Thursday, 6 May 2021
ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാത്രികളിൽ വർധിപ്പിക്കേണ്ടദിക്റുകൾ
Lailathul kadar ( ലൈലത്തുല്‍ ഖദ്റ് ലക്ഷണങ്ങളും ശ്രേഷ്ഠതകളും )
അബൂ ഇയാസ് അഹ്സനി, ഇരിങ്ങാവൂര്‍
വിശുദ്ധ റമളാനിലെ ഒരു പുണ്യ രാത്രിയാണ് 'ലൈലത്തുല്‍ ഖദ്റ്' വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ രാത്രി...രക്ഷയുടെയും അനുഗ്രഹങ്ങളുടെയും രാത്രി... ഇരട്ടി ഇരട്ടി പ്രതിഫലം നല്‍കപ്പെടുന്ന രാത്രി. അടിമകളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കപ്പെടുന്ന രാത്രി... പ്രയാസങ്ങള്‍ ഉയര്‍ത്തപ്പെടുന്നതിനും സന്തോഷങ്ങള്‍ ഇറക്കുന്നതിനും വേണ്ടി ആകാശ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന രാത്രി... ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി.
മനുഷ്യമക്കളുടെ ഇഹപര വിജയത്തിന് ഹേതുകമായ പരിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച ഈ രാത്രിയെ അല്ലാഹു പരിചയപ്പെടുത്തുന്നു "നിശ്ചയം ലൈലത്തുല്‍ ഖദ്റിലാണ് ആ വിശുദ്ധ ഗ്രന്ഥം നാം അവതരിപ്പിച്ചത്. ലൈലത്തുല്‍ ഖദ്റ് എന്താണെന്നാണ് താങ്കള്‍ മനസ്സിലാക്കിയത്. ലൈലത്തുല്‍ ഖദ്റ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്".
അല്ലാഹു തആല മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉത്തമരാക്കി. മലക്കുകളില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠമാക്കി. കലാമുകളില്‍ നിന്നും അല്ലാഹുവിന്‍റെ കലാമിനെയും സ്ഥലങ്ങളില്‍ നിന്ന് അവന്‍റെ ഭവനങ്ങളാകുന്ന പള്ളികളെയും മറ്റും പുണ്യമുള്ളതാക്കി. മാസങ്ങളില്‍ ചിലതിനെ മറ്റു ചിലതിനേക്കാളും ദിവസങ്ങളില്‍ വെള്ളിയാഴ്ചയെയും രാത്രികളില്‍ ലൈലത്തുല്‍ ഖദ്റിനെയും അല്ലാഹു ശ്രേഷ്ഠമാക്കി. ഓ മുസ്ലിം സമൂഹമേ അതിനാല്‍ അല്ലാഹു ആദരിച്ചതിനെയും ബഹുമാനിച്ചതിനെയും നാമും ബഹുമാനിക്കുക. നബി (സ്വ) തങ്ങള്‍ പറഞ്ഞു: വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ചും ആരെങ്കിലും റമളാനില്‍ നോമ്പെടുത്താല്‍ അവന്‍റെ കഴിഞ്ഞ പാപങ്ങളത്രെയും അവന് പൊറുക്കപ്പെടും. വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ചവനായും ഖദ്റിന്‍റെ രാത്രിയില്‍ വല്ലവനും നിന്ന് നിസ്കരിച്ചാല്‍ അവന്‍റെ ദോഷങ്ങള്‍ മുഴുവനും അവന് പൊറുക്കപ്പെടുന്നതാണ് (ബുഹാരി, മുസ്ലിം).
ളഹ്ഹാക് (റ) പറഞ്ഞു: ഈ രാത്രിയില്‍ അല്ലാഹു രക്ഷ മാത്രമേ വിധിക്കുകയുള്ളൂ. മറ്റു രാത്രികളില്‍ രക്ഷയും ശിക്ഷയും വിധിക്കും (ഖുര്‍ത്വുബി) പ്രഭാതം വിടരുന്നത് വരെ ആ രാത്രി രക്ഷ മാത്രമാണ് (ഖുര്‍ആന്‍). ഇമാം മുജാഹിദ് (റ) പറഞ്ഞു: സുരക്ഷിതമായ രാത്രിയാണത്. പിശാചിന് അന്ന് നീചവും പ്രയാസമുണ്ടാക്കുന്നതുമായ ഒരു വേലയും ഒപ്പിക്കാന്‍ കഴിയില്ല. മഹാനായ ഇക്രിമത്ത് (റ) പറയുന്നു: ആ വര്‍ഷം ഹജ്ജ് ചെയ്യുന്നവരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ അന്ന് രേഖപ്പെടുത്തും. അതില്‍ നിന്ന് ഒരാളും കൊഴിഞ്ഞ് പോവുകയോ മറ്റൊരാളെ അതില്‍ വര്‍ദ്ധിപ്പിക്കപ്പെടുകയോ ഇല്ല.
ഓ സഹോദരാ, ഈ പുണ്യമായ അവസരം നാം പാഴാക്കിക്കളയരുത്. ഈ രാത്രിയെ നാം ആദരിക്കുകയും നന്മകളെ കൊണ്ട് ധന്യമാക്കുകയും ചെയ്യുക. "നിങ്ങളുടെ സ്വശരീരത്തിന് വേണ്ടി നിങ്ങള്‍ എന്ത് നന്മ കാഴ്ച വെച്ചാലും അത് അല്ലാഹുവിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹമായി നിങ്ങള്‍ എത്തിക്കുന്നതാണ്. നിശ്ചയം അല്ലാഹു തആല നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാണ്" (വിശുദ്ധ ഖുര്‍ആന്‍).
മറച്ചു വെച്ചതിന്‍റെ രഹസ്യം:-
ഈ രാത്രി ഏതാണെന്ന് നിര്‍ണ്ണയിക്കുന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ നാല്‍പ്പതോളം അഭിപ്രായങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രബലം റമളാനിലെ അവസാനപത്തിലെ ഒറ്റയിട്ട രാവുകളിലാണ് എന്നതാണ്. ഈ രാത്രി ഏതാണെന്ന് കൃത്യമായി പ്രവചിക്കാതെ ഒളിപ്പിച്ച് വച്ചതിന് പിന്നില്‍ ഒരുപാട് രഹസ്യങ്ങളും തത്വങ്ങളുമുണ്ട്.
ഈ രാത്രിയോട് ഒത്ത് വരണമെന്ന പ്രതീക്ഷയില്‍ സര്‍വ്വ രാത്രികളും ഇബാദത്തിനാല്‍ ധന്യമാക്കപ്പെടുന്നു. ഇതാണ് മുന്‍ഗാമികള്‍ അനുവര്‍ത്തിച്ചത്.
അടിമകള്‍ കൂടുതല്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് മത്സരിക്കുന്നു. അപ്പോള്‍ അല്ലാഹു തആല ഇത് മറച്ച് വെച്ചത് നമുക്ക് വലിയ അനുഗ്രഹമാണ്. കാരണം ലൈലത്തുല്‍ ഖദ്റ് പ്രതീക്ഷിച്ച് എല്ലാ രാത്രിയിലും നാം സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും അങ്ങനെ നമ്മുടെ സല്‍കര്‍മ്മങ്ങള്‍ കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിക്കാന്‍ അത് കാരണമാവുകയും ചെയ്യുന്നു. മറിച്ചായിരുന്നുവെങ്കില്‍ അന്ന് മാത്രം ഇബാദത്തില്‍ മുഴുകി മറ്റു ദിവസങ്ങളെല്ലാം നാം വെറുതെ ഇരിക്കുമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും റമളാനിന്‍റെ 27 ന്‍റെ രാത്രിയാണ് ലൈലത്തുല്‍ ഖദ്റ് എന്ന അഭിപ്രായത്തില്‍ മാത്രം ഉറച്ചുനിന്ന് അന്ന് മാത്രം രാത്രി ഹയാത്താക്കി ലൈലത്തുല്‍ ഖദ്റ് കരസ്ഥമാക്കാനാണ് നാം പലരും ശ്രമിക്കുന്നത് എന്നത് വളരെ ഖേദകരമാണ്.
നിശ്ചയം ഈമാനിന്‍റെയും കുഫ്റിന്‍റെയും അറിവിന്‍റെയും അജ്ഞതയുടെയും സന്മാര്‍ഗ്ഗത്തിന്‍റെയും വഴികേടിന്‍റെയും ഇരുട്ടിന്‍റെയും വെളിച്ചത്തിന്‍റെയും ഇടയില്‍ വേര്‍തിരിവും വിവേചനവും നല്‍കുന്ന നിര്‍ണ്ണായക അതിര്‍വരമ്പാണ് ലൈലത്തുല്‍ ഖദ്റും അന്ന് അവതരിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥവും.
മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തിന് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് ലൈലത്തുല്‍ ഖദ്റ്. അനസ് (റ) നെ തൊട്ട് നിവേദനം നബി (സ്വ) പറഞ്ഞു: "ലൈലത്തുല്‍ ഖദ്റ് എന്‍റെ ഉമ്മത്തിന് അല്ലാഹു സുബ്ഹാനഹുവതആല സമ്മാനിച്ചതാണ്. അവര്‍ക്ക് മുമ്പ് ഒരാള്‍ക്കും അത് നല്‍കിയിട്ടില്ല (ദൈലമി, തഫ്സീര്‍ ......). ഈ അനുഗ്രഹീത രാത്രികൊണ്ട് ഈ സമുദായത്തെ പ്രത്യേകമാക്കപ്പെടാനുള്ള കാരണം പലതും പറയപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഇമാം മാലിക്ക് (റ) തന്‍റെ മുവത്വയില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. "തിരുനബി (സ്വ) തങ്ങള്‍ക്ക് മുന്‍സമുദായങ്ങളുടെ ആയുസ്സ് കാണിക്കപ്പെട്ടു. അപ്പോള്‍ തന്‍റെ ഉമ്മത്തിന്‍റെ ആയുസ്സ് വളരെ കുറവായതുകൊണ്ട് ദീര്‍ഘകാലം ആരാധനകള്‍ ചെയ്ത് മുന്‍സമുദായങ്ങള്‍ കൈവരിച്ച നേട്ടം എന്‍റെ സമുദായത്തിന് ലഭിക്കില്ലല്ലോ എന്ന് അവിടുന്ന് പരിതപിച്ചു. അപ്പോഴാണ് ആയിരം മാസത്തേക്കാള്‍ പുണ്യം നല്‍കപ്പെട്ട ലൈലത്തുല്‍ ഖദ്റ് എന്ന വിശുദ്ധ രാത്രി അല്ലാഹു തആല അവിടത്തേക്ക് സമ്മാനിച്ചത് " (മുവത്വ).
മലക്കുകള്‍ ഭൂമിലോകത്തേക്ക്
ഖദ്റിന്‍റെ രാത്രിയില്‍ ഭൂമിലോകത്തേക്ക് മലക്കുകള്‍ ഇറങ്ങിവരും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു നാഥന്‍റെ അനുമതിയോടെ സര്‍വ്വതീരുമാനങ്ങളുമായി അന്ന് മലക്കുകളും റൂഹും ഇറങ്ങു. റൂഹ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ജിബ്രീല്‍ (അ) മാണെന്നും അതല്ല ഒരു വിഭാഗം പ്രത്യേകക്കാരായ മലക്കുകളാണെന്നും മലക്കുകളെ നിരീക്ഷിക്കുന്ന മറ്റൊരു വിഭാഗം സൃഷ്ടികളാണെന്നും മരണപ്പെട്ടവരുടെ ആത്മാക്കളാണെന്നുമുള്ള പല വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്.
മലക്കുകള്‍ ഭൂമിലോകത്തേക്ക് ഇറങ്ങിവരുന്നതിന്‍റെ രൂപത്തെ സംബന്ധിച്ച് ഇബ്നു അബ്ബാസ് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കാണാം: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റ് ആയാല്‍ "സിദ്റത്തുല്‍ മുന്‍തഹാ" വാസികളായ മലക്കുകള്‍ ഇറങ്ങിവരും ജിബ്രീല്‍ (അ) അക്കൂട്ടത്തില്‍ ഉണ്ട്. അവര്‍ പതാകകളുമായാണ് വരിക. അങ്ങനെ അവര്‍ വന്നുകൊണ്ട് ഒരു പതാക എന്‍റെ ഖബറിനു മുകളിലും ഒരു പതാക ബൈത്തുല്‍ മുഖദ്ദസിന്‍റെ മുകളിലും ഒരു പതാക മസ്ജിദുല്‍ ഹറാമിന് മുകളിലും മറ്റൊന്ന് ത്വൂരിസീനാ പര്‍വ്വതശിഖിരത്തിലും സ്ഥാപിക്കും. അങ്ങനെ അവര്‍ സത്യവിശ്വാസികളായ സര്‍വ്വരോടും സലാം ചൊല്ലും. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍, പന്നിമാംസം ഭക്ഷിക്കുന്നവര്‍, ദേഹത്ത് കുങ്കുമചായം പുരട്ടുന്നവര്‍ ഒഴികെ. ഖുര്‍ത്വുബി, റൂഹുല്‍ ബയാന്‍ തുടങ്ങി ധാരാളം തഫ്സീറുകളിലും മറ്റും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
മഹാനായ അല്‍ഖുതുബുറബ്ബാനി അശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) 'ഗുന്‍യ' യില്‍ പറയുന്നു: ഇബ്നു അബ്ബാസ് (റ) നെ തൊട്ട് നിവേദനം അദ്ദേഹം പറയുന്നു: ലൈലത്തുല്‍ ഖദ്റായാല്‍ അല്ലാഹു തആല ജിബ്രീല്‍ (അ) നോട് ഭൂമിയിലേക്ക് ഇറങ്ങാന്‍ കല്‍പ്പിക്കും കൂടെ 'സിദ്റത്തുല്‍ മുന്‍തഹാ' വാസികളായ എഴുപതിനായിരം മലക്കുകളുമുണ്ടാകും പ്രകാശത്താലുള്ള പതാകകള്‍ വഹിച്ചുകൊണ്ടാണ് അവര്‍ ഇറങ്ങുന്നത്. അങ്ങനെ ഭൂമിയിലേക്കിറങ്ങിയാല്‍ ജിബ്രീല്‍ (അ) തന്‍റെയും മറ്റു മലക്കുകള്‍ അവരുടെയും പതാകകള്‍ നാലു പരിശുദ്ധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. വിശുദ്ധ കഅ്ബാലയം, തിരുനബി (സ്വ) യുടെ ഖബ്റുശ്ശരീഫ്, മസ്ജിദ് ബൈത്തുല്‍ മുഖദ്ദസ്, മസ്ജിദ് ഥൂരിസീനാ തുടങ്ങിയവയാണവ. പിന്നീട് ജിബ്രീല്‍ (അ) മറ്റു മലക്കുകളോട് ഭൂമിയില്‍ പരക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കും. അങ്ങനെ സത്യവിശ്വാസി വിശ്വാസിനികള്‍ താമസിക്കുന്ന വീടുകളിലും കുടിലുകളിലും റൂമുകളിലും കപ്പലുകളിലും മുഴുവനും അവര്‍ പ്രവേശിക്കും. പട്ടി, പന്നി, കള്ള്, ഹറാമിനാലുള്ള ജനാബത്ത്കാര്‍, രൂപങ്ങള്‍ എന്നിവയുള്ള വീടുകളൊഴിച്ച്. അവയില്‍ അവര്‍ പ്രവേശിക്കുകയില്ല. അങ്ങനെ പ്രഭാതം വരെ തസ്ബീഹ്, തഖ്ദീസ്, തഹ്ലീലുകളിലും മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തിന് വേണ്ടിയുള്ള പൊറുക്കലിനെ തേടലിലും അവര്‍ കഴിഞ്ഞ് കൂടും.
നേരം വെളുത്താല്‍ ആകാശത്തേക്ക് അവര്‍ കയറിപ്പോകും ആദ്യമായി ഒന്നാനാകശത്തെ മലക്കുകള്‍ അവരെ സ്വീകരിക്കും. അവര്‍ ചോദിക്കും: നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ദുനിയാവില്‍ നിന്ന് വരികയാണ്. കാരണം ഇന്ന് മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന്‍റെ ലൈലത്തുല്‍ ഖദ്റായിരുന്നു. അപ്പോള്‍ ആകാശവാസികള്‍ ചോദിക്കുന്നു: മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന്‍റെ ആവശ്യങ്ങള്‍ക്ക് എന്ത് പരിഹാരമാണ് അല്ലാഹു നല്‍കിയത്? സദ്വൃത്തരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും ദുര്‍വൃത്തരുടെ കാര്യങ്ങളില്‍ ശിപാര്‍ശ സ്വീകരിക്കുകയും ചെയ്തു എന്നവര്‍ മറുപടി നല്‍കി. അപ്പോള്‍ ഈ സമുദായത്തിന് അല്ലാഹു അവന്‍റെ മഗ്ഫിറത്ത് നല്‍കി അനുഗ്രഹിച്ചതിന്‍റെ പേരില്‍ ലോക രക്ഷിതാവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്തുതി കീര്‍ത്തനങ്ങളാല്‍ ഒന്നാനാകാശത്തെ മലക്കുകള്‍ ശബ്ദമുയര്‍ത്തും.
