നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 26 September 2014

ബലിപെരുന്നാളും ഉളുഹിയ്യത്തും

ബലിപെരുന്നാളും ഉളുഹിയ്യത്തും
                  ആത്മത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിശ്വമാനവികതയുടെയും ഈദുല്‍ അള്വ്‌ഹാ ഒരിക്കല്‍ കൂടി സമാഗതമാവുന്നു. സംവത്സരങ്ങള്‍ക്ക്‌ മുമ്പ്‌ അല്ലാഹുവിന്റെ ആത്മമിത്രം ഇബ്‌റാഹീം നബി (അ) യും മകന്‍ ഇസ്‌മാഈല്‍ നബി (അ) യും അഭിമുഖീകരിച്ച ഭയാനകമായ പരീക്ഷണവും അതിലെ വിജയവും ബലിപെരുന്നാള്‍ ദിനത്തില്‍ ലോകമുസ്‌ലിംകള്‍ സ്‌മരിക്കുന്നു. വിശ്വാസികളായ അടിമകള്‍ മക്ക, മിന, അറഫ, മദീന തുടങ്ങിയ പവിത്ര സ്ഥലങ്ങളിലെത്തിച്ചേരുന്നത്‌ ഉദ്ദൃത സ്‌മരണ മനസാ വാചാ കര്‍മ്മണാ ഉള്‍ക്കൊള്ളാനാണ്‌. മാനവ കുലത്തിന്റെ പ്രബോധനത്തിനായി ദിവ്യസന്ദേശങ്ങളുമായി എത്തിയ നിരവധി പ്രവാചകന്മാരുടെ പാദസ്‌പര്‍ശനമേറ്റ്‌ പുളകിതമായ മണല്‍ത്തരികളില്‍ പാദമൂന്നുമ്പോള്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരായിരം തിരമാലകള്‍ ഏതൊരു സത്യവിശ്വാസിയുടെയും ഹൃത്തടങ്ങളില്‍ അലയടിക്കുമെന്നതില്‍ സന്ദേഹമില്ല. 

                      ദേശ-ഭാഷ-വര്‍ഗ്ഗ-വര്‍ണ്ണ-വൈജാത്യങ്ങളില്ലാതെ ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തില്‍ ലക്ഷക്കണക്കിന്‌ വിശ്വാസീ സമൂഹം സമ്മേളിക്കുന്ന സജീവ രംഗം തികച്ചും ഒരു മിനി മഹ്‌ശറയുടെ പ്രതീകാത്മക പ്രകടനമാണ്‌. ``പത്ത്‌ രാവുകളെ തന്നെയാണ്‌ സത്യം'' എന്ന ഖുര്‍ആനിക വചനം തീര്‍ത്തും ദുല്‍ഹജ്ജിലെ ആദ്യപത്തുകളിലെ സവിശേഷത അറിയിക്കുന്ന മഹത്‌ പ്രഖ്യാനപമാണ്‌. ``പ്രസവിക്കപ്പെട്ട ദിവസത്തിലെ കുട്ടിയെ പോലെയാണ്‌ സ്വീകാര്യമായ ഹജ്ജിന്റെ ഉടമ'' എന്ന തിരുവചനവും ``അറഫയാണ്‌ ഹജ്ജ്‌'' എന്ന പ്രവാചക വചസ്സും വളരെ അര്‍ത്ഥഗര്‍ഭമുള്ളതാണ്‌. അറഫ ഭൂമിയില്‍ സംഗമിക്കാത്തവര്‍ക്ക്‌ അന്നേ ദിവസം നോമ്പനുഷ്‌ഠിക്കല്‍ സുന്നത്താണ്‌.
