ്കില്‍ അറുക്കല്‍ മറ്റൊരാളെ ഏല്‍പ്പിക്കലാണ് ഉത്തമം.
      ബലിമൃഗം തടിയുള്ളതാവലും ഭംഗിയുള്ളതാവലും പെരുന്നാള്‍ നിസ്കാരത്തിന് ശേഷം അറുക്കലും അറവ് മൃഗവും അറുക്കുന്നവനും ഖിബ്ലയുടെ നേരെയാവലും അറുക്കുന്നവന്‍ ബിസ്മിയും നബി (സ്വ) യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലലും  ിന്നൃശ്ലിറുഏിവ ിന്നൃമ്ലുല ഏിڌിഴ മ്പെീറ്റപ്പെറിഏ എന്ന് പ്രാര്‍ത്ഥന നടത്തലും സുന്നത്താണ്. 
സുന്നത്തായ ബലിദാനത്തിന്‍റെ തോല് സ്വന്താവശ്യത്തിന് എടുക്കല്‍ കൊണ്ടോ മറ്റുള്ളവര്‍ക്ക് കൊടുക്കല്‍ കൊണ്ടോ വിരോധമില്ല. തോലോ മറ്റോ വില്‍ക്കാനോ കശാപ്പുകാരനോ മറ്റോ കൂലിയായി കൊടുക്കാനോ പാടില്ല. ബലിദാനത്തിന് ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ബലിദാനം വരെ നഖം, മുടി, ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യല്‍ കറാഹത്താണ്. 
തക്ബീര്‍
           "ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്" ആഗോള മുസല്‍മാന്‍റെ ആശാകേന്ദ്രമായ മക്കാ പുണ്യഭൂമിയില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തിയ ജനലക്ഷങ്ങള്‍ തല്‍ബിയത്തിന്‍റെ മന്ത്രധ്വനികള്‍ ഉരുവിട്ട് പുളകിതരാവുമ്പോള്‍ മറ്റ് കോടാനുകോടി മുസ്ലിംകള്‍ തക്ബീര്‍ ധ്വനി മുഴക്കി പെരുന്നാള്‍ ആഘോഷിക്കുന്നു. 
       ദുല്‍ഹിജ്ജ ഒമ്പതിന്‍റെ സുബ്ഹി മുതല്‍ പതിമൂന്നിന്‍റെ അസ്വ്ര്‍ വരെ എല്ലാ നിസ്കാരങ്ങളുടെ ഉടനെയും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. നിസ്കാരാനന്തരമുള്ള ദിക്റ് ദുആയുടെ മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്. 
ദുല്‍ഹിജ്ജ മാസം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ ആട്, മാട്, ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്.
പെരുന്നാള്‍ നിസ്കാരം
          പെരുന്നാള്‍ ദിനത്തിലെ ഒരു സുപ്രധാന സുന്നത്താണ് പെരുന്നാള്‍ നിസ്കാരം. സൂര്യോദയം മുതല്‍ മദ്ധ്യാഹ്നം വരെയാണ് നിസ്കാരസമയം. പുരുഷനും സ്ത്രീക്കും ഈ നിസ്കാരം സുന്നത്താണ്. പുരുഷന്‍ പള്ളിയില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. സ്ത്രീകള്‍ വീട്ടിലും നിസ്കരിക്കണം.
ബലിപെരുന്നാള്‍ നിസ്കാരം രണ്ട് റക്അത്ത് ഞാന്‍ നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത്. ജമാഅത്തായി നിസ്കരിക്കുകയാണെങ്കില്‍ ഇമാമോട് കൂടി എന്ന് നിയ്യത്ത് വെക്കണം. നിയ്യത്തോട് കൂടി തക്ബീര്‍ ചൊല്ലി നിസ്കാരത്തില്‍ പ്രവേശിച്ച് വജ്ജഹ്ത്തു ഓതി ഫാതിഹക്ക് മുമ്പ് ഏഴ് തക്ബീറും രണ്ടാം റക്അത്തില്‍ ഫാതിഹക്ക് മുമ്പ് അഞ്ച് തക്ബീറും സുന്നത്തുണ്ട്. ഈ തക്ബീറുകള്‍ ഇമാമും മഅ്മൂമും ഉറക്കെയാണ് ചൊല്ലേണ്ടത്. ജമാഅത്തായ നിസ്കാരത്തിന് ശേഷം രണ്ട് ഖുതുബഃ നിര്‍വ്വഹിക്കല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണ്. 
       ബലിപെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കലും പെരുന്നാള്‍ നിസ്കാരത്തിന് പോകുമ്പോള്‍ ഒരു വഴിക്ക് പോകുകയും മടക്കം മറ്റൊരു വഴിക്കാകലുമാണ് ഉത്തമം. നബി (സ്വ) ഇങ്ങനെ ചെയ്തതായിട്ട് ഇമാം ബുഖാരി (റ) യും തുര്‍മുദി (റ) യും രേഖപ്പെടുത്തുന്നുണ്ട്. പെരുന്നാള്‍ ദിനത്തില്‍ കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിച്ച് ഭംഗിയാവലുമെല്ലാം സുന്നത്താണ്. 

ഇബ്റാഹീം (അ) ന്‍റെ വിളി



             ഭൂമിയുടെ കേന്ദ്രം. മനുഷ്യവാസ ചരിത്രത്തോടൊപ്പം ചരിത്രത്താളുകളില്‍ ഇടം നേടിയ ഗേഹം. കഅ്ബാലയം. അതാണ് ഭൂമിയില്‍ പണിത പ്രഥമ ആരാധനാലയം. നൂഹ് നബി (അ) യുടെ കാലത്തുണ്ടായ ചരിത്ര പ്രസിദ്ധമായ ജല പ്രളയം. അത് നിമിത്തം കഅ്ബാലയം മണ്ണടിഞ്ഞു. നൂറ്റാണ്ടുകളോളം അങ്ങനെ കിടന്നു. 
                'അബുല്‍ അമ്പിയാ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇബ്റാഹീം (അ) യ്ക്ക് തന്‍റെ വാര്‍ദ്ധക്യത്തില്‍ ലഭിച്ച ഇളംപൈതല്‍ ഇസ്മാഈല്‍ നബി (അ) യെയും മാതാവ് ഹാജറാ ബീവി (റ) യെയും വിജനമായ മണല്‍ക്കാട്ടില്‍ ഉപേക്ഷിച്ച് ബാബിലോണിയയിലേക്ക് തിരിച്ചു പോയി. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ഇബ്റാഹീം നബി (അ) മക്കയില്‍ തിരിച്ചെത്തി. മകനുമായി ചേര്‍ന്ന് കഅ്ബാലയം പുതുക്കിപ്പണിതു. പ്രവാചകന്മാര്‍ക്കെല്ലാം അത്ഭുതങ്ങള്‍ പ്രകടമാകാറുണ്ട്. അതില്‍ പലതും തത്സമയ ശേഷം ഇല്ലാതായി പോകുന്നതാണ്. മറ്റ് ചിലതൊക്കെ അന്ത്യനാള്‍ വരെ നിലനില്‍ക്കുന്നതുമാണ്. അന്ത്യദിനം വരെ നിലനില്‍ക്കുന്ന ഒരു അത്ഭുത കാഴ്ചയാണ് 'ഇബ്റാഹീം മഖാം'. അതായത് മകനും പിതാവും കഅ്ബാലയ നിര്‍മ്മാണം നടത്തുകയാണ്. ചുമരുകള്‍ ഒരാളുടെ ഉയരത്തിലധികമായിരിക്കുന്നു. ഇനി തറയില്‍ നിന്ന് പണിയാന്‍ പറ്റില്ല. കയറി നിന്ന് പണിയാന്‍ കോണിയോ മറ്റോ ഇല്ല. ഈ ഘട്ടത്തില്‍ ഇബ്റാഹീം നബി (അ) ഒരു കല്ലില്‍ കയറി നിന്ന് പണിയാനുള്ള കല്ല് പൊക്കി. തത്സമയം കയറി നില്‍ക്കുന്ന കല്ല് സ്വയം പൊങ്ങുന്നു. ഇബ്റാഹീം നബി (അ) താനുദ്ദേശിക്കുന്ന സ്ഥലത്ത് കല്ല് വെക്കുന്നു. അടുത്ത കല്ലെടുക്കാന്‍ ഭാവിക്കുമ്പോള്‍ കയറി നിന്ന കല്ല് താഴുന്നു. അങ്ങനെ ഒരു യാന്ത്രിക കോണിയായി പ്രവര്‍ത്തിച്ച കല്ല്. അതില്‍ ഇബ്റാഹീം നബി (അ) യുടെ രണ്ട് കാല്‍പാദങ്ങള്‍ പതിഞ്ഞ് അടയാളപ്പെട്ട് കിടക്കുകയാണ്. ഈ കല്ല് കഅ്ബാശരീഫിന്‍റെ വാതിലിന്‍റെയും ഹിജ്റ് ഇസ്മാഈലിന്‍റെ മൂലയുടെയും ഇടയ്ക്ക് അല്‍പം കിഴക്ക് മാറി ചില്ല് കൂട്ടിലായി സൂക്ഷിക്കപ്പെടുന്നു. ത്വവാഫിന് ശേഷം അതിനടുത്ത് നിന്ന് നിസ്കരിക്കല്‍ സുന്നത്താണ്. "ഇബ്റാഹീം മഖാമിനെ നിങ്ങള്‍ നിസ്കാര സ്ഥലമാക്കുക" എന്ന ഖുര്‍ആന്‍ വചനത്തിലെ ഇബ്റാഹീം മഖാം കൊണ്ടുള്ള വിവക്ഷ ഈ കല്ലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചിട്ടുണ്ട്. 
