നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday 26 February 2014

യക്ഷിയോ പിശാചോ

അടുത്തറിയുമ്പോള്‍
യക്ഷിയോ......... പിശാചോ.........
               ചെറിയ നിലാവെളിച്ചമുള്ള രാത്രി. ഒരാവശ്യം കഴിഞ്ഞ്‌ റോഡരികിലൂടെ വീട്ടിലേക്ക്‌ നടക്കുകയാണ്‌. നേരിയ കാറ്റും ചിന്നം ചിന്നം മഴയുമുണ്ട്‌. കുറച്ച്‌ നടന്നപ്പോള്‍ അകലെ നിന്ന്‌ ആരോ എന്തോ അനങ്ങുന്നത്‌ കണ്ടു. ഭയവും ആശ്വാസവും ഒപ്പം പിടികൂടി. വല്ല യക്ഷിയോ പിശാചോ എന്ന ഭയവും മനുഷ്യര്‍ ആരെങ്കിലുമായിരിക്കുമെന്ന ആശ്വാസവും. 
                      പക്ഷേ, മികച്ച്‌ നിന്നത്‌ ഭയമായതിനാല്‍ ആരൊക്കെയോ പറഞ്ഞ യക്ഷിക്കഥകളും പൈശാചിക വൃത്താന്തങ്ങളും തികട്ടിവന്നു. ഭീതി കൂടിക്കൊണ്ടിരുന്നു. എന്തായാലും സര്‍വ്വധൈര്യവും സംഭരിച്ച്‌ മുന്നോട്ട്‌ നടക്കാന്‍ തീരുമാനിച്ചു. ആ രൂപത്തിന്റെ സമീപമെത്തിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്‌. റോഡരികിലെ പറമ്പിലുള്ള ഒരു വാഴയുടെ ഇലയായിരുന്നു അത്‌. ആശ്വാസ നെടുവീര്‍പ്പോടെ പറ്റിയ അബദ്ധമോര്‍ത്ത്‌ മനസ്സ്‌ മന്ത്രിച്ചു. എടാ മണ്ടാ..
സമാധാനത്തോടെ വീട്ടിലെത്തി. ഹൃദയം എന്നെ ചിന്തിപ്പിക്കാന്‍ തുടങ്ങി. അകലെ നിന്ന്‌ കണ്ട വാഴയിലയെ കുറിച്ച്‌ എന്തൊക്കെയാ വിചാരിച്ചത്‌? എന്ത്‌ കൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌? ഹൃദയത്തിലുള്ള വിശ്വാസ ബലഹീനതയോ? എന്തും മൈനസായി കാണുന്ന മനസ്സിന്റെ പോരായ്‌കയോ? ഇങ്ങനെയല്ലേ നാം പലതും മനസ്സിലാക്കുന്നത്‌. പ്രത്യേകിച്ച്‌ ദൂരെ നിന്ന്‌ കാണുമ്പോള്‍!
ഉറങ്ങാന്‍ കിടന്ന ഞാന്‍ എന്നെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി. എന്നെ അടുത്തറിയാത്തവര്‍ എന്നെ സംബന്ധിച്ച്‌ വിചാരിക്കുന്നതും ഇതു പോലെയല്ലേ? എന്റെ ബാഹ്യ പെരുമാറ്റം കണ്ട്‌ നല്ലവനെന്ന തെറ്റിദ്ധാരണ അല്ലെങ്കില്‍ പരസ്യപ്രവര്‍ത്തനങ്ങള്‍ കാണുന്നവരുടെ പോസിറ്റീവ്‌ ചിന്താഗതി. എന്റെ ആന്തരീകവും രഹസ്യവും അടുത്തറിയുന്നവരല്ലേ ഞാന്‍ കണ്ട വാഴയില പോലെയാണെന്ന്‌ അറിയൂ. അല്ലെങ്കില്‍ അനിഷ്‌ടമുള്ളവര്‍ എന്റെ ചില മൈനസ്‌ കാര്യങ്ങളിലൂടെ ചീത്തയാളായി കാണുന്നു. ഒരു പക്ഷേ ഇവരും എന്നെ അടുത്തറിഞ്ഞാല്‍ വിചാരം മറ്റൊന്നിന്‌ വഴിമാറിയേക്കാം. എന്നെ കുറിച്ച്‌ എനിക്കറിയാം. പക്ഷേ, ആ അറിവനുസരിച്ചുള്ള ചലനമില്ലെന്ന്‌ മാത്രം. 
ഇത്‌ പോലെ തന്നെയല്ലേ നമ്മില്‍ പലരുടേയും അവസ്ഥ. നാം ഒരാളെ, അയാളുടെ പ്രവൃത്തികള്‍, സമീപനങ്ങള്‍, കാണുമ്പോഴേ അങ്ങ്‌ ഉറപ്പിക്കുകയാ. അയാള്‍ വെറും ചണ്ടി, അല്ലെങ്കില്‍ മഹാന്‍. അടുത്തറിയുമ്പോള്‍ മനസ്സിലാകുന്നത്‌ നേരെ തിരിച്ചായിരിക്കും. 
                           അദ്ദേഹത്തിന്റെ സമീപനം വളരെ നല്ലതാ. പ്രഭാഷണം ഗംഭീരമാ, എഴുത്ത്‌ അതിലും മെച്ചമാ, മതബോധവും ഭയവും ഉണ്ടാക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംസാരങ്ങളുമൊക്കെ.. ഇത്യാദി കാര്യങ്ങള്‍ നാം ചിലപ്പോള്‍ ചിലരെ കുറിച്ച്‌ പറഞ്ഞതായിരിക്കും. ഒരാളെ കുറിച്ച്‌ പോസിറ്റീവായി ചിന്തിക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌. പക്ഷേ, ഈ ചിന്തയും പ്രോത്സാഹനവും ചിലപ്പോള്‍ അയാളുടെ ഭൗതികവും പാരത്രികവുമായ പരാജയത്തിന്‌ കാരണമായാല്‍ കഷ്‌ടമാണ്‌. 
                   അതുപോലെ ചിലരുടെ പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും കാണുന്ന നാം ചാടിപ്പറയും. അവന്‍ വെറും പീറയാ, പൊങ്ങച്ചക്കാരനാണ്‌ എന്നൊക്കെ. ഇത്‌ നാം അടുത്തറിഞ്ഞ്‌ പറയുന്നതല്ല. ആരെക്കുറിച്ചാണെങ്കിലും എന്തിനെ കുറിച്ചാണെങ്കിലും ഏത്‌ രീതിയിലാണെങ്കിലും - മതപരമോ സാമൂഹികമോ കുടുംബപരമോ ഏതാണെങ്കിലും - വെറും പ്രഥമ കാഴ്‌ചയും വിവരവും വെച്ച്‌ തീരുമാനിക്കുന്നത്‌ നല്ലതല്ല. അടുത്തറിയണം. വ്യക്തമായി മനസ്സിലാക്കണം. ആളെ, കാര്യത്തെ, വാക്കുകളെ, പ്രവൃത്തികളെയെല്ലാം യഥാവിധി നാം അറിയുമ്പോള്‍ നമ്മുടെ മുന്‍തീരുമാനത്തിനെതിരായിക്കും സത്യം. യഥാര്‍ത്ഥ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. 
                  ലോകവും സൃഷ്‌ടികളും കാണുമ്പോള്‍ അതിന്‌ സ്വന്തമായ അസ്‌തിത്വം കൊടുക്കുന്നുവെങ്കില്‍ അത്‌ ദൂരക്കാഴ്‌ചയാണ്‌. സത്യം അതല്ല. അവയെ അടുത്തറിയുമ്പോള്‍ അവക്ക്‌ സ്വന്തമായ ആസ്‌തിക്യമില്ലെന്നും സ്രഷ്‌ടാവ്‌ നല്‍കിയ ആസ്‌തിക്യത്തിലാണ്‌ അവയുള്ളതെന്നും തിരിയും. ഈ തിരിവ്‌ കിട്ടുമ്പോള്‍ അവയെ കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്‌പര്‍ശിക്കുമ്പോഴും രുചിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ സ്രഷ്‌ടാവിനെ കാണാന്‍ സാധിക്കും. 
             ലോകം ഇരുണ്ടതാണ്‌. അതിനെ പ്രകാശിതമാക്കിയത്‌ സ്രഷ്‌ടാവാണ്‌. അഥവാ ഇല്ലായ്‌മയില്‍ നിന്ന്‌ ആസ്‌തിക്യത്തിലേക്ക്‌ കൊണ്ടുവന്നത്‌ നാഥനാണ്‌. ഈയൊരു അടുത്തറിവ്‌ ഇല്ലാത്തിടത്തോളം സൃഷ്‌ടികളഖിലവും നാഥനെ തൊട്ട്‌ നമുക്ക്‌ മറയാകും. ``ഞങ്ങള്‍ നിങ്ങള്‍ക്കുള്ള പരീക്ഷണമാണെന്ന്‌ ഓരോ സൃഷ്‌ടിയും വിളിച്ചു പറയുന്നുണ്ടെന്ന്‌'' മഹാന്മാര്‍ പറഞ്ഞത്‌ അതുകൊണ്ടാണ്‌. കാര്യങ്ങള്‍ അടുത്തറിഞ്ഞ്‌ സത്യം ഗ്രഹിക്കാന്‍ അല്ലാഹു നമ്മെ തുണക്കട്ടെ.. ആമീന്‍.