            പെരുന്നാള്‍ ദിവസത്തിലെ ഏറെ മഹത്തരമായ മറ്റൊരു ആരാധനയാണ്‌ പെരുന്നാള്‍ നിസ്‌കാരം. സൂര്യനുദിച്ചത്‌ മുതല്‍ ഉച്ച വരെയാണ്‌ ഇതിന്റെ സമയം. പുരുഷന്മാര്‍ ജമാഅത്തായി പള്ളികളിലും സ്‌ത്രീകള്‍ വീടുകളിലും നിര്‍വ്വഹിക്കപ്പെടലാണ്‌ ഉത്തമം. പെരുന്നാള്‍ നിസ്‌കാരം രണ്ട്‌ റക്‌അത്താണ്‌. ഒന്നാമത്തെ റക്‌അത്തില്‍ വജ്ജഹ്‌ത്തു എന്ന പ്രാരംഭ പ്രാര്‍ത്ഥനക്ക്‌ ശേഷം അഊദുവിന്‌ മുമ്പായി ഏഴ്‌ തക്‌ബീറുകളും രണ്ടാം റക്‌അത്തില്‍ അഊദു ഓതുന്നതിന്‌ മുമ്പായി അഞ്ച്‌ തക്‌ബീറുകളും ചൊല്ലല്‍ ഈ നിസ്‌കാരത്തിന്റെ പ്രത്യേകതയാണ്‌. ഓരോ തക്‌ബീറുകള്‍ക്കിടയിലും  ദിക്‌റ്‌ ചൊല്ലല്‍ സുന്നത്താണ്‌. 
                       പെരുന്നാളിന്റെ നിയ്യത്തോടെ കുളിക്കലും പുതുവസ്‌ത്രം ധരിക്കലും സുഗന്ധം പുരട്ടലും തക്‌ബീര്‍ ചൊല്ലലും പെരുന്നാള്‍ നിസ്‌കാരത്തിന്‌ മുമ്പ്‌ അല്‍പം ആഹാരം കഴിക്കലും പള്ളിയിലേക്ക്‌ പോയ വഴിയിലൂടെയല്ലാതെ തിരിച്ചുവരലും കുടുംബമിത്രാദികളെ സന്ദര്‍ശിക്കലും ധര്‍മ്മം ചെയ്യലും മരണപ്പെട്ടവരുടെ ഖബ്‌ര്‍ സന്ദര്‍ശനവും പെരുന്നാള്‍ സുദിനത്തില്‍ വളരെ പുണ്യകരമായ കാര്യങ്ങളാണ്‌. ദുല്‍ഹജ്ജ്‌ 1 മുതല്‍ 10 വരെ ബലിമൃഗങ്ങളെ കാണുമ്പോള്‍ തക്‌ബീര്‍ ചൊല്ലല്‍ സുന്നത്താണ്‌. ദുല്‍ഹജ്ജ്‌ 9 ന്റെ സുബ്‌ഹി മുതല്‍ 13 ന്റെ അസ്വ്‌ര്‍ വരെ ഫര്‍ള്വും സുന്നത്തുമായ നിസ്‌കാരങ്ങള്‍ക്ക്‌ ശേഷവും തക്‌ബീറ്‌ ചൊല്ലല്‍ ഏറെ പവിത്രതയുള്ള ഒരു കര്‍മ്മമാണ്‌. 

         ആഘോഷം അതിരുവിടാതെ ശ്രദ്ധിക്കേണ്ടതാണ്‌. ഈ പുണ്യദിനം ഗുണകരമായി സാക്ഷി നില്‍ക്കാനായി ശ്രമിക്കുക. കേവലം ആഘോഷം മാത്രമാവാതെ പരമാവധി സുകൃതങ്ങള്‍ കാഴ്‌ച വെക്കുക. ഭക്തിനിര്‍ഭരവും പ്രാര്‍ത്ഥനാ പൂരിതവുമാക്കുക. ഈ മഹത്‌ദിനത്തിന്റെ പവിത്രതക്ക്‌ കളങ്കമേല്‍ക്കുന്ന യാതൊരു വിധ പ്രവര്‍ത്തനിങ്ങളിലും മുഴുകാതെ ശ്രദ്ധിക്കുക. കാരുണ്യവര്‍ഷം കൊണ്ട്‌ അനുഗൃഹീതമായ ഈ പുണ്യദിനം ശാപദിനമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. 