പിന്നെ അവര്‍ രണ്ടാനാകാശത്തേക്ക് ആ മലക്കുകളെ യാത്രയാക്കി അവരെ പിന്തുടരും. അങ്ങനെ ഏഴാനാകാശം വരെ ഇത് തുടരും. അവിടെ നിന്ന് ജിബ്രീല്‍ (അ) അവരോട് തിരിച്ച് പോകാന്‍ നിര്‍ദേശിക്കുകയും ഓരോ മലക്കുകളും അവരവരുടെ ആകാശങ്ങളിലേക്ക് തിരിച്ച് പോവുകയും ചെയ്യും. പിന്നെ ജിബ്രീല്‍ (അ) മും കൂടെയുള്ള മലക്കുകളും സിദ്റത്തുല്‍ മുന്‍തഹായിലേക്ക് തിരിച്ചെത്തുമ്പോള്‍ അവിടെയുള്ള മലക്കുകളും അവരോട് ചോദിക്കും നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? മുമ്പ് പോലെ അവര്‍ പ്രതികരിക്കും. അവിടെയുള്ള മലക്കുകളും സ്തുതി കീര്‍ത്തനങ്ങളാല്‍ ശബ്ദ മുഖരിതമാക്കും. അത് ജന്നത്തുല്‍ മഅ്വയും പിന്നെ ജന്നത്തുന്നഈമും ജന്നത്തു അദനും ഫിര്‍ദൗസും കേള്‍ക്കും. അല്ലാഹുവിന്‍റെ അര്‍ശും അത് കേള്‍ക്കാനിടവരും. അപ്പോള്‍ ഈ ഉമ്മത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് അല്ലാഹുവിന്‍റെ അര്‍ശും സ്തുതി കീര്‍ത്തനങ്ങളെ കൊണ്ട് ശബ്ദ മുഖരിതമാക്കും. എന്നിട്ട് അര്‍ശ് ചോദിക്കുകയാണ്. എന്‍റെ നാഥാ! മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തില്‍ നിന്ന് സദ്വൃത്തര്‍ക്ക് നീ പൊറുത്തു കൊടുത്തതായും ദുര്‍വൃത്തരുടെ കാര്യത്തില്‍ സദ്വൃത്തര്‍ ചെയ്ത ശിപാര്‍ശ നീ സ്വീകരിച്ചതായും എനിക്ക് വിവരം ലഭിച്ചുവല്ലോ? അപ്പോള്‍ അല്ലാഹു തആല പറയുന്നു: അതെ സത്യമാണ് നീ പറഞ്ഞത്. മാത്രമല്ല മുഹമ്മദ് നബി (സ്വ) തങ്ങളുടെ സമുദായത്തിന് ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത ഒരു മനുഷ്യ ഹൃദയത്തിലും ഉദിക്കുക പോലും ചെയ്യാത്ത ബഹുമതികള്‍ അവര്‍ക്ക് എന്‍റെ അരികില്‍ ഞാന്‍ തയ്യാര്‍ ചെയ്തിട്ടുണ്ട് (തഫ്സീര്‍ റൂഹുല്‍ മആനി). മലക്കുകളുടെ വരവിനെ സംബന്ധിച്ച് ഇനിയും ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചില ലക്ഷണങ്ങള്‍
ഇമാം അഹ്മദ് (റ) തന്‍റെ മുസ്നദില്‍ ഉബാദത്ത് ബ്നു സ്സ്വാമിത് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റിന്‍റെ ലക്ഷണങ്ങള്‍ ആ രാത്രി തെളിഞ്ഞതും പ്രഭാപൂരിതവുമായിരിക്കും. തിളങ്ങി നില്‍ക്കുന്ന ചന്ദ്രനുള്ളത് പോലിരിക്കും. വളരെ ശാന്തവും നിശ്ശബ്ദവുമായതായിരിക്കും. അന്ന് തണുപ്പോ ചൂടോ ഉണ്ടാവുകയില്ല. ചെങ്കോലുകള്‍ എറിയപ്പെടുന്നത് കാണുകയില്ല. അന്നിന്‍റെ പകലിലെ സൂര്യന്‍ പതിനാലാം രാവിലെ ചന്ദ്രനെപ്പോലെയായിരിക്കും. രശ്മികളുണ്ടാവുകയില്ല. മങ്ങിയ നിലയിലായിരിക്കും അന്ന് പിശാചിന് പുറത്തിറങ്ങാന്‍ സാധിക്കുകയില്ല. എന്നതും അതിന്‍റെ ലക്ഷണങ്ങളില്‍ പെട്ടതാണ്. മജ്മഉസ്സവാഇദിലും ഇമാം ത്വബ്റാനി തന്‍റെ മുഅ്ജമുല്‍ കബീറിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അന്നത്തെ സൂര്യന് കിരണങ്ങളില്ലാത്തതിന് ബഹുമാനപ്പെട്ട ഖാളി ഇയാള്വ്(റ) തങ്ങള്‍ രണ്ട് കാരണങ്ങള്‍ പറയുന്നു: ഒന്ന്: ലൈലത്തുല്‍ ഖദ്റ് മനസ്സിലാക്കാന്‍ അല്ലാഹു നിശ്ചയിച്ച ഒരു അടയാളമാണ്. രണ്ട്: അന്നിറങ്ങിവരുകയും കയറിപ്പോവുകയും ചെയ്യുന്ന മലക്കുകളുടെ ബാഹുല്യം കാരണം അവരുടെ ശരീരങ്ങളും ചിറകുകളും സൂര്യപ്രകാശത്തിനും അതിന്‍റെ കിരണങ്ങള്‍ക്കും മറയിടുന്നതാണ് (ശര്‍ഹ് മുസ്ലിം).
അമലുകള്‍:-
പ്രസ്തുത രാത്രി നാം ആരാധനകളെകൊണ്ട് ധന്യമാക്കണം. നമുക്ക് കിട്ടിയ വലിയൊരവസരമാണത്. അടുത്ത വര്‍ഷം ആ രാത്രിയില്‍ അമല്‍ ചെയ്യാനും പുണ്യം നേടാനും നാം ജീവിച്ചിരിക്കണമെന്നില്ല. അത് കിട്ടിയാല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കലാണ് ബുദ്ധി. അതിനാല്‍ ദിക്റ് ദുആകളെ കൊണ്ടും തൗബ ഇസ്തിഗ്ഫാറുകളെ കൊണ്ടും ഈ രാത്രിയെ നാം ഹയാത്താക്കുക. തസ്ബീഹുകളും തഹ്മീദുകളും തഹ്ലീലുകളും അധികരിപ്പിക്കുക. നബി (സ്വ) തങ്ങളുടെ മേല്‍ പെരുപ്പിച്ച് സ്വലാത്തുകള്‍ ചൊല്ലുക. തസ്ബീഹ് നിസ്കാരവും മറ്റും സുന്നത്തായ അമലുകളും വര്‍ദ്ധിപ്പിക്കുക. കഴിവിന്‍റെ പരമാവധി തന്‍റെ ധനത്തില്‍ നിന്ന് ധര്‍മ്മം അധികരിപ്പിക്കാന്‍ ശ്രമിക്കുക.
പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വെടിഞ്ഞ് നില്‍ക്കുക. ജമാഅത്തായുള്ള നിസ്കാരങ്ങള്‍ കാത്തുസൂക്ഷിക്കുക. രാത്രിയില്‍ ഉറങ്ങിയാല്‍ എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുക.
അബ്ദുല്ലാഹിബ്നു ആമിറുബ്നു റബീഅ (റ) പറയുന്നു: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റില്‍ ആരെങ്കിലും ഇശാ മഗ്രിബ് നിസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ ലൈലത്തുല്‍ ഖദ്റില്‍ നിന്നുള്ള ഒരു വിഹിതം അവന് ലഭിച്ചു (അല്‍ കശ്ഫു വല്‍ബയാന്‍).
നോമ്പിന്‍റെ മര്‍മ്മം ( Nombinte Marmmam )
നോമ്പിന്‍റെ മര്‍മ്മം
മൗനം, നിശ്ചലനം എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാവുന്ന 'സ്വൗമ്' എന്ന ക്രിയാധാതുവാണ് സോപാധികം പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനാദികളും വികാര പ്രകടനങ്ങളും വര്‍ജ്ജിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നോമ്പ് എന്ന ആരാധനക്ക് പ്രയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗത്തില്‍ നിന്ന് തന്നെ നോമ്പിന്‍റെ ആത്മാവിനെ കണ്ടെത്താന്‍ കഴിയും. കഴിയണം. അതിനുതകുന്ന ഒരു ചര്‍ച്ചയാണ് ഈ പ്രമേയം.
അശ്ശൈഖ് ഹകീമുത്തുര്‍മുദി (റ) പറയുന്നു: "നിന്‍റെ ജീവിതത്തിന്‍റെ പകല്‍യാമങ്ങളില്‍ കുറച്ച് നേരം ഇച്ഛകളില്‍ നിന്ന് ശരീരത്തെ തടഞ്ഞുനിര്‍ത്തുക. അതാണ് നോമ്പ്".
ശൈഖ് ഫാരിസി അല്‍ ബഗ്ദാദ് (റ) പറയുന്നു: "ഇലാഹീ ദര്‍ശനം നിമിത്തം സൃഷ്ടി ദര്‍ശനത്തില്‍ നിന്ന് മുക്തനാവുക. പരാശ്രയത്തില്‍ നിന്ന് മോചിതമായ അവസ്ഥാ വിശേഷം കൊണ്ട് വിശേഷണം സിദ്ധിക്കുക എന്നതാണ് നോമ്പ്".