Sunday 23 February 2014

ദീനിനെ ജീവിപ്പിച്ചവന്‍

ദീനിനെ ജീവിപ്പിച്ചവന്‍........................

                    വിശുദ്ധ ദീനിന്റെ ആത്മീയാദര്‍ശങ്ങള്‍ വാരിവിതറിയ സൂഫീവര്യന്മാര്‍ ലോകത്ത്‌ കഴിഞ്ഞുപോയിട്ടുണ്ട്‌. ``ദീനിനെ ജീവിപ്പിച്ചവന്‍'' മുഹ്‌യിദ്ദീന്‍ എന്ന പേരില്‍ തന്നെ സ്വൂഫീലോകത്ത്‌ നിസ്‌തുല്യ സംഭാവനകള്‍ നല്‍കിയ ശൈഖ്‌ മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) അവര്‍കള്‍ അതില്‍ പ്രധാനിയാണ്‌. മുസ്‌ലിം ജനമനസ്സുകളില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഔലിയാക്കളില്‍ പ്രധാനിയാണ്‌ ശൈഖ്‌ ജീലാനി (ഖു.സി.). കിഴക്കും പടിഞ്ഞാറും മാത്രമല്ല, ലോകത്താകമാനം ആത്മീയോതക്കര്‍ഷത്തിന്റെ പുതുപുത്തന്‍ പ്രഭാവങ്ങള്‍ വിശ്വാസീ ലോകത്തിന്‌ സമര്‍പ്പിച്ച കെല്‍പ്പുള്ള ഒരുപറ്റം ആത്മീയ ജ്ഞാനികളെ വാരിവിതറിയാണ്‌ മഹാനവര്‍കള്‍ കടന്നുപോയത്‌. അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്നും നിരവധി കലുഷ ഹൃദയങ്ങള്‍ സ്രഷ്‌ടാവിന്റെ സമക്ഷത്തിലേക്ക്‌ പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ സത്യം. 
                              അസൂയയും കുശുമ്പും മറ്റ്‌ ഹൃദയ രോഗങ്ങള്‍ കൊണ്ടും പൊറുതിമുട്ടിയവര്‍ക്ക്‌ മഹാനുഭാവന്റെ പ്രസംഗങ്ങള്‍ എന്നും സിദ്ധൗഷധങ്ങളായിരുന്നു. ആധുനിക പ്രാസംഗികരുടെ വാക്‌ധോരണികളായിരുന്നില്ലത്‌. മറിച്ച്‌ കര്‍ണ്ണ പുടങ്ങളിലൂടെ തുളച്ച്‌ കയറി മനതാരില്‍ പ്രഹരം നടത്തി നിസ്സ്വാര്‍ത്ഥവും നിഷ്‌ക്കളങ്കവുമായി സ്രഷ്‌ടാവിന്റെ സമക്ഷത്തിലേക്ക്‌ കടന്നുചെല്ലാന്‍ പാകപ്പെട്ട ഹൃദയങ്ങളാക്കി മാറ്റാന്‍ കഴിയുന്ന അതുല്യ വചസ്സുകളായിരുന്നു. ഈ മഹിതവചസ്സുകളുടെ പ്രശോഭ ഇന്നും കെടാതെ നില്‍ക്കുന്നു എന്നത്‌ അവിടുത്തെ മഹത്വത്തിന്‌ പ്രസക്തിയേറ്റുന്നു.
ശരീഅത്തില്ലാത്ത ത്വരീഖത്ത്‌ കൊണ്ട്‌ നമുക്കൊരാവശ്യവുമില്ലെന്ന മഹാനുഭാവന്റെ വചസ്സുകള്‍ ശരീഅത്തുല്‍ ഇസ്‌ലാമിന്റെ സുന്ദരമായ സീമകളെ വിസ്‌മരിച്ച്‌ ത്വരീഖത്തിന്റെ ലേബലില്‍ സുഖാസ്വാദനത്തിന്റെ മെത്തകള്‍ തേടുന്ന കള്ള ശൈഖുമാരുടെയും കള്ള ത്വരീഖത്തുകാരുടെയും മര്‍മ്മത്തേല്‍ക്കുന്ന പ്രഹരമാണ്‌.
                                 ഇസ്‌ലാമിന്റെ സൂക്ഷ്‌മ തലങ്ങളെ പോലും വലിയ ഉത്തരവാദിത്വത്തോടെ സമീപിച്ച ജീവിതാനുഭവമാണ്‌ മഹാനുഭാവന്‍ നമുക്ക്‌ സമ്മാനിച്ചത്‌. പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിശുദ്ധ റമളാനിന്റെ പകലുകളില്‍ തന്റെ മാതാവിന്റെ മുലപ്പാല്‍ കുടിക്കാന്‍ വിസമ്മതം കാണിച്ച ചരിത്രപാഠം കണ്ടില്ലെന്ന്‌ നടിക്കാന്‍ ഇവര്‍ക്കെങ്ങനെ കഴിയും? 
                                        വിശ്വാസി ഹൃദയങ്ങള്‍ റബീഉല്‍ ആഖിറിന്റെ വരവോടെ മഹാന്റെ സ്‌മരണകളിലും മദ്‌ഹുകളിലും മുഴുകുമ്പോള്‍ നമ്മുടെ ഹൃദയാന്തരാളങ്ങളും അവിടുത്തെ പ്രഭയില്‍ പ്രകാശിക്കട്ടെ.. അതിനുതകുന്നതാകട്ടെ നമ്മുടെ ജീവിതം..