ലോക മുസ്‌ലിംകളുടെ ആഘോഷ ദിനമായ ബലിപെരുന്നാളിന്റെ സൂര്യോദയ ശേഷം രണ്ട്‌ റക്‌അത്ത്‌ നിസ്‌കാരവും രണ്ട്‌ ഖുത്വുബയും ലളിതമായ രൂപത്തില്‍ നിര്‍വ്വഹിക്കാവുന്ന സമയം കഴിഞ്ഞത്‌ മുതല്‍ ദുല്‍ഹജ്ജ്‌ 13 ന്റെ സന്ധ്യ വരെയുള്ള സമയത്തിനിടയില്‍ നിര്‍വ്വഹിക്കപ്പെടുന്ന പുണ്യകരമായ ബലികര്‍മ്മമാണ്‌ ഉള്‌ഹിയ്യത്ത്‌. ആറ്റുനോറ്റുണ്ടായ സ്വന്തം പൈതലിന്റെ മൃദുല ഗളത്തില്‍ ഇലാഹീ തൃപ്‌തിക്ക്‌ വേണ്ടി മൂര്‍ച്ചയേറിയ കത്തി വെച്ച്‌ ബലി കൊടുക്കാന്‍ ശ്രമിക്കുന്ന ലോക പരിത്യാഗി ഇബ്‌റാഹീം നബി (അ) യുടെ യും അലംഘനീയമായ വിധിക്ക്‌ മുമ്പില്‍ പാല്‍പുഞ്ചിരിയോടെ സ്വശരീരം ബലി നല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന കുഞ്ഞ്‌ ഇസ്‌മാഈല്‍ നബി (അ) യുടെയും ത്യാഗസമ്പൂര്‍ണ്ണ ജീവിതം അയവിറക്കാനായി അന്ത്യനാള്‍ വരെയുള്ള വിശ്വാസി വൃന്ദത്തിന്‌ പ്രസ്‌തുത ബലികര്‍മ്മം പുണ്യകര്‍മ്മമായി അല്ലാഹുവും റസൂലും പഠിപ്പിച്ചു. ലോക മുസ്‌ലിംകളുടെ ആഘോഷ സുദിനമായ ഹജ്ജ്‌ പെരുന്നാളിന്‌ ``ബലിപെരുന്നാള്‍'' എന്ന നാമം തീര്‍ത്തും അനുയോജ്യമാണ്‌. പ്രസ്‌തുത ബലികര്‍മ്മത്തിന്റെ കര്‍മ്മശാസ്‌ത്ര വീക്ഷണം ഹ്രസ്വമായി വിവരിക്കാം. 
                      
    പ്രസ്‌തുത ബലികര്‍മ്മം ശക്തമായ സുന്നത്താണ്‌. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുസ്‌ലിം ലോകത്തിന്റെ ഏകോപനവും ഇതിന്‌ ആധാരമാണ്‌. ഉള്‌ഹിയ്യത്തിന്റെ പോരിശകള്‍ നിരവധിയാണ്‌. ഇമാം തുര്‍മുദിയും ഹാകിമും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസ്‌ കാണാം: ബലിപെരുന്നാള്‍ ദിനത്തില്‍ ബലികര്‍മ്മത്തേക്കാളും അല്ലാഹു ഏറെ ഇഷ്‌ടപ്പെട്ട മറ്റൊരു കര്‍മ്മം മനുഷ്യന്‌ ചെയ്യാനില്ല. ബലിമൃഗം (ഭൂമിയിലുള്ള പ്രകാരം) അതിന്റെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമുള്‍പ്പെടെ ഖിയാമത്ത്‌ നാളില്‍ (തന്റെ വാഹനമായി) വരുന്നതാണ്‌. അതിന്റെ രക്തം ഭൂമിയില്‍ എത്തുന്നതിന്‌ മുമ്പായി അത്‌ അല്ലാഹുവിങ്കല്‍ പരമോന്നത പദവിയിലാവുന്നതാണ്‌ (അല്ലാഹു നേരത്തെ തന്നെ സ്വീകരിക്കുന്നതായിരിക്കും). ആയതിനാല്‍ നിങ്ങള്‍ ശുദ്ധമനസ്‌കരായി പ്രസ്‌തുത കര്‍മ്മം നിര്‍വ്വഹിക്കണം. മറ്റൊരു ഹദീസില്‍ കാണാം:
``നിങ്ങള്‍ നിങ്ങളുടെ ബലിമൃഗത്തെ ആദരിക്കുക. നിശ്ചയം അവകള്‍ സ്വിറാത്ത്‌ പാലത്തില്‍ നിങ്ങള്‍ക്കുള്ള വാഹനങ്ങളാണ്‌''. നബി (സ്വ) ബിസ്‌മിയും തക്‌ബീറും ചൊല്ലി അവിടുത്തെ ശറഫാക്കപ്പെട്ട കൈ കൊണ്ട്‌ കൊമ്പുള്ള രണ്ട്‌ വെളുത്ത ആടുകളെ ഉള്‌ഹിയ്യത്ത്‌ അറുത്തതായി അനസ്‌ (റ) നെ തൊട്ട്‌ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ വ്യക്തമാക്കുന്നു.
