നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 28 July 2018

വഹ്ദത്തുല്‍ വുജൂദ്

വഹ്ദത്തുല്‍ വുജൂദ് 

            വുജൂദ് (ഉണ്മ) യഥാര്‍ത്ഥത്തില്‍ ഒന്നേ ഉള്ളൂ എന്നതാണ് വഹ്ദത്തുല്‍ വുജൂദ് എന്നതുകൊണ്ടുള്ള വിവക്ഷ. (യഥാര്‍ത്ഥ ആരാധ്യന്‍ അല്ലാഹുവല്ലാതെ ആരുമില്ല) എന്ന വിശുദ്ധ കലിമയുടെ (യഥാര്‍ത്ഥത്തില്‍ വുജൂദ് ഉള്ളവന്‍ അല്ലാഹുവല്ലാതെ ഇല്ല) എന്ന തലം വ്യക്തമാക്കുന്നത് ഈ വഹ്ദത്തുല്‍ വുജൂദിനെയാണ്. മലയാളത്തില്‍ ഈ അറബി പദത്തിന് ഏകോണ്മതത്വം എന്ന് വേണമെങ്കില്‍ പറയാം. അന്നും ഇന്നും എന്നും യഥാര്‍ത്ഥത്തില്‍ വുജൂദ് അല്ലാഹുവിന് മാത്രമാണ്. അഥവാ അവന്‍റേത് മാത്രമാണ് യഥാര്‍ത്ഥ ആസ്തിക്യം. മറ്റുള്ളതെല്ലാം അവനില്‍ നിന്ന് അവന്‍ നല്‍കുന്നതാകയാല്‍ യഥാര്‍ത്ഥ ആസ്തിക്യമല്ല. ആപേക്ഷികമാണ്. 
                വഹ്ദത്തുല്‍ വുജൂദിന്‍റെ കോണിലൂടെ മനസ്സിലാക്കുമ്പോള്‍ ഈ ലോകത്തുള്ളവയും എന്നല്ല അല്ലാഹുവല്ലാത്തത് സര്‍വ്വതും യഥാര്‍ത്ഥത്തില്‍ അവന്‍റെ വുജൂദും അതിനുള്ള നിര്‍ണ്ണയങ്ങളുമാണ്. അഥവാ ആ വുജൂദും അതിന്‍റെ നാമവിശേഷണങ്ങളും പ്രകടമാകുന്നവയാണ്.
              ഈ തത്വം ആന്തരീകായി ബോധ്യപ്പെടാത്തിടത്തോളം കേവലം ബാഹ്യനില വെച്ച് നോക്കിയാല്‍ ഇത് തെറ്റാണെന്നും അവതാരവാദമാണെന്നും തോന്നിയേക്കാം. ഇത്രയും കൃത്യവും സത്യവും എന്നല്ല ഖുര്‍ആനും ഹദീസും മഹദ്വചനങ്ങളും കൊണ്ട് സ്ഥിരപ്പെട്ടതും യഥാര്‍ത്ഥമായ മതം അഥവാ വിശുദ്ധ മതത്തിന്‍റെ അടിസ്ഥാനമിതാണെന്ന് വ്യക്തമായതുമായ കാര്യത്തെ നിഷേധിക്കലാണ് പിഴവ്. നിഷേധിച്ചവരാണ് പിഴച്ചത്. അംഗീകരിക്കുന്നവരും ഉള്‍ക്കൊള്ളുന്നവരുമല്ല. പിഴച്ചത് ഇവരല്ല, അവരാണ്. 
        വഹ്ദത്തുല്‍ വുജൂദ് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആനിക വചനങ്ങളിലൊന്ന് കാണുക: "തങ്ങള്‍ എറിഞ്ഞ നേരത്ത് തങ്ങള്‍ എറിഞ്ഞില്ല, എന്നാല്‍ അല്ലാഹുവാണ് എറിഞ്ഞത്" (...). ധാരാളം മഹാന്മാര്‍ ഈ വചനത്തെ വഹ്ദത്തുല്‍ വുജൂദിന് തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി (സ്വ) യുടെ ഏറിനെ അല്ലാഹുവിന്‍റെ ഏറായിട്ടാണ് അവന്‍ ഈ ആയത്തില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ അല്ലാഹു, തങ്ങള്‍ എന്നിങ്ങനെ പലതില്ല. അത് ബാഹ്യവീക്ഷണവും പരിഗണനയുമാണ്. അതിനാല്‍ തത്വത്തില്‍ ഞാന്‍ മാത്രമാണുള്ളത്. അതുകൊണ്ട് ഏറ് എന്‍റേതാണ്. 
         വഹ്ദത്തുല്‍ വുജൂദ് ഹുലൂലും ഇത്തിഹാദാണെന്ന് പറയുന്നവര്‍ അല്ലാഹുവിനെ സംബന്ധിച്ചും അത് പറയേണ്ടിവരില്ലേ? നബി (സ്വ) അല്ലാഹുവാകണ്ടേ നബിയുടെ ഏറ് അല്ലാഹുവിന്‍റെ ഏറാകണമെങ്കില്‍? അപ്പോള്‍ അല്ലാഹു നബിയില്‍ അവതരിച്ചുവെന്നല്ലേ വരുന്നത്? അന്യമതസ്ഥരില്‍ നിന്നും ഏടുകളില്‍ നിന്നും വഹ്ദത്തുല്‍ വുജൂദ് പഠിക്കുമ്പോള്‍ ഇത്തരത്തില്‍ ഭീമാബദ്ധങ്ങളില്‍ ചാടേണ്ടിവരും. അതുകൊണ്ട് പിഴച്ചത് വഹ്ദത്തുല്‍ വുജൂദ് വ്യക്തമാക്കിയ അല്ലാഹുവല്ല, അത് നിഷേധിച്ചവരാണ്. 
               "അല്ലാഹു ഒഴികെയുള്ള സര്‍വ്വതും മിഥ്യയാണ്. എല്ലാ സുഖങ്ങളും നിസ്സംശയം നീങ്ങുന്നതാണ്". എന്ന ലബീദ് (റ) വചനത്തിന് തിരുനബി (സ്വ) അംഗീകാരവും വാസ്തവീകരണവും ല്‍കിയത് വഹ്ദത്തുല്‍ വുജൂദിന് തിരുസുന്നത്തിലെ തെളിവുകളില്‍ നിന്നുള്ള ഒരെണ്ണമാണ്. അപ്പോള്‍ അല്ലാഹുവും അവന്‍റെ തിരുദൂതരും പഠിപ്പിച്ച വഹ്ദത്തുല്‍ വുജൂദ് നിഷേധിക്കുന്നവരാണോ പിഴച്ചത് അംഗീകരിക്കുന്നുവരാണോ? തീരുമാനിക്കാന്‍ ക്വിന്‍റല്‍ തൂക്കത്തിന് അറിവ് വേണ്ടല്ലോ? അല്ലാഹു ഒഴികെയുള്ളതെല്ലാം മിഥ്യയാണ് എന്ന ഈ വചനത്തിന്‍റെ ആശയം യഥാര്‍ത്ഥം അല്ലാഹു മാത്രമാകുന്നുവെന്നാണല്ലോ? അത് തന്നെയാണ് വഹ്ദത്തുല്‍ വുജൂദും.
         അല്ലാഹുവിനെയും തിരുറസൂലിനെയും യഥാവിധി അംഗീകരിച്ച, മഹാരഥന്മാരായ മഹത്തുക്കളൊക്കെയും ഈ വഹ്ദത്തുല്‍ വുജൂദ് അംഗീകരിച്ചവരും അതിന് വേണ്ടി നിലകൊണ്ടവരുമാണ്. 
"ഞാന്‍ യാതൊന്നിനെയും കണ്ടിട്ടില്ല, അതില്‍ അല്ലാഹുവിനെ കണ്ടിട്ടല്ലാതെ, അതിന് മുമ്പോ അതിനോടൊപ്പമോ അല്ലാഹുവിനെ കണ്ടിട്ടല്ലാതെ" എന്ന വചനങ്ങള്‍ പ്രമുഖരായ സ്വഹാബത്തിന്‍റേതാണ്. ഏതൊന്നിനെ കാണുന്ന സമയം അതിന് മുമ്പോ ഒപ്പമോ അവകള്‍ക്ക് സ്വന്തമായ അസ്തിത്വമില്ലെന്നും അവകളുടേത് അല്ലാഹു നല്‍കിയതാണെന്നും അവന്‍റേത് മാത്രമാണ് യഥാര്‍ത്ഥ വുജൂദെന്നുമുള്ള ബോധ്യത്തോടെയല്ലാതെ യാതൊന്നിനെയും ദര്‍ശിച്ചിട്ടില്ലായെന്നാണ് ഇതിന്‍റെ സാരം. കറകള്‍ നിറഞ്ഞ് അന്ധമായ ഹൃദയമുള്ളവര്‍ വിചാരിക്കുന്നത് പോലെ അല്ലാഹു വസ്തുക്കളില്‍ ഇറങ്ങിയെന്നോ അല്ലാഹുവിന് സ്ഥലമുണ്ടെന്നോ ഒന്നുമല്ല അതിന്‍റെ അര്‍ത്ഥം. മഹത്തുക്കളായ സ്വഹാബത്ത് തെറ്റിദ്ധാരണ പരത്തി എന്ന് പറയേണ്ടി വരില്ലേ കറപുരണ്ടവര്‍ക്ക്? കാരണം ഇവര്‍ക്ക് ഹുലൂലും ഇത്തിഹാദുമൊക്കെ ഇതിലുണ്ടാകും?!
           ഇനിയിങ്ങോട്ട് പോന്നാല്‍ സര്‍വ്വ വിജ്ഞാന കോശമെന്ന് വിശേഷിപ്പിക്കാവുന്ന ഇമാം ഗസ്സാലി (റ) വാക്കുകള്‍ കാണുക"അല്ലാഹുവിനെ അറിഞ്ഞ മഹത്തുക്കള്‍ മജാസിന്‍റെ (..) അധമത്തരത്തില്‍ നിന്ന് ഹഖീഖത്തിന്‍റെ ഉന്നതാവസ്ഥയിലേക്ക് കയറി. അപ്പോള്‍ അവര്‍ അനുഭവിച്ചറിഞ്ഞു. അല്ലാഹുവിനല്ലാതെ വുജൂദ് ഇല്ലെന്നും അവനൊഴികെയുള്ളതെല്ലാം അനാദിയും അനന്തവുമായി നശിച്ചതാണെന്നും". ഇമാം ഗസ്സാലി (റ) യുടെ ഈ വാക്കുകള്‍ തനിച്ച വഹ്ദത്തുല്‍ വുജൂദാണ്. ഇത് പിഴവാണെന്ന് വാദിക്കുന്നവരല്ലേ പിഴച്ചത്. അംഗീകരിക്കുന്നവരല്ലല്ലോ? അപ്പോള്‍ ആര് ആരില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടത്?
           ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) ശൈഖ് രിഫാഈ (ഖു.സി.) ശൈഖ് അബുല്‍ ഹസനിശ്ശാദുലി (ഖു.സി.) , ശൈഖ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖു.സി.), ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്തി (ഖു.സി.), ഇബ്നു ഹജറുല്‍ ഹൈതമി (ഖു.സി.), ഇമാം ശഅ്റാനി (ഖു.സി.) ഇങ്ങനെ എണ്ണിയാല്‍ വഹ്ദത്തുല്‍ വുജൂദ് അംഗീകരിക്കുകയും രേഖപ്പെടുത്തുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ആന്തരിക ബാഹ്യജ്ഞാനങ്ങളില്‍ അവഗാഹം നേടിയ പണ്ഡിത പ്രഭുക്കള്‍ അനവധിയാണ്. വഹ്ദത്തുല്‍ വുജൂദ് പിഴച്ചതാണെന്ന് പറയുന്നവര്‍ ഈ മഹാ പണ്ഡിത പ്രതിഭകളെയൊക്കെയാണ് പിഴപ്പിക്കുന്നതെന്ന് അറിയുന്നില്ലേ പോല്‍?!
                       "ജുബ്ബക്കുള്ളില്‍ അല്ലാഹുവല്ലാതെ ഒന്നുമില്ല", "അല്ലാഹുവല്ലാത്ത് കേവലം തോന്നലാണ്, യഥാര്‍ത്ഥത്തില്‍ അത് അല്ലാഹുവാണ്" "അല്ലാഹുവല്ലാത്തതൊക്കെ അന്ധകാരമാണ്, അതിലുള്ള അവന്‍റെ പ്രത്യക്ഷതയാണ് അതിനെ വുജൂദ് കൊണ്ട് പ്രകാശിതമാക്കിയത്" മുതലായ വചനങ്ങള്‍ പറയുകയും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്ത മഹത്തുക്കളെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ വഹ്ദത്തുല്‍ വുജൂദിനെ നിഷേധിക്കുന്നതെങ്ങനെയാണ്? തനിച്ച വിരോധാഭാസമോ വിവരക്കേടോ മര്‍ക്കട മുഷ്ടിയോ അല്ലേ ഈ നിലപാട്?. കാരണം ആ വചനങ്ങളൊക്കെ വഹ്ദത്തുല്‍ വുജൂദിലധിഷ്ഠിതമാണ്. പണ്ട് സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞത് പോലെ തീക്കളിയല്ലേ ഇത്? ഇത് നാം വളരെയധികം സൂക്ഷിക്കേണ്ട കളിയാണ്. ഇല്ലെങ്കില്‍ അതിഭയങ്കര അപകടമായിരിക്കും പരിണിതി. വഹ്ദത്തുല്‍ വുജൂദിനെയും അതിലധിഷ്ഠിതമായി ജീവിച്ച മഹത്തുക്കളെയും പിഴപ്പിക്കുകയും അവരെ സംബന്ധിച്ച് ജനതക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്താല്‍ മതഭ്രംശം വരെ സംഭവിച്ചേക്കും. ചരിത്രങ്ങള്‍ സാക്ഷീകരിച്ച വസ്തുതയാണിത്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
മതത്തെ അതിന്‍റെ യഥാര്‍ത്ഥമായ രീതിയില്‍ ഉള്‍ക്കൊള്ളല്‍ വഹ്ദത്തുല്‍ വുജൂദിലൂടെയാണെന്നും ദീനിന്‍റെ അടിസ്ഥാനം വഹ്ദത്തുല്‍ വുജൂദാണെന്നുമാണ് മഹാന്മാര്‍പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് ഒരു മഹാന്‍ പറഞ്ഞത് പരിചയപ്പെടുത്താം.
      ബാഹ്യ അറിവുകളിലും ആന്തരീക ജ്ഞാനങ്ങളിലും നിപുണരായ ഒരു മഹാന്‍ അദ്ദേത്തിന്‍റെ പ്രമുഖ ഗ്രന്ഥത്തില്‍ ഏടുത്തുദ്ധരിച്ചതുമാണീ കാര്യം. "നീ അറിയുക, മനുഷ്യന് ഒരു അന്ധകാര മനസ്സും പ്രകാശിത ആത്മാവുമുണ്ട്. ഇവ രണ്ടിലോരോന്നും അതാതിന്‍റെ ലോകത്തേക്കുള്ള ആഗ്രഹത്തിലും ആശയിലുമാണ്. മനസ്സുകളെ അവയുടെ അന്ധകാര ദുര്‍ഗുണങ്ങളില്‍ നിന്ന് ശുദ്ധീകരിക്കലും ആത്മീയ പ്രഭ നല്‍കിയ നല്‍കി ആത്മാക്കളെ അണിയിക്കലുമാണ് പ്രവാചക നിയോഗത്തിന്‍റെ ലക്ഷ്യം. ആത്മാവ് സര്‍വ്വ ദുര്‍ഗുണങ്ങളില്‍ നിന്ന് മുക്തമായി പ്രകാശിതമാകുമ്പോള്‍ യഥാര്‍ത്ഥമായ മൗജൂദ് അല്ലാഹുവും അവന്‍റെ വിശേഷണങ്ങളും പ്രവൃത്തികളും മാത്രമാണെന്ന് ആത്മാവറിയും. അതിനാല്‍ കലിമത്തുത്തൗഹീദിന്‍റെ ദണ്ഡ് കൊണ്ട് മനസ്സിന്‍റെ (നഫ്സിന്‍റെ) വിരുദ്ധതയെ തട്ടിപ്പൊട്ടിച്ച് അതിനെ ഈ വിശ്വാസത്തിലെത്തിക്കുകയും അതിന്‍റെയും അല്ലാഹുവല്ലാത്ത സര്‍വ്വതിന്‍റെയും വുജൂദാകുന്ന വിഗ്രഹത്തെ നിഷേധിക്കുകയും ചെയ്യുന്നത് വരെ മനസ്സിന്‍റെ വിരുദ്ധതയെ തട്ടിപ്പൊളിച്ച് കളയല്‍ മനുഷ്യന് നിര്‍ബന്ധമാണ്. വുജൂദ് അല്ലാഹുവിന് മാത്രമാണെന്നതാണ് യഥാര്‍ത്ഥമായ ഇസ്ലാം ദീന്‍. അല്ലാഹുവിനെ തൊട്ട് നിരാശനാകല്‍, അവന്‍റെ വാഗ്ദാനങ്ങളിലുള്ള സംശയം, അവനല്ലാത്തതിനോടുള്ള ഹൃദയബന്ധം, തന്‍റെ പ്രവൃത്തികള്‍ വിശേഷണങ്ങളില്‍ നിന്ന് മുക്തമാകാതെയും തന്‍റെ അന്ധകാരങ്ങള്‍ അവന്‍റെ ഒളിവുകളില്‍ ഇല്ലാതാകുകയും കൊണ്ട് പിശാചിന്‍റെ വലയില്‍ കുടുങ്ങി ഇതിന് വിപരീതങ്ങള്‍ കൊണ്ടുവരുന്നവന്‍ ശപിക്കപ്പെട്ട പിശാചിന്‍റെ അനുയായി ആണ്. അവനെ തള്ളപ്പെടുകയും വേണം".
           നോക്കൂ! നാം നീതിയും നിക്ഷ്പക്ഷതയും ആധാരമാക്കി വിലയിരുത്തൂ. എത്രയോ കൃത്യവും വ്യക്തവുമാണ് മേല്‍ വാചകങ്ങള്‍. ശരിയായ മതം വഹ്ദത്തുല്‍ വുജൂദിലധിഷ്ഠിതമാണെന്നും അതിന് വിരുദ്ധമായി കൊണ്ടുവരുന്നത് തനിച്ച പിഴവാണെന്നുമാണ് ഇവിടെ മഹാന്മാര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പറഞ്ഞ മഹത്തുക്കള്‍ എത്രയോ ഉണ്ടെന്നിരിക്കെ ഈ സത്യം അംഗീകരിക്കുന്നവരാണോ നിരാകരിക്കുന്നവരാണോ പിഴക്കുന്നത്. പിഴച്ചത് അവരല്ല ഇവരാണെന്നാണ് വിശുദ്ധ ഖുര്‍ആനും ഹദീസും മഹത് വചനങ്ങളുമൊക്കെ സത്യസന്ധമായി മനസ്സിലാക്കുമ്പോള്‍ വ്യക്തമാകുന്നത്. 
                                                                                                                                   P A ALUVA