Friday 21 February 2014

രോഗങ്ങള്‍

    രോഗങ്ങള്‍


                                ആസ്‌മ, പനി, തലവേദന, ചെറിയ അസ്വസ്ഥതള്‍, എലിപ്പനി, ഡങ്കിപ്പനി, കാന്‍സര്‍, എയ്‌ഡ്‌സ്‌, എബോള, തുടങ്ങി ചെറുതും വലുതുമായ രോഗങ്ങള്‍ നമുക്കറിയാം. ചിലത്‌ നിസ്സാരമെങ്കില്‍ മറ്റ്‌ ചിലത്‌ മാരകവും മാറാവ്യാധിയുമാണ്‌.പകരുന്നതും അല്ലാത്തതും ആകൂട്ടത്തിലുണ്ട്‌.
                      ലോകം പുരോഗമിക്കുന്തോറും വ്യത്യസ്‌ത പേരുകളിലും ചികിത്സലഭിക്കാത്തതും ഫലിക്കാത്തതുമായ രോഗങ്ങളും പുരോഗമിക്കുന്നു. ചില രോഗങ്ങളുടെ പേരില്‍ മനുഷ്യന്‍ ഞെരിപിരി കൊളളുന്നു. അതിനുള്ള ഔഷധമോ ചികിത്സയോ കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്‌ത്രം നട്ടം തിരിയുന്നു. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം. മരണമൊഴിച്ച്‌ എല്ലാ അസുഖത്തിന്നും ഔഷധമുണ്ടന്നത്‌ തിരുമൊഴിയാണ്‌.
                     നമുക്ക്‌ പലപ്പോഴും പലവിധ രോഗങ്ങള്‍ വരാറുണ്ട്‌. ചിലതൊക്കെ സ്വയം മാറുന്നു. മറ്റു ചിലത്‌ ചെറിയ ചികിത്സയിലൂടെ വേഗം ഭേദമാകുന്നു.ചിലത്‌ കൂടുതല്‍ കാലം മരുന്നു കഴിക്കുമ്പോള്‍ സുഖമാകുന്നു. എന്നാല്‍ ചിലത്‌ എത്ര കാലം ചികിത്സിച്ചാലും മാറുന്നില്ല. ഇതിലെല്ലാം മനുഷ്യന്‌ ചിന്തിക്കാനും മനസ്സിലാക്കാനും ഉണ്ട്‌.
                       ചിലര്‍ രോഗം വരുമ്പോള്‍ തീരെ മരുന്നുപയോഗിക്കാതിരിക്കുന്നു.റബ്ബ്‌ തന്നത്‌ റബ്ബ്‌ ശിഫയാക്കട്ടേയെന്നാണ്‌ അവരുടെ ചിന്ത.കുഴപ്പമില്ല അതിനുള്ള ത്രാണിയുണ്ടങ്കില്‍. ചികിത്സയും മരുന്നും തവക്കുലിന്‌ എതിരല്ല എന്ന്‌ ഇവര്‍ മനസ്സിലാക്കുന്നില്ല. മറ്റൊരു കൂട്ടര്‍ ഡോക്‌ടറും മരുന്നു മൊക്കെ അല്ലാഹുവിനെ പോലെ കരുതുന്നു. നിസ്സാര രോഗങ്ങള്‍ക്ക്‌ ഉടന്‍ ആസ്‌പത്രിയില്‍ പോകുകയും മരുന്ന്‌ വാങ്ങുകയും ചെയ്യുന്നു. ഡോക്‌ടര്‍ക്കും മരുന്നിനും ശിഫയാക്കാനുള്ള കഴിവ്‌ അല്ലാഹുവാണ്‌ കൊടുക്കുന്നത്‌ എന്ന ബോധം ലവലേശമില്ലാത്തത്‌ പോലെയാണ്‌ അവരുടെ നിലപാട്‌. ഒരു കാര്യത്തിലും കൃത്യനിഷ്‌ഠയില്ലങ്കിലും മരുന്ന്‌ സേവിക്കുന്നതില്‍ ഒരുവിട്ടുവീഴ്‌ചയുമില്ല. ചികിത്സയും മരുന്നും വേണ്ടന്നല്ല ഈപറയുന്നത്‌. മറിച്ച്‌ വേണമെന്ന്‌ തന്നെയാണ്‌. പക്ഷെ അതിനെ മുഖ്യ അവലംബമാക്കരുത്‌ . ഏത്‌ ഔഷധത്തിലൂടെയും അത്‌ കാരണമായി ശമനം നല്‍കുന്നത്‌ അല്ലാഹുവാണ്‌. അവനെയാണ്‌ എല്ലാ കാര്യത്തിലുമെന്നതുപോലെ ഇതിലും അവലംബിക്കേണ്ടത്‌. ഈനിലയില്‍ കാരണങ്ങളുമായി ബന്ധപ്പെടാവുന്നതാണ്‌ അങ്ങനെയാവുമ്പോള്‍ മരുന്ന്‌ കഴിച്ചാലും ഇല്ലെങ്കിലും രോഗശമനം നല്‍കുന്നത്‌ അള്ളാഹുവാണെന്ന്‌ കാണാന്‍ കഴിയും. അപ്രകാരമുള്ള ചിക്ത്‌സ ഒരിക്കലും തവക്കുലിന്‌ എതിരാകുന്നില്ല.
                നമ്മില്‍ ചിലര്‍ വര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസവും മരുന്നിലാണ്‌. പക്ഷേ അസുഖമാണെങ്കില്‍ മാറുന്നുമില്ല. ചിലപ്പോള്‍ രോഗം പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നു. മറ്റു ചിലപ്പോള്‍ പഴയതിനോടൊപ്പം പുതിയ രോഗവും വരുന്നു. ഈസന്ദര്‍ഭങ്ങളിലൊക്കെ ചികത്സക്കൊപ്പം നമ്മുടെ ചെയ്‌തികളും ചിന്തകളും വിലയിരുത്തുകയും മോശമായവ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നൊഴിവായി പശ്ചാതപിച്ച്‌ മടങ്ങുകയും വേണം. അല്ലെങ്കില്‍ ഇത്‌ അല്ലാഹുവിന്റെ തീരുമാനമാണെന്നുറച്ച്‌ ക്ഷമിക്കണം . മറിച്ച്‌ അല്ലാഹുവിനെതിരെ തിരിയുകയോ മറ്റുള്ളവരോട്‌ കയര്‍ക്കുകയോ ചെയ്‌താല്‍ അത്‌ ആപത്താണ്‌. തിരുനബി(സ)പറഞ്ഞു. രോഗങ്ങള്‍ വരുന്നത്‌ മൂന്ന്‌ കാര്യത്തിനാവാം. ഒന്ന്‌ അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്നതിന്‌ രണ്ട്‌ തെറ്റുകള്‍ പൊറുക്കപ്പെടുന്നതിന്ന്‌.മൂന്ന്‌ അല്ലാഹുവില്‍ നിന്ന്‌ അകറ്റുന്നതിന്ന്‌. ഇതില്‍ മൂന്നാമത്തേതില്‍ ഉള്‍പ്പെടാതിരിക്കാന്‍ വിശ്വസി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്‌.
             രോഗാതുരാവസ്ഥയില്‍ നാം ആദ്യം പരിശോധിക്കേണ്ടത്‌ നമ്മുടെ പ്രവൃത്തികളും വിചാരങ്ങളുമാണ്‌. അല്ലാഹുവും തിരുദൂതരും (സ) നിഷ്‌ക്കര്‍ഷിച്ചതിനെതിരായി വല്ലതും പ്രവര്‍ത്തിച്ചോ? സത്യവിശ്വാസികളായ സഹോദരങ്ങളോടും സഹജീവികളോടുമുളള പെരുമാറ്റവും അവരെ സംബന്ധിച്ചുള്ള വിചാരവും ശരിയായ രീതിയിലാണോ? അള്ളാഹുവിനോടുള്ള ബാധ്യതാ നിര്‍വ്വഹണത്തില്‍ വീഴ്‌ച വന്നിട്ടുണ്ടോ? കുടുംബത്തിലും സമൂഹത്തിലും നല്ല സ്വഭാവത്തിലാണോ പ്രവര്‍ത്തിക്കുന്നത്‌? തുടങ്ങിയ വിചിന്തനങ്ങള്‍ നടത്തി, പരിഹരിച്ച്‌ നല്ല പെരുമാറ്റങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുക്കാന്‍ നാം ശ്രമിക്കുക. ഒരുപക്ഷേ കൂടുതല്‍ അടുക്കുന്തോറും രോഗങ്ങളും ബുദ്ധിമുട്ടുകളും വര്‍ദ്ധിച്ചേക്കും.അള്ളാഹുവിനോട്‌ ഏറ്റവും അടുത്ത അമ്പിയാക്കള്‍ നേരിട്ട പ്രയാസങ്ങള്‍ നമ്മെ അതാണ്‌ പഠിപ്പിക്കുന്നത്‌. അള്ളാഹുവിന്റെ കഠിനമായ പരീക്ഷണങ്ങള്‍ക്ക്‌ കൂടുതല്‍ വിധേയ മാകുന്നത്‌ അമ്പിയാക്കളും ഇഷ്‌ടദാസ്‌ന്മാരുമാണെന്നത്‌ തിരുഹദീസിന്റെ ആശയമാണ്‌.
            അല്ലാഹു അവനിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുവാന്‍ ഉദ്ധേശിക്കുന്നവര്‍ക്ക്‌ രോഗമോ മറ്റ്‌ വിഷമങ്ങളോ നല്‍കിയാല്‍ അത്‌ അല്ലാഹുവിന്റെ വിധിയാണ്‌, അവന്റെ അനേക അനുഗ്രഹങ്ങള്‍ക്ക്‌ മുമ്പില്‍ തന്റെ ആരാധനകളും മറ്റും ഒന്നുമല്ലായെന്ന്‌ നിനച്ച്‌ അവര്‍ ക്ഷമിക്കുന്നതാണ്‌ . തെറ്റുകളുടെ പേരില്‍ രോഗിയാവുന്നവര്‍ തന്റെ ദോഷങ്ങള്‍ പൊറുക്കാന്‍ റബ്ബ്‌ നല്‍കിയ പ്രായശ്ചിത്തമാണ്‌ ഇതെന്ന്‌ കരുതി സമാധാനിക്കും. എന്നാല്‍ താന്‍ വളരെയധികം സത്‌ക്കര്‍മ്മങ്ങളും ദാനധര്‍മ്മങ്ങളും മറ്റ്‌ നിരവധി പുണ്യങ്ങളും ചെയ്‌തിട്ട്‌ തനിക്ക്‌ ഈരോഗം പടച്ചവന്‍ എന്തിനാതന്നത്‌? എത്രനല്ലത്‌ ചെയ്‌തിട്ടും അവന്‍ എന്നെ വിഷമത്തിലാക്കുന്നു എന്ന്‌ അല്ലാഹുവിനെതിരെ ചിന്തിക്കുന്നവര്‍ അല്ലാഹുവില്‍നിന്ന്‌ കൂടുതല്‍ അകന്ന്‌ പരാജിതരാവുകയാണ്‌. 

