നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 23 July 2018

ഹജ്ജ്; അന്താരാഷ്ട്ര ആണ്ട് നേര്‍ച്ച

ഹജ്ജ്; അന്താരാഷ്ട്ര ആണ്ട് നേര്‍ച്ച


                       മാനവലോകത്തിന് വിശിഷ്യാ മുസ്ലിം സമൂഹത്തിന് അനുഗുണമായ നിരവധി ചിന്താധാരകള്‍ വിഭാവനം ചെയ്യുന്ന മാസമാണ് ദുല്‍ഹജ്ജ്. സഹനവും അര്‍പ്പണബോധവും അനുസരണയും പുല്‍കിയ വിശ്വാസികള്‍ ഇലാഹീ സമക്ഷത്തിലേക്ക് നടന്നടുക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട് ഈ മാസം. എന്തിനേയും ഏതിനേയും ഭൗതികതയുടെ മുളംതണ്ടിലൂടെ നോക്കിക്കാണുന്ന ലോകത്ത് ഒട്ടനവധി അടിസ്ഥാന കാര്യങ്ങളെ ആത്മീയതയുടെ നേര്‍ച്ചാലില്‍ മനസ്സിലാക്കിത്തരുക കൂടി ചെയ്യുന്നു എന്നതും ദുല്‍ഹജ്ജിന്‍റെ പ്രത്യേകതയാണ്. ഭൗതികതയുടെ പക്ഷം ചേരുന്നവര്‍ക്ക് കഅ്ബ കേവലം ഒരു ബില്‍ഡിംഗും ഹജറുല്‍ അസ്വദ് വെറുമൊരു കല്ലും സംസം വെറും ജലവുമാണ്. സത്യത്തില്‍ ഇവ മൂന്നും ഭൗതികതയുടെ മേലുള്ള ആത്മീയതയുടെ ആധിപത്യമാണ്. പൊതുവേ ഇവകളോട് മാനസീകമായ ഒരു ബന്ധം വിശ്വാസികള്‍ക്കുണ്ട്. ഉണ്ടാകണം.
                         ആധുനീകരില്‍ ആത്മീയതയും ഭൗതികതയും കൊമ്പുകോര്‍ക്കുന്നത് കാണാം.  വര്‍ത്തമാനത്തില്‍ നിന്ന് ആസന്ന ഭാവിയിലേക്ക് മാത്രമേ ആധുനികത നോക്കുന്നുള്ളൂ. ഇന്നലെകളുടെ നിലനില്‍പ്പുമായോ ചരിത്രപാശങ്ങളുമായോ വസ്തുതകളുമായോ അതിന് കടപ്പാടുകള്‍ ഇല്ല. അതിനേ പറ്റി ചര്‍ച്ചകളുമില്ല. ഇപ്പോള്‍ നാം ആരാണ്? അടുത്ത നിമിഷം നാം ആരാകും? ഇതാണ് ഭൗതികതയില്‍ പ്രധാനം. ഇവിടെ കടപ്പാടുകളും ആദരവുകളും സഹനവും വണക്കവും വെറും വാക്ക് മാത്രം. ഉപയോഗത്തിനായി കുറേ ചരാചരങ്ങളെയുമാണ് ആവശ്യം. അപ്പോള്‍ ഉമ്മയും ബാപ്പയും അദ്ധ്യാപകനും മക്കളും വെറും ഉപകരണങ്ങള്‍, പേനയും ബുക്കും ഉപയോഗിച്ച് ഒഴിവാക്കുന്ന ഉപകരണങ്ങള്‍ പോലെ ഉപയോഗിച്ച് ഒഴിവാക്കുന്ന ഉപകരണങ്ങള്‍. മഷി തീര്‍ന്ന പേന നാം ഉപേക്ഷിക്കും, കുടി തീര്‍ന്നാല്‍ ഡിസ്പോസിബിള്‍ ഗ്ലാസ്സും. ഉപകരണങ്ങളോട് ആരും പൊതുവേ ആത്മബന്ധം സ്ഥാപിക്കാറില്ലല്ലോ? 
