Tuesday, 22 September 2015

ഹജ്ജ്‌: മുന്നൊരുക്കം

ഹജ്ജ്‌: മുന്നൊരുക്കം

     സ്‌ലാമിന്റെ അഞ്ചാമത്തെ ഫര്‍ള്വാണ്‌ ഹജ്ജ്‌. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്‌ നിര്‍ബന്ധമുള്ളൂ. ഒന്നിലധികം പ്രാവശ്യം ചെയ്‌താല്‍ അത്‌ സുന്നത്തായി പരിഗണിക്കും. ഇബ്‌നു അബ്ബാസ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``തിരുദൂതര്‍ (സ്വ) പറഞ്ഞു: ഓ ജനങ്ങളേ! നിങ്ങളുടെ മേല്‍ ഹജ്ജ്‌ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. തദവസരം ഒരു സ്വഹാബി ചോദിച്ചു: എല്ലാ വര്‍ഷവുമാണോ? അവിടുന്ന്‌ അരുള്‍ ചെയ്‌തു: ഞാന്‍ അതെ എന്നുപറഞ്ഞിരുന്നുവെങ്കില്‍ അത്‌ നിര്‍ബന്ധമാകുകയും നിങ്ങള്‍ക്ക്‌ പ്രയാസമാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ ഹജ്ജ്‌ നിര്‍ബന്ധമുള്ളൂ. അധികരിപ്പിച്ചാല്‍ സുന്നത്തായി ഭവിക്കും. (അഹ്‌മദ്‌, നസാഈ) 
       ഹജ്ജിന്റെ ശ്രേഷ്‌ഠതകള്‍ വിവരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും നിരവധിയാണ്‌. ``ഒരാള്‍ സ്വീകാര്യമായ ഹജ്ജ്‌ നിര്‍വ്വഹിച്ചാല്‍ അവന്റെ മാതാവ്‌ അവനെ പ്രസവിച്ച ദിനംപോലെ സര്‍വ്വപാപങ്ങളില്‍ നിന്നും അവന്‍ മുക്തനാണ്‌''. എന്ന ഹദീസ്‌ വളരെ ശ്രദ്ധേയമാണ്‌. ഹജ്ജ്‌ ഭക്തിനിര്‍ഭരമാകണമെങ്കില്‍ ഒരുപാട്‌ നിബന്ധനകള്‍ ഒരുമിച്ചുകൂടേണ്ടതുണ്ട്‌. ഹജ്ജ്‌ ഉദ്ദേശിക്കുന്ന വ്യക്തി പാപങ്ങളില്‍ നിന്ന്‌ മുക്തനാകേണ്ടത്‌ അനിവാര്യമാണ്‌. പാപങ്ങള്‍ രണ്ട്‌ വിധമാണ്‌ ചെറുദോഷങ്ങള്‍, വന്‍ദോഷങ്ങള്‍. സല്‍കര്‍മ്മങ്ങള്‍ ചെറുദോഷങ്ങളെ പൊറുപ്പിച്ച്‌ കളയും. എന്നാല്‍ വന്‍ദോഷങ്ങള്‍ പൊറുക്കണമെങ്കില്‍ തൗബ കൂടിയേ തീരൂ. അപ്പോള്‍ ഹജ്ജ്‌ ഉദ്ദേശിക്കുന്നവന്‍ ഹജ്ജിന്റെ മുന്നൊരുക്കം എന്ന നിലക്ക്‌ പ്രഥമമായി നിര്‍വ്വഹിക്കേണ്ടത്‌ തൗബ ചെയ്യലാണ്‌. 
      തൗബ എന്നാല്‍ പശ്ചാത്താപം എന്നാണ്‌ അര്‍ത്ഥം അഥവാ അവന്‍ ചെയ്‌തുപോയ മുഴുവന്‍ പാപങ്ങളെ തൊട്ടും പശ്ചാത്തപിച്ച്‌ മടങ്ങുക. ഈ തൗബ സ്വീകാര്യമാകുന്നതിന്‌ അതിന്റെ ഫര്‍ള്വുകള്‍ സൂക്ഷിക്കേണ്ടതുണ്ട്‌. 
തൗബയുടെ ഫര്‍ള്വുകള്‍ നാലെണ്ണമാണ്‌.
1. ചെയ്‌തുപോയ പാപത്തെ തൊട്ട്‌ പശ്ചാത്തപിക്കുക. അതായത്‌ അവന്‍ ചെയ്‌തുപോയ പാപമേതോ അത്‌ പ്രത്യേകം എടുത്തുപറഞ്ഞ്‌ അത്‌ സംഭവിച്ചു പോയതില്‍ അതിയായ ഖേദം പ്രകടിപ്പിച്ച്‌ അല്ലാഹുവിനോട്‌ മാപ്പിരക്കുക. 
2. ചെയ്‌തുപോയ പാപത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുക. അഥവാ ഒരു മനുഷ്യന്‍ പാപം ചെയ്‌തുകൊണ്ടിരിക്കെ തൗബ ചെയ്‌താല്‍ അത്‌ സ്വീകാര്യമാവുകയില്ല. പാപ മുക്തനായികൊണ്ടുവേണം തൗബ ചെയ്യുവാന്‍ ഉദാഹരണത്തിന്‌ അന്യായമായി കൈവശപ്പെടുത്തിയ വസ്‌ത്രമോ വീടോ ധനമോ കൈവശം വെച്ചുകൊണ്ട്‌ തൗബചെയ്യാന്‍ പറ്റില്ല. അവകളുടെ ന്യായമായ അവകാശികള്‍ക്ക്‌ കൈമാറുകയോ അവരോട്‌ പൊരുത്തപ്പെടീക്കുകയോ ചെയ്‌താലല്ലാതെ തൗബ സ്വീകാര്യമാവുകയില്ല. 
3. ഇനിയൊരിക്കലും ഒരു പാപവും ചെയ്യുകയില്ല എന്ന ദൃഢനിശ്ചയം. ചെയ്‌തുപോയ പാപം അബദ്ധമാണെന്നും ആ അബദ്ധത്തിലേക്ക്‌ ഇനിയൊരിക്കലും തിരിച്ചുപോകുകയില്ല എന്നും അവന്‍ അല്ലാഹുവിന്റെ മുമ്പില്‍ ദൃഢനിശ്ചയം ചെയ്യുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ തൗബ ആകുന്നത്‌. 4. മനുഷ്യര്‍ തമ്മിലുള്ള ബാധ്യതകള്‍ നിറവേറ്റുക. ഈ ബാധ്യതയുടെ പരിധിയില്‍ സാമ്പത്തികഇടപാടുകളും നാവുകൊണ്ടോ ശരീരംകൊണ്ടോ ചെയ്‌തുപോയ അപരാധങ്ങളും ഉള്‍പ്പെടും സാമ്പത്തിക ഇടപാടുകളാണെങ്കില്‍ കൊടുത്ത്‌ വീട്ടുകയോ പൊരുത്തപ്പെടീക്കുകയോ ചെയ്യല്‍ കൊണ്ടാണ്‌ ബാധ്യത തീര്‍ക്കേണ്ടത്‌. കൊടുക്കാനുള്ള ആള്‍ അജ്ഞാതമായ സ്ഥലത്തോ മറ്റോ ആയതുകൊണ്ട്‌ കൊടുക്കാന്‍ കഴിയാതിരിക്കുമ്പോള്‍ കൊടുക്കാന്‍ യോഗ്യരായ ആളുകളെ ഏല്‍പ്പിക്കാവുന്നതാണ്‌. കൊടുക്കാനുള്ള ആള്‍ മരണപ്പെട്ടുപോയങ്കില്‍ അവന്റെ അനന്തരവകാശികള്‍ക്ക്‌ കൊടുക്കാന്‍ അവന്‍ ബാധ്യസ്ഥനായിരിക്കും. അതിന്‌ സാധിക്കാതെ വന്നാല്‍ അവന്ന്‌വേണ്ടി പൊറുക്കലിനെ തേടണമെന്നാണ്‌ ഇസ്‌ലാമിക അദ്ധ്യാപനം. 
       നിറവേറ്റാനുള്ള ബാധ്യത സംസാരം നിമിത്തമാണെങ്കില്‍ അതായത്‌ അപരനെക്കുറിച്ച്‌ അവന്‌ ഇഷ്‌ടമില്ലാത്ത വല്ലതും മറ്റുള്ളവരോട്‌ പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ അവനോട്‌ അത്‌ പൊരുത്തപ്പെടീക്കേണ്ടതാണ്‌. സാധാരണ ശൈലിയില്‍ നീ എനിക്ക്‌ പൊരുത്തപ്പെട്ട്‌ തരണം എന്ന്‌ പറഞ്ഞാല്‍ മതിയാകില്ല. ഞാന്‍ നിന്നെ സംബന്ധിച്ച്‌ ഇന്നയാളോട്‌ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്‌ അത്‌ നീ എനിക്ക്‌ പൊരുത്തപ്പെടണം. ഇതാണ്‌ പൊരുത്തപെടീക്കുന്നതിന്റെ രൂപം. അതുപോലെ സാമ്പത്തിക ഇടപാടുകള്‍ പൊരുത്തപെടീക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ തരാനുള്ളത്‌ എനിക്ക്‌ പൊരുത്തപ്പെട്ടുതരണം എന്നല്ല പറയേണ്ടത്‌ പകരം നിനക്ക്‌ ഞാന്‍ തരാനുള്ള ഇത്ര രൂപ അല്ലെങ്കില്‍ ഇന്ന വസ്‌തു നീ എനിക്ക്‌ പൊരുത്തപ്പെട്ട്‌ തരണം എന്നാണ്‌ പറയേണ്ടത്‌. ശാരീരിക ഉപദ്രവമോ അഭിമാനക്ഷതമോ ആണ്‌ വരുത്തിയതെങ്കില്‍ അതും വ്യക്തമായ നിലക്ക്‌ തന്നെ പറഞ്ഞ്‌ ക്ഷമചോദിക്കേണ്ടത്‌ തൗബയുടെ നിബന്ധനയാണ്‌. 
        ചുരുക്കത്തില്‍ ഹജ്ജ്‌ യാത്രക്കൊരുങ്ങുന്നവന്‍ പ്രഥമമായി അവന്റെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ മറ്റ്‌ ബന്ധങ്ങളുള്ളവര്‍ എന്നിവരുമായൊക്കെ ബന്ധം സ്ഥാപിക്കുകയും അവര്‍ തമ്മിലുള്ള എല്ലാവിധ ഇടപാടുകളും തീര്‍ക്കുകയും ചെയ്യേണ്ടത്‌ അനിവാര്യമാണ്‌.
     ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ മേല്‍ഉദ്യോഗസ്ഥന്മാര്‍ തൊഴിലുടമകള്‍ അദ്ധ്യാപകന്മാര്‍ തുടങ്ങിയ മേലേക്കിടയിലുള്ള വ്യക്തികള്‍ താഴേക്കിടയിലുള്ള കീഴ്‌ജീവനക്കാരോട്‌ അനര്‍ഹമായ സഹായംപറ്റുകയോ ഉത്തരവാദിത്വത്തിന്‌ പുറമെയുള്ള ജോലികള്‍ നിര്‍വ്വഹിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അത്‌ പൊരുത്തപ്പെടീക്കേണ്ടത്‌ അത്യാവശ്യമാണ്‌. 
      അങ്ങനെ തൗബ ചെയ്‌ത്‌ ഇസ്‌തിഖാറത്തിന്റെ (നന്മ ലാക്കാക്കിയുള്ള) നിസ്‌കാരം നിര്‍വ്വഹിച്ച്‌ ഹജ്ജ്‌ യാത്രക്കൊരുങ്ങുന്നവന്‍ യാത്രയിലെ നിസ്‌കാരത്തെക്കുറിച്ച്‌ പഠിക്കാന്‍ നിര്‍ബന്ധിതനാണ്‌. തിരുനബി (സ്വ) തങ്ങള്‍ പറഞ്ഞു: ``യാത്ര ദുരിതമാണ്‌''. ദുരിതപൂര്‍ണ്ണമായതുകൊണ്ട്‌ യാത്രയിലെ നിര്‍ബന്ധനിസ്‌കാരങ്ങള്‍ക്കുപോലും ഇസ്‌ലാം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്‌. നാല്‌ റക്‌അത്തുള്ള നിസ്‌കാരങ്ങളെ രണ്ടായി ചുരുക്കി നിസ്‌കരിക്കുക. ഇതിന്‌ ഖസ്വ്‌ര്‍ എന്നും. ളുഹര്‍, അസ്വ്‌ര്‍, ഇശാ, മഗ്‌രിബ്‌ എന്നീ നിസ്‌കാരങ്ങളെ സൗകര്യാര്‍ത്ഥം മുന്തിച്ചോ പിന്തിച്ചോ നിസ്‌കരിക്കുന്നതിന്‌ ജംഅ്‌ എന്നും പറയുന്നു. ഇങ്ങനെ ഖസ്വ്‌റും ജംഅും ആക്കി നിസ്‌കരിക്കുന്നതിന്‌ അനുവധിനീയമായ യാത്രയാകുക, ഏകദേശം നൂറ്റിമുപ്പിത്തിനാല്‌ കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകുക നിശ്ചിത ലക്ഷ്യമുണ്ടാകുക. യാത്രയിലായിരിക്കുക. മൂന്ന്‌ ദിവസത്തിലധികം തങ്ങാതിരിക്കുകയോ തങ്ങാന്‍ കരുതാതിരിക്കുകയോ ചെയ്യുക തുടങ്ങിയവ ശര്‍ത്വുകളാണ്‌. ജംഅ്‌ രണ്ട്‌ വിധമുണ്ട്‌ ഒന്ന്‌ തഖ്‌ദീമിന്റെ ജംഅ്‌ (മുന്തിച്ചു ജംആക്കല്‍) അതായത്‌ അസ്വ്‌ര്‍ നിസ്‌കാരത്തെ ളുഹ്‌റിലേക്കും ഇശാഇനെ മഗ്‌രിബിലേക്കും മുന്തിച്ച്‌ ചേര്‍ത്ത്‌ നിസ്‌കരിക്കുക. ഇവിടെ ഒന്നാമത്തെ നിസ്‌കാരത്തിന്റെ തക്‌ബീറത്തിന്റെയും സലാമിന്റെയും ഇടയില്‍ അസ്‌ര്‍ എന്ന ഫര്‍ളിനെ ളുഹ്‌റിനോട്‌ ചേര്‍ത്ത്‌ മുന്തിച്ച്‌ നിസ്‌കരിക്കുവാന്‍ ഞാന്‍ കരുതിയിരിക്കുന്നു എന്ന്‌ നിയ്യത്ത്‌ ചെയ്യേണ്ടത്‌ നിര്‍ബന്ധമാണ്‌. അതുപോലെ ഇശാഇനെ മഗ്‌രിബിനോട്‌ ചേര്‍ത്ത്‌ മുന്തിച്ച്‌ നിസ്‌കരിക്കുന്നു എന്നുകരുതേണ്ടതും ആവശ്യമാണ്‌. നിസ്‌കാരത്തിന്റെ ഇടയില്‍ മനസ്സില്‍ കരുതുകയല്ലാതെ നാവുകൊണ്ട്‌ നിയ്യത്ത്‌ പറയാന്‍ പാടില്ലാത്തതാണ്‌. നിയ്യത്ത്‌ നാവ്‌കൊണ്ട്‌ പറയുന്നത്‌ നിസ്‌കാരത്തെ ബാത്വിലാക്കും. രണ്ട്‌ തഅ്‌ഖീറിന്റെ ജംഅ്‌ (പിന്തിച്ചു ജംആക്കല്‍) ളുഹ്‌ര്‍ നിസ്‌കാരത്തെ അസ്‌റിലേക്കും മഗ്‌രിബിനെ ഇശാഇലേക്കും ചേര്‍ത്ത്‌ പിന്തിച്ച്‌ നിസ്‌കരിക്കുന്നതിനാണ്‌ ജംഅ്‌ തഅ്‌ഖീര്‍ എന്നു പറയുന്നത്‌. ഇവിടെ ആദ്യ നിസ്‌കാരത്തിന്റെ സമയം കടന്നതിനുശേഷം ഖളാഅ്‌ ആകുന്നതിന്‌ മുമ്പ്‌ ളുഹറിനെ അല്ലെങ്കില്‍ മഗ്‌രിബിനെ അസ്‌റിലേക്ക്‌ അല്ലെങ്കില്‍ ഇശാഇലേക്ക്‌ ചേര്‍ത്ത്‌ പിന്തിച്ച്‌ നിസ്‌കരിക്കുവാന്‍ കരുതി എന്ന്‌ നിയ്യത്ത്‌ ചെയ്യേണ്ടത്‌ നിര്‍ബന്ധമാണ്‌. ഒന്നാമത്തെ നിസ്‌കാരസമയം നിയ്യത്ത്‌ മറന്നുപോയാല്‍ അത്‌ ഖളാഅ്‌ ആകുന്നതല്ലാതെ ജംഅ്‌ എന്ന്‌ പറയാന്‍ പറ്റില്ല. പിന്തിച്ച്‌ ജംആക്കുമ്പോള്‍ രണ്ടാമത്തെ നിസ്‌കാരം കഴിയുംവരെ യാത്രയിലായിരിക്കല്‍ നിര്‍ബന്ധമാണ്‌. 
ഖസറാക്കി നിസ്‌കരിക്കുന്നവന്‍ നിയ്യത്തില്‍ ഖസ്വ്‌റിനെ കരുതലും പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നവനോട്‌ തുടരാതിരിക്കലും നിര്‍ബന്ധമാണ്‌. നിസ്‌കാരം കഴിയും വരെ യാത്രയിലായിരിക്കുകയും വേണം. മുന്തിച്ച്‌ ജംആക്കുന്നവന്‌ തര്‍തീബ്‌ (ആദ്യനിസ്‌കാരം ആദ്യം നിസ്‌കരിക്കുക), മുവാലാത്ത്‌ (തുടരെ ചെയ്യുക) നിര്‍ബന്ധവും പിന്തിച്ച്‌ ജംആക്കുന്നവന്‌ സുന്നത്തുമാണ്‌.

