Tuesday, 11 March 2014

ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ?ചില വിചാരങ്ങള്‍
ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ?
                      ഞാന്‍ വലിയവനാണ്‌, ഉന്നത തറവാട്ടുകാരനാണ്‌, മുന്തിയ കുടുംബക്കാരനാണ്‌, വലിയ സമ്പന്നനാണ്‌, ആരോഗ്യവാനാണ്‌, തന്റേടമുള്ളവനാണ്‌, സാമൂഹ്യനേതാവാണ്‌, രാഷ്‌ട്രീയ നായകനാണ്‌, സാംസ്‌കാരിക വക്താവാണ്‌, ജനസേവകനാണ്‌, പെരിയ പണ്ഡിതനാണ്‌, എന്തിനും കൊള്ളാവുന്നവനാണ്‌, അതുകൊണ്ട്‌ താന്‍ പറയുന്നത്‌ മാത്രം ശരി, തനിക്ക്‌ അബദ്ധം സംഭവിക്കുകയില്ല, താന്‍ പറയുന്നത്‌ മറ്റുള്ളവര്‍ കേള്‍ക്കണം, അനുസരിക്കണം തുടങ്ങിയ വിവിധ വിചാരങ്ങള്‍ നമ്മില്‍ പലരിലും പലപ്പോഴുമുണ്ടാകാറുള്ളതായി അനുഭവപ്പെടാറുണ്ട്‌. 
                        വാസ്‌തവത്തില്‍ ഈ വിചാരക്കാരന്‍ മിക്കപ്പോഴും ഇതിന്റെ വിപരീതാവസ്ഥയിലായിരിക്കും. അങ്ങനെയുള്ളവര്‍ക്കാണ്‌ ഈ താണ വിചാരങ്ങള്‍ കൂടുതലും ഉണ്ടാവുക. വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ അത്‌ സാക്ഷീകരിക്കുന്നുണ്ട്‌. ``ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന്‌ (അത്തരക്കാരായ മുനാഫിഖുകളോട്‌) പറയപ്പെട്ടാല്‍ ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാണെന്ന്‌ അവര്‍ പറയും'' എന്ന ഖുര്‍ആന്‍ വചനം ഒരുദാഹരണം. ഏത്‌ വേഷത്തിലും രൂപത്തിലും വിലാസത്തിലുമായാലും ചിലയാളുകളുടെ തനിനിറം പലപ്പോഴും പുറത്തു ചാടുന്നത്‌ നാം കാണാറുണ്ടല്ലോ? നിങ്ങളുടെ ചിന്താഗതി, അല്ലെങ്കില്‍ വര്‍ത്തമാനം, പ്രവൃത്തി ശരിയല്ല, നിങ്ങള്‍ക്ക്‌ യോജിച്ചതല്ല, പ്രശ്‌നമുണ്ടാക്കല്ലേ അത്‌ നിങ്ങളുടെ തന്നെ നാശത്തിന്‌ നിമിത്തമാകും എന്നെങ്ങാനും ഒരു ഗുണകാംക്ഷി ഇത്തരക്കാരോട്‌ ഉണര്‍ത്തിയാല്‍ മറുപടി അതിരസകരമായിരിക്കും എന്നതിലുപരി സഹതാപകരവും വിഷമകരവുമായിരിക്കും. 
                             ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ? പിന്നെ ഏതാ ശരി, ഞാനാരാണെന്ന്‌ അറിയുമോ? എന്റെ യത്ര സത്‌പ്രവര്‍ത്തനങ്ങള്‍ ആരാ ചെയ്യുന്നത്‌?നാടിനും നാട്ടാര്‍ക്കും വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങള്‍, ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാനപങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഞാന്‍ ചിലവഴിച്ച ആരോഗ്യവും അറിവും സമ്പത്തുമൊക്കെ എത്രയെന്നറിയുമോ? എന്നിട്ടിപ്പോള്‍ ഞാന്‍ പറഞ്ഞത്‌/ചെയ്‌തത്‌ തെറ്റോ? എന്നിങ്ങനെ പോകും ആ മറുപടി.
എങ്ങനെയുണ്ട്‌? ഈ വിധ വിചാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നുമൊക്കെ മുക്തമായവര്‍ക്ക്‌ സര്‍വ്വ സന്തോഷങ്ങള്‍ നേരുന്നു. മേല്‍പറഞ്ഞയാളുകളുടെ പ്രവര്‍ത്തനങ്ങളും ത്യാഗങ്ങളും ഇവിടെ എന്തോ കിട്ടാന്‍! ചിലപ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള നല്ല സാക്ഷ്യപത്രം, അല്ലെങ്കില്‍ അവരുടെ നക്കാപിച്ച അങ്ങനെയെന്തെങ്കിലും നേടാന്‍ വേണ്ടിയായിരിക്കുമെന്നതുറപ്പാണ്‌. അല്ലെങ്കില്‍ പിന്നെ വൈയക്തികമോ കുടുംബപരമോ സാമൂഹികമോ സാംസ്‌കാരികമോ മതപരമോ മറ്റോ ആയി ചെയ്‌ത, ചെയ്യുന്ന നന്മകളുടെയും സത്‌പ്രവര്‍ത്തനങ്ങളുടെയും മറവില്‍ അനിസ്‌ലാമിക ചിന്തയും പ്രവര്‍ത്തനവും സംസാരവും എന്തിനാ നടത്തുന്നത്‌? അതുകൊണ്ട്‌ കോട്ടമല്ലാതെ പടവച്ചവന്റെയടുക്കല്‍ വല്ല നേട്ടവുമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ അനവസരത്തിലുള്ള അനാവശ്യ പ്രവൃത്തിയും സംസാരവും ചിലപ്പോള്‍ ഇരുലോകത്തും നഷ്‌ടത്തിനും മാനഹാനിക്കും നിമിത്തമാകാം. ഓ മുസ്‌ലിം, നീ ആരുമാകട്ടെ സൂക്ഷിച്ചാല്‍ നല്ലത്‌.
എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവനും അവനെ അനുസരിക്കുന്നവനുമാണ്‌ മുസ്‌ലിം എന്ന കാര്യം എന്തേ നീ മറക്കുന്നു?! വിചാരങ്ങള്‍ തെറ്റല്ലെന്ന്‌ വച്ചാല്‍ തന്നെ അത്‌ ഉള്ളില്‍ കിടന്ന്‌ മൂത്ത്‌ മൂത്ത്‌ അനാവശ്യ സംസാരത്തിലേക്കും പ്രവൃത്തിയിലേക്കും ചിലപ്പോള്‍ എത്തിക്കും. അത്‌ മറ്റ്‌ വിലാസങ്ങളൊക്കെ മാറ്റിവെച്ചാല്‍ തന്നെ `ഒരു മുസ്‌ലിം' എന്ന വിലാസക്കാരന്‌ ഒട്ടും യോജിച്ചതല്ലല്ലോ? 
                      ``നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ്‌ സൃഷ്‌ടിച്ചത്‌. നിങ്ങളെ വ്യത്യസ്‌ത ഗോത്രങ്ങളും ശാഖകളുമാക്കിയത്‌ പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടിയാണ്‌. അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ നിങ്ങളില്‍ അതിസൂക്ഷ്‌മാലുവാണ്‌'' എന്നല്ലേ നമുക്ക്‌ ആരോഗ്യവും തന്റേടവും സമ്പത്തും അറിവും സ്ഥാനമാനങ്ങളും പദവികളും മറ്റെല്ലാം നല്‍കിയ ഉടയ തമ്പുരാന്‍ പറഞ്ഞത്‌. അവനൊന്ന്‌ ഉദ്ദേശിച്ചാല്‍ നമ്മുടെ എല്ലാം തകരാന്‍ എത്ര നേരം വേണം? മുസ്‌ലിം! നീ ചിന്തിക്കുന്നില്ലേ? ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ? ആപത്താണ്‌, കൊടിയ ആപത്താണ്‌.