ആധുനിക സംസ്‌കാരവും ഖുര്‍ആനും

ആധുനിക സംസ്‌കാരവും ഖുര്‍ആനും

                             കരുണയേയും അലിവിനേയും നിസാരവല്‍ക്കരിച്ചാണ്‌ ആധുനിക ലോകം കടന്നു പോകുന്നത്‌. ജയിച്ചവന്റെ സംസ്‌കാരങ്ങളെ അങ്ങേയറ്റം ബഹളത്തോടെ അടിച്ചേല്‍പ്പിക്കുന്നു. അതിജയിക്കപ്പെട്ടവന്റെ തനത്‌ വികാരങ്ങളെയും വിചാരങ്ങളെയും ആധുനിക സംസ്‌കാരം തകര്‍ക്കുന്നു. സാമൂഹിക തിന്മകളുടേയും അരാജകത്വങ്ങളുടെയും നിയമസാധുതകള്‍ക്കും സാധൂകരണത്തിനും കോടതി വരാന്തകളില്‍ അഭയം പ്രാപിച്ച ചെകുത്താന്മാര്‍ വാഴുന്ന ലോകമാണിത്‌. 
അപമാനവത്‌കരിക്കപ്പെട്ട വിദ്യാഭ്യാസവും സാങ്കേതിക വിദ്യയുമാണ്‌ ആധുനിക മനുഷ്യന്റെ സംഭാവന. ഇന്ന്‌ ലോകത്തെ നിയന്ത്രിക്കുന്നത്‌ തന്നെ ആഗോള കമ്പോള വ്യവസ്ഥിതിയാണ്‌. ഇവരുടെ ഭൂതകാല ചരിത്രം പഠിക്കുമ്പോഴാണ്‌ അപകടം മനസ്സിലാവുക. അതിഥികളെ ബഹുമാനിക്കുന്നവരും സമാധാന പ്രിയരും പ്രകൃതി സ്‌നേഹികളുമായ ഒരു ജനതയെ ഒന്നടങ്കം കൊന്നൊടുക്കി ഇല്ലായ്‌മ ചെയ്‌ത്‌ ഐക്യനാടുകള്‍ കെട്ടിപ്പടുത്തവരാണവര്‍. നിരപരാധികളായ കോടിക്കണക്കിന്‌ മനുഷ്യരെ ജപ്പാനിലും വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും സോമാലിയയിലും ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ലിബിയയിലും ചുട്ടും പട്ടിണിക്കിട്ടും ക്രൂരമര്‍ദ്ദന മുറകള്‍ കൊണ്ടും കൊന്നൊടുക്കിയവര്‍ മനുഷ്യ ജീവിതത്തിന്‌ ഒരു ചില്ലിക്കാശ്‌ പോലും നല്‍കുന്നില്ല. അവസാനം ബാക്കിയാവുന്നത്‌ വേവലാതികള്‍ മാത്രമാണ്‌. 
സ്വജീവിതം ഭദ്രമാക്കാനുള്ള ഓരോരുത്തരുടെയും അസുര മുന്നേറ്റത്തില്‍ ബന്ധങ്ങള്‍ യാന്ത്രികമാവുകയോ തരിപ്പണമാവുകയോ ചെയ്യുന്നു. പുരോഗതിയുടെ അടിസ്ഥാനം തന്നെ ഭൗതികമായ സുഖങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമാണെന്ന്‌ വന്നിരിക്കുന്നു. ആര്‍ത്തി പൂണ്ട ഈ കിടമത്സരം സൃഷ്‌ടിച്ചത്‌ ആഗോള മൂലധന ശക്തികളാണ്‌. മീഡിയകള്‍ ഏകമുഖമായ സംസ്‌കാരങ്ങളും ജീവിത വീക്ഷണങ്ങളും ലോക ജനതയ്‌ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കുക കൂടി ചെയ്യുന്നതോടെ കാര്യങ്ങള്‍ക്ക്‌ പൂര്‍ണ്ണത കൈവരും. എന്തുകൊണ്ടും അപടകരമായ സംസ്‌കാരത്തിന്റെ വാഹകരായി നാം അറിയാതെ മാറിക്കൊണ്ടിരിക്കുന്നു. 
                                ഈയൊരു ഭീകരാവസ്ഥക്ക്‌ പരിഹാരം തേടിയിറങ്ങുമ്പോഴാണ്‌ ഖുര്‍ആന്റെ മുന്നില്‍ എത്തിച്ചേരുക. കമ്പോള സംസ്‌കാരം വിഭാവനം ചെയ്‌ത ``സുഖിച്ച്‌ ജീവിക്കുക'' എന്ന ഏക ലക്ഷ്യത്തിലധിഷ്‌ഠിതമായ ജീവിത രീതിയോട്‌ വല്ലാതെ അപലപിച്ചും യഥാര്‍ത്ഥ ജീവിതം എന്താണെന്നും അതിന്റെ ലക്ഷ്യം എന്താണെന്ന്‌ ഉദ്‌ബോധിപ്പിച്ചും ഖുര്‍ആന്‍ ലോകത്ത്‌ സമര്‍പ്പിച്ച തത്വങ്ങളെ അനുധാവനം ചെയ്‌ത്‌ മുന്നോട്ട്‌ പോകാന്‍ തയ്യാറായാല്‍ ഇന്നത്തെ മുഴുവന്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകും. സദാചാരത്തിലും നീതിയില ധിഷ്‌ഠിതമായ ജീവിതരീതി കെട്ടിപ്പടുക്കുക മാത്രമാണ്‌ അതിനുള്ള പോംവഴി. സദാചാര വിരുദ്ധമായ സ്വവര്‍ഗ്ഗരതിക്ക്‌ നിയമനിര്‍മ്മാണം നടത്താന്‍ ചില സംഘടനകള്‍ രംഗത്ത്‌ വരുമ്പോള്‍ അവര്‍ ഓര്‍ക്കേണ്ടത്‌, ലൂത്വ്‌ നബി (അ) ന്റെ ജനതയെ സ്രഷ്‌ടാവ്‌ കഠിന ശിക്ഷ നല്‍കി നശിപ്പിച്ചു കളഞ്ഞത്‌ സ്വവര്‍ഗ്ഗരതിയില്‍ നിന്ന്‌ പിന്മാറാനുള്ള കല്‍പനയെ ധിക്കരിച്ചപ്പോഴായിരുന്നു എന്ന ചരിത്രപാഠമാണ്‌. ഇന്ത്യാഗവണ്‍മെന്റ്‌ സ്വവര്‍ഗ്ഗരതിയുടെ നിയമ സാധൂകരണത്തിന്റെ സാധ്യതകളെ നിരാകരിച്ചതില്‍ നമുക്ക്‌ അഭിമാനിക്കാം. എങ്കിലും ലോകത്ത്‌ 16 രാജ്യങ്ങളില്‍ നിയമാനുസൃതമായി ഈ അരാജകത്വം ഇന്നും നടമാടുന്നു എന്നതാണ്‌ സത്യം. 
                                   വിപണനവുമായി ബന്ധപ്പെട്ട്‌ ഭൗതിക ലോകം ഒരു ഏകലോക ക്രമം ഉണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഏകമുഖമായ അഭിരുചിയും ജീവിത ശൈലികളും വളര്‍ത്താന്‍ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്‌ കാലത്തിനും വര്‍ഗ്ഗത്തിനും ഇനത്തിനും വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. സ്‌ത്രീക്കും പുരുഷനും ചില സ്ഥലങ്ങളില്‍ വ്യത്യസ്‌തമായ നിയമസാധ്യതകളാണ്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതും. എന്നാല്‍ വിശ്വാസ കാര്യങ്ങളിലും ആദര്‍ശ തത്വ സംഹിതകളിലും ഖുര്‍ആന്‍ ഏകത സ്ഥാപിക്കുന്നുണ്ട്‌. ഇലാഹിന്റെ ഏകത്വം മനുഷ്യ മനതാരില്‍ വളര്‍ത്താനാണ്‌ ഖുര്‍ആനും പ്രവാചകനും ആദ്യാന്തം ശ്രമിച്ചത്‌. ഏക ഇലാഹിലേക്കുള്ള സൃഷ്‌ടിയുടെ സഞ്ചാരം സര്‍വ്വ തിന്മകളില്‍ നിന്നും മനുഷ്യനെ മോചിതനാക്കും. സഞ്ചാര വിരാമത്തില്‍ സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ കുടിയിരുത്തിയ മാനവ മനതലങ്ങള്‍ അവിടുത്തെ നൂറിനാല്‍ പ്രഭാപൂരിതമാകും. അതോടെ അവന്‍ വിശുദ്ധ സോപാനത്തില്‍ ആറാടും. എന്നാല്‍ മുതലാളിത്തം സൃഷ്‌ടിച്ച ഏകലോക സംവിധാനത്തിന്‌ പുറകെ പോകുമ്പോള്‍ മനുഷ്യനെ സൃഷ്‌ടിച്ചത്‌ എന്നെ അറിഞ്ഞ്‌ ആരാധിക്കാനാണെന്ന ഖുര്‍ആന്റെ പ്രഖ്യാപിത ലക്ഷ്യം വിസ്‌മരിക്കപ്പെടുന്നു. അതിന്റെ ഫലമാകട്ടെ! പാരത്രിക ലോകത്ത്‌ അമ്പേ പരാജയവും!. മനുഷ്യന്റെ ജീവിത രീതി, വിഭ്യാഭ്യാസ ക്രമം, ഭാഷ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ബഹുത്വം അംഗീകരിക്കുന്നത്‌. ഖുര്‍ആന്‍ തന്നെ പറയുന്നു: ``നിങ്ങളുടെ ഭാഷകളിലും വര്‍ണ്ണങ്ങളിലുമുള്ള വൈവിധ്യവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണല്ലോ? നിശ്ചയം അറിവുള്ളവര്‍ക്കതില്‍ പാഠങ്ങള്‍ ഉണ്ട്‌''.
ലാഭത്തിന്റെയും പ്രയോജനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ആധുനിക സംസ്‌കാരം ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നത്‌. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത്‌ നോക്കൂ. ``അധാര്‍മ്മികളെ മാത്രമേ അല്ലാഹു വഴികേടിലാക്കുകയുള്ളൂ. അവരാകട്ടെ അല്ലാഹുവുമായുള്ള കരാറിന്‌ ശേഷം വാഗ്‌ദാനം ലംഘിക്കുകയും അല്ലാഹു സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള ബന്ധങ്ങളെ അറുത്തെറിയുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരാണ്‌ (അല്‍ ബഖറ 27). ഇവിടെ ആത്മീയതയുടെ ഉന്നത തലങ്ങളില്‍ ബന്ധങ്ങളെ സ്ഥാപിക്കാനും അതിനെ കാത്തു സൂക്ഷിക്കാനുമാണ്‌ ഖുര്‍ആന്‍ ശ്രമിച്ചിട്ടുള്ളത്‌. ഉമ്മയുടെ കാല്‍പാദത്തിനടിയിലാണ്‌ സ്വര്‍ഗ്ഗം എന്ന്‌ നബിവചസ്സ്‌ പഠിക്കുകയും കുടുംബ ബന്ധം ചേര്‍ക്കുന്നത്‌ പ്രവാചക ചര്യയും പുണ്യവുമാണെന്ന അദ്ധ്യാപനം കൂട്ടിച്ചേര്‍ത്ത്‌ വായിക്കുകയും ചെയ്യുമ്പോള്‍ ഇസ്‌ലാം പുലര്‍ത്തിയതും പകര്‍ത്താന്‍ ആഗ്രഹിച്ചതുമായ മാനുഷിക ബന്ധങ്ങളുടെ സ്ഥാനം നമുക്ക്‌ മനസ്സിലാകും. 
                               ലാഭത്തിന്റെ കണക്കുകള്‍ കൂട്ടിച്ചേര്‍ത്ത്‌ ബന്ധങ്ങള്‍ക്ക്‌ വില പറയുമ്പോഴാണ്‌ പാവപ്പെട്ട മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഒഴിവാക്കേണ്ട വേസ്റ്റായി മാറുന്നതും സദാചാരത്തിന്‌ കാവല്‍ നിര്‍ത്തിയ പോലീസുകാരനെ കുടിച്ച്‌ മദോന്മത്തനായി അവശ നിലയില്‍ നടുറോട്ടില്‍ കാണപ്പെടുന്നതും. ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കരുതെന്ന്‌ പഠിപ്പിച്ച മഹത്തരമായ അദ്ധ്യാപനങ്ങളാണ്‌ ഇസ്‌ലാമിനുള്ളത്‌. ഖുര്‍ആന്‍ പാഠങ്ങള്‍ കൈമുതലാക്കി ഉത്തരവാദിത്വ ബോധവും ധാര്‍മ്മിക മൂല്യങ്ങളുമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ചരിത്ര പരമായ ബാധ്യത ഇന്നും ഈ സമൂഹത്തിന്‌ മേല്‍ നിക്ഷിപ്‌തമാണ്‌.