അന്ന പാനീയങ്ങളില്‍ നിന്നും മാനുഷിക ദുര്‍ഗുണങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നതാകായാല്‍ സ്രഷ്ടാവിനുള്ള ആരാധനയുടെ കവാടവും ഭൗതിക വിരക്തിയുടെ താക്കോലുമാണ് നോമ്പ് എന്ന് ഇമാം അബൂതാലിബുല്‍ മക്കി (റ) പറയുന്നു.
പരാശ്രയമില്ലാതിരിക്കുക എന്ന ഇലാഹീ വിശേഷണം സിദ്ധിക്കുന്നതിന് മാനുഷികാവശ്യങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെ തടയുക എന്നാണ് നോമ്പിന് അശ്ശൈഖ് അബ്ദുല്‍കരീം ജീലി (റ) തന്‍റെ അല്‍ ഇന്‍സാനുല്‍ കാമിലില്‍ പറയുന്നത്.
സൃഷ്ടികളുടെ ആത്മാര്‍ത്ഥതയെ പരിശോധിക്കുകയാണ് നോമ്പ് നിര്‍ബന്ധമാക്കിയതിന്‍റെ ലക്ഷ്യമെന്ന് ഇമാം അലി (റ) പറയുന്നു. പ്രകൃതി വികാരങ്ങളെയും ശാരീരിക താല്‍പര്യങ്ങളെയും ഇല്ലാതാക്കുന്നതാണ് നോമ്പ്. അത് നിമിത്തം ഹൃദയത്തിന് തെളിച്ചവും അവയവങ്ങള്‍ക്ക് ശുദ്ധിയും ബാഹ്യവും ആന്തരികവുമായ സംസ്കരണവും ലഭിക്കും. നന്മകള്‍ക്ക് പ്രത്യുപകാരവും ദരിദ്രന്മാരിലേക്ക് ഗുണവും അവനില്‍ നിന്നുണ്ടാകും.
നോമ്പ് ഈ വിധം ലക്ഷ്യമുള്ളതും ശാരീരിക മാനസിക പരിശുദ്ധിക്ക് ഉതകുന്നതുമായിരിക്കണം. കേവലം അന്നപാനീയങ്ങള്‍ വെടിഞ്ഞ് വിശപ്പും ദാഹവും സഹിക്കുന്നതില്‍ കാര്യമില്ല.
ഖൂത്തുല്‍ ഖുലൂബില്‍ ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നത് ശ്രദ്ധിക്കുക: "കണ്ണും കാതും അനാവശ്യങ്ങളില്‍ നിന്നും വിലക്കപ്പെട്ടതില്‍ നിന്നും തടയുക. ഹൃദയത്തെ ദുര്‍ചിന്തകളില്‍ നിന്നും നിരോധിത കാര്യങ്ങളില്‍ ചിന്തിക്കുന്നതില്‍ നിന്നും മോചിപ്പിക്കുക. അനാവശ്യ സംസാരത്തില്‍ നിന്ന് നാവിനെ നിയന്ത്രിക്കുക. താന്തോന്നികളോടുള്ള സംസര്‍ഗ്ഗം ഉപേക്ഷിക്കുക. ദുരാഗ്രഹങ്ങളെ വെടിയുക. നിരോധിതമോ ഗുണകരമല്ലാത്തതോ ആയ കര്‍മ്മങ്ങളില്‍ നിന്ന് കരങ്ങളെ സൂക്ഷിക്കുക. തിന്മയിലേക്കുള്ള പ്രയാണത്തില്‍ നിന്ന് കാലുകളെ തടുക്കുക. ഇതൊക്കെയുള്‍പ്പെട്ടതാണ് പ്രത്യേകക്കാരുടെ നോമ്പ്.
ഒരാള്‍ ഇതിനെയെല്ലാം സൂക്ഷിച്ച് വയറും ഗുഹ്യസ്ഥാനവും മാത്രം ശ്രദ്ധിച്ചില്ലെങ്കില്‍ ശ്രേഷ്ഠതയുടെ വിഷയത്തില്‍ അവന്‍ അല്ലാഹുവിന്‍റെയടുക്കല്‍ നോമ്പുകാരനാണ്. കാരണം അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ ഒരുപരിധി വരെ അവന്‍ സൂക്ഷിച്ചവനാണ്. എന്നാല്‍ വയറും ഗുഹ്യസ്ഥാനവും സൂക്ഷിക്കുകയും മറ്റുള്ളതെല്ലാം അനിയന്ത്രിതമാവുകയും ചെയ്താല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാഴാക്കിയവനായത് കൊണ്ട് യഥാര്‍ത്ഥ പണ്ഡിതന്മാരുടെ അടുക്കല്‍ അവന്‍ നോമ്പുകാരനാണെന്ന പരിഗണനയില്‍ വരില്ല. സ്വയം അവന്‍ നോമ്പുകാരനാണെന്ന് നടിക്കാമെന്ന് മാത്രം. മേല്‍വചനങ്ങളെ സാധൂകരിക്കുന്ന ഒരു ഹദീസ് ഇമാം ബുഖാരി (റ) തന്‍റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം: "അനാവശ്യ സംസാരവും പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരു ആവശ്യവുമില്ല". ഈ ഹദീസിന്‍റെ വ്യാഖ്യാനങ്ങളില്‍ മഹാത്മാക്കള്‍ രേഖപ്പെടുത്തുന്നത് കളവ്, കള്ളസത്യം, കള്ള സാക്ഷിത്വം, പരദൂഷണം, ഏഷണി തുടങ്ങിയ നാവിന്‍റെ വിപത്തുകള്‍, മോഷണം അപരനെ വേദനിപ്പിക്കുന്ന ശാരീരിക ചലനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരോധിത പ്രവര്‍ത്തനങ്ങള്‍ വര്‍ജ്ജിക്കാത്തവന്‍റെ നോമ്പ് പ്രതിഫലാര്‍ഹമല്ല. എന്നാല്‍ ഇത്തരം പ്രവണതകള്‍ കൊണ്ട് നോമ്പ് ബാത്വിലാകുമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിട്ടില്ലാത്തത് കൊണ്ട് നോമ്പ് അസാധുവെന്ന് പറഞ്ഞുകൂടാ. ശരീഅത്ത് നിയമം അനുസരിച്ച് വ്രതം സാധുവാകുമെങ്കിലും പ്രതിഫലം ലഭിക്കുകയില്ല എന്നാണ് പണ്ഡിത മതം.
പകലന്തിയോളം പട്ടിണി കിടന്ന് കഷ്ടതയനുഭവിച്ചതിന് ഒരു പ്രതിഫലവുമില്ലെങ്കില്‍ നാം എന്ത് മാത്രം ഹതഭാഗ്യര്‍! ഈ വിനാശത്തില്‍ നിന്ന് രക്ഷ നേടുന്നതിന് കൈകാലുകള്‍, കണ്ണ്, ചെവി, നാവ്, വയറ്, ഗുഹ്യസ്ഥാനങ്ങള്‍, ചിന്താശേഷി എന്നിവ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിരിക്കേണ്ടതാണ്. ഇവകളില്‍ വളരെ പ്രധാനപ്പെട്ടതും അധികപേരും അശ്രദ്ധരുമായ നാവിന്‍റെ പാപങ്ങള്‍ നമുക്കൊന്ന് വിലയിരുത്താം.
കളവ്
സത്യവിരുദ്ധമായ പ്രസ്താവനയാണ് കളവ്. ഇത് കൊണ്ട് ആര്‍ക്കും ഉപദ്രവവും അനിഷ്ടവും ഉണ്ടാകുന്നില്ലെങ്കിലും നിരോധിക്കപ്പെട്ടത് തന്നെയാണ്. അത്യാപൂര്‍വ്വമായ ചില ഘട്ടങ്ങളില്‍ അത് അനുവദനീയമാകുമെന്നത് വിസ്മരിക്കുന്നില്ല. അനന്തരഫലം ദുഷ്കരമാകുമെങ്കിലും നിങ്ങള്‍ സത്യമേ പറയാവൂ എന്ന തിരുവചനം വളരെ പ്രസിദ്ധമാണ്. ഇമാം ബുഖാരി, മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ തീര്‍ച്ചയായും കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കും നയിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാപട്യത്തിന്‍റെ സൂചനയായി നാല് കാര്യങ്ങള്‍ തിരുദൂതര്‍ (സ്വ) പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ പ്രഥമസ്ഥാനമാണ് കളവിന് നല്‍കിയിരിക്കുന്നത്. ഉമര്‍ (റ) ല്‍ നിന്നും ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: നുണ മെനഞ്ഞുണ്ടാക്കുന്നവരില്‍ ഏറ്റവും സമര്‍ത്ഥന്‍ കാണാത്തതിനെ കണ്ടു എന്ന് പറയുന്നവനാണ്.
അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരു ദിവസം നബി (സ്വ) ഞങ്ങളോട് പറഞ്ഞു: കഴിഞ്ഞ രാത്രി രണ്ടാളുകള്‍ എന്നെ സമീപിച്ചു കൊണ്ട് പറഞ്ഞു. നിങ്ങള്‍ പുറപ്പെടൂ! അങ്ങനെ ഞങ്ങള്‍ മൂന്നാളും യാത്രയായി. വഴിമധ്യേ ഒരു പുരുഷന്‍ മലര്‍ന്ന് കിടക്കുന്നതായി ഞാന്‍ കണ്ടു. അദ്ദേഹത്തിന് സമീപം വേറൊരാള്‍ ഒരു ഇരുമ്പു കൊളുത്തുമായി നില്‍ക്കുന്നു. അയാള്‍ കിടക്കുന്ന വ്യക്തിയുടെ മുഖത്തിന്‍റെ ഒരു ഭാഗത്തേക്ക് വന്ന് അയാളുടെ കടവായയും മൂക്കും കണ്ണും ചേര്‍ത്ത് പിടിച്ച് വലിച്ച് തലയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ക്കും. അങ്ങനെ ചേര്‍ന്ന് കഴിയുമ്പോള്‍ അദ്ദേഹം മറുഭാഗത്തേക്ക് വരും. എന്നിട്ട് മറ്റേ ചുണ്ടും കണ്ണും മൂക്കും ചേര്‍ത്ത് പിടിച്ച് മറുഭാഗത്തിലൂടെ തലയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ക്കും. അയാള്‍ കൈവിടുമ്പോഴേക്ക് ചെവിയും മൂക്കും കണ്ണും പൂര്‍വ്വസ്ഥിതി പ്രാപിച്ചിരിക്കും. ഇടതടവില്ലാതെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു. ഈ നിലയ്ക്ക് ശിക്ഷിക്കപ്പെടുന്ന ആളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവന്‍ കളവ് പറയുന്നവനായിരുന്നു എന്നാണ് മറുപടി നല്‍കപ്പെട്ടത്. പരലോകത്ത് കളവ് പറയുന്നവര്‍ക്ക് ലഭിക്കുന്ന കഠോരമായ ശിക്ഷ സ്വപ്നം മുഖേന നബി (സ്വ) ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.
കളവ് പറയല്‍ മഹാപാപമാകുന്നതോട് കൂടി നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയും എന്നതിനാല്‍ നോമ്പുകാരന്‍ അത് പ്രത്യേകം ഗൗനിക്കേണ്ടതാണ്.
കള്ളസാക്ഷ്യം
കള്ളസത്യവും കള്ള സാക്ഷ്യവും വളരെ ഹീനമായ വന്‍പാപങ്ങളാണ്. ഒരിക്കല്‍ തിരുനബി (സ്വ) ചോദിച്ചു: വന്‍പാപം എന്താണെന്ന് ഞാന്‍ പറഞ്ഞുതരട്ടെ. അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു. അതെ, അവിടുന്ന് അരുള്‍ ചെയ്തു: അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ പ്രയാസപ്പെടുത്തുക. അവിടുന്ന് ചാഞ്ഞ് കിടന്നിരുന്നതില്‍ നിന്ന് എണീറ്റിരുന്ന് കൊണ്ട് പറഞ്ഞു: അറിയുക, കള്ളസാക്ഷ്യം, കള്ളസാക്ഷ്യം!! ആ പദം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഇത് നിര്‍ത്തിയിരുന്നെങ്കില്‍ എന്ന് പോലും ഞങ്ങള്‍ ചിന്തിച്ചു പോയി. ശിര്‍ക്കും മാതാപിതാക്കളോടുള്ള നിന്ദ്യതയും പ്രഥമസ്ഥാനത്താണെങ്കിലും കള്ളസാക്ഷ്യത്തെയും കള്ളസത്യത്തെയും ഉള്‍ക്കൊള്ളുന്ന പദത്തെ നബി (സ്വ) പലതവണ ആവര്‍ത്തിച്ചു കൊണ്ട് അതിന്‍റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുകയാണ്.
പരദൂഷണം
അപരനെക്കുറിച്ച് അവനിഷ്ടമില്ലാത്തത് പറയുന്നതിനാണ് പരദൂഷണം എന്ന് പറയുന്നത്. ഇത് ഏറ്റവും വിനാശകാരിയായ ഒരു പാപമാണ്. ഒരാളുടെ ദുഃസ്വഭാവങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രകൃതിയാണല്ലോ? അത് വേറൊരാളോട് പറയുന്നതില്‍ എന്താ തെറ്റ്? അത് വസ്തുതയാണല്ലോ? ഈ ചിന്ത മഹാ അബദ്ധമാണ്. മുത്ത് നബി (സ്വ) യില്‍ നിന്ന് അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ നബി (സ്വ) ഞങ്ങളോട് ചോദിച്ചു: ഗീബത്ത് (പരദൂഷണം) എന്നാല്‍ എന്താണെന്നറിയാമോ? ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവും അവന്‍റെ പ്രവാചകനും ഏറ്റവും അറിയുന്നവരാണ് പ്രവാചകരേ! അവിടുന്ന് അരുള്‍ ചെയ്തു: നീ നിന്‍റെ സഹോദരനെ കുറിച്ച് അദ്ദേഹം ഇഷ്ടപ്പെടാത്തത് പറയലാണ്. അപ്പോള്‍ സദസ്യര്‍ ചോദിച്ചു: ഞങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിലുള്ള യാഥാര്‍ത്ഥ്യമെങ്കിലോ? അവിടുന്ന് വിശദീകരിച്ചു: അയാളിലുള്ളതാണ് നീ പറഞ്ഞതെങ്കില്‍ നീ പരദൂഷണം പറഞ്ഞു. ഇല്ലാത്തതാണ് പറഞ്ഞതെങ്കില്‍ നീ കളവ് നിര്‍മ്മിച്ചുണ്ടാക്കി പറയുന്നവനാണ്. രണ്ട് തന്നെയായാലും തെറ്റ് തന്നെയാണല്ലോ?
ബീവി ആഇശ (റ) പറയുന്നു: നബി (സ്വ) യോട് സ്വഫിയ്യ (റ) യെ കുറിച്ച് ഞാന്‍ പറഞ്ഞു: സ്വഫിയ്യയില്‍ ചില ന്യൂനതകളുണ്ട്. അവിടുന്ന് എന്തിനാ അവരെ? തത്സമയം നബി (സ്വ) പറഞ്ഞു: നീ വല്ലാത്തൊരു വാക്കാണ് പറഞ്ഞത്. ആ വാക്കിനെ സമുദ്രത്തിലെ വെള്ളത്തില്‍ കലര്‍ത്തിയാല്‍ ദുര്‍ഗന്ധം നിമിത്തം സമുദ്രജലം ചീഞ്ഞുനാറും. ഗീബത്തിന്‍റെ കാഠിന്യത മനസ്സിലാക്കാന്‍ ഈ ഹദീസുകള്‍ ധാരാളം.
ഗീബത്ത് പറയും പോലെ തന്നെ അത് കേള്‍ക്കുന്നതും മഹാപാപമാണ്. ഒരു പ്രതികരണവുമുണ്ടായിട്ടില്ലെങ്കിലും കേട്ടിരുന്നവര്‍ പറയുന്നവനെ പോലെ പാപത്തില്‍ പങ്കുകാരാണെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു.
ഏഷണി
ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കും വിധം അന്യരുടെ സംസാരങ്ങള്‍ പറഞ്ഞുപരത്തുന്നതാണ് ഏഷണി. നബി (സ്വ) പറഞ്ഞു; ഏഷണിക്കാരന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഏഷണിക്കാരനെ ആക്ഷേപിച്ചു കൊണ്ട് പറയുന്നു: നാവ് കൊണ്ട് ബുദ്ധിമുട്ടിക്കുന്നവനും ഏഷണിയുമായി നടക്കുന്നവനും പരിധി ലംഘിച്ചവരാണ്. ഖുര്‍ആനിന്‍റെ ഈ പദം മാത്രം മതി ഏഷണിയും പരദൂഷണവും വെടിയേണ്ടതിന്‍റെ അനിവാര്യത മനസ്സിലാക്കാന്‍. "മനുഷ്യന്‍ ഒരക്ഷരവും ഉരിയാടുന്നില്ല. അവകളത്രയും റഖീബ്, അതീദ് എന്നീ രണ്ട് മലക്കുകള്‍ രേഖപ്പെടുത്തിയിട്ടല്ലാതെ" എന്ന ഖുര്‍ആന്‍ വചനം നമ്മുടെ നാവിനെ എന്ത് മാത്രം സൂക്ഷിക്കണമെന്ന് തെര്യപ്പെടുത്തുന്നു. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ചിന്താശേഷി ഇവകളെല്ലാം തന്നെ വിചാരണക്ക് വിധേയമാക്കപ്പെടുന്നവയാണ്. മേല്‍ ഉദ്ധരണികളില്‍ നിന്ന് നോമ്പിന്‍റെ മര്‍മ്മം എന്താണെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല. ജമാഅത്ത് നിസ്കാരവും കഴിഞ്ഞ് പള്ളികളില്‍ കൂട്ടം കൂടിയിരുന്ന് സംസാരത്തിലേര്‍പ്പെടുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍! നമ്മുടെ അമലുകള്‍ അല്ലാഹു സ്വീകരിക്കുമാറാകട്ടെ.