കഅ്ബാലയ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സ്രഷ്ടാവായ അല്ലാഹു ഇബ്റാഹീം നബി (അ) യോട് പറഞ്ഞു: നിങ്ങള്‍ ജനങ്ങളെ ഹജ്ജിനായി വിളിക്കുക. 
            ജനവാസമില്ലാത്ത മണല്‍ക്കാട്ടില്‍ ശ്രോദ്ധാക്കളില്ലാതെ ശൂന്യമായ അന്തരീക്ഷത്തിലേക്ക് നോക്കി ഹേ! ജനങ്ങളെ നിങ്ങള്‍ ഹജ്ജിന് വരൂ! എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നതിലെ അനൗചിത്യ ചിന്ത ഇബ്റാഹീം നബി (അ) യുടെ ഹൃദയത്തില്‍ നാമ്പെടുക്കാതിരിക്കാന്‍ അല്ലാഹു തന്‍റെ പ്രവാചകനോട് പറഞ്ഞു: "വാഹനങ്ങളിലായും കാല്‍നടയായും എല്ലാ വിദൂര ദിക്കുകളില്‍ നിന്നും അവര്‍ നിങ്ങളിലേക്ക് വരും".
ഈ വിളി കേട്ടവര്‍ അതിന് പ്രത്യുത്തരം ചെയ്ത് ഞാനിതാ നിനക്ക് പലവട്ടം ഉത്തരം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കഅ്ബാലയത്തിലണയും എന്നാണ് പണ്ഡിതമതം. ഈ വിളി കേള്‍ക്കാത്തവന്‍ എല്ലാ വിധ സൗകര്യങ്ങളുടെയും ആസ്വാദകനായാല്‍ പോലും ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഭാഗ്യമില്ലാത്തവനായിരിക്കും. 
            ഒന്നോര്‍ത്തുനോക്കൂ! ഹജ്ജ് ചെയ്തവരും ചെയ്യാനുദ്ദേശിക്കുന്നവരും ഒന്ന് കൂടി ഓര്‍ത്തുനോക്കൂ! ഞാന്‍ ആ വിളി കേട്ടിരുന്നോ? ഇല്ല. എത്ര ചിന്തിച്ചിട്ടും അങ്ങനെ ഒരു സംഭവം ഓര്‍ക്കുന്നില്ല. എങ്കില്‍ ഇത് കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമാണോ? അല്ല ഒരിക്കലുമല്ല. അത് സത്യം തന്നെയാണ്. നിഷേധിക്കാന്‍ വരട്ടെ ഒന്ന് കൂടി ചിന്തിക്കാം. നാം നമ്മുടെ ഉമ്മയുടെ മുലപ്പാല്‍ കുടിച്ചിരുന്നു. അത് സത്യമാണോ? ഒന്നോര്‍ത്തു നോക്കൂ. ആ സംഭവം നാം ഓര്‍ക്കുന്നുണ്ടോ? ഇല്ല. എന്നാല്‍ അത് നിഷേധിക്കാമോ? ഈ ചോദ്യത്തിനുത്തരം വ്യക്തമാണ്. നമ്മള്‍ മുല കുടിച്ചിട്ടുണ്ട്. പക്ഷേ, ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഇതുപോലെ നമ്മുടെ ചരിത്രത്തില്‍ ഒരുപാട് സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് സംഭവിച്ചിട്ടുണ്ട്. ആ ഗണത്തില്‍ പെട്ടതാണ് ഇബ്റാഹിം നബി (അ) യുടെ വിളി. അല്ലാഹു വിളിക്കാന്‍ പറഞ്ഞു. ദൂതര്‍ വിളിച്ചു. അഭിമുഖമായി തൊട്ടടുത്ത് നിന്ന് വിളിച്ചാലും കാണാമറയത്ത് അതിവിദൂരത്ത് നിന്ന് വിളിച്ചാലും കേള്‍പ്പിക്കുന്നവന്‍ അല്ലാഹു. അവന്‍ കേള്‍പ്പിക്കുന്നതിന് കാലദൈര്‍ഘ്യമോ ദൂരപരിധിയോ വിഘാതമല്ല എന്ന് വിശ്വസിക്കേണ്ടവനാണ് സത്യവിശ്വാസി. കഅ്ബാ ശരീഫിന്‍റെ തെക്ക് കിഴക്കേ മൂലയില്‍ ചുമരില്‍ ചെറിയൊരു കരിങ്കല്ല് കഷണമുണ്ട്. 'ഹജറുല്‍ അസ്വദ്' (കറുത്ത കല്ല്) എന്നാണതിന്‍റെ പേര്. അതിനുമുണ്ടൊരു കഥ. 
മനുഷ്യപിതാവായ ആദം നബി (അ) യെ സൃഷ്ടിച്ച് അവിടുത്തെ മുതുകില്‍ നിന്ന്            അന്ത്യദിനം വരെ വരാനിരിക്കുന്ന മുഴുവന്‍ സന്തതികളെയും പുറത്തെടുത്ത് അവരോട് സ്രഷ്ടാവ് ചോദിച്ചു: ഞാന്‍ നിന്‍റെ രക്ഷിതാവല്ലേ? മനുഷ്യര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ ഞങ്ങളും നീ നീയുമാണ്. അതായത് റബ്ബ് എന്ന നിലയില്‍ നിന്നെ ഞങ്ങള്‍ക്കറിയില്ല. ഇത് കേട്ട സ്രഷ്ടാവ് മനുഷ്യരെ അഗ്നിയില്‍ പ്രവേശിപ്പിച്ച് ദീര്‍ഘകാലം അവിടത്തെ ശിക്ഷ അനുഭവിപ്പിച്ച് അവിടെ നിന്ന് പുറത്തിറക്കി വീണ്ടും ചോദിച്ചു. ഞാന്‍ നിന്‍റെ രക്ഷിതാവല്ലേ? മറുപടി തഥൈവ. സ്രഷ്ടാവ് അവരെ വിശപ്പ് കൊണ്ട് ശിക്ഷിച്ചു. വിശപ്പ് അസഹനീയമായ ഘട്ടത്തിലെത്തിയപ്പോള്‍ സ്രഷ്ടാവ് അവരോട് ചോദിച്ചു; ഞാന്‍ നിങ്ങളുടെ സ്രഷ്ടാവല്ലേ? വിശന്നു വലഞ്ഞ മനുഷ്യവര്‍ഗ്ഗം പറഞ്ഞു:  അതെ, നീ ഞങ്ങളുടെ റബ്ബാണ്. ഞങ്ങള്‍ നിന്‍റെ ദാസന്മാരും. ഈ സത്യവാങ്മൂലം എഴുതി രേഖപ്പെടുത്തിയ ശേഷം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു വെളുത്ത കല്ല് വരുത്തി അതിനോട് റബ്ബ് പറഞ്ഞു: നിന്‍റെ വായ തുറക്കുക. ആ ശില വായ തുറന്നു. കരാറെഴുതിയ രേഖ ശിലയുടെ വായയില്‍ നിക്ഷേപിച്ചു. ആ ശിലയാണ് കഅ്ബാ ശരീഫിന്‍റെ മൂലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന 'ഹജറുല്‍ അസ്വദ്'. ഹജ്ജ് കര്‍മ്മത്തിന്‍റെ ഭാഗമായതോ അല്ലാതെയോ ഉള്ള ഏത് ത്വവാഫിന് മുമ്പും അതിനെ തൊട്ട് മുത്തണം. അല്ലെങ്കില്‍ പ്രതീകാത്മകമായി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു കൊണ്ട് ഇരുകരങ്ങളും പൊക്കി ഹജറുല്‍ അസ്വദിനെ തൊടുന്നത് പോലെ ആംഗ്യം കാണിച്ചു ഇരു കരങ്ങളും ചുംബിക്കുന്നതും ത്വവാഫിന് ശേഷം ഹജറുല്‍ അസ്വദിനെ ചുംബിക്കുന്നതും സുന്നത്താണ്. 
             ഹജറുല്‍ അസ്വദും ഇബ്റാഹീം മഖാമും കഅ്ബാ ശരീഫിന്‍റെ ചാരത്തെ വറ്റാത്ത നീരുറവയായ 'സംസം കിണറു' മൊക്കെ ഇലാഹീ സ്മരണ ഉയര്‍ത്തുന്നതിന് വേണ്ടി സ്രഷ്ടാവ് സംവിധാനിച്ച മഹത്തായ ദൃഷ്ടാന്തങ്ങളാണ്. ജനലക്ഷങ്ങള്‍ അണമുറിയാതെ ഒഴുകിയെത്തുന്ന മക്കയിലും മദീനയിലും യഥേഷ്ടം ലഭ്യമാകുന്ന വെള്ളത്തിന്‍റെ നീരുറവ വറ്റിയതായി ചരിത്രമില്ല. കേവലം ഒരു കിണറിലെ വെള്ളം ഇടതടവില്ലാതെ പമ്പ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ വെള്ളത്തിന് ഒരു കുറവും വരുന്നില്ലെങ്കില്‍ ഇതില്‍ പരം അത്ഭുതം മറ്റെന്താണ്? ഇങ്ങനെ ദൃഷ്ടാന്തങ്ങളുടെ സംഗമഭൂമിയായ കഅ്ബാ ശരീഫ് ദര്‍ശിക്കാനും അവിടെയുള്ള ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാനും നാഥന്‍ തുണക്കട്ടെ. ആമീന്‍.