ആര്‍ക്കാണ്‌ സുന്നത്ത്‌?
        ബലിപെരുന്നാള്‍ സുദിനത്തില്‍ തനിക്കും താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള നിര്‍ബന്ധ ചെലവുകള്‍ കഴിഞ്ഞ്‌ ബലികര്‍മ്മത്തിനുള്ള തുക മിച്ചം വരുന്ന പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ എല്ലാ മുസ്‌ലിമിനും ഇത്‌ സുന്നത്താണ്‌. സാമ്പത്തിക കഴിവുള്ളവന്‍ ഇത്‌ ഒഴിവാക്കല്‍ കറാഹത്താണ്‌. 
ആട്‌, മാട്‌, ഒട്ടകം എന്നിവയാണ്‌ ബലിക്കായി ഉപയോഗിക്കേണ്ടത്‌. കാള, പോത്ത്‌, മൂരി എന്നിവ മാടിന്റെ ഇനത്തില്‍ പെട്ടതാണ്‌. അഞ്ച്‌ വയസ്സ്‌ പ്രായമുള്ള ഒട്ടകമോ രണ്ട്‌ വയസ്സുള്ള മാടോ കോലാടോ ഒരു വയസ്സുള്ള അല്ലെങ്കില്‍ ആറ്‌ മാസം കഴിഞ്ഞ്‌ പല്ല്‌ കൊഴിഞ്ഞ നെയ്യാടോ ആയിരിക്കണം ഉള്‌ഹിയ്യത്തിന്റെ മൃഗം. ഉള്‌ഹിയ്യത്തിന്റെ മൃഗങ്ങള്‍ ശ്രേഷ്‌ഠതയില്‍ വ്യത്യസ്‌തമാണ്‌. ഒട്ടകം, മാട്‌, നെയ്യാട്‌, കോലാട്‌, ഒട്ടകത്തില്‍ പങ്ക്‌ ചേരല്‍, മാടില്‍ പങ്ക്‌ ചേരല്‍ എന്നിങ്ങനെയാണ്‌ ശ്രേഷ്‌ഠതയുടെ ക്രമം. ഏഴ്‌ ആട്‌ ഒരു പശുവിനേക്കാളും ഒരു ഒട്ടകത്തേക്കാളും പുണ്യകരമാണ്‌. മൃഗങ്ങളുടെ നിറത്തിന്റെ വിഷയത്തില്‍ചിലത്‌ മറ്റ്‌ ചിലതിനേക്കാള്‍ ഉത്തമമാണ്‌. നല്ല വെളുപ്പ്‌, മഞ്ഞ നിറം, ചുവപ്പ്‌ കലര്‍ന്ന വെളുപ്പ്‌ നിറം, വെളുപ്പും കറുപ്പും കലര്‍ന്ന നിറം, കറുപ്പ്‌ നിറം, ചുവപ്പ്‌ നിറം എന്നിങ്ങനെയാണ്‌ ഇവയുടെ ക്രമം. ആണ്‍, പെണ്‍, നപുംസകം, വൃഷ്‌ണം ഉടക്കപ്പെട്ടതും പെടാത്തതുമായ മൃഗങ്ങള്‍ ഉള്‌ഹിയ്യത്തിന്‌ പറ്റുമെങ്കിലും കൂടുതല്‍ തടിച്ചു കൊഴുത്തതും ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ടതും കൂടുതല്‍ ഇണചേരാത്ത ആണാവലും ഏറെ ഉചിതമാണ്‌. 