ഹജ്ജ്‌; ഒരു അവലോകനം

ഹജ്ജ്‌; ഒരു അവലോകനം


   നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജനവാസമോ നീരുറവകളോ ഇല്ലാതെ വറ്റിവരണ്ട്‌ കിടന്നിരുന്ന ഒരു പ്രദേശം. അല്ലാഹുവിന്റെ അചഞ്ചലമായ തീരുമാനപ്രകാരം അബുല്‍ അമ്പിയാഅ്‌ (പ്രവാചകരുടെ പിതാവ്‌) എന്ന അപരനാമത്തിലറിയപ്പെട്ട ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) `ബക്ക' എന്നും ഉമ്മുല്‍ ഖുറാ എന്നും പേരുള്ള പരിശുദ്ധ മക്കയിലെ ദാഹജലമോ ഭക്ഷണമോ ലഭ്യമല്ലാത്ത വിജനമായ മലഞ്ചെരുവില്‍ തന്റെ പ്രിയ പത്‌നി ഹാജറ ബീവി (റ) യേയും കുഞ്ഞുമകന്‍ ഇസ്‌മാഈല്‍ നബി (അ) യേയും തനിച്ചാക്കി ഈജിപ്‌തിലേക്ക്‌ തിരിച്ചുപോയി. ദാഹിച്ചുവലഞ്ഞ്‌ ഒരു തുള്ളി ദാഹജലത്തിനായി പുളയുന്ന കുഞ്ഞിന്റെ വിശുദ്ധ കാല്‍പ്പാദം ഉരസിയ സ്ഥലത്ത്‌ വെള്ളം ഉറവ എടുത്തു. അങ്ങനെ സംസം എന്ന മഹാത്ഭുത നീരുറവയുടെ സ്രോതസ്സിന്‌ തുടക്കമായി. അതിന്റെ ചാരത്ത്‌ കഅ്‌ബ പണിയാന്‍ ലിഫ്‌റ്റായി പ്രവര്‍ത്തിച്ച അത്ഭുത പാറ ഇബ്‌റാഹീം മഖാം. മനുഷ്യര്‍ക്ക്‌ തങ്ങളുടെ ഇലാഹിനെ ആരാധിക്കാനായി ആദ്യം നിര്‍മ്മിക്കപ്പെട്ട വിശുദ്ധ ഭവനമായ കഅ്‌ബയുടെ തിരമുറ്റത്തെത്താന്‍ കൊതിക്കാത്ത വിശ്വാസികളുണ്ടാവില്ല.
     ഇസ്‌ലാമാകുന്ന സൗധത്തിന്റെ അഞ്ചാമത്തെ സ്‌തംഭമാണ്‌ പരിശുദ്ധ ഹജ്ജ്‌ കര്‍മ്മം കഴിവുള്ളവര്‍ പരിശുദ്ധ കഅ്‌ബയില്‍ ചെന്ന്‌ ഹജ്ജ്‌ ചെയ്യണമെന്നത്‌ ജനങ്ങള്‍ക്ക്‌ അല്ലാഹുവിനോടുള്ള കടപ്പാടാണ്‌. പ്രപഞ്ചോല്‍പ്പത്തി മുതല്‍ക്കെ ഗതകാല സംഭവങ്ങളുടെ സ്‌മരണയുണര്‍ത്തുന്ന അനുഷ്‌ഠാനകര്‍മ്മങ്ങളാണ്‌ ഹജ്ജില്‍ ഉള്ളത്‌. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഭാഷ, ദേശ, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ഒരേ ലക്ഷ്യബോധത്തോടെ ജനങ്ങള്‍ ഇവിടെ ഒത്തുചേരുന്നു.
    ജീവിതത്തില്‍ ഒരിക്കല്‍ ഈ പുണ്യകര്‍മ്മം നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്‌: ഹജ്ജ്‌ കര്‍മ്മം നിര്‍ബന്ധമാകുന്നതിനുള്ള ശര്‍ത്വുകള്‍ (നിബന്ധനകള്‍) ഇങ്ങനെ സംഗ്രഹിക്കാം. 1. മുസ്‌ലിമായിരിക്കുക. അമുസ്‌ലിംകള്‍ക്ക്‌ ഇത്‌ നിര്‍ബന്ധമില്ലെന്ന്‌ മാത്രമല്ല അവരില്‍ നിന്ന്‌ സ്വീകരിക്കപ്പെടുകയുമില്ല. ഹജ്ജ്‌ നിര്‍ബന്ധമായവന്‍ ഹജ്ജ്‌ ചെയ്യാതെ ഇസ്‌ലാമില്‍ നിന്ന്‌ വ്യതിചലിച്ചാല്‍ ഉടനെ തിരിച്ചുവന്ന്‌ അത്‌ ചെയ്യല്‍ നിര്‍ബന്ധമാണ്‌. 2. വിശേഷ ബുദ്ധിയുണ്ടാകുക. ബുദ്ധിസ്ഥിരതയില്ലാത്തവര്‍ക്ക്‌ മതനിയമങ്ങള്‍ ബാധകമല്ലാത്തതിനാല്‍ ഭ്രാന്തന്മാര്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമില്ല. 3. പ്രായപൂര്‍ത്തിയാകുക. പ്രായപൂര്‍ത്തിയെത്താത്തവര്‍ക്ക്‌ നിര്‍ബന്ധമില്ല. വകതിരിവുള്ള കുട്ടിയുടെ കര്‍മ്മം സ്വീകാര്യമാണ്‌. വകതിരിവാകാത്ത കുട്ടികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ ചെയ്‌താല്‍ സ്വീകാര്യമാണ്‌. 4. സ്വതന്ത്രനായിരിക്കുക. അടിമക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമില്ല. 5. കഴിവുള്ളവനായിരിക്കുക. ഇതിന്റെ പരിധി ഇപ്രകാരമാണ്‌ മക്കയില്‍ ചെല്ലാനും മടങ്ങിവരാനുമുള്ള വാഹനസൗകര്യം സ്വന്തം വീട്‌, കടം വീട്ടാനുള്ള സമ്പത്ത്‌, തനിക്കും തന്റെ ആശ്രിതര്‍ക്കും താന്‍ തിരിച്ചെത്തുന്നതുവരെ ആവശ്യമായ ഭക്ഷണം, വസ്‌ത്രം, ചികിത്സ മറ്റു ചെലവുകള്‍ എന്നിവയ്‌ക്കുവേണ്ടി പണം, യാത്രചെയ്യാനുള്ള ആരോഗ്യം, യാത്രാ സുരക്ഷിതത്വം തുടങ്ങിയ സൗകര്യങ്ങള്‍ ഒത്തിണങ്ങിയാല്‍ ഹജ്ജ്‌ നിര്‍ബന്ധമാണ്‌. എങ്ങനെയെങ്കിലും പണം സമ്പാദിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ഈ പുണ്യകര്‍മ്മം ഹലാലായ സമ്പത്ത്‌ കൊണ്ടാവാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. അഴിമതി, പലിശപണം, കൈക്കൂലി തുടങ്ങിയ അരുതാത്ത മാര്‍ഗ്ഗങ്ങളിലൂടെ പണം സ്വരൂപിച്ച്‌ ഹജ്ജ്‌ ചെയ്‌താലും പേരില്‍ ഹാജിയായാലും ഫലം വട്ടപൂജ്യമായിരിക്കും. കാരണം അത്‌ സ്വീകാര്യമല്ലെന്നാണ്‌ കര്‍മ്മശാസ്‌ത്ര പണ്ഡിതരുടെ വിധി. 
     ``
ഹജ്ജിന്റെ സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരാള്‍ ഹജ്ജ്‌ നിര്‍വ്വഹിക്കാതെ മരണപ്പെടുന്നവന്‍ യഹൂദിയോ ക്രിസ്‌ത്യാനിയോ ആയി മരിച്ചു കൊള്ളട്ടെ'' എന്ന തിരുവചനത്തിന്റെ ഗൗരവഭാഷ്യം ഇന്നിന്റെ മുസ്‌ലിംകളില്‍ അധികപേരും ഉള്‍ക്കൊള്ളുന്നില്ലെന്നത്‌ ഖേദകരമായ വസ്‌തുതയാണ്‌. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ വിവിധ തീരങ്ങളില്‍ കോടികളുടെ സമ്പാദ്യമുള്ളവനും ഹജ്ജിന്‌ സമയം ലഭിക്കുന്നില്ല. ഇത്തരക്കാരുടെ അന്ത്യം ഭയപ്പെടേണ്ടതാണ്‌. എന്നാല്‍ ചിലര്‍ ഹാജിയെന്നറിയപ്പെടാന്‍ വേണ്ടി ഹജ്ജ്‌ ചെയ്യുന്നു. ഇത്‌ നിഷിദ്ധമാണ്‌. പേരില്‍ മാത്രം ഒതുക്കിയതുകൊണ്ട്‌ ഒരുകാര്യവുമില്ല. അത്‌ ലോകമാന്യമാണ്‌. ഇതിനെക്കുറിച്ച്‌ പുണ്യറസൂല്‍ കര്‍ശനമായി താക്കീത്‌ നല്‍കിയിട്ടുമുണ്ട്‌. കൂടാതെ അല്ലാഹുവിന്റെ വിശുദ്ധ വചനത്തില്‍ ഇങ്ങനെ കാണാം: ഹജ്ജും ഉംറയും അല്ലാഹുവിനുവേണ്ടി നിങ്ങള്‍ പൂര്‍ത്തിയാക്കുക. (വി.ഖു) ലോകമാന്യതയ്‌ക്ക്‌ കൂടുതല്‍ സാധ്യതയുള്ളതിനാലാവാം ഇവയെ പ്രത്യേകം പരാമര്‍ശിച്ചത്‌. പരിപൂര്‍ണ്ണമായി തയ്യാറെടുക്കുക. മറ്റ്‌ ആരാധനാ കര്‍മ്മങ്ങളില്‍ നിന്നും വിഭിന്നമായ ഈ പുണ്യകര്‍മ്മം നിര്‍വ്വഹിക്കുന്നതിനു മുമ്പായി വിഷയങ്ങള്‍ പഠിക്കുക. ആഖിറത്തില്‍ വലിയ സമ്പാദ്യം നേടിയെടുക്കാനുള്ള സവിശേഷ കര്‍മ്മമാണിത്‌. ഇതിന്റെ പ്രതിഫലം ബൃഹത്താണ്‌. നബി (സ്വ) പറഞ്ഞു: ``രണ്ട്‌ ഉംറകള്‍ അവകള്‍ക്കിടയിലുള്ള പാപങ്ങള്‍ പൊറുപ്പിക്കുന്നതാണ്‌. സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം തന്നെയാണ്‌''. 
      അല്ലാഹുവിന്റെ തൃപ്‌തിക്ക്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കുക. സൃഷ്‌ടികള്‍ പരസ്‌പരമുള്ള കടമിടപാടുകളും പിണക്കങ്ങളും തീര്‍ക്കുക. യാത്ര പുറപ്പെടാന്‍ ഉദ്ദേശിക്കുന്നവന്‍ വീട്ടില്‍ വെച്ച്‌ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നിസ്‌കരിക്കുക. ഒന്നാമത്തെ റക്‌അത്തില്‍ ഫാതിഹക്ക്‌ ശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്‌അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും ഓതല്‍ സുന്നത്താണ്‌. ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ പല മര്യാദകളും പാലിക്കേണ്ടതുണ്ട്‌. ശരീരം വൃത്തിയാക്കുക, നഖം മുറിക്കുക, മീശവെട്ടുക, ഗുഹ്യരോമങ്ങള്‍ നീക്കുക, ഇഹ്‌റാമിന്‌ വേണ്ടി കുളിക്കുന്നുവെന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ കുളിക്കുക, ശരീരത്തില്‍ സുഗന്ധം പൂശുക, പുരുഷന്മാര്‍ ഇഹ്‌റാമിന്റെ പ്രത്യേക വസ്‌ത്രം ധരിക്കുക, ചെരിപ്പ്‌ ധരിക്കുക, പുതിയ വെളുത്ത അരയുടുപ്പും മേല്‍തട്ടവുമാണ്‌ അവന്‌ സുന്നത്ത്‌. ശേഷം ഇഹ്‌റാമിന്റെ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നിസ്‌ക്കാരം അല്ലാഹുവിനുവേണ്ടി ഞാന്‍ നിസ്‌കരിക്കുന്നുവെന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ നിസ്‌കരിക്കുക. ഉദ്ദൃത സുറത്തുകള്‍ ഓതലാണ്‌ ഉത്തമം. 