Sunday 12 August 2018

ഹജ്ജ് ഒരു അവലോകനം

ഹജ്ജ് ഒരു അവലോകനം

      തീവ്രവാദത്തിന്‍റെ പേരില്‍ ലോക രാജ്യങ്ങള്‍ തമ്മിലടിക്കുന്ന ദയനീയരംഗം. ഓരോ രാജ്യവും തങ്ങളുടെ കര നാവിക വ്യോമ സേനകള്‍ക്ക് അടിയന്തിര ക്ലാസ്സ് നല്‍കുന്ന ഭീതിജനകമായ അവസ്ഥ. രാജ്യത്തിന്‍റെ ആകെ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം വന്‍ ആയുധ ശേഖരത്തിനായി പുതിയ കരാറുകള്‍ ഒപ്പു വെക്കുന്ന ധൃതിയിലാണ്. വ്യക്തികളും കുടുംബവും സമൂഹവും നാട്ടുകാരും രാജ്യങ്ങളും പരസ്പരം രഞ്ജിപ്പില്ലാത്ത കാലം. മനുഷ്യത്വം അന്യവത്കരിക്കപ്പെടുന്ന കാലം. ലോകം മുഴുവന്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും ശുഭ പ്രഭാതത്തിനായി കണ്ണും നട്ടിരിക്കുമ്പോള്‍ സമത്വത്തിന്‍റെയും സമാധാനത്തിന്‍റെയും ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹിത സന്ദേശവുമായി ഒരിക്കല്‍ കൂടി വിശുദ്ധ ദുല്‍ഹിജ്ജ മാസം കടന്നുവരുന്നു.
        ഭാഷ ദേശ വര്‍ഗ്ഗ വംശ വര്‍ണ്ണ വൈജാത്യ ചിന്തകള്‍ക്കതീതമായ മാതൃകാപരവും ചിന്തനീയവുമായ ആഗോള മുസ്ലിം കൂട്ടായ്മക്ക് ദുല്‍ഹജ്ജ് 9 ന് അറഫാ മൈതാനം ഒരിക്കല്‍ കൂടി സാക്ഷിയാകാന്‍ പോകുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനവാസമോ നീരുറവയോ ഇല്ലാതെ വറ്റി വരണ്ട ഊഷര ഭൂമി ചരിത്രഭൂമിയായി മാറി. ആ മഹിത മണ്ണ് ജീവിതത്തിലൊരിക്കലെങ്കിലും സ്പര്‍ശിക്കാന്‍ ഒരവസരം നല്‍കണേ എന്ന പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍. ഈ നിലയിലുള്ള ഒരു സംഘാടനം മറ്റൊരു മതത്തിനും അവകാശപ്പെടാവതല്ല. എല്ലാ വെള്ളിയാഴ്ചകളിലും സംഘടിത നിസ്കാരത്തിനായി കൂടുന്നു. വര്‍ഷത്തില്‍ ഒരു മാസത്തില്‍ എല്ലാ വരും നോമ്പനുഷ്ഠിക്കുന്നു. എല്ലാറ്റിനും പുറമെ ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ ചരിത്രഭൂമിയായ അറഫയില്‍ ഒത്തുകൂടുന്നു. കര്‍മ്മങ്ങളിലെ സാമൂഹ്യസ്വഭാവത്തിന് ഇസ്ലാമില്‍ സമഗ്രാധിപത്യമാണുള്ളത്. 
         പരിശുദ്ധ ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും ആഗതമാവുന്നത് രണ്ട് ത്യാഗോജ്ജ്വല പരിത്യാഗങ്ങളുടെ പരിസമാപ്തി കുറിച്ച് കൊണ്ടാണ്. ഒരു സമഗ്രമാറ്റത്തിനുതകുന്ന ഉന്നതമായ ഭക്തിയും ആത്മീയ പ്രഭയുമാണ് ഹജ്ജ് സമ്മാനിക്കുന്നത്. പരിശുദ്ധ ഹജ്ജ് നല്‍കുന്ന സന്ദേശം ജീവിതത്തില്‍ പ്രയോഗത്തിലെത്തിക്കാന്‍ സാധിച്ചാല്‍ വിജയം സുനിശ്ചിതം. പക്ഷേ, ഇത് സാധ്യമാകുന്നവര്‍ അംഗുലീ പരിമിതം.
           മറ്റ് കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി ശാരീരിക ത്യാഗവും ധന വ്യയവും മാനസിക സമര്‍പ്പണവും മൂന്നും കൂടി സമ്മേളിക്കുന്ന അതിശ്രേഷ്ഠ കര്‍മ്മമാണ് ഹജ്ജ്. സ്വന്തം ജീവന്‍ പോലും അല്ലാഹുവിന് സമര്‍പ്പിക്കാനുള്ള ഉന്നത മനോ ധൈര്യവുമായി ഇറങ്ങിത്തിരിക്കുന്നു. ജിഹാദിന്‍റെ പുണ്യം സ്വീകാര്യയോഗ്യമായ ഹജ്ജിനുണ്ടെന്ന് പണ്യറസൂല്‍ (സ്വ) പഠിപ്പിച്ചു. ഒരിക്കല്‍ മഹതി ആഇശ ബീവി (റ) പുണ്യനബി (സ്വ) യോട് ചോദിച്ചു. ഓ! അല്ലാഹുവിന്‍റെ ദൂതേര! സ്ത്രീകള്‍ക്ക് ബാധ്യതയുണ്ടോ? അവിടുന്ന് പറഞ്ഞു: അവര്‍ക്ക് പോരാട്ടമില്ലാത്ത ജിഹാദാണുള്ളത്. ഹജ്ജും ഉംറയും. മറ്റൊരു ഹദീസില്‍ "മുഴുവന്‍ ദുര്‍ബലര്‍ക്കുള്ള ജിഹാദാണ് ഹജ്ജ്" എന്ന് കാണാം. ഉംറയെ കുറിച്ച് പുണ്യറസൂല്‍ (സ്വ) പറഞ്ഞു; ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്. മറ്റൊരു ഹദീസില്‍ റമളാനിലെ ഒരു ഉംറ ഹജ്ജ് കര്‍മ്മത്തോട് തുല്യമായതാണ് എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറഞ്ഞു: അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുവീന്‍. കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥയോടെയും നിഷ്കളങ്കയോടെയുമാവണം. ആളുകള്‍ക്കിടയില്‍ ഒരു ഹാജി മാത്രമാവാന്‍ വേണ്ടിയാവരുത്. 
എല്ലാ കര്‍മ്മങ്ങള്‍ക്കും രഹസ്യവും പരസ്യവുമുണ്ട്. ഉള്ളും പുറവുമുണ്ട്. പ്രത്യക്ഷവും പരോക്ഷവുമുണ്ട്. കേവലം പുറംപൂച്ചില്‍ മാത്രം കുടുങ്ങിപ്പോവാതെ നോക്കണം. ഇപ്രകാരം ഹജ്ജിനുമുണ്ട് ഇരുതലങ്ങളും. നാടും വീടും കുടുംബവും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് മക്കയിലെത്തി പുണ്യഹജ്ജ് നിര്‍വ്വഹിക്കലാണ് ബാഹ്യരൂപം. എന്നാല്‍ ആന്തരിക രൂപം അല്ലാഹുവിനെ പ്രാപിക്കലാണ്. തന്‍റെ ശരീരം പ്രത്യക്ഷത്തില്‍ ദുന്‍യാവിലെ കാര്യങ്ങളുമായി ബന്ധിച്ച് നില്‍ക്കുന്നുവെങ്കിലും മനസ്സില്‍ അല്ലാഹു അതൊന്ന് മാത്രമാണ് ചിന്ത. അവനല്ലാത്ത സര്‍വ്വതും വിട്ട് യാത്രയാവണം. ഒന്ന് പ്രത്യക്ഷയാത്ര. മറ്റേത് പരോക്ഷമായ ആത്മീയ യാത്ര.
ഹജ്ജിന്‍റെ ക്രമം
 ഹജ്ജ് വളരെ സങ്കീര്‍ണ്ണമായ അമലായത് കൊണ്ട് തന്നെ അതിനെ സംബന്ധിക്കുന്ന നിയമങ്ങളും സങ്കീര്‍ണ്ണമായിരിക്കുമല്ലോ?. ഹജ്ജിന്‍റെ അമലുകളെ പൊതുവായും മൂന്നായിട്ടാണ് വിഭജിച്ചിരിക്കുന്നത്. 1. റുക്നുകള്‍ 2. വാജിബാത്തുകള്‍ 3. സുന്നത്തുകള്‍.ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ ഇവ മൂന്നും ഇടകലര്‍ന്നു വരുന്നതായി കാണാം. ഇവകളെ വേണ്ട രീതിയില്‍ യഥാര്‍ത്ഥ സമയത്ത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മാത്രമേ ഹജ്ജ് സ്വീകാര്യയോഗ്യമാവുകയുള്ളൂ. അതു കൊണ്ട് തന്നെ ഹജ്ജിന്‍റെ കര്‍മ്മങ്ങളെ ക്രമമായി താഴെ വിവരിക്കാം.