Sunday 16 February 2014

ഗൗസുല്‍ അഅ്‌ളം


ഗൗസുല്‍ അഅ്‌ളം

                   സ്വന്തം സന്താനങ്ങളുടെ അരുമ മുഖം പോലെ സുപരിചിതമാണ്‌ മുസ്‌ലിം ലോക ജനതയ്‌ക്ക്‌ ആത്മീയ ലോകത്തെ ചക്രവര്‍ത്തിയായ ശൈഖ്‌ ജീലാനി (ഖു:സി). ആ നാമം ഒരിക്കലെങ്കിലും ഉരുവിടാത്ത വിശ്വാസിയുണ്ടാവുകയില്ല. ആത്മീയ ഔന്നിത്യം കൊണ്ട്‌ ലോകത്തിന്റെ നെറുകയില്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്സായ ആത്മീയ ഗുരുവിന്റെ മഹത്‌നാമം വിളിച്ച്‌ സഹായമര്‍ത്തിക്കാത്തവര്‍ നന്നേ ചുരുക്കം. 
ശൈഖ്‌ മുഹിയദ്ധീന്‍ (ഖു:സി) തങ്ങളുടെ ഉജ്ജ്വലമായ ജീവിതം നല്‍കിയ സന്ദേശങ്ങള്‍, ആത്മീയ പ്രബോധന രംഗത്ത്‌ ചെയ്‌ത സേവനങ്ങള്‍, പ്രഭാഷണങ്ങള്‍, രചനകള്‍, രൂപപ്പെടുത്തിയെടുത്ത ആത്മീയ വഴിത്താര, അപാരമായ സഹനം, ത്യാഗം, വ്യക്തി വിശുദ്ധി, നീളുകയാണ്‌ വിശേഷണങ്ങള്‍.
പേര്‍ഷ്യയിലെ ജീലാന്‍ ജില്ലയിലെ നയീഫ്‌ ദേശത്ത്‌ ഹിജ്‌റ വര്‍ഷം 470 ലെ റമളാന്‍ മാസത്തില്‍ സയ്യിദ്‌ അബൂമുഹമ്മദ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഭൂജാതരായി. പ്രവാചക പൗത്രനായ ഇമാം ഹാന്‍ (റ) വിന്റെ പരമ്പരയിലെ ഒരു ഭക്തനായിരുന്നു ഗൗസുല്‍ അഅ്‌ളമിന്റെ പിതാവ്‌ അബൂസ്വാലിഹ്‌ (റ). മാതാവാകട്ടെ ഹുസൈന്‍ (റ) പരമ്പരയിലെ പുത്രിയുമായിരുന്നു. അതിനാല്‍ തന്നെ ആത്മീയ യശസ്സ്‌ കൊണ്ട്‌ ലോകം കീഴടക്കിയ ശൈഖ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഹസനിയ്യും ഹുസൈനിയ്യുമാണ്‌. 
ബാല്യം 
                             ശാന്തസ്വഭാവക്കാരനും ചിന്താതല്‍പരനുമായിരുന്ന ശൈഖ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) തങ്ങള്‍ അറിവ്‌ തേടി അന്നത്തെ വിജ്ഞാനകേന്ദ്രമായ ബഗ്‌ദാദ്‌ നഗരത്തിലേക്ക്‌ യാത്ര തിരിച്ചു. ബഗ്‌ദാദിലേക്കുള്ള ജീലാനി (ഖു:സി) തങ്ങളുടെ പ്രഥമ യാത്രയിലുണ്ടായ ഒരു സംഭവം അദ്ദേഹത്തിന്റെ സത്യ സന്ധത വിളിച്ചോതുന്നു. ബഗ്‌ദാദിലേക്കുള്ള യാത്രക്ക്‌ സന്നദ്ധനായി നില്‍ക്കുന്ന മകന്റെ കുപ്പായത്തിനുള്ളില്‍ ഏതാനും സ്വര്‍ണ്ണനാണയങ്ങള്‍ തുന്നിപ്പിടിപ്പിച്ച്‌ ആ ഭക്ത മാതാവ്‌ തന്റെ പൊന്നോമനക്ക്‌ ``ഏത്‌ ആപത്‌ഘട്ടത്തില്‍പെട്ടാലും കളവ്‌ പറയരുതേ'' എന്ന സദുപദേശം നല്‍കി യാത്ര അയച്ചു. ആ ഉപദേശം മനസ്സാവരിച്ച്‌ ഒരു കച്ചവടസംഘത്തിന്റെ കൂടെ ബഗ്‌ദാദിലേക്ക്‌ യാത്ര തിരിച്ചു. ഹമദാനില്‍ എത്തിയപ്പോള്‍ അവരെ ഒരു കവര്‍ച്ചാസംഘം അക്രമിക്കുകയും കച്ചവട സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നതിനിടയില്‍ കേവലം ശാന്തനും പാവവുമായി തോന്നിയ ബാലനായ ശൈഖ്‌ ജീലാനി (ഖു:സി) യോട്‌ ``തന്റെ കയ്യില്‍ വല്ലതുമുണ്ടോ?'' എന്ന്‌ വെറുതെ ചോദിച്ചു. മാതാവിന്‌ നല്‍കിയ വാഗ്‌ദാനത്തെ സ്‌മരിച്ചുകൊണ്ട്‌ ബാലനായ ശെഖ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) പറഞ്ഞു: ``ഉണ്ട്‌. എന്റെ ഉമ്മ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ച സ്വര്‍ണ്ണനാണയങ്ങള്‍ എന്റെ കൈവശമുണ്ട്‌''. ഒരു കുട്ടിക്ക്‌ ഇത്രമാത്രം സത്യസന്ധത പാലിക്കാന്‍ സാധിക്കുമെന്ന്‌ ഊഹിക്കാന്‍ പോലും കഴിയാത്ത ആ കൊള്ളസംഘം ആശ്ചര്യപ്പെടുകയും ആ ബാലനെ തങ്ങളുടെ തലവന്റെ മുമ്പിലേക്ക്‌ കൂട്ടികൊണ്ടുപോകുകയും ചെയ്‌തു. തലവന്‍ ചോദിച്ചപ്പോഴും അതേ മറുപടി പറഞ്ഞപ്പോള്‍ പരിശോധിക്കാന്‍ തലവന്‍ ആജ്ഞാപിച്ചു. പരിശോധിച്ചപ്പോള്‍ ബാലന്‍ പറഞ്ഞതുപോലെ സ്വര്‍ണ്ണനാണയങ്ങള്‍!!!. ഈ സത്യസന്ധതയുടെ കാര്യം ആരാഞ്ഞപ്പോള്‍ ഉമ്മയുടെ ഉപദേശം പറഞ്ഞുകേള്‍പ്പിച്ചു. ഇത്‌കേട്ട കൊള്ള സംഘത്തിന്റെ നേതാവ്‌ പൊട്ടിക്കരഞ്ഞ്‌ താന്‍ ചെയ്‌തുപോയ പാപങ്ങളെ ചൊല്ലി പശ്ചാതപിക്കുകയും മുസ്‌ ലിമാവുകയും ചെയ്‌തു. സത്യസന്ധതയുടെ പദവി അദ്ദേഹത്തില്‍ വേരൂന്നികഴിഞ്ഞിരുന്നു എന്നുള്ളതിന്‌ ഈ സംഭവം ശക്തമായ തെളിവാണ്‌. 
വിദ്യാര്‍ത്ഥി ജീവിതം
                              സത്യ സന്ധതയിലും സല്‍സ്വഭാവത്തിലും മുന്‍പന്തിയിലായിരുന്ന ശൈഖ്‌ ജീലാനി (ഖു:സി) കൂര്‍മ്മ ബുദ്ധി, ഭക്തി, സാമര്‍ത്ഥ്യം എന്നിവയലും മറ്റു വിദ്യാര്‍ത്ഥികളേക്കാള്‍ മുന്‍പന്തിയിലായിരുന്നതിനാല്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹം കരസ്ഥമാക്കി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പലപ്പോഴും വ്രതമനുഷ്‌ഠിക്കുകയും ആത്മീയ ജ്ഞാനികളെ തേടിപ്പിടിക്കുകയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുമായിരുന്നു. ഈ സമയത്താണ്‌ മഹാനുഭാവന്റെ ആത്മീയ പരിപാലകനായ ശൈഖ്‌ ഹമ്മാദ്‌ (റ) വിനെ കണ്ട്‌ മുട്ടിയതും സമ്പര്‍ക്കം പുലര്‍ത്തിയതും എന്നത്‌ വളരേയേറെ ശ്രദ്ധേയമാണ്‌. 