     നിസ്‌കാരത്തില്‍ നിന്ന്‌ വിരമിച്ച ശേഷം ഹജ്ജില്‍ പ്രവേശിക്കുന്നുവെന്ന്‌ കരുതുക. ഈ നിയ്യത്തിനാണ്‌ ഇഹ്‌റാം കെട്ടല്‍ എന്ന്‌ പറയുന്നത്‌. ഇഹ്‌റാമാണ്‌ ഹജ്ജിന്റെ ഒന്നാമത്തെ റുക്‌ന്‌ (ഘടകം). ഹജ്ജിന്‌ ഇഹ്‌റാം ചെയ്‌തതിന്‌ ശേഷം തല്‍ബിയത്ത്‌ `ലബ്ബയ്‌ക്കല്ലാഹുമ്മ ലബ്ബയ്‌ക്ക്‌' എന്ന്‌ ചൊല്ലുക. ശവ്വാല്‍, ദുല്‍ഖഅ്‌ദ്‌, ദുല്‍ഹജ്ജ്‌ ആദ്യഒമ്പത്‌ ദിവസങ്ങളാണ്‌ ഇഹ്‌റാം ചെയ്യാനുള്ള സമയങ്ങള്‍. മഹാനായ ഇബ്‌റാഹീം നബി(അ) യുടെ വിളിക്കുത്തരമേകി പരിശുദ്ധ ഭൂമിയില്‍ മഹത്തായ കര്‍മ്മം നിര്‍വ്വഹിക്കാനായി അല്ലാഹു അനുഗ്രഹം ചെയ്‌ത `ഹാജി' തന്റെ എല്ലാം പരിപൂര്‍ണ്ണമായി അല്ലാഹുവിന്‌ മുമ്പില്‍ അടിയറ വെക്കുകയാണ്‌. 
     ഇഹ്‌റാമിന്‌ ശേഷം നിഷിദ്ധമായ പലകാര്യങ്ങളുമുണ്ട്‌. സംയോഗം, നിക്കാഹ്‌, വികാരത്തോടെ സ്‌പര്‍നം, മുഷ്‌ടി മൈഥുനം, സുഗന്ധം ഉപയോഗിക്കല്‍ തലയിലും താടിയിലും എണ്ണയിടല്‍, നഖം, രോമം എന്നിവ അകാരണമായി നീക്കല്‍ പുരുഷന്‍ ഷര്‍ട്ട്‌, പാന്റ്‌സ്‌, ഷൂ പോലുള്ള ചുറ്റിത്തുന്നിയ വസ്‌ത്രം ധരിക്കുകയോ തലമറക്കുകയോ ചെയ്യല്‍ സ്‌ത്രീകള്‍ അകാരണമായി മുഖം മറക്കുകയോ കൈയ്യുറ ധരിക്കുകയോ ചെയ്യല്‍, ഇഹ്‌റാമിന്റെ മേല്‍ മുണ്ട്‌ ബട്ടണ്‍, പിന്‍, മൊട്ട്‌സൂചി പോലുള്ളവ കൊണ്ട്‌ ചിലര്‍ ബന്ധിപ്പിക്കാറുണ്ട്‌ ഇത്‌ നിഷിദ്ധമാണ്‌. മറ്റ്‌ ചിലര്‍ മലമൂത്രവിസര്‍ജനം സമയം തലമറക്കാറുണ്ട്‌ ഇതും വര്‍ജ്ജിക്കേണ്ടതാണ്‌. രാജാവും പ്രജയും മുതലാളിയും തൊഴിലാളിയും സമ്പന്നനും ദരിദ്രനും അറബിയും അനറബിയും കറുത്തവനും വെളുത്തവനും വൃദ്ധനും യുവാവും ഒരേ വേഷമണിഞ്ഞ്‌ ഓരേ മന്ത്രങ്ങള്‍ ഉരുവിട്ട്‌ ഒരേ ലക്ഷ്യത്തില്‍ കുതിക്കുന്ന ഈ ഏകീഭാവം ഐക്യത്തിന്റെയും രഞ്‌ജിപ്പിന്റെയും സന്ദേശമാണെന്നതിന്‌ ലോകം സാക്ഷിയാണ്‌. മറ്റൊന്ന്‌ സ്‌ത്രീ പുരുഷ സമത്വം എന്നത്‌ വെറും മിഥ്യയാണെന്ന്‌ തിരിച്ചറിവും ഇവിടുന്ന്‌ ഗ്രഹിക്കാവുന്ന യാഥാര്‍ത്ഥ്യമാണ്‌. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കാണ്‌ പ്രായശ്ചിത്തം. 
    അറഫയിലെ നിറുത്തമാണ്‌ ഹജ്ജിന്റെ രണ്ടാമത്തെ റുക്‌ന്‌. `അറഫയാണ്‌ ഹജ്ജ്‌' എന്ന തിരുവചനം അറഫയില്‍ നിര്‍ക്കുന്നതിന്റെ മഹത്വം മനസ്സിലാക്കിത്തരുന്നു. ദുല്‍ഹജ്ജ്‌ 9 ഉച്ചതിരിഞ്ഞത്‌ മുതല്‍ പെരുന്നാള്‍ ദിവസം സുബ്‌ഹിയുടെ സമയമാവുന്നത്‌ വരെ ഇതിനുള്ള സമയമാണ്‌. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ മഴവര്‍ഷിക്കുന്ന ദിവസമാണിത്‌. ലോകമുസ്‌ലിംകള്‍ സമ്മേളിക്കുന്ന പ്രാര്‍ത്ഥനയ്‌ക്ക്‌ ഉത്തരം ലഭിക്കുന്ന അനുഗ്രഹ ദിവസമാണ്‌ അറഫ.
    ഇഫാളത്തിന്റെ ത്വവാഫാണ്‌ മുന്നാമത്തെ റുക്‌ന്‌. പെരുന്നാള്‍ രാവ്‌ പകുതി കഴിഞ്ഞതു മുതല്‍ക്കാണ്‌ ഇതിന്റെ സമയം മരണം വരെ വിശാലമാണ്‌. നമ്മുടെ മനസ്സ്‌ ശുദ്ധമെങ്കില്‍ കര്‍മ്മങ്ങള്‍ സ്വീകാര്യമെങ്കില്‍ നവജാത ശിശുക്കളെപ്പോലെ പാപമുക്തരായി അറഫയില്‍ നിന്ന്‌ മടങ്ങുന്നു ഒരു പുതിയ ജീവിതത്തിന്റെ പ്രതീതിയാണിവിടെ. റുക്‌നിന്റെ ത്വവാഫ്‌ എന്നും ഇതിന്‌ പേരുണ്ട്‌. 
സ്വഫാ മര്‍വ്വക്കിടയിലുള്ള സഅ്‌യാണ്‌ നാലാമത്തെ റുക്‌ന്‌. ജീവിത വിജയത്തിന്‌ നിദാനമായ സര്‍വ്വകാര്യങ്ങളും നേടിയെടുക്കാന്‍ എന്ത്‌ ത്യാഗവും ചെയ്യാന്‍ നാം സന്നദ്ധരാവണമെന്ന മഹത്തായ സന്ദേശം അറിയിക്കുന്ന ഒരു കര്‍മ്മമാണിത്‌. പ്രതികൂല സാഹചര്യങ്ങള്‍ എന്ത്‌ തന്നെയായാലും ഒരു കൂസലുമില്ലാതെ ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ വേണ്ടി അവകളെ അതിജയിക്കാനുള്ള മനക്കരുത്ത്‌ അതാണ്‌ മഹതി ഹാജറാ ബീവിയുടെ മാതൃകാ ജീവിതം നമുക്ക്‌ നല്‍കുന്ന ഗുണപാഠം. റുക്‌നിന്റെ ത്വവാഫിന്‌ ശേഷമാണ്‌ സഅ്‌യ്‌ ചെയ്യാനുള്ള സമയമാവുന്നത്‌.
മുടികളയലാണ്‌ അഞ്ചാമത്തെ റുക്‌ന്‌. ഏറ്റവും കുറഞ്ഞത്‌ മൂന്ന്‌ മുടിയെങ്കിലും മുറിക്കണം. പുരുഷന്മാര്‍ തലമുടി മുഴുവന്‍ കളയലും സ്‌ത്രീ അല്‌പം വെട്ടലുമാണ്‌ ഉത്തമം. പെരുന്നാള്‍ രാവ്‌ പകുതി കഴിഞ്ഞത്‌ മുതല്‍ വിശാല സമയം ഇതിനുണ്ട്‌. 
ആറ്‌ തര്‍തീബ്‌ (കൂടുതല്‍ റുക്‌നുകള്‍ക്കിടയില്‍ ക്രമം പാലിക്കുക) അഥവാ ആദ്യ മൂന്നെണ്ണം പറയപ്പെട്ട ക്രമത്തിലായിരിക്കണം. നാലാമത്തെ റുക്‌നായ സഅ്‌യ്‌ ശക്തമായ സുന്നത്തുള്ള ഖുദൂമിന്റെ (ആഗമന) ത്വവാഫിന്റെയോ റുക്‌നായ ഇഫാളത്തിന്റെ ത്വവാഫിന്റെയോ ശേഷമേ പാടുള്ളൂ. മൂന്നും അഞ്ചും ക്രമപ്രകാരമാകണമെന്നില്ല. 
ഹജ്ജിന്റെ വാജിബാത്തുകള്‍ അഞ്ചെണ്ണമാണ്‌. 
1.
മീഖാത്ത്‌
(നിയ്യത്ത്‌ ചെയ്യേണ്ട നിശ്ചിത സ്ഥലം) വിട്ടു കടക്കുന്നതിന്‌ മുമ്പ്‌ ഇഹ്‌റാം (നിയ്യത്ത്‌) ചെയ്യുക.
2.
മുസ്‌ദലിഫയില്‍ രാപാര്‍ക്കുക.
ദുല്‍ഹജ്ജ്‌ പത്ത്‌ അതായത്‌ പെരുന്നാള്‍ രാവ്‌ പകുതി കഴിഞ്ഞാല്‍ അല്‍പസമയമെങ്കിലും ഈ സ്ഥലത്ത്‌ താമസിക്കല്‍ വാജിബാണ്‌. അകാരണമായി ഇതുപേക്ഷിച്ചവന്‍ അറവ്‌ നല്‍കേണ്ടതാണ്‌. അറഫയുടെയും മിനായുടെയും ഇടയിലുള്ള സ്ഥലമാണിത്‌ ഇവിടെ വെച്ചാണ്‌ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കേണ്ടത്‌ .
3.
മിനായില്‍ രാപാര്‍ക്കുക.
സുന്നത്തും വാജിബുമായ രണ്ട്‌ രാപ്പാര്‍ക്കലുകള്‍ ഇവിടെയുണ്ട്‌. ഒന്ന്‌ ദുല്‍ഹജ്ജ്‌ ഒമ്പതിന്റെ രാവില്‍ താമസിക്കല്‍. അത്‌ സുന്നത്തും പതിനൊന്ന്‌ പന്ത്രണ്ട്‌ പതിമൂന്നിന്റെ രാത്രികളില്‍ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബുമാണ്‌. മഹാരഥന്മാരായ ഖലീലുല്ലാഹി ഇബ്‌റാഹീം നബിയും മകന്‍ ഇസ്‌മാഈല്‍ നബിയും പരീക്ഷണത്തിന്‌ വിധേയരായ ചരിത്ര ഭൂമിയാണിത്‌. പരീക്ഷണ കര്‍മ്മത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ ഓടിക്കുകയായിരുന്നു. ആ ത്യാഗികളുടെ ജീവിതത്തിന്റെ അസുലഭ നിമിഷങ്ങള്‍ അയവിറക്കാനുള്ള സ്ഥലമാണിത്‌.
4.
ജംറകളിലേക്കെറിയുക. 
ജംറകളിലേക്ക്‌ കല്ലെറിയല്‍ പലവിധത്തിലാണ്‌. ഒന്ന്‌ പെരുന്നാള്‍ രാവ്‌ പകുതി മുതല്‍ ജംറത്തുല്‍ അഖബയിലേക്ക്‌ മാത്രമുള്ള കല്ലേറ്‌ 2. പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമൂന്ന്‌ ദിനങ്ങളില്‍ എല്ലാ ജംറകളിലേക്കുമുള്ള എറിയല്‍ പ്രസ്‌തുത ദിവസം ഉച്ച മുതല്‍ സന്ധ്യവരെ സമയങ്ങളിലായിരിക്കണം ഈ എറിയല്‍.
5.
വിടവാങ്ങല്‍ ത്വവാഫ്‌. പരിശുദ്ധ ഹജ്ജ്‌ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള വാജിബായ ത്വവാഫാണിത്‌. വിടവാങ്ങല്‍ ത്വവാഫിന്‌ ശേഷം അധികസമയം അവിടെ താമസിക്കാതിരിക്കലാണ്‌ ഉചിതം. 
ഹജ്ജിന്റെ സംക്ഷിപ്‌ത രൂപമാണ്‌ ഇവിടെ വിവരിച്ചത്‌. പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടുന്ന ഈ പുണ്യകര്‍മ്മം മഖ്‌ബൂലായിട്ടുണ്ടെന്നതിന്‌ ശിഷ്‌ട ജീവിതം സാക്ഷിയാകും. മുമ്പ്‌ അശ്രദ്ധമായി ജീവിച്ചിരുന്ന മനുഷ്യന്‍ ഹജ്ജിന്‌ ശേഷം ദൈനംദിന ജീവിതത്തില്‍ ഇസ്‌ലാമിക നിയമങ്ങളില്‍ കണിഷത പാലിക്കുന്നതും ജീവിതം അരുതായ്‌മകളില്‍ നിന്നും അനാവശ്യങ്ങളില്‍ നിന്നും സൂക്ഷിക്കുകയും ചെയ്യും. ഇത്തരം മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ! ആമീന്‍.