                 ദുല്‍ഹജ്ജ് മാസം സമാഗതമാകുമ്പോള്‍ പ്രസക്തമായ ചിന്തകള്‍ അനിവാര്യമാണ്. കാരണം ചരിത്രത്തില്‍ ഒരിക്കലും അറ്റുപോകാത്ത, ഇന്നലകളെക്കുറിച്ചുള്ള ഒരു ആത്മീയ ബന്ധം ദുല്‍ഹജ്ജ് സമ്മാനിക്കുന്നുണ്ട്. ഇബ്റാഹീം നബി (അ) യുടെയും പത്നി ഹാജറാ ബീവി (റ) യുടേയും മകന്‍ ഇസ്മാഈല്‍ നബി (അ) യുടെയും ജ്വലിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കുന്ന സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളാണ് ദുല്‍ഹജ്ജിന്‍റേത്. ഈ പാവനമായ സ്മരണകള്‍ അയവിറക്കാതെയും ഈ ചരിത്ര പശ്ചാത്തലങ്ങളിലൂടെയല്ലാതെയും ഒരു വിശ്വാസിക്കും അവന്‍റെ വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണം സാധ്യമാകില്ലെന്നര്‍ത്ഥം. 
             ഇബ്റാഹീം നബി (അ) യുടെയും കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരുടേയും ഓര്‍മ്മ ഹജ്ജ് പുതുക്കുന്നുണ്ട്. എല്ലാ പ്രവാചകരും ഹജ്ജ് ചെയ്തവര്‍ തന്നെയാണെന്നാണല്ലോ ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യരാശിക്ക് വേണ്ടി പണിത ഒന്നാമത്തെ ഗേഹമാണ് കഅ്ബ. അതുകൊണ്ട് തന്നെ മാനുഷീക കുലത്തിന്‍റെ ഓരോ ചരിത്ര ശകലത്തിനും കഅ്ബ പ്രത്യക്ഷമായും പരോക്ഷമായും സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ ഒരാള്‍ കഅ്ബയെ ചുറ്റുമ്പോള്‍ മനുഷ്യരാശിയുടെ മഹത്തായ ചരിത്രം അവന്‍റെ ഇടതുഭാഗത്തുണ്ട്. ഈ കഅ്ബയുടെ നാഥനില്‍ സമര്‍പ്പണം നടത്തുന്നു എന്ന തൗഹീദിന്‍റെ  അചഞ്ചലമായ ശബ്ദം അവന്‍റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ കഅ്ബ വെറും ഒരു കെട്ടിടമല്ല. മറിച്ച് അത് വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതിയുടെ ഗേഹം കൂടിയാണ്. 
             സ്വര്‍ഗ്ഗത്തില്‍ നിന്ന് കൊണ്ടുവരപ്പെട്ട ഹജറുല്‍ അസ്വദ് ചുംബിക്കുമ്പോള്‍ ഒരുവന്‍റെ ചുണ്ടുകള്‍ ചേരുന്നത് പ്രവാചകന്‍റെ പുണ്യഅധരങ്ങളോടാണ്. കാരണം പ്രവാചകന്‍റെ ചുണ്ടുകള്‍ ആ പുണ്യശിലയെ ചുംബിച്ചിട്ടുണ്ട്. അതിനെ ചുംബിക്കല്‍ ആരാധനയാണ്. പുണ്യമാണ്. സുന്നത്താണ്. ഭൗതികതയുടെ മഞ്ഞളിച്ച കണ്ണിലെ വെറും കല്ലല്ല അത്. അത് പുണ്യമാര്‍ന്ന ഹജറാണ് ഹജറുല്‍ അസ്വദാണ്. 
              ഒരിറ്റു ദാഹജലത്തിനായി കൊതിച്ച് സൈകത ഭൂമിയില്‍ കാലിട്ടടിച്ച ഇസ്മാഈല്‍ (അ) എന്ന പിഞ്ചുകുഞ്ഞിന്‍റെ കുഞ്ഞിളം കാലിന്‍റെ പ്രഹരമേറ്റ് മരുഭൂമിയില്‍ നിന്നും പൊട്ടിയൊഴുകിയ ജലത്തെ സംസം, സംസം നില്‍ക്കൂ, നില്‍ക്കൂ എന്ന് പറഞ്ഞ് തടഞ്ഞുവെച്ച ഉമ്മയുടെയും കുഞ്ഞിന്‍റെയും കദനകഥകള്‍ അയവിറക്കാതെ ഒരു വിശ്വാസിക്കെങ്ങനെ സംസം പാനീയം നുകരാന്‍ കഴിയും? സംസം ജലം എന്തിനായി കുടിച്ചോ അത് അതിനുള്ളതാണെന്ന് പഠിപ്പിച്ച പ്രവാചകന്‍റെ തിരുവചനം