വിദ്യാര്‍ത്ഥി ജീവിതം പൂര്‍ത്തിയാക്കിയ ശേഷം ശൈഖ്‌ ജീലാനി(ഖു:സി) തങ്ങള്‍ പൂര്‍ണ്ണമായ ഇലാഹീ സ്‌മരണയില്‍ സമയം ചെലവഴിച്ചു. അധിക സമയവും ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ത്ഥനയിലും ഇലാഹീ ചിന്തയിലുമായി കഴിഞ്ഞു കൂടിയ ശൈഖ്‌ ജീലാനി (ഖു:സി) ഇശാനിസ്‌കാരം നിര്‍വ്വഹിക്കുന്നതിനായി ഉണ്ടാക്കിയ വുളൂ കൊണ്ട്‌ തന്നെ സുബ്‌ഹി നിസ്‌കരിക്കുന്നത്‌ പതിവായിരുന്നു.(``നലവേറും ഇശാതൊളുദോരു വുളുവാലെ നാല്‍പതിറ്റാണ്ട്‌ സുബ്‌ഹി തൊളുദോവര്‍''). അത്‌ പോലെതന്നെ വളരെ കുറഞ്ഞ നേരം കൊണ്ടു തന്നെ ഖുര്‍ആന്‍ മുഴുവനും ശൈഖ്‌ ജീലാനി (ഖു:സി) ഓതി തീര്‍ക്കുമായിരുന്നു. ഇത്തരണത്തില്‍ ആത്മീയ ലോകത്തെ സൂര്യതേജസായി ശൈഖ്‌ ജീലാനി (ഖു:സി) തങ്ങള്‍ ലോകം കീഴടക്കി.
മുഹ്‌യിദ്ദീന്‍ (ദീനിനെ ജീവിപ്പിച്ചവന്‍)
ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും വിശ്വസങ്ങള്‍ക്കും ക്ഷയം സംഭവിച്ച്‌കൊണ്ടിരുന്ന കാലം മുസ്‌ലിംകള്‍ സുഖലോലുപതയിലും ആഡംബര ജീവിതത്തിലും ആറാടിയപ്പോള്‍ യഥാര്‍ത്ഥ പ്രഭാവത്തോടെയുള്ള മതാവേശം എങ്ങും കാണപ്പെട്ടിരുന്നില്ല. ഒരു നാള്‍ ശൈഖ്‌ ജീലാനി (ഖു:സി) തങ്ങള്‍ ബാഗ്‌ദാദിന്റെ തെരുവില്‍കൂടി നടക്കുകയായിരുന്നു. അപ്പോള്‍ വഴിയരികില്‍ കിടന്ന്‌ ക്ഷീണിതനായ ഒരുരോഗി ശൈഖ്‌ ജീലാനി (ഖു:സി) തങ്ങളോട്‌ സലാം പറയുകയും സലാം മടക്കിയതിന്‌ ശേഷം എഴുന്നേറ്റിരിക്കാന്‍ തന്നെ സഹായിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ശൈഖ്‌ ജീലാനി (ഖു:സി) തങ്ങള്‍ രോഗിയെ എഴുന്നേല്‍പ്പിച്ചിരുത്തിയ സമയത്ത്‌ ആ രോഗി ശൈഖ്‌ ജീലാനി (ഖു:സി) നോട്‌ പറഞ്ഞു: ഞാന്‍ ദീനാണ്‌. രോഗിയും അവശനുമായ എനിക്കു അല്ലാഹു അങ്ങയുടെ സഹായത്താല്‍ പുനരുജ്ജീവന്‍ നല്‍കിയിരിക്കുന്നു. ഇതു കൊണ്ടാണ്‌ ശൈഖ്‌ ജീലാനി (ഖു:സി) തങ്ങള്‍ പില്‍ക്കാലത്ത്‌ ``ദീനിന്റെ പുനരുദ്ധാരകന്‍'' എന്നര്‍ത്ഥമുള്ള ``മുഹ്‌യുദ്ദീന്‍'' എന്ന പ്രശസ്‌ത നാമത്തിനര്‍ഹരായത്‌. ധാര്‍മ്മികമായി അധഃപതിച്ച മുസ്‌ലിംകളുടെ ജീവിതഗതിയില്‍ സാരമായ പരിവര്‍ത്തനം ശൈഖ്‌ ജീലാനി (ഖു:സി) തങ്ങള്‍ നടത്തുകയും ചെയ്‌തു. 
വിജ്ഞാനസദസ്സ്‌
                       വിജ്ഞാനം, ആത്മീയപ്രകാശം, സത്യസന്ധത, പൂര്‍ണ്ണമായ ശരീഅത്ത്‌ ഇവയുടെ പ്രശസ്‌തി ലോകം മുഴുവനും വ്യാപിച്ചപ്പോള്‍ ശൈഖ്‌ ജീലാനി (ഖു:സി) ന്റെ സദുപദേശം കേള്‍ക്കാന്‍, ആ നാവില്‍ നിന്നും വീഴുന്ന മണിമുത്തുകള്‍ ശേഖരിക്കാന്‍, ധര്‍മ്മോപദേശങ്ങള്‍ ഗ്രഹിക്കാന്‍ ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും ജനലക്ഷങ്ങള്‍ ശൈഖ്‌ ജീലാനി (ഖു:സി) യുടെ സന്നിധിയിലേക്ക്‌ പ്രവഹിച്ചു തുടങ്ങി. പലവിധ ജ്ഞാനം നേടാന്‍ ജനങ്ങള്‍ അദ്ദേഹത്തെ സമീപിച്ചു. ശൈഖ്‌ ജീലാനി (ഖു:സി)യുടെ മതോപദേശങ്ങള്‍ ശ്രവിച്ച ആയിരക്കണക്കിന്‌ അമുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ശാദ്വലതീരത്തേക്കടുത്തു. ആത്മീയ പ്രഭാവം അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ തെളിഞ്ഞ്‌ നിന്നിരുന്നു. ശൈഖവര്‍കള്‍ നേടിയെടുത്ത ആത്മീയ ഔന്നിത്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രബോധനായുധം. രണ്ടാമതായി ചരിത്രം കാണുന്നത്‌ അവിടുത്തെ പ്രഭാഷണങ്ങളാണ്‌. ശൈഖവര്‍കള്‍ നിരന്തരമായി ചെയ്‌തുകൊണ്ടിരുന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ്‌ അല്‍ ഫത്‌ഹുറബ്ബാനി. മഞ്ചേരി വാക്കേത്തൊടി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹു. ശൈഖുനാ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദ്‌ കമാലുദ്ദീന്‍ അല്‍ ഖാദിരിയ്യി സ്സ്വൂഫി എം. മുത്തുകോയ തങ്ങള്‍ (ഖു.സി.) ത്വരീഖത്തിനെ കുറിച്ചുള്ള സമഗ്രമായ സമര്‍ത്ഥനത്തോട്‌ കൂടി അല്‍ ഫത്‌ഹുര്‍റബ്ബാനി മലയാള ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഫുതൂഹുല്‍ ഗയ്‌ബ്‌, സിര്‍റുല്‍ അസ്‌റാര്‍, ഗുന്‍യത്ത്‌ തുടങ്ങിയവ മഹാനുഭാവന്റെ ഗ്രന്ഥങ്ങളാണ്‌.
കുടുംബം
                      മാതൃകാഗുണവതികളും സല്‍സ്വഭാവികളുമായ 4 ഭാര്യമാരിലൂടെ 49 മക്കള്‍ (27 ആണ്‍കുട്ടികള്‍, 22 പെണ്‍കുട്ടികള്‍) അദ്ദേഹത്തിനു ജനിച്ചു. എല്ലാവരും വിജ്ഞാനികളെന്ന നിലയില്‍ വിഖ്യാതരായിരുന്നു.
വഫാത്ത്‌ 
                   ഹിജ്‌റ വര്‍ഷം 561 റബീഉല്‍ ആഖിറില്‍ 91-ാം വയസ്സില്‍ ആത്മീയ ലോകത്തിലെ ചക്രവര്‍ത്തി, ആത്മീയ യശസ്സ്‌കൊണ്ട്‌ ലോകം കീഴടക്കിയ ലോകത്തിന്റെ നെറുകയില്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്സ്‌ ഗൗസുല്‍ അഅ്‌ളം ശൈഖ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഈ ലോകത്തോട്‌ വിട പറഞ്ഞു. ആ ദിനം ഇന്നും ജീലാനി ദിനമായി മുസ്‌ലിം ലോകം ആചരിക്കുന്നു. 
ഇസ്‌ലാമിക ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ പുണ്യാത്മാവാണ്‌ ശൈഖ്‌ ജീലാനി (ഖു.സി). ഇസ്‌ലാമിക ചരിത്രത്തില്‍ ആ പുണ്യാത്മാവിന്റ വ്യക്തി പ്രഭാവം അമൂല്യ രത്‌നസമാനം പോലെ ഇന്നും തിളങ്ങിക്കൊണ്ടിരിക്കുന്നു. 