Monday, 21 September 2015

സത്യവിശ്വാസിയുടെ ജയില്‍


സത്യവിശ്വാസിയുടെ ജയില്‍
     ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി (റ) ഉദ്ധരിക്കുന്നു: ഞാന്‍ ഇസ്‌ലാമിക ശരീഅത്ത്‌ കോടതിയിലെ ചീഫ്‌ ജഡ്‌ജി പദവിയലങ്കരിക്കുമ്പോള്‍ ലഭ്യമായ പദവിയെ മാനിച്ച്‌ എന്റെ യാത്രയില്‍ വാഹനങ്ങളുടെ അകമ്പടികളും കീഴുദ്യോഗസ്ഥരുടെ സംരക്ഷണവും സഹായങ്ങളുമെല്ലായ്‌പ്പോഴുമുണ്ടായിരുന്നു. 
ഒരിക്കല്‍ എന്റെ ഔദ്യോഗിക യാത്രയില്‍ എതിരെ നിന്നും മുഷിഞ്ഞ വസ്‌ത്രം ധരിച്ച ഒരാള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടു. 
    ജരാനരകള്‍ ബാധിച്ച അയാളുടെ ശാരീരികാവസ്ഥയില്‍ നിന്നും അദ്ദേഹത്തിന്‌ നന്നായി വിശപ്പുള്ളവനും ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായെന്നും ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ വായിച്ചെടുത്തു. 
ചോദിച്ചറിഞ്ഞപ്പോള്‍ അയാളൊരു ജൂതമത വിശ്വാസിയാണ്‌. ഇസ്‌ലാമിക വിരോധം പാരമ്പര്യമായി ലഭിച്ച അയാള്‍ എന്നോട്‌ ചോദിച്ചു
ഏയ്‌ മുസ്‌ലിം പണ്ഡിതനേ, ദുന്‍യാവ്‌ മുസ്‌ലിമിന്‌ ജയിലും മുസ്‌ലിമേതരര്‍ക്ക്‌ സ്വര്‍ഗ്ഗവുമാണെന്ന്‌ നിങ്ങളുടെ പ്രവാചകനല്ലേ പറഞ്ഞത്‌? സത്യത്തില്‍ ജൂതനായ എന്റെ ഗതി ജയില്‍ സമാനവും താങ്കളുടേത്‌ സ്വര്‍ഗ്ഗ തുല്യവുമല്ലേ?
   ഞാന്‍ പറഞ്ഞു: ഒരു മുസ്‌ലിമിന്‌ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നല്‍കുന്ന സുഖവിശാലതകളെ താരതമ്യം ചെയ്യുമ്പോള്‍ അവന്‍ ഭൗതിക ലോകത്തനുഭവിക്കുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ ജയില്‍ ജീവിതം പോലെയാണ്‌.
മറുത്തൊന്നും പറയാനില്ലാത്ത ജൂതന്‍ ഇളിഭ്യതയോടെ അവിടെ നിന്നും വഴിമാറി നടന്നു. 

