നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 4 March 2014

ബത്വാഇഹിന്റെ മുത്ത്‌, സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ)

ബത്വാഇഹിന്റെ മുത്ത്‌
സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) 
                  വെള്ളത്തിലൊഴുകുന്ന കടലാസ്‌ വഞ്ചി ഓളത്തിനും കാറ്റിനുമനുസരിച്ച്‌ ഒഴുകുന്നത്‌ പോലെ അലക്ഷ്യമായ പ്രയാണം നടത്തുന്ന സമൂഹത്തെ പ്രകാശതീരത്തേക്ക്‌ ക്ഷണിച്ച ഉന്നതരുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ എന്നതിലുപരി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും വിളംബരം ചെയ്‌ത മഹത്തുക്കള്‍ക്ക്‌ ജന്മം നല്‍കിയ നാടാണ്‌ കൂഫ, ബത്വാഇഹ്‌, കൈലാന്‍ തുടങ്ങിയവ. ചരിത്രഗതിയെ തന്നെ മാറ്റിയ പുണ്യാത്മാക്കളുടെ നിറസാന്നിദ്ധ്യം കൊണ്ടും പ്രവര്‍ത്തനപാടവം കൊണ്ടും പ്രസ്‌തുത ദേശങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. 
ബത്വാഇഹ്‌
                 യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദികള്‍ സംഗമിക്കുന്നിടത്തുള്ള വാസ്വിത്വിന്‌ വടക്കും ബസ്‌റക്ക്‌ തെക്കുമായാണ്‌ ഈ നാട്‌. ഇസ്‌ലാമിക സമൂഹത്തില്‍ വെളിച്ചം തെളിയിച്ച നിരവധി മഹത്തുക്കളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാക്ഷിയാകുന്നതിലൂടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഇടക്കിടെ പറയപ്പെട്ട പ്രദേശമാണ്‌ ബത്വാഇഹ്‌. 
കാട്‌ മൂടിക്കിടന്നിരുന്ന ബത്വാഇഹിലെ കുന്നിന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊള്ള സംഘങ്ങളെ ആത്മീയമായി സംസ്‌കരിച്ച്‌ സത്‌സരണിയുടെ വെളിച്ചം പകര്‍ന്നത്‌ ബത്വാഇഹിന്റെ പുണ്യപുരുഷന്മാരായിരുന്ന കാലാനുസൃതമായ അവരുടെ പ്രബോധനവും ഇടപെടലും ധാര്‍മ്മികമായി അധഃപതിച്ചവരില്‍ കാതലായ മാറ്റം വരുത്തി. ശൈഖ്‌ അബൂ മുഹമ്മദ്‌ ശന്‍ബകി (റ), മന്‍സൂറുസ്സാഇദ്‌ (റ) തുടങ്ങിയവരുടെ ശക്തമായ ഇടപെടലും നടപടിയും മാറ്റത്തിന്‌ ആക്കം കൂട്ടി. എങ്കിലും മുന്‍ഗാമികളായ മഹത്തുക്കള്‍ തുടക്കം കുറിച്ച ആത്മീയ പ്രയാണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇരുളിന്റെ ഇരുട്ടറകളെ തുറന്നു കാട്ടി മൂല്യങ്ങളും ധര്‍മ്മചിന്തകളും സമൂഹത്തില്‍ ഊട്ടിയുറപ്പിച്ച്‌ പുണ്യറസൂലില്‍ നിന്ന്‌ കൈമാറി വന്ന വിശ്വാസാദര്‍ശങ്ങളുടെ ദീപശിഖ അണയാതെ കൈമാറാന്‍ പ്രാപ്‌തിയും പക്വതയും തന്റേടവുമുള്ള ഒരു പുണ്യാത്മാവിന്‌ വേണ്ടി ബതാഇഹ്‌ കൊതിച്ചു. ഇവിടെ ഒരു മഹാമനീഷി ഉദയം കൊള്ളണം. ബത്വാഇഹിന്റെ വിജ്ഞാന സാഗരം പിറവിയെടുക്കുന്നു. 
ജനനം
                   ബത്വാഇഹിലെ ഉമ്മു അബീദ എന്ന കുഞ്ഞുഗ്രാമത്തില്‍ ഹസന്‍ എന്ന ഉള്‍നാട്ടില്‍ സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ അലിയ്യ്‌ (റ) നും ഉമ്മുല്‍ഫള്‌ല്‍ ഫാത്വിമത്തുല്‍ അന്‍സാരിയ്യ (റ) ക്കും ഹിജ്‌റ 500 മുഹര്‍റം മാസത്തില്‍ ഒരു കുഞ്ഞ്‌ പിറന്നു. (ത്വബഖാത്തുശ്ശാഫഇയ്യ്‌). പേര്‌ അഹ്‌മദ്‌.