1. ഇഹ്റാം ചെയ്യല്‍
   ഇഹ്റാം ചെയ്യല്‍ ഹജ്ജില്‍ ഒഴിച്ചു കൂടാനാവാത്ത അമലാണ്. ഇഹ്റാം ചെയ്യുന്നതിലൂടെയാണ് വ്യക്തി ഹജ്ജില്‍ പ്രവേശിക്കുന്നതും. ഹജ്ജിന്‍റെ നിയ്യത്ത് ചെയ്യലാണ് ഇഹ്റാം ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹജ്ജിന്‍റെ ആദ്യപത്ത് ദിനങ്ങള്‍ (പെരുന്നാള്‍ ദിനം സുബ്ഹി വരെ) ഹജ്ജിന്‍റെ ഇഹ്റാം ചെയ്യാനുള്ള സമയമാണ്. ഇഹ്റാമിലൂടെ ഹജ്ജില്‍ പ്രവേശിക്കുന്ന വിശ്വാസി അല്ലാഹുവിന്‍റെ കല്പനകള്‍ക്ക് മുന്നില്‍ സവിനയം തലകുനിക്കുന്നു. ഇവിടെ നിസ്കാരത്തിലെ പ്രതിജ്ഞകള്‍ കര്‍മ്മരൂപം പ്രാപിക്കുന്നു. അല്ലെങ്കില്‍ ഒരു ഹാജിക്ക് മാത്രമേ അതിന് സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അത് കൊണ്ട് തന്നെ നിസ്കാരം പ്രകീര്‍ത്തനവും പ്രതിജ്ഞയും പ്രാര്‍ത്ഥനയുമാണെങ്കില്‍ ഹജ്ജ് പ്രകീര്‍ത്തനവും പ്രയത്നവും പ്രാര്‍ത്ഥനയുമാണ്.
2. ഖുദൂമിന്‍റെ ത്വവാഫ് (ആഗമന ത്വവാഫ്)
ഹാജിയെ സംബന്ധിച്ചിടത്തോളം രണ്ടാമതായി അവന്‍ ചെയ്യേണ്ടത് ഖുദൂമിന്‍റെ ത്വവാഫാണ്. ശക്തിയായ സുന്നത്തുള്ള കര്‍മ്മം കഅ്ബക്കുള്ള തഹിയ്യത്ത് (കാണിക്ക) കൂടിയാണ്. അറഫയില്‍ നിറുത്തത്തിന് മുമ്പ് ത്വവാഫ് ചെയ്യണമെന്നുള്ളത് പ്രത്യേകം സ്മരിക്കേണ്ടതാണ്. കാരണം അറഫയില്‍ നില്‍ക്കല്‍ കൊണ്ട് ഖുദൂമിന്‍റെ ത്വവാഫ് നഷ്ടപ്പെട്ടു പോകും.
3. സ്വഫാ മര്‍വക്കിടയില്‍ സഅ്യ്
  ഭൗതികവും ആത്മീയവുമായ ജീവിതത്തിന്‍റെ വിജയത്തിനായി എന്തൊക്കെയാണോ നമുക്കില്ലാത്തത് അവ നേടിയെടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഈ കര്‍മ്മം നമ്മെ ബോധവാന്‍മാരാക്കുന്നു. ഇവിടെ വിഭവരാഹിത്യവും നിസ്സഹായതയും മുന്നോട്ടുള്ള യാത്രയില്‍ തടസ്സമായിക്കൂടാ എന്ന സന്ദേശം കൂടി സഅ്യ് നല്‍കുന്നുണ്ട്. ഹാജറാ (റ) ബീവിയുടെ ചരിത്രം നല്‍കുന്ന പാഠവും അതാണല്ലോ. നിസ്സഹായതയുടെ മറപിടിച്ച് നിഷ്ക്രിയയായി ചുരുണ്ടു കൂടാന്‍ ആ ഭക്തക്ക് സാധിക്കുമായിരുന്നു. പക്ഷേ, പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാനായിരുന്നുവല്ലോ അവരുടെ ശ്രമം. ഹാജറാ ബീവി (റ) യുടെ മാതൃകാപരമായ ഈ സമീപനം ലോക മുസ്ലിംകള്‍ക്ക് മുഴുവന്‍ പാഠമാകേണ്ടതുണ്ട്. 
ഹജ്ജിന്‍റെ പ്രധാനപ്പെട്ട ഫര്‍ളായ സഅ്യ് ഏഴ് പ്രാവശ്യം ചെയ്തു എന്ന് ഉറപ്പ് വരുത്തല്‍ നിര്‍ബന്ധമാണ്. ഒരാള്‍ ഖുദൂമിന്‍റെ ത്വവാഫ് ചെയ്താല്‍ അറഫയില്‍ നില്‍ക്കുന്നതിന് മുമ്പ് തന്നെ സഅ്യ് ചെയ്യണം. അല്ലാത്ത പക്ഷം ഫര്‍ളായ ത്വവാഫിന് ശേഷമേ സഅ്യ് സ്വഹീഹാകൂ.
4. മിനായില്‍ രാപാര്‍ക്കല്‍
  ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ മുഖ്യമായ മറ്റൊരു കര്‍മ്മമാണ് രാപാര്‍ക്കല്‍. ഇബ്റാഹിം നബി (അ) തന്‍റെ പുത്രനെ അല്ലാഹുവിന്‍റെ കല്പന പ്രകാരം അറുക്കാന്‍ തയ്യാറായതിനെ അനുസ്മരിച്ച് ഹജ്ജിനായി ഒരുമിച്ചു കൂടുന്ന വിശ്വാസികള്‍ ബലിയറുക്കുന്നത് മിനായില്‍ വെച്ചാണ്. 
ദുല്‍ഹജ്ജ് 9 ന്‍റെ രാവ് മിനയില്‍ താമസിക്കല്‍ സുന്നത്തും അയ്യാമുത്തശ്രീഖ് (ദുല്‍ ഹ്ജജ് 11,12,13) ന്‍റെ രാത്രികളില്‍ രാപാര്‍ക്കല്‍ വാജിബുമാണ്. വാജിബായ രൂപത്തില്‍ രാത്രിയുടെ ഭൂരിഭാഗവും (പകുതിയില്‍ കൂടുതലും) മിനയില്‍ തങ്ങല്‍ നിര്‍ബന്ധമാണ്.
5. തിരിച്ചറിവിന്‍റെ അറഫ
          നബി (സ) പറഞ്ഞു:"അറഫയാകുന്നു ഹജ്ജ്". ഹജ്ജിലെ പ്രധാനപ്പെട്ട റുക്നാണ് അറഫയില്‍ നില്‍ക്കല്‍. വാക്കര്‍ത്ഥം സൂചിപ്പിക്കുന്നതു പോലെ അറഫ തിരിച്ചറിവിന്‍റെ  ഇടമാണ്. താനടക്കം എല്ലാ സൃഷ്ടികളും മഹ്ശറ എന്ന വലിയ സത്യത്തെ നേരിടേണ്ടി വരുമെന്ന തിരിച്ചറിവ്!.
ദുല്‍ഹജ്ജ് 9 ഉച്ചതിരിഞ്ഞതു മുതല്‍ പെരുന്നാള്‍ ദിനം സുബ്ഹിയുടെ സമയം പ്രവേശിക്കുന്നത് വരെ ഏതെങ്കിലും ഒരു സെക്കന്‍റില്‍ അറഫയില്‍ ഹാജരായാല്‍ ഫര്‍ള് കരസ്ഥമാകും. ആദിമ കാലത്തെ അനുസ്മരിപ്പിക്കുന്ന അറഫ അന്ത്യത്തെ കുറിച്ച് അവബോധവും വിശ്വാസിക്ക് കൈമാറുന്നു.
6. കര്‍മ്മത്തിലേക്ക് ക്ഷണിക്കുന്ന മുസ്ദലിഫ
          അറഫയിലൂടെ സ്വന്തത്തെ അറിഞ്ഞ വിശ്വാസി അറിവിനെ കര്‍മ്മത്തി നോടടുപ്പിക്കാനുള്ള തയ്യാറെടുപ്പാണല്ലോ 'അടുക്കുന്നവര്‍' എന്നര്‍ത്ഥം വരുന്ന മുസ്ദലിഫയിലേക്ക് പോകുന്നതിന്‍റെ ആന്തരീകമായ ഉദ്ദേശ്യം.
പെരുന്നാള്‍ രാവിന്‍റെ പകുതിക്കു ശേഷം കുറച്ച് സമയമെങ്കിലും മുസ്ദലിഫയില്‍ താമസിക്കല്‍ വാജിബാണ്. അല്ലാത്ത പക്ഷം അറവ് നിര്‍ബന്ധമാകുന്നതാണ്. തക്കതായ കാരണത്തിന്‍റെ പേരിലാണ് നിറുത്തം ഒഴിവാക്കിയതെങ്കില്‍ അറവ് നടത്തേണ്ടതില്ല. പെരുന്നാള്‍ ദിനം സുബ്ഹിക്ക് ശേഷം മശ്അറുല്‍ ഹറാമില്‍ (മുസ്ദലിഫയുടെ അവസാനം കാണുന്ന ചെറിയ കുന്ന്) നില്‍ക്കലും ശക്തിയായ സുന്നത്താണ്.
7. ജംറകളില്‍ എറിയല്‍
          ജംറകളില്‍ എറിയുന്ന വിശ്വാസി ഹജ്ജിന്‍റെ വാജിബായ ഒരു കര്‍മ്മം നിര്‍വ്വഹിക്കുന്നു എന്നതിലുപരി പിശാചിനോടുള്ള പ്രതിഷേധമറിയിക്കുകയും പ്രപഞ്ചനാഥന്‍റെ തൃപ്തി കാംക്ഷിക്കുക കൂടി ചെയ്യുന്നു.
രണ്ട് ഘട്ടങ്ങളായാണ് ജംറകളില്‍ കല്ലെറിയുന്നത്. പെരുന്നാള്‍ രാവ് പകുതിയായത് മുതല്‍ പെരുന്നാളിന്‍റെ ഏറിന് സമയമാവുകയാണ്. ഈ സമയം ജംറത്തുല്‍ അഖബയില്‍ മാത്രമേ കല്ലെറിയുന്നുള്ളൂ.
രണ്ടാം ഘട്ടം ദുല്‍ഹജ്ജ് 11,12,13 തീയതികളില്‍ എല്ലാ ജംറകളിലും കല്ലെറിയണം. അതാതു ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞതു മുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് എറിയേണ്ട സമയം. 