സയ്യിദ്‌ യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.)


സയ്യിദ്‌ യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.)

                      ലക്ഷദ്വീപിലെ സയ്യിദ്‌ കുടുംബങ്ങളില്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത്‌ നില്‍ക്കുന്ന സയ്യിദ്‌ വംശമാണ്‌ ജീലാനി എന്നും ജീലിയ്യ്‌ എന്നും വിളിച്ചുവരുന്ന സയ്യിദ്‌ വംശം.
ഈ വംശപരമ്പരയുടെ ബഹുഭൂരിഭാഗവും തിരുദൂതരിലേക്ക്‌ ചേരുന്നത്‌ പ്രസിദ്ധ സൂഫീവര്യനും സയ്യിദുമായ സയ്യിദ്‌ മുഹമ്മദ്‌ ഖാസിം (ഖു.സി.) തങ്ങളിലൂടെയാണ്‌. മഹാനവര്‍കളുടെ അഞ്ച്‌ ആണ്‍മക്കളില്‍ ഏറ്റവും ഇളയ പുത്രനാണ്‌ സയ്യിദ്‌ യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍.
                        സയ്യിദ്‌ മുഹമ്മദ്‌ ഖാസിം (റ) ആന്ത്രോത്ത്‌ നിന്ന്‌ വിവാഹം കഴിച്ച്‌ അവിടെ ദീനീ ദഅ്‌വത്തുമായി കഴിഞ്ഞുകൂടുന്ന കാലഘട്ടം. ഏതാണ്‌ ഹിജ്‌റ 1100 ന്‌ ശേഷം ആന്ത്രോത്തില്‍ മഹാനവര്‍കള്‍ പണികഴിപ്പിച്ച `തങ്ങള അറ' എന്നറിയപ്പെടുന്ന വീട്ടിലാണ്‌ വന്ദ്യരായ സയ്യിദ്‌ യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.) യുടെ ജനനം. യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.) യുടെ ജനനസ്ഥലം എന്ന നിലയില്‍ ആ സ്ഥലത്തിനെ ജനങ്ങള്‍ ഇന്നും ആണ്ട്‌ നേര്‍ച്ചയും മറ്റും നടത്തി പ്രത്യേകം ആദരിച്ചുവരുന്നു.
                              ചില മഹാന്മാരെ ജന്മനാ തന്നെ സംരക്ഷണം നല്‍കി തിന്മകളില്‍ നിന്നും പൈശാചിക പ്രവണതകളില്‍ നിന്നും അല്ലാഹു സംരക്ഷിക്കാറുണ്ട്‌. ആ കൂട്ടത്തില്‍ സംരക്ഷണം നല്‍കപ്പെട്ട വലിയ മഹാനായിരുന്നു യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.).
ലോകവിജ്ഞാന കേന്ദ്രമായി അക്കാലത്തും പ്രസിദ്ധമായി പൊന്നാനിയിലേക്കാണ്‌ മഹാനവര്‍കളെ ദീനീവിജ്ഞാന സമ്പാദനത്തിനായി പറഞ്ഞുവിട്ടത്‌. പൊന്നാനിയിലെ വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ സയ്യിദവര്‍കളെ മനസ്സിലാക്കിയ ഗുരുനാഥന്‍ പൊന്നാനി മഖ്‌ദൂം (റ) തന്റെ അരുമശിഷ്യനെ പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നു. 
പഠനശേഷം പിതാമഹന്റെ ദര്‍ഗ്ഗ സ്ഥിതി ചെയ്യുന്ന ആങ്കോല, ബൈന്തൂര്‍, കുന്താപുരം ഉള്‍പ്പെടെ കര്‍ണ്ണാടക, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, കേരളം, ലക്ഷദ്വീപ്‌ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മഹാനവര്‍കള്‍ ദീനീപ്രബോധനത്തിന്‌ തിരഞ്ഞെടുത്തത്‌.
                                   മഹാനവര്‍കള്‍ കവരത്തി പുതിയന്നല്ലാല എന്ന വീട്ടില്‍ നിന്ന്‌ വിവാഹം ചെയ്‌തതായി പറയപ്പെടുന്നു. അതിന്‌ ഉപോദ്‌ബലകമായ തെളിവുകളൊന്നും ലഭ്യമല്ല. സയ്യിദ്‌ യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍ക്ക്‌ സന്താനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. കവരത്തി പുതിയന്നല്ലാല എന്ന വീട്‌ യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.) തങ്ങളുടെ വീടെന്ന നിലയില്‍ അറിയപ്പെടുന്നു. എന്നാല്‍ ശൈഖ്‌ മുഹമ്മദ്‌ ഖാസിം (റ) തങ്ങളുടെ മകനായി ആന്ത്രോത്ത്‌ ദ്വീപിലാണ്‌ മഹാനവര്‍കളുടെ ജനനം. പിതാവ്‌ കവരത്തിയില്‍ പണികഴിപ്പിച്ച വീടിന്‌ കോലിയാല എന്നാണ്‌ പേര്‌. ഇത്‌ വിലയിരുത്തുമ്പോള്‍ യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി) യുടെ പേരില്‍ അറിയപ്പെടുന്ന പുതിയന്നല്ലാല എന്ന വീട്‌ തങ്ങള്‍ പണിയിച്ചതോ അല്ലെങ്കില്‍ വിവാഹം കഴിച്ചതോ ആകാനേ തരമുള്ളൂ. ഈ വിഷയം ചരിത്രാന്വേഷികള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്നു. വസ്‌തുത എന്തായാലും കവരത്തി പുതിയന്നല്ലാല എന്ന വീട്ടില്‍ മഹാനവര്‍കളുടെ തിരുശേഷിപ്പ്‌ എന്ന നിലയില്‍ ഒരു മെതിയടി (പാദുകം, ചെരിപ്പ്‌) സൂക്ഷിക്കപ്പെടുന്നുണ്ട്‌. അത്‌ സന്ദര്‍ശകര്‍ക്ക്‌ ഇന്നും കാണാവുന്നതാണ്‌. 
മുപ്പതോളം വര്‍ഷത്തെ ജീവിതത്തിനിടക്ക്‌ തന്റെ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ച്‌ നിരവധി പള്ളികളും പര്‍ണ്ണശാലകളും പണിത്‌ പിതാമഹന്മാര്‍ വഴി തനിക്ക്‌ ലഭിച്ച രിഫാഇയ്യ ത്വരീഖത്ത്‌ കെട്ടുപോകാത്ത വിധം പിന്‍തലമുറക്ക്‌ കൈമാറി. കര്‍ണ്ണാടകയിലെ ഉഡുപ്പിക്കടുത്ത തീരപ്രദേശത്ത്‌ കുന്താപുരം ജുമാമസ്‌ജദിന്‌ സമീപം അവിടുത്തെ ഒരു മുരീദ്‌ ദാനമായി കൊടുത്ത സ്ഥലത്ത്‌ അന്ത്യവിശ്രമം കൊള്ളുകയാണ്‌ മഹാനവര്‍കള്‍. കുന്താപുരത്ത്‌ പരലോകം പ്രാപിച്ചതാകയാല്‍ കുന്താപുരത്ത്‌ കഴിഞ്ഞോര്‍ എന്നാണ്‌ മഹാനവര്‍കള്‍ ദ്വീപുകളില്‍ അറിയപ്പെടുന്നത്‌. 