ഉള്‌ഹിയ്യത്തിന്‌ പറ്റാത്തവ
     മുടന്ത്‌, ചൊറി, മുറിവുകള്‍, കാഴ്‌ചയില്ലാത്തത്‌, മെലിഞ്ഞൊട്ടിയത്‌, നാവ്‌, അകിട്‌, ചെവി എന്നിവ പൂര്‍ണ്ണമായോ ഭാഗികമായോ മുറിഞ്ഞുപോയത്‌, ഗര്‍ഭമുള്ളത്‌ തുടങ്ങിയവ ഉള്‌ഹിയ്യത്തിന്‌ പറ്റുകയില്ല.
ഉള്‌ഹിയ്യത്ത്‌ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌
                        ഇവര്‍ ദുല്‍ഹജ്ജ്‌ മാസം ഒന്ന്‌ മുതല്‍ പ്രസ്‌തുത ബലികര്‍മ്മം നിര്‍വ്വഹിക്കുന്നത്‌ വരെ മുടി, നഖം, മറ്റ്‌ രോമങ്ങള്‍ തുടങ്ങിയ നീക്കം ചെയ്യരുത്‌. ഇത്‌ കറാഹത്തായതിന്റെ പിന്നിലുള്ള രഹസ്യം വളരെ പുണ്യകരവും മഹത്വവുമേറിയ ബലികര്‍മ്മ നിര്‍വ്വഹണത്തിലൂടെ കൈവരിക്കുന്ന പാപമോചനവും പവിത്രതയും ശരീരത്തിലെ ഒരംശത്തിന്‌ പോലും നഷ്‌ടമാവാതെ പരിപൂര്‍ണ്ണമായി ലഭിക്കലാണ്‌.
നിയ്യത്ത്‌
             ഒരാള്‍ തനിച്ച്‌ നടത്തുന്ന അറവില്‍ ഒട്ടകം,മാട്‌ എന്നിവയില്‍ ഉള്‌ഹിയ്യത്തിനൊപ്പം അഖീഖയും കരുതാം. പങ്കാളികളായിട്ടാണെങ്കില്‍ ഓരോരുത്തരുടെയും ഉദ്ദേശാനുസരണം ഉള്‌ഹിയ്യത്തും അഖീഖയും കരുതാവുന്നതാണ്‌. ഒരു പങ്കില്‍ രണ്ടും ഒപ്പം ഒരാള്‍ കരുതാന്‍ പാടില്ല. കരുതിയ ഒന്ന്‌ ഏതോ അത്‌ ലഭ്യമാവുമെന്ന്‌ ചുരുക്കം. പക്ഷേ, ഒന്നിലധികം ഷെയറുള്ള ഒരാള്‍ക്ക്‌ ഓരോ വിഹിതത്തിനും വ്യത്യസ്‌തമായി കരുതുന്നതില്‍ വിരോധമില്ല. അറവിന്റെ നേരത്തോ, മൃഗത്തെ വേര്‍തിരിക്കുന്ന നേരത്തോ അറവിന്‌ ഏല്‍പിക്കപ്പെട്ടവന്‌ മൃഗത്തെ കൈമാറുന്ന സമയത്തോ നിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. 
ചില മര്യാദകള്‍
അറവ്‌ ഉദ്ദേശിക്കുന്നവന്‍ അതിനെ കുറിച്ച്‌ വ്യക്തമായ അവഗാഹം നേടിയിരിക്കേണ്ടതാണ്‌. അറവ്‌ നല്ല നിലയില്‍ സാധ്യമാകുമെങ്കില്‍ ഈ പുണ്യകര്‍മ്മം സ്വയം നിര്‍വ്വഹിക്കലാണ്‌ സുന്നത്ത്‌. ഇത്‌ വശമില്ലാത്തവന്‍ യോഗ്യനായ മറ്റൊരാളെ ഏല്‍പിക്കേണ്ടതാണ്‌. അറവിന്റെ നേരത്ത്‌ അറവ്‌ സ്ഥലത്ത്‌ ഹാജരാവലും അറുക്കുന്ന കത്തി മൂര്‍ച്ചയേറിയതാവലും അഭികാമ്യമാണ്‌. അറവിന്‌ മുമ്പ്‌ മൃഗത്തിന്‌ വെള്ളം കൊടുക്കലും മൃഗത്തിന്റെ കഴുത്ത്‌ ഖിബ്‌ലയിലേക്ക്‌ തിരിക്കലും പുണ്യകരമാണ്‌. അറവുകാരന്‍ ബിസ്‌മി ചൊല്ലുന്നതിന്‌ മുമ്പും ശേഷവും മൂന്ന്‌ തക്‌ബീര്‍ വീതം (അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ്‌) ചൊല്ലി അറുക്കുക. ശേഷം തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുക. 