മുടികളയലും റുക്നിന്‍റെ ത്വവാഫും
പെരുന്നാള്‍ രാവ് പകുതി കഴിഞ്ഞതു മുതല്‍ മരണം വരെ സമയവിശാലതയുള്ള രണ്ട് റുക്നുകളാണ് മുടികളയലും റുക്നിന്‍റെ (ഇഫാളത്തിന്‍റെ) ത്വവാഫും. കുറഞ്ഞ പക്ഷം മൂന്ന് മുടിയെങ്കിലും കളയണമെന്നാണ് നിയമം. മുടി കളയല്‍ റുക്നിന്‍റെ ത്വവാഫിന് മുമ്പ് ചെയ്യലാണ് ഉത്തമം.
ഇവിടെ ഒരു പുതിയ മനുഷ്യന്‍റെ ജന്മത്തെയാണ് സൂചിപ്പിക്കുന്നത്. ഹജ്ജിലൂടെ ആത്മശാന്തിയും സ്രഷ്ടാവിന്‍റെ പ്രീതിയും കരസ്ഥമാക്കിയ ഒരു പുതിയ മനുഷ്യന്‍റെ ജനനം. സ്വീകാര്യ യോഗ്യമായ ഹജ്ജിന്‍റെ പ്രതിഫലമായി നബി (സ) എണ്ണിയതിന്‍റെ താല്‍പര്യവും ഒരു നവജാത ശിശുവിനെ പോലെയാകുമെന്നായിരുന്നല്ലോ. 
ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ നിന്ന് മുന്‍ഗണനാ ക്രമമനുസരിച്ച് നോക്കുമ്പോള്‍ അവസാനത്തെ റുക്നാണ് ഇഫാളത്തിന്‍റെ ത്വവാഫ്. റുക്നിന്‍റെ ത്വവാഫ് എന്നും ഇതിന് പറയാറുണ്ട്. മേല്‍ സൂചിപ്പിച്ചതു പോലെ പെരുന്നാള്‍ രാവ് പകുതിയായത് മുതല്‍ മരണം വരെ ഇതിന് സമയം നല്‍കപ്പെട്ടിട്ടുണ്ട്. ഇമാം സര്‍ക്കശി (റ) യെ പോലുള്ളവര്‍ അറഫയില്‍ നില്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ഇഫാളത്തിന്‍റെ ത്വവാഫ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
വിടവാങ്ങല്‍ ത്വവാഫ്
നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുമ്പോള്‍ ഹറമിനോട് വിടവാങ്ങുന്നതിനോടനുബന്ധിച്ച് ചെയ്യുന്ന വാജിബായ ത്വവാഫാണ് ഇത്. ഇമാം ബഗ്വി (റ) പറയുന്നു: "വിടവാങ്ങല്‍ ത്വവാഫ് ഹജ്ജിന്‍റെ അമലുകളില്‍ പെട്ടതല്ല. മറിച്ച് മക്കയില്‍ നിന്ന് രണ്ട് മര്‍ഹലക്കപ്പുറം യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് മക്കക്കാരന്‍, അല്ലാത്തവന്‍ എന്ന വ്യത്യാസമില്ലാതെ ഈ നിയമം ബാധകമാകുന്നതാണ്. ഇനി ഹജ്ജിന് ശേഷം മക്കയില്‍ താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.
നബി (സ) യുടെ റൗള സിയാറത്ത്
നബി (സ) പറഞ്ഞു: "ആരെങ്കിലും എന്‍റെ ഖബ്ര്‍ സന്ദര്‍ശിച്ചാല്‍ അവന്‍റെ മേല്‍ എന്‍റെ ശിപാര്‍ശ നിര്‍ബന്ധമായി". ഹജ്ജില്‍ നിന്ന് വിരമിച്ചവര്‍ക്ക് നബി (സ) യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ ശക്തിയായ സുന്നത്താണ്. തദ്വിഷയത്തില്‍ പ്രേരണ വന്ന ഹദീസുകളുടെ ആധിക്യം തന്നെ ഇത് സൂചിപ്പിക്കുന്നുണ്ടല്ലോ.
ഇങ്ങനെ വിവിധങ്ങളായ കര്‍മ്മങ്ങളിലൂടെ സമ്പൂര്‍ണ്ണനായ വ്യക്തി രൂപം കൊള്ളുകയാണ്. പൈശാചികതക്കെതിരെ വിപ്ലവം നടത്തുന്ന ഒരു സമ്പൂര്‍ണ്ണ വിപ്ലവകാരി ഹജ്ജിലൂടെ ജനിക്കുന്നു. ഓരോ ഹജ്ജും പൈശാചികതയ്ക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് സമ്മാനിക്കുന്നത്. നിരന്തര കര്‍മ്മങ്ങളിലൂടെ ഒരു ജീവിത സമരത്തിന്‍റെ ആത്മാവും ആവാഹിച്ചു കൊണ്ടാണ് വിശ്വാസികള്‍ പുണ്യഭൂമിയില്‍ നിന്ന് മടങ്ങുന്നത്. സമരം സ്വന്തം ദേശത്തും തുടരാന്‍.....
                                                                                                                                 സയ്യിദ് അഹ്മദ് കബീര്‍ ഇര്‍ഫാനി

ഹൃദയം തഖ്‌വയുടെ ഉറവിടം


ഹൃദയം തഖ്‌വയുടെ ഉറവിടം


                 "അബൂദര്‍റ് (റ) വില്‍ നിന്ന് നിവേദനം: "നബി (സ്വ) പറഞ്ഞു: അല്ലാഹു തആല പറഞ്ഞു: "എന്‍റെ ദാസന്മാരേ... നിശ്ചയം നിങ്ങളില്‍ ആദ്യക്കാരും അവസാനക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളില്‍ വെച്ച് ഏറ്റവും തഖ്‌വയുള്ള ഒരാളുടെ ഹൃദയത്തിന്മേലായിരുന്നാലും അത് എന്‍റെ അധികാരത്തില്‍ യാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല. എന്‍റെ ദാസന്മാരേ, നിങ്ങളില്‍ പെട്ട ആദ്യക്കാരും അവസാനക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം ഏറ്റവും തെമ്മാടിയായ ഒരാളുടെ ഹൃദയത്തിന്മേലായിരുന്നാലും അത് എന്‍റെ അധികാരത്തില്‍ നിന്നും ഒട്ടും കുറക്കുകയുമില്ല" (മുസ്ലിം).
           തഖ്‌വയുടെയും തെമ്മാടിത്തരത്തിന്‍റെയും പ്രഭവകേന്ദ്രം ഹൃദയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഹൃദയം നന്നാവുകയും അതില്‍ തഖ്വ രൂഡമൂലമാവുകയും ചെയ്താല്‍ അവയവങ്ങള്‍ നന്നാവുകയും അവയിലൂടെ നന്മകള്‍ പ്രകടമാവുകയും ചെയ്യും. നേരേ മറിച്ച് ഹൃദയം ദുഷിക്കുകയും അതില്‍ തെമ്മാടിത്തം നില കൊള്ളുകയും ചെയ്താല്‍ അവയവങ്ങളിലൂടെ തിന്മകള്‍ പ്രകടമാവുകയും ചെയ്യും.
              നുഅ്മാനു ബ്നു ബഷീര്‍ (റ) വില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു ഹദീസില്‍ കാണാം: നബി (സ്വ) പറയുന്നു: അറിയണം നിശ്ചയമായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയണം അതാണ് ഹൃദയം" (ബുഖാരി, മുസ്ലിം).
          ഹൃദയം നന്നായാല്‍ അതില്‍ അല്ലാഹുവിന്‍റെ സ്മരണയും അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുമല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ അവയവങ്ങള്‍ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങളിലല്ലാതെ വ്യാപൃതമാവുകയില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ തൃപ്തി ഏത് കാര്യത്തിലാണോ അതിലേക്ക് അവ ധൃതിപ്പെടുകയും അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്ന് അവ വിട്ടുനില്‍ക്കുകയും ചെയ്യും. അപ്പോള്‍ സത്യം പറയുന്നതിലൂടെയും പ്രയോജനപ്രദമായ അറിവുകള്‍ പറയുന്നതിലൂടെയും നാവ് നന്നായിത്തീരുകയും, കണ്ണുകള്‍ ഗുണപാഠത്തിനാലും ഹറാമുകള്‍ കാണുന്നതിനേ തൊട്ട് ചിമ്മുന്നതിലൂടെയും നന്നായിത്തീരുകയും സദുപദേശം, ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ സംസാരം തുടങ്ങിയവ കേള്‍ക്കുന്നതിലൂടെ ചെവി നന്നാവുകയും പാതിവൃത്യത്തിനാലും ഹറാമുകള്‍ സൂക്ഷിക്കുന്നതിനാലും ഗുഹ്യസ്ഥാനവും നന്നായിത്തീരുകയും ചെയ്യും. 
          ഹൃദയം നന്നാവാതെ ഒരു മനുഷ്യന്‍റെ ഈമാന്‍ പരിപൂര്‍ണ്ണമാവുകയില്ല. അവന്‍റെ നാവ് നന്നാകുന്നത് വരെ അവന്‍റെ ഹൃദയവും നന്നാവുകയില്ല. അപ്പോള്‍ ഒരാള്‍ നേര്‍മാര്‍ഗ്ഗത്തില്‍ നില കൊള്ളുന്നതിന്‍റെ അടിസ്ഥാനം അവന്‍റെ ഹൃദയം തൗഹീദില്‍ അടിയുറക്കലാണ്. ഏതൊരാളുടെ ഹൃദയം അല്ലാഹുവിന്‍റെ മഅ്രിഫത്തില്‍ ചൊവ്വാവുകയും അവനോടുള്ള തഖ്വയിലും ആദരവിലും അവനെ മാത്രം ലക്ഷ്യമാക്കുന്നതിലും അവനോട് പ്രാര്‍ത്ഥിക്കുന്നതിലും അവന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്നതിലും ഉറക്കുകയും അവനല്ലാത്ത സകലതിനെ തൊട്ടും തിരിഞ്ഞു കളയുകയും ചെയ്യുന്നുവോ നിശ്ചയമായും അവന്‍റെ അവയവങ്ങളെല്ലാം ചൊവ്വാകുന്നതാണ്. 