ജിന്നുകളുടെ ലോകം

ജിന്നുകളുടെ ലോകം

ജിന്നിനെ സ്വപ്‌നം കണ്ടാല്‍
       ജിന്നിനെ ചികിത്സിക്കുന്നതായി ഒരാള്‍ സ്വപ്‌നം കണ്ടാല്‍ അവന്‍ ചതിയന്മാരോടും വഞ്ചകന്മാരോടും കയര്‍ക്കും എന്നാണ്‌ സൂചന. ജിന്നിന്‌ ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കുന്നതായി സ്വപ്‌നം കണ്ടാല്‍ നേതൃത്വവും ഉന്നത പദവിയും ലഭിക്കുമെന്നാണ്‌ സാരം. തന്റെ വീട്ടില്‍ ജിന്ന്‌ കയറുന്നതായി ഒരാള്‍ സ്വപ്‌നം കണ്ടാല്‍ അവന്‍ കള്ളനെ ഭയപ്പെട്ടു കൊള്ളട്ടെ! (ഹയാത്തുല്‍ ഹയവാന്‍).
ചില വിശ്വാസങ്ങള്‍

     കുറുക്കന്മാര്‍ ജിന്നുകളുടെ വാഹനമാണെന്നാണ്‌ ബദവികള്‍ (ഗ്രാമവാസിയായ അറബികള്‍) ധരിച്ചിരുന്നത്‌. കുറുക്കനെ വേട്ടയാടിയാല്‍ ധനനഷ്‌ടമുണ്ടാകുന്നത്‌ കൊണ്ട്‌ അതിനെ വേട്ടയാടല്‍ അവര്‍ ഇഷ്‌ടപ്പെടുന്നില്ല (ഹയാത്തുല്‍ ഹയവാന്‍). ജാഹിള്‌ പറയുന്നു: ജാഹിലിയ്യ കാലഘട്ടത്തില്‍ അറബികള്‍ പറയുമായിരുന്നു: ആരെങ്കിലും മുയലിന്റെ ഞെരിയാണിയെല്ല്‌ തന്റെ ശരീരത്തില്‍ ബന്ധിപ്പിച്ചാല്‍ അവന്‌ ജിന്നുകളുടെ കണ്ണേറുണ്ടാവുകയോ സിഹ്‌റ്‌ ബാധിക്കുകയോ ഇല്ല (ഹയാത്തുല്‍ ഹയവാന്‍).
ശത്രു
    എല്ലാ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും മനുഷ്യ ജിന്ന്‌ വര്‍ഗ്ഗങ്ങളില്‍ നിന്നും ശത്രുവിനെ അല്ലാഹു സൃഷ്‌ടിച്ചിട്ടുണ്ട്‌. ജിന്നുകളിലെ പിശാചുക്കള്‍ മനുഷ്യ പിശാചുകളിലേക്ക്‌ ദുര്‍ബോധനം നടത്തുകയും മനുഷ്യപിശാചുക്കള്‍ സത്യപാത അന്വേഷിച്ച്‌ നടക്കുന്നവരുടെ അടുക്കലെത്തി വഞ്ചനയില്‍ അകപ്പെടുത്തുകയും ചെയ്യും. (ബഹ്‌റുല്‍ മദീദ്‌)
ജിന്നില്‍ നിന്നും സംരക്ഷണം
     ഇബ്‌നു മര്‍ദവൈഹി അബൂ ഉമാമ (റ)യെ തൊട്ട്‌ ഉദ്ധരിക്കുന്നു: ഒരാള്‍ മൂന്ന്‌ പ്രാവശ്യം പിശാചില്‍ നിന്നും കാവല്‍ തേടിയ ശേഷം സൂറത്തുല്‍ ഹശ്‌റിന്റെ അവസാന ഭാഗം ഓതിയാല്‍ അവനിലേക്ക്‌ എഴുപതിനായിരം മലക്കുകളെ നിയോഗിക്കും. അവര്‍ മനുഷ്യ ജിന്നുകളിലെ പിശാചുക്കളുടെ ഉപദ്രവത്തില്‍ നിന്നും ഇവനെ #േസംരക്ഷിക്കും. രാത്രിയിലാണെങ്കില്‍ പ്രഭാതം വരെയും പകലിലാണെങ്കില്‍ വൈകുന്നേരം വരെയും ഇത്‌ ഉണ്ടാവും (അദ്ദുര്‍റുല്‍ മന്‍സൂര്‍).

ഉബാദത്ത്‌ ബ്‌നു സാമിത്‌ (റ) പറയുന്നു: നിങ്ങള്‍ രാത്രിയില്‍ നിസ്‌കരിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണം ഉറക്കെയാക്കണം. കാരണം അത്‌ മലക്കുകള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കും. അവന്റെ വീടിന്‌ ചുറ്റുഭാഗത്തെ തെമ്മാടികളായ പിശാചുക്കളെയും ഉപദ്രവകാരികളായ ജിന്നുകളെയും അകറ്റപ്പെടും. 
പിടിച്ച്‌ കെട്ടപ്പെടുന്ന ജിന്ന്‌
    റമളാന്‍; മുസ്‌ലിം ഉമ്മത്തിന്‌ കനിഞ്ഞേകിയ അസുലഭ മുഹൂര്‍ത്തം. നാഥനിലേക്ക്‌ അടുക്കാന്‍ ഉപയുക്തമായ സല്‍കര്‍മ്മങ്ങളെ കൊണ്ട്‌ അതിനെ പുഷ്‌ക്കലമാക്കണം. പതിനൊന്ന്‌ മാസം പിശാചിന്റെ വലയില്‍ കുടുങ്ങിയവര്‍ക്ക്‌ അവന്റെ വല പൊട്ടിച്ചെറിയാന്‍ പറ്റിയ അനുഗൃഹീത രാപകലുകള്‍ പിശാചുക്കളെ നാഥന്‍ തന്നെ പിടിച്ചുകെട്ടി അതിനായി നമുക്ക്‌ അവസരങ്ങള്‍ ഒരുക്കിത്തരുന്നു. 
ഇമാം തുര്‍മുദിയും ഇബ്‌നുമാജയും റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``റമളാനിന്റെ ആദ്യരാത്രിയായാല്‍ പിശാചുക്കളെയും പ്രശ്‌നകാരികളായ ജിന്നുകളെയും ചങ്ങലയില്‍ ബന്ധിപ്പിക്കപ്പെടും''. 
   റമളാനില്‍ പിശാചുക്കളെ ചങ്ങലക്കിടുമെങ്കിലും റമളാനില്‍ പിശാചിന്റെ ശല്യം ഉണ്ടാവുന്നത്‌ നാം കാണാറുണ്ടല്ലോ? എന്ന സംശയം അസ്ഥാനത്തല്ല. ഈ ഹദീസ്‌ പലരീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. ചിലത്‌ മാത്രം കുറിക്കാം. ഇതില്‍ നിന്നും മേല്‍ സംശയത്തിന്‌ മറുപടിയും ലഭ്യമാണ്‌. 
   റമളാനില്‍ പിശാചുക്കളുടെ ശല്യം കുറയും എന്നാണ്‌ ഒരു വ്യാഖ്യാനം. അപ്പോള്‍ റമളാനല്ലാത്ത മാസങ്ങളില്‍ പിശാചിന്റെ ശല്യം ഉണ്ടാവുന്നത്ര റമളാനില്‍ ഉണ്ടാവുകയില്ലെന്ന്‌ ചുരുക്കം.
   ചങ്ങലയ്‌ക്ക്‌ ഇടുമെന്ന പ്രത്യക്ഷാര്‍ത്ഥം തന്നെ ഹദീസ്‌ കൊണ്ട്‌ വിവക്ഷിക്കുന്നു. അപ്പോള്‍ റമളാനില്‍ പിശാചിന്റെ ശല്യം ഉണ്ടാവില്ലെന്നായി സാരം. എന്നാല്‍ റമളാനല്ലാത്ത മാസത്തില്‍ പിശാച്‌ നടത്തിയ അമിതമായ ആധിപത്യത്തിനാല്‍ റമളാനില്‍ ചിലത്‌ പ്രകടമാകുന്നു.
മുതലിന്റെ കാവല്‍
   പിശാചുക്കളെയും ജിന്നുകളെയും അധീനപ്പെടുത്തി മുതലിന്‌ കാവലേര്‍പ്പെടുത്തുന്ന വിഷയം നാം കേട്ടിട്ടുണ്ട്‌. അതുപോലെ ജിന്നുകള്‍ സ്വമേധയാ കാവലിരുന്നേക്കാം. ഇത്‌ സംബന്ധമായി റൂഹുല്‍ ബയാനില്‍ സൂറത്തുല്‍ ഫീലിന്റെ വിശദീകരണത്തില്‍ ഈ ആശയം കാണാം. ആനപ്പടയുമായി വന്ന അബ്‌റഹത്തിനെയും സൈന്യത്തെയും അല്ലാഹു തുരത്തി. എന്ന്‌ മാത്രമല്ല
, കഅ്‌ബയെ നശിപ്പിച്ചാല്‍ അവര്‍ നിര്‍മ്മിച്ച അവരുടെ ഒരു പള്ളി ജനനിബിഡമാകും എന്ന ലക്ഷ്യവും അല്ലാഹു നടപ്പിലാക്കിയില്ല. പിന്നീട്‌ ആ പള്ളിയുടെ ചുറ്റുഭാഗങ്ങളിലായി പാമ്പുകളും വന്യമൃഗങ്ങളും പ്രശ്‌നക്കാരായ ജിന്നുകളും അവരുടെ താവളമാക്കി. ആ പള്ളിയില്‍ നിന്നും വല്ലതും എടുക്കാന്‍ തുനിഞ്ഞാല്‍ ജിന്ന്‌ ബാധയേല്‍ക്കല്‍ പതിവായിരുന്നു. പിന്നീട്‌ അത്‌ നശിപ്പിക്കപ്പെടുകയും അതില്‍ നിന്നും അമൂല്യമായ പലതും ലഭിക്കുകയും ചെയ്‌തു.
സല്‍കര്‍മ്മങ്ങളിലെ പങ്കാളികള്‍
   ജിന്നുകളില്‍ സദ്‌വൃത്തരും ഉണ്ടല്ലോ? മനുഷ്യരുടെ സല്‍കര്‍മ്മങ്ങളില്‍ പങ്കാളികളാകുകയും അവരുടെ ഇബാദത്തുകളില്‍ സന്തോഷിക്കുകയും ഇബാദത്തിനായി മനുഷ്യരെ വിളിച്ചുണര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളായ ജിന്നുകളുമുണ്ട്‌. 
    ഇബ്‌നു അബിദ്ദുന്‍യാ തന്റെ അത്തഹജ്ജുദു വ ഖിയാമുല്ലൈല്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ഒരാള്‍ രാത്രി നിസ്‌കാരത്തിനായി എഴുന്നേല്‍ക്കുമ്പോള്‍ അവന്റെ വീട്ടില്‍ വസിക്കുന്ന മുസ്‌ലിംകളായ ജിന്നുകള്‍ സന്തോഷിക്കുകയും അവന്റെ ഓത്ത്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും അവന്റെ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ പറയുകയും ചെയ്യുന്നതാണ്‌''. 
    ഇബ്‌നു അബിദ്ദുന്‍യാ പറയുന്നു: സ്വഫ്‌വാന്‍ എന്ന മഹാന്‍ തഹജ്ജുദിന്‌ വേണ്ടി എഴുന്നേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കുന്ന ജിന്നുകളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റ്‌ നിസ്‌കരിക്കുകയും അദ്ദേഹത്തിന്റെ ഓത്ത്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമായിരുന്നു. ജിന്നുകളുടെ അനക്കങ്ങള്‍ അദ്ദേഹത്തിന്‌ ആദ്യം ഭയമായിരുന്നു. അപ്പോള്‍ ജിന്നുകള്‍ വിളിച്ചു പറയും: താങ്കള്‍ ഭയപ്പെടേണ്ട! ഞങ്ങള്‍ താങ്കളുടെ സഹോദരന്മാരാണ്‌. ഞങ്ങളും തഹജ്ജുദിനായി എഴുന്നേറ്റതാണ്‌. പിന്നീട്‌ അവരുടെ ചലനം അദ്ദേഹത്തിന്‌ പ്രിയമായി മാറി. 
വാസ്വില്‍ എന്ന മഹാന്‍ രാത്രി വളരെ കുറച്ച്‌ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. അദ്ദേഹം രാത്രി നിസ്‌കരിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്‌തിരുന്നു. ഈ വിവരം അദ്ദേഹത്തിന്റെ അയല്‍വാസിക്ക്‌ അറിയാമായിരുന്നു. ഒരിക്കല്‍ അദ്ദേഹം മക്കയിലേക്ക്‌ പോയി. എന്നാലും അദ്ദേഹത്തിന്റെ റൂമില്‍ നിന്നും അദ്ദേഹത്തിന്റെ അതേ ശബ്‌ദത്തില്‍ ഖുര്‍ആന്‍ പാരായണം അയല്‍വാസി കേട്ടിരുന്നു. യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയ അദ്ദേഹത്തോട്‌ അയല്‍വാസി നടന്ന സംഭവം വിവരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമ്മുടെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ച്‌ കേള്‍ക്കുകയും നിസ്‌കരിക്കുകയും വീടുകളില്‍ വസിക്കുകയും ചെയ്യുന്ന ചില ജിന്നുകളാണതെന്ന്‌ മറുപടി പറഞ്ഞു. അവരെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. ഇല്ല എങ്കിലും അവരുടെ ചലനങ്ങള്‍ എനിക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ ചൊല്ലുന്നതായും ഞാന്‍ കേട്ടിട്ടുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ ഉറങ്ങിപ്പോകുന്ന എന്നെ വിളിച്ചുണര്‍ത്തുന്നത്‌ അവരാണ്‌.
     അബൂ ഇംറാന്‍ എന്ന മഹാന്‍ പറയുന്നു: ഒരു ദിനം പ്രഭാതത്തിന്‌ മുമ്പേ ഞാന്‍ പള്ളിയിലേക്ക്‌ പോയി. പള്ളിയിലെത്തിയപ്പോള്‍ വാതില്‍ അടച്ചിരിക്കുന്നു. പക്ഷേ, പള്ളിയില്‍ ഹസനുല്‍ ജഅ്‌ഫരി ഉണ്ടെന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടു. അദ്ദേഹം ദുആ ചെയ്യുകയാണ്‌. അപ്പോള്‍ മറ്റാരൊക്കെയോ ആമീന്‍ പറയുന്നത്‌ കേട്ടു. അങ്ങനെ പള്ളിയുടെ വാതില്‍ക്കല്‍ ഞാന്‍ ഇരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ്‌ അദ്ദേഹം എഴുന്നേറ്റു. സമയമായപ്പോള്‍ വാങ്ക്‌ കൊടുത്ത്‌ വാതില്‍ തുറന്ന്‌ ഹസനുല്‍ ജഅ്‌ഫരി പുറത്തേക്ക്‌ വന്നു. പക്ഷേ പള്ളിയില്‍ മറ്റാരേയും എനിക്ക്‌ കാണാന്‍ സാധിച്ചില്ല. നിസ്‌കാരം കഴിഞ്ഞ്‌ ഞാന്‍ ഹസനുല്‍ ജഅ്‌ഫരിയോട്‌ പറഞ്ഞു: ഇന്ന്‌ ഒരു അത്ഭുതം എനിക്കനുഭവപ്പെട്ടു. ഹസന്‍ ചോദിച്ചു: എന്താണത്‌? അപ്പോള്‍ അദ്ദേഹം പള്ളിയില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ വിശദീകരിച്ചു. ഇത്‌ കേട്ട്‌ ഹസനുല്‍ ജഅ്‌ഫരി പ്രതികരിച്ചു: എല്ലാ ജുമുഅയുടെ രാവിലും എന്റെ ഖുര്‍ആന്‍ ഖത്തമിന്‌ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കുന്ന ചില ജിന്നുകളാണ്‌ അവര്‍. 
ബാത്ത്‌റൂമിലെ സംസാരം
      ബാത്ത്‌റൂമില്‍ കയറിയാല്‍ സംസാരിക്കാന്‍ പാടില്ലാത്തതാണ്‌. അതാണ്‌ മര്യാദയും. എന്നാല്‍ ധാരാളമായി സംസാരിച്ച്‌ മര്യാദ പാലിക്കാത്തവരെ നാം കാണാറുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ ജിന്ന്‌ ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഹാശിയത്തുല്‍ജമല്‍, ഹാശിയത്തുല്‍ ഇഖ്‌നാഅ്‌, ഇആനത്ത്‌, ബുജൈരിമി തുടങ്ങിയ ഗ്രന്ഥങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