ആ പിറവി തന്നെ ഒരപൂര്‍വ്വ ജനനമായിരുന്നു. വലതു കൈ നെഞ്ചിന്‌ താഴെയും ഇടതു കൈ തന്റെ ഗുഹ്യസ്ഥാനത്തും. ഈ സംഭവം മന്‍സൂറുസ്സാഹിദ്‌ (റ) നെ അറിയിച്ചപ്പോള്‍ കൈ അവിടെ നിന്നും വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടു. ബന്ധുക്കള്‍ വേര്‍പെടുത്തി നോക്കിയെങ്കിലും കുട്ടി കൈ അവിടെത്തന്നെ വെച്ചു. ഈ വിവരം അറിഞ്ഞ ശൈഖ്‌ മന്‍സൂറുസ്സാഹിദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടില്‍ പ്രകടമാക്കിയ അല്ലാഹുവിന്‌ സര്‍വ്വ സ്‌തുതിയും (റൗളുന്നളീര്‍)
ശൈഖ്‌ മന്‍സൂര്‍ സാഹിദിന്റെ ഗുരുവര്യനും അക്കാലത്തെ കാമിലായ ശൈഖുമായ ശൈഖ്‌ മുഹമ്മദ്‌ ശംബകി (റ) ന്‌ കുഞ്ഞിന്റെ മാതാവുമായി കുടുംബബന്ധമുണ്ട്‌. ആയിരക്കണക്കിന്‌ ശിഷ്യന്മാരുള്ള ശംബകിയുടെ സദസ്സില്‍ കുഞ്ഞിന്റെ മാതാവ്‌ പരിപൂര്‍ണ്ണ ഇസ്‌ലാമിക ചിട്ട വട്ടങ്ങളോടെ തബര്‍റുകിനും ദുആ ചെയ്യിക്കാനുമായി പോകാറുണ്ട്‌. രാജാക്കന്മാരും പ്രഭുക്കളും പ്രമുഖ വ്യക്തികളുമൊക്കെ ശംബകി (റ) യെ സന്ദര്‍ശിക്കല്‍ പതിവാണെങ്കിലും അവര്‍ക്കാര്‍ക്കും സാധാരണയില്‍ കവിഞ്ഞ്‌ ഒരു സ്ഥാനവും ശൈഖ്‌ നല്‍കിയിരുന്നില്ല. എന്നാല്‍ ഈ കുഞ്ഞിന്റെ മാതാവ്‌ വരുമ്പോഴെല്ലാം ശംബകി ഇരുന്നിടത്ത്‌ നിന്ന്‌ എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്‌തിരുന്നു. പലപ്പോഴായി ശിഷ്യന്മാര്‍ നേരില്‍ ദര്‍ശിച്ച ഈ വിവേചനത്തെ കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ശംബകി (റ) യുടെ മറുപടി ഇങ്ങനെ: ``ഇലാഹീ സാമീപ്യം കൊണ്ട്‌ അനുഗൃഹീതനായ ഒരു പുണ്യാത്മാവിന്റെ മാതാവാണവര്‍. വരും കാലങ്ങളില്‍ ആത്മീയ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോകുന്ന പുണ്യാത്മാവിനോടുള്ള ബഹുമാനത്താല്‍ ഞാന്‍ എഴുന്നേറ്റതാണ്‌ (ഖിലാദത്തുല്‍ ജവാഹിര്‍). 