         താന്‍ ആരെ ഇഷ്ടപ്പെടുന്നുവോ അത് അല്ലാഹുവിന് വേണ്ടി (അവന്‍റെ തൃപ്തിക്ക് വേണ്ടി) യായിരിക്കുകയും ആരെ വെറുക്കുന്നുവോ അതും അല്ലാഹുവിന് വേണ്ടിയായിരിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കുകയാണെങ്കില്‍ അത് അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടിയായിരിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും തടഞ്ഞാല്‍ അതും അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടിയായിയിരിക്കുകയും ചെയ്യുന്നുവോ നിശ്ചയം അവന്‍ ഈമാന്‍ പരിപൂര്‍ണ്ണമായവനാണ്. 
           അല്ലാഹുവിന് വേണ്ടി സ്നേഹിക്കലും അല്ലാഹുവിന് വേണ്ടി വെറുക്കലും ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അവന്‍ കൊടുക്കുന്നതും തടയുന്നതും അല്ലാഹുവിന് വേണ്ടിയാകുമ്പോള്‍ അത് രണ്ടും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അപ്പോള്‍ ബാഹ്യമായും ആന്തരികമായും അവന്‍ ഈമാന്‍ പരിപൂര്‍ണ്ണമായവനാണെന്ന് അത് തെളിയിക്കുന്നു. അല്ലാഹുവിന്‍റെ വിഷയത്തില്‍ സ്നേഹിക്കുകയെന്നാല്‍ താന്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളെല്ലാം ഇഷ്ടപ്പെടുകയും ചെയ്യലാണ്. അല്ലാഹുവിന്‍റെ വിഷയത്തിലുള്ള വെറുപ്പെന്നാല്‍ അല്ലാഹു വെറുക്കുന്ന സകലതും വെറുക്കലാണ്. അഥവാ സത്യനിഷേധം, തെമ്മാടിത്തം, അല്ലാഹുവിന്‍റെ കല്‍പ്പന നിരോധനങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വെറുക്കലും അത്തരം വിശേഷണങ്ങള്‍ ആരിലുണ്ടോ അവരെ വെറുക്കലും അതിലേക്ക് ക്ഷണിക്കുന്നവരെ വെറുക്കലുമാണ് ഒരാളുടെ സ്നേഹവും വെറുപ്പും കൊടുക്കലും തടയലുമെല്ലാം. ദേഹേച്ഛക്കനുസൃതമായിരുന്നാല്‍ അഥവാ അല്ലാഹുവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരിയായി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായിരുന്നാല്‍ അത് അവന്‍റെ ഈമാനിന്‍റെ കുറവ് മൂലമായിരിക്കുന്നതും ഉടന്‍ തന്നെ അവന്‍ തൗബ ചെയ്ത് മടങ്ങല്‍ നിര്‍ബന്ധവുമാണ്. 
            നീ നന്നാകലും ചീത്തയാകലും ഒരു മാംസക്കഷണത്തിന്‍റെ നന്നാകലിനോടും ദുഷിപ്പിനോടും ബന്ധിപ്പിച്ചതായിരുന്നാല്‍ ആ മാംസക്കഷണത്തെ നന്നാക്കുന്നതിന് വേണ്ടി പ്രയത്നിക്കല്‍ നിനക്കത്യാവശ്യമാണ്. 
           ഹൃദയത്തില്‍ കുടികൊള്ളുന്ന അഹങ്കാരം, അസൂയ, ലോകമാന്യം, പൊങ്ങച്ചം, പക, കോപം തുടങ്ങിയ ദുര്‍ഗ്ഗുണങ്ങളെ ഇല്ലായ്മ ചെയ്ത് വിനയം, സമസൃഷ്ടി സ്നേഹം, നിസ്വാര്‍ത്ഥത, കരുണ, ദയ, ഭയഭക്തി തുടങ്ങിയ സദ്ഗുണങ്ങള്‍ ഹൃദയത്തില്‍ നിറയുമ്പോഴേ അത് നന്നാവുകയുള്ളൂ. അത് നന്നായാലേ മറ്റ് അവയവങ്ങളും ശരീരം മുഴുവനും നന്നാവുകയും ജീവിതം നന്മയില്‍ അധിഷ്ഠിതമാവുകയും ചെയ്യൂ. മേല്‍പ്പറഞ്ഞ വിധം ഹൃദയത്തെ സ്ഫുടം ചെയ്ത് സദ്ഗുണ സമ്പന്നമാക്കണമെങ്കില്‍ ഒരു ആത്മീയ ആചാര്യനെ തേടിപ്പിടിച്ച് ആ ഗുരുവിന്‍റെ ശിഷ്യത്വം സ്വീകരിക്കല്‍ അനിവാര്യമാണ്. അല്ലാഹു തആല പറഞ്ഞു: "സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിലേക്ക് നിങ്ങള്‍ വസ്വീല തേടുകയും ചെയ്യുവീന്‍" () എന്ന ആയത്തില്‍ പറഞ്ഞ 'വസ്വീല' ഹഖീഖത്തിന്‍റെ പണ്ഡിതന്മാരും മുറബ്ബിയായ മശാഇഖുമാരാണ്. (തഫ്സീറു റൂഹുല്‍ ബയാന്‍).
           അപ്പോള്‍ അല്ലാഹുവിലേക്ക് അടുക്കണമെങ്കില്‍ ഹൃദയത്തിന്‍റെ ദുര്‍ഗുണങ്ങള്‍ അകറ്റി അതിനെ സംസ്കരിച്ച് സദ്ഗുണ സമ്പന്നമാക്കുകയും തദ്വാര മഅ്രിഫത്ത് കരസ്ഥമാക്കി റബ്ബിന്‍റെ സാമീപ്യം നേടി ലക്ഷ്യസാക്ഷാത്കാരം സാധ്യമാവുകയും വേണമെങ്കില്‍ ഒരു ആത്മീയ ഗുരുവിനെ (മുറബ്ബിയായ ശൈഖിനെ) തേടിപ്പിടിക്കണമെന്നുമാണ് ഉദ്ദൃത ആയത്തില്‍ അല്ലാഹുവിന്‍റെ കല്‍പന. മുറബ്ബിയായ മശാഇഖുമാര്‍ ഒരു നിശ്ചിത കാലഘട്ടം വരെ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇക്കാലത്ത് മുറബ്ബി ലഭ്യമല്ലെന്നും ആത്മീയാന്ധത ബാധിച്ച ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അത് അബദ്ധ ജഡിലവും ദുരുദ്ദേശപരവും വാസ്തവ വിരുദ്ധവുമാണ്. എന്തുകൊണ്ടെന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ 'ഓ സത്യവിശ്വാസികളേ!" എന്ന് സത്യവിശ്വാസികളെ വിളിച്ച് അഭിസംബോധനയായി വന്നിട്ടുള്ള എല്ലാ കല്‍പനകളും ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാണ്. 'അല്ലാഹുവിലേക്ക് നിങ്ങള്‍ വസ്വീല തേടുവീന്‍" എന്ന് അല്ലാഹു കല്‍പിച്ചാല്‍ ആ വസ്വീല ഖിയാമത്ത് നാള്‍ വരെ ലോകത്ത് അവശേഷിക്കുകയും നിലനില്‍ക്കുകയും വേണം. അല്ലാത്ത പക്ഷം ഇപ്രകാരം അല്ലാഹു കല്‍പ്പിക്കുകയില്ല. ഇല്ലാത്തത് തേടിപ്പിടിക്കാന്‍ അവന്‍ കല്‍പ്പിച്ചാല്‍ അത് മനുഷ്യന് അസാധ്യമാകും. അസാധ്യമായത് അല്ലാഹു ഒരു ശരീരത്തോടും കല്‍പിക്കുകയുമില്ല.
              അപ്പോള്‍ മുറബ്ബിയായ മശാഇഖുമാര്‍ കാലഹരണപ്പെട്ടുവെന്ന വാദം ബാലിശവും പ്രമാണ വിരുദ്ധവുമാണ്. ലോകാവസാനം  വരെ മുറബ്ബിയുണ്ടാകും. പക്ഷേ, ആ മഹാ ഗുരുക്കന്മാരെ തേടിപ്പിടിക്കണം. ഭാഗ്യവാന്മാര്‍ അവരെ കണ്ടെത്തും. അല്ലാത്തവര്‍ നിഷേധം തുടര്‍ന്നു കൊണ്ടിരിക്കും. ഇമാം ബൂസ്വൂരി (റ) പാടിയത് പോലെ: "ചെങ്കണ്ണ് രോഗം ബാധിച്ച കണ്ണ് സൂര്യപ്രകാശത്തെ നിഷേധിച്ച് നിരാകരിക്കുകയും രോഗബാധിതന്‍റെ (പനി ബാധിച്ചവന്‍റെ) നാവ് വെള്ളത്തിന്‍റെ രുചിയേയും നിഷേധിച്ച് നിരാകരിക്കുകയും ചെയ്യും" (ബുര്‍ഉദാഅ്). അല്ലാഹു സത്യാവലംബികളാകുവാന്‍ നാമേവരേയും തുണക്കട്ടെ. ആമീന്‍.