വീടിന്‌ ബറക്കത്ത്‌ നല്‍കുന്നവര്‍

വീടിന്‌ ബറക്കത്ത്‌ നല്‍കുന്നവര്‍

    വീടിന്‌ ബറക്കത്ത്‌ നല്‍കുന്ന ചില ആളുകളുണ്ട്‌.. ആ ആളുകള്‍ നമ്മുടെ വീടുകളില്‍ ഉണ്ടോയെന്നും ഇവര്‍ ഇല്ലെങ്കില്‍ ഉണ്ടാക്കാനും ശ്രമിക്കാം. 
വൃദ്ധജനങ്ങള്‍
   അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ ഭൂമിയിലേക്ക്‌ വര്‍ഷിക്കുന്നത്‌ ഭൂമിയിലുള്ള എല്ലാവരും അതിന്‌ അര്‍ഹരായതിന്റെ പേരിലല്ല. അനുഗ്രഹങ്ങള്‍ക്ക്‌ അര്‍ഹതയുള്ളവര്‍ വളരെ കുറഞ്ഞവരായിരിക്കും. ഭൂമിയെ സൃഷ്‌ടിച്ചത്‌ അല്ലാഹുവിനെ അറിഞ്ഞാരാധിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌ വേണ്ടിയാണ്‌. അതിലെ എണ്ണമറ്റ അനുഗ്രഹങ്ങളുടെ അവകാശികളും അവരാണ്‌. ദുന്‍യാവിന്‌ പടച്ചവന്റെയടുക്കല്‍ അല്‍പം പോലും വിലയില്ലാത്തതിനാല്‍ സത്യനിഷേധികളെ അതില്‍ പങ്കാളികളാക്കുന്നുവെന്ന്‌ മാത്രം. 
     നബി (സ്വ) പറയുന്നു: അല്ലാഹുവിന്റെയടുക്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെയത്ര പോലും ദുന്‍യാവിന്‌ വിലയുണ്ടായിരുന്നുവെങ്കില്‍ ഒരു സത്യനിഷേധിക്കും ഒരിറ്റ്‌ ജലം പോലും അല്ലാഹു നല്‍കുമായിരുന്നില്ല. 
     അനുഗ്രഹത്തിന്റെ മറ്റൊരവകാശികള്‍ വൃദ്ധരും ബലഹീനരുമാണ്‌. അവര്‍ക്ക്‌ വേണ്ടത്‌ നല്‍കാന്‍ അല്ലാഹു തയ്യാറാവും. നബി (സ്വ) പറയുന്നു: ``കൂനുള്ള വൃദ്ധരും, മുല കുടിക്കുന്ന കുഞ്ഞുങ്ങളും മേഞ്ഞു നടക്കുന്ന മൃഗങ്ങളും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ ശിക്ഷ വന്നു ഭവിച്ചേനേ'' (ദൈലമി).
     നമ്മുടെ വീടുകള്‍ക്ക്‌ വലിയ കാവലാണ്‌ നമ്മുടെ വീടുകളില്‍ വൃദ്ധരുണ്ടാവുക എന്നത്‌. വൃദ്ധന്മാരെ ഭാരമായി കാണുന്ന അവരെ തന്റെ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യം ശരിക്കും ഓര്‍ക്കേണ്ടതാണ്‌. അവരെ വീട്ടില്‍ നിന്നും ഒഴിവാക്കുമ്പോള്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്‌ നാം ചെയ്യുന്നത്‌. അതോടെ ആ വീടിന്റെ ബറക്കത്തുകള്‍ നഷ്‌ടമാവും. 
     നബി (സ്വ) പറയുന്നു: ``തീര്‍ച്ചയായും ബറക്കത്ത്‌ മുതിര്‍ന്നവര്‍ക്കൊപ്പമാണ്‌'' (ഇബ്‌നു ഹിബ്ബാന്‍). നബി (സ്വ) പറയുന്നു: ``അല്ലാഹു ഒരു ഭവനത്തില്‍ നന്മ ഉദ്ദേശിച്ചാല്‍ ആ വീട്ടിലെ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്ന അവസ്ഥയുണ്ടാകും'' (ജാമിഉസ്സ്വഗീര്‍). 
     നബി (സ്വ) പറയുന്നു: ``നിങ്ങള്‍ ഭക്ഷണങ്ങള്‍ നല്‍കുമ്പോള്‍ മുതിര്‍ന്നവരെ കൊണ്ട്‌ തുടങ്ങുക''. മക്കള്‍ക്ക്‌ സമ്മാനങ്ങളും പലഹാരപ്പൊതികളും വാങ്ങാന്‍ ഉത്സാഹം കാണിക്കുന്ന നാം മുതിര്‍ന്നവര്‍ക്ക്‌ ആദ്യം നല്‍കണമെന്നുള്ള ഈ സുന്നത്ത്‌ ശ്രദ്ധിക്കേണ്ടതാണ്‌. 
    ഹദീസില്‍ വന്ന പ്രസിദ്ധമായ ഒരു സംഭവമാണല്ലോ ഗുഹയില്‍ അകപ്പെട്ട മൂന്നാളുടേത.്‌ വലിയ പാറ വന്ന്‌ അടഞ്ഞുപോയ ഗുഹക്കുള്ളില്‍ രക്ഷപ്പെടാന്‍ ഒരു പഴുതും ലഭിക്കാതെ വന്നവര്‍, അവര്‍ ചെയ്‌ത സല്‍കര്‍മ്മങ്ങളെ മുന്‍നിറുത്തി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിക്കുകയും അങ്ങനെ ഓരോരുത്തരും പ്രാര്‍ത്ഥിച്ചപ്പോള്‍ ആ വലിയ പാറ അല്‍പാല്‍പമായി സ്വയം നീങ്ങി അവര്‍ രക്ഷപ്പെടുകയും ചെയ്‌തു. 
     അതില്‍ ഒരാള്‍ പ്രാര്‍ത്ഥിച്ചത്‌ ഇങ്ങനെയാണ്‌: ``അല്ലാഹുവേ, എനിക്ക്‌ വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ്‌ വീട്ടുകാര്‍ക്കുള്ള പാലുമായി വൈകുന്നേരം ഞാന്‍ വീട്ടിലെത്തിയാല്‍ എന്റെ മകള്‍ക്കും ഭാര്യക്കും പാല്‍ നല്‍കുന്നതിന്‌ മുമ്പ്‌ മാതാപിതാക്കള്‍ക്കാണ്‌ നല്‍കുക. പക്ഷേ, ഒരു ദിവസം ഞാന്‍ വീട്ടിലെത്തിയപ്പോഴേക്കും അവര്‍ ഉറങ്ങിപ്പോയി. ഞാന്‍ പാല്‍പാത്രമായി അവര്‍ എഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ച്‌ കാത്തുനിന്നു. എന്റെ മക്കള്‍ എന്റെ കാലിന്‍ ചുവട്ടില്‍ കിടന്ന്‌ വിലപിക്കുന്നുണ്ട്‌. പക്ഷേ, എന്റെ മാതാപിതാക്കള്‍ക്ക്‌ നല്‍കുന്നതിന്‌ മുമ്പ്‌ അവര്‍ക്ക്‌ നല്‍കാന്‍ ഞാന്‍ ഇഷ്‌ടപ്പെട്ടില്ല. അവസാനം അവര്‍ ഉറക്കമുണര്‍ന്ന്‌ പാല്‍ കുടിച്ചതിന്‌ ശേഷമാണ്‌ ഞാന്‍ മക്കള്‍ക്കും ഭാര്യക്കും നല്‍കിയത്‌. നിന്റെ പൊരുത്തത്തിന്‌ വേണ്ടി ഞാന്‍ ചെയ്‌ത ഈ സല്‍കര്‍മ്മം മുന്‍നിര്‍ത്തി എന്നെ ഈ ആപത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍. ഞാന്‍ നിന്നോട്‌ അപേക്ഷിക്കുന്നു. മാതാപിതാക്കളേക്കാള്‍ മക്കള്‍ക്ക്‌ പരിഗണന നല്‍കുന്നവര്‍ക്ക്‌ ഈ ചരിത്രത്തില്‍ വലിയ ഗുണപാഠങ്ങള്‍ ഉണ്ട്‌. 
     വീട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടാവുക എന്നത്‌ വലിയൊരു ഭാഗ്യമാണ്‌. അവരെ എങ്ങനെയെങ്കിലും നമ്മുടെ വീടുകളില്‍ നിര്‍ത്താന്‍ നാം കിണഞ്ഞു പരിശ്രമിക്കണം. സഹോദരന്മാരുടെ വീടുകളിലേക്ക്‌ പോലും അവര്‍ക്ക്‌ താല്‍പര്യമില്ലെങ്കില്‍ പറഞ്ഞയക്കാന്‍ ശ്രമിക്കരുത്‌. അവര്‍ വീടുകളില്‍ ഉണ്ടാവുന്നത്‌ ഈ ലോകത്തും പരലോകത്തും നമുക്ക്‌ വലിയ പ്രയോജനകരമാണ്‌. ``മാതാപിതാക്കളെ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തിലെത്താത്തവന്‍ എത്ര ഭാഗ്യഹീനനാണ്‌'' എന്ന്‌ നബി (സ്വ) പഠിപ്പിക്കുന്നു. 
ബലഹീനന്മാര്‍, വൈകല്യമുള്ളവര്‍
    അല്ലാഹു എല്ലാവരെയും ഒരുപോലെയല്ല സൃഷ്‌ടിച്ചത്‌. ആരോഗ്യമുള്ളവരും രോഗികളും അവരിലുണ്ട്‌. അംഗവൈകല്യമുള്ളവരും ഇല്ലാത്തവരുമുണ്ടാകും. ഇവരെല്ലാം പരസ്‌പരം പരീക്ഷണ വസ്‌തുക്കളാണ്‌ എന്ന്‌ നാം തിരിച്ചറിയണം. ഒരാള്‍ക്ക്‌ ആരോഗ്യം നല്‍കിയത്‌ അവന്‌ മാത്രം അതുകൊണ്ട്‌ സുഖമായി ജീവിക്കാനല്ല. ആരോഗ്യമില്ലാത്തവനെ സഹായിക്കാന്‍ കൂടിയാണ്‌. 
അല്ലാഹു ഒരാളെ വൈകല്യമുള്ളവനാക്കിയത്‌ അവനെ കഷ്‌ടപ്പെടുത്താനല്ല. അവന്‌ വമ്പിച്ച പ്രതിഫലം നല്‍കാനാണ്‌. പ്രത്യേകമായ അനുഗ്രഹവും ബറക്കത്തും അല്ലാഹു ആകാശത്ത്‌ നിന്ന്‌ അവനു വേണ്ടി ഇറക്കും. അത്‌ അവനും അവനെ സംരക്ഷിക്കുന്നവനും ലഭിക്കും. അഥവാ ഒരാളുടെ വീട്ടില്‍ വൈകല്യമുള്ളവരോ മന്ദബുദ്ധികളോ ആയ ആരെങ്കിലും ഉണ്ടെങ്കില്‍ ആ വീട്‌ നിറഞ്ഞ ഐശ്വര്യവും സമ്പത്തുമുള്ളതായി മാറും. 