                                     ജീവിതകാലത്തും ശേഷവും നിരവധി അത്ഭുതസംഭവങ്ങള്‍ മഹാനവര്‍കളില്‍ നിന്ന്‌ പ്രകടമായിട്ടുണ്ട്‌. ആ കറാമത്തിന്റെ നീണ്ട പട്ടിക ഇവിടെ നിവര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ബറക്കത്തിന്‌ വേണ്ടി ഒന്ന്‌ മാത്രം ചേര്‍ക്കാം. 
വന്ദ്യരായ തങ്ങളവര്‍കള്‍ വഫാത്താകുമ്പോള്‍ ഒരു വ്യക്തിക്ക്‌ അല്‍പം പണം കടം കൊടുക്കാനുണ്ടായിരുന്നു. സംഗതിവശാല്‍ അത്‌ തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. വഫാത്തിന്‌ ശേഷം കടം കിട്ടാനുള്ള വ്യക്തി ദര്‍ഗ്ഗക്കരികില്‍ വന്ന്‌ സങ്കടം ബോധിപ്പിച്ച്‌ ഖുര്‍ആന്‍ പാരായണത്തിലും ദുആയിലുമായി വ്യാപൃതനായിരിക്കെ ഒരു ദിവസം ഒരു സ്‌ത്രീയും അദ്ദേഹത്തിന്റെ ഭര്‍ത്താവും ദര്‍ഗ്ഗയില്‍ വന്ന്‌ സിയാറത്തും മറ്റും നടത്തിയ ശേഷം അവിടെയിരിക്കുന്ന അപരന്‌ ആ സ്‌ത്രീയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ സമ്മാനിച്ചു. ഈ കാഴ്‌ച കണ്ട്‌ അത്ഭുത സ്‌തബ്‌ധനായ അപരന്‍ അവരോട്‌ ചോദിച്ചു. ഈ ആഭരണങ്ങള്‍ മുഴുവനും നിങ്ങള്‍ ഇവിടെ തരാനുള്ള കാരണമെന്ത്‌? അവര്‍ വിശദീകരിച്ചു. ഞങ്ങള്‍ ഒരു സമുദ്ര യാത്രയിലായിരിക്കെ പൊടുന്നെനെ വാഹനം അപകടത്തില്‍ പെടുകയും ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ തുടങ്ങുകയും ചെയ്‌തു. തത്സമയം ഞങ്ങള്‍ ഞങ്ങളുടെ ശൈഖായിരുന്ന യൂസുഫ്‌ വലിയ്യുല്ലാഹി (ഖു.സി.) തങ്ങള്‍ക്ക്‌ ഞങ്ങളുടെ ആഭരണങ്ങള്‍ മുഴുവനും നേര്‍ച്ചയാക്കി. താമസംവിനാ അത്ഭുതമെന്നോണം ഞങ്ങളുടെ കാലുകള്‍ മണലില്‍ പതിഞ്ഞു. ആഴമേറിയ സമുദ്രത്തില്‍ തലമുങ്ങാതെ നടന്ന്‌ കരക്കണയാന്‍ സാധിച്ചു. അങ്ങനെ ആ നേര്‍ച്ച വീടുന്നതിന്‌ വേണ്ടിയാണ്‌ ഞങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുന്നത്‌. ഈ ആഭരണം ഏല്‍പിക്കാന്‍ അനന്തരവന്മാരില്ലാത്ത ശൈഖവര്‍കളുടെ ദര്‍ഗ്ഗയില്‍ കഴിഞ്ഞുകൂടുന്ന നിങ്ങളാണ്‌ ഏറ്റവും അര്‍ഹന്‍ എന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളെ ഏല്‍പിക്കുകയാണ്‌. ഇത്‌ കേട്ട കടം ലഭിക്കാനുള്ള വ്യക്തി അത്ഭുതത്തോടെ ആഭരണങ്ങള്‍ വാങ്ങി വില നിര്‍ണ്ണയിക്കുമ്പോള്‍ തനിക്ക്‌ കിട്ടാനുള്ള കടത്തിന്റെ അത്ര തന്നെയായിരുന്നു ആ സ്വര്‍ണ്ണാഭരണങ്ങളുടെ തൂക്കം. അതോടെ ആ വ്യക്തി തനിക്ക്‌ ശൈഖവര്‍കളില്‍ നിന്ന്‌ ലഭിക്കാനുള്ള കടം ലഭിച്ച സന്തോഷത്താല്‍ അവിടുത്തെ ഖാദിമായി കഴിഞ്ഞുകൂടുകയായിരുന്നു. 
                                ഔലിയാക്കളുടെ ലോകം അത്‌ സാധാരണക്കാര്‍ക്ക്‌ ഗ്രഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ്‌. തനിക്ക്‌ മനസ്സിലാകാത്തതും അറിയാത്തതും നിഷേധിക്കുന്നത്‌ ആത്മഹത്യാപരമാണ്‌. അറിവില്ലാത്തത്‌ അറിയാന്‍ അറിയാത്തത്‌ ഒരുപാട്‌ അറിയാനിരിക്കുന്നു എന്നുമുള്ള ചിന്ത മനുഷ്യനെ നന്മയിലേക്ക്‌ നയിക്കും. അല്ലാത്തത്‌ അപകടത്തിലേക്കും. 
``
അല്ലാഹുവിനെ അറിയുന്ന മഹത്തുക്കളുടെ ഹൃദയങ്ങളില്‍ കണ്ണുകളുണ്ട്‌. 
സാധാരണ നയനങ്ങളാല്‍ ദര്‍ശിക്കാന്‍ കഴിയാത്തത്‌ ആ അകക്കണ്ണ്‌ കൊണ്ട്‌ കാണാന്‍ കഴിയും. 
തൂവലുകളില്ലാത്ത ചിറകുകളുണ്ടവര്‍ക്ക്‌. 
ആചിറകുകളാല്‍ അവര്‍ സര്‍വ്വലോക രക്ഷിതാവിന്റെ അദൃശ്യലോകത്തേക്ക്‌ അവര്‍ പറന്നുയരും'' 
ഈ കവിതാ സാരാംശം നമ്മെ തെര്യപ്പെടുത്തുന്നത്‌ ആരിഫുകളുടെ വചനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ അപഗ്രഥിക്കാനോ വിശകലനം ചെയ്യാനോ തുനിയരുത്‌. തന്റെ അറിവിലും ചിന്തയിലും ഒതുങ്ങാത്ത നിരവധി കാര്യങ്ങള്‍ ഈ ഭൗതിക ലോകത്ത്‌ തന്നെയുണ്ട്‌. എങ്കില്‍ അദൃശ്യലോകത്തെ കുറിച്ച്‌ എന്ത്‌ പറയാന്‍! 
ചുരുക്കത്തില്‍ ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ ഉദയം ചെയ്‌ത്‌ കര്‍ണ്ണാടകയിലെ കുന്താപുരത്ത്‌ റബീഉല്‍ ആഖിര്‍ 8 ന്‌ പരലോകം പ്രാപിച്ച ആ മഹാനവര്‍കള്‍ വിലായത്തിന്റെ ശ്രേണികള്‍ ചവിട്ടിക്കയറി അത്യുന്നത പദവിയില്‍ വിരാചിച്ചവരായിരുന്നു. ആ മഹാനവര്‍കളുടെ കൂടെ നമ്മെയും സ്‌നേഹജനങ്ങളെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.
Related Posts Plugin for WordPress, Blogger...