തിരുദൂതരുടെ പലായന വഴി

തിരുദൂതരുടെ പലായന വഴി


     ക്കയിലെ മുസ്ലിംകള്‍ വളരെ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല.. വര്‍ഷങ്ങളായി  തങ്ങളനുഭവിക്കുന്ന പീഡനപര്‍വ്വങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് പലായനം നടത്താന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു.. പിറന്ന നാടുവിട്ടു പോകാന്‍ താല്‍പര്യമുണ്ടായിട്ടല്ല.. പക്ഷേ വിശ്വാസ സംരക്ഷണത്തിന് ഒരു നാടുമാറ്റം അനിവാര്യമായിരിക്കുന്നു.. ദിനംപ്രതി പീഡനങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.... 
ഹിജ്റ ആരംഭിച്ചു. ആദ്യം അബ്സീനിയയിലേക്ക്..... പിന്നീട് മദീനയിലേക്ക്... മദീനയിലേക്ക് ആദ്യമായി ഹിജ്റ പോയവ്യക്തി മുത്ത് നബി (സ)യുടെ ഭാര്യ ഉമ്മുസലമ ബീവിയുടെ മുന്‍ഭര്‍ത്താവ് അബൂസലമ(റ) ആയിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ ഭാര്യ ഉമ്മു സലമ (റ)യും മകനും തയ്യാറെടുത്തെങ്കിലും കുടുംബക്കാര്‍ തടഞ്ഞു.... വിരഹ ദുഖത്താല്‍ ഒരു വര്‍ഷത്തോളം കരഞ്ഞു കാലം കഴിച്ച ഉമ്മു സലമ ബീവിയോട് കുടുംബക്കാര്‍ കാരുണ്യം കാണിച്ചു. ഭര്‍ത്താവിന്‍റെയടുത്തേക്ക് യാത്രതിരിക്കാന്‍ അനുമതി നല്‍കപ്പെട്ടു. സലമയെന്ന പിഞ്ചുപൈതലിനെയും മടിയില്‍ വെച്ച് ഒട്ടകപ്പുറത്ത് ഏകാന്തയായി ഉമ്മുസലമ ബീവി മദീനയിലേക്ക് യാത്രയായി... തന്‍ഈമിലെത്തിയപ്പോള്‍ ഉസ്മാനുബ്നുത്വല്‍ഹ(റ)യെ കണ്ടുമുട്ടി. അദ്ദേഹം അവര്‍ക്ക് യാത്രയില്‍ തണലായി. ഖുബാഇല്‍ അബൂസലമ(റ) താമസിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി വിട്ടശേഷം ഉസ്മാന്‍ ഇബ്നു ത്വല്‍ഹ (റ) മക്കയിലേക്ക് മടങ്ങി...
അബൂസലമക്ക് ശേഷം ആമിറുബ്നു റബീഅ(റ), ഹുലൈഫ് ബ്നു അദിയ്യ്,(റ) അബ്ദുല്ലാഹിബ്നു ജഹ്ശ്(റ), അന്ധനായ അബൂ അഹ്മദ് അബ്ദുബ്നു ജഹ്ശ്(റ), ഇവരുടെ കുടുംബങ്ങള്‍, ഉമറുബ്നുല്‍ ഖത്വാബി(റ)ന്‍റെ നേതൃത്വത്തിലുള്ളവര്‍ തുടങ്ങി നിരവധി പേര്‍ മദീനയിലേക്ക് പലസംഘങ്ങളായി നീങ്ങിക്കൊണ്ടിരുന്നു... ഓരോ സംഘങ്ങളും വേദനയോടെയാണെങ്കിലും മക്കയോട് വിടചൊല്ലി യാത്രയായി.
എല്ലാവരും പോകുന്നത് കണ്ടപ്പോള്‍ അബൂബക്ര്‍ സീദ്ദീഖ് (റ) മുത്തുനബിയോട് ഹിജ്റക്ക് അനുമതി ചോദിച്ചു. തിരുനബി (സ്വ) പ്രതിവചിച്ചു. "ധൃതിപ്പെടേണ്ട... താങ്കള്‍ക്ക് പറ്റിയ ഒരു കൂട്ടുകാരനെ അല്ലാഹു തരും.." ആ കൂട്ടുകാരന്‍ മുത്തുനബി ആകണമേ എന്ന പ്രാര്‍ത്ഥനയോടെ സിദ്ധീഖ് (റ) എണ്ണൂറ് ദിര്‍ഹം നല്‍കി രണ്ടു നല്ല ഒട്ടകത്തെ വാങ്ങി നിറുത്തി.
ദിവസങ്ങള്‍ കടന്നു പോയി. സാധാരണ അതിരാവിലെയോ വൈകീട്ടോ ആണ് മുത്ത് നബി (സ്വ) തന്‍റെ കൂട്ടുകാരന്‍ സിദ്ധീഖ് (റ) നെ സന്ദര്‍ശിക്കാന്‍ വരാറ് പതിവ്. പക്ഷേ അന്ന് പകല്‍സമയം തിരുനബി (സ്വ) സിദ്ധീഖി (റ)ന്‍റെ വീട്ടിലേക്ക് വരുന്നു.. ദൂരെനിന്ന് നബിയുടെ വരവ് കണ്ടപ്പോള്‍ തന്നെ അബൂബക്കര്‍ (റ)പറഞ്ഞു . "പുതിയതെന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് തിരുനബി ഇപ്പോള്‍ ആഗതനാകുന്നത്".  
ആഇശ ബിവി(റ) പറയുന്നു "മുത്ത് നബി (സ്വ) വീട്ടിലേക്ക് കടന്നപ്പോള്‍ പിതാവ് കട്ടിലില്‍ നിന്ന് എഴുന്നേറ്റു. നബി (സ്വ) അവിടെയിരുന്നു. വീട്ടില്‍ ഞാനും എന്‍റെ സഹോദരി അസ്മായും മാത്രമേ ഉള്ളൂ.." നബി (സ്വ) പറഞ്ഞു. "മറ്റുള്ളവരോടൊക്കെ പുറത്തുപോകാന്‍ പറയൂ". 
"തിരുനബിയേ... ഇവിടെ എന്‍റെ രണ്ടു പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ... അവര്‍ അങ്ങേക്ക് സമര്‍പ്പിതരാണ് നബിയേ..."
"ശരി, അല്ലാഹു എനിക്ക് പലായനത്തിന് അനുമതി നല്‍കിയിരിക്കുന്നു".
"ഞാന്‍ കൂടെ വരട്ടെ നബിയേ..."
"തീര്‍ച്ചയായും.."
ആഇശ ബീവി തുടരുന്നു.. "ആല്ലാഹു സാക്ഷി... എന്‍റെ പിതാവ് ആ നിമിഷം സന്തോഷാധിക്യത്താല്‍ കരയുന്നത് കാണുന്നതിനു മുമ്പ് വരെ, സന്തോഷം വന്നാല്‍ ആരെങ്കിലും കരയുന്നത് ഞാന്‍ കണ്ടിട്ടില്ല..."
സിദ്ധീഖ് (റ) പറഞ്ഞു.. "നബിയേ.. ഞാന്‍ രണ്ടു വാഹനങ്ങള്‍ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. അബ്ദുല്ലാഹ്ബ്നു അര്‍ഖത്ത് എന്ന വ്യക്തിയെ നമുക്ക് വഴികാണിക്കാന്‍ കൂലിക്കെടുത്തിട്ടുമുണ്ട്". 
മൂന്ന് ദിവസത്തിന് ശേഷം "സൗര്‍" ഗുഹയില്‍ എത്തിക്കണമെന്ന നിബന്ധനയോടെ അയാളുടെ കയ്യില്‍ രണ്ടു ഒട്ടകത്തെ പരിപാലിക്കാന്‍ ഏല്‍പിച്ചു. തിരുനബി (സ്വ) ഹിജ്റ പുറപ്പെടുന്നത് വരെ അലി (റ) യും അബൂബക്കറി (റ)ന്‍റെ കുടുംബവുമല്ലാതെ മറ്റൊരാളും യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
ഇതിനിടയില്‍ ദാറുന്നദ്വയില്‍ ഖുറൈശികളുടെ അടിയന്തിര മീറ്റിംഗ് കൂടി മുത്ത് നബിയെ വധിക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഓരോ ഗോത്രത്തില്‍ നിന്ന് ഒരാളെ വീതം തിരഞ്ഞെടുത്ത് എല്ലാവരും കൂടി സംയുക്തമായി ഒറ്റ വെട്ടിനു തീര്‍ക്കാനായിരുന്നു പരിപാടി... അല്ലാഹു എത്ര വലിയവന്‍.. അവന്‍റെ ദൂതരെ അവന്‍ സംരക്ഷിച്ചു.. 
ജിബ്രീല്‍ (അ) അറിയിച്ചു. "നബിയേ.. ഇന്നു രാത്രി താങ്കളുടെ വിരിപ്പില്‍ അങ്ങ് കിടക്കരുത'്". ശത്രുക്കള്‍ മുത്ത്നബിയെ വധിക്കാന്‍ സര്‍വ്വായുധ സജ്ജരായി നബി (സ)യുടെ വീട് വളഞ്ഞു. ആ കാഴ്ചകാണാന്‍ ശക്തിയില്ലാതെ ചന്ദ്രനും താരകങ്ങളും കണ്ണുകളടച്ചു... കൂരാക്കൂരിരുട്ടില്‍ തിരുനബി ഉറങ്ങുന്നതും കാത്ത് അക്ഷമരായി അവര്‍ ഉറക്കമൊഴിച്ചിരുന്നു... 
നബി (സ്വ) അലി (റ) യോട് തന്‍റെ വിരിപ്പില്‍ കിടക്കാന്‍ ആവശ്യപ്പെട്ട് പുറത്തേക്കിറങ്ങി.. ഒരു പിടി മണല്‍ വാരി യാസീന്‍ സൂറയുടെ ആദ്യ വചനങ്ങള്‍ പരായണം ചെയ്ത് അവര്‍ക്കിടയിലേക്ക് വിതറി... ഓരോരുത്തരുടെയും തലയില്‍ വീണ മണല്‍ കണ്ണുകളിലേക്കിറങ്ങി അവര്‍ തപ്പിത്തടഞ്ഞു...  അവര്‍ക്കിടയിലൂടെ ശാന്തനായി തിരുനബി (സ്വ)കടന്നു പോയി..
നബി (സ്വ) നേരെ അബൂബക്കര്‍ (റ)ന്‍റെ  വീട്ടിലേക്ക് ചെന്നു. അദ്ദേഹത്തിന്‍റെ വീടിന്‍റെ പിന്നാമ്പുറത്തിലൂടെ രണ്ടുപേരും പുറത്തിറങ്ങി. ചരിത്രത്തിന്‍റെ വഴിത്തിരിവിലേക്ക് നടന്നു നീങ്ങി...
തിരുദൂതരും കൂട്ടുകാരന്‍ അബൂബക്കര്‍ (റ)വും ഇരുളിനെ കീറി മുറിച്ച് നടക്കുകയാണ്. കുറച്ചുനേരം പിന്നില്‍ നടന്ന അബൂബക്കര്‍ (റ) പിന്നീട് മുമ്പില്‍ കയറി നടക്കുന്നു..! കുറച്ചു കഴിഞ്ഞ് പിന്നെയും പുറകിലേക്ക് നീങ്ങുന്നു..!! കൂട്ടുകാരന്‍റെ കളി കണ്ട തിരുദൂതര്‍ ചോദിച്ചു. "എന്തു പറ്റി അബൂബക്കറേ...?" 
"ശത്രുക്കളെങ്ങാനം വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് നബിയേ..."  
തിരുനബി (സ്വ)യുടെ നടത്തം ശ്രദ്ധിച്ചുവോ.... പാദം കാല്‍ മുഴുവനായി ഭൂമിയല്‍ ചവിട്ടാതെ പാര്‍ശ്വഭാഗങ്ങള്‍ മാത്രം കുത്തി നടക്കുകയാണ്... കുറേനേരം അങ്ങനെ നടന്നപ്പോള്‍ മുത്ത് നബി (സ്വ)യുടെ കാല്‍പാദത്തിലെ തൊലി മുറിഞ്ഞു രക്തം വരാന്‍ തുടങ്ങി. 
തിരുനബിയുടെ അവസ്ഥ കണ്ടറിഞ്ഞ ഐനുല്‍ ഇശ്ഖായ അബൂബക്കര്‍ (റ) മുത്ത് നബിയെ എടുത്ത് തോളിലേറ്റി നടക്കാന്‍ തുടങ്ങി... ഇരുവരെയും സൗര്‍ പര്‍വ്വതം മാടിവിളിച്ചു.  
മക്കയുടെ താഴ്വാരത്ത് 4610 അടി ഉയരത്തില്‍(ഏകദേശം ഒന്നരകിലോമീറ്റര്‍ ഉയരം) നില്‍ക്കുന്ന വലിയ പര്‍വ്വതമാണ് ജബല്‍ സൗര്‍. ഒരു ഭീമന്‍ കാളക്കൂറ്റന്‍ നില്‍ക്കുന്നത് പോലെ തോന്നുന്നത് കൊണ്ടാണ് 'സൗര്‍' (കാള) എന്ന നാമം വന്നതത്രെ. മുത്ത്നബിയെ തോളിലേറ്റി കൂറ്റന്‍ പര്‍വ്വതത്തിന് മുകളിലേക്ക് അബൂബക്ര്‍ (റ) നടന്നു കയറി. ഇശ്ഖിന്‍റെ ലഹരിയുടെ ആഴക്കടലില്‍ നീന്തിത്തുടിക്കുന്ന അദ്ദേഹമുണ്ടോ പര്‍വ്വതത്തിന്‍റെ ഉയരവും ശരീരത്തിന്‍റെ ഭാരവും അറിയുന്നു.. സിദ്ധീഖ് (റ) ആസ്വദിക്കുകയായിരുന്നു... തന്‍റെ പ്രേമഭാജനത്തെ തോളിലേറ്റാന്‍ ലഭിച്ച മഹാഭാഗ്യത്തിന്‍റെ ലഹരിയില്‍ സൗര്‍ പര്‍വ്വതം ആകാശത്തോളം ഉയര്‍ന്നിരുന്നുവെങ്കിലെന്ന് ഈ ആശിഖ് ആഗ്രഹിച്ചുവോ... "അബൂബക്കര്‍ കുറേ നിസ്കരിച്ചത് കൊണ്ടോ നോമ്പെടുത്തത് കൊണ്ടോ അല്ല നിങ്ങളില്‍ ഉന്നതരായത്" എന്ന തിരുവചനത്തിന്‍റെ പിന്നാമ്പുറത്ത് ഇതു പോലെ എത്ര ഇശ്ഖിന്‍ കഥകളുണ്ടാകും...
ആ പര്‍വ്വതത്തിന്‍റെ ഏറ്റവും ഉയരത്തില്‍ മുകളിലേക്ക് തുറക്കപ്പെട്ട ഒരു ഗുഹയുണ്ട്. ഇനി ഇവിടെ വിശ്രമിക്കാം.. നബി (സ്വ)യെ ഇറക്കിയ ശേഷം അബൂബക്കര്‍ (റ) ഗുഹയ്ക്കകത്ത് കടന്നു. പരിശോധന നടത്തി. ഗുഹയിലെ ദ്വാരങ്ങളെല്ലാം തന്‍റെ വസ്ത്രം കീറി അടച്ചു. ഒരു ദ്വാരം മാത്രം ബാക്കി. അടക്കാന്‍ തുണിയുമില്ല. സിദ്ധീഖ് (റ) ഗുഹയിലിരുന്ന് തന്‍റെ കാല്‍പാദം കൊണ്ട് ആ ദ്വാരം അടച്ചുപിടിച്ചു. ആ ദ്വാരത്തില്‍ ഒരു പാമ്പു വസിക്കുന്നുണ്ടായിരുന്നു..!