    ഉമര്‍ (റ) പറയുന്നുണ്ട്‌: ``നിങ്ങള്‍ ആശ്രിതരെ അധികരിപ്പിക്കുക. ആരെ കൊണ്ടാണ്‌ നിങ്ങള്‍ക്ക്‌ സമൃദ്ധി ലഭിക്കുന്നതെന്നറിയില്ലല്ലോ?'' മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ സഹായങ്ങള്‍ ലഭിക്കുന്നതും വിശാലമായ ഭക്ഷണം ലഭിക്കുന്നതും നിങ്ങളിലുള്ള ബലഹീനര്‍ കാരണമാണ്‌.
     അല്ലാഹുവിന്റെ ആശ്രിതര്‍ക്ക്‌ ഗുണം ചെയ്യുന്നവരെ അല്ലാഹു ഇഷ്‌ടം വെക്കുന്നു. അവര്‍ക്ക്‌ ആവശ്യമായ സമ്പത്ത്‌ നല്‍കുന്നു. അതിനാല്‍ നമ്മുടെ വീടുകളില്‍ ബലഹീനര്‍ ഉണ്ടെങ്കില്‍ അവരെ സ്‌നേഹപൂര്‍വ്വം പരിചരിക്കുക. അവരെ വെറുത്താല്‍ വീടിന്റെ ബറക്കത്തിനെയാണ്‌ വെറുക്കുന്നതെന്ന്‌ മനസ്സിലാക്കുക. 
അതിഥികള്‍
   അതിഥികള്‍ വീട്ടില്‍ പ്രവേശിക്കലും വീടിന്‌ ബറക്കത്ത്‌ നല്‍കുന്ന പ്രധാന കാര്യമാണ്‌. കാരണം ഓരോ അതിഥിയും തനിക്കും വീട്ടുകാര്‍ക്കുമുള്ള ഭക്ഷണവുമായാണ്‌ വരുന്നത്‌. കൂടാതെ അവന്റെയൊപ്പം അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരും ഉണ്ടാകും. 
ഈ ഹദീസുകള്‍ ശ്രദ്ധിക്കൂ!!
     ``
അതിഥികള്‍ പ്രവേശിക്കാത്ത വീട്ടില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല'' ``ഒരു വീട്ടില്‍ അതിഥികള്‍ പ്രവേശിച്ചാല്‍ അവനോടൊപ്പം ആയിരം ബറക്കത്തുകളും ആയിരം കാരുണ്യവും പ്രവേശിക്കുന്നതാണ്‌''. ``അതിഥികള്‍ക്കായി ഭക്ഷണമൊരുക്കുന്ന വീട്ടുകാരന്‌ വേണ്ടി മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്‌'' . ഇന്ന്‌ നഷ്‌ടമായി കൊണ്ടിരിക്കുന്ന ഒരു സുന്നത്താണിത്‌. ആര്‍ക്കും സമയമില്ല. ദുന്‍യാവിന്റെ തിരക്കാണെല്ലാവര്‍ക്കും. ഒരു അതിഥിയായി ബന്ധുജനങ്ങളുടെ വീട്ടില്‍ പോകാന്‍ ആരും ഇഷ്‌ടപ്പെടുന്നില്ല. ആതിഥേയനാവുന്നതിന്‌ നേരമോ താല്‍പര്യമോ ഇല്ല. ഓരോരുത്തരും അവനവനിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞ ജീവിതമാണ്‌. പക്ഷേ, അതിഥി സല്‍ക്കാരത്തിന്റെ ഗുണവും അത്‌ നല്‍കുന്ന ഭാഗ്യങ്ങളും നാം ശരിക്കും മനസ്സിലാക്കിയാല്‍ ആരും അതിനോട്‌ വൈഭവ്യം കാണിക്കില്ലെന്ന്‌ മാത്രമല്ല ഒരു അതിഥിയെ ലഭിക്കാന്‍ കൊതിച്ചു പോകും. 
ഓരോ നേരവും ആഹാരത്തിന്‌ ഒരു അതിഥിയെ തേടി നടക്കുന്ന ഇബ്‌റാഹീം നബി (അ) യെ നമുക്കറിയാമല്ലോ?. തന്റെ വിശ്രുതമായ അതിഥി സല്‍ക്കാരമാണ്‌ മഹാനവര്‍കളെ `ഖലീലുല്ലാഹി' - `അല്ലാഹുവിന്റെ മിത്രം' എന്ന സ്ഥാനത്തിനര്‍ഹത നേടിക്കൊടുത്തത്‌. 
    ഇബ്‌നുല്‍ ജൗസി ഉദ്ധരിക്കുന്നു: അബൂഹുറൈറ (റ) പറയുന്നു: ഒരാളുടെ വീട്ടില്‍ അതിഥിയെത്തുന്നത്‌ വീട്ടുകാരനുള്ള ഭക്ഷണവുമായിട്ടാണ്‌. അതിഥി വീട്ടില്‍ നിന്നും പോകുന്നത്‌ വീട്ടുകാരന്റെ പാപങ്ങളുമായിട്ടാണ്‌ അഥവാ പാപങ്ങള്‍ പൊറുക്കപ്പെടും എന്നര്‍ത്ഥം. ഒരാളുടെ വീട്ടില്‍ അതിഥിയെത്തുന്നതിന്‌ നാല്‍പത്‌ ദിവസം മുമ്പേ ഒരു മലക്കിനെ പക്ഷിയുടെ രൂപത്തില്‍ അവരിലേക്ക്‌ അയക്കുമത്രെ. ആ പക്ഷി വീട്ടുകാരോട്‌ ഏ വീട്ടുകാരേ, നിങ്ങളുടെ വീട്ടിലേക്കിതാ ഒരു അതിഥി ഇന്ന ദിവസം എത്തുമെന്ന്‌ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. (ബുസ്‌താനുല്‍ ആരിഫീന്‍). കാരണവന്മാര്‍ പണ്ടേ പറയാറുണ്ടായിരുന്ന ``കാക്ക വിരുന്ന്‌ വിളിച്ചു'' എന്ന പദപ്രയോഗത്തിന്‌ ഇത്‌ അടിസ്ഥാനമാക്കാമോ എന്ന്‌ നാം ചിന്തിക്കേണ്ടതാണ്‌.
ഒരു അതിഥി നമുക്കൊരുപാട്‌ സമ്മാനങ്ങളുമായാണ്‌ വരുന്നത്‌. അവന്റെ കൈയിലുള്ള പലഹാര പൊതിയല്ല ഉദ്ദേശിച്ചത്‌. മറിച്ച്‌ ബറക്കത്ത്‌, പാപമോചനം, നരകവിമുക്തി മുതലായ അതുല്യമായ സമ്മാനങ്ങള്‍ അവന്റെ കൂടെയുണ്ട്‌. അവകളാണ്‌ നാം ആഗ്രഹിക്കേണ്ടത്‌. 
നബി (സ്വ) അലിയ്യ്‌ (റ) നോട്‌ പറയുകയുണ്ടായി: ``, അലിയ്യേ! നിന്റെ വീട്ടിലേക്ക്‌ ഒരതിഥി വന്നാല്‍ നിന്റെ പാപങ്ങള്‍ പൊറുക്കാന്‍ വേണ്ടി അല്ലാഹു ആഗ്രഹിക്കുകയാണെന്ന്‌ നീ അറിയണം''. 
     അതിനാല്‍ നമ്മുടെ വീടുകളില്‍ എത്തുന്ന അതിഥികളെ സല്‍ക്കരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. നബി (സ്വ) പഠിപ്പിക്കുന്നു: ``അല്ലാഹുവിന്റെ പൊരുത്തം മുന്‍നിറുത്തി ആരെങ്കിലും അതിഥികളെ ബഹുമാനിച്ചാല്‍ അവനിലേക്ക്‌ അല്ലാഹു കാരുണ്യത്തിന്റെ തിരുനോട്ടം നോക്കുന്നതാണ്‌. അതിഥി സ്വര്‍ഗ്ഗാവകാശിയും വീട്ടുകാരന്‍ നരകാവകാശിയുമാണെങ്കില്‍ അല്ലാഹു ആ വീട്ടുകാരനെ സ്വര്‍ഗ്ഗാവകാശിയാക്കി മാറ്റുന്നതാണ്‌. അതിനാല്‍ സജ്ജനങ്ങളായ അതിഥികള്‍ക്ക്‌ മുമ്പില്‍ മലര്‍ക്കേ തുറക്കുന്ന വാതിലുകളാകണം നമ്മുടെ ഭവനങ്ങള്‍. 
യതീമുകള്‍
     നമ്മെ പരിശോധിക്കാന്‍ അല്ലാഹു നല്‍കുന്ന മറ്റൊന്നാണ്‌ യതീമുകള്‍ അഥവാ അനാഥകള്‍. അവരെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്‌. നമ്മുടെ ചുറ്റും യതീമുകളെ അല്ലാഹു സൃഷ്‌ടിക്കുന്നത്‌ നാം അവരോട്‌ എങ്ങനെ പെരുമാറും എന്ന്‌ പരീക്ഷിക്കാന്‍ കൂടിയാണ്‌. നമുക്ക്‌ അല്ലാഹു നല്‍കിയ സമ്പത്ത്‌ നമ്മുടെ മക്കള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതല്ല
, വാപ്പയില്ലാത്ത കുഞ്ഞുമക്കള്‍ക്ക്‌ കൂടി അതില്‍ അവകാശങ്ങളുണ്ട്‌. നമ്മുടെ മനസ്സുകളില്‍ അല്ലാഹു നിക്ഷേപിച്ച സ്‌നേഹവും സഹാനുഭൂതിയും ആദ്രതയും. നമ്മുടെ മക്കളെ മാത്രം തഴുകി തലോടാനുള്ളതല്ല. യതീമുകളെ കൂടി തലോടാനുള്ളതാണ്‌. അതിനാല്‍ നമ്മുടെ വീടുകള്‍ യതീം മക്കളെ ബഹുമാനിക്കുന്ന വീടുകളാകണം. നബി (സ്വ) അക്കാര്യം ഉണര്‍ത്തുന്നുണ്ട്‌: ``അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ട ഭവനം യതീമുകളെ ബഹുമാനിക്കുന്ന ഭവനമാണ്‌''. അനാഥ മക്കള്‍ക്ക്‌ മുമ്പിലും തുറന്നിട്ട വാതിലുകളാകട്ടെ നമ്മുടെ ഭവനങ്ങള്‍. എന്നാല്‍ ബറക്കത്തുകള്‍ നിറഞ്ഞ വീടുകളായി അത്‌ മാറും. 