                        നിന്നെ നിയന്ത്രിക്കുന്ന ഹൃദയത്തിന്റെ കറകളാണ്‌ മേല്‍വിചാരങ്ങളില്‍ കുടുങ്ങാന്‍ കാരണമെന്ന്‌ ചിന്തിച്ചാല്‍ മനസ്സിലാകും. അതുകൊണ്ട്‌ അതൊന്ന്‌ സ്‌ഫുടം ചെയ്യാന്‍ ശ്രമിക്ക്‌. നിന്റെ ദിക്‌റും സ്വലാത്തും നോമ്പും നിസ്‌കാരമൊന്നും അതിനെ ശുദ്ധീകരിക്കുന്നില്ലെങ്കില്‍ അതിന്‌ തരപ്പെട്ട യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതിയിലായി അതിന്‌ വേണ്ടി നിലകൊളളുന്ന മഹാത്മാക്കളെ സമീപിക്കൂ. അവര്‍ക്ക്‌ മുന്നില്‍ നീ നിന്നെ സമര്‍പ്പിക്കൂ. ആത്മാര്‍ത്ഥമായി ഉള്ളിലുള്ള സര്‍വ്വചിന്തകളും നീക്കി കറകള്‍ കഴുകിത്തന്ന്‌ സദാ ഇലാഹീ ചിന്തയും സ്‌മരണയുമുള്ള ഹൃദയമാക്കിത്തരും അവര്‍. അപ്പോള്‍ ദുര്‍വിചാരങ്ങളും പ്രവൃത്തികളും സംസാരങ്ങളുമൊക്കെ പോയി അകവും പുറവും നന്നായിത്തീരും. 

4 comments:

 1. അകം നന്നാക്കുവിന്‍
  പുറം താനെ വെടിപ്പായിത്തീരും എന്ന് ഗുരു

  ReplyDelete
 2. ****സമര്‍പ്പണം****

  ReplyDelete
 3. നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ്‌ സൃഷ്‌ടിച്ചത്‌.

  ReplyDelete
 4. അപ്പോ അമുസ്ലീങ്ങൾക്ക് ഇതൊക്കെയാവാമല്ലേ ? :)

  ReplyDelete

Related Posts Plugin for WordPress, Blogger...