നബി (സ്വ) ഗുഹക്കകത്ത് പ്രവേശിച്ചു. യാത്രാ ക്ഷീണം തിരുനബിയെ ഉറക്കിലേക്ക് നയിച്ചു. ഇതിനിടെ തന്‍റെ വഴിയടച്ച അബൂബക്ര്‍ (റ)ന്‍റെ കാലില്‍ നാഗം ആഞ്ഞു കൊത്തി!. വേദനമൂലം കാല്‍ നീക്കിയപ്പോള്‍ പാമ്പ് അബൂബകറി (റ)നോട് പറഞ്ഞു. " മുത്ത് നബിയോട് പ്രണയം വെച്ച് എത്രയോ കാലങ്ങളായി ഹബീബിനെ ഒരു നോക്ക് കാണാന്‍ ഞാന്‍ ഇവിടെ കാത്തിരിക്കുന്നു.. ആ സുവര്‍ണ്ണാവസരം കരഗതമായപ്പോള്‍ താങ്കള്‍ ഹബീബിനെ എന്നില്‍ നിന്ന് മറക്കുന്നുവോ... "  വിഷം കാലിലൂടെ ഇരച്ചു കയറി. അസഹ്യമായ വേദനമൂലം കണ്ണുനീര്‍ പുറത്തേക്കൊഴുകി തിരുനബിയുടെ മുഖത്ത് വീണു... ഞെട്ടിയുണര്‍ന്ന നബി (സ) പ്രിയ കൂട്ടുകാരന്‍റെ കാലില്‍ വിശുദ്ധ ഉമിനീര്‍ പുരട്ടിക്കൊടുത്തു. വേദന നിശ്ശേഷം പിന്‍വാങ്ങി!!.
തിരുനബി (സ്വ) യും കൂട്ടുകാരനും അകത്ത് കടന്നയുടനെ 'ഖതാദ്' എന്ന മരത്തിനോട് ഗുഹാമുഖത്ത് മുളക്കാന്‍ അല്ലാഹു കല്‍പ്പിച്ചു. അത് മുളച്ച് നിമിഷ നേരംകൊണ്ട് വളര്‍ന്ന് ശാഖകള്‍ വിരിച്ചു ഗുഹാമുഖം മറച്ചു നിന്നു!!. ആ മരത്തിന്‍റെ ചില്ലകള്‍ക്കിടയില്‍ ഒരു ചിലന്തി വലനെയ്യാനാരംഭിച്ചു...ഏതാനും സമയം കൊണ്ട് നാല്പത് വര്‍ഷം കൊണ്ട് നെയ്തുണ്ടാക്കാന്‍ കഴിയുന്ന വല അവിടെ സൃഷ്ടിക്കപ്പെട്ടു...!! രണ്ടു മാടപ്രാവുകള്‍ പറന്നുവന്ന് ഗുഹാമുഖത്ത് കൂടുകൂട്ടി മുട്ടയിട്ടിരുന്നു...!!! ലോകഗുരുവിന്‍റെ സംരക്ഷണത്തിന് വേണ്ടി അല്ലാഹു സംവിധാനിച്ച ഈ അമാനുഷികതകളാണ് തിരുജീവിതത്തിലെ നാഴികക്കല്ലുകളായി രേഖപ്പെടുത്തേണ്ട മുഅ്ജിസത്തുകള്‍. കാരണം ഈ അത്ഭുതങ്ങളിലൂടെയാണ് തിരുദൂതരെയും കൂട്ടുകാരനെയും തലക്കുമുകളിലെത്തിയ മരണത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്. 
മക്കയില്‍ തിരുനബിയുടെ തിരോധാന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. തിരുനബി രക്ഷപ്പെട്ട വിവരമറിഞ്ഞ ഖുറൈശികള്‍ ഇളിഭ്യരായി... അവരുടെ പ്രതികാര ദാഹം വര്‍ധിച്ചു. മുത്തുനബിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 100 ഒട്ടകം ഇനാം പ്രഖ്യാപിച്ചു. അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി നാലുദിക്കിലേക്കും പോയി. കാലടയാള വിദഗ്ധര്‍ സൂക്ഷ്മ പരിശോധന നടത്തി. മക്കയില്‍ നിന്ന് സൗര്‍ പര്‍വ്വതത്തിന് നേരെ നടന്നു പോയ നാല് കാല്‍പാടുകള്‍ക്ക് പിന്നാലെ അവര്‍ സഞ്ചരിച്ചു. പക്ഷേ ശത്രുക്കളെ ത്രിശങ്കുവിലാക്കി ഇടക്കുവെച്ച് രണ്ടു കാല്‍പാദങ്ങള്‍ അപ്രത്യക്ഷരായി...!! പിന്നീട് രണ്ടെണ്ണം മാത്രമേ കാണുന്നുള്ളൂ... ആശിഖ് മഅ്ശൂഖിനെ  ഏറ്റി നടക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും അവര്‍ക്കാകില്ലല്ലോ.... 
ഏതായാലും കിട്ടിയ കാലടയാളത്തിനു പിന്നാലെ അവര്‍ പോയി.. സൗര്‍ പര്‍വ്വതത്തിന്‍റെ മുകളിലേക്കെത്തി..  ഗുഹാമുഖത്തെത്തിയപ്പോള്‍ ആരോ പറഞ്ഞു.. "അകത്തു കയറി പരിശോധിക്കൂ.." അപ്പോള്‍ ഉമയ്യത്ത് ബ്നു ഖലഫ് പറഞ്ഞു. "ഏയ്.. അതിന്‍റെ ആവശ്യമില്ല.. മുഹമ്മദിനേക്കാളും പ്രായമുള്ള ചിലന്തിയാണ് അവിടെയിരിക്കുന്നത്. ഈ ചിലന്തി വലകള്‍ മുറിക്കാതെയും പ്രാവിന്‍ മുട്ടകള്‍ ഉടക്കാതെയും ഇതിനകത്ത് കടക്കാന്‍ കഴിയുമോ....?"
അവര്‍ ഗുഹക്ക് മുകളിലൂടെ നടന്നു. തിരുദൂതര്‍ ശാന്തനാണ്. പക്ഷേ, അബൂബക്കറി (റ) ന് മുത്ത്നബി (സ്വ) യുടെ കാര്യത്തില്‍ വിഷമം. ശത്രുക്കളെങ്ങാനും കണ്ടുപിടിച്ചാല്‍ ഇന്നത്തോടെ എല്ലാം അവസാനിക്കും... 
കൂട്ടുകാരനോട് നബി (സ്വ) പറഞ്ഞു "വിഷമിക്കേണ്ട. നിശ്ചയം അല്ലാഹു നമ്മുടെ കൂടെയുണ്ട്.". "നബിയേ അവര്‍ അവരുടെ കാല്‍പാദങ്ങളിലേക്ക് നോക്കിയാല്‍ നമ്മെ കാണും." നബി (സ്വ) പ്രതിവചിച്ചു "അവര്‍ ഗുഹാ മുഖത്തിലൂടെ അകത്തു കടന്നാല്‍ നാം  ഈ വഴിക്ക് രക്ഷപ്പെടും". തിരുദൂതര്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കു അബൂബക്കര്‍ (റ) നോക്കി. അത്ഭുതം!!!. ഗുഹയുടെ മറുഭാഗത്ത് ഒരു കിളിവാതില്‍ പ്രത്യക്ഷപ്പെടുന്നു.! അവിടെയതാ വിശാലമായ സമുദ്രം... സമുദ്രതീരത്ത് യാത്രപുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കപ്പല്‍..!!! ഫിദാക്ക യാ റസൂലല്ലാഹ്.... 
അത്ഭുതങ്ങള്‍ തീരുന്നില്ല... സൗറില്‍ വെച്ച് അബൂബക്കര്‍ (റ) ന് ദാഹിച്ചപ്പോള്‍ ഗുഹാമുഖത്തേക്ക് പുറപ്പെടാന്‍ നബി (സ്വ) അരുളി. ഗുഹാമുഖത്ത് ചെന്നപ്പോഴതാ തേനിനേക്കാള്‍ മാധുര്യവും പാലിനേക്കാള്‍ വെളുത്തതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമായ പാനീയം തയ്യാറാക്കപ്പെട്ടിരിക്കുന്നു!. മതിവരുവോളം കുടിച്ചു. അത്ഭുതപരതന്ത്രനായ കൂട്ടുകാരനോട് നബി (സ്വ) പറഞ്ഞു "സ്വര്‍ഗത്തിലെ  നദികളുടെ ചുമതലക്കാരനായ മലക്കിനോട് സ്വര്‍ഗത്തില്‍ നിന്ന് സൗര്‍ ഗുഹാ മുഖത്തേക്ക് എന്‍റെ സിദ്ധീഖിന് കുടിക്കാന്‍ ഒരു അരുവി കീറാന്‍ അല്ലാഹു കല്‍പ്പിച്ചതനുസരിച്ച് ലഭ്യമായതാണിത്!!".
അന്വേഷണ സംഘം നിരാശരായി മലയിറങ്ങി. അബൂബക്ര്‍ (റ) വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ തന്നെ യാത്രയുടെ പ്ലാനിംഗുകള്‍ കൃത്യമായി തയ്യാറാക്കിയിരുന്നു. പുത്രന്‍ അബ്ദുല്ലാ(റ)യോട് നേരം പുലരുമ്പോള്‍ തങ്ങളുടെ തിരോധാനത്തെക്കുറിച്ച് ആളുകളുടെ സംസാരം ശ്രവിച്ച്  വാര്‍ത്തകളെല്ലാം ശേഖരിച്ചു വൈകീട്ട് സൗറിലേക്ക് വരാന്‍ ഏല്‍പ്പിച്ചിരുന്നു. തന്‍റെ അടിമ ആമിറുബ്നു ഫുഹൈറയോട് പകല്‍ ആടുകളെ മേച്ച് വൈകീട്ട് ഗുഹയിലെത്താന്‍ ഏര്‍പ്പാടാക്കി. രാത്രി അസ്മാഅ്(റ) ഇരുവര്‍ക്കുമുള്ള ഭക്ഷണവുമായി ഒന്നര കി.മീ ഉയരമുളള മലകയറി വരും.. മൂന്ന് രാത്രികള്‍ തിരുദുതരോടുള്ള ഇശ്ഖിനാല്‍ അവര്‍ പര്‍വതാരോഹണം നടത്തി! തിരുപ്രണയത്തിനു മുമ്പില്‍ ജീവിതം സമര്‍പ്പിച്ച അവരുടെ കാലടിയിലെ മണ്‍തരിയാവാന്‍ പോലും നാം അയോഗ്യര്‍....
മൂന്ന് ദിവസം തിരുനബി (സ്വ) യും സിദ്ധീക്കും (റ) സൗര്‍ ഗുഹയില്‍ കഴിച്ചു കൂട്ടി. അബ്ദുല്ലാഹിബ്നു അബീബക്കര്‍ (റ) പകല്‍ മക്കയില്‍ നടന്ന് വാര്‍ത്തകള്‍ ശേഖരിച്ചു.  രാത്രി ഗുഹയിലെത്തി വിവരങ്ങള്‍ കൈമാറി. ആമിറുബ്നു ഫുഹൈറ മക്കയിലെ മേച്ചില്‍ പുറങ്ങളില്‍ ആടുകളെ മേച്ചു വൈകീട്ട് മലകയറി തിരുദൂതര്‍ക്കും കൂട്ടുകാരനും പാല്‍കറന്നു കുടിപ്പിച്ചു. പ്രഭാതമാകുന്നതിനു മുമ്പേ അബ്ദുല്ലാ (റ) മലയിറങ്ങും. പിന്നാലെ അദ്ദേഹത്തിന്‍റെ കാല്‍പാടുകള്‍ മായിച്ചു കൊണ്ടു ആമിറും പുറപ്പെടും. 
മൂന്ന് ദിവസം കഴിഞ്ഞു. അന്വേഷണങ്ങളുടെ ശക്തി കുറഞ്ഞു..ആളുകള്‍ കഴിഞ്ഞതൊക്കെ മറന്നു തുടങ്ങി. അപ്പോള്‍ നേരത്തേ വാഹനങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന അബ്ദുല്ലാഹിബ്നു അര്‍ഖത്ത് ഒട്ടകങ്ങളുമായി വന്നു. പിന്നാലെ അസ്മാഅ് (റ) യാത്രക്കുള്ള ഭക്ഷണ സാധനങ്ങളുമായി എത്തി. തിരുനബി (സ്വ) യും സിദ്ദീഖ് (റ) വും യാത്രക്കൊരുങ്ങിയപ്പോള്‍ ഒട്ടകപ്പുറത്ത് ഭക്ഷണസാധനങ്ങളെടുത്ത് വെക്കുമ്പോഴാണ് പാത്രത്തിന്‍റെ മൂടി കെട്ടി ഭദ്രമാക്കാന്‍ മറന്നകാര്യം ഓര്‍ത്തത്. കെട്ടാനുളള കയറും എടുത്തിട്ടില്ല.. ബുദ്ധിമതിയായ അസ്മാഅ് (റ)പകച്ചു നിന്നില്ല. വേഗം തന്‍റെ അരയില്‍ ബന്ധിച്ചിരുന്ന അരപ്പട്ട രണ്ടാക്കി കീറി  ലഗേജ് കെട്ടി. ഈ സംഭവമാണ് അസ്മാഅ് ബീവി (റ) ക്ക് ഇരട്ട അരപ്പട്ടക്കാരി എന്ന അപരനാമം നേടിക്കൊടുത്തത്. 
രണ്ട് ഒട്ടകങ്ങളില്‍ ഏറ്റവും മുന്തിയത് തിരുനബി (സ്വ)ക്ക് അബൂബക്കര്‍ (റ) സമ്മാനിച്ചു. പക്ഷേ നബി (സ) സ്വീകരിക്കാന്‍ തയ്യാറായില്ല. "ഞാന്‍ എന്‍റെ ഒട്ടകത്തിലേ യാത്ര ചെയ്യൂ.."
"നബിയേ ഇത് അങ്ങേക്കുള്ളതാണ്" 
"നിങ്ങള്‍ എനിക്ക് ഇതു വില്‍ക്കണം"
അങ്ങനെ ഒട്ടകത്തെ സ്വന്തമാക്കി നബി (സ്വ) കയറി.  കാരണം തന്‍റെ നാഥനിലേക്കളള പലായനം സ്വന്തം ശരീരവും വാഹനവും കൊണ്ടാകണമെന്ന് നബി (സ്വ) ആഗ്രഹിച്ചു. അബൂബക്കര്‍ (റ) വഴിയില്‍ സേവനത്തിന് വേണ്ടി ആമിറിനെ പിന്നില്‍ കയറ്റി. വഴികാട്ടിയായി അബ്ദുല്ലാഹി ബ്നു അര്‍ഖത്തും.
വിടപറയുമ്പോള്‍ മക്കയിലേക്ക് തിരിഞ്ഞ് നിറകണ്ണുകളോടെ നബി(സ്വ) പറഞ്ഞു. "ഞാന്‍ പുറപ്പെടുകയാണ്..  അല്ലാഹുവിന്‍റെ നാടുകളില്‍ അവന് ഏറ്റവും പ്രിയപ്പെട്ടതും ശ്രേഷ്ടവുമായ നാട് നീയാണെന്ന് എനിക്കറിയാം... നിന്‍റെ നാട്ടുകാര്‍ എന്നെ പുറപ്പെടാന്‍ നിര്‍ബന്ധിതനാക്കിയിരുന്നില്ലെങ്കില്‍ ഈ വിടപറച്ചിലുണ്ടാകുമായിരുന്നില്ല..."
ചരിത്രത്തെ രണ്ടായി പകുത്ത ഹിജ്റത്തുന്നബവി പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കപ്പെടുകാണ്. രണ്ട് ഒട്ടകപ്പുറത്തായി തിരുദൂതരും കൂട്ടുകാരനും യസ്രിബെന്ന വാഗ്ദത്ത വിജയ ഭൂമികയെ മദീനത്തുറസൂലായി പരിണാമപ്പെടുത്താന്‍ പലായന വഴിയിലൂടെ ആത്മവിശ്വാസത്തോടെ സധീരം മുന്നോട്ട്.... 
           (അവലംബം : സീറത്തു ഇബ്നു ഹിശാം, തഫ്സീര്‍ റൂഹുല്‍ ബയാന്‍)