വാഴ്ത്തപ്പെടട്ടെ! അത് കുടിക്കല്‍ സുന്നത്തും പുണ്യവുമാണ്. സംസവും ഹജറും കഅ്ബയും ഭൗതീകതയില്‍ വെറും സൃഷ്ടികള്‍ മാത്രം. എന്നാല്‍ ആത്മീയ വഴിത്താരയില്‍ ഇവ മൂന്നും തുല്യം വെക്കാനില്ലാത്ത അമൂല്യനിധികളാണ്. സ്രഷ്ടാവിന്‍റെ ആദരവിന് പാത്രീഭൂതമായതിനെ ആദരിക്കുക എന്നത് സ്രഷ്ടാവിനോടുള്ള വണക്കമാണ്. ഇവിടെയാണ് ആത്മീയത ഭൗതീകതയോട് സമരത്തിലാകുന്നത്. ഉമ്മയേയും ഉപ്പയേയും മക്കളേയും അയല്‍വാസിയേയും അല്ലാഹു ആദരിച്ച വസ്തുക്കളേയും വെറും ഉപകരണമോ വസ്തുക്കളോ ആക്കി മാറുന്ന ലോകത്ത് മഹനീയമായ ആത്മീയമാനങ്ങള്‍ നല്‍കപ്പെടണം എന്ന ചിന്താധാര നമുക്ക് ദുല്‍ഹജ്ജ് സമ്മാനിക്കുന്നുണ്ട്. അല്ലാഹു ഏറെ ഇഷ്ടം വെച്ച അവന്‍റെ ഔലിയാക്കളെ പ്രിയം വെക്കലും ആദരിക്കലും അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാണ്. അപ്പോള്‍ പിന്നെ എന്തിന് ആണ്ട്നേര്‍ച്ചകളെ എതിര്‍ക്കപ്പെടുന്നു? ഭൗതീകാസ്വാദനത്തിന്‍റെ മേഖലകള്‍ തേടി ഓടുന്നവര്‍ക്കേ ആണ്ട്നേര്‍ച്ചകളെ എതിര്‍ക്കാന്‍ പറ്റൂ. കാരണം സത്യത്തില്‍ ഗതകാല പ്രവാചകന്മാരുടെ മേല്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര ആണ്ടുനേര്‍ച്ചയല്ലേ ഹജ്ജ്?
                 സഫാ മര്‍വ്വയിലൂടെയുള്ള തീര്‍ത്ഥാടകരുടെ ഓട്ടം ചരിത്രത്തിന്‍റെ അങ്ങേതലക്കല്‍ ഒരു പിഞ്ചുകുഞ്ഞിന്‍റെ ഭാഗമാകാനായി കിതച്ചോടിയ ഒരു ഹാജറ ഉമ്മയുടെ കാല്‍പാദങ്ങളുടെ ചുവട് പിടിക്കലല്ലേ സ്മരിപ്പിക്കുന്നത്. ചെകുത്താനെ കല്ലെറിയുമ്പോള്‍ ബലി കര്‍മ്മത്തിന് പോയ ഇബ്റാഹീം നബി (അ)യ്ക്ക് ദുര്‍ബുദ്ധി ഉപദേശിച്ച പിശാചിനെ എറിഞ്ഞോടിച്ച ഇബ്റാഹീം നബി (അ) യുടെ പ്രവര്‍ത്തനവുമല്ലേ പുതുക്കപ്പെടുന്നത്. ഇങ്ങനെ നോക്കിയാല്‍ ഹജ്ജില്‍ മുഴുവന്‍ അനുസ്മരണത്തിന്‍റെ നിറപ്പകിട്ട് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ഗതകാല പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും അനുസ്മരണമാണ് ഹജ്ജ്. മഹാന്മാരുടെ ഓര്‍മ്മകള്‍ സജീവമാക്കാന്‍ ആണ്ടുതോറും നടത്തപ്പെടുന്ന അനുസ്മരണമാണ് ആണ്ടുനേര്‍ച്ച. പ്രാദേശികമായി നടത്തപ്പെടുന്ന ആണ്ടുനേര്‍ച്ച സംഗമങ്ങള്‍ക്കെതിരെ ആധൂനികതയുടെ കണ്ണാടിയും വെച്ച് വിമര്‍ശനം നടത്തുന്നവര്‍ക്ക് ഈ അന്താരാഷ്ട്ര ആണ്ടുനേര്‍ച്ചയായ ഹജ്ജില്‍ സംബന്ധിക്കുന്നതിന് എന്തവകാശമാണുള്ളത്?

No comments:

Post a Comment

Related Posts Plugin for WordPress, Blogger...