ഖുര്‍ആന്‍ - അതുല്യ ഗ്രന്ഥം

ഖുര്‍ആന്‍ - അതുല്യ ഗ്രന്ഥം


          സനാതന മൂല്യങ്ങളെക്കുറിച്ചോ, സദാചാരജീവിതത്തെ സംബന്ധിച്ചോ, മാനുഷിക സാമൂഹിക ധര്‍മ്മങ്ങളെ പറ്റിയോ, കേട്ടുകേള്‍വി പോലുംമില്ലാതിരുന്ന അജ്ഞതയുടെ അടിത്തട്ടില്‍ ആണ്ടുപോയ ഒരുതരം കാട്ടാളന്‍മാര്‍ക്കിടയിലേക്കാണ്‌ ഖുര്‍ആനിന്റെ രംഗപ്രവേശനം.
            സാമൂഹികവും സാംസ്‌കാരികവുമായ അധ:പതനം മനുഷ്യന്റെ സൈ്വരജീവിതത്തിന്‌ വലിയ ഭീഷണിയാണ്‌. അവന്റെ ആരോഗ്യപരവും സാമ്പത്തികവുമായ വളര്‍ച്ചയെയും അത്‌ ബാധിക്കുന്നു. സാമൂഹികമായ നന്മയും പുരോഗതിയുമാണ്‌. ഓരോ രാഷ്‌ട്രത്തിന്റെയും നിലനില്‍പിന്നാധാരം.     സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുക്കുമ്പോള്‍ ഭരണ കൂടങ്ങള്‍ക്ക്‌ നിസ്സഹകരമായി പകച്ച്‌ നില്‍ക്കാനെ കഴിയുന്നുള്ളൂ. ആധുനിക ലോകം പരാജയപ്പെട്ടിട്ടുള്ളു ഈ സ്ഥലത്ത്‌ ഖുര്‍ആന്‍ വളരെ പ്രസക്തമായ നിലയില്‍ അതിനുള്ള ശ്വാശത പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കുടുംബ രാഷ്‌ട്രീയ സാംസ്‌കാരിക വ്യക്തി ജീവിതത്തില്‍ എന്നുവേണ്ട മനുഷ്യന്റെ എല്ലാ മേഘലകളിലും വളരെ വ്യക്തവും, ശക്തവും, കാലികവുമായ നിലയില്‍ അത്‌ വരച്ച്‌ കാണിച്ചുകൊടുത്തിട്ടുണ്ട്‌.
             എന്നാല്‍ വികസ്വര വികസിത രാഷ്‌ട്രങ്ങള്‍ പോലും നേരിടുന്ന വലിയ സാമൂഹ്യ പ്രശ്‌നമാണ്‌ ദാരിദ്രം. ഈ ദാരിദ്ര നിര്‍മാര്‍ജനത്തിനായി ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന ഏക പോം വഴിയാണ്‌ ഇസ്‌ലാമിലെ സകാത്ത്‌ സമ്പ്രദായം അഥവാ നിര്‍ബന്ധ ദാനം ഒരിക്കലും സാമ്പത്തികം ഒരു സ്ഥലത്ത്‌ കുന്ന്‌കൂടുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. സമൂഹത്തില്‍ വളരെയധികം യാതനകള്‍ അനുഭവിക്കുന്ന 8 വിഭാഗം ജനങ്ങള്‍ക്ക്‌ ഈ നിര്‍ബന്ധ ദാനം അവരുടെ വീടുകളില്‍ എത്തിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. ഇത്‌ പണക്കാരന്റെ ഔദാര്യമല്ല, മറിച്ച്‌ പാവപ്പെട്ടവന്റെ അവകാശമായിട്ടാണ്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്‌.
നാം ഖുര്‍ആനിന്റെ വാക്താക്കളാവണം. ഖുര്‍ആന്‍ പറയുന്ന എല്ലാ കാര്യങ്ങളും ഉള്‍കൊള്ളാന്‍ തയ്യാറാവണം. നബി (സ്വ) തങ്ങള്‍ പറയുന്നു: ``നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്‌. ഓരോ ഹര്‍ഫിനും 10 നന്മ വീതം............ അത്‌ നമ്മുടെ ``ഇമാം'' ആണ്‌. ഖബറില്‍ ചോദ്യം ചെയ്യുമ്പോള്‍ നിന്റെ മാര്‍ഗ്ഗദര്‍ശി ആരാണെന്ന്‌ ചോദിക്കുമ്പോള്‍ ഖുര്‍ആനാണെന്ന്‌ നമ്മുക്ക്‌ പറയാന്‍ സാധിക്കണമെങ്കില്‍ ഖുര്‍ആനുമായി ഒരു ബന്ധം നമ്മുക്ക്‌ നിര്‍ബന്ധമാണ്‌. ഒരു മനുഷ്യന്റെ ജീവിതം തുടങ്ങുമ്പോള്‍ മുതല്‍ മരണത്തിലും അതിന്‌ ശേഷവും മുസ്‌ലിമിന്‌ ഖുര്‍ആനുമായി ബന്ധമുണ്ടായെ മതിയാവു.
                 നബി (സ്വ) തങ്ങള്‍ പറഞ്ഞു: ``ഞാന്‍ നിങ്ങളില്‍ രണ്ടുകാര്യം ഉപേക്ഷിച്ച്‌ പോവുകയാണ്‌. അതിനെ നിങ്ങള്‍ മുറുകെ പിടിച്ചാല്‍ നിങ്ങള്‍ ഒരുക്കലും വഴിപിഴക്കുകയില്ല. ഒന്ന്‌ പരിശുദ്ധമായ ഖുര്‍ആന്‍ ശരീഫാണ്‌. അത്‌ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്ഥാനത്താണ്‌ നില്‍കുന്നത്‌. ഇതിന്റെ ആളുകളാകാതെ നാം പുറം തിരിഞ്ഞ്‌ നിന്നാല്‍ തീര്‍ച്ച. നാം പരാജിതരില്‍പെട്ട്‌ പോകുമെന്ന്‌ മാത്രമല്ല അതിനെ വെല്ലുവിളിച്ച ആളുകളുടെ കൂട്ടത്തില്‍ നാം അകപ്പെട്ടേക്കാം. കാരണം ധാരാളം ആളുകള്‍ നബി (സ്വ) തങ്ങളുടെ കാലത്ത്‌ ഇതിനെ നശിപ്പിക്കുവാന്‍ ഇറങ്ങിത്തിരിച്ചവരാണ്‌. ഖുര്‍ആന്‍ അവരോട്‌ ഒരു വെല്ലുവിളി നടത്തിയിട്ടുണ്ട്‌. അത്‌ ഇന്നും ലോക ഖുര്‍ആന്‍ വിരുദ്ധര്‍ക്ക്‌ മറുപടി കണ്ടെത്താന്‍ സാധിക്കാതെ നില നില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. 
അതെ ഖുര്‍ആന്‍ അമാനുഷികമായ ഗ്രന്ഥമാണെന്നതിന്‌ തെളിവ്‌ ഈ ഒരായത്ത്‌ മാത്രം മതി. നമ്മുടെ ദാസന്റെ മേല്‍ ഇറക്കിയതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ ഇതിന്‌ തുല്ല്യമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക. അതിന്‌ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല. വേണ്ട, എങ്കില്‍ ഒരു സൂക്തമെങ്കിലും ഇതിന്‌ തുല്ല്യമായി നിങ്ങള്‍ കൊണ്ടുവരിക. നിങ്ങള്‍ അല്ലാഹു അല്ലാത്ത നിങ്ങളുടെ എല്ലാ സഹായികളെയും വിളിച്ച്‌ കൊള്ളുക. സാധ്യമല്ല, സാധിച്ചിട്ടുമില്ല, സാധിക്കുകയുമില്ല. അത്‌ ഇറങ്ങിയപോലെ തന്നെ നില്‍നില്‍ക്കുന്നു. ഒരു പുള്ളിക്കോ, വള്ളിക്കോ വ്യത്യാസം വരാതെ അത്‌ ലോകാവസാനം വരെ നിലനില്‍ക്കും എന്നതിന്‌ യാതൊരു സംശയവുമില്ല. കാരണം പരിശുദ്ധ ഖുര്‍ആനിനെ ഇറക്കിയത്‌ അല്ലാഹുവാണ്‌. അവന്‍ അതിനെ സൂക്ഷിക്കുമെന്ന്‌ പറഞ്ഞിരിക്കുന്നു.
            മന:പാഠമാക്കാന്‍ ഏറ്റവും എളുപ്പമുള്ളതും പാരായണം ചെയ്യുംതോറും വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടാക്കുന്നതുമായ ഒരേ ഒരുഗ്രന്ഥം. പരിശുദ്ധ ഖുര്‍ആന്‍ ശെരീഫ്‌ മാത്രമാണ്‌. 

Related Posts Plugin for WordPress, Blogger...