അശ്ശൈഖ് അഹ്മദ് കോയ ശാലിയാത്തി (റ)


അശ്ശൈഖ് അഹ്മദ് കോയ ശാലിയാത്തി (റ)

കേരള മുസ്ലിംകള്‍ക്ക് ആദര്‍ശ രംഗത്ത് ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മഹാത്മാവായിരുന്നു മര്‍ഹൂം അബുസ്സആദാത്ത് ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി (ന.മ). ഹി. 1302 ജമാദുല്‍ ആഖിര്‍ മാസം കോഴിക്കോട്ടെ കോയമരക്കാരകം തറവാട്ടിലെ മുഹ്യിദ്ദീന്‍കുട്ടി ഹാജിയുടെ പുത്രനായി ചാലിയം പുതാമ്പറത്ത് വീട്ടില്‍ ജനനം. മഹാപണ്ഡിതനും സൂഫീവര്യനുമായിരുന്ന പിതാവിന്‍റെയും സാത്വികയായ മാതാവിന്‍റെയും ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം പ്രാഥമിക വിദ്യയും ഖുര്‍ആനും പിതാവില്‍ നിന്ന് അഭ്യസിച്ചു.
പിന്നീട് പ്രമുഖ പണ്ഡിതനും ഖിലാഫത്ത് നായകനുമായിരുന്ന ആലി മുസ്ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, മദ്രാസിലെ പണ്ഡിതനും മുഫ്തിയുമായിരുന്ന ശംസുല്‍ ഉലമാ മൗലാനാ മുഫ്തി മുഹ്മൂദ്, അഹ്മദ് റസാഖാന്‍ ഫാളിലേ ബറേല്‍വി (റ) എന്നിവരുടെ  പാഠശാലകളില്‍ പഠനം തുടര്‍ന്നു. എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടിയ ശാലിയാത്തി പിതാവിന്‍റെ നിര്‍ദ്ദേശ പ്രകാരം വെല്ലൂര്‍ ലത്തീഫിയ കോളജില്‍ ചേര്‍ന്നു നിസാമിയ്യ സിലബസ് പൂര്‍ത്തിയാക്കി. ലത്തീഫിയ്യയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ദാറുല്‍ ഇഫ്താഇല്‍ (ഫത്വ ബോര്‍ഡ്) അംഗമായി തെരെഞ്ഞെടുക്കപ്പെടുകയും ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ ഏല്‍പ്പിക്കപ്പെടുകയും ചെയ്തു. ഒരേ സമയം പഠിതാവും അധ്യാപകനും മുഫ്തിയുമായി നിയോഗിതമാകുന്ന അത്യപൂര്‍വ്വ പ്രതിഭാസത്തിന് ശാലിയാത്തിയുടെ ജീവിതം സാക്ഷിയായി.
ലത്തീഫിയ്യയില്‍ നിന്ന് പിരിഞ്ഞ ശേഷം തമിഴ്നാട് തിരുനല്‍വേലിയിലെ രിയാളുല്‍ ജിനാന്‍ കോളജില്‍ അധ്യാപകനായി ദീര്‍ഘകാലം സേവനം ചെയ്തു. ഗുരുനാഥന്മാരുടെ ക്ഷണം സ്വീകരിച്ച് വീണ്ടും ലത്തീഫിയ്യയിലേക്ക് മടങ്ങി  അവിടെ മുദരിസായി. പിന്നീട് ലത്തീഫിയ്യ കോളജിന്‍റെ പ്രിന്‍സിപ്പലായി ശാലിയാത്തി നിയമിതനായി. 
ഹി. 1331 ല്‍ തന്‍റെ ഗുരു ആലിമുസ്ലിയാര്‍ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന സന്ദര്‍ഭത്തില്‍ തിരൂരങ്ങാടിയിലെ ദര്‍സ് നടത്താനും മറ്റുകാര്യങ്ങള്‍ നോക്കി നടത്താനും ഏല്‍പ്പിച്ചത് ശാലിയാത്തിയെയായിരുന്നു. ശേഷം അഞ്ചു വര്‍ഷം കൊടിയത്തൂര്‍ ജുമാ മസ്ജിദില്‍ ദര്‍സ് നടത്തി. പിന്നീട് ശൈഖ് മുഫ്തി ഉബൈദുല്ലാഹില്‍ മദിരാസിയുടെ ക്ഷണപ്രകാരം ബഡ്ക്കലിലെത്തിയ അദ്ദേഹം ദീര്‍ഘകാലം അവിടെ സേവനം ചെയതു. പ്രമേഹ രോഗബാധിതനായതിനെ തുടര്‍ന്ന് സ്വദേശത്തേക്ക് തിരിച്ച ശാലിയാത്തി പിന്നീട് വീട്ടില്‍ വിശ്രമ ജീവിതം നയിച്ചു. 
എല്ലാ വിജ്ഞാന ശാഖകളിലും അഗാധ പാണ്ഡിത്യവും വ്യുല്‍പത്തിയും നേടിയ അദ്ദേഹം നാലു മദ്ഹബുകളിലും ഫത്വ കൊടുക്കുമായിരുന്നു. തന്നിമിത്തം  ഹൈദരാബാദ് നൈസാം രാജാവ് ശാലിയാത്തിയെ മുഫ്തിയായി നിയമിക്കുകയും മാസം തോറും 100 രൂപ ശമ്പളമായി അന്ന് നല്‍കുകയും ചെയ്തിരുന്നു.
മഹാന്മാരായ ഔലിയാക്കളെയും ത്വരീഖത്തുകളെയും അവരോടുള്ള ഇസ്തിഗാസയെയും നഖശിഖാന്തം എതിര്‍ത്തുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തില്‍ കേരളത്തിലേക്ക് കടന്നു വന്ന വഹാബികള്‍ സാധാരണക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. കേരള മുസ്ലിംകള്‍ ഔലിയാക്കളിലും അവരുടെ ആധ്യാത്മിക സരണികളിലും അഭയം കണ്ടെത്തിയ കാലമായിരുന്നു അത്. ഏതെങ്കിലുമൊരു ശൈഖിന്‍റെയോ വലിയ്യിന്‍റെയൊ സാമീപ്യം തേടുകയും അവരുടെ വാക്കുകള്‍ക്കനുസരിച്ച് ദീനും ദുനിയാവും ക്രമീകരിക്കുകയും ചെയ്തവരായിരുന്നു അന്നത്തെ മുസ്ലിംകള്‍. കേരളത്തില്‍ ഇസ്ലാമിക പ്രബോധനം നടത്തിയ മഹാരഥന്മാര്‍ വരച്ചു കാണിച്ച മാര്‍ഗവും അതായിരുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച മിക്ക പണ്ഡിതന്മാരും ഖാദിരി, രിഫാഈ, ചിശ്തി, നഖ്ശബന്ധി തുടങ്ങി ഏതെങ്കിലും ത്വരീഖത്തില്‍ ബൈഅത്തു ചെയ്തവരായിരുന്നു. ത്വരീഖത്തുകള്‍ അത്രമേല്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. അത് തന്നെയായിരുന്നു ഇസ്ലാമിന്‍റെ ചൈതന്യവും. മുസ്ലിംകളില്‍ നിന്ന് ജീവനുളള ഇസ്ലാമിനെ അടര്‍ത്തിമാറ്റാന്‍ അധ്യാത്മീകതക്കെതിരെ വഹാബികള്‍ ശക്തമായ ജിഹാദ് പ്രഖ്യാപിച്ചു. ഔലിയാക്കളുടെ നിയന്ത്രണത്തില്‍ ജീവിക്കുന്ന കാലത്തോളം മുസ്ലിംകളില്‍ വിശ്വാസവൈകല്യവും ഭിന്നിപ്പും ഉണ്ടാക്കാനും കഴിയില്ലെന്ന് മനസ്സിലാക്കിയ ഹംഫറിന്‍റെ പിന്‍ഗാമികള്‍ ഔലിയാക്കള്‍ക്കും ത്വരീഖത്തുകള്‍ക്കുമെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ ശ്രമിച്ചു. പിശാചിന്‍റെ ശക്തമായ പിന്തുണയോടെ വഹാബി പാതിരിമാര്‍ നടത്തിയ നീക്കം ഒരു പരിധി വരെ വിജയം കാണാന്‍ തുടങ്ങി. ഇന്ന് വഹാബികള്‍ പിളര്‍ന്നു തകര്‍ന്നുവെങ്കിലും അവരുടെ സ്ഥാപിത നേതൃത്വം സ്വപ്നം കണ്ട  ആത്മീയരംഗത്തെ തകര്‍ച്ചക്ക് ചില സുന്നി നാമധാരികള്‍തന്നെ കോടാലിപ്പിടിയായി മാറി. സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന ത്വരീഖത്ത് വിരുദ്ധ മനോഭാവം  ഇതിന്‍റെ അനന്തരഫലമാണ്.  
എന്നാല്‍ അന്നത്തെ കര്‍ത്തവ്യബോധമുള്ള, പണ്ഡിത ധര്‍മ്മം മറക്കാത്ത കേരളത്തിലെ മഹാന്മാരായ ഉലമാക്കള്‍ ബിദ്അത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. 1925ല്‍ ചാലിയത്തെ പള്ളിയില്‍ അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിതര്‍ മര്‍ഹൂം ശാലിയാത്തിയുടെ നേതൃത്വത്തില്‍ യോഗം കൂടി സംഘടിതമായി നവീന വാദികള്‍ക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. ആ യോഗത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന കേരളത്തിലെ ആദ്യ സുന്നി പണ്ഡിത സഭ പിറവിയെടുത്തു.