Saturday 28 July 2018

വഹ്ദത്തുല്‍ വുജൂദ്

വഹ്ദത്തുല്‍ വുജൂദ് 

            വുജൂദ് (ഉണ്മ) യഥാര്‍ത്ഥത്തില്‍ ഒന്നേ ഉള്ളൂ എന്നതാണ് വഹ്ദത്തുല്‍ വുജൂദ് എന്നതുകൊണ്ടുള്ള വിവക്ഷ. (യഥാര്‍ത്ഥ ആരാധ്യന്‍ അല്ലാഹുവല്ലാതെ ആരുമില്ല) എന്ന വിശുദ്ധ കലിമയുടെ (യഥാര്‍ത്ഥത്തില്‍ വുജൂദ് ഉള്ളവന്‍ അല്ലാഹുവല്ലാതെ ഇല്ല) എന്ന തലം വ്യക്തമാക്കുന്നത് ഈ വഹ്ദത്തുല്‍ വുജൂദിനെയാണ്. മലയാളത്തില്‍ ഈ അറബി പദത്തിന് ഏകോണ്മതത്വം എന്ന് വേണമെങ്കില്‍ പറയാം. അന്നും ഇന്നും എന്നും യഥാര്‍ത്ഥത്തില്‍ വുജൂദ് അല്ലാഹുവിന് മാത്രമാണ്. അഥവാ അവന്‍റേത് മാത്രമാണ് യഥാര്‍ത്ഥ ആസ്തിക്യം. മറ്റുള്ളതെല്ലാം അവനില്‍ നിന്ന് അവന്‍ നല്‍കുന്നതാകയാല്‍ യഥാര്‍ത്ഥ ആസ്തിക്യമല്ല. ആപേക്ഷികമാണ്. 
                വഹ്ദത്തുല്‍ വുജൂദിന്‍റെ കോണിലൂടെ മനസ്സിലാക്കുമ്പോള്‍ ഈ ലോകത്തുള്ളവയും എന്നല്ല അല്ലാഹുവല്ലാത്തത് സര്‍വ്വതും യഥാര്‍ത്ഥത്തില്‍ അവന്‍റെ വുജൂദും അതിനുള്ള നിര്‍ണ്ണയങ്ങളുമാണ്. അഥവാ ആ വുജൂദും അതിന്‍റെ നാമവിശേഷണങ്ങളും പ്രകടമാകുന്നവയാണ്.
              ഈ തത്വം ആന്തരീകായി ബോധ്യപ്പെടാത്തിടത്തോളം കേവലം ബാഹ്യനില വെച്ച് നോക്കിയാല്‍ ഇത് തെറ്റാണെന്നും അവതാരവാദമാണെന്നും തോന്നിയേക്കാം. ഇത്രയും കൃത്യവും സത്യവും എന്നല്ല ഖുര്‍ആനും ഹദീസും മഹദ്വചനങ്ങളും കൊണ്ട് സ്ഥിരപ്പെട്ടതും യഥാര്‍ത്ഥമായ മതം അഥവാ വിശുദ്ധ മതത്തിന്‍റെ അടിസ്ഥാനമിതാണെന്ന് വ്യക്തമായതുമായ കാര്യത്തെ നിഷേധിക്കലാണ് പിഴവ്. നിഷേധിച്ചവരാണ് പിഴച്ചത്. അംഗീകരിക്കുന്നവരും ഉള്‍ക്കൊള്ളുന്നവരുമല്ല. പിഴച്ചത് ഇവരല്ല, അവരാണ്. 
        വഹ്ദത്തുല്‍ വുജൂദ് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആനിക വചനങ്ങളിലൊന്ന് കാണുക: "തങ്ങള്‍ എറിഞ്ഞ നേരത്ത് തങ്ങള്‍ എറിഞ്ഞില്ല, എന്നാല്‍ അല്ലാഹുവാണ് എറിഞ്ഞത്" (...). ധാരാളം മഹാന്മാര്‍ ഈ വചനത്തെ വഹ്ദത്തുല്‍ വുജൂദിന് തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി (സ്വ) യുടെ ഏറിനെ അല്ലാഹുവിന്‍റെ ഏറായിട്ടാണ് അവന്‍ ഈ ആയത്തില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ അല്ലാഹു, തങ്ങള്‍ എന്നിങ്ങനെ പലതില്ല. അത് ബാഹ്യവീക്ഷണവും പരിഗണനയുമാണ്. അതിനാല്‍ തത്വത്തില്‍ ഞാന്‍ മാത്രമാണുള്ളത്. അതുകൊണ്ട് ഏറ് എന്‍റേതാണ്. 
         വഹ്ദത്തുല്‍ വുജൂദ് ഹുലൂലും ഇത്തിഹാദാണെന്ന് പറയുന്നവര്‍ അല്ലാഹുവിനെ സംബന്ധിച്ചും അത് പറയേണ്ടിവരില്ലേ? നബി (സ്വ) അല്ലാഹുവാകണ്ടേ നബിയുടെ ഏറ് അല്ലാഹുവിന്‍റെ ഏറാകണമെങ്കില്‍? അപ്പോള്‍ അല്ലാഹു നബിയില്‍ അവതരിച്ചുവെന്നല്ലേ വരുന്നത്? അന്യമതസ്ഥരില്‍ നിന്നും ഏടുകളില്‍ നിന്നും വഹ്ദത്തുല്‍ വുജൂദ് പഠിക്കുമ്പോള്‍ ഇത്തരത്തില്‍ ഭീമാബദ്ധങ്ങളില്‍ ചാടേണ്ടിവരും. അതുകൊണ്ട് പിഴച്ചത് വഹ്ദത്തുല്‍ വുജൂദ് വ്യക്തമാക്കിയ അല്ലാഹുവല്ല, അത് നിഷേധിച്ചവരാണ്. 
               "അല്ലാഹു ഒഴികെയുള്ള സര്‍വ്വതും മിഥ്യയാണ്. എല്ലാ സുഖങ്ങളും നിസ്സംശയം നീങ്ങുന്നതാണ്". എന്ന ലബീദ് (റ) വചനത്തിന് തിരുനബി (സ്വ) അംഗീകാരവും വാസ്തവീകരണവും ല്‍കിയത് വഹ്ദത്തുല്‍ വുജൂദിന് തിരുസുന്നത്തിലെ തെളിവുകളില്‍ നിന്നുള്ള ഒരെണ്ണമാണ്. അപ്പോള്‍ അല്ലാഹുവും അവന്‍റെ തിരുദൂതരും പഠിപ്പിച്ച വഹ്ദത്തുല്‍ വുജൂദ് നിഷേധിക്കുന്നവരാണോ പിഴച്ചത് അംഗീകരിക്കുന്നുവരാണോ? തീരുമാനിക്കാന്‍ ക്വിന്‍റല്‍ തൂക്കത്തിന് അറിവ് വേണ്ടല്ലോ? അല്ലാഹു ഒഴികെയുള്ളതെല്ലാം മിഥ്യയാണ് എന്ന ഈ വചനത്തിന്‍റെ ആശയം യഥാര്‍ത്ഥം അല്ലാഹു മാത്രമാകുന്നുവെന്നാണല്ലോ? അത് തന്നെയാണ് വഹ്ദത്തുല്‍ വുജൂദും.
         അല്ലാഹുവിനെയും തിരുറസൂലിനെയും യഥാവിധി അംഗീകരിച്ച, മഹാരഥന്മാരായ മഹത്തുക്കളൊക്കെയും ഈ വഹ്ദത്തുല്‍ വുജൂദ് അംഗീകരിച്ചവരും അതിന് വേണ്ടി നിലകൊണ്ടവരുമാണ്. 
"ഞാന്‍ യാതൊന്നിനെയും കണ്ടിട്ടില്ല, അതില്‍ അല്ലാഹുവിനെ കണ്ടിട്ടല്ലാതെ, അതിന് മുമ്പോ അതിനോടൊപ്പമോ അല്ലാഹുവിനെ കണ്ടിട്ടല്ലാതെ" എന്ന വചനങ്ങള്‍ പ്രമുഖരായ സ്വഹാബത്തിന്‍റേതാണ്. ഏതൊന്നിനെ കാണുന്ന സമയം അതിന് മുമ്പോ ഒപ്പമോ അവകള്‍ക്ക് സ്വന്തമായ അസ്തിത്വമില്ലെന്നും അവകളുടേത് അല്ലാഹു നല്‍കിയതാണെന്നും അവന്‍റേത് മാത്രമാണ് യഥാര്‍ത്ഥ വുജൂദെന്നുമുള്ള ബോധ്യത്തോടെയല്ലാതെ യാതൊന്നിനെയും ദര്‍ശിച്ചിട്ടില്ലായെന്നാണ് ഇതിന്‍റെ സാരം. കറകള്‍ നിറഞ്ഞ് അന്ധമായ ഹൃദയമുള്ളവര്‍ വിചാരിക്കുന്നത് പോലെ അല്ലാഹു വസ്തുക്കളില്‍ ഇറങ്ങിയെന്നോ അല്ലാഹുവിന് സ്ഥലമുണ്ടെന്നോ ഒന്നുമല്ല അതിന്‍റെ അര്‍ത്ഥം. മഹത്തുക്കളായ സ്വഹാബത്ത് തെറ്റിദ്ധാരണ പരത്തി എന്ന് പറയേണ്ടി വരില്ലേ കറപുരണ്ടവര്‍ക്ക്? കാരണം ഇവര്‍ക്ക് ഹുലൂലും ഇത്തിഹാദുമൊക്കെ ഇതിലുണ്ടാകും?!