തോല്‍ വില്‍പന
     ആരെങ്കിലും ബലിമൃഗത്തിന്റെ (ഉള്‌ഹിയ്യത്ത്‌) തോല്‍ വില്‍പന ചെയ്‌താല്‍ പിന്നീടവന്‌ ബലി ഇല്ല (ഉള്‌ഹിയ്യത്ത്‌ ലഭിക്കുകയില്ല) എന്ന ഹാകിം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസ്‌ വളരെ ശ്രദ്ധേയമാണ്‌. നൂറ്‌ കണക്കിന്‌ ബലിമൃഗങ്ങളുടെ തോല്‍ വിറ്റ്‌ പണം വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവര്‍ തല്‍വിഷയകമായി ഇസ്‌ലാമിക വീക്ഷണം അറിഞ്ഞിരിക്കണം. 
     സുന്നത്തോ നേര്‍ച്ചയാക്കപ്പെട്ടതോ ആയ ബലിമൃഗത്തിന്റെ തോല്‍, എല്ല്‌, കൊമ്പ്‌ മുതലായവ വില്‍പ്പന നടത്തല്‍ നിഷിദ്ധമാണ്‌. ഇപ്രകാരം അവ അറവുകാരന്‌ കൂലിയായി നല്‍കാനും പാടില്ലാത്തതാണ്‌. നേര്‍ച്ചയാക്കപ്പെട്ട മൃഗത്തിന്റെ എല്ലും തോലുമെല്ലാം പാവപ്പെട്ടവര്‍ക്ക്‌ (ഫഖീര്‍, മിസ്‌കീന്‍) സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്‌. നേര്‍ച്ചയാക്കിയവനോ അവന്റെ ആശ്രിതര്‍ക്കോ അതില്‍ നിന്ന്‌ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. ഹറാമാണ്‌. 
     സുന്നത്തായ ബലിമൃഗത്തിന്റെ തോല്‍, കൊമ്പ്‌ തുടങ്ങിയവ ബലി നടത്തിയവന്‌ ഉപയോഗിക്കുന്നതിലോ സ്വദഖ ചെയ്യുന്നതിലോ വിരോധമില്ല. ഉചിതം സ്വദഖ ചെയ്യലാണ്‌. സുന്നത്തായ ബലികര്‍മ്മത്തില്‍ നിന്നും തബര്‍റുകിന്‌ വേണ്ടി അല്‍പം എടുക്കല്‍ സുന്നത്തുണ്ട്‌. കരളെടുക്കലാണ്‌ ഉത്തമം. ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ്‌ പുണ്യം. 
ഉള്‌ഹിയ്യത്തിന്റെ മാംസം അമുസ്‌ലിമിന്‌ കൊടുക്കല്‍ നിഷിദ്ധമാണ്‌. നേരിട്ടോ ഹദ്‌യ മുഖേനയോ പ്രസ്‌തുത ഇറച്ചി കറി വെച്ചാണെങ്കില്‍ പോലും ഇസ്‌ലാമിക വിധി തഥൈവ. പെരുന്നാള്‍ സദ്യയിലെത്തുന്ന അവിശ്വാസികള്‍ക്ക്‌ മറ്റ്‌ ഇനത്തിലുള്ള മാംസം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തണം.

ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശം


ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശം



                             വീണ്ടും ദുല്‍ഹജ്ജ്‌ സമാഗതമാവുകയാണ്‌.... ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെയും, സഹനത്തിന്റേയും പാഠങ്ങള്‍ ദുല്‍ഹജ്ജ്‌ നമുക്ക്‌ പറഞ്ഞ്‌ തരുന്നു.