സുന്നി പണ്ഡിതര്‍ സംഘടന രൂപീകരിച്ചതറിഞ്ഞ നവീനവാദികള്‍ ഇതേ പേരില്‍ ഒരു സംഘടന ഔദ്യോഗികമായി രജിസ്ററര്‍ ചെയ്യുകയും അഡ്വ. പി.പി പോക്കര്‍ മുഖേന സുന്നികള്‍ രൂപീകരിച്ച കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ വക്കീല്‍ നോട്ടീസയക്കുകയും ചെയ്തു.  പക്ഷേ ക്രാന്തദര്‍ശിയായ മര്‍ഹൂം ശാലിയാത്തി പ്രഖ്യാപിച്ചു: "ഞങ്ങളുടേത് വെറും കേരള ജംഇയ്യത്തുല്‍ ഉലമയല്ല; 'സമസ്ത' കേരള ജംഇയ്യത്തുല്‍ ഉലമയാണ്". ഈ പ്രഖ്യാപനമാണ് സമസ്തക്ക് ജന്മം നല്‍കിയത്. സമസ്തയുടെ പതാക രൂപീകരണ യോഗത്തില്‍ ശാലിയാത്തി നിര്‍ദ്ദേശിച്ചു: "പതിനാലാം നൂറ്റാണ്ടിന്‍റെ സമുദ്ധാരകന്‍ അഅ്ലാ ഹസ്രത്ത് അഹ്മദ് റസാഖാന്‍ ബറേല്‍വി (റ)യുടെ മഖാം നിലകൊള്ളുന്ന ബറേലി ശരീഫില്‍ ഉയര്‍ത്തിയിരിക്കുന്ന 'പച്ചഖുബ്ബ ഉല്ലേഖനം ചെയ്ത പതാക'യാണ് നമുക്ക് അനുയോജ്യം". അത് അംഗീകരിക്കപ്പെട്ടു. അതാണ് സമസ്തയുടെ ഇന്ന് കാണുന്ന ത്രിവര്‍ണ്ണ പതാക.  
ശാലിയാത്തി ഹനഫീ മസ്ലക്കിലും ചില അധ്യാത്മീക സരണിയിലും വ്യുല്‍പത്തി നേടിയത് സര്‍വ്വ വിജ്ഞാന ശാഖകളിലും അഗാധ പാണ്ഡിത്യം നേടിയ നിസ്തുല പണ്ഡിതനും ആശിഖേ റസൂല്‍ (പ്രവാചകപ്രേമി), അഅ്ലാ ഹസ്റത്ത് (വലിയ ഉസ്താദ്) എന്നൊക്കെ പണ്ഡിത ലോകം അപരനാമം നല്‍കിയ, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ റസാഖാന്‍ ബറേല്‍വി (റ) ഹസ്റത്തുമായുള്ള സഹവാസത്തിലൂടെയായിരുന്നു.
നവീനവാദികള്‍ക്കെതിരെ പ്രമാണങ്ങളുദ്ധരിച്ച് മറുപടി നല്‍കുന്നതില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതില്‍ അശ്രാന്തപരിശ്രമം നടത്തി. ബിദ്അത്തുകാരോട് ഒരു നിലക്കും ബന്ധപ്പെടരുതെന്ന് ശക്തമായ നിലപാടെടുത്തിരുന്ന ശാലിയാത്തി അവര്‍ക്കെതിരെ ഫത്വകളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 1933 ല്‍ ഫറോക്കില്‍ നടന്ന സമസ്തയുടെ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മര്‍ഹൂം ശാലിയാത്തിയായിരുന്നു.  
നിരവധി ത്വരീഖത്തുകളുടെ ശൈഖായിരുന്നു മര്‍ഹൂം ശാലിയാത്തി. മക്കയിലെ മുഫ്തിയും പ്രമുഖ പണ്ഡിതനുമായിരുന്ന സുലൈമാനുല്‍ മക്കിയില്‍ നിന്ന് നേടിയ ഖാദിരിയ്യ ത്വരീഖത്തിന്‍റെ ഖിലാഫത്തടക്കം അനേകം സൂഫീസരണികളുടെ ഖലീഫയായിരുന്നു മഹാനവര്‍കള്‍. ചാലിയത്ത് സയ്യിദന്മാരുടെ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കശ്ഫ് കറാമത്തുകളുടെ ഉടമയായിരുന്ന സൂഫീവര്യന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ക്കാണ് ശാലിയാത്തി തന്‍റെ ത്വരീഖത്തുകളുടെയെല്ലാം ഖിലാഫത്ത് നല്‍കിയത്.  ഇദ്ദേഹത്തില്‍ നിന്ന് ത്വരീഖത്തും ഖിലാഫത്തും സ്വീകരിച്ച ആത്മീയ പണ്ഡിതനായിരുന്നു കഴിഞ്ഞ മാസം നമ്മോട് വിടപറഞ്ഞ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങള്‍ (ന.മ) അവര്‍കള്‍. പൊസോട്ട് തങ്ങള്‍ തന്‍റെ ശൈഖായ ഇമ്പിച്ചിക്കോയ തങ്ങള്‍ അവര്‍കളെ കുറിച്ച് തന്‍റെ ശൈഖ് 'മുറബ്ബി'യായിരുന്നു എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു.
ചാലിയത്തെ തന്‍റെ വീടിനടുത്ത് നിര്‍മ്മിക്കപ്പെട്ട പള്ളിയോട് അനുബന്ധിച്ചുള്ള അസ്ഹരിയ്യ ഖുതുബ് ഖാനയില്‍ അനേകം അമൂല്യ ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളും അപൂര്‍വ്വ രചനകളുമടക്കം ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ദിനംപ്രതി നിരവധി ചരിത്രാന്വേഷികളും പഠിതാക്കളും റിസര്‍ച്ച് സ്കോളേഴ്സും റഫറന്‍സിനായി ഇവിടെ എത്തുന്നു. വീട്ടിലേക്കുള്ള കവാടത്തില്‍ ബിദ്അത്തുകാര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് എഴുതിവെച്ചിരിക്കുന്ന  വാചകം ബിദ്അത്തിനോടുളള അദ്ദേഹത്തിന്‍റെ സമീപനം വിളിച്ചറിയിക്കുന്നു. ഫതാവല്‍ അസ്ഹരിയ്യ , ജാലിബത്തുല്‍ കുറബ് (ബദ്രിയ്യത്തിന്‍റെ ശൈഖ്), തഫ്തീഹുല്‍ മുഅ്ലഖ് (തസ്രീഹ് മന്‍ത്വിഖിന്‍റെ ശറഹ്) എന്നീ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങള്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലായി നിരവധി ഗ്രന്ഥങ്ങള്‍ മഹാനവര്‍കളുടേതായിട്ടുണ്ട്. ഖിബ്ല നിര്‍ണ്ണയ ശാസ്ത്രം പഠിക്കുന്നതിനുള്ള രിസാലത്തുല്‍ മാര്‍ദ്ദീനിയ്യയിലും മറ്റും പ്രതിപാദിക്കുന്ന 'ഉസ്തുര്‍ലാബ്' എന്ന ഉപകരണം മഹാനവര്‍കള്‍ നിര്‍മ്മിക്കുകയും അതിന്‍റെ ഉപയോഗക്രമങ്ങള്‍ വിശദീകരിക്കുന്ന ഒരു രിസാലയും മഹാനവര്‍കളുടേതായിട്ടുണ്ട്. 
 ഹിജ്റ 1374 മുഹര്‍റം 27ന് എഴുപത്തിരണ്ടാം വയസ്സില്‍ ശൈഖ് ശാലിയാത്തി (ന.മ) ഇഹലോകവാസം വെടിഞ്ഞു. അസ്ഹരിയ്യ ഖുതുബ് ഖാനയുടെ ചാരത്ത് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.
കുന്നത്തേരി ജലാലുദ്ദീന്‍ ശൈഖുനായും ശാലിയാത്തിയും
ശൈഖുനാ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.) തങ്ങളവര്‍കള്‍ അവിടുത്തെ ജീവിത കാലത്ത് ഉണ്ടായിരുന്ന മിക്ക മഹാന്മാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. ആ ഗണത്തില്‍ അഗാധമായ ബന്ധമായിരുന്ന ബഹു. ശാലിയാത്തിയുമായി ഉണ്ടായിരുന്നത്. ശൈഖുനാ ത്വല്‍സമാത്ത് ശാലിയാത്തിയില്‍ നിന്ന് അഭ്യസിച്ചിരുന്നു. ശൈഖുനായുടെ ചികിത്സാഗ്രന്ഥങ്ങളില്‍ പലയിടത്തും ശാലിയാത്തിയെ പരാമര്‍ശിക്കുന്നത് ഇതിനാലാണ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ അനന്തരഫലമായിരുന്നു അക്കാലത്ത് വന്ദ്യരായ ശാലിയാത്തിയുടെ ഖാദിമായി സേവനം ചെയ്തിരുന്ന പെരുമുഖം കാളാമ്പുറത്ത് കോയക്കുട്ടി മുസ്ലിയാര്‍ (പ്രസിദ്ധ പണ്ഡിതനും ശൈഖുനയുടെ സൂഫീവര്യനുമായിരുന്ന മര്‍ഹൂം എം.കെ.എം. കോയമുസ്ലിയാരുടെ പിതാവ്) ശൈഖുനയുമായി ബന്ധപ്പെടുകയും ആത്മീയ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തത്. അദ്ദേഹം നിമിത്തമാണ് പുത്രന്‍ എം.കെ.എം. കോയ മുസ്ലിയാര്‍ (ന.മ,) പെരുമുഖം സൈനുദ്ദീന്‍ മുസ്ലിയാര്‍ (ന.മ) തുടങ്ങിവരെല്ലാം ശൈഖുനായുടെ മുരീദുമാരാവാന്‍ വഴി തുറന്നത്. 
ശാലിയാത്തിയുടെ ആത്മീയ ശിഷ്യനായിരുന്ന കുറ്റിക്കാട്ടൂര്‍ മണ്ണുങ്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരു (ന.മ) ടെ മരുമകന്‍ ആക്കോട് മുഹമ്മദ് കോയ മുസ്ലിയാരെ (ന.മ) പോലുള്ള പണ്ഡിതരടക്കമുള്ള ശൈഖുനായുടെ ആത്മീയ ശിഷ്യന്മാരായിത്തീര്‍ന്നത് വന്ദ്യരായ ശാലിയാത്തിക്ക് ശൈഖുനായെ കുറിച്ച് ഉണ്ടായിരുന്ന വിശ്വാസവും മതിപ്പും ആണ്. വന്ദ്യരായ ശാലിയാത്തിയുടെ ഖലീഫയായിരുന്ന ചാലിയം ഇമ്പിച്ചിക്കോയ തങ്ങള്‍ (ഖു.സി.) അവര്‍കളുടെ ഖലീഫ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട്) യും ശൈഖുനായുടെ ഖലീഫയും മകനുമായിരുന്ന സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഖാദിരി (ഖു.സി.)യും തമ്മിലുള്ള സുദൃഢമായ ബന്ധം ചരിത്രാവര്‍ത്തനമാകാം. ആ മഹാത്മാക്കളുടെ മദദ് അല്ലാഹു നമുക്ക് നല്‍കുമാറാകട്ടെ. ആമീന്‍.