           ഇനിയിങ്ങോട്ട് പോന്നാല്‍ സര്‍വ്വ വിജ്ഞാന കോശമെന്ന് വിശേഷിപ്പിക്കാവുന്ന ഇമാം ഗസ്സാലി (റ) വാക്കുകള്‍ കാണുക"അല്ലാഹുവിനെ അറിഞ്ഞ മഹത്തുക്കള്‍ മജാസിന്‍റെ (..) അധമത്തരത്തില്‍ നിന്ന് ഹഖീഖത്തിന്‍റെ ഉന്നതാവസ്ഥയിലേക്ക് കയറി. അപ്പോള്‍ അവര്‍ അനുഭവിച്ചറിഞ്ഞു. അല്ലാഹുവിനല്ലാതെ വുജൂദ് ഇല്ലെന്നും അവനൊഴികെയുള്ളതെല്ലാം അനാദിയും അനന്തവുമായി നശിച്ചതാണെന്നും". ഇമാം ഗസ്സാലി (റ) യുടെ ഈ വാക്കുകള്‍ തനിച്ച വഹ്ദത്തുല്‍ വുജൂദാണ്. ഇത് പിഴവാണെന്ന് വാദിക്കുന്നവരല്ലേ പിഴച്ചത്. അംഗീകരിക്കുന്നവരല്ലല്ലോ? അപ്പോള്‍ ആര് ആരില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടത്?
           ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) ശൈഖ് രിഫാഈ (ഖു.സി.) ശൈഖ് അബുല്‍ ഹസനിശ്ശാദുലി (ഖു.സി.) , ശൈഖ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖു.സി.), ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്തി (ഖു.സി.), ഇബ്നു ഹജറുല്‍ ഹൈതമി (ഖു.സി.), ഇമാം ശഅ്റാനി (ഖു.സി.) ഇങ്ങനെ എണ്ണിയാല്‍ വഹ്ദത്തുല്‍ വുജൂദ് അംഗീകരിക്കുകയും രേഖപ്പെടുത്തുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ആന്തരിക ബാഹ്യജ്ഞാനങ്ങളില്‍ അവഗാഹം നേടിയ പണ്ഡിത പ്രഭുക്കള്‍ അനവധിയാണ്. വഹ്ദത്തുല്‍ വുജൂദ് പിഴച്ചതാണെന്ന് പറയുന്നവര്‍ ഈ മഹാ പണ്ഡിത പ്രതിഭകളെയൊക്കെയാണ് പിഴപ്പിക്കുന്നതെന്ന് അറിയുന്നില്ലേ പോല്‍?!
                       "ജുബ്ബക്കുള്ളില്‍ അല്ലാഹുവല്ലാതെ ഒന്നുമില്ല", "അല്ലാഹുവല്ലാത്ത് കേവലം തോന്നലാണ്, യഥാര്‍ത്ഥത്തില്‍ അത് അല്ലാഹുവാണ്" "അല്ലാഹുവല്ലാത്തതൊക്കെ അന്ധകാരമാണ്, അതിലുള്ള അവന്‍റെ പ്രത്യക്ഷതയാണ് അതിനെ വുജൂദ് കൊണ്ട് പ്രകാശിതമാക്കിയത്" മുതലായ വചനങ്ങള്‍ പറയുകയും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്ത മഹത്തുക്കളെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ വഹ്ദത്തുല്‍ വുജൂദിനെ നിഷേധിക്കുന്നതെങ്ങനെയാണ്? തനിച്ച വിരോധാഭാസമോ വിവരക്കേടോ മര്‍ക്കട മുഷ്ടിയോ അല്ലേ ഈ നിലപാട്?. കാരണം ആ വചനങ്ങളൊക്കെ വഹ്ദത്തുല്‍ വുജൂദിലധിഷ്ഠിതമാണ്. പണ്ട് സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞത് പോലെ തീക്കളിയല്ലേ ഇത്? ഇത് നാം വളരെയധികം സൂക്ഷിക്കേണ്ട കളിയാണ്. ഇല്ലെങ്കില്‍ അതിഭയങ്കര അപകടമായിരിക്കും പരിണിതി. വഹ്ദത്തുല്‍ വുജൂദിനെയും അതിലധിഷ്ഠിതമായി ജീവിച്ച മഹത്തുക്കളെയും പിഴപ്പിക്കുകയും അവരെ സംബന്ധിച്ച് ജനതക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്താല്‍ മതഭ്രംശം വരെ സംഭവിച്ചേക്കും. ചരിത്രങ്ങള്‍ സാക്ഷീകരിച്ച വസ്തുതയാണിത്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
മതത്തെ അതിന്‍റെ യഥാര്‍ത്ഥമായ രീതിയില്‍ ഉള്‍ക്കൊള്ളല്‍ വഹ്ദത്തുല്‍ വുജൂദിലൂടെയാണെന്നും ദീനിന്‍റെ അടിസ്ഥാനം വഹ്ദത്തുല്‍ വുജൂദാണെന്നുമാണ് മഹാന്മാര്‍പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് ഒരു മഹാന്‍ പറഞ്ഞത് പരിചയപ്പെടുത്താം.
      ബാഹ്യ അറിവുകളിലും ആന്തരീക ജ്ഞാനങ്ങളിലും നിപുണരായ ഒരു മഹാന്‍ അദ്ദേത്തിന്‍റെ പ്രമുഖ ഗ്രന്ഥത്തില്‍ ഏടുത്തുദ്ധരിച്ചതുമാണീ കാര്യം. "നീ അറിയുക, മനുഷ്യന് ഒരു അന്ധകാര മനസ്സും പ്രകാശിത ആത്മാവുമുണ്ട്. ഇവ രണ്ടിലോരോന്നും അതാതിന്‍റെ ലോകത്തേക്കുള്ള ആഗ്രഹത്തിലും ആശയിലുമാണ്. മനസ്സുകളെ അവയുടെ അന്ധകാര ദുര്‍ഗുണങ്ങളില്‍ നിന്ന് ശുദ്ധീകരിക്കലും ആത്മീയ പ്രഭ നല്‍കിയ നല്‍കി ആത്മാക്കളെ അണിയിക്കലുമാണ് പ്രവാചക നിയോഗത്തിന്‍റെ ലക്ഷ്യം. ആത്മാവ് സര്‍വ്വ ദുര്‍ഗുണങ്ങളില്‍ നിന്ന് മുക്തമായി പ്രകാശിതമാകുമ്പോള്‍ യഥാര്‍ത്ഥമായ മൗജൂദ് അല്ലാഹുവും അവന്‍റെ വിശേഷണങ്ങളും പ്രവൃത്തികളും മാത്രമാണെന്ന് ആത്മാവറിയും. അതിനാല്‍ കലിമത്തുത്തൗഹീദിന്‍റെ ദണ്ഡ് കൊണ്ട് മനസ്സിന്‍റെ (നഫ്സിന്‍റെ) വിരുദ്ധതയെ തട്ടിപ്പൊട്ടിച്ച് അതിനെ ഈ വിശ്വാസത്തിലെത്തിക്കുകയും അതിന്‍റെയും അല്ലാഹുവല്ലാത്ത സര്‍വ്വതിന്‍റെയും വുജൂദാകുന്ന വിഗ്രഹത്തെ നിഷേധിക്കുകയും ചെയ്യുന്നത് വരെ മനസ്സിന്‍റെ വിരുദ്ധതയെ തട്ടിപ്പൊളിച്ച് കളയല്‍ മനുഷ്യന് നിര്‍ബന്ധമാണ്. വുജൂദ് അല്ലാഹുവിന് മാത്രമാണെന്നതാണ് യഥാര്‍ത്ഥമായ ഇസ്ലാം ദീന്‍. അല്ലാഹുവിനെ തൊട്ട് നിരാശനാകല്‍, അവന്‍റെ വാഗ്ദാനങ്ങളിലുള്ള സംശയം, അവനല്ലാത്തതിനോടുള്ള ഹൃദയബന്ധം, തന്‍റെ പ്രവൃത്തികള്‍ വിശേഷണങ്ങളില്‍ നിന്ന് മുക്തമാകാതെയും തന്‍റെ അന്ധകാരങ്ങള്‍ അവന്‍റെ ഒളിവുകളില്‍ ഇല്ലാതാകുകയും കൊണ്ട് പിശാചിന്‍റെ വലയില്‍ കുടുങ്ങി ഇതിന് വിപരീതങ്ങള്‍ കൊണ്ടുവരുന്നവന്‍ ശപിക്കപ്പെട്ട പിശാചിന്‍റെ അനുയായി ആണ്. അവനെ തള്ളപ്പെടുകയും വേണം".
           നോക്കൂ! നാം നീതിയും നിക്ഷ്പക്ഷതയും ആധാരമാക്കി വിലയിരുത്തൂ. എത്രയോ കൃത്യവും വ്യക്തവുമാണ് മേല്‍ വാചകങ്ങള്‍. ശരിയായ മതം വഹ്ദത്തുല്‍ വുജൂദിലധിഷ്ഠിതമാണെന്നും അതിന് വിരുദ്ധമായി കൊണ്ടുവരുന്നത് തനിച്ച പിഴവാണെന്നുമാണ് ഇവിടെ മഹാന്മാര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പറഞ്ഞ മഹത്തുക്കള്‍ എത്രയോ ഉണ്ടെന്നിരിക്കെ ഈ സത്യം അംഗീകരിക്കുന്നവരാണോ നിരാകരിക്കുന്നവരാണോ പിഴക്കുന്നത്. പിഴച്ചത് അവരല്ല ഇവരാണെന്നാണ് വിശുദ്ധ ഖുര്‍ആനും ഹദീസും മഹത് വചനങ്ങളുമൊക്കെ സത്യസന്ധമായി മനസ്സിലാക്കുമ്പോള്‍ വ്യക്തമാകുന്നത്. 
                                                                                                                                   P A ALUVA

Related Posts Plugin for WordPress, Blogger...