റമളാന്‍ ചില സംശയങ്ങള്‍ ( RAMALAN CHILA SAMSHAYANGAL )
റമളാനിലെ നോമ്പ് പിടിക്കുന്നത് കൊണ്ട് ലഭ്യമാകുന്ന ഒരു ഗുണം?
മുന്‍ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: "വിശ്വസിച്ചു കൊണ്ടും പ്രതിഫലം കാംക്ഷിച്ച് കൊണ്ടും റമളാന്‍ വ്രതമനുഷ്ഠിച്ചാല്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും". മറ്റൊരു റിപ്പോര്‍ട്ടില്‍ ഉമ്മ പ്രസവിച്ചതു പോലെയാകുമെന്നും കാണാം (ഫള്വാഇലു റമളാന്‍).
തന്നില്‍ ഉണ്ടാകാന്‍ പോകുന്ന പാപങ്ങളുടെ കാര്യം?
അതും പൊറുക്കപ്പെടുന്നതാണെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്.
റമളാന്‍ മാസത്തില്‍ മറ്റു സമുദായങ്ങള്‍ക്കില്ലാത്ത പ്രത്യേകത നബി (സ്വ) യുടെ സമുദായത്തിനുണ്ടോ?
ഉണ്ട്. അബൂഹുറൈറ (റ) യില്‍ നിന്നും ഉദ്ധരണം: നബി (സ്വ) പറഞ്ഞു എന്‍റെ ഉമ്മത്തിന് റമള്വാനില്‍ അഞ്ച് കാര്യങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അവ മറ്റു സമുദായങ്ങള്‍ക്ക് നല്‍കിയിട്ടില്ല. 1. അല്ലാഹുവിന്‍റെയടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായി നോമ്പുകാരന്‍റെ വായയെ ആക്കി. 2. നോമ്പ് തുറക്കുന്നത് വരെ മലക്കുകള്‍ എന്‍റെ സമുദായത്തിന് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കും. 3. പ്രശ്നകാരികളായ പിശാചുക്കളെ ചങ്ങലക്കിടും. 4. എല്ലാ ദിവസവും സ്വര്‍ഗ്ഗത്തെ അല്ലാഹു അലങ്കരിക്കും. 5. ഒരു രാത്രിയുടെ അവസാനത്തില്‍ അവര്‍ക്ക് പാപമോചനം നല്‍കപ്പെടും. ഈ രാത്രി ലൈലത്തുല്‍ ഖദ്റാണോ എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി (സ്വ) പറഞ്ഞു: നോമ്പുകാരന്‍ അവന്‍ നോമ്പനുഷ്ഠിച്ചു കഴിഞ്ഞാലുടന്‍ അതിനുള്ള പ്രതിഫലം നല്‍കപ്പെടുന്നതാണ്.
നോമ്പുകാരന് വേണ്ടി അല്ലാഹു പ്രത്യേകം ചില സ്വര്‍ഗ്ഗം പണിയുമോ?
അതെ. വിലമതിക്കാനാവാത്ത ധാരാളം മുത്ത് മാണിക്യങ്ങളെ കൊണ്ട് അല്ലാഹു ചില സ്വര്‍ഗ്ഗങ്ങള്‍ പണി കഴിപ്പിക്കും. എന്നിട്ട് പെരുന്നാള്‍ ദിവസം അതിന്‍റെയാളുകള്‍ക്ക് അല്ലാഹു അത് നല്‍കുന്നതാണ്.
കൊല്ലം മുഴുവനും റമളാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാമോ?
ആഗ്രഹിക്കാം. നബി (സ്വ) പറയുന്നു: റമളാനില്‍ ലഭ്യമാകുന്ന കാര്യം അല്ലാഹുവിന്‍റെ അടിയാറുകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ കൊല്ലം മുഴുവനും റമളാനായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുമായിരുന്നു.
റമളാനില്‍ പള്ളിയില്‍ സുഗന്ധം പൂശുന്നത്?
സാബിത്തുല്‍ ബന്നാനിയും മറ്റു പലരും അത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.
റമളാനിന്‍റെ തുടക്കവും മധ്യവും ഒടുക്കവും എങ്ങനെ?
നബി (സ്വ) പറയുന്നു: റമള്വാനിന്‍റെ തുടക്കം റഹ്മത്താണ്. മദ്ധ്യം പാപമോചനമാണ്. ഒടുക്കം നരകമോചനമാണ്.
റമളാനില്‍ ഒരാള്‍ വഴക്കടിക്കാന്‍ വന്നാല്‍?
ഞാന്‍ നോമ്പുകാരനാണെന്ന് പറയട്ടെ.
റമളാനില്‍ ഒരു തസ്ബീഹ് ചൊല്ലിയാല്‍?
ഇതര മാസങ്ങളില്‍ ആയിരം തസ്ബീഹിനേക്കാള്‍ ഉത്തമമാണ്.
ഈ മാസത്തില്‍ ഒരു ഫര്‍ള്വായ കാര്യം അനുഷ്ഠിച്ചാല്‍?
മറ്റ് മാസങ്ങളില്‍ 70 ഫര്‍ള്വ് ചെയ്തതിന് സമാനം.
നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍?
നബി (സ്വ) പറയുന്നു: "ഹലാലായ ജോലിയിലൂടെ സമ്പാദിച്ച പണം കൊണ്ട് ഒരാള്‍ നോമ്പ് തുറപ്പിച്ചാല്‍ റമളാനിലെ മുഴുവന്‍ രാവുകളിലും മലക്കുകള്‍ അവന് വേണ്ടി പാപമോചനം തേടും. ജിബ്രീല്‍ (അ) അവന് കൈ കൊടുക്കും".
അത്താഴം കഴിക്കുന്നതിന്‍റെ ഗുണം?
അതില്‍ ബറക്കത്തുണ്ടെന്നാണ് തിരുവചനം. അത്താഴം കഴിക്കുന്നവര്‍ക്ക് മലക്കുകള്‍ പൊറുക്കലിനെ തേടുമെന്നും തിരുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്.
ചന്ദ്രപ്പിറവി കാണാതെ റമളാന്‍ നോമ്പെടുക്കുന്നത്?
മാസം തികയാതെയോ ചന്ദ്രപ്പിറവി കാണാതെയോ റമളാന്‍ നോമ്പെടുക്കാന്‍ പാടില്ല. നബി (സ്വ) പറയുന്നു: ചന്ദ്രപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പെടുക്കരുത് (ബുഖാരി).
നോമ്പ് തുറക്കുമ്പോഴുള്ള നോമ്പുകാരന്‍റെ പ്രാര്‍ത്ഥന?
അത് സ്വീകരിക്കപ്പെടുമെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടുണ്ട്.
റമളാനില്‍ സ്വദഖ ചെയ്യുന്നത്?
തിരുനബി (സ്വ) പറയുന്നു: സ്വദഖയില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് റമളാനില്‍ ചെയ്യുന്ന സ്വദഖയാണ്.
റമളാനില്‍ ഉംറ നിര്‍വ്വഹിക്കുന്നത്?
തിരുനബി (സ്വ) പറയുന്നു: റമളാനില്‍ ചെയ്യുന്ന ഉംറ ഹജ്ജിന് സമാനമാണ്. ഒരു റിപ്പോര്‍ട്ടില്‍ എന്നോടൊപ്പം ഹജ്ജ് ചെയ്തത് പോലെയാണെന്നും കാണാം.
റമളാന്‍ ആഗതമാകുമ്പോള്‍?
തിരുനബി (സ്വ) പറഞ്ഞു: റമളാന്‍ ആഗതമാകുമ്പോള്‍ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെ ചങ്ങലക്കിടുകയും ചെയ്യും.
മറ്റു മാസങ്ങളെ അപേക്ഷിച്ച് റമളാനിന്‍റെ പ്രത്യേകത?
തിരുനബി (സ്വ) പറഞ്ഞു: മാസങ്ങളുടെ നേതാവ് റമളാനാണ്.
റമളാനിന് 'റമളാന്‍' എന്ന പേര് പറയാന്‍ കാരണം?
ഇല്ലായ്മ ചെയ്യുക, കരിക്കുക എന്ന് അര്‍ത്ഥം കുറിക്കുന്ന പദത്തില്‍ നിന്നാണ് റമളാന്‍ എന്ന പദത്തിന്‍റെ ഉത്ഭവം. പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ് റമളാനിന് അങ്ങനെ പേര് പറഞ്ഞത്.