Monday 23 July 2018

ഹജ്ജ്; അന്താരാഷ്ട്ര ആണ്ട് നേര്‍ച്ച

ഹജ്ജ്; അന്താരാഷ്ട്ര ആണ്ട് നേര്‍ച്ച


                       മാനവലോകത്തിന് വിശിഷ്യാ മുസ്ലിം സമൂഹത്തിന് അനുഗുണമായ നിരവധി ചിന്താധാരകള്‍ വിഭാവനം ചെയ്യുന്ന മാസമാണ് ദുല്‍ഹജ്ജ്. സഹനവും അര്‍പ്പണബോധവും അനുസരണയും പുല്‍കിയ വിശ്വാസികള്‍ ഇലാഹീ സമക്ഷത്തിലേക്ക് നടന്നടുക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട് ഈ മാസം. എന്തിനേയും ഏതിനേയും ഭൗതികതയുടെ മുളംതണ്ടിലൂടെ നോക്കിക്കാണുന്ന ലോകത്ത് ഒട്ടനവധി അടിസ്ഥാന കാര്യങ്ങളെ ആത്മീയതയുടെ നേര്‍ച്ചാലില്‍ മനസ്സിലാക്കിത്തരുക കൂടി ചെയ്യുന്നു എന്നതും ദുല്‍ഹജ്ജിന്‍റെ പ്രത്യേകതയാണ്. ഭൗതികതയുടെ പക്ഷം ചേരുന്നവര്‍ക്ക് കഅ്ബ കേവലം ഒരു ബില്‍ഡിംഗും ഹജറുല്‍ അസ്വദ് വെറുമൊരു കല്ലും സംസം വെറും ജലവുമാണ്. സത്യത്തില്‍ ഇവ മൂന്നും ഭൗതികതയുടെ മേലുള്ള ആത്മീയതയുടെ ആധിപത്യമാണ്. പൊതുവേ ഇവകളോട് മാനസീകമായ ഒരു ബന്ധം വിശ്വാസികള്‍ക്കുണ്ട്. ഉണ്ടാകണം.
                         ആധുനീകരില്‍ ആത്മീയതയും ഭൗതികതയും കൊമ്പുകോര്‍ക്കുന്നത് കാണാം.  വര്‍ത്തമാനത്തില്‍ നിന്ന് ആസന്ന ഭാവിയിലേക്ക് മാത്രമേ ആധുനികത നോക്കുന്നുള്ളൂ. ഇന്നലെകളുടെ നിലനില്‍പ്പുമായോ ചരിത്രപാശങ്ങളുമായോ വസ്തുതകളുമായോ അതിന് കടപ്പാടുകള്‍ ഇല്ല. അതിനേ പറ്റി ചര്‍ച്ചകളുമില്ല. ഇപ്പോള്‍ നാം ആരാണ്? അടുത്ത നിമിഷം നാം ആരാകും? ഇതാണ് ഭൗതികതയില്‍ പ്രധാനം. ഇവിടെ കടപ്പാടുകളും ആദരവുകളും സഹനവും വണക്കവും വെറും വാക്ക് മാത്രം. ഉപയോഗത്തിനായി കുറേ ചരാചരങ്ങളെയുമാണ് ആവശ്യം. അപ്പോള്‍ ഉമ്മയും ബാപ്പയും അദ്ധ്യാപകനും മക്കളും വെറും ഉപകരണങ്ങള്‍, പേനയും ബുക്കും ഉപയോഗിച്ച് ഒഴിവാക്കുന്ന ഉപകരണങ്ങള്‍ പോലെ ഉപയോഗിച്ച് ഒഴിവാക്കുന്ന ഉപകരണങ്ങള്‍. മഷി തീര്‍ന്ന പേന നാം ഉപേക്ഷിക്കും, കുടി തീര്‍ന്നാല്‍ ഡിസ്പോസിബിള്‍ ഗ്ലാസ്സും. ഉപകരണങ്ങളോട് ആരും പൊതുവേ ആത്മബന്ധം സ്ഥാപിക്കാറില്ലല്ലോ? 
                 ദുല്‍ഹജ്ജ് മാസം സമാഗതമാകുമ്പോള്‍ പ്രസക്തമായ ചിന്തകള്‍ അനിവാര്യമാണ്. കാരണം ചരിത്രത്തില്‍ ഒരിക്കലും അറ്റുപോകാത്ത, ഇന്നലകളെക്കുറിച്ചുള്ള ഒരു ആത്മീയ ബന്ധം ദുല്‍ഹജ്ജ് സമ്മാനിക്കുന്നുണ്ട്. ഇബ്റാഹീം നബി (അ) യുടെയും പത്നി ഹാജറാ ബീവി (റ) യുടേയും മകന്‍ ഇസ്മാഈല്‍ നബി (അ) യുടെയും ജ്വലിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കുന്ന സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളാണ് ദുല്‍ഹജ്ജിന്‍റേത്. ഈ പാവനമായ സ്മരണകള്‍ അയവിറക്കാതെയും ഈ ചരിത്ര പശ്ചാത്തലങ്ങളിലൂടെയല്ലാതെയും ഒരു വിശ്വാസിക്കും അവന്‍റെ വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണം സാധ്യമാകില്ലെന്നര്‍ത്ഥം. 
             ഇബ്റാഹീം നബി (അ) യുടെയും കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരുടേയും ഓര്‍മ്മ ഹജ്ജ് പുതുക്കുന്നുണ്ട്. എല്ലാ പ്രവാചകരും ഹജ്ജ് ചെയ്തവര്‍ തന്നെയാണെന്നാണല്ലോ ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യരാശിക്ക് വേണ്ടി പണിത ഒന്നാമത്തെ ഗേഹമാണ് കഅ്ബ. അതുകൊണ്ട് തന്നെ മാനുഷീക കുലത്തിന്‍റെ ഓരോ ചരിത്ര ശകലത്തിനും കഅ്ബ പ്രത്യക്ഷമായും പരോക്ഷമായും സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ ഒരാള്‍ കഅ്ബയെ ചുറ്റുമ്പോള്‍ മനുഷ്യരാശിയുടെ മഹത്തായ ചരിത്രം അവന്‍റെ ഇടതുഭാഗത്തുണ്ട്. ഈ കഅ്ബയുടെ നാഥനില്‍ സമര്‍പ്പണം നടത്തുന്നു എന്ന തൗഹീദിന്‍റെ  അചഞ്ചലമായ ശബ്ദം അവന്‍റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ കഅ്ബ വെറും ഒരു കെട്ടിടമല്ല. മറിച്ച് അത് വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതിയുടെ ഗേഹം കൂടിയാണ്. 
             സ്വര്‍ഗ്ഗത്തില്‍ നിന്ന് കൊണ്ടുവരപ്പെട്ട ഹജറുല്‍ അസ്വദ് ചുംബിക്കുമ്പോള്‍ ഒരുവന്‍റെ ചുണ്ടുകള്‍ ചേരുന്നത് പ്രവാചകന്‍റെ പുണ്യഅധരങ്ങളോടാണ്. കാരണം പ്രവാചകന്‍റെ ചുണ്ടുകള്‍ ആ പുണ്യശിലയെ ചുംബിച്ചിട്ടുണ്ട്. അതിനെ ചുംബിക്കല്‍ ആരാധനയാണ്. പുണ്യമാണ്. സുന്നത്താണ്. ഭൗതികതയുടെ മഞ്ഞളിച്ച കണ്ണിലെ വെറും കല്ലല്ല അത്. അത് പുണ്യമാര്‍ന്ന ഹജറാണ് ഹജറുല്‍ അസ്വദാണ്. 
              ഒരിറ്റു ദാഹജലത്തിനായി കൊതിച്ച് സൈകത ഭൂമിയില്‍ കാലിട്ടടിച്ച ഇസ്മാഈല്‍ (അ) എന്ന പിഞ്ചുകുഞ്ഞിന്‍റെ കുഞ്ഞിളം കാലിന്‍റെ പ്രഹരമേറ്റ് മരുഭൂമിയില്‍ നിന്നും പൊട്ടിയൊഴുകിയ ജലത്തെ സംസം, സംസം നില്‍ക്കൂ, നില്‍ക്കൂ എന്ന് പറഞ്ഞ് തടഞ്ഞുവെച്ച ഉമ്മയുടെയും കുഞ്ഞിന്‍റെയും കദനകഥകള്‍ അയവിറക്കാതെ ഒരു വിശ്വാസിക്കെങ്ങനെ സംസം പാനീയം നുകരാന്‍ കഴിയും? സംസം ജലം എന്തിനായി കുടിച്ചോ അത് അതിനുള്ളതാണെന്ന് പഠിപ്പിച്ച പ്രവാചകന്‍റെ തിരുവചനം വാഴ്ത്തപ്പെടട്ടെ! അത് കുടിക്കല്‍ സുന്നത്തും പുണ്യവുമാണ്. സംസവും ഹജറും കഅ്ബയും ഭൗതീകതയില്‍ വെറും സൃഷ്ടികള്‍ മാത്രം. എന്നാല്‍ ആത്മീയ വഴിത്താരയില്‍ ഇവ മൂന്നും തുല്യം വെക്കാനില്ലാത്ത അമൂല്യനിധികളാണ്. സ്രഷ്ടാവിന്‍റെ ആദരവിന് പാത്രീഭൂതമായതിനെ ആദരിക്കുക എന്നത് സ്രഷ്ടാവിനോടുള്ള വണക്കമാണ്. ഇവിടെയാണ് ആത്മീയത ഭൗതീകതയോട് സമരത്തിലാകുന്നത്. ഉമ്മയേയും ഉപ്പയേയും മക്കളേയും അയല്‍വാസിയേയും അല്ലാഹു ആദരിച്ച വസ്തുക്കളേയും വെറും ഉപകരണമോ വസ്തുക്കളോ ആക്കി മാറുന്ന ലോകത്ത് മഹനീയമായ ആത്മീയമാനങ്ങള്‍ നല്‍കപ്പെടണം എന്ന ചിന്താധാര നമുക്ക് ദുല്‍ഹജ്ജ് സമ്മാനിക്കുന്നുണ്ട്. അല്ലാഹു ഏറെ ഇഷ്ടം വെച്ച അവന്‍റെ ഔലിയാക്കളെ പ്രിയം വെക്കലും ആദരിക്കലും അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാണ്. അപ്പോള്‍ പിന്നെ എന്തിന് ആണ്ട്നേര്‍ച്ചകളെ എതിര്‍ക്കപ്പെടുന്നു? ഭൗതീകാസ്വാദനത്തിന്‍റെ മേഖലകള്‍ തേടി ഓടുന്നവര്‍ക്കേ ആണ്ട്നേര്‍ച്ചകളെ എതിര്‍ക്കാന്‍ പറ്റൂ. കാരണം സത്യത്തില്‍ ഗതകാല പ്രവാചകന്മാരുടെ മേല്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര ആണ്ടുനേര്‍ച്ചയല്ലേ ഹജ്ജ്?
                 സഫാ മര്‍വ്വയിലൂടെയുള്ള തീര്‍ത്ഥാടകരുടെ ഓട്ടം ചരിത്രത്തിന്‍റെ അങ്ങേതലക്കല്‍ ഒരു പിഞ്ചുകുഞ്ഞിന്‍റെ ഭാഗമാകാനായി കിതച്ചോടിയ ഒരു ഹാജറ ഉമ്മയുടെ കാല്‍പാദങ്ങളുടെ ചുവട് പിടിക്കലല്ലേ സ്മരിപ്പിക്കുന്നത്. ചെകുത്താനെ കല്ലെറിയുമ്പോള്‍ ബലി കര്‍മ്മത്തിന് പോയ ഇബ്റാഹീം നബി (അ)യ്ക്ക് ദുര്‍ബുദ്ധി ഉപദേശിച്ച പിശാചിനെ എറിഞ്ഞോടിച്ച ഇബ്റാഹീം നബി (അ) യുടെ പ്രവര്‍ത്തനവുമല്ലേ പുതുക്കപ്പെടുന്നത്. ഇങ്ങനെ നോക്കിയാല്‍ ഹജ്ജില്‍ മുഴുവന്‍ അനുസ്മരണത്തിന്‍റെ നിറപ്പകിട്ട് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ഗതകാല പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും അനുസ്മരണമാണ് ഹജ്ജ്. മഹാന്മാരുടെ ഓര്‍മ്മകള്‍ സജീവമാക്കാന്‍ ആണ്ടുതോറും നടത്തപ്പെടുന്ന അനുസ്മരണമാണ് ആണ്ടുനേര്‍ച്ച. പ്രാദേശികമായി നടത്തപ്പെടുന്ന ആണ്ടുനേര്‍ച്ച സംഗമങ്ങള്‍ക്കെതിരെ ആധൂനികതയുടെ കണ്ണാടിയും വെച്ച് വിമര്‍ശനം നടത്തുന്നവര്‍ക്ക് ഈ അന്താരാഷ്ട്ര ആണ്ടുനേര്‍ച്ചയായ ഹജ്ജില്‍ സംബന്ധിക്കുന്നതിന് എന്തവകാശമാണുള്ളത്?