സൂക്ഷ്‌മത
                 കുഞ്ഞ്‌ വളര്‍ന്ന്‌ വലുതായി. ശൈഖ്‌ മന്‍സൂര്‍ തന്റെ മക്കള്‍ക്കും അഹ്‌മദിനും ഓരോ കത്തികള്‍ നല്‍കിക്കൊണ്ട്‌ ചെടികള്‍ മുറിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും തോട്ടത്തിലേക്ക്‌ പോയി. ശൈഖിന്റെ മക്കള്‍ വെട്ടിയെടുത്ത ചെടികളുമായും അഹ്‌മദ്‌ വെറും കൈയോടെയുമായാണ്‌ വന്നത്‌. ഇതിനെ കുറിച്ച്‌ അഹ്‌മദിനോട്‌ ചോദിച്ചപ്പോള്‍ അഹ്‌മദിന്റെ മറുപടി: }ഞാന്‍ മുറിക്കാന്‍ ചെല്ലുമ്പോഴെല്ലാം ചെടികള്‍ തസ്‌ബീഹ്‌ ചൊല്ലുന്നു. തസ്‌ബീഹിനോടുള്ള ആദരവ്‌ നിമിത്തമാണ്‌ ഞാന്‍ ചെടി മുറിക്കാതിരുന്നത്‌. ഇതുപോലെ മത്സ്യം ദിക്‌റ്‌ ചൊല്ലുന്നതായി കണ്ടതിനാല്‍ അവയെ പിടിക്കാതെ പോന്ന സംഭവവും ഉണ്ടായിട്ടുണ്ട്‌ (ഖിലാദത്തുല്‍ ജവാഹിര്‍). ഇതര ജീവികളോടുള്ള അനുകമ്പയും അവകളില്‍ നിന്നുള്ള തസ്‌ബീഹുകളും ദിക്‌റുകളും തടസ്സപ്പെടുത്താത്ത തികഞ്ഞ സൂക്ഷ്‌മതയുമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ബത്വാഇഹിന്റെ ഈ മുത്ത്‌ ആരാണ്‌?
ആത്മീയ ലോകത്തെ ഉന്നത മഹാപുരുഷന്മാരുടെ കുടുംബത്തില്‍ ആത്മീയത നിറഞ്ഞു തുളുമ്പുന്ന അന്തരീക്ഷത്തില്‍ അദ്ധ്യാത്മ സാഗരത്തിലെ ആഴികളില്‍ നിന്നുത്ഭവിച്ച, ആത്മീയ വഴിത്താരയില്‍ പ്രകാശം പരത്തിയ പരമ്പരയിലൂടെ ഭൂജാതനായ ബത്വാഇഹിന്റെയും ഇറാഖിന്റെയും പിന്നീട്‌ ലോകമുസ്‌ലിംകളുടെയും ഹൃദയ തുടിപ്പായി മാറിയ സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) എന്ന പൊന്നുമോനാണ്‌ ബത്വാഇഹിന്റെ മുത്ത്‌.
കറാമത്ത്‌
                  ഇമാം യാഫിഈ (റ) തന്റെ മിര്‍ആത്തുല്‍ ജിനാന്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. രിഫാഈ (റ) തങ്ങളുടെ സഹോദരി പുത്രന്‍ അബുല്‍ ഹസന്‍ അലിയ്യ്‌ (റ) പറയുന്നു: എന്റെ അമ്മാവനായ ശൈഖവര്‍കളുടെ റൂമിന്‌ പുറത്ത്‌ വാതിലിനടുത്തായി ഞാന്‍ ഇരിക്കുകയായിരുന്നു. റൂമില്‍ ശൈഖ്‌ അവര്‍കള്‍ മാത്രമാണ്‌ ഉള്ളത്‌. അപ്പോള്‍ റൂമിന്റെയുള്ളില്‍ നിന്ന്‌ ഞാന്‍ ഒരു ശബ്‌ദം കേട്ടു. നോക്കുമ്പോള്‍ മുന്‍ പരിചയമില്ലാത്ത ഒരാള്‍. രണ്ട്‌ പേരും ദീര്‍ഘനേരം സംസാരിച്ചിരുന്നു. താമസിയാതെ അദ്ദേഹം ശൈഖിന്റെ റൂമില്‍ നിന്ന്‌ അപ്രത്യക്ഷനാവുകയും ചെയ്‌തു. ഇത്‌ കണ്ട ഞാന്‍ അമ്മാവന്റെ മുറിയിലെത്തി. അമ്മാവനോട്‌ അയാളെ കുറിച്ച്‌ ചോദിച്ചു. നീ അദ്ദേഹത്തെ കണ്ടോ എന്ന്‌ എന്നോട്‌ ചോദിച്ചു. കണ്ടു എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ശൈഖ്‌ പറഞ്ഞു: അയാള്‍ വലിയ മഹാനാണ്‌. അദ്ദേഹത്തെ കൊണ്ടാണ്‌ അല്ലാഹു ബഹ്‌റുല്‍ മുഹീത്വ്‌'' എന്ന മേഖല കാക്കുന്നത്‌. പ്രത്യേക മഹത്വമുള്ള നാല്‌ മഹാന്മാരില്‍ ഒരാളാണ്‌ അദ്ദേഹം. പക്ഷേ, മൂന്ന്‌ ദിവസമായി അല്ലാഹുവും അദ്ദേഹവുമായുള്ള ബന്ധം കുറഞ്ഞിരിക്കുന്നു. അക്കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു: എന്താണ്‌ ഈ ബന്ധത്തെ ബാധിച്ചത്‌? ശൈഖ്‌ പറഞ്ഞു: അദ്ദേഹം ബഹ്‌റുല്‍ മുഹീത്വിലെ ഒരു ദ്വീപില്‍ താമസിച്ചു വരികയായിരുന്നു. മൂന്ന്‌ ദിവസമായി അവിടെ ശക്തമായ മഴ വര്‍ഷിച്ചു കൊണ്ടിരുന്നു. മഴ കാരണം ദ്വീപിലെ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അപ്പോള്‍ ഈ മഴ കരയില്‍ പെയ്‌തിരുന്നെങ്കില്‍ എന്ന്‌ അദ്ദേഹത്തിന്‌ തോന്നിപ്പോയി. തനിക്ക്‌ തോന്നിയത്‌ അനുചിതമായി എന്ന്‌ പിന്നീട്‌ തോന്നുകയും ഇസ്‌തിഗ്‌ഫാര്‍ നടത്തുകയും ചെയ്‌തു. ഇതാണ്‌ ആ ബന്ധത്തെ ബാധിച്ചത്‌. ഞാന്‍ ചോദിച്ചു: അങ്ങ്‌ അദ്ദേഹത്തെ വിവരമറിയിച്ചില്ലേ? എനിക്ക്‌ അതിന്‌ ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു: അങ്ങ്‌ എനിക്ക്‌ സമ്മതം തരികയാണെങ്കില്‍ ഞാന്‍ അറിയിച്ചു കൊള്ളാം. എങ്കില്‍ നീ തല താഴ്‌ത്തിയിരിക്കൂ. ഞാന്‍ തല താഴ്‌ത്തിയിരുന്നു. പിന്നീട്‌ ഞാനൊരു ശബ്‌ദം കേട്ടു. അലി, നീ തല ഉയര്‍ത്തിക്കൊള്ളുക. തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ ബഹ്‌റുല്‍ മുഹീത്വിലെ ദ്വീപില്‍ എത്തിയിരുന്നു. ഞാന്‍ ആ ദ്വീപിലൂടെ നടന്നു. അങ്ങനെ അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടി. സലാം പറഞ്ഞു. ശൈഖ്‌ രിഫാഈ (റ) പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞു. കാര്യങ്ങള്‍ കേട്ട്‌ കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട്‌ പറഞ്ഞു: ഞാന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. ഇതാ ഈ തുണി എന്റെ പിരടിയില്‍ പിടിക്കുക. എന്നിട്ട്‌ നിങ്ങള്‍ എന്നെ വലിക്കണം. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലമാണിതെന്ന്‌ പറയുകയും വേണം. ഞാന്‍ അതിന്‌ ഒരുങ്ങിയപ്പോള്‍ ഒരു അശരീരി കേട്ടു. ഓ അലി, അദ്ദേഹത്തെ വലിക്കരുത്‌. ആകാശത്തെ മലക്കുകള്‍ മുഴുവന്‍ അദ്ദേഹത്തിന്‌ വേണ്ടി മാപ്പ്‌ ചോദിക്കുകയാണ്‌. ഇത്‌ കേട്ടപ്പോള്‍ എന്റെ ബോധം നഷ്‌ടപ്പെട്ടു. ബോധം തെളിയുമ്പോള്‍ ഞാന്‍ അമ്മാവന്റെ റൂമില്‍. ഞാന്‍ എങ്ങനെ പോയെന്നോ തിരിച്ചു വന്നെന്നോ എനിക്കറിയില്ല. (മിര്‍ആതുല്‍ ജിനാന്‍ 3/311).
വഫാത്ത്‌
               ജനലക്ഷങ്ങളെ ആത്മീയതയിലേക്ക്‌ ഉയര്‍ത്തിയ വൈജ്ഞാനിക വിപ്ലവത്തിന്‌ നേതൃത്വം വഹിച്ച ആ മഹാമനീഷി ഹിജ്‌റ 578 ല്‍ ജുമാദുല്‍ ഊലാ 12 ന്‌ ഈ ലോകത്തോട്‌ വിടവാങ്ങി. 

1 comment:

  1. ബത്വാഇഹിന്റെ മുത്ത്‌

    ReplyDelete

Related Posts Plugin for WordPress, Blogger...