റമളാന്‍ ആഗതമായാല്‍ അര്‍ശ് വഹിക്കുന്ന മലക്കുകളോട് അല്ലാഹു പറയുന്നത്?
റമളാന്‍ ആഗതമായാല്‍ അല്ലാഹുവിന്‍റെ അര്‍ശ്വാഹകരായ മലക്കുകളോട് അവര്‍ ചൊല്ലുന്ന തസ്ബീഹുകള്‍ നിര്‍ത്തിവെക്കാനും നബി (സ്വ) യുടെ സമുദായത്തിന് വേണ്ടി പാപമോചനം തേടാനും അവരോട് പറയപ്പെടും.
വയറ് വിശന്നാല്‍ ഉണ്ടാകുന്ന ആത്മീയ ഗുണം?
യഹ്യ ബ്നു മുആദ് (റ) പറയുന്നു: തിന്മയുടെ ആയിരം അവയവം മനുഷ്യ ശരീരത്തിലുണ്ട്. പിശാചിന്‍റെ നിയന്ത്രണത്തിലായിരിക്കും അവ. അതിന്‍റെ തണല്‍ പിടിച്ച് പിശാച് ശരീരത്തില്‍ കഴിച്ചു കൂട്ടും. വയറ് വിശക്കുമ്പോള്‍ പ്രസ്തുത എല്ലാ അവയവങ്ങളും വിശപ്പിന്‍റെ തീ കൊണ്ട് ഉണങ്ങുകയും പിശാചിന് നില്‍ക്കാന്‍ ഇടമില്ലാതെ തളരുകയും ചെയ്യും. നേരെ മറിച്ചാണ് കാര്യമെങ്കില്‍ അഥവാ ശരീരത്തിന് അനാവശ്യമായ രീതിയില്‍ ഭക്ഷണം കൊടുത്ത് വയര്‍ നിറക്കുമ്പോള്‍ പ്രസ്തുത അവയവയങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും പിശാചിന് തണല്‍ കൂടുതല്‍ ലഭിക്കുകയും അവിടെ തന്നെ അവന്‍ കഴിച്ചുകൂട്ടുകയും ചെയ്യും (ഇത്ഹാഫു അഹ്ലില്‍ ഇസ്ലാം - ഇബ്നുഹജര്‍).
റമളാനിന്‍റെ രാത്രിയില്‍ ഭാര്യയുമായി ലൈംഗികവേഴ്ച നടത്തുന്നത്?
കുഴപ്പമില്ല. ജനാബത്തുകാരനായി പ്രഭാതത്തിലായാലും നോമ്പ് ശരിയാകും.
നോമ്പുള്ളപ്പോള്‍ ആഹാര സാധനങ്ങള്‍ രുചിച്ചു നോക്കുന്നത്?
ആവശ്യാര്‍ത്ഥം ആഹാര സാധനങ്ങളുടെ രുചി നോക്കുന്നതിന് കുഴപ്പമില്ല. രുചിച്ചു നോക്കപ്പെട്ട വസ്തു ഉള്ളിലേക്ക് പോകാതെ സൂക്ഷിക്കണം.
മൂലക്കുരു പുറത്തേക്ക് വന്നാല്‍ നോമ്പുകാരന്‍ എന്ത് ചെയ്യണം?
തടിയുള്ള ഒരു വസ്തു ഉള്ളിലേക്ക് കടത്തിവിട്ടാല്‍ നോമ്പ് മുറിയും. എന്നാല്‍ മൂലവ്യാധിയുള്ളവന്‍ പുറത്തേക്ക് വന്ന മൂലക്കുരു ഉള്ളിലേക്ക് കയറ്റുന്നത് കൊണ്ടോ സ്വയം കയറുന്നത് കൊണ്ടോ നോമ്പ് മുറിയുകയില്ല. ആവശ്യമാണെങ്കില്‍ വിരലും ഉള്ളിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല.
നോമ്പുകാരന്‍ മുങ്ങിക്കുളിക്കുന്നത്?
നോമ്പുകാരന്‍ മുങ്ങിക്കുളിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. ദ്വാരങ്ങളിലൂടെ വെള്ളം ഉള്ളിലേക്ക് കടക്കാതെ ശ്രദ്ധിക്കണമെന്ന് മാത്രം.
ജനാബത്ത് കുളിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളില്‍ കടന്നാല്‍?
ജനാബത്തുകാരന്‍ കുളിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളിലേക്ക് കടന്നു പോയതാണെങ്കില്‍ കുഴപ്പമില്ല.
ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കം നോമ്പ് ഒഴിവാക്കാമോ?
സ്വശരീരത്തിനോ കുട്ടിക്കോ നാശം ഭയപ്പെടുന്ന (പാല്‍ കുറയുക, ഗര്‍ഭം അലസുക...) ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവര്‍ക്ക് നോമ്പൊഴിവാക്കാം.
ഇവര്‍ കുട്ടിയുടെ മേല്‍ മാത്രം ഭയന്നതിന്‍റെ പേരില്‍ നോമ്പ് ഒഴിവാക്കിയാല്‍ ഖളാഅ് വീട്ടുന്നതിനോടൊപ്പം ഒരു മുദ്ദ് (ഏകദേശം 625 ഗ്രാം) നാട്ടിലെ സാധാരണ ഭക്ഷ്യവസ്തു ഫഖീറിനോ മിസ്കീനിനോ കൊടുക്കണം. ഒരു നോമ്പിന് ഒരു മുദ്ദ് എന്ന നിലക്കാണ് കൊടുക്കേണ്ടത്. എന്നാല്‍ കുട്ടിയ്ക്കും സ്വശരീരത്തിനും നാശം ഭയപ്പെട്ടിട്ടുണ്ടെങ്കില്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതി. മുദ്ദ് കൊടുക്കേണ്ട ആവശ്യം ഇല്ല.
തറാവീഹിന്‍റെ രൂപം?
തറാവീഹ് എന്ന സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് അല്ലാഹുവിന് വേണ്ടി ഖിബ്ലക്ക് മുന്നിട്ട് ഞാന്‍ നിസ്കരിക്കുന്നു. എന്ന് നിയ്യത്ത് ചെയ്ത് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി കൈ കെട്ടുക. ജമാഅത്തായിട്ടാണെങ്കില്‍ അത് കൂടി കരുതണം. ശേഷം വജ്ജഹ്ത്തു, ഫാതിഹ, സൂറത്ത് എന്നിവ ക്രമപ്രകാരം ഓതുക. പിന്നീട് റുകൂഅ്, ഇഅ്തിദാല്‍ എന്നിങ്ങനെ സാധാരണ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുക. ഈരണ്ട് റക്അത്തായി വേണം നിസ്കരിക്കാന്‍.
തറാവീഹിന്‍റെ സമയം?
തറാവീഹ് നിസ്കാരത്തിന്‍റെ സമയമാവുന്നത് ഇശാ നിസ്കരിച്ചതിന് ശേഷമാണ്. ഇശാ നിസ്കാരത്തെ മഗ്രിബിലേക്ക് മുന്തിച്ച് ജംആക്കി നിസ്കരിക്കുന്ന യാത്രികന് ഇശാ നിസ്കരിക്കുന്നതോട് കൂടെ തറാവീഹിന്‍റെ സമയമായി. ചുരുക്കത്തില്‍ ഇശാ നിസ്കരിക്കാതെ തറാവീഹിന്‍റെ സമയം കടക്കാത്തത് കൊണ്ട് തറാവീഹ് നിര്‍വ്വഹിച്ചതിന് ശേഷം തന്‍റെ ഇശാ നിസ്കാരം ബാത്വിലായിരുന്നു എന്ന് വ്യക്തമായാല്‍ സാധാരണ സുന്നത്ത് നിസ്കാരമായി അതിനെ പരിഗണിക്കുന്നതും ഇശാ നിസ്കരിച്ച് തറാവീഹ് മടക്കി നിസ്കരിക്കേണ്ടതുമാണ്.
ഏത് സൂറത്ത് ഓതണം?
ഫാതിഹക്ക് ശേഷം ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ ഇരുപത് റകഅത്തുകളിലായി ഓരോ ദിവസവും ഓരോ ജുസ്അ് പാരായണം ചെയ്ത് റമളാന്‍ പൂര്‍ത്തിയാവുമ്പോള്‍ ഖുര്‍ആന്‍ ഖത്മ് ചെയ്യുന്ന രീതിയില്‍ ഓതലാണ് ഏറ്റവും ഉത്തമം. വളരെ ധൃതിയിലുള്ള നിസ്കാരം അഭികാമ്യമല്ല. ഈ സന്ദര്‍ഭത്തില്‍ ഒറ്റയ്ക്ക് നിസ്കരിക്കലാണ് ഉത്തമം. (ദഖാഇറുല്‍ ഇഖ്വാന്‍).
തറാവീഹിന് ശേഷമാണോ വിത്റ്?