Monday 2 July 2018

ശവ്വാല്‍ വിറച്ച ഉഹ്ദ് യുദ്ധം

ശവ്വാല്‍ വിറച്ച ഉഹ്ദ് യുദ്ധം

               സര്‍വ്വായുധ സജ്ജരായി അഹങ്കാരത്തിന്‍റെ ഉന്മാദത്തില്‍ ലയിച്ച് മദീനക്കാരെ തല്ലി തകര്‍ക്കാം എന്ന ലക്ഷ്യവുമായി പടക്കെത്തിയ മക്കക്കാര്‍ക്ക് ബദ്റില്‍ തികഞ്ഞ പരാജയമാണ് ഉണ്ടായത്. പ്രമുഖരായ പല ഖുറൈശി നേതാക്കളും തലകുത്തിവീണു. സന്നാഹങ്ങളും മറ്റും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടേണ്ടിവന്നു. തങ്ങളേക്കാള്‍ മൂന്നിലൊന്നുമാത്രം വരുന്ന പട്ടിണിക്കോലങ്ങളോട് തോറ്റ് മടങ്ങേണ്ടിവന്നത് കനത്ത അപമാനമാണ് അവര്‍ക്കുണ്ടാക്കിയത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട സ്ത്രീകളുടെ, തോല്‍വിയെ പറ്റിയുള്ള ചൊറിയുന്ന വര്‍ത്തമാനം ഖുറൈശികളെ കുറച്ചൊന്നുമല്ല രോഷം കൊള്ളിച്ചത്. ബദ്റില്‍ തോറ്റ് മടങ്ങുമ്പോള്‍ അപമാനം സഹിക്കാതെ അബൂസുഫ്യാന്‍ ഒരു പ്രതിജ്ഞ ചെയ്തിരുന്നു. മദീനയിലെ മുസ്ലീങ്ങളുമായി പ്രതികാര പോരാട്ടം നടത്തിയതിനുശേഷമല്ലാതെ തന്‍റെ ഭാര്യയെ പ്രാപിക്കുകയില്ലെന്ന്. 
            രണ്ട് മാസങ്ങള്‍ക്കുശേഷം തന്‍റെ ശപഥം പൂര്‍ത്തീകരിക്കുന്നതിനായി ഇരുന്നൂറോളം വരുന്ന സംഘവുമായി അബൂസുഫ്യാന്‍ പുറപ്പെട്ടു. വഴിയില്‍ വെച്ച് കാര്‍ഷീക ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു അന്‍സ്വാരിയേയും കൂട്ടാളിയേയും വധിക്കുകയും അവരുടെ ഈന്തപ്പനയ്ക്ക് തീയിടുകയും ചെയ്തു. ഈ ക്രൂരകൃത്യം വഴി തന്‍റെ ശപഥം പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ച് അദ്ദേഹം തിരിച്ച് മക്കയിലേക്ക് പോയി. ഈ വിവരം പ്രവാചകന്‍ (സ്വ) തങ്ങളുടെ ചെവിയിലെത്തി. ഉടന്‍ തന്നെ ഇരുന്നൂറ് സ്വഹാബികളേയും കൂട്ടി പ്രവാചകന്‍ (സ്വ) തങ്ങള്‍ അബൂസുഫ്യാനേയും സംഘത്തെയും അന്വേഷിച്ച് പുറപ്പെട്ടു. ഇതറിഞ്ഞ ശത്രുപക്ഷം കയ്യിലുണ്ടായിരുന്നതൊക്കെയും വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. വലിച്ചെറിഞ്ഞ വസ്തുക്കള്‍ വിശ്വാസികള്‍ക്ക് ലഭിച്ചു. അതില്‍ കൂടുതലും ഭക്ഷ്യവിഭവങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ ഏറ്റുമുട്ടലിന് ഗോതമ്പുമാവ് യുദ്ധം എന്ന് പേര് കാണാന്‍ കഴിയും ഈ തിരിച്ചടി ബദ്റില്‍ ഏറ്റ മുറിവിന് ശക്തികൂട്ടി. അടങ്ങാത്ത പക ഓരോ ദിവസം മക്കക്കാരുടെ മനസ്സില്‍ ഏറിവന്നു കൊണ്ടിരുന്നു. 
                     ഹിജ്റ മൂന്നാം വര്‍ഷം ബനൂസഅ്ലബത്ത്, ബനൂഹാരിസ് കുടുംബങ്ങള്‍ മദീനയില്‍ കടന്ന് നബി (സ്വ) യെ വധിക്കാന്‍ വേണ്ട തീരുമാനങ്ങളും ചര്‍ച്ചകളും മക്കയില്‍ ചൂട് പിടിച്ചു. ഇതറിഞ്ഞ മുസ്ലിംകള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തി. പ്രവാചകന്‍ (സ്വ) ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വഹാബത്തിന് നല്‍കി കൊണ്ടിരുന്നു. അജണ്ട നടപ്പാക്കാന്‍ മദീനയിലേക്ക് ശത്രുപക്ഷം പുറപ്പെട്ട വാര്‍ത്തയറിഞ്ഞ പ്രവാചകന്‍ (സ്വ) 450 ഓളം വരുന്ന അണികളുമായി യാത്രപുറപ്പെട്ടു. ഇതറിഞ്ഞ അക്രമികള്‍ ഓടി രക്ഷപ്പെടുക എന്ന പതിവ് നയം തന്നെ പ്രയോഗിച്ചു.  പിന്നീട് ഗൂഢാലോചനയുടെ മുന്‍ ശക്തിയും ഗ്രാമപ്രമാണിയുമായ ദുഅ്സൂര്‍ സത്യദീനിന്‍റെ പാതയിലേക്ക് കടന്നുവന്നു. അതോടെ അദ്ദേഹത്തിന്‍റെ ഇഷ്ടക്കാരായ ധാരാളം ആളുകള്‍ ഇസ്ലാമിന്‍റെ ശാദ്വല തീരത്തേക്ക് വന്നണഞ്ഞു. ഈ സംഭവം കൂടി അറിഞ്ഞതോടെ മക്കക്കാരുടെ മനതലങ്ങളില്‍ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞുവീശി. പ്രതികാരത്തിന്‍റെ അരുണ ഭാവങ്ങള്‍ തിളച്ചു കൊണ്ടിരുന്നു. ഭര്‍ത്താവും പിതാക്കന്മാരും ബദ്റില്‍ നഷ്ടപ്പെട്ട സ്ത്രീകളുടെ ആക്ഷേപങ്ങള്‍ കൂടിയായപ്പോള്‍ എങ്ങനെയെങ്കിലും മദീനക്കാരെ തറപറ്റിക്കാനുള്ള ഗൂഢതന്ത്രങ്ങളും നിഗൂഢ ചര്‍ച്ചകളും ചൂട് പിടിച്ചു. ഇനിയും അടങ്ങിയിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. 
               എന്നാല്‍ മക്കക്കാരുടെ ദൈനംദിന ഭക്ഷ്യ-സാമ്പത്തിക സുരക്ഷ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദീനയുടെ പ്രാന്തപ്രദേശങ്ങളിലൂടെ കച്ചവടയാത്രകള്‍ ഇനി സുരക്ഷിതമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ പുതിയ കച്ചവടപാത കണ്ടുപിടിച്ചു. അങ്ങനെ ഇറാഖ് വഴി ശാമിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. മക്കക്കാരുടെ ഈ നീക്കത്തെപറ്റി രഹസ്യവിവരം ലഭിച്ച പ്രവാചകന്‍ (സ്വ) അലിയ്യു ബ്നു അബീ ത്വാലിബിനെ പതാക വാഹകനാക്കി ഒരു സംഘത്തെ തയ്യാറാക്കി അയച്ചു. നജ്ദിലെ അല്‍ഖദ്ര്‍ പ്രദേശത്തുവെച്ച് അവര്‍ പരസ്പരം കണ്ടുമുട്ടിയെങ്കിലും ഒരു സംഘട്ടനത്തിനും പ്രതിരോധത്തിനും നില്‍ക്കാതെ എല്ലാം ഉപേക്ഷിച്ച് അവര്‍ ജീവനും കൊണ്ടോടി. ഉപേക്ഷിക്കപ്പെട്ട ഗനീമത്ത് മുതല്‍ മുസ്ലിംകള്‍ക്ക് വലിയ ഉപകാരമായി. 
                അല്‍ഖദ്റില്‍ ഏറ്റ ആഴത്തിലുള്ള മുറിവും, ബദ്റിലെ പതനവും, അബൂസുഫ്യാനേറ്റ തിരിച്ചടിയും ശത്രുപക്ഷത്തെ കൂടുതല്‍ പ്രതികാരദാഹികളാക്കി മാറ്റി. മദീനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു. പ്രമുഖരുടെ യോഗത്തില്‍ അതിന് തീരുമാനമായി. അതിനായി ഫണ്ട് ദാറുന്നദ്വയില്‍ ശേഖരിച്ചു തുടങ്ങി. യുദ്ധ പ്രചാരണം ശക്തമാക്കി. എല്ലാ ഗ്രോത്രങ്ങളുടെയും പങ്കാളിത്തമുള്ള ഒരു സമ്പൂര്‍ണ്ണ സൈന്യമായിരിക്കണം എന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചു. പ്രലോഭനങ്ങളിലൂടെയും ഭീക്ഷണിയിലൂടെയും പലരേയും യുദ്ധസന്നാഹത്തിലേയ്ക്ക് ചേര്‍ത്തു. ബദ്റിന്‍റെ യുദ്ധ തടവുകാരില്‍ നിന്നും പ്രവാചകന്‍ (സ്വ) വെറുതെ വിട്ട അബൂഅസ്സ എന്ന അറബി കവിയെ പ്രലോഭനങ്ങളിലൂടെ സംഘത്തില്‍ ചേര്‍ത്തു. അയാള്‍ കവിതയിലൂടെ യുദ്ധ പ്രചരണത്തിന് കൊഴുപ്പേകി. അവസാനം മൂവായിരത്തോളം വരുന്ന സൈന്യത്തെ അവര്‍ സജ്ജരാക്കി. 
                          ഒരു വിഭാഗം സ്ത്രീകളും യുദ്ധത്തിന് പുറപ്പെടാന്‍ തയ്യാറായി. എന്നാല്‍ പലരും അതിനെ എതിര്‍ത്തു. പക്ഷേ ഹിന്ദിന്‍റെ വാക് സാമര്‍ത്ഥ്യത്തിനു മുമ്പില്‍ നേതാക്കള്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. സ്ത്രീകളെ തടഞ്ഞവരോട് ഹിന്ദ് രൂക്ഷ ഭാഷയില്‍ മറുപടി പറഞ്ഞു: "ഞങ്ങള്‍ പുറപ്പെടുകയും യുദ്ധത്തില്‍ സംബന്ധിക്കുകയും ചെയ്യും. ഞങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. ബദ്റില്‍ ഞങ്ങളെ തിരിച്ചയച്ചതിന്‍റെ ഫലം നാം അനുഭവിച്ചതാണ്". അങ്ങനെ ഹിന്ദിന്‍റെ നേതൃത്വത്തില്‍ ഒരു പറ്റം സ്ത്രീകളും ശത്രുപക്ഷത്തോടൊപ്പം കൂടി. 
                    ത്വാഇഫില്‍ നിന്നുള്ള നൂറോളം പേരെ ഒഴിവാക്കിയാല്‍ ബാക്കിയുള്ള 2900 പേരും മക്കാനിവാസികളായിരുന്നു. 300 ഒട്ടകങ്ങളും 200 കുതിരകളും 700 അങ്കികളും 15 സ്ത്രീകളുമടങ്ങുന്ന സംഘത്തിന്‍റെ പ്രധാന നേതാവ് അബൂസുഫ്യാന്‍ തന്നെയായിരുന്നു. എന്നാല്‍ കുതിരപ്പടയുടെ നേതൃത്വം വഹിച്ചിരുന്നത് ഇക്ക്രിമത്ത് ബ്നു അബീജഹ്ലും, ഖാലിദ് ബ്നു വലീദും ആയിരുന്നു. 
            സംഘം മക്കയില്‍ നിന്നും പുറപ്പെട്ടു. സര്‍വ്വസന്നാഹങ്ങളോടെ മദീനയെ മുച്ചൂടും നശിപ്പിക്കാനുള്ള പ്രതികാര ദാഹവുമായി പുറപ്പെട്ട വിവരം മക്കയില്‍ നിന്നും ഒരു ഗിഫ്ഫാര്‍ ഗ്രോത്രക്കാരന്‍ വഴി അബ്ബാസ് (റ) നബി (സ്വ) യെ അറിയിച്ചു. മൂന്ന് ദിവസം യാത്ര ചെയ്താണ് അദ്ദേഹം മദീനയില്‍ എത്തിയത്. വിവരം രഹസ്യമായി സൂക്ഷിക്കാന്‍ നബി (സ്വ) അനുചരരോട് അറിയിക്കുകയും ഖുബാഇല്‍ ആയിരുന്ന പ്രവാചകന്‍ (സ്വ) മദീനയിലേയ്ക്ക് പോവുകയും ചെയ്തു. മദീനയിലെത്തി സഅദ് (റ) നോട് വിവരം ധരിപ്പിച്ച് അദ്ദേഹത്തോടും വിവരങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ അറിയിച്ചു. അനസ് (റ) നേയും മുഅ്നിസ് (റ) നേയും വിവരങ്ങള്‍ അറിയാനായി മദീനയുടെ അതിര്‍ത്തിയിലേക്കയച്ചു. അവര്‍ക്കു കാണാന്‍ കഴിഞ്ഞത് മദീനയുടെ പരിസരത്തെത്തി വിശ്രമിക്കുന്ന മക്കക്കാരെയാണ്. രണ്ടാമതും  വിവരങ്ങളറിയാനായി നബി (സ്വ) ആളെ അയച്ചു. അപ്പോള്‍ ഖുറൈശി കുതിരപ്പട മദീനയോട് അടുത്തിരിക്കുന്ന വിവരം അറിയിച്ചു. ഈ വാര്‍ത്തകള്‍ മദീനക്കാരെ അറിയിക്കപ്പെട്ടു. ഒരു യുദ്ധമുണ്ടായാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളെ പറ്റി ഔസ് ഖസ്റജ് ഗ്രോത്രങ്ങള്‍ ആലോചിച്ചു. മദീനയില്‍ അന്നാരും ഉറങ്ങിയില്ല. നബി (സ്വ) യെ ജീവന്‍ നല്‍കിയും സംരക്ഷിക്കണം എന്നവര്‍ ഉറച്ച് തീരുമാനിച്ചു. കനത്ത ജാഗ്രത പുലര്‍ത്തി വിശ്വാസികള്‍ കഴിച്ചുകൂട്ടി. 