ജീവിത സായംസന്ധ്യകളില്‍ മനംപൊട്ടിയ പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ ലഭിച്ച പൊന്നോമനപുത്രനേയും പ്രിയതമയേയും വിജനമായ മണല്‍ക്കാട്ടില്‍ ഉപേക്ഷിക്കാന്‍ ഹസ്‌റത്ത്‌ ഇബ്‌റാഹീം നബി (അ) തയ്യാറായപ്പോള്‍, സഹൃദയം വഴിപ്പെടാന്‍ അവിടത്തെ പ്രാപ്‌തനാക്കിയത്‌ അപാരമായ സഹന ശക്തിയും ത്യാഗ സന്നദ്ധതയുമായിരുന്നു.
                         ഈ ചിത്രം കൂടുതല്‍ വ്യക്തമാകുന്നത്‌ സ്രഷ്‌ടാവിന്റെ ആജ്ഞാനുസരണം ബലിത്തറയില്‍ തയ്യാറായി നില്‍ക്കുന്ന ബാപ്പയുടേയും മകന്റെയും ചിത്രം നാം കാണുമ്പോഴാണ്‌. അല്ലാഹുവിന്റെ ഏതൊരു കല്‍പ്പനയും വിശാല ഹൃദയത്തോടെ സ്വീകരിക്കാനും, നിറവേറ്റാനും അവിടുന്ന്‌ കാണിച്ച മനോസ്ഥൈര്യവും സഹന ശക്തിയും, അല്ലാഹുവിന്റെ വിധിയെ ഏറ്റെടുക്കാന്‍ പാകപ്പെടുത്തിയ മനസ്സുമായി ബലി കല്ലില്‍ കണ്‍ചിമ്മി കിടക്കുന്ന മകന്‍ ഇസ്‌മാഈല്‍ (അ) ന്റെ അര്‍പ്പണവും ലോക വിശ്വാസികള്‍ക്ക്‌ ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശമാണ്‌. 
                            ദുല്‍ഹജ്ജും ബലിപെരുന്നാളും നമുക്ക്‌ നല്‍കുന്ന ഈ ഗുണാത്മക പാഠങ്ങളെ നമ്മുടെ ജീവിത ഗോദയില്‍ പകര്‍ത്താനും അതിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും നാം തയ്യാറാവണം. അല്ലാതെ പെരുന്നാള്‍ ആകുമ്പോള്‍ വീട്ടിലെത്തുന്ന പാവങ്ങള്‍ക്ക്‌ ധര്‍മ്മം നല്‍കേണ്ടിവരുമല്ലോ? ആ പണമുണ്ടെങ്കില്‍ ഒന്ന്‌ മക്കം കണ്ട്‌ വരാം എന്നുകരുതി ഹജ്ജിന്‌ പുറപ്പെടുന്ന ധനാഢ്യനെന്ത്‌ ദുല്‍ഹജ്ജും ബലിപെരുന്നാളും.
                          ആര്‍ഭാടങ്ങള്‍ക്കും അതിരുകവിഞ്ഞ ആഘോഷങ്ങള്‍ക്കും പകരം സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പൂക്കള്‍ വിരിയുന്ന ദിനങ്ങളാക്കി ഈ ദിനങ്ങളെ നമുക്ക്‌ മാറ്റാന്‍ കഴിയണം. ഇബ്‌റാഹീം നബി (അ) യുടെയും മകന്‍ ഇസ്‌മാഈന്‍ നബി (അ) യുടെയും പ്രിയപത്‌നി ഹാജറ ബീവി (റ) യുടെയും ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തിലെ ഒരേെടങ്കിലും മനസ്സില്‍ കുറിച്ചിടാന്‍ നമുക്കായാല്‍ ഈ ദുല്‍ഹജ്ജും ബലിപെരുന്നാളും നമുക്ക്‌ ധന്യമായി...
എല്ലാ മാന്യ വായനക്കാര്‍ക്കും നൂറുല്‍ ഇര്‍ഫാന്റെ ത്യാഗസമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍ ആശംസകള്‍.
Related Posts Plugin for WordPress, Blogger...