സുബ്ഹിക്ക് മുമ്പേ ഉണര്‍ന്ന് തഹജ്ജുദ് നിസ്കരിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ തറാവീഹിന് ശേഷം വിത്റ് നിസ്കരിക്കാമെങ്കിലും പിന്തിച്ച് തഹജ്ജുദിന് ശേഷം നിസ്കരിക്കലാണ് നല്ലത്. റമളാനിലെ വിത്റിന്‍റെ ജമാഅത്ത് നഷ്ടപ്പെട്ടാലും ഒരു രാത്രിയുടെ അവസാനം വിത്റാവലാണ് ഇത്തരക്കാര്‍ക്കുത്തമം.
റമളാന്‍ സ്രഷ്ടാവിന്‍റെ അനുഗ്രഹം
റമളാന്‍ സ്രഷ്ടാവിന്‍റെ അനുഗ്രഹം
വിശുദ്ധ റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം, സര്‍വ്വ മ്ലേച്ഛതകളില്‍ നിന്നും ശരീരത്തേയും മനസ്സിനെയും ശുദ്ധിയാക്കുന്ന സുവര്‍ണ്ണകാലം. ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരത്തേയും ആരാധനയുടെ അകക്കാമ്പിലൂടെ മനസ്സിനേയും സക്കാത്തിലൂടെ സമ്പത്തിനെയും എല്ലാം റമളാന്‍ വിശുദ്ധിയുള്ളതാക്കും. കൂടാതെ നോമ്പുകാരന് നിരവധി ഓഫറുകളാണ് അല്ലാഹു നല്‍കുന്നത്. പാപമോചനവും സ്വര്‍ഗ്ഗ സുഖാനുഭൂതികളും നോമ്പുകാരനായി കാത്തിരിക്കും. "നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നവന്‍ ഞാനാണ്" എന്ന വിശുദ്ധവചനം ഈ ഓഫറുകള്‍ക്ക് ഗ്യാരണ്ടിയും നല്‍കുന്നു. പ്രവാചക പുംഗവര്‍ പറഞ്ഞു: 'റയ്യാന്‍' എന്ന പേരിലൊരു വാതില്‍ സ്വര്‍ഗ്ഗത്തിലുണ്ട്. വിശുദ്ധ റമളാനിന്‍റെ പകലുകളെ വ്രതാനുഷ്ഠാനത്തിലൂടെ ധന്യമാക്കിയവര്‍ക്ക് മാത്രമേ ഈ വാതായനത്തിലൂടെ പ്രവേശനമുള്ളൂ". 'നോമ്പുകാരനെവിടെ, നോമ്പുകാരനെവിടെ' യെന്ന് അതിലൂടെ ചോദിച്ചു കൊണ്ടിരിക്കും". അപ്പോള്‍ റമളാന്‍ മാസത്തെ പവിത്രമാക്കിയവര്‍ പ്രസ്തുത വാതായനത്തിലൂടെ സുഖാനുഭൂതികള്‍ നിറഞ്ഞ പറുദീസയില്‍ പ്രവേശിക്കും. മറ്റാര്‍ക്കും അതിലൂടെ പ്രവേശനം അനുവദനീയമല്ല!! അവര്‍ കടന്നു കഴിഞ്ഞാല്‍ മലര്‍ക്കെ തുറക്കപ്പെട്ട വാതായനം കൊട്ടിയടക്കുകയും ചെയ്യും. ഇങ്ങനെ യഥാര്‍ത്ഥമായ വ്രതത്തിന്‍റെ, ശുദ്ധമായ നോമ്പിന്‍റെ പ്രതിഫലം എവിടെയൊക്കെയാണ് എണ്ണി പറയപ്പെട്ടിട്ടുള്ളത്. അവര്‍ണ്ണനീയമാണത്. കാരണം നോമ്പുകാരന് പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാണ്.
നാം പലപ്പോഴും നിസ്സാരമായി കാണുന്ന സകാത്ത് അതിന്‍റെ അവകാശികള്‍ക്ക് കൊടുത്തു വീട്ടാത്തിടത്തോളം കാലം നാം പരിപൂര്‍ണ്ണത കൈവരിക്കുകയില്ല. ഇസ്ലാം ഈ സകാത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സാമ്പത്തിക സമത്വമല്ല മറിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്. ഇതിലൂടെ സമ്പത്തിന്‍റെ മേഖലകള്‍ മുതലാളിമാരില്‍ മാത്രം കുന്നു കൂടുന്നതിന് പകരം സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും പാവപ്പെട്ടവനും ആവശ്യമായ സൗകര്യങ്ങള്‍ തരപ്പെടുത്തുക എന്നതാണ്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ സകാത്തിന് മഹനീയ സ്ഥാനമാണുള്ളത്. വളര്‍ച്ച, ശുദ്ധീകരണം, അഭിവൃദ്ധി എന്നൊക്കെയാണ് സകാത്ത് കൊണ്ടുള്ള ഭാഷാര്‍ത്ഥ വിവക്ഷ.
പൊതുവെ മൃഗങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, നാണയങ്ങള്‍, കച്ചവട സമ്പത്ത് ഇവയിലാണ് ഇസ്ലാമിക സകാത്തിന്‍റെ അര്‍ത്ഥതലം. എന്നാല്‍ ഫിത്വ്റ് സകാത്ത് ശവ്വാല്‍ മാസപ്പിറവി കാണുന്നതോടു കൂടി പെരുന്നാളിന്‍റെ രാപകലിലെ സ്വന്തം ചെലവും ആശ്രിതര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പത്ത് മിച്ചമുള്ളവര്‍ക്ക് നിര്‍ബന്ധമായി തീരും. ശാഫിഈ മദ്ഹബ് പ്രകാരം ഫിത്വ്റ് സകാത്ത് നിര്‍ബന്ധമായ ആളുടെ സ്ഥിര താമസ സ്ഥലത്തെ മുഖ്യ ആഹാരത്തില്‍ നിന്ന് ഒരു സ്വാഅ് ആണ് സകാത്ത് കൊടുക്കേണ്ടത്. അതായത് ഏകദേശം 2.500 കിലോഗ്രാം. ഹനഫീ മദ്ഹബ് പ്രകാരം ഇതിന്‍റെ വില നല്‍കിയാലും മതിയാകും. എന്നാല്‍ ശാഫിഈ മദ്ഹബുകാരന്‍ വില നല്‍കിയാല്‍ സകാത്ത് സ്വീകാര്യമല്ല. അവന്‍ നമ്മുടെ നാടിന്‍റെ സ്ഥിതിയനുസരിച്ച് അരി തന്നെ നല്‍കണം.
വിശ്വാസികളുടെആഘോഷങ്ങളില്‍ പെട്ട ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിശ്വാസിയായ ഒരാളും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണിത് ഇത്രയും ക്രിയാത്മകമായി ചിന്തിക്കുന്ന മറ്റൊരു വ്യവസ്ഥിതിയും ഇല്ലെന്നുള്ളതിന് ഇതിലും വലിയ മറ്റെന്ത് തെളിവാണ്. സമ്പന്നന്‍ വയറ് നിറച്ച് ആഹരിക്കുമ്പോള്‍ പട്ടിണിക്കാരനും അവന്‍റെ കുടുംബവും പെരുന്നാള്‍ ദിനത്തിലെങ്കിലും സന്തോഷകരമായി ഭക്ഷണം കഴിക്കട്ടെ എന്ന് ചിന്തിച്ച പ്രവാചകന്‍റെ കാര്യദര്‍ശനം എത്രയോ മഹത്തരം.
പ്രവാസികളാണെങ്കില്‍ സകാത്ത് പ്രവാസിയുള്ള സ്ഥലത്ത് തന്നെയാണ് നല്‍കേണ്ടത്. ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ട സമയം നേരത്തെ പറഞ്ഞത് പോലെ ശവ്വാല്‍പിറ കണ്ടത് മുതല്‍ പെരുന്നാള്‍ ദിനത്തിലെ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്. എന്നാല്‍ റമളാന്‍ ഒന്ന് മുതല്‍ ഫിത്വ്ര്‍ സകാത്ത് വിതരണം ചെയ്താല്‍ സ്വീകാര്യമാണെന്നാണ് പണ്ഡിതമതം. എന്നാല്‍ പെരുന്നാള്‍ സുദിനവും വിട്ട് അകാരണമായി ഫിത്വ്ര്‍ സകാത്ത് പിന്തിക്കുന്നത് ഹറാമാണെന്ന് ഫത്ഹുല്‍ മുഈന്‍ പോലെയുള്ള കര്‍മ്മശാസ്ത്ര ഗന്ഥങ്ങള്‍ പ്രതിപാദിക്കുന്നു.
ഓരോ റമളാനിന്‍റെയും ചന്ദ്രക്കീറ് ആകാശത്ത് പ്രത്യക്ഷമാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത് പാവങ്ങളുടെ അവകാശമാണ്. വിശുദ്ധറമളാന്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിനാകെ അനുഗ്രഹമാണ്. സ്രഷ്ടാവ് കനിഞ്ഞരുളിയ അനുഗ്രഹം.
സുബൈര്‍ ഇര്‍ഫാനി, തൊടുപുഴ