                അടുത്തതായി നാം സ്വീകരിക്കേണ്ട നടപടി എന്താകണമെന്ന് പ്രവാചകന്‍ (സ്വ) സ്വഹാബത്തിനോട് ആലോചിച്ചു. നമ്മെ അക്രമിച്ചാല്‍ മാത്രം നാം അവരെ എതിരേറ്റാല്‍ മതിയെന്ന് ഒരു വിഭാഗവും അങ്ങനെ ചെയ്താല്‍ നമ്മള്‍ ഭീരുക്കളാണെന്ന് അവര്‍ കരുതുമെന്നും അത് ശത്രുക്കള്‍ക്ക് ശക്തി പകരുമെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. സര്‍വ്വായുധ സന്നാഹങ്ങളുമായി എല്ലാം തകര്‍ത്താടാന്‍ വന്ന അവര്‍ വെറുതെ തിരിച്ചുപോകില്ലെന്നും അതിനാല്‍ അവരെ എതിരിടണമെന്നും ഹംസ (റ) നെ പോലുള്ളവര്‍ നിലപാട് വ്യക്തമാക്കി. എന്തായാലും നബി (സ്വ) പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു. 
             അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅ നിസ്കാരാനന്തരം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ സ്വഹാബികള്‍ സന്തോഷഭരിതരായി. എല്ലാവരും അസ്വര്‍ നിസ്ക്കാരത്തിനായി സര്‍വ്വ തയ്യാറെടുപ്പുകളോട് കൂടെ മദീന പള്ളിയില്‍ ഒരുമിച്ച് കൂടി. അസ്വ്ര്‍ നിസ്ക്കാരാനന്തരം പ്രവാചകന്‍ വീടിനകത്തേയ്ക്ക് കയറി. കൂടെ ഉമര്‍ (റ) അബൂബക്കര്‍ (റ) ഉണ്ടായിരുന്നു. അവര്‍ പ്രവാചകനെ തലപ്പാവണിയിച്ചു. ഒരു യുദ്ധത്തിന് പ്രവാചകന്‍ (സ്വ) റെഡിയായി കഴിഞ്ഞു എന്നറിയിക്കുന്നതായിരുന്നു ആ വേഷം. ചില സ്വഹാബികള്‍ പ്രവാചകനോട് മദീനയില്‍ തന്നെ ഇരുന്നാല്‍ മതി യുദ്ധത്തിന് പുറപ്പെടേണ്ടതില്ലെന്ന് പറഞ്ഞെങ്കിലും തന്‍റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നിന്ന പ്രവാചകന്‍ അറിയിച്ചു. അല്ലാഹുവിന്‍റെ നാമത്തില്‍ നമുക്ക് പുറപ്പെടാം. നിങ്ങള്‍ ക്ഷമിക്കാന്‍ തയ്യാറാണെങ്കില്‍ വിജയം നിങ്ങള്‍ക്കാണ്. 
                   യാത്ര പുറപ്പെടുന്നതിന്‍റെ ഭാഗമായി സൈദ്ബ്നു ഹുളൈര്‍ (റ) ന്‍റെ കൈയില്‍ ഔസിന്‍റെ പതാകയും  ഹുബാബ് (റ) ന്‍റെ കൈയില്‍ ഖസ്റജിന്‍റെ പതാകയും അലിയ്യുബ്നു അബീത്വാലിബ് (റ) ന്‍റെ കൈയില്‍ മുഹാജിറുകളുടെ പതാകയും ഏല്‍പ്പിച്ചു. മുസ്ലിം സൈന്യം മൂന്ന് പതാകകള്‍ക്ക് കീഴില്‍ അണിനിരന്നു. മദീനയുടെ സാരഥ്യം പ്രവാചകന്‍ (സ്വ) അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ) നെ ഏല്‍പിച്ചു. തുടര്‍ന്ന് സംഘം യാത്ര പുറപ്പെട്ടു. നബി (സ്വ) യ്ക്ക് മുന്നില്‍ ഇരുവശങ്ങളിലായിട്ടായിരുന്നു സഅ്ദുബ്നുമുആദ് (റ) ന്‍റെയും സഅ്ദുബ്നു ഉബാദത്ത് (റ) ന്‍റെയും യാത്ര. സംഘം ഒരു സ്ഥലത്ത് തമ്പടിച്ചു. നബി (സ്വ) തന്‍റെ സംഘത്തെ നിരീക്ഷിച്ചപ്പോള്‍ അതില്‍ ധാരാളം കുട്ടികളെ കാണാന്‍ ഇടയായി. അവരില്‍ ചില വിദഗ്ദരെ ഒഴിച്ച് മറ്റുള്ളവരെ മടക്കി മദീനയിലേക്ക് അയച്ചു. അതില്‍ യുദ്ധത്തിന് അവസരം ലഭിച്ചവരാണ് അമ്പെയ്ത്ത് വിദഗ്ദനായ റാഫിഉബ്നു ഖദീജും മല്‍പിടുത്തത്തില്‍ സാമര്‍ത്ഥ്യമുള്ള സമുറത്ത്ബ്നു ജുന്‍ദുബ് (റ) വും. മഗ്രിബും ഇശാഅും നിസ്കരിച്ച് മുഹമ്മദ് ബ്നു മസ്ലമത്ത് (റ) ന്‍റെ നേതൃത്വത്തില്‍ 50 അംഗത്തെ കാവലേല്‍പ്പിച്ച് അന്നുരാത്രി അവര്‍ അവിടെ തങ്ങി. നബി (സ്വ) യുടെ കാവല്‍ ദക്വാന്‍ (റ) ഏറ്റെടുത്തു. 
                   നബി (സ്വ) യും സൈന്യവും ശത്രു സൈന്യത്തിന്‍റെ സമീപത്താണിപ്പോള്‍. മുനാഫിഖുകള്‍ മുസ്ലിം സൈന്യത്തിനിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ആയിരത്തോളം വരുന്ന മുസ്ലിം സൈന്യത്തില്‍ നിന്നും മുന്നൂറോളം ആളുകളെ പിന്തിരിപ്പിച്ചു. ഈ സമയത്താണ് സൂറത്തു ആലിഇംറാനിലൂടെ ഉഹ്ദ് യുദ്ധത്തിന്‍റെ സുപ്രധാനമായ ലക്ഷ്യം അല്ലാഹു വ്യക്തമാക്കിയത്. 'സദ്വൃത്തരായ ആളുകളെ ദുര്‍വൃത്തരില്‍ നിന്നും വേര്‍തിരിക്കാതെ നിങ്ങളുള്ളതുപോലെ എന്നും വിശ്വാസികളെ അല്ലാഹു വിടുന്നതല്ല. കാപട്യത്തിന്‍റെ മൂടുപടമണിഞ്ഞ മുനാഫിഖുകളെ വേര്‍തിരിച്ചതാണ് ഉഹ്ദില്‍ കാണാനായത്. 
                ബാക്കിവരുന്ന 700 പടയാളികളുമായി പ്രവാചകന്‍ (സ്വ) തങ്ങള്‍ ഉഹ്ദിന്‍റെ താഴ്വരയിലെത്തി. നേരെ മുന്നില്‍ ശത്രു സൈന്യം അവര്‍ നോക്കിനില്‍ക്കെ ശനിയാഴ്ച സുബ്ഹി നിസ്കാരത്തിന് അണിയായി നിന്നു. ക്ഷമയോടും, ധൈര്യത്തോടും കൂടി പോരാടാനും അതിന് ലഭിക്കുന്ന പുണ്യവും സവിസ്തരം പ്രതിപാദിക്കുന്ന പ്രഭാഷണം പ്രവാചകന്‍ (സ്വ) നടത്തി. പ്രസംഗത്തിനൊടുവില്‍ ആരും ഞാന്‍ കല്‍പ്പിക്കാതെ യുദ്ധം തുടങ്ങരുതെന്നും പ്രവാചകന്‍ (സ്വ) കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അബ്ദുല്ലാഹിബ്നു ജുബൈര്‍ (റ) ന്‍റെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന സംഘത്തെ ഉഹ്ദ് പര്‍വ്വതത്തില്‍ നിയോഗിച്ചു. എന്ത് വന്നാലും നിര്‍ത്തിയ ഇടത്തില്‍ നിന്നും പിന്മാറരുതെന്നും കല്‍പ്പിച്ചു. നിങ്ങളുടെ കൈയിലാണ് നമ്മുടെ വിജയമെന്ന് അവരെ ഉണര്‍ത്തി.
യുദ്ധത്തിന്‍റെ പ്രകമ്പനം മുഴങ്ങി ഉഹ്ദിന്‍റെ രണഭൂമി വിറങ്ങലിച്ചു. രണ്ട് പക്ഷത്തും യുദ്ധമുന്നണി നേരെയാക്കി. ശത്രു പക്ഷത്ത് നിന്നും അബൂആമിര്‍ വീരവാദവുമായി രംഗത്ത് വന്നതോടെ യുദ്ധം ആരംഭിച്ചു. രക്തം തിളക്കുന്ന കവിതകള്‍ ചൊല്ലി ഹിന്ദ് സംഘട്ടനത്തിന് ചൂടും വീര്യവും പകര്‍ന്നു. നബി (സ്വ) വാളെടുത്ത് ഇതാരാണ് സ്വീകരിക്കുക എന്ന് ചോദിച്ചു. പലരും മുന്നോട്ട് വന്നെങ്കിലും പ്രവാചകന്‍ (സ്വ) അത് അബൂദുജാന (റ) യെ ഏല്‍പ്പിച്ചു. അദ്ദേഹത്തെ പ്രവാചകന്‍ (സ്വ) ആശിര്‍വദിച്ചു. പിന്നീട് ഉഹ്ദില്‍ നടന്നത് അബൂദുജാന (റ) ന്‍റെ നിസ്തുലമായ പ്രകടനമായിരുന്നു. ഉഹ്ദിന്‍റെ ഓരോ മണല്‍ തരികളും വിറച്ചു. പ്രമുഖരായ പലരും നിലംപതിച്ചു. അവരുടെ പതാകവാഹകരായ ത്വല്‍ഹയടക്കം ഉഹ്ദിന്‍റെ മണല്‍ തരികളില്‍ കിടന്ന് പിടഞ്ഞപ്പോള്‍ ശത്രുപക്ഷം വിറച്ചു. അവര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. അസത്യത്തിന്‍റെ പതാകവാഹകര്‍ പിന്തിരിഞ്ഞോടി. യുദ്ധം ജയിച്ച പ്രതീതി കൈവന്നു. ഈ സമയം കുന്നിനുമുകളില്‍ നിറുത്തിയ അമ്പെയ്ത്തു സംഘം ഭൂരിഭാഗവും യുദ്ധ ഭൂമിയിലേക്കിറങ്ങി. യുദ്ധം വിജയിച്ചു ഇനിയെന്ത് നോക്കാന്‍ എന്നായിരുന്നു അവരുടെ ഭാവം. ഈ ഒന്നാം ഘട്ടം മുസ്ലിംകള്‍ക്ക് വലിയ വിജയമായിരുന്നു. 
          യുദ്ധം പരാജയപ്പെട്ട് ചിതറിയോടുമ്പോഴും തിരിച്ചടിക്കാന്‍ വല്ല പഴുതുമുണ്ടോയെന്ന് ശത്രുപക്ഷം അന്വേഷിക്കുന്നുണ്ടായിരുന്നു. കുന്നിനുമുകളില്‍ അവശേഷിച്ച അമ്പെയ്ത്തു സംഘത്തിലെ കുറഞ്ഞ ആളുകളെ മാത്രം കണ്ടപ്പോള്‍ പിന്തിരിഞ്ഞോടിയ സംഘത്തിലെ രണ്ടുപേര്‍ കയറിവന്ന് അവശേഷിച്ചവരെ വധിച്ചു. നേതാവായ അബ്ദുല്ല (റ) ദീര്‍ഘനേരം അതിജയിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹവും അവിടെ ശഹീദായി. അരിശം സഹിക്കാതെ ശത്രുക്കള്‍ ശരീരം വികൃതമാക്കി കുടല്‍മാലകള്‍ പുറത്തെടുത്തു. 
             യുദ്ധം ജയിച്ച സാഹചര്യത്തില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കള്‍ സ്വരുക്കൂട്ടികൊണ്ടിരുന്നപ്പോള്‍ പിന്തിരിഞ്ഞോടിയ ശത്രുസംഘത്തിലെ കുതിരപ്പടയാളികള്‍ യുദ്ധമുഖം പിടിച്ചടക്കി. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വിശ്വാസികള്‍ ചിതറിയോടി. ഇതോടെ പിശാച് ആശയക്കുഴപ്പവും സങ്കീര്‍ണ്ണതയും സൃഷ്ടിച്ചു. സുറാഖത്തിന്‍റെ മകന്‍റെ  വേഷത്തില്‍ അടുത്ത കുന്നില്‍ നിന്നും പിശാച് വിളിച്ചു പറഞ്ഞു: മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു. മുന്നാവര്‍ത്തി ഇങ്ങനെ പറഞ്ഞപ്പോള്‍ പ്രവാചകനില്ലാതെ നാം ഇനി എന്തിന് എന്ന് കരുതി ഒരു വിഭാഗം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മറ്റൊരു വിഭാഗം അഹോരാത്രം പോരാടി വീരമൃത്യുവരിച്ചു. 
              ഇതെല്ലാം നടക്കുമ്പോഴും പ്രവാചകന്‍ (സ്വ) ചെറിയൊരു സംഘത്തോടൊപ്പം ഉഹ്ദില്‍ തന്നെ ഉണ്ടായിരുന്നു. ചെറിയ സംഘത്തോടൊപ്പം പ്രവാചകനെ കണ്ടപ്പോള്‍ ശത്രുപക്ഷം പിന്നീട് അവര്‍ക്കുനേരെയായി. പ്രവാചകന്‍ (സ്വ) നെ സംരക്ഷിക്കാന്‍ കൂടെയുണ്ടായിരുന്ന പതിനഞ്ചംഗ സംഘത്തിന് പെടാപ്പാട് പെടേണ്ടിവന്നു. ജീവന്‍ നല്‍കിയും പ്രവാചകരെ സംരക്ഷിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരായിരുന്നു. പ്രമുഖരായ 70 സ്വഹാബികള്‍ രക്തസാക്ഷികളായി. യുദ്ധം ജയിച്ചതിന്‍റെ അമിതാഹ്ലാദ പ്രകടനം നടത്തിയാണ് മക്കക്കാര്‍ തിരിച്ചുപോയത്. ഇനി നമുക്ക് അടുത്ത ബദ്റില്‍ കാണാമെന്ന് അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. 
             രംഗം ശാന്തമായപ്പോള്‍ രക്തസാക്ഷിത്വം വഹിച്ചവരേയും മുറിവേറ്റവരേയും കണ്ടെത്തി പരിചരണവും പരിപാലനവും നടത്തി. ഹംസ (റ) ന്‍റെയും അബ്ദുല്ലാഹി ബ്നു ജുബൈര്‍ (റ) ന്‍റെയും മയ്യിത്തുകള്‍ ശത്രുപക്ഷം വികലമാക്കി. രക്തസാക്ഷികളെ മറവുചെയ്ത ശേഷം പ്രവാചകന്‍ (സ്വ) അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. വെള്ളിയാഴ്ച അസ്വറിനുശേഷം മദീന വിട്ട പ്രവാചകന്‍ (സ്വ) തങ്ങള്‍ ശനിയാഴ്ച വൈകുന്നേരം തിരിച്ചെത്തി. ഈ യുദ്ധം നടന്നത് ശവ്വാല്‍ 11 ന് ആയിരുന്നു.                       
Related Posts Plugin for WordPress, Blogger...